Sunday, May 27, 2012

നിഷാദന്‍ സാറിന്റെ ആവിഷ്കാരം

അധര്‍മം കണ്ടപ്പോഴാണ് ആദികവി അരുത് കാട്ടാളാ എന്ന് പറഞ്ഞത്. നേരെപോയി രാമായണം എഴുതി. ഇവിടെയിപ്പോള്‍ കവിതയെ കൊന്നുകൊണ്ടാണ് അധര്‍മത്തിന്റെ വിളയാട്ടം. ഗോയങ്കയുടെ ശമ്പളം വാങ്ങുന്ന സംസ്കാരമൂര്‍ത്തിയാണ് കല്‍പ്പിക്കുന്നത്- ""ആരവിടെ. കവിയെ കിട്ടിയില്ലെങ്കില്‍ കവിതയുടെ കഴുത്തറുക്കുക"" എന്ന്. ഇന്ന് വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ ഐലന്റ് എക്സ്പ്രസില്‍ കയറി ബംഗളൂരുവില്‍ചെന്ന്, എന്റെ പൊന്നുകാട്ടാളന്‍സാറേ, മതിയാക്കിക്കൂടേ ഈ പരിപാടി എന്ന് ചോദിക്കുമായിരുന്നു.

പ്രഭാവര്‍മ എന്ന കവി രണ്ടുമൂന്ന് ലേഖനം എഴുതിപ്പോയതാണ് കുറ്റം. കവിക്ക് പാര്‍ടി പാടില്ല- പാര്‍ടി എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടി. കോണ്‍ഗ്രസും ബിജെപിയുമൊന്നും പാര്‍ടിയല്ലാത്തതുകൊണ്ട് അതാകാം. "യഥാര്‍ഥ ഇടതുപക്ഷ"മായി എന്തുവേണമെങ്കിലും എഴുതാം. നാലുവാചകം എഴുതുമ്പോള്‍ മൂന്നരയും മാര്‍ക്സിസ്റ്റുകാരെ തെറിവിളിക്കുന്നതാകണം. വാതുറന്നാല്‍ വലതുപക്ഷക്കാര്‍, അധിനിവേശക്കാര്‍, കൊലയാളികള്‍ എന്നൊക്കെ പറയണം- മാര്‍ക്സിസ്റ്റ് നേതാക്കളെ തന്തയ്ക്ക് വിളിക്കണം എന്നത് നിര്‍ബന്ധം. ഇത്തരക്കാര്‍ കവിതയെഴുതിയാല്‍ മതി. അല്ലാത്തവര്‍ കവിയായിരിക്കാന്‍ യോഗ്യരല്ല.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന് കേട്ടയുടനെ ചന്ദ്രഹാസമിളക്കി കയറുമെടുത്ത് മാര്‍ക്സിസ്റ്റ് പാര്‍ടിയെ തൂക്കിക്കൊല്ലാന്‍ പാഞ്ഞുചെല്ലാത്തവരുടെ കവിത്വം തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഇനി അവര്‍ കവിത എഴുതണമെങ്കില്‍ താടിവച്ച്, സാറേന്നുവിളിച്ച് ഗോയങ്കയുടെ കാര്യസ്ഥന്മാരെ കുമ്പിട്ടുകൊള്ളണം.

ശ്രീകൃഷ്ണന്‍ വേടന്റെ അമ്പുകൊണ്ട് മരണത്തിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍വന്ന ചിന്തകള്‍ എന്തൊക്കെയാകുമെന്ന് പ്രഭാവര്‍മ ഒന്ന് ചിന്തിച്ചുപോയി. ആ ചിന്ത എഴുതിവന്നപ്പോള്‍ ഒരു ഖണ്ഡകാവ്യമായിപ്പോയി. ശ്യാമമാധവം എന്നാണ് പേരിട്ടത്. എന്ന്വച്ചാല്‍ കൃഷ്ണന്റെ വെളുത്തതല്ലാത്ത രൂപം. അതല്ലാതെ പ്രഭാവര്‍മ ആരെയും കൊന്നിട്ടില്ല. കൊന്നതിനെ മനസ്സാ, വാചാ ന്യായീകരിച്ചിട്ടുമില്ല. എന്നാല്‍, കൊലയാളിയെന്നുവിളിച്ച് ഒരു പ്രസ്ഥാനത്തെ തല്ലിക്കൊല്ലാനും ഞെക്കിപ്പിഴിഞ്ഞ് പ്രതികരണമെടുപ്പിക്കാനും ചിലര്‍ ഒരുമ്പെട്ടിറങ്ങിയതുകണ്ട് സഹിക്കാതെ ലേഖനമെഴുതി. താന്‍ പത്രാധിപരായ പത്രത്തില്‍ തന്റെ രാഷ്ട്രീയനിലപാടുകള്‍ എഴുതുക എന്നത് മഹാപരാധം തന്നെ. ഊരുവിലക്കുക കവിയെ. പതിനഞ്ച് സര്‍ഗങ്ങളുള്ള കാവ്യം വലിയ പരസ്യത്തോടെയാണ് ഗോയങ്കയുടെ ആഴ്ചപ്പതിപ്പ് അവതരിപ്പിച്ചത്. രണ്ട് സര്‍ഗങ്ങള്‍ പ്രസിദ്ധീകരിച്ചശേഷം പത്രാധിപര്‍ക്ക് പെട്ടെന്ന് ബോധോദയം വന്നു- ഇനി മാധവനും വേണ്ട, പ്രഭാവര്‍മയും വേണ്ട എന്നങ്ങ് കടുപ്പിച്ച് തീരുമാനിച്ചു.

