Sunday, September 25, 2011

അപരാധിഭരണം

ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു എന്നാണ് വേദപുസ്തകത്തില്‍ കാണുന്നത്. ഇതൊക്കെ എങ്ങനെ അന്നുതന്നെ എഴുതിവയ്ക്കാന്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോഴാണത്ഭുതം. യുഡിഎഫും ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജും പാമൊലിനുമെല്ലാം ഇങ്ങനെ ഒത്തുവരുമെന്ന് അന്നുതന്നെ കണക്കുകൂട്ടിയത് മഹാത്ഭുതംതന്നെ. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും" എന്നും "അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും" എന്നും സര്‍പ്പത്തോട് പറഞ്ഞ "സാത്താന്‍ " ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഇന്ദിരാഭവന്റെ ഗേറ്റിനരികില്‍ അങ്ങനെയൊരു രൂപത്തെ കണ്ടതായും പറയുന്നുണ്ട്. ഏതായാലും പാമൊലിന്‍ എന്ന വിഷക്കനി എടുത്തുഭുജിച്ച മനുഷ്യന്‍മൂലം യുഡിഎഫിന് ആസന്നമരണാവസ്ഥ വന്നിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞവും ഉണ്ണുനീലിസന്ദേശം വായിച്ചാല്‍ കവിയിലെ നായകനെയും അറിയാമെന്നാണ് വയ്പ്. ജോര്‍ജിന്റെ കത്തുകണ്ടാല്‍ ഉമ്മന്‍ചാണ്ടിയെയും അറിയാം. ഉണ്ണുനീലിക്ക് സന്ദേശമെഴുതിയ ആളാരെന്ന് ഇന്നേവരെ തിരിച്ചറിഞ്ഞില്ലെങ്കിലും കവിയും നായകനും ഒന്നാണെന്നതില്‍ മിക്കവര്‍ക്കും സംശയമില്ല. ഉണ്ണുനീലിയുമായി കിടക്കപങ്കുവയ്ക്കുന്നതിന്റെ പരമരഹസ്യങ്ങള്‍ ഭര്‍ത്താവിനല്ലാതെ കവിക്ക് അറിയില്ലല്ലോ. അന്ന് ഒളിക്യാമറയും ത്രീജി ഫോണുമൊന്നുമില്ല. അതുകൊണ്ട് കവിയും നായകനും ഒന്ന് എന്നു കരുതുന്നതില്‍ ഒട്ടുമില്ല അന്യായം. ഉമ്മന്‍ചാണ്ടിക്ക് എന്താണ് വേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്കുമാത്രമേ അറിയൂ. അത് വേണ്ടതുപോലെ ഒരു വാടകഗുണ്ട ചെയ്യുമ്പോഴും ഒട്ടുമില്ല തര്‍ക്കം-സംഗതി ക്വട്ടേഷന്‍ തന്നെ. ജോര്‍ജ് വെല്ലുവിളിക്കുന്നതുകേട്ടില്ലേ, "ലോകം മൂന്നിലുമുള്ള ജനങ്ങളിലേകന്‍ പോലും നമ്മൊടു നേര്‍ത്താല്‍ ചാകാതേകണ്ടൊരുവന്‍ പോലും പോകുന്നില്ലതു ബോധിച്ചാലും" എന്ന്. വന്ന് യുദ്ധംചെയ്ത് ചത്തുതുലയാനാണ് വെല്ലുവിളി. അത് കോടതിയോട്, പ്രതിപക്ഷത്തോട്, പ്രതിപക്ഷനേതാവിനോട്, കോണ്‍ഗ്രസുകാരോട്, സ്വന്തം പാര്‍ടിക്കാരോട്. എന്നെ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞു നശിപ്പിച്ചുകളയും എന്നാണ്. ഇപ്പോള്‍ വിജിലന്‍സ് കോടതി ജഡ്ജിയെയാണ് നശിപ്പിച്ചത്. കാട്ടുകോഴിക്ക് ശനിയുമില്ല സംക്രാന്തിയുമില്ല. വാടകഗുണ്ടയ്ക്ക് നേരുമില്ല, നെറിയുമില്ല, മാന്യതയുമില്ല, കോടതിയുമില്ല, ജഡ്ജിയുമില്ല. തുക പറഞ്ഞുറപ്പിച്ചാല്‍പിന്നെ ഒരുപോക്കാണ്.

ആരാണ് പ്രതി? ഗുണ്ടയോ ഗുണ്ടയ്ക്ക് പണംകൊടുത്ത് വിടുന്നയാളോ? കത്തിയോ കത്തിപിടിച്ച കൈയോ? കത്തി എന്തായാലും സ്വന്തം പ്രയത്നത്താലെ അന്യന്റെ നെഞ്ചില്‍ തറച്ചുകയറില്ല. കുത്താന്‍ കൈ വേണം. കൈക്ക് ഒരുടല്‍വേണം. ഉടലില്‍ ഒരു തല വേണം. തലയില്‍ കോതി വയ്ക്കാത്ത മുടി വേണം. വിജിലന്‍സ് ജഡ്ജിയെ കുത്തിയ കത്തി പിടിച്ചത് അങ്ങനെയൊരു കൈ ആണെന്ന് പ്രശ്നവശാല്‍ കാണുന്നു. കത്തിയുടെ വേഷം മാത്രമാണ് ജോര്‍ജിന്. സുതാര്യമുഖ്യന്‍ , സദ്ഗുണസമ്പന്നന്‍ എന്നിങ്ങനെ പല പല വിശേഷണങ്ങളുണ്ട് ഉമ്മന്‍ചാണ്ടിക്ക്. ഒരുമ്മന്‍ചാണ്ടിയും കുറെ ശൂന്യതയുമാണ് മന്ത്രിസഭ എന്ന് യുഡിഎഫിലെ ഒരു നേതാവ് തന്നെ പറഞ്ഞുകേട്ടു. കുറെ ശൂന്യതകള്‍ എന്നാല്‍ വട്ടപ്പൂജ്യങ്ങളെന്നര്‍ഥം. അതായത് മറ്റു മന്ത്രിമാരാകെ പുജ്യന്‍മാരാണെന്ന്. അത് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ പണിപ്പെടുന്നുണ്ട്. വമ്പ്,പൊങ്ങച്ചം വീമ്പ്, സ്വയംപുകഴ്ത്തല്‍ എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ അശേഷമില്ലാത്ത ഉമ്മന്‍ചാണ്ടിക്ക് ആ കുറവു നികത്തിക്കൊടുക്കാന്‍ ഒരു ക്വട്ടേഷന്‍ സംഘമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. ആ സംഘത്തിന്റെ നായകത്വമാണ് ജോര്‍ജ് ഏറ്റെടുത്തിട്ടുള്ളത്. പലരും പറയുന്നത്, ജോര്‍ജ് കുറ്റക്കാരനാണ് എന്നാണ്. അതായത്, ട്രാന്‍സ്ഫോര്‍മര്‍ കുറ്റം ചെയ്തിട്ടില്ല; അതില്‍നിന്ന് പുറത്തുവരുന്ന കമ്പിക്കാണ് സകലകുറ്റവും എന്ന്. അങ്ങനെയും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഒരു കളി.

ജഡ്ജിയുടെ വിദ്യാര്‍ഥികാലരാഷ്ട്രീയം നോക്കി വിധിയെ വിലയിരുത്തിയാല്‍ നമ്മുടെ വി ആര്‍ കൃഷ്ണയ്യരുടെ ഏതെങ്കിലും വിധി അംഗീകരിക്കാന്‍ കഴിയുമോ? ഇ എം എസ് മന്ത്രിസഭയില്‍ അംഗമായ ശേഷമാണ് കൃഷ്ണയ്യര്‍ സുപ്രീംകോടതിയിലെ ജഡ്ജിയായത്. ഭൂതകാലമാണ് എല്ലാറ്റിന്റെയും അളവുകോല്‍ എങ്കില്‍ ജോര്‍ജിനെ ഏതുകോലുകൊണ്ടാണളക്കുക? നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ നോക്കി, "അഴിമതിക്കാരാ" എന്നും മാണിസാറിനെ നോക്കാതെ "പാലാഴിക്കള്ളാ" എന്നും വിളിച്ചത് ഇതേ ജോര്‍ജല്ലേ. ഭൂതം വേണ്ട, വര്‍ത്തമാനം മാത്രമെടുത്താലോ-പി ജെ ജോസഫിന് പാടിത്തീര്‍ക്കാനാകുമോ ദേഷ്യം?

