Monday, August 22, 2011

മിണ്ടാത്തതെന്താണു തത്തേ?

മിണ്ടാത്തതെന്തേ എന്ന ചോദ്യത്തിന് രാഹുല്‍ ഒരു തത്തയല്ല എന്ന മറുപടിയാണ് കോണ്‍ഗ്രസ് വക്താവ് നല്‍കിയത്. സോണിയ അമേരിക്കയ്ക്ക് പോകുമ്പോള്‍ രണ്ടു പ്രധാനികള്‍ക്കാണ് ചുമതല നല്‍കിയത്. ഒരാള്‍ രാഹുല്‍ . അപരന്‍ ആന്റണി. നാട്ടില്‍ ഭൂകമ്പം നടക്കുമ്പോഴും രണ്ടുപേരും മിണ്ടുന്നില്ല. തത്ത ഒച്ചവയ്ക്കുന്നത് പറഞ്ഞു പഠിപ്പിച്ചത് ചിലയ്ക്കാനാണ്. സോണിയ ഇവിടെ ഉണ്ടെങ്കില്‍ അണ്ണ ഹസാരെയുടെ നിരാഹാരത്തെക്കുറിച്ച് പ്രതികരിക്കുമായിരുന്നു. അവര്‍ തത്തയാണെന്ന് പക്ഷേ രേണുക ചൗധരി പറഞ്ഞില്ല. മിണ്ടാപ്രാണികള്‍ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ . അല്ലെങ്കിലും നല്ല നേതാവാകണമെങ്കില്‍ മിണ്ടാതിരിക്കുക തന്നെ വേണം. സ്വയം ഒന്നും പറയാതിരിക്കുക; ചെയ്യാതിരിക്കുക-അഥവാ എന്തെങ്കിലും മിണ്ടണമെങ്കില്‍ ഇവന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ തിരക്കഥയ്ക്കൊത്ത് നാവു ചലിപ്പിക്കുക. അത്രയേ വേണ്ടതുള്ളൂ യോഗ്യത.

സോണിയ ചികിത്സയ്ക്ക് പോകുമ്പോള്‍ രാഹുലിനെ ഏല്‍പ്പിച്ചത് രാജ്യഭാരം തന്നെയാണ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് പ്രധാനമന്ത്രിയായതു പോലെയല്ല ഇത്. യുവരാജാവിന് അവസരം ആസൂത്രിതമായി ഉണ്ടാക്കുകയായിരുന്നു. പ്രണബ്കുമാര്‍ മുഖര്‍ജിയടക്കമുള്ള തലമൂത്ത നേതാക്കളുണ്ടായിട്ടും ചുമതല കിട്ടിയത് രാഹുലിനാണ്. കോണ്‍ഗ്രസിലെ പിന്തുടര്‍ച്ചാവകാശം അങ്ങനെയാണ്. തികഞ്ഞ മക്കത്തായം. സഞ്ജയ്ഗാന്ധി ഉള്ളപ്പോള്‍ ഇളമുറക്കാരനായിരുന്നു കിരീടാവകാശം. ഇപ്പോഴും മൂത്തവന്‍ രാഷ്ട്രീയത്തിലുണ്ട്-വരുണ്‍ഗാന്ധി. കോണ്‍ഗ്രസില്‍ കിരീടവും ചെങ്കോലുമെന്നല്ല; സൂചികുത്താന്‍ പോലും ഇടംകിട്ടില്ല എന്നുറപ്പായതോടെ വരുണ്‍ കാവിപ്പാര്‍ടിയിലേക്ക് പോയി. അവിടെ ചില്ലറ സൈക്കിള്‍ ബാലന്‍സ് നടത്തുന്നു.
അണ്ണ ഹസാരെയെ കൈകാര്യം ചെയ്തത് രാഹുലിന്റെ മിടുക്ക് എന്നാണ് മനോരമയടക്കം പറഞ്ഞുറപ്പിക്കുന്നത്. ഹസാരെ സമരത്തെ മുള്ളുകൊണ്ട് എടുക്കുന്നതിനുപകരം കോടാലിപ്രയോഗം കൊണ്ടും തീര്‍ക്കാനാകാത്തവിധം വഷളാക്കിയതാണ് ആ മിടുക്ക്. ആദ്യം ജയിലിലടച്ചു-പിന്നെ മോചനം രാഹുല്‍ വക എന്ന് പറഞ്ഞുപരത്തി. ഹസാരെ ഇറങ്ങാതായപ്പോള്‍ ആകപ്പാടെ കുഴപ്പമായി. താടിക്കാരന്‍ കാവിവാല രാംദേവിനെ രാംലീല മൈതാനിയില്‍ നിന്ന് രാത്രിക്കു രാത്രി പൊക്കിയെടുത്ത് ഹരിദ്വാറിലേക്ക് കടത്തിയതുപോലെ ഹസാരെയെയും ഒതുക്കിക്കളയാമെന്നാണ് രാഹുലിന്റെ "കുഞ്ഞു ബുദ്ധി" കരുതിയത്. രാംദേവ് ഒറ്റനോട്ടത്തില്‍തന്നെ വിരുതനാണ്. ഹസാരെ അങ്ങനെയല്ല-വെറുമൊരു ഗാന്ധിയന്‍ . ഗാന്ധിയെ രാഹുലിന് അറിയാവുന്നത് സ്വന്തം പേരിന്റെ വാല്‍ എന്ന നിലയിലാണ്. അതിന് അത്രയേ വിലയുള്ളൂ എന്നും അറിയാം. രാംദേവാണെങ്കില്‍ വയറുകൊണ്ട് മായാജാലം കാണിക്കുന്ന യോഗാചാര്യനാണല്ലോ. ഗാന്ധിക്കോ താടിക്കോ വില എന്നതിന് താടിക്കുതന്നെ എന്ന് യുവരാജകുമാരന്‍ ഉത്തരം കണ്ടെത്തി. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ അഞ്ചു വമ്പന്‍മന്ത്രിമാരെ പറഞ്ഞയച്ച് രാംദേവിനെ ഞെട്ടിച്ചു. ആ ഞെട്ടല്‍ മാറുംമുമ്പ് പിടിച്ചുകെട്ടി ഹരിദ്വാറിലെത്തിക്കുകയും ചെയ്തു. സൂത്രം ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. രാംദേവിന്റെ ഒച്ച പിന്നെ പൊങ്ങിയില്ല.

അതേ നാഴിയില്‍ ഹസാരെ എന്ന ഇടങ്ങഴി കടത്തിവയ്ക്കാനാണ് നോക്കിയത്. പണി പാളിപ്പോയി. നിരോധനാജ്ഞ ഇല്ലാത്ത മയൂര്‍വിഹാറിലെ വസതിയില്‍ ചെന്ന് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ്. കോടതിയില്‍ ചെന്നാല്‍ പുഷ്പം പോലെ ഹസാരെ ഇങ്ങുപ്പോരുമെന്നു കണ്ടപ്പോള്‍ രാഹുല്‍ജി തന്നെ കോടതിയായി-ഇറക്കി വിടൂ എന്ന് ആജ്ഞാപിച്ചു.

എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. കുമരകത്ത് സുഖവാസം, കൂട്ടിന് കൊളംബിയന്‍ സുഹൃത്ത്, പൊറോട്ട തീറ്റ, വെറുതെ വഴിപോകുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി പഴംപൊരി കഴിച്ച് ആയിരത്തിന്റെ നോട്ടുകൊടുക്കല്‍ , കംപ്യൂട്ടറില്‍ നോക്കി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ , നൂലില്‍കെട്ടി യുവതാരങ്ങളെ തലമൂത്ത ഖദറിന്റെ മുതുകത്തേക്കിറക്കല്‍ , കലാവതിയെ കണ്ടു എന്നുവരുത്തി പ്രസംഗം കാച്ചല്‍ , സമൂഹനൃത്തം തുടങ്ങിയ പണികളേ രാജകുമാരന് ഇപ്പോള്‍ വശമുള്ളൂ. അതിനപ്പുറമുള്ളത് ഏല്‍പ്പിച്ചാല്‍ ചികിത്സയും കഴിഞ്ഞു വരുമ്പോള്‍ സോണിയ മാഡത്തിന് നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഇല്ലാത്ത സ്ഥിതിവരും.

ബലൂണ്‍ കൈയിലുണ്ടെങ്കില്‍ ഊതിയൂതി പരമാവധി വീര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും തോന്നും. ഭാവി പ്രധാനമന്ത്രി പദമെന്ന ബലൂണാണ് ഇവിടെ ഊതിവീര്‍പ്പിക്കുന്നത്. പക്ഷേ, നാനാഭാഗത്തൂടെയും കാറ്റ് പുറത്തേക്കാണ് പോകുന്നത്. കോണ്‍ഗ്രസിന്റെ അടുത്ത തലമുറ കാറ്റുപോയ ബലൂണ്‍ പോലെയാകുമോ എന്തോ.

*
കുഞ്ഞാലിക്കുട്ടിയെ കണ്ടില്ലേ. ഇപ്പോള്‍ പറച്ചില്‍ കുറവും പ്രവൃത്തി കൂടുതലുമാണ്. തനിക്കുവേണ്ടി പറയാന്‍ മറ്റു ചിലരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ബിനാമിപ്പരിപാടിയാണ്. റൗഫ്, കുഞ്ഞനന്തന്‍നായര്‍ തുടങ്ങിയ പുണ്യവാളന്മാര്‍ക്കാണ് സ്വര്‍ണത്തേക്കാള്‍ മാര്‍ക്കറ്റ്. അത് കുഞ്ഞാലിക്കുട്ടിക്ക് നല്ലപോലെ അറിയാം. അതുകൊണ്ട് റൗഫിനെക്കൊണ്ടു പറയിപ്പിക്കുകയാണ് പലതും.

കുഞ്ഞനന്തന്‍നായരുടെ കഥ കെ എം റോയി എഴുതിയിട്ടുണ്ട്. അതിങ്ങനെ:

അടുത്തകാലത്ത് കുഞ്ഞനന്തന്‍നായര്‍ എഴുതിയ "പൊളിച്ചെഴുത്ത്" എന്ന പേരിലുള്ള ആത്മകഥയില്‍ ഒരധ്യായമാണ് സ്റ്റാലിന്റെ മുങ്ങിക്കപ്പല്‍ . ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് 1950 ഡിസംബറില്‍ മുതിര്‍ന്ന പാര്‍ടി നേതാക്കളായ എസ് എ ഡാങ്കെ, അജയഘോഷ്, സി രാജേശ്വരറാവു, ബസവപുന്നയ്യ എന്നിവര്‍ പാര്‍ടിയുടെ പുതിയ നയത്തിന് ഉപദേശം തേടാന്‍ സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിനെ കാണാന്‍ റഷ്യയിലേക്കു നടത്തിയ അതിസാഹസിക യാത്രയെക്കുറിച്ചും അതില്‍ കുഞ്ഞനന്തന്‍നായര്‍ വഹിച്ച പങ്കിനെക്കുറിച്ചുമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. മുങ്ങിക്കപ്പലില്‍ കൊല്‍ക്കത്തയില്‍നിന്നു നടത്തിയ സാഹസികയാത്രയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള അധ്യായത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു

"...കെട്ടിടത്തില്‍ നിന്നു പതുക്കെ താഴെയിറങ്ങി. കാറിന്റെ രണ്ടു വാതിലുകളും തുറന്നുവച്ചിരുന്നു. ഞങ്ങള്‍ കാറില്‍ കയറി. കടുത്ത മഞ്ഞിനെ മുറിച്ചുകടന്ന് കാര്‍ ഡയമണ്ട് ഹാര്‍ബറിലെത്തി. അഡ്വ. അജോയ് കടലിലേക്കു വിരല്‍ചൂണ്ടി. ഹാര്‍ബറിനടുത്ത് മണല്‍തിട്ടയ്ക്കടുത്തു നിര്‍ത്തിയിട്ട ഒരു ഫിഷിങ് ബോട്ടില്‍ നിന്ന് പ്രത്യേക തരത്തില്‍ ചുവന്ന ബള്‍ബ് മിന്നിക്കൊണ്ടിരുന്നു." "...പെട്ടെന്ന് ഒരു ചുവന്ന നക്ഷത്രം കടലില്‍ നിന്ന് ഉയര്‍ന്നുവരുന്നു. അത് പിന്നീട് ചുവപ്പും പച്ചയുമായി മാറിമാറി കത്തി. പിന്നീടതാ എന്തോ കറുത്ത് ഭീമാകാരമായ ഒരു സാധനം കടലില്‍നിന്ന് ഉയരുന്നു. കവി പറഞ്ഞതുപോലെ മൈനാകം കടലില്‍നിന്നുയരുന്നുവോ"! "ഒരു കൂറ്റന്‍ മുങ്ങിക്കപ്പല്‍ . ഞങ്ങളുടെ നെഞ്ചിടിപ്പുകള്‍ വല്ലാതെ ഉയര്‍ന്നു. ഞങ്ങളുടെ ബോട്ട് പതുക്കെ ആ മുങ്ങിക്കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. കപ്പലിന്റെ ഒരു കവാടം തുറന്നു. കപ്പലിനുള്ളില്‍ സങ്കല്‍പ്പത്തിലെ രാജധാനി പോലെയുള്ള സജ്ജീകരണം. നിലത്ത് ചുവന്ന കാര്‍പ്പറ്റ്, വെള്ളവിരിച്ച മേശകളില്‍ ഭക്ഷണസാധനങ്ങളും വിവിധതരം പഴവര്‍ഗങ്ങളും നിരത്തിയിട്ടുണ്ട്. കൂടാതെ വൈനിന്റെയും വോഡ്കയുടെയും നിരവധി കുപ്പികള്‍ . (തന്നെ, തന്നെ)