വാളുകൊണ്ടും കത്തികൊണ്ടും മാത്രമല്ല, പത്രാധിപരുടെ ആയുധംകൊണ്ടും നിഷ്ഠുരമായ ഹത്യ നടത്താം എന്ന് പത്രാധിപശ്രേഷ്ഠന്‍ തെളിയിച്ചിരിക്കുന്നു. സാറേ, സാറേ സിന്ദാബാദ് എന്ന് വിളിച്ചുചെല്ലുക. പൊട്ടക്കവിതകള്‍ മൊത്തമായും ചില്ലറയായും അച്ചടിച്ചു കൊടുക്കപ്പെടും. ഇതിനെയാണ് സാറേ, ആവിഷ്കാരസ്വാതന്ത്ര്യം എന്ന് നീട്ടിപ്പറയേണ്ടത്.

*
കോണ്‍ഗ്രസുകാരെ സഹിക്കാതെ ഒരു മുന്‍മന്ത്രി നെയ്യാറ്റിന്‍കരയില്‍നിന്ന് ഹോങ്കോങ്ങില്‍ പോയി. ഇപ്പോള്‍ പുള്ളി അവിടെ ഒരു കമ്പനിയില്‍ ഉദ്യോഗം സ്വീകരിച്ച് ജീവിക്കുകയാണെന്ന് അച്ചായന്റെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മുന്‍മന്ത്രി ഒരുഗതിയും പരഗതിയും ഇല്ലെന്നുകണ്ട് രാജ്യംവിട്ട് പോയപ്പോഴാണ് കോണ്‍ഗ്രസുകാരന്റെ തലയില്‍ കയറി നിരങ്ങാന്‍ പുതിയൊരു മാന്യന്‍ വന്നത്. സ്വന്തം പാര്‍ടിയെയും മുന്നണിയെയും മടുത്താല്‍ സുന്ദരേശന്‍നായര്‍ ചെയ്തതുപോലെ നാടുവിട്ട് പോകാമായിരുന്നു. കാലാകാലമായി ഖദറുമിട്ട് കോണ്‍ഗ്രസിനുവേണ്ടി പെടാപ്പാടുപെടുന്ന പാവപ്പെട്ട തമ്പാനൂര്‍ രവിയുടെയും സോളമന്‍ അലക്സിന്റെയും നെയ്യാറ്റിന്‍കര സനലിന്റെയും കഞ്ഞികുടി മുട്ടിക്കേണ്ടതില്ലായിരുന്നു. ഇത്തരക്കാര്‍ തന്നെ സ്ഥാനാര്‍ഥിയാകണമെങ്കില്‍ നമ്മുടെ ബിഷപ്ഹൗസ് വീരന്‍ സജിന്‍ലാല്‍ പുരനിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.

കാലാവസ്ഥാപ്രവചനമനുസരിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്. ഏറെക്കാലം പുതിയ ഭാരം ചുമക്കേണ്ടിവരില്ല. യുഡിഎഫിന്റെ വഞ്ചി നെയ്യാറിന്റെ കരയില്‍ അടുക്കാന്‍ പ്രയാസമാണ്. അവിടെ കാറ്റും കോളും ജൂണ്‍ രണ്ടുവരെ തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വോട്ട് എണ്ണിക്കഴിയുമ്പോള്‍ കിട്ടുന്ന സ്ഥാനം രണ്ടാമത്തേതാണോ മൂന്നാമത്തേതാണോ എന്നതാണത്രേ പുതിയ തര്‍ക്കം. പത്രങ്ങളും ചാനലുകളും കണ്ട് വിശ്വസിച്ചാണ് നാട്ടുകാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ 100ല്‍ 99 വോട്ടും വലത്തോട്ട് വീഴേണ്ടതാണ്. ഇടതന്മാരെ കൊലയാളികളേ എന്നൊക്കെ പേര്‍ത്തും പേര്‍ത്തും വിളിക്കുന്നുണ്ട്. വടകരയിലെ കൊലപാതകം നെയ്യാറ്റിന്‍കരയിലെ വോട്ടാക്കിമാറ്റാം എന്ന് വല്ലാതെ മോഹിച്ചതുമാണ്. ആ വഴിക്ക് കാര്യം നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വെട്ടിന്റെയും കുത്തിന്റെയും എണ്ണംപറഞ്ഞ് മലപ്പുറത്തുനിന്ന് ഒരു നോട്ടീസും വന്നിരിക്കുന്നു. അമൃതായാലും അധികമായാല്‍ വിഷമാണ്. സിപിഐ എമ്മിനെ ഇരുപത്തിനാലു മണിക്കൂറും പുലഭ്യം പറഞ്ഞതുകൊണ്ട് പറയുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അത്യാവശ്യം മടുത്തുകഴിഞ്ഞിട്ടുണ്ട്.
തലസ്ഥാനജില്ലയിലെതന്നെ മണമ്പൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പിലും പറഞ്ഞത് ഇതൊക്കെത്തന്നെയാണ്. പെട്ടി പൊട്ടിച്ചപ്പോള്‍ കൂടുതല്‍ വോട്ടും കനത്ത ഭൂരിപക്ഷവും എല്‍ഡിഎഫിന്. മണമ്പൂരില്‍നിന്ന് ഏറെ അകലെയൊന്നുമല്ല നെയ്യാറ്റിന്‍കര.

ഇടുക്കിയിലെ മണിയാശാനാണ് ഒടുവിലത്തെ നായകന്‍. മണിയാശാന്‍ നടത്തിയ ഒരുപ്രസംഗം ആരോ ക്യാമറയിലാക്കി ചാനലുകളായ ചാനലുകള്‍ക്കൊക്കെ കൊണ്ടുകൊടുത്തു. ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആഘോഷം. പ്രസംഗം പൂര്‍ണമായി ആഘോഷിച്ചില്ല. അതില്‍ ശതമന്യുവിന് ഇഷ്ടപ്പെട്ടൊരു ഭാഗമുണ്ട്. ""വീരേന്ദ്രകുമാര്‍ എന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെവച്ച് എഴുതിക്കും. അതിന് പുരസ്കാരങ്ങള്‍ സംഘടിപ്പിക്കും"" എന്നത്രേ ആ ഭാഗം. ഒരിടത്ത് വ്യതിയാനം വന്നുവെങ്കിലും ഈ പറഞ്ഞതിന് മണിയാശാന് നൂറില്‍ നൂറുമാര്‍ക്ക്.

