Monday, October 27, 2008

പേരും കാര്യവും

പേരിലെന്തിരിക്കുന്നു എന്നു മാത്രം ചോദിക്കരുത്. എരണ്ട കൂവുമ്പോലെ സംസാരിക്കുന്ന സുഭാഷിണിയെയും കുഞ്ഞാലിക്കുട്ടിയെ നോക്കുമ്പോള്‍ അഹമ്മദ് സാഹിബിനെ കാണുംവിധം കടുത്ത കോങ്കണ്ണുള്ള സുലോചനയെയും ബലാത്സംഗക്കുറ്റത്തിന് ജയിലില്‍കഴിയുന്ന സുഗുണനെയുമെല്ലാം നാം കാണാറുണ്ട്. പേരും ആളും തമ്മിലോ വാക്കും പ്രവൃത്തിയും തമ്മിലോ വേണ്ടുന്ന ബന്ധത്തെക്കുറിച്ച് ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ല. അല്ലെങ്കിലും, രമേശ് ചെന്നിത്തല അഴിമതിക്കെതിരെയും എല്‍ കെ അദ്വാനി മതനിരപേക്ഷതയെക്കുറിച്ചും രാഹുല്‍ ഗാന്ധി ബുദ്ധിസാമര്‍ഥ്യത്തെക്കുറിച്ചുമെല്ലാം പറയുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. ഇക്കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ് 'കടിഞ്ഞാണില്ലാത്ത ആഗോളവല്‍ക്കരണം' ആപത്താണെന്നു പറയുന്നതും കേട്ടു. ഇങ്ങനെയുള്ള കാലത്ത്, പട്ടിയെ ഓടിച്ചു വെട്ടിക്കൊല്ലുന്ന കൂട്ടര്‍ക്ക് ദേശീയ വികസന മുന്നണി എന്ന പേരുകേള്‍ക്കുമ്പോള്‍ ആരുംതന്നെ അതിശയിക്കാത്തത് നാം ഭാരതീയരും എല്ലാ ഭാരതീയരും നമ്മുടെ സഹോദരീ സഹോദരന്മാരുമായതുകൊണ്ടാണ്. പണ്ട് ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ ' എന്നും സോഷ്യലിസം എന്നും പറഞ്ഞത് കേട്ടുനിന്ന ഭാരതീയര്‍ക്ക് അതിനേക്കാള്‍ വലിയ അനുഭവം ഉണ്ടാകാനില്ലല്ലോ.


നമ്മുടെ ദേശീയ വികസനമുന്നണിക്ക് ചുരുക്കപ്പേരുമുണ്ട്-എന്‍ഡിഎഫ്. 1993ല്‍ ജനനം. ബാബറി മസ്‌ജിദ് പൊളിക്കാനുള്ള തൂമ്പയും കൂന്താലിയുമായി അയോധ്യക്കുപോയി മടങ്ങുന്ന കര്‍സേവകര്‍ കോഴിക്കോട്ട് റെയില്‍വെ സ്റ്റേഷനില്‍ നിക്ഷേപിച്ച വിത്താണ് പിന്നീട് എന്‍ഡിഎഫ് എന്ന പേരുസ്വീകരിച്ച് വളര്‍ന്നുവലുതായതെന്നു ചരിത്രം. ആദ്യമാദ്യം കുറച്ചു പിള്ളാരാണ് കൂടെയുണ്ടായിരുന്നത്. പിന്നെ പണം വന്നു, ആളുവന്നു, പൊന്നുവന്നു, മോട്ടോര്‍ സൈക്കിളുകള്‍ വന്നു. ആടുകള്‍ ഏതുകാടും കടിക്കും. തമ്പുരാന്റേതാണെന്നോ ചെറുമന്റേതാണെന്നോ അതിനു നോട്ടമുണ്ടാകില്ല. അങ്ങാടിയാടിനെപ്പോലെ കാണുന്ന എല്ലാറ്റിലും കടിച്ച് എന്‍ഡിഎഫും ചവച്ചരച്ച് വളര്‍ന്നു. മുസ്ലിംപെണ്‍കുട്ടിയെ ഹിന്ദുപയ്യന്‍ പ്രേമിച്ചുവെന്നറിഞ്ഞാല്‍ അവനെ കടലില്‍ മുക്കിക്കൊന്നുകളയും. സിനിമാശാലകള്‍ കത്തിക്കും; ടിവികള്‍ തല്ലിപ്പൊളിക്കും. രാത്രികാലത്ത് അടിതട പഠനം. പകല്‍ ഹണ്‍ഡ്രഡ് സിസി ബൈക്കില്‍ ചെത്തിനടപ്പ്. കത്തി, കൊടുവാള്‍, ബോംബുകള്‍, ആനകള്‍, കൊടിതോരണം, നാനാഗാനങ്ങളാര്‍പ്പട്ടഹാസവുമായി പട്ടിപിടിത്തക്കാര്‍ വളരുമ്പോള്‍ മുസ്ലിം ലീഗ് കൊതിയോടെ നോക്കിനിന്നു. നാദാപുരത്ത് ലീഗ് ബലാത്സംഗക്കഥയുണ്ടാക്കി വോട്ടുതട്ടി, ആ സങ്കല്‍പ്പകഥയിലെ വില്ലനാക്കി പാവമൊരു പയ്യനെ വെട്ടിക്കൊന്ന് എന്‍ഡിഎഫ് കൈയറപ്പ് തീര്‍ത്തു.

ആര്‍എസ്എസ് കൊല്ലുമ്പോള്‍ എന്‍ഡിഎഫ് തിന്നും. ഗാന്ധിയെ ഞങ്ങള്‍ കൊന്നില്ലെന്ന് ആര്‍എസ്എസ് പറഞ്ഞു, തങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഭക്ഷിക്കുന്ന പച്ചപ്പാവങ്ങളാണെന്ന് എന്‍ഡിഎഫ് പറയുന്നു. ഇടയ്ക്കിടയ്ക്ക് ഉറക്കമുണരുമ്പോള്‍ മുസ്ലിം ലീഗ് ചില തമാശകള്‍ പറയാറുണ്ട്. അതില്‍ ഒന്ന് 'തീവ്രവാദികളെ ശരിപ്പെടുത്തിക്കളയും' എന്നാണ്. അങ്ങനെ, കണ്ണൂരിലെ ലീഗിന്റെ ശക്തികേന്ദ്രത്തില്‍ 'ശരിപ്പെടുത്തി' ലീഗ് ഒന്നാകെ എന്‍ഡിഎഫായിപ്പോയി. അവിടെ മാത്രമല്ല, മറ്റു പലേടത്തും പരിണാമം ഡാര്‍വിനെ ധിക്കരിച്ച് നടന്നു. എന്‍ഡിഎഫിന്റെ പേര് ലീഗ് മിണ്ടാറില്ല; കോണ്‍ഗ്രസ് അങ്ങനെയൊരു പേര് കേട്ടിട്ടേയില്ല.

