Sunday, March 22, 2009

ആനന്ദക്കണ്ണീര്‍

കണ്ണീരിന് നാനാര്‍ഥങ്ങളുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും നൈരാശ്യം വന്നാലും ആവേശം വന്നാലും കണ്ണീരും കൂടെ വരും. ഓര്‍ക്കാപ്പുറത്ത് ലോട്ടറിയടിച്ചാല്‍ വരുന്ന കണ്ണീരിന് ആനന്ദക്കണ്ണീരെന്നാണ് പറയുക. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന് ഒരു ഫോണ്‍കാളിന്റെ രൂപത്തിലാണ് ലോട്ടറി വന്നത്.

കോണ്‍ഗ്രസില്‍ അങ്ങനെയാണ്. കാസര്‍കോട്ടായാലും വേണ്ടില്ല; കോത്താഴത്തായാലും വേണ്ടില്ല; സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുവന്നാല്‍മതി. ജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വോട്ടെടുപ്പുതീയതിയാകുമ്പോഴേക്ക് കച്ചവടം ലാഭത്തിന്മേല്‍ ലാഭമാകും. ഏഴും എട്ടും തവണ തോറ്റവര്‍ രണ്ടും മൂന്നും കോടി തലവരിപ്പണം കൊടുത്ത് സ്ഥാനാര്‍ഥിയാകാന്‍ ചുരംകയറുന്നത് അങ്ങനെയുള്ള ചിലതൊക്കെ കണ്ടിട്ടാണ്.

ഷാഹിദയ്‌ക്ക് കാസര്‍കോടിനെയും കാസര്‍കോട്ടുകാര്‍ക്ക് ഷാഹിദയെയും അറിയില്ലെങ്കിലും സ്ഥാനാര്‍ഥിയെന്നുകേള്‍ക്കുമ്പോള്‍ ഒഴുകണം കണ്ണില്‍നിന്ന് കണ്ണീര്‍ധാരയെന്ന് മഹാകവി പന്തളം സുധാകരന്‍ പണ്ട് പാടിയിട്ടുണ്ട്. അതുകൊണ്ട്, കേരളത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ രമേശ് ചെന്നിത്തല നല്‍കിയ സീറ്റിന്റെ വിവരമറിഞ്ഞപ്പോള്‍തന്നെ ആനന്ദക്കണ്ണീര്‍ പൊഴിച്ച ഷാഹിദാ കമാലിനെ വെറുതെ വിടാം. ആ കണ്ണീരിനുവേണ്ടി ലിറ്റര്‍കണക്കിന് സങ്കടക്കണ്ണീര്‍ കുടിച്ചുവറ്റിച്ച ഷാനിമോള്‍ ഉസ്‌മാനോടാണ് ശതമന്യുവിന്റെ ആഭിമുഖ്യം. ഷാനിമോളെ ചതിച്ചതാരാണ് ? ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ അലുമിനിയം പട്ടേലോ?



ഉമ്മന്‍ചാണ്ടിയുടെ കണ്ണീര്‍ സിദ്ദിഖിന് സീറ്റു കിട്ടാത്തതുകൊണ്ടാണെന്ന് സിദ്ദിഖ് ധരിക്കും. സത്യത്തില്‍ ചെന്നിത്തലയെ വെട്ടാന്‍ പറ്റാത്തതിന്റെ കുശുമ്പന്‍ കണ്ണീരാണത്. ചെന്നിത്തല സിദ്ദിഖിനെ ചതിച്ചപ്പോള്‍ ചെന്നിത്തലയെ ആന്റണി ചതിച്ചു. കൊണ്ടുപോയ ലിസ്റ്റിലെ പാതിപ്പേരും ആന്റണി വെട്ടി. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും ഞെളിഞ്ഞുനടക്കേണ്ട എന്നുകരുതിയ ചെന്നിത്തല വെട്ടിയത് 'ഉ'ഗ്രൂപ്പിന്റെ പട്ടികയാണ്. ഒടുവില്‍ സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍, ഹൈകമാന്‍ഡിന്റെ കണക്കില്‍ ഒന്ന്, വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ തിരുതമീനിന്റെ തൂക്കംനോക്കി ഒന്ന്, എംഎല്‍എമാര്‍ക്ക് മൂന്ന്, ചെന്നിത്തലയെ 'തിരുടാ തിരുടാ' എന്നുമാത്രം വിളിക്കുന്ന കടത്തനാടന്‍ കളരിയിലെ കച്ചക്കാരന് ഒന്ന്, തോല്‍ക്കാനായി ജനിച്ചവന്റെ പേയ്‌മെന്റ് സീറ്റ് ഒന്ന്, വനിതാ പ്രാതിനിധ്യത്തെ പണ്ടാരമടക്കാന്‍ തോല്‍ക്കുന്ന സീറ്റ് ഒന്ന് എന്നിങ്ങനെ വീതംവച്ചുപോയി.

ഇടതുപക്ഷ മുന്നണിക്കാര്‍ ഹൈകമാന്‍ഡിനോട് ആളറിയാതെയെങ്കിലും നന്ദി പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചപോലെ തൂത്തുവരാന്‍ ഇക്കുറി എല്‍ഡിഎഫ് പ്രയാസപ്പെടുമെന്ന് എല്ലാവരും ഭയന്നതാണ്. ആ ഭയം മാറ്റുന്നതായി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിപ്പട്ടിക. സുധീരന്‍ പിണങ്ങി പിന്മാറി. ഉണ്ണിത്താന്‍ ഉണ്ണാവ്രതത്തിനൊരുങ്ങുന്നു. സിദ്ദിഖ് സിദ്ധികൂടി. വടക്കന്‍ വെടക്കായി. നാടുനീളെ കോലം കത്തുകയും പ്രകടനം നടക്കുകയുമാണ്. നൂലില്‍കെട്ടിയിറക്കിയ തലസ്ഥാനത്തെ സ്ഥാനാര്‍ഥിയോടൊപ്പം വോട്ടുചോദിച്ച് നടക്കുന്നത് 'ഖദറില്‍പൊതിഞ്ഞ മാംസപിണ്ഡങ്ങ'ളാണ്.

സ്ഥാനാര്‍ഥിയുടെ പുസ്തകം മുഴുവന്‍ വായിച്ചാല്‍ കോണ്‍ഗ്രസിനോട് നല്ല മതിപ്പാണ് തോന്നുക. ഇന്ദിരയുടെ പാഴ്സിക്കാരനായ ഭര്‍ത്താവിന് കുലത്തൊഴിലിന്റെ ഭാഗമായി കിട്ടിയ പേരായ 'ഗാന്ധി'എന്നത് 'ടോഡിവാല'(കള്ളുകച്ചവടക്കാരന്‍) എന്നായിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം എന്താകുമായിരുന്നു എന്നാണ് മേല്‍പ്പടി സ്ഥാനാര്‍ഥിയുടെ സംശയം. ടോറിനോയിലെ കരാറുകാരന്റെ മകളായ സോണിയക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് എന്തു വിവരമെന്നും ചോദിക്കുന്ന സ്ഥാനാര്‍ഥിയെയും പേറി തിരുവനന്തപുരത്ത് വോട്ടുതെണ്ടാന്‍ നടക്കുന്ന കോണ്‍ഗ്രസുകാര്‍ ഒഴുക്കുന്നതാണ് ഗതികേടിന്റെ കണ്ണീര്‍.

