Sunday, November 21, 2010

സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി

അല്പം പഴയ കഥയാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് പുസ്തകങ്ങളായാണ് തലസ്ഥാനത്ത് വിതരണം ചെയ്തിരുന്നത്. ട്യൂട്ടോറിയല്‍, പാരലല്‍ കോളേജുകാര്‍ നേരത്തേതന്നെ തിരുവനന്തപുരത്ത് തമ്പടിക്കും. റിസല്‍ട്ട് ആദ്യം നാട്ടിലെത്തിക്കുന്നയാള്‍ കേമന്‍. പത്രസ്ഥാപനങ്ങള്‍ക്കാണ് ഏറ്റവുമാദ്യം പുസ്തകം കിട്ടുക. അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തിന്റെ ആകെ റിസല്‍ട്ടുള്ള പുസ്തകങ്ങളുടെ ഒരുകോപ്പി കിട്ടും. ആ വലിയ ചുമടുമായി ഓടുന്ന ചില മാധ്യമപ്പുലികളും പിന്നാലെ ആര്‍ത്തിപിടിച്ചോടുന്ന ട്യൂട്ടോറിയലുകാരും. പുസ്തകമൊന്നിന് പലവര്‍ഷവും പലവിലയാണ് നിശ്ചയിക്കുക. പത്രത്തില്‍ അച്ചടിക്കാനായി സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പത്താംക്ളാസ് പരീക്ഷാഫലം മറിച്ചുവിറ്റ് പണമടിക്കുന്ന പാവം അഴിമതിപ്പത്രക്കാരെയേ ശതമന്യു കണ്ടിരുന്നുള്ളൂ. കഷ്ടമാണ് അന്ന് തോന്നിയത്. ഒന്നോര്‍ത്താല്‍ അവര്‍ പാവങ്ങള്‍. അന്നന്നത്തെ സ്മോളിനായി ആര്‍ക്കും ചേതമില്ലാത്ത ഉപകാരംചെയ്ത് കൂലി വാങ്ങുന്നവര്‍. സ്ഥലംമാറ്റം, നിയമനം, ഫയല്‍നീക്കം തുടങ്ങിയ ചില്ലറ വ്യാപാരങ്ങളില്‍ ഇടപെട്ട് പണംവാങ്ങുന്ന മാധ്യമവിശാരദന്മാരെയും കണ്ടുമുട്ടാനുള്ള ഭാഗ്യം പിന്നെ ഉണ്ടായി.

ജഗന്നിയന്താവായി സ്വയം രമിക്കുന്ന മലയാളപത്രം രാഷ്ട്രീയത്തിലും സര്‍ക്കാരാപ്പീസിലും കാക്കിക്കുള്ളിലും സ്വന്തം 'കുഞ്ഞുങ്ങളെ' വളര്‍ത്തുന്ന പതിവുണ്ട്. പത്രമാപ്പീസിലെ റബര്‍ പരുവത്തിലുള്ള രാഷ്ട്രീയവിശാരദന്മാരുടെ കൈ വലിഞ്ഞുനീണ്ട് സെക്രട്ടറിയറ്റുവരെ ചെല്ലും. മാധ്യമച്ചെലവില്‍ ജീവിക്കുന്ന നേതാക്കന്മാരുടെ അടുക്കളയിലേക്ക് നേരിട്ട് പ്രവേശനം ചില പ്രത്യേക മാധ്യമകുമാരന്മാര്‍ക്ക് സംവരണം ചെയ്തതും കണ്ടു. അടുക്കളവഴി വന്ന് വന്നവഴി പോകുന്ന മിടുക്കന്മാര്‍ രാജ്യഭാരം ചുമന്ന് വിയര്‍ത്തു. അധികാരം അവരുടെ കൈകളില്‍. കഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പണിയെടുത്ത് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും തളര്‍ന്ന പ്രവര്‍ത്തകര്‍ ഗേറ്റിനുവെളിയില്‍.

