Monday, June 25, 2012

പ്രതീക്ഷയുടെ കച്ചവടം

ഒരു പുനഃസംഘടനകൊണ്ട് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാകും എന്നാണ് സുധീരന്റെ പക്ഷം. പുനഃസംഘടന ഏത് തലത്തില്‍വരെ എന്നുമാത്രം പറയില്ല. പറയാതെവിട്ട ആ ഭാഗം പൂരിപ്പിച്ചത് വയലാര്‍ജിയാണ്. പുള്ളി കച്ചവടത്തിന്റെ ആളാണ്. രാഷ്ട്രീയവും പാര്‍ടിയും ഭരണവും എല്ലാം കച്ചവടംതന്നെ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പുട്ടുകച്ചവടം. രണ്ടുപേര്‍ തമ്മിലുള്ളതാണ് സംഗതി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ആ കച്ചവടത്തില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ തീരുന്നതേയുള്ളൂ വയലാര്‍ജിയുടെ പ്രശ്നം. സുധീരന് അങ്ങനെയല്ല. ആദര്‍ശത്തിന്റെ വലിയൊരു ചുമട് തലയില്‍ വച്ചിട്ടുണ്ട്. അത് എളുപ്പത്തില്‍ ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങി തല്‍ക്കാലം കാണാനില്ല. സുധീരന്‍ ലളിതജീവിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ വെറുതെ ഒന്ന് മത്സരിക്കണം; നിയമസഭയിലേക്ക് ഉറപ്പായി മത്സരിക്കണം; രാജ്യസഭയില്‍ ഒഴിവുവന്നാല്‍ ആ സീറ്റുംവേണം. ഇതൊക്കെ മനസ്സില്‍ ആഗ്രഹിക്കാനേ തരമുള്ളൂ. പുറത്തുപറഞ്ഞാല്‍ ആദര്‍ശത്തിന്റെ ഉടുമുണ്ട് അഴിഞ്ഞുവീഴും. ആരെയെങ്കിലും ഏര്‍പ്പാടാക്കി പറയിക്കാമെന്നുവച്ചാലോ? തലയില്‍ ആള്‍താമസമുള്ള ഖദറുകാരൊന്നും അതിന് തയ്യാറല്ല. അതുകൊണ്ട് ഇങ്ങനെ പ്രതിപക്ഷം കളിച്ച് സുധീര്‍ജിയുടെ ജന്മം ഇന്നും ബാക്കി.

വെറുതെ ഖദറുമിട്ട് ഡയറിയും പിടിച്ച് നടന്നാലൊന്നും വാര്‍ത്തയില്‍ കയറാന്‍ കഴിയില്ല. അതിന് ചില പൊടിക്കൈകളുണ്ട്. എല്ലാവരും പോകുന്നതിന്റെ എതിര്‍ദിശയിലേക്ക് നടക്കുന്നു എന്ന് വരുത്തണം. മറ്റെല്ലാവരും കള്ളന്മാര്‍ എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. സ്വന്തം കള്ളത്തരങ്ങള്‍ കോടാലികൊണ്ട് കുഴിവെട്ടി മൂടിവയ്ക്കണം. പുനഃസംഘടന പണ്ടേ നിശ്ചയിച്ചതാണ്. അതിനൊരു കമ്മിറ്റിയുമുണ്ട്. അത് ഇന്നുവരെ കൂടിയിട്ടില്ല എന്നുമാത്രം. തെരഞ്ഞെടുപ്പും പാര്‍ടി പുനഃസംഘടനയും വരുമ്പോള്‍ കോണ്‍ഗ്രസില്‍ ഉത്സവമാണ്. കുറെ ആളുകള്‍ പ്രസ്താവനയിറക്കും; മറുമൊഴികള്‍ വരും. ചാക്കിട്ടുപിടിത്തവും കൂറുമാറ്റവും ഉണ്ടാകും. വലിച്ചുരിയാന്‍ പാകത്തില്‍ താറുടുത്ത് ഗോസായിമാര്‍ നിരീക്ഷകവേഷത്തില്‍വരും. ഹെക്കമാന്‍ഡും ലോകമാന്‍ഡും ഒരേസമയം ഇടപെടും. അങ്ങനെ എല്ലാംകൊണ്ടും കോണ്‍ഗ്രസ് സജീവമാണ്. ഇത്തരം എന്തെങ്കിലും തല്ലും കുഴപ്പവും ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിനെ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പാലം ഒരു ചന്ദ്രശേഖരന്‍ വധംകൊണ്ട് കടന്നുകിട്ടി. അഞ്ചാംമന്ത്രിയും മതപ്രീണനവും സര്‍വകലാശാലാ ഭൂമിയെടുത്ത് ലീഗുകാരന്റെ തലയില്‍ വച്ചുകൊടുത്തതും ജനം മറന്നു. വീരകുമാരന്‍മുതല്‍ മര്‍ഡോക് കുമാരന്‍വരെ ഒന്നിച്ചുനിന്ന് സംഗതി സാധിച്ചുകൊടുത്തു. നെയ്യാറ്റിന്‍കര കഴിഞ്ഞപ്പോള്‍ പതുക്കെ പത്തികള്‍ പൊങ്ങിത്തുടങ്ങിയിട്ടുണ്ട്. വിജയത്തിന്റെ പിതൃത്വം പലര്‍ക്കാണ്- പിതൃസമ്പന്നമായ വിജയം. ഈ പിതാക്കള്‍ക്കുള്ള ഉപകാരസ്മരണ നെല്ലായോ പണമായോ നല്‍കണം. കുറഞ്ഞപക്ഷം വൈക്കോലായെങ്കിലും കൊടുക്കണം. അതുചോദിച്ചുവരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ പുനഃസംഘടനാ നാടകം. കൊല്ലനും കൊല്ലത്തിയും തമ്മില്‍ തല്ലുമ്പോള്‍ ആലയിലേക്ക് ആരും ചെല്ലില്ലല്ലോ. അല്ലെങ്കിലും "എസ്" കത്തി അന്വേഷിച്ച് ആലയിലേക്ക് പോകുന്ന പതിവ് പഴയ വീരശൂരപരാക്രമികള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞനന്തന്റെ ചിരിയും മുടിയും കുപ്പായവുമാണ് ചിന്താവിഷയം. നാട്ടില്‍ പൊലീസും അന്വേഷണവും ഒന്നും ആവശ്യമില്ല എന്നായിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍ എന്നാണ് ശനിയാഴ്ച ചാനലിലും ഞായറാഴ്ച പത്രത്തിലും തെളിഞ്ഞുകണ്ട തലക്കെട്ട്. മുഖ്യസൂത്രധാരനാണെന്ന് ഉറപ്പുണ്ടെങ്കില്‍ അന്വേഷണം അവസാനിപ്പിച്ച് ടി പി സെന്‍കുമാറിന് വീട്ടിലേക്ക് പോയിക്കൂടേ. ഗുരുവായൂരിലെ സുനില്‍വധക്കേസില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെ പിടിച്ച് പ്രതികളാക്കി തെളിവ് വേവിച്ചെടുത്ത് 33 കൊല്ലം തടവുശിക്ഷകൊടുപ്പിച്ച പാരമ്പര്യമുള്ള കക്ഷികളാണ് കേരള പൊലീസ്. അവസാനം ഇതേ സെന്‍കുമാറാണ് പ്രതികള്‍ വേറെയാണെന്ന് അബദ്ധത്തില്‍ കണ്ടെത്തിയത്.

ഇവിടെ ഇപ്പോള്‍ അറിഞ്ഞുകൊണ്ട് അബദ്ധംചെയ്യുന്നു. തല്‍ക്കാലത്തേക്ക് ഒരു കഥയ്ക്കൊപ്പിച്ച് പിടിച്ച് കേസില്‍ കുരുക്കിയാല്‍ മതി. കോടതിയില്‍ ഒന്നും തെളിയണമെന്നില്ല. കേസ് നിലനില്‍ക്കണമെന്നില്ല. അപ്പോള്‍ കാണുന്നവരെയാണല്ലോ ഏറ്റവും സ്നേഹത്തോടെ അപ്പനേയെന്ന് വിളിക്കേണ്ടത്.

നാലുകേസും നൂറുവാര്‍ത്തയും അത്രതന്നെ പ്രതികളും വന്നാല്‍ ചെങ്കൊടി മടക്കിക്കെട്ടി അരയില്‍തിരുകി സിപിഐ എമ്മുകാര്‍ കാശിക്കുപോകും എന്ന ചിന്ത നല്ലതാണ്. വലിയവലിയ പല ചിന്തകസിംഹങ്ങളും ഇങ്ങനെ ആശിച്ചിട്ടുണ്ട്. പി കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ ഇ എം എസ് വിഷംകൊടുത്ത് കൊന്നതാണെന്നു പറഞ്ഞിട്ടുണ്ട്. 82ല്‍ മുന്നണി പൊളിച്ചപ്പോള്‍ ഒരു പുണ്യവാളന്‍ പറഞ്ഞത് ഇനിയൊരു നൂറുകൊല്ലത്തേക്ക് മാര്‍ക്സിസ്റ്റുകാര്‍ സെക്രട്ടറിയറ്റ് കാണില്ലെന്നാണ്. ഓരോ ഘട്ടത്തിലും തോന്നും ഇതാണ് ഏറ്റവും കടുത്ത ആക്രമണമെന്ന്. ആക്രമിക്കുന്നവര്‍ക്കുതോന്നും ഇതോടെ സിപിഐ എം അവസാനിച്ചെന്ന്. വന്നുവന്ന് ഇതൊരു പതിവായി മറിയിട്ടുണ്ട്.

ചന്ദ്രശേഖരനെക്കൊണ്ട് 52-ാം ദിവസവും കഴിഞ്ഞുകിട്ടി. തൊട്ടുകൂട്ടാന്‍ ഫസലും ഷുക്കൂറും. അപ്പുക്കുട്ടനും ആസാദിനും അളിയനും പകലും രാത്രിയും വിശ്രമമുണ്ടായിട്ടില്ല. അളിയന്റെ പ്രതിചിന്തയ്ക്കെതിരെ പ്രതിബോധത്തിന്റെ പിതൃശൂന്യതലങ്ങള്‍ എന്ന പുതിയ പ്രബന്ധരചനയിലാണ് യഥാര്‍ഥ ഡോക്ടറായ ആസാദ്. ചില കഥകള്‍ തൃശൂരില്‍ വീണ്ടും നിര്‍മിക്കപ്പെടുന്നു എന്ന ശ്രുതിയുമുണ്ട്. ഷൊര്‍ണൂരിലെ എം ആര്‍ മുരളി മസിനഗുഡിയിലെ റിസോര്‍ട്ടിലാണ് ഇടതുപക്ഷ പുനരേകീകരണത്തിന്റെ സൈദ്ധാന്തിക സംശയനിവൃത്തി വരുത്തുന്നത്. ഉമേഷ് ബാബുവിന് തെറിവാക്ക് മുട്ടി തൊണ്ട ചൊറിയുമ്പോള്‍ കോലിട്ടിളക്കി നിവൃത്തി വരുത്തുന്നു. ഫസലിന്റെ ഭാര്യ ഒഞ്ചിയത്തുപോയി രമയെകണ്ടതും വാര്‍ത്തതന്നെ. ആര്‍എംപിയുടെ ആസ്ഥാനം ബര്‍ലിനിലോ നാറാത്തോ എന്ന് തീരുമാനിച്ചിട്ടില്ല. എവിടെയായാലും കുഞ്ഞനന്തനാണ് താരം. ആടിന്റെ പുറകെ നടക്കുന്ന പട്ടിയെക്കുറിച്ച് എവിടെയോ കേട്ടിട്ടുണ്ട്. പ്രതീക്ഷ നല്ലതാണ്- അതിന് രോഗശമനശക്തിവരെയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടി ഇതാ ഇന്ന് തകരും, നാളെ എന്തായാലും തകരും എന്ന പ്രതീക്ഷയുടെ പഴക്കം പരിശോധിക്കാന്‍ പുരാവസ്തു കോര്‍പറേഷന്‍ രൂപീകരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരനെ ചെയര്‍മാനാക്കിയാല്‍ നാടാര്‍ വിഭാഗത്തിന്റെ പരാതിയെങ്കിലും തീര്‍ന്നുകിട്ടും.

*

കുഞ്ഞനന്തന്‍ ഒരു ആലയ്ക്കരികെ അരമണിക്കൂര്‍ നിന്നു എന്ന് വിശ്വസനീയമായ വിവരം പ്രത്യേക സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലയില്‍ ആ സമയത്തുണ്ടായിരുന്ന പശുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. പശുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് രണ്ട് മൊബൈല്‍ നമ്പര്‍ ആ സമയത്ത് ഏത് ടവറിന്റെ പരിധിയിലാണോ എന്ന് പരിശോധിച്ച് പറയാമെന്ന് അന്വേഷക സംഘം.

Sunday, June 17, 2012

ഒരു പൊട്ടിച്ചിരിയുടെ കുലവും ഗോത്രവും

ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം; തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതുതാന്‍ ഡാ പൊലീസ് എന്ന് ആയിരംവട്ടം പറയണം. പിടിയിലായ പ്രതിയെ ഇടിച്ചുപിഴിഞ്ഞ് ഊറ്റിയെടുത്തതല്ല ഐസ്ക്രീം കേസിലെ തെളിവ്. ഇര നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തി വിളിച്ചുപറഞ്ഞതാണ്, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന്. പീഡനം എങ്ങനെയെന്ന് വിശദമായിത്തന്നെ പറഞ്ഞു. ആദ്യം ഒരാളാണെങ്കില്‍ പിന്നെ ഇരകളുടെ ജാഥയാണ് വന്നത്. സംഗതി ഗംഭീരമായി നടന്നു; പക്ഷേ കേസില്ല. കേസ് പൊളിച്ചത് കൈക്കൂലി കൊടുത്തും കള്ളക്കളി കളിച്ചുമാണെന്ന് കൂടെക്കൊണ്ടുനടന്ന ചാപ്പന്‍ പിന്നെ വിളിച്ചുപറഞ്ഞു. ആ മൊഴിക്ക് മാപ്പുസാക്ഷിമൊഴിയുടെ കനവും വിലയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് എന്ത് മൊഴി, എന്ത് തെളിവ്. കുഞ്ഞാലിക്കുട്ടി വേണ്ട; കെ പി എ മജീദ് ഒന്ന് തറപ്പിച്ചുനോക്കിയാല്‍ നിന്നിടത്ത് പെടുത്തുപോകുന്ന പൊലീസേ കേരളത്തിലുള്ളൂ.

