Sunday, May 29, 2011

വാരല്‍ വാരാചരണം

മൂത്ത് നശിക്കാറായ റബര്‍മരം കടുംവെട്ടിന് കൊടുക്കും. അവസാനത്തെ വെട്ടാണ് അങ്ങനെ നടക്കുക. പിന്നെ വെട്ടാന്‍ അവസരം കിട്ടില്ല എന്നതുകൊണ്ടാണത്. യുഡിഎഫിനും അങ്ങനെ ഒരാധിയുണ്ട് എന്ന് കരുതണം. എപ്പോഴും തകരാവുന്നതാണ് ഭരണം എന്ന് ഓരോ മന്ത്രിക്കും തോന്നുന്നു. കിട്ടിയ അവസരത്തില്‍ കടുംവെട്ട് വെട്ടാനുള്ള പരക്കംപാച്ചിലിലാണവര്‍ .

എക്സൈസ് മന്ത്രി ബാബു ആദ്യം ഒപ്പിട്ട ഫയല്‍ സര്‍ക്കാര്‍ വക പതിനഞ്ച് മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവയ്ക്കുന്നതാണ്. ഒറ്റനോട്ടത്തില്‍തോന്നും, ഹൊ, മദ്യത്തിനെതിരെ ഇതാ വരുന്നു ഗാന്ധിജിയുടെ ഇളമുറയിലെ തൃപ്പൂണിത്തുറക്കാരന്‍ എന്ന്. മദ്യത്തിന്റെ ലഭ്യത കുറച്ച് നാടുനന്നാക്കാന്‍ പോകുന്ന കോണ്‍ഗ്രസുകാരന്‍! വേണ്ടെന്നുവച്ച പതിനഞ്ചു ഷാപ്പുകളുടെ പരിസരത്തുള്ള ബാറുകളുടെ കണക്കെടുക്കുമ്പോഴാണ് മദ്യവിരോധത്തിന്റെ മൂത്താപ്പമാരെ കാണാനാവുക. ഒരു ബാര്‍ കെ എം മാണിയുടെ ബന്ധുവീട്ടുകാരുടെ. മറ്റൊരെണ്ണം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്റെ വകയില്‍പെട്ടത്. എല്ലാ ബാറിനും യുഡിഎഫ് ബന്ധം. ബാബു ഇന്നലെവരെ ചിരിക്കുന്നതും ചീറുന്നതും ഖദറില്‍ കഞ്ഞിമുക്കുന്നതുംവരെ എറണാകുളത്തെ പോളയുള്ളതോ ഇല്ലാത്തതോ എന്ന് മനസിലാകാത്ത ഏതോ കുളത്തിലായിരുന്നു. ആ കുളത്തിന്റെ ഉടമയ്ക്ക് ബാറുകള്‍ ഇരുപത്.

ബിവറേജസ് ഷാപ്പുകള്‍ വേണ്ടെന്നുവച്ചാല്‍ അതില്‍ പകുതി ബാറുകള്‍ക്കും കച്ചവടം ഇരട്ടിയാകും. ആ നിലയ്ക്ക് നാട്ടിലെ എല്ലാ ബാറുടമകളെയും സമീപിച്ച് സമീപത്തെ ബിവറേജസ് ഷാപ്പുകള്‍പൂട്ടിക്കാമെന്ന് പറയാവുന്നതാണ്. പിരിവെങ്ങാനും ക്ലച്ചുപിടിച്ചാല്‍ മന്ത്രിസഭ ഒരുമാസം നിന്നാല്‍മതി. ബാബു തിരിഞ്ഞുനോക്കേണ്ടിവരില്ല.

*
കുഞ്ഞാപ്പയ്ക്ക് വ്യവസായം നടത്തി മടുത്തതുകൊണ്ടാണ് നഗരഭരണത്തില്‍ പൂതി പെരുത്തത്. ഒരുവകുപ്പ് മൂന്നാക്കിമുറിച്ച് ഓരോ കഷണവുംകൊണ്ടോടുന്ന പരിപാടി മുമ്പെങ്ങും കണ്ടിട്ടില്ല. നെയ്യപ്പം തിന്നപോലെയാണ്. മുനീറിനെ ഒതുക്കുകയും ചെയ്യാം നഗര വികസനം എന്ന അക്ഷയഖനിയുടെ പട്ടയം കൈക്കലാക്കുകയുമാവാം. പണ്ട് അപ്പം ഓഹരിവച്ച കുരങ്ങന്റെ കഥപോലെയാണ്. മുനീറും കുഞ്ഞാപ്പയും അപ്പത്തിനുവേണ്ടി കടിപിടികൂടിയപ്പോള്‍ മധ്യസ്ഥനായി വന്ന ഉമ്മന്‍ചാണ്ടി വലിയ കഷണവുംകൊണ്ടുപോയി. അങ്ങനെ ഗ്രാമവികസനം കെ സി ജോസഫിന് സമ്മാനമായി കിട്ടി. കേന്ദ്രഫണ്ട് പലതും വരുന്നത് ഗ്രാമവികസന വകുപ്പുവഴിയാണ്. അതുനേരെ കെപിസിസി ആപ്പീസിലെത്തും. ആ നഷ്ടം നികത്തണമെങ്കില്‍ ലീഗ് അല്‍പ്പം പാടുപെടും-എന്നുവച്ചാല്‍ വ്യവസായം തകൃതിയായി നടക്കുമെന്നര്‍ഥം.

കെ ബാബു ആദ്യം ഒപ്പിട്ടത് ബാറുകാരുടെ ഫയലിലെങ്കില്‍ അടൂര്‍ പ്രകാശിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ മുന്നില്‍തെളിഞ്ഞ മുഖം പട്ടിണികിടന്ന് വലയുന്ന മെഡിക്കല്‍കോളേജ് അധ്യാപകരുടേതാണ്. മെഡിക്കല്‍കോളേജിലെ മാഷന്‍മാരെ മേടിക്കല്‍ സാറന്‍മാരാക്കിത്തരാം എന്നാണ് പുതിയ മന്ത്രിയുടെ വാഗ്ദാനം. സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആശുപത്രിയില്‍ ജോലി, വീട്ടില്‍ ചികിത്സ, പെട്ടിയില്‍ പണം എന്നതാണ് ഫോര്‍മുല. ദിവസം ഇരുപതും മുപ്പതും ആയിരം കിട്ടിയിരുന്ന ചില സാറന്‍മാരുണ്ട്. അവര്‍ക്കിപ്പോള്‍ ഒന്നേകാല്‍ലക്ഷം ശമ്പളം കിട്ടും. അതും വാങ്ങണം, വീട്ടിലെ മേടിക്കലും തുടരണം എന്നാണ് അവരുടെ ഇംഗിതം. ഇന്നലെവരെ അതൊന്നും നടന്നില്ല. ഇന്നിനി നമ്മുടെ സ്വന്തം അടൂര്‍ പ്രകാശല്ലേ. ഡോക്ടറൊന്നിന് പത്തുലക്ഷം വച്ചു കൊടുക്കണം എന്നത്രെ ദല്ലാള്‍മാരുടെ ആവശ്യം. അതല്‍പ്പം കൂടിപ്പോയെന്നും അഞ്ചാക്കണമെന്നും പിശുക്കുമൂത്ത സാറന്‍മാര്‍ കരഞ്ഞിട്ടുണ്ട്. എന്തായാലും കിട്ടിയതില്‍ പത്തുകോടി കാണിക്കവച്ചാല്‍ സ്വകാര്യ പ്രാക്ടീസ് കെങ്കേമമാക്കാം എന്നാണ് ഉറപ്പ്.

ഇനിയും പലതും എടുക്കാനുണ്ട്. അഞ്ചുകൊല്ലം മുമ്പ് വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ വ്യവസായം ഇന്ന് നല്ലനിലയില്‍ നടക്കുകയാണ്. സര്‍ക്കാരാപ്പീസുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും പൊതുമരാമത്തിന്റെയും ഭൂമി നാടാകെ പരന്നുകിടക്കുന്നു. വിറ്റ് പണം മാറാന്‍ സാദാ മണലും കരിമണലും ബോക്സൈറ്റ് മണ്ണും ഇഷ്ടംപോലെ. സ്മാര്‍ട്സിറ്റിയില്‍ സ്മാര്‍ട്ടായി ഇടപെടാം. ഏക് ദിന്‍ കാ സുല്‍ത്താന്‍ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ എത്ര ദിവസം ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. എപ്പോഴും വീഴാം. വീഴുന്നതിന് മുമ്പ് പുരയ്ക്ക് തീകൊളുത്താം; കഴുക്കോലൂരാം; വാഴ വെട്ടാം. യുഡിഎഫില്‍ ഒറ്റക്കാര്യത്തിലേ ഇപ്പോള്‍ ഐക്യമുള്ളൂ-കൈയിട്ടു വാരുന്നതില്‍ . വാരല്‍ വാരാചരണം കഴിഞ്ഞു. ഇനി രണ്ടാം വാരം. ഇങ്ങനെ കൂട്ടത്തോടെ വാരുന്നതുകണ്ട് സഹികെട്ട് രണ്ടു ജന്മങ്ങള്‍ പുറത്തുനില്‍പ്പുണ്ട്. കരുണ ശെയ്‌വാന്‍ എന്തു താമസം എന്നാലപിച്ച് പി സി ജോര്‍ജ്. ഗാനാലാപനത്തിനുള്ള ശേഷിപോലും നഷ്ടപ്പെട്ട് പുത്രനെ മാറോടടക്കി കേണുകൊണ്ട് വയനാടന്‍ തമ്പാന്‍!

