Sunday, August 31, 2008

'പൊതു താല്‍പ്പര്യം'

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്ന ചൊല്ല് സ്ത്രീകള്‍ക്കും ബാധകമാണ്. സ്വന്തമായി ഉത്തരവാദിത്തമൊന്നുമില്ലെങ്കില്‍ എന്തും വിളിച്ചു പറയാം. പ്രേമസുരഭില നിമിഷങ്ങളില്‍ കാമുകന്‍ കാമുകിയോട് പറയും: കരളേ നിന്നെ ഞാന്‍ പൊന്നില്‍ കുളിപ്പിക്കുമെന്ന്. പ്രേമത്തിന് തടസ്സംനില്‍ക്കുന്ന തന്തപ്പിശാചിനെ മൊട്ടയടിച്ച് കളഭം തേപ്പിക്കുമെന്ന്. എല്ലാം ഒന്നോ ഒന്നരയോ മണിക്കൂര്‍ ആയുസ്സുള്ള വാഗ്ദാനങ്ങളാണ്. അടുത്തതവണ പ്രേമം സുരഭിലമാകുമ്പോള്‍ അതേ വാഗ്ദാനം ആവര്‍ത്തിക്കും.

മമതാ ബാനര്‍ജിക്കും അത്രയേ ഉള്ളൂ. കൊല്ലംകുറെയായി ബംഗനാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍ കയറാന്‍ മോഹം ജനിച്ചിട്ട്. കാര്യം പണ്ടത്തെ അറയ്ക്കല്‍ ബീബിയുടെ കഥപോലെയാണ്. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയോടേ പ്രണയമുള്ളൂ. അത് തരപ്പെടുത്തേണ്ട ബംഗാളുകാര്‍ അക്കാര്യം ചിന്തിച്ചിട്ടില്ല. അവര്‍ക്ക് എല്ലാം ഒരു തമാശയാണ്. കോണ്‍ഗ്രസിനകത്തുനിന്ന് പുറത്തുപോയും കാവി പുതച്ചും കേന്ദ്രമന്ത്രിയായും മാവോയിസ്റ്റിന്റെ പുറത്തുകയറിയുമൊക്കെ മമത ചാടുന്നതും അലറുന്നും കൌതുകത്തോടെ അവര്‍ നോക്കിനിന്നിട്ടുണ്ട്. മമത എങ്ങനെ ചാടിയാലും ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജയിച്ചിങ്ങ് പോരും. അനുഭവത്തില്‍നിന്ന് പഠിക്കുക എന്നൊരു സ്വഭാവം മാത്രം പുള്ളിക്കാരിക്കില്ല.

കോണ്‍ഗ്രസിന്റെയല്ലേ വിത്ത്. കുറെ അനുയായികളും കൊടിതോരണങ്ങളുമായി സിങ്കൂരിലെ പന്തലിലാണ് ഇപ്പോള്‍ മമതാദീദിയുടെ സാധകം. കാലത്തും വൈകിട്ടും മൈക്കിനുമുന്നില്‍ നിന്ന് ഒരേ അലര്‍ച്ചയാണ്. ഏതാണ്ട് കോട്ടയത്തെ മനോരമയുടെ സ്വഭാവം. മാര്‍ക്സിസ്റ്റ് പാര്‍ടിയെ പത്തു തെറിവിളിച്ചില്ലെങ്കില്‍ ഉറക്കംകിട്ടാത്ത സൂക്കേട്. ഏതായാലും തന്നെ പിടിച്ച് ആരും മുഖ്യമന്ത്രിയൊന്നും ആക്കാന്‍ പോകുന്നില്ല. അതുകൊണ്ട് എല്ലാം തകര്‍ത്തിട്ടേ അടങ്ങൂ എന്നാണ് വാശി. ഇപ്പോള്‍ സമരം മാര്‍ക്സിസ്റ്റുപാര്‍ടിക്കെതിരോ ബംഗാളിനെതിരോ വികസനത്തിനെതിരോ എന്ന് പറയാനാകുന്നില്ല. ആറ്റുനോറ്റ് കാത്തിരുന്ന 'പൊടിയന്‍ കാറി'നെതിരെയാണ് പുതിയസമരമുഖം. കാറുകമ്പനിയുടെ ഉടമ ടാറ്റാജിപറയുന്നത് ഇങ്ങനെ സമരംചെയ്താല്‍ കമ്പനി പൂട്ടിക്കളയുമെന്നാണ്. അതു പറയേണ്ട താമസം, ഇങ്ങോട്ടു പോരെന്നുപറഞ്ഞ് പാഞ്ഞടുക്കാന്‍ പഞ്ചാബുകാരനും മറാത്താ വാലയും തയ്യാര്‍. ബംഗാളില്‍ നടത്താന്‍പാടില്ലാത്ത കമ്പനി പഞ്ചാബിലാകാം. മഹാരാഷ്ട്രയ്ക്ക് സ്ഥലവും പ്രശ്നമല്ല; മമതയും പ്രശ്നമല്ല.

ഇതെന്തൊരു കഥയെന്ന് ശതമന്യുവിന് മനസ്സിലാകുന്നില്ല. വ്യവസായം ബംഗാളിലും കേരളത്തിലുമേ പാടില്ലാതുള്ളൂ. നാട്ടിലാകെ പുതിയ വ്യവസായങ്ങള്‍ വരുമ്പോള്‍ കേരളവും ബംഗാളും കാളവണ്ടിയില്‍തന്നെ പോകട്ടെ. മാര്‍ക്സിസ്റ്റുകാര്‍ എവിടെ അധികാരത്തില്‍ വരുന്നുവോ അവിടെ സമരംചെയ്യും; കുടിലുകെട്ടി റബര്‍ കക്കും; സംരക്ഷണവലയം തീര്‍ക്കും. ഒറ്റ വ്യവസായിയെയും അടുപ്പിക്കില്ല. എന്നിട്ട് അവസാനം പറയും ഇതാ വികസനത്തിന് മാര്‍ക്സിസ്റ്റുകാര്‍ക്ക് കഴിവില്ലെന്ന്. നല്ല പരിപാടിയാണ്. ഉമ്മന്‍ചാണ്ടിയാണ് സ്മാര്‍ട്സിറ്റിയുടെ പിതാവെന്നു വീമ്പടിക്കുന്നവര്‍ ഇപ്പോഴും സെക്രട്ടറിയറ്റിനുമുന്നിലൂടെ നടക്കുന്നുണ്ട്. അന്നത്തെ സ്മാര്‍ട് സിറ്റിയെവിടെ, ഇന്നത്തേതെവിടെ. ആ സ്മാര്‍ട്സിറ്റിക്ക് ഒന്നാം നമ്പര്‍ പ്രത്യേക സാമ്പത്തികമേഖലയെന്ന സെസ് പദവി വാങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ ഇപ്പോള്‍തന്നെ സെസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ വേറെ സെസ് വരുന്നത് കോണ്‍ഗ്രസിന് സഹിക്കാനാകുന്നില്ല. എം ഐ ഷാനവാസും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം നിരന്നുനിന്ന് സെസ് വിരുദ്ധ പ്രസംഗം നടത്തുകയാണ്. 'സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ ചെക്കനെ ചക്കിലുമിട്ടാട്ടണ'മെന്നാണല്ലോ.

എന്തായാലും മമതാദീദിയോളം വരില്ല ചെന്നിത്തലയുടെ അലര്‍ച്ച. മമതയാണ് താരം. അതുകൊണ്ട് ആ മാതൃക കേരളത്തിലും പകര്‍ത്താവുന്നതാണ്. ഗവമെന്റിനെക്കൊണ്ട് ഒരുകാര്യവും ചെയ്യിക്കരുത്. എന്തുചെയ്യാന്‍ പോകുമ്പോഴും കുറുകെ ചാടണം. റോഡ് പണിയുമ്പോള്‍ ജെസിബി പിക്കറ്റ് ചെയ്യണം. അണകെട്ടുമ്പോള്‍ കുരങ്ങന്മാരെയും മരപ്പട്ടികളെയും ആടിനെയും മാടിനെയും സംഘടിപ്പിച്ച് സത്യഗ്രഹമിരിക്കണം. കെട്ടിടം പണിയുമ്പോള്‍ മരം മരമെന്നുവിളിച്ച് ധര്‍ണയിരിക്കണം. ഫാക്ടറി കെട്ടുമ്പോള്‍ 'ഭൂമി ദേവി പുഷ്പിണിയായി' എന്ന പാട്ടുപാടണം. ഇന്റര്‍നെറ്റില്‍ മരമേ, പടുമരമേ എന്ന് കവിത കാച്ചണം. അക്കൌണ്ട് നമ്പര്‍ ഇ-മെയിലായി വിട്ട് പണം പിരിക്കണം. ഇത്രയൊന്നുമില്ലെങ്കില്‍ പ്രതിപക്ഷപ്രവര്‍ത്തനമാകില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നതിനും ചെയ്യുന്നതിനും വല്ല നിയന്ത്രണവും വേണ്ടതുണ്ടോ? ഇനി അഥവാ വല്ലകാലത്തും ഭരണത്തില്‍ കയറിയാലോ? മാറ്റിപ്പറയാന്‍ വാക്കല്ലാതെ മറ്റെന്തുണ്ട്? അതുകൊണ്ട്, മമതാദീദിയെ മനസ്സില്‍ ധ്യാനിച്ച് ചെന്നിത്തലാജി ഒരു ചെയ്ത്തുതുടങ്ങാന്‍ താമസമരുത്. അധ്വാനിച്ച് ക്ഷീണിക്കുമെന്ന ഭയം വേണ്ട. ആവശ്യത്തിന് സോഡയും കപ്പലണ്ടിയും കട്ടന്‍ചായയും കൊണ്ടുവരാന്‍ നല്ല മുഴുമുഴുത്ത വിപ്ലവകാരികള്‍ ചെങ്ങറയിലും പരിസരത്തുമെല്ലാം തമ്പടിച്ചിട്ടുണ്ട്. നാനോ കാറുവന്നാലെന്ത്, പോയാലെന്ത്; വികസനം നടന്നാലെന്ത്, ഇല്ലെങ്കിലെന്ത്; തൊഴില്‍ ഉണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത് - നമുക്ക് പ്രതിപക്ഷപ്രവര്‍ത്തനം മതിയേ. അതിനാണ് മാര്‍ക്കറ്റ്. മമതാദീദി കീ ജയ്.