പൊലീസിലെ കുറെയേറെ പുള്ളികള്‍ നന്നായി വിശ്വസിക്കാന്‍ കൊള്ളാവുന്ന ഇനമാണ്. ആരാണോ കസേരയില്‍ ഇരിക്കുന്നത്, അവര്‍ക്കുപിന്നാലെ പോകാന്‍ തുടലുപോലും വേണ്ട. നാണമുണ്ടെങ്കിലേ നാണംകെടേണ്ടതുള്ളൂ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിയമവും ചട്ടവുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. അല്ലാത്തിടത്ത് അണ്ണാ, മാമാ, അപ്പാ വിളിച്ച് കൂടെക്കൂടും. തൊപ്പിയും കാക്കിയുമുള്ള നല്ല മിടുക്കന്മാര്‍ കേരള പൊലീസിലുമുണ്ട്. അവര്‍ക്ക് ഓട്ടമുക്കാലിന്റെ വിലപോലുമില്ല. ഒരുകണക്കിന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ പൊലീസുകാരും ആഭ്യന്തരമന്ത്രിയും ഒരുപോലെയാണ്. ഏക ചുമതല കൂറുകാട്ടലാണ്. ഐസ്ക്രീം കേസില്‍ വല്ല പ്രതികൂല റിപ്പോര്‍ട്ടെങ്ങാനും സമര്‍പ്പിച്ചുപോയെങ്കില്‍ ആ നിമിഷം ജോലി പോയേനെ. മന്ത്രിയുടെയല്ല; റിപ്പോര്‍ട്ടു നല്‍കിയ പൊലീസുകാരന്റെ. കുടുംബവും പ്രാരാബ്ധവുമുള്ള ഒരു പൊലീസുകാരനും സ്വന്തം പണി നഷ്ടപ്പെടുത്താന്‍ ശ്രമിക്കില്ല. അതുകൊണ്ട് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമായി കണ്ട് അവര്‍ക്ക് മനസ്സ് തണുപ്പിക്കാന്‍ ഓരോ കപ്പ് ഐസ്ക്രീം വാങ്ങിക്കൊടുക്കാവുന്നതാണ്.

സംഗതി കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. 'മുന്‍പ് പെണ്‍വാണിഭവിഷയങ്ങള്‍ കൈകാര്യം ചെയ്തതുപോലെയാണ് കച്ചവടതാല്‍പ്പര്യമുള്ള മാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യംചെയ്യുന്നതെ'ന്ന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17) സി ആര്‍ നീലകണ്ഠന്‍ പറഞ്ഞാലും വിശ്വസിക്കണം. സിപിഐ എമ്മിനെ ചികിത്സിക്കുന്നതില്‍മാത്രം ബിരുദമെടുത്ത നീലകണ്ഠന്‍ പാര്‍ടിയുടെ അനാട്ടമി പരിശോധിച്ച് തലയുടെയും ഉടലിന്റെയും കാലിന്റെയും രസതന്ത്രഗവേഷണത്തിലാണിപ്പോള്‍. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ പാര്‍ടിയും നേതൃത്വവും ഒതുങ്ങിപ്പോകുമെന്ന് ഈ ഭിഷഗ്വരന്‍ ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തു. ഇന്നാട്ടിലെ പഠനമൊന്നും പോരാതെവന്നപ്പോള്‍ അങ്ങ് ദുബായില്‍ ചെന്ന് ഹാലി ബര്‍ട്ടണ്‍ കോളേജില്‍നിന്ന് ഡിക്ക് ചെനി എന്ന അമേരിക്കന്‍ പ്രൊഫസറുടെ കീഴിലാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചികിത്സിക്കാനുള്ള സ്പെഷ്യല്‍ വിദ്യ പഠിച്ചത്. അഞ്ചുകൊല്ലത്തെ പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തി.

ഇത്തരം അപാര ബുദ്ധിജീവികളൊന്നും ജോലി ചെയ്യാന്‍ പാടില്ല. ഓഫീസും കസേരയും ശമ്പളവും വെറുതെ നല്‍കണം. സൌകര്യമുള്ളപ്പോള്‍ ചെന്ന് ശമ്പളം വാങ്ങും. ഇടയ്ക്ക് ലേഖനമെഴുത്ത് എന്ന നേരമ്പോക്കുണ്ടാകും. ഇടവേള കിട്ടുമ്പോള്‍ പ്രസംഗം. അല്ലാത്തപ്പോള്‍ ചര്‍ച്ച. അങ്ങനെ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്യുന്നതെന്തിന്? പുള്ളിക്കാരന് ചിലപ്പോള്‍ തോന്നും, താനും ഭാര്യയും ഒരു സ്വര്‍ണപ്പണിക്കാരനും പോരേ നാട്ടില്‍ എന്ന്. ഉള്ള പൊന്നെല്ലാം ഉരുക്കി ആഭരണമാക്കി ഭാര്യയുടെ ഉടലില്‍ ചാര്‍ത്തി അമ്പട ഞാനേ എന്ന് ഞെളിഞ്ഞുനടക്കുന്ന കാലമാണ് യഥാര്‍ഥ കമ്യൂണിസത്തിന്റെ കാലം. മറ്റെല്ലാവരെയും കള്ളന്മാരെന്നും കൊള്ളക്കാരെന്നും പറഞ്ഞ് കഴുവിലേറ്റുന്ന അക്കാലമാണ് നീലാണ്ടന്റെ മനസ്സില്‍ പൂവിട്ട് കായിട്ട് നില്‍ക്കുന്നത്്.

ചക്കിക്ക് ചങ്കരന്‍ എന്നപോലെ, ഈനാംപേച്ചിക്ക് മരപ്പട്ടിയെന്നപോലെ നീലകണ്ഠന് വീരേന്ദ്രകുമാര്‍ എന്ന് ആലങ്കാരികമായി പറയാം. വീരന്റെ മാതൃഭൂമിയില്‍ നീലകണ്ഠന് രാജാപ്പാര്‍ട്ടാണ്. പുള്ളി എഴുതിയതും പറഞ്ഞതും ചിരിച്ചതും കരഞ്ഞതുമെല്ലാം അച്ചടിച്ച് നാട്ടുകാരെ കാണിക്കാന്‍ വീരജനം സദാ തയ്യാര്‍. ആ കൃത്യനിര്‍വഹണത്തിനിടെ ഒരു മഹദ്മുഹൂര്‍ത്തം പകര്‍ത്തി പുറത്തുവിട്ടത് ഇവിടെ വായനക്കാര്‍ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു. ഇതുപോലൊന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ട് കുറെ കാലമായതുകൊണ്ട് ശതമന്യുവിന് നീലകണ്ഠനോട് അല്‍പ്പം കനത്തില്‍ അസൂയയുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല.

*

മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം
സംഗതി വെറുമൊരു ചിത്രമാണ്. ചിത്രത്തിലെ കാഴ്ച വച്ച് നീലകണ്ഠന്റെ മനസ്സിന്റെ അവസ്ഥ വിവരിക്കാനാകില്ല. ചിത്രത്തിന്റെ അടിക്കുറിപ്പ് (മാതൃഭൂമി ഓണ്‍ലൈനിലുള്ളത്) വച്ച് വിശേഷിച്ചും. ആ അടിക്കുറിപ്പ് ഇങ്ങനെയാണ്: മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം.
ദീദി എന്നാല്‍ മഹാശ്വേതാദേവി. അവര്‍ ചിരിക്കുന്നില്ല. തലയറഞ്ഞ് ചിരിക്കുന്നത് നമ്മുടെ നീലാണ്ടനാണ്. എന്തായിരിക്കും ഈ സന്തോഷത്തിന് കാരണം? മരണവീട്ടിലേക്കാണ് പോകുന്നത്. അവിടെച്ചെന്ന് ശോകം അനര്‍ഗളനിര്‍ഗളം പ്രവഹിപ്പിക്കേണ്ടതാണ്. അതിനുമുമ്പ് ഈ പൊട്ടിച്ചിരി? ദീദിയെ പറ്റിച്ചതിന്റെയോ നാട്ടുകാരെ പറ്റിച്ചതിന്റെയോ സിപിഐ എമ്മിന് ഒരു കുത്തുകൊടുക്കാമല്ലോ എന്ന് കരുതിയതിന്റെയോ? ചിരി ഉഗ്രന്‍ മരുന്നാണ്. സിപിഐ എമ്മിനെ അടിക്കുംമുമ്പ് നീലകണ്ഠന്‍ ചിരിച്ചില്ലെങ്കിലേ വാര്‍ത്തയുള്ളൂ. എന്തായാലും ഈ ആഘോഷച്ചിരി ക്യാമറയിലാക്കി വായനക്കാര്‍ക്ക് എത്തിച്ച മാതൃഭൂമിയിലെ യഥാര്‍ഥ പത്രപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തണം.

ദീദിയെ ശരിക്കും പറ്റിച്ചു എന്ന് എഴുതിച്ച കത്ത് കണ്ടപ്പോള്‍ മനസ്സിലായി. പാവത്തിനോട് എന്തൊക്കെ പറഞ്ഞുകാണണം- മാര്‍ക്സിസ്റ്റുകാര്‍ മനുഷ്യരല്ലെന്നും കണ്ണൂരില്‍ ഒരു വമ്പന്‍ ലോബിയുണ്ടെന്നും പാര്‍ടി സെക്രട്ടറി കണ്ണൂര്‍ കോട്ടയിലാണ് താമസമെന്നും അതിനുമുമ്പില്‍ സിംഹക്കുട്ടികള്‍ കാവലിരിക്കുന്നുണ്ടെന്നും ശങ്കരപ്പിള്ള എന്ന ഒരു കവിയുണ്ടെന്നും. ആ പാവത്തിന് ജ്ഞാനവുമില്ല, പീഠവുമില്ല എന്ന് കരുതിയാകണം, അതിനെ ചക്രക്കസേരയില്‍കയറ്റി വേഷംകെട്ടിച്ചത്, പിന്നെ കത്തെഴുതിച്ചത്. എന്തായാലും പിണറായിയുടെ വീടുകാണാന്‍ വരുന്നുണ്ട് എന്നാണ് കേട്ടത്. കൂട്ടത്തില്‍ ചെറിയ ഒരു കാര്യവും കൂടി നിര്‍വഹിക്കണം. ബംഗാളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്മയാണല്ലോ. ഇവിടെ വയനാട്ടിലും കുറച്ച് ഗോത്രവര്‍ഗക്കാരുണ്ട്. അവര്‍ക്ക് കിട്ടേണ്ട ഭൂമി ചില കശ്മലന്മാര്‍ സ്വന്തമാക്കി വച്ചിട്ടുണ്ട്. ആ ഭൂമിയിലേക്കുകൂടി ഒന്ന് ചെല്ലണം.

*

നീലകണ്ഠനാണ് താരം. മാതൃഭൂമിയില്‍ ഇഷ്ടംപോലെ സ്ഥലമുള്ളതുകൊണ്ട് എഴുത്തിന് ഒരു പഞ്ഞവുമില്ല. പാര്‍ടി ഘടനയിലെ കുലഗോത്രബോധത്തെക്കുറിച്ചാണ് ഒടുവിലത്തെ ഡയേറിയ. കെല്‍ട്രോണില്‍ എന്തിനാണോ ശമ്പളം വാങ്ങുന്നത് ആ ജോലിമാത്രം ചെയ്യില്ല എന്ന ശാഠ്യമേയുള്ളൂ. മഹാശ്വേതാദേവിയെ വടകരയിലെത്തിക്കുക; അവര്‍ക്കായി കത്തെഴുതുക, ചന്ദ്രശേഖരന്റെ വീട്ടില്‍ചെന്ന് കണ്ണീരൊഴുക്കുക എന്നിങ്ങനെയുള്ള ജോലികള്‍ നിര്‍വഹിച്ച് തളര്‍ന്ന് വീട്ടിലിരിക്കുകയല്ല, പിന്നെയും എഴുതിത്തളരുകയാണുണ്ടായത്. ആ എഴുത്തിലാണ്, സിപിഐ എമ്മിന്റെ ജൈവഘടനയുടെ രാസപരിശോധന.

വീരേന്ദ്രകുമാറിന്റെ വാരികയില്‍ നീലകണ്ഠന്‍ എഴുതിയത് കാണാന്‍ ഇ എം എസ് ഇല്ലാത്തത് മഹാഭാഗ്യം. പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് 1973ല്‍ ഇ എം എസ് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്. "കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബങ്ങളില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും, സമരങ്ങളുടെയും തീച്ചൂളയിലൂടെ, വിപ്ളവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവരുന്ന ആയിരക്കണക്കിനാളുകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ട്. അത് ലക്ഷക്കണക്കിന് വളര്‍ന്നുവരാന്‍ പോകുകയാണ്. ഇത് തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തുതുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ പരിശ്രമം.'' റിവിഷനിസ്റ്റുകളെ കുലംകുത്തികള്‍ എന്നാണ് ഇ എം എസ് വിളിച്ചത്. തുരപ്പന്മാര്‍ എന്നും അവര്‍ വിളിക്കപ്പെട്ടിരുന്നു. അന്നുമുതലേ പാര്‍ടിക്ക് സ്റ്റാലിനിസ്റ്റ്- നാടുവാഴി- കുല- ഗോത്ര സ്വഭാവമുണ്ടായിരുന്നു എന്ന തിയറി വേറെ വരുമോ ആവോ. നീലകണ്ഠനല്ലേ. അതിനും സാധ്യതയുണ്ട്.

