Sunday, May 24, 2009

ധാര്‍ഷ്ട്യത്തിന്റെ നാനാര്‍ഥങ്ങള്‍

'നിന്നെക്കാണാന്‍ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെകെട്ടാന്‍ ഇന്നുവരെ വന്നില്ലാരും' എന്നൊരു പാട്ട് കേട്ടു. പഴയൊരു നാടന്‍പാട്ട് പുതിയ രൂപത്തില്‍ വന്നതാണ്. ചന്തം തോന്നിയതുകൊണ്ട് കാര്യമില്ല; കെട്ടാന്‍ തയ്യാറായി ആളു വരികതന്നെവേണം. അങ്ങനെ വരാന്‍ ചില ചട്ടവട്ടങ്ങളൊക്കെയുണ്ട്. തലകുത്തിമറിഞ്ഞും സര്‍വ വേണ്ടാതീനങ്ങളിലും കൈയിട്ടും വിജയമൊപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ല. സദാ കണ്ണുതുറന്നിരിക്കണം. അണയാത്ത കണ്ണുവേണമെന്നാണ് കവി പാടിയത്. അടുത്താരെങ്കിലും മണ്ണും ചാരി നില്‍ക്കുന്നുണ്ടോ എന്ന് നോക്കണം. കണ്ണുതെറ്റിയാല്‍ പെണ്ണും കൊണ്ടുപോകും.

കേരളത്തിലെ ബോബനും മോളിയും നേരിടുന്ന അവസ്ഥ നോക്കുക! പാടായ പാടൊക്കെ പെട്ടാണ് പതിനാറു സീറ്റില്‍ യുഡിഎഫിനെ ജയിപ്പിച്ചത്. അതിന് ഒഴുക്കിയ വിയര്‍പ്പെത്ര; ചെയ്തുകൂട്ടിയ അന്യായങ്ങളെത്ര. ആരാണ് വിജയശില്‍പ്പി എന്നുചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിയെന്നോ രമേശ് ചെന്നിത്തലയെന്നോ ഒറ്റയുത്തരം പറയാന്‍ കഴിയില്ല. രണ്ടുപേരും ഇരുദേഹവും ഒരുമോഹവുമായി പൂര്‍ത്തിയാക്കിയ ദുര്‍മന്ത്രവാദങ്ങളുടെ കണക്കെടുത്താല്‍ ചന്ദ്രസ്വാമിയും സന്തോഷ് മാധവനും തോറ്റുപോകും. എല്ലാമായിട്ടെന്ത്? ഡല്‍ഹിയില്‍ മന്‍മോഹന്‍ജി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒന്നു കണ്ട് സന്തോഷിക്കാന്‍പോലും തോന്നിയില്ല. മണ്ണും ചാരി നിന്ന ആന്റണിയാണ് പെണ്ണിന്റെ കൈയും പിടിച്ച് രജിസ്റ്റര്‍ ഓഫീസിലേക്ക് പോയത്.

2004ല്‍ തോറ്റു തുന്നംപാടിയപ്പോള്‍ കുറ്റിപറിച്ച് കൈയില്‍കൊടുത്ത് ദില്ലിക്ക് വിമാനംകയറ്റി വിട്ടതാണ്. ഇനി ഇങ്ങോട്ടുവരാന്‍ പാടില്ലെന്ന് താക്കീതും നല്‍കി. വന്നാല്‍ത്തന്നെ ഈശ്വരവിലാസം റോഡിലെ 'അഞ്ജന'ത്തില്‍ അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളണം. കേരളക്കാര്യം ബോബനും മോളിയും പങ്കുവച്ചുകൊള്ളും എന്നായിരുന്നു കരാര്‍. അടുത്ത തെരഞ്ഞെടുപ്പെത്തിയപ്പോള്‍ അതാ പറന്നുവരുന്നു പോയ മച്ചാന്‍. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ആന്റണി; പ്രചാരണത്തില്‍ ആന്റണി; വിജയിച്ചപ്പോള്‍ ആന്റണി; ഇപ്പോള്‍ സത്യപ്രതിജ്ഞചെയ്യുന്നതും ആന്റണി. വേട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പത്രക്കാരെ വിളിച്ച് 'താന്‍ കെപിസിസി പ്രസിഡന്റായതിന്റെ ഗുണമാണീഫല'മെന്ന് ചെന്നിത്തല പറഞ്ഞു ചിരിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ 'കണ്ടില്ലേ എന്റെ മിടുക്ക്' എന്നമട്ടിലാണ് പ്രതികരിച്ചു ചിരിച്ചത്. കേന്ദ്രത്തില്‍ മന്ത്രിസഭ ഉറപ്പായ ഉടനെ അടുത്തവിമാനം പിടിച്ച് ഡല്‍ഹിയിലെത്തുകയും ചെയ്തു. എല്ലാമായിട്ടെന്ത്-ഡല്‍ഹിയില്‍ മൂന്നുനാലു ദിവസം ചപ്പാത്തി കഴിച്ചത് മിച്ചം. എല്ലാ സൌഭാഗ്യങ്ങളും ആന്റണിക്കാണ്; കൂടെ വയലാര്‍ജിക്കുമാണ്. ആന്റണിയുടെ ആളുകളാണ് ജയിച്ച് ഡല്‍ഹിയിലെത്തിയതില്‍ മുക്കാല്‍പ്പങ്കും.

വെളുക്കുവോളം കോരിയ വെള്ളം കുടമുടഞ്ഞ് ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കുന്ന ബോബന്റെയും മോളിയുടെയും ദുഃഖമാണ് ദുഃഖം. വയലാര്‍ജിയും ആന്റണിയും കേന്ദ്രമന്ത്രിക്കുപ്പായമിടുമ്പോള്‍ ലീഡര്‍ക്ക് ഏതെങ്കിലും രാജ്ഭവനില്‍ സുഖശയനവും തരപ്പെടുമെന്നാണ് കേള്‍ക്കുന്നത്. ബോബനും മോളിക്കും തല്‍ക്കാലത്തേക്ക് ആശയ്ക്ക് വകയൊന്നും കാണുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലംവച്ച് രണ്ടുകൊല്ലം കഴിഞ്ഞ് നിയമസഭ പിടിക്കാമെന്ന മോഹവും മണ്ടിമണ്ടിക്കരേറുന്ന മട്ടില്ല. വോട്ടുകണക്ക് നോക്കുമ്പോള്‍ നാല്‍പ്പതു നിയമസഭാ മണ്ഡലത്തില്‍ ഇടതന്മാര്‍ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇരുപതിടത്ത് നേരിയ വ്യത്യാസം മാത്രം. പത്തുപതിനഞ്ചിടത്ത് ആഞ്ഞുപിടിച്ചാല്‍ മറിഞ്ഞുപോരുന്ന വ്യത്യാസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ ഇടതിന് മേല്‍ക്കൈ കിട്ടുമെന്നിരിക്കെ അടുത്ത ഭരണം സ്വപ്നംകാണാനുള്ള അവസരമൊന്നും ബോബനുമില്ല; മോളിക്കുമില്ല.

ഈ സവിശേഷമായ അവസ്ഥയെയാണ് ഗതികേട് എന്നു വിളിക്കുന്നത്. സ്വന്തം പാര്‍ടിക്ക് വിജയമുണ്ടായിട്ടും ആ വിജയം തങ്ങളുടേതല്ല എന്നുതോന്നുന്ന ഗതികേട് ഇനിയാര്‍ക്കുമുണ്ടാകാതിരിക്കട്ടെ എന്ന് ശതമന്യൂ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് തന്നെ നാണംകെടുത്തി കെട്ടുകെട്ടിച്ചവരോട് മധുരമായി പ്രതികാരം നിര്‍വഹിച്ച് ആന്റണിജിക്ക് അഭിവാദ്യങ്ങള്‍. അങ്ങ് ഒരു ഒന്നൊന്നര 'എ കെ' തന്നെ.

