Sunday, July 31, 2011

താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലി

ബ.കു.നാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഒറ്റ ലോകമേ സ്വപ്നം കാണാറുള്ളൂ-എന്നും തന്റെ പടവും പേരും പത്രത്തിലച്ചടിച്ചുവരുന്ന സുന്ദരലോകം. ബ.കു.നാ ചൂണ്ടിക്കാട്ടി, ബ.കു.നാ ഊന്നിപ്പറഞ്ഞു, ബ.കു.നാ വ്യക്തമാക്കി എന്നെല്ലാം നാറാത്തുനാട്ടിലെ ആബാലവൃദ്ധം വായിച്ച് കുളിരുകൊള്ളണം. ചാനല്‍ക്യാമറകളില്‍ ആ വെളുവെളുത്ത താലോലത്താടി നിറഞ്ഞുനില്‍ക്കണം. സ്വയം നേതാവാകാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ നേതാക്കളെ വീട്ടില്‍ ക്ഷണിച്ച് ഭക്ഷണം കൊടുത്താണ് ബ.കു.നാ നേതാക്കള്‍ക്കൊപ്പം എത്തിയത്. അങ്ങനെ കൊടുത്ത ഭക്ഷണത്തിന്റെ പലിശ എങ്ങനെ വസൂലാക്കാമെന്നാണ് നായരുടെ പൊങ്ങച്ചസിദ്ധാന്തം. കഴിഞ്ഞ ദിവസവും പറഞ്ഞു, എ കെ ജിയും ഇ എം എസും കൃഷ്ണപിള്ളയുമെല്ലാം തന്റെ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന്. നായനാരുടെ പേരുമാത്രം പറഞ്ഞില്ല. നായരുടെ തനിനിറം നായനാര്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. വേണ്ടത് കൊടുക്കുകയും ചെയ്തിരുന്നു. വി എസ് വീട്ടില്‍ വരുന്നുണ്ടെന്നുപറഞ്ഞ് മാധ്യമങ്ങളെ ക്ഷണിച്ചതും വി എസിന് ഭക്ഷണം കഴിക്കുന്നതില്‍ വിലക്കുണ്ടെന്നറിയിച്ചതും അതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചതുമെല്ലാം ഒരേയൊരാളാണ്-ഇതേ ബ.കു.നാ. "കഴിക്കുന്നതിനെ സംബന്ധിച്ച വിലക്ക് ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നതുകൊണ്ട് ഇതിന്റെയൊന്നും അടുത്ത് ഞാന്‍ ഇരിക്കുന്നില്ല" എന്ന വി എസിന്റെ പരിഹാസവും നായര്‍ക്ക് മനസ്സിലായില്ല.

പണ്ടേ ബ.കു.നാ ഇങ്ങനെയാണ്. വലിയ വലിയ കാര്യങ്ങളേ പറയൂ. അമേരിക്കന്‍ സിഐഎയുടെ കണ്ണിലെ കരടാണ് താന്‍ എന്ന് പറഞ്ഞുനടന്നതാണ് ഒരുകാലം. ബര്‍ലിനില്‍നിന്ന് സംഘടിപ്പിച്ച കുറെ പഴകിയ രേഖകള്‍വച്ച് സിഐഎക്കുനേരെ ഒരു ചാട്ടുളിയും എറിഞ്ഞിട്ടുണ്ട്. അറുപത്തിനാലില്‍ പാര്‍ടി പിളരുമ്പോള്‍ ചാട്ടുളിയുംകൊണ്ട് വലത്തോട്ടാണ് ബ.കു.നാ ചാഞ്ഞത്. എ കെ ജിയോട് വലതുപക്ഷ വിടുവായത്തം പറഞ്ഞപ്പോള്‍ അന്ന് കണക്കിന് കിട്ടി. പിന്നെ കുറെക്കാലം നാട്ടില്‍ കണ്ടില്ല. ബൂര്‍ഷ്വാ, മുതലാളിത്തം, സോഷ്യല്‍ ഡെമോക്രസി, ക്രൂഷ്ചേവ്, നാല്‍വര്‍ സംഘം, ദത്തുപുത്രന്‍ - ഇങ്ങനെ കുറെ വാക്കുകള്‍ ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നതാണ് കമ്യൂണിസം എന്ന് ബര്‍ലിനില്‍ ഏതോ ഒരു സ്വാമി പുള്ളിയെ ഉപദേശിച്ചിട്ടുണ്ട്. അവിടെ മതില്‍ പൊളിഞ്ഞപ്പോള്‍ ഹൊണേക്കര്‍ എന്ന സുഹൃത്തിനെ ഒറ്റയ്ക്കാക്കി ബ.കു.നാ ഇങ്ങ് പോന്നു. വരുമ്പോള്‍ ഇവിടെ നേരെ കേന്ദ്ര കമ്മിറ്റിയില്‍ കയറി ഇരിക്കാമെന്നാണ് കരുതിയത്. അത് നടന്നില്ല. കണ്ണൂരില്‍ചെന്ന് താത്വികാചാര്യനാകാന്‍ വടിയുംകുത്തി പരിശ്രമിച്ചതും നിഷ്ഫലമായി. അതോടെയാണ്, പാര്‍ടിയെ ചീത്ത പറഞ്ഞാല്‍ കാര്യം നടക്കുമെന്ന ജ്യോത്സ്യപ്രവചനമുണ്ടായത്. ഇപ്പോഴത്തെ അസുഖം അന്നുമുതല്‍ തുടങ്ങിയതാണ്. ഒരിക്കല്‍ രോഗം കലശലായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ഒന്ന് പൊളിച്ചെഴുതിനോക്കി. ജോസഫ് സ്റ്റാലിനും താനും ഒരേ തരക്കാരെന്ന നിലയില്‍ ഒരു തകര്‍പ്പന്‍ എഴുത്ത്. അതും ജനങ്ങള്‍ സഹിച്ചു.

മുതലാളിത്തത്തെക്കുറിച്ച് രോഷംകൊള്ളാറുണ്ടെങ്കിലും സ്വത്ത് സ്വന്തമാക്കുന്നതില്‍ കമ്പക്കാരനാണ്. പതിവായി പറയാറുള്ളത് തന്റെ സ്വത്തെല്ലാം പാര്‍ടിക്കെഴുതിവയ്ക്കും എന്നാണ്. ഇന്നുവരെ അത് സംഭവിച്ചിട്ടില്ല. ഒരിക്കല്‍ പാര്‍ടി ആപ്പീസ് പണിയാന്‍ അഞ്ചുസെന്റ് കൊടുക്കാമെന്ന് സഖാക്കളോട് വാഗ്ദാനം ചെയ്തു. അത് വിശ്വസിച്ച് എല്ലാ തയ്യാറെടുപ്പും നടത്തി പ്രമാണം എഴുതാന്‍ ചെന്നപ്പോള്‍ കാലുമാറി-ഞാന്‍ അയ്യായിരം രൂപ തരാം എന്നായി. ഇപ്പോള്‍ പറയുന്നത്, "മുതലാളിത്തത്തിന്റെ ദത്തുപുത്രനായ" സെക്രട്ടറിയുടെ പിടിയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കും എന്നാണ്. വയസ്സുകാലത്ത്, രോഗവിവരം അന്വേഷിക്കാന്‍ വി എസ് എന്ന സമുന്നതനേതാവ് വീട്ടിലെത്തിയതിനെപ്പോലും താണ പ്രസിദ്ധിക്കും പാര്‍ടിയെ കുത്താനും ഉപയോഗിക്കുന്ന ബ.കു.നാ ഇതിനുമുമ്പ് ഇതിനേക്കാള്‍ മോശമായി പലതും പറഞ്ഞിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസവും കൊണ്ടിറങ്ങിയ, അനേകം പാര്‍ടി പ്രവര്‍ത്തകരെ കൊല്ലിച്ച, പാര്‍ടിനേതാക്കളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ച, ടി കെ ബാലന്റെ മകന്റെ കണ്ണ് തകര്‍ത്ത, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊല്ലിച്ച കെ സുധാകരനാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ.കു.നാ വോട്ടുചെയ്തത്. "കെ. സുധാകരന് വോട്ട് വാഗ്ദാനവുമായി ബര്‍ലിന്‍ പൊതുവേദിയില്‍" എന്നാണ് അന്ന് മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. സുധാകരനൊപ്പം ഫോട്ടോയില്‍ പോസുചെയ്തശേഷം അന്നും പറഞ്ഞു ചില വിടുവായത്തങ്ങള്‍ . സുധാകരന്‍ മറുപടി പറഞ്ഞത്, കുഞ്ഞനന്തന്‍നായരുടെ ഒരുവോട്ടിന് ലക്ഷം വോട്ടിന്റെ വിലയുണ്ട് എന്നാണ്. "കമ്മ്യൂണിസ്റ്റുസ്ഥാനാര്‍ഥിക്ക് ഇക്കുറി വോട്ടില്ല: ബര്‍ലിന്‍" എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ "കമ്യൂണിസ്റ്റ് പാര്‍ടിയെ അപേക്ഷിച്ച് കോണ്‍ഗ്രസാണ് ഇപ്പോള്‍ തമ്മില്‍ ഭേദമെന്നും പാര്‍ടിയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റാണ് പ്രകാശ് കാരാട്ടെന്നും ബ.കു.നാ "ആവേശത്തോടെ" തട്ടിവിട്ടു. അതേ മഹാനാണ്, ഇപ്പോള്‍ പിണറായി വിജയന്റെ കൈയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കാന്‍ "ധര്‍മസമരത്തി"നിറങ്ങുന്നത്.