വെളിപ്പെടുത്തലുകള്‍ വേറെ ചിലതൊക്കെ വന്നിട്ടുണ്ട്. നമ്മുടെ എം എം ഹസ്സന്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട് എന്നത്രേ. ഹസ്സന് എല്ലാകാര്യവും അങ്ങനെ പറയാന്‍പറ്റില്ല. ചെന്നിത്തലയോട് ചോദിച്ചാല്‍ ഹിമാലയത്തോളം വലുപ്പമുള്ള കഥകള്‍ വേറെ കിട്ടും. കൊലപാതകത്തിന്റെ കഥ വിട്ടാലും, കര്‍ണാടകത്തിലെയും മദിരാശിയിലെയും ഡല്‍ഹിയിലെയുമൊക്കെ ചില ഏര്‍പ്പാടുകള്‍ ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മതി. ഷാജി കൈലാസ് നല്ല പടം പിടിച്ചുകൊള്ളും.

ഇടുക്കിയില്‍ മണിമുഴങ്ങി എന്നുകേട്ടയുടനെ കയറും മൈക്കുംകൊണ്ട് പാഞ്ഞുനടന്നവര്‍ അടുത്ത തവണ കണ്ണൂരിലെ സുധാകരന്റെ അടുത്തേക്ക് ചെല്ലണം. നാല്‍പ്പാടി വാസുവിനെ കൊന്നുതള്ളിയശേഷം മട്ടന്നൂരില്‍ചെന്ന് മൈക്കെടുത്ത് പ്രസംഗിച്ചത് ""അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്"" എന്നാണ്. അന്ന് ചാനലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് സുധാകരന്‍ ഒന്നാംപ്രതി ആയില്ല. പ്രതിപ്പട്ടികയില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. പീതാംബരക്കുറുപ്പ് നാട്ടിലില്ല എന്ന് തോന്നുന്നു- ഓരോ പ്രസംഗത്തിനും മൂന്നുവച്ച് കേസെടുക്കാം. സീതിഹാജിയുടെ പുന്നാരമോന്‍ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ചവിട്ടിക്കൊലക്കേസില്‍ "സാക്ഷിപറഞ്ഞാല്‍ പറഞ്ഞവനെ തട്ടിക്കളയും" എന്ന് വെല്ലുവിളിച്ചത് കാണാനും കേള്‍ക്കാനും തിരുവഞ്ചൂരിന്റെ പൊലീസിന് കണ്ണുമില്ല, കാതുമില്ല. അവര്‍ക്കിപ്പോള്‍ മറ്റുചില പണിയാണ്.

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സൂക്ഷിച്ച ബോംബിന്റെ ചിത്രം പക്ഷേ, അച്ചടിച്ച് വന്നതാണ്. ആ വാരിക എടുത്താലും കേസ് ചാര്‍ജ് ചെയ്യാം- പ്രതിയായി കെ സുധാകരന്‍ എംപി വരും. കൊലപാതകം മാത്രമല്ല, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും വലിയ കുറ്റംതന്നെ. ഞാന്‍ സാക്ഷിയാണ്, എന്റെ മുന്നില്‍വച്ചാണ് ജഡ്ജിമാര്‍ക്ക് പണം കൊടുത്തത് എന്ന് സുധാകരന്‍ കൊട്ടാരക്കരയില്‍ചെന്ന് വിളിച്ചുപറഞ്ഞു. അതിന്റെ വീഡിയോ ടേപ്പ് എല്ലാ ചാനലാപ്പീസിലുമുണ്ട്. അന്ന് കേസെടുക്കാന്‍ ഒരു തിരുവഞ്ചൂരിനും കൈ പൊങ്ങിയില്ല. പാരകയറ്റിയവനെ ഇതുവരെ കിട്ടിയിട്ടില്ല. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡന്റ് രാമകൃഷ്ണന്‍ ബന്ദിയായി. വളഞ്ഞിട്ട് ഘെരാവോ ചെയ്തത് സുധാകരന്റെ അനുയായികള്‍. രാമകൃഷ്ണന്‍ അന്ന് വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളുണ്ട്. സുധാകരന്റെ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍. ഇതിന്റെ കേസൊന്നും ആരും എടുത്തുകണ്ടില്ല. എന്നിട്ടിപ്പോള്‍ സിപിഐ എമ്മിനെ കഴുവിലേറ്റിക്കളയുംപോലും. അതിന്റെ ക്വട്ടേഷന്‍ ചോമ്പാല്‍ പുലി ഏറ്റെടുത്തിട്ടുണ്ട് പോലും. മാര്‍ക്സിസ്റ്റുകാര്‍ ശരിക്കും പേടിച്ചുപോയി കേട്ടോ.

Monday, May 21, 2012

മന്ത്രിപ്പണി ഇതൊക്കെത്തന്നെ

കേന്ദ്ര സഹമന്ത്രിസ്ഥാനം ഒരലങ്കാരം മാത്രമാണ്. വല്ലപ്പോഴും പോയി ഒപ്പിട്ട് ശമ്പളം വാങ്ങിയാല്‍ മതി. പ്രത്യേകിച്ച് പണിയൊന്നുമില്ല. അല്ലെങ്കിലും ഈ സഹമന്ത്രി എന്നൊക്കെ പറയുന്നത് കോണ്‍സ്റ്റബിളിന് ഗ്രേഡ് കൊടുക്കുന്നതുപോലെയാണ്. പാര്‍ലമെന്റ് നടക്കുമ്പോള്‍ മാത്രം വിമാനംകയറണം. അല്ലാത്ത സമയത്ത് കല്യാണ- മരണ- ജന വീടുകളില്‍ കയറിയിറങ്ങിയും ചാരുകസേരയില്‍ മലര്‍ന്നുകിടന്നും സമയം പോക്കാം. എല്ലാവരും അങ്ങനെയാണെന്നല്ല. മിടുമിടുക്കന്മാര്‍ ഡല്‍ഹിക്കുപകരം ദുബായിലേക്ക് പറന്ന് കച്ചവടം കൊഴുപ്പിക്കും.

