Sunday, July 27, 2008

കലാവതി കി കഹാനി

രാവിലെ തല്ല് കിട്ടിയാല്‍ വൈകിട്ട് മരിക്കുമോ എന്നൊക്കെ ചോദിക്കുമെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നു മാത്രം പറയരുത്. വിവരവും വിവേകവും മാത്രമല്ല, മികച്ച കലാബോധം കൂടിയില്ലെങ്കില്‍ അവര്‍ വിശ്വാസപ്രമേയം പാസായതിന്റെ തൊട്ടുപിറ്റേന്ന് കുതിരകളെ കെട്ടിയൊരുക്കി ഹൈക്കമാന്‍ഡിന്റെ വീട്ടുമുറ്റത്ത് നൃത്തം ചെയ്യിക്കുമായിരുന്നോ? സന്തോഷിക്കേണ്ടതും തുള്ളിച്ചാടേണ്ടതും തങ്ങളല്ല, വിജയത്തിന്റെ നേരവകാശികള്‍ തന്നെയാണെന്ന് അവര്‍ തീരുമാനിച്ചു. വില്‍ക്കപ്പെട്ടതും വാങ്ങപ്പെട്ടതും കുതിരകളാണല്ലോ.

ജന്‍പഥ് പത്തിലെ അമ്മ മഹാറാണി നടത്തിയത് 'അശ്വമേധ'മായിരുന്നല്ലോ. രണ്ടുകാലില്‍ പൊങ്ങി നൃത്തം ചവിട്ടിയ കുതിരയെക്കണ്ട് ആവേശം മൂത്ത യുവരാജാവ് അമ്മ മഹാറാണിയെ കെട്ടിപ്പിടിച്ച് മുത്തംകൊടുത്തെന്നാണ് വാര്‍ത്ത. തനിക്ക് പ്രായപൂര്‍ത്തിയായി എന്നു തെളിയിക്കാന്‍ ലോക്‍സഭയില്‍ ശ്രമിച്ച് പരാജയപ്പെട്ട കുട്ടിക്ക് അമ്മയെ മുത്തംവയ്ക്കാന്‍ മാത്രമല്ല, കുതിരയ്ക്കൊപ്പം താളംചവിട്ടാനും അവകാശമുണ്ട്. തങ്കക്കുടമല്ലേ, താലോലിക്കുകതന്നെ വേണം. പൊന്നാങ്ങളയുടെ പ്രകടനംകാണാന്‍ ഗാലറിയിലെത്തിയ പൊന്നുപെങ്ങള്‍ക്ക് ആരോടും മിണ്ടാതെ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍, യുവരാജാവിന്റെ പ്രസംഗത്തിലൂടെ 'പ്രശസ്തയായ' വിദര്‍ഭക്കാരി കലാവതിക്ക് ഇനി ആത്മഹത്യയേ ശരണമെന്നായിരിക്കുന്നു.

കലാവതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മായാവതിയാണെന്ന് ബിഎസ്പിക്കാരും ഏതോ സിനിമാ നടിയാണെന്ന് വിദേശസഹമന്ത്രി അഹമ്മദും തെറ്റിദ്ധരിച്ചിരുന്നു. കല്‍പ്പകഞ്ചേരി പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിപ്പോലും ഇരുത്താന്‍ പക്വത വന്നിട്ടില്ലാത്ത കുഞ്ഞിനെയാണല്ലോ പടച്ചോനേ താങ്ങേണ്ടിവരുന്നതെന്നോര്‍ത്ത് വയലാര്‍ ജിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. തന്നെപ്പോലെ താന്‍മാത്രമല്ലെന്നു തിരിച്ചറിഞ്ഞ ചെന്നിത്തല ആഹ്ളാദചിത്തനായതുമാണ്.

എന്നാല്‍, കലാവതിയുടെ കാര്യം അങ്ങനെയാണോ? വെളുവെളുത്ത ഒരു പയ്യന്‍ ഇയ്യിടെ അവരുടെ വീട്ടിലേക്ക് ചാടിക്കയറി വന്നു. കൂടെ വന്നവര്‍ പറഞ്ഞു, അത് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനാണെന്ന്. യുവരാജാവിനെ കൈകൂപ്പി സ്വീകരിച്ചു. അതേ കലാവതിക്കോര്‍മയുള്ളൂ. ആ വരവ് ഇങ്ങനെയൊരു കൊടുംപാതകത്തിനാണെന്നു ചിന്തിക്കാന്‍ ആ പട്ടിണിക്കാരിക്ക് സമയമെവിടെ.

യുവരാജന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, അമേരിക്കയുമായുള്ള ആണവകരാര്‍ കലാവതിയെപ്പോലുള്ളവരുടെ പ്രയാസമകറ്റാനാണ് എന്നത്രേ. മഹാരാഷ്ട്രയില്‍ പന്ത്രണ്ടല്ല, 24 മണിക്കൂര്‍ പവര്‍കട്ടായാലും കലാവതിക്ക് എന്തു ചേതം. അവരുടെ വീട്ടില്‍ ചിമ്മിനി വിളക്കേയുള്ളൂ. അവരുടെ കൃഷിസ്ഥലത്ത് മോട്ടോര്‍ പമ്പില്ല. ആണവകരാര്‍ വന്നാല്‍ തന്റെ വീടിനു മേല്‍ക്കൂര കെട്ടാമെന്നോ മക്കള്‍ക്ക് വയറുനിറയെ ചപ്പാത്തികൊടുക്കാമെന്നോ കലാവതി കരുതുന്നുമില്ല. കടംകയറി ജീവനൊടുക്കിയ ഭര്‍ത്താവ് പരശുറാം തിരിച്ചുവരുമെന്ന വ്യാമോഹവുമില്ല. നേരെ ചൊവ്വേ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സൌകര്യം തരൂ അല്ലെങ്കില്‍ എന്നെ ആത്മഹത്യ ചെയ്യാനനുവദിക്കൂ എന്നാണ് ആ പാവം ഇപ്പോള്‍ അപേക്ഷിക്കുന്നത്.

*

സ്പീക്കറെ സഖാവായി മാത്രം കാണുന്ന പാര്‍ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയെന്ന് മാത്തുക്കുട്ടിച്ചായന്റെ കടലാസിന് പരിഭവം. സോമനാഥ് ചാറ്റര്‍ജിക്ക് കുടുംബസ്വത്തായിക്കിട്ടിയ സ്പീക്കര്‍ പദവി അദ്ദേഹം സോണിയാഗാന്ധിക്കു വേണ്ടി തിരിച്ചും മറിച്ചും ഉപയോഗിക്കട്ടെ, അല്ലെങ്കില്‍ അതില്‍ പ്രകാശ് കാരാട്ടിനെന്തു ചേതം എന്നാണ് നല്ല റേഡിയല്‍ ടയറിന്റെ ഉറപ്പുള്ള അഭിപ്രായം.

സ്പീക്കറാകുന്ന നിമിഷം മുതല്‍, തന്നെ ജയിപ്പിച്ച രാഷ്ട്രീയപാര്‍ടിയോടും മണ്ഡലത്തിലെ ജനങ്ങളോടുമുള്ള ഉത്തരവാദിത്തം കപ്പല്‍കയറും. പിന്നെ ഞാനാണ് പാര്‍ലമെന്റ്. സ്വന്തം കക്ഷിയോടുമാത്രമേ അകല്‍ച്ച വേണ്ടൂ. മനമോഹന്‍ ജിയോടും മാഡത്തോടും വിധേയത്വമാകാം. ബിജെപിയോടൊപ്പം വോട്ടുചെയ്യില്ലെന്ന് തൊടുഞായം പറയുമ്പോള്‍ നിഷ്പക്ഷത അല്ലെങ്കില്‍ രാഷ്ട്രീയമില്ലായ്മ പ്രശ്നമല്ല. സിപിഐ എമ്മിന്റെ തീരുമാനം ധിക്കരിക്കാന്‍ മാത്രമുള്ളതാകുന്നു സ്പീക്കര്‍ പദവിയുടെ മഹത്തായ നിഷ്പക്ഷത. എട്ടാമത്തെ തങ്കമോതിരംപോലെ തിളങ്ങുന്നു സോമനാഥിന്റെ വദനാംബുജം.

ഇക്കഥ മറ്റൊരു തരത്തില്‍ പരിഭാഷപ്പെടുത്തി നോക്കാം.

മനോരമ പത്രത്തിന്റെ വലിയൊരു എഡിറ്റര്‍ യുഡിഎഫ് ഭരണകാലത്ത് പത്രക്കാരുടെ അക്കാദമിയില്‍ മുന്തിയ കസേരയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ആള്‍ പ്രഗത്ഭന്‍; ആരും അംഗീകരിക്കുന്ന പ്രൊഫഷണല്‍. അദ്ദേഹം ആ കസേരയിലിരുന്ന് മനോരമ പത്രാധിപരുടെ ആത്മകഥയ്ക്ക് ഒരു വിയോജനക്കുറിപ്പെഴുതി 'പത്താമത്തെ മോതിര'മെന്ന പേരുമിട്ട് അക്കാദമിയെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചെന്നിരിക്കട്ടെ. എന്താകും റബര്‍ തലച്ചോറിന്റെ പ്രതികരണം? ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഏതോ രാജേശ്വരിയോ ഈശ്വരനോ ആണ് എഴുതുന്നതെങ്കില്‍ അതച്ചടിച്ചുവരുന്ന വാരിക മൊത്തമായി വിലയ്ക്കുവാങ്ങി നശിപ്പിച്ചു കളയാവുന്നതേയുള്ളൂ. അതുപോലെയാകുമോ മറ്റേത്?