*

കൂടുവിട്ട് കൂടുമാറ്റത്തിനല്ല ഇപ്പോള്‍ ചാനല്‍വിട്ട് ചാനല്‍മാറ്റത്തിനാണ് മാര്‍ക്കറ്റ്. മാറ്റം കൂടും കുടുക്കയും കൊണ്ടാകുമ്പോള്‍ വലിയ അല്ലലുമലട്ടലുമുണ്ടാവുകയില്ല. യാത്രക്കാര്‍ ശയ്യോപകരണങ്ങള്‍ കൂടെക്കരുതണം എന്ന് പറയുന്നതുകേട്ടിട്ടുണ്ട്. പുതിയ ചാനലിലേക്കുപോകുമ്പോഴും അത് വേണം. അല്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷം അപകടത്തിലാകും. അതിനേക്കാള്‍ വലിയ ഇടതുപക്ഷം മറ്റെവിടെയും ഉണ്ടാകില്ല എന്നുവരുമ്പോള്‍, ഹരിഹരനേ ശരണം എന്ന് ഒടുക്കത്തെ വിളി വിളിക്കേണ്ടിവരും.

Sunday, June 10, 2012

താനേ കയറുന്ന പാരകള്‍

വാളകത്ത് പാരകയറ്റിയ കേസ് കേരള പൊലീസ് അന്വേഷിച്ച് ക്ഷീണിച്ചപ്പോള്‍, വയ്യ പൊല്ലാപ്പ് എന്നു കരുതി സിബിഐക്ക് വിട്ടു. തോക്ക്, ബോംബ്, ഡൈനാമിറ്റ്, മലപ്പുറം കത്തി, വാള്‍, കുറുവടി തുടങ്ങിയ അധുനാതുനായുധങ്ങളുമായി സിബിഐ പുലിപ്പട കൊട്ടാരക്കരയില്‍ വണ്ടിയിറങ്ങി. അതിഗംഭീരമായി അന്വേഷിച്ചപ്പോള്‍ ഒരു വലിയ സത്യം തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചു- അധ്യാപകന്റെ ആസനത്തില്‍ പാര കയറിയിരിക്കുന്നു. ഇതുപോലെ പാരകയറ്റിയ മറ്റൊരു സംഭവമേ ക്രിമിനല്‍കേസുകളുടെ ചരിത്രത്തില്‍ ഉള്ളൂ. പക്ഷേ, ആ കേസ് വ്യത്യസ്തമാണ്.

പാണ്ടിമണിയന്‍ എന്ന ഒരു മഹാത്മാവ് പാരകയറി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആ കേസില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളെ അറസ്റ്റ്ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ അനുഭവിച്ച് മക്കള്‍ പുറത്തിറങ്ങിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലിലൂടെ യഥാര്‍ഥ പ്രതി ആരെന്ന് അവര്‍ പ്രഖ്യാപിച്ചത്. ആ മക്കള്‍ പറഞ്ഞ കഥ ഇങ്ങനെ:

പാണ്ടിമണിയന്‍ തങ്ങളുടെ വിഖ്യാത പിതാവായിരുന്നു. പുള്ളിക്കാരന്റെ പ്രധാന ദൗര്‍ബല്യം മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദിക്കുക എന്നതായിരുന്നു. പലതരത്തില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. പനിച്ചുകിടക്കുന്ന മകന്റെ കിടക്കയില്‍ വെള്ളംകോരിയൊഴിക്കുക, കഞ്ഞിയില്‍ മണ്ണുവാരിയിടുക, വെടക്കാക്കി തനിക്കാക്കുക, അരിയുംതിന്ന് ആളെയും കടിച്ച് പിന്നെയും മുറുമുറുക്കുക തുടങ്ങിയ സുകുമാരകലകളായിരുന്നു ദിനചര്യ. എല്ലാം സഹിച്ചു. അച്ഛനല്ലേ, പ്രായക്കൂടുതലല്ലേ എന്ന് നിനച്ചു. ഒടുവിലൊരുനാള്‍ പാണ്ടിമണിയന്‍ കിടപ്പിലായി. മക്കളെ അടുത്ത് വിളിച്ച്, തനിക്ക് മാനസാന്തരമുണ്ടായതായി പ്രഖ്യാപിച്ചു. ഇത്രയും കാലം മക്കളെ ദ്രോഹിച്ചതിന് പ്രായശ്ചിത്തം ചെയ്യണം. താന്‍ മരിച്ചാല്‍ മക്കള്‍ ഒരു പാര തന്റെ ആസനത്തില്‍ അടിച്ചു കയറ്റണം. മരണം സുഖമായി നടന്നു. മടിച്ചുമടിച്ചെങ്കിലും മക്കള്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം നടപ്പാക്കി. എങ്കിലല്ലേ, സ്വര്‍ഗവാതില്‍ തള്ളിത്തുറന്ന് മണിയന് അകത്തുകയറാനാവൂ.

അങ്ങനെ അച്ഛന്റെ ആഗ്രഹം സാധിച്ച് സായൂജിച്ച മക്കളെത്തേടി അപ്പോഴേക്കും പ്രത്യേക അന്വേഷണസംഘം എത്തിയിരുന്നു. തെളിവ്, ""എന്നെ പാരകയറ്റിക്കൊല്ലാന്‍ മക്കള്‍ ഗൂഢാലോചന നടത്തുന്നു; രക്ഷിക്കണം"" എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി പാണ്ടിമണിയന്‍ അയച്ച കത്ത്. കൊലക്കുറ്റത്തിന് മക്കള്‍ ജയിലിലേക്ക്. കേസ് പിന്നൊരിക്കലും "റീ ഓപ്പണ്‍" ആയില്ല. മരിച്ചാലും ദ്രോഹിക്കുന്ന ആ പിതാവിന്റെ ആസനത്തില്‍ കയറിയശേഷം പാരയ്ക്കുതന്നെ ലജ്ജയായി. പിന്നെ എറെക്കാലത്തിനുശേഷമാണ് വാളകത്തെ അധ്യാപകനുനേരെ പാര തിരിയുന്നത്.

സിബിഐ പുലികള്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പാരയും അധ്യാപകനുമേ ഉള്ളൂ. പാര എങ്ങനെ കയറി എന്നില്ല. ആര് കയറ്റി എന്നില്ല. ചോദ്യം ചെയ്യാനും ഗരുഡന്‍തൂക്കം തൂക്കാനും അടിച്ച് കരണക്കുറ്റി പൊട്ടിക്കാനും ഒരു കീചകനെയും പൊലീസ് കണ്ടില്ല; മൂത്ത സിബിഐ പൊലീസ് കാണുന്നുമില്ല. എന്തേ കാണാത്തത് എന്ന് ഒരു മാധ്യമപ്പൊന്നുതമ്പുരാനും ചോദിക്കുന്നുമില്ല. എല്ലാം ശാന്തം; ശുഭം. ആനവീട്ടിലെ പിതാവിനും പുത്രനും സ്തോത്രം.

കേരള പൊലീസിന് ഇപ്പോള്‍ പുഷ്കല കാലമാണ്. അതുകൊണ്ടാണ് പാരക്കേസ് കേന്ദ്രപ്പൊലീസിലേക്ക് പോയത്. രാജ്നാരായണന്‍ ചരണ്‍സിങ്ങിന്റെ മുന്നില്‍ ഇരുന്നിട്ടില്ല. മുട്ടുകുത്തി തൊഴുതുപിടിച്ച് നിന്നിട്ടേയുള്ളൂ. ചരണ്‍സിങ് കല്‍പ്പിക്കും; രാജ്നാരായണന്‍ അനുസരിക്കും. ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചു എന്നൊക്കെയുള്ള പേരുണ്ട്. ജോലി യജമാനസേവമാത്രം. നമ്മുടെ തിരുവഞ്ചൂര്‍ പാവങ്ങളുടെ രാജ്നാരായണനാണ്. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും; തിരുവഞ്ചൂര്‍ ആ കല്‍പ്പനകൊണ്ട് കല്ലുപിളര്‍ക്കും.

ലീഗിന് അഞ്ച് മന്ത്രിമാരെ കൊടുത്തു, ക്രൈസ്തവ ന്യൂനപക്ഷത്തിന് കണ്ടമാനം സ്ഥാനംകിട്ടി എന്നൊക്കെ പരാതി വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കൈയിലുള്ള ഒന്നെടുത്ത് തിരുവഞ്ചൂരിന് എറിഞ്ഞുകൊടുത്തു. ആഭ്യന്തരമന്ത്രിയായതിന്റെ കഥ അത്രയേ ഉള്ളൂ. അല്ലെങ്കിലും നല്ല തണ്ടെല്ലുള്ള മുരളീധരനെയും ടി എന്‍ പ്രതാപനെയും വി ഡി സതീശനെയുമൊക്കെ മാറ്റിനിര്‍ത്തി തിരുവഞ്ചൂര്‍, ശിവകുമാര്‍, കെ സി ജോസഫ് തുടങ്ങിയ റബര്‍ജീവികള്‍ക്ക് മന്ത്രിസ്ഥാനം കൊടുത്തത് വെറുതെയല്ല. എല്ലാം ഉമ്മന്‍ചാണ്ടിയുടെ തമാശ.

ആഭ്യന്തരവകുപ്പില്‍ ബിനാമിഭരണമാണ്. യഥാര്‍ഥ ഡിജിപി ഉമ്മന്‍ചാണ്ടിതന്നെ. ഇടയ്ക്ക് ചില കോമാളിത്തരങ്ങള്‍ തിരുവഞ്ചൂരിനെക്കൊണ്ട് ചെയ്യിക്കും. അങ്ങനെയൊരു കോമാളിത്തമാണ് വടകരയില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയുടെ സുഖവും കുളിരും നന്നായി അനുഭവിച്ച ഉമ്മന്‍ചാണ്ടി ഇപ്പോഴും പറയുന്നത്, അന്ന് നടന്നതെല്ലാം നല്ലത് എന്നാണ്. കക്കയം ക്യാമ്പ്, ഉരുട്ടിക്കൊല എന്നിങ്ങനെയുള്ള നല്ല നല്ല കലാപരിപാടികള്‍ ഇനിയും വരണമെന്നാണ്. അല്ലെങ്കിലും അതിനാണല്ലോ തിരുവഞ്ചൂരിനെ ഇരുത്തിയിരിക്കുന്നത്.

*
വടകരയിലേത് പ്രത്യേക പൊലീസാണ്. പടം ആദ്യം പരേഡ് പിന്നെ എന്നാണ് ആ പൊലീസിന്റെ പുതിയ തിയറി. കഷ്ടപ്പെട്ട് വണ്ടിപിടിച്ച് മുംബൈയില്‍ചെന്ന് അവിടത്തെ പൊലീസിനെയും കൂട്ടി സിഐഡി കളിച്ച് ഒരാളെ പിടിച്ചുകൊണ്ടുവരുന്നു. ആറുദിവസം ഇടിയോടിടിയായിരുന്നത്രേ. കോടതിയിലെത്തുമ്പോള്‍ തലയില്‍ കറുത്ത മുഖംമൂടി. എന്താണതെന്ന് ചോദിച്ചവര്‍ക്ക് തിരിച്ചറിയല്‍ പരേഡല്ലേ വരുന്നതെന്ന മറുപടി. കോടതിക്കകത്തേ മുഖംമൂടിയുള്ളൂ. പുറത്ത് മുഖംമൂടി ഇല്ലാത്ത സുന്ദരന്‍ചിത്രം ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. കുറ്റംപറയരുതല്ലോ. എല്ലാവര്‍ക്കും എന്നുപറയാനാകില്ല. കൈരളിക്കും ദേശാഭിമാനിക്കും മാത്രം കൊടുക്കില്ല.

ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യല്‍. രണ്ടുദിവസം ഉറങ്ങാന്‍വിടാതെ ചെന്നിത്തലയെ ഒന്നിരുത്തിനോക്കണം. സുധീരന്‍ മഹാമനുഷ്യനെന്നും ഉമ്മന്‍ചാണ്ടി നല്ലവനുക്ക് നല്ലവനെന്നും ഒരു മടിയുമില്ലാതെ പറയും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും താനില്ല എന്ന് ആണയിടും. ഈ സര്‍ക്കാരിനെ പാരവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല എന്ന് തലയില്‍ കൈവച്ച് നൂറ്റൊന്ന് ആവര്‍ത്തി പറയും. അതാണ് ചോദ്യംചെയ്യലിന്റെ തിരുവഞ്ചൂര്‍ശൈലി.

ഇനി ചന്ദ്രശേഖരനെ കൊന്നത് ചൈനയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് ക്വട്ടേഷന്‍സംഘമാണെന്ന് പറയിക്കണോ? നാലിടി കൂടുതല്‍ ഇടിച്ചാല്‍ വേണമെങ്കില്‍ ഫിദല്‍ കാസ്ട്രോവിന്റെ പേരും പറയിക്കാം. അത്രയേ ഉള്ളൂ ഇടിയുടെ കാര്യം. മൊഴി പത്രത്തില്‍ വരും; പൊലീസ് കോടതിയില്‍ നിഷേധിക്കും, കേസ് അതിന്റെ വഴിക്ക് പോകും.

