Sunday, April 24, 2011

ഒരു കലികാലക്കുറിപ്പ്

കാലം കലികാലമാണ്. ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തിയാടുന്ന കാലം. ഒരു കലികാലക്കുറിപ്പ് വായിക്കുക: "ഈ സാഹചര്യത്തിലാണ് ഇടതുപക്ഷപാര്‍ടിയിലെ ജീര്‍ണതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ട് അഴിമതിയില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാടെടുക്കണമെന്ന് ഈ ലേഖകന്‍ തെരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടത്.'' ആരാണ് 'ഈ ലേഖകന്‍'? ഫിദല്‍ കാസ്ട്രോയാണോ? അമര്‍ത്യ സെന്‍? അശോക് മിത്ര? അങ്ങനെ സംശയിക്കാവുംവിധം ആധികാരികമാണാഹ്വാനം. കേരളത്തിലെ ജനങ്ങള്‍ ഈ മഹത്തായ ആഹ്വാനം മനസ്സാ സ്വീകരിച്ച് വോട്ടുചെയ്താലോ? അങ്ങനെ എല്‍ഡിഎഫ് ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന മഹാന്. തോറ്റാലോ? അയ്യോ, അത് സിപിഎം എന്ന പാര്‍ടിക്കെതിരായ തിളച്ചുമറിയുന്ന ജനരോഷം.

വീരേന്ദ്രകുമാറിന്റെ പത്രത്തില്‍ ഇടതുപക്ഷം എന്ന പംക്തിയില്‍, എല്‍ഡിഎഫിനെ നന്നാക്കാന്‍ അപ്പുക്കുട്ടന്‍ ആപ്പുമായി ഇറങ്ങിയിരിക്കുന്നു. ആരും ചെയ്യാനറയ്ക്കുന്ന വര്‍ഗീയതയുടെയും ജാതിയുടെയും പണക്കൊഴുപ്പിന്റെയും കളികള്‍ യുഡിഎഫ് കളിച്ചിട്ടും മാധ്യമങ്ങള്‍ യുഡിഎഫിന്റെ ക്വട്ടേഷന്‍ സംഘങ്ങളായിട്ടും അപ്പുക്കുട്ടന്റെ കണ്ണില്‍ അവയൊന്നും പതിഞ്ഞില്ല പോല്‍!
വോട്ട് പെട്ടിയിലായിക്കഴിഞ്ഞതോടെ വിശകലന വിദഗ്ധര്‍ കൂട്ടത്തോടെ ഇറങ്ങി. കേരളത്തിന്റെ ജനവിധി തന്റെ ഒരു പത്രലേഖനത്തിലൂടെ തീരുമാനിക്കപ്പെടുന്ന ഒന്നാണ് എന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുവരെ തോന്നണമെങ്കില്‍, വരുന്ന മാസം നാം എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു. എട്ടുകാലികള്‍ എത്രയെണ്ണം രണ്ടുകാലില്‍ നടന്നുവരാനിരിക്കുന്നു. ഇതാണ് പുതിയ സമ്പ്രദായം. എന്താണോ ഇല്ലാത്തത് അത് ഉണ്ട് എന്ന് പറഞ്ഞുറപ്പിക്കുന്ന രീതി. ഇതിനെയാണ് പണ്ട് നാണ്വാര് ആടിനെ പട്ടിയാക്കല്‍ എന്നു വിളിച്ചത്.

കേരളത്തിന്റെ പതിവ് അയ്യഞ്ചുകൊല്ലം ഭരണമാറ്റമാണ്. ഇത്തവണ ആ പതിവിന്റെ ബലത്തിലാണ് യുഡിഎഫ് അങ്കത്തിനിറങ്ങിയത്. ലോക്സഭയില്‍ അവര്‍ ജയിച്ചു; പഞ്ചായത്തിലും ജയിച്ചു. ഇനി നിയമസഭയിലും ജയിക്കാമെന്ന് കരുതി. ലോക്സഭയിലും പഞ്ചായത്തിലും എല്‍ഡിഎഫ് മത്സരിച്ചത് വിശാല വലതുപക്ഷ-മാധ്യമ സഖ്യത്തോടാണ്. അന്നുള്ളവര്‍ തന്നെ ഇന്നും എതിരാളികള്‍. പക്ഷേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനുണ്ടായില്ല. സര്‍ക്കാരിന്റെ ഇടപെടലുകള്‍ സ്വന്തം ജീവിതത്തിലേക്ക് സംതൃപ്തിയും സമാധാനവും കൊണ്ടുവന്നു എന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ സങ്കുചിത വിലക്കുകള്‍ തകര്‍ത്ത് എല്‍ഡിഎഫിനുപിന്നില്‍ അണിനിരന്നു. പാര്‍ടിയെ കരിതേക്കാന്‍ ആയുധങ്ങളൊന്നും മാധ്യമ ക്വട്ടേഷന്‍കാരുടെ കൈയ്യിലുണ്ടായില്ല. ഏറ്റവുമൊടുവില്‍ രാഷ്ട്രീയപ്രശ്നങ്ങളെല്ലാം വിട്ട്, സര്‍ക്കാരിന്റെ നായകന്‍ വി എസിനെതിരെ യുഡിഎഫും മാധ്യമങ്ങളും ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പാര്‍ടി പ്രതിരോധത്തിന്റെ ഉരുക്കുകോട്ടതീര്‍ത്തു. കണക്കിന് മറുപടികള്‍ കിട്ടി. വി എസിനെ ഒറ്റതിരിഞ്ഞാക്രമിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിച്ചുകളയാമെന്ന വ്യാമോഹം അട്ടത്തുവയ്ക്കേണ്ടിവന്നു യുഡിഎഫിന്. വി എസിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് ഒരു കളി കളിക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി. വി എസും പാര്‍ടിയും രണ്ടാണ് എന്ന് പ്രചരിപ്പിക്കുകയും അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുകയും ചെയ്തവര്‍ക്ക് ചുട്ട മറുപടിയായാണ് ലഭിച്ചത്.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ് നേതാവിനെ പ്രചാരണ വേദികളില്‍ ജനങ്ങള്‍ ആഹ്ളാദാരവത്തോടെ സ്വീകരിച്ചപ്പോഴും അഞ്ചുകൊല്ലം ഭരണം നയിച്ച മുഖ്യമന്ത്രി പ്രചാരണ നായകനായപ്പോഴും അതിനെ മറ്റൊരര്‍ഥത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്- അപ്പുക്കുട്ടന്മാരുടെ നീചബുദ്ധി പറയുന്നു, വി എസിനെ കാണാനെത്തിയ ജനങ്ങള്‍ പാര്‍ടിയുടേല്ല; വി എസിന്റെ സ്വന്തമെന്ന്. അവര്‍ക്ക് അതാണ് വേണ്ടത്. വി എസിനെ പാര്‍ടി അല്ലാതാക്കണം. അതുകൊണ്ടാണ് അപ്പുക്കുട്ടന്റെ ഒരു ശിഷ്യന്‍ തെരഞ്ഞെടുപ്പുകാലത്ത് പലര്‍ക്കും 'തമാശ' സന്ദേശമയച്ചത്- സിപിഐ എമ്മിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് വോട്ടുചെയ്യണം എന്ന്. സിപിഐ എമ്മിന്റെ ആഭ്യന്തര കാര്യങ്ങള്‍ 'സേവ് ഫോറം' ബുള്ളറ്റിനായും 'മാര്‍ക്സിസ്റ് പത്രിക' ആയും പാര്‍ടി ശത്രുക്കള്‍ക്ക് എത്തിച്ചുകൊടുത്ത കുറ്റത്തിനാണ് അപ്പുക്കുട്ടന്‍ പുറത്തായത്. അന്ന് വി എസിനെതിരെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ ആള്‍ക്ക് ഇന്ന് വി എസ് മഹാനെന്ന് തോന്നുന്നു. അത്തരം സ്ഥലജലവിഭ്രാന്തി അപ്പുക്കുട്ടനുണ്ട്; ശതമന്യുവിനില്ല. അതാണ് പാര്‍ടി ശത്രുവും പാര്‍ടിക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പുക്കുട്ടനും ആസാദും ഷൊര്‍ണൂരിലെ മുരളിയുമടങ്ങുന്ന ഇടതുപക്ഷ സൈദ്ധാന്തിക വേഷക്കാര്‍ക്ക് സിപിഐ എം തോറ്റുകാണണം എന്നേയുള്ളൂ. അതിനുള്ള പണിയാണ് തെരഞ്ഞെടുപ്പുകാലത്താകെ അവര്‍ എടുത്തത്. പക്ഷേ, ശങ്ക തീരുന്നില്ല. അഥവാ എല്‍ഡിഎഫ് ജയിച്ചാലോ? നിലവിലുള്ള സാഹചര്യവും രാഷ്ട്രീയ സ്ഥിതിഗതികളുംവച്ച് കണക്കുകൂട്ടുമ്പോള്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതകളാണുള്ളത്. അങ്ങനെയൊരവസ്ഥ ഒഴിവാക്കാന്‍ യുഡിഎഫ് ജാതിശക്തികളെയും വര്‍ഗീയതയും കൂട്ടുപിടിച്ചിട്ടുണ്ട്. പണം മലവെള്ളംപോലെ ഒഴുക്കിയിട്ടുണ്ട്. എന്നിട്ടും ശങ്കതന്നെ.