*****
കോടതിയോട് അല്‍പ്പസ്വല്‍പ്പം ബഹുമാനമൊക്കെ വര്‍ധിച്ചുവരുന്നുണ്ട്. പൊതുതാല്‍പ്പര്യമെന്ന പേരില്‍ ക്വട്ടേഷന്‍ പണി നടത്തുന്ന പരിപാടിയെക്കുറിച്ച് കോടതിക്ക് നല്ല ബോധ്യമുണ്ടെന്ന് തെളിഞ്ഞുവല്ലോ. അത്രയും സമാധാനം. ഒരു പാവപ്പെട്ട പെങ്കൊച്ചിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും കൊന്നവരെ പിടിക്കണമെന്നുമാവശ്യപ്പെട്ട് പത്തുപതിനാറുകൊല്ലം കോടതി കയറിയിറങ്ങിയ ഒരു പുള്ളിക്കാരനെയാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പിടികൂടിയത്. പുള്ളിക്ക് എന്താണ് 'പൊതുതാല്‍പ്പര്യം', എവിടെനിന്ന് കിട്ടുന്നു പണം, എത്രയുണ്ട് സ്വത്ത്, ആരുമായൊക്കെ ബന്ധമുണ്ട് എന്നെല്ലാം അന്വേഷിച്ച് കണ്ടെത്തി ബോധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. നല്ലകാര്യം. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കള്ളപ്പണിക്ക് ഉപയോഗിക്കുന്നവന്റെ കഴുത്തില്‍തന്നെ പിടിക്കണം.

മറ്റൊരു വിരുതനെപ്പറ്റി ശതമന്യു കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. ഇപ്പോഴത്തെ പുള്ളി ഒരു പെണ്‍കുട്ടിയുടെ ഘാതകനെ കണ്ടെത്താനാണ് കോടതി കയറിയിറങ്ങിയതെന്നെങ്കിലും പറയാം. ബാക്കി വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമല്ലോ. മറ്റേതാണ് ശരിയായ പുള്ളി. കോടതി കയറുന്നത് ഒരു സൈഡ് ബിസിനസ്സാണ്. യഥാര്‍ഥ പണി നീലയും മഞ്ഞയും കലര്‍ത്തിയ പത്രപ്രവര്‍ത്തനം. ആളെ ചൂണ്ടിക്കാണിച്ചുകൊടുത്താല്‍മതി - മണിക്കൂറുവച്ച് എഴുതി നാറ്റിച്ചുകൊള്ളും. സ്ത്രീ പീഡകനാക്കാനും കള്ളനാക്കാനും അഴിമതിക്കാരനോ നികുതിവെട്ടിപ്പുകാരനോ ആക്കാനുമെല്ലാം പ്രത്യേക റേറ്റാണ്. എഴുതുന്ന ക്രൈം ഏല്‍ക്കാതെ വരുമ്പോഴാണ് കോടതിയിലെത്തുക. കേസ് ; കേസിന്മേല്‍ കേസ്, സത്യവാങ്മൂലത്തിന് മറുപടിയും എതിരുമായി തുടര്‍ക്കഥകള്‍ എന്നരീതിയിലാണ് വിപ്ലവപരിപാടി. ഇടയ്ക്ക് മാനനഷ്ടക്കേസിലോ മറ്റോ പെട്ടാല്‍ കോംപ്രമൈസിന് ചെല്ലും. അവിടെ ബാര്‍ടര്‍ സിസ്റ്റമാണ്. 'എന്റെ മാനം നഷ്ടമാക്കിയതിന് നിനക്കുശിക്ഷ കിട്ടിയാല്‍ ഞാന്‍ ക്ഷമിക്കാം-പകരം മറ്റവന്റെ മാനം നീ കപ്പല്‍കയറ്റ് ' എന്നുപറഞ്ഞ് കക്ഷികള്‍ വരും. ആരെ എന്തുചെയ്താലും തല്ലുകിട്ടില്ലെന്നുറപ്പാക്കിയിട്ടുണ്ട്. കീചകന്‍ ചാകുമ്പോള്‍ ഭീമന്‍ വധക്കേസില്‍ പ്രതിയാകും എന്ന് നിയമമുണ്ടല്ലോ. ഈ നീലക്കുഞ്ഞന് എവിടെനിന്ന് പണം, ആരുമായിബന്ധം, എന്ത് താല്‍പ്പര്യം എന്നൊക്കെ ഏതെങ്കിലും ജഡ്ജി എന്നെങ്കിലും അന്വേഷിക്കുമായിരിക്കും. പ്രതീക്ഷയാണ് ശതമന്യുവിനെയും നയിക്കുന്നത്.

******
ആരാന്റെ പോക്കറ്റില്‍ കിടക്കുന്ന പണം വിദേശ കാറും റിസോര്‍ട്ടുമൊക്കെയായി മാറ്റുന്ന മാന്ത്രികനെ തിരുവനന്തപുരത്തു കണ്ടില്ലേ? ഇരുപതുവയസ്സിനിടയ്ക്ക് ആ കുരുന്നുപ്രതിഭ കാട്ടിയ അല്‍ഭുതങ്ങള്‍ ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു. ഇതൊക്കെയാണ് വിത്തിനുവയ്ക്കേണ്ട ഇനം. ഒരു നാല്‍പ്പതു വയസ്സാകുമ്പോഴേക്ക് ഇന്ത്യാരാജ്യത്തിന്റെ ധനമന്ത്രിയാകാനുള്ള വകുപ്പുണ്ട്. ചെറുപ്പക്കാരന്റെ കൈയില്‍ അടവച്ചുവിരിയിക്കാന്‍ പണം കൊടുത്തവരില്‍ എണ്ണംപറഞ്ഞ ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകപ്രതിഭകളുമൊക്കെയുണ്ടെന്നാണ് കേള്‍വി. കഷ്ടപ്പെട്ട് നാലഞ്ച് അഴിമതി നടത്തിയുണ്ടാക്കിയ പണം ചെക്കന്‍ കൊണ്ടുപോയതിന്റെ സങ്കടം തീര്‍ക്കാന്‍ മാധവരായരുടെ പ്രതിമയ്ക്കുമുന്നില്‍ കണ്ണീരുപൊഴിക്കുന്നവര്‍ക്ക് നിത്യശാന്തി നേരുന്നു. ഇനിയും വരും ഇതുപോലുള്ള പയ്യന്മാര്‍. ഒന്നുവച്ചാല്‍ രണ്ട്, രണ്ടുവച്ചാല്‍ നാല് - ആരാന്റെ പണമല്ലേ. പോരുന്നെങ്കില്‍ പോരട്ടെ. വെയ്‌ രാജാ വെയ്...

*****
ചെങ്ങറയില്‍ ചെന്ന് ബി ആര്‍ പി ഭാസ്കര്‍ എന്ന മഹാവിപ്ലവകാരി ആഹ്വാനിച്ചത് ഇനി സമരം എ കെ ജി സെന്ററിനുമുന്നില്‍ നടത്തണം എന്നത്രെ. അതുനന്നായി. പ്രകടനത്തില്‍ മുന്‍നിരയില്‍ പത്രമഹാനുഭാവന്‍ തന്നെ നില്‍ക്കട്ടെ. ഇത്തരമൊരു മഹാപ്രതിഭയെക്കുറിച്ച് പണ്ട് ഇ വി പാടിയത് ഓര്‍ക്കട്ടെ:

'പാമ്പുകള്‍ക്കൊക്കെയുമെട്ടടിമൂര്‍ഖന്‍ നീ
ഷാമ്പേന്‍ നീ ഷാപ്പിലെ മദ്യങ്ങളില്‍
വന്യമൃഗങ്ങളില്‍ കാണ്ടാമൃഗമങ്ങി-
ങ്ങൊന്നാമന്‍ തന്നെനീയെല്ലാത്തിലും''

Sunday, August 24, 2008

നാട്ടിലാകെ പാട്ടാകും

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരുടെ ഗണത്തിലേക്കുയരാന്‍ പ്രാപ്തിയുള്ള ഒരു ദേഹം കണ്‍മുന്നിലുണ്ടായിട്ടും ആരും ഗൌനിക്കുന്നില്ല. ഓരോ നാളത്തെയും മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ചാല്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ ഗീതോപദേശം അതിനടുത്തെങ്ങുമെത്തില്ല. ഹാസ സാഹിത്യത്തിലാണെങ്കില്‍ കുഞ്ചനെയും ഇ വി യെയും എന്തിന്, പത്തനംതിട്ട കലക്ടറെപ്പോലും കടത്തിവെട്ടും. പ്രതിഭയോ? വെള്ളാപ്പള്ളി, നസിറുദ്ദീന്‍, സുകുമാരന്‍നായര്‍ എന്നിങ്ങനെയുള്ള അതുല്യപ്രതിഭകള്‍ നമിച്ചുപോവുകയേ ഉള്ളൂ. സാംസ്കാരിക നായകന്മാരില്‍ നല്ല 'റോള്‍സ് റോയിസു'തന്നെ. അങ്ങനെയൊരു മഹാന്‍ തലപ്പത്തിരിക്കുമ്പോള്‍ കെപിസിസി വളര്‍ന്നുയര്‍ന്ന് വിടര്‍ന്ന് പരിലസിക്കുമെന്നതില്‍ സന്ദേഹമെന്തിന് ഭവാന്മാര്‍ക്ക്?

പണ്ട് നാടകസംഘം നടത്തിയും പാട്ടുപാടിയും കഥാപ്രസംഗം നടത്തിയുമൊക്കെയാണ് കമ്യൂണിസ്റ്റുകാര്‍ പച്ചപിടിച്ചതെന്നും അങ്ങനെയാണ് 'കമ്യൂണിസ്റ്റ് പച്ച' ഉണ്ടായതെന്നും കണ്ടുപിടിച്ചത് ഈയിടെയാണ്. ഇനി കേരളത്തില്‍ 'കോഗ്രസ് പച്ച' വളര്‍ത്തിയേ അടങ്ങൂ എന്ന് തീരുമാനമെടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. അല്ലെങ്കിലും പ്രതിഭാശാലികള്‍ കൂടുതല്‍ ആലോചിക്കില്ല; പ്രവര്‍ത്തിക്കുകയേ ഉള്ളൂ. അതുകൊണ്ട്, കെപിസിസി നാടകസംഘത്തിനു പുറമെ ഗായകസംഘവുംകൂടി തുടങ്ങാന്‍പോകുന്നു. ഇനി നാട്ടിലാകെ പാട്ടാകും. സംഗീതം അപാരമായ സാധ്യതയുള്ളതാണ്. മഴപെയ്യിക്കാനും രോഗം ശമിപ്പിക്കാനുമെല്ലാം സംഗീതം പ്രയോജനപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ പാടിത്തോല്‍പ്പിക്കാനുള്ള സാങ്കേതികവിദ്യയും നിലവില്‍ വന്നിട്ടുണ്ടത്രേ. ഗായകസംഘത്തില്‍ ആളെ എടുക്കുന്ന പരിപാടിയാണ് അടുത്തത്. അതിന് ഹൈകമാന്‍ഡില്‍നിന്ന് ലിസ്റ്റ് വേണ്ടിവരും. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്‍തോലുമുള്ള മദ്ദളം വായിച്ചു ശീലമുള്ളവര്‍ കൂട്ടത്തില്‍ ആവശ്യത്തിലേറെയുണ്ട്. തെരഞ്ഞെടുക്കാന്‍ കേന്ദ്രനിരീക്ഷകര്‍ വരേണ്ടിവരും. വായ്പാട്ടുകാരുടെ സ്ഥിതിയും തഥൈവ. ഘനഗംഭീരശബ്ദമുള്ള ഹസ്സൈ ഭാഗവതര്‍, ശാരീര സൌകുമാര്യത്തിന്റെ ഭീഷ്മഗാനാചാര്യന്‍ കരുണാകരമുനി, ആറും രണ്ടും എട്ടുദിക്കും പൊട്ടുമാറ് പാടുന്ന ഷഡ്കാലാര്യാട ഭാഗവതര്‍, കളമൃദുവാണി ഉമ്മുച്ചാണ്ടിക്കുഞ്ഞ് തുടങ്ങിയവരോട് മത്സരിക്കാന്‍ മറ്റൊരു ഗാനകോകിലവും വളര്‍ന്നിട്ടില്ല. പിന്നെയോ? അമ്പട ഞാനേ. ഗായകസംഘത്തെ നയിക്കാന്‍ എന്നെക്കാള്‍ യോഗ്യതയുള്ള മറ്റാരെയും കാണുന്നില്ല. പാടാം നമുക്ക് പാടാം....

