Sunday, June 29, 2008

റിയാലിറ്റി ഷോ

ഒരു കുട്ടി പാടുന്നു. പേര് ഐശ്വര്യ. പാട്ട് വേണ്ടത്ര നന്നായില്ല. സംഗതികള്‍ പലതും ഒത്തുവന്നില്ല.

വിധികര്‍ത്താക്കള്‍ മറിച്ചും തിരിച്ചും പാടിക്കുകയാണ്. തളര്‍ന്നുനില്‍ക്കുന്ന കുട്ടിയെ നോക്കി ജഡ്ജിക്കസേരയില്‍നിന്ന് ഒരു കമന്റ്."ഐശ്വര്യം പേരില്‍മാത്രമാണല്ലോ''. ഓര്‍ക്കാപ്പുറത്തുള്ള അധിക്ഷേപംകേട്ട് വിതുമ്പിപ്പോകുന്ന കുട്ടി തലകുനിച്ചുകൊണ്ട് വിടവാങ്ങുന്നു. മലയാളത്തില്‍ മുന്തിനില്‍ക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ കഴിഞ്ഞദിവസം കണ്ട രംഗമാണിത്. ബംഗാളില്‍നിന്നു വന്ന വാര്‍ത്ത, ജഡ്ജിമാരുടെ പരിഹാസം സഹിക്കാനാവാതെ ഒരു കുട്ടിയുടെ മാനസികനിലതന്നെ തെറ്റിയെന്നാണ്. കൊല്‍ക്കത്തക്കാരിയും പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ഷിന്‍ജിനി ഇന്ന് ബാംഗ്ളൂരിലെ ആശുപത്രിയില്‍ മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കുകയാണ്. ബംഗാളിചാനലിലെ നൃത്തപരിപാടിയുടെ മൂന്നാംറൌണ്ടില്‍ ജഡ്ജിമാരുടെ ആക്രമണത്തിന് ഇരയായതിന്റെ ബാക്കി!

കാറും ഫ്ളാറ്റും പണവും മാത്രമല്ല റിയാലിറ്റി ഷോകള്‍ നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്നത്-ഇമ്മാതിരി തീരാത്ത വേദനകള്‍കൂടിയാണ്. കേരളത്തില്‍ ഈയിടെ അവസാനിച്ച ഒരു റിയാലിറ്റി പാട്ടുപരിപാടിയിലെ അവസാനഭാഗത്ത് ഒരു ജഡ്ജി പാട്ടുകാരന്‍ പയ്യന്റെ പിതാവിനോട് ചോദിച്ചത്, മോനുകിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയോ എന്നായിരുന്നു. ഉവ്വെന്നു പറഞ്ഞപ്പോള്‍ 'അത്രയും കിട്ടിയതുതന്നെ ഭാഗ്യം' എന്ന പരിഹാസം. പയ്യന്‍ വിട്ടില്ല. ഓശാരത്തിനല്ല മാര്‍ക്കു കിട്ടിയതെന്നും ഈ ടൈപ്പ് ഡയലോഗ് തന്നോടുവേണ്ടെന്നും ക്യാമറയ്ക്കുമുന്നില്‍ കുട്ടിപ്പാട്ടുകാരന്‍ പൊട്ടിത്തെറിച്ചു. അവന്‍ അപ്പോള്‍ തന്നെ ഔട്ട്-അവന്റെ രോഷം പരിപാടിയില്‍നിന്ന് കട്ട്! റിയാലിറ്റി പരിപാടിയൊക്കെ നല്ലതുതന്നെ. കണ്ണീര്‍ക്കായലില്‍ കളിയോടം തുഴയുന്നതും വിവാഹേതര സത്രീപുരുഷബന്ധങ്ങളില്‍ ഗവേഷണം നടത്തുന്നതും മറുത, യക്ഷി, മാടന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയ അപൂര്‍വ ജന്മങ്ങളെ പരിചയപ്പെടുത്തുന്നതുമായ സീരിയല്‍ തട്ടിപ്പുമഹാമഹങ്ങളേക്കാള്‍ മുന്നില്‍ത്തന്നെ പാട്ടുപൊളിപ്പന്‍ ഷോകള്‍. കൌമാരക്കാരെ വേണ്ടാത്ത വേഷംകെട്ടിച്ച് കോമരംതുള്ളിക്കുന്ന പരിപാടിക്കും സമ്മാനം ഫ്ളാറ്റും കാറുമാണ്. ഓരോ കാലത്ത് ഓരോ ട്രെന്‍ഡാണ്. ഇന്നലെ സീരിയല്‍, ഇന്ന് പാട്ട്, നാളെ നൃത്തം-ഇങ്ങനെ. റിയാലിറ്റി പരിപാടിയാകുമ്പോള്‍ എസ്എംഎസ് വോട്ട് എന്ന തകര്‍പ്പന്‍കച്ചവടവും നടത്താമെന്ന സൌകര്യമുണ്ട്. നടത്തിക്കോട്ടെ. മുടക്കുന്നത് ഇരട്ടിപ്പിച്ച് തിരിച്ചുപിടിച്ചോട്ടെ. അതിനിടയ്ക്ക് കുഞ്ഞുങ്ങളെ തല്ലിപ്പൊളിവേഷം കെട്ടിക്കുകയും ഇളക്കംപോരെന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്‍ ഇതുപോലെ ഷിന്‍ജിനിമാര്‍ കിടപ്പിലാകുമെന്ന് ശതമന്യു വിനീതമായി ഓര്‍മിപ്പിക്കുകയാണ്.

ഷിന്‍ജിനി കിടന്നാലെന്ത്, വേറെയേതെങ്കിലും രഞ്ജിനി വന്ന് സ്റ്റേജുതകര്‍ത്ത് ഫ്ളാറ്റുംകൊണ്ട് പോകും. കപ്പലുപോലത്തെ കാറോ നാല്‍പ്പത്തഞ്ചു ലക്ഷമോ നല്ലതെന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ ചര്‍ച്ച നടക്കും. 'സംഗതി' ചോര്‍ന്നുപോകണ്ട.

**********

"ജോലിവിയര്‍പ്പുകള്‍ വറ്റുംമുമ്പ്
കൂലികൊടുക്കണമെന്നരുള്‍ ചെയ്തോന്‍,
കൊല്ലാക്കൊലകളെതിര്‍ക്കും
നബി സല്ലള്ളാഹു അലൈഹി വസല്ലം..''

എന്ന് പൊന്നാനിയിലെ പാവങ്ങള്‍ പത്തെഴുപതുകൊല്ലം മുമ്പ് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ബീഡിക്കമ്പനികളിലെ ചൂഷണത്തിനെതിരെ കെ ദാമോദരന്റെ നേതൃത്വത്തില്‍ കൊടിയുംപിടിച്ചു നടന്നവര്‍ക്ക് മുഹമ്മദ് നബിയുടെയും കാള്‍മാര്‍ക്സിന്റെയും ചൂഷണ വിരുദ്ധ നിലപാടുകളോട് ഒരേ ആദരമായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച അതേ നാവില്‍നിന്ന് അല്ലാഹു അക്ബര്‍ എന്ന് പറയാനും അവര്‍ക്ക് മടിയില്ലായിരുന്നു.