ഒരുതരം ക്വട്ടേഷന്‍ പണിയാണ് കെട്ടകാലത്തിന്റെ വിശേഷം. പണംമുടക്കുന്നവന് കാര്യംനേടാന്‍ ആരെയും ചാരനുമാക്കും ചോരനുമാക്കും. പത്രക്കാരന്റെ കുത്തകയ്ക്ക് ഇളക്കംതട്ടിച്ചുകൊണ്ടാണ് ചാനല്‍കുട്ടികള്‍ തള്ളിക്കയറിയത്. പണ്ടൊക്കെ പത്രക്കാരനായാല്‍ നാലാളറിയണമെങ്കില്‍ എഴുതിത്തളരണം. അണ്ഡകടാഹത്തിലെ സകലതും അരച്ചുകുടിക്കണം. ചാനല്‍ റിപ്പോട്ടിങ്ങിന് അതൊന്നും വേണ്ട. ഇളക്കിയിളക്കിയുള്ള നടത്തം, കുലുക്കിക്കുലുക്കിയുള്ള വര്‍ത്തമാനം, ഇടിച്ചിടിച്ചുള്ള നുഴഞ്ഞുകയറ്റം-ഇത്രയും മതി യോഗ്യത. പക്വത, വിവരം, വിവേകം എന്നിവയുടെ ആവശ്യമേയില്ല.

ആരോടും എന്തും ചോദിക്കാം; വിളിച്ചുപറയാം. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയാല്‍ തനിക്കെന്താ ഇനി എംഎല്‍എയോ എംപിയോ ആയിക്കൂടേ എന്നുവരെ തോന്നും. യഥാര്‍ഥത്തില്‍ ഇത് മാധ്യമപ്രതിഭകളുടെ കാലമാണ്. രാഷ്ട്രീയം എങ്ങനെ പോകണം, എവിടെ ബ്രേക്കിടണം, ഏതുനേതാവ് മഹാനാകണം, ഏതുമഹാന്‍ താഴെ വീഴണം എന്നെല്ലാം പ്രതിഭാസംഗമങ്ങളില്‍ തീരുമാനിക്കപ്പെട്ടും. അതിനെ ചിലര്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നെല്ലാം വിളിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. ഇവിടെയുള്ളത് സംസ്ഥാനകമ്മിറ്റിയാണെങ്കില്‍ മാധ്യമ സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി അങ്ങ് ഡല്‍ഹിയില്‍ത്തന്നെയാണ്.

ബിജെപിനേതൃത്വത്തില്‍ എല്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതും വകുപ്പു തീരുമാനിക്കുന്നതും കേരളത്തില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് വാര്‍ത്ത വന്നു. ദി ഗ്രേറ്റ് കിങ്മേക്കര്‍ ഫ്രം കോട്ടയം മീഡിയ. മലയാള പത്രപ്രവര്‍ത്തനത്തില്‍നിന്ന് ആര്‍എസ്എസിന്റെ അടുക്കളക്കാര്യങ്ങള്‍ തീരുമാനിക്കുന്ന പദവിയിലേക്ക്. അതും സംഭവിക്കാവുന്നതേയുള്ളൂ. ഗോയങ്കയുടെ കളികണ്ടുണരുകയും ഉറങ്ങുകയും ചെയ്ത നാട് ഓടുമ്പോള്‍ ഒരു ഷേണായി കുറുകെച്ചാടിയാലുമില്ല ആര്‍ക്കും ചേതം.

മാധ്യമ സിന്‍ഡിക്കേറ്റ് ഇവിടെയീ കേരളത്തില്‍, ബാറിലും ഗസ്റ്റ് ഹൌസിലും പ്രസ് റൂമിലും സര്‍ക്കാര്‍വക ഔദ്യോഗിക മന്ദിരങ്ങളുടെ അടുക്കളച്ചായ്പിലും ഒതുങ്ങുന്ന ലോക്കല്‍ വാര്‍ത്തയാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ശരിയായി ധരിക്കാന്‍ ചരിത്രപരമായ ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ശതമന്യു ഇത്രയും പാടുപെട്ടത്. ശരിക്കും മാധ്യമ പ്രവര്‍ത്തനം എന്നാല്‍ ഒരു സംഭവമാണ്.

ആരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍നിന്നാണുത്തരം. പണം കൊടുത്ത് വാര്‍ത്തയെക്കുറിച്ച് സായിനാഥ് വിലപിക്കുന്നുണ്ട്്. അത് പത്രമുതലാളിമാരുടെ കാര്യം. മുതലാളിമാരെക്കാള്‍ വലിയ മാധ്യമ പ്രവര്‍ത്തകരെ ഗ്രാമങ്ങളില്‍ചെന്ന് തിരക്കിയാല്‍ സായിനാഥിന് കാണാനാകുമോ? പുതിയ കളി പലകോടികളുടേതാണ്. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരെയല്ല, മറിച്ചാണ് ആശയ്രിക്കുന്നത്. നിങ്ങള്‍ക്ക് മന്ത്രിയാകണോ, തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടണോ, ഇഷ്ടപ്പെട്ട വകുപ്പുകിട്ടണോ- ഹൈക്കമാന്‍ഡിനെ കണ്ടതുകൊണ്ടൊന്നും കാര്യമില്ല. ഹൈക്കമാന്‍ഡിന്റെ കമാന്‍ഡ് വേറെയാണ്. അത് ചില പത്രമാപ്പീസുകളിലും ചാനല്‍ ആസ്ഥാനങ്ങളിലുമാണ്. സോണിയ, മന്‍മോഹന്‍, അലുമിനിയം പട്ടേല്‍, ഗുലാംനബി തുടങ്ങിയവരെ എങ്ങനെ സ്വാധീനിക്കണം എന്ന് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലല്ലോ. അങ്ങനെ അറിയാത്തവര്‍ക്ക് അറിയാനായി ചൊറിഞ്ഞുകൊടുക്കപ്പെടും. ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത് എന്നീ രണ്ടുപേരാണ് ഈ സേവനത്തിന്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നോക്കൂ:

1. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം എങ്ങനെ; ആര് കൈകാര്യം ചെയ്യണം
2. ഡിഎംകെയ്ക്ക് ഏതൊക്കെ വകുപ്പ് കൊടുക്കണം.
3. ദയാനിധി മാരനെ എങ്ങനെ അരുക്കാക്കണം.

കോര്‍പറേറ്റ് ഇടനിലക്കാരി എന്നാല്‍ നാട്ടിലെ ബ്രോക്കറുടെ വലിയ രൂപം (തരൂരിന്റെ സുനന്ദയെപ്പോലെ). വലിയ വലിയ കാര്യങ്ങളാണ് നീരാ റാഡിയ എന്ന ഇടനിലക്കാരി മാധ്യമശിങ്കങ്ങളോട് ആവശ്യപ്പെടുന്നത്. മുകേഷ് അംബാനിക്കുവേണ്ടി ലേഖനമെഴുതണം, സോണിയയോടും രാഹുലിനോടും ശുപാര്‍ശചെയ്യണം, ചര്‍ച്ച കനിമൊഴിയുമായി വേണം, കരുണാനിധിയുമായി ചര്‍ച്ചയ്ക്ക് ഗുലാംനബി ആസാദ് വരണം-ഇങ്ങനെ. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തിയത് ആദായനികുതി വകുപ്പാണ്. സംശയത്തിന്റെ കാര്യമില്ല. ആ ടേപ്പ് സുപ്രീംകോടതിയിലുണ്ട്. എല്ലാം തെളിഞ്ഞിട്ടും നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത കാണുന്നില്ല. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വാര്‍ത്ത ഞങ്ങള്‍ തന്നെ കൊടുക്കുകയോ? നടപ്പില്ല. പത്രക്കാരനെ പൊലീസുകാരന്‍ നോക്കിപ്പേടിപ്പിച്ചാല്‍ അത് വാര്‍ത്തയാണ്. ഞങ്ങള്‍ തമ്മില്‍തല്ലിയാല്‍ വാര്‍ത്തയില്ല. ഞങ്ങള്‍ അഴിമതി നടത്തിയാലും അട്ടിമറി നടത്തിയാലും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ റൊക്കം വാങ്ങിയാലും അത് വാര്‍ത്തയുമല്ല, വിവാദവുമല്ല.

ചിലവീരന്‍മാര്‍ക്കൊരു ധാരണയുണ്ട്-താന്‍ മാത്രമാണ് വീരനെന്ന്. അവിടെ ഡല്‍ഹിയിലുമുണ്ട് ഒരു വീരന്‍. വീര സാംഗ്വി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും കൌണ്ടര്‍ പോയിന്റ് എന്ന കോളമെഴുത്തുകാരനുമായ സിംഹം. ആ സിംഹത്തോട് നീരാ റാഡിയ ഫോണില്‍ പറയുന്നു: കലൈഞ്ജര്‍ക്ക് ദയാനിധി മാരന്റെ അമ്മ 600 കോടി രൂപ എത്തിച്ചു എന്ന്. പണത്തിനുമുകളില്‍ കുടുംബ വിരോധം പറക്കില്ല. മാരന്‍ മന്ത്രിയായി. 600 കോടി കോഴയുടെ കഥ വീരന്‍ ഇതുവരെ മിണ്ടിയിട്ടില്ല. മന്ത്രിയാക്കാന്‍ അറുനുറു കോടിയെങ്കില്‍ മന്ത്രിയായാല്‍ എന്താവും കഥ.