അപ്പുക്കുട്ടന്റെയും സഹസൈദ്ധാന്തികരുടെയും വാക്കോ പ്രവൃത്തിയോ എല്‍ഡിഎഫിന് ഒരു വോട്ടും നേടിക്കൊടുത്തിട്ടില്ല. എന്നാല്‍, ഇക്കുറി പഞ്ചായത്ത്- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി അപ്പുക്കുട്ടന് സിപിഐ എമ്മിനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നുമാത്രമല്ല മടിച്ചു മടിച്ച് പറയേണ്ടിവന്നു- ഇടതുപക്ഷം ജയിക്കട്ടെ എന്ന്. തെറ്റിദ്ധാരണകള്‍മൂലവും തെറ്റിയും ഇടതുപക്ഷത്തിന് മുന്‍തെരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ട് ഇക്കുറി ചോര്‍ന്നുപോകില്ല എന്നുറപ്പിക്കാം. പാരയുടെ മുന തല്‍ക്കാലം രാകിമിനുക്കാതെ വച്ചു എന്നര്‍ഥം. അത് അപ്പുക്കുട്ടനെപ്പോലുള്ളവരുടെ ഗതികേട്. അവര്‍ക്ക് കള്ളം പറഞ്ഞും കാട്ടിയും ഇടതുപക്ഷവിരുദ്ധ വികാരം ഉണര്‍ത്തിവിടാന്‍ കഴിഞ്ഞില്ല.

"2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വോട്ടുചെയ്യാത്തവരും യുഡിഎഫിന് വോട്ടുചെയ്തവരുമായ സിപിഐ എമ്മിലെ ഒരുവിഭാഗവും ഈ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിനുപിന്നില്‍ അണിനിരന്നിട്ടുണ്ട്'' എന്നാണ് അപ്പുക്കുട്ടന്റെ വാദം. ഇത് എവിടെനിന്ന് കിട്ടി എന്ന് മനസ്സിലാകുന്നില്ല. എന്തായാലും എല്‍ഡിഎഫിന്റെ വോട്ടെല്ലാം പെട്ടിയില്‍ വീണ തെരഞ്ഞെടുപ്പാണിത് എന്ന് അപ്പുക്കുട്ടന്‍ സമ്മതിക്കുന്നതില്‍ ശതമന്യുവിനും സന്തോഷം. എന്നിട്ടും അതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് യുഡിഎഫ് പിടിച്ചതെങ്കില്‍ ജയം അവര്‍ക്കുപോകും. ജാതിക്കണക്കും മതക്കണക്കും ജനാധിപത്യത്തെ നിയന്ത്രിക്കുമ്പോള്‍ അതും സംഭവിക്കാം. അങ്ങനെ ഒരവസ്ഥയുണ്ടായാലും എല്‍ഡിഎഫിനെ വിടാന്‍ പാടില്ല എന്ന അപ്പുക്കുട്ടന്റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: "എല്‍ഡിഎഫിനെതിരായാണ് ഈ രാഷ്ട്രീയ തരംഗമെങ്കില്‍ മറക്കാനും പൊറുക്കാനും കഴിയാത്ത വിധം അതിരോഷത്തോടെ സമൂഹം ആ പാര്‍ടി നേതൃത്വത്തോടുപ്രതികരിക്കുന്നു എന്നുവേണം അതിനെ വ്യാഖ്യാനിക്കാന്‍.'' ജയിച്ചാല്‍ അതില്‍ പാര്‍ടിക്ക് പങ്കില്ല; തോറ്റാല്‍ കുറ്റം പാര്‍ടിക്ക് എന്ന്.

അഞ്ചുകൊല്ലം ഭരിച്ചശേഷമാണ് എല്‍ഡിഎഫ് ജനവിധി തേടിയത്. ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യര്‍ഥിച്ചത്. അതിനൊപ്പം യുഡിഎഫ് അഞ്ചുകൊല്ലം മുമ്പ് കേരളത്തെ എങ്ങനെ നശിപ്പിച്ചു എന്ന് ഓര്‍മിപ്പിച്ചാണ് പ്രചാരണം മുന്നേറിയത്. ഇതെല്ലാം കാണുന്ന ജനങ്ങള്‍ അപ്പുക്കുട്ടന്‍ ആഗ്രഹിക്കുന്ന വഴിയേ പോകില്ലല്ലോ. എല്ലാം മനസ്സിലാക്കി, പെട്ടിയിലിരിക്കുന്ന വോട്ടിനെക്കുറിച്ച് പ്രബന്ധം രചിക്കാന്‍ വരുമ്പോള്‍, തന്നെയും അശോക് മിത്രയെയും ഒരേ ഗണത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍, ഒരു മുന്‍ പത്രാധിപരുടെ അഹന്ത എത്ര വലുതാണെന്നോര്‍ത്ത് ശതമന്യു കോള്‍മയിര്‍ കൊള്ളട്ടെ. ജയിച്ചാല്‍ അഹങ്കരിക്കുകയും തോറ്റാല്‍ തളര്‍ന്ന് ചുരുണ്ടുകൂടുകയും ചെയ്യേണ്ട ഒന്നാണ് ഇടതുപക്ഷമെന്ന് അപ്പുക്കുട്ടന്റെ പഴയ കെഎസ്യു ബുദ്ധിക്ക് തോന്നാം. ആ തോന്നലില്‍ സിന്ധു ജോയിക്കും അപ്പുക്കുട്ടനും ഒരേ മാര്‍ക്കാണ്. ആ ന്യായംവച്ച് തെങ്ങേല്‍ കയറിയാല്‍ പത്തലൊടിഞ്ഞ് കമിഴ്ന്ന് വീഴാനാണ് സാധ്യത.

*
ഇടതുപക്ഷം ജയിക്കട്ടെ; ഭരിക്കട്ടെ; അപ്പുക്കുട്ടന്‍ എതിര്‍ക്കട്ടെ; രോഷപ്പെടട്ടെ-സഹായിക്കാതിരുന്നാല്‍ മതി. ഈ സ്നേഹം താങ്ങാനുള്ള ശേഷി ഇനിയും ഇടതുപക്ഷത്തിനില്ല. അപ്പുക്കുട്ടന്‍, ക്രൈം നന്ദകുമാര്‍ തുടങ്ങിയ മഹാരഥന്മാരുടെ സേവനം മാതൃഭൂമിക്കും യുഡിഎഫിനുംതന്നെ കിട്ടിക്കൊള്ളട്ടെ. ഫീസില്ലാത്ത വക്കീല്‍പണിക്ക് ഇടതുപക്ഷത്തിന്റെ തിണ്ണ നിരങ്ങുന്നതെന്തിന്?

Sunday, April 17, 2011

ആരെയാണ് വിശ്വസിക്കേണ്ടത്?

