Sunday, November 22, 2009

അധോമുഖ വാമനരുടെ ആറാട്ട്

കനകക്കിങ്ങിണി, വള, കൈമോതിരമണിഞ്ഞ് വരുന്ന ഉണ്ണിയെ കണികാണ്മാന്‍ ഒരു പിതാവ് ആശിക്കുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിച്ചിട്ടില്ലെങ്കിലും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മകനോ മകള്‍ക്കോ വേണ്ടി കത്തെഴുതുന്ന പാരമ്പര്യം പശുവിന്റെയും കിടാവിന്റെയും കാലത്തുതന്നെയുണ്ട്. പശു കുത്തുന്നതേയുള്ളൂ, പൈക്കുട്ടന്‍ കാണെക്കാണെ വളര്‍ന്ന് ഹുങ്കോടെ ചുവപ്പുകാണും ദിക്കിലേക്ക് ചുരമാന്തി നേര്‍ക്കുന്ന കാഴ്ച വൈലോപ്പിള്ളി പാടിയിട്ടുണ്ട്. ഇത് ആ പൈക്കുട്ടനല്ല. പാവം പഴയ കിങ്ങിണിക്കുട്ടന്‍. വളര്‍ത്തുമക്കള്‍ വീട് അടക്കിപ്പിടിക്കുന്നതും വീട്ടുകാരുടെ സ്നേഹം കവര്‍ന്നെടുക്കുന്നതും കണ്ണീരോടെ കണ്ടുനിന്ന, മുടിയനെന്നും വകയ്ക്കുകൊള്ളാത്തവനെന്നും പഴികേട്ട ഒരു ഭൂതകാലം മനസ്സില്‍ കിങ്ങിണി കിലുക്കുന്നുണ്ട്. എല്ലാവരും ചുറ്റും നിന്ന് അപഹസിച്ചപ്പോള്‍ 'ഞാനുണ്ടടുത്തിതാ ഭദ്രമുറങ്ങുക, മോനൊന്നുകൊണ്ടും ഭയപ്പെടേണ്ടെ'ന്ന് സാന്ത്വനിപ്പിച്ചത് പിതാവുമാത്രം. വഴിയില്‍ പലമുഖങ്ങളും കണ്ടു. പല മരത്തണലിലും കിടന്നു. പോകെപ്പോകെ കിട്ടിയ വിശേഷണങ്ങളെത്ര, കല്ലേറുകളെത്ര. അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നാണ് പിതൃവചനം. അത് മാറിക്കൊണ്ടേയിരിക്കണം. ഇന്ന് കാണുന്നതാണ് സത്യം. നാളെ അത് മായയാകാം. ഇന്നലത്തെ തിരുത്തല്‍വാദം ഇന്നത്തെ തുരപ്പന്‍പണിയും നാളത്തെ പൊട്ടപ്പേവാക്കുമാകാം. മുക്കാലിയില്‍ കെട്ടി പെടയ്ക്കണമെന്ന് തോന്നിയ ഇന്നലത്തെ ശത്രു ഇന്നത്തെ രക്ഷകനാകാം. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും എന്നാണ്.

പാര്‍ടി ആസ്ഥാനത്തെ കസേരയില്‍നിന്ന് കൊടിവച്ച കാറിലേക്ക് എടുത്തുചാടിയതും വടക്കാഞ്ചേരിയില്‍നിന്ന് വടക്കോട്ടുതന്നെ പോകേണ്ടിവന്നതും അബദ്ധമോ ആചാരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയാണ് നില്‍ക്കുന്നത്? ഒരുതുള്ളി കണ്ണീരോ ഒരിറ്റ് സഹതാപമോ എങ്ങും കാണുന്നില്ല. പോരില്‍ പലതും പറഞ്ഞുവെന്നു കരുതി തറവാടിന്റെ പടിപ്പുരവാതില്‍ എന്നാളും അടച്ചിടാമോ? സദ്കൃത്യങ്ങളില്‍ ഒരുപിടി മുന്നില്‍നില്‍ക്കുന്ന ഒരത്ഭുതത്തെ കണ്ണൂരില്‍ കുളിപ്പിച്ച് ഖദര്‍പുതപ്പിച്ചുനിര്‍ത്തിയിട്ടുണ്ടല്ലോ. അവിടെ ഉള്ളതിനേക്കാള്‍ എന്തുകുറവുണ്ട് തന്റെ കൈയില്‍? മുണ്ടുരിയപ്പെട്ട ഉണ്ണിത്താന് കോണ്‍ഗ്രസാകാം, ഉരിക്കാന്‍ ആളെ വിട്ടവര്‍ പുറത്തോ? പൂര്‍വകാലമാണ് മാനദണ്ഡമെങ്കില്‍ ഇന്ദിരാജിയെ ഭാരതയക്ഷി എന്നുവിളിച്ച എം എം ഹസ്സന് ഇന്ദിരാഭവന്റെ പടിചവിട്ടാന്‍ അവകാശമുണ്ടോ. ഹസ്സനെ നോക്കൂ- ആഴ്ചപ്പൂജയായി ഒരു പത്രസമ്മേളനം. ഇടയ്ക്ക് ജനശ്രീയുടെ ചെറിയ ചുമയും പനിയും. ബാക്കിസമയം കൃഷ്ണവിലാസം റോഡിലും ഈശ്വരവിലാസം റോഡിലും തിക്കിത്തിരക്കി വരികയാണ് സഹജരേ ഹസ്സന്‍ നേതാവിനെ കാണാന്‍ ജനക്കൂട്ടം. ഹസ്സന്‍വരെ നേതാവ്- ജനനംകൊണ്ടുതന്നെ നേതാവായ താന്‍... ഹാ കഷ്ടം! എന്നിട്ടും വയലാര്‍ രവി പറഞ്ഞത് കേട്ടില്ലേ- സമയമായില്ലാപോലും. പണ്ട് കെപിസിസി പ്രസിഡന്റായ ഇ എം എസിനെ തിരിച്ചെടുത്തിട്ടില്ല, പിന്നല്ലേ- എന്നാണ് രവിയുടെ ന്യായം. ഇ എം എസ് കോണ്‍ഗ്രസിലേക്ക് തിരിച്ചുകയറാന്‍ ഇങ്ങനെ ശുപാര്‍ശയുമായി ചെന്നിട്ടുണ്ടെന്നുകൂടി പറഞ്ഞാല്‍ പറയുന്ന ആളിന്റെ സ്വഭാവമഹിമ പൂര്‍ണമായി വെളിപ്പെടും.

*
ആരുമില്ലെന്ന തോന്നലുവേണ്ട. നിന്റെ ജീവിതം നിന്‍കാര്യം മാത്രമെന്നു പറഞ്ഞ് കൊത്തിയകറ്റുന്ന അച്ഛനല്ല ഇവിടെ കഥാനായകന്‍. അവശതയും പ്രായവും തങ്ങളില്‍ തങ്ങളില്‍ മത്സരിക്കുമ്പോഴും ആ ബുദ്ധിക്കും സാമര്‍ഥ്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ല. ഇത്തിരിവെട്ടം മാത്രം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനരുടെ മധ്യത്തിലാണ് മോനെന്ന് ആ ഭീഷ്മാചാര്യര്‍ക്കറിയാം. മുമ്പോട്ടുതന്നെ ഗമിക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു ഞാന്‍ എന്നൊക്കെയുള്ള നാട്യമേ ഉള്ളൂ, ഉള്ളില്‍ പഞ്ചപാവമാണ്, എട്ടും പൊട്ടുംതിരിയാത്ത ക്ടാവാണെന്ന് അച്ഛനോളം അറിവാര്‍ക്കുണ്ട്? പണ്ട് പാര്‍ലമെന്റിലെത്തിക്കാന്‍ സ്ഥാനാര്‍ഥിത്വചര്‍ച്ചയ്ക്കിടെ ടോയ്ലറ്റില്‍ പോവുക എന്ന ഒറ്റ ത്യാഗമേ വേണ്ടിവന്നിട്ടുള്ളൂ. അന്ന് അതിനൊക്കെയുള്ള കരുത്തുണ്ടായിരുന്നു.