തിരുവഞ്ചൂരിന് കേസല്ല പ്രശ്നം- മാര്‍ക്സിസ്റ്റ് പാര്‍ടിയെ പുതപ്പിച്ചു കിടത്തിക്കലാണ്. അതിനിപ്പോള്‍ ചെറുപയര്‍ തിന്ന് കൊഴുത്ത ചില അപ്പനപ്പൂന്‍മാരുടെ സേവനവും ആവശ്യപ്പെട്ടുവെന്ന് വരാം. പിടിക്കുന്നവരോട് മുഖം മൂടാന്‍ പൊലീസ് ആവശ്യപ്പെടും. എന്നിട്ട്, കണ്ടില്ലേ മാര്‍ക്സിസ്റ്റുകാര്‍ മുഖത്ത് തുണിയുമിട്ട് പോകുന്നത് എന്ന് ആര്‍എംപിയുടെ സൈദ്ധാന്തികക്കുന്തങ്ങള്‍ ആക്രോശിക്കും. അത് മാധ്യമങ്ങള്‍ പാടിപ്പരത്തും. ഇമ്മാതിരി ജന്മങ്ങളെ തൊട്ടാല്‍ അക്കൈ നാറുമെന്നതുകൊണ്ട് അത്രയും സമാധാനം.

*
വീരേന്ദ്രകുമാര്‍ ഒന്നുപറഞ്ഞാല്‍ അതിന് ഒമ്പത് അര്‍ഥമാകും. എം ടിക്കും ഒ എന്‍ വിക്കും ജ്ഞാനമില്ല പീഠമേയുള്ളൂ എന്നുപറഞ്ഞത് വെറുതെയല്ല. ഇപ്പോഴിതാ വീരന്റെ പുസ്തകപ്പരസ്യം വന്നിരിക്കുന്നു. "പ്രതിരോധത്തിന്റെ ശബ്ദം വാക്കുകളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ മഹാശ്വേതാദേവിയുടെ പുസ്തകങ്ങള്‍" വില്‍പ്പനയ്ക്ക് എന്ന്.

എന്തായാലും ബംഗാളില്‍ വെറുതെയിരുന്ന മഹാശ്വേതാദേവിയെ ഇങ്ങ് കേരളത്തിലേക്ക് വിമാനം കയറ്റി കൊണ്ടുവന്ന് നാണംകെടുത്തിയതിന് ആരെങ്കിലും ഒരവാര്‍ഡ് വീരന് കൊടുക്കണം. പിണറായി വിജയന്റെ വീടിനെക്കുറിച്ചും എം എം മണിയുടെ "പ്രാകൃത രൂപ"ത്തെക്കുറിച്ചും പറഞ്ഞ് നാണംകെട്ടതിന് കൂലിയായി ആ ദേവിക്ക് പുസ്തകത്തിന്റെ റോയല്‍റ്റി അല്‍പ്പമെങ്കിലും അയച്ചുകൊടുത്താല്‍ അത്രയും നന്ന്.

ശരിയായ ലാഭം കെ ജി ശങ്കരപ്പിള്ളയ്ക്കാണ്. അദ്ദേഹത്തിന്റെ കവിത മഹാശ്വേതാദേവിയുടെ കത്തിലൂടെയും മാതൃഭൂമിയില്‍ അച്ചടിച്ചു വന്നുവല്ലോ. അത് ഇംഗ്ലീഷിലാണോ, ബംഗാളിയിലാണോ പരിഭാഷപ്പെടുത്തി ആയമ്മയെക്കൊണ്ട് വായിപ്പിച്ചതെന്ന് വ്യക്തമല്ല. പരിഭാഷ നിര്‍വഹിച്ചത് ആരെന്നുമറിയില്ല. കവിതയുടെ പരിഭാഷ (ഇതുവരെ തയ്യാറായിട്ടില്ലെങ്കില്‍ ഉടനെ തയ്യാറാക്കി) മാതൃഭൂമി ബുക്സിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കാനും ഇടയുണ്ട്. പരിഭാഷ വീരന്റെ പേരിലായാല്‍ ആയിനത്തില്‍ അവാര്‍ഡും തരപ്പെടും.

*
പിന്‍കുറിപ്പ്:

നടപടി ഉണ്ടാകുമെന്ന് ആദ്യം. ഇല്ലായെന്ന് പിന്നെ. സിപിഐ എമ്മില്‍ ആര്‍ക്കൊക്കെ നടപടി വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഇപ്പോള്‍ അച്ചായന്റെ ചാനല്‍ ഓഫീസിലാണ്.

Sunday, May 27, 2012

നിഷാദന്‍ സാറിന്റെ ആവിഷ്കാരം

അധര്‍മം കണ്ടപ്പോഴാണ് ആദികവി അരുത് കാട്ടാളാ എന്ന് പറഞ്ഞത്. നേരെപോയി രാമായണം എഴുതി. ഇവിടെയിപ്പോള്‍ കവിതയെ കൊന്നുകൊണ്ടാണ് അധര്‍മത്തിന്റെ വിളയാട്ടം. ഗോയങ്കയുടെ ശമ്പളം വാങ്ങുന്ന സംസ്കാരമൂര്‍ത്തിയാണ് കല്‍പ്പിക്കുന്നത്- ""ആരവിടെ. കവിയെ കിട്ടിയില്ലെങ്കില്‍ കവിതയുടെ കഴുത്തറുക്കുക"" എന്ന്. ഇന്ന് വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ ഐലന്റ് എക്സ്പ്രസില്‍ കയറി ബംഗളൂരുവില്‍ചെന്ന്, എന്റെ പൊന്നുകാട്ടാളന്‍സാറേ, മതിയാക്കിക്കൂടേ ഈ പരിപാടി എന്ന് ചോദിക്കുമായിരുന്നു.

പ്രഭാവര്‍മ എന്ന കവി രണ്ടുമൂന്ന് ലേഖനം എഴുതിപ്പോയതാണ് കുറ്റം. കവിക്ക് പാര്‍ടി പാടില്ല- പാര്‍ടി എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടി. കോണ്‍ഗ്രസും ബിജെപിയുമൊന്നും പാര്‍ടിയല്ലാത്തതുകൊണ്ട് അതാകാം. "യഥാര്‍ഥ ഇടതുപക്ഷ"മായി എന്തുവേണമെങ്കിലും എഴുതാം. നാലുവാചകം എഴുതുമ്പോള്‍ മൂന്നരയും മാര്‍ക്സിസ്റ്റുകാരെ തെറിവിളിക്കുന്നതാകണം. വാതുറന്നാല്‍ വലതുപക്ഷക്കാര്‍, അധിനിവേശക്കാര്‍, കൊലയാളികള്‍ എന്നൊക്കെ പറയണം- മാര്‍ക്സിസ്റ്റ് നേതാക്കളെ തന്തയ്ക്ക് വിളിക്കണം എന്നത് നിര്‍ബന്ധം. ഇത്തരക്കാര്‍ കവിതയെഴുതിയാല്‍ മതി. അല്ലാത്തവര്‍ കവിയായിരിക്കാന്‍ യോഗ്യരല്ല.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന് കേട്ടയുടനെ ചന്ദ്രഹാസമിളക്കി കയറുമെടുത്ത് മാര്‍ക്സിസ്റ്റ് പാര്‍ടിയെ തൂക്കിക്കൊല്ലാന്‍ പാഞ്ഞുചെല്ലാത്തവരുടെ കവിത്വം തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഇനി അവര്‍ കവിത എഴുതണമെങ്കില്‍ താടിവച്ച്, സാറേന്നുവിളിച്ച് ഗോയങ്കയുടെ കാര്യസ്ഥന്മാരെ കുമ്പിട്ടുകൊള്ളണം.

ശ്രീകൃഷ്ണന്‍ വേടന്റെ അമ്പുകൊണ്ട് മരണത്തിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍വന്ന ചിന്തകള്‍ എന്തൊക്കെയാകുമെന്ന് പ്രഭാവര്‍മ ഒന്ന് ചിന്തിച്ചുപോയി. ആ ചിന്ത എഴുതിവന്നപ്പോള്‍ ഒരു ഖണ്ഡകാവ്യമായിപ്പോയി. ശ്യാമമാധവം എന്നാണ് പേരിട്ടത്. എന്ന്വച്ചാല്‍ കൃഷ്ണന്റെ വെളുത്തതല്ലാത്ത രൂപം. അതല്ലാതെ പ്രഭാവര്‍മ ആരെയും കൊന്നിട്ടില്ല. കൊന്നതിനെ മനസ്സാ, വാചാ ന്യായീകരിച്ചിട്ടുമില്ല. എന്നാല്‍, കൊലയാളിയെന്നുവിളിച്ച് ഒരു പ്രസ്ഥാനത്തെ തല്ലിക്കൊല്ലാനും ഞെക്കിപ്പിഴിഞ്ഞ് പ്രതികരണമെടുപ്പിക്കാനും ചിലര്‍ ഒരുമ്പെട്ടിറങ്ങിയതുകണ്ട് സഹിക്കാതെ ലേഖനമെഴുതി. താന്‍ പത്രാധിപരായ പത്രത്തില്‍ തന്റെ രാഷ്ട്രീയനിലപാടുകള്‍ എഴുതുക എന്നത് മഹാപരാധം തന്നെ. ഊരുവിലക്കുക കവിയെ. പതിനഞ്ച് സര്‍ഗങ്ങളുള്ള കാവ്യം വലിയ പരസ്യത്തോടെയാണ് ഗോയങ്കയുടെ ആഴ്ചപ്പതിപ്പ് അവതരിപ്പിച്ചത്. രണ്ട് സര്‍ഗങ്ങള്‍ പ്രസിദ്ധീകരിച്ചശേഷം പത്രാധിപര്‍ക്ക് പെട്ടെന്ന് ബോധോദയം വന്നു- ഇനി മാധവനും വേണ്ട, പ്രഭാവര്‍മയും വേണ്ട എന്നങ്ങ് കടുപ്പിച്ച് തീരുമാനിച്ചു.

വാളുകൊണ്ടും കത്തികൊണ്ടും മാത്രമല്ല, പത്രാധിപരുടെ ആയുധംകൊണ്ടും നിഷ്ഠുരമായ ഹത്യ നടത്താം എന്ന് പത്രാധിപശ്രേഷ്ഠന്‍ തെളിയിച്ചിരിക്കുന്നു. സാറേ, സാറേ സിന്ദാബാദ് എന്ന് വിളിച്ചുചെല്ലുക. പൊട്ടക്കവിതകള്‍ മൊത്തമായും ചില്ലറയായും അച്ചടിച്ചു കൊടുക്കപ്പെടും. ഇതിനെയാണ് സാറേ, ആവിഷ്കാരസ്വാതന്ത്ര്യം എന്ന് നീട്ടിപ്പറയേണ്ടത്.

*
കോണ്‍ഗ്രസുകാരെ സഹിക്കാതെ ഒരു മുന്‍മന്ത്രി നെയ്യാറ്റിന്‍കരയില്‍നിന്ന് ഹോങ്കോങ്ങില്‍ പോയി. ഇപ്പോള്‍ പുള്ളി അവിടെ ഒരു കമ്പനിയില്‍ ഉദ്യോഗം സ്വീകരിച്ച് ജീവിക്കുകയാണെന്ന് അച്ചായന്റെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മുന്‍മന്ത്രി ഒരുഗതിയും പരഗതിയും ഇല്ലെന്നുകണ്ട് രാജ്യംവിട്ട് പോയപ്പോഴാണ് കോണ്‍ഗ്രസുകാരന്റെ തലയില്‍ കയറി നിരങ്ങാന്‍ പുതിയൊരു മാന്യന്‍ വന്നത്. സ്വന്തം പാര്‍ടിയെയും മുന്നണിയെയും മടുത്താല്‍ സുന്ദരേശന്‍നായര്‍ ചെയ്തതുപോലെ നാടുവിട്ട് പോകാമായിരുന്നു. കാലാകാലമായി ഖദറുമിട്ട് കോണ്‍ഗ്രസിനുവേണ്ടി പെടാപ്പാടുപെടുന്ന പാവപ്പെട്ട തമ്പാനൂര്‍ രവിയുടെയും സോളമന്‍ അലക്സിന്റെയും നെയ്യാറ്റിന്‍കര സനലിന്റെയും കഞ്ഞികുടി മുട്ടിക്കേണ്ടതില്ലായിരുന്നു. ഇത്തരക്കാര്‍ തന്നെ സ്ഥാനാര്‍ഥിയാകണമെങ്കില്‍ നമ്മുടെ ബിഷപ്ഹൗസ് വീരന്‍ സജിന്‍ലാല്‍ പുരനിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.

