Sunday, April 26, 2009

മഹത്തായ ക്വട്ടേഷന്‍

ക്വട്ടേഷന്‍ സംഘം, വോട്ടുമറിപ്പ്, കൊലപാതക പദ്ധതി, ഭൂമിതട്ടിപ്പ് തുടങ്ങിയ കനപ്പടിയുള്ള കാര്യങ്ങള്‍ കേട്ടുകേട്ട് മനസ്സ് മരവിച്ചിരിക്കുമ്പോള്‍ കൌതുകമുള്ള എന്തെങ്കിലും മുന്നിലെത്തിയാല്‍ ഒരാശ്വാസമാണ്. അങ്ങനെ ആശ്വാസമായി വന്ന രണ്ടു കൌതുകങ്ങളില്‍ ഒന്ന് കത്തോലിക്കാ സഭയുടെ പുതിയ തീരുമാനവും രണ്ടാമത്തേത് മാതൃഭൂമിയിലെ ഇന്ദ്രന്റെ ഇന്ദ്രജാലപ്രകടനവുമാണ്.

കത്തോലിക്കാ സഭ ട്രേഡ് യൂണിയന്‍ തുടങ്ങുകയാണത്രേ. കത്തോലിക്കരായ തൊഴിലാളികളുടെ സംഘടനയാകുമെന്ന് ഊഹിക്കാം. കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും മുസല്‍മാനും ഹിന്ദുവിനും അതില്‍തന്നെ ഈഴവനും നായര്‍ക്കും പ്രത്യേകം തൊഴിലാളി സംഘടനകളുണ്ടാകുന്നത് നല്ലതോ മോശമോ എന്ന് ശതമന്യു ചര്‍ച്ചചെയ്യുന്നില്ല. എന്തായാലും കത്തോലിക്കാ സഭയ്ക്ക് അത്തരമൊന്ന് വേണമെന്നാണ് ശതമന്യുവിന്റെ അഭിപ്രായം. സഭയും സഭാമക്കളും എത്രയെത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ നടത്തുന്നു; ആശുപത്രികള്‍ നടത്തുന്നു. അവിടെയെല്ലാം ആയിരക്കണക്കിന് സഭാമക്കള്‍ തൊഴിലെടുക്കുന്നു. ശതമന്യുവിന് നന്നായറിയുന്ന ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപികമാരുടെ ശമ്പളം കടലാസില്‍ 7500 രൂപയാണ്. അത്രയും തുക വാങ്ങിയതായി രസീതില്‍ ഒപ്പിട്ടുകൊടുത്താല്‍ കൈയില്‍ കിട്ടുന്നത് 2500 രൂപ. സെന്റ് തോമാ പുണ്യാളന്റെ പേരിലുള്ള ആശുപത്രിയില്‍ നേഴ്സിന് കടലാസിലെ ശമ്പളം അയ്യായിരം; കൈയില്‍ കിട്ടുന്നത് രണ്ടായിരം! ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ട്രേഡ് യൂണിയന്റെ അംഗീകാരംകൂടി ഉള്ളത് നല്ലതാണ്. അംഗവസ്ത്രവും അംശവടിയുമൊക്കെയായി വിശുദ്ധയൂണിയന്റെ ഭാരവാഹികള്‍ ഇനി തൊഴില്‍ചര്‍ച്ചകള്‍ക്കെത്തട്ടെ. പാവപ്പെട്ട അണ്‍എയ്ഡഡ് ടീച്ചര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും നല്ലകാലം വരാന്‍ പോകുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടാകാന്‍ പോകുന്നു.

നിഷ്പക്ഷത നടിക്കാന്‍ വീരന്റെ തല കാര്‍ട്ടൂണായി വരച്ചുവയ്ക്കുന്നതില്‍ പരം ധീരകൃത്യം എന്തുണ്ട് വീരഭൂവില്‍ എന്നോര്‍ത്താണ് രണ്ടാമതൊരു കൌതുകം മനസ്സില്‍ ജനിച്ചത്. 'കൊച്ചുകള്ളാ' എന്ന് കാമുകി വിളിക്കുന്നത് കാമുകന്‍ കള്ളനായതുകൊണ്ടോ കൊച്ചായതുകൊണ്ടോ ആണോ? അതുപോലെ, ഇന്ദ്രനും വിളിച്ചുനോക്കുന്നു, 'കൊച്ചുകള്ളാ, കുസൃതിക്കുട്ടാ, വീരപ്പാ...'എന്ന്. അടുത്ത വാക്കില്‍ തെറ്റയിലിനും മാത്യു ടി തോമസിനും കുത്തും കൊട്ടും. ക്വട്ടേഷന്‍സംഘത്തെ സുധാകരന്‍ കൊണ്ടുവന്നതിലല്ല, തദ്ദേശീയമായി വികസിപ്പിച്ചെടുക്കാത്തതിലാണ് ഇന്ദ്രാണീപതിക്ക് വേപഥു. എന്നാലും കൊച്ചുകള്ളാ....