കാലം മാറി; കഥ മാറി. പുതിയ രംഗം ആതുരാലയം. കഥ മോഹവിഭ്രമം. കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍ തൃഷ്ണയേതുമില്ല മനസ്സില്‍. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിക്കുന്നവരെ ഓര്‍ത്ത് തുടങ്ങിയ വിചാരം മണ്ടിമണ്ടിക്കരേറുന്ന മോഹത്തിലെത്തിയപ്പോഴാണ് ഒന്ന് കരയ്ക്കടുത്തത്. എണ്ണിയെണ്ണിക്കുറയുന്നത് ആയുസ്സുതന്നെ. മകള്‍ക്ക് നിന്നുപിഴയ്ക്കാനുള്ള വിരുതുണ്ട്- നാലണ മെമ്പര്‍ഷിപ്പുമുണ്ട്. വിദ്വാനെന്നു നടിക്കുന്നവന്‍ വിദ്യകൊണ്ട് അറിയേണ്ടതറിയാത്തവനാണ്. ഒരു കരയ്ക്കടുപ്പിച്ചില്ലെങ്കില്‍ പി സി ജോര്‍ജിനെപ്പോലെ വല്ല വല്യവീട്ടിലും അടിച്ചുതളിക്ക് പോകേണ്ടിവരും; ടി എം ജേക്കബിനെപ്പോലെ സര്‍ക്കുലര്‍ സര്‍വീസ് നടത്തേണ്ടിവരും. അതുകൊണ്ടാണ്, പതിനെട്ടാമത്തെ അടവെടുത്തത്. ചാണക്യന്‍ മലയാളിയാണെന്ന് ഒരു സംസാരമുണ്ട്. ചാണക്യന്റെ ശിഷ്യനും മലയാളിയാകണമല്ലോ. വയസ്സ് 92 ആയാലും പ്രശ്നമില്ല. അങ്ങനെയാണ് ഒരച്ഛന്‍ മകനുവേണ്ടി അയക്കുന്ന കത്തുകള്‍ എന്ന പുതിയ സാഹിത്യശാഖ മലയാളത്തില്‍ രൂപപ്പെട്ടത്.

*
ചുണ്ടിലും മുലയിലും കൈയിലും വിഷംതേച്ചുകൊണ്ട് ഗോപികമാരാം ലളിതമാരായെത്തിയെന്നു പറഞ്ഞത് മുല്ലപ്പള്ളിയെപ്പോലെയുള്ള മാന്യന്മാരെക്കുറിച്ചാകില്ല. മുല്ലപ്പള്ളിക്ക് മുരളീരവം കേട്ടില്ലെങ്കില്‍ ഉറക്കം വരാത്ത പ്രശ്നമൊന്നുമില്ല. മലപ്പുറത്ത് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയാല്‍ കൊഴിഞ്ഞുപോകുന്ന ഒരവയവവും ആ വടകര പാക്കേജിലില്ല. ആകെയുള്ളത് മൂലയ്ക്കിരിക്കുന്ന സമയത്ത് പിടിച്ചുകൊണ്ടുപോയി മന്ത്രിക്കുപ്പായം തയ്പ്പിച്ചുകൊടുത്ത ആന്റണിയോടുള്ള കടപ്പാടുമാത്രം. പിന്നെ ഒരു ചിന്ന ചിന്ന ആശയും- ചെന്നിത്തല ഇരിക്കുന്ന ആ കസേരയില്ലേ. അതില്‍ ഒരുവട്ടം ഒന്നിരിക്കണം. അതുകഴിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ രുചി ഒന്നറിയണം. ഉമ്മന്‍ചാണ്ടിയുടേതാണ് യഥാര്‍ഥ പ്രശ്നം. ഇപ്പോള്‍ത്തന്നെ കസേര മാവേലിക്കരയ്ക്ക് കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ ചിലര്‍ക്കെല്ലാം കിട്ടിയിട്ടുണ്ട്. അതിനുപുറമെയാണ് വടകരയില്‍നിന്നുള്ള പുതിയ വണ്ടി. എല്ലാ സൂക്കേടുകളും അറിയാവുന്ന വൈദ്യരാണ് ഭീഷ്മാചാര്യന്‍. തന്റെയും മകന്റെയും കഴിവും അറിയാം; കഴിവുകേടും അറിയാം. മുരളീനാദം കേള്‍ക്കുമ്പോള്‍ ചാണ്ടിയും തൊമ്മനും ഒരുമിച്ച് മുറുകുമെന്നുമറിയാം.

മുരളി തിരിച്ചെത്തിയാല്‍ പിന്നെന്ത് ചെന്നിത്തല; എന്ത് പുതുപ്പള്ളിപുരാണം. മുന്നില്‍ കാണുന്നത് കടലോ കടലാടിയോ എന്ന് മനസ്സിലായിട്ടില്ല രണ്ടുപേര്‍ക്കും. എല്ലാം ചേര്‍ന്ന് ഒരു പുണ്യപുരാണ സ്റണ്ട് ചിത്രം ഒരുങ്ങുകയാണ്. മുരളിപ്പേടിമൂത്ത് ചിലര്‍ നാടുവിടാനൊരുങ്ങുന്നുമുണ്ട്. കാത്തിരുന്നാല്‍ കാണാം- പൂരമല്ല, പൂരത്തിന്റേതുപോലൊരു വെടിക്കെട്ട്.

*
മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് കാണാനായത് സാക്ഷാല്‍ വീരഭൂമിയുടെ ഞായറാഴ്ചത്താളിലാണ്. ശതമന്യുവിന് ക്രൈമേന്ദ്രകുമാറിനോട് സത്യത്തില്‍ ആരാധനയാണ്. ആളനക്കമില്ലാത്ത ഗസ്റ്റ് ഹൌസ്റ്റ് സന്ദര്‍ശനം, കൂലിക്ക് ആളെവച്ച് പുസ്തകമെഴുതിക്കല്‍, മഗ്സാസെ അവാര്‍ഡ് കിട്ടാന്‍ പ്രകൃതിസ്നേഹനാട്യം, ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്ക് ട്രാന്‍സ്ഫര്‍ ചികിത്സ, ആദിവാസികളുടെയും ദൈവത്തിന്റെയും ഭൂമി വെട്ടിപ്പിടിച്ച് ആദായം വെട്ടിവിഴുങ്ങി ഭൂമാഫിയാവിരുദ്ധ പോരാട്ടം, നാരദന്റെയും ശകുനിയുടെയും പണി- ഇങ്ങനെയുള്ള സ്വഭാവ മഹിമകള്‍ ടിയാന് ജന്മസിദ്ധമാണല്ലോ. പ്രശസ്തിയോട് തെല്ലും മോഹമില്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള താളുകളില്‍ സ്വന്തം മുഖം അച്ചടിച്ചുകാണണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല- നാലോ അഞ്ചോ ചിത്രം വന്നാല്‍ സംതൃപ്തന്‍. ഇങ്ങനെയൊരാളെ പഞ്ചപാവമെന്നല്ലേ പറയാനാകൂ. അദ്ദേഹത്തിന് കോങ്കണ്ണില്ല. അതുകൊണ്ട് വക്രദൃഷ്ടിയല്ല. പക്ഷേ, വക്രദൃഷ്ടി നേരെയാക്കാനറിയാം.