*
സ്പീക്കര്‍സ്ഥാനവും ഇല്ല എന്നാണ് പി സി ജോര്‍ജ് കേട്ട അവസാനത്തെ വാര്‍ത്ത. ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം വേണ്ട. മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് മാണിയോ ജോസഫോ എന്ന സംശയം തീര്‍ന്നിട്ടില്ല. കുറെ വര്‍ഷം തെറിവിളിച്ചു നടന്ന തന്നെ എന്തുസ്നേഹത്തോടെയാണ് മാണിസാര്‍ വിളിച്ച് അകത്തുകയറ്റി ഇരുത്തിയത് എന്നുപറഞ്ഞാണ് ലയനസമ്മേളനത്തില്‍ കണ്ഠമിടറിപ്പോയത്. അന്നത്തെ ആ ചിരിയും സ്നേഹവും കെട്ടിപ്പിടിത്തവും കൊണ്ടുപോയി കുളത്തില്‍ ചാടിക്കാനാണെന്ന് സ്വപ്നേപി നിനച്ചതല്ല. ഇന്നിതാ കുളത്തില്‍ വീണുകഴിഞ്ഞു. മറ്റു രക്ഷയൊന്നുമില്ല. ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങിയാല്‍ അടിച്ചോടിക്കുമോ ആട്ടിയോടിക്കുമോ എന്ന് മുന്‍കൂട്ടി പറയാനാകില്ല. എന്തായാലും ഓടിക്കുമെന്ന് ഉറപ്പ്. അപ്പോള്‍പ്പിന്നെ മുന്നിലെ ഏക വഴി കുളം കലക്കല്‍തന്നെ. ഭരിക്കാന്‍ വിടില്ല ഞാന്‍ എന്ന പ്രഖ്യാപനം. ഒറ്റത്തുള്ളി കാക്കക്കാഷ്ഠം മതി വലിയ ടാങ്കിലെ കുടിവെള്ളം നശിപ്പിക്കാന്‍ .

നന്നാക്കാനാവില്ലെങ്കിലും നശിപ്പിക്കാനാവും എന്നാണ് ജോര്‍ജിന്റെ പ്രഖ്യാപനം. തനിക്കെതിരെ വല്ലതും പറഞ്ഞാല്‍ പി ജെ ജോസഫ് അനുഭവിക്കുമെന്ന്. സംഗതി ശരിയാണ്. ജോര്‍ജും നന്ദകുമാറും മറ്റുചില കുമാരന്‍മാരും ചേര്‍ന്നാല്‍ ഏത് നല്ലതിനെയും വെടക്കാക്കാനാവും. വെറുതെ വഴിപോകുന്നവര്‍ക്കുനേരെ ഒരുപിടി ചാണകം എറിയാന്‍ വല്ല പ്രയാസവുമുണ്ടോ.

പി ജെ ജോസഫ് അങ്ങനെ മന്ത്രിയായി ഞെളിയേണ്ട എന്നാണ് തീരുമാനമെന്ന് തോന്നുന്നു. ജോസഫിനെതിരെ പുതിയ സ്ത്രീ പീഡനക്കേസും അത് നടത്താനുള്ള വക്കീലും അതിന്റെ വാര്‍ത്തകളും വരുന്നത് ക്രൈം വഴിയാണ്. ക്രൈം കുമാരന്റെ "ലോകം" വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു-നമ്മുടെ മാധ്യമ ലോകം അത് ഉപ്പും മുളകും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പി ജെ ജോസഫ് മിണ്ടുന്നില്ല. ഒരിക്കല്‍ കട്ടയാള്‍ പിന്നെ എല്ലാ കാലത്തും കള്ളന്‍തന്നെ. ഹരിശ്ചന്ദ്രപ്പട്ടം ചൂടിയാലും അയാളെ നാട്ടുകാര്‍ കള്ളനെന്നു വിളിച്ചുകൊണ്ടേയിരിക്കും. പാവം ജോസഫ്. ഒരിക്കല്‍ ഒരബദ്ധം പറ്റിപ്പോയി. ഇപ്പോള്‍ തന്നെക്കുറിച്ച് ആര് എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കും എന്ന തോന്നലാണ്. ഇതിലും വലിയ പെരുന്നാളിനും പള്ളിയില്‍പോകാത്തവര്‍ മതത്തിന്റെ ചെലവില്‍ നേടിയ ഭൂരിപക്ഷത്തിന്റെയും സീറ്റിന്റെയും കണക്കുപറഞ്ഞ് നാട് വിറപ്പിക്കുന്നു.

ഒറ്റ സീറ്റുള്ള പിള്ളഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കാടിന്റെ വകുപ്പ് പിടിച്ചുവാങ്ങിയത്. ആശുപത്രിയില്‍ കിടക്കുന്ന ജേക്കബ്ബിന്റെ കൈയില്‍നിന്ന് തുറമുഖവകുപ്പ് പിടിച്ചുവലിച്ചു വാങ്ങാന്‍ തോന്നിച്ച ബുദ്ധിക്ക് പടച്ചോന്റെ കൃപകിട്ടും. ആ ഒറ്റയംഗകക്ഷിക്കുള്ള പരിഗണനപോലും കിട്ടാതെ പി സി ജോര്‍ജിന്റെ ജീവിതം പിന്നെയും ബാക്കി. ലയനം നിമിത്തം ബഹുകൃതവേഷം. ഇതൊന്നും പാടിനടക്കാനോ കേസ് കൊടുക്കാനോ നാട്ടില്‍ മറ്റാരും ഇല്ലാതായിപ്പോയല്ലോ എന്നതിലാണ് സങ്കടം. ജോര്‍ജിനാണെങ്കില്‍ സ്വന്തമായി ഒരു എംഎല്‍എ സ്ഥാനമെങ്കിലും ഉണ്ട് എന്നാശ്വസിക്കാം.

എന്നാല്‍ , വീരനോ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീരന്‍ കളിച്ച കളിക്ക് അന്നുതന്നെ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അതിപ്പോഴാണ് തരപ്പെട്ടത്. മകന്‍ മന്ത്രിയായിക്കാണുകയായിരുന്നു ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരാശ. പി ആര്‍ കുറുപ്പിനോട് പണ്ടുചെയ്തത് ഇപ്പോള്‍ മറ്റൊരുവഴിക്ക് കിട്ടുന്നു. കൃഷ്ണന്‍കുട്ടിയും പ്രേംനാഥുമൊകെ തല്‍ക്കാലം ഒതുങ്ങിയെങ്കിലും കെ പി മോഹനനെ മന്ത്രിയാക്കിയില്ലെങ്കില്‍ ഗവണ്‍മെന്റുതന്നെ ഉണ്ടാകില്ല എന്ന് വീരന് അറിയാം. അതുകൊണ്ടുമാത്രം മകനെ കൈവിടുക എന്ന മഹാത്യാഗം ചെയ്യേണ്ടിവന്നു. മന്ത്രിസഭാ പുനഃസംഘടന, മുഖ്യമന്ത്രി മാറ്റം തുടങ്ങിയ അജന്‍ഡകള്‍ ഇനി വീരന്റേതുകൂടിയാകും. ചെന്നിത്തലയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മാതൃഭൂമി, വീരേന്ദ്രകുമാര്‍ , ഇതര കുമാരന്‍മാര്‍ -ഉമ്മന്‍ചാണ്ടിയോട് ഒരു കളിക്കുള്ള കരുത്തൊക്കെയുണ്ട്. മുനീറിനെപ്പോലെ കുഞ്ഞാക്ക കണ്ണുരുട്ടുമ്പോള്‍ മിണ്ടാതിരിക്കുകയും ഉമ്മന്‍ചാണ്ടിയങ്കിളിനോട് സങ്കടം പറയുകയും എന്ന രീതിയല്ലല്ലോ കുമാരസംഭവങ്ങളില്‍ .