ജോര്‍ജിനെ പിടികൂടിയ രോഗമെന്തെന്ന് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധമാണ് അപകര്‍ഷബോധമെന്നും ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നതെന്നും അത് പുറത്തുവരുമ്പോള്‍ കാണാന്‍ മഹാ വൃത്തികേടായിരിക്കുമെന്നുമാണ് ജോര്‍ജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനഃശാസ്ത്രജ്ഞന്‍ പറഞ്ഞത്. സ്വന്തം കുറവുകളില്‍ അപകര്‍ഷം തോന്നുക സ്വാഭാവികം. സാധാരണ മനുഷ്യര്‍ അത് നിയന്ത്രിച്ച് നിര്‍ത്തും. അസാധാരണ ജന്മങ്ങള്‍ക്ക് നിയന്ത്രണത്തിന്റെ സ്വിച്ച് കൈയിലുണ്ടാകില്ല. അങ്ങനെ ആ ബോധം നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലെ അപകര്‍ഷബോധമായി മാറുന്നു എന്നാണ് സിദ്ധാന്തം. അങ്ങനെയുള്ളവരാണ്, ഞാന്‍ പത്താളെ കുത്തിമലര്‍ത്തി എന്നും ആരുണ്ടിവിടെ പോരിനു വാടാ എന്നും മറ്റും ഉറക്കെ വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ . ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയും. ഇത്തരം ആണ്ടിമാരാണ് സ്വയം വാടകയ്ക്ക് കൊടുക്കപ്പെടുന്നവര്‍ . എവിടെ ഏത് വൃത്തികേട് മാന്താനും ഇവരുണ്ടാകും. പാപത്തിന്റെ കനി തിന്നാത്ത വല്ലവരുമുണ്ടെങ്കില്‍ (കോടാലി ശ്രീധരന്‍ പൊറുക്കട്ടെ) കല്ലെറിയാം.

*
പണ്ട് ബാലി ജഡ്ജിയെ നാടുകടത്തിയില്ലേ എന്ന് ഒരു ചര്‍ച്ചാവിദഗ്ധന്‍ ആറ്റിക്കുറുക്കി ചോദിച്ചുകേട്ടു. അത് ലാവ്ലിന്‍ കേസിന്റെ പേരിലായിരുന്നില്ലേ എന്നും ഒരു കുത്തുചോദ്യം. ബാലി ജഡ്ജി സ്വാശ്രയ കേസില്‍ മാനേജ്മെന്റുകള്‍ക്കനുകൂലമായി വിധി പറയുകയും മാനേജ്മെന്‍റിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , അക്കാര്യം തെളിവുസഹിതം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രചാരണം നടത്തിയിരുന്നു. അതില്‍ ഭീഷണിയുണ്ടായിരുന്നില്ല-വന്ന വിധി ഏകപക്ഷീയമാണ്; ജഡ്ജി വിധിയുടെ ഗുണഭോക്താക്കളില്‍നിന്ന് സ്വീകരണമേറ്റുവാങ്ങി എന്നാണ് അന്ന് ആ സ്വീകരണത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ തെളിവായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പറഞ്ഞത്. അതും ലാവ്ലിന്‍ കേസുമായി ബന്ധമില്ല. എന്നിട്ടും തട്ടിപ്പുചര്‍ച്ച നടത്തുന്നത്, കവലച്ചട്ടമ്പിമാര്‍ക്ക് കോടതിയെ കണ്ണുരുട്ടിക്കാട്ടാനും തെറിവിളിക്കാനും സൗകര്യം ചെയ്തുകൊടുക്കല്‍ തന്നെ.

പാമൊലിന്‍ കേസില്‍നിന്ന് ജഡ്ജി പിന്മാറിയപ്പോള്‍ ജോര്‍ജ് പ്രതികരിച്ചത്, അത് കുറ്റബോധം കൊണ്ട് എന്നത്രെ. ജോര്‍ജിന് ഇല്ലാത്ത ഒരു സാധനമാണത്. ബോധമുണ്ടെങ്കിലേ കുറ്റം ചെയ്യുന്നതായി തോന്നുകയുള്ളൂ.

ഇത്തരം ബോധമില്ലാത്തവരെ കാവലിനുനിര്‍ത്തി ഭരിക്കുന്നതുകൊണ്ടാകണം, ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം എന്തായി എന്ന ബോധവും ആര്‍ക്കും ഇല്ല. ഭരണം വന്ന് നുറുദിവസം കഴിഞ്ഞു. അന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചതാണ്-ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലീഗിന് വേണോ? "വേണ്ട". ചീഫ് വിപ്പ് പദവി തരട്ടേ? "വേണ്ടേ വേണ്ട". കേന്ദ്രത്തില്‍ അഹമ്മദ് സാഹിബ്ബിന് വല്യമന്ത്രിസ്ഥാനമായാലോ? "കൊന്നാലും കൊടുക്കരുതേ". അങ്ങനെ റാഹത്തായ കുഞ്ഞാലിക്കുട്ടി പാണക്കാട്ടുനിന്ന് തങ്ങളെ വണ്ടിയില്‍ കയറ്റി തിരുവനന്തപുരത്തുകൊണ്ടുവന്ന് പ്രഖ്യാപിപ്പിച്ചു, എട്ടണയ്ക്കൊരു കത്തി വാങ്ങി കുത്തിനേടും മന്ത്രിസ്ഥാനം എന്ന്. കത്തിയുമില്ല മന്ത്രിസ്ഥാനവുമില്ല. കുഞ്ഞാലിക്കുട്ടി മിണ്ടുന്നില്ല; തങ്ങള്‍ പിന്നെ പാണക്കാട്ടുനിന്ന് പുറപ്പെട്ടതുമില്ല. മഞ്ഞളാംകുഴിയുടെ ദുഃഖം മാത്രം എന്നിട്ടും ബാക്കി.

അല്ലെങ്കിലും കഥകളൊക്കെ ഇങ്ങനെയാണ്. സുപ്രീംകോടതി വിധിച്ചാലും ഹൈക്കോടതി വിധിച്ചാലും സംഗതി നടക്കില്ല. അതിന് നാട്ടിലെ മുന്‍സിഫ് തന്നെ കനിയേണ്ടിവരും. ഇനി അഥവാ അങ്ങനെ കനിയാന്‍ തീരുമാനിച്ചാല്‍ അത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തടുത്തുകളയും. എം എന്‍ ഗോവിന്ദന്‍നായര്‍ പണ്ട് മന്ത്രിസ്ഥാനം ത്യജിച്ച കഥ ഓര്‍ക്കുന്ന തൃശൂരിലെ വിപ്ലവകാരി, അന്ന് പാര്‍ടിസ്ഥാനത്തുനിന്ന് എമ്മെന്‍ രാജിവച്ചിരുന്നോ എന്ന് ഓര്‍ക്കാത്തതുപോലെയാണ്, മുന്‍സിഫിന്റെ സ്റ്റേയാണ് സുപ്രീംകോടതി വിധിയെക്കാള്‍ വലുത് എന്ന തൊടുന്യായം.

എങ്ങനെ വന്നാലും ലാഭം ഭൂമികൈയേറ്റക്കാരനുതന്നെ. കൃഷ്ണഗിരിയില്‍ ഇനിയും വിരിയട്ടെ ഇത്തരം കൂട്ടുകെട്ടുകളുടെ സിന്ദൂരപ്പൂക്കള്‍ . ഇതൊക്കെ സമര്‍ഥമായി മറച്ചുവയ്ക്കുന്നവര്‍ക്കും കൊടുക്കണം ഒരു വജ്രസൂചി അവാര്‍ഡ്.

Monday, September 19, 2011

വര്‍ക്കേഴ്സ് ഫോറം: സൂചന... സൂചന... സൂചന മാത്രം

വര്‍ക്കേഴ്സ് ഫോറം: സൂചന... സൂചന... സൂചന മാത്രം: ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന പേര് മലയാളമനോരമയില്‍ വാര്‍ത്തയ്ക്കൊപ്പം കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. "കടുത്ത നടപടികളുടെ...