ചരണ്‍സിങ്ങിന് രാജ്നാരായണന്‍ എന്നപോലെയാണ് ആന്റണിക്ക് മുല്ലപ്പള്ളി. ഭക്തി മാത്രം മതി. സ്ഥാനം താനേ വന്നുകൊള്ളും. ഒറ്റയ്ക്ക് കണ്ടാല്‍ പാവമാണ്. സ്നേഹം തുള്ളിത്തുളുമ്പും. ജീവിതത്തിലിന്നുവരെ ഒരു കോണ്‍ഗ്രസുകാരനും ഒരു പ്രയോജനവും ചെയ്തുകൊടുത്തിട്ടില്ല. "ഇപ്പം ശരിയാക്കിത്തരാം" എന്ന മറുപടി റെക്കോഡുചെയ്ത് വച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പുലിയായിരുന്നു. അന്ന് മലബാറിന്റെ "ആഭ്യന്തരമന്ത്രി"സ്ഥാനമായിരുന്നു. വീരന്‍ ജനതയുടെ എം കെ പ്രേംനാഥ് മുതല്‍ നൂറുകണക്കിന് പഴയ സോഷ്യലിസ്റ്റുകാര്‍ക്ക് സമൃദ്ധമായി തല്ലുവാങ്ങിക്കൊടുത്തിട്ടുണ്ട്. ഒറ്റുകൊടുക്കലായിരുന്നു പ്രധാന പണി. വടകരക്കാരനാണെങ്കിലും ആദ്യം ചെന്നപ്പോള്‍ വടകരക്കാര്‍ ഓടിച്ചുവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് വീണ്ടും വടകരയിലെത്തിയത്. വീരന്റെയും വീരന്മാരുടെയും സഹായംകൊണ്ട് ജയിച്ചുപോയി. വീരന് എങ്ങനെയും എവിടെയും എന്തും ആകാമെന്നാണ് നാട്ടുനടപ്പ്. വീരനെ ജയിലിലടച്ച മുല്ലപ്പള്ളിയും വീരന്റെ പാര്‍ടിക്കെതിരെ പടനയിച്ച റവല്യൂഷണറിക്കാരും ഇന്ന് വീരന്റെ കൂടാരത്തിലാണ്. അതാണ് അഭിപ്രായസ്ഥൈര്യം. അപ്പം കാണുന്നവനെ മോനേ എന്നു വിളിക്കും.

കലികാലത്തില്‍ വീരനും മുല്ലപ്പള്ളിയും ഭായിഭായിയാണ്. ഏകശത്രുവിനെ വകവരുത്താന്‍ ഒന്നിച്ചൊന്നായ് മുന്നോട്ടാണ്. കേരളത്തിന്റെ മന്ത്രിയാണോ കേന്ദ്രത്തിന്റെ മന്ത്രിയാണോ എന്ന് മുല്ലപ്പള്ളിക്കുതന്നെ അറിയില്ല. വടകര, ചോമ്പാല്‍, ഏറാമല പൊലീസ് സ്റ്റേഷനുകളുടെ ഭരണമാണ് തല്‍ക്കാലത്തെ പണി. അതിന് സംസ്ഥാനസര്‍ക്കാര്‍ വക രണ്ട് കാറുണ്ട്; പരിവാരമുണ്ട്. കേരളത്തേക്കാള്‍ വലുതല്ലേ കേന്ദ്രം, അതുകൊണ്ട് കേന്ദ്രത്തിലേത് ഇമ്മിണി വലിയ മന്ത്രിയാണെന്നാണ് പാവം പൊലീസുകാരുടെ ധാരണ. അവിടെ ആര്‍ത്തുകൂവിയാലും ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞുനോക്കാനില്ല എന്ന് അവര്‍ക്കറിയില്ലല്ലോ. സ്വന്തം കഴിവുകൊണ്ട് നേതാവായി ജയിച്ച് മന്ത്രിയായാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കാണും. ഇത് സ്പോണ്‍സര്‍ഷിപ്പാണ്. ജയിച്ചയുടനെ പറഞ്ഞത് എല്ലാം മുകളിലുള്ളവന്റെ കാരുണ്യംകൊണ്ട് എന്നത്രെ. കാരുണ്യം തെരഞ്ഞെടുപ്പുകാലത്ത് പെട്ടിയിലാക്കിയാണ് വന്നത്. പുറപ്പെട്ട പെട്ടികളില്‍ ഒന്ന് ലക്ഷ്യത്തിലെത്തിയില്ല. പണപ്പെട്ടി കൊണ്ടുപോയവനോട് കരുണയുള്ളതുകൊണ്ട് കേസില്ല. മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ ആദ്യം മുക്കിയ കേസ് അതാണ്. അതിനെപ്പറ്റി ചെവിക്കുപിടിച്ച് ചോദിച്ചാലും മിണ്ടില്ല. ഉമ്മാക്കി വരും, കുമ്മാട്ടി വരും, സിബിഐ വരും എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പേടിപ്പിച്ചാല്‍ പേര് നിത്യവും അച്ചടിച്ചുവരും. അങ്ങനെ തമാശകളുമായി നേരം കൊല്ലാം. കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിക്കൊള്ളും. കാസര്‍കോടുമുതല്‍ പാറശാലവരെ കെട്ടുകാഴ്ച നടത്തിയാല്‍ തീര്‍ന്നുപോകുന്നതാണ് സിപിഐ എമ്മെന്ന് ഉമ്മന്‍ചാണ്ടി ഉമ്മാക്കി കാണിക്കുമ്പോള്‍ പണ്ട് ചെറുപയറും കഞ്ഞിയും അകത്താക്കി ഒറ്റാന്‍ പോയതിന്റെ അനുഭവം മുല്ലപ്പള്ളി പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. അന്ന് വാര്‍ത്തകളൊന്നും പുതുപ്പള്ളിയില്‍ എത്തിയിട്ടുണ്ടാകില്ല.

