Sunday, February 22, 2009

ബജറ്റ് ചികിത്സ

ഡോക്ടര്‍ എന്നുപറയുമ്പോള്‍ സ്വല്‍പം ഗമയൊക്കെ വേണം. മുട്ടിനുതാഴെ ഞാന്നുകിടക്കുന്ന ഈസ്റ്റ്മാന്‍ കളര്‍ ജൂബയും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ താടിയും മരുഭൂമിപോലത്തെ നെറ്റിയും സോഡാക്കുപ്പിക്കണ്ണടയും സദാ വിടര്‍ന്നുപരിലസിക്കുന്ന പാല്‍ച്ചിരിയും വാതുറന്നാല്‍ ക്ലാസെടുപ്പുമുള്ളവര്‍ക്ക് ചേരുന്ന പണിയല്ല ഡോക്ടര്‍ പണി. ഈ ഡോക്ടറെ പിടിച്ച് ഖജനാവിനെ ചികിത്സിക്കാന്‍ നിയോഗിച്ചാല്‍ കുലുമാലുണ്ടാകാതെവിടെപ്പോകാന്‍. ചികിത്സ ഫലിക്കില്ലെന്ന് മാണിസാറിന് ഉറപ്പാണ്. പലവട്ടം സാമ്പത്തിക സ്പെഷ്യലിസ്റ്റ് ചികിത്സ നടത്തി പരിചയമുള്ള മാണിസാറിന്റെ പ്രതികരണം കണ്ടില്ലേ-'നിരാശാജനകം!' രണ്ടുരൂപയ്ക്കുപോര ഒരുരൂപയ്ക്കുതന്നെ അരികൊടുക്കണമെന്ന് മാണിസാറിന്റെ 'നിഴല്‍' കുറിപ്പടി. കോട്ടയത്തെ മുത്തശ്ശിക്കുവേണ്ടി, അനുസരണക്കാരനായ താവഴിക്കാരന്‍ കുഞ്ഞുമാണി ഞെട്ടിപ്പിക്കുന്ന നിഴല്‍ ബജറ്റാണ് അവതരിപ്പിച്ചത്. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും പെരിസ്ട്രോയിക്കയുടെ പേറ്റന്റ് കൈവശംവയ്ക്കുന്ന മഹാപ്രതിഭാശാലിയുമായ മാണിസാറിനുമുന്നില്‍ ജൂബയിട്ട ഡോക്ടര്‍ വെറും കുഞ്ഞൈസക്ക്. അല്ലെങ്കിലും പ്രതിപക്ഷത്തിരുന്നാല്‍ എന്തും വിളിച്ചുപറയാമെന്ന് നന്നായറിയുന്ന മലയോരപ്പാര്‍ടി നേതൃരത്നത്തിന് ഡോക്ടറുമില്ല, ഡോക്ടറേറ്റുമില്ല- നെഞ്ചത്തുകൈവച്ചുകൊണ്ടുള്ള നാലു പ്രസ്താവന, പൊന്നുമോന് കോട്ടയത്തൊരു സീറ്റ്. അതിനപ്പുറം എന്തുകണ്ടാലും നിരാശാജനകം എന്നു കാച്ചിയേക്കാനാണ് മുത്തശ്ശിയുടെ ഉപദേശം.

ജൂബയിട്ട ഡോക്ടര്‍ പറ്റിച്ച പണി ചില്ലറയല്ലെന്നാണ് കോട്ടയത്തും ആലപ്പുഴയിലും കോഴിക്കോട്ടും എറണാകുളത്തുമൊക്കെയുള്ള അടക്കം പറച്ചില്‍. കൊല്ലത്ത് ഒരു ജാഥയ്ക്കുപോയപ്പോള്‍ ഒരുതൊഴിലാളി പാഞ്ഞുവന്ന് കൈപിടിച്ചുകുലുക്കി പറഞ്ഞു: "സഖാവേ നല്ല ബജറ്റാണ്'' എന്ന്. അതുതന്നെയല്ലേ കുഴപ്പം. തൊഴിലാളി നല്ല ബജറ്റ് എന്നുപറയുമ്പോള്‍ അത് നമുക്ക് കൊള്ളാവുന്നതല്ലെന്ന് ഉറപ്പല്ലേ? പണ്ട് ഇ എം എസ് പറഞ്ഞത്, ബൂര്‍ഷ്വാ പത്രങ്ങള്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ അപ്പോള്‍ ചിന്തിച്ചുകൊള്ളണം, കമ്യൂണിസ്റ്റുകാര്‍ ഏതോ കുഴപ്പത്തില്‍ പെട്ടിട്ടുണ്ടെന്ന്. ആ നിലയ്ക്ക് തൊഴിലാളികള്‍ നല്ലതുപറഞ്ഞാല്‍ ബജറ്റ് മുതലാളിവിരുദ്ധം തന്നെ, തന്നെ, തന്നെ!

ആപത്ത് തിരിച്ചറിയുന്നതിന് കണ്ടത്തില്‍ കുടുംബക്കാര്‍ക്ക് പ്രത്യേക വിരുതുതന്നെയുണ്ട്. സ്വന്തം കടലാസില്‍ എന്തും എഴുതാന്‍ പണ്ട് ദിവാന്‍ സര്‍ സി പി യില്‍നിന്ന് അധികാരപത്രം ലഭിച്ചിട്ടുള്ളവരാകയാല്‍ മനസ്സിലുള്ളത് തുറന്നെഴുതാന്‍ ഈ മുതുമുത്തശ്ശിപ്രായത്തിലും നിരോധനമോ വിരോധമോ ഇല്ല. 1.'മാന്ദ്യത്തിനുമുമ്പേ, വോട്ടിനുമുമ്പേ' 2. മലപോലെ പ്രഖ്യാപനങ്ങള്‍, എലിപോലെ വിഹിതം. 3. ബജറ്റിന്റെ വിശ്വസനീയത തകര്‍ന്നു: ഉമ്മന്‍ ചാണ്ടി 4. ബജറ്റില്‍ പാഴ്വാക്കുകള്‍ മാത്രം: കുഞ്ഞാലിക്കുട്ടി 5. ബജറ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്: ചെന്നിത്തല.

കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടി ലീഗിനുമെല്ലാം സ്വന്തമായി കടലാസുകളുണ്ട്. അവിടെയെല്ലാം ശമ്പളം വാങ്ങുന്ന മനിസന്‍മാരുമുണ്ട്. മുത്തശ്ശിയുടെ തലേക്കെട്ടുകള്‍കണ്ട് ആ മനിസന്‍മാര്‍ അസ്തിത്വദുഃഖം കനത്ത് തൂങ്ങിച്ചാകാന്‍ ആലോചിച്ചതായാണ് സിന്‍ഡിക്കറ്റ് വാര്‍ത്ത.

പാവപ്പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരികൊടുക്കുമെന്ന ഡോക്ടര്‍ ഐസക്കിന്റെ പ്രഖ്യാപനം മുക്കി ബജറ്റുപിറ്റേന്ന് പത്രമിറക്കാമെങ്കില്‍ 'ക്രൈമി'ന്റെ മാസ്റ്റ് ഹെഡ്ഡില്‍ മാതൃഭൂമി ഇറങ്ങിയാലും ആര്‍ക്കും ഒന്നും തോന്നില്ല. രണ്ടുംരണ്ടല്ലൊന്നാണെന്നല്ലോ ദേശീയ സമരകാലത്തെ മുദ്രാവാക്യം.

ഡോക്ടര്‍ തോമസ് ഐസക് അല്‍പ്പം നാടന്‍ചികിത്സ കൂടി പഠിക്കേണ്ടതുണ്ട്. പാതിരാത്രിയില്‍ തട്ടുകടയില്‍ചെന്ന് കട്ടനടിച്ചാലും രാവും പകലുമില്ലാതെ വിഴിഞ്ഞത്തുചെന്ന് കുത്തിപ്പിടിച്ചിരുന്ന് ബജറ്റുണ്ടാക്കിയാലും പുസ്തകങ്ങളും ലേഖനങ്ങളും ചറപറെ എഴുതിക്കൂട്ടിയാലും മാണിസാറിന്റെ ചില രസായനങ്ങള്‍ കഴിക്കുന്നതിന്റെ ഗുണം കിട്ടില്ല. ബജറ്റ് എന്നാല്‍ ഇതുവല്ലതുമാണോ? രാവിലെ നിയമസഭയിലേക്ക് ഒരു കറുത്ത പെട്ടിയുമായി പുഞ്ചിരിതൂകി തോള്‍ വെട്ടിച്ച് കടന്നുവരിക, അകത്ത് കയറിയ ഉടനെ വില്ലുപോലെ വളഞ്ഞ് അധ്യക്ഷവേദിയെ കുമ്പിടുക, ഭരണ-പ്രതിപക്ഷ അംഗങ്ങളെ നോക്കി തരംപോലെ കൈവീശുകയോ തൊഴുകയോ ചെയ്യുക, സ്പീക്കര്‍ വിളിക്കുമ്പോള്‍ പെട്ടിതുറന്ന് കടലാസെടുത്ത് വായിക്കുക, ഇടയ്ക്ക് വെള്ളം കുടിക്കുക, വായിച്ചുതീര്‍ന്നാല്‍ പുറത്തിറങ്ങി ഇതാ നല്ല സൊയമ്പന്‍ ബജറ്റ് എന്ന് മൂന്നുവട്ടം പറയുക-ഇത്രയേ ഉള്ളൂ കാര്യം. അതാണ് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും ഇന്നലെവരെ ചെയ്തുകൊണ്ടിരുന്നത്.

സാമൂഹ്യസുരക്ഷാ പാക്കേജ്, 10,000 കോടി രൂപയുടെ പശ്ചാത്തല നിക്ഷേപ പദ്ധതി, പ്രവാസികള്‍ക്ക് സുരക്ഷാപദ്ധതി, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ട് രൂപയ്ക്ക് റേഷനരി, ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയില്‍നിന്ന് 250 രൂപയാക്കും, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ വാര്‍ധക്യകാല അലവന്‍സ്, ദുര്‍ബലവിഭാഗങ്ങള്‍ക്ക് 1996നു മുമ്പ് നല്‍കിയ ഭവനവായ്പകള്‍ എഴുതിത്തള്ളും, പ്രസവ കാലാവധി ആറുമാസമാക്കും, ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് 45 ദിവസം അവധിനല്‍കും, പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും എന്നൊക്കെ ഐസക് ഡോക്ടര്‍ കയറിയങ്ങ് പ്രഖ്യാപിച്ചാല്‍ യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ധര്‍മം 'നിരാശാജനകം' എന്ന പ്രതികരണംതന്നെയാണെന്നതില്‍ ശതമന്യുവിന് തര്‍ക്കമേയില്ല.