എസ്എംഎസും മന്ത്രിസ്ഥാനവും

മാണിസാര്‍ വന്നാല്‍ പലതും നടക്കും എന്നു കേട്ടിരുന്നു. യൂറോപ്പില്‍നിന്ന് ഊര്‍ജം സംഭരിച്ച് നെടുമ്പാശേരിയില്‍ വന്നിറങ്ങുമ്പോള്‍തന്നെ ജോര്‍ജിനെ മാണി വെട്ടുമെന്നും അതോടെ നാട് രക്ഷപ്പെടുമെന്നുമാണ് ചുരുങ്ങിയപക്ഷം ഫ്രാന്‍സിസ് ജോര്‍ജെങ്കിലും കരുതിയത്. പി ജെ ജോസഫിനും കൂട്ടര്‍ക്കും അങ്ങനെയുള്ള തോന്നലുകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ആര് കണ്ണുരുട്ടിയാലും അവര്‍ പേടിക്കും. ഇടതുമുന്നണിയില്‍നിന്ന് വലത്തോട്ട് ചാടിയത് ളോഹയിട്ട വിരട്ടും ഉരുട്ടും ഉണ്ടായപ്പോഴാണ്. അതല്ലാതെ മറ്റൊരു കാരണവുമില്ല. ആകാശത്തുനിന്ന് വിവാദം വന്ന് ജോസഫിന്റെ തലയില്‍ വീണപ്പോള്‍ അന്തസ്സായി രാജിവച്ച് വീട്ടില്‍ പോയിരിക്കാനാണ് ഇടതുമുന്നണി പറഞ്ഞത്. കുറ്റവും കുറവും തീര്‍ത്ത് തിരിച്ചുവരാനും പറഞ്ഞു-കേസില്‍നിന്ന് വിടുതല്‍ കിട്ടിയപ്പോള്‍ വീണ്ടും മന്ത്രിപ്പണിയും കിട്ടി. നല്ലകുട്ടിയായി സ്തോത്രം ജപിച്ച് കഴിയേണ്ടതാണ്. അപ്പോഴാണ് പള്ളി മണിയടിച്ച് പേടിപ്പിച്ചത്. കാര്യവും കാരണവുമില്ലാതെ ഉടനെ മറുകണ്ടം ചാടി. അവിടെയെത്തിയപ്പോള്‍ പന്തംകൊളുത്തി പട.

മോരും മുതിരയും ലയിച്ചപോലെ. അങ്ങനെ തട്ടിമുട്ടി കഴിഞ്ഞവാറെ തെരഞ്ഞെടുപ്പു വന്നു. ഒപ്പം കേസും വന്നു-വിമാന വിവാദത്തിനുപിന്നാലെ എസ്എംഎസ് വിവാദം. ഇടുക്കിക്കാരി യുവസുന്ദരിക്ക് ശൂന്യമായ എസ്എംഎസ് അയച്ചു എന്നാണ് കേസ്. ആകെമൊത്തം ശൂന്യതയുടെ കളിയാണ്. യുവതി പറയുന്നത് തന്റെ ഭര്‍ത്താവ് തന്റെ ഫോണില്‍നിന്ന് ജോസഫിനെ വിളിച്ചു; കിട്ടിയില്ല; പിന്നെ തിരിച്ചു വിളിച്ചപ്പോള്‍ തന്റെ ശബ്ദം കേട്ടു; അതോടെ അച്ചായന്റെ മനമിളകി എന്നാണ്. ഇടയ്ക്കിടയ്ക്ക് എസ്എംഎസ് അയക്കലായി പോലും. ജോസഫ് ആണയിടുന്നത് കേസിനുപിന്നില്‍ ഗൂഢാലോചനയെന്ന്. എന്താണ് ഗൂഢാലോചന; ആരാണ് ഗൂഢാലോചകര്‍ എന്നൊന്നും മിണ്ടൂല്ല. യുവതിയുടെ ഭര്‍ത്താവ് ഒരു "മാധ്യമ" പ്രവര്‍ത്തകനാണ്. പ്രണോയ് റോയ്, സായിനാഥ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ നിരയില്‍ വരും ക്രൈം നന്ദകുമാറിന്റെ അരുമശിഷ്യന്‍ . ആ മഹാപ്രതിഭയ്ക്ക് ഒരു പതിനായിരം രൂപ കിട്ടിയപ്പോള്‍ അത് ക്രിയാത്മകമായി ചെലവിടാന്‍ ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും കൂട്ടി തമിഴ്നാട്ടിലേക്കാണ് പോയത്.

അവിടെനിന്ന് പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞ പേരുകളിലൊന്ന് സാക്ഷാല്‍ പി സി ജോര്‍ജിന്റേതാണ്. ക്രൈം നന്ദകുമാര്‍ കേസിലെ സാക്ഷിയാണ്. എല്ലാം നേരായിമാത്രം ചെയ്യുന്ന മഹാന്‍മാരും മഹതികളും ഉള്‍പ്പെട്ട കേസില്‍ ഗൂഢാലോചന ആരോപിക്കുന്നത് കഷ്ടംതന്നെ. കുഞ്ഞാലിക്കുട്ടി ഉള്ള ക്യാബിനറ്റില്‍ ഇങ്ങനെയൊരു കേസിലെങ്കിലുംപെട്ടില്ലെങ്കില്‍ ജോസഫിന് എന്തുവില? ഇപ്പോള്‍ കോടതിയില്‍നിന്ന് സമന്‍സേ കിട്ടിയുള്ളൂ. ഇനി ശിക്ഷതന്നെ കിട്ടിയെന്നുവരും. തെളിവുകള്‍ ചാക്കിലാക്കിക്കൊണ്ടുവരുന്ന ജോര്‍ജും ക്രൈംകുമാരനും ഉള്ളപ്പോള്‍ ശിക്ഷയ്ക്കൊന്നും പഞ്ഞം വരില്ല. അതുവരെ കാത്തുനിന്ന് രാജിവയ്ക്കണോ ഇപ്പോള്‍തന്നെ അത് ചെയ്തുകൂടേ എന്നതാണ് ജോസഫിനുമുന്നിലെ ചോദ്യം. ഒന്നുകില്‍ രാജി; അല്ലെങ്കില്‍ ഗൂഢാലോചന തെളിയിക്കല്‍ -ഇത് രണ്ടുമല്ലാതെ മറ്റ് മാര്‍ഗമില്ല. അതാണ് ഇപ്പോള്‍ മാണിസാറും വരികള്‍ക്കിടയില്‍ പറഞ്ഞത്. ജോര്‍ജ് കേസ് പഠിച്ചശേഷമേ അഭിപ്രായം പറയൂ. ഇനി എങ്ങനെ മുന്നോട്ടുപോകണം എന്നത് ജോര്‍ജ് തന്നെ പഠിക്കണമല്ലോ. ഒരുകണക്കിന് ഇത് പി സി ജോര്‍ജിന്റെ കാലമാണ്. ജോര്‍ജ് ആര്‍ക്കെതിരെയും എന്തും പറയും. ആരും മറുപടി പറയില്ല. ജോര്‍ജിനു വേണ്ടി ചാനലുകളില്‍ ശിവന്‍ മഠത്തിലിനെപ്പോലുള്ള "യഥാര്‍ഥ ഇടതുപക്ഷ" വക്കീലന്‍മാര്‍ കോട്ടിടും.

മനോരമയും മാതൃഭൂമിയും വക്കാലത്തെടുക്കും. പാമൊലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതാന്‍ ഇറങ്ങിയ ജോര്‍ജിന്റെ വീരസ്യം "പേപ്പട്ടിശല്യ" വാര്‍ത്തപോലെ ഒതുക്കി ഉള്‍പേജില്‍ തള്ളിയ മാധ്യമങ്ങളെ കണ്ടാലറിയില്ലേ ജോര്‍ജിന്റെ കരുത്ത്. രണ്ടുകാലിലും മന്തുള്ള കുണ്ടുണ്ണിമേനോന്റെ കുലുങ്ങിച്ചിരിപോലെയാണ് ജോര്‍ജിനെതിരായ വി ഡി സതീശന്റെ പറച്ചില്‍ . സതീശന് മന്ത്രിസ്ഥാനം കിട്ടാത്തതിന് ജോര്‍ജ് എന്ത് പിഴച്ചു. ഉമ്മന്‍ചാണ്ടിക്കും മാതൃഭൂമിക്കും പ്രിയപ്പെട്ടവനായ ജോര്‍ജിനെതിരെ സതീശനും പ്രതാപനും ജോസഫും ആന്റണി രാജുവും കോറസ് പാടിയിട്ടൊന്നും വലിയ കാര്യമില്ല. ജോര്‍ജ് ചിരിക്കും; കരയും; നൃത്തം ചവിട്ടും; മുക്രയിടും. താന്‍ മരിച്ചാല്‍ റീത്തുവയ്ക്കാന്‍പോലും മാണി കാലുകുത്തരുതെന്ന് ഒസ്യത്തെഴുതിവച്ചയാളാണ്. ഇപ്പോള്‍ മാണിക്ക് ജോര്‍ജ് കഴിഞ്ഞേ ഉള്ളൂ മറ്റാരും. ജോര്‍ജ് ഏതെല്ലാം പരിധി വിട്ട് എന്തെല്ലാം പറഞ്ഞു എന്ന് ജോര്‍ജിനേ അറിയൂ. എന്നിട്ടുമെന്തേ ആര്‍ക്കും ജോര്‍ജിനെതിരെ ഒരക്ഷരംപോലും മിണ്ടാന്‍ പറ്റാതെ പോകുന്നത്. മാണിയും ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പി സി ജോര്‍ജിന്റെ പേര് മിണ്ടുന്നില്ല. വയസ്സുകാലത്ത് മറ്റൊരു എസ്എംഎസ് കേസില്‍പെടാന്‍ മാണിസാറിന് താല്‍പ്പര്യമില്ലായിരിക്കാം. അതല്ലെങ്കില്‍ ജോര്‍ജിന്റെ തോളില്‍കൈയിട്ട് ചെയ്തുകൂട്ടിയത് വല്ലതും വിളിച്ചു പറഞ്ഞാലോ എന്ന് പേടിച്ചാവാം.

