Sunday, May 30, 2010

കലിയുഗ അവതാരങ്ങള്‍

നാരദക്രിയ എന്നാല്‍ ഏഷണിക്കാരന്റെ പ്രവൃത്തിയാണ്. നാരദന് കലികാരകന്‍ എന്നും പേരുണ്ട്. നര-മനുഷ്യ സമൂഹത്തെ ഭേദിക്കുന്നവനാരോ അവനാണ് നാരദന്‍. ബ്രഹ്മാവിന്റെ തുടയില്‍നിന്നോ നെറ്റിയില്‍നിന്നോ മറ്റോ ആണ് ജനനം. നാട്ടുമ്പുറത്ത് ഏഷണിക്കാരായ ആണിനെയും പെണ്ണിനെയും നാരദനോടുപമിക്കാറുണ്ട്. തമ്മിലടിപ്പിക്കലും ഉപജാപവും കലയാക്കിമാറ്റിയ ശകുനി മഹാഭാരതത്തിലെ പ്രധാന കഥാപാത്രമാണ്. ശകുനി എന്ന പദത്തിന്റെ ലാക്ഷണികാര്‍ഥം വഞ്ചകന്‍ എന്നാണ്. കലഹകാരികളെയും ഏഷണിക്കാരെയും തപ്പിച്ചെല്ലുമ്പോള്‍ അത്തരക്കാരുടെ വലിയ സമ്മേളനങ്ങള്‍ നടത്താനുള്ള വക പുരാണങ്ങളിലുണ്ട്.

കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് നോക്കുമ്പോള്‍ പലപല നാരദന്മാരെയും ശകുനിമാരെയും കാണാം. ജോര്‍ജ്, സുധീരന്‍, ബി ആര്‍ പി, നീലകണ്ഠന്‍, അപ്പുക്കുട്ടന്‍- താരതമ്യേന വിഷം കുറഞ്ഞ ഇനങ്ങളാണ്. അഷ്ടിക്കുവേണ്ടി പരപൃഷ്ഠംചൊറിയുന്നവര്‍; അധികാരവും പ്രതാപവും നഷ്ടപ്പെട്ടവര്‍; പൊയ്പ്പോയത് തിരിച്ചുപിടിക്കാനും പുതിയത് വെട്ടിപ്പിടിക്കാനും ഞാണിന്മേല്‍ കളിക്കുന്നവര്‍. ഉപമ ഉദാരവല്‍ക്കരിച്ചാല്‍ പാഷാണത്തില്‍ കൃമി, ചൊറിയന്‍ ചേമ്പ്, ആപ്പുക്കുട്ടന്‍, ക്രൈമേന്ദ്രകുമാരന്‍ എന്നിങ്ങനെയും ഉപമ ആഗോളവല്‍ക്കരിച്ചാല്‍ ഇയാഗോ, യൂദാസ്, ബറാബാസ്, ലൂസിഫര്‍, ഷൈലോക്ക് എന്നിങ്ങനെയും.

ഇത്തരം ഉപമകള്‍ക്കൊന്നും ഉള്‍ക്കൊള്ളാനാകാത്ത ചില കഥാപാത്രങ്ങളും കണ്‍മുന്നിലുണ്ട്. അനേകനാളത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം അതിലൊരാള്‍ക്ക് ശതമന്യു കൃത്യമായ ഒരു താരതമ്യനെ കണ്ടെത്തി- കലി. പാപത്തിന്റെ ദേവന്‍ അഥവാ മൂര്‍ത്തീകരണമാണ് കലി. പരമദുഷ്ടനാണ്. ഗോമിഥുനങ്ങളെ കൊല്ലാന്‍ ശ്രമിച്ച കലിയെ പരീക്ഷിത്ത് രാജാവ് രാജ്യത്തുനിന്ന് ഇറക്കിവിടാന്‍ തീരുമാനിച്ചു. ഒരുസെന്റ് സ്ഥലമെങ്കിലും വേണം രാപ്പാര്‍ക്കാന്‍ എന്നായി കലി. എങ്കില്‍ അഞ്ചേ അഞ്ചിടത്തേ തന്നെ കാണാന്‍ പാടുള്ളൂ എന്നായി രാജാവ്. മുച്ചീട്ടുകളിക്കുന്നിടം, സ്മോള്‍ അടിക്കുന്നിടം, കനകം- കാമിനി എന്നിവ നില്‍ക്കുന്നിടം, കുത്തിക്കൊല്ലുന്നിടം. ഈ അഞ്ചിടങ്ങളില്‍ കലിയുടെ സഞ്ചാരസ്വാതന്ത്ര്യം സത്യമേവ ജയതേ.

കിനാലൂരില്‍ ചാണകവെള്ളം തളിക്കാന്‍ കലി. പറശ്ശിനിയില്‍ കുത്തിത്തിരിക്കാന്‍ കലി. കോഴിക്കോട്ട് മലര്‍ന്നുകിടന്ന് തുപ്പാനും വയനാട്ടില്‍ വെട്ടിപ്പിടിക്കാനും കലി. കണ്ടല്‍ പ്രേമത്തിനും കലി; മരംമുറിച്ച് കടത്താനും കലി. എവിടെവിടെ അസ്വസ്ഥത പുകയുന്നുവോ അവിടവിടെ കുതിച്ചെത്തി എണ്ണയൊഴിച്ച് കത്തിക്കാന്‍ കലീന്ദ്രകുമാര്‍! കൃഷ്ണന്‍കുട്ടി സ്പിരിറ്റ് ചേര്‍ത്ത കള്ളടിച്ച് സ്വര്‍ഗാരോഹണം ചെയ്ത അന്നുമുതലാണ് കലിയുഗത്തിന്റെ ആരംഭം.

