Monday, January 31, 2011

ഓര്‍മകളുടെ കൂട്ടായ്മ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജയിച്ചു മിന്നിച്ച് അടുത്ത ഭരണം ഇതാ കിട്ടി, പഴയപോലെ അര്‍മാദിക്കാം, എല്ലാം വെള്ളിത്തളികയിലാക്കി ഇങ്ങുവരും എന്ന് നിനച്ചഹങ്കരിച്ചിരിക്കുമ്പോഴും വിപരീത ബുദ്ധി തോന്നാം. അങ്ങനെ വന്ന ഒന്നാണ് 'ഒറിജിനല്‍' കുഞ്ഞാക്ക എന്ന മുസ്ളിം ലീഗ് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ പരവേശ ബുദ്ധി. തനിക്കെതിരെ ആരാണ്ടൊക്കെയോ എന്തൊക്കെയോ കൊണ്ടുവരാന്‍ പോകുന്നു, കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തി പോകും എന്ന് പേടിച്ചാണ് കുഞ്ഞാക്ക ഒരുമുഴം മുമ്പേ എറിഞ്ഞത്. ഒരു സി ഡി വരുന്നു എന്നും അതു വ്യാജനാണെന്നും തന്നെക്കൊല്ലാന്‍ ആളുവരുന്നു എന്നും ബ്ളാക്ക് മെയില്‍ ചെയ്യുന്നു എന്നും പത്രക്കാരെ വിളിച്ചുകൂട്ടി വെളിച്ചപ്പെട്ടത് അത്തരമൊരു ഏറായിരുന്നു. ബോംബ് തയ്യാറാക്കിയവര്‍ ആര് പൊട്ടിക്കും എപ്പോള്‍ പൊട്ടിക്കും എന്നെല്ലാം സന്ദേഹിച്ച് നില്‍ക്കുമ്പോള്‍ സ്വന്തം പുരയിലെ ബോംബുശേഖരത്തിലേക്ക് പന്തം കത്തിച്ചെറിഞ്ഞു പാണ്ടിക്കടവന്‍ കുഞ്ഞാലിക്കുട്ടി. അങ്ങനെയൊരു ഏറ് വന്നില്ലായിരുന്നുവെങ്കില്‍ സംഗതി പൊട്ടിത്തെറിക്കാന്‍ അല്‍പ്പകാലംകൂടി ഭൂമി മലയാളത്തിന് കാത്തിരിക്കേണ്ടിവന്നേനെ. വരാനുള്ളത് വഴിയില്‍ തങ്ങാതെ സംക്രാന്തി എക്സ്പ്രസായി നേരയിങ്ങ് വന്നു ഇപ്പോള്‍.

മോചനയാത്ര തലസ്ഥാനംപൂകുമ്പോള്‍ വി എസ് സര്‍ക്കാരിന്റെ അന്ത്യയാത്ര ആരംഭിക്കുമെന്നാണ് കാസര്‍കോട്ടെ ഉപ്പളയില്‍ ചെന്നിത്തല എന്ന പ്രമുഖ ജ്യോതിഷി പ്രവചിച്ചിരുന്നത്. മോചനയാത്ര പാതിവഴിയിലേ എത്തിയുള്ളൂ- അപ്പോഴെക്കും അന്ത്യയാത്ര തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെയല്ല എന്നുമാത്രം.

ഉമ്മന്‍ചാണ്ടിയുടെ യാത്ര ഹരിയാനയില്‍നിന്ന് വരുന്ന ലോറിപോലെയാണ്. ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയിടും. വണ്ടിക്കടിയില്‍ അടുപ്പുകൂട്ടി ചപ്പാത്തി ചുട്ട് തിന്നും. പകല്‍ ഓട്ടമില്ല. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് ആലപ്പുഴയിലെത്തിയപ്പോള്‍ യാത്രികന് വിറയലും പനിയും. വല്യ വല്യ ആളുകള്‍ അങ്ങനെയാണ്. പ്രത്യേക സന്ദര്‍ഭങ്ങളിലാണ് പനിയും വയറ്റിളക്കവും പിടിപെടുക. യുഡിഎഫിന്റെ ജാഥയാണെന്നാണ് വെപ്പ്. യുഡിഎഫില്‍ എന്തേ യാത്ര നയിക്കാന്‍ മറ്റു നേതാക്കളില്ലേ? മറ്റാരെയും ഏല്‍പ്പിക്കാം- ചെന്നിത്തല ഒഴിവായിക്കിട്ടിയാല്‍ മതി എന്ന് ജാഥാനേതാവിന് തോന്നുന്നതില്‍ തെറ്റില്ല. ആ ഒട്ടകം ജാഥയില്‍ കയറിയാല്‍ ഒട്ടക ജാഥയാകും. പിന്നെ അതിന്റെ പ്രയാണം മാവേലിക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ആകും. അതോടെ പുതുപ്പള്ളി ഫാസ്റ്റ് കട്ടപ്പുറത്താകും. യാത്രാനേതൃത്വം മുന്നണിയിലെ രണ്ടാമനെ ഏല്‍പ്പിക്കാമെന്നും പറയാനാകില്ല. യഥാര്‍ഥ രണ്ടാമന്‍ ഇപ്പോള്‍ ഒന്നാമന്‍ തന്നെയാണ്- പല പല സംഗതികളിലും. തലയില്‍ മുണ്ടിടാതെ യാത്രയില്‍ കയറാനാവില്ല. അങ്ങനെ മോചനയാത്രയില്‍നിന്ന് അകാലത്തില്‍ ജനങ്ങള്‍ക്ക് മോചനമായി. ഇനി പഞ്ചറായ ടയറും കൊണ്ട് ഉരുട്ടിയുരുട്ടി തിരുവനന്തപുരത്ത് എത്തണമെന്നേയുള്ളൂ. മലപ്പുറത്ത് പോകാനേ പരിപാടിയില്ല. ഒരുകണക്കിന് ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുഞ്ഞാക്ക ഉപ്പളയില്‍ ചെല്ലാഞ്ഞത് എന്നും സംശയിക്കണം.

നല്ലകുട്ടിക്ക് കഷ്ടകാലം വന്നാല്‍ കഷ്ടകാലക്കുട്ടി എന്ന് ആരും വിളിക്കില്ല. പണ്ട് ഇങ്ങനെയൊരു ഗതികിട്ടാക്കാലം വന്നപ്പോള്‍ യുഡിഎഫിലെ എല്ലാവരും സഹായിച്ചതാണ്. മാണിസാര്‍ കാറില്‍ കയറ്റി ധ്യാനം കൂടാന്‍ കൊണ്ടുപോയതും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിച്ചതുമൊന്നും ആരും മറന്നിട്ടില്ല. അന്ന് മാണിസാറിന് മൂന്നാമന്‍ എന്ന പേരേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഔസേപ്പും മാണിയും ജോര്‍ജും ചേര്‍ന്ന മുക്കൂട്ടുപാര്‍ടി ഒന്നാമനോ രണ്ടാമനോ എന്ന സംശയമേ ഉള്ളൂ. ഏണിയില്‍ കയറിയ ഐസ്ക്രീം കക്ഷിക്ക് ഇനി എണീറ്റുനില്‍ക്കാനാകുമോ എന്നാണത്രെ മാണിസാറിന്റെ ചോദ്യം. ഏതുകുറ്റവും കണ്ടുപിടിക്കുന്നത് ആര്‍ക്ക് നേട്ടമുണ്ടായി എന്ന് നോക്കിയാണ്. പാലാ വഴിക്ക് ഒന്നു പോകുന്നതിലും തെറ്റില്ല. കെ സി പീറ്റര്‍ പണത്തിന്റെ കണക്കു മാത്രമേ പറഞ്ഞിട്ടുള്ളൂ- പാലാ കണക്ഷന്‍ മിണ്ടിയിട്ടില്ല.

*
സ്നേഹസമ്പന്നരെ തിരഞ്ഞ് കൂടാരത്തില്‍ കയറിയ വീര(ാ)ന്‍ കുട്ടി എന്തുപറയുന്നു എന്നും നോക്കണം. പുള്ളിക്കാരന് സ്നേഹത്തിന്റെ അളവ് പോര എന്നു തോന്നിയപ്പോഴാണ് പള്ളിവാതില്‍ തള്ളിത്തുറന്ന് സ്നേഹാലയത്തിന്റെ അന്തഃപുരത്തിലേക്ക് പ്രവേശിച്ചത്. നല്ല മാന്‍മാര്‍ക്ക് സ്നേഹമാണിവിടെ. ഐസ്ക്രീം നുണയാം, സത്യവാങ്മൂലം എഴുതിക്കളിക്കാം, ജാഥ നിര്‍ത്തിയും നടത്തിയും കളിയാടാം. അബ്ദുള്ളക്കുട്ടി പറഞ്ഞപോലെ അവിടെയുണ്ടോ എന്തിനെങ്കിലും പഞ്ഞം. ഇനിയുള്ള നാളുകളില്‍ വിഷയദാരിദ്ര്യവുമുണ്ടാകില്ല. വിശദീകരിക്കാന്‍ കടലുപോലെ കിടക്കുകയല്ലേ വിഷയങ്ങള്‍. കുഞ്ഞാക്ക ഇത്ര ബല്യപുള്ളിയായതിന്റെ രഹസ്യം ഇപ്പഴാണ് പിടികിട്ടിയത്. റൌഫിനെപ്പോലെ ഒന്നിന്റെ കൂട്ടുണ്ടെങ്കില്‍ ഏത് കുഞ്ഞിക്കയും വല്യ ഇക്കയാകും. ഒറ്റ ദിവസംകൊണ്ടാണ് പത്ത് കുഞ്ഞാക്ക സമം ഒരു റൌഫ് എന്ന് തെളിയിച്ചുകളഞ്ഞത്. അനവസരത്തില്‍ ദുര്‍ബുദ്ധിതോന്നി പത്രക്കാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്ന കുഞ്ഞാക്ക ആദ്യം പതറി- പിന്നെ ഇടറി. ഗ്യാപ്പില്‍ ആഞ്ഞടിച്ചുകയറിയ റൌഫിക്ക പണ്ടത്തെ ബാണം പോലെ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് എന്ന കണക്കാണ് കസറിയത്. മൂന്നുദിവസമായി പുള്ളിക്കാരന്റെ ഇരിപ്പും കിടപ്പും കാപ്പികുടിയുമെല്ലാം ചാനലുകളിലാണത്രെ. ഒന്നു പരുവപ്പെടുത്തിയാല്‍ വീരന്റെ പാര്‍ടിയില്‍ ചേര്‍ക്കാവുന്നതാണ്. അല്‍പ്പം ബുദ്ധി കൂടിപ്പോയാലും പ്രശ്നമില്ലല്ലോ.

