Tuesday, May 27, 2008

പച്ചക്കുതിര

അടി കൊള്ളാന്‍ ചെണ്ടയും പണംവാങ്ങാന്‍ മാരാരും എന്ന ചൊല്ല് വളരെ പഴകിയതാണ്. ലീഗ് കേരളത്തിലെ ഇമ്മിണി വലിയ പ്രാദേശിക പാര്‍ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍പ്പോലും പൂജ്യത്തില്‍ എത്തില്ലെന്ന അഹങ്കാരമുണ്ട്. മുന്നണി രാഷ്ട്രീയത്തിലെ ഇടപെടലിലൂടെ കാല്‍നൂറ്റാണ്ടുകാലം അധികാരത്തിന്റെ ബിരിയാണി തിന്നിട്ടുണ്ട്. ഇടയ്ക്കൊന്ന് ദുര്‍ബലയായി എന്ന കുറവേയുള്ളൂ. കാവിക്കൊടിക്കാര്‍ പള്ളിപൊളിക്കുമ്പോള്‍ നോക്കിനിന്നതുകൊണ്ട് ഉണ്ടായതാണ് ആ അസ്ക്യത. അതിനുശേഷം പിന്നെ ഒന്ന് ഗര്‍ഭിണിയുമായി. ടി കെ ഹംസ എന്ന പഹയനാണ് പറ്റിച്ചത്. മഞ്ചേരിയില്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അതു പറ്റിപ്പോയശേഷം സ്വതേയുള്ള ദൌര്‍ബല്യം ഒന്നുകൂടി വര്‍ധിച്ചു. നിസ്സഹായമായ ആ അവസ്ഥയ്ക്കുമേല്‍ കയറിനിന്നാണ് ഇപ്പോള്‍ ആര്യാടന്‍ കളിക്കുന്നത്. വേലിക്കല്‍നിന്ന് തെറിവിളിയാണ്. പണ്ടേ ഈ സൂക്കേടുണ്ടായിരുന്നു. ഒന്ന് പൌഡറിടാന്‍ പാടില്ല, അണിഞ്ഞൊരുങ്ങാന്‍ പാടില്ല, എന്തിന് പച്ചക്കരയുള്ള വെളുവെളുത്ത കാച്ചിയുടുത്ത് പുറത്തിറങ്ങാന്‍കൂടി പാടില്ല. അപ്പോഴെല്ലാം പരിഹാസവുമായി പിറകെ വരും. ഒറ്റയ്ക്കു കിട്ടുമ്പോള്‍ മാത്രമാണ് പുന്നാരം പറച്ചിലും നിലമ്പൂര് കൂട്ടിക്കൊണ്ടുപോയി ചക്കരമുത്തംവയ്ക്കലും. നാലാള് കൂടുന്നിടത്ത് എത്തിയാല്‍ അപ്പോള്‍ തുടങ്ങും തെറിവിളി. ആര്യാടന്റെ കൂടിയ പുള്ളികളും ഇങ്ങനെയൊക്കെയാണെന്ന് കേട്ടിട്ടുണ്ട്. നെഹ്റു എന്നൊരു തൊപ്പിക്കാരന്‍ പാവാടപ്രായത്തില്‍ നില്‍ക്കുന്ന ലീഗിനെ നോക്കി പണ്ട് വിളിച്ചത് ചത്ത കുതിരയെന്നാണ്. പക്ഷേ, നെഹ്റുവിന്റെ പാര്‍ടിക്ക് അതു തിരുത്തേണ്ടിവന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പഹയന്മാരില്‍നിന്നു വിമോചിപ്പിച്ച ഭരണത്തെ രണ്ടാംകെട്ടുകെട്ടാന്‍ സാക്ഷിയായി ചെല്ലാന്‍ ലീഗേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കെട്ടുന്നതിനോട് പണ്ടുപണ്ടേ താല്‍പ്പര്യമാണ്. രണ്ടുംകെട്ടും നാലുംകെട്ടും ഇ എം എസിന്റെ മോളേം കെട്ടുമെന്ന് പില്‍ക്കാലത്ത് മുദ്രാവാക്യം തന്നെ സൃഷ്ടിച്ചത് ആ ഇഷ്ടംകൊണ്ടാണ്.