ഇന്ന് പാഠപുസ്തകത്തില്‍ കെ ദാമോദരന്റെ പേരുകാണുമ്പോള്‍ മൂരികുത്തിയ കണക്കെ പായുന്ന ലീഗിന് അക്കഥകളൊന്നും നല്ല നിശ്ചയണ്ടാവില്ല. അല്ലെങ്കിലും ലീഗിന് പഴയ കഥകള്‍ ഓര്‍ക്കാനെവിടെ നേരം. പുതിയ കാര്യങ്ങള്‍ തന്നെ ഓര്‍മ വരുന്നില്ലല്ലോ.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും പലസ്തീനിലും നരനായാട്ടു നടത്തുന്ന ജോര്‍ജ് ബുഷിന്റെ അമേരിക്കയുമായി ഒരു കരാറും വേണ്ട എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞതുപോലും മന്ത്രിച്ചൂതി മറവിയിലേക്കു തള്ളിക്കളഞ്ഞില്ലേ കുഞ്ഞാലിക്കുട്ടി. അഹമ്മദ് സാഹിബിന് പറക്കാന്‍ മന്ത്രിക്കുപ്പായം വേണം. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിന്റെ അഖിലേന്ത്യനാകാന്‍ അഹമ്മദ് പറപറക്കണം. കരാറൊപ്പിട്ടോട്ടെ, ഇറാഖില്‍ ബോംബിട്ടോട്ടെ, ഇസ്രയേലിനെ ചുമന്നുനടന്നോട്ടെ, പാണക്കാടു തങ്ങളെ തള്ളിപ്പറഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ആര്യാടനെയും മോനെയും കെട്ടിപ്പിടിച്ചിട്ടാണെങ്കില്‍ അങ്ങനെ. ആകെയുള്ള ഒരു കേന്ദ്രമന്ത്രിപദം പോയാല്‍ ലീഗിനെ എന്തിനുകൊള്ളാം!

നിലമ്പൂരിലെ ആര്യാടന്‍കുട്ടിക്ക് തങ്ങളുപ്പാപ്പാന്റെ തലയില്‍ കയറിത്തുള്ളാം. നിയമസഭയില്‍ പ്രകാശന്‍മാസ്റ്റര്‍ക്ക് അതേക്കുറിച്ചു ചോദിച്ചുകൂടാ. പണ്ട് ചേറ്റുവായ് പരീക്കുട്ടി എന്നൊരു നിമിഷകവിയുണ്ടായിരുന്നു. വിവാഹസദ്യയില്‍ പക്ഷപാതം കണ്ടപ്പോള്‍,

'വെപ്പന്മാരുടെ വിളമ്പന്മാരുടെ മുതലല്ല,
ഒപ്പംകണ്ട് വിളമ്പീല്ലെങ്കില് ഇപ്പപ്പോണം ശപ്പന്മാരെ' എന്നാണദ്ദേഹം പാടിയത്.

ഇവിടെ കോണ്‍ഗ്രസിന്റെ സദ്യയില്‍ ലീഗിന് പടിക്കുപുറത്താണ് ഊണ്. എച്ചിലായാലെന്ത്, പഴകിയതായാലെന്ത് കിട്ടിയതു തിന്നാമെന്നാണ് ഭാവം. അതല്ലെങ്കില്‍ 'കാത്തുമൂപ്പിച്ചുള്ള അധികാരമാങ്ങ കാക്കകൊത്തും.' അതുകൊണ്ട് കോഗ്രസ് പൊലീസിനെ തല്ലുമ്പോള്‍ ഞങ്ങള്‍ പുസ്തകം കത്തിക്കും. കോഗ്രസ് തെരുവില്‍ കടിപിടികൂടുമ്പോള്‍ ഞങ്ങള്‍ പുരപ്പുറത്തുകയറി തല്ലും.

**********

ലീഗിനേ അറിയൂ അതിന്റെ ധര്‍മസങ്കടം. മനോരമക്കേ അറിയൂ അതിന്റെ ഹൃദയവേദന.

കാല്‍പ്പണത്തിന്റെ വിലയില്ലാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തെക്കുവടക്ക് നടക്കുന്നത് എത്രകാലം കണ്ടുനില്‍ക്കും? രണ്ടുകൊല്ലമായി വി എസ് അച്യുതാനന്ദന്റെ ഭരണമാണ്. ബേബിമന്ത്രിയുടെ വിദ്യാഭ്യാസതാണ്ഡവമാണ്. ഇതെല്ലാം സഹിക്കുന്നതിലും ഭേദം അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞ മാര്‍ഗമായിരുന്നു-ഒരുകുപ്പി വിഷം.

എന്തുചെയ്യാം, അതിനും ത്രാണിയില്ലാതായിരിക്കുന്നു.

ഇനി ഒന്ന് വിമോചിപ്പിക്കുകതന്നെ. അതിനായി എന്തൊക്കെ സമവാക്യങ്ങളാണ് ഉണ്ടാക്കേണ്ടത്. പിള്ളേര്‍ പൊലീസിനെ തല്ലിയാല്‍ പ്രതി കോടിയേരി ബാലകൃഷ്ണന്‍. എംഎസ്എഫുകാരന്‍ പുസ്തകം കത്തിച്ചാല്‍ അത് ഉദാത്തമായ സമരപ്രവര്‍ത്തനം. യുവമോര്‍ച്ചക്കാരന്‍ എന്‍ജിഒയൂണിയന്‍ പ്രവര്‍ത്തകരെ മാങ്ങ വീഴ്ത്തുമ്പോലെ എറിഞ്ഞുവീഴ്ത്തിയാല്‍ അത് വെറും 'സംഘര്‍ഷം'. അതുകണ്ട് സഹിയാതെ ഡിവൈഎഫ്ഐക്കാരന്‍ ചെന്ന് യുവമോര്‍ച്ചക്കാരനിട്ട് പെരുമാറിയാല്‍ അത്'മാര്‍ക്സിസ്റ്റ് അക്രമം'. എംഎസ്എഫുകാരന്‍ മനോരമക്കാരനെ തല്ലിപ്പഴുപ്പിച്ചാല്‍ മിണ്ടാട്ടമില്ല. എം‌എസ്എഫ്ഐക്കാരന്റെ തല്ലാണ് മനോരമക്കാരന് കൊള്ളുന്നതെങ്കില്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ മര്‍മത്തിനു കയറിപ്പിടിക്കല്‍. ഏഴാംക്ളാസിലെ പാഠം മതവിരുദ്ധം. അതല്ലെന്ന് പതിമൂന്ന് ബിഷപ്പുമാര്‍ നിരന്നുനിന്ന് പറഞ്ഞാലും മനോരമ റിപ്പോര്‍ട്ടുചെയ്യില്ല.

മലയാളത്തിന്റെ സുപ്രഭാതം അരങ്ങുതകര്‍ക്കുകയാണ്. രോഗം പകരുന്നതാണെന്നു തോന്നുന്നു. മലപ്പുറത്തെ എംഎസ്എഫുകാര്‍ പത്രപ്രവര്‍ത്തകരുടെ മുതുകില്‍ റിയാലിറ്റി ഷോ നടത്തിയത് വീരകേസരികളായ യൂണിയന്‍ താടിക്കാരും കണ്ടില്ല. മനോരമ ഓഫീസില്‍ കെഎസ്യു അക്രമികള്‍ ഒളിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അനിഷേധ്യനേതാക്കള്‍ക്ക് തിടുക്കം. ഇവര്‍ക്ക് പ്രത്യേക ഇടക്കാലാശ്വാസം കോട്ടയത്തുനിന്നുതന്നെ കൊടുക്കുമാറാകണം.

Monday, June 23, 2008

ഏത് കെഎസ് യു?

സംഗതി കൂടാതുള്ള ഒരു സംഗീതം കേള്‍ക്കുന്നുണ്ട്. വിദ്യാര്‍ഥികളില്ലാതുള്ള ഒരു വിദ്യാര്‍ഥിസമരവും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സെക്രട്ടറിയറ്റ് മതില്‍ ചാടിക്കടന്ന കൂട്ടത്തില്‍ അറുപതുകഴിഞ്ഞ ഒരാള്‍ നീലക്കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. കള്ളനെങ്കിലും കാടനെങ്കിലും മുള്ളനെങ്കിലും മൂഢനെങ്കിലും ചാരനെങ്കിലും ചപലനെങ്കിലും ക്രൂരനെങ്കിലും കുപിതനെങ്കിലും എല്ലാവരും സമരസേനാനികളാണ്. കേരളത്തെ വിഎസ് അച്യുതാനന്ദന്റെ കരാളഹസ്തങ്ങളില്‍നിന്നും എം എ ബേബിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നും കോടിയേരിയുടെ റിപ്പര്‍ചുറ്റികയില്‍നിന്നും മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത വീരകേസരികള്‍. അവരുടെ കൊടിക്കും ചിന്തയ്ക്കും ചിരിക്കും നീല നിറമാണ്. പണ്ട് ഒരണസമരക്കാലം മുതല്‍ കാടുവെട്ടി തോടുവെട്ടി പാളമിട്ട് പാലമിട്ട് മുന്നേറിയവര്‍ ഇന്നും കെഎസ്‌യു തന്നെ. മൂക്കില്‍ പല്ലുമുളച്ചവനും വായില്‍ പല്ലില്ലാത്തവനും നീലക്കൊടിപിടിച്ചാല്‍ കെഎസ്‌യു ആകാം.