കാലാവസ്ഥാപ്രവചനമനുസരിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്. ഏറെക്കാലം പുതിയ ഭാരം ചുമക്കേണ്ടിവരില്ല. യുഡിഎഫിന്റെ വഞ്ചി നെയ്യാറിന്റെ കരയില്‍ അടുക്കാന്‍ പ്രയാസമാണ്. അവിടെ കാറ്റും കോളും ജൂണ്‍ രണ്ടുവരെ തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വോട്ട് എണ്ണിക്കഴിയുമ്പോള്‍ കിട്ടുന്ന സ്ഥാനം രണ്ടാമത്തേതാണോ മൂന്നാമത്തേതാണോ എന്നതാണത്രേ പുതിയ തര്‍ക്കം. പത്രങ്ങളും ചാനലുകളും കണ്ട് വിശ്വസിച്ചാണ് നാട്ടുകാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ 100ല്‍ 99 വോട്ടും വലത്തോട്ട് വീഴേണ്ടതാണ്. ഇടതന്മാരെ കൊലയാളികളേ എന്നൊക്കെ പേര്‍ത്തും പേര്‍ത്തും വിളിക്കുന്നുണ്ട്. വടകരയിലെ കൊലപാതകം നെയ്യാറ്റിന്‍കരയിലെ വോട്ടാക്കിമാറ്റാം എന്ന് വല്ലാതെ മോഹിച്ചതുമാണ്. ആ വഴിക്ക് കാര്യം നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വെട്ടിന്റെയും കുത്തിന്റെയും എണ്ണംപറഞ്ഞ് മലപ്പുറത്തുനിന്ന് ഒരു നോട്ടീസും വന്നിരിക്കുന്നു. അമൃതായാലും അധികമായാല്‍ വിഷമാണ്. സിപിഐ എമ്മിനെ ഇരുപത്തിനാലു മണിക്കൂറും പുലഭ്യം പറഞ്ഞതുകൊണ്ട് പറയുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അത്യാവശ്യം മടുത്തുകഴിഞ്ഞിട്ടുണ്ട്.
തലസ്ഥാനജില്ലയിലെതന്നെ മണമ്പൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പിലും പറഞ്ഞത് ഇതൊക്കെത്തന്നെയാണ്. പെട്ടി പൊട്ടിച്ചപ്പോള്‍ കൂടുതല്‍ വോട്ടും കനത്ത ഭൂരിപക്ഷവും എല്‍ഡിഎഫിന്. മണമ്പൂരില്‍നിന്ന് ഏറെ അകലെയൊന്നുമല്ല നെയ്യാറ്റിന്‍കര.

ഇടുക്കിയിലെ മണിയാശാനാണ് ഒടുവിലത്തെ നായകന്‍. മണിയാശാന്‍ നടത്തിയ ഒരുപ്രസംഗം ആരോ ക്യാമറയിലാക്കി ചാനലുകളായ ചാനലുകള്‍ക്കൊക്കെ കൊണ്ടുകൊടുത്തു. ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആഘോഷം. പ്രസംഗം പൂര്‍ണമായി ആഘോഷിച്ചില്ല. അതില്‍ ശതമന്യുവിന് ഇഷ്ടപ്പെട്ടൊരു ഭാഗമുണ്ട്. ""വീരേന്ദ്രകുമാര്‍ എന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെവച്ച് എഴുതിക്കും. അതിന് പുരസ്കാരങ്ങള്‍ സംഘടിപ്പിക്കും"" എന്നത്രേ ആ ഭാഗം. ഒരിടത്ത് വ്യതിയാനം വന്നുവെങ്കിലും ഈ പറഞ്ഞതിന് മണിയാശാന് നൂറില്‍ നൂറുമാര്‍ക്ക്.

വെളിപ്പെടുത്തലുകള്‍ വേറെ ചിലതൊക്കെ വന്നിട്ടുണ്ട്. നമ്മുടെ എം എം ഹസ്സന്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട് എന്നത്രേ. ഹസ്സന് എല്ലാകാര്യവും അങ്ങനെ പറയാന്‍പറ്റില്ല. ചെന്നിത്തലയോട് ചോദിച്ചാല്‍ ഹിമാലയത്തോളം വലുപ്പമുള്ള കഥകള്‍ വേറെ കിട്ടും. കൊലപാതകത്തിന്റെ കഥ വിട്ടാലും, കര്‍ണാടകത്തിലെയും മദിരാശിയിലെയും ഡല്‍ഹിയിലെയുമൊക്കെ ചില ഏര്‍പ്പാടുകള്‍ ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മതി. ഷാജി കൈലാസ് നല്ല പടം പിടിച്ചുകൊള്ളും.

ഇടുക്കിയില്‍ മണിമുഴങ്ങി എന്നുകേട്ടയുടനെ കയറും മൈക്കുംകൊണ്ട് പാഞ്ഞുനടന്നവര്‍ അടുത്ത തവണ കണ്ണൂരിലെ സുധാകരന്റെ അടുത്തേക്ക് ചെല്ലണം. നാല്‍പ്പാടി വാസുവിനെ കൊന്നുതള്ളിയശേഷം മട്ടന്നൂരില്‍ചെന്ന് മൈക്കെടുത്ത് പ്രസംഗിച്ചത് ""അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്"" എന്നാണ്. അന്ന് ചാനലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് സുധാകരന്‍ ഒന്നാംപ്രതി ആയില്ല. പ്രതിപ്പട്ടികയില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. പീതാംബരക്കുറുപ്പ് നാട്ടിലില്ല എന്ന് തോന്നുന്നു- ഓരോ പ്രസംഗത്തിനും മൂന്നുവച്ച് കേസെടുക്കാം. സീതിഹാജിയുടെ പുന്നാരമോന്‍ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ചവിട്ടിക്കൊലക്കേസില്‍ "സാക്ഷിപറഞ്ഞാല്‍ പറഞ്ഞവനെ തട്ടിക്കളയും" എന്ന് വെല്ലുവിളിച്ചത് കാണാനും കേള്‍ക്കാനും തിരുവഞ്ചൂരിന്റെ പൊലീസിന് കണ്ണുമില്ല, കാതുമില്ല. അവര്‍ക്കിപ്പോള്‍ മറ്റുചില പണിയാണ്.

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സൂക്ഷിച്ച ബോംബിന്റെ ചിത്രം പക്ഷേ, അച്ചടിച്ച് വന്നതാണ്. ആ വാരിക എടുത്താലും കേസ് ചാര്‍ജ് ചെയ്യാം- പ്രതിയായി കെ സുധാകരന്‍ എംപി വരും. കൊലപാതകം മാത്രമല്ല, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും വലിയ കുറ്റംതന്നെ. ഞാന്‍ സാക്ഷിയാണ്, എന്റെ മുന്നില്‍വച്ചാണ് ജഡ്ജിമാര്‍ക്ക് പണം കൊടുത്തത് എന്ന് സുധാകരന്‍ കൊട്ടാരക്കരയില്‍ചെന്ന് വിളിച്ചുപറഞ്ഞു. അതിന്റെ വീഡിയോ ടേപ്പ് എല്ലാ ചാനലാപ്പീസിലുമുണ്ട്. അന്ന് കേസെടുക്കാന്‍ ഒരു തിരുവഞ്ചൂരിനും കൈ പൊങ്ങിയില്ല. പാരകയറ്റിയവനെ ഇതുവരെ കിട്ടിയിട്ടില്ല. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡന്റ് രാമകൃഷ്ണന്‍ ബന്ദിയായി. വളഞ്ഞിട്ട് ഘെരാവോ ചെയ്തത് സുധാകരന്റെ അനുയായികള്‍. രാമകൃഷ്ണന്‍ അന്ന് വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളുണ്ട്. സുധാകരന്റെ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍. ഇതിന്റെ കേസൊന്നും ആരും എടുത്തുകണ്ടില്ല. എന്നിട്ടിപ്പോള്‍ സിപിഐ എമ്മിനെ കഴുവിലേറ്റിക്കളയുംപോലും. അതിന്റെ ക്വട്ടേഷന്‍ ചോമ്പാല്‍ പുലി ഏറ്റെടുത്തിട്ടുണ്ട് പോലും. മാര്‍ക്സിസ്റ്റുകാര്‍ ശരിക്കും പേടിച്ചുപോയി കേട്ടോ.

Monday, May 21, 2012

മന്ത്രിപ്പണി ഇതൊക്കെത്തന്നെ

കേന്ദ്ര സഹമന്ത്രിസ്ഥാനം ഒരലങ്കാരം മാത്രമാണ്. വല്ലപ്പോഴും പോയി ഒപ്പിട്ട് ശമ്പളം വാങ്ങിയാല്‍ മതി. പ്രത്യേകിച്ച് പണിയൊന്നുമില്ല. അല്ലെങ്കിലും ഈ സഹമന്ത്രി എന്നൊക്കെ പറയുന്നത് കോണ്‍സ്റ്റബിളിന് ഗ്രേഡ് കൊടുക്കുന്നതുപോലെയാണ്. പാര്‍ലമെന്റ് നടക്കുമ്പോള്‍ മാത്രം വിമാനംകയറണം. അല്ലാത്ത സമയത്ത് കല്യാണ- മരണ- ജന വീടുകളില്‍ കയറിയിറങ്ങിയും ചാരുകസേരയില്‍ മലര്‍ന്നുകിടന്നും സമയം പോക്കാം. എല്ലാവരും അങ്ങനെയാണെന്നല്ല. മിടുമിടുക്കന്മാര്‍ ഡല്‍ഹിക്കുപകരം ദുബായിലേക്ക് പറന്ന് കച്ചവടം കൊഴുപ്പിക്കും.

ചരണ്‍സിങ്ങിന് രാജ്നാരായണന്‍ എന്നപോലെയാണ് ആന്റണിക്ക് മുല്ലപ്പള്ളി. ഭക്തി മാത്രം മതി. സ്ഥാനം താനേ വന്നുകൊള്ളും. ഒറ്റയ്ക്ക് കണ്ടാല്‍ പാവമാണ്. സ്നേഹം തുള്ളിത്തുളുമ്പും. ജീവിതത്തിലിന്നുവരെ ഒരു കോണ്‍ഗ്രസുകാരനും ഒരു പ്രയോജനവും ചെയ്തുകൊടുത്തിട്ടില്ല. "ഇപ്പം ശരിയാക്കിത്തരാം" എന്ന മറുപടി റെക്കോഡുചെയ്ത് വച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പുലിയായിരുന്നു. അന്ന് മലബാറിന്റെ "ആഭ്യന്തരമന്ത്രി"സ്ഥാനമായിരുന്നു. വീരന്‍ ജനതയുടെ എം കെ പ്രേംനാഥ് മുതല്‍ നൂറുകണക്കിന് പഴയ സോഷ്യലിസ്റ്റുകാര്‍ക്ക് സമൃദ്ധമായി തല്ലുവാങ്ങിക്കൊടുത്തിട്ടുണ്ട്. ഒറ്റുകൊടുക്കലായിരുന്നു പ്രധാന പണി. വടകരക്കാരനാണെങ്കിലും ആദ്യം ചെന്നപ്പോള്‍ വടകരക്കാര്‍ ഓടിച്ചുവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് വീണ്ടും വടകരയിലെത്തിയത്. വീരന്റെയും വീരന്മാരുടെയും സഹായംകൊണ്ട് ജയിച്ചുപോയി. വീരന് എങ്ങനെയും എവിടെയും എന്തും ആകാമെന്നാണ് നാട്ടുനടപ്പ്. വീരനെ ജയിലിലടച്ച മുല്ലപ്പള്ളിയും വീരന്റെ പാര്‍ടിക്കെതിരെ പടനയിച്ച റവല്യൂഷണറിക്കാരും ഇന്ന് വീരന്റെ കൂടാരത്തിലാണ്. അതാണ് അഭിപ്രായസ്ഥൈര്യം. അപ്പം കാണുന്നവനെ മോനേ എന്നു വിളിക്കും.

കലികാലത്തില്‍ വീരനും മുല്ലപ്പള്ളിയും ഭായിഭായിയാണ്. ഏകശത്രുവിനെ വകവരുത്താന്‍ ഒന്നിച്ചൊന്നായ് മുന്നോട്ടാണ്. കേരളത്തിന്റെ മന്ത്രിയാണോ കേന്ദ്രത്തിന്റെ മന്ത്രിയാണോ എന്ന് മുല്ലപ്പള്ളിക്കുതന്നെ അറിയില്ല. വടകര, ചോമ്പാല്‍, ഏറാമല പൊലീസ് സ്റ്റേഷനുകളുടെ ഭരണമാണ് തല്‍ക്കാലത്തെ പണി. അതിന് സംസ്ഥാനസര്‍ക്കാര്‍ വക രണ്ട് കാറുണ്ട്; പരിവാരമുണ്ട്. കേരളത്തേക്കാള്‍ വലുതല്ലേ കേന്ദ്രം, അതുകൊണ്ട് കേന്ദ്രത്തിലേത് ഇമ്മിണി വലിയ മന്ത്രിയാണെന്നാണ് പാവം പൊലീസുകാരുടെ ധാരണ. അവിടെ ആര്‍ത്തുകൂവിയാലും ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞുനോക്കാനില്ല എന്ന് അവര്‍ക്കറിയില്ലല്ലോ. സ്വന്തം കഴിവുകൊണ്ട് നേതാവായി ജയിച്ച് മന്ത്രിയായാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കാണും. ഇത് സ്പോണ്‍സര്‍ഷിപ്പാണ്. ജയിച്ചയുടനെ പറഞ്ഞത് എല്ലാം മുകളിലുള്ളവന്റെ കാരുണ്യംകൊണ്ട് എന്നത്രെ. കാരുണ്യം തെരഞ്ഞെടുപ്പുകാലത്ത് പെട്ടിയിലാക്കിയാണ് വന്നത്. പുറപ്പെട്ട പെട്ടികളില്‍ ഒന്ന് ലക്ഷ്യത്തിലെത്തിയില്ല. പണപ്പെട്ടി കൊണ്ടുപോയവനോട് കരുണയുള്ളതുകൊണ്ട് കേസില്ല. മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ ആദ്യം മുക്കിയ കേസ് അതാണ്. അതിനെപ്പറ്റി ചെവിക്കുപിടിച്ച് ചോദിച്ചാലും മിണ്ടില്ല. ഉമ്മാക്കി വരും, കുമ്മാട്ടി വരും, സിബിഐ വരും എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പേടിപ്പിച്ചാല്‍ പേര് നിത്യവും അച്ചടിച്ചുവരും. അങ്ങനെ തമാശകളുമായി നേരം കൊല്ലാം. കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിക്കൊള്ളും. കാസര്‍കോടുമുതല്‍ പാറശാലവരെ കെട്ടുകാഴ്ച നടത്തിയാല്‍ തീര്‍ന്നുപോകുന്നതാണ് സിപിഐ എമ്മെന്ന് ഉമ്മന്‍ചാണ്ടി ഉമ്മാക്കി കാണിക്കുമ്പോള്‍ പണ്ട് ചെറുപയറും കഞ്ഞിയും അകത്താക്കി ഒറ്റാന്‍ പോയതിന്റെ അനുഭവം മുല്ലപ്പള്ളി പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. അന്ന് വാര്‍ത്തകളൊന്നും പുതുപ്പള്ളിയില്‍ എത്തിയിട്ടുണ്ടാകില്ല.

