Sunday, October 25, 2009

കണ്ണൂരെന്താ കശ്മീരോ?

പഴയ കഥയാണ്.

അമേരിക്കയില്‍ വിമാനമിറങ്ങിയ റഷ്യന്‍ കര്‍ദിനാളിനോട് അവിടത്തെ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു-

"താങ്കള്‍ നൈറ്റ് ക്ളബ്ബില്‍ പോകുന്നുണ്ടോ?''

അമേരിക്കന്‍ പത്രക്കാര്‍ ഭീകരന്മാരാണെന്ന് മുമ്പേ അറിയാമായിരുന്ന തിരുമേനി തിരിച്ചുചോദിച്ചു-

"ഓ..ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ''.

പിറ്റേന്ന് പ്രമുഖ അമേരിക്കന്‍ പത്രങ്ങള്‍, വിമാനമിറങ്ങിയ ഉടനെ റഷ്യന്‍ കര്‍ദിനാള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ എന്ന് തിരക്കി എന്ന വാര്‍ത്തയാണ് അച്ചടിച്ചത്.

അതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ നടപ്പുരീതി.

കണ്ണൂരിലെ കലക്ടര്‍ ബാലകൃഷ്ണനെ മാറ്റിയത് എന്തെങ്കിലും കുറ്റം തെളിഞ്ഞതുകൊണ്ടല്ല. വയലാര്‍ രവിയും സുധാകരന്‍ എംപിയും പരാതി പറഞ്ഞു-നവീന്‍ ചൌള എന്ന ഇന്ദിരാഗാന്ധിയുടെ പഴയ വിനീത പോരാളി സ്വന്തം പാര്‍ടിക്കുവേണ്ടി കലക്ടറെ മാറ്റി. ഡല്‍ഹിയിലെ പത്രക്കാര്‍ ചോദിച്ചു-എന്തിനാണ് മാറ്റം? ചൌളയ്ക്ക് ഉത്തരമില്ല. പക്ഷേ, പത്രങ്ങളും ചാനലുകളും പറയുന്നു, വോട്ടര്‍ പട്ടികയില്‍ കുഴപ്പം വരുത്തിയതാണ് മാറ്റത്തിന് കാരണമെന്ന്. വോട്ടര്‍ പട്ടികയും കലക്ടറും തമ്മിലെന്ത് ബന്ധം? എന്ത് കുഴപ്പമാണ് കലക്ടര്‍ ഉണ്ടാക്കിയത്-ആര്‍ക്കും അറിയില്ല. സുധാകരന്‍ ഡല്‍ഹിയില്‍ ചെന്ന് ആവശ്യപ്പെടുമ്പോള്‍ അനുസരിക്കാനുള്ള പദവിയാണ് തെരഞ്ഞെടുപ്പുകമീഷന്റേത്; മാറ്റപ്പെടാനുള്ളയാളാണ് കലക്ടര്‍. സുധാകരന് അതാവാം. നാല്‍പാടിവാസു, സേവറി ഹോട്ടലിലെ നാണു-ഇങ്ങനെ കുറെ മഹദ് കൃത്യങ്ങള്‍ നടത്തി പരിചയമുള്ള ആളാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല-പുഷ്പരാജിനെയും അറിയില്ല; കൈയില്ലാത്ത ജയകൃഷ്ണനെയും അറിയില്ല. ചെന്നൈയില്‍ പോകാറേയില്ല. ഇപ്പോള്‍ നൃത്തനൃത്യങ്ങള്‍ അത്ഭുതക്കുട്ടിയോടൊപ്പമാണ്. ആകെ മൊത്തം അത്ഭുതംതന്നെ. ഈ അത്ഭുതനടനം എന്തേ മാധ്യമങ്ങള്‍ കാണുന്നില്ല?

അമ്പത്തേഴില്‍ സി കണ്ണന്‍ ജയിച്ചശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ഒരു ചെങ്കൊടിക്കാരനും നിയമസഭയിലേക്ക് പോയിട്ടില്ല. സീറ്റ് കോണ്‍ഗ്രസിന്; വോട്ട് കോണ്‍ഗ്രസിന്റെ. ഒരു ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ആകെ അഞ്ചുപേര്‍ താമസം. വോട്ടിന്റെ എണ്ണം പന്ത്രണ്ട്. പത്തുകൊല്ലം മുമ്പ് മരിച്ചുപോയ അമ്മൂമ്മയ്ക്കും വിരാജ്‌പേട്ടയില്‍ കച്ചവടംനടത്തുന്ന മച്ചമ്പിക്കും അയാളുടെ കൊടകത്തി ഭാര്യക്കും കൊടകന്‍ അളിയനും കണ്ണൂരില്‍ വോട്ട്!

ഇത്തവണ ഉപതെരഞ്ഞെടുപ്പല്ലേ. മാര്‍ക്സിസ്റ്റുകാര്‍ വോട്ടര്‍ പട്ടിക വിശദമായി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് സുധാകരേട്ടന്റെ ഭൂരിപക്ഷത്തിന്റെ രഹസ്യം പിടികിട്ടിയത്-മരിച്ചവര്‍, ഗള്‍ഫുകാര്‍, മുംബൈയില്‍ സ്ഥിരതാമസമാക്കിയവര്‍, കല്യാണം കഴിഞ്ഞ് ഡല്‍ഹിയില്‍ പോയവര്‍ -ഇങ്ങനെ അനര്‍ഹ വോട്ടുകളുടെ അയ്യരുകളി. ഓരോന്നും പരിശോധിച്ച് പരാതി കൊടുത്തു. നാട്ടിലുള്ളവരാണെങ്കില്‍ നേരിട്ട് ഹാജരായി വോട്ട് നിലനിര്‍ത്താം. പത്തുകൊല്ലം മുമ്പ് ചരമഗതിപൂകിയ അമ്മൂമ്മയും അപ്പൂപ്പനും എങ്ങനെ താലൂക്കാപ്പീസിലെത്തും? അങ്ങനെ സുധാകരന്‍ കാത്തുസൂക്ഷിച്ച കസ്തുരിവോട്ട് കാക്കകൊത്തിപ്പോയി. കരച്ചില്‍ വരില്ലേ? രോഷപ്പെടാതിരിക്കാനാവുമോ? ആ വെകിളിയും വെപ്രാളവുമാണ് അങ്ങ് ഡല്‍ഹിയിലെ നവീന്‍ ചൌളയുടെ ഓഫീസില്‍വരെ എത്തിയത്. ഇന്നലെവരെ, മാര്‍ക്സിസ്റുകാര്‍ കള്ളവോട്ട് ചെയ്യുന്നു എന്ന് കരഞ്ഞ്, കള്ളവോട്ടിന്റെ ബലത്തില്‍ സുധാകരന്‍ ജയിച്ചു. ഇന്ന്, കള്ളവോട്ട് പോയി. സ്വയം അത്ഭുതക്കുട്ടി എന്ന് വിളിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ മുറിച്ചുമാറ്റിയ അര്‍ബുദക്കുട്ടിക്ക് സുധാകരേട്ടനു ലഭിച്ച 'ആനുകൂല്യം' കിട്ടാന്‍ സാധ്യതയില്ലാതെയുമായി. കണ്ണൂരിന്റെ പുതിയ വിശേഷം അതുമാത്രമാണ്. ഇതൊന്നും പത്രക്കാര്‍ കാണില്ല. അവരിപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ത്ത വോട്ടിന്റെ കണക്കെടുക്കുകയാണ്. ദേശാഭിമാനിയിലെ ജോലിക്കാര്‍ക്കും പാര്‍ടി ആപ്പീസിലെ ഡ്രൈവര്‍ക്കും വോട്ടുപാടില്ല എന്നതും അവരുടെ ജനാധിപത്യം!

കണ്ണൂരില്‍ ഇന്നുവരെ ബൂത്തുപിടിത്തം നടന്നിട്ടില്ല. തെരഞ്ഞെടുപ്പക്രമം പതിവില്ല. ഗുരുതരമായ ഒരക്രമം ഈ മേഖലയില്‍ നടത്തിയത് കോണ്‍ഗ്രസാണ്. 1987ലെ വോട്ടെടുപ്പുദിവസം ചീമേനിയില്‍ അഞ്ചു മാര്‍ക്സിസ്റ്റുകാരെ തീയിട്ടും വെട്ടിയും കൊന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്തരമൊരു പരിപാടിക്ക് ക്വട്ടേഷന്‍ സംഘത്തെ സുധാകരന്‍ കൊണ്ടുവന്നു-വന്നവര്‍ പിടിയിലായി. ഒരു മാധ്യമവും ക്വട്ടേഷനെച്ചൊല്ലി രോഷം കൊണ്ടില്ല. അവര്‍ക്കിപ്പോള്‍ കള്ളവോട്ടിനെക്കുറിച്ച് ആധിപോലും. കഷ്ടം. കണ്ണൂരിനെ കശ്മീരാക്കാന്‍ പലര്‍ക്കും മോഹമുണ്ട്-അത് കണ്ണൂരുകാര്‍ അംഗീകരിച്ചുകൊടുക്കുമോ?

