Sunday, April 21, 2013

തമസ്സല്ലോ സുഖപ്രദം

ആപത്തു വരുമ്പോള്‍ കൂട്ടത്തോടെയാണ്. പഴയൊരു സിനിമാപ്പാട്ടുണ്ട്:""പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു. പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു. സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു. അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു..."" എന്ന്. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ എഴുതിയത് നാലു പതിറ്റാണ്ടിനുശേഷം യുഡിഎഫിന് ബാധകമാകും എന്ന് ഓര്‍ത്തുകൊണ്ടാവില്ല.

ഇക്കാലത്ത് പാതിരനേരം സൂര്യനുദിക്കാതെ തന്നെ യുഡിഎഫിലെ സന്മാര്‍ഗ കുലപതിമാര്‍ ഞെട്ടിത്തരിച്ച് വിറങ്ങലിച്ചു നില്‍പ്പാണ്. ഒരു മന്ത്രിയെ അസാന്മാര്‍ഗിയെന്ന് ഭാര്യതന്നെ വിളിക്കുന്നു. ഒരാളുടെ കേസ് പല കോടതികളിലാണ്. മറ്റൊരു മന്ത്രിക്ക് പ്രധാന പണി ലോകം ചുറ്റലും പെണ്ണുകേസ് തീര്‍ക്കലുമാണെന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച് കെപിസിസി ഭാരവാഹി തുറന്നടിക്കുന്നു. എംഎല്‍എമാരെ നയിക്കുന്നയാള്‍ വേലിചാടുമ്പോള്‍ എംഎല്‍എമാര്‍ മതിലുതന്നെ ചാടണം. ഒരു എംഎല്‍എ അവിഹിതക്കേസില്‍ പെട്ടുകഴിഞ്ഞു. മറ്റൊരു പ്രമുഖന്‍ എങ്ങനെ പെടാതിരിക്കും എന്നതില്‍ ഗവേഷണം നടത്തുന്നു. നിവേദനവുംകൊണ്ട് ചെല്ലുന്ന സ്ത്രീകള്‍ക്കുപോലും രക്ഷയില്ല എന്നാണ് ഭരണകേന്ദ്രങ്ങളില്‍നിന്നുള്ള പരസ്യവിവരം. ഏതുനിമിഷവും ചിലരുടെ ത്രസിപ്പിക്കുന്ന കഥകള്‍ പുറത്തുവരാം. വിവരം കിട്ടിയിട്ടും പലരും പുറത്തുവിടാത്തത് മാന്യതകൊണ്ടും തെളിയിക്കാനുള്ള പ്രയാസങ്ങളോര്‍ത്തുമാണ്.

ഗൗരിയമ്മയ്ക്ക് മടുത്തു. ഇനി പുറത്തുപോയാല്‍ മതി. സഹിക്കുന്നതിന്റെ അതിരുകടന്ന് കുറെ ദൂരം പോയിക്കഴിഞ്ഞു. അല്ലെങ്കിലും ഇനി പി സി ജോര്‍ജും ഗൗരിയമ്മയും ഒന്നിച്ചിരിക്കുന്നത് അചിന്ത്യമായ പരിപാടിതന്നെ. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി ജോര്‍ജിന് ആരുടെയുമൊപ്പം ഇരിക്കാം. ഗൗരിയമ്മയ്ക്ക് അത്രതന്നെ താഴാനാവില്ല എന്ന് അവരും അനുയായികളും കരുതുന്നതുകൊണ്ടാകണം, വിട്ടിറങ്ങിപ്പോകാന്‍ പ്രമേയം വന്നത്. യുഡിഎഫിന്റെ ആ ഭാഗം നഷ്ടപ്പെട്ടു എന്നര്‍ഥം.

മുന്നണിയുടെ സ്ഥാപകനാണ് പിള്ള. പി സി ജോര്‍ജ് നൊയമ്പുനോറ്റപോലെ പിള്ളയ്ക്ക് മിണ്ടാവ്രതമൊന്നുമില്ല. വേണ്ടത് സ്ഫുടമായിത്തന്നെ പറയുന്നുണ്ട്. സാധാരണ തൊലിക്കട്ടി വല്ലതുമാണെങ്കില്‍ ഉമ്മന്‍ചാണ്ടി ഒന്നുകില്‍ പിള്ളയെ പുറത്താക്കുമായിരുന്നു-അല്ലെങ്കില്‍ എല്ലാം മതിയാക്കി പുതുപ്പള്ളി ഫാസ്റ്റില്‍ കയറുമായിരുന്നു. ഉമ്മന്‍ചാണ്ടി കൈയിലുണ്ടെങ്കില്‍ എന്തുമാകാമെന്ന് കരുതേണ്ടെന്ന് പിള്ള ഗണേശിനോട് പറയുമ്പോള്‍, ഉമ്മന്‍ചാണ്ടി ഗണേശിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തു എന്നാണ് മലയാളം. ഒന്നുകില്‍ അത് നിഷേധിക്കണം. അല്ലെങ്കില്‍ പിള്ളയുടെ നാവടക്കണം. രണ്ടിനും കഴിയുന്നില്ല പുതുപ്പള്ളിയുടെ രോമാഞ്ചത്തിന്.