ആണിതറച്ച വടി, കമ്പിപ്പാര, ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകം എന്നിവയാണ് ആധുനിക കാലത്തെ ആയുധങ്ങള്‍. പുസ്തകമോ പത്രമോ വായിക്കരുത്. പുസ്തകം കൈയിലെടുക്കുന്നത് കത്തിച്ചുകളയാനോ വലിച്ചുകീറാനോ ആകണം. പത്രംനോക്കുന്നത് സ്വന്തം പടം അച്ചടിച്ചതുകാണാന്‍ മാത്രമായിരിക്കണം.പൊലീസുകാരന്റെ തൊപ്പി തട്ടിയെടുക്കുന്നതും ഇരുമ്പുവടിയുമായി തല്ലാനോങ്ങുന്നതും ബാരിക്കേഡ് വലിച്ചുപറിക്കുന്നതുംപോലുള്ള പടങ്ങളില്‍ തലകാണിക്കാനായാല്‍, നാളെ ബയോഡാറ്റയോടൊപ്പം ഹൈക്കമാന്‍ഡിന് അയച്ചുകൊടുക്കാം. ഇങ്ങനെയൊക്കെയാണ് നേതാക്കളുണ്ടായത്.

"രമേശ് ചെന്നിത്തല എന്റെ ശിഷ്യന്‍തന്നെ, മിടുക്കനാണ്, പക്ഷേ ഗുരുത്വമില്ല'' എന്ന് കരുണാകരന്‍ പറഞ്ഞതുകേട്ടില്ലേ. കെപിസിസി പ്രസിഡന്റാകാനുള്ള മിനിമംയോഗ്യത ഗുരുത്വമില്ലായ്മയാണ്.

'വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം' എന്നാണ് പണ്ട് കെഎസ്‌യു മുദ്രാവാക്യം വിളിച്ചിരുന്നത്. 'വിക്കന്‍' എന്ന് വിളിച്ചത് കെപിസിസിയുടെ ആദ്യസെക്രട്ടറിയായ ഇ എം എസിനെയാണ്. 'ഞൊണ്ടി' എന്നും'ഒന്നരക്കോടി കട്ട ഒന്നരക്കാലനെന്നും'വിളിച്ചത് സ്വാതന്ത്ര്യസമരസേനാനിയും പരമസാത്വികനായ നേതാവുമായിരുന്ന കെ സി ജോര്‍ജിനെ. അതാണ് ഗുരുത്വത്തിന്റെ പാരമ്പര്യം. ഗുരുക്കന്മാരെ വിളിക്കാന്‍ ഇതില്‍പ്പരം ഗുരുത്വമുള്ള വാക്കുകള്‍ കെഎസ്‌യുവിന്റെ നിഘണ്ടുവിലില്ല.

കെഎസ്‌യുവിന്റെ ജനനം ഒരണ സമരക്കാലത്താണ്. അന്ന് വിദ്യാര്‍ഥി കോണ്‍ഗ്രസുണ്ടായിരുന്നു. വിമോചനസമരം വന്നപ്പോള്‍ കെഎസ്‌യു മുകളില്‍ കയറി. എം എ ജോ, എ കെ ആന്റണി, ജോര്‍ജ് തരകന്‍, എ സി ജോസ് തുടങ്ങിയ പൈതങ്ങള്‍ കൊടിയേന്തി മുന്നില്‍ നടന്നു. അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്തത് മനോരമ ബാലജന സഖ്യമാണ്. കഞ്ഞി അനത്തിയത് പള്ളികളിലാണ്. പള്ളിയില്‍നിന്ന് പള്ളിക്കൂടം തകര്‍ക്കാന്‍ പോയവര്‍ക്കൊപ്പം ഖദറുമിട്ട് വയലാര്‍ രവിയും നടന്നു. അങ്ങനെ കെഎസ്‌യു കോണ്‍ഗ്രസിന്റെ സ്വന്തമായി. കെഎസ്‌യു എന്നുപറയുമ്പോള്‍തന്നെ സത്യസന്ധരുടെ കൂട്ടം എന്ന് കണക്കാക്കിക്കൊള്ളണം.

എം എന്‍ സത്യവ്രതന്‍ എന്ന പഴയൊരു പത്രക്കാരന്‍ ആ സത്യസന്ധതയെക്കുറിച്ച് ഉപന്യസിച്ചിട്ടുണ്ട്. അതിങ്ങനെ:

"ഉദ്വേഗജനകമായ ഒരു ആള്‍മാറാട്ടക്കഥ. ഞാനത് ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 1968ല്‍ ഉമ്മന്‍ചാണ്ടി നയിച്ച വിദ്യാര്‍ഥിസമരത്തിന്റെയും തുടര്‍ന്നുനടന്ന ലാത്തിച്ചാര്‍ജിന്റെയും കഥയ്ക്കു പിന്നിലാണ് ആ ആള്‍മാറാട്ടക്കഥ നടക്കുന്നത്. മുള്‍ജി എന്ന ഗുജറാത്തി വിദ്യാര്‍ഥി മുരളി എന്ന മലയാളിവിദ്യാര്‍ഥിയായി കെഎസ്‌യുവിന്റെ ആദ്യത്തെ രക്തസാക്ഷിയായി മാറിയ ആള്‍മാറാട്ടക്കഥയാണത്. "

കെഎസ്‌യുവിന്റെ വിദ്യാര്‍ഥിസമരത്തെത്തുടര്‍ന്ന് എറണാകുളത്തെ തേവര കവലയില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നു. സംഭവസ്ഥലത്തിനടുത്ത് ഒരു കവലയില്‍ ഒഴിഞ്ഞ കോണില്‍നിന്ന് കാണുകയായിരുന്നു ഞാന്‍. ലാത്തിയടിക്കിടയില്‍ കാനയില്‍ വീണ ഗുജറാത്തി വിദ്യാര്‍ഥി മുള്‍ജിക്കും കിട്ടി നല്ല അടി. വിശദമായിത്തന്നെ ഞാന്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് പത്തുമണിയായിക്കാണും ഒരു കോണ്‍ഗ്രസ് വിദ്യാര്‍ഥിനേതാവ് എന്നെ ഫോണ്‍ ചെയ്ത് സന്തോഷത്തോടെ പറഞ്ഞു.

"അടിയേറ്റ് കാനയില്‍ വീണ വിദ്യാര്‍ഥി മരിച്ചു''.

"ഏതു വിദ്യാര്‍ഥി?'' ഞാന്‍ ചോദിച്ചു.

"മുരളി, ഫോര്‍ട്ട് കൊച്ചിക്കാരനാണ്. രാത്രി മരിച്ചു''.

ഞാന്‍ ഞെട്ടി. പത്രം എടുത്ത് കൃത്യമായി വായിച്ചു. കണ്ണുതള്ളി. പത്രത്തില്‍ മുള്‍ജി മുരളിയായിരിക്കുന്നു. സംഭവത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചില്‍ എന്നെ ആകുലപ്പെടുത്തി. പ്രസില്‍നിന്ന് മാറ്ററെടുത്ത് പരിശോധിപ്പിച്ചു. കാര്യം പിടികിട്ടി. മുള്‍ജി എന്ന പേര് കേട്ടുകേള്‍വിപോലുമില്ലാത്ത പ്രൂഫ്റീഡര്‍ മുള്‍ജിയെ മുരളിയാക്കിയിരിക്കുന്നു.

