Sunday, January 19, 2014

തരിശിലെ "നായ്ക്കുരണ കൃഷി"

ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്‍മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള്‍ അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.

നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന്‍ എന്ന് സാരം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്‍ത്തികേയന്‍ കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.

*

കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.

ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.

ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.

"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.

വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?

രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.

*

നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.

സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന്‍ തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.

സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.

Monday, January 13, 2014

പണ്ടോറയുടെ മലയാളപ്പെട്ടി

ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്‍ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന്‍ താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.

"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന്‍ "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.

പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.

 ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.

ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്‍ടിക്കാര്‍ വേറെ ചൂലെടുക്കേണ്ടിവരും.  എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള്‍ ജി, ഹം കേരള്‍ കാ കൊടുവാള്‍, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.

കേരളത്തില്‍ ആം ആദ്മി പാര്‍ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.

അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര്‍ പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.

ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന്‍ എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്‍, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന്‍ സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന്‍ തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.

Monday, January 6, 2014

രോഗശമനത്തിന് അത്യുത്തമം

ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.

എല്ലാവര്‍ക്കും നേട്ടമാണ്. കാര്‍ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.

വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്‍. ആ മോഹനന്‍ ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.

27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.

പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ.

*
സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്‍ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്‍കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.