*
കൊങ്കണ്‍പാത തുറന്നിട്ട് കുറച്ചു വര്‍ഷമേ ആയുള്ളൂ. ജയന്തിജനതയില്‍ കയറി ആന്ധ്രയുടെ ചൂടില്‍ കരിഞ്ഞ് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും പോയ മലയാളിക്ക് ഗരീബ് രഥത്തിലോ രാജധാനിയിലോ കയറി അടിച്ചുപൊളിച്ച് കൊങ്കണ്‍വഴി ഇപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്താം. വഴിയില്‍ മലയും പുഴയും വെള്ളച്ചാട്ടവും മാന്തോപ്പുമെല്ലാം കണ്ട് അതിമനോഹരമായ യാത്ര തരപ്പെടും. ഈ റെയില്‍പ്പാതകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച വ്യക്തി ആരായിരിക്കുമെന്നത് കുറെ കാലമായി ആലോചനയിലുള്ള വിഷയമാണ്. കഴിഞ്ഞദിവസം ഉത്തരം കിട്ടി. അത് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ. മറ്റൊന്നുംകൊണ്ടല്ല, മുല്ലപ്പള്ളിയുടെ ദൂതന്‍ കൊങ്കണ്‍ വഴി വരുന്നതിനു പകരം ജയന്തിയിലോ കേരളയിലോ കയറി പഴയ വഴിയാണ് വന്നിരുന്നതെങ്കില്‍ ദൂരം കൂടുമായിരുന്നു. ദുരം കൂടുന്നതിനനുസരിച്ച് ഛര്‍ദിക്കാനുള്ള സാധ്യത കൂടും. അതിനായി ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ ബാഗ് കാണാതാവും. ബാഗ് കാണാതായാല്‍ കാശ് പോകും.
എഐസിസി എന്നാല്‍ റിസര്‍വ് ബാങ്ക് പോലെയാണ്. അവിടെ പണം അച്ചടിക്കുന്നുണ്ട്. ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും മുകേഷ് അംബാനിയുടെ അടുക്കളയില്‍നിന്നും കടലാസും മഷിയുംമാത്രമേ കൊടുത്തയക്കൂ. പ്രിന്റിങ് ജോലി ഹൈകമാന്‍ഡിലാണ്. അങ്ങനെ അച്ചടിക്കുന്ന പണം തെരഞ്ഞെടുപ്പുവരുമ്പോള്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അടുക്കിവയ്ക്കും.(പോരാതെ വന്നാല്‍ പേയ്മെന്റുസീറ്റിന്റെ വരവില്‍നിന്ന് വകമാറ്റും!) കേരളരാജ്യത്തെ കോത്താഴം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കോദണ്ഡന്‍ എന്ന ഞാന്‍ ഇക്കൊല്ലത്തെ ഉത്സവത്തിന് ഹൈകമാന്‍ഡില്‍നിന്നുള്ള ചെല്ലുചെലവ് കാശ് കൈപ്പറ്റുന്നതിലേക്കായി ഈ വരുന്ന കോത്താഴത്തുകാരനും കോണ്‍ഗ്രസുകാരനുമായ പുമാനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന കുറിപ്പടിയുമായി ഒരാളെ അയച്ചാല്‍മതി. പണം രൊക്കം എണ്ണിക്കെട്ടി അയച്ചുകിട്ടും. അങ്ങനെ അയച്ച വിദ്വാന് ഹൈകമാന്‍ഡ് നല്‍കിയ കാശാണ് പുള്ളിക്കാരന്‍ തീവണ്ടിയില്‍വച്ച് ഛര്‍ദിക്കാന്‍പോയപ്പോള്‍ 'കാക്കകൊത്തിപ്പോയത്'. കനം കൂടിയതിനാല്‍ 25 ലക്ഷം വീതം രണ്ട് ബാഗിലാക്കി. മഹാമനസ്കനായ കൊള്ളക്കാരന്‍ ഒരു ബാഗ് മാത്രമേ എടുത്തുള്ളൂ. മുല്ലപ്പള്ളി പാവമായതിനാല്‍ പാതി കാശ് അദ്ദേഹത്തിന് കിട്ടട്ടെ എന്ന് കരുതിയതാവും.

കൊങ്കണ്‍ വഴി വരുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സ്ഥലത്തുനിന്നും മാര്‍ക്സിസ്റ്റ് ഭീകരര്‍ പണസഞ്ചി തട്ടിയെന്ന് പറഞ്ഞിരുന്നെങ്കില്‍ അല്‍പ്പംകൂടി എരിവും പുളിയും കിട്ടുമായിരുന്നു. പ്രതിപക്ഷനേതാവ് കണ്ണൂരില്‍ വന്നത് നഷ്ടപ്പെട്ട ഈ പണത്തെക്കുറിച്ച് അന്വേഷിക്കാനാണെന്നു പറയാനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍നിന്നും രക്ഷപ്പെടാനും അവസരംകിട്ടിയേനെ.

പണ്ട് പണം തിരുവനന്തപുരത്ത് എത്തിച്ച് വികേന്ദ്രീകൃത വിതരണമായിരുന്നു. അതില്‍ ഇപ്പോള്‍ ഹൈകമാന്‍ഡിന് വിശ്വാസം പോരാ. മാവേലിക്കരയിലോ മറ്റോ വണ്ടി നില്‍ക്കുകയും ചെന്നിത്തലയിലേക്ക് നോക്കി ആരെങ്കിലും ഛര്‍ദിക്കുകയും ചെയ്താല്‍ ബാഗ് രണ്ടും മുല്ലപ്പള്ളിക്ക് കിട്ടാനേ ഇടയില്ല. അതുകൊണ്ടാണ്, കൊങ്കണ്‍പാത മുല്ലപ്പള്ളിക്ക് സഹായമായി എന്ന് പറയാന്‍ കഴിയുന്നത്.