*
ധാര്‍ഷ്ട്യക്കാരന്‍ എന്നതിന് ധൃഷ്ടതയുള്ളവന്‍ എന്നര്‍ഥം. ധൃഷ്ടത ധൈര്യമാണ്. എന്തിനെയും കൂസലില്ലാതെ നേരിടാനുള്ള അവസ്ഥയാണ്. അത് അത്ര മോശമായ കാര്യമല്ല. കേരളത്തിലെ സിപിഎമ്മിന് ധാര്‍ഷ്ട്യമാണെന്ന് ആരോ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചപ്പോഴാണ് 'എന്താണപ്പാ ഈ ധാര്‍ഷ്ട്യം' എന്ന് ചിന്തിച്ചുപോയത്. പത്രസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നത്? ആക്രമിക്കപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുന്നത്? നുണക്കഥകള്‍ കൂലംകുത്തിയൊഴുകിവരുമ്പോള്‍ തളര്‍ന്നുപോകാത്തത്? എല്ലാ മര്യാദകളും ധാര്‍മികതയും ചവിട്ടിയരച്ച് വേട്ടയാടുമ്പോള്‍ പിന്തിരിഞ്ഞോടാത്തത്? കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ആയിപ്പോയത്? സമ്മര്‍ദങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും വഴങ്ങാത്തത്?

ധാര്‍ഷ്ട്യം അളക്കുന്ന ഇടങ്ങഴി ചാലക്കമ്പോളത്തില്‍ സകല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടിയില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊഞ്ചിക്കുഴയുന്നതാണ് നല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷണമെന്ന് തോന്നുന്നു. ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നും വേണം. നിങ്ങള്‍ പോയപോലെ തിരിച്ചുവരുമോ എന്ന് ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിനെ കെട്ടിപ്പിടിച്ചുമ്മവയ്ക്കണം. ക്ഷ, ഖ, ഠ, ഘ, ഭ തുടങ്ങിയ കടുപ്പമുള്ള അക്ഷരങ്ങളൊന്നും ഉച്ചരിക്കരുത്. മോരും ചോറും മാത്രമേ കഴിക്കാവൂ. (മോരില്‍ മുളകിടരുത്-ധാര്‍ഷ്ട്യമാകും!) പച്ചക്കള്ളം പറയുന്നവരെ കള്ളനെന്നോ നുണയനെന്നോ വിളിക്കരുത്-കൂടിവന്നാല്‍ 'അസത്യവാനായ മഹാനുഭാവ' എന്ന് അഭിസംബോധന ചെയ്യാം. ആയതിനാല്‍ ഇനി നമുക്ക് ധാര്‍ഷ്ട്യം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാന്‍ പഠിക്കാം.

*
പിണറായി വിജയന്റെ ചോരയ്ക്കുവേണ്ടിയുള്ള ദാഹം തീരുന്ന മട്ടില്ല. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍തന്നെ എഴുതിക്കണ്ടു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ വീരേന്ദ്രകുമാര്‍ രംഗത്തിറക്കിയത് അഡ്വക്കറ്റ് രാംകുമാറിനെയാണ്. ക്രൈം നന്ദകുമാറിനുവേണ്ടി രാംകുമാര്‍ തയ്യാറാക്കിയ വക്കീല്‍നോട്ടീസ് വായിച്ച് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ശതമന്യൂവും കോള്‍മയിര്‍ കൊണ്ടിട്ടുണ്ട്. നന്ദകുമാറിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉത്തരവിട്ട് ഹൈക്കോടതി നടത്തിയ വിധിപ്രഖ്യാപനത്തിന്റെ തലത്തിലേ രാംകുമാര്‍ ഇപ്പോഴും എത്തിയിട്ടുള്ളൂ. വീരന്റെ നിര്‍ബന്ധം സഹിക്കാതെ ലേഖനമെഴുതുമ്പോള്‍ കൈയില്‍ ആ വിധിയേ ഉള്ളൂ. അതുകൊണ്ട് സിബിഐ അന്വേഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍പോലും വക്കീല്‍സാര്‍ അറിഞ്ഞിട്ടില്ല. പത്താംക്ളാസിലെ സിലബസ് വച്ച് എംഎ പരീക്ഷയെഴുതാന്‍ പോയതിന്റെ ശേലുണ്ട് വക്കീലിന്റെ വാദത്തിന്.

*
വയലാര്‍ രവി സത്യപ്രതിജ്ഞചെയ്തത് ദൈവനാമത്തിലാണ്. മുമ്പെല്ലാം അദ്ദേഹത്തിന് ദൃഢപ്രതിജ്ഞയോടായിരുന്നു താല്‍പ്പര്യം. പ്രായം കൂടുമ്പോള്‍ മനസ്സിന്റെ ദാര്‍ഢ്യം കുറയുമായിരിക്കും. പിന്നെ ഈശ്വരോ രക്ഷതു എന്നു കരുതുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് പണ്ടുകാലത്ത് പലരും കാശിക്ക് പോയത്. ദൈവമാര്‍ഗത്തില്‍ വയലാര്‍ജിക്ക് സര്‍വൈശ്വര്യങ്ങളും ഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

വാല്‍ക്കഷണം:

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമുണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കളും അവരെ സഹായിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവരും ആഘോഷിച്ച് ചിരിച്ചതിനെക്കുറിച്ച് ശതമന്യു എഴുതി. വര്‍ണ്യത്തിലാശങ്കയേതുമില്ലാതെയാണ് എഴുതിയത്. യുഡിഎഫിനെ വിമര്‍ശിച്ചാല്‍, അത് മറ്റുചില ഉദ്ദേശം വച്ചാണെന്ന് വരിയും ചിരിയും വാക്കും അടര്‍ത്തിയെടുത്ത് പൊക്കിപ്പിടിച്ചാരോപിച്ചാല്‍ വിമര്‍ശനംതന്നെ അതോടെ മുടക്കിക്കളയാമെന്നാണ് വിചാരമെങ്കില്‍ അത്തരം വിചാരക്കാരെ നമസ്കരിക്കുകയല്ലാതെ നിര്‍വാഹമില്ല. അവര്‍ക്കും ഉണ്ടാകട്ടെ സമാധാനം.