*

ശത്രുവിനായാലും ഇങ്ങനെ ഒരനുഭവം വരരുതേ എന്ന പ്രാര്‍ഥന കര്‍ണാടകത്തില്‍ നോക്കി പറഞ്ഞുപോയില്ലെങ്കിലാണ് അത്ഭുതം. അവിടെ വേറിട്ട ഭരണം കൊണ്ടുവന്നവര്‍ വെറെ വേറെ പോവുകയാണ്. കര്‍ണാടകം വഴി ദക്ഷിണേന്ത്യ ചുറ്റിപ്പിടിക്കാനുള്ള റോഡ് തകര്‍ന്നുപോയി. കര്‍ണാടക മോഡി മോടിയായി പടിയിറങ്ങി. യെദ്യൂരപ്പയില്‍നിന്ന് പാര്‍ടിയെ ഊരിയെടുക്കുന്നത് എങ്ങനെ എന്ന് കാവിപുതച്ച് ചിന്തിക്കുകയാണ് ബിജെപി. കുറെ എംഎല്‍എമാരെയും പോക്കറ്റിലിട്ട് ഊരാമെങ്കില്‍ ഊരിക്കോ എന്നാണ് യെദ്യൂരപ്പ വെല്ലുവിളിക്കുന്നത്. പുള്ളിക്കാരന് മുഖ്യമന്ത്രിപദത്തോട് തീരെ ആര്‍ത്തിയില്ല. പാര്‍ടി വിടുന്ന കാര്യം ആലോചിക്കുന്നുമില്ല. പക്ഷേ ഇടയ്ക്ക് സോണിയക്ക് സിന്ദാബാദ് വിളിക്കും. ""കോണ്‍ഗ്രസ് നേതാക്കള്‍ കുഴപ്പത്തില്‍പ്പെടുമ്പോള്‍ രക്ഷിക്കാന്‍ സോണിയ ഗാന്ധിയും പാര്‍ടിയും എത്താറുണ്ടെന്നും ബിജെപിയില്‍നിന്ന് എനിക്ക് ഇത്തരം സഹായം ലഭിക്കുന്നില്ല"" എന്നുമാണ് പരാതി. അക്കാര്യത്തില്‍ സോണിയ മഹതി തന്നെ. ടൂജിയില്‍നിന്നും ത്രീജിയില്‍നിന്നും വാരിവാരിക്കൊണ്ടുപോകുന്നവര്‍ക്ക് സോണിയയുടെ സഹായം ലക്ഷക്കണക്കിന് കോടിയായാണ് കിട്ടുന്നത്.

ബിജെപിയില്‍ എല്ലാം അപ്നാ അപ്നാ ആണ്. കിട്ടിയവന്‍ കൊണ്ടുപോകും. അന്യനെ സഹായിക്കില്ല. ഖനിയില്‍നിന്ന് വാരിയവനെ ഭൂമി തട്ടിയെടുത്തവന്‍ കുഴപ്പത്തിലാക്കും. യെദ്യൂരപ്പയ്ക്ക് സ്വന്തം പാര്‍ടിക്കാരെ നല്ല ബഹുമാനമാണ്. മുഖ്യമന്ത്രി സദാനന്ദഗൗഡയെ സ്നേഹത്തോടെ വേദമോതുന്ന ചെകുത്താനെന്നും പിന്നില്‍നിന്ന് കുത്തിയ വഞ്ചകനെന്നും ഇടയ്ക്കിടയ്ക്ക് വിളിക്കും. ഇടയ്ക്ക് എംഎല്‍എമാരെയും കൂട്ടി ഡല്‍ഹിയില്‍ പോകും. അതുകഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഉല്ലസിക്കും. മുറതെറ്റാതെ സദാനന്ദഗൗഡയെ പേടിപ്പിക്കും. എഴുപത് എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് വയ്പ്. അതില്‍ കുറെപ്പേരുടെ രാജി എഴുതിവാങ്ങി കുപ്പായക്കീശയിലിട്ടിട്ടുമുണ്ട്. ഒരു മൂവര്‍ സംഘമാണ് കുഴപ്പത്തിന്റെ താക്കോല്‍ എന്നാണ് പരാതി. ദേശീയ ജനറല്‍ സെക്രട്ടറി അനന്ത്കുമാറും സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയും പിന്നെ സദാനന്ദഗൗഡയും. ഈ മൂന്നിനെയും കെട്ടുകെട്ടിച്ചാലേ താന്‍ ഇനി ക്ഷൗരംചെയ്യൂ എന്ന പ്രഖ്യാപനം വരാന്‍ പോകുന്നു. എല്ലാംകണ്ട് കോണ്‍ഗ്രസിന് കൊതിയാകുന്നു- ഒന്ന് ഭരണത്തിലേറാന്‍. അവിടെയും കുതികാല്‍വെട്ടില്‍ ഡോക്ടറേറ്റെടുത്തവരുടെ സംസ്ഥാനസമ്മേളനമാണ്. സ്വന്തം പാര്‍ടിയെ തകര്‍ത്താലും നാറ്റിച്ചാലും വേണ്ടില്ല- തനിക്ക് കസേരകിട്ടിയാല്‍ മതി എന്ന യെദ്യൂരപ്പന്‍ സിദ്ധാന്തത്തിന് കോണ്‍ഗ്രസിലും നല്ല മാര്‍ക്കറ്റാണ്. പാവം കാവിക്കാരുടെ ദക്ഷിണേന്ത്യന്‍ മോഹം ഊരി നിലത്തുവീണ മട്ടാണ്. ഗുജറാത്തില്‍ മോഡി മോടി കൂടി കുഴപ്പത്തിലായി. യെദ്യൂരപ്പയെപ്പോലുള്ള ഓരോരുത്തര്‍ എല്ലാ സംസ്ഥാനങ്ങളിലും വളര്‍ന്നാല്‍ ഇന്ത്യ അതിവേഗം കാവിയുടുക്കും.

