Sunday, December 18, 2011

ഒരു സിബിഐ അമളിക്കുറിപ്പ്

ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന സ്ഥലമാണ് മലബാര്‍ എന്ന് 1879ല്‍ വാല്‍ഹസ് സായ്പ് എഴുതിയിട്ടുണ്ട്. ലോഗന്‍ സായ്പാകട്ടെ, നല്ലവരായ ആറും ദുര്‍മൂര്‍ത്തികളായ ആറും മന്ത്രവാദികളെക്കുറിച്ച് പറഞ്ഞു. പട്ടികടിച്ചാലും പാമ്പുകടിച്ചാലും ഭ്രാന്ത്പിടിച്ചാലും മന്ത്രവാദികളെയാണ് അന്നത്തെ കേരളീയര്‍ ആശ്രയിച്ചിരുന്നതത്രെ. വശീകരണത്തിനും കല്യാണം മുടക്കാനും ശത്രുക്കളെ അടിപ്പെടുത്താനും പരിശീലനം സിദ്ധിച്ച ഒടിയന്മാരും മന്ത്രവാദികളും ഉണ്ടായിരുന്നു. അത്തരം മന്ത്രവാദികളുടെ പുതുതലമുറയ്ക്ക് ഇന്ന് ശത്രുസംഹാരയന്ത്രവും ധനാകര്‍ഷണ കുബേരയന്ത്രവും നാഗമാണിക്യവും വില്‍ക്കുന്ന സെയില്‍സ് റപ്രസന്റേറ്റീവിന്റെ പണിയാണ്. ഒടിയന്മാരുടെ കുഞ്ഞുമക്കള്‍ അതേ വിദ്യ പ്രയോഗിച്ച് കുലമഹിമ കാത്തുസൂക്ഷിക്കുന്നു. ഒടിവിദ്യ ലളിതമാണ്. ഈര്‍ക്കിലിയെടുത്ത് ഒരാളുടെനേരെ കാണിച്ച് മന്ത്രം ജപിച്ച് ഒടിച്ചാല്‍ ഇര ഒടിഞ്ഞ് നിലത്തുവീണ്ണുമരിക്കും എന്നാണ് അന്നത്തെ വിശ്വാസം. ഒടിയന്മാര്‍ കാളയുടെയും കുതിരയുടെയും പട്ടിയുടെയും രൂപം ധരിച്ച് രാത്രികാലങ്ങളില്‍ വഴിയില്‍ നില്‍ക്കും. വിരോധികള്‍ ആ വഴി വന്നാല്‍ പേടിപ്പിക്കും; ഉപദ്രവിക്കും. ആ പരിപാടിയെ മാട്ടുക എന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇന്ന് ഒടിക്കലില്ല; മാട്ടല്‍ മാത്രമേ ഉള്ളൂ. ഒടിയന്മാര്‍ സ്വന്തം ദ്വൈവാരിക തുടങ്ങിയും പത്രസമ്മേളനം നടത്തിയും കോടതികളില്‍ മുന്തിയ വക്കീലിനെ വച്ചും കേസിന്‍മേല്‍ കേസുകൊടുത്തും ഇമെയില്‍ അയച്ചും എസ്എംഎസ് കേസുണ്ടാക്കിയുമാണ് എതിരാളികളെ 'മാട്ടു'ന്നത്.
ഒടിയന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന നാടാണിത്. ഒടിവിദ്യയെ പ്രോത്സാഹിപ്പിക്കാന്‍ ഈരാറ്റുപേട്ടയിലെ അഖിലലോക നേതാവ് ലക്ഷങ്ങള്‍ കൊടുത്തു. സ്വന്തം നേട്ടത്തിനും പാളയത്തില്‍ പടയുണ്ടാക്കാനും എതിരാളിയെ നാറ്റിച്ച് നാനാവിധമാക്കാനും ഒടിവിദ്യ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നു. കാണാന്‍ കൊള്ളാവുന്ന പരിപാടിയായതുകൊണ്ട് ഒടിയന്‍ ആരെ മാട്ടിയാലും അത് വാര്‍ത്തയാണ്-ഒടിയനെ ആരെങ്കിലും തല്ലിയോടിച്ചാല്‍ അത് വാര്‍ത്തയേ അല്ല. നമ്മുടെ സിബിഐക്കാര്‍ ഡമ്മി താഴേക്കെറിഞ്ഞും വേഷംമാറിനടന്നുമൊക്കെ കുറ്റം കണ്ടുപിടിക്കുന്നതായാണ് അറിവ്. അവര്‍ ഒടിയന്മാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നതായി മനസ്സിലായത് ഈയിടെയാണ്. നാട്ടിലെ കൊലക്കൊമ്പന്‍ സിന്‍ഡിക്കറ്റ് പത്രത്തമ്പുരാക്കന്മാര്‍ പോലും വാര്‍ത്തയുടെ ഉറവിടമാകുന്ന വിശുദ്ധപശു കരയുന്നത് വള്ളിപുള്ളി വിടാതെ പകര്‍ത്തുന്നവരാണ്. ഒടിവിദ്യയുടെ സമീപകാല പ്രയോഗചരിത്രം പത്രത്താളുകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമായത് അങ്ങനെയാണ്. അതുകണ്ട് അസൂയപൂണ്ടാകണം സിബിഐയും അതേ പാതയില്‍ പിച്ചവച്ചത്.

ഏതെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നോ ആത്മഹത്യചെയ്തു എന്നോ കേട്ടാല്‍ ഉടനെ വിവാദത്തിന്റെ കുന്തവും കൊണ്ട് ഒടിയസേവാസംഘം പാഞ്ഞെത്തും. കഥയില്‍ എവിടെയെങ്കിലും ഒരു വിഐപി ബന്ധം ചാര്‍ത്തും. സൂചനയിലൂടെയും ആംഗ്യത്തിലൂടെയും മാന്യന്മാരെ കഥയിലേക്ക് കൊണ്ടുവരും. അപവാദം ആദ്യം പറയും, പിന്നെ എഴുതും, അതും കഴിഞ്ഞ് കോടതിയിലെത്തിക്കും. ഒരു കോടതി തള്ളിയാല്‍ മറ്റൊരു തരത്തില്‍ വേറൊരു കോടതിയില്‍. അന്വേഷണം സിബിഐക്ക് കിട്ടിയാല്‍ തെളിവെന്ന മട്ടില്‍ കടലാസുംകൊണ്ട് സിബിഐ ആപ്പീസിലേക്ക്. പുറത്തുവന്ന് ഞാന്‍ ഇത്ര തെളിവുകൊടുത്തു, ഇന്നയിന്ന സാക്ഷികളെ കൊണ്ടുവന്നു എന്ന് വീമ്പടിക്കും. ഈ നിലയില്‍ വികസിച്ചതാണ് കിളിരൂര്‍, കവിയൂര്‍ കേസുകള്‍. നാട്ടുകാര്‍ ആകാംക്ഷാപൂര്‍വം നോക്കിയിരുന്ന രണ്ട് വിവാദകേസുകളും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് വച്ചു. പക്ഷേ, ഇന്നലെവരെ കൊണ്ടാടിയ മാധ്യമത്തമ്പുരാക്കന്മാര്‍ ആ റിപ്പോര്‍ട്ടുകള്‍ കണ്ണുതുറന്ന് കണ്ടതേയില്ല.