"അമ്പരന്നുനിന്നുപോയി. അപ്പോഴേക്കും കരിങ്കൊടികളുമായി വിദ്യാര്‍ഥികളുടെ മൌനജാഥ പുറപ്പെട്ടുകഴിഞ്ഞിരുന്നു. നഗരത്തിലെ കോളേജുകളില്‍ പഠിപ്പുമുടക്കം തുടങ്ങി. നേതാക്കളില്‍ ചിലര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് പാഞ്ഞു. അവര്‍ മുരളിയുടെ വീട് കണ്ടുപിടിച്ച് അവിടെ കണ്ണീര്‍വീഴ്ത്തി. രാത്രിതന്നെ മൃതദേഹം സംസ്കരിച്ചുകഴിഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് ഞെട്ടിത്തരിച്ച് ഞാന്‍ നിന്നു. "അശുവായ സാധു കുട്ടിയായിരുന്നു മുരളി. രാഷ്ട്രീയം തൊട്ടുതെറിച്ചിട്ടില്ല. സമരത്തിന്റെ അരികില്‍ക്കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കുണ്ടായപ്പോള്‍ കുട്ടി നേരെ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി. പെട്ടെന്ന് മരിച്ചു. കഠിനമായ വിദ്യാര്‍ഥിസമരത്തിന്റെയും അതിലും കഠിനമായ പൊലീസ് മര്‍ദനത്തിന്റെയും ദിവസങ്ങള്‍ പിന്നിട്ടശേഷം പൌരപ്രമാണികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. എം കെ കെ നായരും കേരളകൌമുദി പത്രാധിപര്‍ കെ സുകുമാരനും അതില്‍ മുഖ്യപങ്കു വഹിച്ചു. ഏതായാലും കോണ്‍ഗ്രസ് നേതാവായി ഉമ്മന്‍ചാണ്ടിയെ വളര്‍ത്തുന്നതില്‍ മുള്‍ജി-മുരളി രക്തസാക്ഷിപ്രശ്നം വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ''

കണ്ടില്ലേ കെഎസ്‌യുവിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന്. നേതാക്കള്‍ വളരുന്നത് എങ്ങനെയെന്ന്. ഇതൊക്കെ പണ്ടത്തെ കഥ. ഇപ്പോള്‍ കെഎസ്‌യു എന്നൊന്നില്ല. ഉള്ള കെഎസ്‌യുവില്‍ വിദ്യാര്‍ഥികളുമില്ല. വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംസാരിച്ചുതുടങ്ങിയതുതന്നെ കെഎസ്‌യുവിന്റെ ദയനീയാവസ്ഥ കണ്ടിട്ടാണ്. ആളില്ലാത്ത വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റപ്പെട്ട അക്രമം കാട്ടിയാണ് വാര്‍ത്ത സൃഷ്ടിക്കാറുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ പാഞ്ഞുകയറി മേശയും കസേരയും ടെലിഫോണും തല്ലിപ്പൊട്ടിക്കും. ക്യാമറയ്ക്കുമുന്നില്‍ അത് പരമാവധി അഭിനയിച്ചു കാണിക്കും. പൊലീസ് വന്നാല്‍ മസിലുപിടിച്ചും അലറിവിളിച്ചും ഗോഷ്ടികാട്ടിയും അഭിനയിക്കും. പിള്ളാരല്ലേ, പിഴച്ചുപൊയ്ക്കോട്ടെ എന്ന് ഏതെങ്കിലും പൊലീസുകാരന്‍ കരുതിയാല്‍ അവന്റെ തലയ്ക്കിട്ടുതന്നെ കിഴുക്കും. അത്രമതി. പിറ്റേന്ന് പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്‍ത്തയും ചിത്രവും വരും. അതുതന്നെ ഇപ്പോഴത്തെ കെഎസ്‌യുവിന്റെയും നില. നാട്ടില്‍ എത്ര സമരം നടന്നു. സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടന്ന സമരം ആദ്യമല്ലേ. അതും കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റ്. സമരം കലക്കുന്നുണ്ട്.

കോഴിക്കോട്ട് പെണ്‍കുട്ടികളെയാണ് ആക്രമിച്ചത്. വിദ്യാഭ്യാസബന്ദ് നടത്തിയത് യൂത്ത് കോണ്‍ഗ്രസുകാരും ഗുണ്ടാസംഘങ്ങളുമാണ്. അവര്‍ കല്ലേറും അക്രമവും നടത്തിയപ്പോള്‍ ക്ളാസ് വിട്ടു. ആലപ്പുഴ കലക്ടറേറ്റിലേക്ക് ആണിതറച്ച വടികളുമായാണ് സമരസേനാനികള്‍ എത്തിയത്. സെക്രട്ടറിയറ്റിനുമുമ്പില്‍ പൊലീസിന്റെ ഷീല്‍ഡുകള്‍ പിടിച്ചുവാങ്ങി എറിഞ്ഞു. പൊലീസിനെ തിരിച്ചടിക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. തൃശൂരില്‍ പൊലീസിന്റെ ഷീല്‍ഡ് പിടിച്ചുവാങ്ങാന്‍ എത്തിയത് എംഎല്‍എ പ്രതാപനാണ്. ഇരുമ്പുവടിയുമായി സമരസേനാനികള്‍ അഴിഞ്ഞാടിയ കഥ മലയാള മനോരമതന്നെ പറയേണ്ടിവന്നു. പത്തനംതിട്ട മിനി സിവില്‍സ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ അമ്പതോളം 'വിദ്യാര്‍ഥി'കളില്‍ സേവാദള്‍ ജില്ലാ ചെയര്‍മാനടക്കം നാല്‍പ്പതുകഴിഞ്ഞ 40 പേരാണുണ്ടായത്. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മാര്‍ച്ചിന് പൂവാര്‍, കോവളം, വേളി, വലിയതുറ ഭാഗങ്ങളിലെ ഗുണ്ടകളാണു വന്നത്. കെഎസ്‌യുവിന്റെ സമരം കണ്ടാല്‍ ആര്‍ക്കും ധൈര്യമായി ചോദിക്കാം"എതു കെഎസ്‌യു'' എന്ന്. കാരണം സമരം നടത്തുന്നത് വിദ്യാര്‍ഥികളല്ല. ഉമ്മന്‍ചാണ്ടി-ചെന്നിത്തല നേതൃത്വമാണ്. അവര്‍ക്ക് ഇതേ ശീലമുള്ളൂ. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നാരായണ നാരായണ.....

------------

മാണിയും മോശമാകരുതല്ലോ. കോണ്‍ഗ്രസില്‍നിന്ന് 'ഒരു ഇത്' കൂടുതല്‍ വേണ്ടതുകൊണ്ടാണ് കേരളാ കോണ്‍ഗ്രസുണ്ടാക്കിയത്. അതിന്റെ സ്ഥാപകനേതാവുതന്നെയാണ് ചെറുപ്പക്കാരനായ കുഞ്ഞുമാണി. ഏഴാംക്ളാസിലെ സാമൂഹ്യപാഠപുസ്തകം പിന്‍വലിക്കണമെന്ന് മാണിക്കും വാശിയാണ്. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ അയച്ചത് റോഷി അഗസ്റ്റിന്‍ എംഎല്‍എയെ. അനുയായികള്‍ മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറുന്നതും ബാരിക്കേഡ് തകര്‍ക്കുന്നതും പൊലീസുകാരെ കല്ലെറിയുന്നതും കണ്ട് ആവേശഭരിതനായ മാണി ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകം വലിച്ചുകീറിയെറിഞ്ഞുകൊണ്ടാണ് ആഘോഷം നടത്തിയത്. കൂട്ടത്തില്‍ ആരുടെയും മക്കള്‍ മലയാളം പള്ളിക്കൂടത്തില്‍ ഇല്ലാത്തതുകൊണ്ട് മാണിക്കത് ധൈര്യമായി കീറാം. അല്ലെങ്കിലും നെഹ്റുവിന്റെ വില്‍പത്രവും ഗാന്ധിജിയുടെ ചിത്രവുമുള്ള പുസ്തകം കീറാന്‍ മാണിക്ക് അവകാശമുണ്ടല്ലോ.

'ഞങ്ങളുടെ നെഹ്റുനെ കുഞ്ഞുമാണി കീറിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ' എന്നു ചോദിക്കട്ടെ ചെന്നിത്തല.