ഒരു സ്ഥാനാര്‍ഥിക്ക് ഒരു കോടി എന്നതാണത്രേ ഇത്തവണത്തെ കണക്ക്. മുല്ലപ്പള്ളിക്ക് ഇരുപത്തഞ്ചു ലക്ഷമേ പോയുള്ളൂ. ബാക്കി 75 ലക്ഷം എണ്ണി വാങ്ങിച്ചതിന്റെ രസീത് ടിയാന്‍ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. ഛര്‍ദിച്ച വിദ്വാന്റെ വശം അത്തരം ചില കടലാസുകളുള്ളതുകൊണ്ട്, പോയ ഇരുപത്തഞ്ചുലക്ഷത്തിന്റെ കാര്യം പുറത്തുമിണ്ടിക്കൂടാ. മിണ്ടിയാല്‍ അതും തെരഞ്ഞെടുപ്പുചട്ടലംഘനമാകും. മുല്ലപ്പള്ളിയുടെ ആദര്‍ശം പുറത്തുവരും. എന്തായാലും അദ്ദേഹത്തിന് മുക്കാല്‍കോടിയെങ്കിലും കിട്ടിയല്ലോ? അത് കിട്ടാത്തവരുമുണ്ട്.

കോഴിക്കോട്ടെ സ്ഥാനാര്‍ഥിക്ക് പറ്റിയ അമളി രണ്ടാണ്, അല്ല, മൂന്നാണ്. എഐസിസിയില്‍നിന്ന് കിട്ടിയ കാശും പോയി. ഒക്കത്തിരുന്നവര്‍ തോന്നിയപോലെ കാശ് പിരിച്ചെടുത്ത് കീശയിലാക്കുകയും ചെയ്തു. വീരവിപ്ളവന്‍ കോവാലന്‍കുട്ടിക്ക് ലക്ഷം അഞ്ച്, ഫോണിലൂടെ വോട്ടുമറിച്ചുതരാമെന്ന് കൊഞ്ചിയ പൈങ്കിളികള്‍ക്ക് ലക്ഷം മൂന്ന്, ചുമലിലിരുന്ന് ചെവികടിച്ച കഞ്ഞിഖദര്‍ ചങ്ങായിമാര്‍ക്ക് ലക്ഷം പതിനഞ്ച് എന്നിങ്ങനെയാണ് പാവം സ്ഥാനാര്‍ഥിയുടെ നഷ്ടത്തിന്റെ കദനകഥ. വെറുക്കപ്പെട്ടവന്റെ പണം ഇരന്നുവാങ്ങിയെന്നും അതിന്റെ കണക്കുസഹിതം യൂത്തുനേതാവ് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. അല്ലെങ്കിലും പണത്തോടെന്ത് വെറുപ്പ്.

പണാപഹരണത്തിന്റെ ഇത്തരം പീഡാനുഭവങ്ങള്‍ക്കിടയിലാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പ്രസക്തി കണ്ണൂരിന് പുറത്തുള്ള സ്ഥാനാര്‍ഥികള്‍ മനസ്സിലാക്കേണ്ടത്. സുധാകരനെപ്പോലെ എല്ലാം ക്വട്ടേഷന്‍സംഘത്തെ ഏല്‍പ്പിച്ചാല്‍ പൊല്ലാപ്പ് വല്ലതുമുണ്ടോ. അവിഹിതബന്ധം വിളിച്ചുപറഞ്ഞവന്റെ കാല്‍ തല്ലിയൊടിക്കാന്‍; ഭൂമികച്ചവടത്തില്‍ പണംതട്ടിയെടുക്കാന്‍; എതിര്‍കക്ഷി നേതാവിനെ വെടിവച്ചുകൊല്ലിക്കാന്‍; തെരഞ്ഞെടുപ്പു കലക്കാന്‍-എല്ലാറ്റിനുമുള്ള ഒറ്റമൂലിയാണ് ക്വട്ടേഷന്‍. മുല്ലപ്പള്ളിയുടെ 25 ലക്ഷം തട്ടിയവനെയും എം കെ രാഘവന്റെ കൂടെ നടന്ന് പണം അപഹരിച്ചവനെയും അനന്തപുരിയില്‍നിന്ന് വോട്ടുചോര്‍ത്തല്‍ ഫോ ചെയ്തവനെയും ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കാമായിരുന്നു. തട്ടിക്കളഞ്ഞ ശേഷം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ എന്തെളുപ്പം. ചെന്നിത്തലയ്ക്ക് കുരുട്ടേയുള്ളൂ-സുധാകരന് അതിനോടൊപ്പം കൊച്ചുബുദ്ധിയുമുണ്ട്. കുരുട്ടും മോശമായ സംഗതിയില്ല. ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പോയത് നേരത്തെ തീരുമാനിച്ചിട്ടാണെന്നും അക്രമമുണ്ടാകുമെന്ന് കണ്ണൂര്‍ ഡിസിസി നേരത്തെ അറിയിച്ചിരുന്നുവെന്നും പത്രസമ്മേളനം വിളിച്ച് പറയാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ച 'കുരുട്ട്' ചില്ലറക്കുരുട്ട് വല്ലതുമാണോ.