മുനീര്‍ സായ്‌വിന്റെ കാര്യമാണ് കഷ്ടാല്‍ കഷ്ടം. ഒന്നുകില്‍ ചാനല്‍ വിടുക, അല്ലെങ്കില്‍ ചാനലിന്റെ ബാലെ കളി നിര്‍ത്തുക, അതുമല്ലെങ്കില്‍ കുഞ്ഞാക്കയുടെ പാര്‍ടിയില്‍നിന്ന് ഇറങ്ങിപ്പോയ്ക്കൊള്‍ക എന്നത്രെ അന്ത്യശാസനം. അത്യാവശ്യം മെനയും മൊഞ്ചുമൊക്കെയുള്ള മുനീര്‍സായ്വിനെ അവിടെയും വേണ്ട; എവിടെയും വേണ്ട. മലപ്പുറത്ത് കയറ്റില്ലെന്ന് കുഞ്ഞാക്ക ആദ്യം പ്രഖ്യാപിച്ചു. എങ്കില്‍ അങ്ങനെ പ്രഖ്യാപിച്ചവനെ കേരളത്തിലേക്കുതന്നെ കടത്തില്ലെന്ന് ഒരു ദുര്‍ബലനിമിഷത്തില്‍ ശപഥം ചെയ്തുപോയതാണ്. അതിനാണോ പടച്ചോനേ ഇക്കണ്ട ശിക്ഷയെല്ലാം. -

*
ഒറ്റ ചാട്ടംകൂടി ചാടിയാല്‍ ക്ളിഫ് ഹൌസിലെത്തുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നംകണ്ടിരുന്നു. ആ ചാട്ടം പിഴച്ചുപോയി. പിഴപ്പിച്ചു എന്ന് പറയുന്നതാകും ശരി. ചെന്നിത്തലയുടെ മുഖത്ത് അല്‍പ്പം സന്തോഷമൊക്കെ കാണുന്നുണ്ട്. അല്ലെങ്കിലും മുന്നില്‍നടക്കുന്നവന്‍ തെന്നിവീണാല്‍ നമുക്ക് ചിരി വരാറുണ്ടല്ലോ. അതിനെ കുബുദ്ധി എന്നൊന്നും പറയാനാവില്ല. കുബുദ്ധി വേറെയാണ്. കുഞ്ഞാലിക്കുട്ടി ഗട്ടറില്‍ വീണ് കൈകാലിട്ടടിക്കുകയും യുഡിഎഫ് തലകുനിച്ച് നില്‍ക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ ഇറങ്ങിയത് പണ്ടുപണ്ട് കുഞ്ഞാലിക്കുട്ടിയെ മാര്‍ക്സിസ്റ്റുകാര്‍ രക്ഷിച്ചിട്ടില്ലേ എന്ന ചോദ്യവുമായാണ്. രണ്ടായിരത്തി നാലില്‍ റജീന വന്നപ്പോള്‍ പണംകൊടുത്തതും വീടുവച്ചതും ഒതുക്കിയതുമായ കഥ റൌഫ് പറഞ്ഞപ്പോള്‍ പലര്‍ക്കും നൊന്തു. മാന്യന്മാരായ മാര്‍ക്സിസ്റ്റുകാര്‍ ഈ നാറിയ കഥ കണ്ടാല്‍ മിണ്ടില്ല എന്നാണ് അണ്ണന്മാര്‍ കരുതിയത്. മാന്യത കാണിച്ചാല്‍ മന്താണെന്ന് വിളിക്കുന്നവരുടെ കൂട്ടമാണ്. യുഡിഎഫിന്റെ രണ്ടാംകക്ഷി നേതാവ് വ്യക്തിപരമായി മാത്രമല്ല, ആ പാര്‍ടിയും മുന്നണിയാകെയും നാറി നാനാവിധമായി നില്‍ക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ മാന്യത കരുതി മിണ്ടാതിരിക്കുമെന്ന് കരുതിപ്പോയവരെ എവിടെ ചികിത്സിക്കും? മറ്റുള്ളവരുടെ മാന്യതയും മര്യാദയും ഒരു സൌകര്യമായി എടുക്കുന്നവര്‍ നിരാശയുടെ പടുകുഴിയിലേക്ക് പ്രവേശിക്കട്ടെ- അവര്‍ക്ക് ഗുഡ്‌ബൈ.

കുഞ്ഞാലിക്കുട്ടിക്കെതിരായ 'ധര്‍മസമര'ത്തില്‍ വീരേന്ദ്രകുമാര്‍, ക്രൈം നന്ദകുമാര്‍ തുടങ്ങിയ കിടിലന്‍ പേരുകള്‍ മുമ്പ് ഉയര്‍ന്നുകേട്ടിരുന്നു. ഞായറാഴ്ച നാട്ടിലെ മറ്റെല്ലാപത്രങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി പണ്ട് പെണ്ണുങ്ങളുടെ മൊഴി തിരുത്തിയതും യുഡിഎഫ് പുള്ളിക്കാരനെ താങ്ങാന്‍ തീരുമാനിച്ചതും മുഖ്യവാര്‍ത്തയായപ്പോള്‍ വീരഭൂമിയില്‍ അത് ഒന്‍പതാംപേജില്‍ ചരമഗതി പൂകി. സത്യവമേ ജയതേ എന്നാല്‍ തനിക്ക് രസിക്കാത്ത സത്യങ്ങള്‍ വിജയകരമായി മുക്കിക്കളയുക എന്നാണ് പുളിയാര്‍മലയിലെ അര്‍ഥം. ഇവിടെ തനിക്കുമാത്രമല്ല, കുഞ്ഞാക്കയ്ക്ക് അപ്രിയമായ സത്യങ്ങളും മുക്കിക്കളയണം.

കോഴിക്കോട്ടോ വയനാട്ടിലോ ഇനി ഒരു സീറ്റില്‍ മത്സരിച്ചു നോക്കണമെങ്കില്‍ പോലും പിതാവിനും പുത്രനും കുഞ്ഞാക്കയുടെ സക്കാത്തു വേണം. അങ്ങനെയൊരു കനിവ് ദാനമായി കിട്ടാന്‍ തന്റെ പേര് വേണമെങ്കില്‍ റൌഫ് എന്നാക്കും വീര(ാ)ന്‍ കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ അപദാനങ്ങള്‍ മനോഹരമായി പുസ്തകരൂപത്തിലാക്കാന്‍ കെല്‍പ്പുള്ളവര്‍ എം എം പ്രസിന്റെ ഗോഡൌണുകളില്‍ വിശ്രമിക്കുന്നുണ്ട്. അടുത്ത ഹൈമവത ഭൂവില്‍ കയറുംമുമ്പ് അത്തരമൊരമാലനെ മലപ്പുറത്തേക്കയക്കാവുന്നതാണ്. എഴുതട്ടെ മഹച്ചരിതം; ആകട്ടെ അത് ബെസ്റ്റ് സെല്ലര്‍.

പഴയ ധര്‍മകുമാരന്‍മാര്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഇറങ്ങുന്നതു കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോ? 'ഓര്‍മകളുടെ കൂട്ടായ്മ' എന്നാണ് വീരേന്ദ്രകുമാര്‍ റൌഫിന്റെ വെളിപ്പെടുത്തലുകളെ വിശേഷിപ്പിക്കുന്നത്. മറ്റു പല കൂട്ടായ്മകളെപ്പറ്റിയും കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ഇതാദ്യം. ഇങ്ങനെ ചില ഓര്‍മകളുടെ കൂട്ടായ്മ സ്വന്തം മനസ്സിലും കാണുമല്ലോ. കെട്ടുപൊട്ടിച്ചു വിടാന്‍ വീര(ാ)ന്‍കുട്ടി ഒട്ടും മടിക്കരുത്. അല്ലെങ്കില്‍ മറ്റു വല്ല റൌഫും വന്ന് അത് ചെയ്യും.

*
ഇപ്പോള്‍ യുഡിഎഫിലേക്കോ ഉമ്മന്‍ചാണ്ടിയുടെ മുഖത്തേക്കോ നോക്കുമ്പോള്‍ ശതമന്യുവിന് ചങ്ങമ്പുഴപ്പേടി വരുന്നു. ചങ്ങമ്പുഴയാണല്ലോ പണ്ട് ഇത്തരമൊരവസ്ഥയെക്കുറിച്ച് "ക്ഷുദ്ര ജന്തുക്കള്‍തന്‍ കാഴ്ചബംഗ്ളാവതില്‍ എത്തിനോക്കുമ്പോള്‍ അറപ്പുതോന്നും'' എന്ന് പാടിയത്.

അധികാരം കൊയ്യാന്‍ കച്ചമുറുക്കി ഇറങ്ങിപ്പുറപ്പെട്ടവരുടെ മുഖത്തും മനസ്സിലും വിളര്‍ച്ച ബാധിച്ചിരിക്കുന്നു. ഇതാണോ ദൈവമേ മുഞ്ഞബാധ?

Monday, January 24, 2011

ഗ്രേറ്റ് കമാന്‍ഡര്‍

പെട്ടെന്ന് ഊരിപ്പോരാന്‍ പറ്റാത്ത പ്രശ്നത്തിന്റെ ഹിന്ദുത്വനാമമത്രേ യെദ്യൂരപ്പ. പണ്ട് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ കത്തുമായി വാജ്പേയിയെയും കൂട്ടി കൊല്‍ക്കത്തയില്‍ പോയി ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ജനസംഘത്തിന് വിത്തിട്ടപ്പോഴൊന്നും അദ്വാന്‍ജിക്ക് ഇത്ര ടെന്‍ഷനുണ്ടായിരുന്നില്ല. അന്നും എന്നും ഇടപെട്ട പ്രശ്നങ്ങളില്‍നിന്ന് തടികേടാകാതെ ഊരിപ്പോരാനുള്ള തണ്ടും തടിമിടുക്കും അദ്വാന്‍ജിക്കുണ്ടായിരുന്നു. വ്യത്യസ്തമായ പാര്‍ടിയായി ഭരണം നയിച്ചപ്പോഴൊന്നും കോണ്‍ഗ്രസുകാര്‍ കേള്‍പ്പിച്ചതിന്റെയത്ര അഴിമതിയാരോപണം അദ്വാനി കേള്‍പ്പിച്ചിട്ടില്ല; വാജ്പേയിജി കേട്ടിട്ടുമില്ല- വന്നതെല്ലാം സൂത്രത്തില്‍ ഒതുക്കിയിട്ടേയുള്ളൂ.