"ഔദ്യോഗികവേഷം ധരിച്ച ഒരു ക്യാപ്റ്റന്‍ കപ്പലിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. കപ്പലിലേക്ക് മാറിക്കയറാന്‍ സന്നദ്ധരായി നില്‍ക്കുന്ന നാലുപേരെയും ക്യാപ്റ്റന്‍ റഷ്യന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്തു...കണ്ടതെല്ലാം സ്വപ്നമോ യാഥാര്‍ഥ്യമോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം നാടകീയമായിരുന്നു..." (ഈ നായര്‍ക്ക് ഒരു നോവല്‍ എഴുതാമായിരുന്നില്ലേ എന്നാണ് ശതമന്യുവിന്റെ സംശയം)

തുടര്‍ന്ന് കെ എം റോയി എഴുതുന്നു:

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവത്തിന്റെ പിന്നിലെ രഹസ്യം ആദ്യമായി വെളിപ്പെടുത്തുകയാണിവിടെ എന്നാണ് കുഞ്ഞനന്തന്‍നായര്‍ എഴുതിയിട്ടുള്ളത്. നേതാക്കള്‍ നടത്തിയ ചരിത്രത്തിലെ നിര്‍ണായകമായ ഈ യാത്രയ്ക്കു പിന്നിലെ രഹസ്യം ആദ്യമായി വെളിപ്പെടുത്തുകയാണെന്ന കുഞ്ഞനന്തന്‍നായരുടെ അവകാശവാദം ശരിയല്ല. പല കമ്യൂണിസ്റ്റ് നേതാക്കളും അവരുടെ പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ള അങ്ങാടിപ്പാട്ടുപോലെയുള്ള രഹസ്യമാണിത്. എസ് എ ഡാങ്കെയുടെ വിശ്വസ്തനായ അനുയായിയായിരുന്ന മൊഹിത് സെന്‍ പാര്‍ടിയുടെ നാലു നേതാക്കള്‍ മോസ്കോയിലേക്കു നടത്തിയ രഹസ്യയാത്രയെക്കുറിച്ച് ട്രാവലര്‍ ആന്‍ഡ് ദ റോഡ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ഭാഗം,

"പാര്‍ടി നേതൃത്വത്തിലെ രണ്ടു ഗ്രൂപ്പിലെ നാലു പേരെയാണ് മോസ്കോയിലേക്കു കൊണ്ടുപോയത്. കൊല്‍ക്കത്തയില്‍ നിന്ന് ഒരു സോവിയറ്റ് ചരക്കുകപ്പലില്‍ അതിലെ തൊഴിലാളികളെന്ന നിലയില്‍ പ്രച്ഛന്നവേഷധാരികളായാണ് അജയഘോഷും ഡാങ്കെയും രാജേശ്വരറാവുവും ബസവപുന്നയ്യയും പോയത്" എന്നാണ്. കുഞ്ഞനന്തന്‍നായര്‍ എഴുതിയതാണോ മൊഹിതിനെ പോലുള്ള മറ്റു നേതാക്കള്‍ എഴുതിയിട്ടുള്ളതാണോ സത്യം? അതു തെളിയിക്കാന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട ആരുംതന്നെ ഇന്നു ജീവിച്ചിരിപ്പില്ല. ഇവിടെ ചില സംശയങ്ങള്‍ ന്യായമായും ഉയരും. ആ മോസ്കോ യാത്രയുമായി ബന്ധമുള്ള എല്ലാവരും മരണമടയുന്നതുവരെ അതേക്കുറിച്ചെഴുതാന്‍ എന്തുകൊണ്ട് കുഞ്ഞനന്തന്‍നായര്‍ കാത്തുനിന്നു? എന്നു മാത്രമല്ല, എല്ലാ സാഹചര്യത്തെളിവുകളും അദ്ദേഹത്തിന് എതിരാണുതാനും. ആറു പതിറ്റാണ്ടുമുമ്പ് ഡാങ്കെയുടെയും അജയഘോഷിന്റെയുമൊക്കെ പദവിയുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നോ കുഞ്ഞനന്തന്‍നായര്‍ ? ആ രഹസ്യയാത്രയില്‍ അവരെ യാത്രയാക്കാന്‍ മുങ്ങിക്കപ്പല്‍ വരെ പോകാനുള്ള ഉന്നതപദവിയില്‍ അന്നു യുവാവായ നായര്‍ എത്തിയിരുന്നോ?

ആ റഷ്യന്‍ മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണമാണ് കൂടുതല്‍ സംശയമുളവാക്കുന്നത്. "മുങ്ങിക്കപ്പലിന്റെ കവാടം തുറന്നപ്പോള്‍ കപ്പലിനുള്ളില്‍ സങ്കല്‍പ്പത്തിലെ രാജധാനി പോലെയുള്ള സജ്ജീകരണവും നിലത്ത് ചുവന്ന കാര്‍പ്പറ്റ്, വെള്ള വിരിച്ച മേശകളില്‍ ഭക്ഷണസാധനങ്ങളും വിവിധ പഴവര്‍ഗങ്ങളും നിരത്തിയിട്ടുണ്ട്. പിന്നെ വൈനിന്റെയും വോഡ്കയുടെയും നിരവധി കുപ്പികള്‍". അങ്ങനെ പോകുന്നു കുഞ്ഞനന്തന്‍നായരുടെ മായാപ്രപഞ്ച വിവരണം. ഈ ലേഖകനും (കെ എം റോയി) മുങ്ങിക്കപ്പലില്‍ കയറിയിട്ടുണ്ട്. യുഎന്‍ഐയുടെ റിപ്പോര്‍ട്ടറായിരിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനയാണ് അതിനു സൗകര്യം നല്‍കിയത്. ഒരു ചെറിയ വാതിലിലൂടെ നൂണുവേണം അകത്തേക്കു കടക്കാന്‍ . നേരെ ചൊവ്വെ നിന്നുതിരിയാന്‍ പോലും ബുദ്ധിമുട്ടുള്ള കുടുസായ ജലാന്തര്‍വാഹനം. ഒരുപക്ഷേ, 60 കൊല്ലം മുമ്പ് സോവിയറ്റ് മുങ്ങിക്കപ്പലുകള്‍ വലിയ രാജധാനിപോലെയായിരുന്നിരിക്കാം. കുഞ്ഞനന്തന്‍നായര്‍ പറഞ്ഞതാണു സത്യമെങ്കില്‍ മൊഹിത് സെന്നും മറ്റു കമ്യൂണിസ്റ്റ് നേതാക്കളും എഴുതിയതെല്ലാം കള്ളമായിരിക്കാം. മറിച്ചാണെങ്കില്‍ അത് കുഞ്ഞനന്തന്‍നായര്‍ ചരിത്രത്തോടു ചെയ്ത ക്രൂരകൃത്യമാണ്-

ഇതെല്ലാം പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിമര്‍ശകനായ കെ എം റോയി ആണ് എന്നതുകൊണ്ട് ശതമന്യു തീരെ വിശ്വസിക്കുന്നില്ല. ഈ നായരാണ് ഇപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി കൊടുത്ത ഒരുനേരത്തെ ഭക്ഷണത്തിന്റെ കണക്കുപോലും വിളിച്ചുപറഞ്ഞ് കൂലി ചോദിക്കുന്നത്. ഇങ്ങനെയുള്ളവരെ തൊട്ടാല്‍ ആ നറുമണം തൊട്ടവരെയും ബാധിക്കും. അതുകൊണ്ട് ശതമന്യുവിന് കുഞ്ഞനന്തന്‍നായരെ തൊടുകയും വേണ്ട. കെ സുധാകരന്‍ തന്നെ അനുഭവിക്കട്ടെ രാപ്പനി.

