Sunday, August 29, 2010

സുബ്ബയുടെ പാര്‍ടി

ഓണവും ഓണാഘോഷവും കഴിഞ്ഞു. എന്നിട്ടും രണ്ടുകാര്യമാണ് ബാക്കിനില്‍ക്കുന്നത്. ഒന്ന്, സബ്‌സിഡി നിരക്കിലുള്ള അവശ്യസാധന വിതരണം. രണ്ട്, കോണ്‍ഗ്രസിലെ തമ്മിലടി. ഉണ്ണികളെ കണ്ടാല്‍ ഊരിലെ പഞ്ഞം അറിയാം. യൂത്തിനെ കണ്ടാല്‍ മൂത്തതിന്റെ അവസ്ഥ മനസിലാക്കുകയുമാവാം.

എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതും പറയിക്കുന്നതുമല്ല കോണ്‍ഗ്രസ്. അത് ഒരു വല്ലാത്ത സാധനമാണ്. മാര്‍ക്സിസ്റ്റുകാര്‍ രാപ്പകല്‍ കഷ്ടപ്പെട്ട്, നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട്, മഴയും വെയിലുംകൊണ്ട് സമരംചെയ്ത്, പെന്‍ഷനും സഹായങ്ങളും വീടും ആടും കോഴിയുമെല്ലാം അര്‍ഹതയ്ക്കൊത്ത് നേടിക്കൊടുത്ത ശേഷമാണ് വോട്ടുചോദിച്ച് ചെല്ലുക. കോണ്‍ഗ്രസിനാകട്ടെ, അമ്മാതിരി അധ്വാനമൊന്നും പണ്ടേ ഇഷ്ടമല്ല. ആര്‍ക്കെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ഖദറിട്ട നേതാക്കളുടെ വീട്ടിലേക്ക് ചെന്നാല്‍ മതി. സഹകരണ ബാങ്കിലെ ലോണ്‍ പാസാക്കുന്നതുമുതല്‍ റവന്യൂ റിക്കവറിക്ക് ഗഡുക്കള്‍ അനുവദിപ്പിക്കുന്നതുവരെയുള്ള സേവനങ്ങള്‍ ആവശ്യാനുസരണം ചെയ്തുകൊടുക്കപ്പെടും. എല്ലാറ്റിനും നിശ്ചിത നിരക്കുണ്ടെന്നുമാത്രം. മരണത്തിനും കല്യാണത്തിനും മാമോദീസാ മുക്കലിനും തിരണ്ടുകല്യാണത്തിനും കഞ്ഞിമുക്കി വടിപ്പരുവമാക്കിയ ഖദര്‍ കുപ്പായവുമിട്ട് വെളുക്കെച്ചിരിച്ച് വരുന്നതാണ് ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അങ്ങനെ നടന്നാല്‍ മതി. വീടുകയറേണ്ട, കത്തുകൊടുക്കേണ്ട, വോട്ടുചോദിച്ച് സ്ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ട, വോട്ടര്‍മാരുടെ കണക്കെടുക്കേണ്ട. ഇതെല്ലാം ചെയ്യുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് കിട്ടുന്നപോലെ കോണ്‍ഗ്രസിനും വോട്ടുകിട്ടും; അധികാരവും കിട്ടും.

ഈ രാഷ്ട്രീയവും ഇതിന്റെ രഹസ്യവും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നല്ലതുപോലെ അറിയാം. മാര്‍ക്സിസ്റ്റുകാര്‍ ദേശാഭിമാനിയിലൂടെ ഒരു ഗോള്‍ അടിച്ചാല്‍ ഒരു ഡസന്‍ ഗോള്‍ തിരിച്ചടിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, ഏഷ്യാനെറ്റുണ്ട്, ഇന്ത്യാ വിഷനുണ്ട്-അവയുടെ അനുസാരികള്‍ അനേകമുണ്ട്. മതനിരപേക്ഷത പറഞ്ഞ് പിടിക്കുന്ന വോട്ടിനേക്കാള്‍ കിട്ടും ജാതിയും മതവും പറഞ്ഞാല്‍. ഒരുഭാഗത്ത് പാണക്കാട്ടെ ലീഗ്. ചവിട്ടിക്കൊല്ലലും കൈവെട്ടുമടക്കമുള്ള മതനിരപേക്ഷ പ്രവര്‍ത്തനങ്ങളുടെ മൊത്തവ്യാപാരം ഇപ്പോള്‍ അവിടെയാണ്. മറുവശത്ത് കുഞ്ഞാട് കോണ്‍ഗ്രസ്. മലയോരത്ത് ഒരു ഞെട്ടില്‍ രണ്ടില മതി എന്നും കുതിരപ്പുറത്തേറിയവര്‍ ഇങ്ങ് പോരട്ടെയെന്നും വിശുദ്ധ പിതാക്കന്മാര്‍ കല്‍പ്പിച്ചാല്‍ പ്ളാവിലയ്ക്കുപിന്നാലെ വരിവരിയായി പോകുന്ന കുഞ്ഞാടുകള്‍. ഹിന്ദുത്വ വോട്ടാണെങ്കില്‍ തരംതിരിച്ച് ചാക്കിലാക്കി ഗോഡൌണില്‍ വച്ചിരിക്കയാണ്. ലേലത്തിന്റെ സമയമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. ഇങ്ങനെ പണമുണ്ടെങ്കില്‍ വാങ്ങാവുന്നതേയുള്ളു വോട്ടുകളെന്നിരിക്കെ, ജനസേവനം നടത്തി വോട്ടുനേടാമെന്നു കരുതുന്ന മാര്‍ക്സിസ്റ്റുകാരെ ആരു വിലവയ്ക്കാന്‍!

മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ സമ്മേളനം നടത്തുന്നതും വിമര്‍ശവും സ്വയം വിമര്‍ശവും നടത്തുന്നതും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമെല്ലാം ശുദ്ധ ഭോഷ്കുതന്നെ. അങ്ങനെ വല്ലതും കോണ്‍ഗ്രസിലുണ്ടോ? സമ്മേളനം എന്നു പറഞ്ഞാല്‍ ആള്‍ക്കൂട്ടം. വിമര്‍ശം എന്നു പറഞ്ഞാല്‍ എതിര്‍ഗ്രൂപ്പുകാരനെതിരായ പഴിപറച്ചില്‍. ഭാരവാഹി തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഹൈക്കമാന്‍ഡ് തൊട്ടുകാട്ടുന്നയാളെ വാഴിക്കല്‍. ജനാധിപത്യം എന്നാല്‍ കരിമീന്‍, താറാവ്, കണമ്പ്, ആറ്റുകൊഞ്ച്, കണവ തുടങ്ങിയ വിഭവങ്ങള്‍ സ്വാദിഷ്ടമായി ആരുണ്ടാക്കുന്നുവോ അയാളില്‍ ഹൈക്കമാന്‍ഡ് കനിഞ്ഞാലുണ്ടാകുന്ന ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പു മാറ്റിവച്ചതില്‍ ആര്‍ക്കുമാര്‍ക്കും കുണ്ഠിതം വേണ്ടതില്ല എന്നര്‍ഥം. ഡിസിസികള്‍ വീതിക്കാന്‍ ആകാഞ്ഞപ്പോഴാണ് പാര്‍ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് കര്‍ട്ടന്‍ വീണത്. യൂത്തിന്റെ കാര്യത്തില്‍ ഉ ഗ്രൂപ്പും ചെ ഗ്രൂപ്പും തമ്മിലാണ് നേരിട്ടു പോര്. കള്ള മെമ്പര്‍ഷിപ്പുമുതല്‍ കാലുവാരലും ചാക്കിട്ടുപിടിത്തവും എന്നുവേണ്ട പറയാന്‍ കൊള്ളാത്ത പലപല പരിപാടികളുമാണ് അരങ്ങേറുന്നതത്രെ. പഴയ എ ഗ്രൂപ്പാണ് താന്‍ നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തന്റേത് അതിവിശാലമായ ഐ ഗ്രൂപ്പാണെന്ന് ചെ ഗ്രൂപ്പ് നായകന്‍ ചെന്നിത്തല. രണ്ടും പോക്കാണ്, ഞങ്ങളാണ് മാന്യരെന്ന് മൂന്നാം ചേരി. യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ നായകന് ഇപ്പോള്‍ ഐയുമില്ല, എയുമില്ല-അയ്യയ്യേ അവസ്ഥയാണ്. അത്താഴപ്പഷ്ണിയുമായി ഉമ്മറപ്പടിക്കല്‍ വിളി കാത്ത് പഴയ 'മു'ഗ്രൂപ്പ് കിടക്കുന്നു. 'അമ്മാ വല്ലതും തരണേ..'എന്ന ദീനവിലാപമാണ് കേള്‍ക്കുന്നത്.

ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. സംഘടനാ തെരഞ്ഞെടുപ്പിന് അടുത്തൊന്നും സമയം കിട്ടുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍തന്നെ വെറുതെ അതിന് സമയം കളയേണ്ട കാര്യമെന്ത്? ഹൈക്കമാന്‍ഡിന്റെ ആധിപത്യത്തിനപ്പുറം എന്തിന് ജനാധിപത്യം. അഥവാ അങ്ങനെ വല്ലതും വേണമെങ്കില്‍ മിടിമിടുക്കന്മാരായ ഇവന്റ് മാനേജ്മെന്റ് കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോരെ. ബിജെപിക്ക് പതിനഞ്ചുകൊല്ലത്തെ വൈറ്റ് വാഷ് നടത്തിക്കൊടുക്കാന്‍ കരാറെടുത്തത് ഏഷ്യാനെറ്റിന്റെ തലവനാണ്. അതുപോലെ വല്ല തലയും വാടകയ്ക്കെടുത്താല്‍ ജനസമ്പര്‍ക്കം അവരങ്ങ് നടത്തിക്കൊള്ളും.

*
കോണ്‍ഗ്രസിന്റെ പുതിയ മുഖത്തെക്കുറിച്ച് അറിയാത്തവരാണ് സംഘടനാ തെരഞ്ഞെടുപ്പ്, ജനാധിപത്യം എന്നെല്ലാം പറഞ്ഞ് നേരം കൊല്ലുന്നത്. ഈ നാട് തീരെ നന്നാകുമെന്ന് തോന്നുന്നില്ല. ഒരുപാട് വയസ്സുള്ള പാര്‍ടിയാകുമ്പോള്‍ പുതിയ മുഖമാണ് വേണ്ടത് പീതാംബരക്കുറുപ്പിനെപ്പോലെ കുറ്റിത്താടിയും വലിയ ഒച്ചയുംകൊണ്ട് നടന്നാല്‍ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല. അമ്പതുകഴിഞ്ഞാലും യുവത്വം തുടിക്കണം. അത് മീശവടിച്ചും തൊലി മിനുക്കിയും കുര്‍ത്തയിട്ടുമൊന്നുമല്ല, പ്രവൃത്തിയിലൂടെയാണ് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത്. ശശി തരൂരിനെ നോക്കൂ. ആര്യാടന്‍ മുഹമ്മദിന്റെ പാര്‍ടിയില്‍ തന്നെയോ ഈ മനുഷ്യന്‍ എന്ന് ചിന്തിച്ചുപോയാല്‍ അത് കുറ്റമാണോ? ഒന്നും കെട്ടും മൂന്നും കെട്ടും എന്ന് പണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഒന്നില്‍കൂടുതല്‍ വിവാഹം ആകാമെന്നത് ആ നിലയ്ക്ക് യുഡിഎഫിന്റെ നയംതന്നെയാണ്. ഈയിടെ ഉണ്ണിത്താന്‍ ഒരാശ്വാസക്കെട്ടു നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നാട്ടില്‍ പിടിയിലായി. അന്ന് ഉണ്ണിത്താനെതിരെ പറഞ്ഞത് മോശമായിപ്പോയെന്നും വേണ്ടപ്പോഴെല്ലാം കെട്ടാനുള്ള സ്വാതന്ത്ര്യം പൌരന്റെ മൌലികാവകാശമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. മറ്റെവിടെ പിടിച്ചാലും മൌലികാവകാശത്തില്‍മാത്രം പിടിക്കാന്‍ പാടില്ല. അതുകൊണ്ട് ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ശശി തരൂര്‍ പുഷ്കര ഗ്രാമത്തില്‍നിന്ന് മലയാളത്തിന്റെ വധുവായി വിയര്‍പ്പിന് കോടികള്‍ വിലയുള്ള സുനന്ദ മാഡത്തെ പാലക്കാട്ടുനിന്ന് ഹെലികോപ്റ്റര്‍ വഴി ഗുരുവായൂരിലെത്തിച്ച് അവിടെനിന്ന് കോയമ്പത്തൂര്‍ വഴി ആകാശമാര്‍ഗേ അനന്തപുരിയിലെ ചാനല്‍ക്യാമറയ്ക്കുമുന്നിലെത്തിച്ചതും തെറ്റുമല്ല; കുറ്റവുമല്ല.