ആര്‍ക്കും വേണ്ടാത്ത സ്ഥാനാര്‍ഥികളുമായി കേരളത്തിലാകെ ഗതികിട്ടാതലയുന്ന കോണ്‍ഗ്രസുകാരുടെ കണ്ണീരുപോലെയല്ല മാണിസാറിന്റെ പാലാഴിപ്പൂങ്കണ്ണീര്‍. 'എടാ മോനേ, നിന്നെ ഞാന്‍ ഒക്കത്തുകൊണ്ടുനടന്നതല്ലേ, എന്നിട്ടും നീ അച്ചായനെതിരെ പറയാമോടാ' എന്നാണ് മാണിസാര്‍ പത്രക്കാര്‍ക്കുമുന്നില്‍ വാവിട്ട് നിലവിളിച്ചത്. അഴിമതി ആരോപണം ഹിമാലയയുടെ രൂപത്തില്‍ വന്നപ്പാള്‍ ഒരു നേതാവിന്റെ മത്തങ്ങാമുഖം തക്കാളിപോലെ ചുവക്കുന്നതും വിയര്‍പ്പ് ധാരധാരയായി ഒഴുകുന്നതും കേരളീയര്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പൂങ്കണ്ണീരുകാണുന്നത് ആദ്യമായാണ്. അധ്വാനവര്‍ഗ സിദ്ധാന്തിയും ധീരശൂരപരാക്രമിയുമായ മാണിസാര്‍ സ്വന്തം നേര്‍ക്കു വരുന്ന ഏതാക്രമണവും തടുക്കും. അതുപോലെയാണോ പൊന്നുമോന്റെ നേര്‍ക്കുവന്നാല്‍? പിതൃഹൃദയത്തിന്റെ ആകുലതകള്‍ അറിയാത്തവരേ പാലാഴിപ്പൂങ്കണ്ണീരിന്റെ പേരില്‍ മാണിസാറിനെ കുറ്റപ്പെടുത്തൂ.

മറ്റൊരുതരം കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് അങ്ങ് മലപ്പുറത്താണ്. പച്ചപ്പേടിക്കണ്ണീര്‍. പണ്ട് ഒരു തെറിച്ചപെണ്ണ് ഒക്കത്തൊരു കുഞ്ഞുമായി ചാനലില്‍ കയറിയിരുന്ന് ഗീര്‍വാണപ്രസംഗം നടത്തിയിട്ടുകൂടി ലീഗ് കണ്ണീരണിഞ്ഞിട്ടില്ല. കുറ്റിപ്പുറത്തെ വിദ്വാന്‍ സീറ്റ് തട്ടിത്തെറിപ്പിച്ചപ്പോഴും മഞ്ചേരിക്കാര്‍ ഹംസക്കയെ തലയില്‍കയറ്റിയിരുത്തിയപ്പോഴും ഒരിറ്റ് കണ്ണീരുവന്നു. കണ്ണുതുടച്ചുകൊണ്ട് 'അയമ്മദ് സായ്‌വ്' പൊന്നാനിയില്‍നിന്ന് ഓടുകയുംചെയ്തു. എന്നിട്ടും മാറുന്നില്ല കുറ്റിപ്പുറം ബാധ. മലപ്പുറം ജില്ലതന്നെ കുറ്റിപ്പുറമാകുമെന്നാണ് പേടി. അതിന്റെ വേവലാതിമൂത്ത കണ്ണീരാണ് ലീഗിന്റെ കണ്ണില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നത്.

വിമതക്കണ്ണീര്‍ എന്ന ഒരു സവിശേഷ ഇനമുണ്ട്. ബിരിയാണിയില്‍ ഉപ്പുപോരാ, ചോറിന് വേവുപോരാ, താടിക്ക് മാര്‍ക്സിന്റെയത്ര മുറ്റുപോരാ എന്നൊക്കെയുള്ള സങ്കടവുംപേറി നടക്കുന്നവരുടെ കണ്ണീരാണത്. അതിന്റെ ഒഴുക്കിന് ശക്തിയും പോരാ. സിനിമാക്കൊട്ടകയില്‍ കയറി കൂവിവിളിക്കുന്നവരുടെ പ്രത്യയശാസ്‌ത്ര ധര്‍മം അനുഷ്ഠിച്ച് ആ കണ്ണീര്‍ അങ്ങനെ വന്നുംപോയുമിരിക്കും-ഇഗ്‌നോറബിള്‍.

***

ഡല്‍ഹിയില്‍ ഒരു രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. എലിപ്പനി, പക്ഷിപ്പനി എന്നെല്ലാം പറയുന്നതുപോലെ മലയാളിമാധ്യമപ്പനി എന്നാണതിന്റെ പേര്. ഈ പനിപടര്‍ത്തുന്ന മലയാളിമാധ്യമക്കൊതുകുകളുടെ ശല്യംകാരണം ഡല്‍ഹിയില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്; പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കള്‍ക്ക് നേരേചൊവ്വെ നടക്കാന്‍ കഴിയുന്നില്ല. വായിന്റെ സ്ഥാനത്ത് രക്തം ഊറ്റിക്കുടിക്കാനുള്ള കുഴലുംവച്ച് അതിരാവിലെ എ കെ ജി ഭവന്റെയും അജോയ് ഭവന്റെയും മുറ്റത്ത് കൊതുകുകള്‍ പറന്നുകളിക്കുന്നു. നേതാക്കള്‍ വന്നിറങ്ങുമ്പോള്‍ മൂളല്‍തുടങ്ങും. "രാവിലെ കഴിച്ചത് ഇഡ്ഡലിയോ ദോശയോ?''ഒരുകൊതുകിന്റെ നീട്ടിപ്പിടിച്ച പാട്ട്. "ഏതായാലും നിങ്ങള്‍ക്കെന്തുകാര്യം'' എന്ന് മറുപടിയുണ്ടായെന്നിരിക്കട്ടെ. 'സിപിഐ എം നേതാക്കള്‍ രാവിലെ ഇഡ്ഡലിയോ ദോശയോ കഴിച്ചതെന്ന് പറയാന്‍ എസ് രാമചന്ദ്രന്‍പിള്ള വിസമ്മതിച്ചു. സിപിഐ എം നേതാക്കള്‍ എന്തും കഴിക്കുമെന്നും അത് മറ്റാരുടെയും കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി' -എന്നാവും വാര്‍ത്ത. കേരളത്തില്‍ മഴപെയ്യുമ്പോള്‍ ഡല്‍ഹിയില്‍ കുടപിടിക്കുന്നത് മാധ്യമങ്ങള്‍ ഒരു ശീലമാക്കിയിരിക്കുന്നു.

കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന് വയറ്റിളക്കംപിടിപെട്ടാല്‍ അതിന് ഡല്‍ഹിയില്‍നിന്ന് പ്രതികരണം വേണമെന്ന് നിര്‍ബന്ധമാണ്. ആ വയറ്റിളക്കം സിപിഐ എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നാവും ചോദ്യം. പ്രതികരണം എന്തായാലും വാര്‍ത്ത. ഒന്നും മിണ്ടിയില്ലെങ്കില്‍ കേന്ദ്രനേതൃത്വം പ്രതികരിച്ചില്ലെന്നും വാര്‍ത്ത! ഏതു പോക്കണംകെട്ടവനും ചെയ്യാന്‍കഴിയുന്ന കാര്യമാണ് ഒരു കടലാസെടുത്ത് അതില്‍ കുത്തിക്കുറിച്ച് പൊതുചുമരില്‍ ഒട്ടിക്കുക എന്നത്. ഡല്‍ഹിയില്‍നിന്ന് അടുത്തകാലത്ത് എത്രയെത്ര'പോസ്റ്റര്‍ പ്രചാരണ' വാര്‍ത്തകള്‍ വന്നു എന്നാലോചിച്ചുനോക്കൂ. കണ്ണൂരില്‍ സിപിഐ എം ഓഫീസിനുപുറത്ത് ഒരു ചാനല്‍ലേഖകന്‍ സ്വയം പോസ്റ്ററൊട്ടിച്ച് വാര്‍ത്തയുണ്ടാക്കിയതാണ് പിടിക്കപ്പെട്ടതെങ്കില്‍, ഡല്‍ഹിയില്‍ പോസ്റ്റര്‍സേവനം ചെയ്യുന്ന മനോരോഗികളെ ചിലകേന്ദ്രങ്ങള്‍ ചൊല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുണ്ട്. അവര്‍ ഒട്ടിക്കും; മാധ്യമക്കുട്ടികള്‍ വാര്‍ത്തയാക്കും. അതേ തല്ലിപ്പൊളിപ്പണി മറ്റാരും ചെയ്യാത്തതുകൊണ്ട് നാട്ടുകാര്‍ക്ക് ആശ്വാസം.