ഐസക് ഇതേ ചികിത്സ തുടര്‍ന്നാല്‍, ഇങ്ങനെയൊരു പ്രതികരണംപോലും മൂന്നു കുഞ്ഞുങ്ങളില്‍നിന്ന് (കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി) രണ്ടരവര്‍ഷം കഴിഞ്ഞ് ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട്, ആ പാവം കുഞ്ഞുങ്ങളെയും അവരുടെ മുത്തശ്ശിയെയും രക്ഷിക്കാന്‍ ഡോക്ടര്‍ ഇമ്മട്ടിലുള്ള ചികിത്സ അവസാനിപ്പിക്കണം. അടുത്ത തവണത്തേത് ഒരു ക്രൂര കഠോര ബജറ്റുതന്നെ ആയിക്കോട്ടെ.

*
ഉള്ളതിനെ ഇല്ലാതാക്കുകയും ഇല്ലാത്തതിനെ എടുത്ത് തലയില്‍വയ്ക്കുകയും ചെയ്യുന്ന കാലമാണ്. കേരളത്തില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ഒരാളും മലയാള മനോരമ പത്രം വാങ്ങുന്നില്ല. അതുകൊണ്ട്, സ്വന്തം വായനക്കാര്‍ക്ക് താല്‍പ്പര്യമില്ലാത്ത വാര്‍ത്ത കൊടുക്കേണ്ടെന്നുവച്ചാല്‍ അതിനെ വിമര്‍ശിക്കേണ്ടതില്ല. മനോരമയ്ക്കുമുന്നില്‍ ചെന്ന് മുദ്രാവാക്യം മുഴക്കേണ്ടതുമില്ല. പാവപ്പെട്ടവന് അരികൊടുക്കുന്നതിനുപകരം ടയര്‍കമ്പനികള്‍ക്ക് നികുതിയിളവുകൊടുത്തിരുന്നെങ്കില്‍ നമുക്ക് ആ വാര്‍ത്ത മനോരമയിലും വായിക്കാമായിരുന്നു എന്ന് സമാധാനിച്ചാല്‍ മതി. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനേക്കാള്‍ കൃത്യതയുള്ള മറ്റുചിലത് ഊടുവഴിയിലൂടെ അച്ചടിച്ച് പത്രമാപ്പീസുകളിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ അതല്ലേ ക്ഷാമകാലത്തെ വാര്‍ത്ത! ഒരുദിവസം ഒരു കത്ത് അച്ചടിക്കും; അടുത്തയാഴ്ച ആ കത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉപന്യസിക്കും; അതിനപ്പുറത്തെ ആഴ്ച ഉറവിടം ചോദ്യംചെയ്തവരെ തെറിവിളിക്കും. പണ്ടൊക്കെ സൌജന്യമായാണ് സിന്‍ഡിക്കറ്റ് വാര്‍ത്ത കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൊച്ചുപുസ്തകത്തിന്റെ രൂപത്തില്‍ പത്തുരൂപയ്ക്കാണ് സേവനം. അത് നോക്കി അച്ചടിച്ചാല്‍ വാര്‍ത്തയായി. ഇതാണ് പത്രപ്രവര്‍ത്തനമെങ്കില്‍ ഡോക്ടര്‍ ഐസക് പ്രസ് അക്കാദമിക്കും പ്രസ് ക്ലബ്ബിനുമെല്ലാം നീക്കിവച്ച പണം പാഴായതുതന്നെ.

പകര്‍ത്തിയെഴുത്തുകാരന്‍ പത്രപ്രവര്‍ത്തകനാകില്ലെന്നതുപോലെ, പകര്‍ത്തിയെഴുത്ത് പഠനസ്ഥാപനം പ്രസ് അക്കാദമിയുമാകില്ലല്ലോ.

*
കേരളത്തിലെ പ്രവാസികള്‍ക്ക് പ്രത്യേകം പദ്ധതി വേണ്ടെന്നാണ് വയലാര്‍ രവി പറയുന്നത്. ഇനി ആറുകൊല്ലത്തേക്ക് രവിക്ക് ഒരു പദ്ധതിയും വേണ്ടിവരില്ല. അങ്ങനെയല്ലല്ലോ ചെന്നിത്തലയുടെയും സുധീരന്റെയും കാര്യം. ഇ അഹമ്മദ് വയലാര്‍ രവിയുടെ ചിത്രം വച്ചുതന്നെ വോട്ടുചോദിക്കട്ടെ!

Sunday, February 15, 2009

വേലുലാലുവേല

പ്രത്യയശാസ്ത്ര സമരമെന്നാല്‍ അപവാദ വ്യവസായമാണെന്നുള്ള തിയറി ഏത് സ്കൂളിന്റെ സംഭാവനയാണെന്ന് തിട്ടമില്ല. ഏത് കോളേജിലാണ് പഠിപ്പിക്കുന്നതെന്നുമറിയില്ല. ഡോക്ടറേറ്റിന്റെ താടി തടവി ചാനലുകളില്‍ കയറിനിരങ്ങി ആചാര്യവേഷം കളിക്കുന്നവരും തൊട്ടിക്കുട്ടന്മാരും ന്യൂസ് അവറിലും പത്രസമ്മേളനത്തിലും വിധികര്‍ത്താക്കളുടെ ചൊറിയന്‍വേഷം കെട്ടുന്ന ചാനല്‍പൈതങ്ങളും പറഞ്ഞാണ് മേല്‍ തിയറിയെക്കുറിച്ച് ശതമന്യു അറിഞ്ഞത്.

സംഗതി ശരിയാണെന്നു തോന്നുന്നു.

ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ ചേരുന്നതിനുമുമ്പ് പൊട്ടിമുളച്ച പോസ്റ്ററുകള്‍ കണ്ടില്ലേ. പ്രകാശ് കാരാട്ട് ഗീബല്‍സാണെന്ന്. അക്ഷരത്തെറ്റും വ്യാകരണപ്പിശകുമാണത്രേ പോസ്റ്ററുകളുടെ സ്പെഷ്യാലിറ്റി. അതു നന്നായി. എഴുതിയവരെ തെരഞ്ഞ് കഷ്ടപ്പെടേണ്ടതില്ലല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ആദരിക്കപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിനെ ഗീബല്‍സെന്നു വിളിക്കണമെങ്കില്‍ പോസ്റ്ററൊട്ടിപ്പുകാരുടെ മനഃശാസ്ത്രം ഒന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതുതന്നെയാണ്. ആരൊക്കെ തങ്ങള്‍ക്കെതിരാണോ അവരെയെല്ലാം നാറ്റിക്കുക എന്നതാണാ മനഃശാസ്ത്രം. കേരളത്തില്‍ എം എ ബേബി, തോമസ് ഐസക് എന്നിവര്‍ക്കെതിരെയായിരുന്നു ആദ്യത്തെ 'പ്രത്യയശാസ്ത്ര സമരം'. ബേബിയെ നാലാംലോക വാദിയാക്കി. ഐസക്കിനെ 'വിദേശചാരനാ'ക്കി. അന്ന് പിണറായി വിജയനെതിരെ ആക്രമണമില്ല. അപവാദപ്രത്യയശാസ്ത്രക്കാരുടെ വാക്കുകേട്ട് ബേബിയെയും ഐസക്കിനെയും പിണ്ഡം വയ്ക്കാത്തതാണ് പിണറായിയുടെ ആദ്യത്തെ അപരാധം. അതോടെ പിണറായി മോശക്കാരനായിത്തുടങ്ങി.

'നത്തുമലമ്പുള്ളുകാട്ടുമാക്കാന്‍ മരങ്കൊത്തി പേപ്പട്ടിയെലിയണലി, എട്ടടി മൂര്‍ഖന്‍ വളവളപ്പന്‍, തൊട്ടാരൊട്ടി തേരട്ടയോന്തെട്ടുകാലി എന്നുവേണ്ടെല്ലാ വിഷയിനങ്ങളുമൊന്നിച്ചുചേര്‍ന്ന'ങ്ങനെയുള്ള ഒരു ഗൂഢപരിപാടി തയ്യാറായി. അതേപ്പറ്റി പറയണമെന്ന് നിനച്ചപ്പോഴാണ് ശതമന്യുവിന് ചങ്ങമ്പുഴയെ ഓര്‍മ വന്നത്. പാടുന്ന പിശാച് എന്ന കവിതയില്‍ ചങ്ങമ്പുഴ സംഗതി കൃത്യമായി പറഞ്ഞിട്ടുണ്ട്. പുള്ളിമാന്‍ നന്നല്ല, മാംസഭോജിയാണ്, നീചനാണ്, ചേറ്റിലാണ് വാസം എന്നെല്ലാം പന്നി ചെന്ന് ചെന്നായോട് ഓതി മാനിനെ കൊന്നുതിന്നാന്‍ ഗൂഢാലോചന നടത്തുന്നതാണ് കവി സരസമായി വിവരിക്കുന്നത്. വിദേശയാത്രയില്‍ സഖാക്കള്‍ ഏര്‍പ്പെടുത്തിയ താമസസ്ഥലം, പഴകിയ വീടിന് നടത്തിയ അറ്റകുറ്റപ്പണി, മക്കളെ പഠിപ്പിച്ചത്, മകന്‍ ജോലിക്കിടെ ഉപരിപഠനത്തിനു പോയത്, കുടുംബത്തെയും കൂട്ടി നടത്തിയ യാത്ര-ഇതെല്ലാം പിണറായിക്കെതിരായ അപവാദകഥകളാക്കി രൂപംമാറ്റി. പിണറായിയിലെ പഴയ വീടിന് വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അന്നാട്ടുകാര്‍ക്കറിയാം. ആര്‍ക്കും എപ്പോഴും സഞ്ചരിക്കാവുന്ന വഴിയരികിലാണ് ആ വീട്. ഇന്നുവരെ ഏതെങ്കിലും ഒരുകൂട്ടര്‍ അതിന്റെ ചിത്രം പത്രത്തിലോ ചാനലിലോ കാണിച്ചോ? ഇല്ലേയില്ല. അങ്ങനെ കാണിച്ചാല്‍ അപ്പോള്‍ പൊളിയും തൊണ്ണൂറുലക്ഷത്തിന്റെ വീടെന്ന കള്ളക്കഥ. ബാങ്ക് ലോണെടുത്ത് സ്വന്തം വീട് നന്നാക്കാന്‍ പാടില്ലാപോലും. ഒരുതരത്തിലുള്ള അഴിമതിയോടും സഹിഷ്ണുത കാണിക്കാത്ത, അഴിമതിക്കാരെയും തന്‍കാര്യംനോക്കികളെയും മണിയടിക്കാരെയും ആട്ടിപ്പുറത്താക്കുന്ന സ്വഭാവക്കാരനെന്നാണ് പിണറായി വിജയനെ സിപിഐ എമ്മുകാര്‍ അറിയുന്നത്. കേരളം കണ്ട ഏറ്റവും മിടുക്കനായ വൈദ്യുതമന്ത്രി എന്നാണ് ശത്രുക്കള്‍പോലും വാഴ്ത്തിയത്.