ഭരണബഞ്ചിലെ ഓരോ എംഎല്‍എയും ഓരോ പ്രസ്ഥാനമാണ്. ആളു ചെറുതെങ്കിലും കോളു വലുത് എന്ന മട്ട്. ആര്‍ക്കും അഴിമതിയാവാം. പീഡനമാകാം. വിദേശരാജ്യങ്ങളില്‍ വല്ലവന്റെയും ചെലവില്‍ കറങ്ങിയടിച്ച് മദോന്മത്തരാകാം. തിരിച്ചുവന്നാല്‍ കെ പി മോഹനനെക്കൊണ്ട് ഓരോ ടിവി കൊടുപ്പിക്കും. ആ ടിവിയാണ് ആണവപ്രശ്നത്തേക്കാള്‍ വലിയ പ്രശ്നമെന്ന് ഇഷ്ടമാധ്യമങ്ങളെക്കൊണ്ട് വാര്‍ത്തയും കൊടുപ്പിക്കും. പത്രസമ്മേളനത്തിനെത്തിയ ബിസിനസുകാരന്‍ വേണ്ടരീതിയില്‍ "ഗിഫ്റ്റ്" കൊടുക്കാതിരിക്കുമ്പോള്‍ കെറുവിച്ച് തന്തയ്ക്കു വിളിക്കുന്നത് പതിവാക്കിയ മാധ്യമസിംഹങ്ങളുണ്ട്. അവര്‍ക്കുപോലും എംഎല്‍എമാര്‍ക്ക് വാര്‍ഷിക ഉപഹാരമായി ഇരുപത്തിരണ്ടിഞ്ച് ടിവി കിട്ടുമ്പോള്‍ സദാചാര-സന്മാര്‍ഗ വിരേചനമുണ്ടാകുന്നത് രസമുള്ള കാഴ്ചതന്നെ. സമ്മാനംകൊടുത്ത ടിവി വല്ല മുപ്പത്തിരണ്ടിഞ്ചോ മറ്റോ ആയിരുന്നുവെങ്കില്‍ സംസ്ഥാനം മാലിന്യപ്രശ്നംകൊണ്ട് പൊറുതിമുട്ടിയേനെ.

എം വി രാഘവനെ ചെന്നു കണ്ട് സമാധാനിപ്പിച്ച ചെന്നിത്തല ഏതു മുന്നണിയെയാണ് നയിക്കുന്നത്? യുഡിഎഫ് ഭരണം മോശം, ക്രമാസമാധാനം തീരെ മോശം എന്നു പറഞ്ഞാണ് കാസര്‍കോട്ടുനിന്ന് ചെന്നിത്തല യാത്ര തുടങ്ങിയത്. തിരുവനന്തപുരത്തിന്റെ അതിര്‍ത്തി തൊടുമ്പോള്‍തന്നെ കേരളത്തില്‍ കൂറ്റന്‍ കാറ്റടിച്ച് രാഷ്ട്രീയ മാറ്റമുണ്ടാകുമത്രെ. ആ കാറ്റില്‍ പറക്കുന്നത് ചെന്നിത്തലതന്നെയാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഉപശാലകളില്‍നിന്നുള്ള മറുപടി. ചെന്നിത്തല പ്രതിപക്ഷ നേതാവാകേണ്ട എന്ന് പരസ്യമായിത്തന്നെ എ ഗ്രൂപ്പുകാര്‍ പറഞ്ഞുകഴിഞ്ഞു. ചിലര്‍ക്ക് അതൊരസുഖമാണ്. അമ്മയോടൊപ്പം കിടക്കുകയുംവേണം, അച്ഛന്റെകൂടെ പോവുകയും വേണം. എവിടെയിരുന്നാലും വിമതന്റെ വേഷമിട്ടാല്‍ ശ്രദ്ധിക്കപ്പെടും. പറയുന്നതില്‍ അരക്കഴഞ്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍, അഴിമതിവിരുദ്ധമായ മനസ്സുണ്ടെങ്കില്‍ അന്തസ്സായി ഉമ്മന്‍ചാണ്ടിയെ തിരുത്തിക്കും. അതിനു കഴിഞ്ഞിലെങ്കില്‍ എല്ലാം മതിയാക്കും. ജാഥ നയിച്ചും ലേഖനമെഴുതിയും കാലം കഴിക്കാനാണെങ്കില്‍ ഉണ്ണിത്താന്റെ മാതൃകതന്നെ നല്ലത്. ഒഴിവുനേരത്ത് അല്‍പ്പം സിനിമാഭിനയവും ആകാം. വന്നുവന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനവും സന്തോഷ് പണ്ഡിറ്റിന്റെ താരപദവിപോലെയായി. അമ്പലംവിഴുങ്ങിക്ക് വാതില്‍പ്പലക പപ്പടംമാത്രം. ഉമ്മന്‍ചാണ്ടിയും ആര്യാടനും ഇരിക്കുന്ന മന്ത്രിസഭയെ "നയിക്കുന്ന" കെപിസിസി പ്രസിഡന്റ് ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