രാഷ്ട്രീയത്തിലെ സുഹൃത്തുക്കളോട് ശതമന്യുവിന് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ നിങ്ങള്‍ അനുസരിക്കുക; കൂടെ നിര്‍ത്തുക. നിങ്ങള്‍ക്ക് വേണ്ടതെന്തും അപ്പപ്പോള്‍ ചെയ്തുകൊടുക്കപ്പെടും. പകരം എന്തുതരണമെന്ന് അപ്പോള്‍ പറയും. ഞങ്ങളെ അനുസരിക്കാതെ, 'എടോ' എന്നും ചുക്ക് എന്നും ഏലം-കാപ്പി-സര്‍ക്കാര്‍ ഭൂമി എന്നുമെല്ലാം പറഞ്ഞു നടന്നാല്‍ തുലച്ചുകളയും.

*
ജനിക്കുന്നുണ്ടെങ്കില്‍ ദീപക് കുമാരനായി ജനിക്കണം. എവിടെയും കയറിച്ചെല്ലാം. ആദ്യം ചാനല്‍ വാതിലുകളാണ് കൊട്ടിയതെങ്കില്‍ ഇപ്പോള്‍ ക്ളിഫ് ഹൌസിലേക്കാണത്രെ പോകുന്നത്. ഇനിയെങ്ങോട്ടാണിനിയെങ്ങോട്ടാണീയാത്ര എന്ന് പത്രത്തില്‍ പരസ്യം ചെയ്യുന്നത് നല്ലതാണ്. കുമാരന് പേടിയാവുന്നുപോലും. തന്റെ കാറിനുപുറകെ ഒരു കാര്‍ പോയിപോലും. പൊലീസ് പ്രൊട്ടക്ഷനും വേണം. നല്ലതുതന്നെ. ഇനി അദ്ദേഹത്തിന്റെ യാത്ര മനസ്സിലാക്കി, ആ റൂട്ട് ഒഴിവാക്കാന്‍ മാന്യമഹാജനങ്ങള്‍ തയാറാകണം. അഥവാ പിന്തുടരുകയാണെന്ന് സംശയമുദിച്ചാല്‍ കുടുങ്ങിയതുതന്നെ. ഏതായാലും ദീപക് കുമാരന്‍ ഒരുദിവസമേ ചാനലില്‍ നിന്നുള്ളു. കള്ളി പൊളിഞ്ഞുപോയി. സംഗതി അവസാനിക്കരുതല്ലോ. അതുകൊണ്ട് ക്രൈം കാരന്റെ വക്കീലിന് വീരഭൂമിയില്‍ കുടികിടപ്പ്.

സിപിഐ എമ്മിന് ദേശാഭിമാനി; കോണ്‍ഗ്രസിന് മനോരമയും വീക്ഷണവും, ലീഗിന് ചന്ദ്രിക- സോഷ്യലിസ്റ്റ് ജനതയ്ക്കും വേണമല്ലോ ഒരു പത്രം. വീരഭൂമിക്കുതന്നെ എന്തുകൊണ്ടും യോഗ്യത. കാര്യസ്ഥന്‍ സിനിമയുടെ സംവിധായകനെക്കുറിച്ചെഴുതുമ്പോഴും ലേഖകന്റെ കണ്ണ് അയാള്‍ക്ക് സോഷ്യലിസ്റ്റ് ജനതയുമായി എന്ത് ബന്ധം എന്നാകും. വീരന്‍, വീരന്റെ പാര്‍ട്ടി, വീരന്റെ പത്രം. വടകരയില്‍ തോറ്റ് തുന്നം പാടിയ പാര്‍ട്ടിയെക്കുറിച്ച് വീരഭൂമിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ വീരോചിതവര്‍ണ്ണന. സമകാലിക മലയാളമെന്ന ഗേയങ്ക വാരികയ്ക്ക് യഥാര്‍ത്ഥ ഇടതുപക്ഷത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ വിശ്വാസം തലച്ചുമടായി വീരഭൂമിയിലെത്തിയിരിക്കുന്നു. ഇനി വാര്‍ത്തകള്‍ക്കൊടുവില്‍ ഒരു ബ്രാക്കറ്റുണ്ടാകും: ഈ വാര്‍ത്ത സോഷ്യലിസ്റ്റ് ജനതയോട് കടപ്പെട്ടതും വലിയ കുമാറിനുവേണ്ടി നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ദീപക് കുമാര്‍ പ്രസിദ്ധീകരിക്കുന്നതും ആകുന്നു എന്ന്.