രാഹുല്‍ജി വന്നപ്പോള്‍ മോശമാക്കി എഴുതിയ വക്രദൃഷ്ടിയെ പി കെ ശ്രീമതിക്കെതിരെ മൂന്നാംക്ളാസ് സാഹിത്യം എഴുതിക്കാന്‍ നിയോഗിച്ചതാണ് ക്രൈമേന്ദ്രന്റെ മിടുക്ക്. മുതലാളി ആജ്ഞാപിക്കുമ്പോള്‍ നട്ടെല്ല് 'റ'പോലെ വളക്കാനും ഹാസ്യവും പരിഹാസവും മറന്ന് പീതാംബരക്കുറുപ്പിന്റെ ശേലില്‍ പ്രസംഗം നടത്താനും വക്രദൃഷ്ടികള്‍ തയ്യാറാകുമ്പോള്‍ ഇന്ദ്രന്‍മാര്‍ എത്ര ഭേദം. ശതമന്യു ഇത്രയും പറഞ്ഞതില്‍നിന്ന് പലര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ടാകില്ലെന്നറിയാം. മാതൃഭൂമി പത്രത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്ന പ്രതിഭാധനന്റെ നര്‍മത്തിന്റെ മര്‍മത്ത് മുതലാളിയുടെ കുത്തുകൊണ്ടു എന്നാണ് ഇപ്പറഞ്ഞതിന്റെ മലയാളം. നര്‍മം പോയാലെന്ത്- മന്നവേന്ദ്രന്‍ വിളങ്ങട്ടെ.

Sunday, November 15, 2009

കുറ്റിച്ചൂല്‍

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''

ബൈബിളില്‍നിന്നുള്ള കോപ്പിയടിയാണെങ്കിലും ഗാന്ധി-ക്രിസ്തു സിദ്ധാന്തമായും ഈ വാചകത്തെ വ്യാഖ്യാനിക്കാം. മറ്റേക്കരണവും കാട്ടിക്കൊടുക്കണമെന്നുപറഞ്ഞ അപ്പൂപ്പനുമായാണ് പാലായുടെ മുത്തിന് സാമ്യം. കണ്ടില്ലേ-ഇപ്പോള്‍ പിണറായി വിജയനെ ഭര്‍ത്സിക്കുന്നതിന്റെ പത്തിരട്ടി പാലാഴിക്കഥയും മതികെട്ടാനിലെ കൊള്ളയുമെല്ലാം പറഞ്ഞുനടന്ന പ്രസ് കോഫറന്‍സ്(പി സി) ജോര്‍ജിന് മൂത്താശാന്‍ മാപ്പുകൊടുത്തിരിക്കുന്നു.

"ജോര്‍ജ് കടുംപിടിത്തക്കാരനും വാശിക്കാരനുമാണ്. മനസ്സിലുള്ളത് വിളിച്ചുപറയും. അത് പ്രത്യേക സ്വഭാവമാണ്. ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്. (രണ്ടില; ഒരു ഞെട്ട്) ഇനി അര്‍ജുനനെപ്പോലെ അധര്‍മത്തിനും അനീതിക്കുമെതിരെ ജോര്‍ജ് മുന്നണിപ്പോരാളിയായി പടനയിക്കും''

അര്‍ജുനന്‍ ജോര്‍ജ്. മാണിക്യം തേരാളി. കാലാള്‍പ്പടയുടെ കാര്യം ഉമ്മന്‍ചാണ്ടി നോക്കും.

കള്ളുകുടിമൂത്ത് പുറപ്പെട്ടുപോയ ഭര്‍ത്താവ് വീട്ടില്‍തിരിച്ചെത്തിയപോലത്തെ വികാര വിക്ഷോഭമാണ് കോട്ടയത്ത് പൊട്ടിച്ചിതറി ഒലിച്ചിറങ്ങിയത്. ഇരുപത്തൊമ്പതു വര്‍ഷം പിറകേ നടന്ന് ചീത്തവിളിച്ചിട്ടും മാണിസാര്‍ എന്നെ സഹിച്ചില്ലേ എന്നാണ് അര്‍ജുനന്‍ വില്ലുപോലെ വളഞ്ഞ് കരഞ്ഞത്. മകനേ അര്‍ജുനാ, നീ എന്നെ ശത്രുവായി കരുതുമ്പോഴും നിന്റെ മാനസാന്തരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് മാണിക്യത്തിന്റെ കിടിലന്‍ മറുപടി. ഇടയ്ക്ക് രണ്ടുവട്ടം നെഞ്ചില്‍ കൈവച്ച് ഇതുപറഞ്ഞപ്പോള്‍ ഗാന്ധിപ്രതിമപോലും കരഞ്ഞു; തിരുനക്കര മൈതാനത്തെ മണല്‍ത്തരികള്‍ കോരിത്തരിച്ചു; അമ്പലമണി നിര്‍ത്താതെ മുഴങ്ങി. അര്‍ജുനന് അഴിച്ചുവയ്ക്കാന്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട്.

"കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മാണിക്യത്തിന് കഴിഞ്ഞിട്ടില്ല. 65 ല്‍ അതിനു കഴിഞ്ഞേനെ''-ആദ്യത്തെ സങ്കടം."ആ(മാ)ശയപരമായി യോജിക്കാന്‍ കഴിയുന്ന കക്ഷികളുമായി യോജിക്കണമെന്നുì തോന്നിയാണ് ഉപാധികളൊന്നുമില്ലാതെ മാണിഗ്രൂപ്പില്‍ ലയിച്ചത്. ചെറുനദികള്‍ സമുദ്രത്തില്‍ ലയിക്കണ്ടേ?''

കോട്ടയത്തെവിടെ സമുദ്രമെന്ന് പ്രസംഗം കേട്ടിരുന്ന കൊച്ചുമാണിക്യം ചോദിച്ചെങ്കിലും അപ്പന്‍ വാപൊത്തിക്കളഞ്ഞു. ഇനി ഇടതുമുന്നണിക്കെതിരായ പോരാട്ടത്തില് പടനയിക്കാനുള്ള അര്‍ജുനനാണെന്ന് വാഴ്ത്തിയെങ്കിലും 'നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം' എന്ന ബൈബിള്‍വാക്യം പറഞ്ഞതെന്തിനെന്നുമാത്രം ആര്‍ക്കും മനസ്സിലായില്ല. 'മോനേ, അര്‍ജുനാ, കുലദ്രോഹീ, നീ എന്നെ പരമാവധി ദ്രോഹിച്ചു. എന്നാലും നീ മാപ്പുപറഞ്ഞുവന്നതല്ലേ. കര്‍ത്താവിനെക്കരുതി വാതില്‍ തുറന്നുതരുന്നു'' എന്ന പരിഭാഷ ആ ബൈബിള്‍ വാക്യത്തിനുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

അര്‍ജുനന്‍ ഇതുവരെ നടത്തിയതൊന്നും പോരല്ല, ഇനി എന്റെ കീഴില്‍ നടത്തുന്നതാണ് പോരെന്ന അര്‍ഥവും അതിന് ഉണ്ടോ എന്തോ. മാണിസാറും ലീഗുകാരുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ജോര്‍ജ് ഇപ്പോള്‍ പറയുന്നത് തന്റെ പഴയ നേതാവിനെതിരായ ഒരു സിഡി കയ്യിലുണ്ടെന്നാണ്. ഇനി എന്നെങ്കിലും തെറ്റിപ്പിരിയുമ്പോള്‍ മാണിക്യത്തിന്റെയും ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സിഡിയുമായി ജോര്‍ജ് വരുന്ന അവസ്ഥ ഒഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍-അതുമാത്രം മതി.

