Sunday, September 20, 2009

വിശുദ്ധ മാധ്യമപ്പശുക്കള്‍

ശശി തരൂരിന് സോണിയ ഗാന്ധിയെ വിശുദ്ധപശുവെന്ന് തമാശയ്ക്ക് വിളിക്കാമെങ്കില്‍, എത്രയും ബഹുമാനപ്പെട്ട മാധ്യമ കുലോത്തമന്മാരെ ശതമന്യുവിന് വിശുദ്ധ സിന്ധിപ്പശു എന്നോ വിശുദ്ധ ജഴ്സി എന്നോ ഏറ്റവും കുറഞ്ഞത് ശുദ്ധമായ നാടന്‍ പശുവെന്നോ ആയിരംവട്ടം വിളിക്കാം. തരൂര്‍ അറിവില്ലാപ്പൈതലാണ്. രാഷ്ട്രീയത്തിലെ; വിശേഷിച്ചും കോണ്‍ഗ്രസിലെ വളവും തിരിവുമൊന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിലും ചെലവുചുരുക്കാന്‍ വിമാനത്തില്‍ ആയിരം രൂപ കുറഞ്ഞ ക്ളാസില്‍ സഞ്ചരിച്ച് പത്രത്തില്‍ വാര്‍ത്ത വരുത്തുന്നത് ആന്റണിയുടെ കാന്റീന്‍ ഭക്ഷണംപോലൊരു തരികിടയാണെന്ന് തരൂരിന് നന്നായറിയാം. ദിവസം ഒരുലക്ഷം വാടക കൊടുത്ത് മൂന്നുമാസം സുഖിയന്‍ ഹോട്ടലില്‍ താമസിച്ച മൂപ്പന്‍മന്ത്രിയുടെ സഹായിമന്ത്രിയാണ് തിര്വന്തോരം ശശി അഥവാ ശശി തരൂര്‍. കോണ്‍ഗ്രസിനോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല സ്ഥാനാര്‍ഥിയായതും ജയിച്ചതും ഇപ്പോള്‍ മന്ത്രിയായതും. സ്ഥാനാര്‍ഥിയാകുന്നോ എന്ന ചോദ്യവുമായി ആദ്യംചെന്നത് ഖദറിട്ട മാന്യന്മാരായതുകൊണ്ട് കോണ്‍ഗ്രസായെന്നുമാത്രം. കോണ്‍ഗ്രസിന് പ്രത്യേകിച്ച് പരിപാടിയോ ലക്ഷ്യമോ ഒന്നുമില്ലെങ്കിലും പൊതുജനം കഴുതകളാണെന്നത് ആ പാര്‍ടിയുടെ അംഗീകൃത വിശ്വാസപ്രമാണമാണ്. തരൂര്‍ അത് മനസ്സിലാക്കാന്‍ വിട്ടുപോയി. കന്നുകാലികള്‍ എന്നേ ജനത്തെ അദ്ദേഹം കരുതുന്നുള്ളൂ. ആ കന്നുകാലികള്‍ സഞ്ചരിക്കുന്ന ക്ളാസില്‍ താനും പോകാം; അതുകണ്ട് വിശുദ്ധപശുക്കള്‍ കോരിത്തരിക്കട്ടെ എന്നു കരുതിയതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.

ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ കുറച്ചു കേന്ദ്ര മന്ത്രിമാര്‍ ബിസിനസ് ക്ളാസില്‍നിന്ന് കന്നുകാലി ക്ളാസിലേക്കിറങ്ങിയാല്‍ മതിയെന്ന് കണക്കുകൂട്ടിയ ബുദ്ധി ഐസിലിട്ട് സൂക്ഷിക്കേണ്ടതാണ്. തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചെലവുചുരുക്കല്‍ മാതൃക കാട്ടിയ വിശുദ്ധ മകന്‍പശുജിയെ നേതാവായി അംഗീകരിക്കാത്തതാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ കുറ്റം. വിശുദ്ധ അമ്മപ്പശുവിന്റെ ഫോണില്‍വിളിച്ച് മാപ്പുയാചിച്ചതുകൊണ്ട് പ്രശ്നം വെറുമൊരു തമാശയായി അവസാനിച്ചെങ്കിലും മകന്‍ജി വിടുമെന്ന് തോന്നുന്നില്ല. അഥവാ വിട്ടാലും ഉമ്മന്‍ചാണ്ടി സമ്മതിക്കുമെന്നും തോന്നുന്നില്ല. വിജയന്‍ തോമസിനെയും ചെന്നിത്തലയെയും കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പമല്ല ഇത്. തരൂരിന് ആദര്‍ശത്തിന് പഠിക്കാന്‍ ഒരു ട്യൂഷന്‍ ഏര്‍പ്പെടുത്താവുന്നതാണ്. സുധീരന്‍ജി ഇപ്പോള്‍ ട്യൂഷന്‍മാഷായി പ്രവര്‍ത്തിക്കുകയാണ്. ആദര്‍ശം തലയില്‍നിന്നിറക്കിവയ്ക്കാതെ എങ്ങനെ കോടാലിപ്പണി ചെയ്യാം എന്നതാണ് ഇഷ്ടവിഷയം. പറയുമ്പോള്‍ അഴിമതി, അക്രമം, സംശുദ്ധി, ആദര്‍ശം എന്നിങ്ങനെയുള്ള വാക്കുകള്‍ സമൃദ്ധമായി ഉപയോഗിക്കണം. മുടിയും മീശയും(ഉണ്ടെങ്കില്‍മാത്രം) ഗോദ്റെജ് ഹെയര്‍ ഡൈ തേച്ച് കറുപ്പിക്കണം. വെള്ളക്കുപ്പായമേ ഇടാവൂ. അല്‍പ്പം ഉജാലയും കുറെയേറെ കഞ്ഞിപ്പശയും നിര്‍ബന്ധം. നില്‍ക്കുമ്പോള്‍ റെയിലുവിഴുങ്ങിയപോലെ വേണം. പകല്‍സമയത്ത് കോടാലികളുമായി ബന്ധം പാടില്ല. വിശുദ്ധ സംഭാവന പിരിക്കുമ്പോള്‍ കോടാലിയോട് അടുക്കളഭാഗത്തൂടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ പറയണം. തിരുവനന്തപുരത്ത് മിസ്റ്റര്‍ ക്ളീന്‍ജി വാങ്ങിയ ആദര്‍ശവീടിന്റെ മട്ടുപ്പാവിലിരുന്ന് ഒരുമാസം സുധീരം ട്യൂഷന്‍ സഹിച്ചശേഷം തരൂര്‍ജി ഗോദയിലിറങ്ങി നോക്കൂ-ഒരു മാടനെയും മറുതയെയും പേടിക്കേണ്ടിവരില്ല.