വൈദ്യുതിബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് ജോര്‍ജ് പറഞ്ഞ സംസ്കൃതം നേരിട്ട് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ അത്ര നല്ലതാവില്ലല്ലോ. എന്തായാലും കേരളത്തിലാകെ പത്രക്കാരെ സ്വാധീനിച്ച് "മീറ്റ് ദ പ്രസ്" സംഘടിപ്പിക്കാന്‍ ജോര്‍ജിന് കഴിയുന്നുണ്ട്. പത്രസമ്മേളനമാകുമ്പോള്‍ കാശടയ്ക്കണം. ഏതെങ്കിലും തല്‍പ്പരകക്ഷിയെ ചാക്കിലിറക്കി മീറ്റ് ദ പ്രസ് തരപ്പെടുത്തിയാല്‍ ചായ ഫ്രീ. പത്രക്കാര്‍ക്കും പേടി കാണുമല്ലോ. ഈ ജോര്‍ജിനെ കേരളത്തിന്റെ രാഷ്ട്രീയബ്രാന്‍ഡ് അംബാസഡറാക്കാന്‍ വരുന്ന സമ്മേളനത്തിലെങ്കിലും ബില്‍ കൊണ്ടുവരണം. ജോര്‍ജ് നല്ലവനായതുകൊണ്ട് ജോസഫിന്റെ രാജി വേണ്ടാതാകുന്നില്ല. എസ്എംഎസ് അയച്ചോ ഇല്ലയോ എന്ന് കോടതിയില്‍ തെളിയട്ടെ. അതുകഴിഞ്ഞ് പോരേ മന്ത്രിസ്ഥാനം.

*

ഗുജറാത്തിലെ വംശഹത്യക്കാലത്ത് "മുസ്ലിങ്ങള്‍ ഇത്തവണ ഒരുപാഠം പഠിക്കട്ടെ" എന്നാണ് മോഡി പറഞ്ഞിരുന്നത്. പാഠം ശരിക്കും പഠിപ്പിച്ചു. ജീവനോടെ ചുട്ടുകരിച്ചും വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തും തലയരിഞ്ഞുതള്ളിയും. ഇനി മോഡി പഠിപ്പിക്കാന്‍ പോകുന്നത് അദ്വാന്‍ജിയെയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്വാന്‍ജി ഒരു പാഠം പഠിക്കട്ടെ എന്നാണ് ഭാവിഭാരതത്തിന്റെ വാഗ്ദാനം മൂന്നു നാള്‍ ഉപവസിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നത്. അദ്വാന്‍ജിക്ക് എല്ലാ കാലത്തും ഇതാണ് ഗതി. ഇന്നലെ വരെ വാജ്പേയിയുടെ ശല്യമായിരുന്നു. പുള്ളിക്കാരന്‍ വാര്‍ധക്യത്തിന്റെ അസ്ക്യതയിലാണ്. ഇനിയെങ്കിലും ഒരു ചാന്‍സ് കിട്ടിയേക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിന് വിലങ്ങുതടിയായി ഇതാ അവതരിച്ചിരിക്കുന്നു മോഡി എന്ന മാരണം.

മോഡിക്ക് നല്ല പ്രതിച്ഛായയാണ്. വെളുവെളുത്ത താടി, തുടുതുടുത്ത മുഖം, പളപളപ്പുള്ള വസ്ത്രം-ശരിക്കും ഒരു സീനിയര്‍ ശശി തരൂര്‍ . അതുകണ്ടാല്‍തന്നെ വോട്ട് ശറപറാ വീഴും. പിന്നെ കിട്ടിയ അഭിനന്ദനങ്ങള്‍ ചില്ലറയാണോ? നമ്മുടെ സാക്ഷാല്‍ അത്ഭുതക്കുട്ടിയാല്‍പോലും വാഴ്ത്തപ്പെട്ടവനല്ലേ. അദ്വാന്‍ജി പേടിക്കണം. ഉള്ള മിനുപ്പ് പോരാഞ്ഞ് മോഡി ഒന്നുകൂടി മുഖം മോടിയാക്കുകയാണ്. മൂന്നുദിവസത്തെ സദ്ഭാവനായജ്ഞം. സാധാരണ മനസ്സുനിറയെ ദുര്‍ഭാവനയായാതുകൊണ്ട് സദ്ഭാവനയ്ക്കായി ഒരു ഇടവേള. മാസംമുഴുവന്‍ കട്ടും കൊള്ളയടിച്ചും അഴിമതി നടത്തിയും ജീവിക്കുന്നവര്‍ എല്ലാ മാസവും ഒന്നാംതീയതി കെട്ടുംകെട്ടി മലകയറുന്നതും ഗുരുവായൂരില്‍ചെന്ന് തുലാഭാരം തൂക്കുന്നതും കണ്ടിട്ടില്ലേ.

അതുപോലെ ഒരനുഷ്ഠാനം. ഗുജറാത്തിലെ കൂട്ടക്കൊലയില്‍ മോഡി എന്തുചെയ്തു എന്ന് കോടതി പറയാന്‍ പോവുകയാണ്. അതിനു മുമ്പുതന്നെ വരണം സദ്ഭാവന. ദിവസം അഞ്ചുലക്ഷം വാടകയുള്ള തണുപ്പിച്ച ഹാളില്‍ സദ്ഭാവന നിറഞ്ഞൊഴുകുകയാണ്. പത്തുവര്‍ഷത്തില്‍ വീഴ്ചകള്‍ പറ്റി; അതില്‍ പശ്ചാത്താപം. ജാതിരാഷ്ട്രീയവും മതസ്പര്‍ധയും നാടിന് ഗുണംചെയ്യില്ല എന്നു തിരിച്ചറിഞ്ഞുവെന്നും കരയുന്നുണ്ട് മോഡി. ഗാന്ധിപിറന്ന ഗുജറാത്ത് മോഡിയുടെ നാടായപ്പോള്‍ വന്ന മാറ്റം നോക്കണം. ഇവിടെ ഈ കേരളത്തില്‍ നാളെ പി സി ജോര്‍ജും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും ക്രൈം നന്ദകുമാറും കുഞ്ഞാലിക്കുട്ടിയുമെല്ലാം ഇങ്ങനെ സത്യഗ്രഹം നടത്തിയേക്കും. ആ സത്യഗ്രഹത്തിന്റെ മഹത്വം വാഴ്ത്താന്‍ ഉമേഷ് ബാബു, കാളീശ്വരം രാജ്, സുരഭീദാസ് തുടങ്ങിയ വാഗ്മികള്‍ ചാനലുകളില്‍ അണിനിരക്കുകയും ചെയ്യും.