നായര്‍ വാര്‍ത്ത സൃഷ്ടിച്ചു; അപ്പുക്കുട്ടന്‍ , ആസാദ്, ഉമേഷ്ബാബു, ഷാജഹാന്‍ തുടങ്ങിയ ചര്‍ച്ചാംദേഹികള്‍ പിന്നാലെ രംഗത്തിറങ്ങി. താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലിക്കുടിശ്ശിക കിട്ടാനുണ്ടെന്ന പരിഭവമാണ് ഷാജഹാനില്‍നിന്ന് ഉയര്‍ന്നുകേട്ടത്. കേരളത്തിലെ സര്‍വാദരണീയനായ കമ്യൂണിസ്റ്റ് നേതാവായിരുന്ന സി എച്ച് കണാരന്റെ ജന്മശതാബ്ദി ആഘോഷത്തുടക്കം, അതില്‍ പ്രകാശ് കാരാട്ടിന്റെ സമുജ്വലമായ ഉദ്ഘാടനപ്രസംഗം-എല്ലാം മാധ്യമങ്ങള്‍ മുക്കി. പകരം കൊണ്ടാടിയത് ബ.കു.നാ ഉണ്ടാക്കിയ പുകിലാണ്. ഇത് ഇപ്പോഴത്തെ ഒരു ഗതികേടാണ്. കുഞ്ഞനന്തന്‍നായര്‍ക്ക് വയസ്സുകാലത്ത് ഈ പാര്‍ടിയെ ഇത്രയെങ്കിലും കല്ലെറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. സ്വന്തമായി വാര്‍ത്ത സൃഷ്ടിച്ച്, അത് പാര്‍ടിയുടെ മനുഷ്യത്വനിരാകരണമാണെന്ന് പറഞ്ഞുനടക്കുന്നയാളെ ശിക്ഷിക്കാനൊന്നും ഒരു നിയമത്തിലും വകുപ്പില്ല. താന്‍ കമ്യൂണിസ്റ്റാണ് എന്നുവിളിച്ചുപറയാന്‍ ബ.കു.നാ ഉപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യം, സുധാകരന് വോട്ടുപിടിക്കാന്‍ നടന്ന തട്ടിപ്പുകാരന്‍ കമ്യൂണിസ്റ്റാണോ എന്ന് തിരിച്ചുചോദിക്കുന്ന നാറാത്തെ കമ്യൂണിസ്റ്റുകാര്‍ക്കുമുണ്ട്. ഇങ്ങേര്‍ ഏതുകോത്താഴത്തെ കമ്യൂണിസ്റ്റാണ് എന്ന ചോദ്യം കേട്ടാല്‍ നായര്‍ ഞെട്ടില്ല. അത്രയ്ക്കുണ്ട് തൊലിക്കട്ടി. വലതുപക്ഷ അവസരവാദത്തിന്റെ പെട്ടിയില്‍ ബര്‍ലിനില്‍നിന്ന് ബ.കു.നാ കൊണ്ടുവന്നുകൊടുത്ത പുത്തന്‍കുപ്പായം ചുരുട്ടിക്കൂട്ടി തിരികെയെറിഞ്ഞുകൊടുത്ത പഴയകാല കമ്യൂണിസ്റ്റ് കുഞ്ഞമ്പുവേട്ടന്റെ പാരമ്പര്യം അന്നാട്ടിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ കാര്യം എളുപ്പമായി.

*
സിപിഐ എമ്മിന്റെ സമ്മേളനകാലമായതോടെ മാധ്യമങ്ങള്‍ക്ക് ചാകരക്കോളാണ്. കുഴപ്പം ഉണ്ടെന്ന് വരുത്തുക, ചെറുതിനെ വലുതാക്കുക, വലുതിനെ ചെറുതാക്കുക, അതിന് അനുസൃതമായി നിലപാട് വ്യാഖ്യാനിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളെ രംഗത്തിറക്കുക-ഇതൊക്കെയാണ് നടപ്പുദീനം. തഴമ്പുംകൊണ്ടുനടക്കുന്ന ചിലര്‍ക്കൊരു പ്രത്യേകതയുണ്ട്. തങ്ങള്‍ ഉള്ള കാലത്തെ പാര്‍ടി ഗംഭീരമായിരുന്നു; തങ്ങളെ പുറത്താക്കിയതോടെ എല്ലാംപോയി; പിന്നെ ചെയ്യുന്നതൊക്കെ തെറ്റ്; തങ്ങളുടെ കാലത്തെപോലെ നടപടികള്‍ ഇന്നെടുക്കാന്‍ പാര്‍ടിക്ക് ധാര്‍മികമായി അവകാശമില്ല-ഇതാണ് അവരുടെ കൂട്ടപ്പാട്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം പാര്‍ടിയില്‍ ഉണ്ടാകണമെന്നും പാര്‍ടി കാലത്തിനൊപ്പം മാറുന്നുവെന്നും തിരിച്ചും മറിച്ചും പറയും ഇവര്‍ . ഒരു പടികൂടി കടന്ന് ജനം ആഗ്രഹിക്കുന്നത് ഒരു ജനാധിപത്യപ്രക്രിയ പാര്‍ടിയില്‍ രൂപപ്പെട്ട് വരണം എന്നാണ് പുതിയ വചനം.

ബദല്‍വരും ബദല്‍വരും എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിത്തിരിച്ചവരാരും ബദലുംകൊണ്ടുവന്നില്ല. മാത്രമല്ല കലാപക്കൊടിപിടിച്ച വലിയ നേതാക്കളൊക്കെ പിന്നെപ്പിന്നെ കോണ്‍ഗ്രസായി. കമ്യൂണിസ്റ്റ് പാര്‍ടിയെ ഇതാ, ശരിയാക്കി പരുവപ്പെടുത്തിത്തരാം എന്നുപറഞ്ഞ് സൈദ്ധാന്തികവേഷംകെട്ടി ചാനലില്‍ ബാബാരാംദേവുകളിച്ച വിപ്ലവകേസരികള്‍ക്ക് ഈ സമ്മേളനക്കാലത്തും ആടുമയിലൊട്ടകമാടാം. അവര്‍ക്ക് സ്വന്തമായി ജനങ്ങളെ സേവിക്കാനല്ല-ഈ പാര്‍ടിയെ തകര്‍ത്തുതന്നെ സേവനം നടത്താനാണ് താല്‍പ്പര്യം. സ്വന്തം ജീവിതം പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ഉഴിഞ്ഞുവച്ച നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിത്തന്നെ രാഷ്ട്രീയം കളിക്കാനാണ് താല്‍പ്പര്യം. അതവരുടെ വഴി. ചുവന്ന കൊടി നെഞ്ചോടുചേര്‍ത്തുപിടിച്ച ജനലക്ഷങ്ങള്‍ക്കുള്ളതല്ല ആ വഴി.

*
നിഷ്പക്ഷതയുടെ റോഡ് അവസാനിക്കുന്നത് പ്രസ് അക്കാദമി ചെയര്‍മാന്റെ ഓഫീസിലാണ്. കേരളത്തില്‍ ഇന്ന് ജീവിക്കുന്നതില്‍ കേസരിയും സ്വദേശാഭിമാനിയുമായ ഒരേയൊരു നിഷ്പക്ഷ പത്രപ്രവര്‍ത്തകേന്ദ്രനേയുള്ളൂ. അഭിനവ വക്കം മൗലവിയായ വീരേന്ദ്രകുമാറിന്റെ നിഷ്പക്ഷജിഹ്വയിലെ കോളമിസ്റ്റും നിഷ്കാമ കര്‍മിയും മാറാട് കലാപം അണയ്ക്കാന്‍ വരെ സമാധാനത്തിന്റെ വെള്ളില്‍പറവയായി അവതരിച്ച മഹദ് വ്യക്തിത്വവുമായ സാക്ഷാല്‍ ഇന്ദ്രന്‍ . എഴുതുന്നതൊക്കെ കടുകട്ടിയാണ്. ആരും പറയും-ശരിക്കും നിഷ്പക്ഷമെന്ന്. സിപിഐ എമ്മിനെ തെറിവിളിക്കുമ്പോള്‍ നിഷ്പക്ഷതയ്ക്ക് പല്ലും നഖവും നീണ്ടുവരും. ഇത്രയും വലിയ ശുഷ്കാന്തിക്ക് യുഡിഎഫ് കൂലികൊടുക്കാന്‍ തീരുമാനിച്ചു-അക്കാദമി ചെയര്‍മാന്‍ സ്ഥാനം. ഏറ്റെടുക്കാന്‍ ഒരുങ്ങിക്കെട്ടിയതാണ്. ടിക്കറ്റ് ബുക്കുചെയ്തു. പത്രത്തില്‍ ചിത്രം അച്ചടിച്ചുവരുന്നത് സ്വപ്നവും കണ്ടു. അപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ വെട്ട് വന്നത്. കഴിഞ്ഞവട്ടം യുഡിഎഫ് പ്രസ് അക്കാദമി ചെയര്‍മാന്‍പട്ടം മനോരമയ്ക്കാണ് കൊടുത്തത്; അതുകൊണ്ട് ഇത്തവണ മാതൃഭൂമിക്ക് എന്നായിരുന്നത്രെ അവകാശവാദം. രണ്ടു പത്രങ്ങളുടെയും നിഷ്പക്ഷസേവനത്തിന് യുഡിഎഫ് നല്‍കുന്ന വില എത്രയെന്ന് നോക്കൂ.