സിബിഐക്ക് യഥാര്‍ഥത്തില്‍ പറ്റിയ അമളി ഒടിയന്മാരെ വിശ്വസിച്ചുപോയതാണ്. ഇപ്പോള്‍ അവര്‍ പറയുന്നു, കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് വിഖ്യാത മാധ്യമപ്രവര്‍ത്തകനും അഴിമതിവിരുദ്ധപോരാളിയും സാംസ്കാരികനായകനുമായ ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്. അമ്പമ്പോ. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്ന് അത്ഭുതപ്പെടാം. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും അയാള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവുതന്നെയാകാമെന്നും സിബിഐ പറയുന്നു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പറയുന്നു. കിളിരൂര്‍ കേസില്‍ രാജു പുഴങ്കര എന്ന അഴിമതിവിരുദ്ധ പോരാട്ടനായകനാണ് നന്ദകുമാറിന്റെ പണി എടുത്തത്. അയാള്‍ തട്ടിപ്പുകേസില്‍ ജയിലിലാണ്. കള്ളത്തെളിവുണ്ടാക്കിയ ക്രിമിനല്‍ പണിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തവും സിബിഐക്കുണ്ടല്ലോ. അക്കാര്യമെന്തേ മിണ്ടാത്തത്?

ഇത് ഇന്ന് തുടങ്ങിയ പരിപാടി അല്ല. തിരുവനന്തപുരത്തെ ഒരു കരാറുകാരന്‍ പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മാണവും നടത്തുന്നതായി ക്രൈംവാരികയില്‍ വാര്‍ത്ത കൊടുത്തതിനെതിരെയുള്ള കേസില്‍ രക്ഷപ്പെടാന്‍ മറ്റൊരു 'ക്രൈം' അച്ചടിച്ച് വ്യാജ രേഖയുണ്ടാക്കി ഹാജരാക്കിയപ്പോള്‍ കോടതി ഈ നന്ദകുമാരനെ ശിക്ഷിച്ചു. മറ്റൊരു കോടതി കുടിലബുദ്ധിയെന്ന് വിളിച്ചു. കോഴിക്കോട്ടെ ഒരു ആശുപത്രിയുടമ നല്‍കിയ കേസില്‍ ശിക്ഷ കിട്ടി. കുമാരന്‍ ആയിടയ്ക്ക് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്, ക്രൈമില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയാണ് താന്‍ എന്നാണ്. ഇതൊന്നും സിബിഐ അന്ന് കണ്ടില്ല. പുള്ളി പറഞ്ഞത് വിശ്വസിച്ച് പലതും ചെയ്തുവച്ചു. പൂര്‍വകാല പ്രാബല്യത്തോടെ ഒന്നു പരിശോധിച്ചാല്‍ ഈ കുമാരന്‍ തെളിച്ച വഴിയേ പോയതില്‍ എത്രയെത്ര അമളികള്‍ പറ്റിയിട്ടുണ്ട് എന്ന് തെളിയും. ആ നിലയ്ക്ക് അമളികളുടെ ഒരു തുടര്‍ക്കഥ പ്രസിദ്ധീകരിക്കുകയുമാകാം.

സംഗതി ക്വട്ടേഷന്‍ പണിയാണ്. കാശു വാങ്ങി തലയോ കൈയോ കാലോ വെട്ടുന്നതുപോലെ പണത്തിനുവേണ്ടി മാന്യന്മാരെ അപമാനിക്കും; കേസുകൊടുക്കും; എഴുതിനാറ്റിക്കും. കോടതികളെയും അന്വേഷണ ഏജന്‍സികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ഈ പരിപാടിക്ക് കവിയൂര്‍ കേസില്‍ മാത്രമല്ല തിരിച്ചടികിട്ടുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ലാവലിന്‍ കേസ് അന്വേഷിച്ചിരുന്ന അശോക്കുമാര്‍ എന്ന ഉദ്യോഗസ്ഥനെ മറ്റേതോ കേസ് ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുമാരന്‍ കോടതിയിലെത്തി. ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി പറഞ്ഞ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ".... മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് ടി പി നന്ദകുമാറിന്റെ പെറ്റീഷന്‍ തളളിക്കളഞ്ഞ് നീതി നടപ്പാക്കണം'' എന്നാണ്. പിറ്റേന്നിറങ്ങിയ മാതൃഭൂമി 'പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു - സിബിഐ' എന്നാണ് വാര്‍ത്ത കൊടുത്തത്. മനോരമ കുറേക്കൂടി മനോധര്‍മം പുലര്‍ത്തി. 'ലാവലിന്‍ തുടരന്വേഷണം - പിണറായിയുടെ ഹര്‍ജി തടസ്സമല്ലെന്ന് സിബിഐ' എന്നായിരുന്നു അവരുടെ തലവാചകം. നന്ദകുമാറിന്റെ ഹര്‍ജി തളളണമെന്ന് സിബിഐ എന്നു തലക്കെട്ടെഴുതിയാല്‍ നന്ദകുമാറിന്റെ പിന്നില്‍ കളിക്കുന്നവരുടെ മറ്റേലക്ഷ്യം നടക്കുകയില്ലല്ലോ. കവിയൂര്‍ കേസിലും അത് സംഭവിച്ചു. തള്ളിയത് നന്ദകുമാറിന്റെ ഹര്‍ജിയാണ്. ആ പേരുമാത്രം മനോരമയിലുമില്ല; മാതൃഭൂമിയിലുമില്ല. നന്ദകുമാറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?

സിപിഐ എം സമ്മേളനം വരുമ്പോള്‍ നന്ദകുമാര്‍ ഒടിവിദ്യ കനപ്പിക്കും. പിണറായി വിജയന്റെ 'പണമിടപാടുകളെ'ക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതുസംബന്ധിച്ച് 2010 ഏപ്രില്‍ 17ന് സിബിഐ സത്യവാങ്മൂലം കോടതിയില്‍ നല്‍കി. പിണറായിക്കെതിരെ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏതെങ്കിലും പ്രസക്തമായ സൂചനകൊണ്ടുപോലും ന്യായീകരിക്കപ്പെടുന്നതല്ല എന്നാണ് അതില്‍ പറയുന്നത്.

