Sunday, September 28, 2008

പ്രണയ പാരവശ്യം

"പ്രിയപ്പെട്ട ബുഷ്, ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു'' എന്ന് വികാരവായ്പോടെ മന്‍മോഹന്‍ സിങ് പറഞ്ഞതായി കാണുന്നു. കരഞ്ഞ് കെട്ടിപ്പിടിച്ച് ആ ചങ്ങാതിമാര്‍ വികാരങ്ങള്‍ പങ്കുവച്ചു. ടൈറ്റാനിക് കപ്പല്‍ മുങ്ങുമ്പോള്‍ നായിക റോസ് ഡെവിറ്റും നായകന്‍ ജാക്കും ഒന്നിച്ചിരുന്ന് വികാരഭരിതമായി നടത്തുന്ന സംഭാഷണമില്ലേ-ഏതാണ്ടതുപോലെ.

രംഗം വൈറ്റ് ഹൌസിലെ സദ്യാലയം.

സമയം പുലര്‍ച്ചെ കോഴി കൂവുന്നതിനു മുമ്പ്.

ബുഷ്: പ്രിയേ, നീ മനോഹരിയായിരിക്കുന്നു. നിന്റെ ചുണ്ടുകളില്‍ കവിത വിരിയുന്നു. നിന്റെ തലപ്പാവില്‍ എനിക്ക് ഇന്ത്യയെ കാണാം.

മന്‍: നാഥാ.......ഞാന്‍ ധന്യയായി.

ബുഷ്: ആര്യപുത്രീ, നീ ഇന്ത്യയെ ഇങ്ങ് വൈറ്റ് ഹൌസോളം ഉയര്‍ത്തി. ധീരേ, വീരേ, നിന്റെ നോട്ടം ആത്മാര്‍ഥതയുടെ ചെമ്പകപ്പൂപോലെ. നിന്റെ കവിളുകള്‍ക്ക് ഗോതമ്പിന്റെ നിറം.

മന്‍: എന്റെ രാജകുമാരാ, ഇന്ത്യക്കാരായ മണുങ്ങൂസന്മാരെ അങ്ങ് മനുഷ്യരാക്കി. അങ്ങില്ലെങ്കില്‍ ഞാനില്ല, എന്റെ നാടില്ല.

ബുഷ്: കരളേ, പ്രണയിനി, എല്ലാം നിന്റെ പാടവം.

മന്‍: ചരിത്രത്തിലെഴുതപ്പെടും പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദസുഖം.

കണ്ണുകള്‍ കണ്ണുകള്‍ കഥപറഞ്ഞത് നാല്‍പ്പതുമിനിറ്റ്. അപ്പോള്‍ വാള്‍സ്ട്രീറ്റിലെ വന്‍മരങ്ങള്‍ ഇളകിയാടി. ചിലത് വേരറ്റുവീണു. കപ്പല്‍ മുങ്ങുകയായിരുന്നു. പരസ്പരം സ്തുതിച്ചും സൌഹൃദം പങ്കിട്ടും കമിതാക്കള്‍ അത്താഴമുണ്ട് കഴിയുമ്പൊഴേക്കും കപ്പലിലെ അവസാനത്തെ അറയിലും വെള്ളം കയറിക്കഴിഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ എട്ടാമത്തെ ബാങ്കും പൊട്ടിയിരുന്നു.

****

'അകലെക്കണ്ടപ്പോളാട്ടിന്‍കുട്ടി, അതങ്ങടുത്തുകണ്ടപ്പോളാനക്കുട്ടി, അതങ്ങെടുത്തുനോക്കുമ്പോള്‍ പൂച്ചക്കുട്ടി, അതങ്ങെറിഞ്ഞനേരത്തോ കോട്ടിക്കായ' എന്ന മട്ടിലാണ് കാര്യങ്ങള്‍. കുഞ്ഞുണ്ണി മാഷുപറഞ്ഞപോലെ എല്ലാം ഒരു തോന്നലാണ്. തിട്ടമായി ഇന്നതാണെന്ന് ഇതുവരെ ബോധ്യമായിട്ടില്ല. മുതലാളിത്തഗുരുവിന് അക്ഷരം പിഴച്ചോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന സംശയം. കോട്ടയത്തെ അച്ചായനാണ് ഇപ്പോള്‍ സംശയത്തിന്റെ മൊത്തക്കച്ചവടം. ആശാനക്ഷരമൊന്നു പിഴച്ചാല്‍? അയ്യയ്യോ, കോട്ടയത്ത് തുറമുഖം വന്നാല്‍ സഹിക്കാം. ഇത് സഹിയുമോ?

'ആഗോളവല്‍ക്കരണം വന്നാല്‍ റബറിന്റെ വില കയറില്യോ...നമ്മടെ പുള്ളാര്‍ക്ക് വല്യവല്യ പണിയൊക്കെ കിട്ടില്ലായോ.....' എന്ന ചോദ്യം പലവട്ടം കേട്ടിട്ടുണ്ട്. 'പിന്നെന്തിന് മാര്‍ക്സിസ്റ്റുകള്‍ കൊടിയുംപിടിച്ച് നടക്കണത് ' എന്ന പേച്ചും, എന്തിനും ഏതിനും അമേരിക്കയിലേക്ക് ചൂണ്ടി-'അവിടെ എന്നാ സുഖമാ' എന്നും ചോദ്യവും എത്രവട്ടം കേട്ടു! ഇപ്പോള്‍ അതേ അച്ചായന്‍ വിതുമ്പുകയാണ്: "ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്തരാജ്യത്തിന്റെ ഏറ്റവും വലിയ മുതലാളിത്ത ഘടകമായ ധനസ്ഥാപനങ്ങളുടെ തകര്‍ച്ച ഉദാര സമ്പദ്‌വ്യവസ്ഥയുടെ ഗുരുക്കന്മാര്‍ക്കുതന്നെ വഴിതെറ്റിയെന്ന അപകടസൂചനയാണോ നല്‍കുന്നത്? ഇനിയും സ്ഥാപനങ്ങള്‍ അടര്‍ന്നുവീഴുമോ? തകര്‍ന്ന ധനസ്ഥാപനങ്ങളെയെല്ലാം ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി അമേരിക്കന്‍ സര്‍ക്കാരിനുണ്ടാകുമോ? അമേരിക്കയിലെ ധനസ്ഥാപനങ്ങളിലും കടപ്പത്രങ്ങളിലും വന്‍നിക്ഷേപം നടത്തിയ രാജ്യങ്ങള്‍ സുരക്ഷാകേന്ദ്രങ്ങളിലെ ഫണ്ട് മാറ്റിയാല്‍ അമേരിക്ക നിലംപതിക്കില്ലേ?''(മലയാള മനോരമ മുഖപ്രസംഗം, സെപ്തംബര്‍ 27)