കലിയും നളനും ഉള്‍പ്പെട്ട ഒരു കഥയുണ്ട്. ഡെസ്റ്റിമോണയ്ക്ക് ഒഥല്ലോ ഇണയായപ്പോള്‍ ഇയാഗോയ്ക്ക് അസൂയ പെരുത്തപോലെ. ദമയന്തിയെ നളന്‍ മംഗലം കഴിച്ചപ്പോള്‍ കലിക്കും ദുരയും അസൂഷയും മൂത്തു. നളന്റെ രാജ്യം നഷ്ടപ്പെടുത്തും, ദാമ്പത്യം തകര്‍ക്കും എന്ന് കലിയും ദ്വാപരനും പ്രതിജ്ഞയെടുത്തു. നളന്‍ അശുദ്ധമായ തക്കംനോക്കി ആ ശരീരത്തില്‍ കയറി. ചൂതുകളിപ്പിച്ചു. ഒടുവില്‍ ശാപംകയറി കാര്‍ക്കോടകന്റെ വിഷവുംകൊണ്ടായി കലിയുടെ നടപ്പ്. എവിടെ കുഴപ്പത്തിന് വകയുണ്ടോ അവിടെ കലിയുണ്ട്. പിടിക്കപ്പെട്ടാല്‍ പൊട്ടിക്കരയും; മാപ്പിരക്കും. ഏറ്റവുമൊടുവില്‍ താന്നിമരത്തെക്കൂടി നികൃഷ്ടവൃക്ഷമാക്കിയാണ് കലി നളനെ വിട്ടൊഴിഞ്ഞത്. കുറിപ്പ്: കലിയുടെ കഥ സത്യമായും ജീവിച്ചിരിപ്പുള്ള മനുഷ്യരെ ആരെയും ഉദ്ദേശിച്ചല്ല. ഏതെങ്കിലും മൃഗങ്ങളുമായി താരതമ്യം തോന്നുന്നുണ്ടെങ്കില്‍ യാദൃച്ഛികം മാത്രം.

*
മോരും മുതിരയും എന്ന കോമ്പിനേഷനുമാത്രമേ വിലക്കുള്ളൂ. കെ എം മാണിയും പി സി ജോര്‍ജുമാകാം. പി ജെ ജോസഫും പി ടി തോമസുമാകാം. മാത്തുക്കുട്ടിച്ചായനും വീരേന്ദ്രകുമാറുമാകാം. എന്തിന്, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാകാം. ചെന്നിത്തലയെ വെട്ടാന്‍ കരുണാകരന്റെ കാലില്‍ ഉമ്മന്‍ചാണ്ടി വീഴുന്ന കാലമാണ് യഥാര്‍ഥ കലികാലം. അരുതാത്തത് പലതും സംഭവിക്കും. കണ്ടില്ലേ ലയനത്തിന്റെയൊരു പരിണാമം. ഇടതുപക്ഷത്തിന് ലാഭമാണ്. മുന്നണിമര്യാദയുടെ പേരില്‍ ചുമക്കേണ്ടിവന്ന വിഴുപ്പ് താഴെ എത്തി. ഇനി അത് പി ടി തോമസ് ചുമലില്‍ വഹിക്കട്ടെ. എനിക്കും യജമാനനുംകൂടി ആയിരത്തി ഒരുനൂറ് ശമ്പളം എന്ന പല്ലവിയുംകൊണ്ട് എത്രകാലം പോകും? സ്വന്തമായി വോട്ടുവല്ലതുമുണ്ടെങ്കില്‍ ശിഷ്ടകാലം കോണ്‍ഗ്രസിനെ സേവിച്ചും മാണി തരുന്നത് കൈനീട്ടി വാങ്ങിയും കഴിയട്ടെ. വീഞ്ഞ്, അപ്പം തുടങ്ങിയ വിശിഷ്ടഭോജ്യങ്ങള്‍ മുടങ്ങാതെ കിട്ടുന്നതിനാല്‍ പട്ടിണിയാകില്ല. ചിലര്‍ മറ്റു ചിലര്‍ക്ക് കുരിശാകുന്നു; ചിലര്‍ സ്വയം കുരിശിന്റെ ഫലം ചെയ്യുന്നു. എങ്ങനെയായാലും കുരിശിന്റെ വഴിതന്നെ.

*
നേര്‍ക്കുനേര്‍ കിട്ടാത്തത് തേടിപ്പിടിക്കണം. സൈക്കിള്‍ ബാലന്‍സുകാരുടെ അനൌസ്മെന്റ് കേട്ടിട്ടില്ലേ- മനമിളക്കുന്ന ചുവടോടെ മാദകറാണി, മദനമോഹിനിയുടെ മോഹനനൃത്തം - വരുവിന്‍; വന്നുകണ്ടാനന്ദിപ്പിന്‍- എന്ന്. അതുപോലെയാണ് യൂത്ത് കോണ്‍ഗ്രസും. അംഗങ്ങളെ തേടി മാധ്യമങ്ങളില്‍ വര്‍ണപ്പരസ്യം. കാറ്റുപോയ യുവജനസംഘടനയ്ക്ക് ഊര്‍ജംപകരാന്‍ രാഹുല്‍ജിയുടെ മുസ്ളി പവര്‍ ട്രീറ്റ്മെന്റ്. നടിമാരും ക്രിക്കറ്റ് താരങ്ങളും വന്നിട്ട് നടക്കാത്തത് പരസ്യംകൊണ്ട് സാധിച്ചുകളയാമെന്ന്. ആര്‍ക്കും വെക്കാം; എവിടെയും വെക്കാം- വെറും പതിനഞ്ചു രൂപ അംഗത്വഫീസ്. വെബ്സൈറ്റിലൂടെ അപേക്ഷിച്ചാല്‍മതി.