പിന്‍മൊഴി:

എ കെ ആന്റണി പറയുന്നത് വികസനത്തില്‍ എല്‍ഡിഎഫിന്റെ പാത യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരണമെന്ന്. അതുതന്നെയാണ് ഇപ്പോള്‍ വി ഡി സതീശനും മുരളീധരനും തേറമ്പിലിനും തോന്നുന്നത്. ഉമ്മന്‍ചാണ്ടിയെങ്ങാനും ആന്റണിയുടെ വാക്കുകേട്ടിളകിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യം എന്താകും എന്നോര്‍ത്തേ ശതമന്യുവിന് വിഷമമുള്ളൂ.

Sunday, May 22, 2011

കൊലച്ചതി അഥവാ ട്രപ്പീസ്

ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. കൊലച്ചതികളുടെ ഘോഷയാത്രയാണ്. ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട്, ലീഗ് മാണിയോട്, മാണി ജോര്‍ജിനോട്, ജോര്‍ജ് ജോസഫിനോട്, ചെന്നിത്തല ഗൗരിയമ്മയോട്, കോണ്‍ഗ്രസ് രാഘവനോട്, എല്ലാവരും ചേര്‍ന്ന് വീരനോട്. ചതിക്കപ്പെടുന്നവരും ചതിക്കുന്നവരും തമ്മില്‍ ഉച്ചനീചത്വങ്ങളില്ലാത്ത മുന്നണിയാണ് യുഡിഎഫ്. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആര്‍ എസ് ഗവായിയില്‍നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റ ചതിയന്മാരുടെ സര്‍ക്കാര്‍ എന്നും പറയാം. എല്ലാ ചതിയേക്കാളും വലിയ ചതി മാണിസാറിനോട് ചെയ്ത ചതിതന്നെ. ജനിക്കുംമുമ്പേ കുഞ്ഞിന്റെ ജാതകം എഴുതപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി എത്രനാള്‍ മുഖ്യമന്ത്രി ആകണമെന്ന് മാണിസാര്‍ തീരുമാനിക്കുമോ മറ്റാരെങ്കിലും നിശ്ചയിക്കുമോ എന്തോ. രണ്ടാംകക്ഷി ആകുമെന്നും ഉപമുഖ്യമന്ത്രിസ്ഥാനത്തിരിക്കാമെന്നും സ്വപ്നംകണ്ടാണ് ജോസഫിനെയും കൂട്ടി യുഗ്മഗാനം പാടി മാണിസാര്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. ഫലം വന്നപ്പോള്‍ മോഡറേഷന്‍ മാര്‍ക്കുവാങ്ങി കഷ്ടിച്ച് മൂന്നാംകക്ഷി ആയി. രണ്ട് മന്ത്രിപദമേ വേണ്ടതുള്ളൂവെന്ന് പറഞ്ഞത് പി സി ജോര്‍ജിനെ ഒതുക്കാനായിരുന്നു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുപറ്റിച്ചു. ഇവിടെ രണ്ടില്‍ ഒതുങ്ങിയാല്‍ പരിശുദ്ധ പാലാ പുത്രന് കേന്ദ്രത്തില്‍ സഹമന്ത്രിപദം കാണിക്കവയ്ക്കാമെന്ന ഉറപ്പില്‍ പുത്രവത്സലന്‍ വീണുപോയി. ലീഗിന് നാല് മാണിക്ക് രണ്ട് എന്ന ഫോര്‍മുല കണ്ടപ്പോള്‍ മാണിയുടെയും പുത്രന്റെയും മനസ്സില്‍ ലഡുപൊട്ടിയതാണ്. പാലം കടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി കൂരായണാ വിളിച്ചു. നാല് വാങ്ങിയവര്‍ അഞ്ച് പ്രഖ്യാപിച്ചു. ഘടകകക്ഷി തങ്ങള്‍ക്ക് ഇത്ര മന്ത്രിമാര്‍ വേണം എന്നാവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. ഇവിടെ സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കലാണ്.

ജയില്‍പ്പുള്ളിയായ പിള്ള വന്ന് തന്റെ പിള്ളയ്ക്ക് വനവാസം മതി എന്നു പറഞ്ഞപ്പോള്‍ അല്ലലും അലട്ടുമില്ലാതെ എടുത്തു കൊടുക്കേണ്ടിവന്നു ഉമ്മന്‍ചാണ്ടിക്ക്. അത്ര ശക്തമാണ് യുഡിഎഫിലെ ഓരോ കക്ഷിയും. യഥാര്‍ഥത്തില്‍ ലീഗിന് ഒരുമന്ത്രിയേ ഉള്ളൂ. ഒറ്റയ്ക്ക് നാലഞ്ചുപേരുടെ ശേഷിയുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് മാത്രം. മുനീറിന് മന്ത്രിസ്ഥാനം കൊടുത്തോ എന്നുചോദിച്ചാല്‍ കൊടുത്തു. വകുപ്പ് പാവപ്പെട്ട പഞ്ചായത്ത്. തദ്ദേശസ്വയംഭരണ വകുപ്പില്‍നിന്ന് ബാക്കിയെല്ലാം വലിച്ചു. കഷ്ടിച്ച് അരമന്ത്രി എന്നു പറയാം. അതിനു കൊടുക്കേണ്ടിവന്ന വില ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ്. ഈ സ്ഥാനം കാത്തുസൂക്ഷിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ കാലത്ത് മുനീര്‍ സാഹിബ് തലകുത്തിനിന്നതും കരാറുകാരുടെ സ്നേഹം അതിരുവിട്ട് ചോദിച്ചുവാങ്ങിയതും. അതിന്റെ പേരില്‍ കേസും കൂട്ടവും നടക്കുന്നു. ഇത്തവണ മന്ത്രിസ്ഥാനത്തിനുവേണ്ടി ചാനല്‍ ചെയര്‍മാന്‍സ്ഥാനം കൈവിടുന്നു. റെജീന, റൗഫ് വെളിപ്പെടുത്തലുകളുടെ ആശാന്മാരോട് മുനീര്‍ സാഹിബ് വിടപറയുകയാണ്. ഇത് എലിമിനേഷന്‍ റൗണ്ട്. ഇനി മഞ്ഞളാംകുഴി അലിയാണത്രേ അവതരണഗാനം ആലപിക്കുക. അലിക്ക് ആകെ സ്വത്ത് 14 കോടി. ഇന്ത്യാവിഷനുവേണ്ടി മുടക്കാന്‍പോകുന്നത് 15 കോടി. എല്ലാം കോടികളുടെ കളിയാണ്. കളി തീരുമ്പോള്‍ യുഡിഎഫിനെ കോടി പുതപ്പിക്കേണ്ടിവരുമോ എന്ന് കാത്തിരുന്നുകാണാം.

ദയാലു അമ്മാളിന് അറുപതുകോടി കൊടുത്താണ് ദയാനിധി മാരന്‍ മന്ത്രിയായതത്രെ. അക്കണക്കിന് പതിനഞ്ചുകോടി മുനീറിന് ചേര്‍ന്ന സംഖ്യതന്നെ. മഞ്ഞളാംകുഴി അലിയുടെ അത്തറുപുരട്ടിയ ചതി ഇനി ഇന്ത്യാവിഷനില്‍ ലൈവ് കാണാം.

*
മാണിസാറിന് പറ്റിയ ചതിയുടെ കഥ എളുപ്പം മറക്കാവുന്നതല്ല. മാണിസാറിനെ പഴിപറഞ്ഞുനടന്ന പി സി ജോര്‍ജ് നന്നാവുമെന്ന് കരുതിപ്പോയത് ഒരു ചതി. ജോര്‍ജ് ഇപ്പോള്‍ മാണി ഗ്രൂപ്പിലാണോ വീരന്‍ ദളിലാണോ അതോ അഴിമതി വിരുദ്ധ-മാഫിയാവിരുദ്ധ -ജനകീയ-ആദര്‍ശാത്മക പോരാട്ടത്തിന്റെ സര്‍വസൈന്യാധിപനോ? ഉത്തരം എളുപ്പമല്ല. എന്തായാലും ജോര്‍ജ് മനസ്സിലും മരത്തിലും കണ്ട പാര്‍ലമെന്ററികാര്യ മന്ത്രിക്കസേരയുംകൊണ്ട് മഞ്ഞക്കണ്ണടയിട്ട അലി പെരിന്തല്‍മണ്ണയ്ക്ക് പോവുകയാണ്. മോരില്ലെങ്കിലും ഊണാവാമെന്ന് പറയാനും പറ്റില്ല-ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എനിക്കുവേണ്ട എന്ന് ജോര്‍ജ് പണ്ടേ പറഞ്ഞുപോയി. ഇനിയിപ്പോള്‍ പി ജെ ജോസഫ് മന്ത്രിയായാല്‍ ജോര്‍ജ് എന്നന്നേക്കുമായി പുറത്താകും. ജോസഫ് മന്ത്രി ആയില്ലെങ്കിലോ? എങ്കില്‍ ഒരുകൈ ജോര്‍ജിനും കളിച്ചുനോക്കാം. അതുകൊണ്ട് ചത്തത് കീചകനെങ്കില്‍ കൊന്നത് പി സി ജോര്‍ജ്തന്നെ എന്ന ചൊല്ലിന്റെ ബലമുണ്ട് തൊടുപുഴയിലെ പുതിയ കേസിന്.