കക്കാന്‍മാത്രമല്ല ഞേലാനും അറിയാം വ്യത്യസ്തമായ പാര്‍ടിക്ക്. ശവപ്പെട്ടിയും പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സിയും സ്വന്തം അക്കൌണ്ടിലുണ്ടെങ്കിലും കാവിപ്പാര്‍ടിയെ അഴിമതിപ്പാര്‍ടിയെന്ന് വിളിക്കാന്‍ പാടില്ല. പണ്ടൊരു പ്രസിഡന്റ് പണം എണ്ണി വാങ്ങുന്നതിന്റെ പടംപിടിച്ച് 'തെഹല്‍ക' പുറത്തുവിട്ടു. ബംഗാരു ലക്ഷ്മണന്‍ എന്ന ആ പ്രസിഡന്റ് ഇപ്പോള്‍ എവിടെയുണ്ടോ എന്തോ. അങ്ങേരുടെ പേരിലുള്ള ക്രിമിനല്‍കേസിന്റെ കാര്യം എന്തരോ എന്തോ. തെഹല്‍കയെ ഏതായാലും വിടാന്‍ പാടില്ല. അതുകൊണ്ടാകണം, മഅ്ദനിക്കഥ പൊളിച്ച് വാര്‍ത്തയെഴുതിയ വനിതാലേഖികയെ ജയിലിലടക്കാന്‍ യെദ്യൂരപ്പയുടെ പൊലീസ് പരക്കംപായുന്നത്. അവരും ഭീകര തെഹല്‍ക പ്രവര്‍ത്തകയാണല്ലോ. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കുള്ള ഫ്ളാറ്റാണ് കോണ്‍ഗ്രസ് മുക്കിയതെങ്കില്‍ ആ മലനിരകളില്‍ പൊരുതി മരിച്ച ഇന്ത്യന്‍ ഭടന്മാരെ കൊണ്ടുവരാനുള്ള ശവപ്പെട്ടിക്കച്ചവടത്തിലാണ് വ്യത്യസ്ത പാര്‍ടി വ്യത്യസ്ത കൊള്ള നടത്തിയത്. അഴിമതിക്കഥ സിഎജി പുറത്തുകൊണ്ടുവന്നപ്പോഴാണ്, ജോര്‍ജ് ഫെര്‍ണാണ്ടസിനെ അദ്വാന്‍ജിയും വാജ്പേയിജിയും കൈവിട്ടതും പിന്നെ പിന്നാമ്പുറത്തൂടെ വാഴിച്ചതും.

അന്നും ഇമ്മാതിരി ജെപിസി, സിഎജി എന്നെല്ലാമുള്ള അക്ഷരങ്ങള്‍ നാട്ടില്‍ പറന്നുനടന്നിരുന്നു. എന്തിനധികം, പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങി പിടിക്കപ്പെട്ട 11 എംപിമാരില്‍ ഭൂരിപക്ഷം ബിജെപിയാണ് അടിച്ചെടുത്തത്. ഇങ്ങനെയൊക്കെയുള്ള മഹാപ്രസ്ഥാനം കോണ്‍ഗ്രസിനെ നോക്കി അഴിമതിക്കാര്‍ എന്നു പറയുമ്പോള്‍ സത്യമായും ചിരിവരുന്നുണ്ട്. കോണ്‍ഗ്രസ് അഴിമതിയുടെ ഹെഡാഫീസാണെങ്കില്‍ കാവിക്കക്ഷി മൊത്തക്കച്ചവടക്കാരാണ്. അതിന്റെ ഒരു ഏജന്‍സി ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നത് ഒരു കുറ്റമാണോ? യെദ്യൂരപ്പ ആ ഒരു കുറ്റമേ ചെയ്തിട്ടുള്ളൂ. അല്ലറ ചില്ലറ ഭൂമി ബംഗളൂരുവില്‍ വെറുതെ കിടക്കുന്നുണ്ട്. അത് സ്വന്തക്കാര്‍ക്ക് വീതിച്ചുകൊടുത്തത് എങ്ങനെ അധാര്‍മികമാകും?

ചൈനയില്‍ ചെന്ന് ഗഡ്കരി ആജ്ഞാപിച്ചാല്‍ രാജിവയ്ക്കുന്ന ആളൊന്നുമല്ല യെദ്യൂരപ്പ. ശത്രുക്കളെ തുരത്താന്‍ തൂത്തുക്കുടിയില്‍ ചെന്ന് ശത്രുസംഹാര പൂജ നടത്തും. അത് ഫലിച്ചില്ലെങ്കില്‍ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ചെന്ന് സാഷ്ടാംഗം വീണുകളയും. എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ഗുണ്ടല്‍പേട്ടുവഴി വയനാട്ടില്‍ ചെന്ന് ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കും. പിന്നെ ഗൌഡരുടെയും മകന്റെയും കഥ കട്ടപ്പൊകതന്നെ.

തീവെട്ടിക്കൊള്ളക്കാരെ പുണ്യവാളന്മാരും മാന്യന്മാരെ എമ്പോക്കികളുമാക്കുന്ന പ്രത്യേകതരം ചികിത്സ വയനാട്ടിലുണ്ട്. എന്തായാലും ഗഡ്കരി പറഞ്ഞതുകൊണ്ട് യെദ്യൂരപ്പ രാജിവയ്ക്കേണ്ടതില്ല. മുഖ്യമന്ത്രിയായാല്‍ സ്വന്തം അധികാരം ഉപയോഗിച്ച് എന്തും ചെയ്യാമെന്നാണ് അവിടെയൊക്കെ നാട്ടുനടപ്പ്. പാര്‍ടി പ്രസിഡന്റിനെ വിലവയ്ക്കാനേ പാടില്ല. ഇങ്ങോട്ട് വിരട്ടിയാല്‍ അങ്ങോട്ട് ഇരട്ടിവിരട്ടും. രാജിവച്ചില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ബിജെപി വാലുപൊക്കിയാല്‍ യെദ്യൂരപ്പ സമുദായംകൊണ്ടും മാധ്യമങ്ങള്‍ സമ്മാനിച്ച 'ജനപ്രീതി'കൊണ്ടും ആ വാലരിയും. വേണ്ടിവന്നാല്‍ സ്വന്തമായി ഒരു പാര്‍ടിതന്നെ ഉണ്ടാക്കും- യഥാര്‍ഥ ഹിന്ദുത്വ പാര്‍ടി. അതാകും പിന്നെ വ്യത്യസ്തമായ പാര്‍ടി.

കുഴിയില്‍ വീണ കൊമ്പന്‍ ചില്ലറക്കാരനല്ല. എല്ലാവരും ചേര്‍ന്ന് വലിച്ച് കരയ്ക്കുകയറ്റിയാല്‍ ബിജെപിക്ക് നന്ന്. അതല്ലെങ്കില്‍ 'ജനപ്രീതി'കൊണ്ട് പാര്‍ടിയെ തകര്‍ത്തുകളയും. വലിയ ബന്ദും പ്രകടനവുമൊക്കെ നടന്നത് ആരും കണ്ടില്ലെന്നുണ്ടോ. വാഴണം ഞാന്‍ വാഴണം; ഞാനില്ലെങ്കില്‍ സകലം താഴണം. എന്ന്വച്ചാല്‍ മുങ്ങിച്ചാകണംന്ന്. എനിക്കുശേഷം പ്രളയമെന്ന്. യെദ്യൂരപ്പ വേണോ പാര്‍ടി വേണോ എന്ന് ഗഡ്കരി ചൈനയില്‍നിന്ന് വരുമ്പോഴെങ്കിലും അദ്വാന്‍ജി തീരുമാനിക്കുമായിരിക്കും. അതല്ലെങ്കില്‍ ഊരിപ്പോരാന്‍ ശ്ശി വിഷമമാകും.

*
ലാസ്റ്റ് ബസ് എപ്പോഴാണെന്ന ചോദ്യത്തിന്, അത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുമെന്ന മറുപടി പ്രശസ്തമാണ്. അതുപോലെ ഇനി 'അപ്രതീക്ഷിത സന്ദര്‍ശനം' എപ്പോള്‍ എന്ന ചോദ്യത്തിന്, ആഴ്ചയിലൊരിക്കല്‍ മനോരമ വായിച്ചാല്‍ മതി എന്ന ഉത്തരം ചേരും. ശ്രീ പ്രധാനസചിവപദമോഹി അഭിനവഗാന്ധി സോണിയാസുതന്‍ സര്‍ രാഹുല്‍ജി സുല്‍ത്താന്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എമിനന്റ് ഓര്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ കോണ്‍ഗ്രസ് തിരുമനസ്സുകൊണ്ട് എപ്പോള്‍ അപ്രതീക്ഷിത സന്ദര്‍ശനമുണ്ടാകുമെന്ന് എളുപ്പത്തില്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. എപ്പോള്‍ വന്നാലും അത് അപ്രതീക്ഷിതമാകുമെന്നും വാര്‍ത്തയാകുമെന്നും മൂന്നരവട്ടം ഉറപ്പ്.

വില കൂടിയ ഭക്ഷണം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാനാണ് വലിയ കോണ്‍ഗ്രസ് ഉപദേശിച്ചത്. അതുകൊണ്ട് ഇനി നാട്ടുകാര്‍ കാപ്പി, ചിപ്സ്, പഫ്സ്, ലൈം ജ്യൂസ് അഥവാ നിംബുപാനി, ക്രീം ബിസ്കറ്റ് എന്നീ ആഹാരമാണ് ശീലമാക്കേണ്ടത്. തൊട്ടുകൂട്ടാന്‍ അല്‍പ്പം അച്ചാറും ആകാം. ഒരു കടയില്‍ കയറിയാല്‍ ആയിരം രൂപതന്നെ കൊടുക്കണം. മുല്ലപ്പള്ളിക്ക് പെട്ടിയിലാക്കി വന്ന പണത്തിന്റെ പലമടങ്ങ് ഇനി അപ്രതീക്ഷിതമായി വരും. നിയമസഭാ തെരഞ്ഞെടുപ്പ് പണത്തില്‍ മുക്കുമെന്ന് യുവരാജകുമാരന്‍ ആയിരം രൂപ വലിച്ചെറിഞ്ഞ് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു.