'സ്നേഹമുള്ളവരുടെ' വീട്ടിലേക്ക് കയറിച്ചെന്നവര്‍ക്കിപ്പോള്‍ മുറ്റത്താണ് കഞ്ഞി. അതും കുഴികുത്തി ഇലയില്‍ ഒഴിച്ചേ കൊടുക്കുള്ളൂ. വേണമെങ്കില്‍ കുടിക്കാം-വേണ്ടെങ്കില്‍ ഇറങ്ങിപ്പോകാം. കോഴിക്കോട് സീറ്റുകിട്ടാത്തതിന്റെ പേരില്‍ കൂടെക്കഴിഞ്ഞവരെയാകെ തള്ളിപ്പറഞ്ഞ് തെറിവിളിച്ച് ഇറങ്ങിപ്പോയ വീരന് ഇന്നും വലിയ നഷ്ടമില്ല-മകന് കല്‍പ്പറ്റ സീറ്റുകിട്ടിയല്ലോ. ഞാനും എന്റെ മോനും പിന്നെ അധികാരവും. അത്രയേ ഉള്ളൂ പുള്ളിയുടെ പുസ്തകത്തില്‍. മാതൃഭൂമിയുടെ എംഡിസ്ഥാനവും ക്രൈമിന്റെ യഥാര്‍ഥ പത്രാധിപസ്ഥാനവും കൈയിലുണ്ട്. ക്രൈം കുമാരന് ചെല്ലുംചെലവും വക്കീല്‍ഫീസും കൊടുക്കണം. സിപിഐ എമ്മിനെ ടോര്‍പിഡോ ചെയ്യണം. കുറെ പാവങ്ങളെ കൂടെക്കൊണ്ടുപോയി. ഇപ്പോള്‍ കൃഷ്ണന്‍കുട്ടിക്കു മനസ്സിലായി. പ്രേംനാഥിനും കെ പി മോഹനനും മനസ്സിലായെങ്കിലും പുറത്തുപറയാന്‍ ഭയമാണ്. സോഷ്യലിസം തലയില്‍വച്ചു കഷ്ടപ്പെട്ട പാവങ്ങളുടെ ഉദകക്രിയ നടത്തുകയാണ് നേതാവ്. ഉപജാപം, അധികാരം, ധിക്കാരം-ഇതുമൂന്നും പണംകൊണ്ട് കൊഴുപ്പിക്കാമെന്നും ജില്ലാ പ്രസിഡന്റുമാര്‍പോലും പേരുവിളിച്ച് സംബോധന ചെയ്യപ്പെടാന്‍ യോഗ്യരല്ലെന്നും ധരിച്ചുവശായ മാടമ്പിത്തത്തിന് അര്‍ഹിക്കുന്നതുതന്നെ കിട്ടിയിരിക്കുന്നു. സ്വാര്‍ഥമോഹത്താല്‍ സ്വന്തം പാര്‍ടിയെ കൊന്ന നേതാവിന് അവഗണനയും അടുക്കളപ്പുറവാസവും കൂലി. ഇനി പാര്‍ടിയെന്തിന്? കോണ്‍ഗ്രസില്‍ ചേര്‍ന്നാലും പിഴച്ചുപോകാം. ഒറ്റയ്ക്കുവേണ്ട. മകന്‍ ഒന്നൊന്നര അണിയാണല്ലോ. അബ്ദുള്ളക്കുട്ടിയും കെ എസ് മനോജും സിന്ധു ജോയിയും ജീവിക്കുന്ന നാട്ടില്‍ ഒരു വീരന് ഇടമില്ലാതെ വരില്ല.

വിശ്വാസത്തിന്റെയും ദൈവഭയത്തിന്റെയും പരിഗണനയുടെയും 'തെളിനീരില്‍' നീരാടാന്‍ പോയ കെ എസ് മനോജ് ജോലി രാജിവച്ച് മത്സരിക്കാന്‍ ഒരുങ്ങി. സീറ്റു കിട്ടിയതുമില്ല, ജോലി നഷ്ടവുമായി. സിന്ധു ജോയി മുട്ടയേറുകൊണ്ട് ഛര്‍ദിച്ചത് മിച്ചം. ഗ്രനേഡില്‍ തളരാത്തത് കോഴിമുട്ടയ്ക്കുമുന്നില്‍ വീഴുമ്പോഴാണ് ജനാധിപത്യം പൂത്തുലയുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഗതി അറിയണമെങ്കില്‍ മെയ് പതിമൂന്നുവരെ കാത്തിരിക്കണം. അഥവാ പുഴയിലെ വെള്ളം വറ്റി യുഡിഎഫ് അക്കരെ ചെന്നാലത്തെ സ്ഥിതി എന്താവും?

എം വി രാഘവന്റെ മെഴുകുപ്രതിമയുണ്ടാക്കി നാടുചുറ്റിച്ചാണ് നെന്മാറയില്‍ വോട്ടുതേടിയത്. ഗൌരിയമ്മ ചുറുചുറുക്കു കാട്ടുന്നുണ്ട്-പ്രായം തൊണ്ണൂറു കഴിഞ്ഞിട്ടും. കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ നയിക്കുന്ന ഒരു മന്ത്രിസഭ വരാനാണ് കേരളീയര്‍ വോട്ടുചെയ്തതെന്ന് മനോരമ പറഞ്ഞുപതിപ്പിക്കുന്നുണ്ട്. വോട്ട് പെട്ടിയിലായിട്ടും എന്തിന് ഈ പണി എന്ന് ചോദിക്കാം. അല്‍പ്പനാളത്തേക്കെങ്കിലും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിനിര്‍ത്തിയാല്‍ കിട്ടുന്ന ലാഭം എത്രയാണെന്ന് 'അകത്തെ പല്ലുകൊണ്ടും ചിരിക്കുന്ന' മനോരമയ്ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.

*
അണ്ണ ഹസാരെയുടെ പോരാട്ടത്തെ പിന്തുണയ്ക്കൂ എന്നാവശ്യപ്പെട്ട് ഒരു ചാനല്‍പ്പെകൊടി ശതമന്യുവിന് സന്ദേശമയച്ചു. പിന്നെന്ത്, പിന്തുണ ഹസാരയ്ക്കുതന്നെ എന്ന് മറുതപാല്‍ പോയി. പിന്നാലെ വിളിവന്നു. വോട്ട് ചെയ്തോ എന്ന് ചോദ്യം. ചെയ്തു എന്ന ഉത്തരത്തിനുപിന്നാലെ ആര്‍ക്ക് എന്ന രണ്ടാം ചോദ്യക്കടലാസ്. അതിനും ഉത്തരംകിട്ടിയപ്പോള്‍, 'ഓാാാാ.......സിപിഎം ആണല്ലേ' എന്നും ചോദിച്ചു ക്ടാവ്. അതേ കക്ഷിയെ പിറ്റേന്ന് ചാനലില്‍ കണ്ടു. "ബംഗാളിലെയും കേരളത്തിലെയും ഫലം സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാകും. പാര്‍ടി പ്രത്യയശാസ്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്'' എന്ന് മൈക്ക് പിടിച്ച് പറയുകയാണ് പെണ്‍കിടാവ്. ശതമന്യു സിപിഎം ആണെന്നറിയാന്‍ ബുദ്ധിയില്ലാത്ത ചാനല്‍കൊടി പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ച് ഉപന്യസിക്കുന്നതു കണ്ടപ്പോള്‍ വല്ലാത്ത സ്നേഹമാണ് തോന്നിയത്. വിവേചനബുദ്ധിയില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണമല്ലോ. അവര്‍ സ്നേഹവും സഹതാപവും അര്‍ഹിക്കുന്നുണ്ടല്ലോ.

അണ്ണ ഹസാരെ രക്ഷകനാണെന്നു കരുതിയവരും അങ്ങനെ സ്നേഹം അര്‍ഹിക്കുന്നുണ്ട്. അവരുടെ മനസ്സില്‍ കളങ്കമില്ല. അഴിമതി കളിയാട്ടമാടുന്ന നാട്ടില്‍ ഒരു രക്ഷകന്‍ ജനിക്കുകയാണെന്ന് കരുതുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല-ഉള്ളത് അല്‍പ്പം വിവേകത്തിന്റെ കുറവുമാത്രമാണ്. കലികാലം തീര്‍ക്കാന്‍ അവതാരത്തെ കാത്തിരിക്കുന്നവര്‍ക്ക് അണ്ണ ഹസാരെയുടെ വരവ് കണ്ണിനുത്സവം തന്നെ. ഹസാരെയെ പെട്ടെന്ന് ആരും വിമര്‍ശിക്കുകയുമില്ല. രണ്ടുണ്ട് കാരണം. ഒന്നാമത്തേത്, പുള്ളിക്കാരന്‍ ഗാന്ധിത്തൊപ്പിയും പാളത്താറുമിട്ട് പറയുന്ന കാര്യങ്ങള്‍ നൂറുശതമാനം ശരിയാണ് എന്നതുതന്നെ. രണ്ടാമത്തേത്, ആരെങ്കിലും എതിരായി ഉരിയാടിയാല്‍ അപ്പോള്‍ പുറത്ത് പുള്ളി വീഴും-അഴിമതിക്കാരുടെ വക്കീലെന്ന്. ഏതായാലും ശതമന്യുവിന്റെ വക്കാലത്ത് അഴിമതിക്കാര്‍ക്കല്ല. ഹസാരെ കീ ജയ് വിളിച്ച് തേരാപാരാ നടക്കുന്നവര്‍ക്കുമല്ല. അഴിമതി തടയാന്‍ വീറുറ്റ ലോക്പാല്‍ നിയമം വേണം. അത് എഴുതി ശരിയാക്കാന്‍ സമിതി വേണം. രണ്ടിലും ശതമന്യുവിന്റെ വോട്ട് ഹസാരെയ്ക്ക്. ആ സമിതിയില്‍ ഒരച്ഛനും മകനും വരുന്നത് ഭൂഷണമെന്ന് ഹസാരെ. ശാന്തിഭൂഷണ്‍ ഉപാധ്യക്ഷ മഹോദയ്. മകന്‍ പ്രശാന്ത്ഭൂഷണ്‍ വിശുദ്ധ മെമ്പര്‍.