*
ചില ആശാന്മാര്‍ക്ക് എല്‍ഡിഎഫിനോടും സിപിഐ എമ്മിനോടും സ്നേഹം വഴിഞ്ഞൊഴുകുകയാണ്. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ എല്‍ഡിഎഫിന് സീറ്റുകുറയുമോ എന്ന വേവലാതി. അഥവാ കുറഞ്ഞാല്‍ അതിനെ എങ്ങനെ ന്യായീകരിക്കും എന്ന വ്യാകുലത. സീറ്റ് കുറയുമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. പുഴ വറ്റി പട്ടി ഇക്കരെ വന്നുകഴിഞ്ഞാലത്തെ കാര്യങ്ങളാണ് ഇന്നത്തെ മുഖ്യ ചിന്താവിഷയം. 'വോട്ട് ചോര്‍ന്നു', 'ചോര്‍ത്തി', 'ഉത്തരവാദിത്തം മുഖ്യമന്ത്രിക്കോ സെക്രട്ടറിക്കോ' എന്നെല്ലാമുള്ള അതിഭയങ്കരമായ കാര്യങ്ങളാണ് ചര്‍ച്ചയ്ക്കെടുക്കുന്നത്.

വോട്ടെല്ലാം പെട്ടിയിലാണ്. ജയവും പരാജയവും പെട്ടിയില്‍ത്തന്നെ. ഇന്നയിടത്ത് ജയിക്കും ഇന്നസ്ഥലത്ത് പ്രവചനാതീതമാണ് എന്നുള്ള കാര്യങ്ങളൊക്കെ പാര്‍ടി പ്രവര്‍ത്തകര്‍ ഏതാണ്ട് കണക്കുകൂട്ടിവച്ചിട്ടുണ്ട്. അത് മുഴുവന്‍ ശരിയായിക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ശ്രദ്ധയില്‍പ്പെടാത്ത അടിയൊഴുക്കുകളും വോട്ടുകച്ചവടവുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കില്‍ ഫലം വന്നാലേ മനസ്സിലാകൂ. ബിജെപി എന്ന പാര്‍ടിതന്നെ വോട്ടുകച്ചവടത്തിന്റെ ഫലമായി ശിഥിലീകരിക്കപ്പെട്ട നാടാണ് കേരളം. ഇത്തവണയും അത്തരം ചില പരിപാടികള്‍ നടന്നുകൂടെന്നില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ഏപ്രില്‍ പതിനാറിന് അഞ്ചുമണിവരെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നവരാണ്, ഇപ്പോള്‍ തോല്‍വി പ്രവചിക്കുകയും അതിനുശേഷം എന്തുണ്ടാകും എന്ന് പ്രവചനചര്‍ച്ച നടത്തുകയും ചെയ്യുന്നത്. ഒരുപാട് അടുപ്പില്‍ വെള്ളം തിളയ്ക്കുന്നുണ്ട്. ഒരുപാടിടങ്ങഴി പരിപ്പ് വേവിക്കാന്‍ വച്ചിട്ടുണ്ട്. മെയ് പതിനാറിന് ഉച്ചവരെ നടത്താവുന്ന ഒരു വ്യായാമമാണ്.

എല്‍ഡിഎഫിന്റെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയില്‍ വീണിട്ടുണ്ട്. അത് ഉറപ്പുള്ള പ്രവര്‍ത്തകര്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ കണക്കാക്കിയിട്ടുമുണ്ട്. അത് എന്തായാലും യുഡിഎഫിനു കിട്ടുന്നതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍, അതൊന്നുമല്ല കണക്ക്, ആകെ നാലോ അഞ്ചോ മണ്ഡലങ്ങളേ എല്‍ഡിഎഫിന് കിട്ടൂ എന്ന് ഒരുകൂട്ടര്‍ തറപ്പിച്ചു പറയുകയും പ്രചരിപ്പിക്കുകയുമാണ്. അത്തരക്കാരോട്, എന്തേ ഇങ്ങനെ ഉറപ്പിച്ചു പറയാന്‍? അതിന് നിങ്ങളുടെ എന്തെങ്കിലും സംഭാവനയുണ്ടോ എന്നൊക്കെ പലരും ചോദിക്കുന്നുമുണ്ട്.

സിപിഐ എമ്മിന്റെ സീറ്റ് കുറഞ്ഞാല്‍ പാര്‍ടിസെക്രട്ടറിയെ രാജിവയ്പിക്കുമെന്നാണ് മലയാളമനോരമ സങ്കല്‍പ്പിച്ചുകളഞ്ഞത്. കോണ്‍ഗ്രസുപോലെ കൈകൊട്ടിക്കളിക്കുന്നവരാണ് സിപിഐ എം എന്ന് അച്ചായന്‍ ഇപ്പോഴും കരുതുകയാണ്. കോണ്‍ഗ്രസിന് പൂജ്യമായപ്പോള്‍ അഞ്ചുകൊല്ലം മുമ്പ് എ കെ ആന്റണിയെ കെട്ടുകെട്ടിച്ച് മാനസപുത്രനെ വാഴിക്കാന്‍ അച്ചായന്‍ പാടുപെട്ടിട്ടുണ്ടാകാം. അതേ പരിപാടി സിപിഐ എമ്മിലും ചെലുത്തിനോക്കുകയാണ്.