മൂന്നാം കല്യാണത്തിന്റെ രണ്ടാം റിസപ്ഷന്‍ ഏഷ്യാനെറ്റ് ലൈവായി കാണിച്ചിരുന്നില്ലെങ്കില്‍ അനന്തപുരിയിലെ വോട്ടര്‍മാര്‍ കുഴങ്ങിപ്പോകുമായിരുന്നു. മലയാളത്തിന്റെ മരക്കവയിത്രി യുവമിഥുനങ്ങളെ ആശ്ളേഷിച്ച് ആശീര്‍വദിക്കുന്നത് കണ്ട് മനം കുളിര്‍പ്പിക്കാന്‍ അവസരമൊരുക്കിയ ഏഷ്യാനെറ്റ് നീണാള്‍ വാഴട്ടെ. അത്യന്താധുനിക രീതികളോടും സംസ്കാര സമ്പന്നതയോടും പൊരുത്തപ്പെട്ടു പേകാന്‍ കഴിയാത്തവരാണ് മൂന്നാം കെട്ട്, മൂരാച്ചിത്തരം എന്നെല്ലാം പറയുന്നത്. കെട്ട് എത്രാമത്തേതാണെന്നോ കൊട്ടും കുരവയുമിടേണ്ടത് വധൂവരന്മാരുടെ കെട്ടുപ്രായമായ മക്കളാണെന്നതോ ആഗോളവല്‍കൃത കാലത്ത് ഒരു പ്രശ്നമല്ല. അതൊക്കെ സ്വകാര്യം; വ്യക്തിപരമായ കാര്യം.

ചെങ്കല്‍ചൂളയിലെ പാവങ്ങള്‍ക്ക് ശിവന്‍കുട്ടിയോട് ദേഷ്യപ്പെടാം. ആ പാവം ഇടയ്ക്കിടെ അങ്ങോട്ട് ചെല്ലുന്നുണ്ടല്ലോ. സ്വന്തം പാര്‍ലമെന്റംഗത്തെ കാണണമെങ്കില്‍ ഇനി ബാഴ്സലോണയില്‍ പോകേണ്ടിവരും. ബാഴസലോണയ്ക്ക് തിരുവനന്തപുരത്തോട്ട് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല. കുമരകത്ത് കൊളംബിയക്കാരിയെയും കൊണ്ടുവന്ന് വിശ്രമവേളകളെ ഉല്ലാസപ്രദമാക്കിയ യൂവനേതാവിന്റെ യുവത്വം തുടിക്കുന്ന അനുയായിക്ക് വിയര്‍പ്പിന് വിലയുള്ള മൂന്നാം ഭാര്യയുണ്ടാകുന്നതില്‍ ഒരുതരത്തിലുമുള്ള മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഉയരേണ്ടതില്ല. എതിര്‍ക്കുന്നവര്‍ അപരിഷ്കൃതര്‍.

ഇനി വിയര്‍പ്പിന്റെ വിലയുടെ കാര്യത്തിലാണോ എതിര്‍പ്പ്? അതു തീരെ വേണ്ട. വിയര്‍പ്പിന്റെയല്ല, ഒരു ശ്വാസത്തിനുപോലും വമ്പന്‍ വിലയുള്ള മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസുകാരനാണല്ലോ. നേപ്പാളില്‍ കൊലപാതകക്കേസില്‍ അകത്തായപ്പോള്‍ ജയിലുചാടി അതിര്‍ത്തികടന്ന് അസമിലെത്തിയ മണിരാജ് ലിംബോ ഒരു സുപ്രഭാതത്തില്‍ ഖദറിട്ട് കോണ്‍ഗ്രസായി. മണികുമാര്‍ സുബ്ബയായി. എംഎല്‍എയായി, എംപിയായി. എളിയ നിലയില്‍ ഭാഗ്യക്കുറി നടത്തി പണിതുടങ്ങിയ സുബ്ബ കാണെക്കാണെ കോണ്‍ഗ്രസിന്റെ ഭാഗ്യതാരകമായി. ഇപ്പോള്‍ സുബ്ബയെ കാണാനില്ല. അസം പൊലീസ് നാലുപാടും പായുന്നു. കോടതി വാറന്റിറക്കുന്നു. ചെറിയ കുറ്റമേ ചെയ്തിട്ടുള്ളൂ-ഒരു ബലാത്സംഗം. മെഡിക്കല്‍ പരിശോധനയില്‍ സംഗതി തെളിഞ്ഞു. അസം ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതോടെ സുബ്ബ എന്ന ലിംബോ മുങ്ങി. ഏതെങ്കിലും മന്ത്രിവസതിയിലോ സാക്ഷാല്‍ ഹൈകമാന്‍ഡിന്റെ അകത്തളത്തിലോ കാണും. ഒരു ബലാത്സംഗം ചെയ്തത് അത്രവലിയ തെറ്റോ എന്ന് ചോദിച്ച് സുബ്ബയ്ക്കുവേണ്ടിയും രംഗത്തിറങ്ങട്ടെ സാംസ്കാരിക സദാചാര നായകര്‍.