*

ഗായകരെ വിടുക. നല്ല ചില കഥാകാരന്മാര്‍ സമകാലിക മലയാളം, മാധ്യമം ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'കുടികഴിഞ്ഞൊരു ബീഡിയതും കുടിച്ചടരിനാഞ്ഞുവരും മദപൂരിതന്‍' കണക്കെ ആവേശത്തോടെ സൃഷ്ടികര്‍മം നടത്തുന്ന കഥാകാരന്മാരേ നിങ്ങള്‍ക്ക് നമോവാകം. കള്ളം പറയുന്നതിലുള്ള, അത് നന്നായി പറഞ്ഞു ഫലിപ്പിക്കുന്നതിലുള്ള വിരുതാണ് നിങ്ങളെ ഒരു നല്ല കഥാകൃത്താക്കുന്നതെന്ന് ആധുനിക തലമുറയിലെ പ്രതിഭയുള്ള കവി പറഞ്ഞത് വായിച്ചു. നിങ്ങള്‍ എത്ര കള്ളനും കൌശലക്കാരനും ആയിരിക്കുന്നുവോ അത്രയും നിങ്ങളുടെ കഥയും നന്നായിരിക്കും എന്നാണ് കവിയുടെ സിദ്ധാന്തം. ശരിതന്നെ. നല്ല കഥയ്ക്ക് മണ്ണിന്റെ മണമുണ്ടാകും. രണ്ടാം ഭൂപരിഷ്കരണത്തിന്റെ ചൂരുണ്ടാകും. 'സേവാബലമശക്തര്‍ക്ക്; ശക്തന്മാര്‍ക്കത് ഭൂഷണം, സേവകൊണ്ടു ജയിക്കുന്നു ഭൂമിയും മറ്റു ലോകവും' എന്നാണ് ശുപാര്‍ശാ ശാസ്ത്രം. അങ്ങനെ സേവകൊണ്ടും ശാസ്ത്രബോധംകൊണ്ടും മിടുക്കന്മാരായവര്‍ രചിക്കുന്ന കഥകള്‍ക്ക് പതിനൊന്നാമത്തെ കല്‍പ്പനയുടെ ബലമുണ്ടാകും.

മാധ്യമവീരനായ, സാധുജന ബാന്ധവനായ, പ്രകാശപൂരിതനായ ഒരു കഥാകൃത്ത് തുടര്‍ക്കഥയാണെഴുതിയത്-മൂന്നു ദിവസം. കഥ ചില ചോദ്യങ്ങളുടെ രൂപത്തിലാണ്. ശക്തനായ കഥാകാരന്‍ അതിശക്തമായ വാക്കുകളില്‍ ആജ്ഞാപിക്കുന്നു: "ഈ ഉത്തരങ്ങള്‍ കണ്ടെത്തിക്കൊണ്ടായിരിക്കണം മുതലാളിത്ത വികസനത്തിന് അടിത്തറ ഒരുക്കുന്ന വ്യവസായവല്‍ക്കരണത്തിനു കൃഷിഭൂമി വകമാറ്റേണ്ടത്''! ഉത്തരം കിട്ടിയില്ലെങ്കിലോ? ശിക്ഷിച്ചുകളയും. കുറ്റം നിസ്സാരമല്ല. അതിങ്ങനെ: "അതിനു തയ്യാറാകാതെ ഭൂപരിഷ്കരണത്തിന്റെ തുടര്‍ നടപടികളെ തള്ളിപ്പറയുന്നത് കേരളസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്''!

ആ തെറ്റിനുള്ള ശിക്ഷയെന്തെന്നോ-പിണറായി, തോമസ് ഐസക് തുടങ്ങിയ കുറ്റക്കാരെ പിടിച്ച് നാലാം ലോകത്തിന്റെ കുരിശില്‍ തറയ്ക്കുകയും വലതുപക്ഷത്തിന്റെ മുള്‍ക്കിരീടം ചൂടിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ ചാട്ടയ്ക്കടിക്കുകയും ചെയ്യും. ആള്‍ നല്ല കഥാകാരനാണ്. കഥയ്ക്കാധാരമായ മിച്ചഭൂമിക്കണക്ക് സ്വന്തമായുണ്ടാക്കും. 110 ലക്ഷം പേര്‍ക്ക് നാട്ടില്‍ ഭൂമിയില്ലെന്ന് സമര്‍ഥിക്കും. അവര്‍ക്കെല്ലാം ഒരേക്കര്‍വീതം കൊടുക്കാന്‍ ഭൂമിക്ക് ചന്ദ്രനിലോ ചൊവ്വയിലോ പോകേണ്ടിവരുമെന്നതിനാല്‍, തല്‍ക്കാലം ചെങ്ങറയിലെ ളാഹക്കുട്ടികള്‍ക്ക് കൊട് അഞ്ചേക്കര്‍ വീതം എന്നാണ് കഥാകാരന്റെ ആജ്ഞ. കല്ലേപ്പിളര്‍ക്കുന്ന ആജ്ഞയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ആരാണീ കഥാകാരന്‍? തൊടുപുഴയിലും തിരുവനന്തപുരത്തും നേരിട്ടും അല്ലാതെയും അദ്ദേഹം നടത്തിയ അധ്വാനത്തിന്റെ ഫലമല്ലിയോ ഈ സര്‍ക്കാര്‍തന്നെ. അതുകൊണ്ട് ആ മഹാപ്രതിഭയുടെ പിറക്കാതെ പോയ കുഞ്ഞാണല്ലോ സര്‍ക്കാരേ നീ. അച്ഛന്‍ പറയുന്നത് അനുസരിക്കണ്ടായോ?

ഈ കഥാകാരന്റെ ഉടപ്പിറന്നോന്‍ സമകാലിക മലയാളദേശത്ത് ആസ്ഥാന മുഖക്കുറിപ്പെഴുത്തുകാരനാണ്. ടിയാനാണ് പണ്ട് 'ചോറിങ്ങും കൂറങ്ങും' എന്ന തീസിസ് അവതരിപ്പിച്ച് വിപ്ളവാവേശം തെളിയിച്ചത്. ഇപ്പോള്‍ ചോറും കൂറും ഒരിടത്തുതന്നെയായതുകൊണ്ട് തലയില്‍ മുണ്ടിട്ട് സഹകരണബാങ്കില്‍ പോയി ചെക്ക് മാറി കച്ചവടം പൊലിപ്പിക്കേണ്ടതില്ല. പണം രൊക്കമായി ഗോയങ്ക കൊടുക്കും. അതുകൊണ്ട്, ഒരിടത്തിരുന്ന് ഗവേഷണംതന്നെയാണ്. ഒടുവിലത്തെ പ്രബന്ധം 'തോമസ് ഐസക്കിന്റെ നിയോ ലിബറല്‍ നയരേഖ' എന്നാണ്. "ഗവമെന്റിന്റെ അധീനതയിലുള്ള മിച്ചഭൂമി വ്യവസായികള്‍ക്കു നല്‍കാനുള്ളതാണെന്നും ഒരിഞ്ചു മണ്ണിനുവേണ്ടി കാത്തുകഴിയുന്നവര്‍ക്ക് നല്‍കാനുള്ളതല്ലെന്നും'' സിപിഎം ഒരു നയരേഖയിറക്കിയിട്ടുണ്ടെന്നാണ് തീസിസ്. ഈ സിപിഎം ഏതു സിപിഎമ്മാണ്? കേരളത്തിലെ സിപിഐ എം ഇറക്കിയ ഒരു രേഖയിലും എത്ര മുങ്ങിത്തപ്പിയിട്ടും ശതമന്യു അങ്ങനെയൊന്ന് കാണുന്നില്ല. അതോടെയാണ് മനസ്സിലായത്, നല്ല കഥാകാരന്‍ നല്ല കള്ളം പറയുന്ന മിടുക്കന്‍ തന്നെയെന്ന്. "വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഹോ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ'' എന്നാണ് ക്ളൈമാക്സില്‍ കഥാകൃത്ത് എഴുതുന്നത്. അതുതന്നെ ശതമന്യുവിനും തോന്നുന്നു. അഹോ കഷ്ടം.

*

ഇനി ഒരു പോസ്റ്റ്മോര്‍ട്ടമാണ്. രാഷ്ട്രീയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് പങ്കില്ല എന്ന ശീര്‍ഷകത്തില്‍ 'പച്ചക്കുതിര' മാസികയില്‍ വന്ന ഒരഭിമുഖത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

" വാര്‍ത്താ മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങളും മറ്റു പലതരത്തിലുള്ള അറിവുകളും വച്ചുകൊണ്ടായിരിക്കും റിപ്പോര്‍ട്ടെഴുതുക. നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം മുറിയിലെ വിവരങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത മനോരമയുടെ ലേഖകരാരുംതന്നെ സംഭവദിവസം മോര്‍ച്ചറിയില്‍ എത്തിയിരുന്നില്ല എന്നാണ് എനിക്കു ലഭിച്ച അറിവ്. ശനിയാഴ്ച സംഭവിച്ച മരണം മറ്റെല്ലാ മാധ്യമങ്ങളും അവരവരുടെ ലേഖകരെ നേരിട്ട് നിയമിച്ചാണ് വിവരം ശേഖരിച്ചത്. അവര്‍ ശേഖരിച്ച് കൈമാറിയ വിവരങ്ങളില്‍ ശരിയുണ്ടാകാം; തെറ്റുണ്ടാകാം. പക്ഷേ ലേഖകനെ അയക്കാതിരുന്ന പത്രത്തിന് ആരാണ് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുത്തതെന്ന് എനിക്കറിയില്ല. ഒരു ലേഖകനെ അയക്കാന്‍ പിശുക്കുകാണിച്ച ഈ പത്രം പക്ഷേ അധ്യാപകന്റെ മരണത്തിന്റെ അനുബന്ധ വാര്‍ത്തകള്‍ക്ക് സ്ഥലംകൊടുക്കാന്‍ യാതൊരു പിശുക്കും കാണിച്ചില്ല. സ്ക്വയര്‍ ഫൂട്ട് കണക്കിലാണ് സ്ഥലം അനുവദിച്ചത്. രണ്ടാംതരം വാര്‍ത്തകള്‍ എങ്ങനെയുണ്ടാകും എന്ന പത്രപ്രവര്‍ത്തനരീതിയുടെ ഉദാഹരണമായിട്ടേ ഞാനിതിനെ കാണുന്നുള്ളൂ.''