എന്തായാലും കോണ്‍ഗ്രസല്ലേ, തന്‍കുഞ്ഞല്ലേ എന്നമട്ടില്‍ പൊതിഞ്ഞുമാത്രമേ വഴക്കിന്റെ കാര്യം മകാരമാധ്യമങ്ങള്‍ പുറത്തെടുക്കുന്നുള്ളൂ. അവര്‍ക്കിപ്പോള്‍ പുതിയ ഒരു ഇരയെയാണ് കിട്ടിയത്. സ്വത്വരാഷ്ട്രീയം. മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരും അനുകൂലവുമായ കടുത്ത പോരാട്ടം നടക്കുന്നുവത്രേ. എന്താണ് സ്വത്വരാഷ്ട്രീയം എന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല വാര്‍ത്താപ്പടപ്പ്. എന്തോ ഒരു സാധനം. മഞ്ഞളുപോലെ വെളുത്തിട്ട്. അത് മാര്‍ക്സിസ്റ്റുകാര്‍ പൊക്കിപ്പിടിച്ച് തട്ടിക്കളിക്കുന്നുവെന്നാണ് ആഘോഷം. ചേട്ടന്മാര്‍ക്ക് മനസ്സിലാകാത്ത ചിലതൊക്കെ ഉള്ളതുകൊണ്ടാണല്ലോ മാര്‍ക്സിസം-ലെനിനിസം എന്നൊക്കെ പറയുന്നത്. അല്ലെങ്കില്‍ മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, സുധീരന്റെ ആദര്‍ശവൈകൃത സിദ്ധാന്തംപോലെ, ബി ആര്‍ പിയുടെയും കെ എം റോയിയുടെയും വാര്‍ധക്യമനോവിഭ്രാന്ത സിദ്ധാന്ത സംഹിതപോലെ എടുക്കാച്ചരക്കായിപ്പോകില്ലേ മാര്‍ക്സിസം-ലെനിനിസം.

സ്വത്വരാഷ്ട്രീയം കണ്ട് ആര്‍ക്കും പനിക്കേണ്ടതില്ല. അതങ്ങ് എണ്ണയൊഴിച്ച് കത്തിച്ച് പുതിയ പ്രത്യയശാസ്ത്ര പ്രതിസന്ധി ജനിപ്പിക്കാനും നോക്കേണ്ട. അല്‍പ്പസ്വല്‍പ്പം ബുദ്ധിയും ചിന്താശേഷിയുമുള്ളവര്‍ അഭിപ്രായം പറയും; തര്‍ക്കിക്കും- ചിലപ്പോള്‍ രൂക്ഷമായി വാദപ്രതിവാദം നടത്തും. എല്ലാം കഴിഞ്ഞാല്‍ അഭിപ്രായസമന്വയത്തിലെത്തുകയും ചെയ്യും. അതല്ലാതെ ഒരാള്‍ കല്‍പ്പിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് കമ്യൂണിസ്റ്റുകാര്‍ക്ക് വശമില്ല. സംവാദം കാണാതെ സംഘര്‍ഷം കൊതിക്കുന്നവര്‍ക്ക് സ്വസ്തിയുണ്ടാകട്ടെ.

*
ഹീനഭാഷ എന്ന് ഒരു കുറ്റപ്പെടുത്തല്‍ കണ്ടു. സംസ്കൃതത്തില്‍ പറഞ്ഞാല്‍ അത് മാധുര്യമൂറുന്ന തെറിയാകുമോ എന്തോ. വാക്കും നോക്കും അശ്ളീലമായാലും അതിന്റെ ഏനക്കേട് പത്രദ്വാരത്തിലൂടെ തീര്‍ക്കാമെന്നുണ്ടെങ്കില്‍ ആരെയും ബിനാമിയെന്നോ വൃത്തികെട്ടവനെന്നോ വിളിക്കാം. ശതമന്യുവിന് പക്ഷേ, ഒരുത്തനും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല ഒരുത്തനും പ്രിയമായിപ്പറവാനും ഭാവമില്ല പറയാനുള്ളതു നേരേ ചൊവ്വേ. കള്ളം പറയുന്നയാള്‍ കള്ളന്‍തന്നെ. ഭൂമിതട്ടിപ്പുകാരന്‍, സാഹിത്യ ചോരന്‍, പൊങ്ങച്ചക്കാരന്‍ എന്നിങ്ങനെയുള്ളവരെ കണ്ടാല്‍, 'എടോ കുമാരാ, താനേതു പുളിയാര്‍മലക്കാരന്‍'എന്നെങ്കിലും ചോദിച്ചുപോയില്ലെങ്കില്‍ ഭാഷ എന്ന സാധനം എന്തിന്?

Sunday, May 9, 2010

ചില്ലുമേടയും കല്ലും

എന്താണ് ഒരു പത്രാധിപരുടെ ലക്ഷ്യം? ലളിതമായ ഉത്തരമുണ്ട്-

"പത്തുലക്ഷം പത്രം ചേര്‍ക്കണം. പരസ്യ റേറ്റ് കൂട്ടണം. കൊച്ചുമക്കള്‍ക്ക് പത്തുചക്രം മിച്ചം പിടിക്കണം.''

ഇത് ഒരു സിനിമാ ഡയലോഗാണ്. 'പത്രം' എന്ന സിനിമയിലെ പത്രാധിപരച്ചായന്‍ പറയുന്നത്. ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രമോദ് മഹാജന്‍. തട്ടുപൊളിപ്പന്‍ ഡയലോഗുകളും മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി സിനിമ അരങ്ങുതകര്‍ത്തോടി. (മനോരമയും മാതൃഭൂമിയും അന്ന് ഈ ചിത്രത്തിന്റെ പരസ്യംപോലും പ്രസിദ്ധീകരിച്ചില്ല) പത്രച്ചിത്രം കണ്ട മനോരമകുടുംബത്തിലൊരാള്‍ക്ക് സംശയം. സിനിമയിലെ മുതലാളി നമ്മുടെ അച്ചായന്‍ തന്നല്ല്യോ? ചാരസുന്ദരിമാരുടെ മാദകകഥകളെഴുതിച്ച് സര്‍ക്കുലേഷന്‍ ഡ്രൈവ്നടത്തുന്നത് റബറിന്റെയും ബലൂണിന്റെയും പാരമ്പര്യമുള്ള പത്രം തന്നല്ലേ?