ഇതെന്തൊരു കഥ? അമേരിക്ക തകരുകയോ? ലോകത്തെ രക്ഷിക്കാന്‍ അവശേഷിക്കുന്ന ഏകമാര്‍ഗം മുതലാളിത്തമാണെന്നു പറഞ്ഞിരുന്ന അച്ചായന് ഇത് എന്നാ പറ്റി? സംഗതി വലിയ കുഴപ്പമാണ്. മെറില്‍ലിഞ്ച്, ലേ മാന്‍, ഗോള്‍ഡ്‌മാന്‍ സാച്ചസ്, സ്റ്റാന്‍ലി മോര്‍ഗന്‍, എഐജി, ഫാനിമേ, ഫ്രെഡിമാക്ക് എന്നെല്ലാമുള്ള വായില്‍കൊള്ളാത്ത പേരുകള്‍ ഇടക്കിടെ കേട്ടപ്പോള്‍തന്നെ എന്തരോ ഗുലുമാല് വരാന്‍ പോകുന്നതിന്റെ ചൂരടിച്ചിരുന്നു. ഇക്കണ്ടതെല്ലാം അമേരിക്കയിലെ 'പൊളപ്പന്‍' സാധനങ്ങളാണ്. ചിലത് ബാങ്ക്, മറ്റുചിലത് ബാങ്കിന്റെ ബാങ്ക്. ഇനിയും ചിലത് ഇന്‍ഷുറന്‍സ് കമ്പനി. ഇമ്മാതിരി സാധനങ്ങളെല്ലാം അമേരിക്കയില്‍ തകരുകയാണുപോല്‍! തിരുവനന്തപുരത്തെ ശബരീനാഥിനെപ്പോലെ പാപ്പരാവുകയാണുപോല്‍!

അമേരിക്കയില്‍ തകരുന്ന ഇത്തരം സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുകയാണെന്നും അത് ജനങ്ങള്‍ക്കുവേണ്ട നടപടിയാണെന്നുമാണ് കോട്ടയത്തെ 'കാപ്പിറ്റലിസ്റ്റ് ടൈംസ്' അഥവാ മലയാള മനോരമയുടെ മുഖപ്രസംഗം പറയുന്നത്. അതായത്, ദേശസാല്‍ക്കരണത്തിലൂടെ അമേരിക്ക സോഷ്യലിസ്റ്റാകുകയാണെന്ന്. അപ്പോള്‍ പിന്നെ വിപ്ലവവും വേണ്ട ചെങ്കൊടിയും വേണ്ട. ജോര്‍ജ് ബുഷ്, സഖാവ് ബുഷാകും. വാഷിങ്ടണ്‍ പോസ്റ്റ് ദേശാഭിമാനിയാകും!(ഇവിടെ സിപിഎം പിരിച്ചുവിടണമെന്ന ഒരു മുഖപ്രസംഗത്തിനുകൂടി വകുപ്പായി).

അച്ചായന്റെ മുഖപ്രസംഗം നിര്‍ത്തുന്നില്ല. തുടരന്‍ ഇങ്ങനെ:"അമേരിക്കന്‍ ധനസ്ഥാപനങ്ങളുമായി ഇടപാട് ഉണ്ടായിരുന്ന ചില ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കുറെ നഷ്ടം സംഭവിക്കാനിടയുണ്ടെങ്കിലും അവയുടെ ആസ്തികള്‍ കണക്കിലെടുക്കുമ്പോള്‍ കാര്യമായ ക്ഷതമൊന്നുമുണ്ടാവില്ല. ഒരുവര്‍ഷമായി റിസര്‍വ് ബാങ്ക് വളരെ കരുതലോടെയാണ് നീങ്ങിയത്. ലോക സമ്പദ്‌വ്യവസ്ഥയിലെ അപകടസൂചനകള്‍ കണ്ടറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.''

നമ്മുടെ റിസര്‍വ് ബാങ്കിന്റെ ഒരു കഴിവേയ്. ഇന്നാട്ടില്‍ ഇടതുപക്ഷം എന്നൊരു സാധനമുള്ളതായി അച്ചായന്‍ കണ്ടിട്ടില്ല;കേട്ടിട്ടില്ല. വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് ഭീമന്മാര്‍ക്കും വാതില്‍ തുറന്നുകൊടുക്കാന്‍ ഓങ്ങുമ്പോഴെല്ലാം മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും കഴുത്തിനു പിടിച്ചുനിര്‍ത്താന്‍ പ്രകാശ് കാരാട്ട്, ബര്‍ദന്‍ തുടങ്ങിയ ചില 'മൂരാച്ചികള്‍' തുനിഞ്ഞിറങ്ങിയത് ഓര്‍മയേ ഇല്ല. ആഗോളവല്‍ക്കരണത്തിന്റെ അപകടം വിളിച്ചുപറഞ്ഞ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഇതാ ദേശീയ നഷ്ടമുണ്ടാക്കുന്നവര്‍ എന്നലറിയാണ് നേരിട്ടത്. കുഞ്ഞുമരിച്ച സ്ത്രീയുടെ കണ്ണീരുപോലും പണിമുടക്കിനെതിരായ വിഷദ്രാവകമാക്കി മാറ്റാനാണ് അച്ചായന്റെ ചാനല്‍ മുതിര്‍ന്നത്. ഇപ്പോള്‍ ഇന്ത്യയുടെ രക്ഷകന്‍ റിസര്‍വ് ബാങ്ക് പോലും! എന്നാലും മിണ്ടരുത് ഇടതുപക്ഷക്കാരെക്കുറിച്ച് നല്ലൊരക്ഷരം. നാണംകെട്ട അംനേഷ്യ മുത്തശ്ശി.