ഒന്നേമുക്കാല്‍ലക്ഷം കോടി എന്നൊക്കെ പറയുന്നത് വളരെ ചെറിയ കണക്കാണെന്നേ. അതിന്റെ പലപല മടങ്ങാണ് അങ്ങ് സ്വിസ് ബാങ്കിലുള്ളതത്രേ. 1456 ബില്യന്‍ ഡോളര്‍. അത് പിന്നെയും വലുതായി 1891 ബില്യന്‍ ഡോളറായത്രേ. എന്നുവച്ചാല്‍ 1,89,100 കോടി ഡോളര്‍. ഒരുകോടി ഡോളര്‍ 50 കോടി രൂപ. അങ്ങനെ കൂട്ടിയാല്‍ 9,45,50,00,00,00,000 രൂപ. തൊണ്ണൂറ്റിനാലു ലക്ഷത്തി അമ്പത്തയ്യായിരം കോടി രൂപ. ഈ പണമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും വിസ കിട്ടില്ല.

ആരുടെയൊക്കെ പേരിലാണീ പണമെന്ന് ചോദിച്ചുനോക്കൂ- മന്‍മോഹനും മിണ്ടില്ല; മനോരമയും മിണ്ടില്ല. രാഹുലിന് പിന്നെ പണത്തിന്റെ കണക്കൊന്നും സൂക്ഷിക്കാനുള്ള പക്വത വന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നു. രാഹുല്‍ ജനകീയ പരിപ്പുവട തീനിയാകുന്നു. രണ്ടു മക്കളെയും ടെലികോം കമ്പനികളുടെ വക്കീലന്മാരായി വിട്ട വല്യവക്കീല്‍ കപില്‍ സിബലിന് ടെലികോംമന്ത്രിക്കുപ്പായമിടാം. 15 കൊല്ലം സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സേവനം നടത്തിയതിന്റെ റെക്കോഡ് മതി യോഗ്യത. മാര്‍ട്ടിന്റെ വക്കീലന്മാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുമാകാം, കോണ്‍ഗ്രസിന്റെ വക്താവുമാകാം. പിന്നെന്ത്- മനോരമയ്ക്ക് അഴിമതിയുടെ വക്കീലായിക്കൂടേ? കോണ്‍ഗ്രസിനെ സംരക്ഷിച്ചുകൂടേ?

Monday, January 17, 2011

വാസനാ വികൃതി

"മംഗലം കൂടാന്‍ ഞമ്മളുമുണ്ടേ ചങ്ങായീ'' എന്ന പാട്ടുകേട്ടപ്പോള്‍ തലശേരിക്കടുത്ത കുറെ ആശാന്മാര്‍ക്കുമാത്രമേ മനസ്സിലാകൂ എന്നാണ് ശതമന്യു കരുതിയത്. അത് തെറ്റായിപ്പോയി. ശ്രീനിവാസന്റെ മകന്‍ വിനീതമായി പാടിയ ആ പാട്ട് കഴിഞ്ഞ ദിവസം വേമ്പനാട്ടുകായലിലെ ഓളങ്ങള്‍ ഹിന്ദിയില്‍ മൂളുന്നത് കേട്ടു. അങ്ങനെയൊരു പാട്ടുപാടിയാണത്രേ രാജ്യത്തിന്റെ ഭാവിനായകന്‍ യുവരാജകുമാരന്‍ ആലപ്പുഴയിലെത്തിയത്. സ്വന്തം പൊന്നുചങ്ങാതിയുടെ മംഗലം കൂടാന്‍ 'കല്യാണകൌതുകം' ഡല്‍ഹിയില്‍നിന്ന് നെടുമ്പാശേരിലേക്ക് പറന്ന് അവിടെനിന്ന് സില്‍വര്‍ കളര്‍ സഫാരി കാറിലാണ് ആലപ്പുഴയില്‍ വന്നിറങ്ങിയത്.

വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നത് പണ്ട്. ഇപ്പോഴത് സാക്ഷാല്‍ എക്സിമയായാണ് മാറുന്നത്. ചികിത്സിച്ചാലും ചൊറിച്ചില്‍ മാറാത്ത അസുഖം. ശബരിമലയില്‍ മകരവിളക്ക് കാണാനെത്തിയ ഭക്തന്മാരില്‍ നൂറ്റിരണ്ടുപേര്‍ കൂട്ടത്തോടെ മരിച്ചു. വലിയ ഒരപകടം. യാദൃച്ഛികമായി സംഭവിച്ചത്. മനഃസാക്ഷിയുള്ള ആരും ആശ്വാസ വാക്കേ പറയൂ. കാട്ടിന്‍ നടുവില്‍ കൂരിരുട്ടില്‍ തിക്കിലും തിരക്കിലും പെട്ടാല്‍ മരിക്കുകയല്ലാതെ മറ്റൊന്നും നിര്‍വാഹമില്ല. അങ്ങനെ ജീവന്‍ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക; ജീവന്‍ ബാക്കിയുള്ളവര്‍ക്ക് ചികിത്സ നല്‍കുക, അപകടത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കുക, യാത്രാസൌകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് പിന്നെ ചെയ്യാനുള്ളത്. അത് സര്‍ക്കാര്‍ കുറ്റമറ്റ രീതിയില്‍ ചെയ്തു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഓടിയെത്തി. അതൊന്നും പ്രതിപക്ഷത്തിന്റെ പണിയല്ല. അവര്‍ സ്ഥലത്ത് കുതിച്ചെത്തുന്നുണ്ട്. പുല്ലുമേട് ദുരന്തം സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്ന് ചെന്നിത്തല. വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ഉമ്മന്‍ചാണ്ടി. കുറ്റം പറയാനായിട്ട് തന്റെ യാചനായാത്ര നിര്‍ത്തിവച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയത്. തെരഞ്ഞെടുപ്പടുക്കുന്നു. കൊട്ടുകാരും കൊട്ടിക്കലുകാരും നിരന്നുനിന്നിട്ടും വരാത്ത 'ഒരിതാ'ണ് പുല്ലുമേട്ടിലെ കൂട്ടമരണത്തോടെ യുഡിഎഫിന് വീണുകിട്ടിയത്.

പക്ഷേ, അല്‍പ്പസമയത്തേക്കേ അത് നിലനിന്നുള്ളൂ. അതിനിടെ എത്തി 'കല്യാണകൌതുകം.' അയ്യപ്പന്മാര്‍ വേദനയും കണ്ണീരും കടിച്ചമര്‍ത്തുമ്പോള്‍ ആലപ്പുഴയിലെ പുന്നമടക്കായലില്‍ യുവരാജാവിന്റെ ഉല്ലാസച്ചിരിയാണ് മുഴങ്ങിയത്. മൂന്നുതരം പായസം കൂട്ടി സദ്യ ഉച്ചയ്ക്കും പാലപ്പവും കൊഞ്ചും താറാവുകറിയും വൈകിട്ടും. മാതൃഭൂമിയും മനോരമയും രാഹുല്‍ജിയുടെ പുല്ലാങ്കുഴല്‍ ആസ്വാദനം സവിസ്തരം വിളമ്പിയത് സേവകൂടാനാണ്. പുല്ലാങ്കുഴലോ അയ്യപ്പന്മാരുടെ മരണമോ പ്രധാനമെന്ന് ചോദിച്ചാല്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാന്‍ കഴിയില്ല. പിന്നല്ലേ കുഞ്ഞുകുട്ടിയായ രാഹുല്‍. ജാള്യം മൂത്തപ്പോള്‍ വണ്ടിപ്പെരിയാറില്‍ പോകുമെന്നും ആശുപത്രിയിലെങ്കിലും എത്തുമെന്നുമെല്ലാം പറഞ്ഞുനോക്കിയെങ്കിലും രാഹുല്‍ 'കല്യാണം കൂടി, കായല്‍സൌന്ദര്യം നുകര്‍ന്ന്' മടങ്ങി. അപ്പോഴും വണ്ടിപ്പെരിയാറില്‍നിന്ന് എല്ലാ മൃതദേഹവും കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. കേരളത്തെ കുറ്റപ്പെടുത്താനിറങ്ങിയ ഉമ്മന്‍ചാണ്ടി തിരിച്ചുപോയി യാചനായാത്ര വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇനി രാഹുലിനെക്കുറിച്ച് എന്തുപറയുമോ എന്തോ.

*
അതിവിരുതന്മാര്‍ക്ക് എപ്പോഴും ഓര്‍ക്കാനുള്ള പേരാണ് ഷെര്‍ലക് ഹോംസ്. സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ ഷെര്‍ലക് ഹോംസിനെ ആദ്യം മലയാളത്തില്‍ അവതരിപ്പിച്ചത് കേസരിയാണ്. ഒരു തസ്കരവീരന്റെ ജീവിതം പറയുന്ന 'വാസനാവികൃതി' എന്ന കഥയിലൂടെ അങ്ങനെ മലയാളിക്കും ആസ്വദിക്കാനായി അപസര്‍പ്പകകഥ. 'മേനോക്കിയെ കൊന്നതാര്' എന്നൊരപസര്‍പ്പകകഥകൂടി കേസരി പിന്നെ രചിച്ചിട്ടുമുണ്ട്. ഒരു ഭാവനാസമ്പന്നനായ വിരുതന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി എന്ന പത്രത്തിന്റെ അകംപുറത്ത് 'ഇടതുപക്ഷ'മെന്ന പംക്തിയില്‍ ഇങ്ങനെ എഴുതി:

ഷെര്‍ലക്ഹോംസിന്റെ ഓര്‍മക്കുറിപ്പുകളില്‍ ഒരിടത്ത് സ്കോട്ലന്‍ഡ്യാര്‍ഡ് പോലീസിലെ ഇന്‍സ്പെക്ടര്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: "ഏതെങ്കിലും വിഷയം എന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?'' "രാത്രിനേരത്ത് നായ കുരയ്ക്കാതിരുന്ന വിചിത്രമായ കാര്യം''- ഷെര്‍ലക് ഹോംസ്. "രാത്രി നേരത്ത് നായ ഒന്നുംതന്നെ ചെയ്തില്ലല്ലോ''- പോലീസ് ഇന്‍സ്പെക്ടര്‍. "അതുതന്നെയാണ് വിചിത്രമായ സംഭവവും''- ഷെര്‍ലക് ഹോംസ്.