കോണ്‍ഗ്രസ് ഇങ്ങനെയൊക്കെയായതുകൊണ്ട് മലപ്പുറം പാര്‍ടിയിലെ പൊട്ടലും ചീറ്റലുമൊന്നും ആരും കേള്‍ക്കുന്നില്ല. മലയോരപ്പാര്‍ടി പക്ഷേ വ്യത്യസ്ത ശൈലിയിലാണ്. പി സി ജോര്‍ജിന്റെ കൈയില്‍ മാണിസാറിന്റെ എന്തോ ഒന്ന് ഭദ്രമായിരിപ്പുണ്ട്. ജോര്‍ജ് സുരക്ഷിതനാണ്. പി ജെ ജോസഫിനെക്കൊണ്ട് പാട്ടുപാടിപ്പിക്കും; ഫ്രാന്‍സിസ് ജോര്‍ജിന്റെ തന്തയ്ക്ക് വിളിക്കും; ആന്റണി രാജുവിനെ പുച്ഛിക്കും; മോന്‍സ് ജോസഫിനെ മോനേ എന്നുവിളിക്കും. എല്ലാം കഴിഞ്ഞ് മാണിസാറിനൊപ്പമിരുന്ന് സരസഭാഷണം നടത്തുകയുംചെയ്യും. പി ജെ ജോസഫും ഗൗരിയമ്മയും കൈപൊക്കിയാല്‍ തൊടാന്‍ പറ്റുന്ന ഉയരത്തിലല്ല; ഉമ്മന്‍ ചാണ്ടിയുടെയും മാണിസാറിന്റെയും മുതുകത്തുതന്നെയാണ് ജോര്‍ജിന്റെ ഇരിപ്പ്. പുള്ളിക്കെതിരെ പരാതി കൊടുത്താല്‍ ആ കടലാസ് കൊടുത്തവരോടൊപ്പം ചവറ്റുകുട്ടയിലേക്ക് പോകും. അധികാരക്കമ്പം പുതിയ കാലത്ത് നട്ടെല്ലിന് ബലം കുറയ്ക്കുന്നതുകൊണ്ട് എല്ലാ ചാട്ടവും തൊഴുത്തിലെത്തിയാല്‍ അവസാനിക്കും. അകിടുവീക്കത്തെക്കുറിച്ചും കറവക്കണക്കിനെക്കുറിച്ചും ആശങ്കപ്പെടാനേ യുഡിഎഫില്‍ ജോസഫിന് യോഗമുള്ളൂ.