പി ജെ ജോസഫ് ഫോണില്‍വിളിച്ച് ശൃംഗരിച്ചുവെന്നാണ് ക്രൈം ലേഖകന്റെ ഭാര്യയുടെ പരാതി. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ , കേസ്, ബ്ലാക്ക്മെയിലിങ്- എല്ലാം തികഞ്ഞ ചേരുവയാണ്. മന്ത്രി ആയാല്‍ കേസ്, ആക്കാതിരിക്കാന്‍ കേസ്. യുഡിഎഫിന്റെ അവസ്ഥ അപാരം. ഇതിനെയാണ് വരുന്ന അഞ്ചുകൊല്ലം കേരളം സഹിക്കേണ്ടതെന്ന് ഓര്‍ക്കാനേ വയ്യ.
*
ലീഗിന് അഞ്ചു മന്ത്രിസ്ഥാനം ആരുകൊടുത്തുവെന്ന് ഉമ്മന്‍ചാണ്ടിയെങ്കിലും പറയേണ്ടതാണ്. മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തിന്റെ ചുമതല മുഖ്യമന്ത്രിക്ക് എന്നാണ് വയ്പ്. എന്നാല്‍ , അങ്ങനെയൊരു അധികാരം തനിക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടിപോലും വിശ്വസിക്കില്ല. പക്ഷേ, ഉപചാരത്തിന് മുഖ്യമന്ത്രിതന്നെയാണ് വകുപ്പുകള്‍ പ്രഖ്യാപിക്കുക. ഇവിടെ ആ അധികാരവും കുഞ്ഞാലിക്കുട്ടിക്കാണ്. ഏത് മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി തീരുമാനിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. വ്യവസായം, ഐടി, വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരഭരണം, പഞ്ചായത്ത്, സാമൂഹ്യക്ഷേമം- ഒരു മിനി മന്ത്രിസഭ നടത്തിക്കൊണ്ടുപോകാനുള്ള ചേരുവകളൊക്കെയുണ്ട്. വെറുതെ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം എന്തിന്. ഇതുതന്നെ ഒരു സൂപ്പര്‍മുഖ്യമന്ത്രിപദവിയല്ലേ? തെരഞ്ഞെടുപ്പില്‍ ഏറ്റവും ആക്ഷേപം കേട്ടതും വിമര്‍ശിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടി. ഫലംവന്നപ്പോള്‍ വന്‍ഭൂരിപക്ഷം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിസ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക്. വെറുതെയല്ല വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ലീഗും മാണികേരളയുമൊക്കെ അര്‍മാദിച്ചാടുന്നത്. വോട്ട് പാര്‍ടികള്‍ക്കല്ല-സമുദായത്തിനാണത്രെ. ഏതു മോശക്കാരനും ജയിക്കാം; ഭരിക്കാം-പിന്തുണയ്ക്കാന്‍ ഒരു ജാതി(മത)പ്പാര്‍ടിയും മലയാള മനോരമയും മതി. എല്ലാ കണക്കും ജാതി തിരിച്ചാണ്. ഇനിയിപ്പോള്‍ മനുഷ്യനില്ല-ജാതി മതി. ആളുകുറഞ്ഞ ജാതിയിലെങ്ങാനും പിറന്നുപോയാല്‍ പെട്ടതുതന്നെ. നമ്മുടെ ജനാധിപത്യം വളരുന്ന വഴിനോക്കണം.

*
വി ഡി സതീശന്‍ സാക്ഷാല്‍ തീപ്പൊരിതന്നെ. ഉമ്മന്‍ചാണ്ടി കയറിച്ചെല്ലാന്‍ മടിച്ചുനിന്നിടത്ത് ഓടിക്കയറി പൊരുതി മുന്നേറിയ വീരാളിവീരന്‍ . മന്ത്രിപദം വേണോ അധ്യക്ഷമഹോദയന്റെ കസേര വേണോ എന്നേ തീരുമാനിക്കാനുണ്ടായിരുന്നുള്ളൂ. ഹൈക്കമാന്‍ഡിന്റെ അന്തിമലിസ്റ്റ് വന്നപ്പോള്‍ സതീശന്റെ പേരിനുനേരെ "ഉപരിപഠനത്തിന് അര്‍ഹതയില്ല" എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. പറവൂരിലെ വോട്ടര്‍മാരെ സേവിച്ച് കഴിഞ്ഞുകൊള്ളുക. മന്ത്രിസ്ഥാനം വേറെ പോയി. ശിവകുമാറിനുവരെ കൊടുത്ത മന്ത്രിസ്ഥാനത്തിന് സതീശന് അര്‍ഹതയില്ലാതായതിന്റെ പൊരുള്‍തേടി ചെന്നപ്പോഴാണ് ചിദംബരം, സിങ്വി, മാര്‍ട്ടിന്‍ തുടങ്ങിയ അസുരഗണങ്ങളുടെ അപഹാരം കണ്ടെത്തിയത്. സതീശന്‍ കസേരയില്‍ കയറിയാല്‍ മാര്‍ട്ടിന്‍ അറസ്റ്റുചെയ്യപ്പെടുമത്രേ. അങ്ങനെവന്നാല്‍ ചിദംബരം സ്വാമിക്ക് നോവും. ആ നോവ് ഒഴിവാക്കാന്‍ സതീശന്‍ ശിഷ്ടകാലം എംഎല്‍എ ഹോസ്റ്റലില്‍തന്നെ കഴിയട്ടെയെന്ന് സ്വാമി കല്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി നടപ്പാക്കി. മുരളിയും അച്യുതനും കാര്‍ത്തികേയനും സതീശനും വാഹിദും കഹാറും മന്ത്രിസ്ഥാനത്തിന് യോഗ്യരല്ലെന്ന് കല്‍പ്പിച്ചത് ഹൈക്കമാന്‍ഡോ ലോക്കമാന്‍ഡോ എന്ന് ഉമ്മന്‍ചാണ്ടിയോടുതന്നെ ചോദിക്കണം. നാലാംവട്ടം ആര്യാടന് മന്ത്രിയാകാം. മുരളിയെയും കാര്‍ത്തികേയനെയും വഹിച്ച് ശിവകുമാറിന് മന്ത്രിപദം പൂകാം.

യുഡിഎഫ് ബെഞ്ചിലെ ഏക പെണ്‍തരിയും പട്ടികവര്‍ഗക്കാരിയുമായ ജയലക്ഷ്മിയുടെ പേര് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയിരുന്നില്ല. ജയലക്ഷ്മിക്കുവേണ്ടി അമ്പെയ്തത് രാഹുല്‍ഗാന്ധിയാണ്. അതിപ്പോള്‍ സ്വന്തം നേട്ടമായി പേറിനടക്കുന്നു ഉമ്മന്‍ചാണ്ടി. ചെന്നിത്തലയെ ആണെങ്കില്‍ കാണാനേയില്ല. അഥവാ പുറത്തു കണ്ടുപോയാല്‍ ചിരി വിടരുന്നില്ല. ആ നേതാവ് ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. ഞാന്‍ നായരാണ്, മമതയെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നവനാണ്, അര്‍ഹനാണ്, അവകാശപ്പോരാളിയാണ് എന്നെല്ലാം പറഞ്ഞുനോക്കിയിട്ടും ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലപോലും. പിന്നെങ്ങനെ ചിരി വരും?