സ്ഥാനം വാങ്ങുന്നതിലോ കാറില്‍കയറി വിലസുന്നതിലോ ശതമന്യുവിന് തെല്ലും എതിര്‍പ്പില്ല. അതുംവാങ്ങി ഭുജിച്ച് പിന്നെയും തങ്ങള്‍ നിഷ്പക്ഷരെന്നും യുഡിഎഫും എല്‍ഡിഎഫും തങ്ങള്‍ക്ക് ഒരുപോലെയെന്നും പറയുന്നതാണ് കഷ്ടം. യുഡിഎഫിന്റെ കൂലിയെഴുത്താണ് പണി എന്ന് നേരെ അങ്ങ് സമ്മതിക്കരുതോ? ഏതായാലും അക്കാദമികളുടെ വീതംവയ്പ്പില്‍ യുഡിഎഫ് നല്ല ഐക്യത്തിലാണ്. ആരും മോശമാക്കിയിട്ടില്ല. മാതൃഭൂമിയിലെ തമ്മിലടി തീര്‍ന്നാലേ പ്രസ് അക്കാദമി ചെയര്‍മാന്‍ ആരെന്നറിയൂ എന്നതുമാത്രമാണപവാദം. ക്രൈം നന്ദകുമാറിനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത എന്നു കേള്‍ക്കുന്നു.

Sunday, July 17, 2011

പോക്കറ്റടിക്കാര്‍ സൂക്ഷിക്കട്ടെ

പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും പേടിക്കണം. നമ്മുടെ ലീഗ് നേതാക്കളുടെ മുന്നിലൊന്നും ചെന്നു പെട്ടുപോകരുത്. അഥവാ പെട്ടാല്‍ അപ്പോള്‍തന്നെ പിടിച്ച് ഏതെങ്കിലും സര്‍വകലാശാലയുടെ വൈസ്ചാന്‍സലറാക്കിക്കളയും. അഴീക്കോട് മാഷ് പറഞ്ഞത് വെറുതെയല്ല. അദ്ദേഹത്തിന് ലീഗിനെ ശരിക്ക് മനസിലായിട്ടില്ല. തൊട്ടുനോക്കി മനസിലാക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് അത് തൂണ് പോലെയും ചിലര്‍ക്ക് മുറംപോലെയും വേറെ ചിലര്‍ക്ക് ചൂലു പോലെയും ഇനിയും ചിലര്‍ക്ക് ഏണിപോലെയും തോന്നും. വിദ്യാഭ്യാസമെന്നല്ല ഏതു വകുപ്പും ലീഗ് ഭരിച്ചാല്‍ ഭരും. പാതിമുറിച്ച വകുപ്പുകൊണ്ട് മുനീര്‍ തൃപ്തിപ്പെട്ടു. ഇനി അത്തരമൊന്നു തന്നെ വേണം അഞ്ചാം മന്ത്രിക്കും.

മാണിസാര്‍ പറഞ്ഞുകഴിഞ്ഞു-ലീഗിന് അതു കൊടുക്കുന്നതില്‍ എള്ളോളമില്ല എതിര്‍പ്പെന്ന്. കുഞ്ഞാലിക്കുട്ടി ആദ്യം ചെന്ന് സമ്മതിച്ചത്, അഞ്ചാം മന്ത്രി വേണമെന്നില്ല കൊടുത്തുകൊള്ളൂ ചീഫ് വിപ്പ് സ്ഥാനം മാണിസാറിന് എന്നാണ്. അക്കാര്യം പാണക്കാട്ടുവരെ പോയി തങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തിയാല്‍മതി എന്നും ശട്ടംകെട്ടി. അതിനനുസരിച്ച് ഉമ്മന്‍ചാണ്ടി വേഷം കെട്ടി. അഹമ്മദ് സാഹിബിനെ കുപ്പായമിടീച്ചതും ആ കുപ്പായം അഴിപ്പിച്ചതും കുഞ്ഞാലിക്കുട്ടിതന്നെ. ഇനിയിപ്പോള്‍ മാണിസാറിന്റെ ഊഴമായി. ഇപ്പോള്‍ എല്ലാം ഇങ്ങനെയാണ്. രണ്ടു കാലിലും മന്തുള്ളവര്‍ക്ക് ഒറ്റക്കാല്‍മന്തനെ മന്താ എന്നു നീട്ടി വിളിക്കാന്‍ അവകാശമുണ്ട്. മന്തന്‍മാരുടെ പരസ്പര സഹായ സംഘവും നിലവിലുണ്ട്. ലീഗിനെ ആപത്തുകാലത്ത് സഹായിക്കേണ്ട ചുമതല മാണിക്കുതന്നെ. വി ഡി സതീശനെയും ടി എന്‍ പ്രതാപനെയും തേറമ്പിലിനെയും ചേരിചേരാ മുരളിയെയും ഇരുത്തിക്കൊണ്ടുതന്നെ മഞ്ഞളാംകുഴി അലിക്ക് അഞ്ചാംമന്ത്രിയാകണം. ഉമ്മന്‍ചാണ്ടിക്ക് ഭരിക്കണമെങ്കില്‍ മാണി എന്ന ഊന്നുവടിയും കുഞ്ഞാലിക്കുട്ടി എന്ന താങ്ങുംതന്നെ വേണം. മടങ്ങും-നട്ടെല്ല് എത്രയും.

കോണ്‍ഗ്രസുകാര്‍ കര്‍ക്കടകക്കഞ്ഞി കുടിക്കട്ടെ. ലീഗിന്റെ അഹന്തയാണ് അഹന്ത. ഒരുഭാഗത്ത് ഉമ്മന്‍ചാണ്ടിയെ "ക്ഷ" വരപ്പിക്കും. ചെന്നിത്തലയെ മിണ്ടാപ്രാണിയാക്കും. അതുംപോരാഞ്ഞ് വഴിപോക്കരെ വിളിച്ച് വൈസ് ചാന്‍സലര്‍ സ്ഥാനത്തിരുത്തും. കോഴിക്കോട്ടെ ലീഗ്ഹൗസില്‍ ബിരിയാണിവച്ചിരുന്ന പണ്ഡിതന്‍ ഇന്ന് ഏതു സ്ഥാനത്താണിരിക്കുന്നതെന്ന് മുനീറിനോട് സ്വകാര്യം ചോദിച്ചാല്‍ പറഞ്ഞുതരും. കോഴിക്കോട് സര്‍വകലാശാലയുടെ വിസിയായി ഒരു സ്കൂള്‍ മാഷ് വന്നാല്‍ എന്താണ് കുഴപ്പം? വേങ്ങരയില്‍ കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ഉമ്മന്‍ചാണ്ടിയെ ഭരിക്കാനുള്ളതാണ്. വാപ്പാന്റെ സ്കൂളില്‍ മാഷായതും പിഎസ്സി അംഗമായതും പേരിനുമുന്നില്‍ ഡോക്ടര്‍ എന്നുവയ്ക്കാനുള്ള അവകാശം നേടിയതുംതന്നെ മുന്തിയ യോഗ്യത. ആ പേര് ഉമ്മന്‍ചാണ്ടിക്ക് വെട്ടാനുമാകില്ല; ഗവര്‍ണര്‍ക്ക് തള്ളാനുമാകില്ല. എന്ത് യുജിസി; ഏത് മാനദണ്ഡം. ദണ്ഡിക്കേണ്ടത് യുഡിഎഫിനെ വിശ്വസിച്ചുപോയ അക്ഷരാഭ്യാസമുള്ള പണ്ഡിതന്‍മാരാണ്. വഴിപോക്കരെ ആകെ പരിഗണിച്ചശേഷം അവര്‍ക്ക് ഇലയിടുന്നതാണ്. ഇനി അതിനുമുമ്പ് വേണമെന്നുണ്ടെങ്കില്‍ ആദ്യം പോയി പൂഞ്ഞാറിലെ സ്പെഷ്യല്‍ സ്കൂളില്‍ പഠിക്കണം. പാരവയ്പ്, പാലംവലി, ചെളിയില്‍വീഴ്ത്തല്‍ , കാറിത്തുപ്പല്‍ , ഭീഷണി, ബ്ലാക്ക്മെയില്‍ തുടങ്ങിയ സുകുമാരകലകള്‍ അവിടെ പഠിപ്പിക്കും. അതില്‍ ഡോക്ടറേറ്റെടുത്താല്‍ ചുരുങ്ങിയത് ചീഫ് വിപ്പെങ്കിലും ആകാം. ആയാല്‍ ദിനംപ്രതി പത്രസമ്മേളനം നടത്താം. ഭൂമിയിലെ ഏതുകാര്യത്തെക്കുറിച്ചും അഭിപ്രായവും പ്രസ്താവനയും ഫ്രീ ആണ്. ഒരയല മുറിച്ചാല്‍ എത്ര കഷണം കിട്ടും എന്നുമാത്രം ചോദിക്കരുത്. ഉത്തരം താങ്ങാനാവില്ല. ചീഫ് വിപ്പിന് സാംസ്കാരിക വകുപ്പുംകൂടി ലഭിക്കുന്ന മധുരമനോജ്ഞ കാലത്തെക്കുറിച്ച് നമുക്കാലോചിക്കാം.