അമേരിക്കയില്‍ കുഴപ്പമൊക്കെയാണെങ്കിലും കടിഞ്ഞാണ്‍ വല്ലാതെ മുറുക്കരുതെന്നാണ് മുഖപ്രസംഗത്തിലൂടെ മുത്തശ്ശിയുടെ ഉപദേശം. "കടിഞ്ഞാണ്‍ വളരെ മുറുക്കുന്നതു ശരിയായിരിക്കുകയില്ല. സാമ്പത്തികവളര്‍ച്ചയെ വീര്‍പ്പുമുട്ടിക്കാതെയുള്ള സന്തുലിതമായ സമീപനം തന്നെയാണ് അഭികാമ്യം'' എന്ന്. ജോര്‍ജ് ബുഷച്ചായന്‍ നമിക്കട്ടെ ഈ ഉപദേശസാഹസത്തിനുമുന്നില്‍! പൊന്നമ്മ സൂപ്രണ്ടിനെ നാടുകടത്തിയ ഒഴിവില്‍ ഒരു സാരോപദേശപംക്തി തുടങ്ങാവുന്നതുമാണ്.

****

ശതമന്യുവിന്റെ ഒരു സുഹൃത്ത് എഴുതിച്ചോദിക്കുന്നു: ഇങ്ങനെ ദേശസാല്‍ക്കരണം നടത്തിയാല്‍ അമേരിക്ക ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാജ്യമായിപ്പോകില്ലേ എന്ന്. ലോകത്താകെ മുതലാളിത്തം വിരിയിക്കാന്‍ പെടാപ്പാടുപെടുന്ന ബുഷിന്റെ നാട്ടില്‍ സോഷ്യലിസമോ? ലോകബാങ്ക്, ഐഎംഎഫ് എന്നെല്ലാമുള്ള പടപ്പുകളെ വിട്ട് എവിടെയെങ്കിലും പൊതുമേഖലയുണ്ടെങ്കില്‍ പിടിച്ച് സ്വകാര്യമേഖലയിലാക്കാനാണ് ഇന്നലെവരെ പാടുപെട്ടത്. ഇപ്പോള്‍ 'ഏതു ബാങ്ക് ദേശസാല്‍ക്കരിക്കണം' എന്നാണ് രാവിലെ എണീറ്റയുടനെ ബുഷ് ആലോചിക്കുന്നത്.

കഴിവുള്ളവന്‍ അതിജീവിക്കും, കഴിവുകെട്ടവന്‍ നശിക്കും എന്ന പല്ലവിയൊന്നും കേള്‍ക്കാനില്ല. കഴിവുകെട്ട് നശിക്കുന്നവനെ പണം പമ്പുചെയ്ത് നിവര്‍ത്തിനിര്‍ത്താന്‍ ഖജനാവ് തുറന്നുവച്ചിരിക്കയാണ്. 'സ്വകാര്യ ബിസിനസുകാര്‍ ലാഭമുണ്ടാക്കുന്നിടത്തോളം മുതലാളിത്തം ബിസിനസുകാരുടേതാണ്, അവര്‍ നഷ്ടമുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ മുതലാളിത്തം സര്‍ക്കാരിന്റേതാകും' എന്നാണ് പ്രമാണം. ലാഭം നമുക്കും നഷ്ടം ജനങ്ങള്‍ക്കും.

ഏതായാലും അമേരിക്കയിലെ 'ദേശസാല്‍ക്കരണത്തെക്കുറിച്ച് ' മനോരമ പറഞ്ഞതുപോലെ, "നികുതിദായകന്റെ പണംകൊണ്ട് ഈ സ്വകാര്യസ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക.......അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് ബുഷ് ഇറങ്ങിത്തിരിച്ചത്. ഈ ദേശസാല്‍ക്കരണമാകട്ടെ, ഉടമകള്‍ക്കല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ്.'' എന്ന അഭിപ്രായം ശതമന്യുവിനില്ല. കാരണം, അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്, തകരുന്ന സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിന്മേലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രക്രിയയാണ്. അതായത്, സ്വകാര്യ ധനസ്ഥാപനങ്ങളെ അതേപടി നിര്‍ത്തി അതിന്റെ കടബാധ്യത ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തീര്‍ക്കുമെന്ന്. മനോരമ പേടിക്കേണ്ട. കടിഞ്ഞാണ്‍ മുറുക്കില്ലെന്നു മാത്രമല്ല, പൂര്‍ണമായി അയച്ചിടുകതന്നെ ചെയ്യും ജോര്‍ജ് ബുഷ്. മുതലാളിത്തത്തെ രക്ഷിക്കാന്‍ പൊതുമുതല്‍കൊണ്ടൊരു മറിമായം. സോഷ്യലിസത്തില്‍ പൊതുമുതല്‍ ജനങ്ങള്‍ക്കു കിട്ടും, മുതലാളിത്തത്തില്‍ അത് മുതലാളിമാര്‍ തിന്നും. അമേരിക്ക സോഷ്യലിസ്റ്റാവും എന്ന പേടി തല്‍ക്കാലം വേണ്ട. നിലനില്‍ക്കാന്‍വേണ്ടി ചില നാടകങ്ങള്‍-അതും അപ്പച്ചന്റെയൊരു കുസൃതി.

Sunday, September 21, 2008

നൂല്‍ മാര്‍ഗം

മാലപ്പടക്കത്തിന് തീകൊടുത്തപോലെ അങ്ങ് അമേരിക്കാവില്‍ കൂറ്റന്‍ കമ്പനികള്‍ തുരുതുരെ പൊട്ടുകയാണ്. തീപ്പൊരികള്‍ പൊട്ടിച്ചിതറി ഇങ്ങ് മന്‍മോഹന്‍ജിയുടെ തലപ്പാവിലുമെത്തുന്നു. ബുഷ് സായിപ്പിന്റെ ഉറക്കംകെടുത്തുന്ന മലവെള്ളപ്പാച്ചില്‍ ലോകത്താകെയുള്ള മാധ്യമങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും റിപ്പോര്‍ട്ടുചെയ്തു. ഇവിടെയിങ്ങ് കേരളാവില്‍ ബുഷിന്റെ ചാര്‍ച്ചക്കാര്‍ നടത്തുന്ന ഒരു പത്രമുണ്ട്. അവര്‍ക്ക് സംഗതി വെറും വാണിജ്യപ്പേജ് വാര്‍ത്തയാണ്. വാഷിങ്ടണിലെ പടക്കം കോട്ടയം പത്രത്തിന്റെ വാലില്‍കിടന്നും പൊട്ടുന്നുണ്ടോ എന്ന് സംശയിക്കണം. വലിയ വാര്‍ത്ത തിരുവനന്തപുരത്തുള്ളപ്പോള്‍ എന്തിന് വാഷിങ്ടണിലേക്കു നോക്കണമെന്ന ന്യായം നല്ലതുതന്നെ.