Sunday, May 17, 2009

ആഘോഷച്ചിരി

പ്രധാനമന്ത്രിക്കുപ്പായം ആദ്യമിട്ട അദ്വാനിക്ക് ഇപ്പോള്‍ പ്രതിപക്ഷനേതാവിന്റെ കുപ്പായം വേണ്ടപോലും! ഇനി മോഡിക്കാലമാണെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസിന് ഇനിയും നല്ലകാലം തുടരുമെന്നാണ് ശതമന്യു പഠിച്ച ജ്യോതിഷത്തില്‍ തെളിയുന്നത്. ഇപ്പോള്‍തന്നെ മോഡിയുടെ മുഖം കണ്ടാണ് കോണ്‍ഗ്രസ് എന്ന മുഷിഞ്ഞ മാറാപ്പ് പേറാന്‍ ഇന്ത്യക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നത്. കൊല്ലുന്ന മോഡിയേക്കാള്‍ എന്തുകൊണ്ടും നല്ലത് മിണ്ടാത്ത മന്‍മോഹനാണല്ലോ. തലേക്കെട്ടുമായി ഒരിടത്ത് മിണ്ടാതെ ഇരുന്നുകൊള്ളും. ബുഷിനെയും ഒബാമയെയും കാണുമ്പോഴേ ചിരിവരുള്ളൂ. അനങ്ങണമെങ്കില്‍ മാഡം പറയണം. ഇനിയിപ്പോള്‍ മാഡം മാത്രമല്ല, രാഹുല്‍ജികൂടി പറഞ്ഞാലേ മന്‍മോഹന്‍ജി അനങ്ങൂ. യുപിയില്‍ കോണ്‍ഗ്രസിന് ഓക്സിജന്‍ പകര്‍ന്നത് രാഹുല്‍ജിയാണത്രേ. അനന്തരാവകാശം കൊളംബിയയിലോ മറ്റോ ആണ്. ഇന്ത്യ ആഗോളവല്‍ക്കരിക്കപ്പെടുന്നു. ചെന്നിത്തലയ്ക്ക് ഖദറുമാറ്റി ത്രീപീസ് സ്യൂട്ടണിയാനുള്ള സമയമായി. ഇന്നലെ കയറിവന്ന ചെറുപ്പക്കാരന്‍ രാജകുമാരന് കസേരയും കുപ്പിവെള്ളവുമായി സ്റ്റേജില്‍ ഖദറിട്ട് പരക്കംപായുകയും വെപ്രാളപ്പെടുകയുംചെയ്യുന്ന കോണ്‍ഗ്രസപ്പൂപ്പന്‍മാരുള്ളിടത്തോളം രാജ്യത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. മോഡിയെയും തൊഗാഡിയയെയും പേടിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും. വോട്ടുകിട്ടിയാല്‍ അമേരിക്കയില്‍ നയങ്ങള്‍ രൂപീകരിക്കും. മാഡത്തിനും മന്‍മോഹനും ചിദംബരത്തിനുമെല്ലാം വെറുതെ ഇരുന്നുകൊടുക്കുന്ന ജോലി മാത്രമേയുള്ളൂ. പ്യൂണിന്റെ പണിയെടുക്കാന്‍കൂടി അമേരിക്കന്‍ അംബാസഡര്‍ വന്നുകൊള്ളും-അതാണ് ഇന്ത്യയുടെ മഹത്തായ ജനാധിപത്യം(അമേരിക്കന്‍ സ്പോണ്‍സേര്‍ഡ്).

വിജയം കോണ്‍ഗ്രസിന്റെയോ അമേരിക്കയുടെയോ എന്നുചോദിച്ചാല്‍ ഉത്തരം പറയാന്‍ ചെറിയ വിഷമമുണ്ട്. ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്. അത് നടന്നു. ബംഗാളില്‍ മഹാസഖ്യം. കേരളത്തില്‍ കാളികൂളിസഖ്യം. രണ്ടിനും ജയിക്കാനായി. ഇടതന്മാര്‍ ഭരണത്തണലില്‍ മാത്രം ജീവിച്ചവരാണെന്ന് കരുതിയവര്‍ക്കും ഭരണമാണ് മഹാകാര്യമെന്ന് തലയില്‍കയറ്റിയവര്‍ക്കും ചിരിക്കാനുള്ള വകതന്നെ. അഞ്ചുവര്‍ഷത്തേക്ക് നാല് എംപിമാര്‍ ഇല്ലാതായിപ്പോയതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ കാശിക്കുപോകുമെന്ന് നിനച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും സമാധാനമുണ്ടാകട്ടെ. കേന്ദ്രത്തില്‍ പ്രധാനമന്ത്രിസ്ഥാനവും മന്ത്രിപദങ്ങളും വച്ചു നീട്ടിയപ്പോള്‍ നിഷ്കരുണം തട്ടിമാറ്റിയ പാര്‍ടിക്ക് ഏതാനും മണ്ഡലത്തിലെ തോല്‍വി കനത്ത ആഘാതമാണെന്ന് കരുതുന്നവരെ തിരുത്തി സമയം മെനക്കെടുത്തേണ്ടതില്ല. അവരങ്ങനെ ചിരിക്കട്ടെ!

*
ഇടതിന്റെ രണ്ട് അത്താണിയും പോയി എന്നാണ് അച്ചായന്റെ പത്രം പൊട്ടിച്ചിരിച്ചത്. ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായതിന്റെ ആഘോഷമാണ് ആ ചിരി. കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍വന്നാല്‍ വിഷംകുടിച്ചുമരിക്കുമെന്ന് വീരവാദംമുഴക്കിയവര്‍ക്ക് കമ്യൂണിസ്റ്റുകാര്‍ തോറ്റുകാണുമ്പോള്‍ ഒന്ന് ചിരിക്കാനെങ്കിലും അവകാശമുണ്ട്. ഒരു ചാനലില്‍ ചോദ്യം വന്നത് എല്‍ഡിഎഫ് തകര്‍ന്നോ; തകരുമോ എന്നായിരുന്നു. തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് തല്‍ക്കാലത്തേക്ക് വേലിയില്‍നിന്ന് ചില കമ്പുകള്‍ വലിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് നേരുതന്നെ. അതിന്റെ ചിരി അവരുടെ മുഖത്ത് തെളിഞ്ഞുകാണുന്നുണ്ട്-ഒരുതരം ഒടുക്കത്തെ ചിരി. ഇരുപതില്‍ പത്തൊന്‍പതു സീറ്റിലും തോറ്റ യുഡിഎഫിന് അഞ്ചുകൊല്ലംകൊണ്ട് പതിനാറുസീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, എല്‍ഡിഎഫിന് ഇപ്പോഴുണ്ടായ പരാജയം പരിഹരിക്കാനാവാത്ത പ്രശ്നം വല്ലതുമാണോ? എല്‍ഡിഎഫ് ശരിക്കും ഇതില്‍കൂടുതല്‍ സീറ്റുകളാണ് പ്രതീക്ഷിച്ചത്. രാജ്യത്താകെ കോണ്‍ഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായപ്പോള്‍ കേരളത്തിലും അത് പ്രതിഫലിച്ചു. അതോടൊപ്പം നാനാഭാഗത്തുനിന്നും ഒറ്റക്കെട്ടായി വന്ന ആക്രമണങ്ങള്‍; ദുഷ്പ്രചാരണങ്ങള്‍, യുഡിഎഫ് മുന്നേറ്റം പ്രവചിച്ചുകൊണ്ടുള്ള മാധ്യമ അഴിഞ്ഞാട്ടം; അകത്തും പുറത്തും പുകഞ്ഞ അസ്വാരസ്യങ്ങള്‍-ഇവയെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പൊട്ടിച്ചിരിക്കുന്നു. ചിരി ആരോഗ്യത്തിന് നല്ലതാണ്. ചിരിക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ.