*
മലബാര്‍ഭാഷ തെക്കുള്ളവര്‍ക്ക് അപ്പടി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരിക്കല്‍ ഇ കെ നായനാര്‍ ഒരു സംഭവം വിവരിക്കുന്നതിനിടെ പത്രക്കാരോട് പറഞ്ഞ ഒരു വാചകം "ഓനങ്ങ് കീഞ്ഞ് പാഞ്ഞൂട്ട്'' എന്നായിരുന്നു. ആര്‍ക്കും അര്‍ഥം മനസ്സിലായില്ല. നായനാര്‍തന്നെ വിശദീകരിച്ചു. ഓന്‍-അവന്‍. കീഞ്ഞ്-ഇറങ്ങി. പാഞ്ഞൂട്ട്-ഓടിപ്പോയി. പറഞ്ഞതിന്റെ അര്‍ഥം 'അവന്‍ ഇറങ്ങി ഓടി' എന്ന്. ഇങ്ങനെ കൌതുകകരമായ ഒട്ടേറെ പ്രയോഗങ്ങളുണ്ട്. തൂത്തുവാരുക എന്ന് മലബാറുകാര്‍ പറയാറില്ല. അടിച്ചുവാരുക എന്നാണ് പറയുന്നത്. ചൂലിനെ മാച്ചിലെന്ന് വിളിക്കും. അടിക്കാനുള്ള സാധനം വടിമാത്രമല്ല, ചൂലുമാണെന്നര്‍ഥം. അങ്ങനെയുള്ള ചൂല്‍ കുറ്റിച്ചൂലാകുമ്പോഴാണ് സേവനം അവസാനിപ്പിക്കുക. ആര്‍ക്കും വേണ്ടാത്ത, അടിക്കാന്‍ പറ്റാത്ത നിര്‍ഗുണമായ ഒന്നാണ് കുറ്റിച്ചൂല്‍.

അത്തരമൊരു ചൂലിനുപോലും അത്ഭുതം കാണിക്കാമെന്ന അവസ്ഥയുള്ള ചില മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അങ്ങനെയൊന്നിന്റെ പേര് കണ്ണൂര്‍ എന്നാണ്. നല്ല പുത്തന്‍ ചൂലുകള്‍ വേണ്ടതിലേറെ കൈയിലുണ്ടായിട്ടും അവിടെ ഒരു കുറ്റിച്ചൂലിനെ നിര്‍ത്തി മത്സരിപ്പിച്ചതിന്റെയും അതിന് നിന്നുകൊടുത്തതിന്റെയും ബഹളം പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. പി രാമകൃഷ്ണന്‍ നല്ല കോണ്‍ഗ്രസുകാരനാണ്. അഴിമതിയില്ല; ആവേശമുണ്ട്. അണികളില്ല; ആദര്‍ശമുണ്ട്. അക്രമമില്ല; ആന്റണിയുണ്ട്. അധികാരമില്ല; ഡിസിസി പ്രസിഡന്റുസ്ഥാനമുണ്ട്. സുധാകരന്‍ കറങ്ങിയടിച്ച് കയറിപ്പറ്റിയതാണെങ്കിലും കോണ്‍ഗ്രസുതന്നെ. ആദര്‍ശമില്ല; അലര്‍ച്ചയുണ്ട്. അണികളില്ല; അടിമകളുണ്ട്. ആന്റണിയില്ല; ചേര്‍ത്തലക്കാരന്‍ രവിയുണ്ട്. ഔചിത്യമില്ല; ഔദ്ധത്യമുണ്ട്. രാമകൃഷ്ണനും സുധാകരനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ സുധാകരന് പട്ടുംവളയും കിട്ടും; രാമകൃഷ്ണന് കാല്‍പായ കടലാസില്‍ ഒരു ശാസന കിട്ടും.

അമരക്കാരന് തലതെറ്റുമ്പോള്‍ അണിയക്കാരന് തണ്ടുകള്‍ തെറ്റുമെന്ന ചൊല്ല് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഫലിക്കില്ല. അവിടെ അമരക്കാരനും അണിയക്കാരനും രണ്ട് തോണിയിലാണ്. അബ്ദുള്ളക്കുട്ടി പറഞ്ഞത്, കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയും സുധാകരേട്ടന്‍ സിംഹക്കുട്ടിയുമാണ് എന്നത്രെ. താന്‍ വെറുമൊരു അത്ഭുതക്കുട്ടി. പി രാമകൃഷ്ണന്‍ പാവം പൂച്ചക്കുട്ടി. എല്ലാം കുട്ടികളുടെ കളിയാണ്. അമരത്തിരിക്കുന്നത് അടിതെറ്റിയ കുട്ടികള്‍.

*
വീരേന്ദ്രകുമാറിനെ സ്വന്തം പത്രത്തിനുപോലും വലിയ വിലയൊന്നുമില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനെ പുകഴ്ത്തുകയും എല്‍ഡിഎഫിന് 'വേണ്ടത്ര' വോട്ടുകൂടിയില്ലെന്ന് ഗവേഷിക്കുകയുംചെയ്യുന്ന വീരഭൂമി, എല്‍ഡിഎഫ് ഇത്തവണ മത്സരിച്ചത് മലപോലെ വലുതും കാടുപോലെ ഇടതൂര്‍ന്നതും കാപ്പിത്തോട്ടംപോലെ ഫലഭൂയിഷ്ഠവുമായ പിതൃ-പുത്ര പാര്‍ടിയുടെ സഹായമില്ലാതെയായിരുന്നു എന്നത് കണ്ട മട്ടു കാട്ടിയില്ല. കോണ്‍ഗ്രസിന്റെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുമ്പോള്‍ മന്നവേന്ദ്രന്റെ മുഖം മണ്ണെണ്ണവിളക്കെങ്കിലും ആക്കേണ്ടതല്ലേ? രാഹുല്‍ജിയെ പരിഹസിച്ച വക്രദൃഷ്ടിക്ക് കണക്കിന് കിട്ടിയെന്ന് കേള്‍ക്കുന്നു. ഇനി പുതിയ കുറ്റത്തിന് ആരെയാണാവോ ശിക്ഷിക്കാന്‍ പോകുന്നത്. കിട്ടുന്നതെല്ലാം വാങ്ങിവയ്ക്കേണ്ടിവരുന്നത് വീരഭൂമിയിലെ അമാലന്മാരുടെ ദുര്‍വിധി! പുറമേക്ക് കോട്ടും സ്യൂട്ടും പത്രാസുമുണ്ടല്ലോ. അതുമതി.

*
കാണ്‍മാനില്ല:

ഐരാവതത്തിന്റെ പുറത്തു സഞ്ചരിച്ചതിന്റെ തഴമ്പും വീരസാഹസിക കൃത്യങ്ങളില്‍ പങ്കെടുത്തതിന്റെ പാരമ്പര്യവുമുള്ള എഴുത്താളനായ 'യുവാവി'നെ നാലാഴ്ചയായി കാണാനില്ല. വിശേഷാല്‍ സ്വരവും പ്രതിയുടെ ഭാവഹാവാദികളുമുള്ള, തുറിച്ചുനോട്ടം, തെറിവിളി തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പതിവായി പ്രകടിപ്പിക്കാറുള്ള ടിയാനെ കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ആട്ടുകല്ലുമുക്കിലേക്കോ പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയിലെ ഓഫീസിലേക്കോ എത്രയും പെട്ടെന്ന് ആയത് അറിയിക്കുവാന്‍ താല്‍പ്പര്യം. കേടുപാടുകൂടാതെ തിരിച്ചെത്തിയാല്‍ പുതിയ ലാവണത്തിലേക്ക് വീരോചിതം ഇരുത്തി പ്രവേശിപ്പിക്കുന്നതാണെന്നുള്ള വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. കൊഞ്ചനല്ലേ, മുട്ടോളം; അല്ലെങ്കില്‍ ചട്ടിയില്‍-അത്രയേ തുള്ളൂ.