മലയാളിക്ക് പരമ സുഖമാണ്. എന്റര്‍ടെയിന്‍മെന്റ് ചാനലുകള്‍ക്ക് കഷ്ടകാലവും. പുതിയ സിനിമകളൊന്നും വിജയിക്കുന്നില്ല. വാര്‍ത്താ ചാനലുകളില്‍ എല്ലാം കാണാം-യൂത്തുകോണ്‍ഗ്രസുകാരുടെ സ്റ്റണ്ട്, മന്ത്രിമന്ദിരങ്ങളിലെ സെക്സ്, എംഎല്‍എമാരുടെ കോമഡി. ഷിബു ബേബിജോണ്‍ ലണ്ടന്‍ ടാക്സിയിലാണ് യാത്ര. വേറെ ഒരു പണിയുമില്ല. എ സി ജോസ് പറഞ്ഞതുപോലെ ചുറ്റിയടിക്കല്‍മാത്രം. അതിനിടെ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് വിളിച്ചുപറയാന്‍ ആരുമില്ലാതായിപ്പോയി. വിദ്യാര്‍ഥിയായ മകന്‍ അച്ഛന് ലണ്ടന്‍ ടാക്സി സമ്മാനമായി കൊടുക്കുന്നു; മന്ത്രിയായ അച്ഛന്‍ മോഡിയങ്കിളിന് ആറന്മുള കണ്ണാടി കൊടുക്കുന്നു. മോഡിയുടെയും നാരായണ ഗുരുവിന്റെയും താടി ഒരുപോലെയെന്ന സിദ്ധാന്തം ശിവഗിരിയില്‍നിന്ന് വരുമ്പോള്‍ ആറന്മുള വിമാനത്താവളംതന്നെ മോഡിക്ക് സമ്മാനമായി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമോ എന്നാണിനി അറിയേണ്ടത്.

സൂര്യഭഗവാന്‍ രാവിലെ ഉദിച്ച് വൈകിട്ട് തിരിച്ചുപോകുമ്പോഴത്തെ കേരളത്തിന്റെ കാഴ്ച ഇതാണെങ്കില്‍, ടിയാന് അര്‍ധരാത്രി ഒരു സന്ദര്‍ശനത്തിന് തരംകിട്ടിയാല്‍ എന്താകുമെന്ന് ചിന്തിക്കാനേ വയ്യ. മലയാളിയെക്കൊണ്ട് ഇരുമ്പുലക്ക വിഴുങ്ങിക്കുകയും ചൂടുവെള്ളം കുടിപ്പിക്കുകയുമാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫാകുന്ന അഗ്നിപര്‍വതത്തിന്റെ അഗ്നിമുഖത്തു കിടന്നാണല്ലോ ഉമ്മന്‍ചാണ്ടി ഈ ത്യാഗമെല്ലാം സഹിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ശതമന്യുവിന്റെ കരളു കത്തുകയാണ്- ഇത്രയും അപാരമായ തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയെയാണല്ലോ കുറ്റപ്പെടുത്തുന്നത് എന്നോര്‍ത്ത്. ഈ ആപത്തെല്ലാം മറികടന്ന് ഏതെങ്കിലുമൊരുകാലത്ത് യുഡിഎഫ് രക്ഷപ്പെടുമായിരിക്കും. അന്ന് രാത്രികാലത്ത് സൂര്യനുദിക്കാതിരിക്കാനുള്ള നിയമനിര്‍മാണവും കൊണ്ടുവരാം.

Sunday, April 7, 2013

ഇരിക്കുന്ന കൊമ്പിന്റെ ബലം

ഇരിക്കണമെങ്കില്‍ ഇരുമ്പു തിന്നണം എന്നൊരു ചൊല്ലുണ്ട്. ആരായാലും ഇരിക്കുന്നിടത്തിന്റെ ബലമാണ് പ്രശ്നം. ഇരിക്കാന്‍ കിട്ടിയേടത്ത് കിടക്കരുത്. ഇരിക്കുംമുമ്പേ കാലുനീട്ടുകയുമരുത്. ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ അവിടെ മറ്റുവല്ലവരും കയറിയിരിക്കും. ഏറ്റവും പ്രധാനം ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന ആഹ്വാനമാണ്. വലിയ വലിയ പദവിയിലെത്തുമ്പോള്‍ രണ്ടു രീതി സ്വീകരിക്കാം. എന്തുകണ്ടാലും മിണ്ടാതിരിക്കാം. അതല്ലെങ്കില്‍, ആയിരം പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകം തുറന്ന് ആദ്യം കാണുന്ന ചൊല്ല് വായിക്കാം. എ കെ ആന്റണിക്ക് രണ്ടാമത്തെ രീതിയാണ് പ്രിയങ്കരം. ഈയിടെയായി പഴഞ്ചൊല്ലിന്റെ പുസ്തകം സ്ഥിരമായി കൈയിലുണ്ട്. ഓരോ തവണ കേരളത്തില്‍ വരുമ്പോഴും അത് നിവര്‍ത്തി ഒരുചൊല്ല് വായിക്കും. അത്യന്താധുനിക ചിത്രകലപോലെയാണ്. ഒരു ചിത്രം കണ്ടാല്‍, പീഡനമെന്നും രതിയെന്നും മഹത്തായ പ്രണയമെന്നും പറയാം.