സന്ദര്‍ഭം ജെയിംസ് അഗസ്റ്റിന്‍ എന്ന അധ്യാപകന്റെ മരണമാണ്. ലീഗുകാരുടെ അടിയും തൊഴിയുമേറ്റ് 'എത്തേണ്ടിടത്ത് എത്തി' എന്ന് വീക്ഷണം പത്രം കണ്ടെത്തിയ അതേ ജെയിംസ് അഗസ്റ്റിന്‍ മരണം. മനോരമ എഴുതിയത്, അന്ന് പോസ്റ്റ് മോര്‍ട്ടം ടേബിളിനരികെ മന്ത്രി എം എ ബേബി ചെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ്. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും അതേറ്റുപാടി. അതിനു മറുപടിയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. ഷര്‍ലി വാസു പറഞ്ഞത്. ഇപ്പോള്‍ മനസ്സിലായില്ലേ, കഥാകാരന്മാര്‍ക്കു മാത്രമല്ല, മനോരമയ്ക്കും മിടുക്കും കൌശലവുമുണ്ടെന്ന്. അതുകൊണ്ടാണല്ലോ ജനലക്ഷങ്ങള്‍ അണിചേര്‍ന്ന പണിമുടക്കിനെ അപമാനിക്കാന്‍ ഒരമ്മയുടെ പുത്രവിയോഗ ദുഃഖം വില്‍പനച്ചരക്കാക്കിയത്. അര്‍ബുദം ബാധിച്ച് കുഞ്ഞ് മരിച്ചതിന്റെ വേദനയില്‍ വിങ്ങിപ്പൊട്ടിയ അമ്മയുടെ കണ്ണുനീര്‍ പണിമുടക്കിനെതിരായ കണ്ണീരാക്കി മാറ്റാന്‍ അച്ചായന്റെ കുഞ്ഞുങ്ങള്‍ കാട്ടിയ ആവേശം കണ്ടപ്പോള്‍ പലരും ധരിച്ചുപോയത്, ആ കുഞ്ഞിനെ പണിമുടക്കുകാര്‍ കൊന്നതാണോ എന്നാണ്. ഉമ്മന്‍ചാണ്ടി ആഹ്വാനം നല്‍കിയ ഹര്‍ത്താലില്‍ റോഡില്‍ കുടുങ്ങി പാവപ്പെട്ട ഗര്‍ഭിണി മരിച്ചപ്പോഴുണ്ടാകാത്ത വ്യഥ അച്ചായനും കുട്ടികള്‍ക്കുമുണ്ടാകുമ്പോള്‍ മനസ്സിലാക്കിക്കൊള്ളണം ഏതോ തെരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന്.

*

ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ചാട്ടം പിഴച്ചു. അത് ഒരു മാര്‍ക്സിസ്റ്റ് ഗൂഢാലോചനയാകാന്‍ വഴിയുണ്ട്. ചൈനയിലെ സഖാക്കളും കേരളത്തിലെ സഖാക്കളും ഒത്തുകളിച്ച് ചാട്ടം പിഴപ്പിച്ചതാകാം. പ്രതിഭാശാലികളായ പത്രകഥാകൃത്തുക്കളേ, അച്ചായന്റെ പൊന്നുമക്കളേ, ആ വഴിക്ക് ചിന്തിക്കുക.

Sunday, August 17, 2008

കാവിപ്പുതപ്പ്

പുതിയ കളരി ബൂലോഗമാണ്. ബൂലോഗമെന്നാല്‍ ബ്ളോഗുകളുടെ; ബ്ളോഗികളുടെ ലോകം. പണ്ട്, നോട്ടീസടിച്ച് നാടുനീളെ കൊണ്ടുനടക്കണമായിരുന്നു. കത്തെഴുതി പോസ്റ്റ് ചെയ്യണമായിരുന്നു. അതല്ലെങ്കില്‍, പത്രത്തില്‍ വാര്‍ത്ത വരുത്തിക്കണമായിരുന്നു. ഇപ്പോള്‍ അതൊന്നും വേണ്ട. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് ബ്ളോഗിലാക്കിയാല്‍ മതി. ആര്‍ക്കും എന്തും ബ്ളോഗാം. പാതിരാത്രി സെക്രട്ടറിയറ്റിനുമുന്നില്‍ പന്തലില്‍ക്കിടന്ന് കഞ്ചാവടിക്കുന്നതിനു പകരം സ്വന്തം കിടപ്പുമുറിയില്‍ വിപ്ളവാവേശത്തോടെ നിശാസമരം നയിക്കാമെന്നര്‍ഥം. അതുകൊണ്ട്, സാധുജന പരിപാലനം ഇപ്പോള്‍ ബ്ളോഗിലൂടെയാണ്. വിപ്ളവമല്ല, ബ്ളോപ്ളവം!

ഒരു ബ്ളോപ്ളവ നായകന്‍ എഴുതുന്നു:

" ഇന്ന് 'എ'യുമായി ടെലിഫോണില്‍ സംസാരിച്ചു. ചെങ്ങറയിലെ സ്ഥിതി സ്തോഭജനകമാണ്. അവള്‍ എതാണ്ട് കരയുകതന്നെയായിരുന്നു. അവിടെ മറ്റു സ്ത്രീകളും ദിവസാടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നു....''

അതുകൊണ്ട് സ്നേഹിതരേ, ചെങ്ങറയിലേക്ക് പണം അയക്കൂ എന്നാണാവശ്യം. ഒറ്റ ദിവസംകൊണ്ട് മുപ്പത്തേഴായിരം രൂപ പിരിഞ്ഞുകിട്ടിയെന്നാണ് പിറ്റേ ദിവസത്തെ ബ്ളോഗ് പോസ്റ്റ്! പണം വാരാന്‍ എന്തെല്ലാം വഴി കിടക്കുന്നു. ബ്ളോഗാകുമ്പോള്‍ വലിയ വിലക്കുകളൊന്നുമില്ല. എന്തും എഴുതാം, എഴുതിത്തെളിയാം. അസമിലെ ഉള്‍ഫാ തീവ്രവാദികള്‍ക്ക് പ്രിയപ്പെട്ട പ്രചാരണോപാധി ബ്ളോഗാണ്. ഓര്‍ക്കുട്ട്, ഫേസ്‌ബുക്ക് തുടങ്ങി നെറ്റ് വര്‍ക്കുകളും ഇത്തരം പ്രചാരണത്തിന് ഉപയോഗിക്കുന്നു. ഓര്‍ക്കുട്ടിലൂടെ ആളെക്കൊല്ലുന്നതെങ്ങനെ എന്നാണ് മുംബൈയില്‍ കണ്ടത്. ചില ബോളിവുഡ് നടികള്‍ അന്നന്നത്തെ കച്ചവടം ഉറപ്പിക്കുന്നത് ബ്ളോഗ് മുഖാന്തരമാണത്രേ. മാന്യന്മാരെ അപമാനിക്കാന്‍ കള്ളക്കേസുകളും സിന്‍ഡിക്കറ്റ് പത്രപ്രവര്‍ത്തനവും മാത്രമല്ല, ഇന്റര്‍നെറ്റിന്റെ സേവനവും ലഭ്യമാക്കാമെന്ന് വിജയകരമായി തെളിയിച്ചുകഴിഞ്ഞു. ആര്‍എസ്എസുകാര്‍ കണ്ണൂരിനെ 'മാര്‍ക്കറ്റ്'ചെയ്യുന്നത് സചിത്ര ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ്. വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും പേരുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ നല്‍കിയത് കഴിഞ്ഞ ദിവസത്തെ വാര്‍ത്തയാണ്.

എന്തായാലും, പത്രങ്ങളെപ്പോലെ ബ്ളോഗുകളും ഇന്റര്‍നെറ്റാകെയും ഉപയോഗപ്പെടുത്താനുള്ളതാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഒരു പഴയ പത്രപടുവിന്റെ പരദൂഷണകേന്ദ്രംതന്നെ ഇപ്പോള്‍ ബൂലോഗമാണ്. ഇടതുപക്ഷത്തിലാണ് താലിബാനിസ്റ്റുകളുള്ളതെന്ന് മറ്റൊരു ന്യൂനപക്ഷചിന്താവിശാരദന്‍ കണ്ടെത്തിയത് കഴിഞ്ഞദിവസം ശതമന്യു ബ്ളോഗില്‍ വായിച്ചു. കൈയിലൊരു കമ്പ്യൂട്ടറും മലയാളം ലിപി കമ്പോസുചെയ്യാനുള്ള അറിവുമുണ്ടെങ്കില്‍ ഏതു ഭാസ്കരനും ബ്ളോപ്ളവ നായകനാകാം. സ്വന്തം വീട് അടച്ചുപൂട്ടിയോ വാടകയ്ക്ക് കൊടുത്തോ അടുത്തുള്ള റബര്‍തോട്ടത്തില്‍ പാഞ്ഞുകയറി കുടിലുകെട്ടുകയും അവിടെ അഞ്ചേക്കര്‍ പതിച്ചുതന്നില്ലെങ്കില്‍ കെട്ടിത്തൂങ്ങിച്ചത്തുകളയുമെന്ന് ഭീഷണിമുഴക്കുകയും ചെയ്യുന്നതാണ് രണ്ടാം ഭൂപരിഷ്കരണം. തങ്ങളുടെ കഞ്ഞികുടി മുട്ടിച്ച രണ്ടാം ഭൂപരിഷ്കരണക്കാര്‍ക്കെതിരെ പട്ടിണിക്കാരായ റബര്‍വെട്ടുതൊഴിലാളികള്‍ സമരത്തിനിറങ്ങിയാല്‍ അതാണ് മാര്‍ക്സിസ്റ്റ് ഗൂഢാലോചന. അവരെ വെറുതെ വിടരുത്. ചുരുങ്ങിയപക്ഷം 'ദിവസാടിസ്ഥാനത്തിലുള്ള ലൈംഗിക പീഡനക്കാരെ'ന്നെങ്കിലും വിളിക്കണം. വിപ്ളവം പോകുന്ന ഒരു വഴിയേ... എറണാകുളത്ത് പട്ടികജാതി കവെന്‍ഷന്‍ ജോറായി നടന്നതോടെ ഇളക്കമൊന്നു കൂടേണ്ടതാണ്. 'യൂ ട്യൂബിലൂടെ' വഴിയേ വരും സൊയമ്പന്‍ രംഗങ്ങള്‍. ബ്ളോപ്ളവം വിജയിപ്പൂതാക.