*
ബംഗളൂരുവില്‍നിന്ന് പഴുപ്പിച്ചെടുത്ത വാര്‍ത്ത കണ്ടില്ലേ. ചെന്നിത്തലയുടെ ചാനലിലും ജീവന്‍ ടിവിയിലും ശതമന്യു കണ്ടു. ഒരു ഘട്ടമെത്തിയപ്പോള്‍ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ചു. പിന്നെ ടിവി ഓഫ് ചെയ്തു. ഒരു കെട്ടിടത്തിന്റെ വാതില്‍ ചവിട്ടിയും തള്ളിയും തുറന്ന് ചിലര്‍ അകത്തുകയറുന്നു. ആദ്യം ഒരു ചെറുപ്പക്കാരനെ ബലമായി കീഴടക്കുന്നു. പിന്നെ കാണുന്നത് ഒരു വിദേശ യുവതിയെയാണ്? ശരീരത്തില്‍ വസ്ത്രമില്ല. പൂര്‍ണ നഗ്നശരീരം സ്ക്രീനില്‍ തെളിഞ്ഞുകാണുന്നു. അതുകഴിഞ്ഞ് അവളുടെ വസ്ത്ര ധാരണം. പിന്നെ പൊലീസിന്റെ രംഗപ്രവേശം. അതുംകഴിഞ്ഞ് ചാനല്‍ വക രണ്ട് ചിത്രം കാണിക്കുന്നു. അതില്‍ വിദേശ യുവതിയുമുണ്ട്, മുടി പാതി നരച്ച ഒരാളുമുണ്ട്. അയാള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും കാണിച്ചാണ് പിന്നത്തെ വാര്‍ത്ത. ചിത്രം യുവതിയുടെ ലാപ്ടോപ്പില്‍നിന്ന് കിട്ടിയതാണത്രെ. പൊലീസ് പിടിച്ചെടുത്ത ചിത്രം നേരെ ചാനല്‍ ആപ്പീസിലെത്തിക്കുന്നതാണ് കര്‍ണാടകത്തിലെ പതിവ് എന്ന് മനസ്സിലായി!

നിമിഷങ്ങള്‍ക്കകം കേരളത്തില്‍ പടര്‍ന്ന വാര്‍ത്ത, ബിനീഷ് കോടിയേരി ബാംഗ്ളൂരില്‍ റഷ്യക്കാരിയോടൊപ്പം പിടിയില്‍ എന്നായിരുന്നു. 'കേരള ഹോം മിനിസ്റ്റേഴ്സ് സണ്‍ ഇന്‍ ബംഗ്ളൂര്‍ ബ്രോത്തേല്‍' (ആഭ്യന്തര മന്ത്രിയുടെ മകന്‍ വേശ്യാലയത്തില്‍) എന്ന് ചാനല്‍ മണിക്കൂറുകളോളം എഴുതിക്കാണിക്കുകയും ചെയ്തു. ചിത്രം കണ്ടാല്‍ ബിനീഷിനെ അടുത്തറിയുന്നവര്‍പോലും തിരിച്ചറിയില്ല. എന്നിട്ടും ബാംഗ്ളൂരിലെ ടിവി 9 ചാനലുകാരന്‍ 'തിരിച്ചറിയുന്നു'-വാര്‍ത്ത തുടര്‍ച്ചയായി സംപ്രേഷണംചെയ്യുന്നു. ദുബായില്‍ ജോലിസ്ഥലത്തിരിക്കുന്ന ബിനീഷ് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം വിടുന്നു. ബിനീഷിനെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ പൊലീസ് പിടിച്ചു എന്ന വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. എസ്എംഎസ്, ഫോണ്‍കോള്‍, ഇ-മെയില്‍....ഇങ്ങനെ പലവഴികളിലൂടെ. ബാംഗ്ളൂര്‍ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം അങ്ങനെയൊരു റെയ്ഡോ മറ്റു വാര്‍ത്തയില്‍ പറഞ്ഞ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണ്. അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അക്കാര്യം പറയുകയുംചെയ്തു.

എന്നാല്‍, പിറ്റേന്നത്തെ മാതൃഭൂമിയുടെ 'കാകദൃഷ്ടി' ശ്രദ്ധിക്കൂ: 'ബാംഗ്ളൂര്‍ പൊലീസിന്റെ റെയ്ഡില്‍ റഷ്യന്‍ സുന്ദരിയുടെ ലാപ്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം' എന്നെഴുതിയ കാര്‍ട്ടൂണില്‍ കോടിയേരിയും വി എസും. അതാണ് കാര്യം. അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കണം. ഉടയതമ്പുരാന്‍ വിചാരിച്ചാല്‍പോലും ബിനീഷിനുമേല്‍ പതിഞ്ഞ കറ മാറ്റിക്കളയാനാവില്ല എന്ന് ഉറപ്പിക്കണം.

ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുന്ന ദിവസം തന്നെയാണല്ലോ ബംഗളൂരുവില്‍ റെയ്ഡ് സംഘടിപ്പിക്കേണ്ടത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഇതില്‍പരം നല്ല സംഭാവന മറ്റേതുണ്ട്. എറണാകുളത്തെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഒളിച്ചുപോയി പ്രസവിച്ച് കുഞ്ഞിനെ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവം പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അംഗവുമായി കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ബന്ധമുണ്ട്. അതുവച്ച് ഏതുതരത്തിലുള്ള ചിത്രവും കിട്ടും; പ്രചരിപ്പിക്കാം. എന്നിട്ടും ആരും അത് ചെയ്തിട്ടില്ലെങ്കില്‍ അതിനെ രാഷ്ട്രീയമായ മാന്യത-അന്തസ്സ് എന്നെല്ലാം വിളിക്കേണ്ടതില്ല-അവശ്യം വേണ്ട മര്യാദ കാണിക്കുന്നു എന്നെങ്കിലും കരുതേണ്ടേ? ഇവിടെ അതാണ് ഇല്ലാതായിരിക്കുന്നത്.

ബിനീഷ് ഒരു ചലച്ചിത്രനടന്‍ കൂടിയാണ്. നിരവധി നടികള്‍ക്കൊപ്പമുള്ള ചിത്രം ഇതുപോലെ കൃത്രിമമില്ലാതെതന്നെ കിട്ടും. നാളെ അതും പൊക്കി, ഇന്ന നടിയുമായി ഇന്നയിടത്ത് ബിനീഷ് എന്ന് വാര്‍ത്ത കൊടുത്തുകൂടേ? ഈ രീതി കെട്ടതാണ്. ഇങ്ങനെ വാര്‍ത്തകള്‍ ചമച്ച് വ്യക്തികളെ അപമാനത്തിന്റെയും കുടുംബങ്ങളെ കണ്ണീരിന്റെയും സമൂഹത്തെ വൃത്തികേടിന്റെയും ഗര്‍ത്തങ്ങളിലേക്ക് നയിക്കുന്ന മാധ്യമ പ്രവര്‍ത്തനം നന്നല്ലതന്നെ. ലൈംഗിക അപവാദമാകുമ്പോള്‍ എത്ര അവിശ്വസനീയമായതായാലും പറഞ്ഞുപരത്താന്‍ എളുപ്പമാണ്. മോഹന്‍ലാലിന് എയ്ഡ്സ്, മോഹന്‍ലാലില്‍നിന്ന് നയന്‍താര ഗര്‍ഭിണിയായി-ഗര്‍ഭച്ഛിദ്രം രഹസ്യമായി നടത്തിയത് കാരക്കാസില്‍, നടനും രാഷ്ട്രീയ നേതാവുമായ ഗണേശന്‍ എയ്ഡ്സ് രോഗത്തിന്റെ പിടിയില്‍, നടി നന്ദിനി സ്വന്തം നീലച്ചിത്രം ഒരുകോടി രുപയ്ക്ക് വിറ്റു എന്നൊക്കെ എഴുതി അച്ചടിച്ച് പ്രസിദ്ധീകരിച്ച ക്രൈം മാതൃകയിലുള്ള പത്രപ്രവര്‍ത്തനം പലതലത്തിലായി തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് അല്‍പ്പം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെയാണ്. അത്തരം ചര്‍ച്ചയ്ക്കായി ശതമന്യു ഇവിടെ ഒരു പാലമിടുന്നു എന്നു മാത്രം. ഇത്തരം വ്യാജ വാര്‍ത്തക്കാരെയും അത് പൊക്കിയെടുത്ത് പത്രസമ്മേളനം വിളിക്കുന്നവരെയും എങ്ങനെ നേരിടണമെന്ന് ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ.

വാല്‍ക്കഷണം:

മഹാകവി പ്രതാപന്‍ എംഎല്‍എയുടെ വരികള്‍. ഗാനഗന്ധര്‍വന്‍ മുനീറിന്റെ ആലാപനം. അബ്ദുള്ളക്കുട്ടിയുടെ ഗതി എന്താകുമോ എന്തോ?

Sunday, October 18, 2009

ആക്രിക്കച്ചവടം

രണ്ട് തോണിയില്‍ കാലുവയ്ക്കുക എന്നത് പഴകിപ്പോയ ഒരുപമയാണ്. മൂന്ന് തോണിയില്‍ കാലും കൈയും കുത്തി വിശാലമായ സഞ്ചാരമാണ് പുതിയ ട്രെന്‍ഡ്. ഒരു തോണി വല്ല നിര്‍മാണക്കുറവുംകൊണ്ട് ചരിഞ്ഞ് മുങ്ങിയാല്‍ കാലോ കൈയോ മാറ്റി അടുത്തതിലോട്ട് വയ്ക്കുകയേ വേണ്ടൂ. സിപിഐ എം ഒരു പ്രത്യേകതരം പാര്‍ടിയാണെന്ന് പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസംഗിച്ച് കേള്‍ക്കാറുണ്ട്. ഒറ്റയടിക്ക് തുടര്‍ച്ചയായി രണ്ടുതവണയേ എംപിയാക്കൂ എന്നതാണത്രേ ഒരു പ്രത്യേകത. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? എംപിസ്ഥാനത്തിന്റെ സൌകര്യങ്ങളും പത്രാസും അറിയാത്ത കുറെ നേതാക്കന്മാര്‍ എടുത്ത തീരുമാനം മറികടക്കാന്‍ സിപിഎമ്മിലിരുന്ന് നടപ്പില്ല. ഇനിയും മത്സരിക്കണം-പാര്‍ലമെന്റിലോ നിയമസഭയിലോ എത്തണം. മാത്രമോ? പാര്‍ടി ലെവി കൊടുക്കാത്ത ഒരു ജീവിതംവേണ്ടേ? പാര്‍ടിക്കാരെ പേടിക്കാതെ ബിസിനസ് നടത്താന്‍ സ്വാതന്ത്ര്യം വേണ്ടേ? അതിനുപറ്റിയ വഴി അന്വേഷിച്ചുതുടങ്ങിയിട്ട് നാളേറെയായി. പലതും പറഞ്ഞുനോക്കി. ആദ്യം വികസനസിദ്ധാന്തം. പിന്നെ ഹര്‍ത്താല്‍ വിരോധം. അതുകഴിഞ്ഞ് ഇസ്ളാംപ്രേമം. ഒന്നും ഏശാഞ്ഞപ്പോള്‍ മോഡിസം. ആളെ കൊല്ലുന്നത് ശീലമാക്കിയ മോഡി 'വികസന'ത്തിന്റെ ഉസ്താദാണെന്ന് വച്ചുകാച്ചി. സിപിഎമ്മിന്റെ വേലി ചാടി എങ്ങോട്ട് പോകണമെന്ന് അന്നൊന്നും തിട്ടമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടീന്റെ വാതില്‍ മുട്ടി- തള്ളിത്തുറക്കാന്‍ നോക്കി. ഇമ്മാതിരി ചരക്കൊന്നും ഈ പീടികയിലെടുക്കില്ലെന്നായിരുന്നു ഉത്തരം. മോഡിയുടെ പാര്‍ടിക്കും വേണ്ട. ആക്രിസാധനങ്ങള്‍ മൊത്തമായും ചില്ലറയായും വാങ്ങുന്ന ഒരേയൊരു കൂട്ടരേ പിന്നെയുള്ളൂ- അവിടെ ആക്രാന്തക്കാര്‍ക്കും നല്ല വിലകിട്ടും. അങ്ങനെയാണ് സുധാകരേട്ടന്റെ ഉമ്മറപ്പടിയില്‍ ചെന്ന് കുത്തിയിരിപ്പ് തുടങ്ങിയത്.