സ്പീക്കറായാല്‍ പിന്നെ രാഷ്ട്രീയം വേണ്ട എന്ന വാദം നല്ലതുതന്നെ. മാവ്‌ലങ്കര്‍ മുതല്‍ മനോഹര്‍ ജോഷിവരെയുള്ളവരും ഇവിടെ വി എം സുധീരന്‍, തങ്കച്ചന്‍, വക്കം പുരുഷോത്തമനാദികളും സ്പീക്കര്‍ പദവിയിലിരുന്നശേഷം സ്വന്തം പാര്‍ടിയെ തിരിഞ്ഞുനോക്കിയവരല്ലല്ലോ. സ്പീക്കര്‍ കസേരയിലിരുന്ന് മന്ത്രിക്കസേര സ്വപ്നം കാണുകയും കിട്ടിയ തഞ്ചത്തിന് ചാടി അവിടെയിരിക്കുകയും ചെയ്ത വക്കം പുരുഷോത്തമന്‍ കോട്ടയം പത്രത്തിന്റെ ഏതു ബുക്കിലാണോ എന്തോ. ആദര്‍ശം അരച്ചുകലക്കി ഊണിനു മുമ്പ് നിത്യസേവ നടത്തുന്ന സുധീരന്‍ജിക്ക് നിഷ്പക്ഷതയുടെ സൂക്കേട് ലീഡറെ കാണുമ്പോള്‍ മാത്രമായിരുന്നു. സ്പീക്കര്‍ കസേരയില്‍നിന്നിറങ്ങിയ ഉടനെ ഗ്രൂപ്പുകളിക്ക് പോയതുകൊണ്ട് ആ നിഷ്പക്ഷത ഇന്നും വിളങ്ങിനില്‍പ്പൂ ചന്ദ്രനേപ്പോലെ.

*

ചാക്ക്, കുതിര, പണപ്പെട്ടി തുടങ്ങിയ വിശേഷണങ്ങളോടെ രാഷ്ട്രീയത്തെ വിളിക്കുന്ന പതിവ് പണ്ടേയുള്ളതാണ്. ഇപ്പോള്‍ അത്താഴവിരുന്ന് രാഷ്ട്രീയവും പ്രചാരം നേടുന്നുണ്ട്. അക്കൂട്ടത്തിലെ ലേറ്റസ്റ്റ് ഇനമാണ് പിറന്നാള്‍ രാഷ്ട്രീയം.

സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എം പുറന്തള്ളേണ്ട താമസമേയുണ്ടായിരുന്നുള്ളൂ. പൂവും പൂക്കൂടയുമായി തലേക്കെട്ടുകാരും താടിക്കാരും കാല്‍സറായിക്കാരും പാളത്താറുകാരും നിരനിരയായി ചാറ്റര്‍ജിയുടെ വീട്ടിലേക്ക് പാഞ്ഞു. 79 കൊല്ലം ജീവിച്ചിട്ടും കിട്ടാത്ത പൂക്കൂടകള്‍ ഒറ്റദിവസംകൊണ്ട് ചാറ്റര്‍ജിക്ക് സ്വന്തം. പോയവരുടെയും വന്നവരുടെയുമെല്ലാം ചിത്രവും ചിരിയും ചാനലുകളില്‍. ബുദ്ധിമാന്മാര്‍ അവസരം ഒരിക്കലും കളയാറില്ല. അത് ഡല്‍ഹിയിലായാലും കേരളത്തിലായാലും. അതുകൊണ്ട് ഒരു ജന്മദിനക്കളി ഇങ്ങ് എറണാകുളത്തും ചില ബുദ്ധിജീവികള്‍ ആസൂത്രണം ചെയ്തു. എണ്‍പത്തഞ്ചു വയസ്സാകുംവരെ ജന്മദിനാഘോഷത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ തൊഴിലാളികള്‍ക്കുവേണ്ടി ജീവിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. പാര്‍ടിയുടെ സമുന്നത നേതൃത്വത്തിലിരുന്ന അദ്ദേഹം അസുഖംമൂലം വസതിയില്‍ ചികിത്സയിലും വിശ്രമത്തിലുമാണ്.

ഒരുദിവസം രാവിലെ വാതില്‍ക്കല്‍ ഒരു പട വന്നുനില്‍ക്കുന്നതുകണ്ട് അദ്ദേഹം അമ്പരക്കുന്നു. പാര്‍ടിയോട് നല്ലകാര്യങ്ങള്‍ പലതും ചെയ്തതിന് പുറത്താക്കപ്പെട്ട രണ്ടു ദേഹങ്ങളാണ് മുന്നില്‍. അതിലൊരാളുടെ ആദ്യചോദ്യം:"പാര്‍ടിക്കാരാരും വന്നില്ലേ?''എന്ന്. ടിവി ക്യാമറകള്‍ കണ്ണുതുറന്നു. പാര്‍ടി നേതാക്കള്‍ സ്ഥിരം എത്തുന്ന വീടാണ്. സഖാവിന്റെ സുഖവിവരങ്ങളന്വേഷിക്കാനും ചികിത്സാ കാര്യങ്ങള്‍ നിറവേറ്റാനും അടിക്കടി വരുന്നവരില്‍നിന്നു വ്യത്യസ്തമായ ഈ വരവിന്റെ ഉദ്ദേശമെന്താണെന്നോര്‍ത്ത് വീട്ടിലുള്ളവര്‍ ശങ്കിച്ചുനില്‍ക്കെ ആഗതര്‍ കാര്യത്തിലേക്കുകടന്നു. അവര്‍ക്ക് ചാനല്‍ക്യാമറകള്‍ക്കു മുന്നില്‍ സഖാവിന്റെ പിറന്നാളാഘോഷിക്കണം. 'പാര്‍ടിക്കാര്‍ മറന്ന പിറന്നാള്‍' തങ്ങള്‍ ആഘോഷിച്ചെന്ന് വാര്‍ത്ത വരുത്തണം. വീട്ടുകാരി അകത്തേക്കുപോയ തക്കത്തിന് സഖാവിനെ അവര്‍ പൊന്നാട പുതപ്പിച്ചു. പിന്നെ കേക്ക് മുറിച്ചു. നാടകം ഭംഗിയായി പൂര്‍ത്തിയാക്കി അല്‍പ്പസമയംകൊണ്ട് സ്ഥലം വിടുകയും ചെയ്തു. അപ്പോഴേക്കും കേക്കുമുറിയുടെ ദൃശ്യങ്ങള്‍ ചാനലില്‍ വന്നുതുടങ്ങിയിരുന്നു. അതുകണ്ട് വീട്ടിലെ കൊച്ചുകുട്ടി അമ്മൂമ്മയോട് കേക്കെവിടെയെന്ന് ആരാഞ്ഞു. എന്തുകേക്ക്. അവര്‍ കൊണ്ടുവന്നു, അവര്‍ മുറിച്ചു, അവര്‍തന്നെ തിന്നു. അല്ലെങ്കിലും ഒരു കേക്കിലെന്തിരിക്കുന്നു-ജന്മദിന രാഷ്ട്രീയത്തിലല്ലാതെ. ചില വാലുകള്‍ പന്തീരാണ്ട് കുഴലിലിട്ടാലും വളവുതീരില്ല.

*

ഇനി മറ്റൊരു അപകടത്തെപ്പറ്റിയാണ്. മരണമടഞ്ഞ നേതാക്കളുടെ കുടുംബാംഗങ്ങളും പാര്‍ടി പ്രവര്‍ത്തകരുമാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാമ്പിശ്ശേരി കരുണാകരന്‍ എന്നു കേട്ടിട്ടില്ലേ. കേരളത്തിലെ തൊഴിലാളിവര്‍ഗ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ തിളങ്ങുന്ന ഓര്‍മയാണാ പേര്. കാമ്പിശ്ശേരിയുടെ പേരില്‍ കൊല്ലം പ്രസ് ക്ലബ് ഒരു അവാര്‍ഡ് നല്‍കുന്നുണ്ട്. ഇക്കൊല്ലം അതു കൊടുത്തത് വീക്ഷണം പത്രത്തില്‍ ഏപ്രില്‍ 29നു വന്ന 'വൈകിവന്ന വീണ്ടുവിചാരം' എന്ന മുഖപ്രസംഗത്തിനാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുലഭ്യം വിളിക്കുന്ന എഴുത്തിന് കമ്യൂണിസ്റ്റുകാരന്റെ പേരിലുള്ള അവാര്‍ഡ്. 'ഭയങ്കര രാഷ്ട്രീയപക്ഷപാതിത്വമുള്ളതാണ്' മുഖപ്രസംഗമെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ കുറിപ്പെഴുതിയെങ്കിലും പ്രസ് ക്ലബിനുണ്ടോ കുലുക്കം!