*
സുബ്ബയുടെയും തരൂരിന്റെയും കോണ്‍ഗ്രസില്‍തന്നെയാണല്ലോ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോടാലിസുധീരനും. ആഗോളവല്‍കൃതകാലത്തിന് അനുയോജ്യമായ ആ സമുന്നത സാംസ്കാരിക പ്രസ്ഥാനത്തിനാകട്ടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും.

Sunday, August 22, 2010

കുതിരസവാരിഗിരി

'ഒരുരൂപാ നോട്ടുകൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും' എന്നത് പഴയ ഭാഗ്യക്കുറിച്ചൊല്ല്. ഇപ്പോള്‍ ഒരു രൂപാപോലും കൊടുക്കാതെ കോടികളാണ് പോരുക. സംശയമുണ്ടെങ്കില്‍ വി ഡി സതീശനോടോ പി ടി തോമസിനോടോ ചോദിക്കാം. എന്തേ കേരളം അനങ്ങാത്തത്, തോമസ് ഐസക് അനങ്ങുന്നത്, അഴിമതി കണ്ടില്ലേ, കുടിശ്ശികപ്പിരിവ് നടക്കുന്നുണ്ടോ എന്നെല്ലാം ചാനലിലും പ്രസ്ക്ളബ്ബിലും കയറി ചോദിച്ചുകൊണ്ടേയിരിക്കണം. ചിലര്‍ അങ്ങനെയാണ്. എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ ഉറക്കം കിട്ടില്ല.

അങ്ങനെ പറച്ചിലിന്റെ വല്ലാത്ത അസുഖമുള്ള ആരോ കഴിഞ്ഞ ദിവസം കുതിരപ്പുറത്തു സഞ്ചരിക്കുന്നതാണ് സ്വപ്നം കണ്ടത്. കൊച്ചിവഴി കാറില്‍ പോകുമ്പോഴും കുതിരപ്പുറത്തുകയറിയാലും ഒരേ അനുഭവമാണത്രെ. അത് നല്ലതുതന്നെ. പരിസ്ഥിതി വാദം, പ്രണയം എന്നെല്ലാം പറഞ്ഞുനടക്കുന്ന കെല്‍ട്രോണ്‍ നീലാണ്ടനും കണ്ടല്‍ (കെ) സുധാകരനുമെല്ലാം അത് കണ്ട് പഠിക്കണം. എന്തൊക്കെ പ്രശ്നങ്ങളാണ് ഒറ്റയടിക്ക് പരിഹരിക്കപ്പെടുക. കുതിരപ്പുറത്ത് ഒരു ചുകന്ന ലൈറ്റുകൂടി ഫിറ്റ് ചെയ്ത് ഏമാന്‍ യാത്ര തുടങ്ങിയാല്‍, നാടിനെ അലട്ടുന്ന പെട്രോള്‍ വിലവര്‍ധന ഏശുകയേ ഇല്ല. കാറിന്റെ പുകയും കുതിരച്ചാണകവും തമ്മില്‍ തുലനം ചെയ്താല്‍ പരിസ്ഥിതിക്കിണങ്ങുന്നത് ചാണകംതന്നെ. റോഡ് പണിയുടെ പൊല്ലാപ്പ് തീരെയുണ്ടാകില്ല. കുതിരക്കെന്തിന് റബറൈസ്ഡ് റോഡും പതിബെല്ലും. നാല്‍പ്പത്തഞ്ചുമീറ്റര്‍ പാതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഇതാണ്, കഴിവുള്ളവര്‍ കസേരയിലിരിക്കണം എന്ന് പറയുന്നത്. ശബരിമല അയ്യപ്പന് കറങ്ങുന്ന കസേര ശുപാര്‍ശചെയ്ത ചങ്ങാതിക്ക് കുതിരസവാരിഗിരിഗിരി കൂട്ട്.

ഭാഗ്യക്കുറിയില്‍ തുടങ്ങി സവാരിഗിരിയിലെത്തിപ്പോയതാണ്. ലോട്ടറിയാണ് യഥാര്‍ഥ വിഷയം. തോമസ് ഐസക് കഷ്ടപ്പെട്ട് സിക്കിമിലും ഭൂട്ടാനിലും പോയി ചാക്കുകണക്കിന് ടിക്കറ്റ് തലച്ചുമടായി കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നതാണ് എന്ന് കണിശമായും തോന്നിപ്പോകും വി ഡി സതീശന്റെ പറച്ചില്‍ കേട്ടാല്‍. ഐസക് മന്ത്രിയാകുന്നതിനുമുമ്പും ഇന്നാട്ടില്‍ ലോട്ടറിയുണ്ടായിരുന്നുവെന്ന് സതീശനുമാത്രം അറിയില്ല. വാര്‍ത്ത ചോര്‍ത്തിക്കൊടുപ്പുകാരന്റെ കൂടെക്കിടന്ന് രാപ്പനിയും കുബുദ്ധിയും സ്വായത്തമാക്കിയ പി ടി തോമസിന് സതീശന്റെയത്ര മാന്യതയുടെ ആവശ്യമില്ല. ഉണ്ട ചോറിന് നന്ദികാണിക്കാന്‍ പുള്ളിക്ക് പണ്ടേ നല്ല മിടുക്കാണ്. ഗുരുനാഥന്‍ പി സി ജോര്‍ജാണോ വീരേന്ദ്രകുമാറാണോ ആവോ. രണ്ടുപേരുടെയും നിലവാരത്തിനൊപ്പം ഏതാണ്ട് എത്തിയിട്ടുണ്ട് കോണ്‍ഗ്രസിലെ ഈ യുവകോമള വൃദ്ധന്‍.

തോമസ് ഐസക്കിനെ മീശപിരിച്ച് പേടിപ്പിച്ച്, കോക്രികാട്ടി തമാശിച്ചാല്‍ ലോട്ടറി വിവാദമാകുമെന്നും അത് തെരഞ്ഞെടുപ്പിലെ ഒറ്റനമ്പറാക്കാമെന്നുമുള്ള ആശയാണ് ആശാന്‍മാരുടെ മനം നിറയെ. കുറെപ്പണം കുടിശ്ശികയുണ്ട്; പിരിച്ചെടുക്കുന്നില്ല എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെപ്പിന്നെ, അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇന്നാട്ടിലേക്ക് ലോട്ടറി വരുന്നു; തടയൂ; തടയൂ സര്‍ക്കാരേ എന്നായി. ആരുതടയണം എന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പണ്ട് സംശയമുണ്ടായിരുന്നില്ല. കേന്ദ്രം തടയണം; സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന് പലവട്ടം കത്തെഴുതി. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വന്തക്കാരെ വേലായുധാ എന്നുതന്നെ വിളിക്കണം; കരളുകണ്ടാല്‍ ചെമ്പരത്തിപ്പൂവ് എന്നുതന്നെ പറയണം.