ലാവലിന്‍ കേസിന്റെ സ്വയം പ്രഖ്യാപിത പിതാവാണ് ഈ നന്ദകുമാര്‍. അന്വേഷണസംഘത്തിനു മുമ്പാകെ ആ 'പിതാവ്' 2008 ഡിസംബര്‍ അഞ്ചിന് മൊഴി നല്‍കി. അവിടെ മൈതാനപ്രസംഗം ആവര്‍ത്തിച്ചു. സിബിഐ രേഖപ്പെടുത്തിയത്, പ്രത്യേകമായി ചോദിച്ചപ്പോള്‍ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള ഒരു കാര്യവും തന്റെ പക്കല്‍ ഇല്ല എന്ന് നന്ദകുമാര്‍ പറഞ്ഞു എന്നാണ്. ഒരു തെളിവും തന്റെ പക്കലില്ല എന്ന് ആരോപണകര്‍ത്താവുതന്നെ തുറന്നുപറയുന്നു. എന്നിട്ടും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പല ഹര്‍ജികളുമായി കോടതിയിലെത്തുന്നു. ഒരിക്കല്‍പ്പോലും തെളിവുകള്‍ ഹാജരാക്കാതെ, ഒരു ഹര്‍ജി തളളുമ്പോള്‍ മറ്റൊരു ഹര്‍ജിയുമായി രംഗപ്രവേശം ചെയ്യുന്നു. അയാളുടെ ഹര്‍ജികള്‍ വാര്‍ത്തയാകുന്നു. ഹര്‍ജി തള്ളണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യംപോലും വളച്ചൊടിച്ച് ഹര്‍ജിക്കാരന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്നു.

പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയെന്നും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് 2008ല്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയുടെ ഗതിയും ഇതുതന്നെ. ടെക്നിക്കാലിയ എന്ന കമ്പനി പിണറായി വിജയന്റെ ബിനാമി സ്ഥാപനമാണ്, പിണറായി കൊട്ടാരം പോലൊരു വീടു നിര്‍മിച്ചു, സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു സ്ഥാപനം പിണറായി നടത്തുന്നു എന്നൊക്കെയായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങള്‍. അതാണ് മാതൃഭൂമിയും മനോരമയും അഴിമതിവിരുദ്ധ പോരാട്ട നായകരും പാടിയത്. എവിടെ തെളിവ്? അവര്‍ക്ക് ഉത്തരമില്ല. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ 2008 ജനുവരി ഒന്നിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍നായര്‍ കേന്ദ്ര ആദായനികുതി വകുപ്പിനുവേണ്ടി സത്യവാങ്മൂലം നല്‍കി; ഹര്‍ജി കോടതി തളളി. എന്നിട്ടും ഒടിയന്മാര്‍ പാടിനടക്കുന്നു.
സിബിഐക്ക് സംഗതി മനസ്സിലായി. ഇന്നലെവരെ ഇത്തരം ഒടിയന്മാരെയാണല്ലോ കൂടെക്കൊണ്ടുനടന്നത് എന്നൊരു വീണ്ടുവിചാരംകൂടി വന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇതില്‍ നന്ദകുമാറിനെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം. സാധാരണനിലയില്‍ നാട്ടുമ്പുറത്ത് ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ട. തൊട്ടാല്‍ കൈ നാറുമെന്നതുകൊണ്ട് ആരും അത്തരം സാഹസത്തിന് മുതിരുന്നില്ല എന്നത് ആശ്വാസകരം തന്നെ. പക്ഷേ നമ്മുടെ മാധ്യമങ്ങളുടെ സ്ഥിതി അതാണോ? ഈ നാറ്റക്കെട്ട് കൊണ്ടുനടന്ന് കുങ്കുമക്കെട്ടാണെന്ന് പറയാന്‍ നാണമാകുന്നില്ലേ ഇവര്‍ക്ക്? സിബിഐക്ക് പറ്റിയത് അമളിയാണെന്നെങ്കിലും ആശ്വസിക്കാം. ഇങ്ങനെ കള്ളക്കഥകളുണ്ടാക്കി ആളെപ്പറ്റിക്കുന്ന പലരെയും അവര്‍ മുമ്പും കണ്ടുകാണുമല്ലോ.

*

ചിലര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കള്ളം പറയുന്നു; കള്ളക്കേസുണ്ടാക്കുന്നു. മറ്റു ചിലര്‍ സ്വന്തം സമ്മേളനം വാര്‍ത്തയാക്കാന്‍ മറ്റേപ്പാര്‍ടിയെ തെറിവിളിക്കുന്നു. എനിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറ്റേയാള്‍ കുടുതല്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നത് രസമുള്ള വിമര്‍ശനംതന്നെ. അവിടെയും രക്ഷ മാധ്യമങ്ങള്‍ തന്നെ. കേരളം ഇന്നും ഏറ്റവുമധികം ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന നാടാണെന്ന് എഴുതിത്തെളിയിക്കാന്‍ ഒരു സായ്പും ഇല്ലാതെപോയല്ലോ.

Sunday, December 11, 2011

ഗണേശോത്സവം

"വന്നുവന്ന് ഇപ്പോള്‍ സോഫ്റ്റ്വെയര്‍വരെ ഇറക്കുമതിചെയ്യുകയാണ്. എന്തൊരു തോന്ന്യാസമാണിത്? വിഐപി, അയിഷ തുടങ്ങിയ നമ്മുടെ നാട്ടിലെ കമ്പനികള്‍ പൂട്ടിപ്പോകില്ലേ? വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ?"

സത്യമായും ഒരു വലിയ ബുദ്ധിജീവി പ്രസംഗിച്ച വാക്കുകളാണിത്. ആ മഹാനുഭാവന് കിട്ടിയത് ഭാരത് സൂര്യ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര എന്നോ മറ്റോ പേരുള്ള അവാര്‍ഡാണ്. കേരളത്തിന്റെ പരിസ്ഥിതിയെ സ്നേഹിച്ചതിനും ഇറക്കുമതികൊണ്ടുള്ള പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് ക്രിയാത്മകമായി പ്രതികരിച്ചതിനുമുള്ള പുരസ്കാരം. ഇത്രയേ ഉള്ളൂ കാര്യം. പ്രതികരിക്കുക; അവാര്‍ഡ് വാങ്ങുക, പത്രത്തില്‍ ചിത്രം അച്ചടിപ്പിക്കുക. സോഫ്റ്റ്വെയര്‍ ഇറക്കുമതി എന്നാല്‍ അടിവസ്ത്രത്തിന്റെ കച്ചവടമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ആരും വരില്ല. പത്രത്തില്‍ അച്ചടിച്ചത് അച്ചടിച്ചു; ടിവിയില്‍ പറഞ്ഞത് പറഞ്ഞു-അത്രതന്നെ.