പതിനെട്ടുസീറ്റില്‍നിന്ന് നാലിലേക്കുള്ള ഇറക്കം പരാജയംതന്നെ.അത് എന്തുകൊണ്ടുണ്ടായി എന്ന് പരിശോധിച്ച് തിരുത്തുമെന്ന് സിപിഐ എം പറഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിയ വോട്ടില്‍ അങ്ങിങ്ങ് ചോര്‍ച്ചയുണ്ടായി എന്നാണ് പാര്‍ട്ടി സെക്രട്ടറിയറ്റ് കണ്ടെത്തിയ ഒരുകാര്യം. അതുവായിച്ചപ്പോള്‍ ശതമന്യുവിന് ഒരു അതിവിപ്ളവകാരിയുടെ പ്രവചനം ഓര്‍മവന്നു. കേരളത്തില്‍ ആകെ മൂന്നു സീറ്റിലേ സിപിഐ എം ജയിക്കാന്‍ പോകുന്നുള്ളൂ എന്നായിരുന്നു വോട്ടെടുപ്പിന്റെ മൂന്നാം നാള്‍ ആ അതിവിപ്ളവന്‍ കട്ടായം പറഞ്ഞത്. എന്തേ അങ്ങനെ ഉറപ്പിച്ചു പറയാന്‍ എന്ന ചോദ്യത്തിന് 'അത് അങ്ങനെയേ സംഭവിക്കൂ' എന്ന പ്രവചനാത്മകമായ ഉത്തരം. ജയിക്കുന്ന മണ്ഡലങ്ങളുടെ പേരും പറഞ്ഞു: കാസര്‍കോട്, ആലത്തൂര്‍, ആറ്റിങ്ങല്‍. ബാക്കി പതിനേഴിടത്ത് തോല്‍പ്പിക്കാനുള്ള എന്തെങ്കിലും വിദ്യ നിങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി അതിവിപ്ളവച്ചിരിയായിരുന്നു. ഫലം വന്നപ്പോള്‍ പ്രവചനം ശരിതന്നെ. നാലാമതൊരു സീറ്റ് വിജയക്കണക്കില്‍ വന്നത് കഷ്ടിച്ചാണ്-പാലക്കാട്. ചിലര്‍ മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തിരുന്നു. അങ്ങനെയാണ്, സ്ഥിരമായി കിട്ടുന്ന കുറച്ചു വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ വീണത്. ഒരുമാതിരി ചുമലിലിരുന്ന് ചെവിതിന്നുന്ന പണി നടന്നിട്ടുണ്ട്. അതിന് സാധൂകരണമായി പലപല നുണകളും പാവപ്പെട്ട ജനങ്ങളുടെ മനസ്സില്‍ അടിച്ചുകയറ്റിയിട്ടുമുണ്ട്.

യുഡിഎഫിന് ലോട്ടറിയടിച്ചതിന്റെ ഗുണമാണുണ്ടായത്. ഒരുഭാഗത്ത് മാധ്യമങ്ങളുടെ സമ്പൂര്‍ണ സേവനം. മറുവശത്ത് അതിവിപ്ളവന്‍മാരുടെ അകമഴിഞ്ഞ അധ്വാനം. അവര്‍ പിടിച്ചിട്ടും പിടി കിട്ടാതെ പോയതുകൊണ്ടാണ് എല്‍ഡിഎഫ് നാലുസീറ്റില്‍ ജയിച്ചത്. ളോഹയിട്ടും തലയില്‍കെട്ടിയും കുറെ ഇടയന്മാര്‍ കുഞ്ഞാടുകളെ കോണ്‍ഗ്രസിന്റെ ഉമ്മറപ്പടിയിലേക്ക് നയിച്ചു. ബിജെപിക്ക് നഷ്ടപ്പെടാന്‍ ഇനി നാണവുമില്ല; മാനവുമില്ല-കാസര്‍കോട്ടെ കുറച്ചു വോട്ടുകളേ ഉള്ളൂ. കണ്ണൂരില്‍ കഴിഞ്ഞ തവണ നേടിയതിന്റെ നേര്‍പകുതി വോട്ട് സുധാകരന്റെ ഹോമകുണ്ഡത്തില്‍ സ്വാഹ. വടകരയില്‍ വിറ്റു കാശുമാറിയത് നാല്‍പ്പത്തോരായിരം വോട്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് നാലാം സ്ഥാനത്തേക്ക് മൂക്കുകുത്തി വീണ് അടിയറവച്ചത് ഒന്നരലക്ഷത്തോളം വോട്ടാണ്. അഞ്ചുകൊല്ലം മുമ്പ് രാജഗോപാല്‍ നേടിയ 2.3 ലക്ഷം വോട്ടിലെ എണ്‍പത്തിനാലായിരമേ ഇക്കുറി കൃഷ്ണദാസിന് കിട്ടിയുള്ളൂ. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കല്‍ സിപിഐ എമ്മിന്റെ മുഖ്യ അജന്‍ഡയാണ്. അതുകൊണ്ടുതന്നെ യുപിഎയുടെ വിജയത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ആശ്വാസമുണ്ട്. എന്നാല്‍, കേരളത്തിലെ യുഡിഎഫിന്റെ വിജയത്തില്‍ ബിജെപിക്കാരും ആഹ്ളാദിക്കുന്നു. കാരണം കാസര്‍കോടൊഴികെ എല്ലാ മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു. ബിജെപിയുടെ വോട്ട് വിലകൊടുത്ത് വാങ്ങിയാണ് ഇവിടെനിന്ന് പതിനാറ് യുഡിഎഫ് എംപിമാര്‍ ഡല്‍ഹിക്ക് വിമാനം കയറുന്നത് എന്നര്‍ഥം.

*
ഉദ്ദേശിച്ച സീറ്റ് മത്സരിക്കാന്‍ കിട്ടാഞ്ഞപ്പോള്‍ ഒരാള്‍ അത്തുംപിത്തും പറഞ്ഞു നടന്നിരുന്നു. ഇരുപത് ആംബുലന്‍സ് ശരിയാക്കിവച്ച ടിയാനും ഇപ്പോള്‍ ചിരിക്കുന്നുണ്ട്. വടകരയില്‍ ഒന്ന് ഇളകിക്കളിക്കാനും കോഴിക്കോട്ട് ഒന്നു കുത്തിനോവിക്കാനും കഴിഞ്ഞതല്ലാതെ വലിയ കളിയൊന്നും കളിക്കാന്‍ കഴിഞ്ഞിട്ടില്ല വീരകട്ടബൊമ്മന്. എന്നാല്‍, ഇടതുപക്ഷം പിന്നോട്ടടിച്ചതുകണ്ടപ്പോള്‍ സന്തോഷം അടക്കാന്‍ കഴിയുന്നുമില്ല. ഇമ്മാതിരി ചരക്കുകളാണ് യഥാര്‍ഥ പ്രശ്നം. ഒന്നിച്ചിരിക്കുന്നു എന്ന് തോന്നിച്ച് പാരവയ്ക്കുന്നവര്‍. ജനതാദള്‍ ഇടതുമുന്നണിക്കകത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് വീരന്‍ പാരകള്‍ പലതായി പണിതത്. മിത്രവേഷത്തില്‍ അകത്തുനില്‍ക്കുന്ന ശത്രുവിനെ അടിച്ചോടിക്കല്‍ എളുപ്പമല്ലല്ലോ. നേര്‍ക്കുനേരാകുമ്പോള്‍ പൊരുതിജയിക്കാം; തോല്‍ക്കാം. ഒറ്റുകാരോടാകുമ്പോള്‍ പൊരുതാതെ തോല്‍ക്കേണ്ടിവരും!

*
എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍തന്നെ വിലയിരുത്തിത്തകര്‍ക്കുന്നുണ്ട്. കാരണങ്ങള്‍ പരിശോധിച്ചു കണ്ടെത്തേണ്ടതും തിരുത്തേണ്ടതും തന്നെ. അത് അഖിലേന്ത്യാതലത്തില്‍ നടത്തുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും പാര്‍ടി നേതൃത്വംതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ കണ്ടെത്താനാണ് ചില മിടുമിടുക്കന്മാരുടെ ഉത്സാഹം. ഒരു ചാനലില്‍ കയറിയിരുന്ന മഹാന്‍ പറയുന്നതുകേട്ടു, മഅ്ദനി ബന്ധമാണ് വില്ലനായതെന്ന്. മുരത്ത വര്‍ഗീയഭീകര സംഘടനയായ എന്‍ഡിഎഫുമായി പരസ്യസഖ്യമുണ്ടാക്കി മത്സരിച്ച യുഡിഎഫിന് വിജയം-ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പുമുതല്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇക്കുറിയും അതാവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം! മഅ്ദനിയുടേത് വര്‍ഗീയത; എന്‍ഡിഎഫിന്റേത് മതസൌഹാര്‍ദസമാധാനപാത! ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. ഒരു ചങ്ങാതി ലാവ്ലിനില്‍ കയറിപ്പിടിക്കുന്നതുകണ്ടു. ലാവ്ലിന്‍ തലയില്‍വച്ച് തുള്ളിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും സംഘവും കൂത്താടിയത്. അന്നെല്ലാം ജയം എല്‍ഡിഎഫിന്.