കേന്ദ്രം നിയമം കൊണ്ടുവരുന്നു; ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ ചിദംബരവും ഭാര്യയും സ്വന്തക്കാരും വരുന്നു. എന്നിട്ടും ഐസക്കിനോടാണ് ഉമ്മന്‍ചാണ്ടിയുടെ മുറുമുറുപ്പ്. നിങ്ങള്‍ ലോട്ടറി നടത്തുന്നുണ്ട്; അതുകൊണ്ട് മറ്റു ലോട്ടറി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല എന്നാണ് കേന്ദ്രം കേരളത്തോട് പറയുന്നത്. അഥവാ സാന്റിയാഗോ മാര്‍ട്ടിന്റെയും കെന്നഡിയുടെയും കേന്ദ്രത്തില്‍ കൈ വയ്ക്കണമെങ്കില്‍ കേരളത്തിന്റെ ഭാഗ്യക്കുറി ആദ്യമങ്ങ് നിര്‍ത്തിക്കോളണമെന്ന്. അത് തല്‍ക്കാലം നടപ്പുള്ള കാര്യമല്ലെന്ന് സതീശന് നന്നായറിയാം. പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്റെ കഞ്ഞിയില്‍തന്നെ വേണമല്ലോ മണലിറക്കാന്‍. കേരളത്തില്‍ ഗവമെന്റുണ്ട്; ഭാഗ്യക്കുറി വകുപ്പുണ്ട്; പരാതിയില്ലാതെ ലോട്ടറി നടക്കുന്നുമുണ്ട്. സിക്കിമിലും നാഗാലാന്‍ഡിലുമെല്ലാം അങ്ങനെ വല്ലതുമുണ്ടോ?

*
മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.

കോണ്‍ഗ്രസ് എംപിയായിരുന്ന സുബ്ബണ്ണനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി രാജാവ്. ആ അണ്ണനുവേണ്ടിയാണ് ചിദംബരയ്യാവും ഹൈകമാന്‍ഡിലെ സകല അയ്യനണ്ണന്മാരും തുനിഞ്ഞിറങ്ങിയത്. ഇവിടെ സതീശനും പി ടി തോമസും ബഹളംവച്ചിട്ട് കാര്യമൊന്നുമില്ല. ചാക്കുകണക്കിന് ലോട്ടറിടിക്കറ്റ് കൊണ്ടുവന്ന് കേരളത്തില്‍ തള്ളുന്നവര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കണം. അല്ലെങ്കില്‍ അതിനുള്ള അധികാരം കേരളത്തിന് കൊടുക്കാന്‍ കേന്ദ്രത്തില്‍ പോയി സമ്മര്‍ദിക്കണം. അതൊന്നുംചെയ്യാതെ ദേശാഭിമാനിക്ക് അഡ്വാന്‍സ് നല്‍കിയ രണ്ടുകോടിയുടെ കഥപറഞ്ഞ് ഒറ്റനമ്പര്‍ കളി നടത്താന്‍ നോക്കിയാല്‍ സംഗതി പാളിപ്പോവുമേ.

മാത്തുക്കുട്ടിച്ചായന് പകരം വന്നയാള്‍ മിടിമിടുക്കനാണെന്നാണ് ശതമന്യു ആദ്യം കരുതിയത്. പക്ഷേ, ശകുനം നന്നല്ല. മനോരമയുടെ വരവുകണക്കില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വക വരവു ക എത്ര ക എന്ന് അളന്നു തിട്ടപ്പെടുത്തി പരസ്യപ്പെടുത്തിയാണ് മാര്‍ട്ടിനെക്കൊണ്ട് ദേശാഭിമാനിക്കഥ പറയിച്ചിരുന്നതെങ്കില്‍ പത്രാധിപ മഹാശയന്റെ മാന്യത അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞേനെ.

സിക്കിം ശിങ്കത്തിന്റെയും ഭൂട്ടാന്‍ ഡിയറിന്റെയും പരസ്യം വിളമ്പി പണം എണ്ണിവാങ്ങുന്നവരാണ് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം എന്നിരിക്കെ ദേശാഭിമാനി വാങ്ങുന്ന പരസ്യക്കൂലിക്കുമാത്രം എന്തേ ഒരയിത്തം? പരസ്യപ്പണം അഡ്വാന്‍സായി വാങ്ങിയപ്പോള്‍ അതിനെ കോഴയെന്നു വിളിച്ചവര്‍, ആ പണം തിരിച്ചുകൊടുത്തിട്ടുണ്ട് എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതില്‍ ശതമന്യുവിന് പെരുത്ത് ആശ്വാസമുണ്ട്. ദേശാഭിമാനി പരസ്യത്തിന് പണം വാങ്ങിയതിന്റെ കണക്ക് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നതില്‍ എവിടെ ന്യായം? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ പണം നിര്‍ഭയം നിരന്തരം വാങ്ങിക്കൊണ്ടേയിരിക്കുന്നവരല്ലേ “ലോട്ടറി മാഫിയയുടെ വലിയ സംരക്ഷകര്‍?