സംശയം സിന്‍ഡിക്കേറ്റുവാര്‍ത്തപോലെ പരന്നു. കണ്ടത്തില്‍ കുടുംബത്തില്‍ തീക്കനലെരിഞ്ഞു. കുടുംബത്തിങ്കല്‍നിന്ന് ഒരു മുതിര്‍ന്ന പൌരന്‍ ഡല്‍ഹിക്ക് പറന്നു. മധ്യസ്ഥന്‍ പഴയ മനോരമ കുടുംബാംഗവും പുതിയ ബിജെപിയുടെ ഉപദേശിയുമായ ഡല്‍ഹിവാല. പ്രമോദ് മഹാജന്റെ ഓഫീസില്‍ മധ്യസ്ഥസാന്നിധ്യത്തില്‍ മനോരമ ആവശ്യംവച്ചു- പത്രം എന്ന സിനിമ നിരോധിക്കണം. ഫയല്‍ തിരിച്ചും മറിച്ചും വായിച്ചുനോക്കി മഹാജന്‍ തീര്‍പ്പുകല്‍പ്പിച്ചു:

"സാധ്യമല്ല''.

സോണിയ ഗാന്ധിയെ വിമര്‍ശിച്ച് 'വീക്കി'ല്‍ ലേഖനമെഴുതിയതിന്റെ പേരില്‍ മനോരമയുടെ പടിയിറങ്ങേണ്ടിവന്ന മധ്യസ്ഥന്റെ ചതിയോ മഹാജന്റെ തന്റേടമോ കാരണമായതെന്നറിയില്ല. ഡല്‍ഹിക്കുപോയ ആള്‍ നൈരാശ്യത്തോടെ കോട്ടയത്തിന് മടങ്ങി.

ഇപ്പറഞ്ഞതാണ് മനോരമയുടെ ഇടപെടലിന്റെ കഥ. നന്നാക്കാനും നശിപ്പിക്കാനും ഇടപെടും. പത്മഭൂഷണ്‍ കിട്ടാനും പത്മശ്രീ കിട്ടിക്കാതിരിക്കാനും ഇടപെടും. മണലില്‍ എന്നപേരുള്ള ഒരാളുണ്ട് മനോരമയില്‍. മിക്ക അവാര്‍ഡ് കമ്മിറ്റികളിലും അംഗമാകും പഹയന്‍. ബലൂണ്‍ മാനേജ്മെന്റിന് അസൂയ; ചില്ലറ അസ്വാരസ്യം. ഉടനെ തീരുമാനിച്ചു: ഇനി മനോരമയില്‍ അവാര്‍ഡ് കമ്മിറ്റിക്കാരുടെ പേര് കൊടുക്കാനേ പാടില്ല. ഇങ്ങനെ ചികഞ്ഞെടുക്കാന്‍ ഒരുപാടു കഥകളുണ്ട്. ശതമന്യു ഇതെല്ലാം എടുത്തു പുറത്തിടാന്‍ ആളല്ല. പ്രത്യേകിച്ചും അനന്തപുരിയില്‍ അടുത്തടുത്ത്, അടുപ്പുകൂട്ടിയതുപോലെയാണ് മൂന്നു പത്രമാപ്പീസുകള്‍. മനോരമയുടെ ചില്ലുമേടയില്‍നിന്ന് ഒരു ഏറുവന്നാല്‍ അച്ചായന്റെ ചില്ലുമേടയും പൊളിയും ശതമന്യുവിന്റെ തലയും പൊളിയും. പതിനാറുപേജുള്ള പത്രത്തില്‍ പപ്പാതി മനോരമയും ദേശാഭിമാനിയും പങ്കിട്ടെടുത്ത് അച്ചടിക്കുന്ന മധുരമനോജ്ഞസ്വപ്നമാണ് മനോരമയുടെ എഴുത്താളന്‍മാരുടെ ഡയറക്ടര്‍തന്നെ കണ്ടത്. അങ്ങനെയൊക്കെ സ്വപ്നം കാണുന്നവരെ കുത്തിനോവിക്കാന്‍ പ്രയാസംതന്നെ.

പക്ഷേ ആദര്‍ശം ദുഃഖമാണുണ്ണീ എന്നാണല്ലോ. അതുകൊണ്ട്, ഒരു ചെറിയ ഡോസ്.

ഭൂമാഫിയ, തട്ടിപ്പ് എന്നെല്ലാം എഴുതുന്നുണ്ടല്ലോ. ഭൂമി പ്രശ്നത്തില്‍ ഓര്‍ത്തഡോക്സ് സഭയും മനോരമയും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സഭ സ്വന്തം പത്രം തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ? അതിലേക്ക് ഇരുപത്തഞ്ചുകോടി കൊടുക്കാമെന്നേറ്റയാളെ വിദേശത്തേക്ക് പറന്നുചെന്ന് കണ്ട് മനോരമക്കാരന്‍ സ്നേഹാന്വേഷണം നടത്തിയോ? ഉത്തരത്തിന് ധൃതിയില്ല. പതുക്കെ, ആലോചിച്ചുമതി.