ശബരീനാഥും കുറെ പെണ്ണുങ്ങളുംകൂടി കൃഷ്ണനും ഗോപികയും കളിച്ചുപൊട്ടിച്ചത് ചില്ലറ കോടികളാണോ. ഒരുകണക്കിന് അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും ഇതും ഒരുപോലെതന്നെ. ഊഹംവച്ച് കച്ചവടം നടത്തിയതിന്റെ ദുരന്തമാണ് രണ്ടും. ശബരീനാഥിന്റെ ഏജന്റന്‍മാര്‍ പാല്‍പുഞ്ചിരിയും ശൃംഗാരചേഷ്ഠകളുമായി വന്നുചോദിച്ചപ്പോള്‍, നൂറ്റുക്ക് നൂറും അതിലേറെയും പലിശ മോഹിച്ച് പെട്ടിതുറന്നു കമഴ്ത്തിയവരാണ് കെണിഞ്ഞത്. പലിശ കിട്ടുമെന്നത് ഒരൂഹം മാത്രം. കിട്ടിയ പണംകൊണ്ട് ചെക്കന്‍ അര്‍മാദിച്ചു. കേരളാ ലോട്ടറിയുടെ പരസ്യം പോലെയാണ് 'പ്രതിഫലം' നല്‍കിയത്. രണ്ടാഴ്ച കൂടെക്കഴിഞ്ഞ നടിക്ക് പത്തുലക്ഷവും കാറുമത്രേ ലോട്ടറിയടിച്ചത്. 'മകള്‍ പ്രേമഭാജനം, അമ്മ ബിസിനസ് താരം' എന്ന നാടകവും അരങ്ങേറി. മാനേജരായി വിലസിയ ചുരിദാറുകാരിക്ക് കുചേലന് കൃഷ്ണന്‍ കൊടുത്തപോലെ കൊടുത്തൂ കൊട്ടാരം രണ്ട്. എറണാകുളത്തെ നടിയുടെ മടിയില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തെ വിമാനക്കാരിയുടെ കവിളിലേക്കെത്താന്‍ 16 വണ്ടിയും പറ്റില്ലെന്നായപ്പോള്‍ ചെറുക്കന്‍ ബിഎംഡബ്ളിയൂ എന്ന മുന്തിയ വണ്ടി വാങ്ങി നടയ്ക്കിരുത്തിയത്രേ. പണംകൊണ്ടൊരാറാട്ട്.

ഏതാണ്ട് അതുപോലെതന്നെയാണ് ബുഷ് സായ്പിന്റെ നാട്ടിലെ ബാങ്കുകളും കളിച്ചത്. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമല്ലേ യഥാര്‍ഥ വാര്‍ത്ത. അതുകൊണ്ട്, ശബരീനാഥിനെയും തോഴിമാരെയും കുറിച്ചുള്ള കഥയും ഉപകഥയും അച്ചായന്റെ പത്രത്തില്‍ വായിച്ചു കോള്‍മയിര്‍ കൊള്ളുക. ബുഷ് സായ്പിന്റെ ബാങ്കുതകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമെല്ലം അറിയാന്‍ ഏതെങ്കിലും മൂരാച്ചിപ്പത്രം നോക്കിപ്പോകുക. എല്ലാ തട്ടിപ്പുകാരും വിജയിക്കട്ടെ!

********

നൂല്‍കെട്ടി തുമ്പിയെ കളിപ്പിക്കുന്നതും ഞണ്ടിനെ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്. നൂലില്‍ കെട്ടി ഒരു പാര്‍ടിയില്‍ നേതാക്കളെ ഇറക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം തന്നെ. കൂടിയ പുള്ളിയാണ് പറഞ്ഞിരിക്കുന്നത്-വി എം സുധീരന്‍. വാവടുക്കുമ്പോള്‍ ചില അസുഖങ്ങള്‍ വര്‍ധിക്കാറുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചിലരുടെ അസുഖം വര്‍ധിക്കുക. അന്നേരം ഇമ്മാതിരി ചില അശരീരി പുറത്തുവരും. പ്രസ്താവന പലതും മുമ്പും വന്നിട്ടുണ്ട്. പോകെപ്പോകെ ആരും അത്ര കാര്യമാക്കാറില്ലെന്നു മാത്രം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആരോമല്‍ ചേകവര്‍ സ്റ്റൈലില്‍ സത്യം ചെയ്തത് എത്രതവണയെന്ന് എണ്ണി ഓര്‍മിക്കാനാകുന്നില്ല. 'ഇനി ഞാന്‍ ഇല്ല' എന്നുപറയുമ്പോള്‍ കണക്കാക്കിക്കൊള്ളണം, "ഞാനിതാ ഇവിടെയുണ്ട്, എന്നെ നോക്കൂ, വിളിക്കൂ'' എന്ന രോദനമാണ് അതെന്ന്.

ലാളിത്യമാണ് ജീവിതവ്രതം. എന്നുവച്ച് കുഞ്ഞൂഞ്ഞിനെപ്പോലെ, ഖാദിസ്റ്റോറില്‍ ചെന്ന് രണ്ടുഡസന്‍ കുപ്പായം ഒന്നിച്ചുവാങ്ങി ഓരോന്നിന്റെയും ഓരോയിടത്ത് ബ്ലേഡുവച്ച് കീറി, 'പിന്നിക്കീറിയ' കുപ്പായമിട്ട് ലാളിത്യം കാണിക്കുന്ന പരിപാടിയൊന്നുമില്ല. ലാളിത്യം കാണിക്കേണ്ടപ്പോള്‍ പത്രക്കാരെ വിളിക്കും. മജീഷ്യന്‍ സാമ്രാജിനെപ്പോലെ ലൈവ് ഷോ നടത്തും. ഇപ്പോള്‍, തെരഞ്ഞെടുപ്പിന്റെ ചൂരടിച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ്, നൂലില്‍ കെട്ടിയിറക്കല്‍ സിദ്ധാന്തം പുറത്തെടുത്തത്.