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലോട്ടറി വഴി ഒഴുകുന്ന കോടികള്‍ക്ക് നന്ദിപ്രകാശനം അവര്‍ നടത്തട്ടെ. അതിന്റെ പേരില്‍, സര്‍ക്കാര്‍ ലേബലില്‍ ലോട്ടറി ക്വട്ടേഷനെടുത്ത സുബ്ബമാരെയും മാര്‍ട്ടിന്‍മാരെയും സംരക്ഷിക്കട്ടെ. ആ പരിപാടി മറച്ചുവയ്ക്കാന്‍ തോമസ് ഐസക്കിന്റെ മുതുകില്‍തന്നെ കയറിത്തുള്ളണമെങ്കില്‍ ആ ആഗ്രഹവും നടക്കട്ടെ. ഒരു സതീശനും മറ്റൊരു പി ടി തോമസും ഒരു ചെന്നിത്തലയും പറഞ്ഞതുകൊണ്ട് തോമസ് ഐസക് അഴിമതിക്കാരനാണ് എന്ന് ആരെങ്കിലും കരുതിക്കൊള്ളുമെങ്കില്‍ അതും നടക്കട്ടെ. റോസ് ഹൌസിനു മുന്നില്‍ ചെന്ന് ആരെങ്കിലും ഓരിയിട്ടാല്‍ തെറിച്ചുപോകുന്നതാണ് ആ മൂക്ക് എന്ന് കരുതുന്നവരുടെ വിശ്വാസ സ്വാതന്ത്ര്യവും ഹനിക്കരുതല്ലോ. എല്ലാം കഴിഞ്ഞ് വിയര്‍ത്തുക്ഷീണിച്ച് വീട്ടിലേക്കു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യരുത് സതീശനും പി ടി തോമസും.

*
മുരളി നിരാഹാരമിരിക്കുന്നതില്‍ തെറ്റില്ല. ദുര്‍മേദസ്സിന് ഏറ്റവും പറ്റിയ മരുന്നുതന്നെ നിരാഹാരം. അതുപക്ഷേ പിതാവിന് അറിയില്ല. എല്ലാവരെയും നന്നായി ഭക്ഷണം കഴിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തിലെ പങ്കാളികള്‍ക്ക് ലീഡര്‍ വിളമ്പിയ ഭക്ഷണത്തിന്റെ മാഹാത്മ്യം കണ്ടില്ലേ. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്തവരാണോ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് ലീഡര്‍ ചോദിച്ചത്. കോണ്‍ഗ്രസിന്റെ കഥ ഇതിനേക്കാള്‍ മനോഹരമായി ആരുപറയും?

തെരഞ്ഞെടുപ്പു വരുമ്പോഴേക്കും മറ്റാരും ഒന്നും ചെയ്യേണ്ടിവരില്ലെന്നാണ് തോന്നുന്നത്. കടിച്ചതും പിടിച്ചതും പോയ ജോസഫ് ഒരുഭാഗത്ത്. രണ്ടാം പാര്‍ടി ഞാനോ നീയോ എന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും. ഏതു കുറുമുന്നണിയും ആവാമെന്ന് കരുതുന്ന ചെറു കൃമികീടങ്ങള്‍. എന്തൊക്കെ സംഭവിക്കുമോ ആവോ?

Sunday, August 8, 2010

അവിഹിത സന്താനം

ജനനസമയത്തുതന്നെ വാര്‍ധക്യത്തിന്റെ അസ്ക്യത കാണിക്കുന്ന കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഏതുനിലയില്‍ എത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൂരപ്പറമ്പിലാണ് ജനനം. പുതിയ പാര്‍ടി ഉണ്ടായതാണോ? സോഷ്യലിസ്റ്റ് ജനതയ്ക്ക് (ഡെമോക്രാറ്റിക്) തുടക്കമായി എന്നാണ് മാതൃഭൂമി എഴുതിയത്. സ്വന്തം പി എമാരെ വച്ച് രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയില്‍ വീരനും കൂട്ടരും ലയിച്ചു എന്നെഴുതുന്നതിനു പകരം പുതിയ ഒന്ന് ജനിച്ചു എന്ന്. ആയിരമല്ല; പതിനായിരമല്ല; തൊള്ളായിരങ്ങളുടെ സാന്നിധ്യത്തില്‍

പൂരപ്പറമ്പില്‍ പിറന്നുവീണ രാഷ്ട്രീയ ജന്തുവിന് ഒരവിഹിത സന്താനത്തിന്റെ ഗുണഗണങ്ങളെല്ലാമുണ്ട്. ഇന്നലെവരെ വീരനെക്കുറിച്ച് മാതൃഭൂമി പറഞ്ഞത് ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ എന്നാണ്. അങ്ങനെ ഒരു പാര്‍ടി നിലവിലുണ്ട്. ആ പാര്‍ടിയുടെ അധ്യക്ഷന്‍ പ്രൊഫ. എന്‍ എം ജോസഫാണ്. വീരനെ പുറത്താക്കിയ ശേഷമാണ് ജോസഫ് മാഷ് പ്രസിഡന്റായത്. എന്നിട്ടും വീരന്‍ പറഞ്ഞു, തന്റെ പാര്‍ടി ജനതാദള്‍ എസും താന്‍ അതിന്റെ പ്രസിഡന്റുമാണെന്ന്. ആ പാര്‍ടി ഇപ്പോള്‍ പിരിച്ചുവിട്ടോ? അതോ വീരന്‍ രാജിവച്ചോ?