പിന്നെങ്ങനെ ഒരു സുപ്രഭാതത്തില്‍ പിണറായി മോശക്കാരനായി? ഗൂഢാലോചനകള്‍ക്ക് എക്കാലത്തും ഒരേ സ്വഭാവമാണ്. കാട്ടിലായാലും നാട്ടിലായാലും; ഡല്‍ഹിയിലായാലും കോഴിക്കോട്ടായാലും. അതിലെ പങ്കാളികള്‍ക്കും ഒരേ രൂപവും ഭാവവുമാണ്; പന്നിയായാലും മനുഷ്യനായാലും. 'മാനിനെ മാനംകെടുത്തി ഞാനെന്നഭിമാന ഗര്‍വത്തോടിരിക്കുന്ന' പന്നികള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരുണ്ടാകും. സഹായത്തിന് ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്ന ഭൃത്യരുമുണ്ടാകും. അവരുടെ വേലകളാണ് ആദ്യം പിണറായിയെ 'മോശക്കാരനാ'ക്കിയതും ഇപ്പോള്‍ പ്രകാശ് കാരാട്ടിനെ 'ഗീബല്‍സാ'ക്കുന്നതും.

*

'വേലുലാലുവേല' എന്നാല്‍ റെയില്‍വേ ബജറ്റ് തട്ടിപ്പടച്ചുണ്ടാക്കാന്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ നടത്തിയ വേലയാണെന്ന് ശുദ്ധമനസ്കര്‍ കരുതിയേക്കും. തെറ്റി. യഥാര്‍ഥത്തില്‍ അത് മറ്റൊരു പരിപാടിയാണ്. ഉള്ളതിനെ ഇല്ലാതാക്കുക, ഇല്ലാത്തതിനെ സൃഷ്ടിക്കുക, ക്ഷണിക്കാത്തിടത്ത് ഉണ്ണാന്‍ പോവുക, ഉത്തരം താങ്ങുന്നതായി അഭിനയിക്കുക തുടങ്ങിയ സംയുക്ത പരിപാടികള്‍ക്ക് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലുള്ള വിളിപ്പേരാണ് 'വേലുലാലുവേല' എന്നത്. കൃഷ്ണനാട്ടം, കുമാര സംഭവം തുടങ്ങിയ അപരനാമധേയങ്ങളുമുണ്ട് ഈ കലാപരിപാടിക്ക്. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ കഴിയില്ലെങ്കിലും പത്രാധിപര്‍ പിരിഞ്ഞാല്‍ കുപ്പയില്‍കിടക്കുമെന്നത് പുതിയ പഴഞ്ചൊല്ലാണ്.

വീരപ്പന്‍പരുവത്തില്‍ കേരളത്തെ വിറപ്പിച്ച ഒരു പത്രാധിപര്‍ അടുത്തൂപറ്റി ഡല്‍ഹിയിലേക്ക് ചെന്നിട്ടുണ്ട്. പണ്ട് ഒരു ഗോസായി എംപിയുടെ കാര്യക്കാരനായതുകൊണ്ട് ഉപജാപം, കുടുക്കക്കഷായ നിര്‍മാണം, വ്യാജവാര്‍ത്തോല്‍പ്പാദനം തുടങ്ങിയ ചില്ലറ പരിപാടികളില്‍ അഗ്രഗണ്യനാണ്. പേര് കൃഷ്ണന്റേതെങ്കിലും സ്വഭാവം ശകുനിയുടേത്. ഇപ്പോള്‍ മറ്റു പണിയൊന്നും ഇല്ലാത്തതുകൊണ്ട് 'വേലുലാലുവേല'യിലാണ് കോണ്‍സെന്‍ട്രേഷന്‍. കേരളത്തില്‍നിന്ന് ഇഷ്ടപ്പെട്ട നേതാക്കള്‍ വരുമ്പോള്‍ വേലുവിനെയുംകൂട്ടി ഹാജരാകും. പിന്നെ തകര്‍പ്പന്‍ അഭിനയമാണ്. തങ്ങളാണ് കേരള ഹൌസ് കണ്ടുപിടിച്ചതെന്നുവരെ പറഞ്ഞുകളയും.

ശനിയാഴ്ച രാത്രി പറഞ്ഞത്, എല്ലാം ശരിയാക്കിയിട്ടുണ്ട്, എട്ടരയ്ക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കും എന്നാണ്. പാവങ്ങള്‍ പത്രക്കാര്‍ വിശ്വസിച്ചു. വടിയും കുടയും തല്‍സമയശകടവുമായി കേരളാഹൌസിലേക്ക് മരണപ്പാച്ചില്‍ പാഞ്ഞു. അവിടെച്ചെന്ന് കുറെനേരം തണുപ്പടിച്ചപ്പോഴാണ് അറിയുന്നത്, പത്രസമ്മേളനവുമില്ല, മാങ്ങാത്തൊലിയുമില്ല, എല്ലാം വീരോചിതം രചിപ്പിക്കപ്പെട്ട കൃഷ്ണലീലകളായിരുന്നെന്ന്. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്നു കവി പാടിയത് ഈ പത്രക്കാരെക്കുറിച്ചാണോ? എല്ലാ പ്രതീക്ഷയും തകര്‍ന്നു. ഇനി കിടന്നു മണ്ണുകപ്പുന്നതിനുപകരം പത്രസമ്മേളനങ്ങളെ പ്രകോപന സമ്മേളനങ്ങളാക്കിയാല്‍ മതി. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കണം. പാര്‍ടി ഓഫീസിലേക്ക് പ്രകടനം നടത്തണം. ഇഷ്ടക്കാരോട് നല്ല ചോദ്യങ്ങളും അനിഷ്ടന്മാരോട് ആക്രമണോത്സുക ചോദ്യങ്ങളും ചോദിക്കണം. പ്രകോപനം വരുന്നതുവരെ ചൊറിഞ്ഞുകൊണ്ടേയിരിക്കണം. ചോദ്യം ചോദിച്ച് നമുക്ക് നേതാക്കളെ ഉണ്ടാക്കുകയും സംഹരിക്കുകയും ചെയ്യാം. ചിരിച്ചുകൊണ്ടു മറുപടി പറയുന്നവരെ നോക്കി നിങ്ങള്‍ എന്തിനിങ്ങനെ ക്ഷുഭിതനാകുന്നു എന്ന ചോദ്യം അനിവാര്യം. ആരെങ്കിലും ഏതെങ്കിലും പത്രം ഓഫീസിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെങ്കില്‍ അതിനെയും 'ചോപ്പന്‍'മാരുടെ ആക്രമണമാക്കണം.