ഇനി ഹരിശ്ചന്ദ്രന്‍ അവാര്‍ഡ് കായംകുളം കൊച്ചുണ്ണിക്കും അഹിംസാ അവാര്‍ഡ് ഉസാമാ ബിന്‍ലാദനും സദ്ഭാവനാ പുരസ്കാരം നരേന്ദ്രമോഡിക്കും നല്‍കാന്‍ അമാന്തമരുത്. മാധ്യമ ശ്രദ്ധയില്‍നിന്നു മാറിനില്‍ക്കുന്നതിനുള്ള പുരസ്കാരത്തിന് വയലാര്‍ രവിയെയും വിവരക്കേടുപറയാത്ത നേതാവിനുള്ള പുരസ്കാരത്തിന് രമേശ് ചെന്നിത്തലയെയും പരിഗണിക്കാവുന്നതാണ്. പരപുച്ഛവും പരമനാറിപ്പരിഹാസവുമില്ലാതെ മാധ്യമവിമര്‍ശം നടത്തുന്ന ലോക അവാര്‍ഡ് രാജേശ്വരിക്കുകൂടി കിട്ടിയാല്‍ പരമ്പര പൂര്‍ത്തിയാകും.

Sunday, July 20, 2008

മതമുള്ള ജീവന്‍

യൂത്ത് നേതാവ് സെക്രട്ടറിയറ്റിനുമുന്നില്‍ ഡയറ്റ് കണ്‍ട്രോള്‍ നടത്തി സ്ഥലംവിട്ടശേഷം പാഠപുസ്തകസമരം ശ്‌ശ്‌ശൂൂൂൂ ആയതാണ്. അവശേഷിച്ച മാണികേരളക്കാര്‍ എങ്ങനെ എണീറ്റുപോകണമെന്നോര്‍ത്ത് സമരപ്പന്തലില്‍ എരിപൊരികൊള്ളുമ്പോഴാണ് ചില കല്ലുകള്‍ അങ്ങോട്ടുചെന്നു വീണത്. അതോടെ അവരും കുറ്റിയുംപെറുക്കി ഓടി. ഉള്ളതുപറഞ്ഞാല്‍ അതോടെ പാഠപുസ്തക സമരം എന്നൊന്ന് നിലവിലില്ലാതായി.

ജൂലെ 22 വരികയാണ്. അന്ന് അങ്ങ് ഡല്‍ഹിയില്‍ ഒരു വോട്ടെടുപ്പ് നടക്കും. അമേരിക്ക എന്ന സുജായിയുമായി ഒരു വിവാഹ ഉടമ്പടി നടക്കുന്നു. ദല്ലാളുമാരില്‍ ഒരാള്‍ നമ്മുടെ അഹമ്മദ് സായ്‌വാണ്. പുള്ളിക്കാരന്‍ അവിടെത്തന്നെ വേണം. ഉടമ്പടി പറഞ്ഞുറപ്പിച്ചയുടനെ ദല്ലാള്‍ പണത്തിന്റെ വിഹിതം പറ്റണം. ഇവിടെ പൊന്നാനീന്ന് സായ്‌വിനെ തെരഞ്ഞെടുത്ത് കരിപ്പൂരില്‍ കൊണ്ടുപോയി വിമാനംകയറ്റിവിട്ട കൂട്ടര്‍ക്ക് പക്ഷേ ഈ നിക്കാഹിന് സമ്മതമല്ല. അക്കൂട്ടത്തിലൊരു പഹയന്‍ ചന്ദ്രികക്കടലാസിലെഴുതിയത്, "ഇനി ഇന്ത്യയെ ആണവകരാറില്‍ ഒപ്പിടുവിച്ച് കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് എല്ലാ മംഗളം. ഏഷ്യയിലെ ഇസ്രായേല്‍- അതായിരിക്കും ഇന്ത്യയുടെ സ്ഥാനം''എന്നത്രേ.

ടി എ അഹമ്മദ് കബീര്‍ എന്നൊരു പടപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ടിയാന്‍ ചന്ദ്രികക്കടലാസിലൂടെ ഇമ്മിണി ബല്യ ചില കാര്യങ്ങളാണ് പറഞ്ഞത്. "ഇത്രയും കാലം സര്‍ക്കാരിന്റെകൂടെ നിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കേവല ഭൂരിപക്ഷംപോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും'' എന്നത്രേ പടപ്പിന്റെ ശോദ്യം. 'ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും നിരപരാധികളായ ലക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്ര്യം പിച്ചിച്ചീന്തുകയും ചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സൂത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും'എന്ന ശോദ്യവും ജൂലൈ 15ന്റെ ചന്ദ്രികക്കടലാസില്‍ കബീര്‍ ദോസ്ത് ഉന്നയിച്ചു.

ആ സൂത്രവാക്യമാണ് ലീഗ് ഏഴാംക്ലാസിലെ പാഠപുസ്തകത്തില്‍ കണ്ടെത്തിക്കളഞ്ഞത്. ഡല്‍ഹിയിലെ പുക്കാറിന്റന്ന് ഇങ്ങ് തിര്വന്തോരത്ത് ഒരു മാര്‍ച്ചും അടിപിടിയുമെല്ലാമുണ്ടാക്കാമെന്നായിരുന്നു പൂതി. അതിനുള്ള കോപ്പെല്ലാം ഒരുക്കിയപ്പോഴാണ്, കൂടെക്കൂട്ടാമെന്നു കരുതിയവര്‍ അപ്പണിക്ക് ഞങ്ങളില്ലെന്ന് കട്ടായം പറഞ്ഞത്. മുസ്ലിം സംഘടനകളില്‍ ലീഗൊഴികെയുള്ളവരെല്ലാം ആണവകരാറിനും അമേരിക്കയ്ക്കുമെതിരാണ്. ലീഗിനേ വേണ്ടൂ ദല്ലാള്‍പണം. ഇവിടെ മതമില്ലാത്ത ജീവന്റെ പേരില്‍ മാര്‍ച്ചുനടത്തി വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയില്‍ തലയില്‍ മുണ്ടുമിട്ട് അഹമ്മദ് സായ്‌വിന് പണിയൊപ്പിക്കാനുള്ള അവസരമുണ്ടാകുമെന്ന് മനക്കോട്ടകെട്ടിയവര്‍, മുസ്ലിം സംഘടനകളിലെ പ്രബലരെല്ലാം സെക്രട്ടറിയറ്റ് മാര്‍ച്ചില്‍നിന്ന് പിന്മാറിയപ്പോള്‍ ഹതാശരായി.

അതോടെയാണ് അങ്ങാടിയില്‍ തെമ്മാടിപ്പണിയെടുക്കുന്ന ഉടുമ്പിനെയും ഇരുമ്പനെയും മുള്ളനെയുമെല്ലാം വടിയും കൊടിയും കൊടുത്ത് പള്ളിക്കൂടങ്ങളിലേക്ക് ചൊല്ലിവിട്ടത്. ഇന്നുവരെ പള്ളിക്കൂടത്തിന്റെ പടികയറാത്തവര്‍ക്ക് എന്ത് ഗുരുനാഥന്‍, ഏത് പുസ്തകം. അവര്‍ മാഷന്മാരെ തല്ലിയോടിച്ചു; പെണ്‍ടീച്ചര്‍മാരെ അസഭ്യം വിളിച്ചു; കുട്ടികളെ തൂക്കിയെറിഞ്ഞു. കൊല്ലും കൊലവിളിയും നടന്നാല്‍ നാട്ടുകാരുടെ നോട്ടം മുഴുവന്‍ അതിലേക്കാവും, അണികള്‍ ആണവകരാറിനെക്കുറിച്ചോര്‍ക്കില്ലെന്നാണ് സിദ്ധാന്തം. ആണവകരാറാണോ അരവണകരാറാണോ എന്നു ചോദിക്കാന്‍മാത്രം വിവരമുള്ള ലീഗ് നേതാക്കള്‍പോലും കുരുട്ടുബുദ്ധിയിലാണ് മത്സരമെങ്കില്‍ ഓസ്കാര്‍ നേടും.


*******


കിഴിശ്ശേരി ജി എല്‍പി സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ജെയിംസ് അഗസ്റ്റിന്‍ പള്ളിയില്‍ പോകുമായിരുന്നു. ദൈവത്തിന്റെ പേരില്‍ സമരംനടത്തുന്നവര്‍ ചെകുത്താന്റെ ഏജന്റുമാരായി മാറിയാണ് മലപ്പുറത്ത് അഴിഞ്ഞാടിയത്. അവരാണ് മതമില്ലാത്ത ജീവനെതിരെ പടനയിച്ച് മതമുള്ള അഗസ്റ്റിന്റെ ജീവന്‍ തല്ലിക്കെടുത്തിയത്. തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ ജെയിംസിന്റെ ശരീരം അടക്കംചെയ്തപ്പോള്‍ ഇടനെഞ്ചുപൊട്ടിയ പ്രിയപ്പെട്ടവര്‍ 'കര്‍ത്താവേ' എന്നാണ് വിളിച്ചത്. അന്ത്യകര്‍മങ്ങള്‍ചെയ്ത ഇടയന്മാര്‍ നനഞ്ഞ കണ്ണുകളുമായാണ് ജെയിംസിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കുട്ടിപ്പട്ടാളമായ യൂത്ത് ലീഗുകാര്‍ ചവിട്ടിക്കൊന്ന ആ ഗുരുനാഥനുവേണ്ടി ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത ശതമന്യുവും ഉള്ളുരുകി പ്രാര്‍ഥിക്കട്ടെ.