-----------------

ഇ അഹമ്മദിന്റെ മകന്റെ ഭാര്യ ക്രൈസ്തവ വിശ്വാസിയായ വിദേശ വനിതയാണെന്നത് താനറിഞ്ഞിട്ടില്ലെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍. അഹമ്മദിന്റെ ചെറുമക്കളുടെ മതമേതാവുമെന്ന് അറിഞ്ഞിട്ടുണ്ടാകുമോ ആവോ. ഏഴാം ക്ളാസില്‍ അഹമ്മദിന്റെ കുടുംബ കഥ പഠിപ്പിക്കാനും അച്ചാരുപറമ്പിലിന്റെ അച്ചാരം വേണ്ടിവരുമോ?

Monday, June 16, 2008

സംഘടിക്കൂ, തമ്മിലടിക്കൂ

ആഹാര നിദ്രാ ഭയമൈഥുനാനി സാമാന്യമേതത് പശുഭിര്‍ നരാണാം എന്നാണ്. മൂക്കുമുട്ടെ ശാപ്പാട്, കൂര്‍ക്കംവലിച്ചുറക്കം, ഘടകകക്ഷിയെ പേടി, ഇണയെക്കാണുമ്പോഴുള്ള ഇളക്കം എന്നിവ നരനും നരിക്കും ഒരുപോലെയെന്ന് സാരം. മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ജ്ഞാനം എന്ന ഒറ്റക്കാര്യത്തിലാണ്. 'ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ' എന്ന് മനസ്സിലാവുന്ന ഭാഷയില്‍ പറയും. ജ്ഞാനമില്ലാത്ത നരന്‍ വാനരന്‍തന്നെ എന്നാണര്‍ഥം. 'വിവരംകെട്ടവന്‍ കൊരങ്ങന്‍' എന്ന് സംസ്കൃതത്തിലും പറയാം.

ജ്ഞാനമില്ലാത്തതുകൊണ്ടാവണം വാനരന്മാര്‍ സ്വന്തമായി മരംചാടി ഫെഡറേഷനും ഇളിയന്‍ അസോസിയേഷനും വാല്‍ചുരുട്ടിയൂണിയനുമുണ്ടാക്കാത്തത്. പഴയകാല നേതാക്കളായ ഹനുമാന്‍, ബാലി, സുഗ്രീവന്‍ തുടങ്ങിയവരുടെ സ്മരണകളിരമ്പുന്ന രണ്ടോ മൂന്നോ സംഘടനകള്‍ക്ക് സാധ്യതയുണ്ടെന്നും ചാനലുകളുടെ വിളയാട്ടകാലത്ത് നയാപൈസ ചെലവില്ലാതെ അഭിനയിച്ചുതകര്‍ക്കാമെന്നും ഒരൊറ്റ വാനരപ്രമുഖനും തോന്നിയില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. ഒരു സംഘടനയുണ്ടെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു. രണ്ടുമരം ഒന്നിച്ചു ചാടിക്കടക്കുന്നതിന് വിലക്കേര്‍പ്പെടുത്താം, കുഞ്ചിരാമന്റെ മരത്തില്‍ കോവാലന്‍ ചാടിയാല്‍ പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെടാം, മരംചാടുന്നതിനുമുമ്പ് അയ്യായിരം രൂപ ഒടുക്കി സംഘടനയുടെ മെമ്പര്‍ഷിപ്പെടുക്കണമെന്ന് ആവശ്യപ്പെടാം. ഇപ്പോള്‍ വല്ലതും നടക്കുന്നുണ്ടോ? അതാണ് പറഞ്ഞത്, കുരങ്ങനായാല്‍ പോരാ, വിവരവും വേണം എന്ന്. സിനിമാക്കാരുടെ സംഘടനകള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഏതു വാനരനും അസൂയ തോന്നേണ്ടതാണ്.

സംഘടിക്കൂ, ശക്തരാകൂ എന്നൊക്കെ കേട്ടിട്ടില്ലേ. ഇവിടെ അത്, സംഘടിക്കൂ തമ്മിലടിക്കൂ എന്നാണ്. സംഘടന എന്നാല്‍ അവകാശം സംരക്ഷിക്കാനോ കിട്ടിയില്ലെങ്കില്‍ പിടിച്ചുവാങ്ങാനോ ഉള്ളതാണെന്നാണ് ചില മണ്ടന്മാരുടെ വിചാരം. യഥാര്‍ഥ സംഘടനയുടെ മര്‍മപ്രധാന ധര്‍മം പലതരം വിലക്കുകള്‍ ഏര്‍പ്പെടുത്തലാണ്. സംവിധായകന്‍ താരത്തെനോക്കി പല്ലിറുമ്മിയാല്‍ മൂന്നുമാസം വിലക്ക്, താരം മൂക്കുവിറപ്പിച്ചാല്‍ ആജീവനാന്ത വിലക്ക്, ക്യാമറക്കാരന്‍ നടിയെ നോക്കി ചിരിച്ചാല്‍ ചിരിക്ക് വിലക്ക്, നടന്മാര്‍ക്ക് പാരപ്പേടി വന്നാല്‍ പത്രസമ്മേളനം നടത്തുന്നതിന് വിലക്ക്. സംഘടനാ നേതാക്കളാകുമ്പോള്‍ നല്ല ഭാഷയേ ഉപയോഗിക്കാവൂ. 'നിന്റെയൊക്കെ ഭാര്യമാരെ കൂട്ടിക്കൊടുക്കാറില്ലേ' എന്നമട്ടിലുള്ള സാത്വിക പ്രയോഗങ്ങളൊക്കെ ആകാം. മരുന്നു വില്‍പ്പനക്കാര്‍ സംഘടനയുണ്ടാക്കി ഗുണ്ടാപ്പണിയെടുത്ത് പണമുണ്ടാക്കിയ കഥ പുറത്തുവന്നത് ഏതാനും മാസംമുമ്പാണ്. അതുപോലെയൊന്നുമല്ല ഇത്. നല്ല തിരക്കുള്ള സിനിമാക്കാരെ കാണുമ്പോള്‍, ഈച്ചയാട്ടിയിരിക്കുന്നവര്‍ക്ക് അമിതമായ സ്നേഹം തോന്നും. ആ 'ഇഷ്ടം' കൊണ്ട് ഒന്നുകുത്തിനോവിക്കാന്‍ തോന്നും. അങ്ങനെയുള്ള ഇഷ്ടന്മാര്‍ക്ക് സംരക്ഷണം കൊടുക്കാനും അവര്‍ക്കുവേണ്ടി ഘോരഘോരം വാദിക്കാനുമാണ് ഈ സംഘടന. സിനിമക്കാരും സിനിമപിടിത്തം നിര്‍ത്തിയവരും സൂക്ഷിക്കുക. മണ്‍സൂണ്‍ കാലമാണ്. വരമ്പിലും വഴിയിലുമെല്ലാം മാക്, മാക് എന്നുവിളിച്ച് വലിയൊരു ജീവി പതുങ്ങിയിരിപ്പുണ്ടാകും. കാഴ്ചയില്‍ പാവമെന്നും വിനയമുള്ളവനെന്നുമെല്ലാം തോന്നും. അടുത്തേക്കു ചെല്ലരുത്. അപ്പാടെ വിഴുങ്ങിക്കളയും. പിന്നെ കരഞ്ഞിട്ട് കാര്യമില്ല.