*
പറഞ്ഞുതുടങ്ങിയത് മാധ്യമപ്പശുക്കളെക്കുറിച്ചാണെങ്കിലും തരൂരിലേക്ക് തെറ്റിക്കയറിപ്പോയി. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍‍' എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. അത് വിവേകികളെക്കുറിച്ചാണ്; നമ്മുടെ മാധ്യമ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുതന്നെ.

ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ മൂക്കു പരന്ന ചീനക്കാര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ചു വീഴ്ത്തിയതിന്റെ സ്കൂപ്പ് വാര്‍ത്തയെഴുതിയ മഹാ റിപ്പോര്‍ട്ടര്‍മാര്‍ ഇങ്ങ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യ സമരത്തിന് ത്യാഗോജ്വല പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇവിടെ ചെറിയ ചെറിയ കള്ളങ്ങളെഴുതുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ പറയുന്നു. വാര്‍ത്ത എഴുതിയവരുടെ പക്കല്‍ തെളിവുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. സിപിഎമ്മിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ എഴുതരുതത്രെ. വാര്‍ത്ത വ്യാജമാണോ കള്ളമാണോ എന്നൊക്കെ തീരുമാനിക്കാന്‍ മാധ്യമരംഗത്തെ കുലപതികളുണ്ടായിരിക്കെ പിണറായി, കോടിയേരി, ഇ പി ജയരാജന്‍,തോമസ് ഐസക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് അടങ്ങിനിന്നുകൂടേ? അവര്‍ മാധ്യമ സ്വാതന്ത്ര്യധ്വംസനം നടത്തുമ്പോള്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ എങ്ങനെ മിണ്ടാതിരിക്കും.

ആദ്യം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് തന്നെ രംഗത്തിറങ്ങിയത് പ്രശ്നത്തിന്റെ ആ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ്(യൂണിയന്റെ പരമോന്നത യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്ന സുപ്രധാന വിഷയങ്ങള്‍ അംഗങ്ങള്‍ തമ്മില്‍തമ്മില്‍ തെറിവിളിച്ചും അഴിമതിയും കുരുത്തക്കേടും ആരോപിച്ചും എഴുതിയ ഊമക്കത്തുകളാണത്രെ. കെയുഡബ്ള്യുജെ എന്നാല്‍ കേരള ഊമക്കത്ത് റൈറ്റിങ് ജേണലിസ്റ്റ് യൂണിയനാണോ എന്നാണ് ഒരംഗം സംശയം പ്രകടിപ്പിച്ചത്.) മാധ്യമസ്വാതന്ത്ര്യ ധ്വംസകര്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ പടനായകരും ഉടന്‍ പ്രതികരിച്ചു. നിയമസഭ സ്തംഭിപ്പിച്ചുപോലും പ്രതിഷേധം. ഇതെല്ലാം കണ്ട് ആവേശം മൂത്താണ് അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ രണ്ട് പാവപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ അങ്ങ് അതിര്‍ത്തിയില്‍ ചാടിയിറങ്ങിയത്. ചൈനക്കാര്‍ വെടിവച്ചിട്ടുമില്ല, ഇന്ത്യക്കാര്‍ക്ക് കൊണ്ടിട്ടുമില്ല എന്നാണ് ഇരുരാജ്യവും പറയുന്നത്. എന്നുമാത്രമല്ല, ഇങ്ങനെ കള്ളവാര്‍ത്തയെഴുതി ഇന്ത്യാ ചീനാ ഭായി ഭായി വെള്ളത്തിലാക്കരുതെന്ന് മന്‍മോഹന്‍ജിയും ഉപദേഷ്ടാവും മറ്റും മറ്റും പറയുന്നു. ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെടിവയ്പുവാര്‍ത്തയെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. ഇനി ഏതാണ് ആ ഉന്നത വൃത്തങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ പറയട്ടെ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേന്ദ്ര ആഭ്യന്തരവകുപ്പ് ആജ്ഞാപിക്കുന്നത്.

അതായത്, വ്യാജവാര്‍ത്ത എഴുതിയ പത്രക്കാരെ കേസെടുത്ത് കോടതി കയറ്റുമെന്നും മാധ്യമ സ്വാതന്ത്ര്യവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ നടപ്പില്ലെന്നും. കേരളത്തിലെ എന്തോ ഒന്ന് ധ്വംസിക്കപ്പെട്ടതിന്റെ പേരില്‍ വാളെടുത്തവര്‍ മാര്‍ച്ച് ചെയ്യട്ടെ മുല്ലപ്പള്ളിയുടെ ഡല്‍ഹിയിലെ മാധ്യമ സ്വാതന്ത്ര്യ ഓഫീസിലേക്ക്. അവിടെച്ചെന്ന് നിരാഹാരമിരുന്നോ ധര്‍ണനടത്തിയോ മോചിപ്പിക്കട്ടെ സ്വന്തക്കാരെ. ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസാണ് കേസെടുക്കുന്നതത്രെ. ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്റ്യന്‍ പോള്‍, രാംകുമാര്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്.