നായ രാത്രിനേരങ്ങളില്‍ ഇല അനങ്ങിയാല്‍പ്പോലും കുരയ്ക്കുമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ് പറയുന്നത്. അങ്ങനെ കുരയ്ക്കാതിരുന്നാല്‍ വിചിത്രമായ സംഭവംതന്നെ. ചില നേരങ്ങളില്‍ ചില മനിതരും അങ്ങനെയാണ്. ഏഷണി, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ മഹദ്കൃത്യങ്ങളില്‍ വ്യാപൃതരായിക്കൊണ്ടേയിരിക്കും. അവര്‍ വിശ്രമിച്ചാലാണ് 'വിചിത്രസംഭവം'.

ഒടുവില്‍ അപ്പുക്കുട്ടന്റെ ഏഷണി വന്നത് ദേശാഭിമാനിക്കെതിരെയാണ്. അത് അങ്ങനെത്തന്നെ വേണം. പൂര്‍വാശ്രമത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരനായിരുന്ന അപ്പുക്കുട്ടനെ മാധ്യമനിരീക്ഷകന്‍ എന്ന പദവിയിലേക്കുയര്‍ത്തിയ സ്ഥാപനത്തെ അങ്ങനെ വെറുതെ വിടാന്‍ പാടില്ലല്ലോ. മറ്റു പലരും കമ്യൂണിസ്റ്റായശേഷമാണ് ദേശാഭിമാനിയില്‍ എത്തിയത്. അപ്പുക്കുട്ടന്‍ ദേശാഭിമാനിയിലെത്തിയശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കാരനായത്. ദേവഗിരി കോളേജിലെ പ്രീഡിഗ്രിക്കാലത്തെ കെ.എസ്.യു വേഷവും പട്ടാളത്തില്‍ ചേരാന്‍ ത്സാന്‍സിയില്‍ പോയകാലത്തെ കോണ്‍ഗ്രസ് രൂപവും മാറാന്‍ ദേശാഭിമാനി ഓണപ്പതിപ്പിന്റെ താല്‍ക്കാലിക പ്രൂഫ് വായനക്കാരനാകേണ്ടിവന്നു അപ്പുക്കുട്ടന്. അതില്‍പ്പിന്നെയാണ് ചുവന്ന കൊടിയോടുള്ള അയിത്തം മാറിയത്. അങ്ങനെ വൈകിവന്ന ബോധോദയത്തിന്റെ കുഴപ്പം അന്നുമുതല്‍ പുറത്തുപോകുംവരെയും പുറത്തുപോയി ഇലയനക്കമില്ലാതെപോലും നിരന്തരം മാര്‍ക്സിസ്റ് പാര്‍ടിയെ നോക്കി ഓരിയിടുമ്പോഴും തെളിഞ്ഞുകാണുന്നുണ്ട്.

കെ ജി ബാലകൃഷ്ണന്‍ വിഷയത്തില്‍ മറ്റു പത്രങ്ങള്‍ വാര്‍ത്തയെഴുതിയപോലെ ദേശാഭിമാനി ഒരുങ്ങിക്കെട്ടി പുറപ്പെടാത്തതിലാണ് അപ്പുക്കുട്ടന്റെ ദുഃഖം. അത് പാര്‍ടി ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പുകൊണ്ടാണുപോലും. ആ വാദം സാധൂകരിക്കാന്‍ ദേശാഭിമാനിയില്‍ ചില സന്ദേശങ്ങള്‍ കൈമാറി എന്നൊക്കെ പറയുന്നുമുണ്ട്്. ഒളിഞ്ഞുനോട്ടം ശീലമാക്കിയവര്‍ക്ക് എവിടെനിന്നായാലും ചിലതൊക്കെ തടഞ്ഞുകിട്ടും. ദേശാഭിമാനിയെയും പ്രസ്ഥാനത്തെയും ഒറ്റിക്കൊടുത്ത് ശത്രുപാളയത്തിലെ അരിവയ്പുകാരനായി മാറിയ അപ്പുക്കുട്ടന് ചിലതൊക്കെ പഴയശീലങ്ങള്‍വച്ച് ഗണിച്ചെടുക്കാനാകും. അങ്ങനെ ഗണിച്ചുണ്ടാക്കിയതാണ് 'സന്ദേശ' കഥ.

കെ ജി ബാലകൃഷ്ണനെതിരെ ദേശാഭിമാനി വാര്‍ത്ത കൊടുക്കാതിരുന്നിട്ടില്ല. മറ്റു ചിലര്‍ ചെയ്തപോലെ ബാലകൃഷ്ണന്‍ വിരുദ്ധ ക്യാമ്പയിനിലേക്ക് പോയിട്ടില്ല എന്നുമാത്രം. അത് പലവട്ടം വിശദീകരിക്കപ്പെട്ടതാണ്. അപ്പുക്കുട്ടന്‍ ഇച്ഛിക്കുന്നതുപോലെ ദേശാഭിമാനിക്ക് എഴുതാനാകില്ല. കെ ജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനാക്കിയ ഒരു കൂട്ടരുണ്ട്- കോണ്‍ഗ്രസുകാര്‍. അവരാണ് 2ജി സ്പെക്ട്രം ഇടപാടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍. അവരോട് എന്തേ അപ്പുക്കുട്ടന് ഒന്നും ചോദിക്കാനില്ലേ? അവിടെയല്ലേ അപ്പുക്കുട്ടാ യഥാര്‍ഥ സെന്‍സര്‍ഷിപ്പ്?

ഇടതുപക്ഷം എന്ന പേരിട്ട് വലതുപക്ഷത്തിനുവേണ്ടിയല്ലാതെ എന്നെങ്കിലും അപ്പുക്കുട്ടന് എഴുതാന്‍ കഴിയുന്ന ഒരു കാലം വരുമായിരിക്കും. അതുവരെ വീരന്‍ കല്‍പ്പിക്കുന്നതുമാത്രം എഴുതുക. ഉപദേശികളെ തല്‍ക്കാലം ദേശാഭിമാനി റിക്രൂട്ട് ചെയ്യുന്നില്ലെന്നാണ് വിവരം. പണ്ടുപറഞ്ഞതും പടയില്‍ തോറ്റതും ആസനത്തിലെ തഴമ്പിന്റെ പഴക്കവും പറഞ്ഞ് ആളെ പേടിപ്പിക്കാന്‍ നോക്കാതെ, സ്വയം ഏതു തറയിലാണ് നില്‍ക്കുന്നതെന്ന് പരിശോധിച്ചെങ്കില്‍ അപ്പുക്കുട്ടന് ഈ വാസനാവികൃതി തോന്നില്ലായിരുന്നു. പഴയൊരു പത്രപ്രവര്‍ത്തകനായ പി രാജന്‍ എറണാകുളത്തുതന്നെയുണ്ട്. രേഖകള്‍ അവിടെ കിട്ടും. എഴുതാമോ സത്യസന്ധമായി? അപ്പോഴറിയും സെന്‍സര്‍ഷിപ്പെന്തെന്ന്.

Sunday, January 9, 2011

നടയടിയും വഴുതനങ്ങയും

പണ്ട് പൊലീസ് സ്റേഷനില്‍ കയറുമ്പോള്‍ നടയടിയുണ്ട്. ഇടതുകാല്‍വച്ച് കയറിപ്പോയാല്‍, 'കഴുവേറീടെ മോനെ, മുടിപ്പിക്കാനായിട്ടാണോടാ' എന്നലറി അടി. വലതുകാല്‍വച്ചാലോ- 'നീയെന്തെടാ അച്ചിവീട്ടില്‍ പൊറുതിക്കു വന്നതോ' എന്നാവും മുരള്‍ച്ച; കൂടെ പൊരിഞ്ഞ അടിയും. ഇടതും വലതും ഓരോന്നായി വേണ്ട, രണ്ടുംപൊക്കി ചാടിനോക്കണം. അപ്പോള്‍ കിട്ടും പരുപരുത്ത അടി. 'എന്തെടാ പൊലീസ് സ്റ്റേഷനില്‍ തുള്ളിക്കളിക്കുന്നോ' എന്നാവും ഏമാന്റെ ചോദ്യം. ഇതിപ്പോള്‍ ഒരു നാട്ടുനടപ്പാണ്. ചില കാര്യങ്ങളില്‍ സിപിഐ എം എന്ന പാര്‍ടി മിണ്ടിയാല്‍ കുറ്റം; മിണ്ടിയില്ലെങ്കില്‍ കുറ്റം; കുറച്ചു മിണ്ടിയാല്‍ കുറ്റം; കൂടുതല്‍ മിണ്ടിയാല്‍ അതിലേറെ കുറ്റം. കുറ്റത്തിന്റെ അളവും തൂക്കവും നിശ്ചയിക്കുന്നത് ഇന്ദ്രനും ചന്ദ്രനും വീരനും കീചകനുമൊക്കെയാണ്.

അഴിമതിക്കാരെന്നു പേരുകേട്ടവരും പേരുകേള്‍പ്പിക്കാതെ അഴിമതി നടത്തിയവരുമായ ജഡ്ജിമാരും രാഷ്ട്രീയക്കാരും പത്രമുതലാളിമാരുമൊക്കെ തെക്കുവടക്കു നടക്കുന്ന നാടാണിത്. പണ്ടൊരു ജഡ്ജി കോളക്കമ്പനിക്കുവേണ്ടി വിധിപറഞ്ഞ് വാഴ്ത്തപ്പെട്ടവനായി. സ്വാശ്രയ കോളേജുകള്‍ക്കുവേണ്ടി വിധിപറഞ്ഞ ജഡ്ജിക്ക് ഉല്ലാസ നൌകയില്‍ സ്വാശ്രയത്വം അനുവദിച്ചുകൊടുത്ത ചരിത്രവുമുണ്ട്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണകള്‍ നടന്നും പറന്നും ചെന്നു ആ ജഡ്ജിയുടെ പിന്നാലെ. അത്തരമൊരാളെ നാടുകടത്തണമെന്നു പറഞ്ഞവര്‍ അധമന്‍മാരായി; അക്രമികളായി. അന്നൊന്നും അഴിമതിയുടെയും അളിഞ്ഞ ജുഡീഷ്യറിയുടെയും കഥകള്‍ക്കുപിന്നാലെ ഒരു ദേവേന്ദ്രനും പോയതുകണ്ടില്ല. ലാവ്ലിന്‍ കേസില്‍ ആദ്യം തെറ്റായി സിഎജി പറഞ്ഞതും പിന്നീട് തിരുത്തിയതുമായ കണക്കാണ് ഇന്നും മാധ്യമ വീരസിംഹങ്ങളുടെ സമരായുധം. ടു ജി സ്പെക്ട്രം കേസില്‍ സിഎജി പറഞ്ഞ കണക്കൊന്നും കണക്കല്ലെന്ന് അതേ മാധ്യമവീരര്‍ തന്നെ പറയുന്നു. ഇവിടത്തെ സിഎജി തങ്കക്കുടവും അവിടത്തേത് ചാണകക്കട്ടയും. അപ്പപ്പോള്‍ തനിക്കു തോന്നുന്നതുമാത്രമല്ല, മുതലാളിയുടെ വീട്ടിലെ വളര്‍ത്തുമൃഗത്തിനുതോന്നുന്നതുവരെ കോതയ്ക്ക് വിശേഷാല്‍ പാട്ടാണ്.