സുന്ദരസുരഭില പത്രപവര്‍ത്തനം കൊഴുക്കട്ടെ.

Sunday, February 8, 2009

നന്ദിയാരോട് ചൊല്ലേണ്ടു

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ എന്നൊരു സിനിമാഗാനമുണ്ട്. സ. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിലുള്ളവര്‍ക്ക് അങ്ങനെയൊരു പാട്ട് മൂളാതിരിക്കാന്‍ നിര്‍വാഹമില്ല. മഞ്ചേശ്വരത്തു തുടങ്ങിയ മാര്‍ച്ച് മലപ്പുറത്താണെത്തിനില്‍ക്കുന്നത്. ഓരോ സ്ഥലത്തെത്തുമ്പോഴും പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന ജനക്കൂട്ടം. മൂന്നുകൊല്ലം മുമ്പ് പിണറായി വിജയന്‍ തന്നെ നയിച്ച കേരള മാര്‍ച്ചിനെ സ്വീകരിക്കാനെത്തിയതിന്റെ ഇരട്ടിയും അതിലേറെയുമാണ് ജനങ്ങള്‍. ഒരു ബൂത്തില്‍നിന്ന് ഇത്ര, മണ്ഡലത്തില്‍ നിന്ന് ഇത്ര എന്ന് മുന്‍കൂട്ടി ക്വാട്ട നിശ്ചയിച്ച് ആളുകളെ പങ്കെടുപ്പിക്കുന്നതാണ് മാര്‍ക്സിസ്റ്റുകാരുടെ പതിവ്. അങ്ങനെ നിശ്ചയിക്കുമ്പോള്‍ മണ്ഡലാടിസ്ഥാനത്തില്‍ ഇത്ര ആളുകള്‍ വരും എന്ന് കണക്കുണ്ടാകും-അതിനൊപ്പിച്ച സൌകര്യങ്ങളും ഒരുക്കും. ഇവിടെ അങ്ങനെയുള്ള കണക്കുകളൊന്നും ഫലിക്കുന്നില്ല. നൂറു നിശ്ചയിച്ചിടത്തുനിന്ന് ഇരുനൂറുപേര്‍ വന്നാല്‍ എന്തുചെയ്യും?

ഇതെന്തൊരു കഥ? നിഷ്പക്ഷ പത്രങ്ങള്‍ ഈ ജനപ്രവാഹം കണ്ട് അന്തിച്ചിരിക്കയാണ് (അതുകൊണ്ട് അമ്പിന്റെയും വില്ലിന്റെയും ചിത്രമേ കൊടുക്കുന്നുള്ളൂ).

സിപിഐ എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ അസാധാരണമായ ജനക്കൂട്ടത്തെയും അവരുടെ ആവേശത്തെയും കണ്ട് അല്‍ഭുതപ്പെടുന്നുവെന്നതും സത്യം. നവകേരള മാര്‍ച്ച് ഇങ്ങനെ വന്‍ വിജയമാകുന്നതിന് യഥാര്‍ഥ കാരണക്കാരെ സത്യത്തിലാരും തിരിച്ചറിയുന്നില്ലെന്നതാണ് ശതമന്യുവിന്റെ സങ്കടം. പിണറായി വിജയന്‍ എന്ന മാര്‍ക്സിസ്റ്റ് നേതാവിന്റെ അന്ത്യം കാണാന്‍ കൊതിച്ച് ലാവ്ലിന്‍ ഭജനമിരുന്ന ആ പാവങ്ങളില്ലായിരുന്നുവെങ്കില്‍, അവരുടെ മന്ത്രവാദങ്ങളും വെടിവഴിപാടുകളുമില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എങ്ങാണ്ടുകിടന്ന ഒരു കരാറിനെ കുത്തിയിളക്കിയെടുത്ത് കേസിന്റെ പരുവത്തിലാക്കി അതിനെ കുറെക്കൊല്ലം കണ്ണുതെറ്റാതെ കാവലിരുന്ന് നട്ടുനനച്ച് വളര്‍ത്തിയവര്‍ക്കല്ലേ അതിന്റെ പാടറിയൂ. തടിവളരുന്നുവോ, ഇലവിരിയുന്നുവോ, പൂവിടുന്നുവോ, കായ്ക്കുന്നുവോ എന്നു നോക്കിനോക്കി ഉറക്കമിളച്ചു നിന്ന്, അവസാനം കായ് മുഴുത്ത് പഴുത്തപ്പോള്‍ അത് തിന്നാന്‍ കൊള്ളില്ലപോലും.

ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്റെ പേരുവരുത്തിക്കാന്‍ പെട്ട കഷ്ടപ്പാടിന്റെ പകുതി മതി, എറണാകുളത്ത് ഒരു ഷോപ്പിങ് കോംപ്ലക്സ് കെട്ടാന്‍. പണമെത്ര മുടക്കി, പാടെത്ര പെട്ടു. ആദ്യത്തെ പാട് സിഎജിയെക്കൊണ്ട് റിപ്പോര്‍ട്ടെഴുതിക്കാന്‍. പിന്നത്തേത് പത്രങ്ങളെക്കൊണ്ട് വാര്‍ത്തയെഴുതിക്കാന്‍. എട്ടും പൊട്ടും തിരിയാത്ത ചാനല്‍ കുഞ്ഞുങ്ങളെ അക്ഷരത്തെറ്റില്ലാതെ ലാവ്ലിന്‍ എന്ന് പഠിപ്പിക്കാന്‍ ചെലവിട്ട ഊര്‍ജം കൊണ്ട് ഒരേക്കര്‍ പുരയിടം കിളച്ചുമറിക്കാമായിരുന്നേനെ. പിന്നെന്തൊക്കെ പരിപാടികള്‍-വിരുന്ന്, പാതിരാസന്ദര്‍ശനങ്ങള്‍, വ്യാജക്കത്തെഴുത്ത്, ഇ-മെയില്‍-ബ്ളോഗ് അതിസാരങ്ങള്‍, എസ്എംഎസ് ചികിത്സ....അങ്ങനെയങ്ങനെ. ഈനാംപേച്ചിയും മരപ്പട്ടിയും ഒന്നിച്ചുനിന്ന ഐക്യമുന്നണി സംവിധാനം. വീരോചിതം കാര്യങ്ങള്‍ നടന്നു. ഒടുവില്‍ വിജിലന്‍സിന് സാധിക്കാത്തത് സിബിഐയെക്കൊണ്ട് സാധിപ്പിച്ചു.

അതിങ്ങ് വന്നതോടെ, "പിണറായിയുടെ കഥ കഴിഞ്ഞു; ഇനി ഒന്നും പേടിക്കാനില്ല'' എന്നാണ് സന്ദേശം പോയത്. പടക്കക്കടകള്‍ തേടി ചിലര്‍ ഓടി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ വാക്കായും ചാക്കായും പലേടത്തുമെത്തി. ദിവസം ഒന്നു കഴിഞ്ഞു-ഒന്നും സംഭവിച്ചില്ല. രണ്ടുകഴിഞ്ഞു, മൂന്നു കഴിഞ്ഞു, ആഴ്ചകഴിഞ്ഞു-ഒന്നും സംഭവിക്കുന്നില്ല. എന്തുചെയ്യുമെന്ന് തിരിയാത്ത അവസ്ഥയായി. ഒരു കൂട്ടര്‍ പിബിയെ തെറിവിളിച്ചു. കുറച്ചുകൂടി കടത്തി പിബിയും കൂട്ടുനിന്ന ഇടപാടാണെന്ന് പറഞ്ഞുനോക്കി. കമ്പിപ്പാരകൊണ്ട് കുത്തിയിട്ടും പ്രകോപനം വരുന്നില്ല. ഇക്കണ്ട കളിയൊക്കെ ചില വമ്പന്മാരുടെ വെടക്കാക്കിക്കളിയാണെന്നും അതിന്റെ തെളിവുകള്‍ എത്തേണ്ട എല്ലായിടത്തും നേരത്തേതന്നെ എത്തിയിട്ടുണ്ടെന്നും പാവങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. എപ്പോള്‍ ചക്ക വീണാലും മുയല്‍ ചാകുമെന്നുതന്നെയാണ് അവര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നത്.

കുലുങ്ങാത്തതിനെ കുലുക്കാനുള്ള കുലുക്കിക്കളിയായി പിന്നീട്. സുര്‍ജിത്, അദ്ദേഹത്തിന്റെ മകന്‍, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍ എന്നിങ്ങനെ ആക്ഷേപിക്കപ്പെടുന്നവരുടെ പട്ടിക നീണ്ടുവന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരൊക്കെ മോശക്കാരായി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മഹാ മാന്യന്മാര്‍. ആപല്‍ ബാന്ധവര്‍. മാര്‍ക്സിസ്റ്റ് പാര്‍ടിയിലുള്ളവരൊക്കെ മോശക്കാര്‍. പിണറായി പുറത്തുപോകണമെന്നു പറഞ്ഞപ്പോള്‍ എന്തിനെന്ന് ചിലര്‍ തിരിച്ചുചോദിച്ചെങ്കിലും മറുപടി വന്നില്ല. പിണറായിക്കെതിരെ എന്താണ് കേസ്? - ക്രിമിനല്‍ ഗൂഢാലോചന! എന്തിനുള്ളത്? - ക്യാന്‍സര്‍ സെന്റര്‍ സ്വന്തം നാടായ തലശേരിയില്‍ സ്ഥാപിക്കാന്‍! കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചനയെന്ന് പറയുന്നുണ്ടല്ലോ - ഉണ്ട്. പിന്നെങ്ങനെ കാര്‍ത്തികേയന്‍ പ്രതിയാകാതെ പിണറായി വരും? - അത് ഞമ്മക്കറിയില്ല. ആര്‍ക്കാണറിയാവുന്നത്? - ഉമ്മന്‍ ചാണ്ടിക്ക്. അഴിമതിക്കേസെന്നു പറയുന്നുണ്ടല്ലോ, എന്താണ് അഴിമതി, ആരാണ് നടത്തിയത്?- - അഴിമതി എന്തെന്ന് കേസില്‍ കണ്ടില്ല, ആരും അഴിമതി നടത്തിയതായി പറയുന്നുമില്ല. ഇതാണവസ്ഥ. ആരും അഴിമതി നടത്തിയതായി പറയാത്ത, ജി കാര്‍ത്തികേയന്‍ എന്ന യുഡിഎഫ് മന്ത്രി ഗൂഢാലോചന തുടങ്ങിയെങ്കിലും പ്രതിയല്ല എന്ന് എഴുതിവച്ച വികലവും വികൃതവുമായ ഒരു കേസ്. കണ്ണുമടച്ച് പാലുകുടിച്ചവര്‍ കരുതിയത് എല്ലാം രഹസ്യമാണെന്നാണ്. ഏറ്റവുമൊടുവില്‍ അങ്ങ് കേന്ദ്രത്തില്‍ മന്‍മോഹന്‍ജിയുടെ അമരക്കാരനായ അമര്‍സിങ് പറയുകയാണ്, ഈ കേസ് പിണറായിയെ കുടുക്കാനുള്ള രാഷ്ട്രീയക്കളിയാണെന്നും അത് പിന്തുണ പിന്‍വലിച്ചശേഷമുണ്ടായ മറിമായമാണെന്നും. ഇനി എന്തെങ്കിലും തെളിവുവേണോ? എന്നിട്ടും എന്തേ പകല്‍മാന്യന്മാര്‍ തെറ്റുസമ്മതിക്കാത്തത്?

ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. അവര്‍ക്കതുകൊണ്ട് ബോധ്യം വന്നു-ഇനി പ്രവര്‍ത്തിക്കേണ്ടത് തങ്ങളാണെന്ന്. ജാഥ വരുന്ന വിരമറിഞ്ഞതേയുള്ളൂ, കൊടിയുംകെട്ടി അവര്‍ സ്വമേധയാ ഇറങ്ങി. ഇന്നലെവരെ പത്രം വായിച്ചും ചാനല്‍ കണ്ടും കുലംകുത്തികളുടെ പിറുപിറുക്കല്‍ കേട്ടും പിണറായി വിജയന്റെ മോശമായ ചിത്രം മനസ്സില്‍ സൂക്ഷിച്ചവര്‍ പോലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഹൃദയംകൊണ്ട് വിളിച്ചോതുന്നു-: കമ്യൂണിസ്റ്റുകാരെ, അടിപതറാതെ മുന്നോട്ട്. ഇതാണ് സര്‍ ജനപക്ഷം. ഇതാണ് സാറേ മാര്‍ക്സിസ്റ്റ് പാര്‍ടി.

പാര്‍ടിക്കുപിന്നാലെ വേട്ടപ്പട്ടികളെപ്പോലെ കുരച്ചുപായുന്നവരെ ആട്ടിയോടിക്കാന്‍ ജനങ്ങള്‍ ആര്‍ത്തിരമ്പി രംഗത്തിറങ്ങുന്ന കാഴ്ചകാണുന്നില്ലേ? നവകേരള മാര്‍ച്ച് ഇത്രയധികം വിജയിപ്പിക്കുന്നതിന് നന്ദി പറയേണ്ടത് അവരോടാണ്-ആ കുരച്ചുചാടുന്നവരോട്. നന്ദി സാധനമായോ സേവനമായോ നല്‍കാം. ഒരു ഭാഗം നമ്മുടെ ചില മാധ്യമസുഹൃത്തുക്കള്‍ക്ക് കൊടുത്തയക്കണമെന്നത് നിര്‍ബന്ധം.

മാധ്യമരംഗത്ത് ചില മറ്റേപ്പണികളുണ്ട്. അതിനെച്ചൂണ്ടി പിതൃശൂന്യതയെന്നു വിളിച്ചപ്പോള്‍ ഇന്നാട്ടിലെ ചെറുപ്പക്കാരനായ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനെ പിടിച്ചുകെട്ടി കുരിശില്‍തറച്ചുകളഞ്ഞു മാധ്യമശിങ്കങ്ങള്‍. ആ വിളിയോടെ, മാധ്യമപ്രവര്‍ത്തകരെയും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമരംഗത്തെയാകെയും ആക്രമിച്ചെന്നും പത്രപ്രവര്‍ത്തകര്‍ അപമാനത്തിന്റെ പടുകുഴിയില്‍ വീണെന്നുമായിരുന്നു വിലാപം. ഇനി ആ പ്രശ്നമില്ല. കുട്ടിയുടെ അച്ഛനെ കണ്ടെത്തിക്കഴിഞ്ഞു. വാര്‍ത്തകളെ മാത്രമല്ല, കത്തുകളെപ്പോലും ജനിപ്പിക്കാന്‍ കഴിവുള്ള മഹാപിതാവാണ്. സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിന്റെ പേരില്‍ വ്യാജമായ ഒരു കത്ത് പടച്ച്, അത് സിപിഐ എം എന്ന പാര്‍ടിക്കെതിരെ അപവാദപ്രചാരണത്തിന് ഇന്ധനമാക്കാന്‍ വരെ കഴിവുള്ള നല്ല നൈന്‍വസിക്സ് പിതാവ്. ഇവിടത്തെ വന്‍കിട പത്രങ്ങളും ചാനലുകളും ഇത്തരം പിതൃപുംഗവന്മാരുടെ ശിപായിപ്പണിതന്നെ തുടരട്ടെ. അവരുടെ അവിഹിതസന്തതികളെ 'യഥാര്‍ഥ സംഗതികള്‍‍'എന്നു വിളിച്ചോമനിക്കട്ടെ.

കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകാര്‍ ഇപ്പോള്‍ ക്ഷമയ്ക്ക് പഠിക്കുകയാണ്. നല്ല തല്ല് മാര്‍ക്കറ്റില്‍പോലും വാങ്ങാന്‍ കിട്ടില്ല.