ഇപ്പോള്‍ സംഗതി മാറി. പുതിയൊരുതരം പരിപാടി നാട്ടുകാര്‍ തുടങ്ങിയിരിക്കുന്നു. മണ്ടത്തരം ആരു പറഞ്ഞാലും അത് പിടിച്ചെടുത്ത് ചിത്രമോ ചലിക്കുന്ന ചിത്രമോ ആക്കി സോഷ്യല്‍ മീഡിയ എന്നൊരു സാധനത്തിലേക്ക് കയറ്റിക്കളയും. എന്താണ് സോഷ്യല്‍ മീഡിയ എന്നും അത് സോഫ്റ്റ്വെയറിനെപ്പോലെ ഇലാസ്റ്റിക്കുള്ളതാണോ എന്നും ചോദ്യം വന്നേക്കും. നമ്മുടെ പത്രങ്ങളെപ്പോലെയൊന്നുമല്ല സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ . പത്രത്തില്‍ ഒരു വാര്‍ത്തയോ ലേഖനമോ കവിതയോ അഭിപ്രായമോ അച്ചടിക്കണമെങ്കില്‍ പത്രാധിപര്‍ കനിയണം. പ്രസിദ്ധീകരണയോഗ്യമായാല്‍ മാത്രംപോരാ, പത്രത്തില്‍ സ്ഥലവും തരപ്പെടണം. അഞ്ഞൂറു വാര്‍ത്ത കിട്ടിയാല്‍ നൂറെണ്ണമേ വെളിച്ചം കാണൂ. സോഷ്യല്‍ മീഡിയക്ക് ആ പ്രശ്നമൊന്നുമില്ല. നിങ്ങള്‍ക്ക് എന്താണോ പറയാനുള്ളത്, അത് നേരെയങ്ങ് പറയാം. ക്യാമറയ്ക്കുമുന്നില്‍നിന്ന് പാട്ടുപാടി അത് മഹത്തരമെന്ന് സ്വയം തോന്നിയാല്‍ നെറ്റ്വര്‍ക്കിലേക്ക് കയറ്റി വിടാം. ചുമ്മാ "സില്‍സിലാാാ; സില്‍സിലാാാാ" എന്ന് പാടിയാല്‍ മതി. അതല്ലെങ്കില്‍ "അംഗന വാടിയിലെ ടീച്ചറേ" എന്നോ "രാത്രി ശുഭരാത്രി ഇനിയെന്നും ശിവരാത്രി" എന്നോ പാടാം. അര്‍ഥമൊന്നും വേണമെന്നില്ല. വേണമെങ്കില്‍ നാട്ടുകാര്‍ അത് തേടിപ്പിടിച്ച് ആസ്വദിച്ചുകൊള്ളും.

ജയലളിതയും പ്രകാശ് കാരാട്ടും എ ബി ബര്‍ദനും വേദിയില്‍ നില്‍ക്കുന്ന പഴയൊരു ചിത്രമെടുത്ത്, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് ചെന്നൈയില്‍ നടന്ന മനുഷ്യമതിലിന്റെ ഉദ്ഘാടനം എന്ന അടിക്കുറിപ്പോടെ ഒരു വിരുതന്‍ "ഫേസ്ബുക്കി"ല്‍ ഇട്ടു. സംഗതി ശുദ്ധ തട്ടിപ്പാണെന്നും ഈ ചിത്രത്തിന് മുല്ലപ്പെരിയാറുമായി ഒരു ബന്ധവുമില്ലെന്നും ഉടനെ വന്നു മറുപടി. മനോരമയോ മാതൃഭൂമിയോ ഒരു പച്ചക്കള്ളം എഴുതിയാല്‍ ഇങ്ങനെ പൊളിക്കാനാവില്ല. സോഷ്യല്‍ മീഡിയ ആകുമ്പോള്‍ കള്ളം പിടിക്കാനും നേരു കണ്ടെത്താനും ആയിരം കണ്ണുകളുണ്ടാകും. കുന്ദംകുളത്തെ ഗള്‍ഫുകാരന്റെ കൊട്ടാരത്തിന്റെ ചിത്രമെടുത്ത് ഇതാ പിണറായി വിജയന്റെ വീട് എന്ന് ചിലര്‍ പ്രചരിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തട്ടിപ്പ് പുറത്തുവന്നു. തട്ടിപ്പുകാര്‍ കേസില്‍ കുടുങ്ങുകയുംചെയ്തു.

പണ്ടൊക്കെ ചായക്കടയിലും ആലിന്‍ചുവട്ടിലും രാഷ്ട്രീയ ചര്‍ച്ച നടന്നിരുന്നു. ഇന്ന് അതില്ല. പകരം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ ബസ്സിലും പ്ലസ്സിലുമൊക്കെ ചര്‍ച്ച നടക്കുന്നു. ഏതുവിഷയത്തിലും ചര്‍ച്ച നടക്കും; വാദപ്രതിവാദങ്ങള്‍ നടക്കും. ഇന്ത്യയിലാണ് പെട്രോളിന് കുറഞ്ഞ വില എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ , അതല്ല, ബംഗ്ലാദേശിലും പാകിസ്ഥാനിലും അതിലും കുറവാണെന്ന് അവിടെ നിന്നുതന്നെ തെളിവുതരാന്‍ ആളുകള്‍ തയ്യാര്‍ . വാചകമടിയല്ല, വസ്തുതയും തെളിവും നിരത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അഴിമതിക്കഥകളും ഭരണതലത്തിലെ കന്നംതിരിവുകളും അങ്ങനെതന്നെ പുറത്തുവരും. സോണിയയും രാഹുലും കപില്‍ സിബലുമൊക്കെ കഥാപാത്രങ്ങളാകും. കനിമൊഴിയോട് കനിവില്ലാത്തവര്‍ ചിദംബരത്തെ രക്ഷിക്കുന്നതെന്തിനെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരും. ചുരുക്കത്തില്‍ മടിയില്‍ കനമുള്ളവര്‍ സോഷ്യല്‍ മീഡിയയെ പേടിക്കണം. ചിലചില കുഴപ്പങ്ങളുമുണ്ട്. കുട്ടികളെ വഴിതെറ്റിക്കല്‍ , അവിഹിതബന്ധം വളര്‍ത്തല്‍ , കുടുംബത്തില്‍ സംശയം ജനിപ്പിക്കല്‍ -ഇങ്ങനെ പലതും. അമേരിക്കയില്‍ ഭൂരിപക്ഷം വിവാഹ മോചനങ്ങള്‍ക്കും കാരണം ഫേസ്ബുക്കാണുപോലും.

മുല്ലപ്പെരിയാര്‍വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം നടക്കുന്നു. അണ്ണ ഹസാരെ തനി ഗാന്ധിയനെന്നും അതല്ല, അടി ഒന്നേ കിട്ടിയുള്ളോ എന്ന് ചോദിച്ച മുട്ടാളനെന്നുംചര്‍ച്ച കൊണ്ടുപിടിച്ചു നടക്കുന്നു. അറബ് നാട്ടില്‍ മുല്ലപ്പൂ വിരിയിച്ചത് സോഷ്യല്‍ മീഡിയകൂടി ചേര്‍ന്നാണ്. അമേരിക്കയുടെ ആസ്ഥാനത്തു കയറി ചെങ്കൊടി നാട്ടിയ സമരത്തിന്റെ കഥകള്‍ നാടെങ്ങും എത്തിച്ചത് നമ്മുടെ മനോരമയല്ല-സോഷ്യല്‍ മീഡിയയാണ്. നാടു വിട്ടവനെയും കണ്ടുമറന്നവനെയും തിരിച്ചുകൊണ്ടുവരാന്‍ ചാനലില്‍ അഭ്യാസം നടത്തേണ്ടതില്ല-ഫേസ്ബുക്കില്‍ ഒന്നു മനസ്സിരുത്തി തിരഞ്ഞാല്‍ മതി. വിദ്യാര്‍ഥികാല സ്മരണകള്‍ അയവിറക്കാനും നഷ്ടപ്രണയത്തിന്റെ ഓര്‍മമധുരം നുണയാനും ഫേസ്ബുക്കുണ്ട്; ഓര്‍ക്കുട്ടുണ്ട്; അങ്ങനെ പലതുമുണ്ട്. പൊറോട്ട ഏറ്റവും മോശം ആഹാരമാണെന്ന് ചിലര്‍ പറയുമ്പോള്‍ അത്രയ്ക്കൊന്നും മോശമല്ല എന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ വരുന്നു.