തൊടുപുഴയില്‍ കര്‍ക്കടകം വരുംമുമ്പുതന്നെ മലവെള്ളം കയറിയ മട്ടാണ്. വളരെ വൈകിയാണെങ്കിലും പി ജെ ജോസഫിന്റെ പാട്ട് പലരും അവിടെ കേട്ടുതുടങ്ങി. പുതിയ വിവാദം മാധ്യമങ്ങള്‍ വാര്‍ത്തക്കെടുത്തു. ഒരു&ലരശൃര; ദിവസം മുഴുവന്‍ മിക്ക ചാനലിലും പി സി ജോര്‍ജിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തയും ചര്‍ച്ചയും വന്നു. പക്ഷേ, എങ്ങും ആവേശമില്ല. ചര്‍ച്ച കത്തിക്കയറ്റാന്‍ എഡിറ്റര്‍മാര്‍ക്ക് ധൈര്യംപോരാ. പുത്തന്‍ചാനലിലെ ചര്‍ച്ചയില്‍ ചില ചോദ്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഒരു വെടിയുണ്ട വിവാദം ഒരു മാസം ചര്‍ച്ചിച്ച സെലിബ്രിറ്റിക്ക് തൊണ്ടയില്‍ കിച്കിച്. തിരുവനന്തപുരത്തു നിന്ന് പോകുമ്പോള്‍ പിണറായിയുടെ കൈയില്‍ വെടിയുണ്ട ഇല്ല; ആരെങ്കിലും ചെന്നൈയില്‍ വച്ച് കൈമാറിയതാണോ അത് എന്നുവരെ അന്ന് ചോദിച്ചതാണ്. ഇന്ന് എസ്എംഎസില്‍ എന്താണുള്ളത് എന്ന ചോദ്യമില്ല; പി സി ജോര്‍ജും പി ജെ ജോസഫും തമ്മിലെന്താണ് ശത്രുത എന്ന അന്വേഷണമില്ല; തൊപ്പിയിട്ട വിദൂഷകനെക്കുറിച്ച് ആവലാതി തീരെയില്ല.

സംഭവം വളരെ സിമ്പിളാണ്. ഒരു സ്ത്രീക്ക് കുറെ ബ്ലാങ്ക് എസ്എംഎസ് വന്നു എന്ന് പറഞ്ഞ് അവര്‍ കോടതിയില്‍ കേസ് കൊടുത്തു. 24ന് മന്ത്രിയാകാന്‍ പോകുന്ന പി ജെ ജോസഫിനെതിരെ 21ന് പൊട്ടിച്ച കേസ് ബോംബ്! പരാതിക്കാരിക്ക് കൂട്ടുനിന്നത് വലിയ വലിയ കേസുകള്‍ നടത്തി പ്രസിദ്ധനായ അഴിമതിവിരുദ്ധ പോരാട്ട വീരനായകന്‍ ക്രൈം നന്ദകുമാര്‍ . ജോസഫിന് മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പകരം മന്ത്രിയായി ക്രൈം നന്ദകുമാറിനെ മാണിസാര്‍ നിശ്ചയിക്കില്ല-എംഎല്‍എ അല്ലല്ലോ. ജോസഫ് മാറിയാല്‍ ജോര്‍ജ് വരും. അതിനാണ് പണ്ടുള്ളവര്‍ ഭീമ-കീചക ന്യായം എന്നു പറഞ്ഞത്. ക്രൈംകുമാറും ജോര്‍ജും തമ്മിലെ ബന്ധം അറിയാത്ത മാധ്യമപ്രവര്‍ത്തകരില്ല. എന്നിട്ടും ആരും അത് പറയുന്നില്ല. ഒരു മന്ത്രിയും ചീഫ് വിപ്പും ഉള്‍പ്പെട്ട കേസ് കേസായി അവര്‍ക്ക് തോന്നിയില്ല. അനന്തരം പരാതിക്കാരി കാലുമാറി. ഭര്‍ത്താവെന്ന് പരാതിയില്‍ പറഞ്ഞ ആള്‍ ഒരുകൊല്ലമായി തന്നെ പീഡിപ്പിക്കുന്ന കശ്മലനാണെന്ന് അവര്‍ സങ്കടം പറഞ്ഞു. ആ കശ്മലന്‍ ഒരു കശ്മലിയെയും കൂട്ടി നാടുവിട്ടപ്പോള്‍ ഇനിയെനിക്കാരുണ്ട് എന്ന വിലാപം കോടതിയിലെത്തി. ആ കേസില്‍ കശ്മലന്‍ അകത്തായപ്പോഴാണ് ചാക്കിലെ പൂച്ച തല പുറത്തിട്ടത്. ജോര്‍ജും നന്ദകുമാറുമാണ് കളി കളിപ്പിച്ചതെന്ന് കശ്മലവാക്യം. സാധാരണ നിലയില്‍ അതുമതി. മാന്യതയും മര്യാദയുമുള്ള പാര്‍ടിയാണെങ്കില്‍ ചതിക്കുത്തരം മുറിപ്പത്തലായി അപ്പോള്‍ കിട്ടും. ഇവിടെ ചതിയന്‍മാര്‍ പിന്നെയും മുക്രയിടുകയാണ്. മാധ്യമത്തമ്പുരാക്കന്മാര്‍ അരയില്‍ മുണ്ടുംകെട്ടി ഓച്ഛാനിച്ച് നില്‍ക്കുന്നു. നന്ദകുമാര്‍ -ജോര്‍ജ് ബന്ധം മിണ്ടിപ്പോയാല്‍ വാതപ്പനി വരുമല്ലോ. ഇവര്‍ക്ക് പേടി ജോര്‍ജിനെയോ അതോ ജോര്‍ജിനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ "അനുഭവിക്കും" എന്ന ക്രൈംകുമാറിന്റെ ഭീഷണിയെയോ? പേടിച്ച് വിറച്ചോ നമ്മുടെ സെലിബ്രിറ്റി അവതാരങ്ങള്‍ ?

*
ഒരുകണക്കിന് പേടിക്കേണ്ടതുതന്നെ. ആക്രമിക്കാന്‍ പ്രത്യേക കാരണമൊന്നും വേണ്ട. വി എസിനെയും അദ്ദേഹത്തോടടുപ്പമുള്ളവരെയും ആക്രമിക്കുന്നത് യുഡിഎഫിന്റെ പുതിയ പതിവായിട്ടുണ്ട്. എന്തേ വി എസിന്റെ മക്കള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ചുള്ള സ്ഥാനങ്ങളില്‍ എത്തിക്കൂടേ? അര്‍ഹമായ പ്രതിഫലം പറ്റിക്കൂടേ? ഭരണം യുഡിഎഫിന്റെ കൈയിലാണല്ലോ. അന്വേഷണത്തെ ആരും ഭയപ്പെടുന്നുമില്ല. പിന്നെന്തിന് ഈ അപവാദ പ്രചാരണം? എന്തും പറയാമെന്നു വരുന്നത് മഹാമോശം. വി എസിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പി സി ജോര്‍ജ് ഇറക്കിയ പ്രസ്താവന മോശാല്‍ മോശതരം. അഡി. പ്രൈവറ്റ് സെക്രട്ടറിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് സഹായത്തിനും പഠനസാധ്യത നോക്കാനുമായി പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ അവളുടെ രക്ഷിതാക്കള്‍ കൊണ്ടുവിട്ടു. കൊണ്ടുവിട്ടയാള്‍ പോയതിന് പിന്നാലെ ആരോടും പറയാതെ അവളും പെട്ടിയുമായി ഇറങ്ങി. റെയില്‍വേസ്റ്റേഷനില്‍ ഒരു ചെറുപ്പക്കാരനോട് തീവണ്ടിസമയം ചോദിച്ചു; പരിചയപ്പെട്ടു; അടുത്തു; കന്യാകുമാരിയിലേക്ക് പോയി. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞആ പെണ്‍കുട്ടി പിന്നീട് പിടിയിലായി; ചെറുപ്പക്കാരനെയും പിടിച്ചു; റിമാന്‍ഡ് ചെയ്തു. ഇതിലൊന്നും അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ കുറ്റം വരുന്നില്ല. അദ്ദേഹമാണ് പെണ്‍കുട്ടി പോയതിനെക്കുറിച്ച് മ്യൂസിയം പൊലീസില്‍ പരാതി കൊടുത്തതുതന്നെ. പി സി ജോര്‍ജിന് പക്ഷേ അഡി. പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കണം. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോര്‍ജ് വക പരാതി ചെല്ലുന്നു; അത് വാര്‍ത്തയാകുന്നു. പ്രശ്നം ബാലവേലയാണത്രേ. പതിനാലു വയസ്സില്‍ തഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കരുത് എന്നാണ് ഇന്നാട്ടിലെ നിയമം. അതാണ് ഭരണ ഘടനയിലുള്ളത്. ജോര്‍ജ് ഇന്നാട്ടുകാരനല്ലേ ആവോ. സ്വന്തം സഹപ്രവര്‍ത്തകനായ പി ജെ ജോസഫിനെ കുടുക്കാന്‍ നടത്തിയ കഥകള്‍ കേട്ടപ്പോള്‍ , ഇതൊന്നും കഥയേ അല്ല. ഇതിനെ പുര കത്തുമ്പോഴുള്ള വാഴവെട്ടല്‍ എന്നും വിളിക്കും. വിഷമസന്ധിയില്‍ പെടുന്നയാളെ പിന്നില്‍നിന്ന് കുത്തിവീഴ്ത്താനുള്ള ഈ മാനസികാവസ്ഥയ്ക്ക് മരുന്നില്ല. ജോര്‍ജ് അങ്ങനെയൊക്കെയാണ്. ഇപ്പോള്‍ ഏതുവിധേനയും ഒരുകേസ് തട്ടിക്കൂട്ടാന്‍ പൊലീസില്‍ സമ്മര്‍ദിച്ചുകൊണ്ടിരിക്കയാണത്രെ. ഇതെന്തൊരു ലോകം? യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ ഔന്നത്യം നമ്മെ കോള്‍മയിര്‍ കൊള്ളിക്കട്ടെ.