Sunday, September 11, 2011

അമേരിക്കന്‍ വിജ്ഞാനം

വോട്ടിന് കോഴ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മവരിക തെരഞ്ഞെടുപ്പുകാലത്ത് നമ്മുടെ മുല്ലപ്പള്ളിക്ക് വന്ന പെട്ടിയെക്കുറിച്ചാണ്. ഹൈക്കമാന്‍ഡില്‍നിന്ന് വന്ന പെട്ടികളില്‍ ഒന്ന് കാക്ക കൊത്തിക്കൊണ്ടുപോയിട്ടും പുള്ളിക്കാരന് ഒരീച്ച കുത്തിയ വേദനയില്ല. പെട്ടിയോടെ പോയത് ഇരുപത്തഞ്ച് ലക്ഷമാണ്. നാട്ടിലെ വോട്ടര്‍മാര്‍ക്ക് കൊടുക്കാനുള്ള പണം. തെരഞ്ഞെടുപ്പില്‍ ജയിച്ച് മുല്ലപ്പള്ളി മന്ത്രിയായി. വെറും മന്ത്രിയല്ല-കേന്ദ്രത്തിന്റെ പൊലീസ് മന്ത്രി. പോയ പണത്തെക്കുറിച്ച് അന്വേഷണവുമില്ല; മിണ്ടാട്ടവുമില്ല. അല്ലെങ്കിലും കേന്ദ്രത്തിലെ സഹമന്ത്രിമാര്‍ക്ക് അങ്ങനെയുള്ള പണിയൊന്നും വിധിച്ചിട്ടില്ല. സ്വന്തം സംസ്ഥാനത്ത് പോയി ഗ്രൂപ്പ് കളിക്കുക, വിടുവായത്തം വിളമ്പുക, മണ്ഡലത്തില്‍ വിവാഹ-ജനന-മരണാദി ചടങ്ങുകളില്‍ ഓടിക്കയറിച്ചെന്ന് താണുകുനിഞ്ഞ് നമസ്കാരം പറയുക എന്നീ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ നല്ല സഹമന്ത്രിയായി. തന്നെ പിടിച്ച് മന്ത്രിയാക്കിയ ത്യാഗിവര്യനെ ഇടയ്ക്കിടെ പുകഴ്ത്തുക കൂടിചെയ്താല്‍ കസേര ഉറച്ചുകിട്ടും. മുല്ലപ്പള്ളിയെപ്പോലുള്ള സാദാ സഹമന്ത്രിമാര്‍ സാദാ വോട്ടര്‍മാര്‍ക്ക് കൊടുക്കുന്ന "വോട്ടിന് കോഴ" എന്ന ഏര്‍പ്പാടേ കേരളീയര്‍ അടുത്തുകണ്ടിട്ടുള്ളൂ.
ഡല്‍ഹിയിലെ കഥ വേറെയാണ്. വോട്ടര്‍മാര്‍ക്ക് കൊടുക്കുന്ന മുക്കാല്‍ചക്രമല്ല വോട്ടര്‍മാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിക്കുവിടുന്ന എംപിമാര്‍ക്ക് കൊടുക്കുന്ന കാലുമാറ്റക്കൂലി. മന്‍മോഹന്‍സിങ്ങിന്റെ ആദ്യത്തെ മന്ത്രിസഭയ്ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ പോയപ്പോള്‍ രചിക്കപ്പെട്ട കഥയാണ് ഇപ്പോഴും ബോക്സ് ഓഫീസ് തകര്‍ത്താടുന്ന "വോട്ടിന് കോഴ" അഥവാ "അമര്‍സിങ് ചിത്രകഥ". അന്ന് കോഴപ്പണവുംകൊണ്ട് ചാക്കില്‍കയറ്റാന്‍ നടന്നവരില്‍ അമര്‍സിങ് മാത്രമല്ല ചേര്‍ത്തലയുടെ രോമാഞ്ചവും ഉണ്ടായിരുന്നു. വടക്കുനിന്നൊരു കുട്ടി ചാക്കില്‍ ഒരുകാല്‍ വച്ചതാണ്. കോടിക്ക് കോടി; സീറ്റിന് സീറ്റ്-ഇതായിരുന്നു കരാര്‍ . രണ്ടാമത്തെ കാല്‍ വയ്ക്കാന്‍ നോക്കുമ്പോള്‍ കുട്ടിക്ക് ഒരു ഉള്‍ഭയം. നല്ല തല്ലോ കോടിയുടെ ചാക്കോ വലുത്? അന്ന് തല്ലുഭയന്ന് പിന്മാറിയെങ്കിലും പിന്നെ സുധാകരേട്ടന്റെ ചാക്കില്‍ കയറാനും പണ്ട് ഉടുമുണ്ടഴിച്ച് തല്ലിയവരുടെ കൂടെയിരുന്ന് ബിരിയാണി ബെയ്ക്കാനും കുട്ടിക്ക് മടിയുണ്ടായില്ല.

കോടികളുടെ കളികൊണ്ടാണ് മന്‍മോഹന്റെ തലയില്‍നിന്ന് അന്ന് തൊപ്പി പോകാതിരുന്നത്. അത് കൊടുക്കാന്‍ ചുമതലപ്പെട്ടവരില്‍ ഒരുവന്‍ -അതാണ് അമര്‍സിങ്ങിന്റെ സ്ഥാനം. അമര്‍സിങ് കൊടുത്ത പണക്കെട്ടാണ് ബിജെപിക്കാര്‍ ലോക്സഭയില്‍ എറിഞ്ഞുകളിച്ചത്. അത് ചില കൊച്ചുകെട്ടുകള്‍ മാത്രം. വലിയ കെട്ടുകള്‍ കൊടുത്തവരും വാങ്ങിയവരും അതിന്റെ ഗുണം അനുഭവിച്ചവരും വേറെയുണ്ട്. അതില്‍ മന്‍മോഹന്‍സിങ്ങുണ്ട്; നമ്മുടെ പുണ്യപ്രതാപഗുണവാന്‍ ആദര്‍ശാന്റണിയുണ്ട്. എന്നിട്ടും അമര്‍സിങ് ജയിലിലും മന്‍മോഹന്‍ കസേരയിലും. ഒരുകേസില്‍ എങ്ങനെ രണ്ടു നീതി നടപ്പാകും? എന്തിനായിരുന്നു; ആര്‍ക്കുവേണ്ടിയായിരുന്നു കോഴ എന്നും പണം എവിടെനിന്നു വന്നു എന്നും സിബിഐ അന്വേഷിക്കേണ്ടതല്ലേ? അതല്ല ഇവിടത്തെ വിജിലന്‍സ് ഡയറക്ടറെപ്പോലെ വാലുംചുരുട്ടി യജമാനനെ സേവിക്കുന്നവര്‍ മാത്രമേ അവിടെയുള്ളൂ എന്നാണോ?

എന്തായാലും അമര്‍സിങ്, പി സി ജോര്‍ജ് തുടങ്ങിയ ദുര്‍മന്ത്രവാദികള്‍ ഉള്ളിടത്തോളം തസ്കരവീരന്മാര്‍ക്ക് നല്ല കാലം. വാടകയ്ക്ക് എന്തൊക്കെ കിട്ടും എന്ന് ഇതുകണ്ട് പഠിക്കണം. ജോര്‍ജ് പലകേസിനും പണം മുടക്കുന്നയാളാണ്. ആ പണം ഏതു റബ്ബറുവെട്ടിയിട്ടാണ് കിട്ടുന്നത് എന്നെങ്കിലും ഈ കേസുകളുടെ വിചാരണവേളയില്‍ പറയുമായിരിക്കും. അമര്‍സിങ്ങിനെ ഒരുവട്ടം പിടിച്ചെങ്കില്‍ പലവട്ടം പിടിക്കപ്പെടേണ്ട ചരക്കുകളെ ഇവിടെ പല പദവികളിലും ഇരുത്തിയിട്ടുണ്ട് എന്നത് കേരളത്തിന് അഭിമാനിക്കാനുള്ള വകതന്നെ.

*
അപ്പുക്കുട്ടന്‍ കുറെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കണ്ടില്ല, കേട്ടില്ല എന്ന് കരുതി വിട്ടുകളയാവുന്നതേയുള്ളൂ. തന്നെ പുറത്താക്കിയ പാര്‍ടി തകര്‍ന്നുകാണുക എന്നത് അപ്പുക്കുട്ടന്റെയെന്നല്ല ആയിനത്തില്‍പെടുന്ന ഏതു മോഹഭംഗക്കാരന്റെയും മൗലികാവകാശമാണെന്നതില്‍ തര്‍ക്കമില്ല; അത് പുതിയ അറിവുമല്ല. ഏറ്റവുമൊടുവില്‍ അപ്പുക്കുട്ടന്‍ വന്നത്, സായ്പന്‍മാരുടെ ലീക്കുമായിട്ടാണ്.

"എതെങ്കിലും പാര്‍ടിയെയോ രാഷ്ട്രീയനേതാക്കളെയോ പ്രത്യേകം ലക്ഷ്യംവച്ചല്ല കേരളത്തിലെ കാര്യങ്ങളിലെ അമേരിക്കന്‍ ഇടപെടല്‍ വിക്കിലീക്സ് പുറത്തുവിടുന്നത്, മാധ്യമങ്ങള്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് പലതും തമസ്കരിക്കുന്നു, ചില പരാമര്‍ശങ്ങളോ ഭാഗങ്ങളോ മുഴുപ്പിച്ചു കാണിക്കുന്നു" എന്നാണ് അപ്പുക്കുട്ടന്റെ പരിഭവം. ഇതുപറയുന്ന അപ്പുക്കുട്ടന്റെ പേനയില്‍നിന്ന് നിര്‍ഗളിക്കുന്നതോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റാനുള്ള പാഷാണവും. ഇതാണ് ശതമന്യുവിന് അപ്പുക്കുട്ടനോടുള്ള വിരോധം.

പാഷാണം പ്രയോഗിക്കുമ്പോള്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ടിയെ പോഷിപ്പിക്കാനുള്ള ച്യവനപ്രാശമാണ് എന്നേ അപ്പുക്കുട്ടന്‍ പറയൂ. അമേരിക്കക്കാര്‍ കേരളത്തില്‍ വന്ന് കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും എഴുതി അയച്ചിട്ടുണ്ട്. അങ്ങനെ അയച്ചതാണ് വിക്കിലീക്സ് ലീക്ക് ചെയ്തത്. മാര്‍ക്സിസ്റ്റുകാരായ കുറെപ്പേരെ കണ്ടു. അവരെല്ലാം പറഞ്ഞത് ഒരേ കാര്യങ്ങളാണ്. അച്ചടിച്ചുവച്ച പാര്‍ടിനയം മാത്രം. ഒരു നേതാവുപോലും അതിനപ്പുറം ഒന്നും പറഞ്ഞില്ല. ഒരിക്കലും പുറത്തുവരില്ല എന്നുകരുതുന്ന ചര്‍ച്ചയില്‍പോലും പാര്‍ടി നയത്തില്‍നിന്ന് അണുകിട വ്യതിചലിക്കാന്‍ ഒരു നേതാവും തയ്യാറായില്ല എന്നതിലെ നന്മയും നിശ്ചയദാര്‍ഢ്യവും അപ്പുക്കുട്ടന്റെ കണ്ണില്‍ പെട്ടതേയില്ല. പാര്‍ടിക്കകത്തിരുന്നുകൊണ്ട് പാര്‍ടിയെ തകര്‍ക്കാനുള്ള വാറോല ചമച്ച കേസില്‍ പിടിക്കപ്പെട്ടയാള്‍ക്ക് അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ത്രാണിയുമുണ്ടാകില്ല.