സോഷ്യല്‍ മീഡിയ എന്ന ഈ പരിപാടി അപ്പാടെ നിയന്ത്രിച്ചുകളയും എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരമാത്രം എന്നാണ് കോണ്‍ഗ്രസ്, പത്രങ്ങളെക്കൊണ്ട് പറയിച്ചത്. ഇപ്പോള്‍ സോണിയ മാഡത്തെ വിമര്‍ശിച്ചാല്‍ സോഷ്യല്‍ മീഡിയയുടെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കില്ല എന്ന്. വേണ്ടാതീനംചെയ്താല്‍ കേസെടുക്കാനും ശിക്ഷിക്കാനും നിയമമുണ്ട്. അത് വല്ലാതെ കടുത്തതാണ് എന്നാക്ഷേപവുമുണ്ട്. അതും പോരാ മൂക്ക് ചെത്തിയേ മതിയാവൂ എന്നാണ് കപില്‍ സിബലിന്റെ ശാഠ്യം. സോഫ്റ്റ്വെയറും അണ്ടര്‍വെയറും തമ്മില്‍ എന്തുബന്ധം എന്ന് പഠിക്കാത്തവരില്‍ കേന്ദ്രസര്‍ക്കാരും ഉണ്ടെന്ന് തോന്നുന്നു.

*

തലസ്ഥാനത്തെ സിനിമാകൊട്ടകകളില്‍ ഗണപതിഹോമം നടത്താത്തതുകൊണ്ടാകണം, ഗണേശന്റെ പരാക്രമങ്ങള്‍ അടങ്ങുന്നില്ല. ഗണേശന്‍ വിഘ്നേശ്വരനാണ്. വേണ്ടപോലെ ചെന്ന് കണ്ട് വണങ്ങിയാല്‍ സകലമാന വിഘ്നങ്ങളും അകറ്റും; പ്രസാദം വാരിക്കോരി നല്‍കും. അതല്ലെങ്കില്‍ പെട്ടെന്ന് കോപിച്ചുകളയും. കോപം വന്നാല്‍ നാവ് തുമ്പിക്കൈപോലെ നീണ്ട് വരികയും അത് അശ്ലീലഭാഷയില്‍ ചുഴറ്റുകയുംചെയ്യും. സ്വഭാവം ആദിമധ്യാന്തം ഇങ്ങനെയായതുകൊണ്ട് ചുറ്റുമുള്ളവര്‍ അറിഞ്ഞ് പെരുമാറുകയേ തരമുള്ളൂ.

ആദിയിലെ ഗണേശനെ പാര്‍വതി കളിമണ്ണുകൊണ്ടാണുണ്ടാക്കിയതത്രെ. കാലാന്തരത്തില്‍ പുറത്ത് കളിമണ്ണൊന്നും കാണാനില്ല. അഭിനവ ഗണേശന് നാലു കൈയില്ല; ആനത്തലയില്ല. എലിക്ക് പകരം വാഹനങ്ങള്‍ സ്റ്റേറ്റ് ബോര്‍ഡ് വച്ച് അഞ്ചെണ്ണമുണ്ട്. എലിക്കാണെങ്കില്‍ വല്ല കപ്പയോ പഴമോ കൊടുത്താല്‍ മതി. സ്റ്റേറ്റ്കാറുകള്‍ക്ക് പെട്രോളും ഡീസലുമാണ് ഡയറ്റ്. എല്ലാംകൊണ്ടും ഗണേശരൂപം കാലത്തിനൊത്ത് മാറിയിരിക്കയാല്‍ , ഗണപതിഹോമവും പരിഷ്കരിച്ച് നടത്തേണ്ടതുതന്നെ. അത് അന്വേഷിച്ചുപിടിച്ച് വേണ്ടപോലെ നടത്തുന്നവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍കണക്കെ ഭരണം കൈയാളുന്നുണ്ട്. സിനിമാക്കാരുടെ ഉത്സവം തുടങ്ങിയപ്പോഴാണ് കുട്ടിപ്പിള്ളമാരുടെ കൂട്ട അരങ്ങേറ്റം ഉണ്ടായത്. കുറെ താടിക്കാരും സഞ്ചിക്കാരുമൊക്കെയായിരുന്നു സിനിമാക്കളിയുടെ ഉത്സവ നടത്തിപ്പുകാര്‍ . അവര്‍ക്ക് താടി വളര്‍ത്താന്‍ മാത്രമല്ല, ചലച്ചിത്രോത്സവം നടത്താനും അറിയാമെന്ന് അഞ്ചുകൊല്ലം തെളിയിച്ചു. നല്ല സിനിമ വന്നു, കാണാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ വന്നു, നടത്തിപ്പിന് അന്തസ്സുവന്നു. ശബരിമലയ്ക്ക് പോകുമ്പോലെ വ്രതമെടുത്ത് സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. വിഘ്നേശ്വരനാമധാരിയായ മന്ത്രി കര്‍മംകൊണ്ട് സിനിമാക്കാരനായതുകൊണ്ടും മന്ത്രിക്കു ചുറ്റുമുള്ള എട്ടരക്കൂട്ടത്തിന്റെ ഉപജീവനംതന്നെ സിനിമാക്കളിയായതുകൊണ്ടും ചൊവ്വേ നേരെ സംഗതി നടക്കുമെന്ന് അവര്‍ അബദ്ധത്തില്‍ കരുതിപ്പോവുകയുംചെയ്തു.