*
വാല്‍കഷ്ണം:

2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:

രണ്ട് ജിയെ മാത്രമേ എനിക്കറിയൂ എന്ന്. ഒന്നാമത്തേത് സോണിയ'ജി'. രണ്ടാമത് രാഹുല്‍'ജി'.

Sunday, November 14, 2010

സ്മാരക ശിലകള്‍

എത്ര കുറച്ചാലും നാല്‍പ്പത്തിരണ്ടു സീറ്റുകിട്ടാനുള്ള വോട്ട് എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീണു എന്നാണ് മാതൃഭൂമിയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. അതായത്, സകലമാന പടക്കവും അമിട്ടും മത്താപ്പും കമ്പിത്തിരി-പൂത്തിരികളും ഒന്നിച്ചു പൊട്ടിച്ചിട്ടും വെടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്. മുപ്പത്തിയെട്ടോളം സീറ്റില്‍ എങ്ങോട്ടും മറിയാവുന്ന വോട്ടുവ്യത്യാസമേ ഉള്ളൂവത്രെ. നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ഇടതുമുന്നണി ഒന്ന് ശ്രദ്ധിച്ചുപിടിച്ചാല്‍ യുഡിഎഫിന്റെ കിനാക്കള്‍ പാഴ്‌ശ്രുതി മീട്ടും. ഉമ്മന്‍ ചാണ്ടിയുടെ കുപ്പായം പിന്നെയും കീറും. മുഖ്യമന്ത്രിയായി പരിചയം സമ്പാദിച്ചിട്ടുപോരെ കുട്ടീ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുലിനോട് നിതീഷ് കുമാറാണ് ചോദിച്ചത്. ഇവിടെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു; പ്രതിപക്ഷ നേതാവാണ്. രാഹുലിനെപ്പോലെയല്ല-എന്തുകൊണ്ടും അര്‍ഹന്‍. ലോക്സഭാതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും സഹായിച്ച് ഭേദപ്പെട്ട ഒരു വിജയം നേടി. അന്നുമുതല്‍ അസുഖം കയറിയ വണ്ടി വന്നത് മാവേലിക്കര വഴിയാണ്. 'ഉ' ഗ്രൂപ്പിന്റെയും 'ര' ഗ്രൂപ്പിന്റെയും വളര്‍ച്ചയുടെയും ഉരസലിന്റെയും സവിശേഷഘട്ടമായിരുന്നു അത് എന്നും പറയാം.

രണ്ടുപേര്‍ക്കും മോഹം മുഖ്യമന്ത്രിപദത്തില്‍. ആ സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനോട് മോഹം തലയില്‍കയറിയാല്‍ പിന്നെ എന്തുചെയ്യും; ചെയ്യാതിരിക്കും എന്ന് തിട്ടപ്പെടുത്താനാവില്ല. കിട്ടിയാലോ-എന്തും ചെയ്യാം; ചെയ്യാതിരിക്കാം; ചുമലിലിരുന്ന് ചെവി കടിക്കാം; ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കാം. ഇതെല്ലാം ചിലര്‍ ചെയ്യുന്നത് അടുത്തുനിന്ന് കണ്ടയാളാണ് ചെന്നിത്തല. ചെയ്തുകാണിച്ചയാളാണ് ഉമ്മന്‍ചാണ്ടി. ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെ ആകണം എന്നാണ് ഇരുവരുടെയും വാശി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ധാരാളം മതി. ദുര്‍ബലയ്ക്ക് ഗര്‍ഭമെന്നപോലെ സംഘടനാ തെരഞ്ഞെടുപ്പും എത്തി. സംഗതി പിടിവിട്ടുപോകുമെന്നായി. അതോടെയാണ് അവധിവ്യാപാരമാണ് നല്ലതെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയത്. ചെന്നിത്തലയ്ക്ക് പാര്‍ടി; ഉമ്മന്‍ ചാണ്ടിക്ക് നിയമസഭാ പാര്‍ടി. വീതംവയ്പില്‍ തുല്യ പങ്കാളിത്തം. ഒന്നുവച്ചാല്‍ രണ്ടുകിട്ടുന്ന പരിപാടികളില്‍ കൂട്ടുത്തരവാദിത്തം.