മുംബൈയില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ ചിതയ്‌ക്ക് മകന്‍ ആകാശ് തീകൊളുത്താന്‍ നില്‍ക്കവെ, 'എന്തുതോന്നുന്നു' എന്നാണ് ഒരു ചാനലുകാരന്‍ ചോദിച്ചത്. അതിലും വലിയ ഔചിത്യമില്ലായ്‌മയല്ല ഡല്‍ഹിയിലേത് എന്നാശ്വസിക്കാം. എന്നാലും സഹികെടുത്തുന്ന ചൊറിച്ചിലുകാരായി മാധ്യമ പ്രവര്‍ത്തകര്‍ മാറുകയും അത് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ശല്യമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്യുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഈ പണിയെ എന്താണാവോ വിളിക്കേണ്ടത്?

***
വടക്കന്‍ എങ്ങോട്ടുപോയെന്നറിയില്ല. പകരം ഒരു തെക്കന്‍ തിരുവനന്തപുരത്തുവന്നിറങ്ങിയത് ആശ്വാസം. 'മല്യാലം'കേള്‍പ്പിക്കാന്‍ ഒരാളെങ്കിലും വേണമല്ലോ. യൂത്ത്- കെഎസ്‌യൂ നിരാശാ ബാധിതര്‍ക്കും മീശയേതുമില്ലാത്ത കോമള വദനാംബുജം കണ്ട് ആശ്വാസംകൊള്ളാം. ആ മുടിവെട്ടിപ്പിലെങ്കിലും അല്‍പ്പം യുവത്വമുണ്ട്.

Sunday, March 15, 2009

ആക്രാന്തക്കുട്ടി

കൂടെക്കിടന്നാലും രാപ്പനി അറിയണമെന്നില്ല. മൂന്നു നാലുദിവസം ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കൂടെയാണ് കിടന്നത്. കുറച്ചുകാലമായി പാര്‍ട്ണര്‍ഷിപ് ബിസിനസ് നടത്തുന്നതുമാണ്. ഒന്നിച്ചുനിന്ന് ആദ്യം ആന്റണിയെ വെട്ടി. പിന്നെ ലീഡറെ തള്ളിപ്പുറത്താക്കി. മുരളീധരനെ പടിയടച്ച് പിണ്ഡംവച്ചു. സുധീരന്റെ വിലാസം കളഞ്ഞു. ഒരാള്‍ക്ക് മറ്റേയാള്‍ തുണ എന്ന് തമ്മില്‍ തമ്മില്‍ എഗ്രിമെന്റുണ്ടാക്കിയപ്പോള്‍ മുല്ലപ്പള്ളിയെപ്പോലുള്ളവര്‍ അതിനെ വിളിച്ചത് 'പാച്ചുവും കോവാലനും കളി' എന്നത്രേ. പാച്ചു ഹിമാലയത്തില്‍ കുടുങ്ങുമ്പോള്‍ കോവാലന്‍ രക്ഷിക്കാനെത്തും. കോവാലന്‍ തീവണ്ടിയില്‍ പിടിക്കപ്പെടുമ്പോള്‍ പാച്ചു ചാടിവീണ് കെട്ടിപ്പിടിച്ച് പൊക്കിയെടുക്കും. അന്തസ്സ്, സത്യസന്ധത, മര്യാദ എന്നിങ്ങനെയുള്ള അശ്ലീല പദങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപോലെ വര്‍ജ്യം. പൊതുമിനിമം പരിപാടിയായ 'ഒതുക്കിപ്പിടിക്കലിന്റെ'ബലത്തില്‍ പാച്ചു-കോവാല സഖ്യത്തിന്റെ റേറ്റിങ് ഉയര്‍ന്നുനില്‍ക്കെ, ഒരുനാള്‍ പാച്ചുവിനു തോന്നി എന്തിന് കോവാലന്‍, താന്‍തന്നെ ഒരു സംഭവമല്ലേ എന്ന്. സംഭവം മണത്തറിഞ്ഞ കോവാലന്‍ കൂട്ടുകാരനെ ഡല്‍ഹിക്ക് കെട്ടിയെടുപ്പിച്ച് രക്ഷപ്പെടാന്‍ ചില പൊടിക്കൈ പ്രയോഗിച്ചു. അതറിഞ്ഞ് പാച്ചു സ്വയംരക്ഷാ മാര്‍ച്ചിനിറങ്ങി. കച്ചവടത്തിന്റെ ബ്രാഞ്ചാഫീസുകളില്‍ സ്വന്തം ശിങ്കിടികളെ മാനേജര്‍മാരാക്കി.

സ്വയംരക്ഷാമാര്‍ച്ചുകൊണ്ട് രക്ഷപ്പെട്ടില്ലെങ്കിലും യുവരാജാവിനെ നന്നായി മണിയടിക്കാനായി. യുവരാജന്‍ ഒരു മിണ്ടാപ്രാണിയാണ്. സ്വന്തമായി ഒന്നും പറയില്ല. നാക്കെടുക്കണമെങ്കില്‍ എഴുതിത്തയ്യാറാക്കിയ കടലാസ് നോക്കണം.

പാച്ചുവിന് പണ്ട് ട്യൂട്ടോറിയലില്‍ പഠിപ്പിച്ച പരിചയത്തില്‍ അല്‍പ്പസ്വല്‍പ്പം ഇങ്കിരിയസ്സും ഹിന്ദിയുമൊക്കെയറിയാം. അതുവച്ച് മൈക്കിലൂടെയും അല്ലാതെയും നാലുകാച്ചുകാച്ചിയപ്പോള്‍ യുവരാജന്‍ കരുതി പാച്ചുതന്നെ സംഭവമെന്ന്. അതാണ് ടാലന്റ് ഹണ്ട്. ചീകിയൊതുക്കാത്ത ചപ്രമുടിയും ബ്ളേഡുവച്ച് കീറിയശേഷം തുന്നിക്കെട്ടിയ കുപ്പായവും കണ്ട് ഏതാണീ 'പ്രിമിറ്റീവ് ഗൈ'(കോത്താഴത്തുകാരന്‍) എന്നാണത്രേ കോവാലനെ നോക്കി യുവരാജന്‍ മൊഴിഞ്ഞത്. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ പാച്ചുവിന്റെ മുഖത്ത് പതിവില്ലാത്ത കനം. ജലദോഷമാണെന്നും ഉറക്കമിളച്ച് ലിസ്റ്റ് തയ്യാറാക്കിയതിന്റെ ക്ഷീണമാണെന്നുമെല്ലാം പത്രക്കാര്‍ കരുതി. ഗുട്ടന്‍സ് വേറെയായിരുന്നു. എല്ലാവരും ഉറങ്ങുമ്പോള്‍ പാച്ചു പാലം വലിക്കാന്‍ പോയി. പാലം കടക്കുകയായിരുന്ന സിദ്ദിഖ് രായ്ക്കുരാമാനം തോട്ടില്‍ വീണു. പാച്ചു ചിരിച്ചു; കോവാലന്‍ ഞെട്ടി. ഞെട്ടല്‍ പിന്നെ കത്തി, പൊട്ടിത്തെറിയായി. മണിക്കൂറുകള്‍ക്കം പാച്ചുവിന്റെ ഫ്യൂസാണ് പോയത്. അവിടെ രക്ഷപ്പെട്ടത് സിദ്ദിഖാണ്. മാളിക മുകളേറിയ തന്നെ തോളില്‍ ഇത്രപെട്ടെന്ന് മാറാപ്പു വീഴുമെന്ന് കരുതിയതല്ല.