*
വാര്‍ത്ത വായിച്ച് കുടുംബജീവിതം തകര്‍ന്നുപോയ പൊലീസുകാരന്‍ പത്രലേഖകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പിടിക്കപ്പെട്ടു. ആകെമൊത്തം ക്വട്ടേഷന്റെ കളിയാണ്. പി ജെ ജോസഫിനെതിരെ പി സി ജോര്‍ജിന്റെ ക്വട്ടേഷന്‍ , തന്‍പിള്ളയ്ക്കുവേണ്ടി പിള്ളയുടെ ക്വട്ടേഷന്‍ , ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ചെന്നിത്തലയുടെ ക്വട്ടേഷന്‍ . ഇനിയിപ്പോള്‍ യുഡിഎഫില്‍നിന്ന് ഇടയ്ക്കിടെ അട്ടഹാസവും രോദനവുമെല്ലാം ഉയര്‍ന്നുകേള്‍ക്കാം. അതാണല്ലോ നടപ്പുരീതി. തുടങ്ങുന്നതിനുമുമ്പ് ഇതുപോലെ നാറിയ മറ്റൊരു ഭരണം കേരളം കണ്ടിട്ടില്ല. ആദ്യം ഉമ്മന്‍ചാണ്ടിക്കുവേണ്ടി വിജിലന്‍സ്, പിന്നെ അടൂര്‍ പ്രകാശിനുവേണ്ടി ഉമ്മന്‍ചാണ്ടി. കേസുകള്‍ വലിക്കുന്നു. സ്ഥലംമാറ്റങ്ങള്‍ തകൃതിയായി നടക്കുന്നു. കഞ്ഞിമുക്കിയ ഖദറില്‍ അത്തറുപൂശുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം തലസ്ഥാന നഗരിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ശക്തന്‍നാടാര്‍ ഇപ്പോള്‍ ചാടും എന്നുപറഞ്ഞ് ഹസാരെമോഡല്‍ സമരത്തിനിറങ്ങുകയാണ്. നാടകം കണ്ട് കൈയടിക്കാറുള്ള സുധീരനും ആദര്‍ശം രാവിലെയും ഉച്ചയ്ക്കും രാത്രിയും പശുവിന്‍പാലില്‍ ചേര്‍ത്തുസേവിക്കുന്ന മഹത്വപ്പെട്ടവരും മൗനത്തിന്റെ മണ്‍പുറ്റിലൊളിച്ചിരിക്കുന്നു. നാടകംതന്നെ ഉലകം.

Sunday, May 15, 2011

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്

തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുദ്രാവാക്യംവിളിയും പടക്കം പൊട്ടിക്കലും ഓട്ടവും ചാട്ടവുമൊക്കെ പതിവുകാഴ്ചയാണ്. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരും ജയിച്ചില്ലേ? എവിടെയും കണ്ടില്ല ആഹ്ലാദപ്രകടനം. ജയിച്ച സ്ഥാനാര്‍ഥികളെ പൊക്കിയെടുത്ത് ഒന്ന് ഇളക്കി. അതോടെ കഴിഞ്ഞു ഒച്ചയും ബഹളവും. ഇതൊരു ജയമാണെന്ന് യുഡിഎഫിനും തോന്നുന്നില്ല. അല്ലെങ്കിലും ആരാണ് ജയിച്ചത്? ആരും ജയിച്ചതുമില്ല, തോറ്റതുമില്ല. ഭരണത്തിന് എതിരായ വികാരം എവിടെയും പൊട്ടിമുളച്ചതുകണ്ടില്ല. തരംഗവും കണ്ടില്ല. കേരളം പതിവു തെറ്റിച്ചു. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണക്കസേരയിലിരുന്നവരെ പ്രതിപക്ഷത്തേക്ക് അയക്കുന്ന പതിവ് ഇത്തവണ സാങ്കേതികമായിമാത്രമാണ് ശരിയായത്. മുള്‍മുനയില്‍ കസേരയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ കയറാന്‍ പോകുന്നത്. ഭരണബെഞ്ചിലെ രണ്ടു എംഎല്‍എമാര്‍ക്ക് പന്നിപ്പനിപിടിച്ചാല്‍ ഭരണം ഗോപിയാകും. ഇനി നിയമസഭയില്‍ ടോയ്ലറ്റുകള്‍പോലും അടച്ചിടേണ്ടിവരും. രണ്ടോ മൂന്നോ എംഎല്‍എമാര്‍ ഒരുമിച്ച് ടോയ്ലറ്റില്‍പോയാല്‍ ഭരണം തകര്‍ന്നുപോയാലോ. ഇതുപോലൊരു അവസ്ഥ പണ്ട് കാസ്റ്റിങ് മന്ത്രിസഭയുടെ കാലത്തുണ്ടായിരുന്നു. അന്ന് നമ്പാടന്‍മാസ്റ്റര്‍ കാസ്റ്റിങ് ഭരണത്തിന്റെ തലവര മാറ്റിക്കുറിച്ചു. ഇപ്പോള്‍ ചാടാന്‍ തയ്യാറായി പലരും നില്‍പ്പുണ്ട്. ഒന്ന് കണ്ണുകാണിച്ചാല്‍ മതി വേലിചാടി ഇങ്ങുപോരും. അതു വേണ്ടെന്ന് ഇടതുഭാഗത്തുള്ളവര്‍ തീരുമാനിക്കുന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാണിസാറിനും സ്വയം തല്ലിപ്പിരിയുംവരെ ഭരിക്കാം. ഇത് ഒരു ഇടവേളയാകുന്നു.

സിനിമയുടെ അല്‍പ്പഭാഗംപോലെയൊന്ന്. അതുകണ്ട് യുഡിഎഫിന്റെ പഴയകാലം ഓര്‍മിച്ചെടുക്കാമല്ലോ. പുതിയ അടിയും തകൃതിയായി തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടനം പാലായില്‍നിന്നാണ്. മാണിസാറിന്റെ മൂക്കിനുതുമ്പത്തുനിന്ന്. തക്കതായ കാരണങ്ങള്‍ ഇല്ലാതില്ല. വോട്ടെണ്ണുന്നതിനിടയില്‍ ഒന്നുരണ്ടുവട്ടം പാലായുടെ മാണിക്യം കരിപോലെ കറുത്തുപോയി. സ്വന്തം പാലാപട്ടണത്തില്‍ മാണിസാറിന് ഭൂരിപക്ഷം നൂറ്റിയെട്ട്. വീടിരിക്കുന്ന വാര്‍ഡില്‍ ഭൂരിപക്ഷം മഹത്തായ എട്ടു വോട്ട്. മറ്റൊരു മാണിവന്ന് മാണിസാറിന്റെ മാനവുംകൊണ്ട് പോകേണ്ടതായിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാലും അതിന്റെ കലി അടങ്ങിയിട്ടില്ല. ലയനത്തിന് കനത്ത വില താനാണ് നല്‍കേണ്ടിവന്നത് എന്നത്രേ മാണിസാറിന്റെ വിലാപം. ആ വില പലിശസഹിതം തിരിച്ചുകിട്ടണം. കുഞ്ഞുമാണിക്കുഞ്ഞിന് കേന്ദ്രത്തില്‍ ഒരു സഹമന്ത്രിപദം, ജയിച്ച ഒമ്പതില്‍ പാതിയും മന്ത്രിമാരാകണം, ബാക്കിയുള്ളവര്‍ക്ക് വല്ലതും തടയുന്ന പദവികളും വേണം. കോണ്‍ഗ്രസ് ശോഷിച്ച് ശോഷിച്ച് എടുക്കാനും വയ്ക്കാനും പറ്റാത്ത പരുവത്തിലാണ്. മലപ്പുറം, കോട്ടയം എന്നീ ജില്ലകള്‍ കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലെങ്കില്‍ എന്ത് കോണ്‍ഗ്രസ്; എന്ത് യുഡിഎഫ്. കോഴിക്കോട്ടും ഇടുക്കിയിലും കൊല്ലത്തും കാസര്‍കോട്ടും കോണ്‍ഗ്രസിന്റെ കൊടി പോയിട്ട് പൊടിപോലും കാണാനില്ല. ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും ചെലവിലാണ് ഊണും ഉറക്കവും. ഗണേഷ്കുമാര്‍ കണ്ണുരുട്ടിയാല്‍ ഉമ്മന്‍ചാണ്ടി പേടിക്കണം. പണ്ട് ഗറ്റൗട്ട് പറഞ്ഞ ടി എം ജേക്കബ്ബിന് ഇനി വെള്ളിത്തളികയില്‍ വിളമ്പണം പാല്‍ക്കഞ്ഞി. വെറുതെയല്ല ഉമ്മന്‍ചാണ്ടിക്ക് കസേരകൊടുത്ത് ചെന്നിത്തല പിന്മാറിയത്. സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ പലതും മണക്കുന്നുണ്ട്. ഭരണത്തില്‍ വരുമ്പോള്‍തന്നെ ഇതാണ് ഗതിയെങ്കില്‍ ഇനിയുള്ള നാളുകളില്‍ എങ്ങനെ ഗതിപിടിക്കും. ഇതുവരെ ചെന്നിത്തലയെ പേടിച്ചാല്‍ മതിയായിരുന്നു. ഇനി അബ്ദുള്ളക്കുട്ടിയെയും പി സി ജോര്‍ജിനെയും പേടിക്കണം. മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി ചുമക്കും. ബാക്കിയുള്ള 71 പേര്‍ നോക്കുകൂലി വാങ്ങും. ചരിത്രം തിരുത്തിക്കുറിക്കുന്ന ഭരണമാണ് വരാന്‍പോകുന്നത്.