*

ശത്രുവിനായാലും ഇങ്ങനെ ഒരനുഭവം വരരുതേ എന്ന പ്രാര്‍ഥന കര്‍ണാടകത്തില്‍ നോക്കി പറഞ്ഞുപോയില്ലെങ്കിലാണ് അത്ഭുതം. അവിടെ വേറിട്ട ഭരണം കൊണ്ടുവന്നവര്‍ വെറെ വേറെ പോവുകയാണ്. കര്‍ണാടകം വഴി ദക്ഷിണേന്ത്യ ചുറ്റിപ്പിടിക്കാനുള്ള റോഡ് തകര്‍ന്നുപോയി. കര്‍ണാടക മോഡി മോടിയായി പടിയിറങ്ങി. യെദ്യൂരപ്പയില്‍നിന്ന് പാര്‍ടിയെ ഊരിയെടുക്കുന്നത് എങ്ങനെ എന്ന് കാവിപുതച്ച് ചിന്തിക്കുകയാണ് ബിജെപി. കുറെ എംഎല്‍എമാരെയും പോക്കറ്റിലിട്ട് ഊരാമെങ്കില്‍ ഊരിക്കോ എന്നാണ് യെദ്യൂരപ്പ വെല്ലുവിളിക്കുന്നത്. പുള്ളിക്കാരന് മുഖ്യമന്ത്രിപദത്തോട് തീരെ ആര്‍ത്തിയില്ല. പാര്‍ടി വിടുന്ന കാര്യം ആലോചിക്കുന്നുമില്ല. പക്ഷേ ഇടയ്ക്ക് സോണിയക്ക് സിന്ദാബാദ് വിളിക്കും. ""കോണ്‍ഗ്രസ് നേതാക്കള്‍ കുഴപ്പത്തില്‍പ്പെടുമ്പോള്‍ രക്ഷിക്കാന്‍ സോണിയ ഗാന്ധിയും പാര്‍ടിയും എത്താറുണ്ടെന്നും ബിജെപിയില്‍നിന്ന് എനിക്ക് ഇത്തരം സഹായം ലഭിക്കുന്നില്ല"" എന്നുമാണ് പരാതി. അക്കാര്യത്തില്‍ സോണിയ മഹതി തന്നെ. ടൂജിയില്‍നിന്നും ത്രീജിയില്‍നിന്നും വാരിവാരിക്കൊണ്ടുപോകുന്നവര്‍ക്ക് സോണിയയുടെ സഹായം ലക്ഷക്കണക്കിന് കോടിയായാണ് കിട്ടുന്നത്.

ബിജെപിയില്‍ എല്ലാം അപ്നാ അപ്നാ ആണ്. കിട്ടിയവന്‍ കൊണ്ടുപോകും. അന്യനെ സഹായിക്കില്ല. ഖനിയില്‍നിന്ന് വാരിയവനെ ഭൂമി തട്ടിയെടുത്തവന്‍ കുഴപ്പത്തിലാക്കും. യെദ്യൂരപ്പയ്ക്ക് സ്വന്തം പാര്‍ടിക്കാരെ നല്ല ബഹുമാനമാണ്. മുഖ്യമന്ത്രി സദാനന്ദഗൗഡയെ സ്നേഹത്തോടെ വേദമോതുന്ന ചെകുത്താനെന്നും പിന്നില്‍നിന്ന് കുത്തിയ വഞ്ചകനെന്നും ഇടയ്ക്കിടയ്ക്ക് വിളിക്കും. ഇടയ്ക്ക് എംഎല്‍എമാരെയും കൂട്ടി ഡല്‍ഹിയില്‍ പോകും. അതുകഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഉല്ലസിക്കും. മുറതെറ്റാതെ സദാനന്ദഗൗഡയെ പേടിപ്പിക്കും. എഴുപത് എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് വയ്പ്. അതില്‍ കുറെപ്പേരുടെ രാജി എഴുതിവാങ്ങി കുപ്പായക്കീശയിലിട്ടിട്ടുമുണ്ട്. ഒരു മൂവര്‍ സംഘമാണ് കുഴപ്പത്തിന്റെ താക്കോല്‍ എന്നാണ് പരാതി. ദേശീയ ജനറല്‍ സെക്രട്ടറി അനന്ത്കുമാറും സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയും പിന്നെ സദാനന്ദഗൗഡയും. ഈ മൂന്നിനെയും കെട്ടുകെട്ടിച്ചാലേ താന്‍ ഇനി ക്ഷൗരംചെയ്യൂ എന്ന പ്രഖ്യാപനം വരാന്‍ പോകുന്നു. എല്ലാംകണ്ട് കോണ്‍ഗ്രസിന് കൊതിയാകുന്നു- ഒന്ന് ഭരണത്തിലേറാന്‍. അവിടെയും കുതികാല്‍വെട്ടില്‍ ഡോക്ടറേറ്റെടുത്തവരുടെ സംസ്ഥാനസമ്മേളനമാണ്. സ്വന്തം പാര്‍ടിയെ തകര്‍ത്താലും നാറ്റിച്ചാലും വേണ്ടില്ല- തനിക്ക് കസേരകിട്ടിയാല്‍ മതി എന്ന യെദ്യൂരപ്പന്‍ സിദ്ധാന്തത്തിന് കോണ്‍ഗ്രസിലും നല്ല മാര്‍ക്കറ്റാണ്. പാവം കാവിക്കാരുടെ ദക്ഷിണേന്ത്യന്‍ മോഹം ഊരി നിലത്തുവീണ മട്ടാണ്. ഗുജറാത്തില്‍ മോഡി മോടി കൂടി കുഴപ്പത്തിലായി. യെദ്യൂരപ്പയെപ്പോലുള്ള ഓരോരുത്തര്‍ എല്ലാ സംസ്ഥാനങ്ങളിലും വളര്‍ന്നാല്‍ ഇന്ത്യ അതിവേഗം കാവിയുടുക്കും.

*

നിയമസഭയില്‍ കേള്‍ക്കാനിടയുള്ള ചോദ്യം:

വാള്‍മാര്‍ട്ടിലൂടെയോ റിലയന്‍സ് ഔട്ട്ലറ്റുകള്‍ വഴിയോ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ തൈകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാന്‍ മുന്‍കൈയെടുക്കുമോ?

കൃഷിമന്ത്രി മോഹനന്‍: വീരന്‍ സമ്മതിച്ചാല്‍ എനിക്കും സമ്മതം. അങ്ങനെ ചെയ്താല്‍ കേസ് വരുമോ? വന്നാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊന്നും വയ്യ. വല്ലവരുടെയും കാലുവേണമെങ്കില്‍ പിടിക്കാം.

Sunday, May 13, 2012

കെട്ടിയിട്ടുതല്ലുന്ന ക്വട്ടേഷന്‍

കെട്ടിയിട്ടുതല്ലുന്നത് സുഖമുള്ള ഏര്‍പ്പാടാണ്- തല്ലു കൊടുക്കുന്നവര്‍ക്ക്. ഒന്നും ഭയപ്പെടാനില്ല. തിരിച്ചടിയുണ്ടാകില്ല. അഥവാ കെട്ടുപൊട്ടിച്ച് ഒന്ന് കൈയോങ്ങിയാല്‍ അതാ അക്രമകാരി എന്ന് വിളിച്ച് കല്ലെറിയാം. ഈ സുഖം വാരിവാരിത്തിന്നുകയാണ് നമ്മുടെ ചില സുഹൃത്തുക്കള്‍. ക്വട്ടേഷന്‍ എന്നത് മലയാളീകരിക്കപ്പെട്ട പ്രയോഗമാണ്. ഒറ്റത്തവണ ക്വട്ടേഷന്‍ എടുക്കുന്നവരുമുണ്ട്; ആജീവനാന്ത ക്വട്ടേഷന്‍ ലേലത്തിന് പിടിക്കുന്നവരുമുണ്ട്. രണ്ടാമത്തെക്കൂട്ടര്‍ക്ക് മാസപ്പടിയാണ്. വടിവാള്‍, കത്തി, കഠാര, നാടന്‍ബോംബ്, സൈക്കിള്‍ചെയിന്‍, തിരണ്ടിവാല്‍ തുടങ്ങിയവയ്ക്കുപുറമെ പുതുപുത്തന്‍ മാരകായുധങ്ങളും അവര്‍ പ്രയോഗിക്കുന്നു. മൈക്ക് ബോംബ്, സമദൂര മിസൈല്‍, പ്രസ്താവനക്കത്തി, പ്രതികരണച്ചുറ്റിക, ചര്‍ച്ചക്കുന്തം, തത്സമയക്കുറുവടി തുടങ്ങിയവയാണ് ആധുനീകരിക്കപ്പെട്ട ആയുധവ്യൂഹം.

മാസപ്പടി ക്വട്ടേഷന്‍കാര്‍ക്ക് വ്യത്യസ്ത ശൈലിയാണ്. വെട്ടും കുത്തും കണ്ടാല്‍ ആരാണ് ചെയ്തതെന്ന് കൃത്യമായി മനസ്സിലാകും. നല്ല നിലാവുള്ളപ്പൊഴേ പുറത്തിറങ്ങാറുള്ളൂ. അങ്ങനെയാകുമ്പോള്‍ വെളുക്കുന്നതുവരെ കാര്യം സാധിക്കാം. ഇരയെ നിശ്ചയിച്ചുകഴിഞ്ഞാല്‍ വളഞ്ഞിട്ടുപിടിക്കും. ഒന്നോ രണ്ടോ ദിവസംകൊണ്ട് കൃത്യം പൂര്‍ത്തിയായില്ലെങ്കിലും വിരോധമില്ല. നിലാവുള്ള അടുത്ത രാവുവരുംവരെ ക്ഷമയോടെ കാത്തിരിക്കും. ഈ സംഘത്തിലെ ചില പേരുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ലുക്കൗട്ട് നോട്ടീസൊന്നും പുറപ്പെടുവിക്കാത്തതുകൊണ്ട് സംഘാംഗങ്ങള്‍ എല്ലാ രാത്രിയും പുറത്തിറങ്ങാറുണ്ടെന്ന് കേള്‍ക്കുന്നു. സംഘത്തിന് ഒറ്റ നേതാവിലും ഒറ്റ ആയുധത്തിലും ഒറ്റ ശൈലിയിലും വിശ്വാസമില്ല. അപ്പോള്‍ കാണുന്നവനെ നേതാവേ എന്ന് വിളിക്കും. അങ്ങനെ നേതാവാകാന്‍ ഭാഗ്യം സിദ്ധിച്ച മൂന്നുപേര്‍ അഖില ലോക ക്വട്ടേഷന്‍ സംസ്കാരത്തിന്റെ തിടമ്പേറ്റുകാരായി വാഴ്ത്തപ്പെട്ടിരിക്കുന്നു.