മരുഭൂമിയില്‍ ചോരനീരാക്കി നാട്ടിലേക്ക് പണമയക്കുന്ന ഒരു കൂട്ടരില്ലേ- പ്രവാസി മലയാളികള്‍. അവര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമാണ്. ഓരോന്നിനെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുരാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി എഴുതി അയച്ചുതന്ന കുറിപ്പ് വായിക്കുക:

ഒരു കുട്ടിയുടെ ചിന്തകള്‍ എന്നാണ് തലക്കെട്ട്.

വടക്കന്‍ കേരളത്തിലെ ഒരു മുസ്ളിംകുടുംബത്തില്‍നിന്നും പാര്‍ടി എന്നെ കണ്ടെടുത്തു. എസ്എഫ്ഐക്കാരനായി തുടക്കം. ഏറെ സംരക്ഷണയും പഠനവും പാര്‍ടി ഏറ്റെടുത്തു. പാര്‍ടി ഓഫീസുകളില്‍ താമസിച്ചും നല്ലവരായ പാര്‍ടി സഖാക്കളുടെ സ്നേഹവാത്സല്യങ്ങള്‍കൊണ്ടും പഠിച്ചുവളര്‍ന്നു. തുടക്കക്കാരനായ എന്നെ എസ്എഫ്ഐയുടെ നിയമപഠനത്തിനയച്ചു. എസ്എഫ്ഐയുടെ സംസ്ഥാനനേതൃത്വത്തിലേക്ക് ഉയര്‍ത്തി കൂടുതല്‍ അംഗീകാരങ്ങള്‍തന്നു. രണ്ടുതവണ എംപിയാക്കി. മറ്റു പാര്‍ടികളിലെ എംപിമാര്‍ ഡല്‍ഹിയില്‍ കിടന്ന് അര്‍മാദിക്കുമ്പോള്‍. പാര്‍ടിയുടെ ആദര്‍ശോം... പഠിപ്പിച്ചതും നേതാവാക്കിയതും എംപിയാക്കിയതുമൊക്കെ ശരി... അതുകൊണ്ട് ജീവിതകാലം മുഴുവന്‍ പാര്‍ടിയെ സേവിച്ച് സാധാരണക്കാരനായി കഴിയണമെന്ന് എഴുതിവച്ചിട്ടുണ്ടോ... കണ്ടോ... ഞാന്‍ ആ വൃത്തികെട്ട താടിയും മീശയുമൊക്ക കളഞ്ഞു... സ്റ്റൈലന്‍ കണ്ണാടി ഫിറ്റ്ചെയ്തു. രൂപം മാറി; ഭാവം മാറി... ഇനി പേടിക്കാനില്ല- പണ്ട് ചുമലിലേറ്റ നടന്നവര്‍ തിരിച്ചറിയില്ല. ശേഷകാലം പെന്‍ഷന്‍ കിട്ടും.

ഈ പാര്‍ടി ശരിയല്ലെന്നേ... എംപിക്ക് കിട്ടുന്ന സൌജന്യങ്ങള്‍ പാവപ്പെട്ട പാര്‍ടിക്കാര്‍ക്കും നാട്ടുകാര്‍ക്കുംകൂടി കൊടുക്കണമെന്ന്. എംപി ക്വാര്‍ട്ടേഴ്സില്‍ ചെന്നാലോ നാട്ടില്‍നിന്നും ഓരോ കാര്യത്തിനായി വരുന്നവനൊക്കെ താമസിക്കാന്‍ സൌകര്യം കൊടുക്കണമെന്ന്. ട്രെയിനിലൊക്കെ ഈ സഖാക്കളെ കൂടെ കൊണ്ടുപോയാല്‍ വല്യ ബുദ്ധിമുട്ടാണെന്നേ... ചളപളാ രാഷ്ട്രീയം പറഞ്ഞ് മെനക്കെടുത്തും. പാര്‍ടി... മനുഷ്യന് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ. ഇല്ലാ... പാര്‍ടി നമുക്ക് ശരിയാവില്ലാ... ഈ ചെന്നിത്തലക്കൊക്കെ എന്താ ഗ്ളാമര്‍... അടുത്ത് ചെന്നാല്‍ അത്തര്‍കമ്പിനീല്‍ ചെന്നപോലെയാ... ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് കീറിയതാണെങ്കിലെന്താ. ആരാ, എത്രയുണ്ടാക്കി എന്നൊക്കെ പുറകെനടന്ന് നോക്കുന്ന പാര്‍ടിക്കാരെയും പേടിക്കേണ്ട... പാര്‍ടി കമ്മിറ്റി... പഠനക്ളാസ്, സെമിനാറ്, സമരം... ഹോ ആ ശല്യമൊക്കെ ഒഴിഞ്ഞു. ഇവിടെയതൊന്നുമില്ല... ആരെ കാണുമ്പോഴും വെളുക്കനെ ചിരിക്കണം. കൈപൊക്കി കാണിക്കണം. കഴുത്തില്‍ പറ്റുമെങ്കില്‍ പാമ്പുപോലെ ആ മൂന്നു കളറുള്ള ഷാളുണ്ടല്ലോ അതൊരെണ്ണം ഇടണം... നോക്കട്ടെ കോഗ്രസ് കച്ചവടം പുഷ്ടിപ്പെടുമോന്ന്... ഇല്ലെങ്കില്‍ പാര്‍ടി മാറാന്‍ ന്യായങ്ങള്‍ക്കാണോ പഞ്ഞം... ഇത്രയും വലുതാക്കിയ പാര്‍ടി വിട്ടപ്പോള്‍ പറയാന്‍ കാരണങ്ങള്‍ കണ്ടുപിടിച്ച എനിക്കാണോ... ബിജെപിയിലേക്ക് പോകാന്‍ കാരണം കണ്ടുപിടിക്കാന്‍ പഞ്ഞം... അല്ലെങ്കിലും (സ്വന്തം) വികസന സ്വപ്നമില്ലേ... അത്രമാത്രം മതിയല്ലോ... ആരും കേള്‍ക്കാതെ രാത്രിയില്‍ ഭാരത് മാതാകീ ജയ് എന്നു പറഞ്ഞ് പഠിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടാകരുതല്ലോ. എന്നെ ജയിപ്പിച്ചാല്‍ ഇനിയും എംഎല്‍എയും എംപിയുമാകാന്‍ ഏതൊക്കെ പാര്‍ടികളുണ്ടാകുമെന്ന പരീക്ഷണം തുടരും. തോറ്റാല്‍ ഒന്നുകില്‍ ദുബായില്‍- അല്ലെങ്കില്‍ ചെന്നൈയിലെ അണ്ണന്റെ കാര്യങ്ങള്‍ നോക്കി അങ്ങ് കൂടും.

നിങ്ങളുടെ (സ്വന്തം) (കുഞ്ഞാലിയല്ലാത്ത) കുട്ടി

ഒരു പ്രവാസി മലയാളിയുടെ ചിന്തകളായിമാത്രം ഇതിനെ കണ്ടാല്‍മതി. ആയാറാം ഗയാറാം ഗവാനെ സ്മരിച്ച് ആക്രാന്തപൂജ നടത്തി ടിയാന്‍ ശിഷ്ടജീവിതം സുരഭിലമാക്കട്ടെ എന്ന് ശതമന്യൂവും ആശംസിക്കുന്നു.

*
വെളുപ്പാന്‍ കാലത്ത് മലയാളത്തിന്റെ സുപ്രഭാതങ്ങളിലൊന്ന് കൈയില്‍ കിട്ടുമ്പോള്‍ തന്റെ മുഖം എല്ലാ പുറത്തും അച്ചടിച്ചുവരുന്നത് കാണാന്‍ കൊതിച്ച ഒരു പത്രമുതലാളി ആ സുന്ദരകളേബരം കണ്ടുകണ്ട് മനംകുളിര്‍ക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാരെയും സ്വന്തം പത്രത്തിലെ ജീവനക്കാരെയും വെറുപ്പിച്ച് പരിണാമസന്ധിയില്‍ വെറുക്കപ്പെട്ടവനായ കഥ കേട്ടിട്ടുണ്ട്. പലപല മേഖലയില്‍ മിടുക്കനാണെന്ന് കാണിക്കാന്‍ പുസ്തകമെഴുത്ത്, പ്രഭാഷണം, സാംസ്കാരികനായക വേഷംകെട്ട്, അവാര്‍ഡ് വാരിപ്പിടിത്തം, പ്രകൃതിസംരക്ഷണം, മാലിന്യവിരുദ്ധസമരം, ഇടതുപക്ഷനാട്യം, സോഷ്യലിസ്റ്റ് പ്രേമം തുടങ്ങിയ നാടകങ്ങള്‍ ആടിത്തിമിര്‍ത്ത നേതാവ് ആര്‍ത്തിമൂത്ത് അടിതെറ്റിയപ്പോള്‍ ആര്‍ക്കും വേണ്ടാത്ത 'തൃണമൂല്‍' ആയതാണ് കഥാന്ത്യം.