Sunday, November 8, 2009

മുരളുന്ന കോണ്‍ഗ്രസ്!

മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗ്യനായ നേതാവാണ്. അച്ചടി വടിവ്, നീലംമുക്കിയ വെണ്‍മ, നാടകനടിപ്പ്, ആദര്‍ശത്തിന്റെ അസ്ക്യത-ആന്റണി കോണ്‍ഗ്രസിനു വേണ്ട യോഗ്യതകളുടെ അപൂര്‍വ സംഗമം. കണ്ണൂരില്‍നിന്ന് രണ്ടുവട്ടം തോറ്റ് പത്തുവര്‍ഷം വനവാസം നടത്തിയതിന്റെയും ആക്രാന്തക്കുട്ടിയെ അല്‍ഭുതക്കുട്ടിയാക്കിയതിന്റെയും പരിക്കുമായാണ്, വടകരയില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. ആന്റണിയുടെ കൃപകൊണ്ടുകിട്ടിയ സീറ്റ്, വീരന്റെ വീരോചിതവും വിമതന്റെ വിലാസലസിതവുമായ സഹായം, മകാരാദി മാധ്യമങ്ങളുടെ മാനസപുത്രസ്ഥാനം എന്നിവകൊണ്ട് രക്ഷപെട്ട് ഡല്‍ഹിയിലെത്തി. അവിടെ താലത്തിലാക്കി ഒരു സഹമന്ത്രിസ്ഥാനം കാത്തിരുന്നു. ആന്റണിയുടെ അലിവില്‍ ആഭ്യന്തരമന്ത്രി. വിധേയത്വം ആന്റണിയോടുമാത്രം. മൂലയ്ക്കിരുത്താന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയോടും വെട്ടില്‍വീഴ്ത്താന്‍ നോക്കിയ ചെന്നിത്തലയോടും ഒടുങ്ങാത്ത പക.
കേരളത്തില്‍ പ്രസ്താവനകളുടെയും പത്രസമ്മേളനത്തിന്റെയും കുത്തകാവകാശം പതിച്ചെടുത്ത ചെന്നിത്തല-ഉമ്മന്‍ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുംവിധം പ്രസ്താവനകളുടെ പ്രളയം തീര്‍ത്താണ് ആദ്യം ആഞ്ഞടിച്ചത്. കേന്ദ്രസേന, ക്രമസമാധാനം തുടങ്ങി മുസ്ളി പവര്‍ എക്സ്ട്രയുടെ കാര്യം വരെ പത്രസമ്മേളനം വിളിച്ച് വിളമ്പിയ ആഭ്യന്തര സഹമന്ത്രി, അതൊന്നും ഏശുന്നില്ലെന്നുകരുതി കുന്തിച്ചിരിക്കുമ്പോഴാണ് പഴയ കിങ്ങിണിക്കുട്ടനെ കണ്ടുമുട്ടിയത്. അച്ഛന്‍ അകത്തും മകന്‍ പുറത്തും. പാര്‍ടിയുണ്ടായിട്ടും അച്ഛന് നാട്ടില്‍ വിലയില്ല. പാര്‍ടിയില്ലാത്ത മകന് തീരെ വിലയില്ല. ഉപതെരഞ്ഞെടുപ്പുകാലത്ത് തറവാടടങ്ങുന്ന മണ്ഡലത്തില്‍പോലും അച്ഛനെ പ്രവേശിപ്പിച്ചില്ല. മകന്‍ ക്ഷണിക്കാതെ പോയെങ്കിലും ഉണ്ണാതെ തിരിച്ചുപോരേണ്ടിവന്നു. ഒരുകാലത്ത് പ്രതാപികളായ തറവാട്ടുകാര്‍ ഉണ്ണാനും ഉടുക്കാനുമില്ലാത്തവരായി തെക്കുവടക്കുനടക്കുന്നു. ആ തറവാട്ടില്‍നിന്ന് ഉപ്പും ചോറും തിന്നുവളര്‍ന്ന തിരുത്തല്‍കുട്ടികള്‍ സര്‍വപ്രതാപികളായി പത്രസമ്മേളനങ്ങള്‍ നടത്തി സുഖിച്ചുജീവിക്കുന്നു. ആര്‍ക്കും സഹിക്കാനാകാത്ത അവസ്ഥയാണ്. മുല്ലപ്പള്ളിക്കും സഹിച്ചില്ല. ആദ്യം കുത്തിയുണര്‍ത്തേണ്ടത് ഉറക്കം നടിച്ചുകിടക്കുന്നവരെത്തന്നെയാണെന്ന് മുല്ലപ്പള്ളിക്കുപോലും അറിയാം. ആന്റണിയുടെമുന്നില്‍ മൈക്കുംപിടിച്ച് ശിഷ്യന്‍ മുരണ്ടു:

"ആന്റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണം. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് നിര്‍ത്തണം. അത്തരക്കാരോട് പാര്‍ടി വിട്ടുപോകാന്‍ പറയണം.''

ആരാണ് പാര്‍ടി വിട്ടുപോകേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞില്ല. അത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ രണ്ടുപേരും കൂടിയോ എന്നതും വ്യക്തമാക്കിയില്ല. പക്ഷേ, പാര്‍ടിക്കകത്തേക്ക് കൊണ്ടുവരേണ്ട ദിവ്യതേജസ്സ് മുരളീധരന്റേതാണെന്ന് പിറ്റേന്ന് വിശദീകരിച്ചു. മുരളിയെ തടയുന്നത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ്. മുരളി വന്നാല്‍ തങ്ങളുടെ ഗതി അധോഗതിയാകുമെന്ന് അവര്‍ക്ക് നിശ്ചയം. ആ തഴമ്പ്, പൂവമ്പഴത്തിന്റെ ശേല്, ശബ്ദഗാംഭീര്യം, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്-ചപ്രത്തലമുടികൊണ്ടും തക്കാളിമോന്തകൊണ്ടുമൊന്നും പകരം വയ്ക്കാവുന്നതല്ല ഇതൊന്നും. മുരളി വന്നാല്‍ മുരളുന്ന കോണ്‍ഗ്രസാകും. കെപിസിസി ആപ്പീസില്‍ ജലസേചനച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുണ്ടാകും. ആന്റണിക്കും മുല്ലപ്പള്ളിക്കും പാരവയ്ക്കുന്ന ആളല്ല മുരളി. വികാരത്തള്ളിച്ചയില്‍ പലതും പ്രാസമൊപ്പിച്ച് പറഞ്ഞിട്ടുണ്ടാകാമെങ്കിലും മാന്യനാണ്. പണ്ട് മുണ്ടുരിയിച്ച ദേഷ്യംകൊണ്ട് ഉണ്ണിത്താന്‍ പലതും പറഞ്ഞെന്നുവരും. അല്ലെങ്കിലും അത്തരം ഡയലോഗുകളൊക്കെ ഇക്കാലത്ത് ആരെങ്കിലും കണക്കിലെടുക്കാറുണ്ടോ. അങ്ങനെ ആ നിയോഗം-കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളിയെ വിളിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള നിയോഗം മുല്ലപ്പള്ളി ഏറ്റെടുത്തിരിക്കുന്നു. മുരളിയുടെ വരവ് ആരെക്കൊണ്ടും തടയാനൊക്കില്ലെന്നാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തിയ റിട്ടയേഡ് ഭീഷ്മാചാര്യന്‍ പ്രസ്താവിച്ചിരിക്കുന്നത്. പഴയ പാരമ്പര്യം വച്ചു നോക്കിയാല്‍, മുല്ലപ്പള്ളി വടകര സീറ്റ് ത്യജിച്ച് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും മുരളി കേന്ദ്ര സഹമന്ത്രിയായി വടകരയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയും എന്നതാണ് അടുത്ത ഘട്ടം. മുരളിക്കുവേണ്ടത് സ്വയം തന്നെ തോന്നിക്കൊള്ളും. ഇനിയും കുറെ ഓടാനുള്ള പടമാണ്. ഇപ്പോള്‍ നൂണ്‍ ഷോ ആയതുനോക്കേണ്ട.