വയനാട്ടിലും ഈരാറ്റുപേട്ടയിലും എന്തിന് അങ്ങ് പുതുപ്പള്ളിയില്‍ പോലും പേരുകേട്ട പുമാന്മാര്‍. ഇവരിലൊരാളാണ് കഴിഞ്ഞദിവസം അച്ചായന്റെ മഴവില്‍ ചാനലില്‍ തലവഴി തുണിയിട്ട് കയറിയിരുന്ന് അഭിനയിച്ചത്. സകലകലാ വല്ലഭന്മാരായ ക്വട്ടേഷന്‍സംഘം സ്വന്തം ശക്തിയില്‍ സംശയം തോന്നുമ്പോള്‍ പുറത്തുനിന്ന് ആളെ ഇറക്കാറുണ്ട്. കഴിഞ്ഞദിവസം അങ്ങനെ കൊണ്ടുവന്നത് ബംഗാളിലെ വനിതാ കുഞ്ഞനന്തന്‍നായരെയാണ്. ആള്‍ കുഴപ്പക്കാരിയൊന്നുമല്ല. നന്നായി എഴുതും. അറിവിന്റെ വലിയ പീഠത്തിലൊക്കെ ഇരുത്തിയിട്ടുണ്ട്. ഒരു പ്രശ്നമേയുള്ളൂ. ആരു വിളിച്ചാലും വരും. വിളിച്ചവര്‍ക്ക് ആവശ്യമുള്ളതു പറയും. ബംഗാളില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കലായിരുന്നു ഒരുകൊല്ലം മുമ്പത്തെ മഹത്തായ ലക്ഷ്യം. മമതാ ദീതിക്ക് ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുപ്പാന്‍ പ്രായവും രോഗവും മറന്ന് മാര്‍ക്സിസ്റ്റുകാരെ നടന്ന് തെറിവിളിച്ചു. കസേരയിലെത്തിയപ്പോള്‍ ദീതിയുടെ തനിനിറം പുറത്തുവന്നു. അതോടെ, "മമതേ മരമേ ഫാസിസ്റ്റേ" എന്നായി കവിതാലാപം.
കോഴിക്കോട്ട് വന്നുപറഞ്ഞത്, ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കണമെന്നാണ്. ആന്തമാനിലും രാജസ്ഥാന്‍ മരുഭൂമിയിലുമൊക്കെ സ്ഥലം ഒഴിവുണ്ടോ എന്ന് അന്വേഷിക്കണം. മാര്‍ക്സിസ്റ്റുകാരെ ശരിപ്പെടുത്താനാണ് വണ്ടിക്കൂലി മുടക്കി കൊണ്ടുവന്നത്. ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റുകാരുടെ തലയിലിട്ട് ശോകാഭിനയം നടത്താനായിരുന്നു തിരക്കഥയെങ്കിലും ഉപചാരച്ചടങ്ങുകള്‍ മുടങ്ങിയില്ല. അജിതേച്ചി (അജിതയാണ് സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും കാവല്‍ മാലാഖ. വയനാട്ടിലെ കാട്ടിലായിരുന്നു അതിന്റെ ഉപരിപഠനം. വെട്ട്, കൊല, കത്തി, ബോംബ് തുടങ്ങിയ പദങ്ങള്‍ മാലാഖയുടെ ജീവിതത്തില്‍ കേട്ടിട്ടേയില്ല) ചക്കരയുമ്മ കൊടുത്തു. അതുകണ്ട് വീരോചിതം പൊട്ടിച്ചിരി മുഴങ്ങി. കാടിതുകണ്ടായോകാന്താ എന്ന ചോദ്യമില്ലാതെ തന്നെ ഫെമിനിസത്തിന്റെ ചിരി ആഘോഷപൂര്‍വം മുല്ലപ്പൂമൊട്ടുകളായി അടര്‍ന്നുവീണു. മൂന്നാമത്തെ ചിരിയന് ലുക്കില്ല എന്നേയുള്ളൂ- ആള്‍ മന്ത്രിയാണ്. നാട്ടിലാകെ പിതാവിന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി പഞ്ചായത്തുകളെ കൊണ്ട് പണം കൊടുപ്പിക്കുക, ഫാസിസ്റ്റുവിരുദ്ധം മൂക്കുമുട്ടെ ഭക്ഷിച്ച് ആര്‍എസ്എസുകാരന്റെ തിണ്ണയില്‍ കിടന്നുറങ്ങുക, സായ്പിനെ വിളിച്ചിരുത്തി സ്വന്തം സാഹിബിന്റെ ദൂഷ്യം പറയുക, കല- സാഹിത്യം എന്നിങ്ങനെയുള്ള അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുക തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളാണ് വകുപ്പുവിഭജനത്തില്‍ കിട്ടിയത്. ഒന്നിനൊന്ന് ചേരുന്ന കൂട്ടായ്മയാണ്. സാറാ-മുനീര്‍-വീരസംഗമം. ഒന്നിച്ചുകൂടിയത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ രോഷം പങ്കിടാനാണെങ്കിലം നടന്നത് മുത്തമിടലും കെട്ടിപ്പിടിത്തവും പൊട്ടിച്ചിരിയും. എല്ലാം ഒരു കച്ചവടം തന്നെ.

പ്രതികരണം സ്വയം വരേണ്ടതല്ല; ഞെക്കിപ്പുറത്തുകൊണ്ടുവരേണ്ടതാണ് എന്നത്രേ ആധുനിക യഥാര്‍ഥ ഇടതുപക്ഷസിദ്ധാന്തം. ഞെക്കിയിട്ടും വന്നില്ലെങ്കില്‍ കുത്തിമലര്‍ത്തുമെന്നത് വിശാല ഇടതുപക്ഷത്തിന്റെ തിയറിയാണ് എന്നത് സാംസ്കാരികനായകന്മാര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്നം. വീരന്‍ പറയുന്നു: ""കൊലപാതകത്തോട് പ്രതികരിക്കാത്ത ജ്ഞാനപീഠജേതാക്കള്‍ വെറും പീഠമേ നേടിയിട്ടുള്ളൂ. അതില്‍ ജ്ഞാനമില്ല""എന്ന്. കേരളത്തിലെ ജ്ഞാനപീഠജേതാക്കള്‍ക്ക് പത്രമുടമ വക പീഡനം. അഴീക്കോട്മാഷിനെ മഞ്ഞക്കഥകളെഴുതി നാറ്റിച്ച അതേ ഭീഷണി. വീരന്‍ ഇരിക്കുന്ന പരമപീഠം ജ്ഞാനത്തിന്റേതാണ്, അവാര്‍ഡുകളുടെ അപൂര്‍വശേഖരത്തിനു മുകളില്‍ കെട്ടിപ്പൊക്കിയതാണ്. ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ച് ഏതെങ്കിലും രാമന്റെ ദുഃഖത്തിന് ഒരു ജ്ഞാനപീഠവും തരപ്പെടുത്തിക്കൊടുക്കാവുന്നതേയുള്ളൂ. നാട്ടിലെ പ്രസിദ്ധീകരണമാഗ്രഹിക്കുന്ന സാംസ്കാരിക ജീവികള്‍ ഇതൊരറിയിപ്പായി കണ്ട്, വീരോചിതം വീരന്റെ വാക്കുകള്‍ക്ക് അടിയൊപ്പിട്ടുകൊടുക്കാവുന്നതാണ്. അതല്ലെങ്കില്‍ കവിതയും കഥയും ലേഖനവും പ്രതികരണവും അച്ചടിച്ചുകാണുമെന്ന് കരുതേണ്ടതില്ല.

*
ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടത്:

""വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.
ഇതുവരെ സംസാരിച്ച മൂന്നുപേരും വികാരവിജ്രംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.

എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല- പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.""

എം ജി രാധാകൃഷ്ണന്‍ എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് ഇങ്ങനെ പിന്മാറിയത്.

നാട്ടില്‍ എവിടെ സദ്യയുണ്ടെങ്കിലും തലേന്നുചെന്ന് തമ്പടിക്കുന്ന ചിലരുണ്ട്. കാളപെറ്റാലും കാക്ക പറക്കുമ്പോള്‍ മലര്‍ന്നുപോയാലും പ്രത്യയശാസ്ത്രക്കുന്തവും കൊണ്ട് ചാനലാപ്പീസുകളിലേക്ക് പാഞ്ഞുകയറുന്ന അത്തരക്കാരുടെ ഉത്സവമാണ് ചന്ദ്രശേഖരന്‍വധത്തോടെ അരങ്ങേറിയത്. കുളിച്ച് പൗഡറിട്ട് നിരന്നിരുന്ന് വിധിപ്രഖ്യാപനം നടത്തുകയാണ്. അവര്‍ക്ക് തെളിവുവേണ്ട, സാക്ഷിവേണ്ട, യുക്തിവേണ്ട, ന്യായം വേണ്ട- മാര്‍ക്സിസ്റ്റ് പാര്‍ടിയെ നാലുതെറി വിളിച്ചാല്‍ മതി. ഇത് കണ്ടുകണ്ട് ജനങ്ങള്‍ മടുത്തുപോകും എന്നൊരു ചിന്തയെങ്കിലും വേണ്ടേ?

രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.

*

കെട്ടിയിട്ട് തല്ലിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ തളര്‍ന്ന് തകര്‍ന്നുപോകുമെന്ന സ്വപ്നം അവസാനിക്കാതെ തുടരുകയാണ്. ഇതിനിടെ, ബമ്പര്‍ സമ്മാനം നല്‍കാവുന്ന ഒരു പ്രവചനം കേട്ടു. ചെന്നിത്തലാജിയുടേതാണ്. കോണ്‍ഗ്രസില്‍ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് പ്രവചനം നടത്തലാണ് ഇപ്പോള്‍ പ്രധാന ജോലി. സിപിഐ എം പിളര്‍പ്പിലേക്ക് എന്നാണ് ഒടുവിലത്തെ പ്രവാചകഘോഷം. സെല്‍വരാജിന്റെ വിജയം കൊതിക്കുമ്പോള്‍ അത്തരം ആഗ്രഹമാകാം. കോണ്‍ഗ്രസിന്റെ കൊടിയും കെട്ടി നടത്തിക്കാന്‍ പറ്റിയ സ്വഭാവഗുണങ്ങള്‍ സെല്‍വരാജിന് ഉള്ളതുകൊണ്ട് സിപിഐ എമ്മിനെ പിളര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയും ആകാം.

ചൈനാ ചാരന്മാരെന്നും രാജ്യദ്രോഹികളെന്നും കാലഹരണപ്പെട്ടവരെന്നും അക്രമികളെന്നും സ്ത്രീകളെ പൊതുസ്വത്താക്കുന്നവരെന്നുമൊക്കെ പറഞ്ഞ് ഇതുപോലെ സ്വപ്നങ്ങള്‍ പലരും കണ്ടിട്ടുണ്ട്. വിഷം കുടിക്കാന്‍ ഒരുങ്ങിയവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍കാരെ വാടകയ്ക്കെടുത്ത് തലയില്‍ തുണികെട്ടി ചാനലാപ്പീസിലേക്ക് വിളിച്ചുകയറ്റുകയാണ്.

ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാതെ ആര്യാടനെപ്പോലുള്ളവരാണ് ചെന്നിത്തലയെ വഷളാക്കുന്നത്. ആര്യാടനും അറിയാത്ത കാര്യങ്ങള്‍ രഹസ്യരേഖകളുടെ പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഒരു മഹാപണ്ഡിതന്‍ വേറെയുണ്ട്- ബ.കു.നാ. ഇപ്പോള്‍ ടെലിഫോണ്‍ വഴിയും കണ്‍സല്‍ട്ടേഷനുണ്ട്. കുളത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹം വരുമ്പോള്‍ ഒരു കോള്‍ ചെയ്താല്‍ മതി. ഉപദേശം തന്നുതന്ന് സുഖിപ്പിച്ചുകളയും.

Sunday, April 22, 2012

തങ്ങളുപ്പാപ്പയുടെ ഏലസ്സ്

ആര്യാടനും മുരളീധരനും പയറ്റുപഠിച്ചവരാണ്. ഒരിക്കലും വറ്റാത്ത പുഴയ്ക്ക് അക്കരെനിന്നാണ് കുര കേള്‍ക്കുന്നതെന്ന് മുരളീധരന് അറിയാം. കുരയ്ക്കുകയേയുള്ളൂ, കടിക്കുകയില്ലെന്ന് ആര്യാടനും അറിയാം. അത്രയൊക്കെ മനസ്സിലാക്കാന്‍ വെറ്ററിനറി ബിരുദമൊന്നും വേണ്ടതില്ല. സംഗതി സിംപിളാണ്. ഭരണമില്ലെങ്കില്‍ ലീഗില്ല; കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ലീഗിന് ഭരണവുമില്ല. മുട്ടുവരെയോ ചട്ടിയിലേക്കോ ചാടുന്നത് എന്നേ ലീഗിനോട് ചോദിക്കാവൂ. അഗ്നി മിസൈലിന്റെ ദൂരപരിധിയൊന്നും ആ ചാട്ടത്തിനില്ല. സാദാ വാണം എത്രദൂരം പോകുമെന്ന് എല്ലാവര്‍ക്കും അറിയാം. പുഷ്പുള്‍ സര്‍വീസുപോലെയാണ്. വലിച്ചാലും ഉന്തിയാലും മലപ്പുറത്തുനിന്ന് മലപ്പുറം വരെ. അതിനിടയ്ക്ക് ചൂളംവിളിക്കും, ഓടിക്കിതയ്ക്കും, വിസിലടിക്കും, ബ്രേക്കുചവിട്ടും. ആദ്യം കാണുമ്പോള്‍ ആരും പേടിച്ചുപോകും. ആര്യാടന്‍ ഇന്നും ഇന്നലെയും കാണുന്നതല്ല. മുരളിയാണെങ്കില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ പഠനം പൂര്‍ത്തിയാക്കി വിശ്രമിക്കുന്ന ആളുമാണ്. ആ നിലയ്ക്ക് അവര്‍ പറയുന്നത് തള്ളിക്കളയേണ്ടതില്ല. ഇപ്പോഴുള്ളത് വെറും ശബ്ദാഭ്യാസമോ ആഭാസമോ മാത്രം. തിരിച്ചങ്ങോട്ടൊന്ന് കണ്ണുരുട്ടിയാല്‍ കുര മോങ്ങലാകും. വാല്‍ ആടിക്കുഴയും. പവനായി ശവമാകും.

മാലിന്യമാണ് കേരളത്തിന്റെ മുഖ്യപ്രശ്നം. തിരുവനന്തപുരത്ത് ഐക്യം പ്രസംഗിച്ച് കോഴിക്കോട്ടെത്തി മാലിന്യമെറിയുന്നു എന്നാണ് ലീഗിനെക്കുറിച്ച് മുരളീധരന്റെ പരാതി. മാലിന്യം ഇപ്പോള്‍ മൊത്തമായി പോകുന്നത് മഞ്ഞളാംകുഴിയിലേക്കാണ്. വിസ്തൃതമായ ഒരു കുഴി അങ്ങനെയുള്ളപ്പോള്‍ വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്‍പറമ്പ്, പെട്ടിപ്പാലം തുടങ്ങിയ അഖിലലോക പ്രശ്നങ്ങള്‍ക്ക് പരിഹാരവും ഉറപ്പാകുന്നുണ്ട്. മാലിന്യത്തിന്റെ ദുര്‍ഗന്ധം മുമ്പും രൂക്ഷമായിരുന്നു. അത് സഹിക്കവയ്യാതായപ്പോഴാണ് മന്ത്രിസഭയില്‍ അഞ്ചാം കുഴിവെട്ടി അതിന് മഞ്ഞളാംകുഴി എന്നു പേരിട്ടത്. ആ കുഴിയില്‍ ഏതു മാലിന്യവും പോകും. തിരിച്ചിങ്ങോട്ട് സംസ്കരിച്ച പെടയ്ക്കുന്ന നോട്ടോ അത്തറോ കിട്ടിയെന്നും വരും.