എന്‍ഡിഎഫിനിപ്പോള്‍ പ്രായപൂര്‍ത്തിയായി. നാട്ടിലെ ചില്ലറ പരിപാടികള്‍ മടുത്തു. ബൈക്കില്‍ പാഞ്ഞ് പട്ടിയെ വെട്ടിക്കൊന്നിട്ടും സ്വന്തം കഴുത്തില്‍ മുറിവുണ്ടാക്കി ചോരകണ്ട് അറപ്പുതീര്‍ത്തിട്ടും ചില്ലറ നാടന്‍ബോംബും പൈപ്പ് ബോംബുമുണ്ടാക്കിയിട്ടും വാളുവീശി തലകൊയ്തിട്ടുമൊന്നും വലിയ കാര്യമില്ലെന്ന് തോന്നിത്തുടങ്ങി. ഇനി അല്‍പ്പം വിദേശക്കളിയാകാമെന്നാണ് വച്ചത്. ഇവിടെ പണിയില്ലാതെ കറങ്ങുന്ന പിള്ളാര്‍ക്കാണോ പഞ്ഞം. അവരെ പിടിച്ചുകൊണ്ടുപോയാല്‍ ആര് ചോദിക്കാന്‍. അഥവാ ചോദിച്ചാല്‍ ഖുര്‍ ആന്‍ പഠിപ്പിച്ച് നല്ലകുട്ടിയാക്കാന്‍ കൊണ്ടുപോവുകയാണെന്ന് പറയാം. പാവപ്പെട്ട ഉമ്മമാര്‍ വിശ്വസിച്ചുകൊള്ളും. അങ്ങനെയാണ് ഫയാസിനെയും റഹിമിനെയുമൊക്കെ പിടിച്ച് കശ്‌മീരിലേക്ക് കൊണ്ടുപോയത്. നാട്ടിലെ പട്ടിപിടിത്തത്തിനുപകരം കശ്‌മീരില്‍ തോക്കുപിടിച്ച് പട്ടാളക്കാരെ വെടിവച്ചുകൊല്ലുന്ന പണി. പിടിച്ചാല്‍ സയനൈഡ് ശരണം. വെടികൊണ്ടാല്‍ അജ്ഞാതജഡമായി അവിടെ കിടക്കും. എന്‍ഡിഎഫ് സ്വകാര്യം പറയുന്നത്, 'കുട്ടികള്‍ വിശുദ്ധ യുദ്ധത്തിന് ' പോയി എന്നാണ്. ആര്‍ക്കുവേണ്ടിയാണ് യുദ്ധമെന്നതിന് ഉത്തരമില്ല. ഇവിടെ, എന്‍ഡിഎഫിന്റെ 'യുദ്ധം'കൊണ്ട് ഏതെങ്കിലും ഇസ്ലാമികവിശ്വാസി സംഘപരിവാറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടോ? കശ്‌മീരിലെ യുദ്ധംകൊണ്ട് കണ്ണൂരിലെ ബാപ്പയും ഉമ്മയും കഞ്ഞികുടിച്ച് സമാധാനത്തോടെ കിടന്നുറങ്ങിയിട്ടുണ്ടോ? ഇതൊക്കെ വെറുതെ ചോദിക്കാമെന്നു മാത്രം. പണം വേണ്ടുവോളം വരുന്നുണ്ട്. അത് കണ്ട് പ്രലോഭിക്കാന്‍ ആളെയും കിട്ടുന്നുണ്ട്. കൊലപാതകം, റിക്രൂട്ട്മെന്റ്, പട്ടിപിടിത്തം-അതെല്ലാം സാധൂകരിക്കാന്‍ സ്വന്തമായി പത്രം, വാരിക, ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ എല്ലാം തയ്യാര്‍.

ദേശീയവികസനം എകെ 47ല്‍ കൂടിയാണിപ്പോള്‍ നടപ്പാക്കുന്നത്. പാവം, പെറ്റുമ്മയ്ക്ക് പറയേണ്ടിവരുന്നു, സ്വന്തം മകന്റെ മൃതദേഹം കാണേണ്ടെന്ന്. മകനെ രാജ്യദ്രോഹിയായി മാറ്റിയവര്‍ക്കെതിരെയാണ് ആ ഉമ്മയുടെ കണ്ണീര്. കൊണ്ടുപോയി കൊല്ലിച്ചവര്‍ക്ക് മരിക്കുന്നതുവരെയുള്ള ആളെമതി. രാജ്യദ്രോഹിയുടെ മൃതദേഹം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പണംമുടക്കില്ല. ആരോരുമില്ലാത്ത ഉമ്മയ്ക്ക് അതിന്റെ ചെലവു വഹിക്കാനും കഴിയില്ല. പിന്നെ മരിച്ചിടത്തെ ശവക്കുഴിയില്‍തന്നെ അവസാനം. ആ ഉമ്മയുടെ വിലാപത്തിന് വിലയിടരുതേ. അതില്‍ രാജ്യസ്‌നേഹവും പുത്രവാത്സല്യവും നൈരാശ്യവും രോഷവും എല്ലാമുണ്ട്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് യുവ സന്യാസിനിയെക്കൊണ്ട് ബോംബുവയ്‌പിച്ച് ആളെക്കൊല്ലിച്ചും കന്യാസ്ത്രീകളെ തുണിയുരിച്ച് നടത്തിച്ചും കുരിശിനുമുകളില്‍ കാവിക്കൊടികെട്ടിയും 'സ്വയം സേവന'മാകാമെന്നാണല്ലോ. ദേശീയ വികസനമുന്നണിക്ക് പിള്ളാരെപ്പിടിച്ചുകൊണ്ടുപോയി കൊല്ലിക്കുന്ന വികസനവുമാകാം. കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല. ഇ അഹമ്മദും പാണക്കാട് തങ്ങളും കറുത്തൊരു വാക്ക് പറയില്ല. എല്ലാറ്റിനെയും എതിര്‍ക്കാന്‍ കുറെ മാര്‍ക്സിസ്റ്റുകാര്‍ വരുന്നുണ്ട്. അവരെ നമുക്ക് ഒറ്റയ്ക്കുകിട്ടുമ്പോള്‍ വെട്ടിക്കൊല്ലാം, തെറിവിളിച്ച് നാറ്റിച്ചുകളയാം.