ആന്റണി ഒടുവില്‍ വായിച്ച ചൊല്ല് ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ്. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കണം എന്നും ലക്ഷ്മണരേഖ ക്രോസ് ചെയ്യരുത് എന്നും. ട്രാഫിക്ക് നിയമങ്ങള്‍ നന്നായി പഠിച്ചയാളാണ് ആന്റണി. ഇപ്പോള്‍ പറഞ്ഞതിന്റെ അര്‍ഥം ചികഞ്ഞെടുക്കാന്‍ പക്ഷെ, കോണ്‍ഗ്രസുകാര്‍ പാടുപെടും. പണ്ട് എ-ഐ യുദ്ധം നടന്ന ഒരു കാലമുണ്ടായിരുന്നു. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമാക്കിയ കാലം. അക്കാലത്ത് ആന്റണി ഏതൊക്കെയോ കൊമ്പുകള്‍ മുറിച്ചതിന്റെ നിത്യസ്മാരകമാണ് ഇന്ന് മാറാവ്യാധി പിടിപെട്ട് ചത്തു ജീവിക്കുന്ന "എ" ഗ്രൂപ്പ്. ആന്റണി ഡല്‍ഹിക്ക് പോയിട്ടും "എ" ഗ്രൂപ്പ് "ഉ"ഗ്രൂപ്പായിട്ടില്ല.

ചിലര്‍ കതിരിനാണ് വളമിടുക. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആന്റണിയുടെ പ്രതികരണവും അതുതന്നെ. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയില്‍നിന്നോ തിരിച്ചോ രക്ഷപ്പെടുവാന്‍ സാധ്യതയൊന്നുമില്ല. കെപിസിസി പ്രസിഡന്റിനെക്കാള്‍ മുന്തിയ സ്ഥാനം പി സി ജോര്‍ജിനാണ്. ജോര്‍ജ് പറഞ്ഞാല്‍ വല്ലതും നടക്കും; ചെന്നിത്തല പറഞ്ഞാല്‍ പുള്ളിതന്നെ നടക്കും. മന്ത്രിസ്ഥാനം നല്‍കി മിണ്ടാട്ടം മുട്ടിക്കാന്‍ പലകുറി നോക്കീട്ടും വീഴാത്തത് നോക്കേണ്ട. ഓര്‍ക്കാപ്പുറത്ത് വീണ് മൂക്കുപോയ മുരളീധരന്‍ ഇതിനേക്കാള്‍ കേമനായിരുന്നു. ആന്റണിക്ക് അതെല്ലാം നന്നായറിയാം. തല്‍ക്കാലം ഉമ്മന്‍ചാണ്ടിയുടെ കൈയിലാണ് താക്കോല്‍ എന്നും ചെന്നിത്തല വാപോയ വാക്കത്തിയാണെന്നും ആന്റണിയെപ്പോലെ അറിയുന്ന മറ്റാരുണ്ട്? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലി മാറ്റണമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികളില്‍ സാന്നിധ്യം വേണമെന്നും ആഹ്വാനംചെയ്തത് ചെന്നിത്തലയെ മാത്രം ഉദ്ദേശിച്ചാണ്. തെളിച്ചു പറഞ്ഞാല്‍, ഉള്ള പണി നേരെ ചൊവ്വെ എടുത്ത് അടങ്ങിയിരുന്നുകൊള്‍ക എന്നതാണ് ഉപദേശം.