*

നിയമസഭയില്‍ കേള്‍ക്കാനിടയുള്ള ചോദ്യം:

വാള്‍മാര്‍ട്ടിലൂടെയോ റിലയന്‍സ് ഔട്ട്ലറ്റുകള്‍ വഴിയോ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ തൈകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാന്‍ മുന്‍കൈയെടുക്കുമോ?

കൃഷിമന്ത്രി മോഹനന്‍: വീരന്‍ സമ്മതിച്ചാല്‍ എനിക്കും സമ്മതം. അങ്ങനെ ചെയ്താല്‍ കേസ് വരുമോ? വന്നാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊന്നും വയ്യ. വല്ലവരുടെയും കാലുവേണമെങ്കില്‍ പിടിക്കാം.

Sunday, May 13, 2012

കെട്ടിയിട്ടുതല്ലുന്ന ക്വട്ടേഷന്‍

കെട്ടിയിട്ടുതല്ലുന്നത് സുഖമുള്ള ഏര്‍പ്പാടാണ്- തല്ലു കൊടുക്കുന്നവര്‍ക്ക്. ഒന്നും ഭയപ്പെടാനില്ല. തിരിച്ചടിയുണ്ടാകില്ല. അഥവാ കെട്ടുപൊട്ടിച്ച് ഒന്ന് കൈയോങ്ങിയാല്‍ അതാ അക്രമകാരി എന്ന് വിളിച്ച് കല്ലെറിയാം. ഈ സുഖം വാരിവാരിത്തിന്നുകയാണ് നമ്മുടെ ചില സുഹൃത്തുക്കള്‍. ക്വട്ടേഷന്‍ എന്നത് മലയാളീകരിക്കപ്പെട്ട പ്രയോഗമാണ്. ഒറ്റത്തവണ ക്വട്ടേഷന്‍ എടുക്കുന്നവരുമുണ്ട്; ആജീവനാന്ത ക്വട്ടേഷന്‍ ലേലത്തിന് പിടിക്കുന്നവരുമുണ്ട്. രണ്ടാമത്തെക്കൂട്ടര്‍ക്ക് മാസപ്പടിയാണ്. വടിവാള്‍, കത്തി, കഠാര, നാടന്‍ബോംബ്, സൈക്കിള്‍ചെയിന്‍, തിരണ്ടിവാല്‍ തുടങ്ങിയവയ്ക്കുപുറമെ പുതുപുത്തന്‍ മാരകായുധങ്ങളും അവര്‍ പ്രയോഗിക്കുന്നു. മൈക്ക് ബോംബ്, സമദൂര മിസൈല്‍, പ്രസ്താവനക്കത്തി, പ്രതികരണച്ചുറ്റിക, ചര്‍ച്ചക്കുന്തം, തത്സമയക്കുറുവടി തുടങ്ങിയവയാണ് ആധുനീകരിക്കപ്പെട്ട ആയുധവ്യൂഹം.

മാസപ്പടി ക്വട്ടേഷന്‍കാര്‍ക്ക് വ്യത്യസ്ത ശൈലിയാണ്. വെട്ടും കുത്തും കണ്ടാല്‍ ആരാണ് ചെയ്തതെന്ന് കൃത്യമായി മനസ്സിലാകും. നല്ല നിലാവുള്ളപ്പൊഴേ പുറത്തിറങ്ങാറുള്ളൂ. അങ്ങനെയാകുമ്പോള്‍ വെളുക്കുന്നതുവരെ കാര്യം സാധിക്കാം. ഇരയെ നിശ്ചയിച്ചുകഴിഞ്ഞാല്‍ വളഞ്ഞിട്ടുപിടിക്കും. ഒന്നോ രണ്ടോ ദിവസംകൊണ്ട് കൃത്യം പൂര്‍ത്തിയായില്ലെങ്കിലും വിരോധമില്ല. നിലാവുള്ള അടുത്ത രാവുവരുംവരെ ക്ഷമയോടെ കാത്തിരിക്കും. ഈ സംഘത്തിലെ ചില പേരുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ലുക്കൗട്ട് നോട്ടീസൊന്നും പുറപ്പെടുവിക്കാത്തതുകൊണ്ട് സംഘാംഗങ്ങള്‍ എല്ലാ രാത്രിയും പുറത്തിറങ്ങാറുണ്ടെന്ന് കേള്‍ക്കുന്നു. സംഘത്തിന് ഒറ്റ നേതാവിലും ഒറ്റ ആയുധത്തിലും ഒറ്റ ശൈലിയിലും വിശ്വാസമില്ല. അപ്പോള്‍ കാണുന്നവനെ നേതാവേ എന്ന് വിളിക്കും. അങ്ങനെ നേതാവാകാന്‍ ഭാഗ്യം സിദ്ധിച്ച മൂന്നുപേര്‍ അഖില ലോക ക്വട്ടേഷന്‍ സംസ്കാരത്തിന്റെ തിടമ്പേറ്റുകാരായി വാഴ്ത്തപ്പെട്ടിരിക്കുന്നു.