*
മാണി-ജോസഫ് ഡസ്ക് എന്നൊരു സാധനത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ മനോരമയുടെ കോട്ടയത്തെ ആപ്പീസില്‍ ചെന്നാല്‍മതി- കാണാം. മാണി-ജോസഫ് ലയനത്തിന് നിലമൊരുക്കാനും എതിര്‍പ്പുകള്‍ ലഘൂകരിക്കാനും അച്ചായന്റെ വക പനച്ചിപ്പുറത്തെ സ്പെഷ്യല്‍ ഡസ്ക്. കുഞ്ഞുമാണിയും മാണിക്കുഞ്ഞും തേങ്ങായിടീല്‍ ഉദ്ഘാടനംചെയ്താലും ഓള്‍ എഡിഷന്‍ വര്‍ണവാര്‍ത്ത വരും. പണ്ട് ടി എം ജേക്കബിനോട് ചില്ലറ ലോഹ്യമുണ്ടായിരുന്നു. ഇപ്പോള്‍ ജേക്കബ് എന്ന പേരുകണ്ടാല്‍ വാര്‍ത്ത കുട്ടയിലേക്കുപോകും. സോണിയ, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍, ശോഭന ജോര്‍ജ്- ഇങ്ങനെ കുറെ നല്ല കുട്ടികളുണ്ട്. അവര്‍ക്കെതിരായ വാര്‍ത്ത വല്ലതും വന്നാല്‍ എഴുതിയവനും കൊടുത്തവനും പട്നയിലോ ഭുവനേശ്വറിലോ പോയി വീഴും.

വീരഭൂമിയും മനോരമയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. ആദ്യത്തേത് പരാമര്‍പോലെ ഉടന്‍കൊല്ലിയാണ്. രണ്ടാമത്തേത് സ്ലോ പോയിസണ്‍. പതുക്കെ, അറിയാതെ കയറുന്ന വിഷം. ആദ്യത്തേതില്‍ അപരിഷ്കൃതമായ പ്രസംഗങ്ങളുടെ പൂര്‍ണരൂപം വരും- ഒരേരൂപം നിരന്തരം അച്ചടിച്ചുവരും. ഒന്ന് പരിഷ്കൃതവും മറ്റൊന്ന് പ്രാകൃതവും. രണ്ടും വൈകൃതംതന്നെ. മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ വീരഭൂമി ആഞ്ഞടിക്കുമ്പോള്‍ മനോരമ അതിനേക്കാള്‍ ആഞ്ഞാഞ്ഞ് അടിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

സര്‍ക്കുലേഷന്‍- അതല്ലേ എല്ലാം.

*
വി എസിനെ പിബിയില്‍ തിരിച്ചെടുക്കുന്നു, അതിനായി കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പൊളിറ്റ്ബ്യൂറോ ചേരുന്നു എന്ന വാര്‍ത്തയാണ് മെയ് ആറിന് വൈകുന്നേരം ചാനലുകളില്‍ ഫ്ളാഷായി മിന്നിയത്. ഫ്ളാഷ് പതുക്കെ പ്രധാന വാര്‍ത്തയായി; ചര്‍ച്ചയായി. ഒരു ചാനലിലല്ല, കൈരളിയും പീപ്പിളുമൊഴികെ ഏതാണ്ട് എല്ലാ ചാനലുകളിലും. പിറ്റേന്ന് പത്രങ്ങള്‍ ആ കഥ ഇങ്ങനെ പ്രസിദ്ധീകരിച്ചു:

മനോരമ: വി എസ് പുനഃപ്രവേശം ചര്‍ച്ച ചെയ്തില്ലെന്ന് സിപിഎം
മാതൃഭൂമി: വി എസിന്റെ പിബി പ്രവേശം ചര്‍ച്ച ചെയ്തില്ലെന്ന് നേതൃത്വം
മാധ്യമം: വി എസിന്റെ പിബി പുനഃപ്രവേശന തീരുമാനം പിന്നീട്
ദീപിക: അച്യുതാനന്ദനെ പൊളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കാന്‍ ആലോചന
ചന്ദ്രിക: പിബിയിലെത്താന്‍ വി എസ് ഇനിയും കാത്തിരിക്കണം

മനോരമ വാര്‍ത്ത ഇങ്ങനെയാണ്:

"മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പൊളിറ്റ്ബ്യൂറോയില്‍ തിരികെയെടുക്കാന്‍ സിപിഎം തീരുമാനിച്ചെന്ന വാര്‍ത്ത ദേശീയ നേതൃത്വം നിഷേധിച്ചു. ഇന്നലെ കേന്ദ്ര കമ്മിറ്റി നേരത്തെ പിരിഞ്ഞതിനുപിന്നാലെ പിബി സമ്മേളിച്ചത് വി എസിന്റെ പുനഃപ്രവേശം ചര്‍ച്ചചെയ്യാനാണെന്ന് ടിവി ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വിജയവാഡയില്‍ നടക്കുന്ന വിശാല കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിബി ചര്‍ച്ചചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വി എസിന്റെ വിഷയം ഉന്നയിക്കപ്പെട്ടാല്‍ ചര്‍ച്ചചെയ്യുമെന്ന് ചില പിബി അംഗങ്ങള്‍ യോഗത്തിനുമുമ്പ് പറഞ്ഞതോടെ ചില ചാനലുകള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.''

ഏതോ ഒരു കുബുദ്ധിയുടെ തലയില്‍ ഉദിച്ച് കൈമാറ്റംചെയ്ത ഭാവനയാണ് ചാനലുകള്‍ വാരിവാരി ഭക്ഷിച്ചതും പിറ്റേന്ന് പത്രങ്ങള്‍ ഏമ്പക്കം വിട്ടതും. ഏതുകേന്ദ്രം, എന്തുദ്ദേശ്യം എന്ന വിഷയങ്ങളൊന്നും ശതമന്യു ചര്‍ച്ചചെയ്യുന്നില്ല. ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഒറ്റക്കാര്യം മാത്രം:

മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊരു സാധനം ഇല്ലേയില്ല. വാര്‍ത്ത ഉണ്ടാകുന്നതും പ്രചരിക്കുന്നതും തീര്‍ത്തും നിഷ്കളങ്കമായ കര്‍ണാടകസംഗീതംപോലെ അനര്‍ഗളനിര്‍ഗളമായ സ്വാഭാവിക പ്രക്രിയയിലൂടെയാണ്.