*

ഇനി ഒരു കവിയുടെ കഥയാണ്. കാവിപുതച്ച് മഹാകവി എഴുതിയത് സശ്രദ്ധം ഗദ്യരൂപത്തില്‍തന്നെ വായിക്കുക:

"കാവിയെന്‍ പ്രിയപ്പെട്ട നിറമാണല്ലോ പണ്ടേപൂര്‍വികമഹത്വത്തിന്‍ പൂജനീയമാം ചിഹ്നം! നിസ്സംഗ വേദാന്തത്തിന്‍ നിറമാണത്, കേള്‍ക്കൂ നിസ്വരില്‍ നിസ്വന്മാരായ്ക്കഴിഞ്ഞോരാചാര്യന്മാര്‍ ഭൌതിക ദാരിദ്യ്രത്തിനുള്ളിലും പോഷിപ്പിച്ചൂ നൈതികവിശുദ്ധിയും ആത്മീയ സമൃദ്ധിയും. ആഗോളപ്രേമത്തിന്റെ, ആര്‍ഷവിജ്ഞാനത്തിന്റെ ആഗ്രഹത്യാഗത്തിന്റെ, നിറമാണല്ലോ കാവി!''

ആരാണ് ഇതെഴുതിയതെന്ന് ഊഹിക്കാന്‍ പറ്റുമോ?

താന്‍ കാവിയില്‍ പുതച്ചതിനെക്കുറിച്ച് പരിഹാസമുയരുന്നുവെന്ന് മഹാകവി വിഷമിക്കുന്നു.

"കാവിയാല്‍പ്പുതച്ചുവോ നീയെന്നു പരിഹാസ കോവിദര്‍ ചിലകൂട്ടര്‍ എന്നോടു ചോദിക്കുന്നൂ. അനിയന്ത്രിതമായ വിദ്വേഷ മദോന്മാദമവര്‍തന്‍ കലങ്ങിയ കണ്‍കളില്‍ കാണാവുന്നൂ. കാവിക്കാരുടെയോലക്കെട്ടിലെ പ്രമാണങ്ങള്‍ ആവിധക്കാരെപ്പോലും ദൈവാംശമെന്നോതുന്നൂ! കാവിയാല്‍പ്പുതയ്ക്കുവാനര്‍ഹനല്ലിവന്‍ നിത്യം ജീവിതഭോഗങ്ങളില്‍ മുഴുകിക്കഴിയുന്നോന്‍.''

എന്നാണ് കവിതയുടെ തുടര്‍ച്ച.

അമ്പമ്പോ...എന്തൊരു ഭാവന. സന്തോഷ് മാധവനും തോക്കുസ്വാമിയും ചുറ്റുന്ന കാവി ഉടുക്കാന്‍പാലും തനിക്ക് അര്‍ഹതയില്ലെന്ന വിനയം. ഇത്രയും വിനയാന്വിതനായ ഒരേയൊരാളല്ലേ കേരളത്തിലുള്ളൂ. പണ്ട് ദീപസ്തംഭത്തെക്കുറിച്ച് കവിതയെഴുതിയ ആസ്ഥാന വിദ്വാന്മാരെ ഓര്‍മയില്ലേ. ഇവിടെ കാവിപുതച്ച കവിക്ക് കിട്ടിയത് അഖിലേന്ത്യാ ചരിത്രഗവേഷണ കൌണ്‍സിലിന്റെ അധ്യക്ഷപദമാണ്. ടിയാന്റെ ജീവചരിത്രം വേറെ ചില ചരിത്രകാരന്മാര്‍ നിരീക്ഷിക്കേണ്ടതാണ്. മനസ്സില്‍ ഒരുകാലത്തും വിദ്വേഷം, പക, പുച്ഛം, അസൂയ, പരിഹാസം തുടങ്ങിയ മ്ളേച്ഛവികാരങ്ങളൊന്നും കടന്നുവന്നിട്ടേയില്ല. ചരിത്രവും ഗവേഷണവും കൊടുമ്പിരിക്കൊണ്ടപ്പോള്‍ 'നിത്യ ജീവിതഭോഗങ്ങളു'മായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ വന്നുവെന്നുമാത്രം.

അങ്ങനെ കാവിക്കാരെ പുലഭ്യം പറഞ്ഞ്, അവരില്‍നിന്ന് കൈനിറയെ വാങ്ങിക്കെട്ടി ചരിത്രകാര കവിഞ്ജര്‍ പുറത്തിറങ്ങിയപ്പോള്‍ മുന്നിലതാ ശുദ്ധശൂന്യത. പടരാന്‍ കമ്പോ വേലിയോ ഇല്ലെങ്കില്‍ വള്ളിയെ എന്തിനുകൊള്ളാം. പടരാനുള്ള തടി തേടിയലയവെ ചിലചില മൂളിപ്പാട്ടുകള്‍ മൂളാന്‍ കവിതിലകം മറന്നില്ല. അങ്ങനെ പാടിയവയിലൊന്ന്,

"കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ത്തത് കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണമാണ്'' എന്ന് അര്‍ഥംവരുന്ന ഹിന്ദിഗാനമായിരുന്നു. ആ പാട്ട് ആരും കേട്ടില്ല. അടുത്തത് മറ്റൊരു ഹിന്ദിഗാനംതന്നെ. അതിന്റെ സാരം ഇങ്ങനെ: എല്ലാ വിഭാഗങ്ങളും പങ്കെടുത്ത മഹത്തായ സമരമായിരുന്നു വിമോചനസമരം. ജനാധിപത്യ സമരത്തിന്റെ ഓര്‍മകളേ..തിരികെ വരൂ.....

പാട്ടുകള്‍ മാറിമാറി വന്നപ്പോള്‍ ഒരു പഴയ ട്യൂട്ടോറിയല്‍ കോളേജ് ഹിന്ദിവാധ്യാര്‍ക്ക് കമ്പംകയറി. പാടിനടക്കുന്ന കവിയെപ്പിടിച്ച് പാഠപുസ്തകം നോക്കാനേല്‍പ്പിച്ചു. അങ്ങനെയാണ് കെപിസിസിയുടെ പാഠപുസ്തകസമിതിയുണ്ടായത്. കാവിക്കവിക്ക് ചോപ്പുകണ്ടാല്‍ വലിയ കോപമാണ്. 'ചോരതന്‍ നിറമാളും ചുകപ്പു വേണ്ടേ വേണ്ടാ' എന്നാണ് കവിത. അതുകൊണ്ട് ഇപ്പോള്‍ ചൊല്ല് ചുകപ്പുകണ്ട ചരിത്രകാരനെപ്പോലെ എന്നത്രേ. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ഏറെയാണ്. കാവിനിക്കര്‍, ഹിന്ദി ഗാനവൈഭവം, തൊമ്മന്റെയും ചാണ്ടിയുടെയും പിന്തുണ-എല്ലാം തികഞ്ഞുവരുന്നു. സീറ്റ് നിശ്ചയിക്കുന്ന പ്രക്രിയയേ ഇനി വേണ്ടൂ. മലപ്പുറമോ കോഴിക്കോടോ കൊടുത്താല്‍ കുശാലായി. ലീഗുകാര്‍ വോട്ടുചെയ്തുകൊള്ളും. സ്ഥാനാര്‍ഥി കാവിനിക്കറിട്ടാലെന്ത്, ശൂലമേന്തിയാലെന്ത്.

*

മറ്റൊരു സ്ഥാനാര്‍ഥികൂടി അണിഞ്ഞൊരുങ്ങുന്നുണ്ട്.

കാലടിയിലാണ് ബ്യൂട്ടിപാര്‍ലര്‍. സൂററ്റില്‍ കൊടുങ്കാറ്റും മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കവുമായതിനാല്‍ ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയാത്തതുകൊണ്ട് വിലകുറച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന പരസ്യവുമായി ഓണത്തിനുമുന്‍പ് തുണിവില്‍പ്പനയ്ക്ക് കേരളത്തില്‍ എത്തിയിരിക്കുന്ന വസ്ത്രവ്യാപാരികളുടെ വിപണനതന്ത്രത്തോടാണ് ടിയാന്റെ ചില ലൊടുക്കുവേലകളെ ശതമന്യുവിന്റെ ഒരു സുഹൃത്ത് ഉപമിച്ചത്. വൈസ് ചാന്‍സലര്‍ എന്നാല്‍ വലിയൊരു സ്ഥാനമാണ്. പട്ടാളത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ തൊട്ടുമുകളിലുള്ള സ്ഥാനംകൊടുക്കുന്ന ഒരേര്‍പ്പാടുണ്ട്. സര്‍വീസ്‌കാലം മുഴുവന്‍ ജവാനായി കഷ്ടപ്പെട്ടയാള്‍ അടുത്തൂണ്‍ പറ്റിയാല്‍ റിട്ടയേഡ് സുബേദാറാകും. അതുപോലെ, കോളേജ് വാധ്യാരായി വിരമിക്കുന്നതിനു പകരം വൈസ്‌ചാന്‍സലറായി റിട്ടയര്‍മെന്റ് വേണമെന്ന് ആശിക്കുന്നതില്‍ തെറ്റില്ല. വിസിമാരെല്ലാംതന്നെ മഹാപണ്ഡിതന്മാര്‍ ആയിരിക്കണം; ആണുതാനും. പ്രത്യേകിച്ചും നമ്മുടെ പ്രതിപാദ്യപുരുഷന്‍ ദാര്‍ശനികനുമാണ്. ഏഴാംക്ളാസിലെ പാഠപുസ്തകംമുതല്‍ സംസ്കൃതത്തിന്റെ ഹിമാലയംവരെ ഉള്ളംകൈയിലൊതുക്കുന്ന മഹാമനീഷിക്ക് പക്ഷേ തന്നെ നിയമിച്ചതാരാണെന്നും താന്‍ സ്വയം വിരമിക്കുന്നുവെങ്കില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകണമെന്നുമുള്ള ഗുമസ്തന്റെ അറിവ് ഇല്ലാതെപോയി. വൈസ് ചാന്‍സലര്‍മാര്‍ക്ക് സ്വയം വിരമിക്കല്‍ പറ്റില്ല. നാലുകൊല്ലത്തേക്കാണ് നിയമനം. വേണമെങ്കില്‍ രാജിവച്ചു പോകാം. വിദേശയാത്ര പോകണമെങ്കിലും പ്രബന്ധാവതരണത്തിന് അനുമതി വേണമെങ്കിലും അപേക്ഷിക്കേണ്ടത് ചാന്‍സലര്‍ക്കാണ്. വിദ്യാഭ്യാസവകുപ്പിനെയല്ല. മന്ത്രിയാപ്പീസില്‍ തിരിഞ്ഞുനോക്കേണ്ടതുമില്ല. പ്രതിപാദ്യശ്രീമാന്റെ സേവനം അകാലത്തില്‍ ഒഴിവാക്കുന്നത് ഉന്നത വിദ്യാഭ്യാസവകുപ്പിന് തീരാനഷ്ടമാണ് എന്നു തോന്നുന്നെങ്കില്‍മാത്രമേ അപേക്ഷ പിടിച്ചുകെട്ടി വയ്ക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ എത്രയുംവേഗം ശല്യമൊഴിഞ്ഞുപോകട്ടെന്നു കരുതാവുന്നതല്ലേ. ചരിത്രകാരന്റെ നേതൃത്വത്തില്‍ പാഠപുസ്തക വിദഗ്ദ (രാഷ്ട്രീയ) സമിതിയില്‍പ്പെട്ടപ്പോള്‍ നീലത്തൊട്ടിയില്‍ വീണ കുറുക്കന്റെമേല്‍ മഴവെള്ളം വീണ് തനിനിറം പുറത്തായപ്പോഴുണ്ടായ വെളിപാടുപോലെ ഒരു തുറന്ന കത്തെഴുതിയെന്നേയുള്ളൂ. ആള്‍ മാന്യനാണ്. വിദേശത്തെല്ലാംപോയി പ്രബന്ധം അവതരിപ്പിക്കുന്ന കൂടിയ പുള്ളിയുമാണ്. ഉള്ളി തിന്നുന്ന ഒരസുഖമേയുള്ളൂ.