സംഗതി ഏതാണ്ടൊക്കെ ശരിയായി വന്നതാണ്. അപ്പോഴതാ കോണ്‍ഗ്രസ് അജ്ഞാത വേഷത്തില്‍ വരുന്നു-അഴിമതിക്കെതിരെ പൊരുതുന്ന ശാന്തിഭൂഷണ്‍ അഴിമതിക്കാരനാണെന്ന്. തെളിവായി ഒരു ടേപ്പും. ജഡ്ജിയെ സ്വാധീനിക്കാന്‍ ശാന്തിഭൂഷണ്‍ ഇടപെട്ട് കൈക്കൂലി നല്‍കിയതായി ആരോപിക്കുന്ന സിഡിയാണ് വന്നത്. ഇത് വെളിപ്പെടുത്തലുകളുടെയും രഹസ്യ സിഡികളുടെയും കാലമാണല്ലോ. സംയുക്തസമിതി യോഗത്തിനുമുന്നോടിയായി മാധ്യമസ്ഥാപനങ്ങളില്‍ അജ്ഞാതരാണ് സിഡി എത്തിച്ചത്. ഇതിനെ തപാല്‍ ജേര്‍ണലിസം എന്ന് വിളിക്കും. ആവശ്യമുള്ള വാര്‍ത്തകള്‍ കവറിലാക്കി ഓഫീസുകളിലെത്തിക്കുന്നതെന്തോ അതാണ് തപാല്‍ ജേര്‍ണലിസം. ലോകോത്തര മാന്യന്മാരും സമാജ്വാദി പാര്‍ടി നേതാക്കളുമായ മുലായംസിങ് യാദവ്, അമര്‍സിങ് എന്നിവരുമായി ചേര്‍ന്ന് ഒരു ജഡ്ജിയെ വിലയ്ക്കെടുക്കുന്ന കാര്യം ശാന്തിഭൂഷണ്‍ ചര്‍ച്ചചെയ്യുന്നതായാണ് സിഡിയില്‍. ജഡ്ജിക്ക് നാലുകോടി നല്‍കാന്‍ ശാന്തിഭൂഷണ്‍ പറയുന്നു. ഇതേ ശാന്തിഭൂഷണാണ് സുപ്രീം കോടതിയില്‍ അഴിമതിക്കാരുടെ ആറാട്ടാണെന്നും അങ്ങനെ പറഞ്ഞതിന് മാപ്പുപറയുന്നതിനുപകരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അല്‍പ്പനാള്‍ മുമ്പ് വിളിച്ചുപറഞ്ഞത്.

ഈ സിഡി വ്യാജമാണെന്ന് പ്രശാന്ത്ഭൂഷണും ഒറിജനല്‍തന്നെയെന്ന് മറ്റുപലരുംപറയുന്നു. ഇനി ഭൂഷപിതാവും ഭൂഷപുത്രനുമാണ് തെളിയിക്കേണ്ടത്. ആരോപണം ആര്‍ക്കെതിരെയാണോ അവര്‍ നിരപരാധത്വം തെളിയിക്കണമെന്നാണല്ലോ പുതിയ അഴിമതിവിരുദ്ധ പോരാട്ട ന്യായം. എന്തോ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പെന്നോ അറുപത്തിയഞ്ചു ലക്ഷത്തിന്റെ കാറുവാങ്ങിയെന്നോ വേറെയുമുണ്ട് വക്കീലന്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍. ഇനി ചില വക്കീലന്‍മാരാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്നുണ്ടോ? കറുത്ത ഗൌണിനുള്ളിലെ വിശുദ്ധി ജഡ്ജിക്കും വക്കീലിനും ഒരുപോലെ വേണ്ടേ? അതും ചര്‍ച്ചചെയ്യട്ടെ നമ്മുടെ നീതിപതികള്‍.

*
നാലുതൂണും ഇങ്ങനെ ആയാല്‍ എന്തുചെയ്യുമെന്നാണ് നാം ജനങ്ങള്‍ ചിന്തിക്കേണ്ടത്. ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നു എന്ന് റൌഫും പറഞ്ഞു, ശാന്തിഭൂഷണും പറഞ്ഞു, സുധാകരനും പറഞ്ഞു. കേസുകള്‍ പണംകൊടുത്ത് തീര്‍പ്പാക്കാനാകുമ്പോള്‍ ജുഡീഷ്യറി എന്ന തൂണിന്റെ ഗതി അധോഗതിതന്നെ. എക്സിക്യൂട്ടിവ് എന്ന തൂണാണെങ്കില്‍ 2ജി സ്പെക്ട്രം വലുപ്പത്തിലുള്ള അഴിമതിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. നിയമനിര്‍മാണസഭയില്‍ തെരഞ്ഞെടുക്കപ്പെടാന്‍ വോട്ടര്‍മാര്‍ക്ക് പണം, ജയിച്ചുകയറിയാല്‍ കാലുമാറാന്‍ പണം. തെരഞ്ഞെടുപ്പുതന്നെ അഴിമതിയാണ്. ഇനി നാലാംതൂണിന്റെ കാര്യമോ? നിങ്ങള്‍ക്ക് അനുകൂലമായോ നിങ്ങളുടെ ശത്രുവിന് പ്രതികൂലമായോ വാര്‍ത്ത എഴുതിക്കൊടുക്കപ്പെടും- പണം റൊക്കം കിട്ടിയാല്‍ മതി. അഴിമതിവിരുദ്ധ പോരാട്ടനായകന്‍ ശാന്തിഭൂഷണ്‍ തന്നെ ജുഡീഷ്യറിയെ വിലപറഞ്ഞു വില്‍ക്കാന്‍ നടക്കുന്ന നാണക്കേടാണെന്നുവരുമ്പോള്‍ ആരെയാണ് വിശ്വസിക്കേണ്ടത്. ജനാധിപത്യം അതിന്റെ ഏറ്റവും മോശമായ വഴിയിലൂടെ കടന്നുപോകുന്നു. അതിന് സല്യൂട്ടടിക്കാന്‍ ശതമന്യു ഇല്ല.

Sunday, April 10, 2011

ഇങ്ങനെ പിഴുതെറിയണം

കേരളത്തില്‍ ഒരുകാര്യവും നന്നായി പോകുന്നില്ല എന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. അതുതന്നെയാണ് യുഡിഎഫിന്റെ പ്രശ്നവും. ഒരുകാര്യവും ശരിയായി നടക്കുന്നില്ല. എവിടെത്തിരിഞ്ഞാലും ആരോപണങ്ങള്‍. ജയിക്കുമെന്ന് കരുതി തുടങ്ങിവച്ച തെരഞ്ഞെടുപ്പുപ്രചാരണം ഇപ്പോള്‍ സാമാന്യം നന്നായൊന്ന് തോറ്റുകിട്ടിയാലും മതി എന്ന മട്ടില്‍. ആളില്ലായ്മയാണ് പ്രധാന പ്രശ്നം. സര്‍വേക്കാര്‍ ഉന്തിയിട്ടും ഫലിക്കുന്നില്ല. മനോരമ സഹായിച്ചുസഹായിച്ച് ഉമ്മന്‍ചാണ്ടി തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ്.
രാഹുല്‍ജിയുടെ ചെരുപ്പില്‍ ആണികയറിയ പടത്തിന് മനോരമ അടിക്കുറിപ്പ് കൊടുത്തു, 'ഇങ്ങനെ പിഴുതെറിയണം' എന്ന്. എല്‍ഡിഎഫിനെ പിഴുതെറിയണം എന്നാണ് അച്ചായന്‍ ഉദ്ദേശിച്ചതെങ്കിലും എറിയപ്പെടുന്നത് കോണ്‍ഗ്രസാണെന്ന് തോന്നുന്നു. ചെന്നിത്തല ചെല്ലുന്നിടത്തെല്ലാം കുഴപ്പം. പണം പെട്ടിക്കണക്കിന് വരുന്നു, പാതിയും പോകുന്നത് പെട്ടിയിലേക്ക്. ഒടുവില്‍ കേന്ദ്രത്തിന്റെ ഐബി റിപ്പോര്‍ട്ട് പറയുന്നു, ജയിക്കും പക്ഷേ അത് എല്‍ഡിഎഫാണെന്ന്. ആന്റണിക്ക് ജയിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. അതുകൊണ്ടാണ് പഴയ കര്‍ഷക ആത്മഹത്യയും മറ്റും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടിയും മനസ്സില്‍ കാണുന്നുണ്ട്-അഥവാ ജയിച്ചുപോയാല്‍ മണ്ണും ചാരി നിന്നവന്‍ ചെന്നിത്തലയാകുമോ എന്ന്. അതാണല്ലോ അനുഭവം. അതുകൊണ്ട് വലിയ ആവേശമൊന്നും വേണ്ട; മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് പുതിയ പ്രവചനം. ജനങ്ങള്‍ എങ്ങനെയാണ് പിഴുതെറിയുക എന്ന ഒരാധി എല്ലാവരുടെയും മനസ്സിലുണ്ട്. മനോരമയ്ക്ക് മനോനില തെറ്റിയാല്‍ മറിഞ്ഞുവീഴുന്നതാണ് മലയാളത്തിന്റെ മനസ്സെന്ന് കരുതുന്നവര്‍ക്കും ശേഖരിക്കേണ്ടിവരും ഒരു കുപ്പി വിഷം.