നന്ദിഗ്രാം ഫണ്ടുകട്ടവന്‍, പാതിരാത്രി കോരപ്പുഴ നീന്തിക്കടന്ന് 'സിമി' ബന്ധം സ്ഥാപിച്ചവന്‍, നിരാഹാരം കിടന്ന കട്ടിലോടെ ആശുപത്രിയില്‍ പോയവന്‍-അങ്ങനെ എന്തെല്ലാമാണ് പാടിനടക്കുന്നത് തന്നെക്കുറിച്ച്. ഇനിയെങ്ങനെ നാട്ടുകാരുടെ മുഖത്തുനോക്കും? കോഴിക്കോട്ട് സ്ഥാനാര്‍ഥിയാകും? കോണ്‍ഗ്രസില്‍ ഇവ്വിധം ആര്‍ത്തിക്കുട്ടികളുടെ മാര്‍ച്ച് മുന്നേറുകയാണ്. അപ്പോള്‍ അതാ മുറ്റത്തുനിന്നൊരു ശബ്ദം. 'ആരോരുമില്ലാത്തവനാണേ...കൈകാല്‍ വയ്യാത്തവനാണേ... വല്ലതും തരണേ...' ദയനീയമായ വിളി.

*
പിച്ചപ്പാത്രവുമായി വന്നത് ഒരു ആക്രാന്തക്കുട്ടിയാണ്. പത്തുകൊല്ലം സൊയമ്പന്‍ സദ്യയടിച്ച്, നാട്ടുകാരുടെ ചെലവില്‍ ആകാശം ചുറ്റിയശേഷം ആര്‍ത്തിയും ആക്രാന്തവുമായി ആനപ്പുറത്തുനിന്നിറങ്ങാന്‍ മടിക്കുന്ന അത്ഭുതക്കുട്ടി! കുട്ടിക്ക് കുട്ടിമനസ്സാണ്. ആല്‍മരക്കൊമ്പിലിരിക്കുന്ന കിളി കരുതി, താന്‍ കുലുക്കുന്നതുകൊണ്ടാണ് മരം കുലുങ്ങുന്നതെന്ന്. അതുപോലെ ചില കുട്ടികളും കരുതി. സൂര്യന്‍ ഉദിക്കാതിരിക്കണമെങ്കില്‍ താന്‍ കൂവാതിരുന്നാല്‍ മതിയെന്ന് അഹങ്കരിച്ച കോഴിയുടെ കഥയും കേട്ടിട്ടുണ്ട്. ഞാനാരാ മോന്‍ എന്ന ചോദ്യം നാം ഇപ്പോള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കയാണ്. പൊങ്ങച്ചം മാത്രം മതി; ശക്തി വേണ്ട. ഞാനില്ലെങ്കില്‍ സര്‍വം തകരുമെന്നാണ് വിചാരം. ആരാന്റെ എളിയില്‍ കിടക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാകാവുന്ന വിചാരമാണത്.

മാര്‍ക്സിസ്റ്റുകാര്‍ രാപ്പകലില്ലാതെ അധ്വാനിച്ച് 'കുട്ടി'യെ ജയിപ്പിക്കും. ജയിച്ചുകഴിഞ്ഞാല്‍ ഞാന്‍ കാരണമല്ലേ ജയിച്ചതെന്ന വിചാരമാണ്. പിന്നെ കൊടിയും ബാനറും കെട്ടിയും ചുവരെഴുതിയും വോട്ടുതേടി വീടുകയറിയും അധ്വാനിച്ചവരെ വേണ്ട. കിട്ടുന്നിടത്തെല്ലാം പാരപണിയും. പുച്ഛം പരകോടിയിലെത്തും. ഇത്തരം ചരക്കുകള്‍ ഒറ്റയ്ക്കുനിന്നാല്‍ കെട്ടിവച്ച കാശുമാത്രമല്ല, ഇന്നുള്ള അഹങ്കാരവും പോയിക്കിട്ടും. അതുകൊണ്ട് ഒരു താങ്ങിനുവേണ്ടി തെണ്ടുന്നത് നല്ലതുതന്നെ. നമ്മുടെ കുട്ടി കയറാത്ത വാതിലില്ല; കെട്ടാത്ത വേഷമില്ല. ഒരിക്കല്‍ പറഞ്ഞു ഹര്‍ത്താലാണ് രോഗമെന്ന്. പിന്നെപ്പറഞ്ഞു വികസനമാണ് മരുന്നെന്ന്. അതും കഴിഞ്ഞ് പറഞ്ഞു താന്‍ മുസ്ലീമായതാണ് കുഴപ്പമായതെന്ന്. അതുകഴിഞ്ഞ് വെളിവുവന്നപ്പോള്‍, നരേന്ദ്രമോഡിയുടെ വഴിയാണ് നേര്‍വഴിയെന്നായി.

കണ്ണൂരില്‍ സുധാകരേട്ടന്‍, ഡല്‍ഹിയില്‍ ആന്റണി മാമന്‍,തിരുവനന്തപുരത്ത് ചെന്നിത്തലയങ്കിള്‍, കോഴിക്കോട്ട് 'കുഞ്ഞീക്ക', തൊടുപുഴയെത്തുമ്പോള്‍ തോമസച്ചായന്‍-കുട്ടിക്ക് ബന്ധുക്കള്‍ ഏറിവന്നു. കൃഷ്ണദാസങ്കിള്‍ പറഞ്ഞത് കുട്ടിയെ താമരയില്‍ കിടത്തിയുറക്കാമെന്നാണ്. കുട്ടി ചെമ്പരത്തിപ്പൂവാണ് ചെവിയില്‍ തിരുകിയത്. പോകെപ്പോകെ കുട്ടിയുടെ രൂപവും ഭാവവും മാറി. ഇപ്പോള്‍ എവിടെനിന്നെങ്കിലും വല്ലതും കിട്ടിയാല്‍ മതി. ദയനീയ ദരിദ്രരൂപം. നാലും മൂന്നും കൂട്ടി ഏഴുപേര്‍ തികച്ച് പിന്തുണയ്ക്കാനില്ലാത്തപ്പോഴും വാര്‍ത്താക്രാന്തവുമായി പുരപ്പുറത്തുകയറി തുള്ളുകയാണ് കുട്ടി. കേരളത്തിന്റെ ഒരവസ്ഥ നോക്കണേ. ഇമ്മാതിരി സാധനങ്ങളെയും ചുമലിലേറ്റിയല്ലേ നടന്നത്! സ്വന്തം ശക്തിയെക്കുറിച്ചോ സ്വാധീനത്തെക്കുറിച്ചോ വിചാരം വേണ്ട, ഇരിക്കുന്ന കൊമ്പ് മുറിക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും വേണ്ടേ വീമ്പന്‍ കുട്ടിക്ക്? ലീഗുകാര്‍ പണ്ട് കുട്ടിയുടെ തുണിയേ ഉരിഞ്ഞിട്ടുള്ളൂ. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. നാളെ യുഡിഎഫിന്റെ ഉമ്മറത്ത് വെള്ളം കോരിയും വിറകുവെട്ടിയും നടക്കാനാണ് യോഗമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.