പോകെപ്പോകെ മോഹം കനത്തു. കിനാവിന് വേലികെട്ടാന്‍ പുറംപണി കൊടുത്തു. പണിക്കാരെ കിട്ടാന്‍ നാടിനു നടുവേ ഓട്ടമായി. ആദ്യം കിട്ടിയ വീരനെ കൂലിപറഞ്ഞുറപ്പിച്ചു. ഐഎന്‍എല്ലിനെ ലീഗ് പിടിച്ചു. പള്ളിമണിയടിച്ച് ജോസഫിനെ മാണിയുടെ പറമ്പിലേക്ക് ഓടിച്ചു കയറ്റി. മുരളിയെ വേണ്ടണം എന്നായി. കാവിക്കാര്‍ പറഞ്ഞു-വോട്ട് വില്‍ക്കാനുള്ളതല്ലേ എന്ന്. കൈവെട്ടുകാരും കൈപോയ മാഷിന്റെ പണിവെട്ടിയവരും ഒരു പിഞ്ഞാണത്തില്‍ ബിരിയാണി കഴിച്ചു. ജനാധിപത്യത്തിന്റെ അരപ്പട്ട കെട്ടിയവരുടെ മഹാസംഗമത്തില്‍ ഭൂമിയും വാനവും പൂത്തുലഞ്ഞു.

മറുവശത്തോ-അവിശ്വാസിക്കൂട്ടം. കംണിഷ്ടുകള്‍. പിന്നെ പാവപ്പെട്ട ചില പാര്‍ടികളും. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലേക്കുള്ള നട തുറന്നു കിട്ടി എന്നുതന്നെയാണ് 'ഓസി'യും 'ആര്‍സി'യും കരുതിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ കിനാവില്‍ വെള്ളം കയറി. കോട്ടയത്തും മലപ്പുറത്തും ലോട്ടറി അടിച്ചത് ശരിതന്നെ. പക്ഷേ, ആകെമൊത്തം വോട്ട് കൂട്ടിനോക്കുമ്പോള്‍ വലിയ മുന്‍തൂക്കം ഇല്ല. ഇറക്കിയ വര്‍ഗീയക്കാര്‍ഡിന്റെ വേര് പുറത്തുവരികയുംചെയ്തു. കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി ഭരണമാണ് വരുന്നത് എന്ന് പറയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു ഭരണത്തിന്റെ ദുരിതം പേറിയവരോട് എങ്ങനെ പറയാന്‍. ഇത്തരത്തില്‍ പോയാല്‍ വര്‍ഗീയനിറത്തിന് കട്ടി കൂടുമെന്നും ചക്കിനുവച്ചത് കൊക്കിന് കൊള്ളുമെന്നും മനോരമയ്ക്ക് മനസിലായി. വയലാര്‍ രവിക്കും മനസിലായി. മനോരമ മുഖപ്രസംഗമെഴുതി; വയലാര്‍ രവി മനക്കണക്ക് കൂട്ടി. ഞാനിതാ വരുന്നു കേരളത്തിലേക്ക് എന്നായി.

കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം ചേര്‍ത്തലയിലേക്കുതന്നെ വീണ്ടും കാക്ക കൊത്തിക്കൊണ്ടുപോകുമോ എന്ന വേവലാതിയിലായി ഓസി. ജയിക്കുമെന്നുറപ്പില്ല. അഥവാ ജയിച്ചാല്‍ കസേര ഏതെന്നും ഉറപ്പില്ല. അങ്ങനെ ഒരു നിര്‍ണായക സന്ധിയിലാണ് ലാവ്ലിന്‍ കുഴിമാടം മാന്താനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതും കമ്പനിയെ കണ്ടെത്തിയതും കരാര്‍ ഒപ്പിട്ടതും.