******

സിനിമയിലാണ് കാര്യം. കമലഹാസന്റെ ദശാവതാരം എന്നൊരു സിനിമ വന്നിട്ടുണ്ട്. അത് പ്രദര്‍ശിപ്പിക്കുംമുമ്പ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത് സാധാരണ മനുഷ്യനല്ല, യഥാര്‍ഥ ദൈവംതന്നെയാണ്. ഗോവിന്ദ രാമാനുജ ദാസ് എന്ന ആള്‍ദൈവം. ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് ഇപ്പോള്‍ കോടതിയോടും പൊലീസിനോടുമാണ് കമ്പം. ചിലര്‍ക്ക് ലോക്കപ്പില്‍ നിന്നിറങ്ങാന്‍തന്നെ സമയമില്ല. ഏതായാലും ഗോവിന്ദസ്വാമിക്ക് സുപ്രീംകോടതിയില്‍നിന്ന് നീതികിട്ടിയില്ല. ദശാവതാരം എന്ന സിനിമ ശൈവ-വൈഷ്ണവ സംഘട്ടനം ചിത്രീകരിക്കുന്നുവെന്നും വൈഷ്ണവ വികാരത്തില്‍ നഞ്ചുകലക്കുന്നുവെന്നുമാണ് തിരുവുള്ളത്തിന്റെ പരാതി. അതങ്ങ് മദിരാശിയില്‍ചെന്ന് പറഞ്ഞാല്‍മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചിയില്‍ ചെല്ലാനാണ് പറഞ്ഞതെങ്കില്‍ സംഗതി എളുപ്പമായേനെ.

ദശാവതാരത്തില്‍ ഒരെണ്ണം സിനിമയില്‍നിന്നിറങ്ങിവന്ന് ചില പ്രസ് ക്ലബുകള്‍ കയറിയിറങ്ങുന്നുണ്ട്. വലിയ വലിയ കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. ആഭ്യന്തരമന്ത്രിക്കെതിരെയായിരുന്നു ആദ്യത്തെ യുദ്ധം. ഹൈന്ദവരക്തം സിരകളില്‍ ത്രസിക്കുന്ന യുവകോമളനെന്നെല്ലാം സ്വയം വിശേഷിപ്പിച്ച് പത്രക്കാരെയും ചാനലുകാരെയും വിളിച്ചുകൂട്ടി വെളിച്ചപ്പെടുന്ന അവതാരം, കോടിയേരി ബാലകൃഷ്ണനും ഞാനും തമ്മിലാണ് കളി എന്നുവരെ പറഞ്ഞുകളഞ്ഞു. കുട്ടിയല്ലേ, വയറ്റിപ്പിഴപ്പല്ലേ, ചുമ്മാ പറഞ്ഞുകൊള്ളട്ടെ എന്നുകരുതി അത് ആരും അത്ര ഗൌനിച്ചില്ല. അവഗണന വളമാണെന്നു തോന്നിയ അവതാരപൂരുഷന്‍ പിന്നെയും കുലുക്കാന്‍ തുടങ്ങി. ഇത്തവണ എസ്എഫ്ഐക്കാരുടെ മേക്കിട്ടാണ് കയറിയത്. പാവപ്പെട്ട ഒരു പെകുട്ടി പഠിക്കാന്‍ പണമില്ലാഞ്ഞ് ആത്മഹത്യചെയ്ത കഥയില്‍ എസ്എഫ്ഐക്കാരെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു സിദ്ധാന്തം. പണ്ടൊരു ജഡ്ജി എഴുതിയ റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നുണ്ടെന്നും തട്ടിവിട്ടു. ജഡ്ജിതന്നെ രംഗത്തുവന്ന് പറഞ്ഞു, അപ്പറഞ്ഞത് പച്ചക്കള്ളമെന്ന്. ചാനലുകാര്‍ അവതാരക്കുട്ടനെ വിളിച്ചുവരുത്തി മുന്നിലിരുത്തി പച്ചയ്ക്ക് കൊന്നു. ആദ്യം പറഞ്ഞു തെളിവുണ്ടെന്ന്. എവിടെ തെളിവെന്നു ചോദിച്ചപ്പോള്‍ ഉത്തരം മൌനം. പണ്ടു കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലൊരു മണ്ടിക്കളി. നാക്കെടുത്താല്‍ പുളുവേ പറയൂ എന്ന് തെളിയാന്‍ ഏറെനേരമൊന്നും വേണ്ടിവന്നില്ല. അതിനുശേഷം പക്ഷേ, കണ്ടവരാരുമില്ല പുമാനെ. എങ്ങുപോയോ എന്തോ. സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലേക്ക് അഭിഭാഷക പരിഷത്തുകാര്‍ മാര്‍ച്ചു നടത്തുകയാണെന്ന് കേള്‍ക്കുന്നു. ആദ്യം മാര്‍ച്ചുചെയ്യേണ്ടത് ഈ യുവകോമള സുരേന്ദ്രാവതാരത്തിന്റെ വീട്ടിലേക്കല്ലേ? പണ്ടത്തെ പെട്രോള്‍പമ്പിന്റെ കഥ അഭിഭാഷക പരിഷത്തുകാരും കേട്ടുകാണുമല്ലോ.

******

ലീഗിനുപിന്നാലെ മാണികേരളയും കൊമ്പുകോര്‍ക്കുകയാണ്. കോട്ടയം സീറ്റ് മാണിക്ക് വേണംപോലും. കോത്താഴം സീറ്റ് പിള്ള കോണ്‍ഗ്രസിനും വേണ്ടിവരും. സിഎംപിക്ക് കണ്ണൂരോ കാസര്‍കോടോ കൊടുത്താല്‍ മതിയാകും. ജെഎസ്എസ് ആലപ്പുഴകൊണ്ടും ഷിബു ബേബിജോണിന്റെ വിപ്ലവപ്പാര്‍ടി കൊല്ലംകൊണ്ടും തൃപ്തിപ്പെട്ടേക്കും. ജനാധിപത്യപ്പോരാളിയായ ജേക്കബിന് എറണാകുളംകൊണ്ട് മതിയാകില്ലെങ്കിലും അഡ്‌ജസ്റ്റ് ചെയ്യാം. ബാക്കി കിട്ടുന്നത് കരുണാകരനുവേണം. കോണ്‍ഗ്രസിന് ശംഖുമുഖം മതിയാകും. അവിടെച്ചെന്നിരുന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും തിരയെണ്ണി മത്സരിക്കാം. സിഎംപിയും ജെഎസ്എസും ജേക്കബ് പാര്‍ടിയും വരയ്ക്കുന്ന വരയ്ക്കകത്തു മതി കോഗ്രസിന്റെ കളി. മുന്നണിയില്‍ വലിയേട്ടനുമില്ല, ചെറിയേട്ടനുമില്ല. എല്ലാവരുടെയും ജനനസമയം ഒരേ നിമിഷമാണ്. നക്ഷത്രവും ഒന്ന്. അതുകൊണ്ട്, നിങ്ങളുടെ വോട്ട്, ഞങ്ങളുടെ സീറ്റ് എന്നാണ് സിദ്ധാന്തം. കോണ്‍ഗ്രസുകാര്‍ വോട്ട്ചെയ്ത് സിഎംപിക്കാരനെ ജയിപ്പിക്കുക-പിന്നെ സിഎംപി ഭരിച്ചുകൊള്ളും. കോട്ടയം സീറ്റ് മാണിക്കുകൊടുത്തില്ലെങ്കില്‍ പിടിച്ചുവാങ്ങും കട്ടായം.

Sunday, June 8, 2008

ആദര്‍ശത്തിന്റെ ക്വട്ടേഷന്‍

ക്വട്ടേഷന്‍സംഘങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. പ്രതിഫലം പറഞ്ഞുറപ്പിച്ച് കൈയും കാലും വെട്ടുന്നവരെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയതു മുതലുണ്ടായതാണ് ആ പൊല്ലാപ്പ്. ക്വട്ടേഷനെടുക്കുക എന്നത് നല്ല കാര്യമാണ്. ഇന്ന ജോലിക്ക് ഇത്ര ചെലവുവരും, ഇത്ര അധ്വാനം വേണ്ടിവരും എന്ന് മുന്‍കൂര്‍ കണക്കാക്കി അതിനനുസരിച്ച് സമയം നിശ്ചയിച്ച് കരാര്‍കൊടുക്കുന്ന ഏര്‍പ്പാടാണത്.