കസേരയില്‍ കയറുംമുമ്പുതന്നെ വിജിലന്‍സിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഭരണം തുടങ്ങിയാല്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നടക്കുമെന്ന് ഈ നടപടിയിലൂടെ തെളിയിച്ചു. ചെന്നിത്തലയ്ക്ക് ക്ലിഫ്ഹൗസിലേക്ക് കയറാനുള്ള മുഹൂര്‍ത്തം പൊട്ടിവിടരുംവരെ ഉമ്മന്‍ചാണ്ടി ഇരിക്കും. മുരളി, അടൂര്‍ പ്രകാശ്, ആര്യാടന്‍ തുടങ്ങിയ കല്ലുമുള്ള് മൂര്‍ഖന്‍പാമ്പുകളുടെ സംസ്ഥാന സമ്മേളനം സെക്രട്ടറിയറ്റ് കെട്ടിടത്തിലേക്ക് മാറാന്‍പോകുന്നു.

*
അടി യുഡിഎഫിലാണെങ്കിലും നമ്മുടെ മാധ്യമസഖാക്കളുടെ നോട്ടം ഇടത്തേക്കാണ്. ഇടതുപക്ഷം തോറ്റുപോയി എന്ന് ഭാഗ്യവശാല്‍ ആരും എഴുതിക്കണ്ടില്ല. അവര്‍ക്കിപ്പോള്‍ പ്രതിപക്ഷനേതാവ് ആരാകുമെന്ന് തീരുമാനിക്കാനുള്ള തിരക്കാണ്. രണ്ടു സീറ്റിന് വിജയം നഷ്ടപ്പെട്ടുപോയെങ്കിലും കേരളത്തില്‍ ഏറ്റവും ജനസമ്മതിയുള്ള പാര്‍ടി സിപിഐ എമ്മാണെന്ന് ആര്‍ക്കും സംശയമില്ല. കിട്ടിയ വോട്ടിന്റെ കണക്കുനോക്കിയാല്‍ മുന്നണികള്‍ തമ്മില്‍ ഒരുലക്ഷത്തിന്റെ വ്യത്യാസമേ ഉള്ളൂ. അത്രയും സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാമെങ്കില്‍ , പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനാണോ പ്രയാസം. വെറും അഞ്ചുമിനിറ്റിന്റെ കാര്യംമാത്രം. ആരാവണമെന്നോ ആരാവേണ്ട എന്നോ ഇടതുപക്ഷത്തുനിന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, അതില്‍ തര്‍ക്കമുണ്ടെന്ന് മാതൃഭൂമി പറയുന്നു, മനോരമ പറയുന്നു, മറ്റു പലരും പറയുന്നു. യുഡിഎഫില്‍ കൂട്ടത്തല്ല് നടക്കുമ്പോഴാണ് സാങ്കല്‍പ്പികമായ ഈ വിവാദം കത്തിച്ചുവിടുന്നത് എന്നോര്‍ക്കണം.

100 സീറ്റ് കിട്ടുമെന്ന് യുഡിഎഫ് കട്ടായം പറഞ്ഞിടത്താണ് തോറ്റോ ജയിച്ചോ എന്നു പറയാനാവാത്ത സ്ഥിതിയിലെത്തിയത്. എല്‍ഡിഎഫിന് വിഷമിക്കാന്‍ ഏറെയൊന്നുമില്ല. ഈ നേട്ടത്തിന്റെ കാരണങ്ങളെക്കുറിച്ചും തര്‍ക്കിക്കേണ്ടതില്ല. എല്ലാവരും ഒത്തുനിന്ന് ജയിക്കാന്‍വേണ്ടി അശ്രാന്തം പരിശ്രമിച്ചു അതിന് പ്രതീക്ഷയ്ക്കടുത്ത ഫലംതന്നെ ലഭിക്കുകയുംചെയ്തു. ജാതിയുടെയും മതത്തിന്റെയും സംഘടിതശക്തികളുടെ കൂറ് വലത്തോട്ടായിരുന്നു. സമദൂരക്കാര്‍ ആരോരുമറിയാതെ ഒരുവശത്തേക്ക് ചാഞ്ഞുവെന്ന് പിന്നീട് അവര്‍തന്നെ പറഞ്ഞു. പോരാഞ്ഞ് മുഖ്യമന്ത്രിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങളും നടത്തി. മാധ്യമങ്ങള്‍ വലത്തുതന്നെയായിരുന്നു. മതം പറഞ്ഞാണ് മലപ്പുറം പിടിച്ചത്. മാണി- ജോസഫ് മധുവിധുവിന് മണിയറ ഒരുക്കിയത് പട്ടക്കാരാണെന്ന് ജോസഫ് പറഞ്ഞതാണ്. അക്കഥ പിന്നെയാരും മാറ്റിപറഞ്ഞിട്ടില്ല. നേമത്ത് രാജഗോപാലിന് കിട്ടിയ വോട്ടിന് നന്ദി പറയേണ്ടത് ഖദറിട്ട ചങ്ങാതിമാരോടാണ്.

ഇതൊക്കെയായിട്ടും രാഷ്ട്രീയം പറഞ്ഞ് ഇടതുപക്ഷം വോട്ടു ചോദിച്ചു, നേടുകയുംചെയ്തു. പ്രചാരണം നയിച്ച വി എസിനും ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കാകെയും അവകാശപ്പെടാവുന്ന നേട്ടം. അതിന്റെ അളവ് തിട്ടപ്പെടുത്തി തമ്മിലടിപ്പിക്കാനാണ് പുതിയ അഭ്യാസം. വി എസിന്റെ നേതൃത്വത്തെക്കുറിച്ചോ അതു മുന്നണിക്കുണ്ടാക്കിയ നേട്ടത്തെക്കുറിച്ചോ ഇവിടെ ആരും തര്‍ക്കം പറഞ്ഞിട്ടില്ല. എന്നിട്ടും എന്തേ ഇപ്പോള്‍ വിവാദമുയര്‍ത്താന്‍ ?

നാട്ടില്‍ വര്‍ഗീയ വികാരങ്ങളെ വോട്ട് നേട്ടത്തിനായി പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു എന്ന പച്ചപ്പരമാര്‍ഥം മറച്ചുപിടിക്കേണ്ടത് യുഡിഎഫിന്റെ അമാലന്മാരുടെ കടമതന്നെ. അത് അവര്‍ നടത്തട്ടെ. പാര്‍ടിയിലെയും മുന്നണിയിലെയും ഐക്യമാണ് തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നത്. അതു കൂടുതല്‍ ദീപ്തമായി തുടരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് തകര്‍ക്കാനാണ് വലതുപക്ഷം കൊതിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വിവാദങ്ങള്‍ നെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ എന്നോ വരാനിരിക്കുന്ന പാര്‍ടി സമ്മേളനങ്ങളെക്കുറിച്ച് പ്രബന്ധം രചിക്കാന്‍ മാധ്യമ പടുക്കള്‍ തയ്യാറായപ്പോള്‍ അസുഖം വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇനിയും വിവാദങ്ങള്‍ പൂവിടും. അതു അവഗണിച്ച് സാര്‍ഥവാഹകസംഘം മുന്നോട്ടു പോകുകയുംചെയ്യും.

*
ചില നുറുങ്ങുകള്‍ :

എം വി രാഘവന്റെയും ഗൗരിയമ്മയുടെയും പാര്‍ടികള്‍ക്ക് അകാലചരമം. ഗൗരിയമ്മ തോറ്റപ്പോള്‍ കെപിസിസി ഓഫീസില്‍ കൂട്ട കൈയടിയായിരുന്നു. വോട്ടണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഗൗരിയമ്മ ഇറങ്ങിവരുമ്പോള്‍ പക്ഷേ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആദരവോടെ മാറിനിന്നു. ആര്‍ക്ക് ആരോടാണ് ആദരവും കൂറുമെന്ന് ഗൗരിയമ്മയ്ക്കുമാത്രം മനസ്സിലായിട്ടുണ്ടാകില്ല. കണ്ണുകാണാത്തവരെയും നടക്കാന്‍വയ്യാത്തവരെയും ജനങ്ങള്‍ വീട്ടിലിരുത്തിയെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. ആ ജോര്‍ജ് മുന്നണിക്ക് അകത്ത്. ഗൗരിയമ്മ പടിക്ക് പുറത്ത്. നല്ല ന്യായംതന്നെ.

ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. ആ ഒരു രൂപപോലും കൊടുക്കാന്‍ ജനങ്ങളുടെ കൈയില്‍ ഉണ്ടാകില്ല എന്ന അവസ്ഥയാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ വന്നിരിക്കുന്നത്. ഇനിയാരും ഓട്ടോയില്‍ കയറേണ്ട, ബൈക്കും കാറും ഓടിക്കേണ്ട. വോട്ടു ചെയ്തവര്‍ക്ക് ഇങ്ങനെയല്ലാതെ നന്ദി പറയാന്‍ കഴിയുമോ. -കണ്ണൂരില്‍ എല്‍ഡിഎഫ് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കില്‍ ഭരണം കൈയിലാകുമായിരുന്നുവെന്ന് ഒരു പറച്ചില്‍ . അവിടെ ആകെ പതിനൊന്ന് മണ്ഡലം. എല്‍ഡിഎഫ് ജയിച്ചത് ആറിടത്ത്. യുഡിഎഫ് അഞ്ചിടത്ത്. യുഡിഎഫിന്റെ അഞ്ചുപേര്‍ക്കുംകൂടി കിട്ടിയ ഭൂരിപക്ഷം 25,346. എല്‍ഡിഎഫ് ജയിച്ച ആറിടത്ത് കിട്ടിയ ഭൂരിപക്ഷം 1,62,114. അതായത്, എല്‍ഡിഎഫിന്റെ ഒരു മണ്ഡലത്തിലെ ശരാശരി ഭൂരിപക്ഷത്തിന്റെ അടുത്തെത്തില്ല യുഡിഎഫിന്റെ ആകെ ഭൂരിപക്ഷം എന്നര്‍ഥം. മണ്ഡലം വെട്ടിമുറിച്ചപ്പോഴുണ്ടായ കുഴപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 1,40,678 വോട്ട് കൂടുതല്‍ കിട്ടി എല്‍ഡിഎഫിന് കണ്ണൂരില്‍ . പഴി വേറെ, സത്യം വേറെ. കണ്ണൂരിനെ ഒന്ന് കൊട്ടിയാലും ചിലരുടെ അസ്ക്യത മാറും.

Sunday, May 8, 2011

ജനാധിപത്യത്തിന്റെ അഞ്ചാംകാല്‍

നാലുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന ജനാധിപത്യത്തിന് ഒരു ഊന്നുവടി അത്യാവശ്യമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവര്‍ ഒത്തുപിടിച്ച് ജനാധിപത്യത്തിന്റെ ഊന്നുവടിയോ അഞ്ചാം കാലോ ആയി മാറുക എന്നതിനേക്കാള്‍ മഹത്തായ ത്യാഗമെന്തുണ്ട്? കേരളത്തിന്റെ സാംസ്കാരിക നായകരും നായികമാരുമായ ബി ആര്‍ പി ഭാസ്കറും സാറാ ജോസഫും ടി പി രാജീവനും ജെ ദേവികയും എം ജി എസും സക്കറിയയും പിയേഴ്സണും വേണുവും ജഗദീശനും കരുണാകരനും മാനുവലും ചേര്‍ന്നതാണ് അഞ്ചാംതൂണ്‍ . അതില്‍നിന്ന് അജിതച്ചേച്ചിയെ വിലക്കിയിരിക്കയാണത്രേ. സുഗതകുമാരിയുടെ അംഗത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പായിട്ടില്ലത്രേ. "അഴിമതിവിരുദ്ധ പോരാട്ടനായകന്‍" എന്ന നിലയില്‍ ക്രൈം നന്ദകുമാറിന് വിശിഷ്ടാംഗത്വം നല്‍കും.

ബാബു ഭാസ്കറിന്റെ നേതൃത്വത്തില്‍ അഴിമതിക്കാരെ പിടികൂടാന്‍ പ്രത്യേക കമാന്‍ഡോ സ്ക്വാഡ് രൂപീകരിക്കും. കാരി സതീശന്‍ , ഗുണ്ടുകാട് സാബു, വാക്കത്തി വര്‍ഗീസ് തുടങ്ങിയ സമരവളന്റിയര്‍മാര്‍ അതില്‍ അംഗങ്ങളാകും. രാവിലെ മുതല്‍ വൈകുവോളം മദ്യവിരുദ്ധ സത്യഗ്രഹമിരുന്നാല്‍ എന്തു തടയുമെന്ന ചോദ്യത്തിന് മൂന്നു ലാര്‍ജടിക്കാനുള്ള കാശ് കിട്ടുമെന്ന് മറുപടി പറയുന്ന ഒരു സിനിമാരംഗമുണ്ട്. അതുപോലെയാണ് നമ്മുടെ പുതിയ എസ്റ്റേറ്റു കച്ചവടക്കാര്‍ . അവര്‍ പറയുന്നത്, "പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നിയമനിര്‍മാണസഭകള്‍ , നിര്‍വഹണവിഭാഗം, നീതിന്യായവ്യവസ്ഥ, മാധ്യമലോകം എന്നീ നാലു നെടുംതൂണുകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുകയും തിരുത്തുകയും അങ്ങനെ വ്യവസ്ഥ മൊത്തത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതിയിരുന്നത്, ആ സ്വപ്നം തകര്‍ന്നിരിക്കുന്നു, അതുകൊണ്ട് രക്ഷകരിതാ ഞങ്ങള്‍ എഴുന്നള്ളുന്നേ"എന്നാകുന്നു.

അങ്ങ് ഹസാരെ തൊപ്പിയും പാളത്താറുമിട്ട് ഉണ്ണാവ്രതമിരുന്നപ്പോള്‍ കൊട്ടിപ്പാട്ടു നടന്നതു കണ്ടുണ്ടായ ഇളക്കമാണ്. വേറെ പണിയൊന്നുമില്ലാത്തതിന്റെ അസ്ക്യത. എല്ലാ അഴിമതിയെയും സംരക്ഷിക്കും; കണ്‍മുന്നില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ മിണ്ടില്ല-നിങ്ങള്‍ സിപിഐ എം ആകാതിരുന്നാല്‍ മതിയെന്നതാണ് നമ്മുടെ അഞ്ചാംകാല്‍ മാന്യന്മാരുടെ നിബന്ധന. അവരുടെ പോരാട്ടം മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ മാത്രമായിരുന്നു ഇന്നലെവരെ. 2ജി സ്പെക്ട്രമെന്നും കോമണ്‍വെല്‍ത്ത് കളിയെന്നും ആദര്‍ശ് ഫ്ളാറ്റെന്നും മറ്റും നാടാകെ പറഞ്ഞപ്പോള്‍ അഞ്ചാം കാലുകാരന്റെ നാവ് പൊന്തിയിരുന്നില്ല. ഇപ്പോള്‍ ഒരുവിധം പരിപ്പൊന്നും വേവാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും പത്രത്തില്‍ പേര് അച്ചടിച്ചു വരേണമല്ലോ. അതിനായി കിടക്കട്ടെ പാവപ്പെട്ട ജനാധിപത്യത്തിന് ഒരു കാലുകൂടി. എന്തായാലും പുതിയ കാല്‍ അരാജകത്വത്തിന്റെ കാല്‍ ആകാതിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. മേലെതമ്പാനൂരിലെ തമിഴ്നാടന്‍ ഖാദിക്കടയില്‍ ബീയാര്‍പിക്കായി ജൂബയും തൊപ്പിയും തയ്യാറായിട്ടുണ്ട്. നാളെ കാണാം, തൊപ്പിവച്ച് വടികുത്തി "ഹേ റാം" വിളിയുമായി ബീയാര്‍പിയുടെ സത്യഗ്രഹം. പന്തലില്‍ സുഗതകുമാരിയെ കൊണ്ടുവരണമെന്നും വേണ്ടെന്നും രണ്ടുണ്ട് അഭിപ്രായം.

ഏതായാലും സക്കറിയയും കെ എം റോയിയും ഉണ്ടാകും. ജനകീയവികസന സമിതി, ഇടത് ഏകോപനസമിതി, ജനകീയവികസന മുന്നണി, അധിനിവേശ പ്രതിരോധ സമിതി- ഇത്യാദി മഹാപ്രസ്ഥാനങ്ങളുടെ ഉത്തരാധുനിക രൂപമത്രേ അഞ്ചാം കാല്‍ . ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവിടെ നമ്മുടെ സി ആര്‍ നീലകണ്ഠനെ കാണുന്നില്ല. പുള്ളിക്കാരന്‍ സ്വന്തം ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകും. അഞ്ചാം എസ്റ്റേറ്റുകാര്‍ സാക്ഷാല്‍ വീരന്റെ എസ്റ്റേറ്റിലേക്ക് മാര്‍ച്ചുചെയ്യുന്നത് കാണാന്‍ കൊതിയാകുന്നു.