തികഞ്ഞ ഒരു രാഷ്ട്രീയക്കളിയില്‍ ജനിച്ച കള്ളക്കേസാണെന്ന് തെളിഞ്ഞുകഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ലാവ്ലിനില്‍ പിടിച്ചുകളിക്കുന്നതിന്റെ ഉദ്ദേശ്യം നാട്ടുകാര്‍ക്ക് അറിവുള്ളതുതന്നെ. സിപിഐ എമ്മിന്റെ മര്യാദയില്ലാത്ത പെരുമാറ്റമാണ് തെരഞ്ഞെടുപ്പുപരാജയത്തിന് കാരണമെന്ന് സിഎംപി നേതാവ് വിലയിരുത്തിക്കണ്ടു. കേരളരാഷ്ട്രീയത്തിലെ മര്യാദരാഘവന്‍ നയിക്കുന്ന പാര്‍ടിയാണ് സിഎംപി. ആക്രോശ രാഷ്ട്രീയത്തിന്റെ പേറ്റന്റ് എടുത്ത മര്യാദരാഘവന്റെ പാര്‍ടിയില്‍നിന്നുള്ള രണ്ടാംനേതാവിന് സിപിഎമ്മിന്റെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്തുന്നതിനുള്ള അര്‍ഹത തള്ളിക്കളയാനാകില്ല.

Sunday, May 10, 2009

ഭരണഘടനാ ബാധ്യത

പ്രതിപക്ഷത്തിന്റെ ഭരണഘടനാ ബാധ്യത എന്നാല്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ സംഘടിപ്പിക്കല്‍, അഡ്വക്കറ്റ് ജനറലിനെതിരെ ഉപരോധം നടത്തല്‍ എന്നിത്യാദി കലാപരിപാടികളാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ ഭരണഘടനവച്ചാണ് കളി. ഉമ്മന്‍ചാണ്ടി ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും ഭരണഘടനയില്‍ തൊട്ടുതൊഴുതാണ്. രാവിലെ വെള്ളകീറുന്നതിനുമുമ്പ് എണീറ്റ് കിടക്കയില്‍തന്നെ വടക്കോട്ട് തിരിഞ്ഞിരുന്ന് "ഓം ഭരണഘടനായ നമഃ'' എന്ന് നൂറ്റൊന്നുവട്ടം ഉരുവിടും. അതുകഴിഞ്ഞേ അടുക്കളയില്‍നിന്ന് കട്ടന്‍ചായ വരൂ.

അഡ്വക്കറ്റ് ജനറലിനോട് കലികയറുന്നതില്‍ കുറ്റംപറയാനാകില്ല. പണ്ട് സ്വന്തം ചൊല്‍പ്പടിയില്‍ ഒരു കോലീബി അഡ്വക്കറ്റ് ജനറാളുണ്ടായിരുന്നു. ഒരുദിവസം കോടതിയില്‍ കയറി, ലാവ്ലിന്‍ കേസന്വേഷണം തൃപ്തികരമാണെന്ന് പറയും. അടുത്ത ദിവസം നേരെ തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ ചരടിരിക്കുമ്പോള്‍ എന്ത് ഭരണഘടന; ഏതു ബാധ്യത. 'ഓസി ആജ്ഞാപിക്കുന്നു; എജി അനുസരിക്കുന്നു' എന്ന ആ അവസ്ഥയാണ് ആകെ നാല്‍പ്പതുസീറ്റും പരിവട്ടവുമായി കഴിയുന്ന ഈ കലികാലത്തെന്നും ഉമ്മന്‍ചാണ്ടിക്ക് ചിലപ്പോള്‍ തോന്നും.

ഒരു കേസില്‍ നിയമോപദേശം വേണമെന്നു പറഞ്ഞാല്‍ പറയുന്നവര്‍ എന്താണാഗ്രഹിക്കുന്നതെന്ന് ചോദിച്ചുമനസ്സിലാക്കി, അത് ലെറ്റര്‍ ഹെഡില്‍ ടൈപ്പുചെയ്യിച്ച് താഴെ ഒപ്പുവരച്ച് കൊടുത്തയക്കുന്ന പണിയാണ് അഡ്വക്കറ്റ് ജനറലിനുള്ളതെന്ന് ഉമ്മന്‍ചാണ്ടി വായിച്ച ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. ഇവിടെ, സുധാകരപ്രസാദ് എന്നൊരു വക്കീല്‍, എജിയുടെ കുപ്പായമിട്ട് വാശിപിടിച്ചത്, കേസ് മനസ്സിരുത്തി പഠിച്ചുമാത്രമേ ഉപദേശം കൊടുക്കാനാകൂ എന്നാണ്. ചില ഫയലൊന്നും തനിക്കു തന്ന പണ്ടാരക്കെട്ടുകളിലില്ല; അതുംകൂടി ഉടനെ തരണം എന്നാവശ്യപ്പെടാനുള്ള ധിക്കാരവും അഡ്വക്കറ്റ് ജനറല്‍ കാണിച്ചുകളഞ്ഞു. അവസാനം എഴുതിക്കൊടുത്ത നിയമോപദേശമോ? ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ നിയമവും വകുപ്പും നിരത്തി ഒരു എമണ്ടന്‍ സാധനം. വെറും രണ്ടുദിവസംകൊണ്ട് ഫയല്‍ നോക്കിയെന്നുവരുത്തി പിണറായി വിജയനെ നാളെത്തന്നെ തൂക്കിലേറ്റിക്കളയണം എന്ന് എഴുതി അയച്ചിരുന്നെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ ഭരണഘടനാ പദവി വാഴ്ത്തപ്പെട്ടേനെ. അങ്ങനെ സംഭവിച്ചുകിട്ടാനാണ് ഇക്കണ്ട നാളിലൊക്കെ വാര്‍ത്തയുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും നിവേദനംകൊടുത്തുമൊക്കെ ശ്രമിച്ചുനോക്കിയത്. അതൊന്നും കൂട്ടാക്കാത്ത അഡ്വക്കറ്റ് ജനറല്‍ നിയമത്തിന്റെ വഴിയിലാണ് പോകുന്നതുപോലും! കലി വരില്ലേ? നിയമവും ഭരണഘടനയുമൊന്നും നോക്കേണ്ടതില്ല, ഉമ്മന്‍ചാണ്ടി പറയുന്നതുപോലെയാണ് അഡ്വക്കറ്റ് ജനറല്‍ പെരുമാറേണ്ടതെന്ന് കോണ്‍ഗ്രസിന്റെ ഭരണഘടനയിലും എഴുതിവച്ചിട്ടുണ്ട്. അവിടെ ഒരു വീരനുണ്ട്- വീരപ്പമൊയ്ലി. യുവരാജാവ് പറഞ്ഞു, ബിഹാറിലെ നിധീഷ് കുമാര്‍ തങ്കമാന പയലെന്ന്. വീരപ്പന്‍ മൊഴിഞ്ഞു-തങ്കംതന്നെ; പക്ഷേ, അല്‍പ്പം മാറ്റു കുറവാണെന്ന്. രായ്ക്കുരാമാനം വീരന്‍ പുറത്ത്.