*
ശതമന്യുവിന്റെ ആരെയും ആരും കെട്ടിയശേഷം ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ട് മാതൃഭൂമിയോടും സ്നേഹം, മനോരമയോടും സ്നേഹം, ഏഷ്യാനെറ്റിനോടും ഇന്ത്യാവിഷനോടും പെരുത്ത് സ്നേഹം. ശതമന്യു ആരെയും എന്തും പറയും. വ്യക്തിപരമായി അധിക്ഷേപിക്കും. തിരിച്ചിങ്ങോട്ട് തമാശയ്ക്കുപോലും ഒരക്ഷരം പറയാന്‍ പാടില്ല. കാരണം ശതമന്യു പത്രപ്രവര്‍ത്തനരംഗത്തെ ഒരു വല്യ പുള്ളി ആകുന്നു. മാധ്യമ കിടിലമാകുന്നു. ഞങ്ങള്‍ മാധ്യമ കിടിലങ്ങള്‍ക്ക് എല്ലാ സമയത്തും അലറിയാര്‍ക്കാമെന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ എന്തോ പറഞ്ഞ മന്ത്രിയും ഇനി പറയാന്‍ പോകുന്ന മന്ത്രിമാരും ദയവായി ജാഗ്രത പാലിക്കണം. ഞങ്ങള്‍ ഒന്നു തീരുമാനിച്ചിറങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ നിയന്ത്രിക്കാനാകില്ല. പിടിച്ചാല്‍ കിട്ടില്ലെന്നേ.

Sunday, May 2, 2010

ചാണ്ടി-കുട്ടി പെട്ടകം

കുഞ്ഞാലിക്കുട്ടിമാരുടെയും ഉമ്മന്‍ചാണ്ടിമാരുടെയും ഭരണം തിരിച്ചുവരുംപോലും. കേരളീയര്‍ നാലുകൊല്ലം മുമ്പത്തെ കഥകളെല്ലാം മറന്നുപോലും. ഒരുകൊല്ലം കഴിഞ്ഞ് വരാനിരിക്കുന്ന പ്രളയത്തെ അതിജീവിക്കാന്‍ ഗോഫര്‍ മരംകൊണ്ട് പെട്ടകം തയ്യാറായിക്കഴിഞ്ഞു. മുന്നൂറുമുഴം നീളവും അന്‍പതുമുഴം വീതിയും മുപ്പതുമുഴം ഉയരവും കിളിവാതിലുമുള്ള അകത്തും പുറത്തും കീല്‍തേച്ച പെട്ടകം. ഒറിജിനല്‍ പെട്ടകത്തില്‍ നോഹ സ്വന്തം കുടുംബത്തെയും സകല ജീവജാലങ്ങളിലെയും ഒരു നിത്യാനന്ദയ്ക്ക് ഒരു രഞ്ജിനി എന്ന കണക്കില്‍ ദമ്പതിമാരെയുമാണ് കയറ്റിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കരിമൂര്‍ഖന്‍, ശ്രീമാന്‍ ശ്രീമതി പഴുതാര, തേളും തേളത്തിയും, കാളന്‍-പശുമതി, അപ്പുക്കുട്ടന്‍-തരൂര്‍ എന്ന മട്ടില്‍. പെട്ടകത്തില്‍ കയറുക; കയറാത്തവരെ നാല്‍പ്പതുദിവസം മഴപെയ്യിച്ച് മുക്കിക്കളയും എന്നാണ് നോഹയോട് പണ്ട് ദൈവം പറഞ്ഞത്.

പുതിയ കാലം ഇവന്റ് മാനേജ്മെന്റിന്റെ കാലമാണ്. അനന്തപുരിയുടെ രക്ഷകനായ ശശി തരൂരിന് 'സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍' അര്‍പ്പിക്കാനും ജനം കൂടുന്ന കാലം. തരൂരിന്റെ പുളകം പോസ്റ്ററുകളായും നീലാണ്ടന്‍-അപ്പുക്കുട്ടന്‍ യുഗ്മഗാനമായും വിരിയുന്ന മധുരമനോജ്ഞ കാലം. അങ്ങനെ ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെക്കൊണ്ട് പുതിയ മഹാപ്രളയം ഉണ്ടാക്കാനും നൂറ്റമ്പതുദിവസം ഭൂമിമലയാളത്തെ വെള്ളത്തില്‍ മുക്കാനും കഴിയും എന്ന പ്രതീതി ഉണ്ടാക്കലാണ് പ്രധാനം.