പാഠപുസ്തകസമരം പൊളിഞ്ഞ നാടകമാണ്. മതമില്ലാത്ത കുട്ടിയുടെ പേര് ജീവന്‍ എന്നതുമാറ്റി ചക്ക എന്നോ മാങ്ങ എന്നോ ഇട്ടാല്‍ തീരുന്നതേയുള്ളൂ പ്രശ്നം. 'മതമില്ലാത്ത മാങ്ങ' എന്നോ 'മാങ്ങയുടെ സ്വാതന്ത്ര്യം' എന്നോ തലക്കെട്ടാവാം.

സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
'മോന്റെ പേരെന്താ?''

"മാങ്ങ''

"കൊള്ളാം... നല്ല പേര്. അച്ഛന്റെ പേര്?''

"പ്ലാവ്''

"അമ്മയുടെ പേര്?''

"മാവ് ''

ഹെഡ്‌ മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:

"മാങ്ങയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?''

"ഒന്നും ചേര്‍ക്കേണ്ട.''

"ജാതിയോ?''

"അതും വേണ്ട.''

ഹെഡ്‌ മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു:

"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മരത്തില്‍ ചാരണമെന്നു തോന്നിയാലോ?''

"അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന് ഇഷ്ടമുള്ള മരം തെരഞ്ഞെടുക്കട്ടെ.''

വീണ്ടും ഹെഡ്മാസ്റ്റര്‍: "ശരിയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയിലും അങ്ങനെ പറയുന്നുണ്ടല്ലോ.''

മതി!!!!!!അതുമതി!!!!! ജീവന്‍ എന്ന പേരും അവന്റെ അമ്മയുടെയും അച്ഛന്റെയും പേരുകളുമായിരുന്നു യഥാര്‍ഥ പ്രശ്നം. ആ പേരിന്റെ പേരിലാണ് ഈ പോരൊക്കെയുണ്ടാക്കിയത്. സിദ്ധിഖ് ഉണ്ണാവ്രതമിരുന്നത്; കെഎസ്‌യൂക്കാര്‍ മതിലുചാടിയത്: നാട്ടിലാകെ പൊലീസിന്റെ തലതല്ലിപ്പൊളിച്ചത്. സമരക്കാര്‍ സര്‍ക്കാരുമായി ഒരു മേശക്കിരുവശവുമിരുന്ന് പാഠപുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുവെന്ന് വയ്ക്കുക. ആര്യാടന്റെ മൈതാനപ്രസംഗംപോലെ അവിടെ വല്ലതും പറഞ്ഞ് ഫലിപ്പിക്കാനാകുമോ? തങ്കച്ചന്‍ പത്രസമ്മേളനം നടത്തുമ്പോലെ സകലതും കുഴഞ്ഞുമറിയില്ലേ. ഇത്തോതില്‍ പോയാല്‍ സമരവിഷയങ്ങള്‍ക്ക് പഞ്ഞമുണ്ടാകാന്‍ തരമില്ല. ചണ്ഡാല ഭിക്ഷുകി എഴുതിയ കുമാരനാശാന്‍ എന്നൊരു കവിയെ ഇനി കുട്ടികള്‍ അറിയാന്‍ പാടില്ലെന്നു പറഞ്ഞ് സമരമാകാം. ഇന്ത്യന്‍ ഭരണഘടനയിലെ ചില ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് മുദ്രാവാക്യം മുഴക്കാം. ഒരു ജാതി ഒരു മതം എന്നെല്ലാം പറഞ്ഞ നാരായണ ഗുരുവിനെതിരെ പിക്കറ്റിങ് നടത്താം. യേശുക്രിസ്തു ജനിക്കുമ്പോള്‍ ക്രൈസ്തവ മതമുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ക്രിസ്തു ക്രിസ്ത്യാനിയായി പിറന്നവനല്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ മതേതരത്വമുണ്ടെന്നും പറഞ്ഞ് ഒരു സമരമുഖം തുറക്കാവുന്നതുമാണ്.


********


മണല്‍ച്ചിറകൊണ്ട് മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്താനാവില്ല എന്നത് കേവലമായ സത്യമാണ്. ചെറിയ ഒഴുക്കൊക്കെയാകുമ്പോള്‍ മണല്‍ച്ചിറയോ കീറച്ചാക്കോ മതി തടുത്തുനിര്‍ത്താന്‍. കുടല്‍ കാഞ്ഞാല്‍ കുതിര വൈക്കോലും തിന്നുമെന്നൊരു ചൊല്ല് നിലവിലുണ്ട്. മഴയത്തെ നീറ്റൊഴുക്കിന് സ്വയം തോന്നാം, താനൊരു മഹാ വെള്ളപ്പാച്ചിലാണെന്ന്. പടുപാട്ടു പാടുന്നവന് താന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരാണെന്നോ ശെമ്മാങ്കുടിയാണെന്നോ തോന്നിപ്പോയാല്‍ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ല. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ചിലര്‍, ഇപ്പോഴും തങ്ങളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പാര്‍ടിയാകുന്ന മണല്‍ച്ചിറ തകര്‍ത്ത് അലറിപ്പായുന്ന മഹാപ്രവാഹമാണ് തങ്ങളെന്നുമെല്ലാം പരസ്യമായി വീമ്പടിച്ചു നടക്കുന്നുണ്ട്. നടന്നോട്ടെ. വെറുംവാക്കു പറയുന്ന വഴിപോക്കരെ തടയാന്‍ പാര്‍ടി ഭരണഘടനയില്‍ വകുപ്പില്ല. ഇത്രയൊക്കെയായിട്ടും നാണം തോന്നുന്നില്ലെങ്കില്‍ പറഞ്ഞിട്ടെന്ത് കാര്യം. കുളിപ്പിച്ചാലും പന്നി ചേറ്റിലെന്നു കേട്ടിട്ടില്ലേ. അതുതന്നെ ഇത്. കുഞ്ജര ശൌച ന്യായമെന്നും പറയും. ശുചിയാക്കി വിട്ട കുഞ്ജരം(ആന) പൊടിമണ്ണുകണ്ടാല്‍ വാരിപ്പൂശും. എങ്ങനെ കുളിപ്പിച്ചിട്ടെന്ത്.


********


ദൈവമേ, അടുത്ത ഞായറാഴ്ചത്തെ ഇടയലേഖനത്തിലെങ്കിലും ഒരു കുഞ്ഞാടിനെ കൊന്നവര്‍ക്കെതിരെ നാലക്ഷരം ഉണ്ടാക്കാന്‍ അവിടന്ന് ആജ്ഞാപിക്കേണമേ. ഓസ്ട്രേലിയയില്‍ പാവപ്പെട്ട കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഇടയന്മാര്‍ക്കെതിരെ മഹാനായ മാര്‍പ്പാപ്പ പറഞ്ഞ തോതിലെങ്കിലും ഈ കൊച്ചുകേരളത്തില്‍ പാഠപുസ്തകസമരം നയിച്ച് കുളമാക്കിയ നല്ലിടയന്മാര്‍ക്കെതിരെ കല്‍പ്പന പുറപ്പെടുവിക്കാന്‍ ഏര്‍പ്പാടുണ്ടാക്കേണമേ. റിട്ടയര്‍മെന്റ് കാലം സദ്ബുദ്ധിയുടെ കാലമാക്കാന്‍ സ്വര്‍ഗത്തിങ്കല്‍നിന്ന് ഉത്തരവുണ്ടാകേണമേ. ആമേന്‍.

Sunday, July 13, 2008

ആയാറാം ഗയാറാം

ചാക്കിനും ചാക്കില്‍കയറുന്നവനും നല്ല വിലയാണ്. ചാക്കില്‍ കാലെടുത്തുവച്ചാല്‍ ഇരുപത്തഞ്ചുകോടിവരെ കിട്ടുമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വര്‍ത്തമാനം. കര്‍ക്കടകമാസത്തില്‍ പാടത്തും തോട്ടിലും തവളയെപ്പിടിക്കാന്‍ പോകുന്നവരെപ്പോലെയാണത്രേ വിത്തല്‍ഭായ് പട്ടേല്‍ ഹൌസിലും പരിസരത്തെ എംപി ബംഗ്ലാവുകളിലും ഖാദിക്കുപ്പായക്കാര്‍ കയറിയിറങ്ങുന്നത്. വല്ലാതെ തഞ്ചവും താളവും പറഞ്ഞും കൊഞ്ചിയും കുഴഞ്ഞും പാട്ടിലാക്കി ആളെമയക്കാന്‍ അമര്‍സിങ് എന്നൊരു പഹയന്‍ നടപ്പുണ്ട്. 'അപ്പണിക്കെന്നെ കിട്ടൂലാ, പിന്നെന്തിനാണിക്കാക്ക എപ്പളും വന്നിട്ടുരയ്ക്കുന്നു ഹീലത്ത്' എന്ന് ചോദിച്ച് തിരിച്ചുനടന്നാലും വിടൂല്ല.