തിരിച്ചങ്ങോട്ട് ഒന്നുചോദിക്കട്ടെ: സിപിഐ എമ്മിന് സീറ്റുകുറഞ്ഞാലത്തെ കാര്യമാണല്ലോ പറഞ്ഞുകരയുന്നത്. പത്തിനുമേല്‍ സീറ്റ് എല്‍ഡിഎഫിന് കിട്ടിയാലോ? അച്ചായന്‍ ഇപ്പണി മതിയാക്കി കാശിക്കുപോകുമോ? ഒരാള്‍ ഹൈമവതഭൂവില്‍ നിന്നിറങ്ങി ശിഷ്ടകാലം ഗംഗയില്‍ സ്നാനംചെയ്ത് നന്മചെയ്യാന്‍ തയ്യാറെടുത്തുനില്‍പ്പുണ്ട്. വയസ്സുകാലത്ത് അച്ചായന്‍ കൂടെച്ചെന്നാല്‍ പുണ്യം ഇരട്ടിക്കും. എന്തായാലും, ഫലം വരാന്‍ വേണ്ടിയുള്ള ഈ കാത്തിരിപ്പ് മഹാബോറാണ്. അതുവരെ ചാനല്‍കുമാരീകുമാരന്മാരുടെ വഷളന്‍ പ്രവചനം സഹിക്കണമല്ലോ. ഇത് തീകൊളുത്തിയിട്ട് പൊട്ടാന്‍ മടിക്കുന്ന വെടിക്കെട്ടുപോലെയാണ്. ഒന്നുമുതല്‍ ഇരുപതുവരെയുള്ള കണക്ക് കൂട്ടാനും കിഴിക്കാനും ചിലര്‍ പഠിക്കുമെന്ന ഒറ്റ മെച്ചമേ ഇതില്‍ കാണുന്നുള്ളൂ.

Sunday, April 19, 2009

കരിമീന്‍ പൊള്ളിച്ചതും കാണാച്ചരടുകളും

സ്വപ്നങ്ങള്‍ അബോധ മനസ്സിലേക്കുള്ള രാജപാതയാണെന്ന് ഫ്രോയിഡ് സിദ്ധാന്തിച്ചിട്ടുണ്ട്. മനോരോഗ ലക്ഷണങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നത് അബോധ മനസ്സിന്റെ സമാനമായ പ്രവര്‍ത്തനം കൊണ്ടാണ്. കവികള്‍ ബിംബങ്ങള്‍ സൃഷ്ടിക്കുന്നത് ചമല്‍ക്കാര ചാരുതയ്ക്കുവേണ്ടിയാണെങ്കില്‍ സ്വപ്നക്കാരന്‍ അങ്ങനെ ചെയ്യുന്നത് മനസ്സിന് ആഘാതമുണ്ടാകാതിരിക്കാനാണ്. (ശതമന്യുവിനെ മനഃശാസ്ത്രം പഠിപ്പിച്ചുതന്നതിന് ഡോ. എന്‍ എം മുഹമ്മദലിക്ക് പെരുത്ത് നന്ദി). സ്വപ്നം കാണുന്നതും കവിത്വമാണെന്ന് അര്‍ഥം.

അങ്ങനെ ഒരു കവിയുടെ മനസ്സില്‍ പൂത്തുലഞ്ഞ ഒരു സ്വപ്നത്തില്‍ കേന്ദ്ര കഥാപാത്രം ആംബുലന്‍സ് വാന്‍ ആണ്. കേരളത്തിലെ 20 മണ്ഡലത്തിലും എ കെ ജി സെന്ററിലും കുറെ ആംബുലന്‍സ് വാനുകള്‍ നീലവിളക്കും കത്തിച്ചങ്ങനെ നില്‍ക്കുന്നു. (നീലയുടെ കഥ പറയുമ്പോള്‍ തെറ്റിദ്ധാരണയരുതേ. അങ്ങനെയെന്നും അദ്ദേഹത്തെപ്പറ്റി പറയാന്‍ പാടില്ല) മഞ്ഞയോട് അല്‍പ്പം ഇഷ്ടമുണ്ട്. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്കാരികനായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച് എഴുതി നാറ്റിച്ച ഒരു സമ്പാദ്യം പൂര്‍വികമായി ആര്‍ജിച്ചതോ വെട്ടിപ്പിടിച്ചതോ അല്ലാത്ത കണക്കില്‍ നിയമാനുസൃതം തന്നെ കിടപ്പുണ്ട്. സ്വന്തമായി ഒരു പത്രം ഉള്ളതുപയോഗിച്ച് ചരമപ്പേജൊഴികെ എല്ലാ പേജിലും തന്റെ മുഖവും പ്രസംഗവും അച്ചടിപ്പിക്കുക, അനിഷ്ടക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രത്തെയും ബിനാമിയായി നടത്തുന്ന മഞ്ഞപ്പത്രത്തെയും ഉപയോഗിക്കുക, മാന്യതയും മര്യാദയുമുള്ളവര്‍ മടിക്കുന്ന ഏതുകാര്യവും ചെയ്യുക, എല്ലാം കഴിഞ്ഞ് പണത്തിന്റെയും പത്ര-രാഷ്ട്രീയ സ്വാധീനത്തിന്റെയും ഉപജാപത്തിന്റെയും മറവില്‍ മാന്യന്റെ കുപ്പായമണിയുക-നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഒരര്‍ബുദ ബാധയായി നിറഞ്ഞുനില്‍ക്കുന്ന ഒരു സ്വപ്നജീവിയെക്കുറിച്ചാണ് ഈ പ്രബന്ധം. മാന്യനാണ്, മനോഹരനാണ്, മഹാനാണ്, മാന്ത്രികനാണ്. ഒറ്റയിരുപ്പില്‍ പല പുസ്തകങ്ങള്‍ എഴുതാന്‍ കഴിവുള്ള ബ്രഹ്മാവാണ് എന്നു മലയാളം. വയനാട്ടിലെ ഭൂമി കൈയേറ്റം, കുടുംബ സ്വത്ത് വെട്ടിപ്പിടിക്കാന്‍ നടത്തിയ നികൃഷ്ടവൃത്തികള്‍, സര്‍ക്കാര്‍ സ്വത്ത് അധീനത്തിലാക്കാന്‍ നടന്ന അരുതാത്ത വഴികള്‍, രാഷ്ട്രീയ ദുഃസ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ പിടിയില്‍നിന്ന് തലയൂരി കൈയേറ്റ ഭൂമി അടക്കിപ്പിടിച്ചുവയ്ക്കാന്‍ തുടരുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം വെറും ഉപദംശങ്ങള്‍ മാത്രം.