Sunday, August 14, 2011

ഫാന്‍സ് അസോസിയേഷന്‍

ഇത് ഫാന്‍സ് അസോസിയേഷനുകളുടെ കാലമാണ്. ഉമ്മന്‍ചാണ്ടി ഫാന്‍സ് ക്ലബ്ബില്‍ ഇന്ദ്രന്‍ മുതല്‍ രാജപ്പന്‍വരെ ഉണ്ട്. പി സി ജോര്‍ജ് പറയുന്നത്, മന്ത്രിസഭയുടെ തീരുമാനത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തവുമില്ല; പാമൊലിന്‍ കേസില്‍ പ്രതിയാവുകയുമില്ല എന്ന്. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ മന്ത്രിസഭാതീരുമാനത്തിനു വിലയില്ല-പിണറായിയെ പിടിക്കണം എന്നായിരുന്നു രാജപ്പന്റെയും ജോര്‍ജ്കുട്ടിയുടെയും ഘോരവാദം.

ഇങ്ങനെ അപ്പപ്പോള്‍ കാണുന്നവരെ കെട്ടിപ്പിടിച്ച് വാത്സല്യം നുകരുന്ന ശീലക്കാരുടെ എണ്ണം കൂടിവരികയാണ് നാട്ടില്‍ . ചെന്നിത്തല പറയുന്നതുകേട്ടു, പാമൊലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന്. ലാവ്ലിന്‍ കേസില്‍ രാഷ്ട്രീയക്കളി എണ്ണിപ്പറഞ്ഞ് അതിനെ രാഷ്ട്രീയമായി തുറന്നുകാട്ടുമെന്ന് സിപിഐ എം നിലപാടെടുത്തപ്പോള്‍ ആനപ്പുറത്തേറിയാണ് പ്രതിഷേധം വന്നത്. നിയമത്തോടോ രാഷ്ട്രീയക്കളി എന്നാണ് ചോദിച്ചത്. ഇവിടെ സ്വയം കുഴിച്ച കുഴിയില്‍ ഉമ്മന്‍ചാണ്ടി വീഴുകയും മുസ്തഫ മണ്ടന്‍ കളിച്ച് അതേ കുഴിയിലേക്ക് കല്ലെടുത്തിടുകയും ചെയ്തപ്പോള്‍ രാഷ്ട്രീയമായി നേരിടുമത്രെ. ഉമ്മന്‍ചാണ്ടി മൊഴിഞ്ഞത്, തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന്. ഇപ്പോള്‍ പി സി ജോര്‍ജ് പറയുന്നത് ആ പാവത്തിന് ഒന്നും അറിയില്ലായിരുന്നു എന്ന്. ചെന്നിത്തല ആണയിടുന്നു- ഞാന്‍ ക്യാബിനറ്റില്‍ ഇല്ല; ക്യാബിനറ്റില്‍ ഉള്ളവരോട് ചോദിക്കൂ എന്ന്.

നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതൊന്നും വാര്‍ത്തയല്ല. ലാവ്ലിന്‍ കേസില്‍ ഒരു നട്ടപ്പിരാന്തനെ വണ്ടികയറ്റി കൊണ്ടുവന്ന് നാടുചുറ്റിച്ച് വാര്‍ത്ത സൃഷ്ടിച്ച മാധ്യമനിഷ്പക്ഷേന്ദ്രന്മാര്‍ക്ക് വാര്‍ത്തയും സത്യവുമൊന്നും വേണ്ട-എല്ലിന്‍ കഷണങ്ങള്‍ മതി. ഉമ്മന്‍ചാണ്ടി കുടുങ്ങുന്ന കേസിലും അവര്‍ ചര്‍ച്ചചെയ്യുക കോടിയേരി പറഞ്ഞത് ശരിയായോ, എല്‍ഡിഎഫില്‍ ആശയക്കുഴപ്പമല്ലേ എന്നാണ്. സിപിഐ എമ്മിനെതിരെ സാക്ഷികളെ സൃഷ്ടിക്കും, ഏതോ തലതിരിഞ്ഞവര്‍ നാലു പോസ്റ്ററൊട്ടിച്ചാല്‍ ആഗോളവാര്‍ത്തയാക്കും. പിണറായി വിജയന് അനുകൂലമായി കോടതി പറഞ്ഞാല്‍ അമ്പമ്പോ അത് ശരിക്കും എതിരായി പറഞ്ഞതാണ് എന്ന് സമര്‍ഥിക്കാന്‍ ഒരു നിയമജ്ഞന്‍ ചാടിവീണിരിക്കും. കോടതി എതിരായാണ് പറഞ്ഞതെങ്കില്‍ , ഇനി പിണറായി ജീവിക്കാന്‍ പാടില്ല എന്നതായിരിക്കും മുന്‍ നക്സല്‍ എന്ന് സ്വയംവിളിക്കാറുള്ള വക്കീല്‍ മഹോദയിന്റെ തീര്‍പ്പ്. അങ്ങനെയൊരാള്‍ , വീര-ഇന്ദ്രന്മാരുടെ പത്രത്താളില്‍ കയറി സമര്‍ഥിച്ചുകളഞ്ഞത്, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടതില്ല എന്നാണ്. അതിനായി ഭരണഘടനയുടെ ഉടുമുണ്ട് പോലും അഴിക്കാന്‍നോക്കി കാളീശ്വരത്തെ രാജപ്പന്‍ .

