Sunday, April 25, 2010

വീരവിരാട കുമാരവിഭോ

സന്ദര്‍ഭം ഉത്തരാ സ്വയംവരം. തിരുവാതിരക്കളിയില്‍ പ്രചുരപ്രചാരം നേടിയ വരികള്‍. കേള്‍ക്കാത്തവര്‍ കുറയും. നാരിമാര്‍ അഷ്ടമംഗല്യവുമായി എട്ടുപത്തു തുടിതുടിച്ച് കുളികഴിഞ്ഞ് പാട്ടുപാടി ചാണകംമെഴുകിയ മുറ്റത്ത് എട്ടങ്ങാടിയും വിളക്കുംവച്ച് അണിഞ്ഞൊരുങ്ങി കളിക്കുന്ന കളിയാണ് തിരുവാതിര. അത് വീട്ടുമുറ്റത്തുനിന്ന് അരങ്ങത്തെത്തിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ.

"വീരവിരാട കുമാരവിഭോ, ചാരുതരഗുണ സാഗരഭോ മാരലാവണ്യ, നാരീമനോഹരി താരുണ്യ ജയജയ ഭൂമികാരുണ്യ, വന്നീടുക ചാരത്തിഹ പാരില്‍ത്തവ നേരൊത്തവരാരുത്തര സാരസ്യ സാരമറിവതിനും നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും....''

മാരസ്യ ലീലകളാണ് പ്രധാനം. നമ്മുടെ കഥാപാത്രങ്ങള്‍ ചേലചുറ്റി വ്രീളകളഞ്ഞു വിവിധമോരോ ലീലകളാടിയത് ലാവ്ലിന്‍ വിഷയത്തിലാണ്. ഇണങ്ങിയും വണങ്ങിയും ആടിത്തകര്‍ത്ത അഴിമതിയുടെ ലേലം വിളിയുടെ ഇപ്പോഴത്തെ അവസ്ഥ തികച്ചും സഹതാപാര്‍ഹം.
പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന്‍ കുരവ നാട്ടില്‍ കേട്ടുതുടങ്ങിയിട്ട്. സംഗതി ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍ കുതിച്ചുപായുന്ന 'അഴിമതി'യുടെ ലേലം വിളിയാണ്. കോടിയുടെ വലുപ്പം പടവലങ്ങ പോലെ കീഴോട്ടു പായുമ്പോള്‍ ജനം അന്തംവിട്ട് കുന്തം വിഴുങ്ങുന്നു. അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന്‍ കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

അപ്പോഴാണ് ഹൈദരാബാദില്‍നിന്ന് മാതൃഭൂമിയുടെ താളിലേക്ക് നിരങ്ങിയെത്തിയ കെല്‍ട്രോണ്‍ ജീവനക്കാരനായ ഒരു നീലാണ്ടന്‍ വക ഖണ്ഡനോപക്ഷേപം,"പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സിബിഐയുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടുമില്ല'' എന്ന്. തരൂരിനെ താങ്ങി പിണറായിയെ പഴിക്കാന്‍ പഴുതുണ്ടോയെന്നാണ് നീലാണ്ടന്റെ അന്വേഷണം. കാളകൂടവിജ്ഞാനം പതഞ്ഞൊഴുകുന്നത് കേള്‍ക്കു.

"നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും ശശിതരൂര്‍ കുറ്റക്കാരനെന്നു സ്ഥാപിക്കുക എളുപ്പമല്ല''.

പാവം മന്‍മോഹനും പ്രണബ് മുഖര്‍ജിയും ആന്റണിയും തരൂരിനെ ചെവിയില്‍ തൂക്കി പുറത്തു കളയുന്നതിന് മുമ്പ് നീലാണ്ടനോട് ഉപദേശം ചോദിക്കാന്‍ തോന്നാത്ത സങ്കടം കരഞ്ഞു തീര്‍ക്കുകയാവും മഹാമന്ത്രിമാര്‍. അവിടം കൊണ്ടും നിര്‍ത്താത്ത നീലാണ്ടവിജ്ഞാനം ഇങ്ങനെ തുടരുന്നു. സുനന്ദ പുഷ്കറിന്റെ വിയര്‍പ്പോഹരി നിയമവിധേയം; കൈമാറ്റം നടന്നത് സ്വകാര്യ പണമാണ്; ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല; പവാറും മോഡിയും ജെയ്റ്റ്ലിയും രാജിവയ്ക്കാതെ തരൂര്‍ രാജിവച്ചതെന്തിന്.... ഇങ്ങനെ പോകുന്നു ഡിക്ചെനിയുടെ പഴയ കണക്കെഴുത്തുകാരന്റെ കുമ്മിയടി.

തമാശയെഴുതുന്നുവെങ്കില്‍ ഇങ്ങനെ വേണം. സ്മാര്‍ട്സിറ്റിയായാലും തരൂരായാലും ലാവ്ലിന്‍ പുസ്തകപടുവിന് തരാതരംപോലെ ന്യായം മാറ്റാം. ഇങ്ങനെയൊരു തലച്ചോറ് ഹൈദരാബാദില്‍ വെയിലു കൊള്ളുന്നുവെന്ന് ലളിത് മോഡി അറിയേണ്ട താമസം, ആസ്ഥാനവക്കീലായി അടുത്ത അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ പറന്നു വരും. ചീറ്റിപ്പോയ ലാവലിന്‍ കേസില്‍ പിന്നെയും മരുന്ന് നിറയ്ക്കാനുള്ള വെപ്രാളം പലവഴിക്കാണ് മതിലുചാടുന്നത്. കഥയില്ലാത്തൊരു കഥയാണ് ലാവ്ലിനെന്ന് നീലാണ്ടനുമറിയാം വീരാണ്ടനുമറിയാം.

ലാവ്ലിന്‍ കേസിലെ 'കോഴ' ഒടുവില്‍ രണ്ടുകോടിയിലാണെത്തിയിരിക്കുന്നത്. 374 കോടിയില്‍നിന്ന് രണ്ടുകോടിയിലേക്ക്! ഓരോ ദിവസവും പുലരുമ്പോള്‍ കുമാരന്മാര്‍ തലപുകഞ്ഞാലോചിക്കുന്നു-ഇന്നത്തെ വെടിമരുന്ന് എന്ത് എന്ന്. അതാണ് കുമാരസംഭവം. ക്രോണോളജി അഥവാ ദിനസരി നോക്കൂ-

ആദ്യം ക്രൈം കുമാരന്‍ വക മാജിക്കല്‍ ജേര്‍ണലിസം. അഴിമതി വീരന്‍; നീചന്‍ എന്ന് പഴി. അന്ന് വല്യകുമാരന് ഒറ്റയ്ക്ക് മിണ്ടാന്‍ വകുപ്പുണ്ടായിരുന്നില്ല-മുന്നണിയുടെ കെട്ട്. താന്‍ മിണ്ടിയില്ലെങ്കിലും മിണ്ടിക്കാന്‍ ആളുണ്ടായി. ഗോപാലകൃഷ്ണനും ഗോപീകൃഷ്ണനുമെന്നുള്ള കുറെ കൃഷ്ണന്മാര്‍. അതാണ് കൃഷ്ണനാട്ടം. കൃഷ്ണകുമാരസംഘം ചിന്നംവിളിച്ച് കുമ്മിയടിച്ചു. പിണറായി വിജയനെ തല്‍ക്കാലത്തേക്ക് ഒരരുക്കാക്കണം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. പാര്‍ടിക്കു ചേതം;പാര്‍ടിവിരുദ്ധര്‍ക്കു ലോട്ടറി. ലോട്ടറിയല്ല-ലോട്ടറി മാഫ്യ തന്നെ. തിരിച്ചും മറിച്ചും നോക്ക്യാലും അഴിമതി കണ്ടില്ലെങ്കിലും കുഴപ്പമില്ല-അന്വേഷണം തരാക്ക്യാമതിയെന്നായി. അന്വേഷണം നേരിടുന്ന പാര്‍ടി സെക്രട്ടറി എന്നുപറയാമല്ലാ.

സിബിഐ കേസെടുത്തപ്പോള്‍ ഒരു കുമാരന്‍ പ്രഖ്യാപിച്ചത് ഇനി പിണറായി എണീക്കില്ലെന്നാണ്. ആ പരിപ്പൊന്നും ഒരടുപ്പിലും വെന്തില്ല. ഇടയ്ക്ക് എന്തെല്ലാം ഉപകഥകള്‍ പൊട്ടിമുളച്ചു. ലൈസന്‍സുള്ള വെടിയുണ്ട അബദ്ധത്തില്‍ ബാഗില്‍ വന്നപ്പോള്‍ ഭീകരനായാണ് ചിത്രീകരിച്ചത്. ചികിത്സാര്‍ഥമുള്ള യാത്രപോലും വിവാദത്തില്‍ മുക്കി. ആരാന്റെ കൊട്ടാരം കാട്ടി അതാ പിണായിയുടെ വീടെന്നുപറഞ്ഞ് ആഘോഷിച്ചു. ഒടുവില്‍ പറഞ്ഞത്, ഗള്‍ഫില്‍ പോകുമ്പോള്‍ സഹായത്തിന് ഒരു പൊലീസുദ്യോഗസ്ഥനെ കൊണ്ടുപോയി എന്നാണ്. പൊലീസുകാരന്‍ അറിയിക്കേണ്ടിടത്ത് അറിയിക്കാതെ ഉല്ലാസയാത്രക്കിറങ്ങിയതിനും കുത്ത് പിണറായിക്ക്!

വിവാദം അവസാനിക്കാതിരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ആദ്യം കയറിപ്പിടിച്ചതും വീന്ദ്രേകുമാരനാണ്. അതാണ് വഴക്കം. ലാവ്ലിന്‍ കേസില്‍ തന്റെ ഇംഗിതത്തിന് അഡ്വക്കറ്റ് ജനറല്‍ വഴങ്ങിയില്ല എന്ന തോന്നല്‍ വീരഭദ്രനുണ്ട്. ആ പക തീര്‍ക്കാന്‍ മറ്റൊരു പ്രശ്നത്തില്‍ എജിയുടെ കഴുത്തിന് പിടിക്കുന്നു. അപ്രിയമായതിനെ നാറ്റിച്ചുകളയും. അതിനുള്ള ഉപകരണമാണ് ക്രിമിനല്‍ വാരികയും അതിന്റെ ഉടമയും. നുണകൊണ്ടു മാത്രം ജീവിക്കാനാകുമോ? ലാവ്ലിനിലും 'പിണറായിവധ'ത്തിലും എല്ലാ കൃഷ്ണന്മാരും കുമാരന്മാരും പരാജയപ്പെട്ടപ്പോഴാണ് പുതിയ ഒരു കുമാരനെ ചെന്നൈയില്‍നിന്നിറക്കിയത്-ദീപക് കുമാരന്‍. എവിടെനിന്നോ വന്നു ഞാന്‍; എവിടേക്കോ പോണു ഞാന്‍ എന്ന ഗാനാലാപവുമായി അടയ്ക്കാ രാജുവിന്റെ ശേലിലാണ് പ്രത്യക്ഷപ്പെട്ടത്. ഏശിയില്ല. ആരും ഗൌനിച്ചില്ല. പത്തുകൊല്ലം ഏതു പാത്രത്തില്‍പോയി ഒളിച്ചിരുന്നു ഈ സാക്ഷിപുംഗവന്‍ എന്നതിന് ആരും ഉത്തരം നല്‍കിയില്ല. പി സി ജോര്‍ജിനും നന്ദകുമാറിനും വീരേന്ദ്രകുമാരനിലുണ്ടായ സാക്ഷിമോന്‍! മരണവീട്ടില്‍ ചെന്ന് കരയാന്‍പോലും കൂലിക്ക് ആളെക്കിട്ടുന്ന നാടാണ്. പിന്നെയല്ലേ ഒരു സാക്ഷി.

പണം കായ്ക്കുന്ന മരം എവിടെയാണെന്ന് ശതമന്യുവിന് പിടികിട്ടുന്നില്ല. സുപ്രീം കോടതിയില്‍ വക്കീല്‍ എഴുന്നേറ്റുനില്‍ക്കാന്‍, പലപല തരത്തില്‍ ഹര്‍ജി കൊടുക്കാന്‍, പത്രത്തില്‍ അഭീഷ്ടാനുസരണം വാര്‍ത്തയെഴുതിക്കാന്‍, നീലാണ്ടന് നോക്കുകൂലിയായി-ദമ്പിടി പണം വേണം. ലക്ഷം കടന്ന് കോടിയാകും. പിണറായി വിജയന് കേസ് നടത്താന്‍ പണവും സഹായവുമായി രംഗത്തുവന്നത് സ്വാതന്ത്ര്യസമര സേനാനികളാണ്; മണ്‍മറഞ്ഞ മഹാരഥന്മാരുടെയും രക്തസാക്ഷികളുടെയും പ്രിയപ്പെട്ടവരാണ്. 'പിണറായിവധം' കേസ് നടത്താനോ? ഏതൊക്കെ ചാലിലൂടെ പണം വരുന്നുവെന്ന് ഒന്ന് അന്വഷിക്കുകതന്നെ വേണം. അപ്പോള്‍ മനസ്സിലാകും കുമ്മിയടിക്കാരുടെ ഉള്ളുകള്ളി. കൈകൊട്ടി വണങ്ങി നന്നായ് ഇണങ്ങിക്കുമ്മിയടിക്കുന്നവരുടെ പറമ്പിലാണോ പണംകായ്ക്കുന്ന മരം, അതല്ല കുഴലിലൂടെ വരുന്നതാണോ അത് എന്ന പരിശോധനയ്ക്ക് ഒരു കുമാരനും വരുന്നില്ലല്ലോ എന്റെ ശിവനേ.

*
കേസ് കോടതിയില്‍ മാത്രമല്ല ചാനലിലും വാദിക്കണമെന്നാണ് പുതിയ സമ്പ്രദായം. കോടതിയില്‍ തോറ്റാലും വേണ്ടില്ല, ചാനലില്‍ ഒരു കൈനോക്കിയാല്‍മതി. ചാനല്‍ മാര്‍ക്കറ്റുള്ള വക്കീലന്മാരെ തെരഞ്ഞുപിടിച്ച് വക്കാലത്തുകൊടുത്താല്‍ കക്ഷിക്ക് പരമസുഖം. കേസ് തോറ്റാലെന്ത്; പ്രശസ്തി പറന്നുവരും. ചില കോമ്പിനേഷനുകള്‍ നാട്ടുനടപ്പാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്‍; വീരകുമാരന് നന്ദകുമാരന്‍; ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല; ക്രൈം കുമാരന് കാളിവക്കീല്‍; പി സി ജോര്‍ജിന് ഷാജഹാന്‍-ഇങ്ങനെ. കറുത്ത കോട്ടിട്ടുപോയാല്‍ ചാനലില്‍ 'നിയമ വിശാരദനാ'കും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നാലുവാക്കു പറഞ്ഞാല്‍ മാധ്യമ വിമര്‍ശകനാകും. ലാവ്ലിന്‍ കേസില്‍ കമല ഇന്റര്‍നാഷനല്‍, ടെക്ക്നിക്കാലിയ, സിംഗപ്പൂര്‍ യാത്ര, അനധികൃത ധന സമ്പാദനം എന്നിങ്ങനെയെല്ലാം നന്ദകുമാരന്‍ ഛര്‍ദിച്ചത് വാരിവലിച്ച് തിന്ന് ആനന്ദിച്ച കൂട്ടത്തില്‍ കാളിവക്കീലും നീലാണ്ടനും സര്‍വ കുമാരന്മാരും കൃഷ്ണന്മാരുമുണ്ട്. അക്കഥകളൊന്നും നേരല്ലെന്ന് സിബിഐ പറഞ്ഞപ്പോള്‍ സന്തോഷിച്ച ശതമന്യു അങ്ങനെ സന്തുഷ്ടനാകുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കിയത് കാളി വക്കീലിന്റെ ചാനല്‍പ്രകടനം കണ്ടപ്പോഴാണ്. നന്ദകുമാരന്റെ കഥകള്‍ കുട്ടയില്‍വച്ച് കോടതി കയറിയിറങ്ങുകയും അപവാദ പ്രചാരണത്തിന്റെ കുത്തക ഏറ്റെടുക്കുകയും ചെയ്യുന്നത് നിയമവിധേയം; കള്ളം പൊളിഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടുന്നത് നിയമവിരുദ്ധം. ഈ നാടാണ് സ്മാര്‍ട് വെള്ളരിക്കാ സിറ്റി.

*
എണ്‍പത്തേഴിന്റെ ചൂരടിക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും കൊടിപിടിക്കുന്നവരാകെ വലത്തോട്ടാണ് നടക്കുന്നത്. നല്ല കാര്യമാണ്. അഴുക്കെല്ലാം തെറിച്ചുപോയാല്‍ ഊതിക്കാച്ചിയ പരുവത്തിലാകും. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കാം. അഴുക്കുശേഖരണം കലയും ജീവിതവുമാക്കിയവരെയും കുറ്റം പറയാനാവില്ല. അവര്‍ ശുദ്ധീകരണ പ്രക്രിയക്കാര്‍ കൂടിയാണ്. മതത്തെ, ജാതിയെ, വിഭാഗത്തെ പോക്കറ്റിലിട്ടു നടക്കുകയാണെന്ന് ഭാവിക്കുന്ന ചിലരുണ്ട്. സമാജക്ഷേമമെന്നാല്‍ അവര്‍ക്ക് അവരുടെ ഉന്നമനമാണ്; അധികാരമാണ്. അത്തരക്കരെയാകെ ഒരു പെട്ടകത്തില്‍ കയറ്റിയാല്‍ യഥാര്‍ഥ മതവിശ്വാസികള്‍ക്കും മാനംമര്യാദയായി ജീവിക്കുന്നവര്‍ക്കും പരിപൂര്‍ണ സ്വാതന്ത്ര്യമാണ് കിട്ടുക. കണ്ണൂരില്‍ ഒരു കുട്ടി വലത്തോട്ടുനോക്കിയപ്പോള്‍തന്നെ തരായത് നിയമസഭയിലേക്കുള്ള ടിക്കറ്റാണ്. അങ്ങനെ ആരെയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ പിടിച്ചുവലിക്കാന്‍ നോക്കുന്നവര്‍ക്കും രംഗസജ്ജീകരണം ഒരുക്കുന്നവര്‍ക്കും ആശംസകള്‍.

Sunday, April 18, 2010

എഴുപതുകോടിയുടെ വിയര്‍പ്പ്

"എറങ്ങടാ ശവി. ഓട് കുടുമ്മത്തേക്ക്. ഇനി നിന്നെ ഷൊര്‍ണൂരങ്ങാടി കണ്ടാ കഴുത്തറക്കും. ഞാന്‍ ചാക്കുണ്യാ പറേണ. ഫഃ''
(അനന്തരം, വികെഎന്‍)

വല്യവല്യ ലേഖനങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെ രണ്ടുവരി കൊടുത്തിട്ടാണ്. ഇരിക്കട്ടെ ശതമന്യുവിന്റെ വകയും ഒന്ന് എന്നു കരുതി നാണ്വാരെ കയറിപ്പിടിച്ചതാണ്. ഷൊര്‍ണൂരങ്ങാടിയിലെ ഏതെങ്കിലും വിമതനെ ഉദ്ദേശിച്ചല്ല ഉദ്ധാരണം. ചാക്കുണ്ണിയെ ഷൊര്‍ണ്ണൂരല്ല കേന്ദ്രന്റെ നാടായ ദില്ലിയിലാണ് ഇറക്കേണ്ടതെന്ന് തോന്നുന്നു. അവിടെ കുടുമ്മത്തേക്ക് പറഞ്ഞയക്കേണ്ട കുറെയെണ്ണത്തില്‍ ഒരാളോട് ശതമന്യുവിന് അസൂയയുമില്ല; വിരോധവുമില്ല. വാര്‍ത്ത കണ്ടപ്പോള്‍, ചിത്രങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും 'കോരിവാരിത്തരിച്ചു'. സത്യമായും 'തിരിച്ചും മറിച്ചും കോരിത്തരിച്ചു'. കെപിസിസിയുടെ പിന്തുണ കൂടി കണ്ടപ്പോള്‍ സന്തോഷം എല്ലില്‍കുത്തി.

ഉണ്ണിത്താനെ കുറ്റമുക്തനാക്കി കുളിപ്പിച്ച് നടയ്ക്കിരുത്തിയത് കെപിസിസിയാണ്. വഴിവെട്ടിയ ഉണ്ണിത്താന്‍ മൂപ്പന് മണ്ഡപമുണ്ടാക്കി, വഴിപാടായ് കാലാകാലം വഴിവെട്ടുംവേല സംഘടിപ്പിക്കാന്‍ എന്‍പി മൊയ്തീന്‍ എന്ന ചെറു പൂജാരിക്ക് നോക്കുകൂലി കൊടുത്ത് ഹോമം നടത്തിച്ചിട്ട് ആഴ്ച രണ്ടേ ആയുള്ളൂ. പെരുവഴിയുള്ളപ്പോള്‍ പലവഴിയും വേണ്ട പുതുവഴിയും വേണ്ട. എന്‍ഡിതിവാരി, ഉണ്ണിത്താന്‍ എന്നിങ്ങനെയുള്ള മഹാന്‍മാരെപ്പോലെ തിരുവനന്തപുരത്തുകാര്‍ക്ക് സ്നേഹിക്കാന്‍ ഐക്യരാഷ്ട്ര സഭവഴി കെട്ടിയിറക്കിയ സൌന്ദര്യധാമത്തിന്റെ വഴി പെരിയ പുതുവഴിയാണ്-ബിഒടി.. ഒരു ഭാര്യ, ഒരു ഭര്‍ത്താവ്, ഒരു കുടുംബം എന്നെല്ലാമുള്ളത് പഴഞ്ചന്‍ രീതി. പുതുവഴി പാതിരാ സമരം, സംബന്ധം, കൂടിക്കഴിയല്‍, ഡേറ്റിങ്ങ് എന്നിങ്ങനെ. ഉണ്ണിത്താനെ പിടിച്ചാല്‍ മദനിയെ പൂശണം. ഒളിവിന്റെ മറവും സുഖവും ഗവേഷിക്കണം. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ച് ബുദ്ധിജീവിപ്പട്ടികയില്‍ ചിരപ്രതിഷ്ഠ നേടണം. അന്താരാഷ്ട്ര പൌരന്‍മാര്‍ക്ക് ഇന്റര്‍നാഷനല്‍ പാടാം. എന്നുവെച്ചാല്‍ രണ്ടുംകെട്ടാം നാലും കെട്ടാം. പണ്ട് ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം രണ്ടുംകെട്ടും മൂന്നും കെട്ടും മാര്‍ക്സിസ്റ്റുകാരന്റെ ഓളേം കെട്ടും എന്നായിരുന്നു. ലീഗ് പിന്നെപ്പിന്നെ രണ്ടുംകെട്ടു.
പലകെട്ട് പുതുകാര്യമല്ല. മൂന്നുകെട്ടു നടത്തിയതിനെ എറിയാന്‍ ഇന്നുവരെ ഒരുകെട്ടുപോലും കെട്ടാത്ത അഴീക്കോടിന് എന്തവകാശം എന്നു ചോദിക്കാം. തരൂരിന്റെയും സുനന്ദ പുഷ്കറിന്റെയും പുഷ്കലകാലം വാര്‍ത്തയല്ല-കുട്ടി പട്ടിയെ കടിച്ചില്ലല്ലോ.

രാഹുല്‍ജി കൊളമ്പിയക്കാരി കൊച്ചിനെയും കൊണ്ട് കുമരകത്ത് വിന്ന് വിനോദം സഞ്ചാരമാക്കിയപ്പോള്‍ പയ്യന്‍മാരൊന്നും ഡയറിയില്‍ തലവരകുറിച്ചില്ല. പാവം ഉണ്ണിത്താന്‍ മഞ്ചേരിയെക്കുറിച്ച് പഠിക്കാന്‍ ബംഗ്ളൂരിലേക്ക് പോകുമ്പോള്‍ പിടി വീണു. സുനന്ദപുഷ്കരനെയും കൊണ്ട് യുഎന്‍ റിട്ടേണ്‍ഡ് മന്ത്രിമഹോദയ് ഗണപതിസഞ്ചാരം നടത്തിയതും പയ്യന്‍സ് വാര്‍ത്തയോ കവിതയോ ആക്കിയില്ല. കവിതയുടെ കുത്തക ഇപ്പോള്‍ ചെമ്മനത്തിനാണ്. കേട്ടതും കേള്‍ക്കാത്തും സമാസമം ചേര്‍ത്ത് കവിത ഉണ്ടാക്കിക്കളയും. എന്തെടോ നമ്മുടെ മാര്‍ഗേകിടക്കുന്ന......എന്ന ശൈലിയില്‍. കവി നല്ല കവിതന്നെ-ഇരിപ്പിലാണ് കുഴപ്പം. തരൂര്‍ സുന്ദരന്‍ തന്നെ. മന്ത്രിപ്പണി എടുക്കുമ്പോഴാണ് കുഴപ്പം. സിനിമയിലെ അഭിനയമോ കോഫി അണ്ണന്റെ അസിസ്റ്റന്റു പണിയോ പോലെയാണ് മന്ത്രിപ്പണിയെന്നു നിനച്ചുപോയതുകൊണ്ട് പ്രശ്നങ്ങള്‍ തുടലുപൊട്ടിച്ച് ഓട്ടം തുടങ്ങിയിരിക്കുന്നു.

കെട്ടിന് കൊല്‍ക്കത്തയെന്നോ കാനഡയെന്നോ കാശ്മീരെന്നോ വ്യത്യാസം വേണ്ട. പണ്ട് വിവേകാനന്ദന്‍ ചിക്കാഗോയില്‍ പോയി പ്രസംഗിച്ച് ഞെട്ടിച്ചാണ് ലോക പുരുഷനായത്. അത്ര അധ്വാനിക്കേണ്ട കാര്യമൊന്നുമില്ല. പാലക്കാട്ടുനിന്ന് പോയി കാശ്മീരില്‍ കല്യാണമാലോചിച്ചാല്‍ ദേശീയ കല്യാണ രാമനാകാം. രാവിലെ ഇഡ്ഡലി-സാമ്പാറും ഉച്ചയ്ക്ക് കോണ്‍ടിനെന്റല്‍ ലഞ്ചും പാതിരാവില്‍ കോക്ക്ടെയിലുമായാല്‍ അന്താരാഷ്ട്ര വ്യക്തിത്വമാകാം. ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കുന്നത് മഹാമോശം.

അഴിമതി അഹിംസാ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ പല്ലുതേപ്പ്, കുളി, വസ്ത്രധാരണം എന്നിവപോലെ നിത്യ വഴിപാടാണ്. ക്രിക്കറ്റില്‍ പുത്തന്‍ പരിപാടി ഐപിഎല്‍. അതിന്റെ മുഴുവന്‍ രൂപം ഇന്ത്യന്‍ പൈസാ ലീഗ് എന്നോ ഇന്ത്യന്‍ പൈസാ ലൂട്ട്(കമഴ്ത്തല്‍) എന്നോ മറ്റോ ആണ്. നല്ല ഉഗ്രന്‍ പരിപാടി. നടത്തിപ്പുകാരില്‍ താരസുന്ദരിമാരുണ്ടാകും. കളി നടക്കുമ്പാള്‍ കുലുങ്ങാനും ആടാനും വിശറി വീശാനും സുന്ദരിപ്പെണ്‍കിടാങ്ങള്‍. കളികഴിഞ്ഞാല്‍ പാതിരാ സല്‍ക്കാരങ്ങള്‍. ആട്ടവും പാട്ടും. ബെറ്റുവെച്ച് പണം വാരാന്‍ അവസരം. കളിക്കാരെ മൊത്തമായും ചില്ലറയായും വാങ്ങാന്‍ താരരാജാക്കന്‍മാരും മദ്യരാജാക്കന്‍മാരും നിരന്നുനില്‍ക്കും. പണം നയാഗ്രപോലെ ഒഴുകിവരും. കറുത്തത് വെളുത്തതാകും.

ഇത്തരം ഒരു വികസനം കേരളത്തിനും വേണ്ടേ എന്നു ചിന്തിച്ചത് ഒരു കുറ്റമാണോ? കേരള ഹൌസില്‍ ജിംനേഷ്യമില്ലാഞ്ഞ് ഹോട്ടല്‍മുറിയില്‍ ത്യാഗജീവിതം നയിക്കേണ്ടിവന്ന തരൂരിന്, അത്യാവശ്യം ഇന്റര്‍ നാഷനല്‍ കാര്യങ്ങള്‍ കൊച്ചിയില്‍തന്നെ വേണം എന്ന് തീരുമാനിച്ചുകൂടെ? അങ്ങനെ നാടിനെ സ്നേഹിക്കുമ്പോള്‍ കുറെ പണച്ചാക്കുകളെ ഒന്നിപ്പിക്കേണ്ടിവരും. അല്‍പം അധ്വാനമുള്ള കാര്യമാണ്. വിയര്‍പ്പിന് കൂലി വേണം. വിയര്‍ത്തത് സുനന്ദയാണെങ്കിലും താനാണെങ്കിലും കൂലി വേണ്ടെന്നുവെക്കാനാകുമോ? ആ കൂലി നെല്ലായിട്ടു മതി എന്നാണ് പറഞ്ഞത്-ഓഹരിയായിട്ട്. എഴുപതുകോടിയുടെ വിയര്‍പ്പുള്ള സുനന്ദ! ആ വിയര്‍പ്പും കേന്ദ്ര മന്ത്രി പദവും തമ്മിലുള്ള ബന്ധത്തിന് സസ്കൃതത്തില്‍ അഴിമതി എന്നും പറയും. കോണ്‍ഗ്രസിന് അഴിമതി പഥ്യം. തരൂരിന്റെ മന്ത്രിപദം സംരക്ഷിക്കാന്‍ സുനന്ദയുടെ വിയര്‍പ്പിന്റെ വില തിരിച്ചുകൊടുക്കണമെന്നാണ് ഒടുവിലത്തെ ഫോര്‍മുല. ഒരു സഹന്ത്രിപദത്തിനും വേണം പാവപ്പെട്ട സുനന്ദമാരുടെ വിയര്‍പ്പ്. വീണ്ടും വികെഎന്നിനെത്തന്നെ ഓര്‍മ്മവരുന്നു.

'വരുംജന്‍മത്തിലെങ്കിലും വരകവിയും വരപണ്ഡിതനുമായി വന്ന് വരലക്ഷ്മി ഉണ്ണുനീലിയുടെ വരനായ ഉണ്ണിത്താനായി വാഴാന്‍ വരംതരേണേ വരയ്ക്കല്‍ഭഗവതി വലിയമ്മേ വാഗീശ്വരീ.'

*
പിണറായി വിജയന്‍ ചെയ്ത 'തെറ്റ്' ലഘൂകരിക്കപ്പെടുകയാണ്. ആദ്യം അഴിമതി എന്നു പറഞ്ഞു. ലേലം വിളിപോലെ 374 കോടി, അഞ്ഞൂറുകോടി, അറുന്നൂറ്-ഒടുവില്‍ താഴോട്ടുവന്ന് നൂറ്, അവസാനം 86കോടിയില്‍ തട്ടിനിന്നു. അഴിമതിയല്ല-നഷ്ടം വരുത്തി എന്ന്. ആര് നഷ്ടം വരുത്തി? അത് സിബിഐ പറയില്ല. പിണറായി വല്ല സാമ്പത്തിക നേട്ടവുമുണ്ടാക്കിയോ? ഉണ്ടാക്കി എന്ന് പറയാന്‍ വകുപ്പില്ല. കാര്‍ത്തികേയനോ? കരാറിന്റെ തുടക്കക്കാരനെങ്കിലും നേട്ടമുണ്ടാക്കിയതതായി തെളിവില്ല. എന്നിട്ടും കാര്‍ത്തികേയന്‍ പട്ടികയ്ക്കു പറുത്ത്-പിണറായി പട്ടികയ്ക്കുള്ളില്‍. ആ പണിയെ രാഷ്ട്രീയക്കളി എന്ന് സിപിഐ എമ്മുകാര്‍ വിളിച്ചു. എന്താണ് പിണറായി ചെയ്ത മഹാപരാധം? നാട്ടില്‍ ഒരു ആശുപത്രിയുണ്ടാകട്ടെ എന്നാശിച്ചുപോയി. അതിന് സഹായം തരണമെന്ന് കാനഡക്കാരോട് പറഞ്ഞുപോയി. അത് അന്നുതൊട്ടിന്നുവരെ സിപിഐ എമ്മുകാര്‍ പറയുന്നു. രേഖകളില്‍ തെളിയുന്നു. എന്നിട്ടും അഴിമതി എന്ന് വിളിച്ചുകൂവാന്‍ ആളുണ്ടായി. ഇപ്പോള്‍ സിബിഐ തന്നെ സമ്മതിച്ചിരിക്കുന്നു-അഴിമതി നടന്നിട്ടില്ല എന്ന്. പണം ഇടപാടുനടന്നതായി തെളിവേ ഇല്ല എന്ന്.

ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു പറയാനുണ്ട്? രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. മാധ്യമങ്ങള്‍ക്കോ? കുറഞ്ഞപക്ഷം ഒരു ഖേദപ്രകടനമെങ്കിലും? എവിടെ. അവര്‍ക്ക് ശശി തരൂരിന്റെ അഴിമതിയേക്കാള്‍ വലിയ വിഷയം തച്ചങ്കരിയുടെ വിദേശയാത്രയാണ്. ലാവലിന്‍ വരുമ്പോള്‍ തച്ചങ്കരീയം. ഇലക്ഷന്‍ വരുമ്പോള്‍ മദനികാമേശ്വരി. കാപട്യം കുടുക്കപൊട്ടിക്കുന്നുണ്ട്. കാപട്യക്കാരെ കൈകാര്യം ചെയ്യാനുള്ള വഴി ജനങ്ങള്‍തീരുമാനിച്ചുകൊള്ളും.

ശതമന്യുവിന് കിട്ടിയ ഒരു എസ്എംഎസ് ഇങ്ങനെ:

"കനല്‍പോലെ ജ്വലിക്കുന്ന വിപ്ളവ തേജസ്സിനെ ചാരംകൊണ്ടു മുടാനാവില്ല. പിണറായിക്ക് കൊലമരം തീര്‍ത്ത വീരന്‍മാരെയും വര്‍ഗ വഞ്ചകരെയും കാലം തൂക്കിക്കെട്ടുന്നു. സഖാവ് പിണറായി, അടിപതറാതെ മുന്നോട്ട്.''

വളയാത്ത തണ്ടെല്ലുള്ള നേതാക്കള്‍ ആക്രമണങ്ങളെ അതിജീവിക്കും. കേസില്‍ കുടുക്കിയും അപവാദം പറഞ്ഞും അവരെ നശിപ്പിച്ചുകളയാം എന്നുകരുതുന്ന അതിശയോക്തിക്കാരും അല്‍പബുദ്ധികളും പ്രതികാരക്കാരും കാശിക്കുപോകേണ്ടിവരും. അല്ലെങ്കില്‍ അവരെ കുടുമ്മത്തേക്ക് പറഞ്ഞയക്കാന്‍ ചാക്കുണ്ണി ഷൊര്‍ണ്ണൂരങ്ങാടിയില്‍ നിന്നു വരും. എന്നിട്ട് നീട്ടി ആട്ടും-എറങ്ങി ഓടടാ ശവി. ഫഃഃഃഃഃ.

*
മാതൃഭൂമിയുടെ തലക്കെട്ട്:

പിണറായിക്കെതിരെ കൂടുതല്‍ അന്വേഷണം: തെളിവില്ലെന്ന് സിബിഐ
ചായക്കടയില്‍ ചോദ്യം വന്നു
"അല്ലപ്പാ ഇനിയുമുണ്ടോ അന്വേഷണം?''
ഉത്തരം: അത് സര്‍വൈവല്‍ ജേണലിസം. എന്ന്വെച്ചാല്‍, തലകുത്തിവീണാലും കാല് മേലെ. നോ അന്വേഷണം. നോ ന്യൂസ്.
ചോ: അപ്പം കശ്മലന്‍?
ഉ: പണം പുളിമരത്തിലും പുളിയാര്‍മലയിലും കായ്ക്കും. കശ്മലന് കിഴികിട്ട്യാമതി.
ചോ: കിഴി കെട്ടണ്ടേ?
ഉ: തല്‍ക്കാലം നോ നിവൃത്തി. കീചകനല്ലേ. ഭീമന് പഴിവരും. കിഴിയും വേണ്ട, പഴിയും വേണ്ട.

Sunday, April 11, 2010

ഞാന്‍ പിഴയാളി

കുമ്പസാരം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല. പുരോഹിതനോട് പാപം ഏറ്റുപറയുന്ന ആചാരമാണത്. വിവാഹത്തിനുമുമ്പ് വധുവും വരനും കുമ്പസാരിക്കണം. അതുവരെ ചെയ്ത പാപങ്ങള്‍ അവിടെ തീരും. കുമ്പസാരം നടത്തിയ വികാരിയല്ല കെട്ടുനടത്തിക്കുന്നതെങ്കില്‍ കുമ്പസാര സര്‍ട്ടിഫിക്കറ്റ് വേണം. സാക്ഷ്യപത്രം ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആഴ്ചപ്പതിപ്പിനും ചാനലിനും ഇന്റര്‍വ്യൂ കൊടുത്തുള്ള കെട്ടുകുമ്പസാരമാകാമെന്നാണ് പുതിയ രീതി. കുമ്പസാരക്കൂട്ടില്‍ കയറിയാല്‍ മനസ്സിലുള്ളതെല്ലാം ഒളിയും മറയുമില്ലാതെ പറഞ്ഞുതീര്‍ക്കണമെന്നാണ്. ചാനല്‍ക്യാമറയ്ക്കു മുന്നിലാകുമ്പോള്‍ എല്ലാം പറയേണ്ട. വേണ്ടതു പറഞ്ഞാല്‍ മതി. അഥവാ അല്‍പ്പം കൂടുതല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എഡിറ്റിങ്ങിനും സാധ്യതയുണ്ട്. തച്ചറിഞ്ഞ് പണിയണമെന്നത് അധ്വാനത്തിന്റെ നിയമമാണ്. എന്താണ് വാര്‍ത്ത എന്നു മനസ്സിലാക്കി വേണം വാര്‍ത്ത കൈകാര്യം ചെയ്യാന്‍. നുണ കവിതയാണ്. ഏത് വിഡ്ഢിക്കും സത്യം പറയാം. നുണ പറയാന്‍ നല്ല ബുദ്ധി വേണം. ഇംഗ്ളീഷില്‍ നല്ല കവിതകള്‍ വരാതായപ്പോള്‍ ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞത്, ഇംഗ്ളണ്ടില്‍ നുണയന്മാരുടെ എണ്ണം കുറഞ്ഞുപോയി എന്നാണ്. വലിയ നുണ സങ്കല്‍പ്പിച്ചെടുക്കാന്‍ വലിയ ബുദ്ധിതന്നെ വേണം. അത് പ്രചരിപ്പിക്കാനും സ്ഥാപിക്കാനും അസാമാന്യവൈഭവം വേണം.

പണ്ടുകാലത്ത് ആള്‍ക്കൂട്ടങ്ങളുടെ അധ്വാനസംബന്ധമായ വിശേഷങ്ങളാണ് വാര്‍ത്തയായി പരന്നത്. നാടോടിക്കഥകള്‍ക്ക് പൊടിപ്പും തൊങ്ങലുമുണ്ടായപ്പോള്‍ നല്ല വിശേഷങ്ങളായി. പിന്നെപ്പിന്നെ മണ്ണില്‍ നട്ടാല്‍ പൊടിക്കാത്ത നുണകള്‍ വാര്‍ത്തകളായി രൂപാന്തരപ്പെട്ടു. ഒരാള്‍ ഒരു നുണ മനസ്സില്‍ കൊരുത്തെടുക്കും. കുറെപ്പേരെ വിളിച്ചുവരുത്തി കുപ്പി പൊട്ടിക്കും. നുണ താലത്തില്‍ വിളമ്പും. കിട്ടിയവര്‍ ഗ്ളാസ് കാലിയാക്കി നുണ മടിയില്‍ തിരുകി സ്ഥലംവിടും. പിറ്റേന്നത്തെ കടലാസുകളില്‍, ഒരേനുണ തൈര്‍ വടയായും സാദാ മെദുവടയായും രസവടയായും സാമ്പാര്‍വടയായും പ്രത്യക്ഷപ്പെടും.

വടനിര്‍മാണം താജ്മഹല്‍നിര്‍മാണംപോലെ വലിയ പണിയൊന്നുമല്ല. പക്ഷേ, വടയുണ്ടാക്കുന്നവനും താജ്മഹല്‍ ഉണ്ടാക്കിയ ആളും നിര്‍മാതാവാണ്. രണ്ടു നിര്‍മാതാക്കളും ഒരേപേരില്‍ അറിയപ്പെടും. മൂലം രണ്ടാണ്. ഒന്ന് കാമിനിമൂലം. രണ്ട് കനകംമൂലം. ഒരുപാടു കാലം വടവിറ്റ് നുണതിന്നു ജീവിച്ചവര്‍ക്ക് ഒരുനാള്‍ അതെല്ലാം മടുക്കും. അന്ന് ചിക്കന്‍ഫ്രൈ കഴിക്കണമെന്ന് തോന്നും. വിറ്റ വടയുടെ ട്രേഡ് സീക്രട്ട് അപ്പോഴാണ് വിളിച്ചുപറയുക. അതിനെ കുമ്പസാരമെന്നും വിളിക്കും.

ഇനിയുള്ള കാലത്തെ ജീവിതം ധന്യമാക്കാന്‍ ഒരു 'കെട്ടുകുമ്പസാരം.' നാളെ പുതിയ വീട്ടിലേക്ക്, പുതിയ ജീവിതത്തിലേക്ക് പോകേണ്ടതാണല്ലോ.

*
'നരകത്തീന്നെന്നെ കരകേറ്റീടണേ തിരുവൈക്കം വാഴും ശിവശംഭോ' എന്നു പാടിയാല്‍ അപ്പോള്‍ത്തന്നെ പരമേശ്വരന്‍ കിങ്കരനെ പോത്തും കയറുമായി കരകേറ്റാന്‍ അയക്കും എന്ന് ചിന്തിക്കുന്നത് നല്ല മനോവ്യായാമമാണ്. നില്‍ക്കുന്നിടം നരകമെന്ന് സദാ തോന്നുന്നവര്‍ക്ക് അത്യുത്തമം. ഞാന്‍ മഹാന്‍, ഞാനുണ്ടായിരുന്നപ്പോള്‍ എല്ലാം മഹത്തരം, എന്റെ ഉപദേശം ഉല്‍ക്കൃഷ്ടം, എന്നെ വിട്ടപ്പോള്‍ എല്ലാം പോയി എന്ന് ഒരാള്‍ ചാനലിലും ആഴ്ചപ്പതിപ്പിലും പറയുന്നത് കണ്ടു. അതും ഒരു വ്യായാമംതന്നെ. പിടിച്ചുനില്‍ക്കാന്‍ ഇങ്ങനെ ചില അവതാരങ്ങള്‍ നടത്തുന്ന കോപ്രായങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. ഏതെങ്കിലും നേതാവിനെ ചുറ്റിപ്പറ്റി ഉപഗ്രഹമാര്‍ഗത്തില്‍ അവര്‍ ജീവിക്കും.

തിരുവിതാംകൂറിലെ ഒരു ഖദര്‍കഥ കേട്ടിട്ടുണ്ട്. താന്‍ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന് സദാ പറയും. കാര്യസാധ്യക്കാരെയും കൂട്ടി ഉന്നതന്റെ വീട്ടിലേക്ക് ചെല്ലും. കൂടെ വന്നവരെ പുറത്തുനിര്‍ത്തി നേരെ അടുക്കളയിലേക്ക്. അല്‍പ്പസമയം കഴിഞ്ഞ് കൈയില്‍ പാതി കടിച്ച രസകദളിപ്പഴവുമായി ടിയാന്‍ പുറത്തുവന്ന് പറയും"ലീഡര്‍ പ്രാതല്‍ കഴിക്കുന്നു. ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കാം'' എന്ന്. സംതൃപ്തരായി മടങ്ങുന്ന ശുപാര്‍ശക്കാര്‍ അറിയുന്നില്ല, തൊട്ടടുത്ത മുറുക്കാന്‍കടയില്‍നിന്ന് വാങ്ങി മടിയില്‍ തിരുകിയ രസകദളിപ്പഴമാണ് ലീഡറുടെ പ്രാതല്‍മേശയില്‍നിന്നെന്ന വ്യാജേന കടിച്ചുപിടിച്ചതെന്നും ലീഡറെ ടിയാന്‍ കണ്ടിട്ടേയില്ലെന്നും. ലീഡര്‍ ഒന്നും അറിയുന്നില്ലെങ്കിലും ടിയാന്റെ കാര്യങ്ങള്‍ ഭംഗിയായി നടക്കും.

ഇത് ഒരു സാമ്പിളാണ്. ചിലര്‍ നേതാക്കളുമായി അടുപ്പമുണ്ടെന്ന് കാണിക്കാന്‍ സദാ സന്ദര്‍ഭം സൃഷ്ടിക്കും. അനുചിത സന്ദര്‍ഭത്തില്‍ 'സ്വകാര്യം' പറയും. കുടുംബാംഗങ്ങളെ ചാക്കിടും. ചിലര്‍ അല്‍പ്പംകൂടി കടന്ന്, ഞാനാണ് പുള്ളിക്കാരന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന് വീമ്പടിക്കും. നേതാവിന്റെ ഭക്ഷണക്രമം, ദൈനംദിന ശീലങ്ങള്‍ എന്നിവയെല്ലാം ആധികാരിക ഭാവത്തില്‍ പൊതുവേദികളില്‍ വിളമ്പി അടുപ്പം തെളിയിക്കാന്‍ നോക്കുന്നവരുമുണ്ട്. ഇതിന്റെയെല്ലാം മൂര്‍ധന്യമാണ്, 'ഞാനാണ് ബൌദ്ധിക ശില്‍പ്പി' എന്ന ഭാവം. എട്ടരപ്പതിറ്റാണ്ട് ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച, സമരങ്ങളുടെയും സഹനങ്ങളുടെയും പ്രോജ്വല പാരമ്പര്യമുള്ള നേതാവ് കഴിഞ്ഞ പത്തുകൊല്ലംകൊണ്ടാണ് മഹാനായതെന്നും അതിന്റെ കാര്‍മികന്‍ ഞാനായിരുന്നുവെന്നും വെച്ചുകാച്ചിയിരിക്കുന്നു ബൌദ്ധിക പ്രതിഭാസത്തിന്റെ ജനയിതാവ്! ഭീഷണിയാണ്- പലതും പറഞ്ഞുകളയുമെന്ന്. ശാപമാണ്- കരുണാകരന്റേതിനേക്കാള്‍ മോശം അവസ്ഥയിലാകുമെന്ന്. പ്രതീക്ഷയാണ്- തെരഞ്ഞെടുപ്പിനുമുമ്പ് ഒരു മലര്‍പ്പൊടിപ്പാര്‍ടി ഉണ്ടാക്കിക്കളയുമെന്ന്. ആദ്യം അടുപ്പക്കാരനെന്ന് നടിച്ചു. പിന്നെ സ്വന്തം വഴിയേ നടത്താന്‍ നോക്കി. പതുക്കെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടപ്പോള്‍ ഇപ്പോള്‍ തെരുവില്‍നിന്ന് തെറിവിളിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇത്തരം സഹായം വേണ്ടെന്നു പറഞ്ഞ് ഇറക്കിവിട്ടിട്ട് പുഴ കുറെ ഒഴുകി. എന്നിട്ടും ബൌദ്ധിക സ്രഷ്ടാവിന്റെ മോരിന് പുളി പോയിട്ടില്ല! മാധ്യമ സിന്‍ഡിക്കറ്റ് ഇല്ലേയില്ല എന്ന് വിലപിച്ചവര്‍, ഞാനായിരുന്നു ആ സിന്‍ഡിക്കറ്റ് എന്ന ഈ വെളിപ്പെടുത്തല്‍ കേട്ട് മിണ്ടാത്തതെന്താണാവോ.

*
ഇവിടെ സഖാക്കള്‍ സമരം നടത്തുമ്പോള്‍ നേതാവ് പേര്‍ഷ്യയില്‍ ഉല്ലാസയാത്ര നടത്തുന്നു എന്നുകേട്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. ജയില്‍നിറയ്ക്കല്‍ സമരം കീശനിറയ്ക്കല്‍ എന്ന കാര്‍ട്ടൂണ്‍ വര കണ്ടാല്‍ നെറ്റി ചുളിച്ചുപോകും. സമരം വിജയിപ്പിക്കാനാണ് ഇപ്പോള്‍ മനോരമയ്ക്കും മാതൃഭൂമിക്കും താല്‍പ്പര്യം. സമരംമൂലം ജനം വലഞ്ഞു, റോഡ് തടസ്സപ്പെട്ടു, സര്‍ട്ടിഫിക്കറ്റ് നീക്കം അവതാളത്തിലായി എന്നൊന്നുമല്ല, പിണറായി വിജയന്‍ ഇല്ലാത്തതിനാല്‍ സമരക്കാര്‍ വിഷമിച്ചു എന്നാണ് ഇത്തവണത്തെ എഴുത്ത്. ഇടയ്ക്ക് വിദൂഷകവേഷങ്ങളെയും ഇറക്കി. തച്ചങ്കരി എന്തിന് ദുബായില്‍ പോയി എന്നൊരു ചോദ്യശരം. ഉത്തരം പറയാന്‍ പുളിയാര്‍മലയില്‍നിന്ന് ആളെ ഏര്‍പ്പാടുചെയ്തിട്ടുമുണ്ട്. ഇനിയിപ്പോള്‍ ദാവൂദ് ഇബ്രാഹിം, ഒസാമ ബിന്‍ലാദന്‍, ഇത്തിക്കര പക്കി തുടങ്ങിയ മാന്യന്മാരുമായി ദുഫായില്‍ കൂടിക്കാഴ്ച നടത്തി എന്നുകൂടി പറഞ്ഞാല്‍ മതി.

നുണഫാക്ടറികളില്‍ നന്നായി ഉല്‍പ്പാദനം നടക്കുന്നുവെങ്കിലും വിതരണശൃംഖല ഇപ്പോള്‍ ശക്തമല്ല. അതുകൊണ്ട് ചില കടകളിലേ വില്‍പ്പനയുള്ളൂ. ഗള്‍ഫില്‍ പോയത് പിണറായി വിജയന്‍മാത്രമല്ല. സംസ്ഥാനത്തെ ഏറ്റവും സീനിയറായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ പാലോളി മുഹമ്മദുകുട്ടിയുണ്ട്, രാജ്യസഭാംഗം എ വിജയരാഘവനുണ്ട്, മുന്‍ മന്ത്രിയും പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസയുണ്ട്. പ്രവാസിമലയാളികളെ നേരില്‍ കണ്ട് സംവദിക്കാനുള്ള യാത്രയ്ക്ക് ആയിരങ്ങളുടെ സ്വീകരണം ലഭിക്കുന്നു. അസൂയ മാനംമുട്ടെ വളരാനുള്ള വകുപ്പുണ്ട്. ഗള്‍ഫില്‍ പോയാല്‍ സെന്റ്, പൌഡര്‍, വാച്ച്, മൊബൈല്‍, ബിസ്കറ്റ്- ഇതൊക്കെ കൊണ്ടുവരാമെന്നാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കുറെ സാധനങ്ങള്‍ വാരി കൊണ്ടുവരാനുള്ള പോക്കായി ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആകട്ടെ എന്നാണ് വാര്‍ത്താപ്പടപ്പു വിദൂഷകരുടെ ഉള്ളിലിരിപ്പ്.

ഗള്‍ഫ് രാജ്യങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനവും പരിപാടികളും അനുവദനീയമല്ല. അവിടെ സാംസ്കാരികപരിപാടികളും കൂട്ടായ്മകളുമാണ് നടക്കുക. അതല്ല എന്നുതെളിയിക്കുന്ന ഒരു വാക്ക് എവിടെനിന്നെങ്കിലും വീണുകിട്ടിയാല്‍ അതുവച്ച് പിടിക്കാമെന്നു കരുതുന്ന ബുദ്ധിയെയും നമസ്കരിക്കാം.

എന്തായാലും പിണറായിക്കും സംഘാംഗങ്ങള്‍ക്കും നേട്ടംതന്നെ. ചെലവില്ലാതെ കിട്ടിയ പരസ്യമെത്ര. പര്യടനത്തിന്റെ ഇനിയുള്ള നാളുകളില്‍ ജനക്കൂട്ടത്തിന്റെ വലുപ്പം കൂടും. 'ആരിസ്സഖാക്കള്‍ നാടെങ്ങും പ്രസംഗിച്ചു നടക്കുവോര്‍ ഉത്തമാംഗം മനുഷ്യനു വയറെന്നു നിനയ്ക്കുവോര്‍' എന്നാണ് സഞ്ജയന്‍ പറഞ്ഞത്. ആ വിശേഷണം അങ്ങനെത്തന്നെ കിടക്കട്ടെ. പ്രവാസികളുടെ പ്രശ്നങ്ങള്‍ (തീര്‍ച്ചയായും വയറിന്റെ) മനസ്സിലാക്കി സഖാക്കള്‍ അങ്ങനെ പൊയ്ക്കോട്ടെ. എല്ലാവരും അറിഞ്ഞുള്ള യാത്രയാണല്ലോ. പിന്നാലെ വീരേന്ദ്രകുമാറിന്റെ ക്രൈം സ്നിഫറുകള്‍ കുതിക്കട്ടെ.

ചീവീട് ചെറുതെങ്കിലും അതിന്റെ ഒച്ച വലുതാണ്. രാഷ്ട്രീയത്തിലും വേണം ചില ചീവീടുകള്‍- വെറുതെ ഒച്ച ഉണ്ടാക്കാന്‍. അയ്യയ്യേ...ഇതെന്തൊരു വ്യക്തിവിരോധം എന്നൊന്നും ശതമന്യുവിന് തോന്നുന്നില്ല. സ്വന്തം സഹോദരിയെ അപമാനിക്കാന്‍ ആട്ടുകല്ലുമുക്ക് സ്ഥാപിച്ച ദുഷ്ടമനസ്സിന് ഏതുമോശത്തരവും വഴങ്ങും. സീറ്റ് കിട്ടാത്തതിന് കാരണക്കാരന്‍ പിണറായിയാണെന്ന് സങ്കല്‍പ്പിച്ച് എന്ത് വൃത്തികേടും പറയും. അത് അങ്ങനെയൊരു ജന്മം. ഓടക്കുഴലില്‍ പന്തീരാണ്ടുകിടന്നാലും നിവരാത്തത്.

Sunday, April 4, 2010

പ്ളാച്ചിമടയിലേക്ക് ഒരു ടിക്കറ്റ്

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ പറയുന്നു: മുഖംമൂടികളെ തിരിച്ചറിയൂ, വശ്യമായ പുഞ്ചിരിക്കുപിന്നിലെ ക്രൂരമുഖങ്ങള്‍ കാണാന്‍ പണിക്കൂലിയുടെ തോതുവച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക നോക്കൂ എന്ന്. മുഖംമൂടി ഒരു വലിയ സംഭവമാണ്. അതാണ് ആഗോളവല്‍കൃത സമൂഹത്തിന്റെ ലോഗോ. ഉള്ളിലൊന്നും പുറത്ത് വേറൊന്നും എന്നാണ് അതിന്റെ മുദ്രാവാക്യം.

നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു പൂട്ടുപൊളിപ്പനാണെങ്കില്‍ ഗസറ്റില്‍ വിജ്ഞാപനംചെയ്യിച്ച് പേര് 'ഹരിശ്ചന്ദ്രന്‍' എന്നുമാറ്റണം. വെള്ള വസ്ത്രമേ ധരിക്കാവൂ; പച്ചക്കറിയേ കഴിക്കാവൂ. നിങ്ങള്‍ ഒരു തട്ടിപ്പുകാരനാണങ്കിലോ? നെറ്റിയില്‍ 'സത്യമേവ ജയതേ' എന്ന് എഴുതിവയ്ക്കണം; സോഷ്യലിസം, ആദര്‍ശം, കല, സംസ്കാരം എന്നെല്ലാം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. കൈയേറ്റക്കാരനാണെങ്കില്‍ ഭൂമിവെട്ടിപ്പിടിത്തത്തിനെതിരെ ധര്‍മസമരം നയിക്കണം. പെപ്സിയുടെ ആളാണെങ്കില്‍ കൊക്കകോളയുടെ ജലചൂഷണത്തിനെതിരായ ധീരോജ്വല മുന്നേറ്റത്തിന്റെ മുന്നില്‍ നില്‍ക്കണം. ജലസംരക്ഷണ സപ്ളിമെന്റ് ഇറക്കണം. ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വീരോചിതം വീമ്പടിച്ചുകൊണ്ട് അവരുടെ ഭൂമി തട്ടിയെടുക്കണം. ഏറ്റവും മോശമായ കള്ളങ്ങള്‍ സദാ നാവില്‍ വിളങ്ങവെ 'മൃദുഭാഷി' അവാര്‍ഡ് വില കൊടുത്തുവാങ്ങണം. അഹന്തയുടെയും പരപുച്ഛത്തിന്റെയും ബാനര്‍ സ്വയം തലയില്‍വയ്ക്കുമ്പോള്‍ മറ്റുള്ളവരെ നോക്കി 'നിങ്ങളുടെ മുഖം തേളുകുത്തിയതുപോലെ' എന്ന് കുറ്റപ്പെടുത്തണം.
ഇത്രയൊക്കെ വൈശിഷ്ട്യങ്ങളും സകലകലാവല്ലഭനെന്ന ഡിഗ്രിയും കൈയിലുണ്ടെങ്കില്‍ ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാം. 'വീരേട്ടാ, ആര് ആരെയാണ് വില്‍ക്കുന്നത്' എന്ന് ഒരു കഥാകാരിയും കരയില്ല. ഇങ്ങനെതന്നെ ചാടണം വീരന്‍; ചോദ്യചിഹ്നംപോല്‍ ആടണം വീരന്‍; ഇങ്ങനെതന്നെ തീരണം വീരന്‍' എന്ന് ഒരു കവിയും പാടുകയില്ല. പെരുമാട്ടിയില്‍ ആദിവാസിപ്രണയവും മണ്ണിനോടുള്ള മമതയും കൊണ്ടുവന്നിറക്കിയത് വലിയ അവാര്‍ഡായ മഗ്സാസെ മനസില്‍ കണ്ടാണെന്ന് മിണ്ടില്ല. 'മണ്ണേ, മരമേ, മയിലമ്മേ' കവിതകളുണ്ടാകുന്നത് ഒരു പ്രത്യേകതരം രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ മാത്രമാണ്. പരിസ്ഥിതി, കുടിവെള്ളം, മലിനീകരണം തുടങ്ങിയ വാക്കുകള്‍ക്ക് മികച്ച വിപണിമൂല്യമുണ്ടെന്നു കണ്ടെത്തുന്നതാണ് പ്രധാനം. ചില പാവങ്ങള്‍ ഈ വാക്കുകള്‍ നെഞ്ചില്‍ കയറ്റിവച്ച് പേര്‍ത്തും പേര്‍ത്തും പോരാടുന്നു. ചില വേന്ദ്രന്മാര്‍ അവരെ കബളിപ്പിച്ച് സമരത്തെ ഹൈജാക്ക് ചെയ്യുന്നു.

പെരുമാട്ടിയില്‍ ഒരുഭാഗത്ത് സമരം നടക്കുമ്പോള്‍ മറുവശത്തൂടെ വീരകൃഷ്ണന്‍കുട്ടിയും അനുയായികളും കൃഷിയിടത്തിലെ കിണറുകളില്‍നിന്ന് വെള്ളം കോളക്കമ്പനിക്ക് വിറ്റു. കമ്പനിക്ക് സ്ഥലം വാങ്ങികൊടുത്തതിന് പ്രതിഫലമായി കിട്ടിയത് ടൊയോട്ട ക്വാളിസ് വാന്‍. നാടകം തുടരനായി നടന്നു. യുഡിഎഫ് ഭരണമാണന്ന്-കോളവിരുദ്ധ സമരത്തില്‍ ചുവന്നകൊടിപിടിച്ച മുന്നൂറാള്‍ക്കെതിരെ കേസ്. വീരദളത്തിന്റെ ഒരു കുട്ടിക്കെതിരെയും കേസില്ല. പക്ഷേ, സമരം വീരവിരചിതമെന്ന് പെരുമ്പറ. ലോക ജലസമ്മേളനം; അഖണ്ഡ പ്രഭാഷണയജ്ഞം; കാണാച്ചരടിന്റെ കുരുക്കഴിക്കാനുള്ള പരക്കംപാച്ചില്‍. ഒരു പാലമിടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. കോളക്കമ്പനിക്ക് തോഴിയായാലും മതി- മാമ്പഴ അച്ചാര്‍ ഫാക്ടറി തുറക്കാന്‍ ഒരുകൈ സഹായം. കോള കുടിച്ചില്ലെങ്കില്‍ അച്ചാര്‍ തൊട്ടുനക്കുകയെങ്കിലുമാകാം. ദാനശീലന്മാരായ വീരകേസരികള്‍ക്ക് തലേന്നുതന്നെ സമ്മതം. സഹായത്തിന് തടസ്സം സമരക്കാരാണെങ്കില്‍ അവരെ തല്ലിയോടിക്കാം; പന്തല്‍ തകര്‍ക്കാം. ഉയരാനും താഴാനും പരിധി വേണ്ടല്ലോ.

*
പെരുമാട്ടിയിലെ കാര്യം പറയുമ്പോള്‍ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്നും ചോദിക്കാം. എം പി വീരേന്ദ്രകുമാര്‍ മാന്യന്‍, മഹാന്‍, മധുഭാഷി. അദ്ദേഹത്തിന്റെ പാര്‍ടി വെജിറ്റേറിയന്‍ സോഷ്യലിസ്റ്റ്. ഏതു സോഷ്യലിസ്റ്റായാലും ചില്ലറ ദൌര്‍ബല്യങ്ങളൊക്കെയുണ്ടാകും. സ്വന്തം പാര്‍ടി, സ്വന്തം ഭൂമി, സ്വന്തം അനുയായി-അങ്ങനെ. 'പൊട്ടച്ചാവഴി ദൂരംമാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികള്‍ ഗരുഡനുപിറകെ ചിറകുംവീശി ഗഗനേ ഗമനം വാഞ്ഛിക്കുന്നു' എന്നാണല്ലോ. മറ്റുപാര്‍ടികള്‍ സമരം നടത്തുമ്പോള്‍ കോഴിക്കും പറക്കണം ഗഗനത്തില്‍. വിമത ദള്‍ എന്നും വീരന്‍ ദള്‍ എന്നും അറിയപ്പെടുന്ന സാധനത്തെ യുഡിഎഫിന്റെ ആലയിലെത്തിച്ചെങ്കിലും സാന്നിധ്യം തെളിയിക്കാന്‍ ചില്ലറ അടിപിടിയൊക്കെ ഉണ്ടാക്കിയേ തീരൂ.

പ്ളാച്ചിമടയില്‍ തല്ലുകൊണ്ടത് ആദിവാസികള്‍ക്കാണ്. വീടും സമരപ്പന്തലും നഷ്ടപ്പെട്ടതും അവര്‍ക്കാണ്. ആദിവാസി ദളിത് ക്ഷേമത്തിന്റെ തോള്‍സഞ്ചിയുമായി കവിതയൊലിപ്പിച്ചും പ്രഭാഷിച്ചും തെക്കുവടക്കു നടക്കുന്ന ചില പ്രമാണിമാരെയൊന്നും കാണാനേയില്ല. വയനാട്ടില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും പെരുമാട്ടിയില്‍ കോളക്കമ്പനിക്ക് ആദിവാസികളെ ഒറ്റുകൊടുക്കുകയുംചെയ്ത ശക്തിയെക്കുറിച്ച് അവര്‍ക്ക് പ്രതികരണമില്ല! പ്ളാച്ചിമടയിലേക്കുള്ള ഒരു ടിക്കറ്റാണ് അവരുടെ പ്രശ്നം. അതും വീരോചിതം എടുത്തുകൊടുക്കേണ്ടിവരും.

മാതൃഭൂമിയാണ് കസറിയത്. അവര്‍ പറഞ്ഞു: അക്രമികള്‍ സാമൂഹ്യവിരുദ്ധരെന്ന്. സാമൂഹ്യവിരുദ്ധരുടെ സംസ്ഥാന പ്രസിഡന്റാണ് പത്രത്തിന്റെ വല്യശമാന്‍. തല്ലുകൊണ്ട് ആശുപത്രിയിലായ ചില പാവങ്ങള്‍ വല്യശമാനോട് പരാതി പറഞ്ഞു-പഞ്ചായത്തിനോടുകളിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നായിരുന്നുവത്രേ മറുപടി. അത് വീരോചിതം തന്നെ. ആഗോളവല്‍ക്കരണ കാലത്തെ സത്യസന്ധത. ശതമന്യുവിന് ആക്രോശിക്കാന്‍ മുട്ടുന്നു.

*
പെസഹയും ദുഃഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞു. പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന വിശിഷ്ടപലഹാരമാണ് ഇന്‍ട്രിയപ്പം.

'ഇന്‍ട്രിയപ്പത്തിന് തേങ്ങപോരാഞ്ഞ്
അപ്പനെത്തല്ലി തെങ്ങേക്കേറ്റി
ഇന്‍ട്രിയപ്പം വെന്തുംപോയി
അമ്മേടപ്പന്‍ ചത്തുംപോയി'

എന്നൊരു പാട്ട് കോട്ടയം ഭാഗത്തെ ക്രിസ്ത്യാനികള്‍ പാടാറുണ്ട്. നാടന്‍ പാട്ട്. നമ്മുടെ വേലിക്കല്‍ മുരളീധരന്റെ ആത്മകഥാംശം ഈ പാട്ടിലുണ്ടോ എന്ന് നേരിയ സംശയമുണ്ട്. എല്ലാം പോയ അവസ്ഥയിലാണ് പുള്ളിക്കാരന്‍. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുന്നു. ഇരുവരും അയഞ്ഞാല്‍ കുരുക്ക് മാവേലിക്കരയില്‍നിന്ന് വരും. ഉണ്ണിത്താന് കടന്നുചെല്ലാന്‍ പറ്റുന്ന പാര്‍ടിയില്‍ മുരളീധരനെ കയറ്റില്ലെന്ന്! ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാം. ഉണ്ണിത്താനെ കണ്ടാല്‍ കോണ്‍ഗ്രസിന്റെ സമൃദ്ധി അറിയാം. കോണ്‍ഗ്രസിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഉണ്ണിത്താന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകട്ടെ എന്നാണ് പ്രാര്‍ഥിക്കേണ്ടത്. ചില വഴികളും രീതികളുമൊക്കെ പുതിയ തലമുറയും അറിയണം. മഞ്ചേരി വഴി ബംഗളൂരുവിലേക്കുള്ള റൂട്ട് തുറന്നു കിടക്കുകയാണ്. പുതിയ യൂത്ത് ക്യാമ്പുകളിലെ സ്ഥിരം അധ്യാപകനായി ഉണ്ണിത്താനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഹുല്‍ഗാന്ധിയില്‍നിന്ന് സംഘടിപ്പിക്കാന്‍ വലിയ പാടൊന്നുമുണ്ടാകില്ല.

ഉണ്ണിത്താനെ ആര്‍ക്കാണ് പേടി എന്നത് വലിയ ചോദ്യമാണ്. ചില പാര്‍ടികളില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കാതെ വീട്ടിലേക്ക് പോകേണ്ടിവരും. ഞാന്‍ പലതും വിളിച്ചുപറയും എന്നു വിരട്ടിയാല്‍, എങ്കില്‍ പറഞ്ഞുതുലയ്ക്ക് എന്ന് നേതൃത്വത്തിന് ചങ്കുറപ്പോടെ പറയാനും കഴിയും. ഉണ്ണിത്താനും കോണ്‍ഗ്രസും തമ്മില്‍ അത്തരമൊരു ബന്ധമല്ല. പുറത്തുനില്‍ക്കുന്ന ഉണ്ണി അകത്തെത്തിയാല്‍ അപകടം കുറയും. അതോര്‍ത്ത് തൊമ്മനും ചാണ്ടിയും ഒന്നിച്ച് അയഞ്ഞു. വേണ്ടാതീനങ്ങള്‍ ഉണ്ണിത്താന്റെ വായില്‍നിന്ന് പുറത്തുവരുംമുമ്പ് അദ്ദേഹം അകത്തായി. ഇനി തൊമ്മനും ചാണ്ടിക്കുമെല്ലാം നെടുവീര്‍പ്പിടാം.

മുരളീധരന്‍ ഇനി പറയാന്‍ വല്ലതും ബാക്കി കിടപ്പുണ്ടോ. എന്നാലും ഉണ്ണിത്താന്‍ അകത്തും മുരളി പുറത്തും- മാണിസാര്‍ പുറത്തും പി സി ജോര്‍ജ് അകത്തും എന്നെല്ലാം പറയുന്നതുപോലെ.

ചിരി വരുന്നു.