*****

'പദവിയില്‍ തെണ്ടിടും തണ്ടുതപ്പി' എന്ന പ്രയോഗം എവിടെയാണ് കണ്ടതെന്ന് ഓര്‍മകിട്ടുന്നില്ല. യൂത്ത്കോണ്‍ഗ്രസിന്റെ ഒരു ഭാരവാഹിയെക്കുറിച്ചാണോ അതോ യുവമൂര്‍ച്ച, യൂത്ത് ലീഗ് ഇത്യാദികളുടെ സംസ്ഥാന അധ്യക്ഷന്മാരെക്കുറിച്ചാണോ പറഞ്ഞത് എന്ന് ഓര്‍ത്ത് തീര്‍ച്ചപ്പെടുത്താന്‍ ബഹുകഷ്ടം! ഒരേവണ്ടിക്ക് കെട്ടേണ്ട മൂന്നു കാളകള്‍ എന്ന പ്രയോഗം ഏതായാലും ഈ മാന്യമഹാത്രയത്തെക്കുറിച്ചാണെന്നത് ഉറപ്പ്. പണ്ട് പന്തളം കേരള വര്‍മ എഴുതിയത്,

"ഉള്ളിലുത്തമ വിദ്യകൊണ്ടു വിവേകലേശമുദിച്ചിടാതുള്ള
മര്‍ത്ത്യരുമോര്‍ത്തുകൊള്‍ക പശുക്കളും സമമെന്നുതാന്‍
പള്ളതീറ്റികള്‍കൊണ്ടുതീര്‍ക്കണമെന്നുമാത്രമുറച്ച-
തിനുള്ള വേലകള്‍ രണ്ടുകൂട്ടരുമിങ്ങ് ചെയ്തുവരുന്നഹോ''

എന്നാണ്. സംഗതി അത്രയേ ഉള്ളൂ. ഒരാള്‍ സ്വന്തം സംഘടനയ്ക്ക് ഭാരവാഹിയെ നിശ്ചയിക്കാന്‍ റേറ്റ് നിശ്ചയിച്ച് പണം വാങ്ങുകയാണുപോല്‍. പുറത്ത് ഖദറും അകത്ത് സിമിയുമാണുപോല്‍. 'എന്റെ കൂടെ ശയിക്കൂ, സൂന്ദരീ നിന്നെ ഞാന്‍ ഭാരവാഹിയാക്കാം' എന്നു പറയുന്ന ജില്ലാ വായ്‌നോക്കിക്ക് സംസ്ഥാന മുന്തിയറുപ്പന്‍ കൂട്ട്. യുവമൂര്‍ച്ചക്കാരനും യൂത്ത് ലീഗനും മറ്റൊരുതരമാണ്. എന്‍ഡിഎഫുകാരെക്കുറിച്ചുകേട്ടാല്‍ അവര്‍ സിപിഎമ്മിനെ തെറിവിളിക്കും. ഇഷ്ടമുള്ളവരെ വാഴ്ത്തിവയ്ക്കയും ശിഷ്ടരായവരെ നിന്ദചെയ്കയും ചെയ്യുന്ന യുവനേതാക്കള്‍ കേരളത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍ തന്നെ. രമേശ് ചെന്നിത്തല, പി പി മുകുന്ദന്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് തരമൊത്ത പിന്മുറക്കാര്‍തന്നെ വേണമല്ലോ.

*****

ഒസാമ ബിന്‍ ലാദന്‍ പുസ്തകമെഴുതുകയാണ്. അതിങ്ങ് വന്നോട്ടെ. പലരും ഞെട്ടും. സാധാരണ എഴുത്തായിരിക്കില്ല അത്.

'ഇത്തിരി മധുസേവിക്കൂ,
കുതികുത്തിവരും നിന്‍കാവ്യം
അദ്രിയില്‍ മഴപെയ്യുമ്പോള്‍
പുഴകുത്തിയൊലിക്കുമ്പോലെ'

എന്നാണ് പ്രമാണം. അഫ്‌ഗാനിസ്ഥാനിലെ മഞ്ഞുമലകളിലെ ഒളിത്താവളത്തിലാണ് ഒസാമയെന്ന് ബുഷ് വിശ്വസിക്കുന്നുണ്ട്. അവിടെനിന്ന് കുതികുത്തിവരുന്ന എഴുത്തിനെ എങ്ങനെ തടയാമെന്ന കാര്യം ഒരു അന്താരാഷ്‌ട്രപ്രശ്നം തന്നെയാണ്. ഒരുകണക്കിന് പുസ്തകമെഴുത്തുഭീഷണി ആഗോളവല്‍കൃതമായിട്ടുണ്ട്. കഴിഞ്ഞദിവസം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു ചാനലില്‍ കയറിയിരുന്ന് അനന്തപുരിയുടെ ആസ്ഥാന ഗായകനും പറയുന്നതുകേട്ടു, ആരു തടുത്താലും താന്‍ എഴുതുകതന്നെ ചെയ്യുമെന്ന്. കൊച്ചിയിലെ ലക്ഷംരൂപ വാടകയുള്ള ഹാളിലിരുന്ന് പാട്ടുകച്ചേരി നടത്തിയതിന്റെ ക്ഷീണം മാറുംമുമ്പാണ്, വികാരജീവിയുടെ എഴുത്തുപ്രഖ്യാപനം. പറയാനുള്ളതും എഴുതാനുള്ളതുമൊക്കെ വാര്‍ത്തയായും കഥയായും സിന്‍ഡിക്കറ്റ് മാര്‍ഗം പ്രകാശിപ്പിച്ചുകഴിഞ്ഞു. കള്ളും മട്ടും തീര്‍ന്നിട്ടും ഇനിയും എഴുതാനുണ്ടത്രേ.

'ഒരു മലര്‍കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും,
ഒരുതിരികൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും'

എന്ന പാട്ടിന്റെ പേറ്റന്റ് പുള്ളിക്കാരന്‍ എടുത്തിട്ടുണ്ട്. പുസ്തകമിങ്ങുവരട്ടെ. അതിനുശേഷം നമുക്ക് സന്തോഷ് മാധവനെക്കൊണ്ടും ടോട്ടല്‍ ശബരീനാഥിനെക്കൊണ്ടും ആത്മകഥയെഴുതിക്കാം. എല്ലാ നല്ല കലാകാരന്മാരും എഴുത്തുകാരുമാകട്ടെ!