വിദ്യാഭ്യാസവകുപ്പില്‍ തൊട്ടവര്‍ക്കെല്ലാം പൊള്ളുമെന്നറിഞ്ഞുകൊണ്ടുതന്നെ ഒന്നു തൊടാന്‍മാത്രമല്ല, പിടിച്ചു നേരെയാക്കാന്‍ കൂടി എം എ ബേബി തുനിഞ്ഞപ്പോള്‍ ഇമ്മാതിരി സൂക്കേടുകാര്‍ ഇളകിയാടുന്നത് സ്വാഭാവികം. തുറന്ന കത്തും തുറക്കാത്ത കത്തും നിയമയുദ്ധവും നിയമവിരുദ്ധയുദ്ധവും അപവാദ പ്രചാരണവുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. മാങ്ങയില്ലാത്ത മാവില്‍ ആരെങ്കിലും കല്ലെറിയുമോ? വിദ്യാഭ്യാസവകുപ്പെന്നാല്‍ കുറെ ലാഭംനോക്കികള്‍ക്ക് കിടന്നു നിരങ്ങേണ്ട തിണ്ണയാണെന്നു കരുതിപ്പോയവര്‍ കല്ലെറിഞ്ഞുകൊണ്ടേയിരിക്കും. അത് നീളന്‍കുപ്പായക്കാരാകും, കട്ടിഖദറുകാരാകും, ചരിത്രകോവിദന്മാരാകും. അവര്‍ വേണ്ടിവന്നാല്‍ സെക്രട്ടറിയറ്റിന്റെ മതിലുചാടും. ചാടിക്കോട്ടെന്നേ.

Sunday, August 10, 2008

മൃദുമുരളീരവം

'ഇട്ടിക്കണ്ടപ്പനായാലും മരത്തേങ്കോടനായാലും നേരംപുലര്‍ന്നാല്‍ കിട്ടുന്നൂ പന്ത്രണ്ടുപണമല്ലയോ' എന്ന് പണ്ട് കവി പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയ്ക്കതറിയില്ലെങ്കിലും ആര്യാടന് നന്നായറിയാം. അതുകൊണ്ട് ഏതുവേഷവും ആര്യാടന്‍ കെട്ടും; പന്ത്രണ്ടുപണം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. ലീഗിന്റെ പള്ളയ്ക്കിട്ട് കുത്തിയിട്ടും പത്രസമ്മേളനം വിളിച്ച് അപമാനിച്ചിട്ടും ആര്യാടനെ ഒന്നുതൊടാനുള്ള ധൈര്യം ഹൈക്കമാന്‍ഡിനുണ്ടായില്ല. ബീജിങ്ങിലെ പക്ഷിക്കൂട്ടില്‍ ചെന്നുനിന്ന് കൈവീശിയതിന്റെ നൂറിലൊന്ന് കരുത്തുപോലും ആര്യാടന്റെ പ്രശ്നം വന്നപ്പോള്‍ സോണിയാ മാഡം കാണിച്ചിട്ടില്ല. പിതാവിന് ഒരു ശാസനയും പുത്രന് ഒരു താക്കീതുമാണ് ഹൈക്കമാന്‍ഡില്‍നിന്ന് അരുളിക്കൊടുത്തയച്ചത്. ആര്യാടന്റെ മൂക്കുചെത്തി ഉപ്പിലിട്ടുകളയുമെന്ന് വീമ്പടിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് ഇപ്പോള്‍ സമക്ഷത്തിങ്കല്‍ വിനീതവിധേയന്‍. ആണവത്തെപ്പറ്റിയല്ല, ആര്യാടനെപ്പറ്റിയാണ് സാഹിബിന്റെ ആശങ്ക. എണീച്ചുനടക്കാന്‍പോലും വയ്യാത്ത ലീഗിന് മലപ്പുറമേറണമെങ്കില്‍ പിതാവും പുത്രനും കൈപിടിച്ചുകയറ്റണം. നല്ലനേരം നോക്കി പിടിവിട്ടാല്‍ ലീഗിന്റെ കോണി നിലംപൊത്തും.

അങ്ങനെ ആര്യാടന്‍ ലീഗിനുമേല്‍ പച്ചക്കൊടിനാട്ടി വിജയിച്ചുനില്‍ക്കുമ്പോഴാണ് കോഴിക്കോട്ടുനിന്ന് ഒരു മൃദുമുരളീരവമുയരുന്നത്. 'അഞ്ചുവയസ്സില് കാതുകുത്തി; ഏഴുവയസ്സിലെഴുത്തിനാക്കി; തുളുനാട്ടില്‍ നല്ല തുളുഗുരിക്കളെ വരുത്തി' കളരിമുറകള്‍ പഠിപ്പിച്ച് പോറ്റിയെടുത്ത മോനാണ് ഓടക്കുഴല്‍വാദനം നടത്തുന്നത്. അച്ഛനെ തള്ളിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ത്ത് രാധയ്ക്കുമുന്നില്‍ കൃഷ്ണനെന്നപോലെ, ഹരിപ്രസാദ് ചൌരസ്യയെപ്പോലെ നീട്ടി നീട്ടി മുരളി വായിക്കുകയാണ്. സാധാരണമട്ടില്‍ 'പച്ചമുളകില്‍ ചവുട്ടിയപോലെ, പച്ചമീന്‍ കണ്ട പരുന്തുപോലെ' യുഡിഎഫ് പാഞ്ഞടുക്കേണ്ടതാണ് ആ നാദധാരയുടെ ഉറവിടത്തിലേക്ക്.

തച്ചോളി ഒതേനന് ജ്യേഷ്ഠന്‍ കോമക്കുറുപ്പ് കാവിലെ ചാത്തോത്ത് കുങ്കിയെ വിവാഹം ആലോചിച്ച കഥ വടക്കന്‍പാട്ടിലുണ്ട്. 'കാക്കയെപ്പോലെ കറുത്തകുങ്കി; ചക്കച്ചുളപ്പല്ലും പേന്‍തലയും; എനിക്കിന്നക്കുങ്കീനെ വേണ്ടെന്റേട്ടാ'' എന്നാണ് ഒതേനന്റെ മറുപടി. അവളെ വടകരയിലെ ജോനകന് കൊപ്ര കാക്കാന്‍ അയച്ചുകൊടുക്കൂ എന്നും കുങ്കിയുടെ മാതാവിന്റെ മുഖത്തുനോക്കി ഒതേനന്‍ പറയുന്നു. കുറച്ചുനാള്‍ ചെന്നപ്പോള്‍ ലോകനാര്‍ കാവില്‍ സര്‍വാംഗസുന്ദരിയായ കുങ്കിയെ ഒതേനന്‍ നേരിട്ട് കണ്ടു. അതോടെ, കുഞ്ഞിക്കുങ്കിയെ എങ്ങനെയും സ്വന്തമാക്കാനായി പടക്കുറുപ്പിന്റെ പരവേശം. ഇവിടെ ആര്യാടന്‍ പറയുന്നത് കുങ്കി കറുത്തിട്ടാണെന്നും തലയില്‍ പേനുണ്ടെന്നുമൊക്കെയാണ്. കുങ്കിയെ കയറ്റിയിരുത്താന്‍ യുഡിഎഫിന്റെ തറവാട്ടില്‍ ഇടമില്ലത്രെ. കഥാന്ത്യം എങ്ങനെയാകുമെന്ന് ശതമന്യുവിന് തിട്ടമില്ല.

ആര്യാടന്‍ ഒറ്റയ്ക്കല്ല. കേന്ദ്രമന്ത്രിക്കസേര ആഭരണമാക്കിയ വൈജ്ഞാനികപടുവും കൂട്ടിനുണ്ട്. പടുവിന് ആളും തരവും നോക്കാതെ എന്തും പറയാനുള്ള ലൈസന്‍സുണ്ട്. വാക്കുവേറെ, പണിവേറെ എന്നതാണ് ജീവിതപ്രമാണം. പ്രസംഗത്തില്‍ ആഗോളവല്‍ക്കരണം, ദാരിദ്ര്യനിര്‍മാര്‍ജനം, സാമ്രാജ്യത്വവിരോധം എന്നിങ്ങനെയുള്ള കടുകട്ടി വാക്കുകളൊക്കെ ചറപറാ ഉതിരും. ഉച്ചയ്ക്ക് അംബാനിയോടൊപ്പവും വൈകിട്ട് ബിര്‍ലയ്ക്കൊപ്പവും ഊണ് ; മന്‍മോഹന്‍സിങ്ങിനെ കരകയറ്റാന്‍ കോടികള്‍ കെട്ടിപ്പെട്ടിയിലാക്കുമ്പോള്‍ അതിന്റെ സൂപ്പര്‍വൈസിങ്; ബാക്കി സമയത്ത് വായില്‍കൊള്ളാത്ത വര്‍ത്തമാനവും. സ്വന്തം പാര്‍ടിക്കെതിരെയും പറയും. പത്രസമ്മേളനം അവസാനിപ്പിച്ചാല്‍ അതുവരെ പറഞ്ഞതിന്റെ നേര്‍വിപരീതങ്ങള്‍ 'ഓഫ് ദ റെക്കോഡായി' വിളമ്പുന്നതില്‍ ബഹുവിരുതാണ്. 'ഇപ്പോള്‍തന്നെ യുഡിഎഫ് ശക്തമാണ്, ഇതിനുള്ളില്‍ ഇനി സ്ഥലമില്ല' എന്നത്രെ മുരളീരവത്തോടുള്ള പ്രതികരണപ്രഖ്യാപനം. ഡല്‍ഹിയിലെ ആര്യാടനെന്നു വിളിക്കാനുള്ള യോഗ്യതകള്‍ ഒത്തുവരുന്നുണ്ട്. മുരളീരവം കേട്ടാല്‍ത്തന്നെ അലര്‍ജിയാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രഹസ്യമായേ പറയുന്നുള്ളൂ. അതുകൊണ്ട് ഇന്ത്യന്‍ സംഘം ബീജിങ്ങിനുപോയ ഗമയോടെ ബോബനും മോളിയും ഡല്‍ഹിക്കുതിരിക്കുകയാണ്. അവിടെച്ചെന്ന് ആ 'ശങ്ക' അറിയിക്കും. മറുപടി നേരിട്ടുവേണ്ട, തപാലില്‍ അയച്ചാല്‍മതിയെന്നുണര്‍ത്തിച്ച് കേരള ഹൌസിലെ കഞ്ഞിയും ചുട്ട പപ്പടവും രുചിച്ച് തിരിച്ച് വിമാനം കയറും. അതാണ് പതിവ് പ്രോട്ടോകോള്‍.