കെ ജി ബാലകൃഷ്ണനെതിരെ സിപിഐ എം വാളെടുത്ത് വെളിച്ചപ്പെടാത്തതാണത്രെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കുറ്റം. അതിന് ഒരു കാരണവും കണ്ടെത്തിക്കളഞ്ഞു-ലാവ്ലിന്‍ കേസില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ സഹായിച്ചുവത്രെ. ലാവ്ലിന്‍ കേസില്‍ ഏതായാലും ചീഫ് ജസ്റ്റിസിന്റെ സഹായം ആവശ്യമുള്ള തീര്‍പ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. ആ കേസിന്റെ വിചാരണ തുടങ്ങിയിട്ടുമില്ല. അങ്ങനെ ചിലത് നടന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ കുറെയാളുകള്‍ ഉറക്കമിളച്ച് പാടുപെട്ടിട്ടുണ്ടെന്നത് ചരിത്രസത്യം.

പിണറായി വിജയന് ഒരുതരത്തിലുള്ള നീതിയും കിട്ടിക്കൂടാ എന്ന് നിര്‍ബന്ധബുദ്ധിയുള്ളവരുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രി എന്ന് വിളിച്ചവരും അഴിമതിയുടെ കറ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉശിരനായ രാഷ്ട്രീയ നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ചവരും ഇന്നെന്തിന് അദ്ദേഹത്തിന്റെ ചോരയ്ക്കായി ദാഹിക്കുന്നു എന്ന് വാചാലമൌനക്കാര്‍തന്നെ പറയട്ടെ. തമിഴ്നാട്ടിലെ വ്യവസായവല്‍ക്കരണത്തെക്കുറിച്ച് പ്രസംഗിച്ചാല്‍, കയറുമെടുത്ത് ഗുജറാത്തിലേക്ക് പാഞ്ഞുചെന്ന് വാര്‍ത്തയെഴുതുന്നവരുടെ കൈയിലിരിപ്പും മനസിലിരിപ്പും അതിനൊപ്പം ചില്ലിട്ടുവയ്ക്കേണ്ടതാണ്.

ജഡ്ജിയല്ല, ദൈവംതമ്പുരാന്‍ നടത്തിയാലും അഴിമതി അഴിമതിതന്നെ.അഴിമതി നടത്തിയവരെ പിടിച്ചുകെട്ടാന്‍ ആരെക്കാളും മുന്നില്‍ മാര്‍ക്സിസ്റ്റുകാരുമുണ്ടാകും. കോണ്‍ഗ്രസ് പാര്‍ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ അഴിമതിക്കഥകള്‍ അങ്ങോട്ടുമിങ്ങോട്ടും വാരിയെറിയുമ്പോള്‍ അതിലൊരു പക്ഷത്ത് മാര്‍ക്സിസ്റ്റുകാരെ പ്രതിഷ്ഠിക്കണമെന്നു പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല. ശ്രീനിജന്‍ കോണ്‍ഗ്രസ്, ഭാസ്കരന്‍ കോണ്‍ഗ്രസ്; ജസ്റിസ് ബാലകൃഷ്ണനെ മനുഷ്യാവകാശ കമീഷന്റെ തലപ്പത്തിരുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍. കുട്ടപ്പന് സീറ്റുകിട്ടാന്‍ ശ്രീനിജനെതിരെ വെടിപൊട്ടി. അതിനൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ടി ആചാരവെടി പൊട്ടിക്കാത്തതാണത്രെ കുറ്റം. തെളിവുവരട്ടെ, എന്നിട്ട് പ്രതികരിക്കാം എന്ന മാന്യതയൊന്നും ഇവിടെ നടപ്പില്ല. ഏതോ ഒരു കോണ്‍ഗ്രസുകാരന്‍ അയച്ച കടലാസിന്റെ മേല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ അതും കുറ്റമായി-അത്തരം അന്വേഷണംകൊണ്ട് കാര്യമില്ലപോലും. എങ്കില്‍ ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കാത്തതെന്ത് എന്ന് ചോദിച്ചേക്കരുത്-പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് വരും.

*
ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതി അഴിമതിയേ അല്ലത്രെ. എന്തിന് ജെപിസി അന്വേഷണം; വേണമെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കട്ടെ എന്നാണ് വെല്ലുവിളി. അത് നല്ല കാര്യം. രൂഭാ ഒന്നേമുക്കാല്‍ ലക്ഷം കോടി കൈയിലുള്ളപ്പോള്‍ അതില്‍ ഒരു നുറോനൂറ്റമ്പതോ കോടികൊടുത്താല്‍ എത്ര എംപിമാരെയും ചാക്കില്‍ കയറ്റാം. അങ്ങനെ ചാക്കില്‍ കയറാന്‍ പോവുകയും നല്ല തല്ലുപേടിച്ച് തല്‍ക്കാലം കയറാതിരിക്കുകയുംചെയ്ത കുട്ടിമാരെ ഈ കേരളത്തില്‍തന്നെ കണ്ടതാണല്ലോ. അതിനെക്കുറിച്ചൊന്നും എഴുതാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഒരു മുത്തുപ്പട്ടര്‍ക്കുമില്ല. അഥവാ ആര്‍ക്കെങ്കിലും മിണ്ടണമെന്നു തോന്നിയാല്‍ വായില്‍ കുത്തിത്തിരുകുന്നത് പത്രക്കടലാസാവില്ല-മുതലാളി വിരചിച്ച് ഗോഡൌണില്‍ കുന്നുകൂട്ടിയ വല്ല സാഹിത്യമഹാഗ്രന്ഥവുമായിരിക്കും.

കലികാലം എന്നതിനുപകരം; ഇപ്പോള്‍ വഴുതനങ്ങാക്കാലമാണ്. പണ്ട് കര്‍ഷകത്തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിച്ച് ട്രാക്ടര്‍ വന്നപ്പോള്‍ കഞ്ഞിയും വേണം; ട്രാക്ടറും വേണം എന്ന് പറഞ്ഞത് കുറ്റമായിരുന്നു. മനുഷ്യരെ പുറത്താക്കൂ-നമുക്ക് കംപ്യൂട്ടര്‍ മതി എന്നാണ് ചിലര്‍ സിദ്ധാന്തിച്ചത്. അത് നടപ്പില്ല-മനുഷ്യന്റെ നിലനില്‍പ്പ് ഉറപ്പാക്കിയിട്ടുമതി കംപ്യൂട്ടറിന്റെ സര്‍വാധിപത്യം എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍, ഇതാ വികസന വിരോധികള്‍ എന്നായി. വയലെല്ലാം നികത്തി തെങ്ങും റബറും മണിമാളികകളും നട്ടപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞു-ഭക്ഷണത്തിന് ബുദ്ധിമുട്ടുമേ എന്ന്. അത് വികസന വിരോധമായി. ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറയുന്നു- നമുക്ക് ശാസ്ത്രത്തിന്റെ ചില നേട്ടങ്ങളൊക്കെ കൃഷിയില്‍ ഉപയോഗിച്ചുകൂടേ എന്ന്. ഇതാ ഇവര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി വിടുപണിചെയ്യുന്നു; ഇവര്‍ വിലക്കെടുക്കപ്പെട്ടിരിക്കുന്നു എന്നാണ് അതിനോടുള്ള പ്രതികരണം.

കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതുകൊണ്ട് കാര്യമൊന്നും നേടാനില്ല. സ്വന്തമായി പറയാന്‍ രാഷ്ട്രീയം വലുതായി ഇല്ലേയില്ല. മാര്‍ക്സിസ്റ്റുകാരെ ഒന്നു കുത്തിയാല്‍ വാര്‍ത്തയാകും. ഒന്നിച്ചിരിക്കുന്നയാളെ മോശക്കാരനാക്കിയാലേ ചിലര്‍ക്ക് സദ്ഗുണസമ്പന്നപ്പട്ടം കിട്ടൂ. അതും അതിജീവനത്തിനുള്ള ഒരു മാര്‍ഗംതന്നെ. വഴുതന ഇന്ത്യയുടെ സ്വന്തമാണ്-അതിന്റെ വൈവിധ്യങ്ങള്‍ ഇവിടെയാണ്. അത്കൊണ്ട് ജനിതക വഴുതന നമുക്ക് വേണ്ട എന്നു പറഞ്ഞതിനെവച്ചാണ് ആഘോഷം. ഒരാള്‍ തടവിനോക്കിയപ്പോള്‍ വഴുതനങ്ങയുടെ തല ഒബാമയുടെ താടിപോലിരിക്കുന്നു. മറ്റൊരാളുടെ കരസ്പര്‍ശത്തില്‍ വഴുതനയ്ക്ക് സര്‍കോസിയുടെ സ്വഭാവമാണ്. ഇനിയൊരു തടവിപ്പിടിത്തത്തില്‍ വഴുതനങ്ങയ്ക്ക് റബറിന്റെ മാര്‍ദവമാണ്. അങ്ങനെ വഴുതനങ്ങയ്ക്ക് കുരുടന്‍മാരുടെ നിര്‍വചനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇന്നാട്ടില്‍ ജൈവവൈവിധ്യമില്ലാത്ത റബറിന്റെ ജനിതകമാറ്റം വരുത്തിയ സന്തതി വന്നാല്‍ നാടിനെന്തു ദോഷം-റബറിനെന്തു ദോഷം എന്ന് ഈ അന്ധശാസ്ത്രജ്ഞര്‍ പറയേണ്ടതല്ലേ?