കേംബ്രിഡ്‌ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കാന്‍പോയ രാജീവ്ഗാന്ധിയെ പ്രണയിച്ച് ഭാര്യാപദമേറ്റെടുത്ത യോഗ്യതയുംകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കമാന്‍ഡ് നൂലിലൂടെ കോണ്‍ഗ്രസിലേക്ക് ഇറങ്ങിവന്നത്. ലോകബാങ്കിനും ഐഎംഎഫിനും വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ നൂലുണ്ട നിവര്‍ത്തിയെടുത്ത് ഞാന്നു കോണ്‍ഗ്രസിലെത്തിയതാണ് ഇന്ന് നാടുഭരിക്കുന്ന പ്രധാനമന്ത്രി. പുതിയ താരോദയമായ രാഹുല്‍ജിയാകട്ടെ, കൊളമ്പിയക്കാരി കാമുകിയെയുംകൊണ്ട് ഊരുചുറ്റി പാട്ടുപാടി ആട്ടമാടുന്നതിനിടെ ആരോ പറഞ്ഞതുകേട്ട് അതിനേക്കാള്‍ സുഖമുള്ളത് അധികാരമാണെന്നു തിരിച്ചറിഞ്ഞ് നൂലില്‍ തൂങ്ങി എഐസിസി ഓഫീസിലിറങ്ങിയതാണ്. കാണാപ്പാഠം പഠിച്ചുള്ള പ്രസംഗം, വെള്ള പൈജാമയും കുര്‍ത്തയും, ആളുകള്‍ കൂടിനില്‍ക്കുന്നതുകണ്ടാല്‍ ഉറുമ്പുകടിയേറ്റതുപോലുള്ള പാച്ചിലും ഈച്ചയെ ആട്ടുന്നതുപോലുള്ള കൈവീശലും, പത്രക്കാര്‍ മുന്നിലെത്തുമ്പോള്‍ വിഡ്ഢിത്തം വിളമ്പല്‍-ഇതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് യുവരാജാവ് ട്യൂഷന്‍ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. കൂടുതലെന്തുവേണം. നൂലിലൂടെ ഇറങ്ങിവന്നവര്‍ കോണ്‍ഗ്രസിന്റെ ഭാവി സുരഭിലമാക്കിക്കൊണ്ടിരിക്കയല്ലേ.

ഇനി തെരഞ്ഞെടുപ്പുവരുമ്പോള്‍ കുറെ നൂല്‍ ഇറങ്ങിവരും. അറ്റത്ത് ആളുമുണ്ടാകും. വടക്കനും തെക്കനും ചാനലുള്ളവനും ഇല്ലാത്തവനുമൊക്കെ ഇപ്പോള്‍തന്നെ കാര്യം സാധിച്ചെന്നാണ് അറിവ്. പേമെന്റ്, റിസര്‍വേഷന്‍, കൈമണി തുടങ്ങിയ കാറ്റഗറികളില്‍ സീറ്റുണ്ടല്ലോ. വടക്കന്‍ ഇപ്പോള്‍ത്തന്നെ നൂലില്‍ ഞാന്ന് ഇടയ്ക്കിടെ നിലംതൊടുകയും പൂരനഗരിയില്‍ ചുറ്റിത്തിരിയുന്നുമുണ്ട്. ഈ ഹൈടെക്ക് നൂലുകാര്‍ക്കിടയില്‍ പഴയ മുച്ചീട്ടുകളി, നാടകുത്ത് തുടങ്ങിയ അഭ്യാസങ്ങളൊന്നും വിലപ്പോകുന്നില്ല. വരട്ടെ, വാവിങ്ങെത്തുമ്പോള്‍ ഇനിയും സിദ്ധാന്തങ്ങളവതരിപ്പിക്കാം. ആപദ് ബാന്ധവനേ, ആന്റണിയേ ശരണം! അളമുട്ടിയാല്‍, നൂലാണ് കോണ്‍ഗ്രസിന്റെ രക്ഷ എന്നും നൂലില്‍ ജനിച്ചവരാണ് രക്ഷകരെന്നും പാടാം. മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കാന്‍ കൈയില്‍ ഇത്തരം അഭിപ്രായങ്ങളല്ലേ ഉള്ളൂ!

വാല്‍കഷ്ണം:

ഇന്ത്യാവിഷന്‍ നഷ്ടത്തിലായത് അതിന്റെ ചെയര്‍മാന്‍ ഒരു കൊഞ്ഞാണനായതുകൊണ്ടെന്ന് അതേ ചാനലില്‍ അവലോകനം. ബക്കറ്റുപിരിവും അതുപോലുള്ള ധനസമ്പാദനവും ചെയര്‍മാന് വശമില്ലത്രേ. ചാനല്‍ തുടങ്ങുമ്പോള്‍ സാമര്‍ഥ്യവും കഴിവുമുള്ളവര്‍ ഏറെക്കഴിയുമ്പോള്‍ കൊഞ്ഞാണന്‍മാരാകുമെന്ന് ഗുണപാഠം. കൊഞ്ഞാണന്‍ ഗുണവാനാകണമെങ്കില്‍ ഭരണം വരണം; പൊതുമരാമത്ത് വകുപ്പും കിട്ടണം. അല്ലെങ്കില്‍ വാരാന്തക്കാരന്‍ ചെയര്‍മാനാകും; ചെയര്‍മാന്‍ പിന്നെയും കൊഞ്ഞാണനാകും.

Sunday, September 14, 2008

ഭോഷന്മാരുടെ തലയണ

സാധാരണ മനുഷ്യര്‍ക്ക് വിഡ്ഢിത്തമാകാം. അവരെയാരും ഭോഷന്മാരെന്നു വിളിക്കില്ല. പക്ഷേ, വലിയ വലിയ മനുഷ്യര്‍ പമ്പരവിഡ്ഢിത്തം ചെയ്യുകയും കാണേണ്ടത് കാണാതിരിക്കുകയും ചെയ്യുമ്പോള്‍ ഭോഷന്മാരെന്നുതന്നെ വിളിക്കണമെന്ന് പണ്ട് കവി കട്ടായം പറഞ്ഞിട്ടുണ്ട്. നല്ല വിഷപ്പാമ്പ് ചുരുണ്ടുകൂടി മെത്തയില്‍ കിടക്കുമ്പോള്‍ അതിനെ കാറ്റുതലയണയായി കരുതുന്നവരെ പിന്നെങ്ങനെ വിളിക്കും? '

.....വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാലും മതിമോഹത്താല്‍
റ്റനായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍'

എന്നാണല്ലോ പ്രമാണം.