*
ആപ്പുക്കുട്ടന് പിള്ളയെയും കാണണ്ട; ഉമ്മന്‍ചാണ്ടിയുടെ കേസും നോക്കേണ്ട. ബര്‍ലിന്‍നായര്‍ പൊളിറ്റ് ബ്യുറോയിലെത്തിയാല്‍മതി. ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കയറിയിരുന്നയാള്‍ "പ്രധാനമന്ത്രി"യായി. ഈരാറ്റുപേട്ടയിലെ ക്വട്ടേഷന്‍പണിക്ക് ക്യാബിനറ്റ് പദവി കിട്ടി. എതിരായി വിധിച്ച ജഡ്ജി പണ്ട് കമ്യൂണിസ്റ്റായിരുന്നു എന്നതാണ് ന്യായം പറയേണ്ടതെന്ന് പി സി ജോര്‍ജ് ക്ലാസെടുക്കുന്നു. രാഷ്ട്രീയത്തില്‍ വയ്യാതാകുമ്പോഴാണ് എന്‍ ഡി തിവാരിയെപ്പോലുള്ളവര്‍ക്ക് ഗവര്‍ണര്‍പദവി കൊടുക്കുന്നത്. അങ്ങനെയൊരു ഗവര്‍ണര്‍ മന്ത്രിസഭയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ തള്ളി രാഷ്ട്രീയതീരുമാനമെടുത്തപ്പോള്‍ സിപിഐ എം എതിര്‍പ്പുയര്‍ത്തി. അന്ന് ഗവര്‍ണറുടെ പദവിയുടെ പവിത്രതയെക്കുറിച്ച് സംഘഗാനംപാടിയവര്‍ക്ക് ഇപ്പോള്‍ ഒരു ജില്ലാ ജഡ്ജിയുടെ ജാതകംതോണ്ടി പി സി ജോര്‍ജ് തെരുവിലെടുത്തിട്ടലക്കുമ്പോള്‍ കണ്ണും കാണുന്നില്ല, കാതും കേള്‍ക്കുന്നില്ല. ശുംഭന്‍ വിളിക്ക് എം വി ജയരാജനെ വിടില്ല ഞങ്ങള്‍ എന്നാണ് കോടതി പറയുന്നത്. അക്കണക്കിന് പി സി ജോര്‍ജിന് കൂട്ടില്‍നിന്നിറങ്ങാന്‍ സമയം കാണില്ല.

ഒരുഭാഗത്ത് ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിക്കുന്നു. മറുവശത്ത് ജഡ്ജിയെ ആക്രമിക്കുന്നു. കമീഷന്‍ പിരിച്ചുവിടുന്നു. സ്വാശ്രയക്കാരുടെകൂടെ ആടിപ്പാടിയ ജഡ്ജിയെ തുറന്നുകാട്ടിയപ്പോള്‍ ജുഡീഷ്യറിയുടെ പരിപാവനത തച്ചുടയ്ക്കപ്പെടുന്നേ എന്ന നിലവിളിയായിരുന്നു. ഇപ്പോള്‍ അക്കൂട്ടര്‍ മോങ്ങുന്നുപോലുമില്ല. ഇതെല്ലാം കാണുമ്പോള്‍ ആപ്പുക്കുട്ടന്റെ പണിതന്നെ ഉചിതം എന്ന് തോന്നുന്നു. വെറുതെ കമ്യൂണിസ്റ്റുകാരെ തെറിവിളിച്ചുകൊണ്ടിരിക്കുക. പത്രത്തില്‍ സ്ഥലം കിട്ടും; ചാനലില്‍ കസേര കിട്ടും. പറയുന്നതെല്ലാം ഒരേ കാര്യങ്ങളാണെങ്കിലും യുഡിഎഫിലെ പ്രശ്ങ്ങള്‍ മൂടിവയ്ക്കുക എന്ന സേവനം കൃത്യമായി നിറവേറ്റപ്പെടുന്നുണ്ട്.

കൊക്കകോളക്കാരനെ പ്ലാനിങ് ബോര്‍ഡിലിരുത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സിങ്വിയും ചിദംബരവും നേതാവായ പാര്‍ടിക്ക് സാന്തിയാഗോ മാര്‍ട്ടിനെ പ്ലാനിങ് ബോര്‍ഡ് മെമ്പറാക്കാന്‍ തോന്നാത്തതില്‍ സന്തോഷിക്കാം. ആ ബോര്‍ഡില്‍ ഇപ്പോള്‍ വൈസ് ചെയര്‍മാന്റെ ഭരണമാണത്രെ. ഉമ്മന്‍ചാണ്ടിക്ക് ശബ്ദം നഷ്ടപ്പെട്ടുപോലും. മഹാബലി വരുമ്പോള്‍ ഇതൊക്കെ കാണാനാകും വിധി. എന്തായാലും ഇത്തരം വേണ്ടാതീനങ്ങളൊന്നും നാട്ടുകാരെ അറിയിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമസൈന്യം ജാഗരൂകരായി നില്‍ക്കുന്നുണ്ട്. പ്രസ് അക്കാദമിപോലെ ചില അക്കാദമികളും സിന്‍ഡിക്കറ്റുകളുമുണ്ടാക്കി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതിച്ചുകൊടുത്താല്‍ അവര്‍ തൃപ്തിപ്പെട്ടുകൊള്ളും.

*
ഓരോരുത്തര്‍ക്ക് ഓരോ ദൗത്യമുണ്ട്. മഴയുടെയും ഇടിമിന്നലിന്റെയും ദേവനാണ് ഇന്ദ്രന്‍ . അഷ്ടദിക്പാലകന്മാരില്‍ ഒരാള്‍ . ആ ഇന്ദ്രന്റെ വിലാസം അമരാവതി, സ്വര്‍ഗം പോസ്റ്റ് എന്നതാണ്. ഇവിടെ പരാമര്‍ശിക്കുന്ന ഇന്ദ്രന്‍ കോഴിക്കോടന്‍ ബിരിയാണി കഴിക്കുന്നയാളാണ്. മഴയും ഇടിമിന്നലുമുണ്ടാക്കുക, അഷ്ടദിക്പാലകന്റെ സൂക്ഷ്മതയോടെ യുഡിഎഫിനെ സംരക്ഷിക്കുക എന്നീ ദൗത്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഭംഗിയായി നിര്‍വഹിക്കുന്നു. ചുറ്റും അനുചരരുണ്ട്. ഇന്ദ്രനെ ആരെങ്കിലും തറപ്പിച്ചു നോക്കിയാല്‍ വാനരപ്പട ചാടിയിറങ്ങും. ബഹുമുഖ പ്രതിഭകള്‍ക്ക് പലകാര്യം ഒരുനേരം ചെയ്യാം. ഒരുഭാഗത്ത് യൂണിയന്‍ , മറുഭാഗത്ത് ഐരാവതത്തിന്റെ മുതുകത്തേറി കോളമെഴുത്ത്, പിന്നൊരു ഭാഗത്ത് രാഷ്ട്രീയ ഇടപെടല്‍ . എല്ലാമായപ്പോള്‍ താനൊരു സംഭവം തന്നെയെന്ന് തോന്നിപ്പോയി. കണ്ടുനിന്നവര്‍ക്കും അങ്ങനെതന്നെ തോന്നി. അങ്ങനെ കാളീശ്വരം രാജ്, ക്രൈം നന്ദകുമാര്‍ , കാര്‍ത്തികപുരം കൊച്ചപ്പി, ആപ്പുക്കുട്ടന്‍ പാരക്കുന്ന്, പുഴങ്കരരാജു തുടങ്ങിയ മഹാന്മാരുടെ ശ്രേണിയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. എവിടെ അനീതി കണ്ടാലും വിശേഷാല്‍ ശക്തിയോടെ ചാടിവീണുകളയും. പക്ഷേ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് ആ പേനയില്‍നിന്ന് ഇന്നുവരെ ഒരു വരി ഉതിര്‍ന്നുവീണിട്ടില്ല.