*****

തല്‍ക്കാലം കൊച്ചി ബിഷപ്പ് തട്ടുമ്പുറത്തായി. ദത്തെടുപ്പ്, ചോരകൊണ്ടഭിഷേകം, ദിവ്യഗര്‍ഭം-ഇങ്ങനെ എന്തെല്ലാം കഥകള്‍. ശബരിമല അയ്യപ്പനെ പൂജിക്കാന്‍ അരക്കുപ്പി മാക്‍ഡുവല്‍ ബ്രാണ്ടിയുംകൊണ്ട് കൊച്ചിയിലെ ശോഭയുടെ ഫ്ലാറ്റില്‍ചെന്ന തന്ത്രിയുടേതായിരുന്നു കഴിഞ്ഞാണ്ടത്തെ അവാര്‍ഡ് കഥ. ഒരു തന്ത്രി ശോഭയ്ക്ക് ബ്രാണ്ടിപൂജ നടത്തി പിടിക്കപ്പെട്ടാല്‍ എല്ലാ തന്ത്രിമാരും അങ്ങനെയെന്ന് പറയാനാകില്ല. ഒരു ബിഷപ്പിന് തട്ടുകേടുവന്നാല്‍ എല്ലാ പിതാക്കന്മാരും അങ്ങനെയാവില്ല. പക്ഷേ, ഏതോ ഒരു സിപിഎംകാരന്‍ പീഡനക്കേസില്‍ പ്രതിയാകുമ്പോള്‍ എല്ലാ സിപിഎമ്മുകാരും അങ്ങനെയെന്ന് മനോരമ എഴുതും. ഇതിനെയാണ് പത്രധര്‍മം പത്ര ധര്‍മം എന്നു വിളിക്കുന്നത്.

Sunday, October 12, 2008

വിശുദ്ധ സംഘപരിവാര്‍

ഒറീസയില്‍ സമൃദ്ധമായ ബലാത്സംഗത്തിനുശേഷം ഒന്ന് നടുനിവര്‍ക്കാന്‍ ഒരു പട്നായിക്കും രണ്ടു ഗദായ്‌മാരും വണ്ടികയറി നേരെ വന്നത് പി പരമേശ്വരാനന്ദയുടെ കേരളത്തിലേക്കാണ്. ഇവിടെ കള്ളന്മാരില്ല, അവര്‍ക്ക് കഞ്ഞിവയ്ക്കുകയും ചമ്മന്തി അരയ്ക്കുകയും ചെയ്യുന്നവരേ ഉള്ളൂ എന്നാണ് പരമേശ്വര്‍ജിയുടെ അവകാശവാദം. 'ഒറീസയിലെ പ്രശ്നങ്ങള്‍ക്ക്, ശാശ്വതപരിഹാരം കേരളമാതൃക അംഗീകരിക്കലാണ് ' എന്ന് പരമേശ്വര്‍ജി പറയുകയും വിതയത്തില്‍, അച്ചാരുപറമ്പില്‍, താഴത്ത്, ആലത്തറ എന്നിത്യാദി തിരുമേനിമാര്‍ അതിനെ ആമേന്‍ ചൊല്ലി വാഴ്ത്തുകയും ചെയ്തിട്ട് ആഴ്ച ഒന്നാകുന്നതേയുള്ളൂ. താഴത്തെയും തറയിലെയും പിതാക്കന്മാര്‍ കുമ്മനത്തിന്റെ താടിയിലെ വെള്ളനിറത്തെ സാക്ഷാല്‍ പശുവിന്‍പാലിന്റെ വിശുദ്ധിയായി വാഴ്ത്തിപ്പാടിയ നിമിഷത്തില്‍ അവസാനിച്ചു കേരളത്തിലെ മതപരിവര്‍ത്തനപ്രശ്‌നങ്ങള്‍. ഇനി ഒരു കന്യാസ്ത്രീയെയും കാവിയിട്ടവര്‍ ആക്രമിക്കില്ല; ഒരച്ചനെയും പള്ളിമേടയിലിട്ട് കുത്തിക്കൊല്ലില്ല, ഒരു കുരിശടിയും തച്ചുതകര്‍ക്കില്ല. ഇത് സത്യം സത്യം സത്യം എന്ന് കുമ്മനം മൂന്നുവട്ടം പറഞ്ഞുകഴിഞ്ഞു. ഇതോടെ കേരളത്തിലെ സംഘപരമേശ്വരന്മാര്‍ വിശുദ്ധരാക്കപ്പെട്ടു. താമസിയാതെ അത്ഭുതകൃത്യമുണ്ടാകും; പ്രഖ്യാപനം വത്തിക്കാനില്‍നിന്ന് വരുന്നത് നമുക്ക് ലൈവായി ആഘോഷിക്കാം.

അല്ലെങ്കിലും, സഞ്ചിയും കൊണ്ടുപോയി മാവേലിസ്റ്റോറില്‍ ക്യൂനിന്നാല്‍ അളന്നുതൂക്കി കിട്ടുന്നതല്ല മതവിശ്വാസം. ബിഐഎസ് മുദ്രയുള്ളതെന്ന് പരസ്യംചെയ്ത് വിറ്റഴിക്കാവുന്ന ചരക്കുമല്ല അത്. എല്ലാ മതവും ഒന്നിനൊന്നു മെച്ചമല്ലേ. ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്നാണ് ഹിന്ദുക്കള്‍ പറയുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുദേവനാണ്. അള്ളാഹുവാണെങ്കില്‍ പരമകാരുണികന്‍. പൊന്നാനിയില്‍ചെന്ന് സുന്നത്തുചെയ്യുന്നവന്‍ ഇസ്ലാമും അത്യാവശ്യം കടംതീര്‍ക്കാനുള്ള കാശുപറ്റി കൊന്തയിടുന്നവന്‍ ക്രിസ്ത്യാനിയും ആര്യസമാജത്തിന്റെയോ ചെങ്കോട്ടുകോണം മഠത്തിന്റെയോ പടികയറിച്ചെല്ലുന്നവന്‍ ഹിന്ദുവുമാകുമത്രേ. ആരുപോയാലെന്ത്, പോയില്ലെങ്കിലെന്ത് എന്നുചിന്തിക്കുന്നവരുണ്ട്. വേണ്ടുന്നവന്‍ വേണ്ട മതം സ്വീകരിക്കട്ടെ, വേണ്ടാത്തവന്‍ ചുമ്മാ വീട്ടിലിരിക്കട്ടെ എന്ന് വിവരമുള്ളവര്‍ പറയും. പിന്നെന്തിനാണ് ഒറീസയില്‍ ഇക്കണ്ട കൊലയും കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവുമൊക്കെ നടക്കുന്നത് എന്ന ചോദ്യം ന്യായം തന്നെ. അവിടെ എന്നാ എങ്കിലും നടക്കട്ടെ, നമുക്ക് ഇവിടെ ഭായി ഭായി കളിക്കാം എന്നാണ് താഴത്തെ പിതാവും കുമ്മനവും വട്ടമേശസമ്മേളനംനടത്തി കൈയടിച്ച് തീരുമാനിച്ചത്.

മതവിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്ന് ഭരണഘടന കട്ടായം പറയുന്നുണ്ട്. നീ ക്രിസ്ത്യാനിയാകണമെന്നോ ഹിന്ദുവാകണമെന്നോ ആര്‍ക്കും നിര്‍ബന്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒറീസയില്‍ ക്രൈസ്തവ മിഷണറിമാര്‍ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റുതന്നെ. അങ്ങനെ തെറ്റുചെയ്തവരെ ചുട്ടുകരിച്ചും ബലാത്സംഗംചെയ്തും ആട്ടിപ്പായിച്ചും തങ്ങള്‍ പ്രതികരിക്കുമെന്ന് പറയുന്ന കുമ്മനത്തിന്റെ പാര്‍ടിയാണ് യഥാര്‍ഥ ക്രൈസ്തവ ബന്ധു. ബലാത്സംഗക്കാര്‍ക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പും കുടിക്കാന്‍ വീഞ്ഞും കടിച്ചുവലിച്ചു തിന്നാന്‍ അപ്പവും കരുതിവയ്ക്കാനുള്ള ചുമതല ഏതുപറമ്പിലാണ് അച്ചാരം കൊടുത്തത് എന്നേ അറിയാനുള്ളൂ. പാലക്കാട്ടെത്തിയ പടനായകന്മാരും ഗദായിമാരും തൃശൂര്‍വഴി പാലായിലേക്കു നീങ്ങട്ടെ.

****

പലരും കരുതിയിരിക്കുന്നത് ഒറീസയില്‍ മതപരിവര്‍ത്തനംകൊണ്ട് സഹികെട്ടാണ് കുമ്മനത്തിന്റെ പാര്‍ടി വാളും പന്തവുമായി ഇറങ്ങിത്തിരിച്ചതെന്നാണ്. അവിടത്തെ കുമ്മനന്മാര്‍ വലിയ 'സവര്‍ണ' ജാതിക്കാരാണ്. ചില്ലറ ജോലി നടത്താന്‍ ആളുവേണം. അതിന് 'താണ' ജാതിക്കാരല്ലാതെ മറ്റാരെയും കിട്ടില്ല. ഇശോയുടെ പേരുപറഞ്ഞ് കുറെ നീളന്‍കുപ്പായക്കാര്‍ വന്ന് അവരെ പാട്ടിലാക്കിയാല്‍ നാട്ടിലെ പറമ്പുകിളയ്ക്കാന്‍ ആളെക്കിട്ടുമോ? പോത്തിനെ കുളിപ്പിക്കാന്‍ ആളുവേണ്ടേ? നല്ല വാക്കുപറഞ്ഞും ഭീഷണിപ്പെടുത്തിയും അത്യാവശ്യം കൈപ്രയോഗം നടത്തിയും പഹയന്മാരെ പിന്തിരിപ്പിക്കാന്‍ നോക്കി. അനുസരിക്കാഞ്ഞപ്പോഴാണ് കന്യകാലയങ്ങള്‍ കത്തിക്കുക, പള്ളി തകര്‍ക്കുക, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുക, വൈദികനെ കൊല്ലുക തുടങ്ങിയ മൈനര്‍ നടപടിആരംഭിച്ചത്. ഒരു മുന്നറിയിപ്പുമാത്രമേ നല്‍കിയിട്ടുള്ളൂ. ആകെ മരിച്ചത് 50 പേര്‍ മാത്രം. ബാക്കിയുള്ളവരെ കാട്ടിലേക്ക് ഓടിപ്പോകാന്‍ അനുവദിച്ചിട്ടുണ്ട്. അവര്‍ കുറച്ചുനാള്‍ പ്രകൃതിയെ സ്നേഹിക്കട്ടെ. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാവുന്നതാണ്. തിരിച്ചുവരുമ്പോള്‍ ജോ രാമനായാല്‍ മതി. മേരി നാരായണിയാവട്ടെ. കുര്യന് കോരനെന്ന പേരുകൊടുക്കാം. ഇത്രയും എളുപ്പത്തില്‍ തീര്‍ക്കാവുന്ന ഒരു പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റുകാര്‍ 'ഒറീസ, ഒറീസ' എന്നു കൂവുന്നത്. കേരളത്തില്‍ വട്ടമേശയ്ക്കു ചുറ്റുമിരുന്നതുപോലെ നാലുവട്ടം ഭൂവനേശ്വറില്‍ ഇരുന്നാല്‍ ബലാത്സംഗം പ്രണയകേളിയാക്കി മാറ്റാം.

ഗീതാശ്ലോകങ്ങള്‍ ചൊല്ലി, പത്തുകല്‍പനകള്‍ ചൊല്ലി, വീണ്ടുംവീണ്ടും വാങ്കുവിളിച്ച് മതസൌഹാര്‍ദ ഘോഷയാത്ര നടത്തുന്നത് വല്ല സ്‌കൂള്‍ വാര്‍ഷികത്തിനും ആലോചിക്കാം. മരപ്പണിക്കാരന്റെ മകനായതുകൊണ്ടും സര്‍വകലാശാലകളില്‍പോയി ഉന്നത ബിരുദം നേടാത്തതുകൊണ്ടും മുക്കുവന്‍മാരെ അനുയായികളാക്കിയതുകൊണ്ടും പണ്ടൊരു മനുഷ്യനെ ചിലര്‍ വേട്ടയാടിയിരുന്നു; അവന്റെ നവീന ചിന്തകളെ പുച്ഛിച്ചിരുന്നു. ഹന്നാസ്, കയ്യഫാസ്, പരീശന്‍മാര്‍ തുടങ്ങിയ അത്തരം പ്രതിഭകളുമായി നമ്മുടെ താഴത്തെയും മേലത്തെയും പിതാക്കന്‍മാര്‍ക്ക് താരതമ്യമൊന്നുമില്ല.

****

ഒറീസയിലെ പിതാക്കന്മാര്‍ക്ക് വിവരമില്ലാത്തുകൊണ്ടാണ്. അവരും കാവിക്കാരെ വിളിച്ചിരുത്തി വിതൌട്ട് ഷുഗര്‍ ചായയും ബിസ്‌ക്കറ്റും കൊടുത്ത് കെട്ടിപ്പിടിച്ചാല്‍ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു. നിങ്ങള്‍ കുഷ്ഠരോഗികളായ ദളിതരുടെ മുറിവുകളില്‍ ലേപനം തേക്കരുത്; പട്ടിണികിടക്കുന്ന കോരന് കഞ്ഞി അനത്തിക്കൊടുക്കരുത്; പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിക്ക് ഉടുപുടവ കൊടുക്കരുത്. ആരെങ്കിലും നിങ്ങളുടെയടുത്തേക്ക് അഭയം തരണേ എന്നു യാചിച്ച് കടന്നുവന്നാല്‍ കാവിക്കാരുടെ ആശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുക. നിങ്ങള്‍ നഗരങ്ങളില്‍ നക്ഷത്ര ആശുപത്രികളും കൂറ്റന്‍ ഷോപ്പിങ് മാളുകളും മെഡിക്കല്‍ കോളേജുകളും സ്വാശ്രയ കോളേജുകളും തുടങ്ങുക. അവയില്‍ പ്രവേശനത്തിനും നിയമനത്തിനും നിരക്കു നിശ്ചയിച്ച് പിരിവുനടത്തുക. പിരിവിന് ഭംഗംവരുമ്പോള്‍ സമരത്തിനിറങ്ങുക. നിങ്ങള്‍ ഞായറാഴ്ചതോറും മാര്‍ക്സിസ്റ്റുകള്‍ക്കെതിരെ ഇടയലേഖനങ്ങളിറക്കുക.