തിരുവനന്തപുരത്തെ വിവാഹസദ്യ കണ്ടിട്ടില്ലേ-മഞ്ഞയും ചുകപ്പും കറുപ്പുമൊക്കെയായി എത്ര ഐറ്റമുണ്ടാകും. ആരെങ്കിലും എണ്ണംതികയ്ക്കാന്‍ എല്ലാം വാരിവലിച്ച് കഴിക്കാറുണ്ടോ? ചോറും ഒഴിച്ചുകറിയുമാണ് പ്രധാനം. അതുപോലെ, അവാര്‍ഡിന്റെ എണ്ണംനോക്കിയല്ല, ചെയ്യുന്ന തൊഴിലിന്റെ ഗുണംനോക്കിയാണ് മഹത്വം അളക്കുന്നതെന്ന് സാരം. സാഹിത്യത്തില്‍ പഞ്ചാനനന്‍. കവിത്വത്തില്‍ മഹാകവി. വിമര്‍ശത്തില്‍ കേസരി. കലയില്‍ സുവര്‍ണതാരം. കോത്താഴത്തുകാരന്‍ കോദണ്ഡനും ഉറപ്പില്ലാത്ത കുറുപ്പിന്റെ പുന്നാരപ്പൊന്നുമോനും പറ്റുമോ ഇത്രയേറെ പുരസ്കാരങ്ങള്‍ സംഘടിപ്പിച്ചെടുക്കാന്‍? ഇത് യഥാര്‍ഥ പ്രതിഭയാണ്. പ്രതിഭകള്‍ക്ക് സാഹിത്യമെഴുതാന്‍ പുതൂര്‍ പടിപ്പുരവരെ ചെല്ലാം. രാഷ്ട്രീയം കളിക്കാന്‍ ഉന്നച്ചാക്കുപോലത്തെ സഹായികളെ നിയോഗിക്കാം. അവാര്‍ഡുതരപ്പെടുത്താന്‍ സുധീരം ഏജന്റുമാരെ വയ്ക്കാം. മഹാന്‍ തന്നെ, തന്നെ-സംശയമില്ല.

അവാര്‍ഡുകള്‍ വെറുതെ വന്നതല്ല. ഒരുപാട് പുസ്തകമെഴുതിയിട്ടുണ്ട്. ബുദ്ധന്റെ ചിരി മുതല്‍ അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ വരെ. എഴുതിയ പുസ്തകങ്ങളുടെ പേരുതന്നെ കാണാതെ പറയാന്‍ നിശ്ച്യല്യ. സാഹിത്യമെഴുതാന്‍, രാഷ്ട്രീയമെഴുതാന്‍, യാത്രാവിവരണമെഴുതാന്‍-എല്ലാത്തിനും പ്രിയപ്പെട്ട അനുചരരുണ്ട്-ഫോളോവേഴ്സ്. മണിയടിയുടെ ഒരു രൂപം പുസ്തകമെഴുത്തുമാണ്. തോന്നുന്ന ഒരു പുസ്തകമെഴുതി കൊണ്ടുകൊടുത്താല്‍ അവാര്‍ഡോ, കിഴിയോ, പ്രൊമോഷനോ ഉറപ്പാകും. ഇത്രയും സമുന്നതനായ ഒരു മഹാദേഹത്തിന് എന്തുകൊണ്ട് ഒരു മഗ്സാസെ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്നത് ചിന്തനീയമാണ്.

മഹാ മനീഷിയായ ആ പ്രതിഭയുടെ സ്വപ്നങ്ങള്‍ക്കുപോലും നൊബേലിന്റെ വിലയുണ്ട്. നോക്കൂ, മെയ് 16 കഴിഞ്ഞാല്‍ കേരളത്തില്‍ ആംബുലന്‍സുകളുടെ ഘോഷയാത്ര എന്നതുതന്നെ എത്ര മനോഹരമായ സ്വപ്നം. എല്ലാ ആംബുലന്‍സിലും ഇടതുപക്ഷത്തിന്റെ നേതാക്കളെയാണ് 'വെള്ള പുതപ്പിച്ച്' കിടത്തുക. അതുകഴിഞ്ഞാല്‍, കേരളം ഒന്നാന്തരം സോഷ്യലിസ്റ്റ് രാജ്യമായി. സാദാ വീരനായ പിതാവിന്റെയും വില്ലാളിവീരനായ മകന്റെയും ക്വട്ടേഷന്‍ ഇപ്പോള്‍ ആംബുലന്‍സ് അയപ്പിലാണ്. ഇടതുപക്ഷത്തിന്റെ വക്താവായി വലിയ വായിലുള്ള വര്‍ത്തമാനത്തില്‍നിന്നു തല്‍ക്കാലം കേരളത്തിനു രക്ഷപ്പെടാം. കമഴ്ന്നുകിടന്നാല്‍ കാല്‍ പണം അടിച്ചെടുക്കാതെ എണീക്കില്ലെന്ന് വാശിപിടിക്കുന്ന അപക്വത്തലയ്ക്ക് ഒരു കൂട്ട് അടിയന്തരമായും വേണ്ടതുണ്ട്. ഉപജാപത്തില്‍ കാപട്യത്തിനു ജനിച്ച സോഷ്യലിസ്റ്റ് നാവ് മതംമാറി കൂടെ നില്‍ക്കുമ്പോള്‍ യുഡിഎഫിന് ഇനി ഭയപ്പെടാനേതുമില്ല. ത്രിവര്‍ണപ്പാര്‍ടിയില്‍ ഒരു അച്ഛനും മകനുമുണ്ട്. ആ മകനെ കിങ്ങിണിക്കുട്ടന്‍ എന്നു വിളിച്ചത് വീരനായ കഥാനായകനാണ്. ത്രിവര്‍ണത്തിന്റെ മകനെ ചക്കിലിട്ട് ആട്ടണം, വയനാട്ടില്‍ തോറ്റ് തുന്നംപാടിക്കണം. സ്വന്തം കരളിന്റെ കരളായ കല്‍പ്പറ്റ പുന്നാരപ്പൊന്നോമനയെ തൊട്ടിലിലിട്ട് ആട്ടണമെന്നാണ് വീരസോഷ്യലിസ്റ്റിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം.