Sunday, July 10, 2011

പാദുകങ്ങള്‍ ഭരിക്കട്ടെ

"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ എഴുതിയ ഒരു വാചകം ഇങ്ങനെ "പെന്‍ഷന്‍ കുടിശ്ശിക വരുത്തിയില്ലെന്നും കരാറുകാരുടെ കടം വീട്ടിയെന്നും ട്രഷറി ഒറ്റദിവസം പോലും അടച്ചുപൂട്ടിയില്ലെന്നുമൊക്കെ വിദഗ്ധ ധനമാനേജ്മെന്റിന്റെ സാക്ഷ്യപത്രങ്ങളായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അവകാശപ്പെടുന്നു". അത്ഭുതം. ഐസക്കിന്റേത് അവകാശവാദം മാത്രമാണത്രേ.

ട്രഷറി പൂട്ടിയോ പെന്‍ഷന്‍ കുടിശ്ശിക വന്നോ എന്നൊന്നും മനോരമയ്ക്ക് അറിയില്ല. അത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അവര്‍ക്ക് കെല്‍പ്പുമില്ല. പക്ഷേ, അവരുടെ കണ്ണില്‍ മാണിയുടെ ബജറ്റ് "ശരിയായ ദിശയിലുള്ള തുടക്ക"മാണ്. സാമ്പത്തിക അച്ചടക്കവും ദൂരക്കാഴ്ചയും തെളിയുന്നതുമാണ്. പണ്ട് മാണി ഒരു കമ്മിയുമല്ല-മിച്ചവുമല്ല എന്ന "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രക്ഷിക്കാന്‍ മനോരമ പോലുമുണ്ടായിരുന്നില്ല. പണം മാത്രം കൊടുത്താല്‍ പോരാ സ്നേഹവും കൊടുക്കണമെന്ന് മാതൃഭൂമി ഓര്‍മിപ്പിച്ചതിന്റെ പൊരുള്‍ ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ എന്തുപറയാന്‍! കെ എം എന്നതിനെക്കുറിച്ച് കോട്ടയം-മലപ്പുറം എന്ന് ആദ്യം പറഞ്ഞതും മാതൃഭൂമിയാണ്. പിന്നീടേ മറ്റുള്ളവര്‍ ഏറ്റുപിടിച്ചിട്ടുള്ളൂ.

*
മാണിസാര്‍ പണ്ടേ ഒരു തിരുത്തല്‍വാദിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തം വരെ തിരുത്തിയെഴുതാന്‍ ധീരത കാട്ടിയ ആ കര്‍മകൗശലത്തിന് തോമസ് ഐസക്കിന്റെ ഒരു ബജറ്റ് തിരുത്തുന്നത് എത്രയോ നിസ്സാരം. ഐസക്കിന് എന്തൊക്കെ നോക്കണം. മര്‍മം അറിയാവുന്നവന് പശുവിനെ അടിക്കാന്‍ പ്രയാസമാകും. മാണിസാറിന് ഒരു പെരിസ്ട്രോയിക്കന്‍ - അധ്വാനവര്‍ഗ സിദ്ധാന്ത പ്രയോഗം നടത്തിയാല്‍ മതി. പാലായില്‍ നിന്നു പുറപ്പെട്ടാല്‍ ബസ് കോട്ടയത്ത് ഒന്നുനിര്‍ത്തും. അടുത്ത സ്റ്റോപ്പ് മലപ്പുറത്തു മാത്രമാണ്. ഇടയ്ക്ക് ബെന്നി ബെഹനാനോ ചെന്നിത്തലയോ ടി എന്‍ പ്രതാപനോ കൈകാട്ടിയാല്‍ ആ വണ്ടി നില്‍ക്കില്ല. ബ്രേക്ക് മാണിസാറിന്റെ കൈയിലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ വണ്ടിയില്‍ കയറി ഇരിക്കാം-ഒച്ച വയ്ക്കരുത്.

മാണിസാര്‍ നിസ്സാരക്കാരനല്ല-ഒന്‍പതു സീറ്റ് കൈയിലുണ്ട്. മാണി-ലീഗ് സംബന്ധം ഇങ്ങനെയങ്ങുറച്ചാല്‍ മുഖ്യമന്ത്രിക്ക് മുടിയും പറപ്പിച്ച് വെറുതേ നടക്കാം. ഭരണം പാലായില്‍നിന്ന് മലപ്പുറത്തേക്കും തിരിച്ചും സഞ്ചരിച്ചുകൊണ്ടിരിക്കും. അര്‍ഹതയുള്ളതേ ലഭിക്കുന്നുള്ളൂ; അതിനെ അസന്തുലിതാവസ്ഥ എന്നുവിളിക്കരുത് എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വിനയം.

സാഹിബിന് അര്‍ഹതയുള്ളത് ഇപ്പോഴെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. മലപ്പുറത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു സൈക്കിള്‍ പോലും ഓടാത്തതാണ് യൂത്ത് ലീഗിലെ ഏകസ്ഥാനക്കാരനായ എംഎല്‍എ ഷാജിയുടെ പരിഭവം. ഷാജിയും പറയുന്നു ബജറ്റ് അസന്തുലിതമാണെന്ന്. പ്രതിപക്ഷത്തിന് പണി കുറഞ്ഞു. ഇത്രയും വരെയുള്ള നടപ്പുവശം നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് രണ്ട് പ്രതിപക്ഷനേതാക്കന്മാരെ കാണേണ്ടിവരും. ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ കുപ്പായം ഇട്ട് ശീലിച്ചുതുടങ്ങിയിട്ടുണ്ട്.

സ്വന്തം പാര്‍ടിക്കെതിരെയാകുമ്പോള്‍ ചെന്നിത്തലയ്ക്ക് നല്ല മാര്‍ക്കറ്റ് കിട്ടും. ഉമ്മന്‍ചാണ്ടി പണ്ട് ചെയ്തത് ഇന്ന് ചെന്നിത്തല ചെയ്യുന്നു. വന്നുവന്ന് ഇത്തരം തുരപ്പന്‍ പരിപാടികള്‍ക്ക് ഐഎസ്ഐ മുദ്ര കൊടുക്കുന്ന ഏര്‍പ്പാടും തുടങ്ങിയിട്ടുണ്ട്. പാരവയ്ക്കുന്നവരും പാലം വലിക്കുന്നവരും ഇനി മഹാന്മാരുടെ ഗണത്തിലത്രേ.

*
ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായ ഇണ്ടലുംകൊണ്ടാണ് ലീഗില്‍ പലരും നടക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനമെന്നായിരുന്നു തത്വം. ഇപ്പോള്‍ ഒരു സ്ഥാനം രണ്ടുപേര്‍ക്കെന്നായി. കുഞ്ഞാലിക്കുട്ടി "ഒന്നൊന്നര"കുട്ടിയാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. പുലി എന്നല്ല-പുപ്പുലി എന്നാണദ്ദേഹത്തെ അനുയായികള്‍ വിളിക്കുന്നത്. പഴയ മല്ലന്മാരെക്കുറിച്ചു പറയുമ്പോള്‍ നാലാള്‍ക്കൊത്ത ശരീരം എന്നൊക്കെ വര്‍ണിക്കാറുണ്ട്. ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അങ്ങനെ കാണുകയാണ്. രണ്ടാള്‍ക്കൊത്ത കുട്ടിയാണ് ഇന്ന് കുഞ്ഞാലിക്കുട്ടി. ഒരു കെ പി എ മജീദും ഒരു ഇ ടി മുഹമ്മദ് ബഷീറും സമാസമം ചേര്‍ന്നാലേ കുഞ്ഞാലിക്കുട്ടിക്കൊപ്പം എത്തൂ എന്നാണ് പാണക്കാട്ടെ തങ്ങള്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പാദുകങ്ങള്‍ കസേരയില്‍ വച്ച് ഇനി കെ പി എ മജീദ് പാര്‍ടിയെ ഭരിക്കും. പണ്ട് ഇബ്രാഹിംകുഞ്ഞ് വ്യവസായവകുപ്പു ഭരിച്ചതും അങ്ങനെയാണ്. ഇ ടി മുഹമ്മദ് ബഷീറിന് പൊതുകാര്യത്തിന്റെ ചുമതലയാണ്. സംഘടനയെ തൊടാന്‍ പാടില്ല. സൂര്യനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാം-അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. ഒരാള്‍ക്ക് ഒരുസ്ഥാനമെന്നത് ആര്‍ക്കും പറയാവുന്ന തത്വം തന്നെ-പക്ഷേ എല്ലാവര്‍ക്കും ബാധകമാകില്ല. അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രമന്ത്രിയാകാം. അതിലും തൃപ്തിവരാതെ ക്യാബിനറ്റ് പദവി കിട്ടാന്‍ ഉറക്കമിളയ്ക്കാം. അഖിലേന്ത്യാ പ്രസിഡന്റ് പദം ഒരു സ്ഥാനമായി ആരും കാണുന്നില്ല. അതല്ല, കേരളത്തിലെ വ്യവസായമന്ത്രിയെപ്പോലെ ചുമതലാബോധം കേന്ദ്ര സഹമന്ത്രിക്ക് വേണ്ടതില്ല എന്നതുകൊണ്ടാണ് അഹമ്മദ് സാഹിബിന് രണ്ടു സ്ഥാനം കിട്ടുന്നതെന്ന ശ്രുതിയുമുണ്ട്.