എതിര്‍ സ്ഥാനാര്‍ഥി അസുഖമന്വേഷിക്കാന്‍ വന്നാല്‍ 'നാടകം വേണ്ട' എന്ന് മുഖത്തടിച്ചു പറയുന്നത് മാന്യതയും അഴിമതിക്കാരെയും തട്ടിപ്പുകാരെയും കൈയേറ്റക്കാരെയും അസത്യപ്രചാരകരെയും മുഖത്തുനോക്കി വിമര്‍ശിക്കുന്നത് ധാര്‍ഷ്ട്യവുമാണത്രെ. മാന്യതയ്ക്കുള്ള ഐഎസ്ഐ മുദ്ര ഏതോ ഒരു കമ്മട്ടത്തില്‍ അച്ചടിക്കുന്നുണ്ട്. എന്തായാലും മാര്‍ക്സിസ്റ്റ് പാര്‍ടിക്കിത് കഷ്ടകാലമാണ്. അല്ലെങ്കില്‍ കഷ്ടത്തിലാക്കുന്ന കാലമാണ്. കോണ്‍ഗ്രസ് കട്ടാല്‍ മാര്‍ക്സിസ്റ്റിനെ പിടിക്കും. വാര്‍ത്തയില്‍ പേരുവരണമെങ്കില്‍ ഒരുകാര്യവുമില്ലാതെ മാര്‍ക്സിസ്റ്റുകാരെ തെറിവിളിക്കും. ചെന്നൈക്കാര്യം പറഞ്ഞാല്‍ സംഗതി ഗുജറാത്തിലെത്തിച്ച് മോഡിയെ വരുത്തും. വഴുതനങ്ങയില്‍ പിടിച്ചാല്‍ റബറുകൊണ്ട് തടുക്കും. വികസനം വേണമെന്ന് പറഞ്ഞാല്‍ മൂരാച്ചിയാക്കും.

ഒരു സെമിനാറില്‍ കേട്ടത്, മനോരമ ഏറ്റവും കൂടുതല്‍ മാര്‍ക്സിസ്റ്റുകാരെ എതിര്‍ത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും ഒന്‍പതു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു എന്നാണ്. അങ്ങനെയാണ് കാര്യമെങ്കില്‍ ആക്രമണം നാനാഭാഗത്തുനിന്നും കൂടുതല്‍ ശക്തിയായിത്തന്നെ നടക്കട്ടെ എന്നേ ശതമന്യുവിന് പറയാനുള്ളൂ.

Monday, January 3, 2011

ക്വട്ടേഷന്‍ സംഘം

ഇംഗ്ളീഷില്‍ 'എസ്' എന്ന് എഴുതിയതുപോലെ വളവുള്ള ഒരു കത്തിയുണ്ട്. കൂത്തുപറമ്പിലെ പി ബാലന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ശരീരത്തില്‍ തുളച്ചുകയറിയ നിലയിലാണ് എസ് കത്തിയെ ശതമന്യു പരിചയപ്പെട്ടത്. സാധാരണ കത്തി അത് കയറുന്ന ഭാഗം മാത്രമാണ് മുറിപ്പെടുത്തുന്നതെങ്കില്‍ എസ് കത്തി ഒരു വൃത്തത്തില്‍ സകലതും നശിപ്പിച്ചുകൊണ്ടാണ് കയറുക. ആര്‍എസ്എസ് കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധമാണത്. കുത്തേറ്റുവീണ കൂത്തുപറമ്പിലെ ബാലനെ രക്ഷിക്കാന്‍ നോക്കിയവര്‍ക്ക് ആ കത്തി വലിച്ചൂരാന്‍ കഴിഞ്ഞില്ല. ചോര വാര്‍ന്ന് ബാലന്‍ മരിച്ചു. പേരില്‍ രണ്ട് 'എസ്' ഉള്ളതുകൊണ്ട് മാത്രമല്ല, 'എസ്' കത്തി ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണ് ആര്‍എസ്എസുകാരെ 'എസുകാര്‍' എന്ന് വിളിക്കുന്നത്.

മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറക്കാരനായ പോളിന്റെ ശരീരത്തില്‍ കുത്തിക്കയറ്റിയത് 'എസ്' കത്തിയായിരുന്നു. അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തി. അക്കാര്യം ഐജി പത്രലേഖകരോട് പറഞ്ഞു. എസ് കത്തി ആര്‍എസ്എസിന്റെ കത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. അന്നത്തെ പൂരം മറക്കാനാവില്ല. ഒരു ചാനലുകാരന്‍ കൊല്ലനെത്തപ്പി പോയി. ചില പത്രക്കാര്‍, പോള്‍ വധത്തിന് മാര്‍ക്സിസ്റ്റ് ബന്ധം കണ്ടെത്താന്‍ മുങ്ങാംകുഴിയിട്ടു. രണ്ട് ഗുണ്ടകള്‍ പോളിന്റെ കൂടെയുണ്ടായിരുന്നു-അവര്‍ക്ക് ഉന്നത ബന്ധമുണ്ടായിരുന്നു-അതുകൊണ്ട് കൊലയില്‍ മന്ത്രിപുത്രനു ബന്ധം എന്നാണ് ചില വേന്ദ്രന്‍മാര്‍ കരഞ്ഞുപറഞ്ഞത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിന് 'പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി' എന്ന ചോദ്യവും കേട്ടു. മിണ്ടിയാലും കുറ്റം; മിണ്ടിയില്ലെങ്കിലും കുറ്റം.

ഇപ്പോഴിതാ മനോരമ പറയുന്നു: "കാരി സതീഷ് ഏറ്റുമുട്ടലിനിടയില്‍ 'എസ്' ആകൃതിയുള്ള കത്തി ഉപയോഗിച്ചു പോളിനെ കുത്തിവീഴ്ത്തിയതായാണ് സിബിഐയുടേയും കണ്ടെത്തല്‍. 'എസ് കത്തി ലോക്കല്‍ പോലീസ് കണ്ടെത്തിയത് കാരി സതീഷിന്റെ വീട്ടില്‍ നിന്നാണെങ്കില്‍ സിബിഐ കത്തി കണ്ടെത്തിയത് കേസിലെ 13-ാം പ്രതി മണ്ണഞ്ചേരി മുഴുപ്പുറത്തുചിറ ഇസ്മായി (55)ലിന്റെ വീടിനു സമീപത്തെ തൊഴുത്തില്‍നിന്നാണ്. കൊലനടത്താന്‍ ഉപയോഗിച്ച കത്തി ജയചന്ദ്രന്‍ മുഖേന ഇസ്മായിലിനെ ഏല്‍പ്പിച്ച സതീഷ്, മറ്റൊരു 'എസ്' കത്തിയാണ് വീട്ടിലെത്തിയ പോലീസിനു നല്‍കിയതെന്നാണ് നിഗമനം'' എങ്ങനെയുണ്ട്? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പ്രതി തന്നെയാണ് വ്യാജ കത്തി ഇറക്കിയതെന്ന്. എവിടെ കൊല്ലന്‍? എവിടെ ആലയിലെ അന്വേഷണാത്മകം?

പൊലീസ് അന്വേഷിച്ചു കണ്ടെത്തിയതുതന്നെ സിബിഐയും സ്ഥിരീകരിച്ചു. മുഖ്യപ്രതികള്‍; കൊലപാതകത്തിന്റെ കാരണം; രീതി- എല്ലാം ഒന്നുതന്നെ. പ്രതികളില്‍ ചിലരുടെ ആര്‍എസ്എസ് പശ്ചാത്തലവും തെളിഞ്ഞു. ഇനി രംഗത്തുവരേണ്ടത് മാധ്യമ വിശാരദന്‍മാരാണ്. അവര്‍ കേസിന് കൊഴുപ്പുകൂട്ടാന്‍ രണ്ട് ഗുണ്ടകളെ കൊണ്ടുവന്നിരുന്നു. ആ ഗുണ്ടകളെ പ്രതിയാക്കിയത് പൊലീസാണ്. രണ്ടുപേരും ഇപ്പോള്‍ സിബിഐയുടെ പട്ടികയില്‍ സാക്ഷികളായി മാറി. അതെങ്ങനെ എന്ന് സിബിഐയോട് ചോദിക്കേണ്ടതല്ലേ. ആ ഗുണ്ടകളിലൂടെയായിരുന്നുവല്ലോ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഗുണ്ടകള്‍ നല്ലവരായോ? പൊലീസിനെ പേടിപ്പിച്ച് പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിച്ചവര്‍ക്ക് സിബിഐക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്നുവോ?

*
ക്വട്ടേഷന്‍ പണിയും മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാനാവുന്നില്ല. കാരി സതീശനും കൂട്ടരും ചെയ്യുന്നതുതന്നെയാണ് നമ്മുടെ ചില മാധ്യമങ്ങളും ചെയ്യുന്നത്. എസ് കത്തിക്കു പിന്നാലെ ആലയില്‍പോയത് ഏഷ്യാനെറ്റ് ആയിരുന്നു. ആ ചാനലിന്റെ ഒരു ലേഖകന്‍ 'അന്വേഷണം സിം കാര്‍ഡിനെ പിന്തുടര്‍ന്ന്' എന്ന് ശരിയായ വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റൊരു സംഘമാണ് ആലയന്വേഷണത്തിന് പോയത്. അത് ആര്‍എസ്എസിനുവേണ്ടിയോ മറ്റാരാന് വേണ്ടിയോ എന്ന് പറയേണ്ടത് ഏഷ്യാനെറ്റ് തന്നെ. വന്നുവന്ന് ഒരു ലേഖകന്‍ അവന്റെ മുതലാളിക്കോ പണം മുടക്കുന്ന പാര്‍ടിക്കോവേണ്ടി ഏറ്റെടുക്കുന്ന ക്വട്ടേഷന്റെ പിന്നാലെ മറ്റു മാധ്യമങ്ങളും പാഞ്ഞേ തീരൂ എന്ന സ്ഥിതിയായി. ഇതില്‍നിന്ന് ആരും മോചിതരല്ല. സിസ്റര്‍ സ്റെഫിയുടെ നാര്‍കോ പരിശോധനാ സിഡി അരോചകമാംവിധം ചില ചാനലുകള്‍ കാണിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, 'ഞങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഈ ചാനല്‍ ആരും കാണില്ല-എല്ലാവരും മറ്റു ചാനലുകള്‍ക്ക് പിന്നാലെ പോകും' എന്ന ഉത്തരമാണ് കിട്ടിയത്. വാര്‍ത്തകള്‍ ഏതു വരണമെന്നും എങ്ങനെ വരണമെന്നും ആരൊക്കെ പ്രതികരിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് 'തല്‍പ്പര കക്ഷികളുടെ' കൂട്ടായ്മകളില്‍നിന്നാണ്.