ലീഗുകാര്‍ പൊതുവെ ഭാവനാശാലികളാണ്. നേതാക്കളെ മൃഗങ്ങളായി കാണുന്ന ഭാവന അല്‍പ്പം കൂടും. പീഡനക്കേസില്‍പ്പെട്ട നേതാവിനെ പുലി എന്നല്ല, പുപ്പുലി എന്നുതന്നെ അവര്‍ വിളിച്ചു. നന്നായി ഇഷ്ടപ്പെടുന്നവരെ അവര്‍ പന്നി, പട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. പട്ടിയുടെ ഉടലും ഇഷ്ടക്കാരന്റെ തലയും ചേര്‍ത്തുവച്ച് ലീഗുകാരന്‍ ചിത്രം വരച്ചിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, സ്നേഹം പെരുത്തു എന്ന്. അങ്ങനെ സ്നേഹം നിറഞ്ഞുകവിഞ്ഞ് ഒഴുകിയപ്പോഴാണ്, ആര്യാടന്‍ സ്നേഹിതനെ കുരയ്ക്കുന്ന പട്ടിയാക്കിയത്. കുറ്റം പറയരുത്. നന്നായി വരച്ചിട്ടുണ്ട്. മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിംലീഗിന് പുല്ലാണ് എന്നത്രേ അടിക്കുറിപ്പ്. ആര്യാടന്റെ നാവിന്റെ ചൊറിച്ചില്‍ ഉരച്ചുതീര്‍ക്കേണ്ടത് ലീഗിന്റെ നെഞ്ചത്തല്ലെന്ന പ്രഖ്യാപനവുമുണ്ട്. സീതീഹാജിക്കഥകളില്‍ പോലും കാണില്ല ഇത്ര പുഷ്കലമായ ഭാവന. യഥാതഥമായ ചിത്രീകരണ വിഭാഗത്തില്‍പ്പെടുത്തി അവാര്‍ഡ് കൊടുക്കേണ്ട സ്നേഹപ്രകടനമാണ് ഇതെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായിട്ടുണ്ട്.

ലീഗിന്റെ ഇന്നത്തെ അസൂയാവഹമായ സ്ഥിതിയില്‍ ആര്യാടനും മുരളിക്കും ചില്ലറ അസൂയ ഉണ്ടാകാനുള്ള സാധ്യതയും ഉമ്മന്‍ചാണ്ടി കാണുന്നു. അതുകൊണ്ട് തല്‍ക്കാലം പുള്ളിയില്‍നിന്ന് കണ്ണുനീരുമില്ല; പ്രതിഷേധവുമില്ല. ലീഗിന്റെ ചന്തം കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. സുന്ദരന്മാരും സല്‍സ്വഭാവികളുമായ നേതാക്കള്‍ അങ്ങനെ നിരന്നുനില്‍പ്പാണ്. കാസര്‍കോട്ട് ഒരു നേതാവിനും ഏകപക്ഷീയമായി തല്ലുകിട്ടിയില്ല. കണ്ണൂരില്‍ തല്ലുമ്പോള്‍ തെറിവിളിയുണ്ടായില്ല. കോഴിക്കോട്ട് തെറിവിളിയും തല്ലും ഒന്നിച്ചല്ല നടന്നത്. ഒരുമ കൂടിയതുകൊണ്ട് മുനീറും കുഞ്ഞാപ്പയും ഉലക്കയ്ക്കു മുകളിലാണ് ഇപ്പോള്‍ കിടപ്പ്. ഇത്രയും കണ്ട് ആര്യാടന്റെ മനസ്സ് ഒന്ന് ഇളകിപ്പോയിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല.

ആര്യാടന്റെ പാര്‍ടി കൊടപ്പനയ്ക്കല്‍ നിന്നാണ് സ്ഥിരമായി റേഷന്‍ വാങ്ങുന്നത്. അതുകൊണ്ടാണ് അഹമ്മദ് സാഹിബിന് ഡല്‍ഹിക്കുള്ള ടിക്കറ്റുകൂലി ആര്യാടന്റെ ചെലവില്‍ നിന്നായത്. യുവ കളേബരനായ സാഹിബിന്റെ കേന്ദ്രമന്ത്രിസ്ഥാനം ബിരിയാണിപ്പുറത്തെ കോഴിമുട്ടപോലെ വെറുതെ വച്ചതാണ്. കേന്ദ്രത്തില്‍ ലീഗിന്റെ കോഴിമുട്ട ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ബിരിയാണി ചെലവാകും. ലീഗിന്റെ മുട്ടയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണബിരിയാണി ഭുജിക്കുന്നതെന്ന് കെ പി എ മജീദ് പറയുന്നുണ്ട്. അതിന്റെ അര്‍ഥം അഹമ്മദ് സാഹിബിനേ അറിയൂ.
അഞ്ചാമതൊരു കുഴി വന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് തങ്ങള്‍ പറയുന്നത്. ആ കുഴിയിലേക്ക് നോക്കുന്നതുതന്നെ പകര്‍ച്ചവ്യാധിയാണത്രേ. അത്തരം വ്യാധികളെ ചികിത്സിച്ച് മാറ്റാനുള്ള കരാറും തങ്ങള്‍ എടുത്തിട്ടുണ്ട്. ആര്യാടന്റെയും മുരളിയുടെയും രോഗം മാറ്റാന്‍ കൊടപ്പനയ്ക്കല്‍ ചരടു ജപിക്കലും മന്ത്രിച്ചൂതലും നടക്കാന്‍ പോകുന്നു. ചികിത്സ കൊടുക്കുമെന്ന് പറഞ്ഞതിന് നല്ല തല്ല് തങ്ങളുടെ കൈയിലുണ്ടെന്നാണ് അര്‍ഥമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. നാട്ടിലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ കാശിക്ക് പോകുന്നതിനുമുമ്പ്, തങ്ങളുപ്പാപ്പ മന്ത്രിച്ചൂതിയ ഓരോ ഏലസ്സ് അരയില്‍ കെട്ടാവുന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് ലീഗിന്റെ ഏലസ്സ് കൊണ്ടാണെന്ന് മജീദ് പറയുന്നു. വേണ്ടിവന്നാല്‍ ആ ഏലസ്സ് ഊരിയെടുത്ത് സര്‍ക്കാരിനെ തള്ളിയിടുമെന്നും. രണ്ടുവോട്ടില്‍ തൂങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീഴ്ത്താന്‍ ആരും തള്ളേണ്ടതില്ല; ഒന്ന് ഊതിയാല്‍ മതി. അങ്ങനെ ഊതാന്‍ തങ്ങളുപ്പാപ്പയുടെ മന്ത്രവും തന്ത്രവും വേണ്ട. മാണി ഒന്ന് തറപ്പിച്ചുനോക്കിയാലും ജോസഫ് മുഖം കറുപ്പിച്ചാലും വി ഡി സതീശന്‍ ഒളിവില്‍ പോയാലും സര്‍ക്കാരിന്റെ ആയുസ്സ് അവിടെ ഒതുങ്ങും.

എല്ലാവര്‍ക്കും വലിയ വലിയ ആവശ്യങ്ങളാണ്. എല്ലാം എല്ലാവര്‍ക്കും വിതരണം ചെയ്താല്‍ പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക് കാഷായമിട്ട് കാശിക്ക് പോകുകയല്ലാതെ മാര്‍ഗമില്ല. അങ്ങനെ കാശിക്ക് പോകാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസുകാരും നാട്ടിലുണ്ടെന്നാണ് ആര്യാടനും മുരളീധരനും നെഞ്ചുവീര്‍പ്പിക്കുന്നത്. ചെന്നിത്തലയ്ക്ക് തല്‍ക്കാലം അതിനുള്ള ത്രാണിയില്ല. ഒന്ന് അനങ്ങിയാല്‍ മുഖം വിയര്‍ക്കും; മേക്കപ്പ് മായും. സുധീരനാണെങ്കില്‍ പ്രതികരണ ശേഷി ഉപ്പിലിട്ടുവച്ചിരിക്കയാണ്. ഭരണി തുറന്നാല്‍ കേടുവരും. ജഗതി ആശുപത്രിയിലായതുകൊണ്ട് കെ പി എ മജീദ് തമാശയ്ക്ക് പഠിക്കുകയാണ്. അവഹേളനം സഹിച്ച് മുന്നണിയില്‍ നില്‍ക്കില്ലെന്നാണ് ഒടുവിലത്തെ തമാശ. പിന്നെ എവിടെപ്പോകാനാണ്? ഇടതുപക്ഷത്ത് അടുപ്പിക്കില്ല. കാര്യാലയത്തില്‍ പോകാന്‍ വിഷമമുണ്ടായിട്ടല്ല, തല്‍ക്കാലം അത് പരസ്യമായി നടപ്പില്ല.

ആര്യാടനും മുരളിയും നല്‍കുന്ന തല്ലിന്റെ വേദന അധികാരമെന്ന ഒറ്റമൂലികൊണ്ട് മാറ്റാമെന്നു കരുതുന്ന അഞ്ചല്ല ആറുപേര്‍ ലീഗിലുണ്ട്. അഞ്ചുപേര്‍ ഉമ്മന്‍ചാണ്ടിയുടെ ചെല്ലമെടുക്കുന്നു; ഒരാള്‍ മന്‍മോഹന്‍സിങ്ങിന്റെ കൂടാരത്തിലും. ആ ആറുപേര്‍ക്കുവേണ്ടി ലീഗിന്റെ അണികള്‍ കുരയ്ക്കുകയും കടിക്കുമെന്നു തോന്നിക്കുകയും ചെയ്യുന്നു. അവനവനുവേണ്ടിയല്ലാതെ അവര്‍ അശ്ലീലം പറയുന്നു. ആര്യാടനെ പട്ടിയോടുപമിച്ചാല്‍ കോണ്‍ഗ്രസുകാരുടെ തല്ല് കിട്ടില്ലെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. മുരളിയുടെ തല ഇനി ഏതു മൃഗത്തിന്റെ ഉടലിലാണാവോ കാണാന്‍ പോകുന്നത്?

*
ഇസ്രയേലും പലസ്തീനും തമ്മില്‍ കരാറുണ്ടാക്കുന്നതുപോലെയാണ് പിള്ളയും മകനും തമ്മിലുള്ള ഏര്‍പ്പാട്. ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. അത് മടുക്കുമ്പോള്‍ ഇടയ്ക്ക് ഒരു കരാറുണ്ടാക്കും. കരാര്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടനെ ഒരാള്‍ വെടിയുതിര്‍ക്കും. മറ്റേയാള്‍ പീരങ്കി പൊട്ടിക്കും. ഒന്നുകില്‍ അച്ഛന്‍ താഴണം; അല്ലെങ്കില്‍ മകന്‍ താണുവരണം. അച്ഛനോ മൂത്തത് മകനോ മൂത്തത് എന്നാണ് തര്‍ക്കം. സുകുമാരന്‍നായര്‍ക്ക് സഹികെട്ടു എന്നാണ് കേള്‍വി. മാധ്യസ്ഥം വഹിക്കുന്ന പ്രശ്നത്തിനും വേണമല്ലോ ഒരന്തസ്സ്.

യയാതിയുടെയും മറ്റും കഥകള്‍ കേള്‍ക്കാന്‍ കൊള്ളാം. ഇടയ്ക്കിടെ ഗ്രീന്‍ചാനലില്‍ ദുബായില്‍ പോകാനും നിര്‍മാതാക്കളെ ദൂതന്മാരാക്കാനും മന്ത്രിസ്ഥാനം തന്നെ വേണം. അത് അച്ഛന് മനസ്സിലാകാത്തതാണ് യഥാര്‍ഥപ്രശ്നം. പിതൃപുത്ര ബന്ധത്തിന്റെ വിശാലാര്‍ഥം പഠിക്കണമെങ്കില്‍ താമരശേരി ചുരം കയറിയാല്‍ മതി.

*
എന്‍റിക്ക ലെക്സിയില്‍ കയറിവന്നത് രാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന്റെ ആളുകളാണെന്ന് മത്സ്യത്തൊഴിലാളികള്‍ മനസ്സിലാക്കാതെ പോയി. ഇറ്റലിയുടെ കൊടികെട്ടി വരുന്ന കപ്പല്‍ ഇറ്റലിതന്നെയാണ്. അതില്‍ നടക്കുന്നതൊന്നും ഇന്ത്യയിലെ പാവപ്പെട്ട പൊലീസുകാര്‍ക്ക് ചോദ്യംചെയ്യാനാവില്ല. അഥവാ ചോദ്യം ചെയ്തുപോയാല്‍ സിബിഐ വരും; കേസെടുക്കും; ജയിലിലടയ്ക്കും. ഇറ്റാലിയന്‍ കപ്പല്‍ സ്വന്തം ഹൈക്കമാന്‍ഡാണെന്നു മറന്ന് വാചകമടിച്ചാല്‍ പല വഴിക്ക് തല്ലുവരുമെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കേണ്ടിയിരുന്നു. മരിച്ചത് ഇന്ത്യക്കാരാണെന്നോര്‍ക്കണം എന്നല്ല സുപ്രീംകോടതി പറയേണ്ടിയിരുന്നത്. കൊന്നത് ഇറ്റലിക്കാരാണെന്നോര്‍ക്കണം എന്നായിരുന്നു. അങ്ങനെ ഓര്‍ത്തിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് തെറ്റുപറ്റില്ലായിരുന്നു.

ഇനി കപ്പലില്‍ തൊടുമ്പോള്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെപ്പോലെ കുഴഞ്ഞുവീഴാനും നാടകം കളിക്കാനും പ്രാവീണ്യമുള്ള പൊലീസുകാരെ നിയോഗിക്കാന്‍ ശ്രദ്ധിക്കണം. മിനിമം സെല്‍വരാജിന്റെ അഭിനയസിദ്ധിയെങ്കിലും വേണം.