ഇരുപത്തിരണ്ടാംതീയതി എന്നൊരു നാളുണ്ടെങ്കില്‍, തലേക്കെട്ടുകാരനെ രക്ഷിച്ചുകൊള്ളാം എന്നാണ് അമര്‍സിങ് കൊടുത്ത വാക്ക്. പറഞ്ഞവാക്ക് തെറ്റിക്കുന്നയാളൊന്നുമല്ല ശിങ്കം. അനിയന്‍ അംബാനിജിയുടെ പാര്‍ടിയാണ് അമര്‍സിങ്. ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ജനിച്ച 'പാവപ്പെട്ട' ഒരു രാഷ്ട്രീയക്കാരന്‍. സമാജ്‌വാദി പാര്‍ടി എന്ന വലിയ പാര്‍ടിയുടെ സ്ഥാപകനേതാവ്. രാഷ്ട്രീയത്തിലുള്ളതിനേക്കാള്‍ സുഹൃത്തുക്കള്‍ പുറത്താണ്. ഏറ്റവുമടുത്തയാള്‍ അനില്‍ അംബാനി. രണ്ടാമന്‍ സഹാറാ ഗ്രൂപ്പിന്റെ ഉടമ സുബ്രതോ റോയി. പിന്നെ അമിതാഭ് ബച്ചന്‍, സീനത്ത് അമന്‍, ഐശ്വര്യാ റോയ് തുടങ്ങിയ ചില ചങ്ങാതിമാര്‍ വേറെയുമുണ്ട്.

രണ്ടുമൂന്നുകൊല്ലം മുമ്പ് കോണ്‍ഗ്രസുകാര്‍ അമര്‍സിങ്ജിയോട് ഒരു കടുംകൈ ചെയ്തിരുന്നു. ആശാന്‍ സ്വന്തം ടെലിഫോണില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ടേപ്പ്ചെയ്തുവച്ചു. മുംബൈയിലെ ചില നടിമാരോട് സ്വകാര്യം പറഞ്ഞതും അനില്‍ അംബാനിയോട് ഉച്ചയ്ക്കത്തെ ഊണിന്റെ വിവരം ചോദിച്ചതും ചില രാഷ്ട്രീയനേതാക്കളോട് അല്ലറചില്ലറ വീട്ടുകാര്യങ്ങള്‍ പറഞ്ഞെതുമൊക്കെയാണ് ചോര്‍ത്തി റെക്കോഡുചെയ്തുകളഞ്ഞത്. വല്ലാത്ത അടുപ്പമുള്ളതുകൊണ്ട് ചില നടികളോട് അവര്‍ അണിയുന്ന വസ്ത്രങ്ങളെക്കുറിച്ചെല്ലാം പറഞ്ഞതാണ്. അത് മഹാപാപമാണോ? ഒരു ചെറിയ കേസ് ഒതുക്കാന്‍ കോടതിയെ എങ്ങനെ കൈകാര്യംചെയ്യാം എന്ന് ടെലിഫോണിലൂടെ വേണ്ടപ്പെട്ടവരോട് അന്വേഷിക്കുന്നത് അത്രവലിയ കുറ്റമാണോ?

അതെല്ലാം പൊക്കിപ്പിടിച്ച് തനിക്കെതിരെ വാളോങ്ങിവന്ന കോണ്‍ഗ്രസുകാര്‍, തന്റെ വരാന്തയില്‍ കൂനിക്കുനിഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. ജനാധിപത്യം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി നടക്കുന്ന ഒരു ദേശീയനേതാവിന്റെ പ്രയാസം വല്ലതും മദാമ്മയുടെ പാര്‍ടിക്കറിയാമോ. രാജ്യസഭയില്‍ വിജയ് മല്യയുടെയും അംബാനിയുടെയും നമ്മുടെ വഹാബ്‌ക്കാന്റെയും മേലെയാണ് അമര്‍സിങ്ങിന്റെ സീറ്റ്. നല്ല ഉശിരനൊരു ബംഗ്ലാവ് കിട്ടിയിട്ടുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍. അവിടെ അമര്‍ജിക്ക് ലളിതമായ ജീവിതം നയിക്കാന്‍ സൌകര്യം പോരാ. പൂന്തോട്ടത്തിന്റെ ചുമരുകളില്‍ വെളുവെളുത്ത മാര്‍ബിളില്‍ മാലാഖമാരുടെ ശില്‍പ്പങ്ങള്‍ വേണം. ഔട്ട് ഹൌസില്‍ വെറും നാലുകോടിയുടെ ജിംനേഷ്യം വേണം. എല്ലാ മുറിയിലും കുറഞ്ഞത് അറുപതിഞ്ച് പ്ലാസ്മാ ടിവി വേണം. ഡൈനിങ് റൂമില്‍ റിമോട്ട് സംവിധാനങ്ങള്‍ നിര്‍ബന്ധം. കാപ്പികുടിക്കുമ്പോള്‍ ആകാശക്കാഴ്ചകാണാന്‍ ഇറ്റലിയില്‍നിന്നുകൊണ്ടുവന്ന കണ്ണാടിക്കട്ടികളുടെ മാസ്മരികത ഒഴിവാക്കാനാവുമോ? ലോധി എസ്റ്റേറ്റിലെ ഇരുപത്തേഴാം നമ്പര്‍ ബംഗ്ലാവ് ചരിത്രസ്മാരക പദവിയിലുള്ളതാണെന്നും അനക്കാന്‍ പാടില്ലെന്നുമൊക്കെ അസൂയാലുക്കള്‍ പറയും. മുലായംസിങ്ങിനെ ഒക്കത്തെടുത്തു നടക്കുന്ന അമര്‍സിങ്ജിക്ക് പക്ഷേ അതിന്റെ പിന്നാലെ പോകാനാവുമോ.

ഇവിടെ ഇടതുപക്ഷം ആണവകരാറില്‍ തൊട്ട് മന്‍മോഹന്‍ജിയെ പേടിപ്പിക്കുമ്പോള്‍ അമര്‍സിങ്ജി അങ്ങ് അമേരിക്കയിലായിരുന്നു. തിരിച്ചുവന്നപ്പോഴല്ലേ പുകില്. മുലായത്തിന് ഇടയ്ക്ക് ഒരു ഇടതുപക്ഷസ്നേഹം വന്നതാണ്. ആ നേരത്ത് ആണവകരാറിനെതിരെ നാലു പറഞ്ഞതുമാണ്. അമര്‍ജി വന്നപ്പോള്‍ മുലായത്തിന്റെ സൂക്കേടുമാറി. ഇനി എല്ലാം അമരന്‍ നോക്കിക്കൊള്ളും. ചാക്കുമെടുത്ത് പിന്നാലെ ചെല്ലേണ്ട പണിയേ വയലാര്‍ രവിക്കുള്ളൂ. പണ്ട് ഇമ്മാതിരി പണി ചെയ്യുന്നതിന്റെ കുത്തക കോണ്‍ഗ്രസിന് ഉള്ളിലുള്ളവര്‍ക്കുതന്നെയായിരുന്നു. റാവുജി നേരിട്ടാണ് വയസ്സുകാലത്ത് പെട്ടി ചോദിച്ചുവാങ്ങിയതും അതുചുമന്ന് ഷിബു സോറന്റെ കുടിയിലെത്തിച്ചതും. ആ പാര്‍ടിക്ക് 123 വയസ്സായി. ഇപ്പോള്‍ അവര്‍ മൂക്കുകൊണ്ട് 123 എഴുതുകയാണ്. നട്ടെല്ലിന് ബലമില്ല. അതുകൊണ്ട് പണികള്‍ ക്വട്ടേഷന്‍ കൊടുക്കുകയാണ്. പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ അമരന്‍ ചെയ്തുകൊള്ളും. ആടി നില്‍ക്കുന്ന ഏകാംഗപാര്‍ടികളെയും സ്വതന്ത്രരെയും കൈകാര്യം ചെയ്യാന്‍ ഒരു ഓഫീസ് തന്നെ തുറന്നിട്ടുണ്ട്. ഇതുവരെ മനസ്സുതുറക്കാത്ത 12 എംപിമാരുണ്ട്. അവര്‍ക്ക് പെട്ടി രൊക്കം കൈപ്പറ്റാം, മന്ത്രിമാരുമാകാം. ചിലരെ പാര്‍ടിയോടെ, മറ്റുചിലരെ ഒറ്റയ്ക്കൊറ്റക്ക്-ഇങ്ങനെയാണ് കച്ചവടം. അമര്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍, സോണിയാജിയുടെയും മന്‍മോഹന്റെയും കലാപരിപാടി മുന്നേറുകയാണ്. ഇരുപത്തിരണ്ടാംതീയതി കാണാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 'വില'.