അല്ലെങ്കിലും കോണ്‍ഗ്രസ് ഇനി നന്നാകാനൊന്നും പോകുന്നില്ല. നന്നായിട്ട് വലിയ കാര്യവുമില്ല. മലബാര്‍മേഖലയില്‍ പച്ചക്കൊടിയാണ് പാറിക്കളിക്കുന്നത്. അവിടെ ലീഗിന്റെ അടുക്കളപ്പുറത്താണ് ഖദറുകാരുടെ ചോറ്. കെ സുധാകരനോട് മത്സരിക്കാന്‍പോലും കെ എം ഷാജിയെ ഇറക്കി ലീഗ് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഷാജിയാണോ സുധാകരനാണോ കേമന്‍ എന്നും വടക്കിന്റെ പി സി ജോര്‍ജ് പട്ടം ഇതിലാര്‍ക്ക് കിട്ടുമെന്നുമാണ് യുഡിഎഫിലെ പുതിയ തര്‍ക്കവിഷയം. കോട്ടയം ഭാഗത്തേക്ക് ചെന്ന് കോണ്‍ഗ്രസാണെന്ന് പറഞ്ഞാല്‍ വിലയില്ല. കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞുതന്നെ സ്തോത്രം ചൊല്ലണം. പിന്നെയും തെക്കോട്ടെടുത്താല്‍ പെരുന്നയിലോ കണിച്ചുകുളങ്ങരയിലോ ചെന്നാലേ കാര്യം സാധിക്കൂ. തെക്കേയറ്റത്ത് ശശി തരൂരല്ല, വിഷ്ണുപുരം ചന്ദ്രശേഖരനാണ് താരം. പാറശ്ശാലമുതല്‍ മഞ്ചേശ്വരംവരെ മഷിയിട്ടുനോക്കിയാലും കോണ്‍ഗ്രസിനെ കാണാനില്ല. എല്ലായിടത്തും മൂന്നാം കക്ഷിയോ നാലാംകക്ഷിയോ ആണ്. ഇരിക്കുന്നിടത്തിന് ബലം പോര. ഇരിക്കുന്ന കൊമ്പ് മുറിച്ചാലും പ്രശ്നമില്ല. താഴെക്കിടക്കുന്ന കൊമ്പ് വെട്ടിയാലെന്ത്, ഉണങ്ങിയാലെന്ത്.

ആന്റണി ഇടപെടില്ല എന്നുപറഞ്ഞാല്‍, ഇടപെട്ടതുകൊണ്ട് കാര്യമില്ല എന്നാണര്‍ത്ഥം. തല്‍ക്കാലം ഭരണം കൈയിലുള്ളതുകൊണ്ട് ഖദറിലും കാറിലും കയറി കുറെയാളുകള്‍ തേരാപ്പാരാ നടപ്പുണ്ട്. അത് എത്രനാളത്തേക്കാണെന്ന് തിട്ടമില്ല. ഭരണം പോയാല്‍ കോണ്‍ഗ്രസിന്റെ വിലാസമുണ്ടാകുമോ എന്നുപോലും സംശയം. ഇങ്ങനെയൊരു വിനാശകാലം ഇതിനുമുമ്പ് വന്നിട്ടില്ല. സുധീരന്‍ പോലും മിണ്ടുന്നില്ല. ഇനി വരുമ്പോള്‍ ആന്റണിക്ക് പുതിയ പഴഞ്ചൊല്ല് പറയാവുന്നതാണ്. അതല്ലാതെ നേര്‍ക്കുനേര്‍ പ്രതികരണം മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. എന്തിനോടാണ് പ്രതികരിക്കേണ്ടത്? ഗണേശിന്റെ മുഖത്തെ പാടിനോടോ? പി സി ജോര്‍ജിന്റെ നൊയമ്പിനോടോ? ഉമ്മന്‍ചാണ്ടിയുടെ വഷളത്തരത്തിനോടോ? ആര്യാടന്റെ ഗീര്‍വാണങ്ങളോടോ? കട്ടപ്പുറത്തായ ട്രാന്‍സ്പോര്‍ട്ട് ബസ്സും തെളിയാത്ത ഇലക്ട്രിക്ക് വിളക്കും പെരുച്ചാഴിക്കുപോലും വേണ്ടാതായ റേഷന്‍കടകളും കണ്ടുമടുത്ത കേരളീയര്‍ക്ക് പഴഞ്ചൊല്ല് തിന്നാല്‍ വയറുനിറയുമെന്നതുകൊണ്ട് ആന്റണി ഇനിയും വരാതിരിക്കരുത്.

*

വൃദ്ധന്‍ എന്നതിന് വാര്‍ധക്യം പ്രാപിച്ചവന്‍ എന്നുമാത്രമല്ല, പണ്ഡിതന്‍, അഭിവന്ദ്യന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. വൃദ്ധരെ പൊതുവെ എല്ലാവരും ആദരിക്കുന്നതും അതുകൊണ്ടുതന്നെ. വൃദ്ധചാപല്യങ്ങള്‍ ശല്യമായാല്‍ "വയസ്സായ ആളല്ലേ, വിട്ടുകള" എന്നാവും പലരുടെയും ഭാവം. അത് ഒരു സൗകര്യമാണ്. വയസ്സുകൂടുമ്പോള്‍ ആര്‍ത്തിയും കൂടുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ആപേക്ഷികമാണത്. കുരുട്ടുബുദ്ധിയിലാണ് ആയകാലത്ത് ഗവേഷണം നടത്തിയതെങ്കില്‍ അവസാനകാലത്ത് കുരുട്ടിന്റെ ഉസ്താദാകും. പിണറായിയില്‍ തോക്കും കൊടുവാളുംകൊണ്ട് പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഇതിലേത് ഗണത്തില്‍പെടുമെന്ന് പെട്ടെന്ന് തിട്ടപ്പെടുത്താനാകുന്നില്ല. ആദ്യം ചിലര്‍ പറഞ്ഞു, "വയസ്സനല്ലേ. വല്ല തകരാറും കൊണ്ടാവും" എന്ന്. പിന്നെ ചിലര്‍, "മനോരാഗിയാണ്, പോട്ടെ" എന്നായി. മാധ്യമങ്ങള്‍ക്ക് വെറുമൊരു നിസ്സാര വാര്‍ത്ത മാത്രം.

ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ഗൗരവത്തോടെ എടുക്കാത്തതിനുപിന്നില്‍ ഒരു മഹാകാര്യമുണ്ട്. ഇന്നലെ വരെ പറഞ്ഞത്, പാണ്ട്യാലമുക്കിലെ പിണറായി വിജയന്റെ വീട് കൊട്ടാര സദൃശം, ചുറ്റിലും കാവല്‍, അങ്ങോട്ട് ഒരീച്ചപോലും അനുവാദമില്ലാതെ കടക്കില്ല എന്നൊക്കെയാണ്. ഇതിപ്പോള്‍, ഒരാള്‍ തോക്കും കൊടുവാളുംകൊണ്ട് ആരുമറിയാതെ ആ വീട്ടിനുമുന്നിലെത്തിയിരിക്കുന്നു. അവിടെ ആയുധങ്ങള്‍ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുന്നു. യദൃച്ഛ്യാ പിടിക്കപ്പെട്ടതുകൊണ്ട് സംഗതി പുറത്തുവന്നു. ഈ വാര്‍ത്ത വലുതായി പ്രചരിപ്പിച്ചാല്‍, ഇന്നലെ വരെ ആവര്‍ത്തിച്ച പാര്‍ടി കാവലിന്റെയും "ദുരൂഹത"യുടെയുമെല്ലാം കഥ കഴിയും. നാട്ടിലെ മറ്റേതുപ്രദേശവുമെന്നപോലെയാണ് പാണ്ട്യാലമുക്കും എന്ന് സമ്മതിക്കേണ്ടിവരും. അതുകൊണ്ട് "ഒരു വയസ്സന്റെ വിക്രിയയായി" എല്ലാം അവസാനിപ്പിക്കാമെന്ന് തോന്നിപ്പോയതില്‍ കുറ്റംപറയാനാവില്ല.

വന്ന വയസ്സന്‍ വെറും വയസ്സനല്ലെന്നാണ് വിവരം. ഒരു ചെറുപ്പക്കാരന്റെ പിന്നിലിരുന്നാണ് വന്നിറങ്ങിയതത്രെ. വീട്ടില്‍ സൂക്ഷിച്ചത് വെടിമരുന്നും രമയുടെ പ്രസ്താവനകളുമാണത്രെ. നാലുദിവസം വടകരയില്‍ ഒരു ലോഡ്ജില്‍ തങ്ങിയ ശേഷമാണ് വന്നതത്രെ. അതിനു മുമ്പ് പിണറായി വിജയന്റെ പൊതുപരിപാടികള്‍ നടക്കുന്നിടത്ത് ചുറ്റിത്തിരിഞ്ഞുവത്രെ. ചന്ദ്രശേഖരന്റെ വിടവു നികത്താന്‍ ആര്‍എംപിയില്‍ കയറിക്കൂടിയ ഒരു വാഗ്വിലാസിയുണ്ട്. അയാള്‍ ഇടയ്ക്കിടെ പറയുന്നത്, "പിണറായിയുടെ അവസാനം വരെ ചന്ദ്രശേഖരന്റെ ചോര പിന്തുടരും" എന്നും മറ്റുമാണ്. ആ വഴിക്ക് അന്വേഷണം നടത്താന്‍ തിരുവഞ്ചൂരിന്റെ പൊലീസിന് കഴിവുണ്ടോ എന്നറിയില്ല. എന്തായാലും നമ്പ്യാര്‍ തോക്കുംകൊണ്ട് വന്നത് പക്ഷിയെ വെടിവയ്ക്കാനല്ല എന്നുറപ്പ്. ചുറ്റിത്തിരിഞ്ഞത് നാടുകാണാനല്ല എന്നും ഉറപ്പ്. നമ്പ്യാരുടെ ഡ്രൈവര്‍മാര്‍ ആരാണ് എന്നാണറിയേണ്ടത്. ആരായാലും പൊലീസ് പിടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ പിടിക്കും.