*
ഇല്ലാത്ത വെടിവയ്പിന്റെ വാര്‍ത്ത കൊടുത്തവര്‍ പരിക്കേല്‍ക്കാത്ത പട്ടാളക്കാരെ തല്ലിപ്പരിക്കേല്‍പ്പിച്ചാല്‍ സത്യസന്ധ പത്രപ്രവര്‍ത്തനമെന്ന് വിളിക്കാമായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍, അത് ഭീഷണിയാണെന്നും തെറിവിളിയാണെന്നും വാര്‍ത്തകൊടുപ്പിക്കുന്നതും ആ വാര്‍ത്ത വന്നില്ലെങ്കില്‍ കേസുകൊടുത്ത് വാര്‍ത്തയാക്കുന്നതും അതും വന്നില്ലെങ്കില്‍ എംഡിയെക്കൊണ്ട് സഹപ്രവര്‍ത്തകരെ തെറിവിളിപ്പിക്കുന്നതുമൊക്കെയാണ് നമ്മുടെ നാട്ടിലെ ശരിയായ പത്രപ്രവര്‍ത്തനം. സ്വന്തം പത്രം കൊടുക്കാത്ത ചവറുകള്‍ ആരാന്റെ പത്രത്തില്‍ കൊടുപ്പിക്കുന്ന മിടുക്കാണ് എണ്ണപ്പെടുക. മൂകാംബികയില്‍ നൂറുദിവസം ഭജനയിരുന്നാലും മനസ്സിലെ ചെളി മായുമെന്ന് തോന്നുന്നില്ല. ഏതോ ഒരു മൃഗം കടലില്‍ചെന്നാലും ജലപാനം നാവുകൊണ്ടായിരിക്കുമെന്ന് ചൊല്ലുണ്ട്. ഇത്തരം ജീവികളുടെ പരിദേവനങ്ങള്‍ മേനക ഗാന്ധി വിസ്തരിച്ചെഴുതിയിട്ടുണ്ട്. ജെയിംസ് തര്‍ബാര്‍ എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞത്, " മരണാനന്തര ജീവിതത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ടെങ്കില്‍ നായകള്‍ സ്വര്‍ഗത്തിലെത്തട്ടെ എന്ന് ആഗ്രഹിക്കുമായിരുന്നു. വളരെക്കുറച്ച് മനുഷ്യര്‍മാത്രം പോയാല്‍ മതിയെന്നും'' എന്നാണ്. ആരൊക്കെ സ്വര്‍ഗത്തില്‍ പോകും എന്നതും ഒരു ചര്‍ച്ചാ വിഷയമാക്കാവുന്നതാണ്.

യൂത്തുകോണ്‍ഗ്രസുകാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം നടത്തിയത് 'ഗുണ്ടാ രാജി'നെതിരെയാണ്. സമരം ഗുണ്ടായിസമായപ്പോള്‍ പൊലീസ് പീരങ്കിയില്‍നിന്ന് വെള്ളം ചീറ്റി. വെള്ളം വീണപ്പോള്‍ യൂത്തിന്റെ പ്രസിഡന്റിന് ബോധക്ഷയം. പണ്ട് സമരക്കാര്‍ക്കുനേരെ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പഴയ നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം, "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ'' എന്നതായിരുന്നു. 'വെള്ളം ചീറ്റുന്നു....... പോരാളികളെ സമരം നാളെ' എന്ന് വിളിക്കാന്‍ ഇവിടെ നേതാവിന് ബോധമുണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ മിനറല്‍വാട്ടര്‍ കുടിച്ച്, ഒറ്റക്കണ്ണിലൂടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കി ഉറപ്പുവരുത്തിയ നേതാവിനെ എടുത്ത് ആശുപത്രിയിലാക്കുക എന്ന ഭാഗം അഭിനയിക്കാന്‍ വിശ്വസ്ത അനുയായികളുടെ വന്‍ പട മുന്നോട്ടുവന്നു. തലഭാഗം(വലിയ കനമില്ലാത്ത ഭാഗം) പിടിച്ചത് ഗുണ്ടാ വിരുദ്ധ പോരാട്ടത്തിന്റെ വീരപോരാളി-ഒരു ബലാത്സംഗക്കേസടക്കം ഇരുപതു കേസിലെ പ്രതി. ഡോക്ടര്‍മാരുടെ വിദേശ ഡിഗ്രിപോലെ മോഷണം, ഭവനഭേദനം, പിടിച്ചുപറി, കത്തിക്കുത്ത് തുടങ്ങിയ ബിരുദങ്ങള്‍ ധാരാളമുള്ള മഹാന്‍. മനോരമയില്‍ പിറ്റേന്ന് വര്‍ണചിത്രമായി ടിയാന്‍ മിന്നി. അടുത്ത ദിവസമാണ് ഗുണ്ടാ വിരുദ്ധ പോരാട്ടം നയിച്ചയാളിന്റെ ബിരുദങ്ങള്‍ പുറത്തുവന്നത്. എഴുതാന്‍ ദേശാഭിമാനിമാത്രം.

മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും. ആരും ചോദ്യംചെയ്യരുതെന്നാവശ്യപ്പെട്ട് നമുക്ക് ഒരു സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാം. കെ സുധാകരന്‍, കോടാലി ശ്രീധരന്‍, വേടന്‍ജയരാജന്‍, കാരി സതീശന്‍ തുടങ്ങിയ ഗാന്ധിശിഷ്യന്മാര്‍ നമ്മെ നയിക്കട്ടെ. നടന്നുക്ഷീണിക്കുമ്പോള്‍ പ്രസ്താവന കുടിച്ച് ദാഹം തീര്‍ക്കണമെങ്കില്‍ നമ്മുടെ ഊമക്കത്തുകാര്‍ സഹായിക്കും.

Sunday, September 13, 2009

പാവം മാധ്യമങ്ങള്‍

ഒരു സമ്പന്നകുമാരനാണ് പാതിരാത്രിയില്‍ പൊതുവഴിയില്‍ കൊല്ലപ്പെട്ടതെന്നുള്ള വ്യത്യസ്തത മുത്തൂറ്റ് പോള്‍ വധക്കേസിനുണ്ട്. അതല്ലെങ്കില്‍ നാട്ടില്‍ പലപ്പോഴും നടക്കാറുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമാണത്-രണ്ടോ മൂന്നാ ദിവസം വാര്‍ത്തയില്‍ വരും; പിന്നെ എല്ലാവരും മറക്കും. ഇപ്പോള്‍ പോള്‍വധം ഇന്റര്‍ നാഷണല്‍ സംഭവമായി. കാരിയും കൂരിയും ഓംപ്രകാശും അച്ഛനും ലിജുവും രക്ഷിതാവ് കെ സി വേണുഗോപാലും സുധാകരനും സുധീരനുമെല്ലാം തിമിര്‍ത്താടുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാരിയുടെ അമ്മയോടൊപ്പം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രാജു പുഴങ്കര ചെന്നിത്തലയ്ക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തുലാഭാരം നടത്തിച്ചയാളാണ്-പഞ്ചാരകൊണ്ട്. ഹര്‍ജി തള്ളിപ്പോയി. തള്ളിക്കൊണ്ട് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, മാധ്യമങ്ങള്‍ക്ക് കണക്കിന് കൊടുത്തു.

"മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്നു''

ജസ്റ്റിസ് ശക്തമായി കാര്യങ്ങള്‍ പറഞ്ഞു. പിറ്റേന്ന് പത്രം തുറന്നപ്പോള്‍ കണ്ടത് 'പൊലീസിന് കോടതിയുടെ വിമര്‍ശനം' എന്നുമാത്രം. മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമാണെന്ന് ഒരു യൂണിയന്‍ പുമാനും പ്രസ്താവിച്ചില്ല; അപലപിച്ചുമില്ല. ഒരു ചാനലും കുന്തവും പിടിച്ച് മാധ്യമവിശാരദന്മാരുടെ ചര്‍ച്ച കുത്തിയിളക്കാന്‍ പോയില്ല. രണ്ടുദിവസത്തിനുശേഷം പിണറായി വിജയന്‍ പത്രക്കാരെ വിളിച്ചു. പറഞ്ഞത് കടുപ്പിച്ചുതന്നെ:

"കത്തിവിവാദം കേസ് വഴിതിരിച്ചുവിടുകയെന്ന വ്യക്തമായ ദുരുദ്ദേശ്യത്തിലാണ്. മാധ്യമം എന്ന നിലയ്ക്കുള്ള സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ പൊലീസ് ഇതേക്കുറിച്ചും അന്വേഷിക്കുമായിരുന്നില്ലേ. ഈ വാര്‍ത്ത നല്‍കിയത് ആര്‍ക്കുവേണ്ടിയാണെന്ന കാര്യം പുറത്തുവരണം. ഏതു വൃത്തികേടിനെയും അനുകൂലിക്കുന്നതാണ് മാധ്യമധര്‍മം എന്ന് കരുതരുത്.''

ഇതാണ് പറഞ്ഞ പ്രധാന കാര്യം. ഹൈക്കോടതി ജഡ്ജി സൂചിപ്പിച്ച കാര്യങ്ങള്‍ അല്‍പ്പംകൂടി സ്പഷ്ടമായി പിണറായി വിശദീകരിച്ചു. അതാ, കടന്നല്‍ക്കൂടിളകിവരുന്നു. മുള്ളിലും പല്ലിലും കൊമ്പിലും വാലിലും വിഷമുള്ള ഇനങ്ങള്‍ പറന്നുവരുന്നു. സുധീരാക്രോശം ബാലെ, ചെന്നിത്തലചരിതം ആട്ടക്കഥ, സുധാകരന്‍ തുള്ളല്‍, ഏഷ്യാനെറ്റിന്റെ സിനിമാറ്റിക് ഡാന്‍സ്, മനോരമ വക ചവിട്ടുനാടകം. കൂട്ടത്തില്‍ മനോരമയിലെ സീനിയര്‍ സബ്എഡിറ്ററുടെ ഒരു ദുര്‍ബലശബ്ദവും-പിണറായി ഭീഷണിപ്പെടുത്തുകയാണെന്ന്. ശമ്പളം വാങ്ങുന്ന പത്രത്തിനുവേണ്ടി പറയാനേ തനിക്കധികാരമുള്ളൂ എന്നും നാട്ടിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നത് ഇമ്മാതിരി വെടക്കത്തരം പറയാനല്ലെന്നും ടിയാന്‍ മറന്നുപോയി-ഒരല്‍പ്പനേരത്തേക്ക്(എച്ച്എംവി). കാക്കി നിക്കറിനുമേല്‍ മല്‍മല്‍ മുണ്ടുടുത്ത ഒരു ആര്‍എസ്എസുകാരനും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവിന്റെ ബലംപിടിച്ച് ചാനല്‍ചര്‍ച്ചയില്‍ കയറി പിണറായിക്കെതിരെ ഓംകാളി ആക്രോശിക്കുന്നതുകേട്ടു. എല്ലാറ്റിനും സംഘടനയുടെ ബലം! ചെരുപ്പുനക്കലും യൂണിയന്‍ അജണ്ടയോ?