പാമൊലിന്‍ കേസില്‍ പെട്ട് തുലഞ്ഞുകിടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രക്ഷയ്ക്ക്, ഇതെല്ലാം അസാധാരണ സംഭവങ്ങളല്ലേ-വെറുതെ വാള്‍ തൂങ്ങുകയല്ലേ എന്നാണ് ഇന്ദ്രന്റെ രക്ഷാബന്ധനം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായറിയാം. ഐരാവതത്തിന്റെ തീറ്റയ്ക്കിപ്പോള്‍ നല്ല വിലയായതുകൊണ്ട്, പകരം യാത്രയ്ക്ക് സര്‍ക്കാര്‍ ബോര്‍ഡുവച്ച കാര്‍ ഉമ്മന്‍ചാണ്ടി ഇന്ദ്രന് നല്‍കി. എറണാകുളത്ത് വിശ്രമത്തിനൊരു ഓഫീസും. ഇനി അഞ്ചുകൊല്ലം പ്രതിപക്ഷം വെള്ളം കുടിച്ചതുതന്നെ. കുടിച്ചില്ലെങ്കില്‍ കുടിപ്പിക്കും.

*
ബാലകൃഷ്ണപിള്ള എഴുപത്തൊന്‍പതുദിവസം കഴിഞ്ഞാല്‍ പലരുടെയും മുഖംമൂടി തകര്‍ക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പല പ്രമാണിമാര്‍ക്കും അതോടെ ഉറക്കംകെട്ടു. പിള്ളയ്ക്ക് ജയിലില്‍നിന്ന് പ്രൊമോഷന്‍ കിംസ് ആശുപത്രിയുടെ ശീതളിമയിലേക്ക്. ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ മസ്കറ്റ് ഹോട്ടലിലേക്ക് മാറാം. തമാശതന്നെ. അഴിമതി അന്വേഷിക്കാന്‍ മാണി ഗ്രൂപ്പ് പ്രത്യേക സമിതിയുണ്ടാക്കിയത്രെ. അവരുടെ കാര്യം ആര് നോക്കും; ബ്ലാക്ക് മെയിലിങ് ആ സമിതിയുടെ പരിധിയില്‍ പെടുമോ, സമിതിക്കാര്‍ ലോക്പാല്‍ ബില്ലിന് അകത്തോ പുറത്തോ എന്നീ വിഷയങ്ങള്‍ പി സി ജോര്‍ജ് കൈകാര്യംചെയ്യുമോ എന്തോ. തരുണ്‍ ദാസിന്റെ കാര്യം കോളയ്ക്കെതിരെ സമരംനയിച്ച കൃഷ്ണന്‍കുട്ടിയെ ബോധ്യപ്പെടുത്താനെങ്കിലും വീരന് കഴിഞ്ഞിട്ടുണ്ടാകുമോ.. പെരുമാട്ടി പഞ്ചായത്തിലെ വീരന്‍ദളിനെ ഇനി തരുണ്‍ദാസ് നയിക്കട്ടെ.

Sunday, August 7, 2011

അഞ്ചാമത്തെ സ്ഥാപകന്‍

കടുവയെ കിടുവ പിടിച്ചപോലെയാണ് മുഖ്യന്ത്രിയുടെ കസേരയില്‍ "പ്രധാനമന്ത്രി" കയറിയിരുന്നത്. പണ്ട് ഒരു ഡ്രൈവര്‍ക്ക് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനമോടിക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ പറ്റിപ്പോയതിന്റെ കുറ്റം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ കൊണ്ടിട്ടയാളാണ് ഉമ്മന്‍ചാണ്ടി. മനോരമ ഒരുദിവസം രണ്ടുഡസന്‍ വാര്‍ത്തയാണ് അതുസംബന്ധിച്ച് അന്ന് ആഘോഷിച്ചത്. ഒന്നാം പേജില്‍ വരച്ച ചിത്രം-ഗ്രാഫ്-ഇറാഖ് യുദ്ധംപോലെ. കേരളത്തില്‍ പ്രധാനമന്ത്രിക്ക് ഇതാണവസ്ഥയെങ്കില്‍ സാധാരണ ജനം എങ്ങനെ ജീവിക്കും എന്ന് ചോദ്യം. ഇന്നിപ്പോള്‍ ഒരു ഭ്രാന്തന്‍ കയറിച്ചെന്നത് ഉമ്മന്‍ചാണ്ടി എന്ന ആഭ്യന്തര വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പലതട്ട് സുരക്ഷയുള്ള കസേരയിലേക്കാണ്. ചിത്രവുമില്ല; പരിദേവനവുമില്ല. ഇപ്പോള്‍ ഭ്രാന്തനേ കടന്നുള്ളൂ. വെബ്സൈറ്റിലൂടെ ഉലകംമുഴുവന്‍ കാണുന്ന ഓഫീസാണ്. അവിടെ ചിലര്‍ കിടന്നുറങ്ങുന്നത് ഇയ്യിടെ ജനം കണ്ടിരുന്നു. നാളെ യഥാര്‍ഥ ഭീകരന്‍ തന്നെ അങ്ങ് കയറിയാലോ? ഇതൊന്നും നമ്മുടെ മനോരമയുടെ ആശങ്കയല്ല. ഇതിനെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കും.

മുഖ്യമന്ത്രി സ്വന്തം സുരക്ഷയുടെ കാര്യമേ നോക്കാതുള്ളൂ. മറ്റു കാര്യങ്ങളിലൊക്കെ നല്ല പിടിപാടാണ്. ദൂരദര്‍ശന്‍ മലയാളം ചാനലില്‍ ഭേദപ്പെട്ട ഒരു വാര്‍ത്താ പരിപാടി വന്നിരുന്നു-"വാര്‍ത്തകള്‍ക്കു പിന്നില്‍". ഒരുദിവസം ആ പരിപാടിക്ക് എത്താമെന്നേറ്റ കോണ്‍ഗ്രസ് എംഎല്‍എ മുങ്ങി. ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ഭാഗം പറയാന്‍ ആളില്ലാതായി. അതോടെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് കേന്ദ്രത്തിലേക്ക് തീട്ടൂരം ചെന്നു-ഇനി ആ പരിപാടിയേ വേണ്ട എന്ന്. മനോരമ പോലെതന്നെ വേണം ദൂരദര്‍ശനും. ഇടയ്ക്ക് ഉമ്മന്‍ചാണ്ടിക്ക് സിന്ദാബാദ് വിളിക്കണം. അതും മാധ്യമ സ്വാതന്ത്ര്യ പരിപോഷണം.

ഈ വരികള്‍ അച്ചടിച്ചുവരുമ്പോഴെങ്കിലും പ്രസ് അക്കാദമിക്ക് പുതിയ ചെയര്‍മാന്‍ ഉണ്ടാകട്ടെ എന്നും അത് സാക്ഷാല്‍ ശ്രീമാന്‍ എന്‍പി രാജേന്ദ്രന്‍ തന്നെ ആകട്ടെ എന്നും ശതമന്യു ഉള്ളുരുകി പ്രാര്‍ഥിക്കുന്നു. ആനകൊടുത്താലും ആശകൊടുക്കരുത്. വല്ലാതെ മോഹിച്ചുപോയതാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് കരുണ കാണിക്കണം. ഇനി നല്ല കുട്ടിയായിക്കൊള്ളാം എന്ന ഉറപ്പ് സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയെ ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കാണിക്കാന്‍ അനുവദിക്കണം.