അല്ലയോ ഒറീസയിലെ സഭാമക്കളേ, നിങ്ങള്‍ക്ക് അവിടെ എന്താണ് നഷ്ടപ്പെടാനുള്ളത്. അല്‍പ്പം ചോര-അത് നമ്മുടെ കര്‍ത്താവ് ആ കുരിശില്‍ ഒഴുക്കിയതിന്റെ അത്രയും വരുമോ? കന്യാസ്ത്രീയുടെ മാനം-അത് കന്യകയായ മറിയത്തിന്റെ കണ്ണീരിന്റെ അത്ര വരുമോ? പൊളിഞ്ഞുപോയ പള്ളികളും കത്തിപ്പോയ കിടപ്പാടങ്ങളും നമുക്ക് പുനര്‍നിര്‍മിക്കാം. അതിനായി ഇക്കൊല്ലത്തെ നിയമനക്കോഴയുടെ പാതിപോലും വേണ്ടതില്ല. നിങ്ങള്‍ ഇങ്ങോട്ടു വരുവിന്‍. ഇവിടെ, ഈ തകര്‍ക്കപ്പെടുന്ന വിശ്വാസത്തെ ഓര്‍ത്ത് വ്യാകുലപ്പെടുവിന്‍. അവിശ്വാസികളുടെ ഭരണത്തിനെതിരെ സമരം നയിപ്പിന്‍. ആ സമരമുന്നണിയില്‍ നമുക്ക് ശത്രുവുമായി ഐക്യപ്പെടാം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നിച്ചു കൊടിയേന്താം. കൂട്ടുവരുന്നുണ്ട് മാനനീയ പരമേശ്വരന്‍. കൊടിപിടിച്ചു വരുന്നുണ്ട് കരുണാമയനായ കുമ്മനം.

ഇക്കൊല്ലം സമരം നടത്തിയാല്‍ അടുത്ത കൊല്ലത്തെ കച്ചവടം നടക്കും. കിട്ടുന്നതില്‍ ഒരുപങ്ക് ഒറീസയിലേക്ക് കൊടുത്തയക്കാം. നിങ്ങളും പിന്തുടരുവിന്‍ ഈ പാത. "തെക്കുതെക്കൊരു ദേശത്ത്......''

പട്ടക്കാരന്‍ കിഴക്കോട്ടും അര്‍ത്ഥി പടിഞ്ഞാറോട്ടും മുഖംതിരിച്ചുനിന്ന് സാത്താനെ മൂന്നുവട്ടം തള്ളിപ്പറയുന്ന ചടങ്ങുണ്ട്, മാമോദീസയോടനുബന്ധിച്ച്. സഭാനിയമങ്ങളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. സാത്താനെ തള്ളിപ്പറയുന്നതോടൊപ്പം കുമ്മനത്തെ ആവാഹിക്കുന്ന പരിപാടിയും ഉള്‍പ്പെടുത്താവുന്നതാണ്. അതിനുവേണ്ടിയും ഒരു വട്ടമേശസമ്മേളനമാകാം.

Monday, October 6, 2008

ആണവക്കല്യാണം

മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ ചെന്ന് പാടുകിടന്നിട്ടും നടക്കാത്ത കാര്യം കോണ്ടലീസ റൈസ് ഡല്‍ഹിയില്‍ വന്ന് ചുളുവില്‍ സാധിച്ചുകളയുമെന്ന് കരുതിയതാണ്. റൈസ് വരുന്നു; പ്രണബ് മുഖര്‍ജി സ്വീകരിക്കുന്നു; രണ്ടുപേരും ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ചിരിക്കുന്നു; എണീറ്റു നിന്ന് ഹസ്തദാനം നടത്തുന്നു; കടലാസ് ഒപ്പിട്ട് പരസ്പരം കൈമാറുന്നു; മന്‍മോഹനും സോണിയാജിയും അതുകണ്ട് കൈയടിക്കുന്നു; ഇന്ത്യ ആണവസ്വര്‍ഗമായി എന്നവര്‍ പ്രതികരിക്കുന്നു- കരാര്‍ അതോടെ നടപ്പാക്കിത്തുടങ്ങും എന്നാണ് കോത്താഴം ടൈംസിന്റെ ആസ്ഥാന ലേഖകന്‍ മനസ്സിലാക്കിയത്. അതിനൊപ്പിച്ചുള്ള അഡ്വാന്‍സ് വാര്‍ത്ത, തലക്കെട്ട്, ചിത്രങ്ങള്‍, സ്പെഷ്യല്‍ പേജുകള്‍, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പരസ്യങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ കോത്താഴത്തെ ആപ്പീസില്‍ തയ്യാറാക്കി വച്ചതുമാണ്.