എല്ലാവര്‍ക്കും പത്രസമ്മേളനം നടത്താം, സിപിഎമ്മിനെ പുലഭ്യം പറയാം. രമേശ് ചെന്നിത്തല വക എട്ട്, എം ലിജു വക നാല്, ഉമ്മന്‍ചാണ്ടി വക മൂന്ന്, കെ സുരേന്ദ്രന്‍ വക നാല്, പി സി ജോര്‍ജുവക എത്രയെന്ന് തിട്ടമില്ല-ഇങ്ങനെ പത്രസമ്മേളനങ്ങളുടെ പൂരം. എല്ലാം കാരി, കൂരി, ചാള, അയല തുടങ്ങിയവയ്ക്കുവേണ്ടി. അത് അവരുടെ ജന്മാവകാശം. അതിന് സിപിഐ എം മറുപടി പറയാന്‍ പാടുണ്ടോ? പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയന്‍ മിണ്ടാമോ എന്നതാണ് ചോദ്യം. രണ്ടു പത്രസമ്മേളനം വിളിക്കുക എന്ന മഹാപാതകമല്ലേ പിണറായി ചെയ്തത്. അക്രമം തന്നെ, തന്നെ. പ്രതിഷേധിക്കണം; പ്രകടനം നടത്തണം. മാധ്യമപ്രവര്‍ത്തകന് ശബരീനാഥിന്റെ തൊണ്ടിമുതല്‍ കട്ടുകൊണ്ടുപോകാം, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ വീട് ക്വട്ടേഷന്‍ കൊടുത്ത് ആക്രമിപ്പിക്കാം. ഓംപ്രകാശിന്റെ സല്‍ക്കാരം ഉച്ചയ്ക്കും വൈകിട്ടും മുടങ്ങാതെ സ്വീകരിച്ച് ഏമ്പക്കം വിടുന്ന മാധ്യമപുരുഷോത്തമന്മാര്‍ തലസ്ഥാനത്തുണ്ട്. സ്വന്തം മകനും ഓംപ്രകാശും ഒരുകിണ്ണത്തില്‍നിന്ന് ഉണ്ണുന്നതും ഒരുപായില്‍ കിടക്കുന്നതും പറഞ്ഞ് കോള്‍മയിര്‍ക്കൊണ്ട മാധ്യമജിയെ ഇപ്പോള്‍ കാണാനേയില്ല. വന്നുവന്ന് പ്രതികള്‍ക്കുവേണ്ടിയാണ് വാദം. കാരിയുടെ മാതാശ്രീ കുന്തീദേവി. ഓംപ്രകാശന്റെ പിതാശ്രീ പത്മവ്യൂഹത്തില്‍പെട്ട അഭിമന്യുവിനെ ഓര്‍ത്ത് ദുഃഖിക്കുന്ന അര്‍ജുനന്‍. കെ സുധാകരനെ അറിയില്ലെന്ന് പറയാന്‍ ശട്ടംകെട്ടിയാണ് ഓംപിതാവിനെ അഭിമുഖത്തിനിറക്കിയത്. അഭിമുഖങ്ങളും ഫാസ്റ്റ് ഫുഡുപോലെയായി. സിഡി കവറിലാക്കി ചാനല്‍ ആപ്പീസുകളിലെത്തും. അഭിനയിക്കുന്നത് കാരിയാകും. തള്ളമാരും തന്തമാരുമാകും. സംവിധാനം ഖദറിട്ട വിരുതന്മാരാണ്. പിന്നണിയില്‍ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇപ്പോഴത്തെ എംപി-വടക്കന്‍. സുമുഖനോ ദുര്‍മുഖനോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.

*

മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമത്സരമാണ് രസകരം. പിണറായി പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കേണ്ട അവര്‍ക്കാര്‍ക്കും. മാന്യമായ ഭൂതകാലം പോലുമില്ലാത്ത സമ്പന്നപുത്രന്റെ മരണവും സിപിഎമ്മും തമ്മിലെന്തുബന്ധം എന്ന് ആരും ചോദിക്കരുത്. അരയും തലയും മുറുക്കി ഏഷ്യാനെറ്റ് പോലുള്ള വിദേശ മാധ്യമ കുത്തകയും നാടന്‍ പിഡബ്ള്യുഡി ചാനലും(സ്പോണ്‍സേഡ് ബൈ മുത്തൂറ്റ്) ഇടപെടുന്നതിന്റെ യുക്തി ചോദിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാകുന്നു. മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ ഓംപ്രകാശനും പുത്തന്‍പാലം രാജേഷും ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഫൈസല്‍ ബിന്‍ അഹമ്മദ് എന്ന ലേഖകനും ബിന്‍ ലാദനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. എന്തായാലും ആ മാധ്യമലാദന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ താടിവച്ച ഒരു മഹാനും ക്യാമറയ്ക്കുമുന്നില്‍വന്ന് നിഷേധിക്കുന്നതുകണ്ടില്ല, കള്ളം പറഞ്ഞതിന്റെ ജാള്യവും അവരുടെ മുഖത്തുകണ്ടില്ല.

പോള്‍ വധവും സിപിഎമ്മും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യം ഏതെങ്കിലും മാധ്യമവിശാരദനോട് ചോദിച്ചുനോക്കൂ. ഒരക്ഷരം മിണ്ടില്ല. ബന്ധമുണ്ടെന്ന് പറഞ്ഞുപരത്താനുള്ള ക്വട്ടേഷനാണ് അവര്‍ എടുത്തത്. കത്തിക്കഥ അങ്ങനെ വന്നതാണ്-ഒരു യഥാര്‍ഥ ക്വട്ടേഷന്‍ പണി (അതിന്റെ വിശദാംശം പിന്നെപ്പറയാം). കത്തിക്കഥ കേട്ടതോടെ യുവമോര്‍ച്ചക്കാരും യൂത്തന്മാരും ആഞ്ഞുതുള്ളി. കോടിയേരി രാജിവയ്ക്കണമെന്ന്. കൊല്ലനെ തേടിയായി അടുത്ത യാത്ര. കാരി ഡിവൈഎഫ്ഐക്കാരനല്ല എന്നറിഞ്ഞതോടെ ഏഷ്യാനെറ്റിന് വര്‍ഗബോധം ഉണര്‍ന്നു. 'അമ്മയുടെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാനുള്ള പണം സമ്പാദിക്കാന്‍ കുറ്റമേറ്റവന്‍ കാരി'. സെന്റിമെന്റ്സ്. കാരി നിരപരാധി! കാരിയുടെ അമ്മയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിട്ടിയതെങ്ങനെ? അതും പൊലീസ് കൊണ്ടിട്ട് വണ്ടികയറ്റി ചതച്ചുകളഞ്ഞതാണെന്ന ക്വട്ടേഷന്‍ കഥ ഉടനെ വരുമായിരിക്കും.

മൊബൈല്‍ തുമ്പില്‍ നിന്നാണ് അന്വേഷണം കാരിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് ആദ്യമായി നല്‍കിയത് ഐപ്പ് വള്ളിക്കാടന്‍ എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറാണ്. വാര്‍ത്ത വിഴുങ്ങാന്‍ മര്‍ഡോക്കിന് സേവകന്മാരെ കിട്ടാനാണോ പഞ്ഞം. പോളിനെ കൊന്നത് ആരായാലും; എന്തിനു വേണ്ടിയായാലും അത് സിപിഎമ്മിന്റെ ഉത്തരവാദിത്തമായി പ്രഖ്യാപിച്ച് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തനസ്വാതന്ത്ര്യത്തെ രക്ഷിക്കണമെന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന.

മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്ന, ഗുണ്ടകളുമായി ചങ്ങാത്തമുള്ള, മറ്റുപല സദ്ഗുണങ്ങളുമുണ്ട് എന്ന് പറയപ്പെടുന്ന ഒരു ബ്ളേഡ് കമ്പനിക്കാരനെപ്പറ്റി ഒരു ദുരൂഹതയും ആരും ഉയര്‍ത്താന്‍ പാടില്ല-അത് മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള കടന്നാക്രമണമാകും. അക്കാര്യത്തില്‍ അന്വേഷണാത്മകത തീരെ വേണ്ട. അന്വേഷിച്ചാല്‍ വിപണനസാധ്യതയും എരിവും പുളിയും ഉള്ള കഥകള്‍ കിട്ടുമെന്നത് മാധ്യമശത്രുക്കളുടെ കുപ്രചാരണമാണ്. അന്വേഷണം പോളിലേക്ക് തിരിയരുത്.

മുത്തൂറ്റ് ഗ്രൂപ്പിന് സിപിഎം ബന്ധമില്ല; യുഡിഎഫ് ബന്ധുത്വമുണ്ട്. പരസ്യം തരുന്നത് മുത്തൂറ്റുകാരാണ്-സിപിഎമ്മല്ല. പണ്ട് പോളിന്റെ മയക്കുമരുന്ന് വാര്‍ത്ത മുക്കിയപ്പോള്‍ അനുഭവമുള്ളതാണ്. ഇനിയും ചോദിച്ചാല്‍ ഇനിയും കിട്ടും. ബാങ്കിലെ കടം വീട്ടാനും വക കാണും. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാമോ-മുത്തൂറ്റിനെ പിണക്കാമോ? ആയതിനാല്‍ നമുക്ക് കോടിയേരി-പിണറായി ദുരൂഹത ആഘോഷിക്കാം. പിണറായി പത്രസമ്മേളനം നടത്തിയത് കോടിയേരിക്ക് വേലവയ്ക്കാന്‍ എന്ന് സിദ്ധാന്തിക്കാം. കൂട്ടത്തില്‍ തോമസ് ഐസക് എഴുതാന്‍ പോകുന്ന പുസ്തകത്തിന്റെ പ്രചാരം കൂട്ടാനാണ് സിപിഎം പ്രതികരിച്ചതെന്നും പറഞ്ഞുവയ്ക്കാം.

മുത്തൂറ്റ്-മാധ്യമബന്ധം, മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം തുടങ്ങിയ സെന്‍സേഷണല്‍ സംഗതികളിലേക്കുള്ള വാതിലുകള്‍ ആരും തുറക്കരുതേ. അഥവാ തുറന്നാല്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റിനെ തന്നെ ചാവേറാക്കിക്കളയും. ഇത് ഒരു ഭീഷണിയായി ആരും കാണരുത്. പത്രപ്രവര്‍ത്തകര്‍ പള്ളയ്ക്കിട്ട് കുത്തിയാലും അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രം. പ്രതിഷേധിക്കാനും പ്രസ്താവന ഇറക്കാനും എതിര്‍ പ്രസ്താവനകള്‍ മുക്കാനും സ്വാതന്ത്ര്യമുള്ളവരാണല്ലോ ഞങ്ങള്‍.

*

ശശി തരൂരിന് രാപ്പാര്‍ക്കാന്‍ അരലക്ഷം ദിവസവാടകയുള്ള സ്യൂട്ട് ദില്ലിയില്‍. മൂന്നുമാസം പാര്‍ത്തതിന് കൊടുക്കേണ്ടത് നാല്‍പത്തഞ്ചു ലക്ഷം. അത് സ്വന്തം പണമത്രെ. കിട്ടിയ വഴി വഴിയേ പറയുമായിരിക്കും. അനന്തപുരിയിലെ വോട്ടര്‍മാര്‍ എത്ര ഭാഗ്യവാന്മാര്‍!

Sunday, September 6, 2009

ഓണം കെങ്കേമം

പൂരാടനാളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 34.13 കോടി രൂപയുടെ വിദേശമദ്യമാണെന്ന വാര്‍ത്ത മലയാളി വളരുകയാണെന്നതിന് തെളിവുതന്നെ. കഴിഞ്ഞ കൊല്ലം ഇതേദിവസം 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 49 ശതമാനം വര്‍ധന. തിരുവോണമടക്കം ഏഴുദിവസംകൊണ്ട് ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 154.40 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ അറുപതുശതമാനവും റമ്മാണത്രെ. ഉത്രാടം ഒന്നാം തീയതി ആയതിനാല്‍ ഷാപ്പടച്ചിട്ടതു മൂലം അന്നത്തെ കച്ചവടം മുടങ്ങി. കര്‍ണാടകത്തില്‍നിന്നുള്ള മൂലവെട്ടി, തമിഴ്നാട്ടില്‍നിന്നെത്തുന്ന ആനമയക്കി, മാഹിയിലെ ഇരുപതുരൂപയ്ക്ക് കാല്‍കുപ്പി കിട്ടുന്ന സുപ്പര്‍ കിക്കര്‍, ബാറില്‍ പെഗ് റേറ്റില്‍ ഒഴിച്ചുവില്‍ക്കുന്ന നില്‍പ്പന്‍ മുതല്‍ സ്കോച്ചുവരെ, മിലിറ്ററി ക്യാന്റീന്‍ സപ്ളൈ, കസ്യൂമര്‍ഫെഡ് സ്റ്റാളുകളിലെ വില്‍പ്പന എന്നിവയെല്ലാം ഇതിനു പുറമെയാണ്. പനയും തെങ്ങും ചുരത്തുന്നതും അല്ലാത്തുമായ കള്ളും വാറ്റുചാരായവും വേറെ. ഓണം സ്പെഷ്യല്‍ ഒറിജിനല്‍ വിദേശി കടല്‍കടന്നു വന്നതെത്രയാകുമെന്നതിന് ഒരിടത്തും കണക്കില്ല. മാവേലി മലയാളക്കരയില്‍ ഇറങ്ങുമ്പോള്‍തന്നെ മണമടിച്ച് പൂസായിക്കാണും. സര്‍ക്കാരിന് വലിയ വരുമാനംതന്നെ. എന്നാല്‍, ഇതിങ്ങനെ പോയാല്‍മതിയോ എന്ന് ശതമന്യുവിന് കലശലായ സംശയമുണ്ട്.