*
അഞ്ചാംപത്തി, അഞ്ചാം എസ്റ്റേറ്റ്, അഞ്ചരക്കണ്ടി, അഞ്ചുതെങ്ങ് എന്നെല്ലാം കേട്ടിട്ടുണ്ട്. അഞ്ചാം സ്ഥാപകനും ഇപ്പോള്‍ അവതരിച്ചിരിക്കുന്നു. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരന്‍ , എന്‍ സി ശേഖര്‍ എന്നിവരാണ് കേരളത്തിലെ പാര്‍ടിയുടെ ആദ്യഗ്രൂപ്പില്‍ അംഗങ്ങളായത്. അത് നാമൊക്കെ പഠിച്ച ചരിത്രം. ഇപ്പോഴിതാ അഞ്ചാമതൊരു സ്ഥാപകന്‍ രംഗത്തുവന്ന് "എന്നെക്കണ്ടില്ലേ; കേമനല്ലേ" എന്നു ചോദിക്കുന്നു.

എന്തൊക്കെയാണ് പാര്‍ടി "സ്ഥാപക"നാകാനുള്ള യോഗ്യതകള്‍ ? പതിനാറാംവയസ്സില്‍ ബോംബെയില്‍ പോകണം. ടൈപ്പ്റൈറ്റിങ് അറിയണം. സിഐഎയുടെ നോട്ടപ്പുള്ളിയാകണം. ബുള്‍ഗാന്‍ താടി വേണം. രുചികരമായ ആഹാരം നല്‍കണം. ചിലര്‍ മഹാന്മാരായി ജനിക്കുന്നു; ചിലര്‍ മഹാന്മാരായിത്തീരുന്നു; ചിലരുടെ മേല്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നാണ് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞത്. ഇവിടെ ജനനംതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ചുകൊണ്ടാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ പാര്‍ടിയില്‍ പണിയൊന്നും എടുക്കേണ്ടതില്ല. ഒരു കമ്മിറ്റിയിലും അംഗമാകേണ്ട. മഹത്വം താനേ വന്നുകൊള്ളും. വെറുതെയിരുന്നുകൊടുത്താലും നേതാവായിക്കൊള്ളും. ഏതെങ്കിലും പുസ്തകത്തില്‍ പേരുവന്നാല്‍പിന്നെ പറയാനില്ല. രുചികരമായ ആഹാരം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതും ഉല്‍കൃഷ്ടമാണെങ്കില്‍ കോഴിക്കോട്ടെ ബോംബെ ഹോട്ടലിലെ പാചകക്കാരനല്ലേ വലിയ നേതാവാകേണ്ടത്?

ബ.കു.ന എന്ന കുഞ്ഞനന്തന്‍നായര്‍ ഒരിക്കല്‍ പറഞ്ഞു, സിഐഎ ഇതാ എന്റെ പുറകിലെത്തിക്കഴിഞ്ഞു എന്ന്. കൈയിലുള്ള രഹസ്യരേഖകള്‍ ബാങ്ക് ലോക്കറിലാണ്-എങ്കിലും അത് അമേരിക്കന്‍ ചാരസംഘടന കൊള്ളയടിച്ച് വാഷിങ്ടണിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. പത്രങ്ങളില്‍ വാര്‍ത്ത വരുത്തിച്ചു. അന്ന് എ കെ ജി സെന്ററിലേക്ക് ബ.കു.നയുടെ ഫോണ്‍കോള്‍ വന്നു. "എന്റെ ഒരു പെട്ടി അവിടെയുണ്ട്. അതില്‍ ഞെട്ടിക്കുന്ന രഹസ്യരേഖകളാണ്. ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചുവെക്കണം." സെന്ററിലുള്ളവര്‍ നോക്കുമ്പോള്‍ ഒരു പെട്ടിയുണ്ട്. പൂട്ടിയിട്ടില്ല. എടുത്തപ്പോള്‍ത്തന്നെ തുറന്നുവന്നു. അതിലെ രഹസ്യരേഖകള്‍ കണ്ട് അവര്‍ ഞെട്ടി-ഒരു തോര്‍ത്തുമുണ്ട്, പഴയ അടിവസ്ത്രം, കുറെ മെഡിക്കല്‍ റിപ്പോര്‍ട്ടും മരുന്നുചീട്ടും, പിന്നെ എന്നോ യാത്രചെയ്ത ഏതാനും ട്രെയിന്‍ ടിക്കറ്റുകളും. അന്നുവീണ പേര് ബഡായി നായര്‍ എന്നാണ്. അങ്ങനെ നായരുടെ തോര്‍ത്തുമുണ്ട് സിഐഎയുടെ രഹസ്യരേഖയായി കൂര്‍ത്തമുള്ളില്‍ കോര്‍ത്തു.

പൊളിച്ചെഴുത്ത് എന്നപേരില്‍ ആളെ വച്ച് ആത്മകഥ എഴുതാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അതിന് മാര്‍ക്കറ്റ് പിടിക്കാന്‍ നായരുടെ നമ്പരുകളുണ്ടായി. ഒരു പ്രത്യേകത മരിച്ചുപോയവരെപ്പറ്റിയും "രഹസ്യമായി" നടന്ന കാര്യങ്ങളെക്കുറിച്ചുമാണ് കൂടുതല്‍ എഴുതുന്നത് എന്നാണ്. അതാകുമ്പോള്‍ ആരും എഴുന്നേറ്റു വന്ന് മറുപടി പറയില്ല എന്ന സൗകര്യമുണ്ട്. തൊഴിലാളവര്‍ഗ രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് നായര്‍ എന്തു നേടി എന്ന് ആരും ചോദിക്കരുത്. പച്ചക്കള്ളങ്ങള്‍ ചരിത്രമെന്ന കുപ്പിയിലിട്ട് വില്‍ക്കാന്‍ വച്ചപ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ ചോദിച്ചു-അല്ല നായരെ, ഈ ആര്‍ഭാട ജീവിതം നയിക്കാനും ബര്‍ലിനിലും നാട്ടിലുമായി കറങ്ങിയടിക്കാനുമൊക്കെയുള്ള പണം എവിടെനിന്നാണ് കിട്ടുന്നത് എന്ന്. അതിന് മറുപടി പറഞ്ഞതായി അറിവില്ല. തൊലിയില്‍ നിര്‍ദോഷമായ പാടുവീണാല്‍ ആഡംബരക്കപ്പലില്‍ മുറി തരപ്പെടുത്തി ദിവസങ്ങളോളം താമസിച്ച് ഉപ്പുവെള്ള ചികിത്സ നടത്താനും നാട്ടില്‍നിന്ന് ആരെങ്കിലും ചെല്ലുന്നുണ്ടെന്നറിഞ്ഞാല്‍ ജര്‍മനിയിലെ സുഖവാസകേന്ദ്രങ്ങളില്‍ ഒളിച്ചുതാമസിക്കാനും തൊഴിലാളിവര്‍ഗരാഷ്ട്രീയം തടസ്സമേയല്ല. സ്വത്ത് പാര്‍ടിക്ക് കൊടുക്കും എന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തിട്ടില്ല എന്നേയുള്ളൂ-മറ്റു ചിലര്‍ക്കൊക്കെ കൊടുത്തിട്ടുണ്ട്. നാറാത്തുകാര്‍ക്കറിയാം. ആള്‍ പണ്ട് കെജിബിയുടെ ഏജന്റായിരുന്നു എന്നാണ് സ്വയം പറയുന്നതെങ്കില്‍ ഇപ്പോള്‍ സുധാകരന്റെ ഏജന്റാണ്. സുധാകരനുവേണ്ടി വോട്ടുമാത്രമല്ല-രാഷ്ട്രീയ സഹായവും വേണ്ടുവോളം ചെയ്യുന്നു. വീട്ടില്‍ വിളിച്ചുകൊണ്ടുപോയി സദ്യ കൊടുക്കാനൊരുങ്ങിയത് വി എസിനോടുള്ള സ്നേഹംകൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയെ നന്നാക്കിക്കളയാനോ അല്ല. അതിനുപിന്നിലെ രാഷ്ട്രീയം നായരുടെ നാവില്‍നിന്നുതന്നെ വന്നിട്ടുണ്ട്- "പിണറായി 14 കൊല്ലം സെക്രട്ടറിയായി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരമാണിത്. ഒരു വര്‍ഗസമരമാണ്. ആശയപരമായ വര്‍ഗസമരം" -എന്ന്.