*
ഞായറാഴ്ച തലസ്ഥാനത്ത് കേട്ടു മല്യാലത്തില്‍ ഒരു രോദനം. 'രാഹുല്‍ജി കസേരയില്‍ ആളില്ലാതെ കാണരുത്. ആളില്ലാത്തതുകൊണ്ട് പരിപാടി വൈകരുത്.....' മന്ത്രിസ്ഥാനം രാജിവച്ച എംപിയുടെ നിലവിളിയായതുകൊണ്ടാകണംകസേരകള്‍ക്ക് കുലുക്കമില്ല.

'ഭാവിഭാരതത്തിന്റെ വാഗ്ദാന'ത്തിന് ഞായറാഴ്ച പൊതുയോഗം പൂജപ്പുര മൈതാനിയില്‍. രാവിലെ പത്തിന് തുടങ്ങാനിരുന്നതാണ്. ഒന്‍പതേമുക്കാലായപ്പോള്‍ മൈതാനിയില്‍ എസ്പിജിക്കാരും രാഹുല്‍ജി എടുത്ത് ഉമ്മവയ്ക്കാന്‍ പോകുന്ന കുട്ടിയുടെ ജാതകമന്വേഷിക്കാനെത്തിയ മാധ്യമശിങ്കങ്ങളും മാത്രം. വേദിയില്‍ ശശി തരൂരും തലേക്കുന്നില്‍ ബഷീറും പിന്നെ കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ മൈക്ക് ഭക്ഷിക്കുന്ന പതിവുകാരും. 'ജനലക്ഷങ്ങളെ' ഉച്ചഭാഷിണിയിലൂടെ ക്ഷണിച്ചുകൊണ്ടിരുന്നു. ആരും കയറിയില്ല. സമയം പത്തായപ്പോഴാണ് തരൂരിന്റെ രോദനം.

എല്ലാറ്റിനും പകരക്കാരനായ തലേക്കുന്നില്‍ ബഷീറിന്റേതായിഅടുത്ത ഊഴം." ദയവായി സ്റ്റേഡിയത്തിന് പുറത്തുള്ള ജനങ്ങളെ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടു വരണം. പുറത്തുള്ള ജനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല, അതുപോലെയാണോ നമ്മള്‍, എല്ലാവരും പുറത്തുപോയി ജനങ്ങളെ കൂട്ടി വരൂ. പരിപാടിയുടെ വിജയത്തിന് അല്‍പ്പം ത്യാഗം സഹിക്കണം. അകത്ത് വന്ന് കസേരയില്‍ ഇരുന്നാല്‍ തൊപ്പിയും കുടിക്കാന്‍ വെള്ളവും തരും.'' ഒരു താല്‍ക്കാലിക കെപിസിസി പ്രസിഡന്റിന് ഇത്രയൊക്കെയേ പറയാനാവൂ.

സമയം 10.20. ഏതാനും പേര്‍ വന്ന് കസേരയിലിരുന്നു. ആക്ടിങ് പ്രസിഡന്റിന്റെ അനൌസ്മെന്റ് വീണ്ടും. "രാജീവ്ജി ഉടന്‍ എത്തും. (ആളെത്താത്ത ടെന്‍ഷനില്‍ പേരുമാറിപ്പോയി) അതുവരെ യുഡിഎഫ് ജില്ലാ കവീനര്‍ മോഹന്‍കുമാര്‍ സംസാരിക്കും. പിന്നിലുണ്ടെങ്കില്‍ മോഹന്‍കുമാര്‍ സ്റ്റേജിലേക്ക് വരണം.'' എബടെ? കാത്തുകാത്തിരുന്നിട്ടും മോഹന്‍കുമാര്‍ വന്നില്ല. അല്ലെങ്കിലും താന്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പിന് മോഹന്‍കുമാര്‍ എന്തിന് വിയര്‍ക്കണം.

സമയം 10.40. മോഹന്‍കുമാര്‍ വരാഞ്ഞപ്പോള്‍ പകരക്കാരനുണ്ടായി-ശശി തരൂര്‍. കേള്‍വിക്കാരില്ലാത്തിനാല്‍ തരൂരിന് പ്രസംഗം വന്നില്ല.

11.10: അതാ രക്ഷകനെത്തി. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തലേക്കുന്നില്‍ നെടുവീര്‍പ്പിട്ട് മുരളിയെ ക്ഷണിച്ചു. കുറെക്കാലമായി മൈക്ക് കിട്ടാത്ത ക്ഷീണത്തിലായ മുരളിക്ക് ആവേശം പോരാ. ഒഴിഞ്ഞ കസേരകള്‍ക്ക് കുലുക്കമില്ല. അഞ്ച് മിനിറ്റ് കൊണ്ട് മുരളി അവസാനിപ്പിച്ചു. വള്ളംകളിയുടെ ദൃക്സാക്ഷിവിവരണം പോലെ മൈക്ക് വീണ്ടും തരൂരിന്. പതിനഞ്ചുമിനിറ്റ് ഊന്നിയിട്ടും വള്ളം നീങ്ങുന്നില്ല. പതിനൊന്നരയ്ക്ക് അതാ വരുന്നു നേതാവ്. മൈതാനത്തിന് തൊട്ടടുത്തുള്ള ലാറ്റക്സിന്റെ ഗസ്റ് ഹൌസില്‍ അതുവരെ രാഹുല്‍ജി വിശ്രമിക്കുകയായിരുന്നു. ജനം ഉണ്ടെങ്കിലേ പ്രസംഗിക്കൂ എന്ന് ഇന്നത്തെ വാശി. ഒരുമണിക്കൂറുകൊണ്ട് എങ്ങനെയൊക്കെയോ കുറെപ്പേരെ മൈതാനിയില്‍ കയറ്റിവിട്ടു. എന്നിട്ടും നിരത്തിയ കസേരകളില്‍ പത്തിലൊന്നും അനാഥം.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നാണ്. ആളില്ലാത്തതിന് യുവരാജാവിന് പള്ളിക്കലി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട മോഹന്‍കുമാറിന് പരിഭാഷകന്റെ വേഷം. ഒന്നാംതരം പരിഭാഷയായിരുന്നു-'അതായത് രാഹുല്‍ജി ഉദ്ദേശിച്ചത്...........' എന്ന ശൈലിയില്‍. എന്തുകാര്യം. പ്രസംഗം മോഹന്‍കുമാര്‍ തെറ്റിച്ചെന്ന് ശകാരമായി. ആദ്യം സീറ്റും ഇപ്പോള്‍ അഭിമാനവുംപോയ മോഹന്‍കുമാര്‍ തലകുനിച്ചു; പകരം തരൂരിന് പരിഭാഷാ ചുമതല. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയതും യുവരാജന്‍തന്നെ. കൂട്ടത്തില്‍ ജി കാര്‍ത്തികേയന്‍മാത്രം വന്നില്ല. അരുവിക്കരയില്‍ ജയിക്കേണ്ടെന്നാകും.

*
ആള്‍ക്കൂട്ടമില്ലെങ്കിലെന്ത്. യുഡിഎഫിന് വോട്ടുകിട്ടിയില്ലെങ്കിലെന്ത്. ചില ഹോട്ടലുകളുടെ പരസ്യം ഗംഭീരമായി വരുന്നുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് ദില്ലിവാലാ നേതാക്കളെക്കൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഹോട്ടലുകാര്‍ തൃപ്തരാണ്. തങ്ങളുടെ വിഭവങ്ങള്‍ക്ക് രണ്ട് ബ്രാന്‍ഡ് അംബാസഡര്‍മാരെ കിട്ടി എന്നതാണവരുടെ സന്തോഷം-സോണിയ മാഡത്തെയും മകനെയും. വോട്ട് ചോദിക്കാനോ അതോ, ഹോട്ടലുകളിലും ചായക്കടകളിലും കയറിയിറങ്ങി കേരളീയ ഭക്ഷണത്തിന്റെ രുചി അറിയാനോ വന്നതെന്നാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ സംശയം. മാഡം കോഴിക്കോട്ട് ഹെലികോപ്റ്റര്‍ ഇറങ്ങിയ ഉടനെ അന്വേഷിച്ചത് മകന്‍ പാതിരാത്രിക്ക് കയറിച്ചെന്ന് ഭക്ഷണം കഴിച്ച ഹോട്ടലിനെക്കുറിച്ചാണത്രെ.