ഇക്കൊല്ലത്തെ ഓണം കുശാലായി അവസാനിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജി സുധാകരനും സി ദിവാകരനും മത്സരിച്ചു. ചാനലുകളില്‍ സിനിമയുടെയും സിനിമാക്കാരുടെയും അറ്റകൈപ്രയോഗങ്ങള്‍ നടന്നു. തൃശൂരില്‍ പുലികള്‍ മഴനൃത്തം ചവിട്ടി. അനന്തപുരിയില്‍ ശ്വേതാമേനോന്‍ നൃത്തമാടുകയും റിമി ടോമി തുള്ളിപ്പാടുകയുംചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഓര്‍ക്കാന്‍ ബിവറേജസിലെ ക്യൂ മാത്രം ബാക്കി. മദ്യസേവ അതിരുവിടുന്നുണ്ടോ എന്നത് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കട്ടെ.

അല്ലെങ്കിലും അതിരാവിലെ മലയാള മനോരമയും മാതൃഭൂമിയും കാണുമ്പോള്‍തന്നെ രണ്ടു ലാര്‍ജടിക്കുന്ന അനുഭവമാണ്. ചാനലുകള്‍ തുറന്നാല്‍ 'ടക്കീല'യുടെ ബൂസ്റ്റര്‍ കിട്ടും. അതും കഴിഞ്ഞ് ഒറിജിനല്‍ മദ്യപാനം കൂടിയാകുമ്പോള്‍ മലയാളിയുടെ തലച്ചോറിന്റെയും കരളിന്റെയും ഗതി എന്താകും എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒന്നുകില്‍ പത്രവായന നിര്‍ത്തണം; അല്ലെങ്കില്‍ മദ്യപാനം നിര്‍ത്തണം. രണ്ടും ഒരുമിച്ചു തുടരുന്നവര്‍ക്കായി പുതിയ ആശുപത്രികള്‍ തുടങ്ങാന്‍ ഒരു നിക്ഷേപക സംഗമത്തിന് സ്കോപ്പുണ്ട്. പുതിയ നിക്ഷേപം വരുമ്പോള്‍ കേരളം വീണ്ടും വളരും. പുതിയ ടൌഷിപ്പുകളുണ്ടാകും. അവിടെയും ബാറുകള്‍ തുടങ്ങാം. അപ്പോഴും വളര്‍ച്ച മേലോട്ടുതന്നെ.

*
ഈ മദ്യമെല്ലാം വലിച്ചു കുടിച്ചില്ലെങ്കില്‍ കേരളീയന്റെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ട വാരമാണ് കടന്നുപോയത്. പോള്‍ ജോര്‍ജിന്റെ വധത്തിനുശേഷം ഗുണ്ടാവേട്ടയുടെ ക്വട്ടേഷനെടുത്തവരെയൊന്നും ഇപ്പോള്‍ കാണാനില്ല. ആന്ധ്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതും മേഴ്സി രവിയുടെ മരണവും വന്നപ്പോള്‍ ഗുണ്ടകള്‍ക്കു തല്‍ക്കാലം വിശ്രമം. അല്ലെങ്കില്‍ ഓണാഘോഷവും ക്വട്ടേഷനില്‍ മുങ്ങിപ്പോയേനെ. ഏതായാലും നിയമസഭ തുടങ്ങുകയാണ്. ഇനിയുള്ള നാളുകള്‍ വാര്‍ത്താ സുരഭിലമാക്കാനുള്ള ഒരുക്കങ്ങളും കുശാലായി തുടങ്ങിക്കഴിഞ്ഞു. സുപ്രീം കോടതിയിയെയും പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും ബന്ധിപ്പിച്ചാണ് പുതിയ ചവിട്ടുനാടകം. പിണറായി സുപ്രീം കോടതിക്കു കൊടുത്ത രേഖകള്‍ അവിഹിതമായി സമ്പാദിച്ചതാണെന്ന് മനോരമ, മാതൃഭൂമി പത്രങ്ങള്‍ വിധിച്ചുകഴിഞ്ഞു. താളം മുട്ടാന്‍ പിസി ജോര്‍ജ് രംഗത്തുണ്ട്. സിന്‍ഡിക്കറ്റ് കച്ചവടം വീണ്ടും പുഷ്ടി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ കൊടുക്കുന്ന രേഖ എന്താണെന്നും എങ്ങനെ കിട്ടിയതാണെന്നും അറിയാത്തവരാണ് പിണറായിയുടെ വക്കീലന്മാര്‍ എന്ന് ധരിക്കാനും അങ്ങനെ പ്രചരിപ്പിക്കാനുമുള്ള വിവരക്കേട് ബിവറേജസിന്റെ ചരക്ക് മുഴുവന്‍ കുടിച്ചുവറ്റിച്ചാലും കിട്ടുമെന്ന് കരുതാനാവില്ല. എന്നിട്ടും അങ്ങനെ എഴുതിക്കൊണ്ടേയിരിക്കുന്നു; പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഓണത്തിന്റെയൊരു കളി നോക്കണം. ഒടുവിലത്തെ അടി പിണറായിക്കെതിരെ വി എസ് അന്വേഷണം നടത്തുന്നു എന്നാണ്. പണമടച്ച് നിയമപ്രകാരം രേഖകള്‍ വാങ്ങി കോടതിയില്‍ കൊണ്ടുകൊടുത്ത് സ്വന്തം ഭാഗം സമര്‍ഥിക്കുന്നതിനെതിരെ സ്വന്തം പാര്‍ടിയുടെ നേതാവുതന്നെ അന്വേഷിക്കുന്നുവെന്ന്. നിയമപണ്ഡിതര്‍ പേരുവച്ച് ലേഖനമെഴുതുന്നു; നിയമ നിരക്ഷരര്‍ അത് അച്ചടിച്ച് വില്‍ക്കുന്നു. ആ വാമനന്റെ കാല് ഈ മരത്തലയിലൊന്നും അമര്‍ന്നില്ലല്ലോ എന്ന് ആശ്വസിക്കാം.