കഴിഞ്ഞ കുറെ ദിവസങ്ങളായി നാട്ടില്‍ പല സംഭവങ്ങളും നടക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസും ഭായി ഭായി ആയി. പ്രധാനമന്ത്രിയെ ഒഴിവാക്കിയ ലോക്പാല്‍ ബില്‍ വന്നു. കേന്ദ്രത്തിന് എന്‍ഡോസള്‍ഫാന്‍ പ്രണയം കനത്തു. സിങ്വി എന്‍ഡോസള്‍ഫാനും കുടിച്ചു. ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ പോകുന്നു. വിലക്കയറ്റംകൊണ്ട് ജീവിക്കാന്‍ വയ്യാതായി. ഇവിടെയാണെങ്കില്‍ സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റും ചേര്‍ന്ന് മെറിറ്റ് സീറ്റും കൊള്ളയടിക്കുന്നു. വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. ചെന്നിത്തല ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു. ബസ്ചാര്‍ജ് വര്‍ധന പെരുത്ത അന്യായമായി. ഇതൊന്നും നമ്മുടെ ചാനലുകള്‍ക്കും പത്രകേസരികള്‍ക്കും ചര്‍ച്ചയല്ല. അവര്‍ രാവിലെമുതല്‍ സിപിഐ എമ്മിനെ നന്നാക്കാനുള്ള ചര്‍ച്ച തുടങ്ങുന്നു. തുടക്കമിട്ടുകൊടുത്തതും ഇടയ്ക്കിടെ എണ്ണയൊഴിച്ചു കത്തിക്കുന്നതും ഈ നായരാണ്. ചര്‍ച്ചയിലും പത്രങ്ങളുടെ എഡിറ്റ് പേജുകളിലും അവതരിക്കുന്നവരുടെ കുപ്പായത്തിന്റെ നിറമേ മാറുന്നുള്ളൂ. ഒരേ പാട്ടുകാരാണ്.

സിപിഐ എം എന്ന പാര്‍ടിയില്‍ അരുതാത്തത് പലതും നടക്കുന്നു എന്നാണ് നായരുടെയും കൂട്ടരുടെയും പ്രചാരണം. അങ്ങനെ എന്തെങ്കിലും നടക്കുന്നുവെങ്കില്‍ അത് ഒരുതരത്തിലും പൊറുപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. സര്‍വഗുണ സമ്പന്നരെ ആസിഡ് ടെസ്റ്റ് നടത്തിയല്ല പാര്‍ടിയിലെടുക്കുന്നത്. ചിലര്‍ ചില തെറ്റുകളില്‍പെട്ടു എന്നുവരും. അത്തരക്കാരെ തിരുത്തിക്കുക; തെറ്റായ വഴികള്‍ കൊട്ടിയടയ്ക്കുക; തിരുത്താന്‍ ഭാവമല്ലെങ്കില്‍ പുറന്തള്ളുക- ഇതൊക്കെയാണ് പാര്‍ടിയില്‍ നടക്കുക. കുഞ്ഞനന്തന്‍നായരെ സ്വന്തം വീട്ടുകാര്‍ സഹിക്കുന്നില്ലേ? അത് സര്‍വഗുണസമ്പന്നത കൊണ്ടാണോ? നായര്‍ പറയുന്ന തരത്തില്‍ നായരെപ്പറ്റി പറഞ്ഞാല്‍ നാറ്റം നാനാവിധമാകില്ലേ? വലിയ വലിയ കേസുകളില്‍ കൈയോടെ പിടിക്കപ്പെട്ടവര്‍ മന്ത്രിയായും എംപിയായുമൊക്കെ ഇന്നാട്ടില്‍ വിലസുന്നുണ്ട്. അവരെക്കാണുമ്പോള്‍ കവാത്തുമറന്ന് കമിഴ്ന്നു വീഴുന്നവര്‍തന്നെ സിപിഐ എം സദാചാരഭ്രംശത്തിനെതിരെ കടുത്ത സമീപനമെടുക്കുമ്പോള്‍ പുച്ഛിക്കുന്നു. ഇരട്ടത്താപ്പേ കാണാനുള്ളൂ. പാര്‍ടി ഉടന്‍ നടപടിയെടുത്താലും കുറ്റം, അന്വേഷിച്ച് ബോധ്യപ്പെട്ട് നടപടിയെടുത്താലും കുറ്റം. നായരെ പേറിയാല്‍ പേറിയവന്‍ നാറും എന്നാണ് തോന്നുന്നത്. ലോകത്ത് ഏറ്റവും മികച്ച മനോരോഗ ചികിത്സയുള്ളത് ജര്‍മനിയിലാണ്. അടുത്ത ആറുമാസം ആ വഴിക്കൊന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ കേരളം മാലിന്യമുക്തമായേനെ.

മലപ്പുറം സമ്മേളനത്തിനുമുമ്പ് ബ.കു.ന സ്വപ്നംകണ്ട സ്ഥാനം പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്വമായിരുന്നു. ഇക്കുറി അത് പാര്‍ടി സ്ഥാപകപ്പട്ടം തന്നെയാണ്. അപ്പുക്കുട്ടന്റെ സഹായമുണ്ടെങ്കില്‍ അത് സാധിക്കാവുന്നതേയുള്ളൂ-ആസാദിന്റെ പാര്‍ടിയുടെ സ്ഥാപകനാകാം. നീലകണ്ഠനെ പൊളിറ്റ് ബ്യൂറോ മെമ്പറാക്കാം.