ഇപ്പറഞ്ഞത് ഭോഷന്മാരുടെമാത്രം കാര്യമാണ്. അതുകൊണ്ട്, നാളെ ശതമന്യു ഭോഷനെന്നു വിളിച്ചു എന്ന പരാതിയുമായി മാന്യന്മാരാരും വരേണ്ടതില്ല. നമുക്ക് കേരളത്തില്‍ എന്തെല്ലാം കാര്യം പ്രതികരിക്കാന്‍ കിടക്കുന്നു. അതിരപ്പിള്ളിയില്‍ ഒരു വൈദ്യുതപദ്ധതി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതിരോധദുര്‍ഗം തീര്‍ക്കണം. എവിടെയെങ്കിലും ഒരു വ്യവസായം വരുന്നു എന്നു കേട്ടാല്‍ പിന്നെ അമാന്തിച്ചു നില്‍ക്കരുത്-കൊടിയും വടിയുമായി ചാടിയിറങ്ങിക്കൊള്ളണം. പരിസ്ഥിതിയുടെ തിരുനെഞ്ചില്‍ പില്ലറടിച്ചു കയറ്റാനോങ്ങുന്ന വ്യവസായരാക്ഷസനെതിരെ മരണംവരെ സമരം നയിക്കണം. ഇനി, അത്യാവശ്യം വീതിയുള്ള ഒരു റോഡിനാണ് പദ്ധതിയെങ്കിലോ? ഏയ്.....കേരളത്തിലെന്തിന് ഇനിയൊരു റോഡ് എന്നു ചോദിക്കണം. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ടി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ തലേന്നു വൈകിട്ട് പാളയം മാര്‍ക്കറ്റില്‍ചെന്ന് ക്യൂനിന്ന് ചിക്കനും ഓവര്‍ബ്രിഡ്ജിലെ ബിവറേജസ് ഷോപ്പില്‍ തലകുനിച്ച് ക്യൂനിന്ന് ഒരു 'ഫുള്ളും' തമ്പാനൂരിലെ സിഡിക്കടയില്‍ തിക്കിത്തിരക്കി നാലു സിനിമാ സിഡിയും വാങ്ങി വീട്ടില്‍ ചെല്ലുകയും പിറ്റേന്നു പകല്‍മുഴുവന്‍ ഹര്‍ത്താലും അതിനെതിരായ വാര്‍ത്തകളും നുണയുകയും വേണം. ഏതെങ്കിലും കാട്ടിലോ എസ്റ്റേറ്റിലോ ആരെങ്കിലും കയറി പാര്‍പ്പുതുടങ്ങിയാല്‍; അവര്‍ക്ക് മാര്‍ക്സിസ്റ്റ് മൂരാച്ചികളുമായി ബന്ധമില്ലെന്നു തെളിഞ്ഞാല്‍ അപ്പോള്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍. പിന്നെ ഐക്യദാര്‍ഢ്യ പ്രകടനം, കത്തെഴുത്ത്, നിശാസമരം, വിലാപകാവ്യം, മാര്‍ക്സിസ്റ്റ് കക്ഷിയുടെ വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ചുള്ള മോങ്ങല്‍ എന്നിങ്ങനെയുള്ള പതിവു കലാപരിപാടി നടത്തണം. വികസനത്തെക്കുറിച്ച് മിണ്ടുന്നവനെ പരിഷ്കരണവാദിയെന്ന് മുദ്ര കുത്തണം. ദേശീയ പലഹാരമായി പരിപ്പുവടയെ ഉയര്‍ത്തണം. ഇതൊക്കെയാണ് ഇക്കുറി മാവേലി വന്നപ്പോള്‍ കണ്ട കേരളം.

അതുകൊണ്ട് റൂപ്പര്‍ട്ട് മര്‍ഡോക് എന്നൊരു ഓസ്ട്രേലിയക്കാരന്‍ അമേരിക്കാവില്‍നിന്നു വന്ന് ഇവിടത്തെ ഏഷ്യാനെറ്റ് എന്നൊരു ചാനല്‍ വിലകൊടുത്തു വാങ്ങിയതിനെക്കുറിച്ച് വലുതായി ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശതമന്യുവിന്റെ വിചാരം. ചാനല്‍ ചക്കയൊന്നുമല്ലല്ലോ മലയാളിയുടെ തലയില്‍ വീഴാന്‍. മര്‍ഡോക് ഒരു പാവമാണ്. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങള്‍ ലോകത്തെ ആകെ അഞ്ചു വന്‍കരയിലേ പരിപാടി സംപ്രേഷണംചെയ്യുന്നുള്ളൂ. ബ്രിട്ടന്‍, ഇറ്റലി, ഏഷ്യയിലെ ഭൂരിപഷം പ്രദേശം, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍മാത്രമേ മര്‍ഡോക്കിന്റെ കമ്പനികള്‍ക്ക് വാര്‍ത്താരംഗത്ത് ആധിപത്യമുള്ളൂ. പാവത്തിന് സ്വന്തമായുള്ളത് ആകെ 175 പത്രംമാത്രം. അതില്‍ ന്യൂയോര്‍ക് പോസ്റ്റ്, ടൈംസ് ഓഫ് ലണ്ടന്‍ തുടങ്ങിയ നമ്മുടെ ചന്ദ്രികപോലുള്ള പത്രവും പെടും. അമേരിക്കയിലാണെങ്കില്‍ ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോ, ഫോക്സ് നെറ്റ് വര്‍ക്ക്, 35 ടിവി സ്റ്റേഷന്‍ എന്നിങ്ങനെ ചില്ലറ പണിത്തരങ്ങള്‍മാത്രം. ആകെ അവ പ്രയോജനപ്പെടുന്നത് നാല്‍പ്പത് ശതമാനം അമേരിക്കക്കാര്‍ക്കാണ്. പിന്നെ അവിടെ ഫോക്സ് ന്യൂസ്, പത്തുപതിനെട്ട് സ്പോര്‍ട്സ് ചാനല്‍ എന്നിങ്ങനെ കേബിളിലൂടെയുള്ള ചില പരിപാടിയുമുണ്ട്. ബിസിനസല്ലേ. അല്‍പ്പം രാഷ്ട്രീയമൊക്കെയാവാം എന്നാണ് മര്‍ഡോക്കിന്റെയും പക്ഷം. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ടിയാന്‍ ബുഷിനെ വാനോളം പൊക്കി. ഇറാഖ് അമേരിക്കയുടെ ചൊല്‍പ്പടിയിലുണ്ടെങ്കില്‍ എണ്ണ ഒഴുകിവരുമെന്ന് ഉറക്കെത്തന്നെ പറഞ്ഞു. ഇംഗ്ളണ്ടില്‍ ടോണി ബ്ളെയറുമായാണ് കൂട്ടുകൃഷി നടത്തിയത്. നാലുകൊല്ലം മുമ്പ് അമേരിക്കയില്‍ ജോര്‍ജ് ബുഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്ന് വന്നപ്പോള്‍ രക്ഷകനായി വന്നത് മര്‍ഡോക്കാണ്. മാത്രമോ, ബുഷിന്റെ മച്ചുനിയന്‍ ജോ എല്ലിസിന് സ്വന്തം കമ്പനിയില്‍ ബല്യ ജോലിയും കൊടുത്തു രസികന്‍. ഇറാഖ് യുദ്ധാനന്തരം ജോര്‍ജ് ബുഷ് ചരിത്രനായകനാകുമെന്ന് മര്‍ഡോക് പ്രവചനവും നടത്തി. രാഷ്ട്രീയത്തിനുവേണ്ടി കച്ചവടം, കച്ചവടത്തിനായി രാഷ്ട്രീയം എന്നതാണ് മര്‍ഡോക്കിയന്‍രീതി. ഇരുകൂട്ടര്‍ക്കും നേട്ടം. നേര്‍ക്കുനേരെയുള്ള ഈ പരിപാടി കേരളത്തില്‍ വലിയ പുതുമയൊന്നുമല്ല. നമ്മുടെ അച്ചായന്റെ പഴയ വിഷംകുടി സിദ്ധാന്തം മറന്നുവോ; മറക്കുവാനാകുമോ?