*

ഈ കുമാരന്മാരെക്കൊണ്ട് തോറ്റു. കുഴിമാടം തോണ്ടാനും കുഴി കുത്താനും കുഴിയിലിറക്കാനും കുമാരന്മാര്‍ വേണം. ചെന്നൈയില്‍നിന്ന് ഒരു കുമാരന്‍, വയനാട്ടില്‍നിന്ന് പുളിയാര്‍മലയിറങ്ങിയ കുമാരന്‍, ക്രൂക്കഡ് കുമാരന്‍, ഈരാറ്റുപേട്ടയുടെ അഭിമാനകുമാരന്‍ , പിന്നെ ഒരു ചാനല്‍ വ്യാജരേഖാ കുമാരന്‍. ലാവ്ലിന്‍ വര്‍ത്താനവുമായി ചെന്നൈയില്‍നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തു വരാതെ കോയിക്കോടന്‍ ബിരിയാണി തിന്നാന്‍ പോയ കുമാരന്റെ ചെല്ലുചെലവ് സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍നിന്നാണ് വന്നത്. ക്രിമിനല്‍ വാരികയുടെ സെക്യൂരിറ്റി. പിആര്‍ഒ പണിക്ക് ചെന്നൈയില്‍നിന്ന് ശമ്പളം വാങ്ങുന്ന ചാനല്‍തമ്പി. പരിചാരകവൃന്ദത്തില്‍ വിമതവേഷങ്ങള്‍ അനവധി. സംവിധാനം പൂഞ്ഞാര്‍ ജോര്‍ജോവ്സ്കി. മണിക്കൂറിന് ഒന്ന് എന്ന തോതില്‍ ചെന്നൈ കുമാരന്‍ ചാനലുകളില്‍ കയറിയിറങ്ങി. പറഞ്ഞതിന്റെ സാമ്പിള്‍ ഇങ്ങനെ:

കുമാരന്‍: കൊലപാതകവും നടന്നു.
ആങ്കര്‍: ആരെയാണ് കൊന്നത്?
കു: അതു പറയില്ല.
ആ: ആരാണ് കൊന്നത്?
കു: പാച്ചുവും കോവാലനും.
ആ: എന്തിനാണ് കൊന്നത്?
കു: അതറിയില്ല.
ആ: ഇതാ നമ്മുടെ മുഖ്യ സാക്ഷികുമാരന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു-ഭയാനകം; ഭീതിജനകം. കുമാര വചനങ്ങള്‍ പൂര്‍ണരൂപത്തിലാക്കി ഞങ്ങളുടെ കോഴിക്കോട് ലേഖകന്‍ തല്ലുകൊള്ളിക്കുമാരന്‍ വിശദീകരിക്കുന്നതാണ്.

കൊല്ലപ്പെട്ടയാളെ പറയില്ല; കൊന്നവരെ പറയാം എന്ന്. അതും കഴിഞ്ഞു വരുന്നു യഥാര്‍ഥ ബോംബ്-ഒരു പ്രതിയെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ഇടപെട്ടു. ആ മന്ത്രിയുടെ പേരുപറയില്ല ക്ളൂ തരാം എന്ന്. പേരില്‍ രണ്ടക്ഷരം; ഇടയ്ക്കിടെ വിദേശയാത്ര; ഖദറേ ഇടൂ; തട്ടിപ്പേ പറയൂ. ആരാണെന്ന് പലര്‍ക്കും എത്തും പിടിയും കിട്ടാഞ്ഞപ്പോള്‍ അതാ മുറ്റത്തുനിന്നൊരു ശബ്ദം. ലോട്ടറിയുടെ തിരക്ക് കഴിഞ്ഞ് സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍, ആ ശബ്ദം മുല്ലപ്പള്ളിയുടേതാണ്. "എന്നാലും വയലാര്‍ രവിയെക്കുറിച്ച് അങ്ങനെ പറഞ്ഞത് ശരിയായില്ല'' എന്ന്. പിന്നാലെ വരുന്നൂ ഹസ്സന്‍. വയലാര്‍ രവി കേസില്‍ ഇടപെട്ടിട്ടില്ല എന്ന് വിശദീകരണം. ഒറ്റ നിമിഷംകൊണ്ട് വയലാര്‍ രവി എന്‍ഡോസള്‍ഫാന്‍ കുടിച്ച കുമ്പളങ്ങിക്കാരന്റെ അവസ്ഥയിലായി. ചെന്നൈ കുമാരന്‍ വിട്ട ഭാഗങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെയും ഹസ്സന്റെയും പൂരണം.

രവിയുടെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി ഇതുതന്നെ. പിന്നില്‍ ഓസി ഉണ്ടെന്ന് ആരും പറയില്ല. സ്വന്തം ലീഡറെ മൂലയ്ക്കിരുത്താനും ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നിറക്കി സ്വയം അവിടെ കയറിയിരിക്കാനും കാണിച്ച ബുദ്ധി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മാണിയുടെ ചെലവില്‍ ലീഗിനും ലീഗിന്റെ ചെലവില്‍ മാണിക്കും പാര പണിയാനുള്ള പദ്ധതി പാളിയിട്ടുമില്ല. ശവക്കുഴി തോണ്ടാനും സ്മാരക ശിലകള്‍ തോട്ടില്‍ കൊണ്ടു കളയാനും കുമാരന്മാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതിന്റെ പശ്ചാത്തലം ഇത്രയും ശതമന്യു അറിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗം വഴിയേ അറിയും; അറിയുമ്പോള്‍ എഴുതും. എന്തായാലും ആപ്പുക്കുട്ടന്‍മാരുടെ പണിക്ക് ശതമന്യുവിനെ കിട്ടില്ല.

*
ആപ്പുക്കുട്ടന്റെ പണി എന്തെന്ന് അന്വേഷിക്കുന്നതുതന്നെഒരു കമ്യൂണിസ്റ്റുകാരന്റെ മരണത്തിലുള്ള ദുഃഖം എന്ന വ്യാജേനയും പാര്‍ടിക്ക് ആപ്പുവച്ചാലോ? പാര്‍ടി പ്രവര്‍ത്തകനും നേതാവുമായി ജീവിച്ച് മരണംവരെ ഉത്തമ കമ്യൂണിസ്റ്റുകാരനായി നിലകൊണ്ട ഐ വി ദാസിന്റെ മരണം സിപിഐ എമ്മിനെ മാത്രമല്ല, കക്ഷിഭേദമില്ലാതെ വിവിധ വിഭാഗമാളുകളെ വേദനിപ്പിച്ചു. ദാസന്‍ മാഷിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയ ജനസാഗരം അതിന് തെളിവായിരുന്നു. കുറെ ദിവസം കഴിഞ്ഞ് അപ്പുക്കുട്ടന്‍ അവിടെ പോയത് മരണം അറിയാനല്ല, പാര്‍ടിക്കെതിരെ ദുഷിപ്പു പറയാനാണ്. ദാസന്‍ മാഷിന്റെ മൃതദേഹം പാര്‍ടി പ്രത്യേകമായി വാങ്ങിയ സ്ഥലത്ത് ദഹിപ്പിച്ചതിലും അവിടെ സ്മാരകം പണിയുന്നതിലും അപ്പുക്കുട്ടന് പുച്ഛം. മകന്‍ പാര്‍ടിയെ വിമര്‍ശിച്ചാല്‍ അച്ഛന്റെ മൃതദേഹമെടുത്തുപോലും പ്രതിരോധിക്കും എന്ന തോന്ന്യാസം. ദാസന്‍മാഷിന്റെ രോഗാവസ്ഥയില്‍ ആ മകനും പാര്‍ടി പ്രവര്‍ത്തകരും ഒന്നിച്ചൊന്നായ് നിന്ന് ശുശ്രൂഷിച്ചതും നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണിമയ്ക്കാതെ കാവല്‍നിന്നതും അപ്പുക്കുട്ടനെന്തിന് അറിയണം. അപ്പുക്കുട്ടന്‍ കള്ളനാണയമായതുകൊണ്ട് പാര്‍ടിയില്‍നിന്ന് പുറത്തായി; പാര്‍ടിയുടെ തകര്‍ച്ച കൊതിച്ചും പാര്‍ടിവിരുദ്ധരെ ആരാധിച്ചും നടക്കുന്നു. ദാസന്‍ മാഷ് എന്നും കമ്യൂണിസ്റായിരുന്നു. മൊകേരിയിലെ പാര്‍ടി പ്രവര്‍ത്തകര്‍ അപ്പുക്കുട്ടന്റെ തോന്ന്യസ്മരണം കാണാതിരിക്കട്ടെ.

*
ഒഞ്ചിയത്തെ വിമതന്മാര്‍ക്കും ഷൊര്‍ണൂരിലെ പൂഴിക്കടകന്മാര്‍ക്കും ആശംസകള്‍ നേരുന്നു. അഞ്ചുകൊല്ലം തികച്ച് അവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും അതു കഴിഞ്ഞ് കോണ്‍ഗ്രസാകാനും സാധിക്കട്ടെ.