എന്തും പറയാന്‍ മടിക്കേണ്ടതില്ല എന്നാണ് പുളിയാര്‍ മലയിലെ പാരമ്പര്യശാസ്ത്രം. ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ തൂക്കി വിറ്റ് സര്‍ക്കുലേഷന്റെ കള്ളക്കണക്കെഴുതുന്നയാളാണ് മാത്തുക്കുട്ടിച്ചായന്‍ എന്ന് പറഞ്ഞുനടന്നത് വീരന്റെ പത്രമാണ്. അച്ചായന്റെ പത്രം തിരിച്ചടിച്ചത് വീരഭൂമിയുടേത് ആടുജീവിതമാണെന്നത്രെ. അതായത് ആടിന് തിന്നാന്‍ മാത്രമുള്ള പത്രമെന്ന്. മാത്തുക്കുട്ടിച്ചായന്‍ അന്തരിച്ചപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടു. വീരന് ഇതാ ഒരു സ്പെഷ്യല്‍ സങ്കടം വന്നിരിക്കുന്നു. "സ്നേഹിച്ചു മതിവരാതെ'' മാത്തുക്കുട്ടിച്ചായന്‍ യാത്രയായെന്ന് വാരാന്തപ്പതിപ്പില്‍ മുഴുപ്പേജ് ലേഖനം. എഴുത്തുതൊഴിലാളികള്‍, അച്ചടിക്കാന്‍ കടലാസ്, ലജ്ജയില്ലാത്ത മനസ്സ്-ഇത്രയും ചേരുവകള്‍കൊണ്ട് ഏതു ദേശീയ പത്രത്തിനും സ്വന്തം മാനേജിങ് ഡയറക്ടറെ പ്രൊമോട്ട് ചെയ്യാം. അങ്ങനെയുള്ള മാനേജിങ് ഡയറക്ടര്‍ക്ക് ആരാന്റെ പാര്‍ടിയുടെ നേതാവാകാം; അത് നടക്കില്ലെന്നു വരുമ്പോള്‍ പിഎമാരെക്കൊണ്ട് പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്യിക്കാം. യു ആര്‍ അനന്തമൂര്‍ത്തിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് പരമ ഭാഗ്യം. (ജനനം അവിഹിതമെങ്കിലും പേറെടുക്കാന്‍ ഡോക്ടര്‍തന്നെ വേണമല്ലോ) ആ പാവം മലയാളം വായിക്കാത്തത് അതിലേറെ ഭാഗ്യം.

റാം മനോഹര്‍ ലോഹ്യ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാല്‍ സോഷ്യലിസമായി. സോഷ്യലിസ്റ്റ് പാര്‍ടിക്ക് എന്തിന് ഒരു പ്രസിഡന്റ്? ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോരെ? അല്ലെങ്കില്‍തന്നെ പരമ വീര സോഷ്യലിസ്റ്റ് തന്റെ പാര്‍ടിയുടെ ജില്ലാ അധ്യക്ഷന്‍മാരെ പേരുവിളിക്കാറില്ല, സഖാവെ എന്നുവിളിക്കാറില്ല, പകരം സംബോധന 'മിസ്റ്റര്‍ ഡിസ്ട്രിക്ട് പ്രസിഡന്റ്' എന്നാണ്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വീരഹാസം ഏറ്റുവാങ്ങാന്‍ അര്‍ഹത മണിയടിക്കാര്‍ക്കും ചരടുവലിക്കാര്‍ക്കുമാണ്. അല്ലാത്തവര്‍ക്ക് ആ നയനകടാക്ഷഭാഗ്യമില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ട്. അടിയന്തരാവസ്ഥ നടപ്പാക്കിയവരുടെ കൂടെ കിടക്കുന്നതിന് അതൊരു തടസ്സമല്ല.

പുതിയ പാര്‍ടിക്ക് സിഇഒ ആയി. ഇനി ഒരു പിആര്‍ഒ വേണം. സംവരണമാണ് തസ്തിക. ഇന്ന് ഭൂമിമലയാളത്തില്‍ യോഗ്യനായ ഒരാളെയേ കാണാനുള്ളൂ-ക്രൈം നന്ദകുമാര്‍. മാതൃഭൂമിയെ മുഖപത്രമായി പ്രഖ്യാപിക്കാം. കര്‍ണാടകത്തില്‍നിന്ന് ഇനി ഇലക്ഷന്‍ ഫണ്ടൊന്നും വരാനില്ലാത്തതിനാല്‍, കിട്ടിയ കോടി സ്വയം പുതച്ച് നക്കാപ്പിച്ച പാര്‍ടിക്കാര്‍ക്കെറിഞ്ഞുകൊടുത്തു ഞെളിയുന്ന കാഴ്ചയും ഇനി ഉണ്ടാകില്ല.

ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ മകന്‍ സ്ഥാനാര്‍ഥിപ്പട്ടികയിലെത്തിയ നാടാണിത്. തന്റെ മകന് മികച്ച രാഷ്ട്രീയഭാവി സ്വപ്നം കണ്ടതാണ്. അതിന് കൃഷ്ണന്‍കുട്ടിക്ക് ക്വട്ടേഷന്‍ കൊടുത്ത് ചെന്നൈക്ക് വണ്ടി കയറിയതുമാണ്. ഇന്നത്തെ വിശ്വസ്തന്‍ അന്നത്തെ ചതിയനായിരുന്നു. തന്നെ തോല്‍പ്പിച്ചത് മാതൃഭൂമിയാണെന്ന് ആണയിട്ട കൃ. കുട്ടി അച്ഛന്റെ മോനെ വെട്ടിമാറ്റി തിരുവല്ലാക്കാരനെ മന്ത്രിയാക്കി. ആ കൃ. കുട്ടി ഇന്ന് അകത്തും തിരുവല്ലാക്കാരന്‍ പുറത്തും! ആറ്റുനോറ്റുകിട്ടിയ മന്ത്രിക്കസേരയില്‍നിന്ന് രണ്ടുദിവസംകൊണ്ട് പണ്ട് പാനൂരിലെ കുറുപ്പാള്‍ ഇറക്കിവിട്ടു. ആ കുറുപ്പാളിന്റെ പരമ്പരയില്‍പെട്ട ആര്‍ക്കെങ്കിലും പിന്നെ പരിഗണന കൊടുക്കാമോ? കെ പി മോഹനനെ മന്ത്രിപദത്തില്‍ നിന്നൊഴിവാക്കാന്‍ അയോഗ്യത പി ആര്‍ കുറുപ്പിന്റെ മകന്‍ എന്നതുമാത്രമായിരുന്നു. ന്യായീകരിച്ചതോ? "കഴിവു കുറവാണ്. മന്ത്രിയായാല്‍ ഭരണം ചേട്ടന്‍ നടത്തും അനിയന്‍ കച്ചവടം നോക്കി നില്‍ക്കും'' എന്ന്. വടകരക്കാരന്‍ പേമനാഥന് മന്ത്രിമോഹമുദിച്ചപ്പോള്‍ "നിലപാടില്ലാത്തവന്‍'' എന്നാക്ഷേപിച്ചു. നിലപാടും കഴിവും ഒത്തിണങ്ങിയ സ്വന്തം മകനെ കൃഷ്ണന്‍കുട്ടി മൂലയ്ക്കിരുത്തുകയുംചെയ്തു. ഇനിയെങ്ങാനും വല്ല മന്ത്രിസ്ഥാനവും വന്നാലോ? മോഹനനും പ്രേമനാഥും കൃഷ്ണന്‍കുട്ടിയും തമ്മിലടിക്കും. അമ്പയറായി മകന്‍ നില്‍ക്കും. ഒടുവില്‍ അമ്പയര്‍ ബോളും കൊണ്ടുപോകും. ഇത്രയും തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരായിരുന്നു ഉചിതം. സഹപ്രവര്‍ത്തകരെ വേലക്കാരായി കാണുന്ന വീരനേതാവിന്, സ്വന്തം പാര്‍ടിക്കാരെ വീട്ടില്‍കയറ്റാത്ത കൃഷ്ണന്‍കുട്ടി പിന്തുണക്കാരനാകുമ്പോള്‍ സോഷ്യലിസവും വളരും; ജനാധിപത്യവും വളരും. ആ വളര്‍ച്ചയുടെ കണക്കുമായി പിആര്‍ഒ കുമാരന്‍ കര്‍മനിരതനാകട്ടെ. നീലകണ്ഠന്‍ വായ്പ്പാട്ടു പാടട്ടെ. ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും കൊടുത്ത് ശല്യം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ആവതുണ്ടാകട്ടെ. സീറ്റുകൊടുത്താല്‍ നാവ് വാടകയ്ക്ക് കിട്ടുമെന്നിരിക്കെ മൂല്യം തിട്ടപ്പെടുത്തി വേണം ഏതു കച്ചവടവും എന്നുമാത്രം.