അതുകൊണ്ട് എ കെ ആന്റണി ഒരു ക്വട്ടേഷനെടുത്തതുകൊണ്ട് ആരുടെ നെറ്റിയും ചുളിയേണ്ടതില്ല. പതിനഞ്ചുദിവസത്തിനകം ചെയ്യാമെന്നേറ്റ് ഏറ്റെടുത്തത് ചില്ലറ ക്വട്ടേഷനല്ല. സാക്ഷാല്‍ ദൈവംതമ്പുരാന്‍തന്നെ നേരിട്ടു ക്വട്ടേഷന്‍ പിടിച്ചാലും നടത്താമെന്ന് ഉറപ്പുള്ള പണിയുമല്ല. രാജ്യത്തിന്റെ പ്രതിരോധം നോക്കിനടത്താനും ഹിമാലയത്തില്‍ കയറാനും കുഴഞ്ഞുവീഴാനും കേരളത്തില്‍വന്ന് ആര്യാടനെ ആശീര്‍വദിക്കാനും ആന്റണിക്ക് സമയം തികയുന്നില്ല. അതിനിടയിലാണ് ചാകാന്‍ പോകുന്ന ഒരു ജീവിക്ക് യൌവനം തിരിച്ചുനല്‍കാന്‍ ഏതൊക്കെ മരുന്നു കൊടുക്കണം എന്ന് നിര്‍ദേശിക്കാന്‍ രണ്ടാഴ്ച അനുവദിച്ച് മാഡം ഉത്തരവിട്ടത്. ശയ്യാവലംബിയായ രോഗിയെ കോണ്‍ഗ്രസെന്നും വിളിക്കാറുണ്ട്. ആ പേരുമായി ഇപ്പോള്‍ രോഗിക്ക് വലിയ ബന്ധമൊന്നുമില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും സോണിയഗാന്ധിയും തമ്മിലുള്ള ബന്ധത്തിന്റെ അടുത്തോളമേ വരൂ. തട്ടിക്കൂട്ടിയ ഒരു കേന്ദ്രഭരണമാണ് രോഗിയുടെ പേരില്‍ ഇപ്പോഴുള്ള സ്വത്ത്. നാട്ടിലാകെയുള്ള സംസ്ഥാനങ്ങളില്‍ അഞ്ചിലൊന്നേ കൈയിലുള്ളൂ. ഇടപെടുന്ന കച്ചവടത്തിലൊക്കെ പരാജയമാണ്. ഈയടുത്ത് കര്‍ണാടകത്തില്‍ ഒരുകൈ നോക്കി. തോറ്റു തുന്നംപാടി. അതുകഴിഞ്ഞ് വോട്ടുചെയ്യാത്തവരോട് പകതീര്‍ക്കാന്‍ എണ്ണയ്ക്കു വിലകൂട്ടി. അതോടെ ഇനിയുള്ള കച്ചവടങ്ങളും പൊളിയുമെന്നുറപ്പായി. ഇക്കൊല്ലം അവസാനം ആറ് സംസ്ഥാനങ്ങളില്‍ കച്ചവടം നടക്കാനുണ്ട്. അതുംകൂടികഴിയുമ്പോള്‍ എല്ലാ കടയും പൂട്ടും. പിന്നെ രോഗീലേപനം നല്‍കാന്‍ വടക്കന്റെ കെയറോഫില്‍ ആളെക്കൊണ്ടുവന്നാല്‍ മതിയാകും. മാഡം അത്യാവശ്യം ഇന്ത്യന്‍പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ വായിച്ചിട്ടുണ്ട്. പണ്ട്, യുദ്ധത്തില്‍ തോറ്റ പടയെ ജീവിപ്പിക്കാന്‍ മരുന്ന് കൊണ്ടുവരണമെന്ന് ആജ്ഞാപിച്ച് ശ്രീരാമന്‍ ആളെവിട്ടതും ക്വട്ടേഷനുമായി പോയ വിദ്വാന്‍ ഒരു മലതന്നെ പിഴുത് കൊണ്ടുവന്നതുമെല്ലാം കേട്ടിട്ടുണ്ട്. അതുപോലൊരു ക്വട്ടേഷനാണ് ഇപ്പോഴും കൊടുത്തിട്ടുള്ളത്. ആന്റണി ഇനി മലമറിക്കാന്‍ പോകണം. പതിനഞ്ചുദിവസത്തിനകം മലമറിക്കുകയും വേണം.

പണ്ട് ഇങ്ങനെ പാര്‍ടിക്ക് കായകല്‍പ്പചികിത്സ നടത്താന്‍ പി എ സങ്മ എന്നൊരു വിദ്വാന് കരാര്‍ നല്‍കിയിരുന്നു. പണി മുഴുമിപ്പിക്കുംമുമ്പ് സങ്മ കോണ്‍ഗ്രസില്‍നിന്നുതന്നെ പുറത്തുപോയി. പിന്നെ മൊയ്ലി എന്നൊരു വീരപ്പന് തുടര്‍കരാര്‍ കൊടുത്തു. സ്വന്തം നാട്ടില്‍ കോണ്‍ഗ്രസിനെ കുളിപ്പിച്ചുകിടത്തിയ വീരപ്പന് ഇപ്പോള്‍ മിണ്ടാട്ടമേയില്ല. ഇനി ആന്റണി കൊണ്ടുവരട്ടെ ആദര്‍ശത്തിന്റെ മരുന്ന്. രാഹുല്‍മോന് ചോക്ക്ലേറ്റും ഐസ്ക്രീമും പെരുത്തിഷ്ടമാകയാല്‍ അവ രണ്ടും മേമ്പൊടിയായി കഴിക്കാനുള്ള കുറിപ്പടി ഒപ്പംവയ്ക്കുന്നത് നന്നാകും. കാത്തിരിക്കുക. ഒരുപക്ഷേ പുലിപ്പുറത്തേറിയാകും വരവ്.

#

ആര്യാടന് ആദര്‍ശത്തിന്റെ അസുഖം പകര്‍ന്നുകിട്ടിയത് ആന്റണിയില്‍നിന്നാണോ അതോ മറിച്ചാണോ എന്നത് സംശയമാണ്. ആന്റണിയുടെ ആദര്‍ശത്തിന് ഒരു വെജിറ്റേറിയന്‍ ടച്ചുണ്ട്. ട്രിപ്പിള്‍ ഫൈവിന്റെ മണമില്ല. ആര്യാടന്‍ ആദര്‍ശം മൊത്തമായി അളന്നു വാങ്ങിവയ്ക്കാറാണ് പതിവ്. അതില്‍ ഒരു പങ്കെടുത്ത് ഐസിട്ട് തണുപ്പിച്ച് നിശ്ചിത അളവില്‍ സേവിക്കും. അങ്ങനെയാകുമ്പോള്‍ എല്ലാ ദിവസവും ആവശ്യത്തിന് ആദര്‍ശം തലയില്‍ കയറിക്കിട്ടും. ആദര്‍ശസേവ കൂടിപ്പോയദിവസം ഒരു കനത്ത പ്രസ്താവന കാച്ചും.

ലീഗിന് മന്ത്രച്ചരടു കെട്ടിയാലും മന്ത്രിച്ചൂതിയ വെള്ളത്തില്‍ കുളിച്ചാലും മാറാത്ത പ്രേതപ്പേടിയാണ്. മലപ്പുറത്ത് തോറ്റുതൊപ്പിയിട്ടത് ആര്യാടന്റെ കൂടോത്രംമൂലമാണെന്ന് പുറത്തുപറയുന്നുണ്ടെങ്കിലും നാട്ടിലാകെ ലീഗിനെപ്പിടിക്കുന്ന പ്രേതങ്ങളിറങ്ങിയിട്ടുണ്ടെന്ന് പരപ്പനങ്ങാടിയിലെ പണിക്കര്‍ അച്ചട്ടായി പറഞ്ഞിട്ടുണ്ട്. മഞ്ചേരിയിലെയും കുറ്റിപ്പുറത്തെയും മങ്കടയിലെയുമെല്ലാം തോല്‍വിക്കുകാരണം അത്തരം പ്രേതങ്ങളാണത്രേ. പല പ്രേതങ്ങള്‍ക്കും വോട്ടര്‍മാരുടെ രൂപവും ഭാവവുമാണ്.