*
കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.

പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.

*
കേന്ദ്രസേന വന്നാല്‍ എന്താണ് വിശേഷം? പാവപ്പെട്ട കുറെ മീശക്കാര്‍ വെയിലുകൊണ്ടും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചും മൂന്നാലുദിവസം കഷ്ടപ്പെടേണ്ടിവരും. നാട്ടുകാര്‍ക്ക് നോക്കിച്ചിരിക്കാന്‍ ഒരു വക കിട്ടും. അതിലപ്പുറമുള്ള ഒന്നും കണ്ണൂരില്‍ കണ്ടില്ല. കേന്ദ്ര സേനയെക്കാള്‍ കടുത്ത ലാത്തിച്ചാര്‍ജിന് ത്രാണിയുള്ള ചിലരെ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു. ഒന്ന്-കെ മുരളീധരന്‍. മൈക്കുകെട്ടി ഇലക്ട്രിക് പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് പുള്ളിക്കാരന്‍ രണ്ടാംദിവസം സ്ഥലംവിട്ടു. രണ്ടാമത് വന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരുണ്ണിയുറുമ്പുകടിച്ച ഗൌരവംപോലും തന്നെക്കാണുമ്പോള്‍ കണ്ണൂരുകാര്‍ക്കില്ലെന്നുകണ്ട് വന്നപോലെ ടിയാനും പോയി. മൂന്നാമത് വന്നത് ആനയുടെ പേരും പാപ്പാന്റെ തഴമ്പുമുള്ള നടികര്‍തിലകം. അവിടത്തെ സ്ഥാനാര്‍ഥിയും നടികര്‍ തിലകവും തമ്മില്‍ സ്വഭാവ വിശേഷത്തില്‍ ഒട്ടേറെ സാമ്യം. പുള്ളിക്കാരന്‍ വന്ന് ആദ്യം പറഞ്ഞത്, പെണ്‍വാണിഭത്തെക്കുറിച്ചാണ്. ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ അത് കേസെടുക്കേണ്ട കുറ്റമത്രെ. അടുത്തതായി പറഞ്ഞത് സാരിയുടെ വിലയെക്കുറിച്ച്. അനുഭവമാണല്ലോ പലര്‍ക്കും ഗുരുനാഥന്‍. ആര്‍ ബാലകൃഷ്ണപിള്ള എന്ന നേതാവ് സ്വന്തം ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരി ഒരു വലിയ അഴിമതിക്കേസിന്റെ തുമ്പായി മാറിയിരുന്നു. അതുതാനല്ലേ ഇതുമെന്ന് തോന്നാം. വര്‍ണ്യത്തിലാശങ്ക. ഉല്‍പ്രേക്ഷയാണ്. നമ്മുടെ ജനപ്രതിനിധികള്‍ക്കൊക്കെ ഇത്ര വലിയ സാംസ്കാരികനിലവാരം പാടുണ്ടോ, അതിന് പരിധി നിശ്ചയിക്കേണ്ടതല്ലേ എന്നൊക്കെ ഗണേശ്കുമാറിനെ കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. കാണുമ്പോള്‍ ആ തോന്നല്‍ മാറും. അച്ഛന് പെരുന്തച്ചന്‍ കോംപ്ളക്സുണ്ടോ എന്ന് ചോദിക്കുമ്പോള്‍, 'ഉണ്ടില്ല' എന്നു മറുപടിപറയുന്നതാണല്ലോ തറവാട്ടുമഹിമ. ആട്ടുന്നവനെ നെയ്യാന്‍ ഏല്‍പ്പിക്കാം. ആടുന്നവനെ നേരെ നിര്‍ത്താന്‍ നോക്കരുത്.

*
അബ്ദുള്ളക്കുട്ടി നന്നെ ചെറുപ്പത്തിലേ മദ്രസ പഠനത്തിന് പോയിരുന്നെന്ന് പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ് പത്രം എ എ ഷുക്കൂര്‍ മതപഠനം നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല-ഡൊമിനിക് പ്രസന്റേഷന്‍ സണ്‍ഡേ സ്കൂളില്‍ പോയിട്ടുണ്ടോ എന്നുമില്ല. ചെറുപ്പത്തിലല്ലാതെ പ്രായപൂര്‍ത്തിയായാല്‍ ആരെങ്കിലും മദ്രസയില്‍ പഠിക്കാന്‍ പോകുന്നുണ്ടോ എന്നും വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ മകനെ പള്ളിമുക്രിയാക്കണമെന്നാഗ്രഹിച്ചതാണ് അബ്ദുള്ളക്കുട്ടിയുടെ മഹത്തായ ജീവചരിത്രത്തിന്റെ തുടക്കമത്രെ. നാളെ പാലായിലോ കോട്ടയത്തോ ഇതേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടിവന്നാല്‍, മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തുനോക്കാം. ഇതാണ് മഹത്തായ മതേതര പാര്‍ടിയുടെ തെരഞ്ഞെടുപ്പുമുഖം.

Sunday, November 1, 2009

ഇരട്ടത്താപ്പ്

മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനമെടുത്തത് വി എം സുധീരനായിരുന്നെങ്കില്‍ നമ്മുടെ പത്രങ്ങള്‍ എങ്ങനെ വാര്‍ത്ത എഴുതുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമാണ്. പണ്ട് എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ എഴുതിയതു കണ്ടിട്ടില്ലേ. അതേ നിരോധനം എല്‍ഡിഎഫ് സര്‍ക്കാരാണു കൊണ്ടുവന്നതെങ്കില്‍, വിദേശ മദ്യമാഫിയക്കുവേണ്ടി, അബ്കാരി ലോബിക്കുവേണ്ടി പാവപ്പെട്ടവന്റെ ചാരായംകുടി മുട്ടിച്ചു എന്ന് പറയുമായിരുന്നു. അതേ മാനസികാവസ്ഥയാണ്, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നവരുടേതും. മാന്യമായ ശമ്പളവും സ്വകാര്യ പ്രാക്ടീസില്ലാതെ വരുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചാണ് ശ്രീമതി ടീച്ചര്‍ നിരോധനം കൊണ്ടുവന്നത്. അത് സഹിക്കാതെ ഒരു മാന്യന്‍ ചോദിക്കുന്നത്, 'എലിയെ പേടിച്ച് ഇല്ലം ചുടണോ' എന്നാണ്.

ഇരട്ടത്താപ്പുകളുടെ കാലമാണിത്.