ഈ കരാറെന്നൊക്കെ പറയുന്നത് ഒരു പെണ്ണുകാണല്‍പോലെയാണ്. ആദ്യം പെണ്ണിനെ ദൂരെനിന്ന് കാണും. പിന്നെ നാട്ടുകാരോട് അന്വേഷിക്കും. അതുകഴിഞ്ഞ് പെണ്ണുകാണാന്‍ ചെറുക്കനും ചങ്ങാതിമാരും ചെല്ലും; പിന്നെ ചെറുക്കന്‍ വീട്ടുകാര്‍. അവര്‍ താല്‍പ്പര്യമറിയിച്ചാല്‍ തിരിച്ചങ്ങോട്ട് അന്വേഷണം; സന്ദര്‍ശനം. എല്ലാംകൂടി ആറേഴുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നശേഷമാകും നിശ്ചയവും ഉറപ്പിക്കലുമെല്ലാം. അവസാനം ആദ്യരാത്രിയാണറിയുക, പെണ്ണ് ഉറക്കത്തില്‍ എണീറ്റു നടക്കുന്നവളാണെന്നും ചെറുക്കന് കിറുക്കുണ്ടെന്നും മറ്റും. ഇതൊക്കെ നാട്ടില്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍. അതുപോലെതന്നെയാണ് ഇവിടെ ആണവ കരാറിന്റെ കാര്യവും. ഇരുവീട്ടുകാരും ഇപ്പോള്‍ പലവട്ടം പരസ്പരം സന്ദര്‍ശിച്ച് ചായയും മിക്സ്ചറും കഴിച്ചുകഴിഞ്ഞു. ഇനി ഉറപ്പിക്കലാണ്. അതിനാണ് മന്‍മോഹന്‍ജി വിമാനം കയറി അങ്ങോട്ടുചെന്നത്. അവിടത്തെ നാട്ടുനടപ്പ് വേറെയാണത്രേ. 'ഞങ്ങള്‍ അങ്ങോട്ടുവന്ന് ഉറപ്പിച്ചോളാം' എന്നാണ് തറവാട്ടുകാരണവരായ ജോര്‍ജ് ബുഷ് പറഞ്ഞത്. അങ്ങനെയാണ് റൈസ് മാഡത്തിനെ ഡല്‍ഹിക്കയച്ചത്. ഇപ്പോള്‍ പറയുന്നു, ഇനിയും അവിടത്തെ കാരണവര്‍ സമ്മതം മൂളിയിട്ടില്ല, ഉറപ്പിക്കല്‍ അതുകഴിഞ്ഞാകാം എന്ന്. ഡല്‍ഹിയില്‍ മന്‍മോഹന്റെയും സോണിയാ മാഡത്തിന്റെയും ക്ഷമ കെടുകയാണ്.

'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും,
കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍
തൃഷ്ണകൊണ്ടേ ചലിക്കുന്നിതൊക്കെയും'

എന്നാണ് പൂന്താനം പാടിയത്.

ആ തൃഷ്ണയല്ല ഈ തൃഷ്ണ. ഇവിടെ സര്‍ക്കാരിന്റെ കാലാവധിയാണ് എണ്ണിയെണ്ണിക്കുറയുന്നത്. ഇനി കഷ്ടിച്ച് മാസങ്ങള്‍മാത്രം. എന്നാലോ, ഒരു കുന്നോളം മോഹങ്ങള്‍ ഉള്ളിലുണ്ട്. മനസ്സില്‍ ആ കാമുകന്റെ രൂപംമാത്രമാണ്. കാണാന്‍ നല്ല കിനാവുകള്‍കൊണ്ട് കണ്ണാടിമാളിക തീര്‍ത്ത്, ആ മാളികയുടെ മുറ്റം നിറയെ മുന്തിരിവള്ളി പടര്‍ത്തി കാമുകസമാഗമം കാത്തിരിക്കുന്ന പൂവാകപോലത്തെ കുഞ്ഞുണ്ണൂലിക്ക് മനസ്സ് നിയന്ത്രിക്കാനാകുന്നില്ല.

ആണവകരാര്‍ വന്നാല്‍, ഇന്ത്യയില്‍ കുറെ ആണവോര്‍ജനിലയം സ്ഥാപിക്കാന്‍ അമേരിക്ക എന്തരൊക്കെയോ യന്ത്രങ്ങളും അതിലിട്ട് കത്തിക്കാനുള്ള 'കരി'യും തരും, അതോടെ എ കെ ബാലന്റെ വൈദ്യുതിവകുപ്പില്‍ സകലമാന വിളക്കും അണുശക്തികൊണ്ട് കത്തും എന്നൊക്കെയാണ് നമ്മുടെ ചെന്നിത്തല മനസ്സിലാക്കിയിരിക്കുന്നത്. ഇതുവരെ അമേരിക്ക തരാത്തത് ഇനി തരുമ്പോള്‍ ഇടതുപക്ഷത്തിന് കണ്ണുകടിയാണെന്നും അതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ കൊടിപിടിച്ച് കരിദിനം ആചരിക്കുന്നതെന്നും ടിയാന്‍ മനസ്സിലാക്കിയിട്ടുണ്ട്. രണ്ടാംക്ളാസിലെ കുട്ടിക്ക് എംഎക്കാരന്റെ സിലബസ് പഠിക്കാന്‍ കൊടുക്കുമ്പോള്‍ പലതും സംഭവിക്കും. അതിന് കുട്ടിയെ പഴിച്ചിട്ട് കാര്യമില്ല. ആണവകരാര്‍ എന്നാല്‍ ഒന്നാന്തരമൊരു കച്ചവടമാണെന്ന് മനസ്സിലാകാത്തവരാണ് ബുഷിനെ പ്രണയിക്കുന്ന മന്‍മോഹനെ വാഴ്ത്തുന്ന കോത്താഴം ടൈംസില്‍ ഇരിക്കുന്നത്. 'ചെമ്പിലൊരമ്പഴക്കായ പുഴുങ്ങി ചേറ്റില്‍ വിളമ്പിത്തന്നാലും' രുചിയോടെ ഭുജിക്കുന്ന അവര്‍ പറയും, ആണവം എന്നാല്‍ ഇന്ത്യയുടെ രക്ഷാ മന്ത്രമെന്ന്. സ്ത്രീധന നിരോധമുള്ളതുകൊണ്ട്, കൊടുക്കലും വാങ്ങലും പുറത്തുപറയരുതെന്നാണ് വിവാഹസിദ്ധാന്തം. അതുകൊണ്ട്, എല്ലാം രഹസ്യമാണ്.

കരാര്‍ ഒപ്പിടുംമുമ്പേ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കിയ ഒരു കാര്യം പത്ത് റിയാക്ടര്‍ വാങ്ങാമെന്നാണ്. ഈ റിയാക്ടറുകളുടെ വില 2.8 ലക്ഷം കോടി രൂപ. ഇന്ത്യാ രാജ്യത്തിന്റെ ഒരുകൊല്ലത്തെ ചെലവിനായി ചിദംബരം സ്വാമി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് തുകയുടെ പകുതിയേ വരൂ ഇത്. അതുകൊണ്ടാണ്, ആണവകരാറിലൂടെ ഇന്ത്യയെ വില്‍ക്കുന്നു എന്ന ഇടതന്മാരുടെ വാക്കിന് ശതമന്യു വില നല്‍കാത്തത്. മുഴുവനായി വില്‍ക്കുന്നില്ലല്ലോ, മറിച്ചു മുറിച്ച് പതുക്കയല്ലേ വില്‍പ്പന. പാവം ബുഷ് സായ്പ്പ്. ആണവമെന്നൊക്കെ പറഞ്ഞാല്‍ അമേരിക്കക്കാര്‍ക്ക് കലിയാണ്. പത്തുമുപ്പതുകൊല്ലമായി ഒരൊറ്റ റിയാക്ടര്‍ അമേരിക്കയുടെ മണ്ണില്‍ സ്ഥാപിച്ചിട്ടില്ല. 1979ലാണ് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡിലുള്ള കൂറ്റന്‍ ആണവനിലയത്തില്‍ അപകടമുണ്ടായത്. അതോടെ, അവിടത്തുകാര്‍ തീരുമാനിച്ചു, തങ്ങള്‍ക്ക് ഇനി ആണവോര്‍ജം കൂടുതല്‍ വേണ്ടെന്ന്. അമേരിക്കയില്‍ ഈ ബിസിനസ് നടത്തുന്ന അനവധി കമ്പനികളുണ്ട്. അവ നിര്‍മിക്കുന്ന റിയാക്ടറുകള്‍ വിറ്റഴിക്കണം. അവിടെയുള്ള യുറേനിയവും വിറ്റുതീര്‍ക്കണം. വില്‍ക്കണമെന്ന് കരുതിയാല്‍ പോരല്ലോ. വാങ്ങാന്‍ ആളുവേണ്ടേ. അതിനാണ് മന്‍മോഹനുനേരെ കടക്കണ്ണെറിഞ്ഞത്.