വയനാട്ടിലും ഈരാറ്റുപേട്ടയിലും എന്തിന് അങ്ങ് പുതുപ്പള്ളിയില്‍ പോലും പേരുകേട്ട പുമാന്മാര്‍. ഇവരിലൊരാളാണ് കഴിഞ്ഞദിവസം അച്ചായന്റെ മഴവില്‍ ചാനലില്‍ തലവഴി തുണിയിട്ട് കയറിയിരുന്ന് അഭിനയിച്ചത്. സകലകലാ വല്ലഭന്മാരായ ക്വട്ടേഷന്‍സംഘം സ്വന്തം ശക്തിയില്‍ സംശയം തോന്നുമ്പോള്‍ പുറത്തുനിന്ന് ആളെ ഇറക്കാറുണ്ട്. കഴിഞ്ഞദിവസം അങ്ങനെ കൊണ്ടുവന്നത് ബംഗാളിലെ വനിതാ കുഞ്ഞനന്തന്‍നായരെയാണ്. ആള്‍ കുഴപ്പക്കാരിയൊന്നുമല്ല. നന്നായി എഴുതും. അറിവിന്റെ വലിയ പീഠത്തിലൊക്കെ ഇരുത്തിയിട്ടുണ്ട്. ഒരു പ്രശ്നമേയുള്ളൂ. ആരു വിളിച്ചാലും വരും. വിളിച്ചവര്‍ക്ക് ആവശ്യമുള്ളതു പറയും. ബംഗാളില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കലായിരുന്നു ഒരുകൊല്ലം മുമ്പത്തെ മഹത്തായ ലക്ഷ്യം. മമതാ ദീതിക്ക് ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുപ്പാന്‍ പ്രായവും രോഗവും മറന്ന് മാര്‍ക്സിസ്റ്റുകാരെ നടന്ന് തെറിവിളിച്ചു. കസേരയിലെത്തിയപ്പോള്‍ ദീതിയുടെ തനിനിറം പുറത്തുവന്നു. അതോടെ, "മമതേ മരമേ ഫാസിസ്റ്റേ" എന്നായി കവിതാലാപം.
കോഴിക്കോട്ട് വന്നുപറഞ്ഞത്, ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കണമെന്നാണ്. ആന്തമാനിലും രാജസ്ഥാന്‍ മരുഭൂമിയിലുമൊക്കെ സ്ഥലം ഒഴിവുണ്ടോ എന്ന് അന്വേഷിക്കണം. മാര്‍ക്സിസ്റ്റുകാരെ ശരിപ്പെടുത്താനാണ് വണ്ടിക്കൂലി മുടക്കി കൊണ്ടുവന്നത്. ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റുകാരുടെ തലയിലിട്ട് ശോകാഭിനയം നടത്താനായിരുന്നു തിരക്കഥയെങ്കിലും ഉപചാരച്ചടങ്ങുകള്‍ മുടങ്ങിയില്ല. അജിതേച്ചി (അജിതയാണ് സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും കാവല്‍ മാലാഖ. വയനാട്ടിലെ കാട്ടിലായിരുന്നു അതിന്റെ ഉപരിപഠനം. വെട്ട്, കൊല, കത്തി, ബോംബ് തുടങ്ങിയ പദങ്ങള്‍ മാലാഖയുടെ ജീവിതത്തില്‍ കേട്ടിട്ടേയില്ല) ചക്കരയുമ്മ കൊടുത്തു. അതുകണ്ട് വീരോചിതം പൊട്ടിച്ചിരി മുഴങ്ങി. കാടിതുകണ്ടായോകാന്താ എന്ന ചോദ്യമില്ലാതെ തന്നെ ഫെമിനിസത്തിന്റെ ചിരി ആഘോഷപൂര്‍വം മുല്ലപ്പൂമൊട്ടുകളായി അടര്‍ന്നുവീണു. മൂന്നാമത്തെ ചിരിയന് ലുക്കില്ല എന്നേയുള്ളൂ- ആള്‍ മന്ത്രിയാണ്. നാട്ടിലാകെ പിതാവിന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി പഞ്ചായത്തുകളെ കൊണ്ട് പണം കൊടുപ്പിക്കുക, ഫാസിസ്റ്റുവിരുദ്ധം മൂക്കുമുട്ടെ ഭക്ഷിച്ച് ആര്‍എസ്എസുകാരന്റെ തിണ്ണയില്‍ കിടന്നുറങ്ങുക, സായ്പിനെ വിളിച്ചിരുത്തി സ്വന്തം സാഹിബിന്റെ ദൂഷ്യം പറയുക, കല- സാഹിത്യം എന്നിങ്ങനെയുള്ള അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുക തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളാണ് വകുപ്പുവിഭജനത്തില്‍ കിട്ടിയത്. ഒന്നിനൊന്ന് ചേരുന്ന കൂട്ടായ്മയാണ്. സാറാ-മുനീര്‍-വീരസംഗമം. ഒന്നിച്ചുകൂടിയത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ രോഷം പങ്കിടാനാണെങ്കിലം നടന്നത് മുത്തമിടലും കെട്ടിപ്പിടിത്തവും പൊട്ടിച്ചിരിയും. എല്ലാം ഒരു കച്ചവടം തന്നെ.