മലപ്പുറമാണ് ജില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിച്ചെടുക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അങ്ങനെ വരുമ്പോള്‍ എംപിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല. ഇ ടി മുഹമ്മദ് ബഷീറിനും ഒരേസമയം രണ്ടുസ്ഥാനം കിട്ടിയാല്‍ കുഴപ്പമില്ലെന്ന് അര്‍ഥം. ഇതൊക്കെ അതത് സമയത്ത് സൗകര്യത്തിനുവേണ്ടിയുള്ള തത്വങ്ങളാണ്. ആരോ പറഞ്ഞുകേട്ടു രണ്ട് ജനറല്‍സെക്രട്ടറിസ്ഥാനം ലീഗിന്റെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന്. ഒരു ബിരിയാണി സദ്യയിലൂടെ മാറ്റാനാകുന്നതേയുള്ളൂ ആ ഭരണഘടനയും. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റും അതിനേക്കാള്‍ വലിയ ജനറല്‍സെക്രട്ടറിയുമായിരുന്നു ഇന്നലെവരെ ആ പാര്‍ടിക്ക്. ഇപ്പോള്‍ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ വന്നു. രണ്ടുപേര്‍ക്കും അധികാരമില്ല. പകരം അധികാരമാകെ കുഞ്ഞാലിക്കുട്ടിയില്‍ . ഇന്ത്യന്‍ കുഞ്ഞാലിക്കുട്ടിലീഗ് എന്ന് പേരുമാറ്റിയാലും കുഴപ്പം വരാനില്ല. മുനീറിന്റെ ശല്യം തീരെ ഉണ്ടാകില്ല. മന്ത്രിയായപ്പോള്‍ അത് പഞ്ചായത്തായല്ലോ.

*

ശ്രീപത്മനാഭന്‍ കിടന്നിടത്തുനിന്ന് എണീക്കാത്തത് വെറുതെയല്ല. അത്രയധികം പൊന്നും രത്നവുമൊക്കെയാണല്ലോ സൂക്ഷിച്ചുവച്ച് കാവല്‍ കിടക്കുന്നത്. പുതിയ കാലത്ത് ഒന്നു കണ്ണുചിമ്മാന്‍പോലും അവസരം കിട്ടി എന്നുവരില്ല. എപ്പോഴാണ് കവര്‍ച്ചക്കാര്‍ വരുന്നത് എന്ന് തിട്ടവുമില്ല. ഏലത്തോട്ടം മുതലാളി ജ്വല്ലറി കവര്‍ച്ചചെയ്ത് കടംതീര്‍ക്കാന്‍ പോകുന്ന കാലമാണ്. പിന്നെങ്ങനെ ശ്രീപത്മനാഭന് സ്വസ്ഥത കിട്ടും. നിലവറകളില്‍ കണ്ടതും കാണാനിരിക്കുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പത്മനാഭനു സമര്‍പ്പിച്ച കാണിക്ക. നിലവറ ഓരോന്നായി തുറക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ മാത്രമല്ല, ലോകത്തുള്ള സകലരും അത്ഭുതംകൊണ്ടു. അമൂല്യനിധിയെന്നും അപൂര്‍വശേഖരമെന്നും അതുല്യാനുഭവമെന്നും വ്യാഖ്യാനമുണ്ടായി. രാജകുടുംബം സ്വത്ത് ചെലവാക്കാതെ സൂക്ഷിച്ചുവച്ചതിനെ പലരും പ്രകീര്‍ത്തിച്ചു. കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ , എന്തിനും വേണമല്ലോ ഒരു താരതമ്യം. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഇത്രയുംകാലം ഭരിച്ചും കരംപിരിച്ചും വിദേശികളില്‍നിന്ന് സമ്മാനം വാങ്ങിയുമൊക്കെ ഇത്രയേ ഉണ്ടാക്കാനായിട്ടുള്ളൂ.

നൂറ്റാണ്ടുകള്‍കൊണ്ടുണ്ടാക്കിയത് കുറെ ശരപ്പൊളി മാലയും രത്നങ്ങളും പൊന്നും വെള്ളിയും. എല്ലാം ചേര്‍ത്താല്‍ ലക്ഷം കോടിയില്‍ എത്തുന്നില്ല. എ രാജ, ദയാനിധിമാരന്‍ , പി ചിദംബരം, കനിമൊഴി തുടങ്ങിയ പ്രതിഭകളൊന്നും അക്കാലത്ത് ജീവിച്ചിരുന്നില്ലെന്നര്‍ഥം. 2ജി സ്പെക്ട്രം എന്ന ഒറ്റ ഇടപാടില്‍ അവരുണ്ടാക്കിയത് 1.76 ലക്ഷം കോടിരൂപയാണ്. അത് ഏതൊക്കെ നിലവറയിലാണ് സൂക്ഷിച്ചുവച്ചതെന്ന് കണ്ടെത്താന്‍പോലും ആര്‍ക്കും കഴിയുന്നുമില്ല. കഷ്ടപ്പെട്ട് ഇവിടെ നിലവറ തുറന്നപ്പോള്‍ കണ്ടത് അതിന്റെ പകുതിയോളമാണ്. ഏതാണ് മിടുക്ക്?

*
നാഗാലാന്‍ഡില്‍ പട്ടിസൂപ്പ് കഴിക്കേണ്ടിവരുന്നതു ഭയന്ന് കെ ശങ്കരനാരായണന്‍ സസ്യഭുക്കായി. കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടിവരുമെന്നു ഭയന്നാണ് അദ്ദേഹം ഗവര്‍ണറായത്. ഇത്തരത്തിലൊരു ബുദ്ധി ചെന്നിത്തലയുടെ തലയില്‍ ഉദിച്ചെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറക്കം സ്വസ്ഥമായേനെ.

Sunday, July 3, 2011

ഗാന്ധിക്ക് മാറാം; ബാറിന് മാറാന്‍ പറ്റുമോ?

എക്സൈസ് മന്ത്രിയുടെ നാട്ടില്‍ ഗാന്ധിപ്രതിമയ്ക്കടുത്തുതന്നെ ബാര്‍ വേണമെന്ന് ചില ചങ്ങാതിമാര്‍ക്ക് നിര്‍ബന്ധം. ഗാന്ധിജി "റാം, റാം" എന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലേ-നമുക്ക് "റം, റം" എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ലേ എന്നാണ് ചോദ്യം. അങ്ങനെ ഗാന്ധി സ്ക്വയര്‍ ജങ്ഷനില്‍ പെഗ്, പൈന്റ്, ബ്രാണ്ടി, റം തുടങ്ങിയ പദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാനുള്ള മഹത്തായ അവസരമൊരുങ്ങി. വലിയ കെട്ടിടം ഉയര്‍ന്നു. ഇതു ശരിയല്ല എന്നും ഗാന്ധിജിക്കുമുന്നില്‍ മദ്യവില്‍പ്പന വേണ്ടെന്നുമായി ഖദറിനുള്ളില്‍ ഗാന്ധിജിയെ കൊണ്ടുനടക്കുന്ന ചിലര്‍ . പരാതി മന്ത്രിക്കുമുന്നിലെത്തി. ഹെന്ത്, അത്രയ്ക്ക് ധിക്കാരമോ എങ്കില്‍ ഗാന്ധിപ്രതിമ തൊട്ടടുത്ത ജങ്ഷനിലേക്ക് മാറ്റാമെന്ന് മന്ത്രി. വല്ല ഗതാഗതക്കുരുക്കിന്റെയോ മറ്റോ കാരണം പറഞ്ഞ് ഗാന്ധിയുടെ വെങ്കലപ്രതിമ അടുത്ത ജങ്ഷനിലേക്ക് പോകട്ടെ എന്ന് കല്‍പ്പനയിറങ്ങി.
ബിവറേജ് ഷോപ്പുമാത്രമല്ല; ഗാന്ധിപ്രതിമകൂടി മാറ്റി മദ്യവില്‍പ്പന മര്യാദയുള്ളതാക്കിത്തീര്‍ക്കാന്‍ മന്ത്രി കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. അടിവസ്ത്രത്തില്‍ സരസ്വതീ ദേവിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് വയ്ക്കുന്ന കാലമാണ്. ഇനി ഗാന്ധിജിയുടെ പേരില്‍ ബിവ്റേജസ് കോര്‍പറേഷന്റെ പുതിയ ബ്രാന്‍ഡ് എക്സൈസ് മന്ത്രി പുറത്തിറക്കുന്ന കാഴ്ചകൂടി ഉണ്ടായാല്‍ മതി-മോഹന്‍ ദാസ് കരംചന്ദിന് തൃപ്തിയാകും. ആരാണ് ഈ മോഹന്‍ദാസെന്ന് മനസിലാക്കാന്‍ എക്സൈസ് മന്ത്രി വേറെ പണിയെടുക്കട്ടെ. ഗാന്ധി സ്ക്വയറിന് ബാര്‍സ്ക്വയര്‍ എന്ന പേരുകൂടിയിട്ടാല്‍ ബഹുകേമമാകും. ഗാന്ധിപ്രതിമ പറിച്ചുമാറ്റി കള്ളുകച്ചവടക്കാരെ സേവിക്കുന്നതുമാത്രമല്ല യുഡിഎഫിന്റെ വിശേഷം.

അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടി മുസ്ലിം ലീഗ് യാചിക്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. യാചിക്കേണ്ടതില്ല-കരഞ്ഞു കാലുപിടിച്ചാല്‍ മതി. ഒരു സുപ്രഭാതത്തില്‍ വിപ്ലവം ലീഗിന്‍കുഴലിലൂടെ എന്നു കരുതി ഏണികയറിയെത്തിയ മഞ്ഞളാംകുഴി അലിക്കുവേണ്ടി കരഞ്ഞാലും കാലുപിടിച്ചാലും നഷ്ടമില്ല. ലാഭം ചെറുതൊന്നുമല്ല. അബ്ദുറബ്ബിനെ മാറ്റി അലിയെ വിദ്യാഭ്യാസമന്ത്രിയാക്കിയാലും ഇരുപത്തൊന്നാം മന്ത്രിയായി അലിയെ വാഴിച്ച് ഉന്നതവിദ്യാഭ്യാസം തീറെഴുതിക്കൊടുത്താലും ആരും അത്ഭുതപ്പെട്ട് "എന്റെ റബ്ബേ" എന്നു വിളിക്കില്ല. പണത്തിനുമുകളില്‍ ഒരു പരുന്തും ലീഗില്‍ ഇന്നുവരെ പറന്നിട്ടില്ല. ദയാലു അമ്മാളിന് അറുനൂറു കോടി പെട്ടിയിലാക്കി കൊണ്ടുകൊടുത്താണ് മാരന്‍ ദയാനിധിയായി കേന്ദ്രമന്ത്രിസ്ഥാനം നേടിയത്. ഇവിടെ അത്രയൊന്നും വരില്ല. ഇനി എത്രവരെ വന്നു എന്ന് അളക്കാന്‍ നീര റാഡിയ ടേപ്പോ റൗഫിന്റെ ചാരക്യാമറയോ ഇല്ല. എല്ലാം കുട്ടിയും ചാണ്ടിയും തമ്മിലുള്ള കളിയാണ്. ചെന്നിത്തലയുടെ കുബുദ്ധിയൊന്നും വിലപ്പോകാത്തിടത്തേക്ക് ചാണ്ടി വളര്‍ന്നുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടം എന്താണ്-ഇരുപത്തൊന്നാം മന്ത്രിയോ അഹമ്മദ് സാഹിബിനെ ഇരുത്താനുള്ള സ്വതന്ത്ര പദവിയോ-അതാണ് നടക്കുക. തല്‍ക്കാലം ഇവിടത്തെ സ്വാതന്ത്ര്യത്തിന് അഹമ്മദ് സാഹിബിനെ അവിടെ തളയ്ക്കണം.

അതുകഴിഞ്ഞ് അലിയുമായുള്ള കണക്ക് തീര്‍ക്കണം. രണ്ടും നടത്തിയെടുക്കുമ്പോഴേ ചെന്നിത്തലയ്ക്ക് കാര്യം മനസിലാകൂ. അപ്പോഴേക്കും മണ്ണും ചാരിനിന്നവന്റെ മണിയറയിലേക്ക് പെണ്ണ് വലതുകാല്‍വച്ച് കയറിയിട്ടുണ്ടാകും. എംഎല്‍എ സ്ഥാനവും കെപിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചു വഹിക്കാമോ എന്ന ചര്‍ച്ചയാകും അന്ന് നടക്കുക. അധികാരം എല്ലാറ്റിനും ഒറ്റമൂലിയാണ്. മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായുമൊക്കെയേ കോണ്‍ഗ്രസില്‍ വിലസാന്‍ കഴിയൂ. പണ്ടത്തെ മന്ത്രിപദമാണ് ചെന്നിത്തലയുടെ ഇന്നത്തെ ആസ്തി. തലയെടുപ്പുണ്ടായിരുന്ന മുരളീധരനെ കണ്ടില്ലേ-വട്ടിയൂര്‍ക്കാവ് എംഎല്‍എ. ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനത്തിന് അധ്യക്ഷനായി പോകാം. പ്ലസ് ടു പ്രവേശനത്തിന് സ്കൂളുകളിലേക്ക് ശുപാര്‍ശക്കത്തുകൊടുക്കാം.തലയെടുപ്പുതിരിച്ചുകിട്ടണമെങ്കല്‍ മന്ത്രിയാകണം. അത് നിഷ്ഠുരമായി വെട്ടിക്കളഞ്ഞു. മുരളീധരന്റെ പെട്ടി അന്തസ്സോടെ ചുമന്നുനടന്നയാള്‍ ബഹുമാന്യ മന്ത്രിമഹോദയനായപ്പോള്‍ പാവം മുരളീധരന്‍ സാദാ എംഎല്‍എ-വെറും അധ്യക്ഷന്‍ . ചെന്നിത്തലയെ കാത്തിരിക്കുന്നതും ആ പദവിതന്നെ. അത് മറ്റാരേക്കാളും ലീഗുകാര്‍ക്കറിയാം. അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ നമ്പര്‍ ഇല്ലത്രെ. കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്തിരിക്കുന്നു.

ഉമ്മന്‍ചാണ്ടി ചെന്നിത്തലയെയും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചില്ലറ ബഹളമെങ്കിലും വയ്ക്കാമായിരുന്നു. ഇനി ചെന്നിത്തലയ്ക്ക് എന്താണ് വില? ഗവര്‍ണറുടെ തട്ടുപൊളിപ്പന്‍ പ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിക്കാന്‍ അവസരം കിട്ടിയതുതന്നെ വലിയ കാര്യം. മറ്റെന്തെങ്കിലും നടക്കണമെങ്കില്‍ പിഎയെയും കൂട്ടി ശിവകുമാറിന്റെ ഓഫീസില്‍ പോകണം. മന്ത്രി കനിഞ്ഞാല്‍ ഭാഗ്യം. ഭരണം എങ്ങനെയായാലെന്താ-മനോരമ കാത്തുരക്ഷിച്ചുകൊള്ളും. ലീഗിന്റെ ഇരുപതു സീറ്റും മലയാള മനോരമയുടെ രക്ഷാകര്‍തൃത്വവുമുണ്ടെങ്കില്‍ മള്ളൂര്‍ രാമന്‍നായര്‍ക്ക് വക്കാലത്തുകൊടുത്തതുപോലെയാണ്. ഏതു കൊലപാതകക്കേസില്‍നിന്നും ഊരിപ്പോരാം. അതുകൊണ്ട് ഏതൊക്കെ ഇടപാടുകളില്‍ കൈയിടാം എന്ന ഗവേഷണത്തിലാണ് ഉമ്മന്‍ചാണ്ടി സംഘം. അല്‍പ്പമാസം മുമ്പ് വൈദ്യുതി ബോര്‍ഡ് ഒരു കൊറിയന്‍ കമ്പനിക്ക് പ്രസരണ-വിതരണ നവീകരണ കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. കേട്ടപാടെ ഉമ്മന്‍ചാണ്ടി ചാടിവീണ് "അഴിമതി, അക്രമം" എന്ന് നിലവിളിച്ചു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നല്‍കാനുറപ്പിച്ച കരാറിനെക്കുറിച്ച് ആക്ഷേപപ്പെരുമഴ. അന്നത്തെ മന്ത്രി എ കെ ബാലന്‍ കുരിശില്‍ കയറാന്‍ നിന്നില്ല-ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചോളൂ എന്നായി അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങനെ തീരുമാനവുമെടുത്തു. കേന്ദ്രം അംഗീകരിച്ച അന്നത്തെ കരാര്‍ കുഴപ്പമാണെന്നു വരുത്താന്‍ ശ്രമിച്ചവര്‍തന്നെ ഇപ്പോള്‍ റീടെന്‍ഡര്‍ തീരുമാനം റദ്ദാക്കാന്‍ നടക്കുന്നു. അത് അവര്‍ ഹൈക്കോടതിയില്‍ പറഞ്ഞുകഴിഞ്ഞു.