രമണന്‍ പാടിനടന്നതുപോലെ പാടിപ്പാടിനടക്കാനാണ് പാവം ഓടക്കുഴലുകാരന്റെ വിധി. ഒരുകാര്യത്തില്‍ മാത്രം ആശ്വസിക്കാം. പണ്ട് താന്‍ കെപിസിസിയിലെ വലിയ കസേരയില്‍ ഇരുന്നപ്പോള്‍ ആ കസേരയുടെ മാന്യത പോയി എന്നു പരിഹസിച്ചവരെ ഇടയ്ക്കിടെ കണ്ടുമുട്ടുന്നുണ്ടല്ലോ. അവരോട് 'ഇപ്പോള്‍ എന്തായി' എന്ന് തല ഉയര്‍ത്തിത്തന്നെ ചോദിക്കാം. ആ കസേരയ്ക്ക് ഇനി താഴാന്‍ പാതാളം പോലുമില്ലാതായല്ലോ. ആരെയെങ്കിലും ചാരിയാലേ നില്‍ക്കാനാകൂ എന്നും ചാണകമാണെങ്കിലും ചാരാന്‍ മടിയില്ലെന്നുമുള്ള ചിന്ത ഇപ്പോഴും തലയിലുള്ളതുകൊണ്ട് ആര്യാടനെയായാലും സഹിക്കാമെന്നാകും ഉള്ളിലിരുപ്പ്. ചാരാതെ നില്‍ക്കാനുള്ള വിദ്യയൊന്നും തുളുനാടന്‍ കളരിയാശാന്‍ പഠിപ്പിച്ചിട്ടുണ്ടാവില്ല. വെള്ളമാകവെ വാര്‍ന്നൊഴിഞ്ഞാലാണ് മൂപ്പര്‍ക്ക് സേതുബന്ധനോദ്യോഗത്തിനിറങ്ങാന്‍ തോന്നുക! പറഞ്ഞിട്ടെന്ത്.

******

ഹര്‍ത്താല്‍ പിടികൂടിയ കേരളത്തെ പടച്ചോനുപോലും രക്ഷിക്കാനാകില്ലെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നത്. ഇതിനുമുമ്പ് പടച്ചോന്‍ ഹര്‍ത്താല്‍ തടയാന്‍ രംഗത്തിറങ്ങിയതിന്റെയും ആ ഉദ്യമം പരാജയപ്പെട്ടതിന്റെയും തെളിവുകളുണ്ടാകണം. ഹര്‍ത്താലിനെതിരെ പടനയിച്ച ഒരു മഹാന്‍ ഡല്‍ഹിയില്‍ വക്താവുദ്യോഗം പഠിക്കാന്‍പോയി തിരിച്ചെത്തിയിട്ടുണ്ട്. വക്താവുദ്യോഗസ്ഥന്റെ പാര്‍ടി ഒരുകൊല്ലത്തിനിടെ ഭൂമികേരളത്തില്‍ രണ്ടുഡസന്‍ ഹര്‍ത്താലേ നടത്തിയിട്ടുള്ളൂ. കെഎസ്‌യൂക്കാരന്‍ വേലിചാടിയതിനും യൂത്തുകാരനെ നോക്കി ഹെഡ്‌കോണ്‍സ്റ്റബിള്‍ മീശപിരിച്ചതിനും യൂത്ത് ലീഗുകാരന്‍ തെങ്ങില്‍നിന്നു വീണതിനുമെല്ലാം ഹര്‍ത്താല്‍ നടത്തുമ്പോള്‍ ഉടയതമ്പുരാന്‍തന്നെ അന്തംവിടും. തെങ്ങിനും കമുകിനും ഒരേ തളപ്പുകെട്ടുമ്പോഴാണ് ഹര്‍ത്താലെല്ലാം മോശമായി തോന്നുന്നത്. അത്തരം തോന്നലുകാരെ രക്ഷിക്കാന്‍ ഒരു പടച്ചോനും ജനിച്ചിട്ടില്ല. നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്‍ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്‍ത്താലും പണിമുടക്കുമെല്ലാം വേണ്ടിവരും. കുറെ ബന്ദും പിക്കറ്റിങ്ങും നടത്തിയിട്ടാണല്ലോ ബ്രിട്ടീഷുകാരെ കപ്പല്‍കയറ്റിയത്. ഇവിടെ പ്രശ്നം ഡ്യൂക്കിലികളുടെ ഹര്‍ത്താലാഘോഷമാണ്. നാലും മൂന്നും ഏഴുതികച്ച് മെമ്പര്‍ഷിപ്പില്ലാത്ത കക്ഷി ഹര്‍ത്താലാഹ്വാനം നല്‍കിയാല്‍ കേരളം സ്തംഭിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധ മാധ്യമങ്ങള്‍ ഒന്നുമനസ്സുവച്ചാല്‍ മതി. ആഹ്വാനവാര്‍ത്ത അച്ചടിക്കേണ്ടെന്നങ്ങു വയ്ക്കണം. പത്രവും ടിവിയും മിണ്ടിയില്ലെങ്കില്‍ അനാവശ്യ ഹര്‍ത്താലാഹ്വാനം ജനിച്ചിടത്തുതന്നെ ചരമഗതി പ്രാപിക്കും. അതിന് പാവപ്പെട്ട പടച്ചോന്റെ സമയം മെനക്കെടുത്തണോ. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍.

*******

സോണിയയും പ്രിയങ്കയും രാഹുല്‍മോനും ബീജിങ്ങില്‍ചെന്നത് ഭാരോദ്വഹനമത്സരത്തില്‍ പങ്കെടുക്കാനല്ലെന്നാണറിവ്. ഒളിമ്പിക്സിലെ ഏതിനത്തിലാണ് ആ കായികതാരങ്ങളുടെ കഴിവ് മാറ്റുരയ്ക്കപ്പെടുകയെന്നത് കാത്തിരുന്നുകാണാം. കായികതാരങ്ങളായതുകൊണ്ട് അവര്‍ക്ക് ബീജിങ്ങില്‍ പോകാം. കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രി അങ്ങോട്ട് പോകാന്‍ പാടില്ല. ചൈന കമ്യൂണിസ്റ്റുകളുടെ നാടല്ലേ. അവിടത്തെ ചെങ്കൊടികണ്ട് എം വിജയകുമാറിന് വല്ലതുംതോന്നിയാല്‍ രാഷ്ട്രീയ അപകടമല്ലേ. അല്ലെങ്കിലും പണ്ടുപണ്ടേ മാര്‍ക്സിസ്റ്റുകാര്‍ ചൈനാനോക്കികളാണ്. കേരളത്തില്‍ വിഷുക്കാലത്ത് ചൈനാ പടക്കങ്ങളാണ് പൊട്ടുന്നത്. നാട്ടിലാകെ ചൈനീസ് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു. അതെല്ലാം മതി. അതുകൊണ്ട് മാര്‍ക്സിസ്റ്റ് മന്ത്രി ചൈനയില്‍ പോകേണ്ട. നിര്‍ബന്ധമെങ്കില്‍ കേരളത്തിനുവേണ്ടി ഇ അഹമ്മദ് സാഹിബ് പോകട്ടെ. ചിലയിനം സ്പോര്‍ട്സില്‍ അഗ്രഗണ്യനാണ്. സ്വര്‍ണം ഉറപ്പ്.

Sunday, August 3, 2008

അധ്യക്ഷ മഹോദയ്

നാല്‍പതുകൊല്ലമായി എടുക്കാത്ത ഒരു പ്രത്യേകതരം ചുമട് ഉയര്‍ത്തിപ്പിടിച്ച് ഡല്‍ഹിയില്‍ ഒരാള്‍ നടപ്പുണ്ട്. വലിയ കനമുള്ള കെട്ടാണ് തലയില്‍. വിലകൂടിയ സാധനമാണ്. ഏതു മാര്‍ക്കറ്റിലാണ് വാങ്ങാനാവുക എന്ന് പറയാനാവില്ല. 'പരമോന്നത നിയമനിര്‍മാണ സഭയുടെയും ഭരണഘടനയുടെയും മൂല്യങ്ങള്‍' എന്ന് ഭാണ്ഡത്തിനുമുകളില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുവായിച്ച് അകത്തുള്ളതെന്തെന്ന് പറയാനാവില്ല. പാഷാണം കുപ്പിയിലാക്കി പാല്‍പ്പായസമെന്ന് എഴുതിവില്‍ക്കുന്ന നാടാണ്. സഹയാത്രികന് ശീതളപാനീയം കൊടുത്ത് മയക്കി തീവണ്ടിയില്‍ കൊള്ള നടത്തുന്ന വാര്‍ത്തകള്‍ വായിച്ചിട്ടില്ലേ. കാണുമ്പോള്‍ മാത്രമല്ല, കുടിക്കുമ്പോഴും ശീതളപാനീയമെന്നേ തോന്നൂ. എല്ലാം കൊള്ളയടിക്കപ്പെട്ട് ഉണരുമ്പോഴാണ് കുടിച്ചത് പാഷാണമാണെന്ന് മനസ്സിലാവുക.