'മാഡം ഇറങ്ങിയപ്പോള്‍ ആകെ കഫ്യൂഷന്‍, ഉടന്‍ ചെന്നിത്തല എം കെ രാഘവന്‍ എംപിയെ വിളിച്ചു. അല്‍പ്പം കഴിയുമ്പോള്‍ ഭക്ഷണം എത്തി. ഹോട്ടലുടമയുടെ ഭാര്യയാണ് ഭക്ഷണം കൊണ്ടുവന്നത്. ഉടന്‍ ഭാര്യയുടെ നേരെ എസ്പിജിക്കാര്‍ കണ്ണുരുട്ടി. എസ്പിജിക്കാര്‍ ഭക്ഷണം രുചിച്ചുനോക്കി. ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പായപ്പോള്‍ ഗ്രീന്‍ സിഗ്നല്‍. വീണ്ടും കണ്‍ഫ്യൂഷന്‍, വിഭവങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. ഏത് കഴിക്കും? ചെന്നിത്തല കണ്‍ഫ്യൂഷന്‍ തീര്‍ത്തു. "സോണിയാജി, ട്രൈ ബിരിയാണി''. കണ്‍ഫ്യൂഷന്‍ തീര്‍ന്നു, ബിരിയാണി രുചിച്ചുനോക്കി, ബൌളില്‍ കൈ കഴുകി....' ഇത്രയും എഴുതി പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനം നടത്തിയത് മനോരമയാണ്. അവരിപ്പോള്‍ അങ്ങനെയാണ്. മൂന്നു ദിവസം അണ്ണ ഹസാരെ പുറത്തും ലതിക സുഭാഷ് അകത്തുമായിരുന്നു മനോരമയ്ക്ക്. ഡല്‍ഹിയില്‍ അഴിമതിക്കെതിരെ കടന്നല്‍കൂടു പൊട്ടിയപോലെ ജനങ്ങള്‍ ഇളകിയെത്തുമ്പോള്‍ ഇവിടെ ലതിക സുഭാഷിന്റെ പ്രശസ്തി ഏതുവരെ എന്ന കോട്ടയം ഗവേഷണം.

മാതാവിന്റെയും പുത്രന്റെയും വെള്ളത്താടിയുള്ള പരിശുദ്ധാത്മാവിന്റെയും പ്രസംഗംകൊണ്ട് യുഡിഎഫിന് ഗുണമുണ്ടായില്ലെങ്കിലും കോഴിക്കോട്ടെ ഹോട്ടലുകാരനും തിരുവനന്തപുരത്ത് പുത്രദര്‍ശന സൌഭാഗ്യം ലഭിച്ച ഭോജനാലയക്കാരനും ലാഭംതന്നെ ലാഭം. മനോരമയുടെ 'അനുഗ്രഹം' സിദ്ധിച്ച ലതിക സുഭാഷിനാകട്ടെ കഷ്ടാല്‍ കഷ്ടം. വി എസ് പറഞ്ഞതില്‍ തെറ്റും കുറ്റവുമില്ലെന്നാണ് ഇലക്ഷന്‍ കമീഷന്‍ തീര്‍പ്പാക്കിയത്. അപ്പോള്‍ എവിടെയാണ് കുറ്റം? വി എസിന്റെ വാക്കുകള്‍ വ്യാഖ്യാനിച്ചതില്‍. അതിനാരാണ് ഉത്തരവാദി? മലയാള മനോരമ പത്രവും ചാനലും. ചെന്നിത്തലയുടെ പറ്റുപടിക്കാരനായ ഐഎന്‍ടിയുസിക്കാരന്‍ പത്രക്കാരന്റെ വേഷത്തില്‍ ചെന്ന് വി എസിനോട് കുത്തിക്കുത്തിച്ചോദിച്ച് വാങ്ങിയ ഉത്തരമാണ് വിവാദമായത്. സാഹചര്യത്തെളിവുകള്‍ വളരെ മോശമാണ്. ചെന്നിത്തല കുടുങ്ങും. പാവം വനിതാ സ്ഥാനാര്‍ഥി. വി എസില്‍ കുറ്റം ചാര്‍ത്താന്‍ മനോരമ എടുത്തിട്ടലക്കിയത് അവരുടെ മാനം. ഉമ്മന്‍ചാണ്ടി നേരിട്ടു വിളിച്ച് വിലക്കിയതുകൊണ്ടത്രെ, ആ വിവാദം ആഘോഷിക്കുന്നതില്‍നിന്ന് മനോരമ പൊടുന്നനെ പിന്‍മാറിയത്. എന്നാലും മൂന്നു ദിവസം ഉണ്ടാക്കിയ ബഹളവും ചെലവാക്കിയ കടലാസും മഷിയും വനിതാ സ്ഥാനാര്‍ഥിയുടെ മാനവും എങ്ങനെ തിരിച്ചുകിട്ടും?

പ്രസംഗത്തിന് ഗുണവും മണവുമൊന്നുമില്ലെങ്കിലും ഭക്ഷണത്തില്‍ അത് വേണമെന്ന് നിര്‍ബന്ധമില്ലാത്തവരുമുണ്ട്.

"മത്സ്യമടക്കം കേരളീയ ഭക്ഷണത്തിന്റെ വൈവിധ്യമത്രയും പ്രധാനമന്ത്രിക്കുവേണ്ടി സജ്ജമായിരുന്നുì ചിന്നക്കട റസ്റ്ഹൌസില്‍. പക്ഷേ, മിതഭക്ഷണം മതിയെന്നായി മന്‍മോഹന്‍. തക്കാളിസൂപ്പില്‍ തുടങ്ങി തനിക്ക് സുപരിചിതമായ ചപ്പാത്തിയും സബ്ജിയും കഴിച്ച് ഉച്ചഭക്ഷണം അവസാനിപ്പിച്ച അദ്ദേഹം ഞാലിപ്പൂവന്‍ പഴത്തിലൂടെ കേരളീയരുചിയും നുണഞ്ഞു.''

ഇതാണ് മാധ്യമ വിവരണം. പാവം. അവിടെയും അങ്ങനെത്തന്നെ.

*

ലതിക സുഭാഷിന് കെട്ടിവയ്ക്കാന്‍ പണം നല്‍കിയില്ലെന്ന് കിളിരൂര്‍ പെണ്‍‌കുട്ടിയുടെ അച്ഛന്‍ പറഞ്ഞതിനു പിറകെ, നെന്മാറയില്‍ എം വി രാഘവന് കെട്ടിവയ്ക്കാന്‍ പണം നല്‍കിയെന്ന വാര്‍ത്തയ്ക്കും നിഷേധം. ചിലപ്പോള്‍ ഇത്തരം നിഷേധ പ്രസ്താവനകളും ഗുണംചെയ്യും-രാഘവന്‍ എന്നൊരു സ്ഥാനാര്‍ഥി ഉണ്ടെന്ന് നാലുപേര്‍ അറിഞ്ഞുവല്ലോ.

Sunday, April 3, 2011

പെയ്ഡ് സര്‍വേയും

അസമില്‍ ന്യൂസ് ലൈവ് എന്ന ചാനല്‍ പെയ്ഡ് ന്യൂസിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അടച്ചുപൂട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിയുംവരെ ഇനി മിണ്ടരുതെന്നാണ് കല്‍പ്പന. അവിടത്തെ ആരോഗ്യമന്ത്രി ഹേമന്ദ ബിശ്വശര്‍മയുടെ സ്വന്തം ഭാര്യ മാനേജിങ് ഡയറക്ടറായ ചാനലാണ്. സോണിയഗാന്ധി ഇന്ത്യയെ രക്ഷിക്കാന്‍ അവതാരമെടുത്ത ദുര്‍ഗാദേവി, രാഹുല്‍ജി സര്‍വസങ്കടനിഗ്രഹകന്‍ എന്നൊക്കെയുള്ള വാര്‍ത്തകളും പരിപാടികളുമാണ് അതില്‍ വന്നിരുന്നത്. അതു പണം വാങ്ങിയുള്ള വാര്‍ത്തകളാണ്; ചട്ടലംഘനമാണെന്ന് പ്രതിപക്ഷം പരാതി കൊടുത്തു. കമീഷന്‍ അന്വേഷിച്ച് നടപടിയെടുക്കുകയും ചെയ്തു. അത്തരമൊരു സംഭവമെങ്ങാനും കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മനുഷ്യന് മനംമടുപ്പില്ലാതെ കിടന്നുറങ്ങാമായിരുന്നു.