കോണ്‍ഗ്രസില്‍ തിരുവായ്ക്കുമാത്രമല്ല തിരുമോന്റെ വായ്ക്കും എതിര്‍വായില്ല. ആ കോണ്‍ഗ്രസിന്റെ സംസ്ഥാന തിരുവായ് ഉമ്മന്‍ചാണ്ടിയുടേതാണ്. അതിന് മറുവാക്ക് മൊഴിഞ്ഞ അഡ്വക്കറ്റ് ജനറല്‍ ഭരണഘടനാ വിരുദ്ധന്‍ തന്നെ...തന്നെ. ഭരണഘടന എന്നത് എഴുതിവച്ച സാധനമാണ്. അത് നോക്കി, വള്ളിപുള്ളി തെറ്റിക്കാതെ ഭരണം നടത്തുകയാണ് സര്‍ക്കാരിന്റെ ഏകജോലിയെങ്കില്‍ ഇനി നാട്ടില്‍ തെരഞ്ഞെടുപ്പു വേണോ, രാഷ്ട്രീയപാര്‍ടികളും പ്രകടനപത്രികയും പൊതുമിനിമം പരിപാടിയും വേണോ? ഒന്നും വേണ്ട. കുറെ ഉദ്യോഗസ്ഥരെ ഭരണം ഏല്‍പ്പിച്ചാല്‍ മാത്രംമതി. അവര്‍ ഭരണഘടനയനുസരിച്ച് ഭരിച്ചു തകര്‍ത്തുകൊള്ളും. കൊല്ലാകൊല്ലം ബജറ്റവതരിപ്പിച്ച് കഷ്ടപ്പെടുന്നതിനുപകരം തോമസ് ഐസക്കിന് റിസര്‍ച്ചിനുപോകാം. എ കെ ബാലന് വക്കീല്‍പണിക്കു പോകാം. അങ്ങനെ ഓരോരുത്തര്‍ക്കും പഴയ പണികളിലേക്ക് തിരിച്ചുപോകാം.

ഭരണഘടനയും അതനുസരിച്ച് കിട്ടുന്ന പദവിയും പരമകോടിയിലുള്ളതാണെങ്കില്‍ ആ ഭരണഘടന ഭേദഗതിചെയ്യാന്‍ പാടുണ്ടോ? സുപ്രീംകോടതിക്ക് ഒരു ഭരണഘടനാബെഞ്ച് വേണ്ടതുണ്ടോ? ഇതേ ഭരണഘടനവച്ചല്ലേ 1959ല്‍ ഇ എം എസ് ഗവമെന്റിനെ പിരിച്ചുവിട്ടത്. 1975ല്‍ പൌരാവകാശം തടഞ്ഞ് അര്‍ധഫാസിസ്റ്റ് അടിയന്തരാവസ്ഥ കൊണ്ടുവന്നതും ഇതേ ഭരണഘടനയുടെ വകുപ്പുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ്. ഈ ഭരണഘടനതന്നെയാണ് അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇന്ത്യാരാജ്യം ഭരിക്കാന്‍ ജനങ്ങള്‍ക്ക് പ്രതിനിധികളെ അയക്കാനുള്ള അവകാശവും നല്‍കുന്നത്. അതുകൊണ്ട്, ഉമ്മന്‍ചാണ്ടി ആശിക്കുന്നതുപോലെ വലിച്ചുനീട്ടാനും ചരുട്ടിക്കൂട്ടാനും പറ്റുന്ന ഒന്നാണ് ഇന്ത്യയുടെ ഭരണഘടന എന്ന് ശതമന്യുവിനും തോന്നുന്നുണ്ട്. അങ്ങനെ വല്ലാതെ വലിക്കുമ്പോള്‍ ഒന്നു ചവിട്ടിപ്പിടിക്കാനുള്ളവരാണ് ജനങ്ങള്‍. അവരുടെ പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയനേതാക്കള്‍. താവഴിയായി പകര്‍ന്നുകിട്ടുന്നതോ തറവാട്ടുമുതലോ അല്ല; രാഷ്ട്രീയപാര്‍ടികള്‍ നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍വച്ച് തെരഞ്ഞെടുപ്പില്‍ പ്രതിനിധികളെ മത്സരിപ്പിച്ച് ആര്‍ജിക്കുന്നതാണ് അധികാരം. ആ അധികാരം ജനങ്ങള്‍ക്കുവേണ്ടി, ഫലപ്രദമായി പ്രയോഗിക്കുന്നതാണ് ഭരണഘടനാ ബാധ്യത. അല്ലാതെ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നതുപോലെ തുള്ളലല്ല. ഭരണഘടനയെ വെറുതെ കുറ്റംപറയുന്നവരുടെ കൂട്ടത്തില്‍ ശതമന്യു ഇല്ല എന്നര്‍ഥം.

*
ഹര്‍ത്താല്‍ വിരോധ ഗാനങ്ങള്‍ ആലപിച്ച് ചരിത്രം സൃഷ്ടിച്ച ഹസ്സന്‍ഭാഗവതര്‍ എങ്ങോട്ടു പോയെന്നറിയില്ല. ചുരുങ്ങിയപക്ഷം ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസിനെങ്കിലും എറിഞ്ഞ് ചില്ലുപൊട്ടിച്ച് വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം തെളിയിക്കണമായിരുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ സങ്കടംകൊണ്ട് ഹര്‍ത്താല്‍ നടത്തുന്നത് കാണാറുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും വന്‍ ദുരന്തങ്ങളുണ്ടായപ്പോഴും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ഒഴിച്ചുകൂടാനാകാത്ത ഘട്ടങ്ങളിലും ഹര്‍ത്താല്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി പിണറായി വിജയനെതിരെ തീരുമാനമെടുപ്പിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ടി ഹസ്സന്റേതല്ലാതെ മറ്റേതുണ്ടീ ലോകത്തില്‍? കണ്ണൂരിലെ ഒരു ചെറിയ കുട്ടി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസില്‍ പോയിരുന്നു. കുട്ടി ഹര്‍ത്താല്‍പേടിച്ച് കോണ്‍ഗ്രസില്‍ചെന്നപ്പോള്‍ അവിടെ ഹര്‍ത്താല്‍കൊളുത്തി ഹസ്സന്‍ നില്‍ക്കുന്നു. ഇനി കുട്ടിക്ക് ധൈര്യമായി ബിജെപിയില്‍ പോകാം. അവിടെ മോഡിയങ്കിളുണ്ട്, അദ്വാനിയപ്പൂപ്പനുണ്ട്. സുര്‍ജിത്തും ജ്യോതിബസുവുമാണ് തന്നെ കോണ്‍ഗ്രസാക്കിയതെന്നു പറയുന്ന കുട്ടിക്ക്, ബിജെപിയില്‍ചേരാന്‍ ഗാന്ധിജിയുടെ പേരുതന്നെ പറയാം.