കോഴിക്ക് ഒരു വജ്രക്കല്ലുകിട്ടിയെന്നിരിക്കട്ടെ. ഒന്ന് ചികഞ്ഞുനോക്കും. കൊക്കുകൊണ്ട് തട്ടിത്തെറുപ്പിച്ച് വല്ല പുഴുവിനെയും നോക്കി പോകും. ചില ജന്തുക്കള്‍ അങ്ങനെയാണ്. നടുക്കടലിലായാലും വെള്ളം കുടിക്കാന്‍ നാവുതന്നെ വേണം. തൂത്തുകളയാന്‍ പറ്റാത്ത സ്വഭാവങ്ങളാണതൊക്കെ. ആനപ്പുറത്തേറിയതിന്റെ തഴമ്പ് അങ്ങനെതന്നെ കിടക്കും.

*
നമ്മുടെ മാധ്യമങ്ങള്‍ വെറും പുലികളല്ല, ശിങ്കങ്ങള്‍ തന്നെ. പൊന്നാനിയില്‍ പൊള്ളിക്കാനും രണ്ടത്താണിയെ മൂന്നത്താണിയാക്കാനും ഇടതുപക്ഷത്തിനു പുതിയ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കണ്ടെത്താനും എത്ര ദിവസമാണ് അധ്വാനിച്ചത്. അതിനിടയ്ക്ക്, യൂത്തുകോഗ്രസിന്റെ പ്രസിഡന്റിനെ രാഹുല്‍ ഗാന്ധി ചവിട്ടിപ്പുറത്താക്കിയതും രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ വെട്ടി ആശ്രിത നിയമനം നടത്തിയതും നോക്കാന്‍ പോലും അവര്‍ക്ക് സമയം കിട്ടിയില്ല. ഉമ്മന്‍ ചാണ്ടി രാജിക്കത്തയച്ചതും 'ഏക് ദിന്‍ കാ സുല്‍ത്താനായി' വാഴിക്കപ്പെട്ട ആശ്രിതന്‍ ടാലന്റ് ഹണ്ടിനേക്കാള്‍ വലിയ ചാണ്ടിഹണ്ടില്‍ ക്ലീന്‍ ബൌള്‍ഡായതും ചര്‍ച്ചയ്ക്കുള്ള വിഷയമേ അല്ല. ചെന്നിത്തല കരുണാകരനില്‍നിന്നു പഠിച്ച രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാകണം ഉമ്മന്‍ചാണ്ടി ഇപ്പോള്‍ 'ഒ' അഥവാ 'ഉ' ഗ്രൂപ്പാണ്. ചെന്നിത്തലയുടെ 'സി' ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ 'ഉ' ഗ്രൂപ്പും തമ്മിലാണിപ്പോള്‍ ട്വന്റി-ട്വന്റി മത്സരം. ആന്റണിയും വയലാര്‍ രവിയും കാഴ്ചക്കാരുടെ സീറ്റിലാണ്.

കരുണാകരന്‍ മകളെയും കൂട്ടി ചാലക്കുടിയില്‍ ഒരു ആശ്രിതനിയമനത്തിനു രംഗത്തിറങ്ങിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് പഴയ ഗണ്‍മാന്റെ മകനെ സ്വന്തം കുട്ടിയായി യൂത്തിന്റെ 'ഏക് ദിന്‍ കാ സുല്‍ത്താനാ'ക്കാമെങ്കില്‍ കരുണാകരനു പഴയ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കിക്കൂടേ? ഇതൊന്നും പക്ഷേ മനോരമയുടെ കണ്ണില്‍ വരില്ല. 'ഇടംവലം' നോക്കാത്തതാണല്ലോ അവരുടെ പണി.

ഒരു സാമ്പിളിതാ:

'കെപിസിസി പ്രസിഡന്റിന്റെ ജില്ലയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ്. മാവേലിക്കരക്കാരനായ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയഗ്രാഫിന് ഊര്‍ജം പകര്‍ന്ന് ഹരിപ്പാടുനിന്ന് മുപ്പതുകാരന്‍ എം ലിജു യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആലപ്പുഴയും ഒപ്പം വേരുകളാഴ്ത്തുകയാണ്. എ കെ ആന്റണിക്കും വയലാര്‍ രവിക്കും രമേശ് ചെന്നിത്തലയ്ക്കും ശേഷം ആലപ്പുഴക്കാരനായ ഒരാള്‍കൂടി സംസ്ഥാനതലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.'

ഉയര്‍ത്തപ്പെട്ട ആള്‍ മണിക്കൂറുകള്‍ കൊണ്ട് താഴ്ത്തപ്പെട്ടപ്പോള്‍ ചെന്നിത്തലയുടെ രാഷ്ട്രീയഗ്രാഫിന് എന്തുപറ്റിയെന്ന് മനോരമ പിന്നീട് കണ്ടെത്തുമായിരിക്കും. അത് 'മുതല്‍ക്കൂട്ടോ' 'മുതല്‍ക്കുറവോ'?. ചര്‍ച്ചയും ചര്‍ച്ചക്കാരുമൊക്കെ എവിടെപ്പോയോ ആവോ. ചര്‍ച്ചിക്കാന്‍ മാത്രമുള്ള മുതലല്ല കോണ്‍ഗ്രസ് എന്നുകരുതുന്നതുകൊണ്ടാകും. സമാധാനിക്കാം.

*
ബിജെപി ചൈനാ മോഡല്‍ പറയുന്ന കാലമാണ്. എന്തും സംഭവിക്കാം. വിമത മാര്‍ക്സിസ്റ്റുകാര്‍ ഒരു വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൂടെന്നില്ല. ഇല്യനോവിച്ച് അപ്പുക്കു(ട്ടി)ട്ടന്‍ നയിക്കുന്ന ആക്രാന്ത വിപ്ലവം! മാര്‍ക്സാസാദ്, മുരള്‍നോവ്സ്കി, ചന്ദ്രശേഖനോവ്, ബ.കു.നാ എന്നിങ്ങനെയുള്ള മഹാവിപ്ലവകാരികള്‍ തോക്കും നാക്കുമേന്തി വരികയായി വരികയായി സഹജരേ. വണ്ടി ഷൊര്‍ണൂരെത്തിയാല്‍ ബ്രേക് ഡൌണാകുമോ എന്ന് കാത്തിരുന്നു കാണാം. മാര്‍ക്സിസ്റ്റ് പാര്‍ടി ഓഫീസില്‍ കിടന്നുറങ്ങി, പാര്‍ടി പത്രത്തില്‍ പണിയെടുത്ത് ചിറകുവിരിക്കുമ്പോള്‍ ഗോയങ്കയുടെ പത്രത്തില്‍ പറന്നിറങ്ങി, അവിടെനിന്നു കൂടുതല്‍ പണം മോഹിച്ച് ചാനല്‍ ചാട്ടം നടത്തി പിന്നെയും ആര്‍ത്തി തീരാതെ ജമാ അത്തെ ഇസ്ലാമിയുടെ പത്രത്തിലെത്തി ഒടുവില്‍ താടിനരച്ചപ്പോള്‍ മുരത്ത വര്‍ഗീയ തീവ്രവാദികളുടെ ചുമരില്‍ കയറിയിരിക്കുന്ന ഒരു കുട്ടിയുണ്ട്. ചാനലില്‍ ഇരുന്നപ്പോള്‍ ചെക്കെഴുതുന്ന കുട്ടിയായിരുന്നു ആ മഹാന്‍. ഇപ്പോള്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്റെ വേഷത്തിലാണ്.

ഇത്തരം കുട്ടികളുടെ ഒരു കൂട്ടായ്മയിലൂടെ കേരളം ഇന്നു നേരിടുന്ന എലിശല്യം പരിഹരിക്കാന്‍ വിപ്ലവാത്മകമായ ഒരു പദ്ധതി ആലോചിക്കാവുന്നതാണ്. പാഷാണത്തേക്കാള്‍ വിഷമുണ്ട് എല്ലാത്തിന്റെയും മനസ്സില്‍.