അതുകൊണ്ട് അസമില്‍നിന്ന് ബംഗാളിലെ ബോല്‍പൂര്‍ വഴി ഡല്‍ഹിയിലെത്തിയ സോമനാഥബാബു പൊക്കിപ്പിടിച്ച ഭാണ്ഡത്തില്‍ എന്താണുള്ളതെന്ന് ഗവേഷിച്ചുതന്നെ കണ്ടെത്തണം. പാര്‍ടി ആവശ്യപ്പെട്ടിട്ടും താന്‍ ചുമട് താഴെവയ്ക്കാത്തത് വയറ്റില്‍ തത്വാധിഷ്ഠിത രോഗത്തിന്റെ അസ്ക്യതയുള്ളതുകൊണ്ടാണെന്ന് ബാബു ആണയിടുന്നു. ഈ രോഗം പിടിപെട്ടിട്ട് കഷ്ടിച്ച് നാലുകൊല്ലമേ ആയുള്ളൂ. അതിനുമുമ്പ് അരോഗദൃഢഗാത്രനായിരുന്നു. ഇംഗ്ളണ്ടില്‍ പോയി നിയമംപഠിച്ച് കോട്ടും സൂട്ടുമായി കൊല്‍ക്കത്തയില്‍ ചെന്നിറങ്ങിയ വക്കീല്‍ ടെലിഗ്രാഫ് പത്രത്തിലെ തൊഴില്‍പംക്തി വായിച്ച് യുപിഎസ്സിക്ക് അപേക്ഷ അയച്ച് പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് ഡല്‍ഹിയിലെ സ്പീക്കറുദ്യോഗത്തില്‍ പ്രവേശിച്ചതാണ്. അതല്ലാതെ, ബോല്‍പൂരില്‍ പാവപ്പെട്ട കുറെ സഖാക്കള്‍ കൊടിയുംപിടിച്ച് വീടുകയറിയും പൊതുയോഗവും ജാഥയും നടത്തിയും മുണ്ടുമുറുക്കിയുടുത്ത് രാപകല്‍ പ്രയത്നിച്ചും നേടിക്കൊടുത്ത വോട്ടുകൊണ്ട് പാര്‍ലമെന്റ് അംഗമായതല്ല. തന്നെ വഹിക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ ഉണ്ടാക്കിയ കുപ്പായമാണ് എംപിസ്ഥാനം.

1971ല്‍ ആദ്യമായി കക്ഷിരഹിതനായി ജയിച്ചശേഷമാണ് താന്‍ പാര്‍ടി അംഗമായതെന്ന് ബാബുജി പ്രസ്താവനയിറക്കിയിട്ടുണ്ട്. വിശ്വസിക്കുകയേ തരമുള്ളൂ. ലോകസഭയുടെ രേഖയില്‍ ബാബു എഴുതുന്നത് 1968ലാണ് പുള്ളിക്കാരന്‍ പാര്‍ടി അംഗമായത് എന്നത്രേ. എന്തരോ എന്തോ. 2004ല്‍ സ്പീക്കറാക്കിയത് എല്ലാ പാര്‍ടികളും കൂടിയാണ്. അതില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിക്കു മാത്രം എന്താണൊരു പ്രത്യേകത? സ്പീക്കര്‍ എന്നാല്‍ കടിച്ചാല്‍ മുറിയാത്ത മുന്തിയ തരം ഹല്‍വയാണ്. മാര്‍ക്സിസ്റ്റുകാര്‍മാത്രം വിചാരിച്ചാല്‍ അത് തരപ്പെടുമായിരുന്നോ? കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ച് സോണിയമാഡം വിചാരിച്ചില്ലെങ്കില്‍ തനിക്ക് ഈ പണി കിട്ടുമായിരുന്നോ? അതുകൊണ്ട് സ്പീക്കറാക്കിയ മാഡത്തോടാണ് തത്വാധിഷ്ഠിതകൂറു വേണ്ടത്. ബോല്‍പൂരിലെ പാവപ്പെട്ട മാര്‍ക്സിസ്റ്റുകാര്‍ക്ക് പാര്‍ലമെന്റിന്റെ മൂല്യം വല്ലതും അറിയുമോ.

നന്ദി, ഉത്തരവാദിത്തം എന്നെല്ലാം പറയുന്നത് ഒരുതരം പഴഞ്ചന്‍ ഏര്‍പ്പാടാണ്. അപ്പോള്‍ കാണുന്ന അഴകുള്ള വസ്തുക്കളെയാണ് പിതൃതുല്യം ആരാധിക്കേണ്ടത്. വക്കീലാകുമ്പോള്‍ കോടതിയോട്, എംപിയാകുമ്പോള്‍ ജയിപ്പിച്ച പാര്‍ടിയോട്, സ്പീക്കറാകുമ്പോള്‍ ഇരിക്കുന്ന കസേരയോട്-അങ്ങനെയാണ് കൂറുതെളിയിക്കേണ്ടത്. എംപി ആക്കിയതോടെ സിപിഎമ്മുകാരുടെ പണി തീര്‍ന്നു. പിന്നെ സ്പീക്കറാകുന്നതുവരെ അവരുടെ സഹായം വേണമായിരുന്നു. അതുകഴിഞ്ഞാല്‍ ഏതു മാര്‍ക്സ്? എന്തു മാര്‍ക്സിസ്റ്റ്. പാര്‍ലമെന്ററി ജനാധിപത്യമല്ലേ പുണ്യം. ഇമ്മാതിരി പണിയെടുക്കുന്ന മാന്യന്മാരുടെ വില ഓഹരിവിപണിയില്‍ കുതിച്ചുകയറും. ആശംസയും പിന്തുണയുംകൊണ്ട് വീര്‍പ്പുമുട്ടും. മാര്‍ക്സിസ്റ്റ് പാര്‍ടിയെ പിന്നില്‍നിന്ന് കുത്തിയാല്‍ അതു താന്‍ ജനാധിപത്യം. പാവപ്പെട്ട കല്‍ക്കരിക്കാരന്‍ താടിയും തടവി പത്തുനാല്‍പ്പത് കോടി വാങ്ങിയാല്‍ അത് കൂറുമാറ്റും, കാലുമാറ്റം, കോഴക്കേസ്, മാങ്ങാത്തൊലി. കനകം പെയ്തൂ യമിയുടെ കാല്‍ക്കല്‍ കാവില്‍ കോഴിത്തലപോലെ എന്ന മട്ടായിരുന്നു. വോട്ടുചെയ്യാതിരിക്കാന്‍ വഴിച്ചെലവിന് മൂന്നുകോടി തരാമെന്ന് അലുമിനിയം പട്ടേലും അമരശിങ്കവും പറഞ്ഞുപോയാല്‍ അത് മഹാപാതകം. സ്പീക്കര്‍പദത്തിലിരുന്ന് മൂല്യത്തിന്റെ ഭാണ്ഡവും പിടിച്ച് നടത്തുന്ന കൂറുമാറ്റം ജനാധിപത്യപരമാകുന്നു. ആ പ്രസ്താവനകണ്ടില്ലേ. 'അഞ്ചാണുപോലും സ്വയംകൃതാനര്‍ഥം; അതിലഞ്ചുംതികഞ്ഞവനാണ് ഞാനിപ്പോള്‍' എന്ന്. അധ്യക്ഷ മഹോദയ് അമര്‍ രഹെ!

*

ഗവേഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്ന പേര് എം ജി എസ് നാരായണന്‍ എന്നാണ്.

പാഠപുസ്തകസമരത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ വേറെ ആളെ നോക്കേണ്ടതില്ല. കെഎസ്യുക്കാര്‍ തയ്യാറാക്കിയ പുസ്തകം നോക്കിയും മനോരമയുടെ ഫീച്ചര്‍ വായിച്ചും റിപ്പോര്‍ട്ടെഴുതി തല്‍ക്കാലം ചെന്നിത്തലയെ ഏല്‍പ്പിച്ചിട്ടുണ്ട്. കെ എന്‍ പണിക്കര്‍ എന്തെഴുതിയാലും നേരെ വിപരീതമായി വരണം തന്റെ റിപ്പോര്‍ട്ട് എന്ന ഒറ്റ നിര്‍ബന്ധമേയുള്ളൂ. മതമില്ലാത്ത ജീവനെക്കുറിച്ച് പഠിക്കാന്‍ മടിയില്ലാത്ത(ഒന്നിനും) എം ജി എസ്. വര്‍ഗീയത തൊട്ടുതീണ്ടിയിട്ടില്ല. മുസ്ളിംലീഗിന്റെ മൂത്താപ്പയാണ്. ആരോടും കുശുമ്പില്ല, കൌശലമില്ല, സൂത്രവിദ്യകളൊന്നുമില്ല. പത്തരമാറ്റ് തങ്കം. ഈ തങ്കക്കുടം തയ്യാറാക്കട്ടെ ഇനിയുള്ള പാഠപുസ്തകങ്ങള്‍. അതുവായിച്ച് ചെന്നിത്തലയിലും വിരിയട്ടെ സാക്ഷരത.

*


വീണിടത്തുകിടന്ന് ഉരുളുന്നതിനെ ശയനപ്രദക്ഷിണമെന്നും വിളിക്കാം. വ്യവഹാര രോഗികള്‍ക്ക് വീഴാനും ഉരുളാനും എത്രയെത്ര അവസരങ്ങള്‍ കിടക്കുന്നു. ഒരാളെക്കുറിച്ച് നാടുനീളെ അപവാദ പ്രചാരണങ്ങള്‍ നടത്തുക; അത് സമാഹരിച്ച് കടലാസിലാക്കി കോടതിയിലും പത്രങ്ങളിലും ഒരേസമയം കൊടുക്കുക; കോടതി നടപടികളെപ്പോലും ഹീനമായ അപവാദപ്രചാരണത്തിന് ഉപയോഗിക്കുക-ഇതെല്ലാം നാം കണ്ടുകൊണ്ടേയിരിക്കുന്നു. പറഞ്ഞതെല്ലാം അപവാദമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാലോ? തെറ്റ് സമ്മതിച്ച് മിണ്ടാതിരിക്കാന്‍ വ്യവഹാരപ്രിയര്‍ തയ്യാറല്ല. അവര്‍ പുതിയ കഥകളുമായി പിന്നെയും ഇറങ്ങും. ശിഖണ്ഡികളുടെ 'ശയനപ്രദക്ഷിണ' വാര്‍ത്ത ആഘോഷിക്കപ്പെടുകയുംചെയ്യും. നുണകൊണ്ട് ചോറും സാമ്പാറും അവിയലും പുളിശ്ശേരിയും. ചിലര്‍ക്ക് മൂന്നുനേരവും അത് ഭക്ഷിക്കാനാണ് ഇഷ്ടം. അവരെ വെറുതെ വിടുക. ആരോപണ ഗതി പണ്ട് പാടിപ്പതിഞ്ഞതാണ്:

"മുള്ളിന്റെ മൊനകൊണ്ട് മൂന്നു കുളംകുത്തീ ഞാന്‍;
രണ്ട്കൊളം പൊട്ട, ഒന്നില് വെള്ളമില്ല.....
ഉണ്ണാത്തവന്ക്ക് പാല്‍കുടിക്കാന്‍ മൂന്നെരുമ;
രണ്ടെരുമ മച്ചി, ഒന്ന് പെറ്റതേയില്ല....
പേറില്ലാത്തെരുമയ്ക്ക് പുല്ലുതിന്നാന്‍ മൂന്നുമല;
രണ്ടുമല മൊട്ട, ഒന്നില് പുല്ലേയില്ല....''

ഇതങ്ങനെ നീണ്ടുനീണ്ടുപോകും.