പ്രതികരണം സ്വയം വരേണ്ടതല്ല; ഞെക്കിപ്പുറത്തുകൊണ്ടുവരേണ്ടതാണ് എന്നത്രേ ആധുനിക യഥാര്‍ഥ ഇടതുപക്ഷസിദ്ധാന്തം. ഞെക്കിയിട്ടും വന്നില്ലെങ്കില്‍ കുത്തിമലര്‍ത്തുമെന്നത് വിശാല ഇടതുപക്ഷത്തിന്റെ തിയറിയാണ് എന്നത് സാംസ്കാരികനായകന്മാര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്നം. വീരന്‍ പറയുന്നു: ""കൊലപാതകത്തോട് പ്രതികരിക്കാത്ത ജ്ഞാനപീഠജേതാക്കള്‍ വെറും പീഠമേ നേടിയിട്ടുള്ളൂ. അതില്‍ ജ്ഞാനമില്ല""എന്ന്. കേരളത്തിലെ ജ്ഞാനപീഠജേതാക്കള്‍ക്ക് പത്രമുടമ വക പീഡനം. അഴീക്കോട്മാഷിനെ മഞ്ഞക്കഥകളെഴുതി നാറ്റിച്ച അതേ ഭീഷണി. വീരന്‍ ഇരിക്കുന്ന പരമപീഠം ജ്ഞാനത്തിന്റേതാണ്, അവാര്‍ഡുകളുടെ അപൂര്‍വശേഖരത്തിനു മുകളില്‍ കെട്ടിപ്പൊക്കിയതാണ്. ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ച് ഏതെങ്കിലും രാമന്റെ ദുഃഖത്തിന് ഒരു ജ്ഞാനപീഠവും തരപ്പെടുത്തിക്കൊടുക്കാവുന്നതേയുള്ളൂ. നാട്ടിലെ പ്രസിദ്ധീകരണമാഗ്രഹിക്കുന്ന സാംസ്കാരിക ജീവികള്‍ ഇതൊരറിയിപ്പായി കണ്ട്, വീരോചിതം വീരന്റെ വാക്കുകള്‍ക്ക് അടിയൊപ്പിട്ടുകൊടുക്കാവുന്നതാണ്. അതല്ലെങ്കില്‍ കവിതയും കഥയും ലേഖനവും പ്രതികരണവും അച്ചടിച്ചുകാണുമെന്ന് കരുതേണ്ടതില്ല.

*
ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടത്:

""വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.
ഇതുവരെ സംസാരിച്ച മൂന്നുപേരും വികാരവിജ്രംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.

എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല- പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.""

എം ജി രാധാകൃഷ്ണന്‍ എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് ഇങ്ങനെ പിന്മാറിയത്.

നാട്ടില്‍ എവിടെ സദ്യയുണ്ടെങ്കിലും തലേന്നുചെന്ന് തമ്പടിക്കുന്ന ചിലരുണ്ട്. കാളപെറ്റാലും കാക്ക പറക്കുമ്പോള്‍ മലര്‍ന്നുപോയാലും പ്രത്യയശാസ്ത്രക്കുന്തവും കൊണ്ട് ചാനലാപ്പീസുകളിലേക്ക് പാഞ്ഞുകയറുന്ന അത്തരക്കാരുടെ ഉത്സവമാണ് ചന്ദ്രശേഖരന്‍വധത്തോടെ അരങ്ങേറിയത്. കുളിച്ച് പൗഡറിട്ട് നിരന്നിരുന്ന് വിധിപ്രഖ്യാപനം നടത്തുകയാണ്. അവര്‍ക്ക് തെളിവുവേണ്ട, സാക്ഷിവേണ്ട, യുക്തിവേണ്ട, ന്യായം വേണ്ട- മാര്‍ക്സിസ്റ്റ് പാര്‍ടിയെ നാലുതെറി വിളിച്ചാല്‍ മതി. ഇത് കണ്ടുകണ്ട് ജനങ്ങള്‍ മടുത്തുപോകും എന്നൊരു ചിന്തയെങ്കിലും വേണ്ടേ?

രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.

*

കെട്ടിയിട്ട് തല്ലിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ തളര്‍ന്ന് തകര്‍ന്നുപോകുമെന്ന സ്വപ്നം അവസാനിക്കാതെ തുടരുകയാണ്. ഇതിനിടെ, ബമ്പര്‍ സമ്മാനം നല്‍കാവുന്ന ഒരു പ്രവചനം കേട്ടു. ചെന്നിത്തലാജിയുടേതാണ്. കോണ്‍ഗ്രസില്‍ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് പ്രവചനം നടത്തലാണ് ഇപ്പോള്‍ പ്രധാന ജോലി. സിപിഐ എം പിളര്‍പ്പിലേക്ക് എന്നാണ് ഒടുവിലത്തെ പ്രവാചകഘോഷം. സെല്‍വരാജിന്റെ വിജയം കൊതിക്കുമ്പോള്‍ അത്തരം ആഗ്രഹമാകാം. കോണ്‍ഗ്രസിന്റെ കൊടിയും കെട്ടി നടത്തിക്കാന്‍ പറ്റിയ സ്വഭാവഗുണങ്ങള്‍ സെല്‍വരാജിന് ഉള്ളതുകൊണ്ട് സിപിഐ എമ്മിനെ പിളര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയും ആകാം.

ചൈനാ ചാരന്മാരെന്നും രാജ്യദ്രോഹികളെന്നും കാലഹരണപ്പെട്ടവരെന്നും അക്രമികളെന്നും സ്ത്രീകളെ പൊതുസ്വത്താക്കുന്നവരെന്നുമൊക്കെ പറഞ്ഞ് ഇതുപോലെ സ്വപ്നങ്ങള്‍ പലരും കണ്ടിട്ടുണ്ട്. വിഷം കുടിക്കാന്‍ ഒരുങ്ങിയവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍കാരെ വാടകയ്ക്കെടുത്ത് തലയില്‍ തുണികെട്ടി ചാനലാപ്പീസിലേക്ക് വിളിച്ചുകയറ്റുകയാണ്.

ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാതെ ആര്യാടനെപ്പോലുള്ളവരാണ് ചെന്നിത്തലയെ വഷളാക്കുന്നത്. ആര്യാടനും അറിയാത്ത കാര്യങ്ങള്‍ രഹസ്യരേഖകളുടെ പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഒരു മഹാപണ്ഡിതന്‍ വേറെയുണ്ട്- ബ.കു.നാ. ഇപ്പോള്‍ ടെലിഫോണ്‍ വഴിയും കണ്‍സല്‍ട്ടേഷനുണ്ട്. കുളത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹം വരുമ്പോള്‍ ഒരു കോള്‍ ചെയ്താല്‍ മതി. ഉപദേശം തന്നുതന്ന് സുഖിപ്പിച്ചുകളയും.