ഇവിടെ ഇപ്പോള്‍ സര്‍വേ ബഹളമാണ്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലടിക്കുന്ന; മാണിയെ മൂലയ്ക്കിരുത്തുമെന്നു ശപഥം ചെയ്ത ലീഗ് ഉള്‍പ്പെടുന്ന ഒരു മുന്നണിക്ക് സ്വന്തമായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലെന്നത് പച്ചപ്പരമാര്‍ഥം. വീക്ഷണം പത്രത്തില്‍ അപ്പുക്കുട്ടന്‍ എഴുതിയാലും അമ്മിക്കുട്ടി എഴുതിയാലും നാട്ടുകാര്‍ കാണില്ല. ജയ്ഹിന്ദ് ചാനലില്‍ സീറ്റുപോയ ഹസന്റെ ദീനരോദനങ്ങള്‍ക്കുപോലും മാര്‍ക്കറ്റില്ല. അതിന്റെയെല്ലാം കുറവുതീര്‍ക്കാന്‍ നിരന്നു നില്‍പ്പുണ്ട് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്... അങ്ങനെ. ഇക്കൂട്ടര്‍ യുഡിഎഫിനുവേണ്ടി കൊടുക്കുകയും ചമയ്ക്കുകയും ചെയ്യുന്ന വാര്‍ത്തകളുടെ അളവ് എടുത്തുനോക്കൂ. അതിന്റെ പരസ്യനിരക്ക് കണക്കാക്കിയാല്‍, വീരേന്ദ്രകുമാറിനും എം വി രാഘവനും ഗൌരിയമ്മയ്ക്കും സ്വന്തമായി ഹെലികോപ്റ്ററുകള്‍ വാങ്ങിയാലും ബാക്കിയുണ്ടാകും പണം.
യുഡിഎഫ് വെറുതെ നിന്നുകൊടുത്താല്‍ മതി. പറയാനൊന്നും കിട്ടുന്നില്ലെങ്കില്‍ ഒരു സര്‍വേ എങ്കിലും കൊണ്ടുകൊടുക്കണമെന്ന് മര്‍ഡോക്കിന്റെയും രാജീവ് ചന്ദ്രശേഖരന്റെയും അരുമസന്താനമായ ഏഷ്യാനെറ്റിന് നിര്‍ബന്ധമുണ്ട്. കഷ്ടപ്പെട്ട് സര്‍വേ സംഘടിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് ഞങ്ങള്‍ എല്‍ഡിഎഫിനെ ജയിപ്പിക്കുമെന്നാണ്. ആടിനെ വിലയ്ക്കുവാങ്ങി മേക്കപ്പ് ചെയ്ത് ശ്വാനപ്രദര്‍ശനത്തിനു കൊണ്ടുപോയി സമ്മാനം വാങ്ങാന്‍ വിരുതുള്ള ചാനലാണ്. എസ് കത്തിപോലെ മൂര്‍ച്ചയുള്ളത്. സര്‍വേ ഫലം എല്‍ഡിഎഫിന് അനുകൂലമെങ്കില്‍, ജയിക്കുക യുഡിഎഫാണെന്നു പറയാന്‍ പിന്നെ മടിക്കേണ്ടതുണ്ടോ. എന്തിനും ബൌദ്ധിക വിശകലനം നല്‍കാന്‍ താടിയുള്ളതും ഇല്ലാത്തുമായ കുമാര-കുമാരിമാര്‍ ഉണ്ടാകുമ്പോള്‍ അവതരണം കാണുന്നവരുടെ മനസ്സിലും ലഡുപൊട്ടും.

ഗവണ്‍മെന്റ് എങ്ങനെ?
മെച്ചപ്പെട്ടത്
ഗവണ്‍മെന്റിനെതിരെ വികാരമുണ്ടോ?
ഇല്ലേയില്ല
ആരാണ് മികച്ച മുഖ്യമന്ത്രി?
വി എസ് അച്യുതാനന്ദന്‍
ആര്‍ക്കാണ് വോട്ടുചെയ്യുക?
എല്‍ഡിഎഫിന്
ആരാണ് ജയിക്കുക?
യുഡിഎഫ്.

ഇതായിരുന്നു ആദ്യത്തെ സര്‍വേയുടെ രീതി. യുഡിഎഫിന് നേരിയ മുന്‍തൂക്കമെന്ന് പ്രവചനം.

രണ്ടാം ഘട്ടമായി കുറച്ചുകൂടെ പഴുത്ത സര്‍വേ വന്നു. അതില്‍ യഥാര്‍ഥ ഫലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിച്ചു പറയുന്നുണ്ടുപോല്‍ ഉത്തരേന്ത്യന്‍ ഗോസായിമാര്‍. അതങ്ങനെത്തന്നെ കൊടുത്താല്‍ യുഡിഎഫിന്റെ കൂനിന്‍മേല്‍ കുരുപൊട്ടും. അതുകൊണ്ട് ചെറിയ ഒരു അഡീഷണാലിറ്റി. യഥാര്‍ഥ സര്‍വേക്കൊപ്പം ഒരു ജാതിക്കണക്കു കൂടി ചേര്‍ത്തു. ഇന്ന ജാതിയില്‍ ഇത്രപേര്‍ യുഡിഎഫിന്; ഇത്രപേര്‍ എല്‍ഡിഎഫിന് എന്നൊരു പുത്തന്‍ കണക്ക്. ജാതിതിരിച്ചുള്ള ശതമാനമെല്ലാം കൂട്ടിനോക്കുമ്പോള്‍ യുഡിഎഫ് 140 സീറ്റിലും ജയിക്കേണ്ടിവരും. അങ്ങനെ കേരളത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് വക ജാതിയും മതവും തിരിച്ച് വോട്ടുകണക്കു വന്നു. ഒറ്റനോട്ടത്തില്‍ അറിയാം വമ്പന്‍ തട്ടിപ്പ്.

സര്‍വേ ഉണ്ടാക്കി യുഡിഎഫിനെ സേവിക്കുന്നത് പെയ്ഡ് ന്യൂസ് അല്ലേ സര്‍? ആരാണ് ബില്ലടയ്ക്കുന്നത് എന്നേ അറിയാനുള്ളൂ. യുഡിഎഫോ രാജയോ മണികുമാര്‍ സുബ്ബയോ അതോ വാഷിങ്ടണില്‍നിന്നു നേരിട്ടോ? ഇതൊന്നും കാണാതെ രണ്ടു രൂപയുടെ അരിയില്‍ മണ്ണുവാരിയിടുന്ന ഇലക്ഷന്‍ കമീഷന് സ്തോത്രം. സ്തോത്രം...

*
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എടാട്ട് എ കെ ആന്റണിക്ക് പ്രസംഗിക്കാനായി തയ്യാറാക്കിയ പന്തലിന്റെ തുണി രാത്രിയുടെ മറവില്‍ ഏതോ സാമൂഹ്യവിരുദ്ധന്‍(ര്‍) ബ്ളേഡുവച്ച് വലിച്ചു. സിപിഐ എം അക്രമം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിക്കുന്നു. ആന്റണിയുടെ വേദി മാര്‍ക്സിസ്റുകാര്‍ ആക്രമിച്ചു തകര്‍ത്തെന്നു പ്രചാരണം. അത് നിമിഷം വൈകാതെ വാര്‍ത്താ ചാനലുകള്‍ ഏറ്റെടുക്കുന്നു. എന്താണ് വിഷയമെന്ന് അന്വേഷിച്ചു ചെന്നവര്‍ അറിഞ്ഞത് മറ്റൊരു കഥയാണ്. അവിടെ മഹാത്മാമന്ദിരം എന്ന പേരിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ആന്റണിക്ക് നിര്‍വഹിക്കാനുള്ളത്. ആ കെട്ടിടത്തിന് പണം പിരിച്ച വകയില്‍ കോണ്‍ഗ്രസിനകത്ത് കടുത്ത തര്‍ക്കം. പണം മുക്കിയെന്ന് ഒരു കൂട്ടര്‍. അഴിമതിക്കാര്‍ പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റണിയെക്കൊണ്ട് നിര്‍വഹിപ്പിക്കില്ലെന്ന് വെല്ലുവിളി; പോസ്റര്‍ പ്രചാരണം. അതിന്റെയെല്ലാം അവസാനമായാണ് ബ്ളേഡ് പ്രയോഗം. അത് എടാട്ടുകാര്‍ക്ക് മാത്രമല്ലേ അറിയൂ. ഒറ്റയടിക്ക് കഥ മാര്‍ക്സിസ്റക്രമമാക്കാന്‍ കോണ്‍ഗ്രസിനും മടിയുണ്ടായില്ല; മാധ്യമങ്ങള്‍ക്കും മടിയുണ്ടായില്ല.