കണ്ണൂരിലേക്ക് നോക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയടക്കമുള്ളവര്‍ മറ്റു മണ്ഡലത്തില്‍നിന്ന് വോട്ടുമാറ്റി കണ്ണൂരിലെത്തിയതില്‍ ആര്‍ക്കും പരിഭവവുമില്ല; പരാതിയുമില്ല. ഇരുപത്തിരണ്ടായിരം 'ഇറക്കുമതിവോട്ട്' സിപിഐ എം ചേര്‍ത്തുവെന്നാണ് ആദ്യം സുധാകരന്‍ പറഞ്ഞത്. വെള്ളം കൂട്ടാതെ അത് എഴുതിയ മനോരമയും മാതൃഭൂമിയും ആ കണക്ക് കുറച്ചുകുറച്ച് ഇപ്പോള്‍ മുന്നൂറിലെത്തിച്ചിരിക്കുന്നു. 1.33 ലക്ഷം വോട്ടര്‍മാരുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നൂറുപേര്‍ യഥാര്‍ഥ വോട്ടര്‍മാരല്ലെന്നാണ് പരാതി! കേസെടുക്കും, എടുത്തു, ബൂത്തില്‍ കയറ്റില്ല, കയറ്റിയാലും നേരെ ജയലിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ എല്ലാ ദിവസവും വാര്‍ത്തയെഴുതിയവര്‍ ഇപ്പോള്‍ പറയുന്നത്, ഇനി കേസൊന്നുമുണ്ടാകില്ല, തെരഞ്ഞെടുപ്പ് ഹര്‍ജിമാത്രമേ നടക്കൂ എന്നാണ്. നുണ എഴുതാനും ആവര്‍ത്തിക്കാനും മാത്രമല്ല, തലേന്ന് എഴുതിയത് അപ്പാടെ വിഴുങ്ങാനും മടിയില്ലാതായിരിക്കുന്നു മാധ്യമ കുലോത്തമന്മാര്‍ക്ക്.

*
കീമോതെറാപ്പി എന്നു പറഞ്ഞാല്‍ കൂടിയ മരുന്നുകൊടുത്തുള്ള ചികിത്സ എന്നേ അര്‍ഥമുള്ളൂ. അര്‍ബുദത്തിന് ചികിത്സിക്കുമ്പോള്‍ ഓപ്പറേഷന്‍, റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിങ്ങനെയുള്ള മൂന്നിനം ഒറ്റയ്ക്കോ കൂട്ടായോ പ്രയോഗിക്കുന്നു. നമ്മുടെ ഭാ.ജ.പായ്ക്ക് അര്‍ബുദമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി ശസ്ത്രക്രിയയോ കീമോതെറാപ്പിയോ വേണ്ടതെന്ന് തീരുമാനിക്കാം. ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ അരുതാത്തതു വല്ലതും സംഭവിക്കുമോ എന്നും ഭയപ്പെടണം. കര്‍ണാടകത്തില്‍നിന്ന് വരുന്ന വാര്‍ത്തകണ്ടിട്ട് ലക്ഷണം മോശമാണ്. ആകെ മരുന്നിനുവച്ചപോലെയുള്ള ഒന്നാണ് ദക്ഷിണേന്ത്യയില്‍ കര്‍ണാടകം. അവിടെ വിമതപ്പോരാളികളുടെ അന്തിമയുദ്ധം നടക്കുന്നു. ഭാജപായുടെ ഗതികേടിനെക്കുറിച്ച് ഒന്നു വിലപിക്കാന്‍പോലും ആളില്ലാതായിരിക്കുന്നു.

*
ശതമന്യുവിന്റെ ഭാഷ മോശമായി എന്ന് ആര്‍ക്കും പരിഭവം വേണ്ട. ഹസ്സന്‍ ചേളാരി എന്ന നല്ല മനുഷ്യന്‍ നല്ല ഭാഷയില്‍ നല്ല ആഴ്ചപ്പതിപ്പായ മാതൃഭൂമിയില്‍ എഴുതിയ നല്ലകാര്യങ്ങളില്‍ ചിലത് നല്ല മനസ്സുണ്ടെങ്കില്‍മാത്രം വായിച്ചാലും. -വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിന്റെ വൈദഗ്ധ്യത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയാണ്. വണ്ടിച്ചെക്ക് കേസുകളും വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസുകളുംമൂലം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പൊതുജനപ്രീതിയും സഹതാപവും പിടിച്ചുപറ്റാന്‍ എഴുതിയ 'ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നത്' (ലക്കം 87:31) സംഭവങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല. -വണ്ടിച്ചെക്കുകളാല്‍ വേട്ടയാടിയും ജയില്‍വാസം ഭയന്നും കടംപെരുകിയും വിവാദങ്ങള്‍ കൊഴുത്തും ആടി ഉലയുന്ന തനിക്കും ചാനലിനുംവേണ്ടി മുന്‍കൂറായി ഒരു രക്തസാക്ഷിയുടെ പരിവേഷം മുനീര്‍ സ്വയം എടുത്തണിയുന്നു. ഒരു ശതമാനത്തില്‍ താഴെമാത്രം ഓഹരി പങ്കാളിത്തമുള്ള ചാനല്‍ ഒരു സ്വന്തം സാമ്രാജ്യംപോലെ ഇതുവരെ കൊണ്ടുനടന്നത് ഭാവിയില്‍ സാധിച്ചില്ലെങ്കിലോ എന്ന ആശങ്ക. -മാരുതി 800 സ്വയം ഓടിച്ച് ചേളാരിയിലെ എന്റെ വീട്ടിലെത്തി വികാരവിവശനായി പറഞ്ഞു.

'കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത് ഹൈജാക്ക് ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും. ഞാന്‍ യത്തീമാണ്. ഹസ്സന്‍ക്ക, എന്നെ കൈവിടരുത്''. മുനീര്‍ എന്നെ ആലിംഗനംചെയ്തു പൊട്ടിക്കരഞ്ഞു. -

യഥാര്‍ഥ നിക്ഷേപകരില്‍നിന്ന് മൂലധനം സമാഹരിക്കുന്നതിനുപകരം പിഡബ്ള്യുഡി കരാറുകാരില്‍നിന്ന് വന്‍ തുക വാങ്ങാനായിരുന്നു ചെയര്‍മാന്റെയും സില്‍ബന്ധിയുടെയും ശ്രമം. ഒരു എക്സിക്യൂട്ടീവ് എന്‍ജിനിയറെ സ്ഥലം മാറ്റാന്‍ അന്നത്തെ വിപണിവില 40 ലക്ഷം രൂപയായിരുന്നുവത്രെ. കൈക്കൂലിപ്പണം വെളുപ്പിക്കാനുള്ള ഒരു ഇടനിലക്കാരനായി തരംതാഴാന്‍ ആത്മാഭിമാനവും മനസ്സാക്ഷിയും കുടുംബപാരമ്പര്യവും എന്നെ അനുവദിച്ചില്ല. മന്ത്രി, എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവരുടെ അവിഹിത കൂട്ടുകെട്ടുമൂലം നമ്മുടെ നിരത്തുകളില്‍ പിടഞ്ഞുമരിക്കുന്നവരുടെ ദൈന്യതയാര്‍ന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. മാധ്യമപ്രവര്‍ത്തനം മാത്രമല്ല മാധ്യമവ്യവസായംപോലും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് കരുതിപ്പോരുന്ന എന്നെപ്പോലൊരാള്‍ക്ക് നോട്ടുകെട്ടുകളുമായി ഇടനിലക്കാരെ തേടി നടക്കുന്ന കരാറുകാരുമായി ഇടപഴകാന്‍ ഏറെ പരിമിതികളുണ്ടായിരുന്നു. -മുനീറിന്റെ ശക്തിയും ഗുണവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, അദ്ദേഹത്തിന് ഏറെ ദൌര്‍ബല്യങ്ങളുമുണ്ട്. ഏത് ആള്‍ക്കൂട്ടത്തില്‍നിന്നും തിരിച്ചറിയാനുതകുന്ന ആകാരസൌഷ്ഠവം, മുഴക്കമുള്ള ശബ്ദം, ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതബോധം എന്നിവയൊക്കെ അനുകൂല ഘടകങ്ങളാണ്. സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കമില്ലായ്മ, ആഡംബരത്തോടുള്ള അടങ്ങാത്ത അത്യാര്‍ത്തി, ചഞ്ചലമായ മനസ്സ്, നിശ്ചയദാര്‍ഢ്യമില്ലായ്മ, അടുത്തറിയുന്നവര്‍ക്ക് മാത്രമറിയുന്ന ഇരട്ടമുഖം, പേരിനും പ്രശസ്തിക്കുമുള്ള തീര്‍ത്താല്‍ തീരാത്ത കൊതി എന്നിവയൊക്കെ പ്രതികൂലഘടകങ്ങളാണ്. -