**********

ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മലയാളത്തില്‍ വായിച്ചപ്പോള്‍ അതില്‍ പുട്ടോ പുട്ടുകുറ്റിയോ ഉള്ളത് എന്ന് ലീഗ്‌നേതാക്കന്മാര്‍ക്ക് തിരിഞ്ഞ മട്ടില്ല. നേതാക്കന്മാര്‍ പാണക്കാട്ട് കുത്തിയിരുന്ന് പാഠപുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ തോന്നിയത് ശങ്കയോ ആശങ്കയോ എന്നും തിട്ടമില്ല. മൂക്കറ്റം ബിരിയാണി തിന്നാല്‍ തോന്നുന്ന ഒരിത്. അത്രതന്നെ. പണ്ട് ലീഗിന്റെ ഒരു മന്ത്രി രവിവര്‍മചിത്രം കാണാന്‍ പോയി. ഏതു ചിത്രമാണ് ഇഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോള്‍ "ആ പെണ്ണുങ്ങളും പിടക്കോഴിയും കൂടിനില്‍ക്കുന്ന ചിത്രം'' എന്നായിരുന്നു മറുപടി. നളനെക്കുറിച്ച് ഹംസത്തോട് പ്രിയത്തോടെ സംസാരിക്കുന്ന ദമയന്തി അതുകേട്ട് ചിത്രത്തിലിരുന്നു ചിരിച്ചുപോയി. അതുപോലെയാണ് പാണക്കാട്ടെ പാഠപുസ്തക വായന. അവിടത്തെ മല എലിയെ മാത്രമേ ഇതുവരെ പെറ്റിട്ടുള്ളൂ. ഏഴാംക്ലാസിലെ പുസ്തകം വായിച്ച് മനസ്സിലാകാത്തവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഒന്നാണ് സായിപ്പ് എഴുതിത്തയ്യാറാക്കിയ ആണവകരാര്‍. അത് വായിച്ച് പാണക്കാട്ട് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആ'ശങ്ക'യുണ്ടായി എന്നാണ് വാര്‍ത്ത. ഇവിടെയൊന്നും സൌകര്യമില്ലാത്തതുകൊണ്ട് പറന്ന് ഡല്‍ഹിയില്‍ചെന്നാണ് ഇ അഹമ്മദ് സാഹിബ് ആ'ശങ്ക'തീര്‍ത്തത്. ഇന്ത്യാ മഹാരാജ്യത്ത് ലീഗിന് ഒരൊറ്റ മന്ത്രിയേ ഉള്ളൂ. ആ മന്ത്രിസ്ഥാനം കളഞ്ഞുള്ള ഒരു കളിക്കും അഹമ്മദിനെ കിട്ടൂല്ല. കുഞ്ഞാലിക്കുട്ടിക്ക് പലതും പറയാം. അത് പാഴായ കേസാണ്. 'ബരണ്ടുള്ള പൊഴവക്കില് ഒണങ്ങിയ മരത്തില് കരഞ്ഞുംകൊണ്ടിരിക്കണ' ആ കുരുവിപ്പക്ഷിയുടെ ചിലപ്പുകേട്ട് തുള്ളിയാല്‍ ഉള്ളതും പോകും. മന്ത്രിസ്ഥാനം രാജിവച്ചാല്‍ കോണ്‍ഗ്രസുമായി തെറ്റും. ഇവിടെ യുഡിഎഫുമായി പിണങ്ങും. യുഡിഎഫില്ലെങ്കില്‍ പിന്നെന്ത് ലീഗ്. നാലുസീറ്റ് തികച്ചുകിട്ടാന്‍ സാധ്യത നന്നേ കുറവ്. ഇനി രാജിവച്ചില്ലെങ്കിലോ. കാലാവധി തീരുംവരെ മന്ത്രിയായി പറക്കാം. അപ്പോഴേക്കും അണികള്‍ സലാംചൊല്ലി പിരിയുന്ന പ്രശ്നമല്ലേ. അത് അപ്പോള്‍ കാണാം. ശങ്ക തുടരട്ടെ. ഭരണം നടക്കട്ടെ. ഹലാക്കിന്റെ അണികള്‍ പോയിത്തുലയട്ടെ. അഹമ്മദ് സാഹിബ് നേതാവേ, ലക്ഷംലക്ഷം പിന്നാലെ.

**********

കെഎസ്‌യൂക്കാരന്‍ ഉണ്ണാവ്രതം കിടന്നപ്പോള്‍ അങ്ങ് അബുദുബായീന്ന് ലക്ഷം ഉറുപ്യയുടെ ചെക്കാണ് വന്നത്. സമരം നീണാള്‍ വാഴാന്‍ ചെക്കുകൊണ്ട് ഐക്യദാര്‍ഢ്യം. നെല്ലായും പണമായും സമരസഹായം എമ്പാടും വരുന്നതും കെഎസ്‌യൂ ക്കുട്ടന്മാര്‍ സുഖിച്ചുശാപ്പിടുന്നതും കണ്ടാല്‍ യൂത്തിന് ദഹിക്കുമോ? കെ സുരേന്ദ്രന്‍ എന്ന കാവിയൂത്തിന്റെ അത്രയ്ക്കില്ലെങ്കിലും സാമാന്യം കലശലായ അസുഖം തനിക്കുമുണ്ടെന്ന് പലകുറി തെളിയിച്ച ദേഹമാണ് സിദ്ദിക്കവര്‍കള്‍. നാവിന്റെ നീളത്തില്‍ ഏതാനും മീറ്ററിന്റെ കുറവേ ഉള്ളൂ. അടിക്കാന്‍ കുറുവടി ധാരാളം. എന്തൊക്കെ അഭ്യാസം നടത്തിയിട്ടും പക്ഷേ സംഗതി ക്ലച്ചുപിടിക്കുന്നില്ല. ആ സമയത്താണ് തനിക്കും ഒന്ന് ഉണ്ണാവ്രതിച്ചൂടേ എന്ന് തോന്നിയത്. തെരഞ്ഞെടുപ്പ് വരികയാണ്. തൊണ്ണൂറുകഴിഞ്ഞിട്ടും പല്ലുപോകാത്ത ലീഡര്‍ സീറ്റുതട്ടാന്‍ കാത്തിരിപ്പുണ്ട്. ഇപ്പോള്‍ ഒരു പ്രകടനം നടത്തിയാല്‍ ഏതെങ്കിലുമൊരു സീറ്റ് തരപ്പെടാതിരിക്കില്ല. പോരാഞ്ഞ് സമരസഹായം കൈനിറച്ചുകിട്ടിയാല്‍ വട്ടച്ചെലവു നടക്കുകയുംചെയ്യും. അങ്ങനെയാണ് സെക്രട്ടറിയറ്റിനുമുന്നില്‍ കൊതുകുകടി കൊള്ളാന്‍ തീരുമാനിച്ചത്. പണ്ടത്തെ നിശാ സമരക്കാര്‍ കിടന്ന സ്ഥലമാണ്. കണ്ണടച്ചാലുടനെ മധുരമനോഹര സ്വപ്നങ്ങള്‍ ഓടിയെത്തും. ശീല്‍ക്കാരങ്ങള്‍, ശൃംഗാര പദങ്ങള്‍, ആലിംഗനം, ആനന്ദ നിര്‍വൃതി... ഹൊ. സുഖംതന്നെ. ഇതിനിടയ്ക്ക് തന്നെ ആരെങ്കിലും ശ്രദ്ധിക്കണ്ടേ. അതിന് നാടുമുഴുവന്‍ മാലയിട്ട സ്വന്തം ചിത്രം സഹിതം ഫ്ലക്സ് ബോര്‍ഡ് കെട്ടിവയ്ക്കാം. അതുംപോരെങ്കില്‍, പന്തലിനുമുന്നിലിട്ട് അനുയായികളെ ശട്ടംകെട്ടി പെണ്‍കുട്ടികളെ അപമാനിക്കാം. എങ്ങനെയായാലും വാര്‍ത്ത വന്നാല്‍ മതി. വണ്ടിച്ചെക്കുകേസില്‍ പ്രതിയായി പിടിക്കപ്പെടുന്നതിന്റെയും സമരത്തിനിടെ സഹപ്രവര്‍ത്തകര്‍ ഞോണ്ടുന്നതിന്റെയും ചിത്രം അച്ചടിച്ചുവന്നതിന് പത്രം ഓഫീസില്‍ വിളിച്ച് നന്ദി രേഖപ്പെടുത്തിയ പുള്ളിക്കാരത്തിയാണല്ലോ അഖിലേന്ത്യാ നേതാവ്. എന്തായാലും സമരരീതിയില്‍ ഒരു പുതുമ വേണം. പാഠപുസ്തക സമരം ചീറ്റിപ്പോയിട്ട് നാളുകുറെയായി. ഇനി കള്ളുഷാപ്പില്‍ കണ്‍സെഷന്‍ വേണമെന്നോ മറ്റോ ആവശ്യമുന്നയിച്ചാകാം സമരത്തുടര്‍ച്ച.