അഴിമതിയാരോപിച്ച് നാറ്റിച്ച് പറഞ്ഞയച്ച അതേ കൊറിയന്‍ കമ്പനിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ സ്വാഗതം. താലപ്പൊലിയേന്താന്‍ ഉമ്മന്‍ചാണ്ടി ചെല്ലണം. അഴിമതിവിരുദ്ധ ഹസാരെമാര്‍ക്ക് ഇങ്ങനെ ചില അബദ്ധങ്ങളും പറ്റും.

*
പിടി മുറുക്കുന്നു; പടിയിറങ്ങുന്നു എന്നൊക്കെയുള്ള തലക്കെട്ടുകള്‍ വന്നുതുടങ്ങി. സെപ്തംബറില്‍ പാര്‍ടി സമ്മേളനം തുടങ്ങുകയായി. ഇനി ഇത്തരം വാര്‍ത്തകള്‍ കണ്ട് കൊതി തീര്‍ക്കാം. പാര്‍ടിയിലെ ഒരാള്‍ കുറ്റംചെയ്യുന്നു-അത് പരാതിയായി കിട്ടുന്നു. അപ്പോള്‍തന്നെ പരമാവധി ശിക്ഷ വിധിക്കാന്‍ ഇതെന്ത് രാജഭരണമോ? അന്വേഷണം നടക്കും; പരാതിക്കാര്‍ക്കും കുറ്റാരോപിതനും പറയാനുള്ളത് കേള്‍ക്കും. ഉചിതമായ ശിക്ഷ തീരുമാനിക്കും. അതിനു മുമ്പ് കുറ്റാരോപിതനെ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തുകയുംചെയ്യും. ഇതൊന്നും ഏതെങ്കിലും മാധ്യമത്തിന്റെ ഉപദേശം കേട്ടല്ല സംഭവിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉറപ്പായും സംഭവിക്കുന്നതാണ്. ഒരു മാധ്യമ വാര്‍ത്തയുടെയും അടിസ്ഥാനത്തിലല്ല ഇതുവരെ നടപടികളുണ്ടായത്. കോണ്‍ഗ്രസിലോ മറ്റ് ബൂര്‍ഷ്വാ പാര്‍ടികളിലോ നടക്കുന്ന കാര്യവുമല്ല ഇത്. അന്വേഷണം കൂടാതെ നടപടി പ്രഖ്യാപിക്കാത്തതിലാണ് ഇപ്പോള്‍ ചിലര്‍ക്ക് കുണ്ഠിതം. മറ്റുചിലര്‍ക്കാവട്ടെ കേട്ടപ്പോള്‍തന്നെ തല വെട്ടിക്കളയാത്തതിലും. എല്ലാ കാര്യവും എല്ലായ്പോഴും വിളിച്ചുപറയാന്‍ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ പറയുന്നത് ഔചിത്യവുമല്ല. ചില സംഘടനാ നടപടികള്‍ സംഘടനാപരമായ നടപടിക്രമം പൂര്‍ത്തീകരിച്ചേ പുറത്തുപറയാനാകൂ. എന്തു കാര്യമാണോ പുറത്തുപറയാന്‍ പരിമിതി ഉള്ളത്-അതില്‍ത്തന്നെ കയറി പിടിത്തമിടുന്നതില്‍ ചില മാധ്യമങ്ങള്‍ക്ക് വലിയ മിടുക്ക് തന്നെ.

സിപിഐ എമ്മിനെ ആക്രമിക്കാന്‍ ഇങ്ങനെ ഏതു വൃത്തികെട്ട വടിയും ഉപയോഗിക്കാം-എന്നാല്‍ , അത് തങ്ങളുടെ സാമര്‍ഥ്യമാണെന്ന നാട്യമാണ് സഹിക്കാന്‍ പറ്റാത്തത്. ജര്‍മന്‍ ബാങ്കില്‍ കള്ളപ്പണം കൊണ്ടിട്ട അരുണ്‍ മാമ്മന്റെ പേര് മനോരമയില്‍ വരില്ല; ശ്രേയാംസ് കുമാറിന്റെയും പിതാവിന്റെയും ഭൂമിതട്ടിപ്പുകള്‍ മാതൃഭൂമിയില്‍ കാണില്ല. സിപിഐ എമ്മില്‍ നടക്കാത്ത ചര്‍ച്ചയും എടുക്കാത്ത തീരുമാനവും അവര്‍ക്ക് പ്രധാനവാര്‍ത്തയാകും. എന്തായാലും മാര്‍ക്സിസ്റ്റുകാരെ ഇതൊന്നും ബാധിക്കില്ല-തെറ്റ് ആര്‍ക്കും പറ്റും. അത് കണ്ടെത്തി മാതൃകാപരമായി നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പാര്‍ടി തങ്ങളുടേതാണെന്ന് ഉറപ്പ് മനസ്സിലുണ്ടെങ്കില്‍ മാധ്യമ പ്രചാരണം അതിന്റെ വഴിക്ക് പോട്ടെ എന്ന് പാര്‍ടി പ്രവര്‍ത്തകര്‍ കരുതും. സദാചാരരാഹിത്യം മാര്‍ക്സിസ്റ്റുകാര്‍ പൊറുക്കില്ല-കോണ്‍ഗ്രസുകാര്‍ സദാചാരം അഴിച്ച് തലയില്‍കെട്ടി നൃത്തം വയ്ക്കും.

*
മറ്റ് നാല് തൂണുകളെപ്പോലെയല്ല-അഞ്ചാം തൂണുകാര്‍ മനുഷ്യസ്നേഹികളും മര്യാദാ പുരുഷോത്തമന്‍മാരുമാണ്. തസ്നി ബാനു എന്ന യുവതിയെക്കുറിച്ച് എഴുതുകയും തിരുത്തുകയുംചെയ്ത അഞ്ചാം എസ്റ്റേറ്റ് നായകന്‍ ബി ആര്‍ പി ഭാസ്കര്‍ പൊലീസിനെക്കുറിച്ച് വീര്യം ഒട്ടും ചോരാതെ ഇങ്ങനെ വന്ദ്യവയോകഥനം നടത്തുന്നു:"ലാത്തിയുടെ ഗുണനിലവാരം കുറയുകയാണോ? സമരക്കാരുടെ ശാരീരികശേഷി കൂടുകയാണോ? എന്തായാലും ജനമൈത്രി പൊലീസിന് ഒടിയുന്ന ലാത്തിമതി." പൊലീസ് വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും തല്ലി തലപൊട്ടിക്കുന്നത് കണ്ട് വന്ദ്യവയോധികന്റെ സൈബര്‍ പ്രതികരണമാണിത്.

ആയകാലത്ത് മനസ്സില്‍ എത്ര വിഷം ഉണ്ടായിരിക്കുമെന്ന് ഓര്‍ക്കാന്‍തന്നെ വയ്യ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി ആര്‍ പി സമരക്കാര്‍ക്കൊപ്പമായിരുന്നു. പ്രഭാതസവാരിക്കാരനെ കാരണമില്ലാതെ വെട്ടിക്കൊന്നവരെ പിടിക്കാന്‍ പൊലീസ് പോയപ്പോള്‍ ആ സിംഹം ഗര്‍ജിച്ചിരുന്നു. സമരമുണ്ടോ സഹായിക്കാം എന്ന് ആക്രിക്കച്ചവടക്കാരെപ്പോലെ വിളിച്ചുകൂവി നടന്നിരുന്നു. അഞ്ചാം എസ്റ്റേറ്റിന്റെ അഭിപ്രായവും അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറേണ്ടതാണല്ലോ. അഞ്ചാം എസ്റ്റേറ്റിലും വരാനിരിക്കുന്ന ആറാം എസ്റ്റേറ്റിലും സജീവമായ മറ്റൊരു നായകനുണ്ട്. തസ്നി ബാനുവനെ രക്ഷിക്കാനെന്ന വ്യാജേന ചെന്ന് കുളം കലക്കിയത് ടിയാനും സഹോദരിയുമായിരുന്നുവെന്ന് ഇന്ന് നാട്ടില്‍ പാട്ടാണ്. ഇപ്പോള്‍ പുള്ളിക്കാരനെ കാണാനില്ല. ചാനല്‍ ചര്‍ച്ചകളില്‍ ആ താടി തെളിയുന്നില്ല. തന്നെ തസ്നിക്കേസില്‍ ആരും ചര്‍ച്ചയ്ക്കുവിളിക്കുന്നില്ല എന്നത്രെ സന്ദേശവാഹകര്‍ മുഖേന പുറത്തെത്തിക്കുന്ന ആത്മഗതം. ആന പതിവിലധികം പിണ്ടമിട്ടാല്‍ നടക്കുന്ന ചര്‍ച്ചകളില്‍പോലും തെളിയുന്ന താടിയാണ്. ആരാണിപ്പോള്‍ നുണപറയുന്നത്? തസ്നിയോ നീലക്കുറുക്കനോ അതോ ചാനലുകാരോ? എന്തിന്, തസ്നി എന്ന പേര് കേള്‍ക്കുമ്പോള്‍ കുറുക്കന്‍ മാളത്തിലൊളിക്കുന്നു? ഇതിന് കേസുകൊടുക്കാന്‍ ഏതെങ്കിലും വക്കീലന്‍മാരെ കിട്ടുമായിരിക്കും.