സാമ്പത്തിക അരാജകത്വംമൂലം കേരളത്തിലെ വിവിധ കോടതികളിലായി മുനീറിനെതിരെ കേസുകള്‍ നടക്കുന്നുണ്ട്. എന്തിനധികം, സ്വന്തം പാര്‍ടി പ്രസിഡന്റായ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ പുത്രീഭര്‍ത്താവിന് ഹസീബ് തങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് തിരൂര്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇങ്ങനെ നാണക്കേടിന്റെ കഥകള്‍മാത്രം പറയുന്ന എത്രയെത്ര സംഭവങ്ങള്‍. എന്നിട്ടും സ്വന്തം ദൌര്‍ബല്യങ്ങളെ- വണ്ടിച്ചെക്കുകളെ നിര്‍ലജ്ജം വ്യാഖ്യാനിച്ച് ന്യായീകരിച്ചിരിക്കുന്നു. താന്‍ ചെയര്‍മാനായ ചാനലില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മുനീര്‍ എടുത്തുപയോഗിക്കുന്ന സൂത്രവിദ്യയാണ് അഭിനയക്കരച്ചില്‍. ശിഹാബ് തങ്ങള്‍ മാന്ത്രികവിദ്യ നടത്തി ആളെ മയക്കുകയാണെന്ന് ചാനല്‍ വാര്‍ത്തയാക്കിയത് വിവാദമായപ്പോള്‍ തിരുവനന്തപുരത്തുനിന്ന് കാറെടുത്ത് പാണക്കാട്ടെത്തി പൊട്ടിക്കരഞ്ഞു മാപ്പുചോദിച്ചു.

സമാനമായ സംഭവങ്ങള്‍ നിരവധിയുണ്ട്. -ഇന്ത്യാവിഷനുവേണ്ടി എം കെ മുനീര്‍ മന്ത്രിയായിരിക്കെ തിരൂരിലെ ഹസീബ് തങ്ങള്‍, ആലുവയിലെ ഡോ. ബാബു എന്നിവര്‍ മുഖേന സൌദി പൌരനായ ഖാലിദ് അല്‍ റൈസില്‍നിന്ന് രണ്ടു മില്യന്‍ ദിര്‍ഹം (ഏതാണ്ട് രണ്ടരക്കോടി രൂപ) കൈപ്പറ്റി വിദേശപൌരനെ കബളിപ്പിച്ചതായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ്' ദിനപത്രം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ അക്കാര്യം മുനീര്‍ നിഷേധിച്ചതായി അറിവില്ല. ഇതുപോലെ ക്രമരഹിതവും ഞെട്ടിപ്പിക്കുന്നതുമായ സാമ്പത്തിക ഇടപാടുകളുടെ വികൃതമുഖം ഇനിയും വെളിപ്പെടുത്താനുണ്ട്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും.

*
ഇന്ത്യാ വിഷനിലെ പ്രമാണിമാര്‍ വരുമാനമില്ലാഞ്ഞ് മാങ്ങ തിന്നുജീവിക്കേണ്ടിവന്നുവെന്ന് അഭിനവ വക്കം മൌലവി മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചക്ക തിന്നാണ് ജീവിച്ചതെന്ന് അഭിനവ സ്വദേശാഭിമാനി മലയാളം വാരികയിലും അവകാശപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ചക്കയാണോ മാങ്ങയാണോ എന്ന് ശതമന്യുവിന് സംശയം വരുന്നു. വിഡ്ഢികളുടെ ഹൃദയം അവന്റെ നാവിലും ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിലുമാണെന്ന് ഫ്രാന്‍സ് ക്വാര്‍ലെ പറഞ്ഞതു പ്രകാരമാണ് മുനീര്‍ മുതലാളി വണ്ടിച്ചെക്കുകള്‍ ഇഷ്യൂ ചെയ്തത്. വിഡ്ഢികളുടെ പണം മുനീറിന്റെ ചാനലിലും ബുദ്ധിമാന്റെ വണ്ടിച്ചെക്കുകള്‍ മറ്റവരുടെ മേശവലിപ്പിലും. നിസ്സഹായതയുടെയും ദൈന്യതയുടെയും അര്‍ഥതലമാണത്രേ വണ്ടിച്ചെക്കുകള്‍ക്ക്. വണ്ടിച്ചെക്ക് കേസ് കൈകാര്യംചെയ്യുന്ന കോടതികള്‍ മുനീര്‍ സിദ്ധാന്തം പിന്‍പറ്റേണ്ടതാണ്.

"ചാനലിനായി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്കുകള്‍ നല്‍കി. അവര്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ, ഞാന്‍ വിശ്വസിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഓരോ വക്കീല്‍ നോട്ടീസ് കൈപ്പറ്റുമ്പോഴും ഞാന്‍ ഓര്‍ത്തു പോകുന്നു....''

വണ്ടിച്ചെക്ക് നല്‍കുന്നതല്ല, അതുമായി കോടതിയില്‍ പോകുന്നതും വക്കീല്‍ നോട്ടീസ് അയക്കുന്നതുമാണ് ചതിയെന്ന് പറയാന്‍ ഈ മാധ്യമ മുതലാളിക്കേ കഴിയൂ. മുനീര്‍ ചെക്കു നല്‍കിയാല്‍ അത് ഭദ്രമായി മേശയിലോ അലമാരിയിലോ വച്ച് പൂട്ടുക. പണം മടക്കി ചോദിച്ചിട്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ചെക്ക് മുനീറിനെ ഏല്‍പ്പിച്ച് കാല്‍ക്കല്‍ വീണ് പണം കൊടുത്ത കുറ്റത്തിന് മാപ്പു ചോദിക്കുക. അതല്ലാതെ, വണ്ടിച്ചെക്കുമായി കോടതിയില്‍ പോവുക, മുനീറിന്റെ വീട്ടിലേക്ക് വക്കീല്‍ നോട്ടീസയക്കുക, കേസില്‍ ശിക്ഷിക്കുക, അത് വാര്‍ത്തയാക്കുക- ഇതൊക്കെ വന്‍ചതിയാണ് കൂട്ടരേ...

വാല്‍ക്കഷണം:

സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ കുമ്പസാരം മാത്രമാണ്, ഏറ്റുപറയാനുള്ള ധൈര്യമാണ് പൊളിറ്റ് ബ്യൂറോ കാണിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി വാര്‍ത്ത കാണുന്നു. രമേശ് ചെന്നിത്തല തെറ്റൊന്നും തിരുത്തേണ്ട. ഒന്ന് കുമ്പസരിച്ചാലോ? വേണ്ട. അത്തരം കാര്യങ്ങളൊന്നും എഴുതാന്‍ പറ്റില്ല-പിന്നെയും വരും ശതമന്യുവിന്റെ ഭാഷയെക്കുറിച്ച് പരാതി; ഉള്ളതുപറയുക എന്നാല്‍ എന്തും പറയാനുള്ള ലൈസന്‍സല്ലല്ലോ. കുട്ടികളും സ്ത്രീകളുമൊക്കെ വായിക്കുന്ന പത്രമല്ലേ.