ബുദ്ധിയും വിവേകവും പണംകൊടുത്താല്‍ കിട്ടുന്നതോ ശിങ്കിടികള്‍ ഉണ്ടാക്കുന്നതോ അല്ല. അത് ജന്മനാ സിദ്ധിക്കുന്നതും സാമൂഹ്യജീവിതത്തില്‍ ആര്‍ജിതമാകുന്നതുമാണ്. ചുറ്റും വൈതാളികര്‍ മാത്രമുണ്ടാകുമ്പോള്‍; കേള്‍ക്കുന്നത് സ്തുതിവചനങ്ങള്‍മാത്രമാകുമ്പോള്‍ ഉള്ള ബുദ്ധി കുബുദ്ധിയാകും-വിവേകം അവിവേകമാകും. അങ്ങനെയൊരു അവിവേകത്തിന്റെ കഥയാണ് മേപ്പടി നേതാവിന്റെ മഹത്തായ സാഹിത്യസംഭാവന. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും പത്രലോകത്തേക്ക് വലതുകാലെടുത്തു വയ്ക്കാന്‍ വെമ്പുന്ന കുരുന്നുകള്‍ക്കും പഠിക്കാനുള്ള ഒന്നാണത്.

ഒക്ടോബര്‍ 13ലെ മാതൃഭൂമി പത്രം പാഠ്യവസ്തുവാക്കി നോക്കൂ. എല്ലാകാലത്തേക്കും ഈടുവയ്ക്കാന്‍ ഇതിലും മികച്ചതൊരെണ്ണം മാതൃഭൂമിതന്നെ പടച്ചിറക്കുന്നതിനു വേണ്ടി കാത്തിരിക്കണം. മഹാറാലി, വമ്പിച്ച പ്രകടനം, ജനലക്ഷങ്ങളുടെ സംഗമം, ജനസാഗരം എന്നൊക്കെ നാം കേള്‍ക്കാറുണ്ട്. 'പതിനായിരക്കണക്കിന്' ആളുകള്‍ പങ്കെടുത്ത മനുഷ്യച്ചങ്ങലയെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ നീണ്ട മനുഷ്യച്ചങ്ങലയേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ് ഈ കഥയിലെ മഹാസംഭവം. പതിമൂന്നുപേരെ അഭിസംബോധനചെയ്ത് നേതാവ് നടത്തിയ സൂപ്പര്‍പ്രസംഗം. ഫോട്ടോ സഹിതം ഏഴ് കോളം പത്ത് സെന്റീമീറ്റര്‍ വലിപ്പത്തിലാണ് വാര്‍ത്ത വന്നത്. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കി ഇങ്ങനെ 'ഡിസ്പ്ളേ' നിശ്ചയിക്കുന്ന പത്രാധിപേന്ദ്രന്മാര്‍ വേറൊരു പത്രത്തിലും കാണില്ല. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചയ്ക്കെതിരെ ദില്ലി കേരള ഹൌസില്‍ ഗ്രാമകേളി (അര്‍ഥവത്തായ പേര്. പിതാവിനും പുത്രനും സ്തുതി. അക്ഷരപ്പിശകുണ്ടായാല്‍ ചൊവ്വാദോഷത്തില്‍ പരിഹരിക്കാം) സംഘടിപ്പിച്ച വമ്പിച്ച ധര്‍ണയെയാണ് മുതലാളി അഭിസംബോധനചെയ്ത് അത്യുജ്വലപ്രസംഗം കാച്ചിയത്. പ്രസംഗം കേട്ട് നിസ്സംഗതയോടെ ഒടിഞ്ഞു മടങ്ങി മുഖവും വീര്‍പ്പിച്ച് കുനിഞ്ഞിരിക്കുന്ന പ്രേമനാഥിന്റെ ഭാവാഭിനയത്തില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ഹൃദയവ്യഥയുടെ ആഴമത്രയുമുണ്ട്. പടവും റിപ്പോര്‍ട്ടും വെറുതെ വായിച്ചിട്ട് സൂക്ഷിച്ചുവച്ചാല്‍ പോരാ. ഉദാത്ത മാധ്യമപ്രവര്‍ത്തനം, എഡിറ്റിങ് ഒക്കെ എങ്ങനെ നടത്തണമെന്ന് അറിയണമെങ്കില്‍ ഓരോ വരിയും സൂക്ഷ്മമായി വായിക്കണം.

രണ്ടാംഖണ്ഡികയിലെ ആദ്യവാക്യം ഇങ്ങനെയാണ്. "ആഭ്യന്തരമന്ത്രി പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി പറയുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പോള്‍ മുത്തൂറ്റ് വധക്കേസിലെ സംഭവവികാസങ്ങള്‍ സൂചിപ്പിച്ച് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.'' അടുത്ത രണ്ട് വാചകങ്ങള്‍കൂടി: "കൃത്യം ചെയ്തത് ആര്‍എസ്എസാണെന്ന് മുന്‍കൂട്ടി തന്നെ പറയുക, പോലീസ് റിപ്പോര്‍ട്ട് കിട്ടും മുമ്പ് ഉപയോഗിച്ച കത്തിയേതാണെന്ന് പറയുക എന്നിങ്ങനെ വിചിത്രങ്ങളായ സംഭവങ്ങളുണ്ടായി. ഇവയെ വിമര്‍ശിച്ചാണ് പിണറായി വിജയന്‍ സൂപ്പര്‍ കാബിനറ്റ് ചമയുകയാണോയെന്ന് വീരേന്ദ്രകുമാര്‍ ചോദിച്ചത്...'' പിണറായി "സൂപ്പര്‍ കാബിനറ്റ്''ചമയുകയാണോ? വീരേന്ദ്രകുമാര്‍ എന്നാണ് തലക്കെട്ട്. തലക്കെട്ട് ന്യായീകരിക്കാന്‍ വാര്‍ത്തയെഴുതിയവനും എഡിറ്റ് ചെയ്യുന്നവനും നേരിട്ട് പേജിലേക്കു കയറി ചവിട്ടുനാടകം നടത്തുകയാണ്. മുതലാളിയുടെ ജല്‍പ്പനങ്ങള്‍ക്ക് പത്രജീവനക്കാരന്‍ ടിപ്പണിയൊരുക്കിയില്ലെങ്കില്‍ സത്യമേവ ജയതേ എന്ന് പറയാന്‍ വേറെ ആരെങ്കിലും വേണ്ടേ. യജമാനനുവേണ്ടി എഡിറ്റിങ് മേശയില്‍നിന്ന് വാചകങ്ങളും സൂചനകളും സപ്ളൈ ചെയ്യുന്ന അത്യുദാത്ത മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് എഡിറ്റ് പേജില്‍ നിലയ്ക്കാത്ത ചര്‍ച്ച നടക്കുമോയെന്നും ക്രൈമേന്ദ്രന്റെ സ്വന്തം ഇന്ദ്രന്‍ വിശേഷാല്‍പ്പതിപ്പുകള്‍ പണിഞ്ഞിറക്കുമോയെന്നുമേ ഇനി അറിയാനുള്ളൂ. ഇതൊക്കെ കണ്ടും കേട്ടും ചീഫ് എഡിറ്ററായി അഭിനയിക്കുന്ന ഒരാളുണ്ടല്ലോ. അദ്ദേഹത്തിനും സ്വസ്തിയുണ്ടാകട്ടെ.

*
കെ മുരളീധരനോ? ആരാണത്? ചുക്കോ ചുണ്ണാമ്പോ, അതോ ചക്കയോ മാങ്ങയോ? സംശയിക്കേണ്ട. പറയുന്നത് നമ്മുടെ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെപ്പറ്റിത്തന്നെ. പക്ഷേ, മുരളീധരന്‍ ആരാണെന്ന് അറിയുകപോലുമില്ലെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. മുരളീധരനെപ്പറ്റി പറഞ്ഞപ്പോഴുള്ള ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭാവഹാവാദികള്‍ കണ്ടാല്‍ ഇത്രയേറെ വെറുക്കപ്പെട്ടവനാണോ മുരളീധരന്‍ എന്നു തോന്നിപ്പോകും. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ടുദിവസം എറണാകുളം പ്രസ്ക്ളബ്ബിലെ മുഖാമുഖം പരിപാടിയിലാണ് ചെന്നിത്തല-ചാണ്ടിമാര്‍ മുരളീധരനെ അറിയുകപോലുമില്ലെന്ന 'സത്യം' മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറന്നുവച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ യുഡിഎഫുമായി സഹകരിപ്പിക്കുമോ, യുഡിഎഫിന്റെ വേദിയില്‍ മുരളീധരനെ പങ്കെടുപ്പിക്കുമോ എന്നൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ കുരുത്തംകെട്ട ചോദ്യം. യുഡിഎഫിനെ സഹായിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന സന്തോഷ് മാധവന്‍ സ്റ്റൈല്‍ മറുപടി. മുരളി യുഡിഎഫിനെ സഹായിക്കാനായി എന്തിനും തയ്യാറായി നില്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിനും 'എന്തു മുരളി? ഏതു മുരളി' എന്നമട്ടില്‍ മറുപടി. മുരളീധരനെപ്പറ്റി ഇത്രയേറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാന്‍പോലും എന്തേ തയ്യാറായില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി മുരളിയുടെ പിതാവിന്റെ സ്റ്റൈലില്‍ കണ്ണിറുക്കിച്ചിരി. മോരില്ലെങ്കില്‍ ഊണാവാമെന്നാകാം മുരളിക്ക് ഇതിനുള്ള മറുപടി.