അതുകൊണ്ട്, മര്‍ഡോക് വന്നോട്ടെന്നേ, ഏഷ്യാനെറ്റ് വാങ്ങിക്കോട്ടെന്നേ. നമുക്ക് ആ ചാനലിലൂടെ പൂര്‍വാധികം ഭംഗിയായി മാര്‍ക്സിസ്റ്റ് പാര്‍ടിയെ തെറിവിളിച്ചുകൊണ്ടേയിരിക്കാം.

നമ്മുടെ നാട്ടില്‍ ഇമ്മിണി ബല്യ ഒരു യൂണിയനുണ്ട്. സൂര്യനുതാഴെയുള്ള സകല കാര്യത്തിലും പ്രതികരിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ എന്നാണ് വിളിപ്പേര്. പ്രതികരണ യൂണിയന്‍ എന്ന മറുപേരുമുണ്ട്. അധരപ്രതികരണം മാത്രമേയുള്ളൂ, നാട്ടില്‍ കലാപമുണ്ടാക്കാനും തലകൊയ്യാനും നടക്കുന്ന ഗോവിന്ദന്‍കുട്ടിമാര്‍ക്കെതിരെ കേസെടുത്താല്‍ചാടി വീണുകളയും. ഫാരിസ് അബൂബക്കര്‍ എന്നൊരു സ്വത്തുകച്ചവടക്കാരന്‍, നസ്രാണി മുത്തശ്ശിയുടെ നെഞ്ചില്‍ കയറിയിരുന്നപ്പോള്‍ കഴുത്തില്‍ പിടിച്ചു പുറത്താക്കാന്‍ കച്ചവരിഞ്ഞുകെട്ടി മുമ്പേപോയത് അധര പ്രതികരണക്കാരായിരുന്നു. ഇപ്പോള്‍ മര്‍ഡോക് വരുമ്പോള്‍ മിണ്ടാട്ടമില്ല. അല്ലെങ്കിലും മിണ്ടേണ്ട കാര്യമില്ല. മര്‍ഡോക്കിനെപ്പോലൊരു തൊഴിലാളിസ്നേഹി ഭൂലോകത്തെവിടെയുമില്ലെന്നാണ് കേള്‍വി.

1986ല്‍ ഇംഗ്ളണ്ടിലെ പത്രക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ പത്രസ്ഥാപനങ്ങള്‍ തെക്കന്‍ ലണ്ടനിലെ വാപ്പിങ് എന്ന യൂണിയന്‍ സ്വാതന്ത്ര്യമില്ലാത്ത മേഖലയിലേക്ക് അപ്പാടെ പറിച്ചുനട്ട പാരമ്പര്യമേയുള്ളൂ മര്‍ഡോക്കിന്. പണിമുടക്കിയ ആറായിരം തൊഴിലാളികളെ പിരിച്ചുവിട്ടുകളയും എന്ന മൃദുവായ നിലപാടേ മഹാന്‍ എടുത്തിട്ടുള്ളൂ. മര്‍ഡോക്കിന്റെ പണിയാണ് പണി എന്ന് സഹമുതലാളിമാര്‍ പ്രശംസിച്ചപ്പോഴും 'ചരിത്രത്തിലെ ഏറ്റവും സുന്ദരമായ യൂണിയന്‍ തകര്‍ക്കല്‍' എന്ന് ദ ഇക്കണോമിസ്റ്റ് എഴുതിയപ്പോഴും നമ്മുടെ കഥാപുരുഷന് അഹങ്കാരം ലവലേശമുണ്ടായിട്ടില്ല. അതുകൊണ്ട് ഏഷ്യാനെറ്റ് മര്‍ഡോക്കിന്റെ കൈയില്‍ വന്നാല്‍ തൊഴിലാളിവര്‍ഗം സ്വര്‍ഗത്തിലെത്തും. യൂണിയന് വരിസംഖ്യ താനേ വര്‍ധിക്കും. തല്‍ക്കാലം എഷ്യാനെറ്റ് ന്യൂസ് മര്‍ഡോക് വാങ്ങുന്നില്ലല്ലോ എന്ന് ന്യായീകരണം പറയുകയുമാവാം. പണ്ട് മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യക്കാരന്‍ കൊണ്ടുപോകുമ്പോള്‍ എഴുന്നുനിന്ന എല്ലൊന്നും ഇപ്പോള്‍ നിവരുന്നില്ലെന്നേ. കാലംപോകെപ്പോകെ പഠിച്ചതൊക്കെമറക്കും മണ്ണിലുറയ്ക്കും വൃക്ഷം മറിഞ്ഞുവീഴും, ജലാശയത്തിലെ ജലവും വറ്റിപ്പോകും എന്നാണല്ലോ.