Sunday, July 6, 2008

ലീഗിന്റെ തറവാട്ടുസ്വത്ത്

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.

പത്തറുപതുകൊല്ലം കൊണ്ട് ലീഗിനുവന്നുപെട്ട പരിണാമത്തെക്കുറിച്ചും രസികന്‍ കഥയുണ്ട്. ആദ്യകാലത്ത് ലീഗിന്റെ നേതാക്കന്മാരും അണികളും ഒരുപോലെയായിരുന്നു. സമുദായതാല്‍പര്യാര്‍ഥം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞുനടന്നവര്‍. പതുക്കെ നേതാക്കള്‍ അണികളേക്കാള്‍വിവരമുള്ളവരായി. അവര്‍ക്ക് ബിരിയാണി, മട്ടന്‍ ചാപ്സ്, ചുട്ടപത്തിരി, ആവോലി പൊള്ളിച്ചത് തുടങ്ങിയവയുടെ രുചി ഇഷ്ടമായിത്തുടങ്ങി. അണികള്‍ അധ്വാനിക്കുക, അണിചേരുക -നേതാക്കള്‍ അധികാരികളാവുക എന്നതായി ലീഗിന്റെ വളര്‍ച്ചാ ഫോര്‍മുല. നേതാക്കള്‍ പറയും; അനുയായികള്‍ അനുസരിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കില്ലെന്നു പറഞ്ഞാല്‍ 'അങ്ങനെതന്നെ'. മരം വെട്ടിയാല്‍ മഴ പെയ്യില്ലെങ്കില്‍ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന് നേതാവു ചോദിച്ചാല്‍ അണികള്‍ 'ബലേ ഭേഷ്' പറയും. നെഹ്റു വച്ചത് തുര്‍ക്കിത്തൊപ്പിയല്ലേ എന്നുചോദിച്ചാല്‍ 'തന്നെ, തന്നെ'യെന്നുത്തരം.

വിവരക്കൂടുതലുള്ള നേതാക്കള്‍ പ്രമാണിമാരും പ്രമാണിമാര്‍ നേതാക്കളുമായി. കച്ചവടത്തിന് ലൈസന്‍സൊപ്പിക്കല്‍, വന്‍കിട ലോണുകള്‍ തരപ്പെടുത്തല്‍, വ്യവസായത്തിന് ഭൂമി കച്ചവടമാക്കല്‍, നികുതിയിളവുകൊടുക്കല്‍, തോട്ടം വാങ്ങിക്കൂട്ടല്‍ തുടങ്ങിയവയായി ലീഗിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയുള്ള പണിയില്ലാത്തപ്പോള്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ പത്തുപവന്റെ ഉരുപ്പടി പൊതിഞ്ഞു കൈയില്‍ കിട്ടും. ഇടയ്ക്കൊന്ന് ദുബായില്‍ചെന്ന് ബെല്ലി ഡാന്‍സ് കാണുക, സ്വീകരണങ്ങള്‍ സംഘടിപ്പിക്കുക, ചില ഗസ്റ്റ് ഹൌസുകളില്‍ വെറുതെ താമസിക്കുക, ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്ക്രീം തുടങ്ങിയ മാധുര്യങ്ങള്‍ സേവിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇതിനു പുറമെയാണ്. അതിനെന്തെങ്കിലും തട്ടുകേടുവരുമ്പോള്‍ സമുദായത്തിന്റെ പേരുവിളിച്ച് കരയും. നിലവിളികേട്ട് അനുയായികള്‍ തെരുവിലിറങ്ങും.

നേതാവിന്റെ നടപടിദോഷം പൊലീസ് കേസായാലും നാണക്കേടായാലും അഴിമതിക്കുറ്റം പിടിക്കപ്പെട്ടാലും കൊടിയുംപിടിച്ച് നിരത്തിലിറങ്ങി നല്ല തല്ല് പാട്ടത്തിനെടുക്കാന്‍ അണികള്‍ സദാ തയ്യാര്‍. പള്ളി പൊളി, കൊലപാതകം, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷപീഡനം, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വേണ്ടാതീനങ്ങളെക്കുറിച്ചൊന്നും നേതാക്കള്‍ സംസാരിക്കില്ല; അണികള്‍ അറിയുകയുമില്ല. കൊയ്ത്തുകഴിഞ്ഞ പാടത്തില്‍ താറാക്കൂട്ടത്തെ നയിക്കുമ്പോലെ, സമുദായ വികാരം എന്നൊരു കമ്പുമെടുത്ത് അണികളെ അങ്ങനെ നയിച്ചു.

ഇതിനിടയില്‍ വിവരക്കൂടുതലുള്ള നേതാക്കളില്‍ ചിലര്‍ ഇടംതിരിഞ്ഞ് പിരിഞ്ഞു. ആദ്യം സുലൈമാന്‍ സേട്ട് എന്നൊരു പരദേശി. പള്ളി പൊളിയുന്നതും നാട്ടിലാകെ കൊല്ലും കൊലയും നടക്കുന്നതും സഹിക്കാതെ സേട്ട് പൊട്ടിത്തെറിച്ചു. നരസിംഹറാവു എന്നൊരു പഹയനാണ് അതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും റാവു പിടിച്ചത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും സേട്ട് പറഞ്ഞുനോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളാട്ടം വന്നു. എന്ത് സേട്ട്, എന്ത് പള്ളി. സേട്ട് സേട്ടിന്റെ പാട്ടിന് പോട്ടെ; ഞങ്ങള്‍ ഭരിക്കട്ടെ എന്നായി നാട്ടിലെ ലീഗ്. സമുദായത്തിനുവേണ്ടി അധ്വാനിച്ചതിന്റെ കൂലി നന്ദികേടിന്റെ രൂപത്തില്‍ കൈപ്പറ്റി പാവം സേട്ട് പടിയിറങ്ങി. സേട്ടിനു പകരം അതിലും വലിയ തൊപ്പിയിട്ട ബനാത്ത്‌വാല വന്നു. ആ ബനാത്ത്‌വാലയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് തട്ടി.

ഇതൊക്കെ നടക്കുമ്പോള്‍ ലീഗിന്റെ അണികളില്‍ വന്ന പരിണാമം, അവര്‍ക്ക് നേതാക്കളെപ്പോലെ 'വിവരം വച്ചു' എന്നതാണ്. വിവരമുള്ള അണികള്‍ നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ലീഗ് ജേക്കബിന്റെ പാര്‍ടിയുടെ കോലത്തിലായി. നിരാഹാരസമരം നാട്ടുകാരെ അറിയിക്കാന്‍ അവഗണനവിരുദ്ധ മാര്‍ച്ച് നടത്തേണ്ട അവസ്ഥ. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റ നേതാക്കള്‍ വച്ച തൊപ്പി തുര്‍ക്കിയില്‍നിന്നു വന്നതോ ദുബായില്‍നിന്നു വന്നതോ എന്ന് തിട്ടമില്ല ഇന്നും. മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ബനാത്ത്‌വാല പറഞ്ഞത്, കോണ്‍ഗ്രസുമായും അതിന്റെ അമേരിക്കന്‍ പ്രേമവുമായും ആണവക്കരാറുമായും ലീഗിന് സന്ധി വേണ്ട എന്നാണ്. മരിച്ച നേതാവിന്റെ ഒസ്യത്തുപോലും വിഴുങ്ങിക്കളഞ്ഞു നാടന്‍ലീഗ്. അമേരിക്കയെക്കുറിച്ച് മിണ്ടരുത്, ആയതിനാല്‍ നമുക്ക് പാഠപുസ്തകത്തെക്കുറിച്ച് സംസാരിക്കാം എന്നായി അവര്‍. നല്ല ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെത്തപ്പി നേതാക്കള്‍ ഇറങ്ങി. അണികളില്‍ കുറെ വിവരമില്ലാത്തവര്‍ പുസ്തകം കത്തിച്ചു.

പക്ഷേ, മഹാഭൂരിപക്ഷം അണികള്‍ക്കും ഇപ്പോള്‍ നേതാക്കളേക്കാള്‍ വിവരം വന്നിട്ടുണ്ട്. അതാണ് ലീഗിന്റെ അവസാനത്തെ പരിണാമം. അണികള്‍ സമരത്തിനുമില്ല, പള്ളിയില്‍ രാഷ്ട്രീയം കളിക്കാനുള്ള പരിപാടിക്കുമില്ല. തല്‍ക്കാലം ചില സംഘടനകളെ ഒന്നിച്ചുനിര്‍ത്തി ഒരു രാഷ്ട്രീയ രക്ഷപ്പെടല്‍ നടത്താമെന്ന നേതാക്കളുടെ പദ്ധതിയും അണികള്‍ പൊളിച്ചിരിക്കുന്നു. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊണ്ടുപോയി. ഇനി ലീഗ് നേതാക്കള്‍ക്ക് അണികളുടെ വേഷവും കെട്ടാം. അതല്ലെങ്കില്‍ കോട്ടപ്പുറം മൈതാനിയില്‍ കയറിനിന്ന് കാറ്റിനോടും മരങ്ങളോടും പ്രസംഗിക്കാം; കൊതിതീരുവോളം. ഇപ്പോള്‍ കൈയിലുള്ളതാണ് ലീഗ് നേതാക്കളുടെ തറവാട്ടു സ്വത്ത്. ചിലര്‍ ആ അമൂല്യസ്വത്തിനെ ഉളുപ്പില്ലായ്മയെന്നും വിളിക്കും. തൂക്കി വിറ്റാല്‍ നല്ല വിലയാണ്.