ചിലരുടെ പേരിനുപിന്നില്‍ അമേരിക്കക്കാര്‍ പ്രൊട്ടക്ട് എന്നെഴുതിയത്, അവര്‍ക്ക് സംരക്ഷണം കൊടുക്കാനാണ് എന്നത്രെ അപ്പുക്കുട്ടന്റെ അമേരിക്കന്‍ വിജ്ഞാനം. പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്തേണ്ടതല്ല എന്ന അര്‍ഥത്തിലാണ് "പ്രൊട്ടക്ട്" എന്ന് എഴുതുന്നതെന്ന് വിക്കിവന്ന രേഖകള്‍ വായിക്കുന്ന സാമാന്യവിവരക്കാര്‍ക്ക് മനസ്സിലാകും. അപ്പുക്കുട്ടന്റെ വിവരം അതിന്റെയും മേലെയായതുകൊണ്ട് അത്തരമൊരറിവ് ഉണ്ടാകണമെന്നില്ല. എന്തായാലും നല്ല നിറഞ്ഞുനില്‍ക്കുന്ന അകിടില്‍ അപ്പുക്കുട്ടന്‍ കുത്തിക്കയറ്റുന്നത് ചോര ഊറ്റിയെടുക്കാനുള്ള കുഴലാണ്.

തോമസ് ഐസക്കിനെക്കുറിച്ച് "നവ ഉദാരീകരണക്കാരന്‍" എന്ന് അമേരിക്ക വിശേഷിപ്പിച്ചു എന്നും അപ്പുക്കുട്ടന്‍ എഴുതുന്നു. യഥാര്‍ഥത്തില്‍ ഐസക്കിനെ അങ്ങനെ അപ്പുക്കുട്ടനെപ്പോലുള്ളവര്‍ വിശേഷിപ്പിക്കുന്നു എന്നതാണ് രേഖയില്‍ കാണുന്നത്. അഞ്ചുകൊല്ലം ഭരിച്ച് ഐസക് എന്ത് ഉദാരീകരണമാണ് നടപ്പാക്കിയത് എന്നും അപ്പുക്കുട്ടന്‍ പറയേണ്ടതാണ്. ക്ഷേമപദ്ധതികള്‍ റെക്കോഡ് മികവോടെ നടപ്പാക്കിയതോ ദുര്‍ബലവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയതോ ഖജനാവ് കാലിയാകാതെ സൂക്ഷിച്ചതോ-ഏതാണ് ഉദാരീകരണം?

"ഗള്‍ഫില്‍നിന്നുവരുന്ന പണം സിമിയും മുജാഹിദീനുമടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എത്തുന്നു. ധനാഢ്യരായ ഗള്‍ഫ് അറബികളില്‍നിന്നാണ് പണം വരുന്നത്" എന്ന് ഐസക് പറഞ്ഞതിനെ മന്ത്രിസഭയിലോ പാര്‍ടിയിലോ പറയാത്ത കാര്യത്തിന്റെ വെളിപ്പെടുത്തലായാണ് അപ്പുക്കുട്ടന്‍ വ്യാഖ്യാനിക്കുന്നത്. നാട്ടില്‍ ആകമാനം ചര്‍ച്ചചെയ്യപ്പെടുകയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടായി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ സ്വന്തം കണ്ടെത്തലായി പലതവണ പറയുകയും ചെയ്ത ഒരു കാര്യം ഐസക്കിന്റെ വെളിപ്പെടുത്തലാക്കുന്ന ദുഷ്ടബുദ്ധിക്കുകൊടുക്കണം മുഴുവന്‍ മാര്‍ക്ക്. അതാണ് അപ്പുക്കുട്ടന്‍ . പച്ചക്കള്ളവും പറയും-പാര്‍ടിക്കെതിരെയെങ്കില്‍ . ഞാഞ്ഞൂലിന്റെ ഗ്രഹണകാലവും അപ്പുക്കുട്ടന്റെ സമ്മേളനകാലവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. നാറാത്ത് ഗ്രാമത്തിന് ഒരു ഭാഗ്യമെങ്കില്‍ വള്ളിക്കുന്ന് ഗ്രാമത്തിന് മറ്റൊരു ഭാഗ്യം. കെ സുധാകരന്‍ ഈ മുത്തിനെ ഏറ്റെടുക്കാത്തതെന്ത് എന്നേ ഇനി നോക്കാനുള്ളൂ.

*

തൊട്ടാല്‍ തൊടുന്നവന് പലതും പറ്റും എന്ന് പറയാറുണ്ട്. നമ്മുടെ ബ. കു. ന യെക്കുറിച്ചാണോ ആ ചൊല്ല് എന്ന് ശതമന്യുവിന് സംശയം. കെ സുധാകരന്‍ ഒന്ന് തൊട്ടുനോക്കിയപ്പോള്‍ ഉണ്ടായ പുകിലുകണ്ടില്ലേ. പഞ്ചപുച്ഛമടക്കി ഒതുങ്ങിക്കൂടിയിരുന്ന ഗാന്ധിയന്‍ പടയാളി രാമകൃഷ്ണന്‍ ഇതാ കൊടുങ്ങല്ലൂരിലെ ഭരണിക്ക് കോമരം പോകുന്നതുപോലെ ഉറഞ്ഞുതുള്ളി നില്‍പ്പാണ്. ഡിസിസി പ്രസിഡന്റായി പടയാളി തുടര്‍ന്നാല്‍ എംപിസ്ഥാനം രാജിവയ്ക്കുമെന്നുവരെ സുധാകരന്‍ പറഞ്ഞുനോക്കി. "അയ്യോ അച്ഛാ പോകല്ലേ" എന്ന കോറസ് ഉയരേണ്ടതാണ്. പക്ഷേ, "തോന്നുമ്പോള്‍ രാജിവയ്ക്കാന്‍ എംപിസ്ഥാനം കെ സുധാകരനു കിട്ടിയ സ്ത്രീധനമോ തറവാട്ടുസ്വത്തോ ആണോ" എന്നാണ് രാമകൃഷ്ണന്‍ ചോദിച്ചുകളഞ്ഞത്.

ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും രണ്ടിലൊന്ന് തീരുമാനിക്കാം. ഗുണ്ടാരാഷ്ട്രീയം പാര്‍ടിക്കകത്ത് വച്ചുപൊറുപ്പിക്കില്ല എന്ന രാമകൃഷ്ണന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ അദ്ദേഹത്തെ പുറത്താക്കണോ രാമകൃഷ്ണനുമായുള്ള അടുത്ത കൂടിക്കാഴ്ച ആശുപത്രിയിലാകണോ എന്ന് അവര്‍തന്നെ തീരുമാനിക്കട്ടെ. എന്തായാലും ബ. കു. നയുടെ കൂട്ട് കനത്തതോടെ സുധാകരന്‍ വാര്‍ത്തകളില്‍ത്തന്നെയുണ്ട്.