Sunday, March 1, 2009

കല(ബക്കറ്റ്)മുടയ്ക്കുന്നവര്‍

വെളുക്കുവോളം വെള്ളംകോരുകയും അവസാനം കുടമുടയ്ക്കുകയും ചെയ്യുന്ന പരിപാടിയെ വെറും പഴഞ്ചൊല്ലായി അവഗണിക്കാന്‍ തോന്നുന്നില്ല. ഫെബ്രുവരി രണ്ടുമുതല്‍ ഇരുപത്തഞ്ചുവരെ കേരളത്തിലെ ചില മാധ്യമ സുഹൃത്തുക്കള്‍ നടത്തിയ പരിപാടിക്കും അങ്ങനെയൊരു കഥ പറയാനുണ്ട്. വിഷയം സിപിഐ എമ്മാകുമ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ട ആവേശം വരും എന്നത് ചരിത്രപരമായ സത്യമാണ്. ഇടതുപക്ഷം ഭരണത്തില്‍ വരുന്നകാലത്ത് മനോരമയ്ക്ക് പാഷാണം കഴിച്ച് വീരചരമം പ്രാപിക്കാനുള്ള ആവേശം തലയില്‍ കയറും. മാതൃഭൂമിക്ക് അത്രത്തോളം അന്തസ്സില്ല. അതുകൊണ്ട് സദാ ചൊറിഞ്ഞ് പൊട്ടിയൊലിക്കുന്ന എക്സിമ പോലത്തെ രോഗമാണ് ആ പത്രത്തിന് വരിക.



പണ്ടത്തെ കാലത്ത് ടെലിവിഷം എന്നൊരു വിഷം കിട്ടാനില്ലായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവച്ചുവീഴ്ത്തിയപ്പോഴാണ് ദൂരദര്‍ശനം കൊടികെട്ടിയത്. അതില്‍ ഗോസായിയുടെ ഭാഷയേ കേട്ടിരുന്നുള്ളൂ. ഏറിവന്നാല്‍ വല്ലപ്പോഴും ഒരു അവാര്‍ഡ് സിനിമ മലയാളത്തില്‍ കാണാം. പിന്നെപ്പിന്നെ ദൂരദര്‍ശനം മലയാളത്തിലുമായി. ആഴ്ചയിലൊരുദിവസത്തെ 'ചിത്രഗീതം' കാണാന്‍ കുമാരീകുമാരന്മാര്‍ കാത്തിരുന്ന കാലം. ഇന്ന് പെട്ടിതുറന്നാല്‍ മലയാളമേയുള്ളൂ. എല്ലാ ചാനലും എണ്ണിയാല്‍ രമേശ് ചെന്നിത്തലയുടെ യാത്രയില്‍ പങ്കെടുത്തവരുടെ എണ്ണത്തെ കവച്ചുവയ്ക്കും. മര്‍ഡോക്കുമുതല്‍ മാരന്‍വരെ ഉടയവരായ മലയാളപ്പേച്ച് ചാനലുകളുണ്ട്. അവയ്ക്കെല്ലാം ഇപ്പോള്‍ ഒരു പണിയേയുള്ളൂ-വെള്ളംകോരല്‍. സിപിഐ എമ്മിനെ നന്നാക്കാനാണ് തങ്ങള്‍ വെള്ളംകോരുന്നതെന്ന് മര്‍ഡോക്കുചാനലിലെ അലര്‍ച്ചക്കാരന്‍ മുതല്‍ റബര്‍വെട്ടുചാനലിലെ ശാന്തസ്വരൂപിണിവരെ ഇടയ്ക്കിടയ്ക്കു പറയുന്നുണ്ട്. അങ്ങനെ ഒരുകുടം വെള്ളം തലയില്‍വച്ച് അവര്‍ കോറസ് പാടിയത് മാര്‍ക്സിസ്റ്റുപാര്‍ടിയുടെ നവകേരള മാര്‍ച്ച് നടക്കില്ല എന്നായിരുന്നു(നടന്നല്ല, അലങ്കരിച്ച വാഹനത്തിലാണ് ജാഥ എന്ന് പാവങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നില്ല). അഥവാ ജാഥ നടക്കേണ്ടിവന്നാലോ? പിണറായി വിജയന്‍ നയിക്കുകയേ ഇല്ല!

സിഎജിയെയും സിബിഐയെയും ഉമ്മന്‍ചെന്നിത്തലയെയും ഡല്‍ഹിയിലെ മാഡത്തിനെയും യഥാവിധി സമംചേര്‍ത്ത് രസായനമുണ്ടാക്കി സേവിച്ചപ്പോള്‍ പിണറായി വിജയന്‍ എന്ന പേര് ഒരു കേസിന്റെ പ്രതിപ്പട്ടികയിലെത്തി. ഇനി ആ വിജയനെ പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നായി അടുത്ത പരിപാടി. ആട്ടെ, വരട്ടെ, പതിനാലിന് കാണിച്ചുതരാം എന്നാക്രോശം. പതിനാലിന് പൊളിറ്റ് ബ്യൂറോ യോഗമാണ്. ഇവിടെ ഓവര്‍ടൈം പണിയെടുത്തും അതു പോരെന്നു തോന്നിയപ്പോള്‍ മാഡത്തെ നേരിട്ട് ഇടപെടുവിച്ചും കേസാക്കിയതോടെ, ഡല്‍ഹിയിലുള്ളവര്‍ ചാടിയെഴുന്നേറ്റ് പിണറായിയെ ഗറ്റൌട്ടടിക്കുമെന്നായിരുന്നു സ്വപ്നം. അങ്ങനെ മാറ്റിയാല്‍ പുതിയ സെക്രട്ടറി ആരാവുമെന്നുവരെ ഗണിച്ചെടുത്തു മഹാന്മാര്‍. തലേന്ന് വിമാനം കയറുമ്പോള്‍ കൊച്ചിയില്‍ ഒരു സിന്‍ഡിക്കറ്റ് പങ്കജന്‍ പിന്നില്‍നിന്ന് വിളിച്ചു ചോദിച്ചു: സെക്രട്ടറിയായിത്തന്നെ തിരിച്ചു വരുമോ എന്ന്.

തീയതി പതിനാലായി. പൊളിറ്റ് ബ്യൂറോ ചേര്‍ന്നു. പുറത്തിറങ്ങിയ പിണറായി നേരെ വിട്ടത് നെടുമ്പാശേരിയിലേക്കാണ്. അവിടെയെത്തുമ്പോള്‍ ആവേശത്താല്‍ ആര്‍ത്തുവിളിക്കുന്ന ജനങ്ങള്‍. അവരെ നോക്കി അദ്ദേഹം പറഞ്ഞു:"ഇതൊരു പ്രത്യേകതരം പാര്‍ടിയാണ്'' എന്ന്. അങ്ങനെയൊരു പ്രത്യേകതരം പാര്‍ടിയോ? എങ്കില്‍ ഇതാ പിടിച്ചോ എന്നായി മാധ്യമമാന്യര്‍. ഇരുപത്തഞ്ചിന് വി എസ് വരുമോ; വരില്ലേ; വരാതിരിക്കുമോ; വന്നാല്‍ എന്തുനടക്കും എന്നായി പിന്നത്തെ ചര്‍ച്ച.

പത്തൊമ്പതിന് തോമസ് ഐസക്കിന്റെ ബജറ്റുവന്നു. രണ്ടുരൂപയ്ക്ക് പാവപ്പെട്ടവന് അരി എന്നതടക്കം നല്ലനല്ല കാര്യങ്ങള്‍ ബജറ്റില്‍. അതൊന്നും ചര്‍ച്ചചെയ്യാന്‍ പാടുള്ളതല്ല; നമുക്ക് 'വരുമോ വരില്ലേ' കളിച്ചുനില്‍ക്കാമെന്നായി ദൌത്യസംഘം. ഇത്തരം സമയം വരുമ്പോള്‍ മുക്രയിട്ട് പാഞ്ഞെത്തുന്ന ഒരുകൂട്ടരുണ്ട്. താടിയുള്ളതും ഇല്ലാത്തതും പൌഡറിടുന്നതും ഇടാത്തതും വിഷം കുറഞ്ഞതും കൂടിയതുമായ പ്രത്യയശാസ്ത്ര ക്വട്ടേഷന്‍ സംഘം. അവര്‍ ആണയിട്ടു: വി എസ് വരികയേ ഇല്ല; വരാന്‍ കഴിയില്ല എന്ന്.