*

പാര്‍ടിഗ്രാമമെന്നും കുടിപ്പകയെന്നും തമ്മിലടിയെന്നുമെല്ലാം എഴുതുന്നത് നമ്മുടെ നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് ഹരമാണ്. എതിര്‍ രാഷ്ട്രീയക്കാരന്റെ വീടുകളിലേക്ക് വിവാഹത്തിനും മരണത്തിനുപോലും പോകാത്തതാണ് പാര്‍ടി ഗ്രാമങ്ങളുടെ ദോഷമെന്നെല്ലാം ചിലര്‍ പറഞ്ഞുവച്ചു. മാര്‍ക്സിസ്റ്റുകാര്‍ മനുഷ്യര്‍ തന്നെയല്ലേ എന്ന ചോദ്യം പിന്നാലെ വന്നു. അവര്‍തന്നെ ഇപ്പോള്‍ പറയുന്നു, അസുഖബാധിതനായി വീട്ടില്‍ കഴിയുന്ന എം വി രാഘവനെ പിണറായി വിജയന്‍ പോയി കണ്ടത് മോശമായിപ്പോയി എന്ന്. അടിയന്തരാവസ്ഥയുടെ അമരക്കാരാനായിരുന്ന കെ കരുണാകരന്‍ അന്തരിച്ചപ്പോഴും അസുഖബാധിതനായിരുന്നപ്പോഴും കക്ഷിനോക്കാതെ എല്ലാവരും ചെന്നതാണ്. ആ കരുണാകരനെ വീട്ടില്‍ചെന്ന് ദേശാഭിമാനി വരിക്കാരനാക്കിയത് ഇ കെ നായനാരാണ്. കരുണാകരന്‍ അപകടത്തില്‍പെട്ട് വിദേശത്ത് ചികിത്സയിലായിരുന്നപ്പോള്‍ വീട്ടില്‍ചെന്ന് കല്യാണിക്കുട്ടിയമ്മയെ ആശ്വസിപ്പിക്കാനും നായനാര്‍ മടിച്ചുനിന്നിട്ടില്ല. അതാണ് മനുഷ്യത്വം. മാര്‍ക്സിസം മനുഷ്യത്വത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്നില്ല. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം എല്‍ കെ അദ്വാനി നേരെ വിമാനം കയറിയത് ഇ എം എസിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു.

രാഷ്ട്രീയം മുഖത്തുനോക്കി പറയാനും കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും കഴിയുമ്പോള്‍തന്നെ, മാനവികമായ മൂല്യങ്ങളും മര്യാദകളും ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ അറച്ചുനിന്ന ചരിത്രമില്ല. എം വി രാഘവന്‍ യുഡിഎഫുമായി കലഹിച്ചുനില്‍ക്കുമ്പോള്‍, പിണറായി പോയിക്കണ്ടതിനെ ഭയപ്പാടോടെ കാണുന്ന യുഡിഎഫ് രാഷ്ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ശനം വിഷമമുണ്ടാക്കും. അവര്‍ അതില്‍ രാഷ്ട്രീയ സഖ്യത്തിന്റെയോ അടുപ്പത്തിന്റെയോ കാഴ്ചകള്‍ കാണും. എന്നിട്ട് കൂത്തുപറമ്പ് വെടിവയ്പ്പിനുത്തരവാദിയായ രാഘവനുമായി ചങ്ങാത്തമോ എന്ന് ചോദിക്കും. ഇവര്‍ക്കൊക്കെ തരാതരംപോലെയാണ് ആദര്‍ശവും മാനവികതയും. മാര്‍ക്സിസ്റ്റുകാരനും ആര്‍എസ്എസുകാരനും തമ്മില്‍ കണ്ടാല്‍ കത്തിയെടുക്കണമെന്നും കുത്തിക്കൊല്ലണമെന്നും ആഗ്രഹിക്കുന്നവരാണവര്‍. എങ്കിലേ അവര്‍ക്ക് വാര്‍ത്തയുണ്ടാകൂ; എങ്കിലേ അവരുടെ രാഷ്ട്രീയം നടപ്പാകൂ. അത്തരക്കാര്‍ക്ക് കെ ആര്‍ ഗൗരിയമ്മ ടി വി തോമസിനെ അനുസ്മരിക്കുന്നതുപോലും സഹിച്ചുവെന്നു വരില്ല.