Monday, September 5, 2011

സായ്പന്മാരുടെ ക്ലാസ്

ചെന്നിത്തലയ്ക്ക് അതിനുള്ള ധൈര്യം പോരാ. ഡിസിസി ഓഫീസിനു വെളിയില്‍ കണ്ണൂരിലെ ഡിസിസി പ്രസിഡന്റിനെ ബന്ദിയാക്കിയിട്ടേ ഉള്ളൂ ഇപ്പോള്‍ . കെ സുധാകരനെ തൊട്ടാല്‍ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കെട്ടിയിടും. തെങ്ങില്‍ കെട്ടിയിടുക എന്നാല്‍ ചെറിയ ശിക്ഷയല്ല. അതു ഭയന്നാണ് രാമകൃഷ്ണനും നാരായണനും നോട്ടീസയച്ചത്. സുധാകരന്‍ തല്ലിയാല്‍ തിരിച്ചടി കിട്ടുക നാരായണനോ കണാരനോ ആകും. അതാണ് കണ്ണൂരിലെ ന്യായം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ അക്രമം കാണിക്കുന്നു എന്നു പറയുകയും കരയുകയും ചെയ്ത കുറെ മാന്യന്‍മാരുണ്ട്. അവര്‍ക്ക് "എല്ലാവര്‍ക്കും തിമിരം". അക്രമത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് പി രാമകൃഷ്ണനോട് ചോദിച്ചാല്‍ മതി. വലിയ വീരനായിരുന്നു കെ രാമകൃഷണന്‍ . അടിയന്തരാവസ്ഥയിലെ കണ്ണൂരിന്റെ രാജാവ്. സുധാകരന്‍ വന്നപ്പോള്‍ പൂച്ചയായി. നൂറുദീന്‍ സാഹിബ് പഴയ വനംമന്ത്രിയാണ്-സുധാകരന്‍ വനവാസത്തിനയച്ചു. പി രാമകൃഷ്ണന്‍ പഴയ പടയാളിയാണ്. നാവിന്‍തുമ്പിലേ വീരസ്യമുള്ളൂ. അബ്ദുള്ളക്കുട്ടിയേക്കാള്‍ താഴെയാണിപ്പോള്‍ . "എ"ക്കാരെ ചവിട്ടിക്കൂട്ടിയാണ് സുധാകരന്‍ കണ്ണൂരില്‍ പടയോട്ടം തുടങ്ങിയത്. പി രാമകൃഷ്ണനെ ഉച്ചവരെ ത്രിവര്‍ണപതാക കെട്ടുന്ന തൂണിന്റെ ചുവട്ടില്‍ വളഞ്ഞുവച്ച് ഭേദ്യം ചെയ്തിട്ടും ഒരു പൂച്ചക്കുട്ടിപോലും തിരിഞ്ഞുനോക്കിയില്ല. അനുയായികളുടെ തെറിവിളിക്കുനടുവില്‍ കൂട്ടിലകപ്പെട്ട പുലി ഇരിക്കുന്നതിന്റെ ദയനീയത നാട്ടുകാരാകെ കണ്ടിട്ടും ചെന്നിത്തല നോട്ടീസയച്ചത് അതേ പുലിക്കുതന്നെ. ആരുണ്ടവിടെ കാണട്ടെ എന്നാണ് സുധാകരന്‍ വെല്ലുവിളിച്ചത്. ആരും കാണാന്‍ പോയിട്ട് ഒന്നു മോങ്ങാന്‍പോലും ചെന്നില്ല. അല്ലെങ്കിലും അടി പേടിച്ചാരും ആ വഴി നടപ്പീല.

സുധാകരന്റെ ചെന്നൈക്കാര്യം പറഞ്ഞ ഡിസിസി മെമ്പര്‍ പുഷ്പരാജന്‍ ഇപ്പോള്‍ ജീവച്ചിരിപ്പുണ്ടോ എന്നുതന്നെ കോണ്‍ഗ്രസുകാര്‍ക്കറിയില്ല. കാലുകള്‍ തകര്‍ന്ന് കിടപ്പാണ്. ഗുണ്ടകളാണ് ഡിസിസി ആപ്പീസ് കൈയ്യടക്കിയത്. ഒരു ഗുണ്ട പത്രക്കാരുടെ മുന്നില്‍വച്ച് ആരോടോ ഫോണില്‍ പറഞ്ഞു: "പട്ടിയെ പുറത്തെ തൂണില്‍ കെട്ടിയപോലെ ഇവിടെ ഒരാളെ കെട്ടിയിട്ടിട്ടുണ്ട്" എന്ന്. ഒരു കളിപ്പാട്ടം കിട്ടിയപോലെയായിരുന്നു ഡിസിസി പ്രസിഡന്റിനെ അവര്‍ ഗാന്ധിയന്‍മുറയില്‍ കൈകാര്യം ചെയ്തത്. ചിലര്‍ നുള്ളിനോക്കി. മറ്റു ചിലര്‍ താടിയില്‍ പിടിച്ചുതള്ളി. ഒരാള്‍ കണ്ണട പിടിച്ചുവലിച്ചു. മഴപെയ്തപ്പോഴും വെയില്‍ കനത്തപ്പോഴും പാവം ഇരിപ്പുതന്നെ. കുടുംബസഹായ ഫണ്ട് വെട്ടിപ്പ്, അവിഹിത സ്വത്ത് സമ്പാദനം, ഗുണ്ടായിസം-ഇങ്ങനെ സുധാകരന്‍ നേതാവിന്റെ ചില്ലറ കലാപരിപാടികള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ രാമകൃഷ്ണന്‍ തുറന്നു പറഞ്ഞുപോയി. പുതിയ ബന്ധു കുഞ്ഞനന്തന്‍നായരെ സംരക്ഷിക്കാനിറങ്ങുന്നത് കോണ്‍ഗ്രസുകാരെ ബലിയാടാക്കി ഫണ്ടുപിരിക്കാനാണെന്ന പരമാര്‍ഥവും നാവില്‍നിന്ന് വീണുപോയി. അല്ലെങ്കിലും എങ്ങനെ പറയാതിരിക്കും- അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്ന് തലയില്‍ കയറ്റിയത് കോണ്‍ഗ്രസിനെ നന്നാക്കാനല്ല എന്ന് രാമകൃഷ്ണനോളം അറിയുന്നവര്‍ വേറെയാരുണ്ട്. സുധാകരന് നിയമം വേറെയാണ്. ഇടയ്ക്ക് ഗള്‍ഫിലെ നിയമം, മറ്റു ചിലപ്പോള്‍ ചെന്നൈയിലെ നിയമം. ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂല വിധി സമ്പാദിക്കാനായി സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ബാര്‍ ഉടമയുടെ ഇടനിലക്കാരനായി പോയി എന്നു തുറന്നുപറഞ്ഞാലും സുധാകരനെ തൊടില്ല. എല്ലാം അന്വേഷിച്ചാല്‍ തമിഴ്നാട്ടിലെ രാജയുടെ തൊട്ടടുത്ത മുറി തിഹാറില്‍ ആജീവനാന്തം മാറ്റിയിടേണ്ടിവരും. രാജയുടെയും ചമ്പല്‍ രാഷ്ട്രീയക്കാരുടെയും മിശ്രിതമാണ് കണ്ണൂരിന്റെ ഈ "പൊന്നോമന". രാമകൃഷ്ണനെ തല്ലിയാലും പുറത്താക്കിയാലും കുഴപ്പമില്ല- കുഞ്ഞനന്തന്‍നായരുണ്ടല്ലോ എന്നാണ് സുധാകരന്റെ ഉറപ്പ്.

നഞ്ച് നാനാഴി വേണ്ട. ചീത്തവിളിക്കാന്‍ ആളെ വാടകയ്ക്കു കിട്ടുന്നതിനേക്കാള്‍ സൗകര്യം വേറെന്തുണ്ട്. നായര്‍ക്ക് ഇപ്പോള്‍ ക്വട്ടേഷന്‍പണിയാണെന്ന് സുധാകരന്‍ മനസിലാക്കിയിട്ടുണ്ട്. മലപ്പുറം സമ്മേളനത്തോടെ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റംഗമാകാന്‍ നടന്നയാളാണ് നായര്‍ . ഇനി അതിനു കഴിയില്ലെങ്കില്‍ ഒരു ഡിസിസി അംഗമാക്കാനൊക്കെ സുധാകരന്‍ വിചാരിച്ചാല്‍ കഴിയും. പരസ്പര സഹായസംഘമായി ഗുണ്ടായിസം കാണിച്ചും പുലയാട്ടു പറഞ്ഞും അങ്ങനെ കഴിയാം. ഇ പി ജയരാജനെ കൊല്ലാന്‍ വാടകഗുണ്ടകള്‍ക്ക് തോക്കും പണവുംകൊടുത്ത് പറഞ്ഞുവിട്ടയാളാണ് സുധാകരന്‍ . ജയരാജന്റെ കഴുത്തില്‍ ഇപ്പോഴും സുധാകരന്‍ പണംകൊടുത്തുവാങ്ങിയ വെടിയുണ്ടയുണ്ട്. ആ ജയരാജനെയും സഖാക്കളെയും കായികമായി നേരിടുന്നത് ഇനി വലിയ പ്രയാസമാകും എന്ന് കണ്ടാകണം-തെറിവിളിക്ക് നായര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തത്. ഗുണ്ടായിസം സ്വന്തം പാര്‍ടിയിലേക്ക് ചുരുക്കിയതുമാകാം. എന്നിട്ടും നമ്മുടെ മാധ്യമ മഹാന്മാര്‍ വിലപിക്കുന്നത് കണ്ണൂരില്‍ മാര്‍ക്സിസ്റ്റക്രമം എന്നാണ്.