*
അപ്പുക്കുട്ടന്‍ വീണ്ടും നാലാംലോകവുംകൊണ്ടിറങ്ങിയത് പ്രകോപിപ്പിക്കാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എന്നു തിട്ടമില്ല. വലിയ ചതിയാണ് സിപിഐ എം നേതാക്കള്‍ ചെയ്യുന്നത്. അപ്പുക്കുട്ടന്‍ രണ്ടുവട്ടം എഴുതിയാലെങ്കിലും ഒന്ന് പ്രതികരിക്കേണ്ടേ? എം പി പരമേശ്വരന്‍ എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തേടിപ്പിടിച്ച് പാര്‍ടി നയം അതല്ല എന്ന് പ്രസ്താവന നടത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ പ്രത്യശശാസ്ത്ര പ്രതിസന്ധി ഉണ്ടാകില്ലേ? സിപിഎമ്മിനെ നന്നാക്കാന്‍ ഇക്കണ്ട പണിയെല്ലാം സ്വയംസന്നദ്ധനായി, പ്രതിഫലം ഇച്ഛിക്കാതെ ചെയ്ത് ക്ഷീണിക്കുന്ന അപ്പുക്കുട്ടനെ ഒരു പ്രതികരണംകൊണ്ടെങ്കിലും ആദരിക്കാന്‍ സംവിധാനമുണ്ടാക്കണം. ഇല്ലെങ്കില്‍ ആ ജന്മം പാഴായിപ്പോകും.

ക്രൈമേന്ദ്രകുമാറിന് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം നല്‍കി സമരം അവസാനിപ്പിക്കുന്ന ചിത്രം ചന്ദ്രികയില്‍ കണ്ടു. ഒരുകാലത്ത് ഈ കുട്ടിയും ഒക്കത്തെ കുട്ടിയുമായിരുന്നു ക്രൈമേന്ദ്രന്റെ വികാരാവേശം. അവര്‍ക്ക് പരസ്പരം ഐസ്ക്രീം കൈമാറാമെങ്കില്‍ അപ്പുക്കുട്ടന് മാര്‍ക്സിസ്റ്റ് താത്വികാചാര്യ പട്ടം നല്‍കി പ്രത്യയശാസ്ത്ര വിശാരദനായി വാഴിക്കുന്നതിലും തെറ്റില്ല.

*
ഒടുവില്‍ കിട്ടിയത്:

കണ്ണൂരില്‍ ഇറക്കുമതിവോട്ടെന്ന് മാതൃഭൂമി. നാറാത്തുകാരന്‍ എ പി അബ്ദുള്ളക്കുട്ടി, നടാലുകാരന്‍ കെ സുധാകരന്‍ എന്നിവര്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായത് കയറ്റുമതിയിലൂടെയാകും. സിപിഐ എമ്മിന്റെ പത്തുവോട്ട് വന്നാല്‍ അത് ഇറക്കുമതി, സുധാകരന്റേതും അബ്ദുള്ളക്കുട്ടിയുടേതും എം പി മുരളിയുടേതുമെല്ലാം വോട്ട് മാറ്റിച്ചേര്‍ത്താല്‍ ജനാധിപത്യം! വീരന്റെ പാര്‍ടിക്ക് നൂറുവോട്ട് തികച്ചുകിട്ടണമെങ്കില്‍ അച്ഛനും മോനും കോല്‍ക്കാരനും കുശിനിക്കാരനും ചേരണം. അതുപോലെയാണ് സിപിഐ എം എന്ന് നിനച്ച് വീരന്‍ പ്രകാശ് കാരാട്ട്, ബുദ്ധദേവ് എന്നെല്ലാം പറയുന്നത്. ആളില്ലാപ്പാര്‍ടിക്ക് ഒരേയൊരു മാര്‍ഗം കൂവിത്തോല്‍പ്പിക്കാന്‍ നോക്കല്‍തന്നെ. കൂവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ. നാളെ മാനേജിങ് ഡയറക്ടര്‍ പുരപ്പുറത്തുകയറി നീട്ടിക്കൂവുന്ന കളര്‍ചിത്രവും അതിന് 'അന്തിമകാഹളം' എന്ന അടിക്കുറിപ്പുമായി ഏഴുകോളം വാര്‍ത്തയും കാണേണ്ടിവരുമോ?

Sunday, October 11, 2009

കിനാവും കണ്ണീരും

രാജകുമാരന്‍ വന്നത് മണിക്കൂറിന് നാലുലക്ഷം വാടക കൊടുക്കേണ്ട സ്പെഷ്യല്‍ വിമാനത്തില്‍. നാട്ടിലിറങ്ങിയാല്‍ തൃപ്പാദം തറയില്‍ തട്ടാതിരിക്കാന്‍ സ്പെഷ്യല്‍ കാറുവേണ്ടേ-അതിനായി ആറ് സഫാരി വന്നത് ആന്റണിയുടെ വകുപ്പിന്റെ വിമാനത്തില്‍. കോയിക്കോട്ടെ ബിരിയാണി ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗധേയം നിശ്ചയിക്കുന്ന കഥകള്‍ അനവധി കേട്ടിട്ടുണ്ട്. കോയിക്കോടന്‍ ഹോട്ടലിലെ കൊഞ്ചും ഞണ്ടും പൊറോട്ടയും തിന്നിറങ്ങുമ്പോള്‍ ഒരു എംഇഎസ്(മില്‍ക്ക് എഗ് സര്‍ബത്ത്-ഒരു കോഴിക്കോടന്‍ സ്പെഷ്യല്‍ ഡ്രിങ്ക്)കൂടി കഴിച്ചാല്‍ മൊഞ്ച് പിന്നെയും കൂടും. ഹൈബി ഈഡനോ സല്‍മാന്‍ ഖാനോ രാഹുല്‍മോനോ മൊഞ്ച് കൂടുതല്‍ എന്നാണത്രേ ഒരു മൊഞ്ചത്തി സംശയിച്ചത്. വയസ്സ് മുമ്പത്തൊന്‍പതായാലെന്ത്, നമ്മുടെ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും സമ്മോഹനന്‍. പോരാഞ്ഞ് പരമ്പരാഗതമായി തഴമ്പുള്ള ഫാമിലി. ചത്തുജീവിക്കുന്ന കെ.എസ്.യു വിനെ കപ്പിയും കയറുമിട്ടു പൊക്കാന്‍ വേണ്ട ഖലാസിപ്പണിയുമായാണ് കോടികള്‍ മുടക്കി ഇങ്ങുപോന്നത്.

രാഷ്ട്രീയം കോളേജിന്റെ പടികടത്താന്‍ പറ്റാത്ത ചരക്കാണ്-അക്കാര്യം കറുത്ത കോട്ടിട്ടാലും വെളുത്ത ളോഹയിട്ടാലും നിവര്‍ന്നുനിന്ന് പറയും. അത് രാഷ്ട്രീയമല്ലേ. കെ.എസ്.യു എന്നാല്‍ എന്ത് രാഷ്ട്രീയം. രാഹുല്‍ജിയാകുമ്പോള്‍ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ബ്ളേഡുവച്ച് കീറിയ കട്ടിഖദറിനുപകരം മെച്ചപ്പെട്ട ജീന്‍സും ഇറക്കുമതി ചെയ്ത ഷര്‍ട്ടും. വിദേശവസ്ത്രം ബഹിഷ്കരിച്ച ഗാന്ധി എന്ന പേരുപോലും ബഹിഷ്കരിക്കലാണ് പുതിയ കോണ്‍ഗ്രസ് യുവചേതനാ ലൈന്‍.

ആരോ പറഞ്ഞുകേട്ടതാണ്, കേരളത്തില്‍ കോഴിക്കോട് എന്നൊരു സ്ഥലമുണ്ടെന്നും അവിടെ കൊഞ്ച്, കടുക്ക(കല്ലിന്‍മേല്‍ക്കായ്), കൂന്തല്‍(കണവ), ഞണ്ട് തുടങ്ങിയ കടല്‍വിഭവങ്ങള്‍ വറുത്തതും ഉലത്തിയതുമായ നിരവധി ഭോജ്യങ്ങള്‍ കിട്ടുമെന്നും. അതോടൊപ്പം കേട്ടു, കേരളാവിലെ കോളേജായ കോളേജിലെല്ലാം എസ്എഫ്ഐ എന്നൊരു കൂട്ടര്‍ ജയിച്ചുനില്‍പ്പാണെന്ന്. അപ്പോള്‍തന്നെ നെയ്യപ്പം തിന്നാന്‍ തീരുമാനിച്ചു. അങ്ങനെ വിമാനം പിടിച്ച് നേരെയിങ്ങ് പോന്നു. 'ക്യാമ്പസ് ഇന്ററാക്ഷന്‍' എന്നാല്‍, ടാറ്റാ സഫാരി കാറില്‍ കോളേജില്‍ ചെല്ലുക, ആര്‍ക്കും മനസ്സിലാകാത്ത കുറെ കാര്യങ്ങള്‍ പറയുക, കൂടിനില്‍ക്കുന്ന കുട്ടികളുടെ കൈപിടിച്ചു കുലുക്കുക എന്ന മൂന്നിന പരിപാടിയാണ്. കൂട്ടത്തില്‍ കെ.എസ്.യു, എന്‍.എസ്.യു എന്നൊക്കെ പറയുകയുമാകാം. ക്യാമ്പസില്‍ രാഷ്ട്രീയം പാടില്ല എന്നത് മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള നിയമമാണ്. രാജകുമാരന്‍ വരുന്നത് രാഷ്ട്രീയം പറയാന്‍ വല്ലതുമാന്നോ? ഇനി അഥവാ പറഞ്ഞാല്‍തന്നെ നമ്മുടെ സ്വന്തം രാഷ്ട്രീയമല്യോ. വിശ്വാസികളുടെ രാഷ്ട്രീയം അല്‍പ്പസ്വല്‍പ്പപമൊക്ക ആകാം.