മന്ത്രി സി ദിവാകരന്‍ വോട്ടറുടെ കരണത്തടിച്ചെന്നാണ് ഒരുകഥ. ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന്‍ കൈയേറ്റം ചെയ്തെന്ന് മറ്റൊരു കഥ. എല്‍ഡിഎഫുകാരെല്ലാം അക്രമികള്‍; അതുകൊണ്ട് യുഡിഎഫിന് വോട്ടുചെയ്യൂ എന്നാണ് മനോരമ പറയുന്നത്. മന്ത്രി മാത്രമല്ല; പതിറ്റാണ്ടുകളുടെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള സീനിയര്‍ തൊഴിലാളി നേതാവുമാണ് സി ദിവാകരന്‍. അങ്ങനെയൊരാള്‍ റെയില്‍വേ സ്റേഷനില്‍ വച്ച് ഒരു വോട്ടറുടെ കരണത്തടിച്ചെന്നു പറയാന്‍ യുഡിഎഫിന് മടിയുണ്ടായില്ലെന്നത് അവരുടെ രാഷ്ട്രീയം. മാധ്യമങ്ങളോ? തല്ലുകൊണ്ടെന്നു പറഞ്ഞ ആളെ മാത്രം വിശ്വസിച്ച് അവര്‍ ദിവാകരനെതിരെയും എല്‍ഡിഎഫിനെതിരെയും ആക്രോശിച്ചു. ദിവാകരന്റെ വിശദീകരണത്തിന് അവര്‍ ചെവികൊടുത്തതേയില്ല.

രംഗങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകന്‍ ഇഗ്നേഷ്യസ് പെരേര മാര്‍ച്ച് 31നു 'കരുനാഗപ്പള്ളി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്മേല്‍ ഉയരുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടില്‍ എഴുതിയ വാര്‍ത്ത എല്ലാ വ്യാജപ്രചാരണങ്ങളെയും തകര്‍ത്തുകളഞ്ഞു. "മന്ത്രിയുടെ സ്റേഷന്‍ സന്ദര്‍ശനസമയത്ത് ഈ ലേഖകന്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. മന്ത്രി റെയില്‍വേ സ്റേഷന്‍ പരിസരത്തു നിന്നു പുറത്തിറങ്ങി എട്ടു മണിയോടെ വാഹനത്തില്‍ കയറുംവരെ സ്റേഷനില്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രി പോയശേഷം രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ബഹളമുണ്ടായി. മന്ത്രിയെയും എല്‍ഡിഎഫിനെയും പരിഹസിച്ചു സംസാരിച്ച സുധാകരനെ ഒരാള്‍ കൈയേറ്റം ചെയ്തതാണ് കാരണം. പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവമെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരനെ കൈയേറ്റം ചെയ്ത ആള്‍ ആരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. തൊടിയൂര്‍ സ്വദേശിയായ സുനിലാണ് അത്. സംഭവശേഷം സുധാകരന്‍ സ്റേഷന്‍മാസ്ററെ സമീപിക്കുകയും തന്നെ ഒരാള്‍ കൈയേറ്റം ചെയ്തതായി പരാതിപ്പെടുകയും ചെയ്തു. അപ്പോള്‍ മന്ത്രിയുടെ പേര് സൂചിപ്പിച്ചില്ല.''-ഇതാണ് ഹിന്ദു പത്രം എഴുതിയത്. അതോടെ ദിവാകരനെതിരെ വാളെടുത്തവര്‍ മുങ്ങി. പക്ഷേ, കോണ്‍ഗ്രസിന്റെ കോമരങ്ങള്‍ മൈക്കു കെട്ടി മാത്രമല്ല, രാവിലത്തെ നടപ്പില്‍പോലും വാളെടുത്ത് തുള്ളുന്നു. അടിക്കഥ വിളമ്പുന്നു.

ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ ലേഖകന്‍ പൊലീസിനു കൊടുത്ത പരാതിയില്‍ പറഞ്ഞത് അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തെന്നാണ്. തല്ലിയില്ല; തല്ലാന്‍ നോക്കിയതേയുള്ളൂ എന്ന്. നല്ല തല്ലു കൊടുക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെ. ഇന്ത്യാവിഷന്‍ ലേഖകരെ നാട്ടിലാകെ ലീഗുകാര്‍ കെട്ടിയിട്ടും ഓടിച്ചിട്ടും തല്ലുകയാണ്. പെയ്ഡ് വാര്‍ത്തകളെക്കുറിച്ചു പറയുന്നവരെ ചാനലുകാര്‍ ചാണകം എറിഞ്ഞു നാറ്റിക്കുകയാണ്. അതിലൊന്നുമില്ലാത്ത പ്രതിഷേധം കൊള്ളാത്ത തല്ലിന്. വയലാര്‍ ശരത്ചന്ദ്രവര്‍മയെ 'ആക്രമിച്ച'തിനെതിരെയും ഒരു പ്രതിഷേധാതിസാരം കണ്ടു-എവിടെ, എപ്പോള്‍, ആര് ആക്രമിച്ചു? ആആആആആ!!! കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ പ്രതിഷേധത്തിന് എത്രയാണാവോ വില.

*
കോഴിക്കോട് മുതലക്കുളം മൈതാനിയിലെ ഒരു പൊതുയോഗം, ഒരു 'സോഷ്യലിസ്റ്' ഉച്ചഭാഷിണിക്കു മുന്നില്‍ നിന്ന് ആത്മരോഷം പ്രകടിപ്പിക്കുകയാണ്.

'എന്റെ മകന്‍ എന്നോട് ചോദിക്കുന്നു, അച്ഛാ അച്ഛനും ഒരച്ഛനല്ലേ അച്ഛാ. ആ കരുണാകരനെ കണ്ടുപഠിക്കൂ. കളിപ്പാട്ടം പോലെയല്ലേ കരുണാകരന്‍ മകന് രാഷ്ട്രീയത്തില്‍ സ്ഥാനം കൊടുക്കുന്നത്. പക്ഷേ, ഞാന്‍ എന്റെ മകനോട് പറഞ്ഞു. മോനെ രാഷ്ട്രീയം വേറെ കുടുംബം വേറെ...'.

ഇത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ രംഗം. പിന്നെ ആ അച്ഛനും 'ഒരച്ഛ'നായി. സ്വന്തം മകന് പ്ളാന്റര്‍ പണിക്കൊപ്പം കളിക്കാന്‍ ഒരു എംഎല്‍എ ബിരുദം തരപ്പെടുത്തി. പിന്നെയും പുളിയാര്‍ മലയില്‍ മഴ പെയ്തു. അച്ഛനു വയസ്സായി; വയ്യാതായി. മകന് കളിക്കാന്‍ ഒരു മന്ത്രിക്കസേരയെങ്കിലും വേണമെന്നായി. കൂടെയുള്ളവരെയെല്ലാം തള്ളിക്കളഞ്ഞാലും പുത്രന്റെ ആശയെ കൈവിടാമോ? കഴിഞ്ഞദിവസം പേരൂര്‍ക്കടയില്‍ ഒരു പ്രസംഗം കേട്ടു: "കേരള രാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് മുരളി.'' പണ്ട് മുതലക്കുളത്തെ പുളകമണിയിച്ച അതേ അച്ഛന്റെ ശബ്ദംതന്നെ.

ചിലര്‍ അങ്ങനെയാണത്രേ. അഴകുള്ളവരെ കാണുമ്പോള്‍ വല്ലാതെ ബഹുമാനിക്കും. കാര്യം അച്ഛനൊക്കെയാണെങ്കിലും കല്‍പ്പറ്റയിലേക്ക് പ്രവേശനമില്ല. ജനങ്ങളുടെ വെറുപ്പ് മൊത്തമായി വാങ്ങേണ്ടതുണ്ടോ എന്നാണ് സ്ഥാനാര്‍ഥിയുടെ ചിന്ത. വടകരയിലേക്കും പോകാന്‍ പറ്റില്ല. സീറ്റിന്റെ പേരില്‍ കോഴിക്കോട് ജില്ലയിലെ പാര്‍ടിയെ തിന്ന തള്ളപ്പൂച്ച എന്നാണ് മനയത്ത് ചന്ദ്രന്‍ പറയുന്നത്. പാലക്കാട്ടേക്ക് പോയാല്‍ പൂച്ചയെ കൃഷ്ണന്‍കുട്ടി വിഴുങ്ങും. ഒറ്റ നേതാവിനെയും ആ പരിസരത്ത് കണ്ടുപോകരുതെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ശാസന. പ്രസംഗിക്കാന്‍ മുട്ടുമ്പോള്‍ വട്ടിയൂര്‍ക്കാവിലും വേങ്ങരയിലുമെങ്കിലും ചെല്ലണമല്ലോ. ഒരച്ഛന്റെ ദുഃഖം!!