പുറക്കാട്ടു ദേവസ്വത്തിന്റെ പണ്ടാരവക ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ പൊന്നുമോന്‍ നിഷ്കളങ്കനായിരുന്നു. പോകെപ്പോകെ മുറിച്ചുവച്ച പോലെയായി. പ്രീഡിഗ്രി പാസായില്ലെങ്കിലും പൂത്ത പണവുംകൊണ്ട് ലണ്ടനില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചു. അക്ഷരമറിയാത്ത കുട്ടന്‍ വിദേശവിദ്യാ സമ്പന്നനായി. രാജ്യാധികാര സഭയുടെ കണക്കുപുസ്തകത്തില്‍ എഴുതിവച്ചു: ലണ്ടനില്‍നിന്ന് ബിരുദം നേടിയവന്‍ പുമാന്‍. രാജ്യാധികാരം താവഴിയായിക്കിട്ടിയപ്പോള്‍ മോന്‍ജിക്കും തോന്നി താന്‍ പിതാജിയേക്കാള്‍ വളര്‍ന്നെന്ന്. പിതൃരൂപം ചെയ്ത വഴിയിലെല്ലാം പൊന്നുമോനും പോകണം. ആ പോക്ക് ഒരുപ്പോക്കായപ്പോള്‍ സകല കൃമികീടങ്ങളും ഉപജാപക്കോമരങ്ങളും സുഖിയന്മാരും താടിക്കാരന്റെ ചൊല്‍പ്പടിയിലായി. അതിന്റെ ഫലം ഇപ്പോള്‍ പിതൃപുംഗവന്‍ അനുഭവിക്കുന്നു. "എന്നെച്ചതിച്ചു. ഞാന്‍ ചിലരെ സഹായിച്ചതുകൊണ്ടാണ് ചതിച്ചത്. എനിക്കു കിട്ടുന്ന വോട്ടിന്റെ എണ്ണം ആയിരമല്ല, പതിനായിരമല്ല, തൊള്ളായിരം കടക്കും''- പിതൃമഹാന്‍ വിലാപകാവ്യം ആലപിക്കുകയാണ്. മാനാഞ്ചിറയില്‍ വെള്ളം നിറഞ്ഞത് തന്റെ തറവാട്ടു മഹിമ കൊണ്ടാണ്. ആ വെള്ളം താന്‍തന്നെ കുടിക്കും കട്ടായം-ഈ മട്ടില്‍. കോഴിക്കോട്ട് ആശിച്ചതു കിട്ടാഞ്ഞപ്പോള്‍ മുന്തിരി പുളിച്ചെന്നല്ല കുറുക്കന്‍ പറഞ്ഞത്-അത് ഫാരീസിന്റെ തോട്ടത്തില്‍ വിളഞ്ഞതാണ് എന്നത്രേ. സഹോദരിയെ നാറിക്കാന്‍ ആട്ടുകല്ലുമുക്ക് സ്ഥാപിച്ച മഹാന് അതിലപ്പുറം പറയാനും 'ജാഗ്രത' എന്ന പത്രം സ്വന്തം ചെലവില്‍ അച്ചടിപ്പിച്ച് നാട്ടിലാകെ തെറിപ്രചരിപ്പിക്കാനും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അവകാശമുണ്ട്. സോഷ്യലിസ്റ്റ് കുപ്പായവും ഇടതുഭാഗത്തേക്കു നോക്കുന്ന മുഖംമൂടിയും അഴിഞ്ഞുവീണാല്‍ പിതാജി കീറിയ പഴന്തുണി പോലെയാകുമെന്ന് മോന്‍ജിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഇപ്പോള്‍ കിരീടാരോഹണത്തിന്റെ റിഹേഴ്സല്‍ നടക്കുകയാണത്രേ. തനിക്കുപറ്റിയ നിലം രമേശ് ചെന്നിത്തലാജിയുടെ ഹിമാലയസാനുക്കളാണെന്ന് മോന്‍ജി കണ്ടെത്തിക്കഴിഞ്ഞു.