പാര്‍ടിക്ക് ലെവികൊടുത്തതിന്റെ കണക്കാണ് തീരെചെറിയ കുട്ടിയുടെ പുതിയ ആയുധം. വീടും പുരയിടവും പണയംവച്ച് കഷ്ടപ്പെട്ട് പഠിച്ച് കലക്ടറുദ്യോഗം നേടി സമ്പാദിച്ച പണം പ്രകാശ് കാരാട്ട് തട്ടിപ്പറിച്ചു എന്ന മട്ടിലാണ് പറച്ചില്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ പണം സ്വന്തമായുണ്ടാക്കണം. സീറ്റ് കിട്ടാന്‍ പണം; അനുയായികളെ സന്തോഷിപ്പിക്കാന്‍ പണം; ബൂത്തുകമ്മിറ്റി നടത്താന്‍ പണം; വിമതനെ പിന്മാറ്റാന്‍ പണം-ഇങ്ങനെയൊക്കെയാണ് രമേശ് ചെന്നിത്തലയുടെ കണക്ക്. മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ ആ പരിപാടി നടപ്പില്ല. കണ്ണൂരിലെ ന്യൂസ്റ്റോറില്‍ അയച്ച് ഷര്‍ട്ടും മുണ്ടും അണ്ടര്‍വെയറും ബനിയനും വാങ്ങിക്കൊടുത്താണ് പത്തുകൊല്ലംമുമ്പ് അന്ന് സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറിയായിരുന്ന ഇ പി ജയരാജന്‍ ഈ കുട്ടിയെ തെരഞ്ഞെടുപ്പിനിറക്കിയത്. സ്ഥാനാര്‍ഥിയെ പാര്‍ടി തീരുമാനിക്കും; ജയിപ്പിക്കാനുള്ള പണി പാര്‍ടി പ്രവര്‍ത്തകര്‍ എടുത്തുകൊള്ളും. സ്ഥാനാര്‍ഥി കുട്ടിയായാലും കുഞ്ഞായാലും ചിരിച്ചുപിടിച്ചുകൊടുത്താല്‍ മതി. അങ്ങനെയാണ് കുട്ടി രണ്ടുവട്ടം ഡല്‍ഹിയിലെത്തിയത്. പാര്‍ടി നിയോഗിച്ച പണി എടുത്ത കുട്ടിക്ക് പാര്‍ടി തന്നെ നിശ്ചയിച്ച ലെവി കൊടുത്തതില്‍ സങ്കടംപോലും! ടി കെ ഹംസയ്ക്ക് 'തരികിട കമ്യൂണിസ്റ്റ്' ഹംസ എന്ന പേരുനല്‍കിയ കുട്ടിയുടെ സ്വന്തം 'എ പി' എന്ന ഇനിഷ്യലിന്റെ അര്‍ഥം ഇപ്പോഴാണ് ശതമന്യുവിന് പിടികിട്ടുന്നത്.

Sunday, May 3, 2009

ഇവരോടു ക്ഷമിക്കേണമേ

പവ്വത്തില്‍ തിരുമേനിയുടെ ഒരു സങ്കടം ഇങ്ങനെ: "പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ' (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത് പലപ്പോഴും ഓര്‍മയില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്! പ്രസംഗത്തിന്റെ ഒന്ന് അല്ലെങ്കില്‍ രണ്ടു വാചകം അടര്‍ത്തിയെടുത്ത് അത് ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട് അതാണ് ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട് അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവ് പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന 'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രത്തില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗംവരെയും ആ പ്രസംഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോഡുചെയ്തത് കേട്ടിട്ട് പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ് വിചിത്രം. സാമാന്യം ദീര്‍ഘമായ പ്രസംഗത്തില്‍നിന്ന് ഒന്നുരണ്ടു വാചകം മാത്രംകേട്ട് ഇത്രയും ഹാലിളകുന്ന രീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ-അല്ലെങ്കില്‍ അറിയണമെന്ന് ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ് ഇവ. ഈ സാഹചര്യത്തിലാണ് മേലുദ്ധരിച്ച വേദവാക്യത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നത്.

'' മതി. സന്തോഷമായി. ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്? വാര്‍ത്തകളും വിവാദങ്ങളും എങ്ങനെയുണ്ടാകുന്നുവെന്ന് പവ്വത്തില്‍ തിരുമേനിക്കുപോലും മനസ്സിലായിരിക്കുന്നു. ഇനി വേണമെങ്കില്‍ വര്‍ഗസമര സിദ്ധാന്തത്തിനെതിരെ മുട്ടിപ്പാട്ടുപാടാന്‍ ശതമന്യുവും കൂടാം. തിരുമേനി പറഞ്ഞപോലെ, കാളപെറ്റു എന്ന് ചാനലില്‍ ഫ്ളാഷ് വന്നാലുടനെ നൈലോണ്‍ കയറുവാങ്ങാന്‍ ബിഗ് ബസാറിലേക്ക് കുതിക്കുന്ന കാലമാണ്.
ലാവ്ലിന്‍ എന്ന കാള അങ്ങനെ പലകുറി പെറ്റു. മനസ്സില്‍ കുശുമ്പും വൈരവും പേറിനടക്കുന്ന പാണ്ടിമണിയന്മാര്‍ കുറെ കയറുവാങ്ങുകയും ചെയ്തു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എന്ന വാര്‍ത്തയുമായാണ് പുതിയ ലാവ്ലിന്‍ പേറ്. അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം കവറിലാക്കി സീല്‍ചെയ്ത് ഏല്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം പ്രസവത്തിന്റെ വാര്‍ത്ത വന്നുതുടങ്ങി. കുട്ടിയുടെ നിറം, ലിംഗം, കരയുന്നുണ്ടോ, കണ്ണുതുറന്നോ എന്നെല്ലാമുള്ള സവിസ്തര കഥനങ്ങള്‍. മാതൃഭൂമിയും മനോരമയും തുടങ്ങി സകലമാന പത്രത്തിലും ലീഡ് വാര്‍ത്തയാണ്. ഇതെങ്ങനെ സാധിക്കുന്നു? അത്ഭുതം തന്നെ. കവറിലുള്ള സാധനത്തിന്റെ 'സംഗതി' വാര്‍ത്തയില്‍ വരുത്തുന്ന മഹാത്ഭുതം!

നിയമോപദേശമല്ല രാഷ്ട്രീയോപദേശമെന്ന് ചെന്നിത്തല. രാഷ്ട്രീയപ്രേരിതമെന്ന് തങ്കച്ചന്‍. എജി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി. എജിയുടെ ഉപദേശം എന്തെന്ന് പുറത്തുവരുംമുമ്പ് പ്രതികരണങ്ങള്‍ വന്നു. അഡ്വക്കറ്റ് ജനറല്‍ എന്നത് ഭരണഘടനാ പദവിയാണ്. നിയമിക്കുന്നത് ഗവമെന്റ്. ഗവര്‍ണര്‍ എന്നതും ഭരണഘടനാ പദവിയാണ്. നിയമിക്കുന്നത് കേന്ദ്ര ഗവമെന്റിന്റെ തീരുമാനപ്രകാരം. സിബിഐ ഡയറക്ടറുടെ പദവി ഭരണഘടനാദത്തമല്ലെങ്കിലും നിയമനാധികാരം കേന്ദ്ര സര്‍ക്കാരിന് തന്നെ. സിബിഐയുടെ ലാവ്ലിന്‍ കേസിലെ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍ ഇതേ ചെന്നിത്തല ചോദിച്ചു: സിബിഐയെ വിമര്‍ശിക്കാമോ എന്ന്. ഗവര്‍ണര്‍ നിഷ്പക്ഷമായ തീരുമാനമെടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്. എജിയുടെ തീരുമാനം 'രാഷ്ട്രീയപ്രേരിത'വും ഗവര്‍ണര്‍ എടുക്കാനിരിക്കുന്നത് 'നിഷ്പക്ഷ' തീരുമാനവും! സോണിയ ഗാന്ധി നിയമിക്കുന്ന സിബിഐ ഡയറക്ടര്‍ രാഷ്ട്രീയ പക്ഷപാതമില്ലാത്ത അന്വേഷണം നടത്തുന്ന ആളാണെന്ന അര്‍ഥവും വരുമല്ലോ ഇതിന്. മുലായംസിങ്, മായാവതി, ജഗദീഷ് ടൈറ്റ്ലര്‍, ക്വട്ട്റോച്ചി കേസുകളൊന്നും മലയാളികളാരും അറിയാതിരുന്നെങ്കില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പ്രേക്ഷകരെ കിട്ടിയേനെ.

ഡല്‍ഹിയില്‍ സോണിയ മാഡത്തിന്റെ വീടിനുമുന്നില്‍ സിഖുകാരായ ആണും പെണ്ണും കുഞ്ഞും കുട്ടിയും നിരന്നുനിന്ന് സിബിഐയുടെ കോലത്തില്‍ പഴയ ചെരിപ്പുകൊണ്ട് പേര്‍ത്തും പേര്‍ത്തും തല്ലുന്നത് ചെന്നിത്തല ടിവിയിലെങ്കിലും കണ്ടിട്ടുണ്ടാകും. അങ്ങനെ വിമര്‍ശിക്കപ്പെട്ട സിബിഐ ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കെട്ടിപ്പൊക്കിയ കഥകള്‍ നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഇപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ (പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍) പറഞ്ഞിരിക്കുന്നത്. പുത്തരിക്കണ്ടത്ത് മൈക്കുകെട്ടി ചെന്നിത്തല പ്രസംഗിക്കുന്നതുപോലെയും കുശുമ്പന്മാരുടെ മനസ്സിലിരിപ്പുപോലെയും സിബിഐ റിപ്പോര്‍ട്ടുണ്ടാക്കിയാല്‍ അത് അപ്പാടെ വകവച്ചുകൊടുക്കാനുള്ളതല്ല രാജ്യത്തിന്റെ നിയമസംവിധാനമെന്ന സാമാന്യബോധംപോലും നഷ്ടപ്പെട്ട മട്ടിലാണ് ഭരണഘടനാപദവിതന്നെ വഹിക്കുന്ന പ്രതിപക്ഷനേതാവിന്റെ പെരുമാറ്റം. താനിപ്പോള്‍ കന്റോമെന്റ് ഹൌസിലാണോ ക്ളിഫ് ഹൌസിലാണോ എന്നുപോലും അദ്ദേഹത്തിനു തിട്ടമില്ല. അതുകൊണ്ടാണ് അഡ്വക്കറ്റ് ജനറലിനെ ഭീഷണിപ്പെടുത്താനിറങ്ങിയിരിക്കുന്നത്. അഭയ കേസിനിടെ ഒരു പത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോള്‍ ഇതേ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത് പത്രസ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന വാദമുഖങ്ങളാണ്. അന്ന് അതിനെ പ്രകീര്‍ത്തിച്ചവര്‍ ഇക്കുറി തലകുത്തി മറിയാനിടയില്ലെന്നാണ് ശതമന്യുവിന്റെ ചെറിയ മനസ്സിലെ വിചാരം.
*
വടക്കൊരു ജില്ലയില്‍ ഡിസിസി പ്രസിഡന്റിനെ ചുമന്നുമാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗംചേര്‍ന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കയാണത്രേ. പന്തം കൊളുത്തിപ്പടയുള്ളിടത്തേക്ക് പടപേടിച്ചൊരു നിവേദനം! പുതുതലമുറയെ ഉന്മൂലനംചെയ്യാന്‍ കോണ്‍ഗ്രസിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുകയാണെന്നാണ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം പറയുന്നത്. മസാജ് പാര്‍ലര്‍, ക്വട്ടേഷന്‍, ഉഴിച്ചില്‍, തിരുതയുടെ സ്വാദ്, ടാലന്റ് സര്‍ച്ച് തുടങ്ങി അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളാണ് ആഗോളവല്‍ക്കരണ കാലത്ത് യൂത്ത്കോണ്‍ഗ്രസിന്റെ ചര്‍ച്ചാവിഷയം. സിദ്ധിഖ് നേതാവിന് ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ സങ്കടം തീര്‍ന്നിട്ടില്ല. രോഷം മുഴുവന്‍ പാര്‍ടിക്കകത്ത് തീര്‍ക്കുകയാണ്. 'ഒ സി'യും 'ആര്‍ സി'യുമാണത്രേ യൂത്തിന്റെ പ്രഖ്യാപിത ശത്രുക്കള്‍. ബോബനും മോളിയുംകൂടി പാര്‍ടിയെ വിഴുങ്ങുമെന്നാണ് ഒരു കുട്ടിനേതാവ് ആക്രോശിച്ചത്. രണ്ടുനേതാക്കളും ചര്‍ച്ച കേട്ടിരുന്നെങ്കില്‍ പലതും നടന്നേനെ എന്നാണ് ഒരു മൂത്ത യൂത്ത് പറഞ്ഞത്.
*
ആലപ്പുഴയിലെ സീലാപ് ബീച്ച് റിസോര്‍ട്ടില്‍ അറബിക്കടലിന്റെ തിരമാലകളെ പുളകമണിയിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു ശബ്ദമുയര്‍ന്നു. മാര്‍ടിന്‍ ലൂഥര്‍ കിങ്ങിനെപ്പോലെ, വി കെ കൃഷ്ണമേനാനെപ്പോലെ, രാം മനോഹര്‍ ലോഹ്യയെപ്പോലെ എന്നൊന്നും ശതമന്യു പറയുന്നില്ല. ഒരു ശബ്ദം-അത്രമാത്രം. ആ ഗംഭീര പ്രസംഗത്തിലെ ചില വാചകങ്ങള്‍ സിന്‍ഡിക്കറ്റ് തപാലില്‍ വന്നിട്ടുണ്ട്. അതിങ്ങനെ:

'പിണറായി ഭീരുവാണ്; താന്‍ ധീരനാണ്. പിണറായി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. മാതൃഭൂമി ജീവനക്കാര്‍ മുണ്ടുമുറുക്കിയുടുക്കണം. എന്തുവന്നാലും തലകുനിക്കരുത്; സിപിഎമ്മിനെ പാഠം പഠിപ്പിക്കണം.'

തൊഴിലാളി മുറുക്കിയുടുക്കുമ്പോള്‍ മുതലാളിമാരുടെ മുണ്ടഴിഞ്ഞുപോയാലും കുഴപ്പമില്ലെന്ന് പ്രസംഗാനന്തരം സദസ്സിലെ ഒരു വിമതന്‍ വിളിച്ചുപറഞ്ഞെന്നും വിവരമുണ്ട്. പിതാജി സ്വന്തം പാര്‍ടിയെ ഒരു പരുവത്തിലാക്കിയതിനു പിന്നാലെ മോന്‍ജി ക്ളബ് എഫ്എമ്മിനെ ഒരു വഴിക്കാക്കി. അതിന്റെ തലപ്പത്തുള്ള ചിലര്‍ ഇട്ടെറിഞ്ഞു പോയെന്നാണ് കേഴ്വി. ഇപ്പോള്‍ കമ്പം ചാനലിലാണത്രേ. അതിന് ഒബാമയെക്കാണാന്‍ പേയ മോന്‍ജി തിരിച്ചെത്തിയിട്ടുണ്ട്. ദൃശ്യമാധ്യമ കാര്യത്തില്‍ മഹാനെ വെല്ലാന്‍ ആരുമില്ല.

സ്വന്തം പത്രം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഇങ്ങനെ:

ഗുരുവായൂര്‍: കേരള ഫിലിം ഓഡിയന്‍സ് കൌസില്‍ 2008ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു... ദൃശ്യമാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവന കണക്കിലെടുത്ത് എം വി ശ്രേയാംസ്കുമാറിന് ദൃശ്യ പ്രതിഭാ പുരസ്കാരം നല്‍കുമെന്ന് പ്രസിഡന്റ് സജീവന്‍ നമ്പിയത്തും സെക്രട്ടറി ബാബു അണ്ടത്തോടും അറിയിച്ചു.

സജീവന്‍ നമ്പ്യത്ത്, അണ്ടത്തോട് ബാബു എന്നീ മഹാശയന്മാര്‍ പുരസ്കാരം കൊടുത്ത് ആദരിക്കുന്ന ദൃശ്യപ്രതിഭയ്ക്ക് പുതിയ ചാനല്‍ തുടങ്ങാന്‍ എല്ലാവിധ ആശംസയും നേരുന്നു. നിത്യഹരിത അവാര്‍ഡിതനായ അച്ഛന്റെ പ്രതിഭാസമ്പന്നനായ മകന്, പുതിയ ചാനലിലും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകട്ടെ.