സിന്‍ഡിക്കറ്റ് വാര്‍ത്തകള്‍ അടിച്ചേല്‍പ്പിക്കാന്‍ അപാര മിടുക്കുതന്നെയുണ്ട് ചില വിരുതന്‍മാര്‍ക്ക്. അവര്‍ കൊണ്ടുവരുന്ന ഒരു വാര്‍ത്ത മറ്റു മാധ്യമങ്ങളില്‍ കൊടുപ്പിക്കാന്‍ ഏതറ്റംവരെയും പോകും. തെളിവുണ്ടെന്നും വിശ്വാസ്യത നൂറ്റുക്കു നൂറെന്നും നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ മോശമാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. അങ്ങനെ ചിലയിടത്തൊക്കെ വന്നുകിട്ടിയാല്‍, പ്രതികരണങ്ങള്‍ക്ക് വലവീശലായി. അടുത്ത വട്ടം വിവാദംകൊഴുപ്പിക്കാനുള്ള അനുസാരികള്‍ കണ്ടെത്തലാണ്. ആര്‍ക്കാനുംവേണ്ടി ഇങ്ങനെ പണമോ നെല്ലോ പറ്റി സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പിന്നീട് വിവാദങ്ങളായി മാറുന്നത്. ഇതിനു പിന്നാലെ പോകാത്തവരെ 'കേസിലെ കക്ഷി'യാക്കി അവഹേളിക്കുക എന്നത് മറ്റൊരടവ്.

എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അന്നത്തേതിനേക്കാള്‍ സ്വത്ത് ഇന്നുണ്ടെന്നാണ് ഈയിടെ ഇങ്ങനെ വന്ന ഒരു വാര്‍ത്ത. വാര്‍ത്ത പലയിടത്തും കൊടുപ്പിച്ചു; പ്രതികരണങ്ങള്‍ വാങ്ങി. അതെല്ലാം മിക്ക പത്രങ്ങളിലും അച്ചടിച്ചു വന്നു. കോണ്‍ഗ്രസാണ്; അഴിമതിയാണ്-ഒന്നിലും വലിയ പുതുമയില്ല. ബന്ധപ്പെട്ടയാളിന് സ്ഥാനാര്‍ഥിത്വം കൊടുത്ത പാര്‍ടിതന്നെയാണ് വിശദീകരണം നല്‍കേണ്ടത്. ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കല്യാണം കഴിച്ചത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകളെയാണ് എന്നതുകൊണ്ട്, ആ ബന്ധവുമായി കൂട്ടിക്കെട്ടിയുള്ള വാര്‍ത്തകളാണ് പിന്നീട് വന്നത്.

കേരളത്തില്‍നിന്ന്; അടിച്ചമര്‍ത്തപ്പെട്ട സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന് ഇന്ത്യയുടെ പരമോന്നത ന്യായാധിപനായി മാറിയ വ്യക്തി. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്‍പ്പമെങ്കിലും ആധികാരികത ഉറപ്പാക്കേണ്ടതുണ്ടെന്നും അങ്ങനെയൊരാളെ പിന്തുടര്‍ന്ന് വേട്ടയാടലല്ല തങ്ങളുടെ മുഖ്യ ധര്‍മമെന്നും ആത്മാഭിമാനമുള്ള ആര്‍ക്കും തീരുമാനിക്കാവുന്നതേയുള്ളൂ. അത്തരമൊരു ചിന്തയുടെ അടിസ്ഥാനത്തില്‍, വാര്‍ത്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊടുക്കാതിരുന്നപ്പോള്‍, 'പാര്‍ട്ടി പത്രത്തിന് മൌനം' എന്നായി. ആ മൌനത്തിനുപിന്നില്‍ പലപല കഥകള്‍ നിരത്തി. ഒന്നുപോലും പക്ഷേ ഉറപ്പിച്ചുപറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും എന്തെങ്കിലും ഉറപ്പിച്ചു പറയുന്നതിലല്ല; ഉറപ്പില്ലാത്ത പലതും പറഞ്ഞു പരത്തുന്നതിലാണ് പുതിയ മാധ്യമമിടുക്ക്. സ്വന്തം കണ്‍മുന്നിലും നിഴലിന്റെ മറവിലും നടക്കുന്ന കാട്ടുകൊള്ളകള്‍ക്ക് കരിമ്പടം പുതച്ച് കാവല്‍ നില്‍ക്കുന്നവര്‍ 'അഴിമതിവിരുദ്ധപോരാട്ട നായകരാ'വുകയാണ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നയാള്‍ അവിഹിത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയട്ടെ. അതിന് 'പാര്‍ട്ടി പത്ര'ത്തിനുമേല്‍ എന്തിന് കുതിര കയറണം? അഴിമതി നടത്തിയ ഒരാളെയും വെറുതെ വിടണമെന്ന അഭിപ്രായം പാര്‍ടിക്കുമില്ല; പാര്‍ടിപത്രത്തിനുമില്ല. എന്നാല്‍, പ്രത്യേക ലക്ഷ്യംവച്ച് ആരെയെങ്കിലും തകര്‍ത്തുകളയണം എന്ന് തീരുമാനമെടുത്ത് ഒളിഞ്ഞും മറഞ്ഞും നടത്തുന്ന ക്വട്ടേഷന്‍ പണിക്ക് പാര്‍ടിയുടെയും പത്രത്തിന്റെയും പിന്തുണ വേണം എന്ന് കരയുന്നത് കടന്ന കൈതന്നെ.

വാര്‍ത്ത സ്വയം കണ്ടുപിടിച്ച് പത്രത്തില്‍ കൊടുക്കുകയോ ചാനലില്‍ അവതരിപ്പിക്കുകയോ ചെയ്യുന്നതാണ് മാധ്യമ പ്രവര്‍ത്തനം. വാര്‍ത്ത സ്വയം സൃഷ്ടിച്ച്, നിയമക്കുരുക്കില്‍നിന്ന് തലയൂരാന്‍ മറ്റു മാധ്യമങ്ങളെക്കൊണ്ട് കൊടുപ്പിച്ച് മിടുക്കുകാട്ടുന്നതാണ് ക്വട്ടേഷന്‍ പണി. ആ പണി ചിലര്‍ ഭംഗിയായി നടത്തുന്നുണ്ട്. അതില്‍ കൂട്ടുചേരാത്തവരെ മോശക്കാരും അഴിമതിക്കാരുമാക്കി നാറ്റിച്ചാല്‍ എല്ലാമായി എന്നു കരുതുന്നവര്‍ക്ക് പോള്‍ വധക്കേസ് കിടിലന്‍ മറുപടി തന്നെ. ചില മാധ്യമങ്ങള്‍ സമാന്തര അന്വേഷണം നടത്തി പൊലീസിനെ കള്ളന്‍മാരാക്കി; ഐജി വിന്‍സണ്‍ എം പോളിനെ 'എസ് കത്തിക്കാര'നാക്കി; സാക്ഷികളെ പ്രതികളാക്കി; ഇല്ലാത്ത ബന്ധങ്ങള്‍ കൊണ്ടുവന്നു. ഇന്ന് എല്ലാം പൊളിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെടാനുള്ള അവിവേകമൊന്നും ശതമന്യുവിനില്ല. എന്നാലും ചില വാര്‍ത്താവതാരകര്‍ ഒന്ന് കുമ്പസരിക്കുകയെങ്കിലും വേണം-രഹസ്യമായി. എസ് കത്തിയും കൊണ്ട് ഇനി ക്വട്ടേഷന്‍ പണിക്കിറങ്ങുമ്പോള്‍ ഈ അനുഭവങ്ങള്‍ ഓര്‍ക്കുന്നതും നന്നാകും. അഴിമതി തേടിപ്പിടിക്കുമ്പോള്‍ സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നതും നന്ന്.

പകവച്ച് പിടിക്കുന്ന സിന്‍ഡിക്കറ്റ് അജന്‍ഡയ്ക്കു പിന്നാലെ പോകാത്തവര്‍ 'അഴിമതിയുടെ സംരക്ഷകര്‍' എന്ന് നിങ്ങള്‍ അധിക്ഷേപിച്ചുകൊള്ളുക. ഒരഴിമതിക്കാരന്റെയും ഔദാര്യം പറ്റാതെ ജീവിക്കുന്നവര്‍ ഇവിടെയുണ്ടെന്ന യാഥാര്‍ഥ്യത്തെ മറച്ചുവച്ച് അത്തരക്കാരെ ചെളിവാരിയെറിഞ്ഞുകൊണ്ടേയിരിക്കുക. കോണ്‍ഗ്രസുകാരന്റെ അവിഹിത സ്വത്തും മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ ആയുധമാക്കുക. ഇതാണ് ഉദാത്ത മാധ്യമപ്രവര്‍ത്തന മാതൃക എന്ന് നിരന്തരം, നിര്‍ഭയം, നിര്‍ലജ്ജം വിളിച്ചു പറയുക-സ്വര്‍ഗ രാജ്യം നിങ്ങള്‍ക്കുള്ളതുതന്നെ.

ഇടതുവശത്തൂടെ വായ്നോക്കുന്നവര്‍ 'ഇടതുനിരീക്ഷക'രും വാദിച്ചുതോറ്റ കേസില്‍പ്പോലും 'അമ്പട ഞാനേ' എന്ന് ഊറ്റംകൊള്ളുന്നവര്‍ 'ജനിതക ശാസ്ത്രജ്ഞ'രുമായി ചാനലില്‍ വിലസുന്ന കാലമാണിത്-കലികാലം. ഇക്കാലത്ത് എന്തും സംഭവിക്കും. ലാവ്ലിന്‍ കേസ് നേരത്തെ എടുത്തുവെന്നും അന്ന് ചീഫ് ജസ്റ്റിസ് അവിടെയുണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിനെതിരായ വാര്‍ത്ത കൊടുക്കുന്നില്ലെന്നും പറയാന്‍ എന്തെളുപ്പം. തെളിയിക്കാന്‍ പറഞ്ഞാലോ? മാന്യത മോശത്തരമാക്കാന്‍ നടക്കുന്നവര്‍ക്ക് തെളിവിന്റെ കാര്യമെന്ത്? ഇതെല്ലാം ഇങ്ങനെ തുടരും. അടുത്ത ക്വട്ടേഷന്‍ വേറെ വരും. സത്യമേവ ജയതേ.