ഇരുപത്തഞ്ചാം തീയതി വന്നു. പതിനാലിനുതന്നെ, വി എസ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രകാശ് കാരാട്ട് നല്‍കിയ മറുപടി 'കാത്തിരുന്ന് കാണൂ' എന്നായിരുന്നു. പിണറായി വിജയനും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അതേ മറുപടി ആവര്‍ത്തിച്ചു. കാത്തിരിക്കാന്‍ മനസ്സില്ലാത്ത മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഘടകകക്ഷിനേതാക്കള്‍ക്ക് 'ദൂതന്മാരുടെ' വേഷം ചാര്‍ത്തിക്കൊടുത്തു. സിപിഐ എമ്മിന്റെ പരിപാടിയില്‍ പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗത്തെ പങ്കെടുപ്പിക്കാന്‍ ഘടകകക്ഷിനേതാക്കളെ ദൌത്യസംഘമാക്കിയെന്ന്! പാര്‍ടിയെക്കുറിച്ച് എല്ലാ ചുക്കുമറിയുന്ന പണ്ഡിതര്‍!

ശംഖുംമുഖത്ത് സമാപന സമ്മേളനത്തിന് സ്വാഗതം പറയുമ്പോള്‍ വി എസ് എത്തി. അതോടെ പലര്‍ക്കും നിരാശയായി. മാഹിയില്‍നിന്ന് ജീപ്പിലാക്കിയാണ് ഒഞ്ചിയത്തേക്ക് നിരാശാ ശമനി കൊണ്ടുവന്നതത്രേ. ചാനല്‍ചര്‍ച്ചാ പ്രത്യയശാസ്ത്ര പഹയന്മാര്‍ക്ക് വയറ്റിളക്കം പിടിപെട്ടു. ഒന്നിനെയും ആ വഴിക്കുകണ്ടില്ല. അബദ്ധത്തില്‍ എത്തിപ്പെട്ടവര്‍ ഞഞ്ഞാമിഞ്ഞാപറഞ്ഞു. ചിലര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. പിറ്റേന്നുമുതല്‍ പത്രങ്ങളില്‍ വിശകലനങ്ങളില്ല; ചാനലുകളില്‍ പ്രത്യയശാസ്ത്ര ചര്‍ച്ചയില്ല. അതുവരെ വെള്ളം കോരിയ കുടം ഉടഞ്ഞുപോയതിലുള്ള സങ്കടം മാത്രം. ഇവരെക്കരുതിയാകണം പിണറായി ബക്കറ്റിലാക്കിയ വെള്ളത്തിന്റെ കഥ പറഞ്ഞത്. ആ വെള്ളം തലയിലൂടെ ഒഴിച്ചാല്‍ അല്‍പ്പം ആശ്വാസം കിട്ടും. ഒരുബക്കറ്റ് വെള്ളം കോരി മാധ്യമപടുക്കള്‍ തലയിലൊഴിച്ചതുകൊണ്ട് കടലിന് എന്തുചേതം.

*
അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. മോട്ടോര്‍ ബൈക്ക്, കാര്‍, ജീപ്പ് എന്നിവയ്ക്ക് വോട്ടവകാശം നല്‍കണം. എന്നാല്‍മാത്രമേ രമേശ് ചെന്നിത്തല എന്ന പാവത്തിന് ദാരിദ്ര്യരേഖ(ജനപിന്തുണയുടെ) മറികടക്കാനുള്ള മുസ്ലി പവര്‍ എക്സ്ട്രാ കിട്ടൂ. ലാടവൈദ്യന്മാര്‍ പോകുമ്പോലെ നാടുതെണ്ടുകയാണ് മൂപ്പര്‍. സര്‍വരോഗ സംഹാരിയും പതിനെട്ട് പച്ചമരുന്നുകളുടെ അപൂര്‍വചേരുവയുമായ ലാവ്ലിനാണ് ഭാണ്ഡത്തില്‍. കാസര്‍കോടുമുതല്‍ ആലപ്പുഴവരെയുള്ള വില്‍പ്പന വട്ടപ്പൂജ്യം. ഇരുപത്തഞ്ചുമുതല്‍ തൊള്ളാാാാായിരംവരെ അനുയായികള്‍ ഓരോ കേന്ദ്രത്തിലുമുണ്ടായിരുന്നു. പിണറായി പോയ വഴിയിലൂടെ, അതേ ഗമയില്‍ ഒന്നു സഞ്ചരിച്ച് കലക്കിക്കളയാമെന്ന വിചാരത്തിലാണ് രക്ഷായാത്ര തുടങ്ങിയത്.

ലാവ്ലിന്‍ മരുന്ന് വിറ്റുകിട്ടുന്ന പണംകൊണ്ട് തിരുവനന്തപുരത്തെത്തി പുട്ടടിക്കാമെന്ന മോഹം തുടക്കത്തിലേ പൊലിഞ്ഞു. മൈക്ക് കൈയില്‍ക്കിട്ടിയാല്‍ ലാവ്ലിന്‍ എന്നേ പറയൂ. പ്രാതലിനും ഉച്ചയ്ക്കും രാത്രിയും ലാവ്ലിന്‍ ഭക്ഷണം. കേട്ടുമടുത്ത കോണ്‍ഗ്രസുകാര്‍ വീട്ടിലിരുന്നു. വാടകയ്ക്കെടുത്ത ടാക്സിയില്‍ ഒരു ഖദറുകാരനും ഒരു ഡൈവറും എന്ന കണക്കിലാണ് മാര്‍ച്ചിനെ രക്ഷിക്കാന്‍ അനുയായികള്‍ വന്നത്. അതുകൊണ്ട് ആളെണ്ണം വാഹനവും. വാഹനത്തിന് വോട്ടവകാശം കിട്ടിയാല്‍ കെട്ടിവച്ച പണം കഷ്ടിച്ച് തരാവും. ഇടയ്ക്ക് അവധി പ്രഖ്യാപിച്ചും സ്വീകരണകേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കിയും സ്വയംരക്ഷിക്കാന്‍ നോക്കുന്ന ചെന്നിത്തലയെക്കണ്ടപ്പോള്‍ ഒടയതമ്പുരാനെക്കുറിച്ചാണ് മതിപ്പുതോന്നുന്നത്.

ചെന്നിത്തല തുലഞ്ഞുപോകാന്‍ കുഞ്ഞൂഞ്ഞിന്റെ വസതിയില്‍ മുട്ടിപ്പായി പ്രാര്‍ഥന നടന്ന വിവരം ഒരു സിന്‍ഡിക്കറ്റുകാരന്‍ ഈയിടെ എഴുതിക്കണ്ടു. വയലാര്‍ജിയും ആന്റണിജിയും അറിഞ്ഞുകൊണ്ടാവില്ല ഇത്തരമൊരു സ്വയംരക്ഷാ സാഹസമെന്ന് ശതമന്യുവിന് ഉറപ്പാണ്. അവര്‍ക്ക് ഇത്രവലിയ മണ്ടത്തരം പറ്റാറില്ലല്ലോ. നായര്‍ സമ്മേളനം വരുമ്പോള്‍ മാര്‍ച്ചിന് അവധി, വെള്ളിയാഴ്ച ഉച്ചനമസ്കാരം കഴിയുന്നതുവരെ പള്ളിക്കുപുറത്ത് കാത്തിരിപ്പ്, തിരുവനന്തപുരത്തെത്തിയ ശേഷം തിരിച്ച് പത്തനംതിട്ടയില്‍ചെന്ന് ഒരു കഷണം മാര്‍ച്ച്, തലസ്ഥാനത്തെ പരിപാടി വെട്ടിച്ചുരുക്കല്‍, മണ്ഡലാടിസ്ഥാനത്തില്‍ ആളെക്കിട്ടാതായപ്പോള്‍ താലൂക്കടിസ്ഥാനത്തില്‍ സ്വീകരണം- ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ മാര്‍ച്ച്.