ചെലവുചുരുക്കാന്‍ തീവണ്ടിയിലും 'കന്നുകാലി ക്ളാസി'ലും കയറും. അതുകഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ ലളിതയാത്ര നടത്തും. അതാണ് ജനാധിപത്യം. കേരളത്തില്‍ ക്രമസമാധാനമില്ലെന്നാണ് ഹൈകമാന്‍ഡിന്റെ ഔദ്യോഗിക നയം. അത് തെളിയിക്കണമെങ്കില്‍ ഏതെങ്കിലും കുരുത്തംകെട്ടവന്റെ ആട്ടോ തുപ്പോ എങ്കിലും കിട്ടണം. കാല്‍വഴുതി വീണാലും മതി. അത്തരം മൂല്യവത്തായ എന്തെങ്കിലും സംഭവിക്കണമെന്ന് പ്രാര്‍ഥിച്ചാണ് കോഴിക്കോട്ടെ ഹോട്ടലിലും കൊച്ചിയിലെ കോളേജിലും ബീച്ചിലുമൊക്കെ 'ഇറങ്ങി'ച്ചെന്നത്. എന്തുഫലം. കൊഞ്ചുകറി കഴിച്ച് ഒന്ന് വയറിളകിയതുപോലുമില്ല. ഹരിയാണയില്‍ ചെന്നപ്പോള്‍ തീവണ്ടിക്ക് കല്ലേറുകിട്ടിയതാണ്. ഇവിടെ 'ബ്ളഡി മലയാളീസ്' ഒന്ന് കൂവിക്കാണിച്ചതുപോലുമില്ല. ആകെ കിട്ടിയത് സുരേഷ് ഗോപി സ്റ്റൈലുള്ള ഒരു പൊലീസുകാരന്‍ 'ചങ്ങായീ'ന്ന് വിളിച്ചതാണ്. ഡിയര്‍ ഫ്രന്‍ഡ് എന്നതിന്റെ കോഴിക്കോടന്‍ മലയാളമാണതെന്ന് തര്‍ജമചെയ്തുകിട്ടിയതോടെ അതിന്റെ കാറ്റും പോയി. എന്നിരുന്നാലും വരുംനാളുകളില്‍ ആ'ചങ്ങായീന്റെ' പുറത്തു കയറാം. വിമാനത്തിനുകൊടുത്ത കോടികളെക്കുറിച്ച് മിണ്ടുകയേ വേണ്ട.

*
ഇനി ഒരു കിനാവിന്റെയും കണ്ണീരിന്റെയും കഥയാണ്. കഥയില്‍ ക്രൈം വീരേന്ദ്രകുമാറിനെ ഒഴിവാക്കുന്നില്ല. ആ പ്രതിഭാശാലി യുഡിഎഫില്‍ ചേര്‍ന്നതിന്റെ ഗുണം വേണ്ടതിലേറെ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നതെന്ന പേരില്‍ ഒരു ഭയങ്കര കവര്‍സ്റ്റോറിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇക്കഴിഞ്ഞ വാരം വായിച്ചു കോള്‍മയിര്‍കൊള്ളാനായത്. ചാനല്‍സുന്ദരന്‍കൂടിയായ എം കെ മുനീറും കുഞ്ഞീക്ക എന്ന കുഞ്ഞാലിക്കുട്ടിയും കീരിയും പാമ്പും പോലെയാണെന്ന ആരോപണത്തിന്റെ നട്ടെല്ലൊടിച്ചുകൊണ്ടാണ് വീരവിരചിത കഥ മുന്നോട്ടുപോകുന്നത്. മുനീറും കുഞ്ഞീക്കയും മഹാന്മാര്‍-ഇണപിരിയാത്ത മിത്രങ്ങള്‍.കുഴപ്പമുണ്ടാക്കുന്നത് ദേശാഭിമാനിയും സിപിഎമ്മും. മുനീര്‍ ചെയ്തത് സാധാരണ കാര്യംമാത്രം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പിഡബ്ള്യുഡി കരാറുകാരോട് ചില്ലറ കടം വാങ്ങല്‍. വെറും 20 ലക്ഷം, 25 ലക്ഷം രൂപ. പകരം ഉറപ്പുള്ള ചെക്ക് കൊടുക്കും. കൂട്ടത്തിലൊരു കോണ്‍ട്രാക്ടര്‍ 25 ലക്ഷം തിരികെ കിട്ടാതായപ്പോള്‍ കേസിനുപോയി. മന്ത്രി കടം വാങ്ങിയത് മടക്കിക്കൊടുമെന്ന് കോണ്‍ട്രാക്ടര്‍ കരുതാന്‍ പാടുണ്ടോ? അത് അയാളുടെ തെറ്റ്. പ്രശ്നം കോടതിയിലെത്തിച്ചത് അതിലും വലിയ പാതകം. ഇപ്പോള്‍ പണംകൊടുക്കാനും പിഴയൊടുക്കാനും തടവില്‍കിടക്കാനും കോടതിവിധി വന്നിരിക്കുന്നു. അത് ദേശാഭിമാനി പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കണ്ണീരു വരില്ലേ? ഇതിനെയൊന്നും മാധ്യമസൃഷ്ടിയെന്നും സിന്‍ഡിക്കറ്റെന്നും വിളിക്കാന്‍ ഇവിടെയാരുമില്ലേ? നാട്ടില്‍ കൈരളിയുണ്ട്-മറ്റുപലതുമുണ്ട്. അവരെല്ലാം പണമില്ലാതെയാണോ ചാനല്‍ നടത്തുന്നത്? ക്രൈം നന്ദകുമാര്‍ മുതല്‍ കെ എം റോയിവരെ ലാവ്ലിന്‍ പണം കൈരളിയില്‍ ഒഴുകി എന്ന് പറഞ്ഞിട്ടും ഇന്ത്യാവിഷനെതിരെമാത്രം എന്തേ ഒരു കോടതിവിധി?

ചാനലിനു വേണ്ടി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്ക് നല്‍കി. അവര്‍ ചതിക്കില്ല എന്ന വിശ്വാസത്തോടെ. പൊതുമരാമത്ത് മന്ത്രി പിഡബ്ള്യു കോണ്‍ട്രാക്ടറില്‍നിന്ന് കടം വാങ്ങിയ പണത്തിന് ചെക്ക് നല്‍കിയാല്‍ ചതിക്കില്ല എന്നല്ലേ പ്രതീക്ഷിക്കാനാവൂ. പണം തിരികെ കൊടുത്തില്ലെങ്കിലും ചെക്ക് സബ്മിറ്റ് ചെയ്യില്ല എന്നല്ലേ കരുതേണ്ടത്. എന്നിട്ടും കൊടുംചതി നടന്നു. അതേക്കുറിച്ച് പറയൂ പത്ര-മാധ്യമ സുഹൃത്തുക്കളേ. "ഇന്ത്യാ വിഷന്‍ വാര്‍ത്തയില്‍ പുറമെനിന്ന് ഇടപെടലുകള്‍ ഉണ്ടാകില്ല. ആ വാര്‍ത്ത ഇങ്ങനെ നല്‍കണം എന്ന് പറഞ്ഞ് നികേഷിനെ വിളിച്ചിട്ടില്ല''-ഇങ്ങനെ പറയുന്ന ഒരു ചാനല്‍മുതലാളി വേറെയാരുണ്ടീ മലനാട്ടില്‍? അല്ലെങ്കിലും എന്തിന് പ്രത്യേകം വിളിക്കണം. അറിഞ്ഞ് ചെയ്യുന്നുണ്ടല്ലോ. നികേഷ് മുക്കിയ വാര്‍ത്തകളും പി സി ജോര്‍ജിനെവച്ച് ചര്‍ച്ച നടത്താത്തതും മുനീറിനെപ്പറ്റിയുള്ള വാര്‍ത്തകളാണെന്ന് മറ്റാരുപറഞ്ഞാലും കുഞ്ഞീക്ക വിശ്വസിക്കില്ല. ചാനലിന് പ്രചാരം നേടിക്കൊടുത്ത റജീനയുടെ വെളിപ്പെടുത്തലിനെ റജീനയുടെ പുലമ്പലുകള്‍ എന്ന് ചെയര്‍മാന്‍തന്നെ തള്ളിപ്പറഞ്ഞില്ലേ. കുഞ്ഞീക്ക മഹാനാണ്.'ഗള്‍ഫില്‍ ഞാന്‍ ഷെയര്‍ പിരിക്കാന്‍ പോയി ...പക്ഷേ പണക്കാര്‍്മുഴുവന്‍ ഉള്‍വലിയുന്നു. എന്തോ ഒരു തൊട്ടുകൂടായ്മ അവര്‍് കാണിക്കുന്നു.അദൃശ്യമായ ഏതോ കൈകളുടെ ഇടപെടല്‍് വഴിമുടക്കുന്നതായി എനിക്ക് തോന്നി....... ആരാണ് കളിച്ചതെന്ന് അറിയാം പക്ഷേ പറയില്ല.'' വേണമെങ്കില് തുപ്പിക്കാണിക്കാം. എന്തായാലും അത് കുഞ്ഞീക്കയുമല്ല, സുഹൃത്തുക്കളുമല്ല. ക്രൈം വീരേന്ദ്രകുമാറിനൊപ്പം യുഡിഎഫില്‍ ചേക്കേറിയ പത്രത്തില്‍നിന്നും ആഴ്ചപ്പതിപ്പില്‍നിന്നും ഇതുപോലെ നിരവധി കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ഇനിയും പ്രതീക്ഷിക്കാം.