ഉത്സവപ്പറമ്പിലേക്ക് കയറുമ്പോള്‍ത്തന്നെ വിഘ്നമാണ്-വിഘ്നേശ്വര മന്ത്രിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിന്റെ രൂപത്തില്‍ . ആ ഫ്ളക്സ് ബോര്‍ഡിനുമുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത് "പാരകയറ്റാനറിയാമല്ലോ, പാസ് കൊടുക്കാന്‍ അറിയേണ്ടേ" എന്ന മുദ്രാവാക്യമാണ്. പണമടച്ച് രജിസ്റ്റര്‍ചെയ്ത് വന്നവര്‍ക്ക് പാസില്ല; പാസ് കിട്ടിയവര്‍ക്ക് അത് തൂക്കിയിടാന്‍ ചരടില്ല; ചരടുകിട്ടിയവര്‍ക്ക് പുസ്തകമില്ല; പുസ്തകം കിട്ടിയവര്‍ അതുനോക്കി സിനിമയ്ക്ക് പോയാല്‍ രക്ഷയുമില്ല. കൊറിയന്‍ സിനിമ കാണാന്‍ ചെന്നാല്‍ "ഭാര്‍ഗവീനിലയം" കണ്ട് തൃപ്തിപ്പെടേണ്ടിവരും. കുഴപ്പമില്ലാത്തത് ഒറ്റക്കാര്യത്തിനുമാത്രമാണ്-മന്ത്രിയുടെ എട്ടരക്കൂട്ടം എന്നും അണിഞ്ഞൊരുങ്ങി എത്തുന്നുണ്ട്. കാര്യങ്ങളാകെ നിയന്ത്രിക്കുന്നുമുണ്ട്. വന്നുവന്ന്, ഏതു സിനിമ കാണിക്കണമെന്ന് തെരഞ്ഞെടുക്കുന്നതുവരെ മന്ത്രിയാണ്. കാണാന്‍ മെച്ചപ്പെട്ട "ആദിമധ്യാന്ത"ത്തിന് വിലക്ക് വീണത് തിരുവുള്ളക്കേടുകൊണ്ടുതന്നെ. അടുത്ത വര്‍ഷംമുതല്‍ സിനിമാ പ്രിന്റുംകൊണ്ട് മന്ത്രിമന്ദിരത്തിലേക്ക് പോയാല്‍ മതിയാകും. അവിടെ ഹോമം നടത്തി ഭഗവാനെ പ്രസാദിപ്പിച്ചാല്‍ "കൃഷ്ണനും രാധയും" നേരെ ലോകസിനിമാ വിഭാഗത്തിലേക്ക് വച്ചുപിടിക്കും. ആക്ഷനും കട്ടും പറഞ്ഞ് ഇന്നലെവരെ പേടിപ്പിച്ചവര്‍ മുന്നില്‍വന്ന് ഓച്ഛാനിച്ച് നില്‍ക്കുമ്പോള്‍ നടികര്‍ തിലകം വിഘ്നേശ്വരന് ഒരു സുഖം. അതുകൊണ്ട് അര്‍ധരാത്രിയും തമ്പാനൂരില്‍ മഴ പെയ്യുന്നു എന്ന് തോന്നും. അപ്പോള്‍പ്പിന്നെ കുട പിടിക്കാതെ തരമില്ലല്ലോ.

Sunday, December 4, 2011

ഉറക്കം വരാത്ത മന്ത്രി

മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വരുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണം. എങ്ങനെ ഉറക്കം വരും എന്ന് സ്വന്തം നേതാവായ മാണിയോടെങ്കിലും ചോദിക്കണം. അതല്ലാതെ, പത്രസമ്മേളനം വിളിച്ച്, കണ്ണുരുട്ടിക്കാട്ടി, എനിക്ക് ഉറക്കം വരുന്നില്ലേയെന്ന് വിലപിക്കുന്നതും എത്തുന്നിടത്തെല്ലാം സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും പ്രഖ്യാപനങ്ങള്‍ തിരിച്ചുവിഴുങ്ങുന്നതും മന്ത്രിപ്പണിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നം പി ജെ ജോസഫിനും മാണിസാറിനും ഒരു നാടകവും നടത്താതെ പരിഹരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തില്‍ചെന്ന് മന്‍മോഹന്‍ സിങ്ങിന്റെയോ അലുമിനിയം പട്ടേലിന്റെയോ മുന്നില്‍ ഒന്നു നിവര്‍ന്നുനിന്നാല്‍ മതി. വെള്ളം തമിഴ്നാട്ടിലേക്കൊഴുകിയാല്‍ അത് ജനങ്ങളുടെ ജീവിതമാണ്. അതിന് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിലനിന്നേ തീരൂ. ഇന്നത്തെ അണക്കെട്ട് അഥവാ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്കുതന്നെയാണ് ഒഴുകുക. ആ ഒഴുക്ക് മരണത്തിന്റേതാണ്. തമിഴന് ജീവിതവും മലനാട്ടുകാരന് ജീവനും വേണം. അത് എക്കാലത്തേക്കുമുള്ള ഉറപ്പായിത്തന്നെ വേണം.