കൊടിവച്ച പെട്ടകം പണിയിച്ച് ആളുകളെ വിളിച്ചു കയറ്റിക്കൊണ്ടിരിക്കുന്നു. ആദ്യമാദ്യം കയറിപ്പറ്റിയ ദമ്പതിമാര്‍ കുടിപാര്‍പ്പുമാത്രമല്ല പ്രത്യുല്‍പ്പാദനപരമായ കര്‍മങ്ങളിലും ഏര്‍പ്പെട്ടതുകാരണം പെട്ടകത്തിനകത്ത് സ്വാഭാവികമായ ജനസംഖ്യാപെരുപ്പമുണ്ട്. ഒരു കുടുംബം പെറ്റുപെരുകി വിശാല ഐ, കരു ഐ, പിന്‍ഗാമി ഐ, ഞാന്‍ ഐ, മോന്‍ ഐ, ഉമ്മന്‍ എ, പാപ്പി എ, അപ്പച്ചന്‍ എ, സുധീരന്‍ എ, മുല്ലപ്പള്ളി എ-ഇങ്ങനെ പലപേരുകളില്‍ പുരനിറഞ്ഞു നില്‍പ്പാണ്. പിളര്‍ന്നു വളര്‍ന്നു പിളര്‍ന്നു നില്‍പ്പുളള മറ്റൊരു കുടുംബത്തില്‍ എത്ര മക്കളുണ്ടെന്ന് തിട്ടമില്ല- ഹാജര്‍ പുസ്തകം വച്ചാണ് വീതം വിതരണം. കാലത്ത് കൂറ്റന്‍ കുട്ടകത്തില്‍ മട്ടന്‍ സ്റ്റൂവും വട്ടളത്തില്‍ പാലപ്പവും നിരത്തി വിളിതുടങ്ങും. ആദ്യം കുഞ്ഞുമാണിക്യം വന്ന് നാലപ്പവും നാലുപീസ് ഇറച്ചിയും കൈക്കലാക്കി നാലായിരം പേരെ ഊട്ടാന്‍ പുറപ്പെടും. തള്ള വരും പിള്ള വരും ജേക്കബ് വരും ജോര്‍ജ് വരും ....

അടുത്തത് ഒരു കുട്ടിക്കുടുംബമാണ്. കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുട്ടി, കുട്ടി അഹമ്മദ്കുട്ടി എന്നിങ്ങനെ സാധാരണയില്‍കൂടുതല്‍ വിശപ്പുള്ള കുട്ടികള്‍. കൂട്ടത്തില്‍ മറ്റുചില കുട്ടികളെയുംകൊണ്ട് മുനീറുകുട്ടിയുടെ ചാനലില്‍നിന്ന് റജീനക്കുട്ടിയും ഇറങ്ങി വന്നെന്നിരിക്കും. കുട്ടിക്കളിക്കിടയില്‍ കഷ്ടപ്പെട്ട് മുന്നോട്ടുവരും മാടായി മന്നവന്‍ റിട്ട. മലബാര്‍ ശിങ്കം രാഘവപ്പെരുമാള്‍. പഴയ ഒച്ചയൊന്നുമില്ല-ഒരു മുരള്‍ച്ച മാത്രം.

നീണ്ടകര മുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന ജീവി ജീവനുണ്ടോ എന്ന് സ്വയം നുള്ളി പരിശോധിക്കുമ്പോള്‍ ആലപ്പുഴമുതല്‍ അരൂര്‍വരെ ആഴമുള്ള മറ്റൊരു പാര്‍ടി തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് ആശാസംകൊള്ളുന്നു. അതാ മുറ്റത്തൊരു ശബ്ദം. കോട്ടിട്ട സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍ അത് വീരക്കിളിയുടെ ശബ്ദമാണ്. പെട്ടകത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രി. ശബ്ദമേയുള്ളൂ. ചിറകിന്നടിയില്‍ കുഞ്ഞിക്കിളിയുണ്ട്-കല്‍പ്പറ്റക്കിളി. പ്രളയം വരുന്നതിനുമുമ്പുതന്നെ പെട്ടകം തകരുന്ന മട്ടാണ്. താങ്ങാനാവണ്ടേ. ചാണ്ടിയോ തൊമ്മനോ വലുതെന്ന തര്‍ക്കത്തിലാണ് പെട്ടകത്തിന്റെ കൈകാര്യകര്‍ത്താവായ കാരണവപ്പാര്‍ടി.

അവിടത്തെ അടി തീരുന്നതിനുമുന്‍പാണ് കുഞ്ഞുമാണിക്യത്തിന് ഒന്നുകൂടി വളരാന്‍ മോഹമുദിച്ചത്. കടക്കണ്ണെറിഞ്ഞും മാടിവിളിച്ചും പെട്ടകത്തിലേക്ക് പുതിയ അംഗത്തെ കയറ്റുന്നു. വരേണമെന്നും വരേണ്ടെന്നും വന്നാല്‍ വാഴിക്കില്ലെന്നും വന്നില്ലെങ്കില്‍ വാഴില്ലെന്നും രോദനവും പ്രതിരോദനവും. കുട്ടികളുടെ പാര്‍ടിക്ക് കുഞ്ഞുമാണിയുടെ വളരുന്ന പാര്‍ടിയെ പേടി. മധ്യതിരുവിതാംകൂറിന്റെ പരിപ്പെടുത്തേ മാണിക്യം ഇനി വിശ്രമിക്കൂ എന്ന് പ്രതിജ്ഞ. ഇടുക്കിയില്‍ കടത്തില്ലെന്ന് അഹിംസാപാര്‍ടിയുടെ ഹിംസാനേതാവ്. പെട്ടകത്തില്‍ പടയാണ്. പ്രളയത്തെ അതിജീവിക്കാന്‍ പെട്ടകത്തില്‍കയറിയവര്‍ തമ്മിലടിച്ചും തിക്കിലും തിരക്കിലും പെട്ടും പെട്ടകം തകര്‍ന്ന് അകാലചരമഗതി പൂകിയെന്ന വാര്‍ത്തയും അച്ചായന്റെ പത്രത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം.

ശതമന്യു ഇതെല്ലാം മാനത്തു കണ്ടതാണ്. എണ്‍പത്തേഴിന്റെ ചൂരടിക്കുന്നുവെന്ന് പറഞ്ഞത് വെറുതെയല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചക്ക ഒരു മുയലിനെ കൊന്നു. ചക്കയും മുയലും കളി എല്ലാകാലത്തുമുണ്ടാകുമോ? കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലം ഓര്‍ക്കുന്നവര്‍ കേരളത്തില്‍നിന്ന് കൂട്ടത്തോടെ കാശിക്കു പോകുമോ? പെട്ടകത്തില്‍ കയറാത്തവര്‍ക്ക് ഭരണം കിട്ടില്ല എന്ന് ചിന്തിക്കാം. യഥാര്‍ഥത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുകയുംചെയ്യാം.