വീരഭൂമി ശവഭൂമി ആയെന്നാണ് ഭൃത്യഗണത്തില്‍ തലയില്‍ ഓളമില്ലാത്തവര്‍ കരയുന്നത്. ക്ളബ് എഫ്എമ്മും യാത്രയും ചാക്കുകണക്കിന് ടിഎയും ചേര്‍ത്ത് ശവഭൂമി കത്തുമ്പോള്‍ കഴുക്കോല്‍ ഊരുകയാണത്രേ. 'ലവനെ നശിപ്പിക്കണം. ലാവ്ലിന്‍ കത്തിക്കണം' ഇതാണ് പിതാജിയുടെയും മോന്‍ജിയുടെയും വളര്‍ത്തുമകന്‍ കൃമികുമാരന്‍ജിയുടെയും പുതിയ വായ്ത്താരി. ലാവ്ലിന്‍ കേസ് 'കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാ മെമ്പറെയും കൂട്ടി തലസ്ഥാനത്തു പോയി, ഇത്രയൊക്കെ ആക്കിയ സ്ഥിതിക്ക്' (ഇത് ഒരു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്നു മോഹിച്ചതില്‍ ഒരു തെറ്റുമില്ല. മറ്റെല്ലാം മറന്നേക്കൂ, ലാവ്ലിനില്‍ പിടിച്ചോളൂ എന്ന് യുഡിഎഫിന് തോന്നുന്നതിലും അത്ഭുതമില്ല-അവര്‍ക്ക് ജനങ്ങളോടുപറയാന്‍ മറ്റൊന്നുമില്ലല്ലോ. വീക്ഷണത്തിനുപോലും അപഹാസ്യത തോന്നുന്ന ഒരു കാര്യം പിതാവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ ചായ്‌വിനെ; വിശ്വസിക്കുന്ന യുഡിഎഫിനെ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ഥതയെ വാഴ്ത്താം. ഏതു തൊഴിലിനായാലും-അത് മോഷണമായാലും ആത്മാര്‍ഥത പ്രധാനമാണ്. നാണം പോയാലെന്ത്, ആത്മാര്‍ഥത വിജയിക്കട്ടെ.

*
ആത്മാര്‍ഥതയുടെ കാര്യം പറഞ്ഞപ്പോഴാണ് തിരുവനന്തപുരത്തെ മജിസ്ട്രേട്ടിനെ ഓര്‍മ വന്നത്. അത് ഒരു ഒന്നൊന്നര ആത്മാര്‍ഥതതന്നെ. വീരനും പുത്രനും കുമാരന്മാരും തലകുത്തി നിന്നതാണ് ലാവ്ലിന്‍ തോണ്ടിയെടുത്ത് തെരഞ്ഞെടുപ്പിനു മുന്നിലിടാന്‍. അതിനുവേണ്ടി അങ്ങ് ഡല്‍ഹിയില്‍ ചെന്ന് പാടുകിടന്നു. സുപ്രീം കോടതിക്കു മുമ്പാകെ പെറ്റീഷനും ഓര്‍മപ്പെടുത്തലുമൊക്കെ മുറയ്ക്ക് നടത്തി. ഒന്നും നടക്കാതെ വന്നപ്പോഴാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയുടെ ചാര്‍ച്ചയില്‍പ്പെട്ട ഏതെങ്കിലും വേഷമായാലും കുശാല്‍ എന്നു തീര്‍ച്ചപ്പെടുത്തിയത്. അങ്ങനെ നെയ്യാറ്റിന്‍കരയിലെ ദൂതന്‍ ചെന്നെത്തിപ്പെട്ടത് വഞ്ചിയൂരിലെ മജിസ്ട്രേട്ട് കോടതിയിലാണ്. അവിടെ അതാ സംഭാരക്കിണ്ടിയും നിലവിളക്കുമായി സ്വീകരണം. സ്വകാര്യ അന്യായം കണ്ടാലുടനെ ചുരുട്ടിക്കൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൊടുത്തയക്കുന്നതും വീരശൂര പത്രങ്ങള്‍ക്ക് മുട്ടന്‍ തലക്കെട്ടിന് ക്വട്ടേഷന്‍ കൊടുക്കുന്നതും പുതിയ നീതിന്യായ പരിപാടിയാണ്. പ്രതിയെ മാത്രമല്ല, സാക്ഷിയെപ്പോലും എഴുതിക്കിട്ടിയ കടലാസുനോക്കി നിശ്ചയിച്ചുകളയും. മാതൃഭൂമി വാര്‍ത്തയെഴുതുക, നെയ്യാറ്റിന്‍കരക്കാരന്‍ കുമാരന്‍ അതു വെട്ടിയെടുത്ത് മജിസ്ട്രേട്ടിന് കൊടുക്കുക, മജിസ്ട്രേട്ട് പൊലീസ് സ്റ്റേഷനിലേക്ക് കടലാസയക്കുക, അത് വീണ്ടും മാതൃഭൂമിയുടെ വാര്‍ത്തയാകുക-മഴയുണ്ടാകുന്നത് എങ്ങനെ എന്നതുപോലെ വാര്‍ത്തയുണ്ടാകുന്നത് എങ്ങനെ എന്നും ഇനി ചോദിക്കാം.

*
വരാനിരിക്കുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ബ്ളോഗില്‍നിന്ന് കിട്ടിയിട്ടുണ്ട്:

1. എന്റെ തിരുതാന്വേഷണ പരീക്ഷകള്‍
2. കരിമീന്‍ പൊള്ളിച്ചതും കാണാച്ചരടുകളും
3. ഒരു കോഴിക്കോടന്‍ വീരഗാഥ (ആത്മകഥ ക്വട്ടേഷന്‍ കൊടുത്ത് എഴുതിച്ചത്)
4. ഇനി കാശിയാത്ര

ഈ പുസ്തകങ്ങള്‍ക്ക് പ്രീ പബ്ളിക്കേഷന്‍ കാശടച്ചാല്‍, നാലു ക്രൈം സൌജന്യം.