എന്നാലും ശതമന്യുവിന് ഒരു പരിഭവമുണ്ട്. മര്‍ഡോക് ഒരു ക്രൂരന്‍ തന്നെ. അറബിക്കല്യാണംപോലെ മാലിക്കല്യാണംപോലെ കേരളത്തില്‍ വന്ന് ഒന്ന് കെട്ടണമെന്നല്ലേയുള്ളൂ. അതിന് ഈ പെണ്ണിനെയേ കിട്ടിയുള്ളോ? മറ്റൊരു സുന്ദരി പുരനിറഞ്ഞു നില്‍പ്പില്ലയോ ഇവിടെ. വയസ്സ് കൂടിക്കൂടി 32 കോടിയിലെത്തിയെന്നാണ് വാര്‍ത്ത. മുടിയഴക്, ചിരിയഴക്, മെയ്യഴക്-എല്ലാം തികഞ്ഞവളാണ്. മൊഴിയഴക് അപാരം. ഇന്ത്യാവിഷനെന്ന ആ പൂമിഴിയാളെ കെട്ടുകയാണെങ്കില്‍ ഒരു നാടുതന്നെ രക്ഷപ്പെട്ടുപോകില്ലായിരുന്നോ. 'എന്നെയുംകൂടങ്ങ് കൊണ്ടുപോകൂ' എന്നു പാടിയുള്ള ആ നില്‍പ്പുകണ്ടാല്‍ ആണായിപ്പിറന്നവന് സഹിക്കുമോ?

***

ഒരുകണക്കിന് ഒരു ചാനല്‍ വിറ്റതിന് ഇത്ര വലിയ ബഹളമൊന്നുമുണ്ടാക്കേണ്ട കാര്യമില്ല. മുഴുത്ത ഒരു പാര്‍ടിയെ വിറ്റ കാശും പോക്കറ്റിലിട്ട് ഇവിടെ ചിലര്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് എന്നൊരു പാര്‍ടിയെപ്പറ്റി കേട്ടിട്ടില്ലേ? ആ പാര്‍ടിക്ക് എത്ര എംഎല്‍എ മാരുണ്ട്, എത്ര എംപിമാരുണ്ട് എന്ന് തിരക്കുക. ഒറ്റയൊരാള്‍പോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രസിഡന്റാകാന്‍ ചിലരൊക്കെ ദില്ലിക്ക് വിമാനം കയറിയ വാര്‍ത്ത കണ്ടു. തങ്ങള്‍ പ്രസിഡന്റായാലെന്ത്, അഹമ്മദ് ആയാലെന്ത്. ആ മുസ്ളിം ലീഗിന് കേരളത്തില്‍ ഘടകംപോലുമില്ലെന്നേ. ഇവിടെയുള്ളത് മുസ്ളിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്നൊരു പ്രത്യേക പാര്‍ടിയാണ്. ആ പാര്‍ടിക്ക് കുറെ എംഎല്‍എമാരും എംപിമാരുമെല്ലാമുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഏണി അഥവാ കോണി. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി പക്ഷേ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റേതാണ്. അതായത്, നാളെ കുഞ്ഞാലിക്കുട്ടിയും മുനീറും പച്ചക്കൊടിയുമെടുത്ത് നിരത്തിലൂടെ പോകുമ്പോള്‍ യഥാര്‍ഥ ലീഗുകാര്‍ക്ക് മുഖത്തുനോക്കി വിളിക്കാം, "വെക്കെടാ വെക്കെടാ അക്കൊടി താഴെ' എന്ന്.

1948 ആഗസ്ത് പത്തിന് ചെന്നൈ രാജാജി ഹാളില്‍ 'ഇന്ത്യക്കാരനാവുന്നതില്‍ അഭിമാനംകൊള്ളുന്നു' എന്ന പ്രഖ്യാപനത്തോടെ ഖായിദേമില്ലത്ത് രൂപംകൊടുത്ത ലീഗിന്റെ ഇന്നത്തെ അവസ്ഥ നോക്കണം! ആരെങ്കിലും ഒരു തുണ്ടുകടലാസില്‍ പരാതി എഴുതി ലേക്സഭാ സ്പീക്കര്‍ക്ക് കൊടുത്താല്‍ ഇ അഹമ്മദിന്റെ മന്ത്രിസ്ഥാനം മാത്രമല്ല, എംപിസ്ഥാനംകൂടി പോയിക്കിട്ടും. കാരണം, ഒരു ജനപ്രതിനിധിക്ക് ഒരേ സമയം രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമാകാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. പണ്ട് എപത്തൊന്‍പതില്‍ രാജീവ് ഗാന്ധി ശിലാന്യാസവുംകൊണ്ടു നടന്നപ്പോള്‍ സേട്ടുസാഹിബിന്റെ മനംനൊന്തു. സാഹിബ് കുഴപ്പമുണ്ടാക്കുമെന്ന് പേടിച്ചപ്പോള്‍ പോനാല്‍ പോകട്ടും; നമുക്ക് കേരളത്തിലെ കരുണാകരനും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കിട്ടുന്ന ഭരണവും മതിയെന്നായി ലീഗിലെ കുട്ടിമാരുടെ മനസ്സിലിരുപ്പ്. സേട്ട് ഇനി ഇങ്ങോട്ടുവരേണ്ടെന്നും വന്നാലും കോണിചിഹ്നത്തില്‍ മത്സരിക്കേണ്ടെന്നും തീരുമാനിച്ചുകളഞ്ഞു പഹയന്മാര്‍. അങ്ങനെയാണ്, ലോകചരിത്രത്തില്‍ ആദ്യമായി ഒരു അഖിലേന്ത്യാ പാര്‍ടിയുടെ കേരളഘടകമെന്ന പേരില്‍ മറ്റൊരു പാര്‍ടി രൂപീകരിച്ചുകളഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ ലീഗ് വേറെ; കേരളാ ലീഗ് വേറെ. തമിഴ്നാട്ടിലെ ഒരു യോഗ്യനാണെങ്കില്‍ ഡിഎംകെയുടെ ഉദയസൂര്യനെയും കഴുത്തില്‍ കെട്ടിയാണ് പാര്‍ലമെന്റിലെ നടപ്പ്. ഒരു പാര്‍ടിക്കുണ്ടായ ദുര്‍ഗതി നോക്കണേ. രണ്ടു പാര്‍ടിയില്‍ അംഗങ്ങളായ അഹമ്മദും കുഞ്ഞാലിക്കുട്ടിയും നയിക്കട്ടെ നാണംകെട്ട ലീഗിനെ.

***

അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര് കോണ്‍ഗ്രസ് എന്നാണ്. അവിടെ ആണവകരാര്‍ പാസാക്കിയെടുക്കാനാണ് ഇന്ത്യ ഇക്കണ്ട പാടെല്ലാം പെടുന്നത്. ഇന്ത്യക്കുമുണ്ട് ഒരു പാര്‍ലമെന്റ്. ഇവിടെ കരാര്‍ പാര്‍ലമെന്റ്പാസാക്കേണ്ട; കോണ്‍ഗ്രസ് പാസാക്കിയാല്‍ മതി എന്നാണ്. ഇതും ഒരുതരം ജനാധിപത്യം!