*
രണ്ടുദിവസമേ മന്ത്രിയായിരുന്നുള്ളൂവെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒറ്റ മരവും വെട്ടിക്കില്ല എന്ന ഉശിരന്‍ പ്രഖ്യാപനം നടത്തി അസ്സല്‍ പരിസ്ഥിതി പ്രേമിയായിട്ടാണ് അന്ന് വീരോചിതം രാജി വച്ചത്. മലന്തോട്ടത്തിലെ മരത്തിന് വിലപറഞ്ഞ് വിറ്റ് കാശുമാറുമ്പോള്‍ മരങ്ങളോട് പ്രണയ പാരവശ്യം. കായംകുളം കൊച്ചുണ്ണിയുടെ ഹരിശ്ചന്ദ്ര വേഷമോ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗാന്ധിയന്‍ കുപ്പായമോ ആണ് അതിന് താരതമ്യം. ഇതൊക്കെ പറയാന്‍ പി രാജന്‍ (മാതൃഭൂമിയുടെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍) തന്നെയാണ് നല്ലത്.

"സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച 'ഭക്ഷ്യവിള'യുടെ കെട്ടുകഥ കുടുംബത്തിനുതന്നെ അപമാനകരമാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തന്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ് വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ദേശീയപ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന് ഒരുങ്ങുന്ന കാലമായിരുന്നു അത്. അതേ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്ര്യസമരത്തിനു വേണ്ടി പ്രവര്‍ത്തിക്കാനോ പ്രാണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ത്യാഗോജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ് നേതാവ് കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ് മകന്‍ മാലോകരോട് പറയുന്നത്.''(പരിവര്‍ത്തനവാദി മാസിക, ലക്കം1)

ഇനി ശതമന്യുവിന് ഒന്നും പറയാനില്ല. കോണ്‍ഗ്രസ് താങ്ങി നടക്കട്ടെ പുതിയ അവിഹിത രാഷ്ട്രീയജന്മത്തെ.

*
വീരന് സോഷ്യലിസം പറയാമെങ്കില്‍ മാണിസാറിന് കെ എം ജോര്‍ജിന്റെ ശിഷ്യത്വം അഭിനയിക്കുകയുമാവാം. ബാലകൃഷ്ണപിള്ള തീരെ മാര്‍ദവമില്ലാതെ മാണിസാറിനെ ആക്രമിക്കരുതായിരുന്നു. കെ എം ജോര്‍ജ് ഹൃദയം പൊട്ടി മരിച്ചത് സ്ഥാനമോഹികളുടെ ഒളിപ്രയോഗവും ചതിയുംമൂലമെന്ന് മാര്‍ദവലേശമില്ലാതെ പറഞ്ഞ്,ആ സ്ഥാനമോഹിയുടെ കട്ടി മീശയെയും നീളന്‍ ജൂബയെയും കുറിച്ച് പിള്ള നടത്തുന്ന ഒളിപ്രയോഗം പി സി ജോര്‍ജിന്റെ നിലവാരത്തിലായി. കോണ്‍ഗ്രസുകാരനും പള്ളിക്കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പില്ലാത്തയാളുമായ മാണിവക്കീല്‍ ചാടിവീണ് സ്ഥാനാര്‍ഥിയായതും അതില്‍പിന്നെ മന്ത്രിപദത്തില്‍ കയറിയതും പാലായുടെ മാണിക്യമായതും എങ്ങനെ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പള്ളിക്കോണ്‍ഗ്രസില്‍നിന്ന് പുറത്തായ പിള്ള പറയണോ അതിന്റെ കഥ? മാണിസാറിന്റെ കട്ടയും പടവും മടക്കിക്കാന്‍ കച്ചവരിഞ്ഞിറങ്ങിയ പി സി ജോര്‍ജിന് ഇപ്പോള്‍ പാലായിലെ അടുക്കളത്തോട്ടത്തിന്റെ ചുമതലയാണ്. തൊഴുത്തും കന്നുകാലി വളര്‍ത്തലും പി ജെ ജോസഫിന് കിട്ടിയിട്ടുണ്ട്. അവിടെ ഇപ്പോള്‍ ആനയില്ല. മാണിസാര്‍ ആനയെ വാങ്ങുമ്പോള്‍ അനുയോജ്യമായ വകുപ്പ് പിള്ളയ്ക്കും ലഭിക്കും. അപ്പോള്‍ മാണിക്യത്തെ കുടുമയില്‍ ചൂടേണ്ടതാണ്. തലമറന്ന് എണ്ണതേക്കരുത്.