*
കൈരളി ടിവിയുടെ എംഡിസ്ഥാനത്തു നിന്ന് മര്‍ഡോക്ക് ചാനലിന്റെ ഉദ്യോഗസ്ഥാനത്തേക്കുള്ള ചാട്ടം പെട്ടെന്ന് ആര്‍ക്കും പ്രതീക്ഷിക്കാവുന്നതല്ല. ജോണ്‍ബ്രിട്ടാസ് കഴിവുള്ള മാധ്യമപ്രവര്‍ത്തകനാണ്-അതുകൊണ്ട് മര്‍ഡോക്ക് കൈമാടി വിളിച്ചു. കൈരളിയില്‍ നിന്ന് വിടുതല്‍ വേണമെന്നും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കണമെന്നും ബ്രിട്ടാസ് ആഗ്രഹം പ്രകടിപ്പിച്ചു. പോകാന്‍ നിശ്ചയിച്ചവരെ വിലക്കേണ്ടതില്ലെന്നും നല്ലവാക്കു പറഞ്ഞ് പിരിയാമെന്നും ചാനല്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ചെയ്തു. കൈരളിയുടെ മുമ്പത്തെ മറ്റൊരു എംഡി ഇന്ന് മര്‍ഡോക്കിന്റെ ചാനലിലുണ്ട്. കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായിരുന്ന മറ്റൊരാള്‍ ഇന്നിരിക്കുന്നത് എന്‍ഡിഎഫ് മുഖപത്രത്തിന്റെ പത്രാധിപക്കസേരയിലാണ്. അങ്ങനെ പലരും വരും; പോകും. എല്ലാവരും കമ്യൂണിസ്റ്റുകാരാകണമെന്നില്ല. പാര്‍ടി അനുഭാവികള്‍ക്കും അംഗങ്ങള്‍ക്കും ഏതെങ്കിലും വ്യവസ്ഥാപിത സ്ഥാപനത്തില്‍ ജോലിചെയ്യുന്നതിന് വിലക്കുമില്ല. മനോരമയിലും മാതൃഭൂമിയിലും ബിബിസിയിലും പാര്‍ടി അംഗങ്ങള്‍ക്ക് ജോലിചെയ്യാമെങ്കില്‍ അനുഭാവികള്‍ക്ക് സ്റ്റാര്‍ ഗ്രൂപ്പ് നിഷിദ്ധമാകുന്നതെങ്ങനെ?

ബ്രിട്ടാസ് കൈരളിയെ മുന്‍നിരയിലെത്തിക്കാന്‍ ശരിക്കും പ്രയത്നിച്ചു. അതിന്റെ ഫലം ഉണ്ടാകുകയും ചെയ്തു. അതിനുള്ള പ്രതിഫലമാണ് യാത്രയയപ്പിലൂടെ കിട്ടിയത്. ഇനി എക്കാലത്തും കൈരളിയെ സേവിച്ചുകൊള്ളാമെന്ന് കരാറില്ല. പിന്തുടര്‍ന്ന് മര്‍ഡോക്കിന്റെ മടയില്‍ചെന്നും ബ്രിട്ടാസിനെ സ്നേഹിക്കുമെന്ന കരാറുമില്ല. മര്‍ഡോക്കിന്റെ ശമ്പളം വാങ്ങി ഇടതുപക്ഷത്തിന് സേവ ചെയ്യാമെന്ന് ബ്രിട്ടാസ് കരുതുന്നുമുണ്ടാകില്ല. മര്‍ഡോക്കിന്റെ ശമ്പളക്കാരെയാകെ ആക്രമിക്കണമെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? വിയോജിപ്പ് മര്‍ഡോക്ക് എഴുന്നള്ളിക്കുന്ന മാധ്യമക്കുത്തകയോടാണ്-അതിന്റെ രാഷ്ട്രീയത്തോടാണ്.

എങ്കിലും ബ്രിട്ടാസേ, അത്തരമൊരു മടയിലേക്ക് പോകണമായിരുന്നോ എന്ന് പഴയ പരിചയക്കാര്‍ക്കൊക്കെ ചോദിക്കാം. "അങ്ങനെ പോകുന്നതാണ് അഭികാമ്യമെന്ന് തോന്നി; അത് ചെയ്യുന്നു" എന്നാണ് മറുപടിയെങ്കിലോ? നന്മ ആശംസിച്ച് പിന്മാറുക തന്നെ. അതാണ് മാന്യത. ഇവിടെയും അതാണുണ്ടായത്. അതിന്റെ താത്വിക-ബൗദ്ധിക പ്രശ്നങ്ങളെക്കുറിച്ച് കുലംകഷമായി ചര്‍ച്ചിക്കാനൊന്നുമില്ല. കൈരളിക്ക് ബ്രിട്ടാസില്‍ നിന്നും ബ്രിട്ടാസിന് കൈരളിയില്‍ നിന്നും അമൂല്യമായ അനുഭവം കിട്ടിയിട്ടുണ്ട്. ആ കൊടുക്കല്‍ വാങ്ങലിന്റെ കാലംകഴിയുമ്പോള്‍ , രണ്ടുകൂട്ടര്‍ക്കും വിഷമമില്ലാത്ത വേര്‍പിരിയല്‍ ഉണ്ടായെങ്കില്‍ അതുതന്നെ നല്ല കാര്യം. അതില്ലായിരുന്നെങ്കില്‍ "നന്ദികെട്ടവരേ മാര്‍ക്സിസ്റ്റുകളേ" എന്ന വിളിയും കേള്‍ക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ മാന്യമായി കാര്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. മര്‍ഡോക്കിന്റെ കാലാളായി വരുമ്പോള്‍ ആവഴിക്കുള്ള യുദ്ധം നടക്കും. ഇനിയും ബ്രിട്ടാസിനും ഇടതുപക്ഷത്തിനും യോജിക്കാവുന്ന മേഖലയുണ്ട്-മര്‍ഡോക്കിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ന്യായമായ പരാതികളുയരുമ്പോള്‍ ഇടതുപക്ഷമല്ലാതെ സഹായിക്കാന്‍ മറ്റാരുണ്ടാകും? മലയാളത്തിന്റെ സ്വന്തമെന്നു കെട്ടിയാടിയ ഏഷ്യാനെറ്റ് മര്‍ഡോക്ക് കൈക്കലാക്കുന്നതിനെതിരെ ഇവിടെ സിപിഐ എമ്മിന്റെ ശബ്ദമേ ഉയര്‍ന്നിരുന്നുള്ളൂ. അന്ന് മിണ്ടാതിരുന്നവര്‍ , ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആ ചാനലില്‍ ചേരുമ്പോള്‍ അലറുന്നു; മുക്രയിടുന്നു. അതില്‍ ഒരനീതിയുണ്ട്. അതാണ് ബ്രിട്ടാസിന്റെ കൂടുമാറ്റത്തേക്കാള്‍ ഗുരുതരം.

*
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി വി ആര്‍ ഷേണായിക്ക് ബി ആര്‍ പി ഭാസ്കറിനേക്കാള്‍ യുവത്വവും പ്രസരിപ്പുമുണ്ട്. ഒട്ടും ഓര്‍മക്കുറവില്ല. പ്രത്യേകിച്ച് ബംഗാളിന്റെ കണക്കുപറയുമ്പോള്‍. ചിലര്‍ക്ക് പെന്‍ഷനാകുമ്പോഴാണ് ബോധോദയവും വീണ്ടുവിചാരവുമുണ്ടാകുന്നത്. ഷേണായിയുടെ കഥ അതല്ല. ഒട്ടും മാറിയിട്ടില്ല; ഓര്‍മ പോയിട്ടുമില്ല.

40 വര്‍ഷം മുമ്പ് ബംഗാളിലെ ബരാക്പുരിലെ ചണമില്ലില്‍ പോയപ്പോള്‍ ഉണ്ടായ അതേ പൊടി ഇപ്പോഴും ഉണ്ടെന്നു കണ്ടെത്തിക്കളഞ്ഞു ബുദ്ധിശാലി. ചണയില്‍ നിന്നു ചാക്ക് ഉണ്ടാക്കുമ്പോഴുള്ള പൊടി ഇല്ലാതാക്കാന്‍ ഇടതുമുന്നണി ഭരണത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് സിപിഐ എം തോല്‍ക്കണമെന്ന്. 40 വര്‍ഷം മുമ്പും മലയാളി അരിഭക്ഷണമാണ് കഴിക്കുന്നത്. ഇപ്പോഴും അതിലൊരു മാറ്റവുമില്ല. നെല്ലില്‍ നിന്നാണ് അരി കിട്ടുന്നത്. അതും മാറിയിട്ടില്ല. അതുകൊണ്ട് ഇവിടെയും ഒരു വികസനവും നടന്നിട്ടില്ല-സിപിഐ എം തോല്‍ക്കണമെന്നു പറയാഞ്ഞത് ഭാഗ്യം. 40 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യത്തിനിടെ ഒരു തവണയെങ്കിലും സിപിഐ എം ജയിക്കണമെന്ന് ഷേണായി എഴുതിയിട്ടുണ്ടോ? കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഓരോ തവണയും തോല്‍ക്കണമെന്നുതന്നെയാണ് എഴുതിയത്. ഇപ്പോള്‍ പറയുന്നു: "ഇത്തവണ തോല്‍ക്കണം" എന്ന്. ഇതിനെയാണ് നാം നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമെന്ന് വിളിക്കുന്നത്.