*
ഒരു മാധ്യമം വാര്‍ത്ത നോക്കാം.

തലക്കെട്ട്: തീവ്രവാദബന്ധം വ്യക്തമായില്ല; കബീറിനെതിരെ യാത്രരേഖ ഇല്ലാത്തതിന് കേസ്

"ഐ.ബി ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന പേരില്‍ കഴിഞ്ഞദിവസം വിമാനത്തില്‍നിന്ന് പിടികൂടിയ വയനാട് സ്വദേശി കബീറിന് തീവ്രവാദബന്ധമുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യലില്‍ വ്യക്തമായില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇയാള്‍ക്കെതിരെ തന്നെയാണെന്നുമുള്ള നിലപാടില്‍ ഐ.ബി. ഉറച്ചു നില്‍ക്കുകയാണ്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്തെന്ന കാരണത്തിന് കബീറിനെതിരെ കേസെടുത്തു. എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കാന്‍ വേണ്ട രേഖകളില്ലാതെയാണ് ഇയാള്‍ വിമാനത്തില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തി. വീഴ്ച വ്യക്തമായതിനെത്തുടര്‍ന്ന് എമിഗ്രേഷന്‍ എസ്.ഐ ജേക്കബ് സൈമണെ സ്ഥലംമാറ്റി. മതിയായ പരിശോധന നടത്താതെയാണ് കബീറിനെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടതെന്ന, സംഭവം അന്വേഷിച്ച എയര്‍പോര്‍ട്ട് പി.ആര്‍.ഒ മുരളീധരന്‍നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.''

എത്ര നിസ്സാരമായ സംഭവം എന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍, വിമാനം തിരിച്ചുവിളിച്ച് ഭീകരനെ അറസ്റ്റ് ചെയ്ത വാര്‍ത്ത എത്രമാത്രം പ്രാധാന്യത്തോടെയാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓര്‍ത്തുനോക്കുക. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ കേമത്തവും സംസ്ഥാന പൊലീസിന്റെ അനാസ്ഥയുമായിരുന്നു സിന്‍ഡിക്കറ്റ് പത്രങ്ങള്‍ക്ക് ആ വാര്‍ത്ത. അതിന്റെ ആഘോഷം തീരുന്നതിനുമുമ്പ് ഇന്റലിജന്‍സ് ബ്യൂറോ വലിഞ്ഞു. അവരുടെ കൈയില്‍ തെളിവുമില്ല, മണ്ണാങ്കട്ടയുമില്ല. പേര് കബീറെന്നായതുകൊണ്ട് അത് തീവ്രവാദിതന്നെയെന്ന് എല്ലാവരുമങ്ങ് സ്ഥിരീകരിച്ചുകളഞ്ഞു. ഏഴാംതരംവരെ മാത്രം പഠിച്ച കബീര്‍ കുവൈത്തിലുള്ള ജ്യേഷ്ഠന്‍ അയച്ച വിസയിലാണ് അവിടേക്ക് പോകാന്‍ എത്തിയതെന്നും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള രണ്ട് ഏജന്‍സി ഇടപെട്ടാണ് ഇയാള്‍ക്ക് യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കിയതെന്നും മാധ്യമം വാര്‍ത്തയില്‍ പറയുന്നുണ്ട്. ഒടുവില്‍ കണ്ടെത്തിയത് എമിഗ്രേഷന്‍ ക്ളിയറന്‍സില്ലാതെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചെന്ന കുറ്റമാണ്.

കബീറിന് ഭീകരബന്ധമുണ്ടെങ്കില്‍ പിടിക്കുന്നതിനൊന്നും ആരും എതിരല്ല. എന്നാല്‍, ഒരു ചെറുപ്പക്കാരന്റെ ജീവിക്കാനുള്ള മോഹംതന്നെ തല്ലിക്കെടുത്തുന്ന വിധത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ അയാളോട് പെരുമാറിയതെങ്കില്‍ അക്കാര്യം തുറന്നെഴുതാന്‍ വിമാനം തിരിച്ചുവിളിച്ചത് ആഘോഷമാക്കിയവര്‍ക്ക് ബാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് നിവേദനം നല്‍കുന്നതിനുപകരം ഇവിടെ പത്രസമ്മേളനം നടത്തി വാര്‍ത്തയുണ്ടാക്കിയതുകൊണ്ട് യൂത്ത് ലീഗിന് എന്തുകിട്ടാന്‍ എന്നതാലോചിച്ച് നമുക്ക് അതിശയിക്കാം. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനാണ് യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും മോഹം. അതിനിടയില്‍ കബീര്‍ ജയിലില്‍ ആയാലെന്ത്; കുവൈത്തില്‍ പോകാന്‍ കഴിയാതിരുന്നാലെന്ത്.

*
ഓണം വന്നാലും വിഷുവന്നാലും ചിലര്‍ക്ക് ഭക്ഷണം മൈക്കുതന്നെ. നാട്ടില്‍ സപ്ളൈകോയും കസ്യൂമര്‍ ഫെഡും വിലകുറച്ച് സാധനങ്ങള്‍ വിറ്റാലൊന്നും അവരുടെ വയറുനിറയില്ല. മൂന്നുനേരവും മൈക്കുതന്നെ ഭക്ഷിക്കണം. അതില്‍ ചാനലുകളുടെ എംബ്ളമുള്ള മൈക്കുകള്‍ക്കാണ് സ്വാദുകൂടുക. പി സി ജോര്‍ജ് എന്നാല്‍ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണോ മൈക്കുതീനി ജോര്‍ജാണോ എന്നതായിരുന്നു ഓണക്കാലത്തെ ശതമന്യുവിന്റെ അന്വേഷണം. ഒടുവില്‍ കണ്ടെത്തിയത് ഇത് രണ്ടുമല്ല, ആളൊരു പുപ്പുലിയാണെന്നാണ്. പച്ചക്കള്ളം ചവച്ചുതിന്നുന്ന പുപ്പുലി. പത്രങ്ങളില്‍ ചാരിനില്‍ക്കുന്ന ജോര്‍ജ്. പണിയില്ലാതെ ചുറ്റിനടക്കുന്ന ജോര്‍ജ്.