രണ്ട് സംസ്ഥാനങ്ങളെയും വിളിച്ച് കാര്യംപറഞ്ഞ് പ്രശ്നം തീര്‍ക്കാനുള്ള ചുമതല കേന്ദ്രത്തിന്റേതാണ്. കോടതിയിലും പുറത്തുമൊക്കെ പരന്നുകിടക്കുകയാണ് പ്രശ്നം. കേന്ദ്രം വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ. അതുകൊണ്ട് സോണിയ മാഡം കനിയണം; മന്‍മോഹന്‍ജി മിണ്ടണം. മിണ്ടിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം ആദ്യം ഒലിച്ചുപോകും-ഇത്രയും പറഞ്ഞാല്‍ മതി. ദക്ഷിണേന്ത്യയില്‍ വിത്തിനുവച്ചപോലെ ഉള്ള സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിസ്ഥാനവും സംരക്ഷിച്ചുകിട്ടാന്‍ സോണിയ മാഡം താനേ ഇളകിക്കൊള്ളും. മുല്ലപ്പെരിയാര്‍ അണക്കെട്ടാണോ മന്ത്രിസ്ഥാനമാണോ വലുത് എന്നാണ് ജോസഫും മാണിസാറും ആദ്യം പറയേണ്ടത്. ഇടുക്കിയിലെയും കോട്ടയത്തെയും എറണാകുളത്തെയും ആലപ്പുഴയിലെയും കുറെയേറെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ഞങ്ങള്‍ ഇതാ ത്യാഗത്തിന്റെ അവതാരപുരുഷന്മാരായി മാറാന്‍ പോകുന്നു; കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ അധികാരവും കാറും കൊട്ടാരവും ഉപേക്ഷിച്ച് ഗൗതമബുദ്ധനെപ്പോലെ ഇറങ്ങി ചപ്പാത്തില്‍ സമരംചെയ്യാന്‍ തയ്യാര്‍ എന്നാണ് ഔസേപ്പും മാണിസാറും പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു മിനിമം ഗമ ഉണ്ടാകുമായിരുന്നു. ഇതിപ്പോള്‍ മന്ത്രിതന്നെയാണ് ഭീതി പരത്തുന്നതിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ സമരംചെയ്ത എംപിമാരെവരെ പേടിപ്പിച്ചുകളഞ്ഞു-ഡാം പൊട്ടിയാല്‍ നിങ്ങളുടെ വീടിന്റെ അടുത്തും വെള്ളം എത്തുമെന്ന് സംസ്ഥാന മന്ത്രി വക പ്രവചനം. പ്രവചനങ്ങള്‍ക്ക് മാത്രമാണ് പഞ്ഞമില്ലാത്തത്. ചീഫ് വിപ്പ് ഭൂകമ്പം വരുമെന്ന് പ്രവചിച്ച് ഈരാറ്റുപേട്ടയിലെ സ്കൂള്‍കുട്ടികളെ മരച്ചുവട്ടിലിരുത്തിയശേഷം തിരുവനന്തപുരത്തേക്ക് മുങ്ങി. ജോസഫും മാണിയും പ്രവചിച്ച് കളിക്കുന്നു. മാണിയുടെ വകുപ്പില്‍ നിയമവുമുണ്ട്. ആ വകുപ്പിന്റെ പ്രതിനിധിയായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ചെന്ന് പറഞ്ഞത്, "ഒന്നും പേടിക്കേണ്ടെന്നേ; വെള്ളം കയറുന്നതും സുരക്ഷയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നേ" എന്നാണ്. അതും ഒരു പ്രവചനം. അത് സര്‍ക്കാരിന്റെ നിലപാടല്ലെങ്കില്‍ അങ്ങനെ പറഞ്ഞ എജിയെ ആ നിമിഷം പുറത്താക്കുമായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പ്രിയങ്കരനും മനോരമയുടെ വിശ്വസ്ത വക്കീലുമായ ദണ്ഡപാണി ഏതായാലും അങ്ങനെ ചുമ്മാ പോകുന്ന പ്രകൃതക്കാരനല്ല. ഇനി പേരിനുവേണ്ടി ദണ്ഡപാണിയെ ദണ്ഡിച്ചാലും തിരുവഞ്ചൂരിനെ എങ്ങനെ ഊരിയെടുക്കാന്‍ പറ്റും. ദണ്ഡപാണിയെക്കൊണ്ട് പറയിച്ചത് തിരുവഞ്ചൂരാണല്ലോ. അണക്കെട്ട് തകരുന്നതോ വെള്ളം കുത്തിയൊഴുകി ജനപഥങ്ങള്‍ നശിക്കുന്നതോ അല്ല ഔസേപ്പച്ചായന്റെയും മാണിസാറിന്റെയും പ്രശ്നം. കോട്ടയം മുതല്‍ ഇടുക്കിവരെ പരന്നുകിടക്കുന്ന പാര്‍ടിയാണ്. മുല്ലപ്പെരിയാറെങ്കില്‍ മുല്ലപ്പെരിയാര്‍ . അതു പറഞ്ഞ് നാലു വോട്ട് കൂടുതല്‍ കിട്ടുമോ എന്നതാണ് പുതിയ നോട്ടം. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാല്‍ അണക്കെട്ടില്‍ പാലുംതേനും ചേര്‍ന്ന മിശ്രിതംനിറയും എന്നാണ് വാഗ്ദാനിച്ചിരുന്നത്. ഇപ്പോള്‍ ഭരണം അങ്ങനെയാണ്. എന്നിട്ടെന്തേ "ഇടപെട്ടള"യാത്തത്? തമിഴ്നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നില്ല എന്നതാണ് പ്രശ്നമെങ്കില്‍ അതിനുവേണ്ടത് കേന്ദ്രം ചെയ്യണ്ടേ? കോടതിയെ ബോധ്യപ്പെടുത്തേണ്ടേ? അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന് മന്ത്രിതന്നെ പ്രവചനം നടത്തി സമരം നയിക്കുകയാണോ അതോ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കുകയാണോ വേണ്ടത്?

പ്രശ്നം അതീവ ഗുരുതരമാണ്. അണക്കെട്ട് പൊട്ടില്ല എന്നൊന്നും ആര്‍ക്കും ഉറപ്പിക്കാനാകില്ല. പൊട്ടിയാല്‍ എന്ത് സംഭവിക്കും; ഇടുക്കി താങ്ങുമോ; എങ്ങോട്ടൊക്കെ ഒഴുകും; എന്തെല്ലാം നശിക്കും എന്നൊന്നും ഇതുവരെ ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്നതെല്ലാം കൊട്ടക്കണക്കാണ്. ചിലര്‍ അന്‍പതടിയെന്ന്. മറ്റുചിലര്‍ അന്‍പതുമീറ്ററെന്ന്. ആര്‍ക്കും എന്തും പറയാം-എല്ലാം കേട്ടും വായിച്ചും തീതിന്നു ജീവിക്കാന്‍ കുറെ ജനങ്ങളുണ്ടല്ലോ. ജനങ്ങളെ ഭീതിയില്‍നിന്ന് രക്ഷിക്കാന്‍ നടപടിയാണ് വേണ്ടത്. അതിന് മാത്രം ജോസഫ് മന്ത്രിക്ക് സമയമില്ല. പകരം പാട്ടുപാടി വിമാനം കയറി ചുറ്റിയടിക്കുന്നു. ഇങ്ങനെയൊരു മന്ത്രിയും മലയോരപ്പാര്‍ടിയുമുള്ളതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും തല്‍ക്കാലം രക്ഷയാണ്. ചവിട്ടുനാടകം അവര്‍തന്നെ നടത്തിക്കൊളളുമല്ലോ. മലയോര കോണ്‍ഗ്രസിന് മലയ്ക്കുതാഴോട്ട് നോക്കേണ്ടതില്ല. വെള്ളമാണെങ്കില്‍ മലയ്ക്ക് മുകളിലോട്ട് കയറുകയുമില്ല. എസ്എംഎസ് വിവാദനായകനായി ശുദ്ധശൂന്യതയിലായിപ്പോയ ജോസഫിന് പറന്നുയരാന്‍ മുല്ലപ്പെരിയാര്‍ ഒരു നിമിത്തമായി. മലയോരത്ത് കോണ്‍ഗ്രസിനെ പേടിപ്പിച്ചുനിര്‍ത്താന്‍ മാണിസാറിന് ഒരു വടിയും കിട്ടി. അതല്ലെങ്കില്‍ എന്തുകൊണ്ട് സ്വതഃസിദ്ധമായ സമ്മര്‍ദതന്ത്രം മാണിസാര്‍ പുറത്തെടുക്കുന്നില്ല? ഉമ്മന്‍ചാണ്ടീ മുട്ടാളാ, ഇനിയും പ്രശ്നം തീര്‍ത്തില്ലെങ്കില്‍ , മന്ത്രിപ്പണിയത് മതിയാക്കൂ-എന്ന് മുദ്രാവാക്യം വിളിക്കാന്‍ മാണിസാറിന്റെ കണ്ഠം കൊതിക്കുന്നില്ലേ? ഒറ്റ സീറ്റിന്റെ ബലത്തില്‍ തൂങ്ങുന്ന മുഖ്യമന്ത്രിസ്ഥാനം കാക്കകൊത്തിപ്പോകാതെ കാത്തുസൂക്ഷിക്കാന്‍ ആ നിമിഷം പറക്കില്ലേ ഉമ്മന്‍ചാണ്ടി വീണ്ടും ഡല്‍ഹിക്ക്-കിടക്കില്ലേ മാഡത്തിന്റെ മുറ്റത്ത് നിരാഹാരം?