*
കോടിയേരിയുടെ മക്കള്‍ മരുന്നുകമ്പനി തുടങ്ങി, പി കെ ശ്രീമതിയുടെ മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി എന്നെല്ലാമുള്ള കഥകള്‍ ഇറങ്ങുന്നുണ്ട്. മനോരമയ്ക്ക് ഇത് പതിവു സൂക്കേടാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്നത്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പു പ്രമാണിച്ച് ഇത്തരം ഐറ്റംസിന്റെ സൂപ്പര്‍ ധമാക്ക വരാന്‍ പോകുന്നു. മരുന്നു കമ്പനി വാര്‍ത്ത ഒറ്റദിവസമേ നിന്നുള്ളൂ. പിറ്റേന്ന് മനോരമ സ്വയം തിരുത്തി. കോടിയേരിയുടെ മക്കള്‍ക്ക് അങ്ങനെയൊരു കമ്പനിയില്ല.(തിരുത്തിയിട്ടെന്ത്-അത് ചില ചാനലുകളും കാര്‍ട്ടൂണിസ്റ്റുകളും ഏറ്റെടുത്തല്ലോ-അതാണ് കളി) ഇങ്ങനെ വ്യക്തമായ വാര്‍ത്തയാണ് വരുന്നതെങ്കില്‍ തിരുത്തു കൊടുപ്പിക്കാനും കൊടുത്തില്ലെങ്കില്‍ നിയമനടപടി എടുക്കാനും സൌകര്യമാണ്. അതുകൊണ്ടാണല്ലോ 'സമ്പന്ന പക്ഷപാതം', 'സുഖഭോഗാസക്തി' തുടങ്ങിയ കാടടപ്പന്‍ വെടി വരുന്നത്.

പണ്ടത്തെ മാര്‍ക്സിസ്റ്റ് പത്രിക, സേവ് ഫോറം ബുള്ളറ്റിന്‍ തുടങ്ങിയ അദൃശ്യ വാര്‍ത്താ സ്രോതസ്സുകള്‍ ഇന്ന് നമ്മോടൊപ്പമില്ല. പകരം ഒരു 'പാഠം' വന്നു. അതിന്റെ അകാലവിയോഗത്തിന്റെ വിടവുനികത്താന്‍ അവതരിച്ചത് ഒരു വികലജന്മമാണ്. അതാണിപ്പോള്‍ മനോരമ-മാതൃഭൂമി-മാധ്യമങ്ങളുടെ 'വിശ്വേസ്ഥ സ്ഥാപനം.' മന്ത്രി പി കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു എന്നതാണ് പുതിയൊരു വമ്പന്‍ വാര്‍ത്തയായി മൂളിച്ചത്. പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല. അടുത്ത ബന്ധുവിനെ നിയമിച്ചത്, ഇന്നത്തെ ഇതേ രീതിയില്‍ വാര്‍ത്തയാക്കിയപ്പോള്‍(മനോരമ മാത്രം മൂന്നുതവണ വാര്‍ത്തയെഴുതി) അന്തസ്സായി മന്ത്രി ശ്രീമതി കൈക്കൊണ്ട തീരുമാനം ബന്ധുവിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. സംഗതി അവിടെ തീരേണ്ടതാണ്. ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍. എന്നിട്ടും ഒന്നരക്കൊല്ലത്തിനുശേഷം അതെങ്ങനെ മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയായി? മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ 'വിശ്വേസ്ഥ ഭൃത്യ'ന്റെ കോളത്തിന്റെ തലക്കെട്ടായി? ഗതികെട്ട് പുല്ലുതിന്നുന്ന പുലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. സിപിഐ എമ്മിനെതിരെയെങ്കില്‍ എന്തും തിന്നാന്‍ മടിക്കാത്ത പത്രങ്ങളെ കാണുന്നുമുണ്ട്. ഇപ്പോള്‍ വഴിവക്കില്‍ ഒളിച്ചുവില്‍ക്കുന്ന കൊച്ചുപുസ്തകമാണ് സ്രോതസ്സ്. വിശ്വേസ്ഥേന്ദ്രന് ധൈര്യമുണ്ടോ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് നാലുവരി എഴുതാന്‍? ക്രൈം-വീര ബാന്ധവത്തെക്കുറിച്ച് ഉപന്യസിക്കാന്‍?

Sunday, October 4, 2009

ദുര്‍ബലരോട് യുദ്ധമില്ല

ഒന്നിന്റെ വിജയം മറ്റൊന്നിന്റെ പരാജയമാണെന്ന് ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ട്. മനുഷ്യച്ചങ്ങല വന്‍ വിജയമായി. അത് സിപിഐ എമ്മിന്റെ വിജയം. ആരുടെ പരാജയമാണ്? മനുഷ്യച്ചങ്ങലയ്ക്കെതിരെയും ആസിയന്‍കരാറിനെ അനുകൂലിച്ചും പറഞ്ഞുകരഞ്ഞവരുടെ പരാജയം. പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടെന്നും നേതാക്കള്‍ വേറെ; അണികള്‍ വേറെ എന്നു പ്രഖ്യാപിച്ചവരുടെയും ആസിയന്‍കരാറിനെ എതിര്‍ക്കുന്നത് സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് തടസ്സമെന്ന് സിദ്ധാന്തിച്ചവരുടെയും പരിപൂര്‍ണ പരാജയം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എളുപ്പമാണ്. ആഹ്വാന വാര്‍ത്ത മതി. പത്തുപേര്‍ തികച്ചില്ലാത്ത സംഘടനയ്ക്കും ഹര്‍ത്താല്‍ നടത്തി സ്തംഭിപ്പിക്കാം. കോഴി-സിഡി കച്ചവടക്കാര്‍, ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങിയവരടങ്ങുന്ന മാഫിയയാണ് ഹര്‍ത്താല്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് മാധ്യമ വിചക്ഷണന്മാരൊന്നും പറഞ്ഞുകേട്ടിട്ടില്ല-ആശ്വാസം. താരതമ്യേനെ ഹര്‍ത്താലിനേക്കാള്‍ പ്രയാസമുള്ള സമരരൂപമാണ് ചാനല്‍ ക്യാമറക്കാരെ വിളിച്ചുകൂട്ടി സമയം നിശ്ചയിച്ചുള്ള മതിലുചാടല്‍, കസേര ഉടയ്ക്കല്‍, ചില്ലിനു കല്ലേറ്, ഘെരാവോ തുടങ്ങിയവ. കൂടുതല്‍ ആളുകള്‍ വേണ്ട. വാര്‍ത്താ പ്രാധാന്യം വലിയതോതില്‍ കിട്ടും. ഇനി ധര്‍ണ, പിക്കറ്റിങ്ങ്, പ്രകടനം തുടങ്ങിയ രൂപങ്ങളാണ്. കുറച്ചാളെ നിരത്തണം. കൊച്ചുകൊച്ചു സംഘടനകള്‍ക്കും പാര്‍ടികള്‍ക്കുമൊക്കെ ആഞ്ഞുപിടിച്ചാല്‍ ഒരു 'പടുകൂറ്റന്‍ പ്രകടനം' നടത്താം. പി സി ജോര്‍ജിന്റെ പാര്‍ടിവരെ 'ശക്തിപ്രകടനം'നടത്തുന്ന കാലമാണ്. കൊടിതയ്പ്പിച്ചു കൊടുത്താല്‍ മതി-ആളൊന്നുക്ക് നിശ്ചിത തുക ചെലവാക്കിയാല്‍ പ്രകടനം പടുകൂറ്റനാകും. സിനിമയിലും ജാഥയുണ്ടാകാറുണ്ട്.

സമരമല്ലാതെയും വാര്‍ത്തയില്‍ കയറാന്‍ മാര്‍ഗമുണ്ട്. പ്രത്യേകതരം പ്രസ്താവനകള്‍ നടത്തുക, കുറ്റകൃത്യങ്ങളില്‍ മന്ത്രി പുത്രന്മാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുക, പെണ്‍വാണിഭക്കേസുകളില്‍ ഉന്നത ബന്ധം സങ്കല്‍പ്പിക്കുക തുടങ്ങിയവയാണ് നടപ്പുരീതി. ഏതെങ്കിലും കേസിലെ പ്രതിയോ പ്രതിയുടെ ബന്ധുവോ ആണെന്നിരിക്കട്ടെ-അനുകൂലമായ 'പൊതുബോധം' സൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വഴിതിരിച്ചുവിടാന്‍ ഉന്നതകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും ഒന്നോ രണ്ടോ ചാനലുകാരെ വിളിച്ചുപറഞ്ഞാല്‍ മതി. ബാക്കി അവര്‍ നോക്കിക്കൊള്ളും. തട്ടിപ്പുകേസില്‍ പ്രതിയാണോ? എന്നാലും 'ഉന്നതകേന്ദ്ര'ങ്ങളെ വിടരുത്. 'എനിക്കു മാത്രമല്ല, രാഷ്ട്രീയത്തിലെ ചിലര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടെ'ന്ന് തട്ടിയേക്കണം. കലാകാരനോ രാഷ്ട്രീയനേതാവിനോ ടിവിയില്‍ മുഖം കാണിക്കണമെകില്‍ എന്തെല്ലാം പാടുപെടണം. നിങ്ങള്‍ക്ക് അത്തരം പ്രയാസമൊന്നും അനുഭവിക്കേണ്ടിവരില്ല. ഒറ്റക്കാര്യം ശ്രദ്ധിക്കുക-ഉന്നത ബന്ധം, മാഫിയ, രാഷ്ട്രീയ ഗൂഢാലോചന, ഉപജാപം, ഇടതുപക്ഷത്തില്‍ വെള്ളംചേര്‍ക്കല്‍, ജനപക്ഷം, പാര്‍ടിയും ജനങ്ങളും വേറെ-ഇത്യാദി പ്രയോഗങ്ങള്‍ നിര്‍ബന്ധമാണ്.

*
വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പതിനായിരങ്ങളാണ്' പങ്കെടുത്തത് എന്നതില്‍ മനോരമയ്ക്കും മാതൃഭൂമിക്കും തര്‍ക്കമേയില്ല. 800 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഒരു മീറ്ററില്‍ ഒരാള്‍ നിന്നാല്‍ 800 കിലോമീറ്റര്‍ നീളണമെങ്കില്‍ എട്ടുലക്ഷം പേര്‍ വേണം. 80 പതിനായിരങ്ങള്‍. രണ്ടു പത്രവും കൊടുത്ത ചിത്രത്തില്‍ ചങ്ങലയല്ല മനുഷ്യമഹാദുര്‍ഗം തന്നെയാണ് കാണുന്നത്. ചാനലുകള്‍ പറഞ്ഞത് 30 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ്. അതായത് 300 പതിനായിരങ്ങള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്തെന്ന് വാര്‍ത്തയെഴുതിയാല്‍ സിപിഐ എമ്മിന്റെ ജനസ്വാധീനം ലക്ഷങ്ങളുടേതാണെന്ന് വായനക്കാര്‍ ധരിച്ചുപോകുമല്ലോ. അതുകൊണ്ട് നമുക്ക് പതിനായിരങ്ങള്‍ തന്നെ ധാരാളം. കുറച്ചുകൂടി ലളിതമാക്കി ആയിരക്കണക്കിനാളുകള്‍ എന്നെഴുതാമായിരുന്നു. ചങ്ങല കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ ഒരു ബസിലിരുന്ന് വിളിച്ച മുദ്രാവാക്യം-"കണ്ടോ കണ്ടോ ചെങ്കൊടി കണ്ടോ; ചോരക്കൊടിയുടെ കരുത്തുകണ്ടോ-എണ്ണാമെങ്കില്‍ എണ്ണിക്കോ; നാളെക്കള്ളം പറയേണ്ട'' എന്നായിരുന്നു.