പള്ളി പൊളിക്കുമ്പോഴും ഗുജറാത്തില്‍ പച്ചയോടെ കത്തിക്കുമ്പോഴും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുമ്പോഴും മിണ്ടാത്ത ലീഗിനെ പാഠം പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരെല്ലാംചേര്‍ന്ന് ഒപ്പിക്കുന്ന കുണ്ടാമണ്ടികള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ആര്യാടന്റെ കുട്ടിച്ചാത്തനേറ്. തല്‍ക്കാലം കുറ്റമെല്ലാം ആര്യാടന്റെ തലയില്‍വയ്ക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സന്ധി പ്രഖ്യാപിച്ച് ഭായിഭായി വിളിച്ച് വോട്ടുതേടുകയും ചെയ്യാമെന്നാണ് കുഞ്ഞാലിക്കുട്ടിസാഹിബിന്റെ കാഞ്ഞ ബുദ്ധി. ലീഗിന് ഇമ്മാതിരി തറപ്പണി നന്നായറിയാം. മലപ്പുറത്തുകാരുടെ ലീഗ് വിരോധം ആര്യാടനോടുള്ള സ്നേഹത്തില്‍ കിളിര്‍ത്തു വളര്‍ന്നതല്ലെന്ന് ഇതുവരെ പുള്ളിക്കാരന് മനസ്സിലായിട്ടില്ല.

ആര്യാടന്റെ ആദര്‍ശവും കുഞ്ഞാലിക്കുട്ടീന്റെ ജനസേവയും സമാസമംചേര്‍ത്ത് ഉണക്കിപ്പൊടിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സേവിച്ചാല്‍ ലീഗിന്റെ സൂക്കേട് മാറുമെന്ന് പറക്കുംസ്വാമിയുടെ ഉപദേശം മലപ്പുറത്തിന്റെ ഹരിതാകാശത്തില്‍ പറന്നുകളിക്കുന്നുണ്ട്. കണ്ണൂരില്‍നിന്ന് പൊന്നാനിവഴി കരിപ്പൂരിലെത്തിയ പറക്കുംസ്വാമി ഈയിടെ ഉഗാണ്ടയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറക്കുന്ന വഴിയില്‍ വിമാനത്തില്‍നിന്ന് പറത്തിവിട്ടതാണത്രേ ഉപദേശഭസ്മം. സ്വന്തം പാര്‍ടിക്കും നാടിനുംവേണ്ടി എത്രവലിയ ത്യാഗമാണ് ആ മഹാന്‍ ചെയ്യുന്നത് എന്നോര്‍ത്ത് ലീഗ്കുട്ടികള്‍ കോള്‍മയിര്‍ കൊള്ളുകയാണ്. വിദേശയാത്ര കുറയ്ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞ വാര്‍ത്ത പറക്കുംമന്ത്രി വായിച്ചത് പാരീസില്‍വച്ചും അതിനോട് പ്രതികരിച്ചത് സിങ്കപ്പൂരില്‍വച്ചുമാണത്രേ.

അമ്മോ.......ലീഗിന്റെയൊരു പവറ് നോക്കണം. ഞമ്മക്ക് അമ്മാതിരി പവറ് നെയ്യൊഴിച്ച് വേവിച്ച് അതിന്മേല്‍ പുഴുങ്ങിയ മുട്ടയുംവച്ച് മൂന്നുനേരം അടിച്ചുമാറിയാല്‍ മതിയെന്നേ. അതിലപ്പുറം എന്തര് സമുദായം? എന്തോന്നാദര്‍ശം? ആര്യാടനും മകനും ചേര്‍ന്ന് പാണക്കാട്ടെ നടുമുറ്റത്തുവന്നുനിന്ന് ഭരണിപ്പാട്ടു പാടിയാലെന്ത്, കോണ്‍ഗ്രസുകാര്‍ കാര്‍ക്കിച്ചുതുപ്പിയാലെന്ത്. തനിക്കു താന്‍താന്‍ തുണ എന്നാണ്. ചിലപ്പോള്‍ മകനും തുണയാകും. അതുകൊണ്ട് ആര്യാടന്റെ ആദര്‍ശധീരതയ്ക്ക് ഷൌക്കത്തിന്റെ തിണ്ണമിടുക്ക് തുണ. കോണ്‍ഗ്രസായിപ്പിറന്ന ഒരാളുമുണ്ടായില്ല ബാപ്പാന്റെയും മോന്റെയും പക്ഷംപിടിക്കാന്‍. അതാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് വയസ്സുകാലത്ത് ലീഡര്‍ പെട്ടിയും കിടക്കയുമെടുത്ത് തറവാട്ടിലേക്ക് വന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടാമല്ലോ.

#

വടക്കോട്ടു പോകുന്നുവെന്ന് കേട്ടപ്പോള്‍ പലരും ധരിച്ചത് കാശിക്കു പോകുന്നുവെന്നാണ്. അല്ലെങ്കിലും ലീഡറെ കാവിയുമുടുപ്പിച്ച് ഭാണ്ഡംകെട്ടിച്ച് കാശിക്കു പറഞ്ഞയക്കാന്‍ കുറെപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ ആസാമിമാര്‍ കരുതിവച്ചിരിക്കുന്നത് തങ്ങളാണ് യഥാര്‍ഥ സിദ്ധന്മാരെന്നാണ്. ലീഡറോടാണോ കളി? പത്ത് കള്ളസ്വാമിമാരെ ഒറ്റയ്ക്കുനിന്ന് തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്നുമുണ്ട് കരുണാകരസ്വാമി തൃപ്പടികള്‍ക്ക്. കണ്ടില്ലേ, ഇന്ദ്രപ്രസ്ഥത്തില്‍ ശിഷ്യയായ മകളെയുംകൂട്ടി വിലസിയ വിലസല്‍. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മൂന്നുമണിക്കൂര്‍ കാത്തുനിന്നാല്‍ പത്തുമിനിറ്റാണ് ദര്‍ശനഭാഗ്യം കിട്ടുക. ഇവിടെ വലിയ സ്വാമി ആശ്രമകന്യകയെയുംകൂട്ടി ചെല്ലുമ്പോള്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ താനേ തുറക്കുന്നു. വെചാമരവുമായി പരിചാരകരെത്തുന്നു. ദര്‍ശനം ക്ഷിപ്രസാധ്യമാകുന്നു. പോരുമ്പോള്‍ കുറുപ്പിന്റെ ഉറപ്പും കൊടുത്തുവിടുന്നു. ചെന്നിത്തല വെറുതെ കല്ലില്‍കടിച്ച് പല്ലുകളയുകയാണ്. ലീഡര്‍ കുറുപ്പിന്റെ ഉറപ്പുവച്ച് ഇനി കളിക്കും. കുറുപ്പിനെ ഡിസിസി പ്രസിഡന്റാക്കും. ആശ്രമകന്യകയ്ക്ക് സീറ്റൊപ്പിച്ചുകൊടുക്കും. ചെന്നിത്തലയെ വിലപറഞ്ഞുവിറ്റ് തിരികെപ്പോകുമ്പോള്‍ കൈയുംപിടിച്ച് കൂടെക്കൂട്ടുകയുംചെയ്യും. ഇപ്പോള്‍ ജംബോ ലിസ്റ്റേ വന്നുള്ളൂ. ഇനി വരുന്നതാണ് ജംബോ പാര. ഓം തത് സത്....

#

വാര്‍ത്ത: ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന്.

പ്രതികരണം: യജമാനനും എനിക്കും ചേര്‍ത്ത് പതിനായിരത്തി ഒരുനൂറ് ശമ്പളമെന്ന്. യജമാനന് പതിനായിരവും എനിക്ക് നൂറും. സിഎംപിക്കും തോന്നുന്നുണ്ടാകണം തങ്ങളില്ലെങ്കില്‍ യുഡിഎഫില്ലെന്ന്. നാലും മൂന്നും ഏഴ് അനുയായികളെ തികച്ചെടുക്കാനില്ലാത്തവര്‍ വലിയ പാര്‍ടിയുടെ വാലില്‍തൂങ്ങി കോപ്രായം കാട്ടും. അതും കാണാന്‍ ചേലുതന്നെ. എന്നാലും ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ച പിടിക്കില്ലെന്നതു നേര്. ലീഗുണ്ടായിട്ടും പച്ച പിടിക്കുന്നില്ലല്ലോ.