'ഒരിക്കല്‍ നീയെന്‍ കുളിര്‍ക്കിനാവില്‍ നിറഞ്ഞുനിന്നില്ലേ,
വസന്തമായ് ഞാന്‍ നിന്‍ മണിയറയില്‍ വിരുന്നുവന്നില്ലേ'

എന്നൊക്കെ സായ്പ്പ് പാടിയപ്പോള്‍ മനോമോഹന്റെ മനസ്സിളകി. അല്ലെങ്കിലും, ഇന്ത്യ പണ്ട് സ്വന്തമായി യുറേനിയം കുഴിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ വിലക്കുമായി എത്തിയത് ഇതേ മനോമോഹനനാണ്-1992ല്‍. അന്ന് തലേക്കെട്ടില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിസ്ഥാനമായിരുന്നു. റിയാക്ടര്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റിങ് ഹൌസ് തുടങ്ങിയവ നന്നായിക്കാണാന്‍ പഴയ ലോകബാങ്കുദ്യോഗസ്ഥനായ മന്‍മോഹനല്ലെങ്കില്‍ മറ്റാര്‍ക്കാണ് ആഗ്രഹമുണ്ടാവുക?

*

വെടിക്കെട്ടുകാരന്റെ കുഞ്ഞിന് ഉടുക്കുകൊട്ട് കേട്ടാല്‍ ചിരിവരും. വല്യ വല്യ ന്യൂക്ളിയര്‍ റിയാക്ടറുകള്‍ക്കിടയിലാണോ ചെറിയ തീപ്പെട്ടിപോലത്തെ നാനോ കാറിന്റെ കാര്യം.

അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ ബുദ്ധദേവന്‍ കാര്‍ഫാക്ടറിയുംകൊണ്ട് ഇനിമേലില്‍ നടക്കേണ്ടതില്ല എന്ന് സോണിയാ മാഡവും മമതാ ദീതിയും ചേര്‍ന്നങ്ങ് തീരുമാനിച്ചുകളഞ്ഞത്. ടാറ്റാ നാടന്‍ മുതലാളി. എന്നുവച്ചാല്‍ ദേശീയ ബൂര്‍ഷ്വാസി. അയാള്‍ എന്തരിനാണ് ബുദ്ധദേവന്റെ ബംഗാളില്‍ കൊണ്ടുചെന്ന് കമ്പനി സ്ഥാപിക്കണത്? ദേശീയ ബൂര്‍ഷ്വാസി എന്നുവച്ചാല്‍ നമ്മുടെ ആളല്ലേ. അങ്ങേര്‍ക്കെന്താണ് മാര്‍ക്സിസ്റ്റുകളുമായി ബന്ധം? വേറെയെവിടെ വേണമെങ്കിലും കമ്പനി വയ്ക്കാം, ഭൂമി പിടിച്ചെടുക്കുകയോ പിടിക്കാതെ അളന്നുതിരിച്ച് സ്വന്തമാക്കുകയോ ചെയ്യാം. ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍മാത്രം വ്യവസായം തുടങ്ങാന്‍ പാടില്ല. അഥവാ തുടങ്ങിയാല്‍ ഞങ്ങള്‍ സമരിച്ച് പൂട്ടിക്കും. ഞങ്ങള്‍ നേരിട്ടുവന്നില്ലെങ്കില്‍ പുലിയായോ പാമ്പായോ നക്സലായോ ഗീതാനന്ദനായോ വരും. മാര്‍ക്സിസ്റ്റുകാര്‍ക്കെന്തിനാണ് വ്യവസായം? അവര്‍ക്ക് കട്ടന്‍ചായ, പരിപ്പുവട, ദിനേശ് ബീഡി- അത്രയും മതി. വ്യവസായം വല്ല ആന്ധ്രയിലോ കര്‍ണാടകത്തിലോ വരട്ടെന്നേ. അന്‍പുമണിയുടെ പുകവലിനിരോധം വന്നതുകൊണ്ട് എവിടെ പുക ഉയരുന്നതുകണ്ടാലും പിടിക്കപ്പെടുമെന്നായി. നാനോ കാറിന്റെ പുകക്കുഴലുകണ്ടിട്ടാകണം മാഡവും ദീതിയും തോളോടുതോള്‍ ചേര്‍ന്ന് പൊലീസുകളിച്ചത്. നാനോ പോയാല്‍ മമതയ്ക്കെന്ത്. എന്തുതന്നെയായാലും ബംഗാളില്‍ മാര്‍ക്സിസ്റ്റ് ക്രൂരന്മാര്‍തന്നെ ഇനിയും ജയിക്കും.

ധര്‍മം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കണമെന്നാണല്ലോ ആപ്തവാക്യം. ആടിയ കാലും പാടിയ നാവും വെറുതെ പിന്നെയിരിക്കില്ല. മമത ഇനിയും പാടും; ആടും. അതും ഒരു പൊതുപ്രവര്‍ത്തനമാണല്ലോ.

*

വാല്‍ക്കഷണം:

എം എന്‍ വിജയന്‍ അനുസ്മരണത്തിന് അധിനിവേശക്കാര്‍ ചേരിതിരിഞ്ഞു എന്ന് വാര്‍ത്ത. പാഠം സുധീഷ് ചിലതെല്ലാം 'വെളിപ്പെടുത്തി'. കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര തുടങ്ങിയ 'ശിഷ്യഗുണങ്ങള്‍' ഒത്തുചേരുമ്പോള്‍ ഇനിയും ചില വെളിപ്പെടുത്തലുകള്‍ വരാനുണ്ട്. കല്ലെറിഞ്ഞ് ആരും കടന്നലിനെ ഇളക്കാതിരുന്നെങ്കില്‍!