എന്ത്, ഏത്, എവിടെ, എപ്പോള്‍, എങ്ങനെ, ആര്, ആരാല്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വാര്‍ത്ത എന്നെല്ലാം പറയാറുണ്ട്. അത് പഴയ കഥ. ഇത് ചാനല്‍ ചാകരക്കാലം. പുതിയ കാലത്ത് പുതിയ വാര്‍ത്തയാണ്. ആരെന്നും എന്തെന്നും എപ്പോഴെന്നുമൊന്നും മിണ്ടാതെ എഴുതുന്നതാണ് വാര്‍ത്ത. അതുകൊണ്ട്, മനുഷ്യച്ചങ്ങല സിപിഐ എമ്മിലെ വിഭാഗീയതയ്ക്ക് ശമനം വരുത്തി എന്നായി മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്ത. പങ്കെടുത്തത് വെറും'പതിനായിരങ്ങള'ല്ലേ. ചെന്നിത്തല പറഞ്ഞത്, "കരാര്‍ രാജ്യത്തിന് ഗുണംചെയ്യുമോ ദോഷംചെയ്യുമോ എന്നറിയാതെ സമരം ചെയ്യുന്നത് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണ്'' എന്നത്രേ. എന്നാല്‍, കരാറിന് അനുകൂലമായി ചെന്നിത്തലയും കൂട്ടരും ഇതുപോലൊരു ചങ്ങല സംഘടിപ്പിച്ചുനോക്കട്ടെ. അപ്പോള്‍ കാണാം കഥ. സിപിഐ എമ്മല്ലാതെ മറ്റേതെങ്കിലുമൊരു പാര്‍ടിക്ക് ഇങ്ങനെയൊരു സമരം നടത്താനാകുമോ എന്നൊരന്വേഷണവും അന്വേഷണാത്മകര്‍ നടത്തേണ്ടതാണ്. കുറെയാളുകളും നീണ്ട കുറെ ചങ്ങലയുമായാല്‍ മനുഷ്യച്ചങ്ങല എന്നുവിളിക്കാമെങ്കില്‍ ചെന്നിത്തലയ്ക്കും ഒരുകൈനോക്കാം.

*
സിപിഐ എം സംസ്ഥാന സെക്രട്ടറിയെ രാഷ്ട്രീയ ഭീരു എന്നുവിളിച്ച വീരേന്ദ്രകുമാര്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കോമാളിയാണോ എന്ന് ടി ശിവദാസമേനോന്‍ ചോദിച്ചുകേട്ടു. പിണറായി വിജയന്‍ അസുഖംബാധിച്ച് ചെന്നൈയില്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും പോയപ്പോഴാണ്, ലാവ്ലിന്‍ കേസ് വൈദ്യശാസ്ത്രപരമായും നേരിടണമെന്ന് വീരേന്ദ്രകുമാര്‍ പരിഹാസപൂര്‍വം പ്രസ്താവിച്ചത്. ആളുകള്‍ക്ക് അസുഖം വരുന്നതും കേസില്‍ അവധി കൊടുക്കുന്നതും സാധാരണം. അസുഖത്തെ ആരും ആക്ഷേപിക്കുന്നത് കാണാറില്ല. വീരന്റെ മാനസികനിലയെയും അതുകൊണ്ട് ആക്ഷേപിക്കാതെ വിടാം. അല്ലെങ്കിലും പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമെതിരെയാകുമ്പോള്‍ പതിവുകള്‍ തെറ്റിക്കുകതന്നെ വേണമല്ലോ. ഇടതുമുന്നണിയില്‍ തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടെന്ന് നടന്ന് വിലപിക്കുകയാണ് വീരന്‍. ഇ എം എസിനെയും എ കെ ജിയെയും ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ്. അര്‍ബുദവും ഒരു വളര്‍ച്ചയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്കു നേരെ സഹതാപം ചൊരിയാനുമാവില്ല.

മനോവൈകല്യമുള്ളവരില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് മണ്ടത്തരം പോലുമല്ല. അത്യാസന്നനിലയില്‍ എ കെ ജി കിടക്കുമ്പോള്‍, "കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ'' എന്ന് മുദ്രാവാക്യം മുഴക്കി ആക്രോശിച്ച യൂത്തന്മാരാണ് വളര്‍ന്ന് കൊഴുത്ത് വീരനൊപ്പമിരിക്കുന്ന മൂത്ത കോണ്‍ഗ്രസുകാര്‍. അവരെറിഞ്ഞു കൊടുക്കുന്ന എല്ലിന്‍കഷണം കടിച്ചുപിടിച്ച്, അവര്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്കു നേരെ കുരച്ചുചാടി യജമാനസ്നേഹം പ്രകടിപ്പിക്കുന്നയാള്‍ക്ക് പറയാനുള്ള വാക്കോ 'ആത്മാഭിമാനം'? ആ വാക്കിന് അത്ര മോശമായ അര്‍ഥവുമുണ്ടോ?

വീരന്‍ പറയുന്നു: കോണ്‍ഗ്രസിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിട്ടേയില്ലെന്ന്... അന്താരാഷ്ട്ര നയങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്ന്... കേര കര്‍ഷകരെ രക്ഷിക്കാന്‍ പച്ചത്തേങ്ങ സംഭരിക്കണമെന്ന ആവശ്യം നിറവേറ്റാനാണത്രേ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പച്ചത്തേങ്ങയ്ക്കും ഇനി രക്ഷയില്ലേ? പാവം സോഷ്യലിസ്റ്റുകാര്‍. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പടപൊരുതി ഒടുവില്‍ കോണ്‍ഗ്രസിന്റെ തിണ്ണയില്‍ അഭയം. സ്വന്തമായി പത്രമുള്ളതുകൊണ്ട് വീരനു പഴങ്കഞ്ഞിയും പഴമ്പായുമെങ്കിലും കിട്ടും. മലബാറിലെ പഴയ സോഷ്യലിസ്റ്റ് സിംഹങ്ങള്‍ക്കോ?

*
മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ എത്രവരെ പോകാം? അത് ക്രൈം ആപ്പീസ് അടിച്ചുതകര്‍ക്കുന്നതു വരെ എന്നാണ് മാതൃഭൂമിയുടെ വിശേഷാല്‍ പ്രതിയായ ഇന്ദ്രന്റെ നിഗമനം. മോഹന്‍ലാലിന് എയ്ഡ്സ് ഉണ്ട് എന്നൊക്കെ ക്രൈമില്‍ വാര്‍ത്തവന്നല്ലോ. ഏതെങ്കിലും ഫാന്‍സുകാര്‍ ഓഫീസ് തകര്‍ത്തോ? ഇല്ല. അതാണ് മാധ്യമ ബഹുമാനം. മഞ്ഞപ്പത്രം അടിക്കാനും പത്രമുതലാളിയുടെ രാഷ്ട്രീയ നിലപാടു മാറ്റങ്ങള്‍ക്കൊപ്പിച്ച് കോളമെഴുതാനും കാര്‍ട്ടൂണ്‍ വരയ്ക്കാനുമുള്ള സ്വാതന്ത്യമാണ് മാധ്യമ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കുന്ന ലേഖനം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ശമ്പളം തരുന്ന മുതലാളി പോകുന്നിടത്തെല്ലാം ആദര്‍ശം മണക്കണം. ഇതുവരെ പ്രസംഗിച്ചതും എഴുതിയതുമെല്ലാം കൊട്ടയില്‍ തള്ളി 'സ്നേഹിക്കുന്നവര്‍ക്കൊപ്പം' എത്തിയാല്‍ അതിലും കാണണം ആദര്‍ശം. പാര്‍ടി പത്രത്തില്‍ പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ടി നിലപാടുകള്‍ പറഞ്ഞാല്‍ അത് ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്-അപ്പുക്കുട്ടന്റെ ഭാഷയിലെ ഉപജാപമാണ്. അങ്ങനെയുള്ളവരുടേത് 'വെറും'ബ്രാഞ്ച് മെമ്പറുടെ മാനസികാവസ്ഥ. ഉപജാപത്തിനൊക്കെ ഇപ്പോള്‍ എന്താ വില! ഇന്ദ്രന്‍ പറഞ്ഞമാതിരിയുള്ള കരണത്തടി സിപിഐ എം ബ്രാഞ്ച് മെമ്പറുടെ അജണ്ടയില്‍ ഇല്ലാത്തതുകൊണ്ടാണല്ലോ നാട്ടില്‍ ജനാധിപത്യം പുലരുന്നത്. അല്ലെങ്കിലും ത്രാണിയുള്ളവരോടല്ലാതെ യുദ്ധം ചെയ്തിട്ടെന്തു ഫലം? ഇന്ദ്രനും അതെ; അപ്പുക്കുട്ടനും അതെ, ഇരുവരുടെയും രക്ഷിതാവായ വീരനും അതെ-ദുര്‍ബലക്കൂട്ടം. യുദ്ധമല്ല; അവഗണനയാണ് നല്ല മരുന്ന്. ഉദരം, വേഷം, വാക്ക്, അഭിമുഖം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാകയാല്‍ അവരെ പാട്ടിന് വിടാം.