1960ല്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെ ചെന്നെങ്കിലും പച്ചക്കൊടിയോടൊപ്പം മൂവര്‍ണക്കൊടി കെട്ടാന്‍ പറ്റില്ലെന്നാണ് അന്ന് ഖദറുകാര്‍ പറഞ്ഞത്. കൊടി കെട്ടിയില്ലെങ്കിലെന്ത്, സദ്യ ഉണ്ണാമല്ലോ എന്നുകരുതി. കെട്ടുകഴിഞ്ഞ് ഊണുവിളമ്പിയപ്പോള്‍, ലീഗിനെ പന്തിയില്‍ ഇരുത്തില്ലെന്നായി. അങ്ങനെ പന്തലിനുപുറത്ത് ഇലയിട്ട് 'സ്പീക്കര്‍ പദം' എന്ന സ്പെഷ്യല്‍ ഊണ് വിളമ്പിക്കൊടുത്തു. ആദ്യം സീതീസാഹിബും പിന്നെ സിഎച്ച് സാഹിബും ആ ഇലയില്‍നിന്ന് ഉണ്ടു. ആ ഊണിനെച്ചൊല്ലിയായി പിന്നെ കോണ്‍ഗ്രസിന്റെ കുതിരകയറ്റം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സലാംചൊല്ലാതെ പിരിയേണ്ടിവന്നു. അങ്ങനെ ഒട്ടേറെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ലീഗിന് ആരോടും ശത്രുതയില്ല. ഇടയ്ക്കുപറയും കമ്യൂണിസ്റ്റുകാര്‍ ദുഷ്ടന്‍മാരാണെന്ന്. കോണ്‍ഗ്രസുകാരുമായി പിണങ്ങുമ്പോള്‍ കമ്യൂണിസ്റ്റുകാരെ തേനേ, ചക്കരേ എന്നെല്ലാം വിളിച്ചിട്ടുമുണ്ട്. ഇ അഹമ്മദ് നിയമസഭയില്‍ ലീഗ് ആന്റി മാര്‍ക്സിസ്റ്റല്ല, നോ മാര്‍ക്സിസ്റ്റാണ് എന്നു പ്രസംഗിച്ചിട്ടുണ്ട് ഒരിക്കല്‍. ഒന്നും നിഷിദ്ധമല്ല.

1977ല്‍ സി എച്ച് പറഞ്ഞത് ആര്‍എസ്എസ്, ജനതാ പാര്‍ടി എന്നെല്ലാം കേള്‍ക്കുന്നതുതന്നെ ഹറാമാണ് എന്നത്രേ. ആര്‍എസ്എസിനെ തൊടുന്നത് പന്നിയിറച്ചി തിന്നുംപോലെയാണെന്നും പറഞ്ഞു. ഹറാം ഹലാലാകാന്‍ ഏറെ സമയമെടുത്തില്ല. കെ ജി മാരാര്‍ എന്ന ആര്‍എസ്എസുകാരനുവേണ്ടി പച്ചക്കൊടിയുമായി പോയി രുചിയോടെ 'പന്നിയിറച്ചി തിന്നൂ'. അതിനുശേഷം ആര്‍എസ്എസുമായി എത്രയെത്ര കൂടിച്ചേരലുകള്‍. എങ്ങനെയെങ്കിലും അധികാരത്തിന്റെ അന്തഃപുരത്തില്‍ എത്തിയാല്‍ മതി. അവിടെ നല്ല എയര്‍കണ്ടീഷനും തണുപ്പിച്ച സര്‍ബത്തും കിട്ടും. ചില്ലറ കച്ചവടമൊപ്പിക്കാം; തോട്ടം വാങ്ങാം. പോക്കുവരവിന് പരന്നുനീണ്ട കാറുകിട്ടും. ഇടയ്ക്കിടയ്ക്ക് ഉന്നതാധികാര സമിതികൂടി ബിരിയാണി തിന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനമാകും. ബാക്കി വരുന്ന സമയത്ത്, നാട്ടിലെ പ്രമാണിമാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടേയിരിക്കാം. ആരെങ്കിലും നോക്കി വേണ്ടാതീനം പറയുമ്പോള്‍, സമുദായ സ്നേഹത്തെക്കുറിച്ചും കമ്യൂണിസമെന്ന മഹാവിപത്തിനെക്കുറിച്ചും നീണ്ടൊരു പ്രസ്താവന കാച്ചിയാല്‍ മതി. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റുതൊപ്പിയിട്ടത് ആര്യാടനാണ് ശ്ശി സന്തോഷമുണ്ടാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. ലീഗ് ഇല്ലെങ്കിലെന്ത്, കോണ്‍ഗ്രസിന് സ്വന്തമായി നിന്നുകൂടേ എന്നതാണ് ടിയാന്റെ ചോദ്യം. തിരുവമ്പാടി തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയ നൊസ്സുപറച്ചിലാണ്. അന്ന് ആര്യാടനെ അങ്ങോട്ട് അടുപ്പിച്ചില്ല. അതുകൊണ്ടെന്ത്, അവിടെയും ഭംഗിയായി തോറ്റു. മലബാര്‍ മഹാദേശത്ത് ലീഗ് ഇല്ലാതെ കോണ്‍ഗ്രസിനെന്ത് ആഘോഷം. ഒരൊറ്റ സീറ്റുകിട്ടുമോ. എന്നിട്ടും കണ്ടില്ലേ ആര്യാടന്റെ തിമിറ്. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും ആന്റണിയോടുമെല്ലാം പരാതി പറഞ്ഞതാണ്. വരട്ടെ, നോക്കാം എന്നെല്ലാം പറഞ്ഞുമടക്കി. സോണിയാ മാഡത്തോട് നേരിട്ട് സങ്കടം പറഞ്ഞപ്പോഴും പാര്‍ക്കലാം എന്നായിരുന്നു മറുപടി. ഇപ്പോള്‍ ആര്യാടനും പുന്നാരപ്പൊന്നുമോനും ചേര്‍ന്നാണ് ആക്രമണം.

ബാപ്പയേക്കാള്‍ വമ്പനായ മോന്‍ പറയുന്നത്, നാട്ടിലെ കള്ളസ്വാമിമാരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, മലപ്പുറത്തെ തങ്ങള്‍മാരെക്കുറിച്ചും അന്വേഷണം വേണമെന്നാണ്. അതു കേട്ടപാതി, ബാപ്പ ഒരുമുഴം കടത്തിയെറിഞ്ഞു. പാണക്കാട് തങ്ങളുടെയും കുടുംബത്തിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും അഹമ്മദിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നായി ആര്യാടന്‍. ഇതിനാണ് വിധി എന്നു പറയുന്നത്. ഈ പറഞ്ഞ കാര്യം ഒരു മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍നിന്നാണ് വന്നിരുന്നതെങ്കില്‍ 'പച്ചച്ചെമ്പട'ഇളകിവരില്ലായിരുന്നോ. ഇതിപ്പോള്‍ ആര്യാടനാണ്, കോണ്‍ഗ്രസാണ്. ലീഗിന് സഹിക്കുകയേ മാര്‍ഗമുള്ളൂ. പാവം ഗര്‍ഭിണിയായ ദുര്‍ബല! മണ്ഡലവിഭജനം നടന്ന കാലമാണ്. മലപ്പുറത്ത് മൂന്നു സീറ്റ് കൂടിയിട്ടുണ്ട്. അത് ലീഗ് കൈയടക്കരുത്. നിലമ്പൂര്‍ ഇനി വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. ആര്യാടന് ദില്ലിയിലെ തണുപ്പത്ത് കുറച്ചുകാലം കഴിയണമെന്നുണ്ട്. അതിന് വയനാട്ടില്‍ മത്സരിക്കണം. ഉപതെരഞ്ഞെടുപ്പു വരുന്ന നിലമ്പൂരിലെ കട്ടിലില്‍ മകനെ കിടത്തുകയും വേണം. അതിനുള്ള കുറുക്കുവഴി ലീഗിനെ കുത്തലാണത്രേ. ലീഗ് എത്ര ചാടിയാലും പിന്നെ വീഴുന്നത് ചട്ടിയില്‍ത്തന്നെയാകുമെന്ന് ആര്യാടന് നന്നായറിയാം. ലീഗിന്റെ ചെലവിലേ കോണ്‍ഗ്രസുള്ളൂ. ലീഗ് കൊള്ളുന്ന അടിക്ക് കോണ്‍ഗ്രസ് പണം വാങ്ങും. നാദാപുരത്തെ ആപ്പീസുകത്തിക്കലെല്ലാം അണികളെ സോപ്പിടാനുള്ള അടവുമാത്രം. നാളെത്തന്നെ ആര്യാടന്റെ മുതുകില്‍ കൈവച്ച് കുഞ്ഞാലിക്കുട്ടി വെളുക്കെ ചിരിക്കും. പാണക്കാട് തങ്ങള്‍ പത്രസമ്മേളനം വിളിച്ച് ഏതാനും വാക്കുകള്‍ പറയുകയും കുഞ്ഞാലിക്കുട്ടി അത് സ്വതന്ത്രമായും വിശദമായും പരിഭാഷപ്പെടുത്തുകയും ചെയ്യും. ഒന്ന് മന്ത്രിച്ചൂതിയാല്‍ മാറുന്ന പ്രശ്നമേ ഉള്ളൂവെന്നേ. അതല്ലെങ്കില്‍ മന്ത്രിച്ചൂതിയ ഒരു കന്നാസ് വെള്ളം ആര്യാടന്റെ തലയിലൂടെ ഒഴിച്ചാലും മതി, നാണക്കേടാ വെള്ളം തീര്‍ത്തുകൊള്ളും. സ്വത്തിനെക്കുറിച്ച് ആരും അന്വേഷിക്കുകയുമില്ല. ആസനത്തിലെ തണല്‍മരത്തിന്റെ മൂട്ടിലും ഒഴിക്കാം ഒരുകന്നാസ് ദിവ്യവെള്ളം.

*

കോണ്‍ഗ്രസിനു വേണ്ടാത്ത യുഡിഎഫ് സംവിധാനം തങ്ങള്‍ക്കുവേണ്ടെന്ന് ലീഗ്. കോണ്‍ഗ്രസിന്റെ പിന്നാലെ ലീഗ് വരുമെന്ന് ആര്യാടന്‍. ആന്റണി, ചെന്നിത്തല, ഉമ്മന്‍ചാണ്ടിമാര്‍ക്കു മുന്നില്‍ ആര്യാടന്റെ ലീഗുവിരുദ്ധ ചവിട്ടുനാടകം. ചുരുക്കത്തില്‍ യുഡിഎഫിനെ ആര്‍ക്കും വേണ്ടാ. മലപ്പുറത്ത് മുന്നണി ഇല്ലാതായിട്ട് മാസങ്ങളായി. ഇനി തെരഞ്ഞെടുപ്പു വരുമ്പോള്‍ ഒന്നു തട്ടിക്കൂട്ടിയാല്‍ മതിയാകും. എല്‍ഡിഎഫ് യോഗത്തില്‍ നടക്കാത്ത ചര്‍ച്ച സചിത്രം ആഘോഷിച്ച് ഭിന്നതയെന്നു വരുത്തുന്ന മനോരമ ഇതൊന്നും കാണുന്നില്ല. എതിരാളിയില്ലാത്ത ഒന്നാമന്‍ ഇപ്പോള്‍ വായനക്കാരെ വിളിക്കുകയാണ്-ശ്രീശ്രീ രവിശങ്കറിന്റെ സന്നിധിയിലേക്ക്. ഇനി ശ്വാസംപിടിച്ച് യുഡിഎഫിനെ ജീവിപ്പിക്കാം.

*

ജി സുധാകരന്റെ ചോരയ്ക്കുവേണ്ടി ആര്‍ത്തിപൂണ്ട് നടക്കുന്നവരുടെ കൂട്ടത്തില്‍ കഥാപാത്രങ്ങള്‍ കൂടിക്കൂടിവരുന്നു. നെഞ്ചുവിരിച്ച് ഉള്ളകാര്യം ഉള്ളതുപോലെ പറയുമ്പോള്‍ ഇങ്ങനെ തുള്ളുന്നവരെ കാണേണ്ടിയും വരും. ആശ്രമത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മന്ത്രിയെ കള്ളസന്യാസിയുടെ കൂട്ടുകാരനാക്കി കോലംകത്തിക്കാനും സത്യം വിളിച്ചുപറഞ്ഞ മന്ത്രിയെ ബഹിഷ്കരിക്കാനും ആളുണ്ടാകുന്നു. എല്ലാം നല്ലതിനെന്ന ഗീതാവാക്യം എന്‍എസ്എസുകാര്‍ മനസ്സിലാക്കിയിട്ടുണ്ടോ ആവോ. ജി സുധാകരന്റെ ജനസമ്മതി വര്‍ധിപ്പിക്കാന്‍ യുവമോര്‍ച്ചയും എന്‍എസ്എസും യുഡിഎഫും ഇങ്ങനെ മത്സരിക്കുന്നതു കാണുമ്പോള്‍ ശതമന്യുവിന് ഒരു സംശയം. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുംപോലെ യുഡിഎഫിലെ ചിലര്‍ക്കും ഉള്ളിന്റെയുള്ളില്‍ സുധാകരനോട് ആരാധനയുണ്ടോ?

അടി പൊടിപൂരം

ആറാട്ടുപുഴ പൂരം, മച്ചാട്ട് മാമാങ്കം, കൊടുങ്ങല്ലൂര്‍ ഭരണി, ഉത്രാളിക്കാവ് പൂരം, മാവിലായിലെ അടി തുടങ്ങി എത്രയെത്ര ഉത്സവങ്ങള്‍. എല്ലാം ഒന്നിനൊന്നു മെച്ചം. മാവിലായില്‍ ചുമലിലേറിയുള്ള അടിയാണ് കാഴ്ച. തൃശൂരില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും. പൊതുവെ കേരളീയര്‍ തറവാട്ടുമഹിമ പറയുന്നവരാണ്. പാരമ്പര്യത്തില്‍ ഊറ്റംകൊള്ളാത്തവര്‍ ആരുമുണ്ടാകാറില്ല. അങ്കത്തട്ടില്‍ കലിയോടെ പയറ്റി എതിരാളിയെ നിലംപരിശാക്കിയ തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച എന്നിങ്ങനെ എത്രയെത്ര വീരശൂര പരാക്രമികള്‍ വാണ നാടാണ് കേരളം. പാരമ്പര്യം പറഞ്ഞുനടക്കാനുള്ളതല്ല, കളിച്ചുതെളിയിക്കാനുള്ളതുമാണ്. വെറുതെയുള്ള തനിയാവര്‍ത്തനം ഉമ്മന്‍ചാണ്ടിയുടെ മലകയറ്റംപോലെ വിരസമാകും. പാരമ്പര്യകലകളുടെ സമഞ്ജസമായ ഒരു സമ്മേളനമാണ് വേണ്ടത്. ജുഗല്‍ബന്ദി എന്നു കേട്ടിട്ടില്ലേ. അതുപോലെ.

തൃശൂരില്‍, സാക്ഷാല്‍ വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ പൂരത്തലേന്ന് അരങ്ങേറിയ പൊടിപൂരം അങ്ങനെയൊരു ജുഗല്‍ബന്ദിയാണ്. രണ്ടാള്‍ പൊക്കത്തിലുള്ള തട്ടില്‍ കയറി,കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ അങ്കം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചാനല്‍കുഞ്ഞുങ്ങളാണ് പയറ്റുകലാകാരന്മാര്‍. അടികൂടുന്ന ചാനലുകാരെ മറ്റൊരു ചാനലുകാരന്‍ ക്യാമറയിലാക്കി. അടിച്ചുമറിഞ്ഞ് വലതുകാല്‍ ഇടത്തോട്ടുവീശി, വലിഞ്ഞമര്‍ന്ന്, നിവര്‍ന്ന് ഇടത്തും വലതും ഒഴിഞ്ഞുമാറിയുള്ള പയറ്റ്. ക്ളൈമാക്സില്‍ ഒരു മാധ്യമകില്ലാടിയുടെ മിന്നലാക്രമണം. മൂന്നു പോരാളികള്‍ നിലതെറ്റി താഴേക്കു വീണു. ഒരാള്‍ തലയിടിച്ചാണ് വീണത്. തലപൊട്ടി; മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ചീറ്റി. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. നിലംപൊത്തിയ രണ്ടാമന്റെ നട്ടെല്ലിനു താഴെ തകര്‍ന്നു. ചുരുങ്ങിയത് മൂന്നുമാസം പൂര്‍ണ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായംമൂന്നാമന് തോളെല്ലിനു പരിക്കേറ്റു. കുടമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന തട്ടിലായിരുന്നു പ്രദര്‍ശനപ്പയറ്റ്. ജനക്കൂട്ടത്തിന്റെയും കുടമാറ്റത്തിന്റെയുമെല്ലാം ചിത്രം എവിടെനിന്നാലും കിട്ടും. പക്ഷേ, അടിച്ചുനേടിയ സ്ഥലത്തിരുന്ന് പടമെടുത്താല്‍ അതാണ് വീരസാഹസിക മാധ്യമപ്രവര്‍ത്തനം. അമ്മായിക്ക് അടുപ്പും നിഷിദ്ധമല്ലെന്നാണ്. അടികൂടിയത് മാധ്യമ വീരന്മാരായാല്‍, അത് വല്ല തട്ടിവീഴലോ തെന്നി വീഴലോ ആകും. നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൂട്ടത്തല്ല് '24 മണിക്കൂര്‍ ന്യൂസ് ചാനലുകള്‍' കണ്ടതേയില്ല. അടി കാണിക്കാതെ, വീഴുന്ന ഭാഗംമാത്രം കാണിച്ച് ഒരു ചാനല്‍ ദുരന്തവാര്‍ത്ത ഒരു മിനിറ്റിലൊതുക്കി. 'ക്യാമറാ പ്രവര്‍ത്തകര്‍ തട്ടില്‍നിന്ന് വീണ് പരിക്കേറ്റു' എന്നായിരുന്ന ചില പത്രങ്ങളുടെ കണ്ടെത്തല്‍. മലയാളത്തിന്റെ സുപ്രഭാതമാകട്ടെ 'ക്യാമറ ക്രമീകരിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് ക്യാമറാമാന്മാര്‍ വീഴുകയായിരുന്നുവെന്നാണ്' പുറംലോകത്തെ അറിയിച്ചത്. തെന്നിവീണാല്‍ പ്രതിഷേധത്തിന് സ്കോപ്പില്ലാത്തതുകൊണ്ട് തൃശിവപേരൂരിന്റെ മുത്തായ പത്രപ്രവര്‍ത്തക നേതാവിന്റെ പതിവു പ്രസ്താവനയും കണ്ടില്ല.

*

മാധ്യമപ്രവര്‍ത്തകര്‍ക്ക് പാളയത്തില്‍നിന്ന് തല്ലുകിട്ടിയാലേ പ്രതിഷേധമില്ലാതുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തിന്റെ പേരില്‍ പീപ്പിള്‍സ് മാര്‍ച്ചിന്റെ എഡിറ്റര്‍ പി ഗോവിന്ദന്‍കുട്ടി ഈയിടെ അറസ്റ്റിലായപ്പോള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് വീരശിങ്കങ്ങള്‍ രംഗത്തുവന്നു. ഗോവിന്ദന്‍കുട്ടിയെ ജയിലിലടച്ചത് മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു മഹാന്മാര്‍. ഇക്കണക്കിനു പോയാല്‍ ഏതെങ്കിലും മഞ്ഞപ്പത്രത്തിന്റെയോ, ഇക്കിളി മാസികയുടേയോ എഡിറ്ററെ പൊലീസ് പിടികൂടിയാല്‍ യൂണിയന് പ്രകടനം നടത്തേണ്ടിവരില്ലേ എന്നാണ് സംശയാലുക്കളും കുബുദ്ധികളും ചോദിക്കുന്നത്. ആടെന്തറിയുന്നു അങ്ങാടി വാണിഭം. കേരളത്തില്‍ 'നന്ദിഗ്രാം മോഡല്‍ വിശാലസഖ്യം' സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ളാമിയും എന്‍ഡിഎഫ്, മാവോയിസ്റ്റുകളും ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത വായിക്കാത്തവര്‍ക്കേ സംശയം കാണൂ. ഡല്‍ഹിയില്‍ ചേര്‍ന്ന 'നന്ദിഗ്രാം' ദേശീയ കവെന്‍ഷനില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ വിവാദനായകന്‍ എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിയുണ്ട്. തേജസ് പത്രാധിപര്‍ പി കോയയും മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹിമും 'പോരാട്ടം' നേതാവ് രാവുണ്ണിയുമുണ്ട്. എഡിറ്റര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഏത് പത്രപ്രവര്‍ത്തകനുണ്ട്? ആസ്ഥാന നേതാവിന്റെ തലതൊട്ടപ്പന്‍ ഗോവിന്ദന്‍കുട്ടിയുടെ വേണ്ടപ്പെട്ടവനായി ഡല്‍ഹിയില്‍ പോയപ്പോള്‍ വിനീത ശിഷ്യന്‍ ഇങ്ങ് കേരളത്തില്‍, യൂണിയന്‍ചെലവില്‍ പ്രസ്താവനയിറക്കുന്നു. ഉണ്ണുന്ന ചോറിന് ഒരായിരം നന്ദി. മെഗഫോണായി ഒരു യൂണിയനുമുണ്ടല്ലോ.

*

എറണാകുളത്തുനിന്ന് എസ് രാജന്‍ എഴുതുന്നു:

"മാധ്യമത്തിലെഴുതുന്ന കെ രാജേശ്വരി ആണോ പെണ്ണോ എന്ന് വായനക്കാര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു....... സംശയം തീര്‍ന്നത് ഇന്ത്യാവിഷനില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്പോഴും കരുതിയത് ഒരു സ്വതന്ത്ര ബുദ്ധിജീവി; സര്‍വജ്ഞന്റെ അഹന്തയും സര്‍വപുച്ഛം കാഴ്ചപ്പാടുമാക്കിയ ഹാസ്യാത്മകമായി എഴുതാന്‍ കഴിവുള്ള ഒരു അഭിഭാഷകന്‍ എന്നായിരുന്നു. പിന്നെയാണറിഞ്ഞത് സിപിഐ നേതൃത്വം കൊടുക്കുന്ന അഭിഭാഷക സംഘടനയുടെ തലതൊട്ടപ്പനാണെന്ന്. മന്ത്രി ബിനോയ് വിശ്വം ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനുകീഴിലെ ഒരു സ്ഥാപനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നിയോഗിച്ച നിയമ ഉപദേഷ്ടാവുമത്രേ മേപ്പടിയാന്‍. ഏറ്റവും അവസാനമല്ലേ അറിഞ്ഞത് ഇതിയാന്‍ സിപിഐയുടെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയുമായിരുന്നു. ആള് സിപിഐയില്‍ ഉന്നതന്‍തന്നെ എന്നിപ്പോള്‍ ബോധ്യമായി. "വെറുതെയല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താവലോകനത്തിലായാലും മാധ്യമം വിശകലനത്തിലായാലും ഒരു വരിപോലും സിപിഐക്കെതിരെ എഴുതില്ല; പറയില്ല. അഥവാ ഇനി എഴുതിയാലും പറഞ്ഞാലുംതന്നെ തൊലിപ്പുറം വിട്ട് ആഴത്തിലേക്കൊട്ട് ഇറങ്ങുകയുമില്ല. എന്നാലീ മാധ്യമശിങ്കത്തിന് സിപിഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്. എന്തു വൃത്തികേടും സിപിഐ എമ്മിനെതിരെ എഴുതിക്കൊള്ളും. "സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആര് വരണമെന്ന് പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയുമൊക്കെ തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണന്‍ വരണോ എം എ ബേബി വരണോ എന്നൊന്നും തീരുമാനിക്കുന്നത് രാജേശ്വരി എന്ന കള്ളപ്പേരിലെഴുതുന്ന സിപിഐക്കാരനോട് ചോദിച്ചിട്ടല്ല. സിപിഐയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി രാജ വേണോ റെഡ്ഡി വേണോ എന്ന് തീരുമാനിച്ചത് ജാതി നോക്കിയിട്ടല്ല. ജാതി നോക്കിയിട്ടാണെന്ന് ഒരു സിപിഐ എമ്മുകാരനും കള്ളപ്പേരുവച്ച് ഒരു മാധ്യമത്തിലുമെഴുതിയിട്ടുമില്ല. എന്നിട്ടും ബേബി ലത്തീന്‍ കത്തോലിക്കന്‍, തോമസ് ഐസക് ലത്തീന്‍ കത്തോലിക്കന്‍ എന്നൊക്കെ സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍മാത്രം വലുപ്പമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ പരസ്യമായി എഴുതുന്ന സ്ഥിതി വരുന്നത് സിപിഐക്ക് എന്തുമാത്രം ഗുണംചെയ്യുമെന്ന് അവര്‍തന്നെ പരിശോധിച്ചാല്‍ നന്നായിരിക്കും. അത് എഴുതിയവന്റെയൊക്കെ ഉള്ളില്‍ ജാതിവികാരം പഴുത്തുപൊട്ടി പുഴു തിളയ്ക്കുകയാണ്. 'തിരുമനസ്സ്' 'കാരണവരുടെ സ്വജാതിസ്നേഹം' ഇങ്ങനെ ജാതിഭ്രാന്ത് മൂത്തതിന്റെ ലക്ഷണങ്ങള്‍ മാധ്യമത്തിലൂടെ നുരഞ്ഞൊഴുകുകയാണ്. മാധ്യമത്തിന് ഇതൊക്കെ ചേരും. പക്ഷേ, സിപിഐക്ക് ചേരുമോ എന്നതാണ് പ്രശ്നം. ചേരുമെങ്കില്‍ ഇത്തരം ജാതിഭ്രാന്തന്മാരുള്ള പാര്‍ടിയാണ് സിപിഐ എന്ന് ജനം തീരുമാനിക്കും''.

ശതമന്യു മാവിലായിക്കാരനല്ലെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരനാണ്. രാജനേക്കാള്‍ സ്നേഹം രാജേശ്വരിയോടുണ്ട്. അതുകൊണ്ട് നോ കമന്റ്സ്.

*

കോടാലിക്ക് കേരളത്തില്‍ നല്ല വിപണിസാധ്യതയാണ്. സിദ്ധിക്, സുരേന്ദ്രന്‍ തുടങ്ങിയ ബ്രാന്‍ഡ് കോടാലികള്‍ വേഗം വിറ്റുപോകുന്നുണ്ട്. കല്യാണത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ജാതകക്കുറിപ്പ് നോക്കണമെന്നാണ് പുതിയ കോടാലിശാസ്ത്രം. വിരുന്നുണ്ണാനെത്തുന്നയാള്‍ കോങ്കണ്ണനോ വിക്കുള്ളവനോ മുടന്തനോ എന്നും തിരക്കണം. വാടകവീട്ടില്‍ സൌകര്യമില്ലെങ്കിലും അടുത്തുള്ള ഹാളില്‍ റിസപ്ഷന്‍ നടത്താന്‍ പാടില്ല. കഷ്ടം. അച്ഛന്‍ ആഭ്യന്തരമന്ത്രിയായതുകൊണ്ട് മകന്റെ കല്യാണം പൊലീസുകാരെമാത്രം ക്ഷണിച്ചു നടത്തണമെന്ന് തീട്ടൂരമിറക്കാത്തത് ഭാഗ്യം. മറുപടി അര്‍ഹിക്കാത്ത ഇത്തരം കോടാലിത്തങ്ങള്‍ വല്ലാതെ നാറിത്തുടങ്ങിയിട്ടുണ്ട്.