കണ്ടംബെച്ച കോട്ടെന്നല്ലേ കേട്ടിട്ടുള്ളൂ-ഇത് കണ്ടംബെച്ച മാര്‍ച്ചാണ്. പാരവയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയാണോ നാട്ടുകാരാകെയാണോ എന്ന് തിട്ടപ്പെടുത്താനാകുന്നില്ല. പത്രസമ്മേള നങ്ങളുള്ളതുകൊണ്ടും അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ചതുകൊണ്ടും തലസ്ഥാനത്തെത്തിക്കിട്ടി. ഇനി ഒരു രക്ഷ വാങ്ങി അരയിലോ കഴുത്തിലോ കെട്ടി യാത്ര തുടരാം. ഒറ്റയ്ക്കായാലും രക്ഷാമാര്‍ച്ചുതന്നെയാണ് നയിക്കുന്നതെന്ന് ഉറപ്പിച്ചു പറയാമല്ലോ.

*
പത്രമാസികകളില്‍ ലേഖനമെഴുതി ഉപജീവനം കഴിക്കുന്നതു കൊണ്ടുളള മെച്ചം പലതാണ്. പണം കിട്ടുമെന്നത് ഏറ്റവും പ്രധാനപ്പെട്ടത്. സംശയങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത തുലോം തുച്ഛമായതിനാല്‍ എന്തു പച്ചക്കള്ളവും തട്ടിവിടാമെന്നത് രണ്ടാമത്തെ സൌകര്യം. മൂന്നോ നാലോ ലേഖനം കഴിയുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍, സാംസ്കാരിക നായകന്‍ എന്നീ പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടുമെന്നത് അടുത്ത നേട്ടം. പിന്നെയോ ചാനല്‍ ചര്‍ച്ചകളില്‍ വിശകലന വിദഗ്ധന്റെ വേഷം തരപ്പെടുമെന്നത് മറ്റൊരു മെച്ചം. സേവ് സിപിഎം ഫോറക്കാരന് എന്തു നേരും നെറിയും. പാര്‍ടിക്കുളളില്‍നിന്ന് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവന്‍ പാര്‍ടിക്കു പുറത്താകുമ്പോള്‍ ധാര്‍മികമൂല്യങ്ങളുടെ ആരാധകനാകുമല്ലോ!

അപ്പുക്കുട്ടന്‍ മാതൃഭൂമിയില്‍ ഇങ്ങനെയെഴുതുന്നു:

"ബംഗാരുവിന്റെ ഒരു ലക്ഷം രൂപയുടെയും ബൊഫോഴ്സ് ഇടപാടിലെ 64 കോടിയുടെയും സ്ഥാനത്ത് 374.5 കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്ലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സിപിഎം സ്വയം തലയിലേറ്റിയിരിക്കുന്നത്.''

ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ചെലവിട്ട തുകയത്രയും അഴിമതിയാണെന്ന് എഴുതാന്‍ വല്ലാത്ത തൊലിക്കട്ടി വേണം. നവീകരിച്ച പദ്ധതികളില്‍നിന്ന് ഇതിനകം ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ അളവും അതിനുളള വിലയും തിട്ടപ്പെടുത്തി കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. നിയമസഭയിലടക്കം വെളിപ്പെടുത്തിയ ആ കണക്കുകളില്‍ വ്യക്തമാകുന്നത് ചെലവിട്ട തുക പാഴായില്ലെന്നുതന്നെയാണ്. പിന്നെയും പിന്നെയും ഉളുപ്പില്ലാതെ 374.5 കോടി രൂപയുടെ അഴിമതിയെന്ന് തട്ടിവിടുന്നവരുടെ ഉളളിലിരിപ്പ് ആര്‍ക്കാണ് അറിയാത്തത്. മുട്ടിന് മുട്ടിന് ഇ എം എസിനെ ഉദ്ധരിച്ചാല്‍ മനസ്സിലെ അഴുക്ക് മാഞ്ഞുപോകുമോ. 374.5 കോടിയെന്ന സംഖ്യ നാനൂറു കോടിക്കു മുകളിലേക്കുയര്‍ത്തി ഉമ്മന്‍ചാണ്ടി അടുത്ത കാലത്ത് ഇതേ മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു. നാലണയ്ക്ക് വിലയില്ലാത്ത ആ യുക്തിയുടെ പങ്കുപറ്റിയാണ് അപ്പുക്കുട്ടനും പേനയുന്തുന്നത്.

ഇതൊക്കെ എഴുതിപ്പിടിപ്പിച്ചാല്‍ മാതൃഭൂമി മാനേജ്‌മെന്റില്‍നിന്ന് ചെക്കു കിട്ടും. അല്ലാതെ പ്രകാശ് കാരാട്ട് പേടിച്ചുപോകുമെന്നോ സിപിഐ എമ്മിനെ ഉത്തരം മുട്ടിക്കാമെന്നോ പിണറായി വിജയന്റെ രാഷ്ട്രീയജീവിതം ഒടുക്കിക്കളയാമെന്നോ ഒക്കെ വ്യാമോഹിച്ചാല്‍, മറുപടി പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്. കുഴിയാന കല്‍പ്പിക്കുന്നതു പോലെയല്ല കൂത്തു നടക്കുന്നത്. കേരളത്തിനു കിട്ടേണ്ടിയിരുന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം വാങ്ങിയെടുക്കാതെ ആരാണ് പദ്ധതിക്കു അള്ളുവച്ചതെന്ന് അപ്പുക്കുട്ടന്‍ ഒന്നു ഗവേഷിച്ചു നോക്കൂ. അപ്പോള്‍ കാണാം വാദി നടന്ന് പ്രതിക്കൂട്ടില്‍ കയറുന്നത്.

വാല്‍ക്കഷണം:

അപ്പുക്കുട്ടന്‍, പി സുരേന്ദ്രന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ക്കുള്ള മറുപടിയെഴുതി വിലപ്പെട്ട പത്രക്കടലാസ് നഷ്ടപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇനി അവര്‍ക്കുള്ള മറുപടികള്‍ ടൈപ്പുചെയ്ത് പ്രിന്റെടുത്ത് പത്രമാപ്പീസുകളിലേക്ക് എത്തിക്കുന്നതാണ്. ശതമന്യുവും തുടങ്ങുകയാണ് ഒരു കൊച്ചു മാധ്യമസിന്‍ഡിക്കറ്റ്. നല്ല ചൂടുള്ള വാര്‍ത്തകളും വിശകലനങ്ങളും കവറിലാക്കി അങ്ങെത്തിക്കും. ഫ്രീയാണ് സേവനം. സ്വന്തം വാര്‍ത്തയാക്കി ആര്‍ക്കും പ്രസിദ്ധീകരിക്കാം. ഇടയ്ക്ക് ചാനല്‍ചര്‍ച്ചയില്‍ മുഖംകാണിക്കാന്‍ ശതമന്യുവിന് അവസരം തന്നാല്‍ മതി. ശാസ്ത്രീയ സംഗീതപഠനം തീരുമ്പോള്‍ ശതമന്യുവിന് ചാനലില്‍ ഓരിയിടാനും ഒരവസരം തരണമെന്നപേക്ഷ.