***

ഭര്‍ത്താവ് പ്രസവിച്ച വാര്‍ത്ത കൌതുകമുള്ളതാണ്. പ്രസവിച്ച ഭര്‍ത്താവ് പക്ഷേ പൂര്‍വാശ്രമത്തില്‍ സുന്ദരിയായിരുന്നു. ശസ്ത്രക്രിയ നടത്തി പുറമേക്ക് സുന്ദരനായതാണ്. അകത്ത് ഗര്‍ഭപാത്രവും സ്ത്രൈണതയുമുണ്ട്. ഒരു സ്ത്രീയുടെ സാധാരണ പ്രസവത്തില്‍ കവിഞ്ഞ അത്ഭുതമൊന്നും നടന്നിട്ടില്ലെങ്കിലും സംഗതി വലിയ വാര്‍ത്തയായി. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നോ. ഏഴാംക്ലാസിലെ സാമൂഹ്യ പാഠപുസ്തകം ഡല്‍ഹിയിലെ വിദഗ്ധരെ കാണിക്കാന്‍ ഇംഗ്ലീഷിലാക്കി കൊണ്ടുപോയപ്പോള്‍, ഇംഗ്ലീഷ് പതിപ്പില്‍ 'കുത്തും കോമയുമില്ലെന്ന് ' ഒന്നാംപേജ് വാര്‍ത്തയെഴുതിയ മുതുമുത്തശ്ശി പത്രത്തെ കണ്ടില്ലേ. വാര്‍ത്ത ഉണ്ടാകാന്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നും വേണ്ട. ഈയിടെ നമ്മുടെ നാട്ടിലെ പ്രധാനപത്രത്തിലെല്ലാം വന്ന ഒരു വാര്‍ത്ത, നാസി തടവറകളില്‍ പന്തീരായിരം ജൂതരെ കൊന്നൊടുക്കിയ യുദ്ധഭീകരന്‍ ജോഹന്‍ ബാച്ച് കര്‍ണാടക -ഗോവ അതിര്‍ത്തിയില്‍ പിടിയിലായി എന്നതായിരുന്നു. ബര്‍ലിനിലെ ചാന്‍സലറുടെ എസ്ഐസി എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രസ് ഓഫീസര്‍ ഹമ്മന്‍ സ്മിത്ത് പത്രമോഫീസുകളിലേക്കയച്ച ഇ- മെയിലുകളിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. 'മര്‍ഷക ടികാഷ് വാനാബ്' എന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ അധിപനായിരുന്നു ജോഹന്‍ ബാച്ചെന്നും ഗോവയില്‍ ഇസ്രയേലി ദമ്പതികളാണ് ജോഹനെ കണ്ടെത്തിയതെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. കിട്ടിയതുവച്ച് വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച പിയാനോയെക്കുറിച്ച്, ജോഹന്റെ കൊലപാതകശൈലിയെക്കുറിച്ച്, അയാളെ ജര്‍മനിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനെക്കുറിച്ച്, അയാളും ഹിറ്റ്ലറുമായുള്ള ബന്ധത്തെക്കുറിച്ച്....ജനം അമ്പരന്നു. പിറ്റേന്ന് വാര്‍ത്തയുടെ ബാക്കിതേടി ചില പത്രലേഖകര്‍ പോയി. അപ്പോഴാണറിയുന്നത്, ഹമ്മന്‍ സ്മിത്ത് എന്നൊരു പ്രസ് സെക്രട്ടറിയില്ല, 'മര്‍ഷക ടികാഷ് വാനാബ്'എന്നൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ജോഹന്‍ ബാച്ച് എന്നൊരു കമാന്‍ഡറോ ഇല്ല എന്നൊക്കെ. ഏതോ വിരുതന്‍ പറ്റിച്ച ഇ-മെയില്‍ പണിയില്‍ നമ്മുടെ ഒന്നാംകിട മാധ്യമങ്ങളെല്ലാം കുടുങ്ങിപ്പോയി. കിട്ടിയതുവച്ചാണ് കോത പാട്ടുപാടിയത്.

ഇക്കഥ വായിച്ചപ്പോഴാണ് നമ്മുടെ പഴയ മാധ്യമ സിന്‍ഡിക്കറ്റിനെ ഓര്‍മ വന്നത്. മൂന്നുപെഗ് കാലിയാകുമ്പോഴേക്കും മാര്‍ക്സിസ്റ്റ് പാര്‍ടിയെ കുപ്പിയിലിറക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട ആ മാധ്യമ സിന്‍ഡിക്കറ്റ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അതിന്റെ അന്തര്‍ദേശീയ പതിപ്പുകള്‍ സജീവമാണ്. ഒരേ വ്യാജവാര്‍ത്ത എല്ലാ പത്രത്തിലും അച്ചടിച്ചുകാണാന്‍ ഇനി ഇ- മെയില്‍ മതി.

***

മാധ്യമ സിന്‍ഡിക്കറ്റിന്റെ എല്ലും നഖവുമെല്ലാം അങ്ങിങ്ങ് അഴുകാതെ അവശേഷിക്കുന്നുണ്ട്. മാധ്യമം എന്ന പത്രത്തില്‍ ഒന്നാം പുറത്ത് വന്ന ഒരു വാര്‍ത്ത അങ്ങനെയൊരവശിഷ്ടമാണ്. കണ്ണൂര്‍ ലോക്‍സഭാ നിയോജക മണ്ഡലത്തില്‍ സിപിഐ എം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ഇ പി ജയരാജനാകുമെന്ന പ്രവചനവും അതിന്റെ മറവില്‍ അദ്ദേഹത്തിനെതിരായ ശകാരവര്‍ഷവുമായാണ് മാധ്യമം 'അടവുകള്‍ ഒരുമുഴം മുമ്പേ' എറിയുന്നത്. അഥവാ ഇ പി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ പറഞ്ഞുനടക്കാന്‍ കുറെ നുണകള്‍ മാധ്യമം യുഡിഎഫിന് സൌജന്യമായി നല്‍കുകയാണ്. പൊലീസിന്റെയും രാഷ്ട്രീയ ശത്രുക്കളുടെയും നിരന്തരമായ ആക്രമണമേറ്റുവാങ്ങിയതിന്റെ പരിക്കുകളും എന്തിന്, ഒരു വെടിയുണ്ട തന്നെയും ശരീരത്തില്‍ പേറി അവിശ്രമം പൊതുപ്രവര്‍ത്തനം നടത്തുന്ന ഇ പി ജയരാജനെ 'വിപ്ലവ കോടിപതി' എന്ന് കളിയാക്കുകയാണ് മാധ്യമം ലേഖകന്‍. ദേശാഭിമാനി പ്രചാരണത്തിനും സംഘാടനത്തിനുമായി ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് അദ്ദേഹം നടത്തുന്ന പര്യടനം 'പണം സ്വരൂപിക്കാനുള്ള'താക്കിയിട്ടുണ്ട് പത്രം. ഇതാണ് രീതി. അയല്‍വാസി ഒരു ദരിദ്രവാസിയാണെന്ന് ഒരസൂയക്കാരന്‍ ചെവിയില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തെക്കുറിച്ച് സചിത്ര ഫീച്ചറെഴുതിക്കളയുന്ന വമ്പന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്നും. മാധ്യമം പറഞ്ഞിട്ടുവേണമല്ലോ ഇ പി ജയരാജനെ ജനങ്ങള്‍ അറിയാന്‍!

***

പാഴായ (മുന്‍) കമ്യൂണിസ്റ്റ് അഴുകിയ കമ്യൂണിസ്റ്റാണെന്ന് പറയാറുണ്ട്. അത് ശരിയാണോ, കമ്യൂണിസത്തിന്റെ നന്മ അല്‍പ്പമെങ്കിലും അവരില്‍ ശേഷിക്കില്ലേ എന്ന് ശതമന്യുവിന് കുറെനാളായി കലശലായ സംശയമാണ്. പാഠപുസ്തക വിവാദത്തില്‍ യുഡിഎഫ് പക്ഷത്തുനിന്ന് ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്നപ്പോള്‍ ആ സംശയം പിന്നെയും കനത്തു. ശരിയായ നിലപാടിലേക്ക് ആരുവന്നാലും അതിനെ അംഗീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്ന് ബദല്‍രേഖക്കാലത്ത് ഇ എം എസ് പറയുന്നത് ശതമന്യു കേട്ടിട്ടുണ്ട്. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...

-ശതമന്യു