പിള്ളാരുടെ പില്‍ക്കാലജീവിതത്തിന് നാലു ചക്രമുണ്ടാക്കണമെന്ന് കരുതുന്ന മാധ്യമ മുതലാളിമാര്‍ മുല്ലപ്പെരിയാറിന്റെ സെന്റിമെന്റ്സ് വില്‍ക്കാന്‍ നല്ലപോലെ നോക്കും-ഉദ്വേഗജനകമായ വിവരണങ്ങള്‍ പത്രത്തിന്റെ മാര്‍ക്കറ്റ് കൂട്ടും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഉദ്വേഗം വാരിക്കൂട്ടി രാഷ്ട്രീയനേട്ടമാക്കാന്‍ മാണിയും ജോസഫും നോക്കുന്നതിലും പുതുമയില്ല. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ചിലരുടെ ജീവിതംതന്നെ ഇത്തരം സെന്‍റിമെന്റ്സിന്റെ മൊത്തക്കച്ചവടമാണ്.

കഴിഞ്ഞ ദിവസം വീക്ഷണം പത്രത്തില്‍ (നവംബര്‍ 27) വന്ന പ്രധാന തലക്കെട്ട് "പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ ചണ്ടി" എന്നാണ്. അക്ഷരത്തെറ്റുകള്‍ പത്രങ്ങളുടെ കൂടപ്പിറപ്പാണ്. അബദ്ധത്തില്‍ തെറ്റു സംഭവിക്കാം. അറിവില്ലായ്മകൊണ്ടും വരാം. വീക്ഷണം പത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരിലെ ദീര്‍ഘം കളഞ്ഞത് ഇതില്‍ ഏതിനത്തില്‍പെടുത്തണമെന്ന് മനസ്സിലാകുന്നില്ല. ചണ്ടിയെ ചാണ്ടിയാക്കാന്‍ ഒരു ദീര്‍ഘം മതി. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുടിചൂടിയ നേതാവിനെ "ചണ്ടി" എന്ന് ഒന്നാംപേജില്‍ ഏറ്റവും വലിയ അക്ഷരംകൊണ്ട് വിളിക്കാന്‍ കോണ്‍ഗ്രസ് മുഖപത്രത്തിനും അനായാസം കഴിഞ്ഞിരിക്കുന്നു. ബെന്നി ബഹനാന്റെ രോഷമാണോ ഹസ്സന്റെ മനോഗതമാണോ വീക്ഷണം പത്രാധിപസമിതിയുടെ പ്രതിഷേധമാണോ സംഭവത്തിനുപിന്നില്‍ എന്നന്വേഷിക്കാന്‍ ചുരുങ്ങിയത് ഒരു തെന്നലക്കമ്മിറ്റിയെ എങ്കിലും നിയോഗിക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളി സഹിക്കാതെ വീക്ഷണത്തിലെ ഒരു പത്രാധിപരാണ് സംഗതി ഒപ്പിച്ചതെന്ന് വിവരമുണ്ട്. ആ പത്രാധിപര്‍ കാണിച്ച ശേഷിയെങ്കിലും പി ജെ ജോസഫിനും കെ എം മാണിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. കുഞ്ഞുണ്ണി മാഷ് പാടിയത് ഓര്‍മവരുന്നു. "കക്കുന്നവന്‍ വലുതായാല്‍ കാക്കുന്നവനാകും; കാക്കുന്നവന്‍ ചെറുതായാല്‍ കക്കുന്നവനാകും" എന്ന്. ദീര്‍ഘമാണ് പ്രശ്നം. എന്നാലും ചാണ്ടി ചെറുതായാല്‍ ചണ്ടി ആകുമെന്ന് വീക്ഷണംതന്നെ പറഞ്ഞുകളഞ്ഞല്ലോ.

*

പത്രക്കാര്‍ക്ക് മുല്ലപ്പെരിയാറിന്റെ തകര്‍ച്ച പ്രവചിക്കാനേ അറിയൂ. സ്വന്തം വീട്ടില്‍ നാളെ എങ്ങനെ കഞ്ഞിവയ്ക്കുമെന്ന് ചിന്തിക്കാന്‍ ഭൂരിപക്ഷത്തിനും സമയമില്ല. ചിന്തിച്ചാലൊട്ട് പ്രയോജനവുമില്ല. പന്ത്രണ്ടുകൊല്ലമായി ശമ്പളം പരിഷ്കരിച്ചിട്ട്. അവസാനത്തെ പരിഷ്കരണം വരുമ്പോള്‍ പത്തുരൂപയ്ക്ക് മലക്കറി വാങ്ങിയാല്‍ കുടുംബത്തിന് മൂന്നുദിവസം കറിവയ്ക്കാമായിരുന്നു. ഇന്ന് നൂറു രൂപയ്ക്ക് വാങ്ങിയാല്‍ കഷ്ടി രണ്ടുദിവസത്തേക്കാണ്. രണ്ടുരൂപയ്ക്ക് കിട്ടിയ ചായക്ക് ഇന്ന് മിനിമം ആറുരൂപ. അരിക്കും മുളകിനും ഉപ്പിനും പാലിനും മരുന്നിനുമെല്ലാം വില പലമടങ്ങായി. പത്രക്കാരന്റെ വില ഒരു പണത്തൂക്കംപോലും വര്‍ധിച്ചിട്ടില്ല. പണ്ട് കോളേജധ്യാപകനേക്കാള്‍ ശമ്പളം പത്രക്കാരനുണ്ടായിരുന്നു. ഇന്ന് നാല് പത്രക്കാര്‍ ചേര്‍ന്നാലും ഒരു കോളേജ് വാധ്യാരാകില്ല.

എല്ലാം അറിയുന്ന പത്രക്കാരുടെ കാര്യം പത്രമുതലാളിമാര്‍ക്ക് മാത്രം അറിയില്ല. ആറ്റുനോറ്റ് വന്ന വേജ്ബോര്‍ഡ് ശുപാര്‍ശ മുക്കിമൂളി ക്യാബിനറ്റ് പാസാക്കി; സര്‍ക്കാരിന്റെ ഉത്തരവും വന്നു. എന്നിട്ടും മുതലാളി സംഘടന മിണ്ടുന്നില്ല. പത്രക്കുഞ്ഞുങ്ങള്‍ കരഞ്ഞാലും പാലുകൊടുക്കരുതെന്നാണ് ഒരു മുഖ്യമുതലാളി പത്രമാപ്പീസുകള്‍ കയറിയിറങ്ങി പറയുന്നതത്രെ. മക്കളെ ചേര്‍ത്ത് പാര്‍ടി നിലനിര്‍ത്തുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്-അതാണ് മക്കള്‍ പാര്‍ടികള്‍ . അതുപോലെ പത്രക്കാരുടെ കുലം നിലനിര്‍ത്താമെന്നൊന്നും ആരും കരുതേണ്ടതില്ല- മിനിമം കൂലിയെങ്കിലും കിട്ടാന്‍ മക്കള്‍ക്കും ആഗ്രഹം കാണുമല്ലോ.