സ്വന്തം പാര്‍ടിനേതാവിനെ ഇങ്ങനെ കൈകാര്യംചെയ്ത സുധാകരന്‍ മാര്‍ക്സിസ്റ്റുകാരോട് ഗാന്ധിസം പ്രസംഗിക്കുകയല്ലേ ഉള്ളൂ. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മിണ്ടാതിരിക്കാം. സുധാകരന്‍ എന്ന പേരുച്ചരിച്ചാല്‍ തെങ്ങേല്‍ കെട്ടപ്പെടും. ഹൈക്കമാന്‍ഡ് നിരീക്ഷകന്റെ ഉടുതുണി പറിച്ച പാര്‍ടിയാണ്. ഡിസിസി പ്രസിഡന്റിനെ ബന്ദിയാക്കിയെങ്കില്‍ അടുത്ത ഊഴം കെപിസിസി പ്രസിഡന്റിനാകും. കണ്ണൂരിലേക്കുള്ള വണ്ടിയുടെ ഭാഗത്തുപോകാതിരുന്നാല്‍ അവര്‍ക്കു നല്ലത്. സുധാകരനെ പറ്റുമെങ്കില്‍ കെപിസിസി ഗുണ്ടാവിഭാഗം തലവനാക്കി, ഇദ്ദേഹത്തിന്റെ നിയന്ത്രണം ഹൈക്കമാന്‍ഡിനുമാത്രം എന്ന് പ്രഖ്യാപിക്കണം. കണ്ണൂര്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാക്കി ഭരണച്ചുമതല ആ മഹാനേതാവിന് കൊടുക്കുകയും വേണം. എന്നാലും നമ്മുടെ മാധ്യമങ്ങള്‍ മിണ്ടില്ല. അവര്‍ അമേരിക്കയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊള്ളും.

*
പ്രസ് അക്കാദമി ചെയര്‍മാന്‍ എഴുതിക്കണ്ടത് പിണറായിയുടെ നെഞ്ചത്താണ് യുഎസ് എന്നെഴുതിവച്ചതെന്ന്. അതായിരുന്നു പരിപാടി. അമേരിക്കക്കാര്‍ നാട്ടില്‍ ചുറ്റിത്തിരിയുന്നുണ്ട്. ആണവകരാര്‍ പ്രശ്നം വന്നപ്പോള്‍ മനോരമയുടെ ഓഫീസില്‍ കയറിച്ചെന്ന് അവര്‍ ക്ലാസെടുത്തു. ക്ലാസുകളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ നിയമസഭയിലെ ക്ലാസുപോലെയല്ല. നിയമസഭയില്‍ പി സി ജോര്‍ജ്, ശ്രേയാംസ്കുമാര്‍ , ചെന്നിത്തല തുടങ്ങിയ മഹാധ്യാപകരാണ് ക്ലാസെടുത്തത്. അതുപോലെയല്ല സായ്പന്‍മാരുടെ ക്ലാസ്. അവര്‍ വേണ്ട കാര്യങ്ങള്‍ തുറന്നടിച്ച് പറയും-കല്‍പ്പറ്റയില്‍ നിന്നുള്ള സാറിനെപ്പോലെ ക്ലാസെടുക്കുമ്പോഴും കോടതിവിധി വരുമ്പോഴും സഭയിലിരിക്കുമ്പോഴും മൗനവ്രതമാചരിക്കില്ല. പി സി ജോര്‍ജിനെപ്പോലെ ക്ലാസുകഴിഞ്ഞ് എന്തായിരുന്നു എന്റെ വിഷയം എന്ന് ചോദിക്കുകയുമില്ല. എങ്ങനെ എഴുതണം; എന്തെഴുതണം; ആരെ അടിക്കണം എന്നെല്ലാം മനോരമയുടെ കുട്ടികളെ സായ്പന്‍മാര്‍ പഠിപ്പിച്ചു വിട്ടു. അതിന്റെ കഥയും വന്നിട്ടുണ്ട് വിക്കിലീക്സ് കേബിളില്‍ . അമേരിക്കന്‍ കേബിള്‍ ഒരു ബോംബായാണ് കൊണ്ടുവന്നത്. വി എസ് ആയുര്‍വേദ ചികിത്സയുടെ പേരുപറഞ്ഞ് കാണാന്‍ കൂട്ടാക്കിയില്ല- പിണറായിയും എം എ ബേബിയും തോമസ് ഐസക്കും അമേരിക്കക്കാരെ കണ്ട് ചര്‍ച്ച നടത്തി എന്നാണ് ആദ്യം വാര്‍ത്ത വന്നത്. ഉമേഷ് ബാബു എന്ന സിദ്ധാന്ത വിചക്ഷണന്‍ ഒരു ചാനലില്‍ കയറിയിരുന്ന് പറയുന്നത് കേട്ടത്, പിണറായി താണുകേണ് അപേക്ഷിച്ചില്ലേ എന്നാണ്. ലീക്കുചെയ്തുവന്ന രേഖകളിലൊന്നും അങ്ങനെയൊന്ന് കാണുന്നില്ല. ഒരുപക്ഷേ അതിനായി ഒരു സേവ് അമേരിക്കാ ഫോറം വാറോല ഇറങ്ങിയിട്ടുണ്ടാകും. രേഖകളില്‍ കാണുന്നത് അമേരിക്കക്കാര്‍ വന്ന് എല്ലാ പാര്‍ടികളുടെയും നേതാക്കളെ കണ്ടു എന്നാണ്. ഒരിക്കല്‍ വന്നപ്പോള്‍ വി എസ് ഇറാഖിലെ കാര്യം പറഞ്ഞു. പിന്നെ വന്നപ്പോള്‍ നിക്ഷേപത്തിന്റെ കാര്യം പറഞ്ഞു. അത് പത്രലേഖകരെ വിളിച്ച് അറിയിക്കുകയുംചെയ്തു. വി എസ് അമേരിക്കാ വിരുദ്ധന്‍ ; പിണറായി അമേരിക്കാ അനുകൂലി എന്ന കഥയുമായി വന്നവര്‍ , പാര്‍ടിയില്‍ അക്കാര്യത്തില്‍ ഒരു നിലപാടേ ഉള്ളൂ എന്ന് മനസിലായപ്പോള്‍ പത്തിമടക്കി. വീശാനോങ്ങിയ വാള്‍ ഉറയിലിട്ടു. ഇതാണ് മാധ്യമങ്ങളുടെ സമ്മേളന അജന്‍ഡ.

പത്മനാഭന്റെ അമ്പലത്തില്‍ നിധി കണ്ടപ്പോഴും അവര്‍ നോക്കിയത്, സിപിഐ എമ്മില്‍ നിധിപക്ഷവും നിധിവിരുദ്ധ പക്ഷവുമുണ്ടെന്ന് വരുത്താനാണ്. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എന്തുപറഞ്ഞാലും അതാണ് യഥാര്‍ഥ ഇടതുപക്ഷം എന്ന് വിശ്വസിക്കുന്ന കുറെയാളുകളും വിശ്വസിപ്പിക്കുന്ന കുറെ ചര്‍ച്ചാംദേഹികളും നാട്ടിലുണ്ടല്ലോ. തൊഴിലാളി വര്‍ഗത്തിന്റെ ഗുണങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. ലുംപന്‍ ശക്തികള്‍ എന്നു വിളിക്കും. അവര്‍ക്ക് വര്‍ഗസ്വഭാവമേ ഇല്ലാതുള്ളൂ. അവിടെ എന്തും ചെലവാകും. അവരെ ആവേശംകൊള്ളിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുകയുംചെയ്യും. അവരെവച്ചുള്ള കളിയാണ് നടക്കുന്നത്. അവരെ എങ്ങനെ ഇളക്കണം എന്ന ക്ലാസും അമേരിക്കന്‍ സായ്പന്‍മാര്‍ മനോരമയില്‍ ചെന്ന് എടുത്തിട്ടുണ്ടാകും. അതല്ലെങ്കില്‍ മനോരമയ്ക്ക് എങ്ങനെ ഇത്ര വലിയ ഇടതുപക്ഷ പ്രണയം വന്നു എന്ന് ചിന്തിക്കേണ്ടതല്ലേ? എന്തായാലും വിക്കിലീക്സ് വന്നതുകൊണ്ട് ഒരു ഗുണമുണ്ടായി-അമേരിക്കക്കാര്‍ക്ക് കേരളക്കാര്യത്തില്‍ എന്തിത്ര താല്‍പ്പര്യം എന്ന് ഇനി ആരും ചോദിക്കില്ലല്ലോ. മാര്‍ക്സിസ്റ്റുകാര്‍ അമേരിക്കന്‍നിക്ഷേപത്തോടോ അവിടത്തെ ജനങ്ങളോടോ അല്ല യുദ്ധംചെയ്യുന്നത്-അമേരിക്കന്‍ സാമ്രാജ്യത്വത്തോടാണ് എന്ന് പറഞ്ഞു മനസിലാക്കാന്‍ ഇനി പ്രയാസമില്ലല്ലോ.