*
ഇനി ഒരു പോസ്റ്റ്മോര്‍ട്ടമാണ്. ഒരു ഡോക്ടര്‍ നേരിട്ടെഴുതിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂലരൂപത്തിലുള്ള സാങ്കേതികമായ തെറിപ്രയോഗങ്ങള്‍ ഒഴിവാക്കി ശതമന്യു പുനഃപ്രസിദ്ധീകരിക്കുന്നു.

ഏപ്രില്‍ 28നു വന്ന മാതൃഭൂമി വാര്‍ത്ത ഇങ്ങനെ:

"ലാവലിന്‍: ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു "

കൊച്ചി: ലാവലിന്‍ കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് നേരില്‍ കണ്ടുവെന്ന് പരാതി നല്‍കിയിട്ടുള്ള ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യംചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു. ലാവലിന്‍ കേസില്‍ പിണറായിയെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയതാണെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാം. വിചാരണക്കോടതിക്ക് അവ കണക്കിലെടുത്ത് കുറ്റപത്രത്തില്‍ മാറ്റം വരുത്താനും ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ലാവലിന്‍ കേസിലെ എല്ലാ വശങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സി.ബി.ഐ.ക്ക് പ്രത്യേക കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. നിഷ്പക്ഷമായും നിര്‍ഭയമായുമുള്ള അന്വേഷണത്തിന് ഈ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിണറായിയും കരാറിലെ ഇടനിലക്കാരായ ദിലീപ് രാഹുലനും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നത് അന്വേഷിക്കാനാണ് ഉപഹര്‍ജിയിലൂടെ ‘ക്രെം’ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ചെന്നൈയിലുള്ള ദിപക് കുമാറില്‍നിന്നും ഉടനെതന്നെ മൊഴി എടുക്കുന്ന കാര്യം സി.ബി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ് രാഹുലനും നസീറും കണ്ണൂരില്‍ എത്തി പിണറായിക്ക് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദിപക് കുമാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.................''

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് കെ എ ജോണി എഴുതി മാതൃഭൂമിയില്‍ വന്ന വാര്‍ത്തയനുസരിച്ച് ദീപക് കുമാര്‍ സിബിഐക്ക് പരാതി എഴുതിക്കൊടുത്തത് 2009 ഏപ്രിലിലാണ്. ആ വാര്‍ത്തയിലെ പ്രസക്തവാചകം:

"കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. "

സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരാള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സിബിഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ:

1. ലാവ്ലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990കളില്‍ റബ്കോയ്ക്ക് റബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്.

2. ദിലീപ് രാഹുലന്‍, കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്.

3. ദീപക് കുമാര്‍ കൊടുത്ത പരാതിയില്‍ പറയുന്നതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍, സഹകരണാശുപത്രികളിലും കൈത്തറി ബോര്‍ഡിന്റെ കെട്ടിടത്തിലും കൈത്തറി ഗസ്റ്റ് ഹൌസിലും (ഭാവനാനുസൃതം) ഒക്കെ ഓടി നടന്നാണ് പണം കൈമാറിയത്.

എങ്ങാണ്ടോ കിടക്കുന്ന ഒരു വല്യ പുള്ളിക്കാരന്‍ കഷ്ടപ്പെട്ട് അറുപതുപേജ് എഴുത്തും നൂറ്റിനാല്‍പ്പതു പേജ് കഴുത്തുമായി സ്വമേധയാ എത്തി നല്‍കിയ 'തെളിവുകള്‍’പരിശോധിക്കാതെയാണോ സിബിഐ കുറ്റപത്രം തയ്യാറാക്കിയത്? ഏപ്രിലില്‍ പരാതികിട്ടിയിട്ട് ജൂണായപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ ഈ ആരോപണപ്പട്ടികയില്‍ ഒന്നുപോലും ശരിയല്ല, അല്ലെങ്കില്‍ തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവാതെ തരമില്ലല്ലോ.

ലാവ്ലിന്‍ കഥ അവസാനിപ്പിക്കാന്‍ മടിക്കുന്ന മാതൃഭൂമിയും ടീമും ദീപക് കുമാര്‍ 2009ല്‍ കൊടുത്ത പരാതിയെ 2010ലെന്നോ കൊടുത്തതാക്കി മാറ്റുന്നു. അതായത് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ തെളിവുകള്‍” വന്നതെന്നും സിബിഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അത് അന്വേഷിക്കാന്‍ സാങ്കേതിക തടസ്സമെന്തോ ഉണ്ടെന്നും അതുകൊണ്ടാണ് വീണ്ടും നന്ദകുമാര്‍ ഈ വിഷയം സിബിഐയെ ഓര്‍മിപ്പിക്കാന്‍ ഹര്‍ജി നല്‍കിയതെന്നും വേണമെന്നു വച്ചാല്‍ സിബിഐക്ക് ഇത് അന്വേഷിച്ച് കേസ് ഒന്നുകൂടി ശക്തിപ്പെടുത്താവുന്നതേയുള്ളൂ എന്നും പറഞ്ഞുപരത്താനുള്ള ഒരു ബലാഗുളിച്യാദി.

ലാവ്ലിന്‍ കേസിന് കൃത്രിമശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നും അവസാന നാളുകള്‍ വെന്റിലേറ്ററിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും സംഗതിവശാല്‍ കാണുന്നു. ഒരു പത്രവും അച്ചുകൂടവുമുണ്ടെങ്കില്‍ ഏതു വാഴപ്പിണ്ടിയെയും കൊടുവാളാക്കിയെടുക്കാം!!

ഇതി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശുഭം.