Sunday, October 24, 2010

പറയൂ, നിങ്ങള്‍ക്ക് എന്തറിയാം?

ഒന്നും ഒന്നും രണ്ടല്ല, ഇമ്മിണി ബല്യ ഒന്നുമല്ല. ഈ കണക്ക് പഠിക്കണമെങ്കില്‍ തൊടുപുഴയിലോ പാലായിലോ ചെല്ലണം. പുതുപ്പള്ളിയിലെ ട്യൂഷനായാലും മതി. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന കുമാരന്‍മാര്‍ക്ക് ലോട്ടറിപ്പണി കഴിഞ്ഞ് ഒഴിവില്ലാത്തതുകൊണ്ടാണ് ഔസേപ്പച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതല്ലെങ്കില്‍ കൂട്ടിയ കണക്ക് പിഴച്ചതിന്റെയും അളവില്‍ കുറഞ്ഞതിന്റെയും വാര്‍ത്തകള്‍കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായേനെ.

വിപുലീകൃത യുഡിഎഫില്‍ അടുക്കളത്തിണ്ണയിലാണ് ഔസേപ്പച്ചായന്റെ കിടക്കപ്പായ. 'വാനവും ഭൂമിയും കപ്പം കൊടുക്കുന്ന, ചിരിച്ചാല്‍ മുത്തുചിതറുന്ന വരവര്‍ണിനിയാണു നീ' എന്നുപാടി കൈപിടിച്ചുകൊണ്ടുവന്ന മാണിസാറിനെ കാണാനില്ല. അന്തപ്പുരവാതില്‍ തുറക്കുന്നില്ല. അരമനയും തൊടുപുഴയും കൈവിട്ടു. ഇനിയുള്ള വാഴ്വ് ഈ അടുക്കളത്തിണ്ണയിലോ? യുഡിഎഫ് വരുമെന്നും മന്ത്രിപദം തരുമെന്നും മോഹിച്ച അനുയായികള്‍ക്കുവേണ്ടി അയഞ്ഞുകൊടുത്തത് ഈ പരമത്യാഗത്തിനോ?

പിഴച്ചാണ് തുടങ്ങിയത്. മുന്നണി വിട്ടുള്ള ചാട്ടത്തില്‍ പിഴച്ചു. പള്ളി കണ്ണുരുട്ടിയപ്പോള്‍ ചാടിപ്പോയതാണ്. മതം അതിന്റെ വഴിക്കും നാട്ടുകാര്യം അതിന്റെ വഴിക്കും പോകട്ടെ എന്നു നിനച്ച കാലത്താണ്, 'മകനേ കുഞ്ഞാടേ, നീ മാതൃപേടകത്തിലേക്ക് മടങ്ങിപ്പോകൂ' എന്ന അശരീരീയുണ്ടായത്. മാതൃപേടകം മഹാവിശാലം. വീരനെ വലിയ വായില്‍ സ്വീകരിച്ചതല്ലേ. തനിക്കും കാണും ഒരിടം എന്നു കരുതിയത് തെറ്റല്ല. വീരന്‍ അടിതട പഠിച്ച അഭ്യാസിയാണ്. തലയ്ക്കടികൊണ്ടാല്‍ തലോടലേറ്റെന്ന് പറയാനറിയാം. പാട്ടും പാടും കഥയും രചിക്കും. വീമ്പടിക്കുന്ന വീരനെന്ന ഖ്യാതിയുണ്ട്.

ഔസേപ്പിന് പാട്ടു പാടാനറിയാം-ആരെക്കൊണ്ടും പാടിക്കാനറിയില്ല. ശുദ്ധന്‍ ശുദ്ധന്റെ ഗുണം മാത്രമല്ല ചെയ്യുക. ഐക്യം കൊണ്ട് പൊറുതിമുട്ടിയ മുന്നണിയില്‍ പിന്നെയുമൊരൈക്യം. കയറിച്ചെന്ന അന്നുമുതല്‍ പൊല്ലാപ്പാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. പണ്ടത്തെ അംഗങ്ങള്‍ക്ക് സീറ്റുമില്ല, കഞ്ഞിയുമില്ല. യുഡിഎഫിന്റെ വേലിക്കല്‍ ചെന്നുനില്‍ക്കാം. അരമനയുടെ പൊന്നോമന ഞാനും അരമനയെക്കൊണ്ട് കാര്യം നേടുന്നയാള്‍ മാണിയുമെന്നായിരുന്നു വയ്പ്. സഭയും കമ്യൂണിസ്റ്റുകാരും അടുത്താല്‍ മാണിസാറിന് പാലായില്‍ വെറുതെയിരിക്കാം. അതുകൊണ്ട് എപ്പോഴും ശകുനിയാകണം. അടി നടക്കണം. മത-രാഷ്ട്രീയ സിദ്ധാന്തം ജനിച്ചത് ആ അറിവില്‍നിന്നാണ്. മാണിക്ക് പള്ളിയുടെ കുത്തകയും വേണം, മുന്നണിയില്‍ ലീഗിന്റെ ചേട്ടനുമാകണം. രണ്ടിനും തരായി ഔസേപ്പിന്റെ പാണിഗ്രഹണത്തിലൂടെ. ഇനി ഞായറാഴ്ച വന്നാലെന്ത്, കുര്‍ബാന നടന്നില്ലെങ്കിലെന്ത്.

പറഞ്ഞുപറഞ്ഞ് തെരഞ്ഞെടുപ്പായി. ഇനി രണ്ടുവഴി. ശേഷിക്കുന്ന കാലം അടുക്കളത്തിണ്ണയും പഴങ്കഞ്ഞിയും. അതല്ലെങ്കില്‍ ഒന്നു നിവര്‍ന്നുനിന്ന് പൊരുതി നോക്കല്‍. അങ്ങനെയാണ് 'സഭയെന്തിന് രാഷ്ട്രീയത്തില്‍ നിത്യേന ഇടപെടുന്നത്' എന്ന് ചോദിച്ചത്. സഹികെട്ടപ്പോഴുണ്ടായ ചോദ്യം. ഉടനെ മാണിസാര്‍ വിശദീകരിക്കുന്നു, അത് മഹത്തായ അധ്വാനവര്‍ഗ പാര്‍ടിയുടെ ഒഫീഷ്യല്‍ നിലപാടല്ലെന്ന്. അങ്ങനെ സഭയും പോയി, കുതിരയും പോയി, രണ്ടില കിട്ടാതെയുമായി. ഒരുമാതിരി പിള്ളയുടെയും ജേക്കബ്ബിന്റെയും ഗതി-അധോഗതി.

കോണ്‍ഗ്രസില്‍ രണ്ടേ രണ്ടുപേരെയുള്ളൂ ഈ ഇനത്തില്‍-മുരളിയും ഹസ്സനും.

*
മുല്ലപ്പള്ളിക്ക് അങ്ങനെ താണുകൊടുക്കാനാവില്ല. കണ്ണൂരില്‍ സുധാകരന്‍ ആളായത് മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചും തല്ലിയും ബോംബെറിഞ്ഞുമാണ്. അത്തരം ബിരുദങ്ങളുണ്ടെങ്കിലേ കോണ്‍ഗ്രസില്‍ പിടിച്ചുനില്‍ക്കാനാകൂ. പുതിയ രീതി അതാണ്. ഒന്നുകില്‍ കുറെ കുമാരന്മാരെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കണം. അത് നട്ടുവളര്‍ത്തണം. അതല്ലെങ്കില്‍ സിപിഎമ്മിനെതിരെ ആര്‍ത്തുവിളിക്കണം. രണ്ടാമത്തെ വഴിതന്നെ മുല്ലപ്പള്ളിക്ക് നല്ലത്. ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ചിദംബരം അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഇവിടെയാണെങ്കില്‍ എല്ലാവരും പണം വാങ്ങി, മുല്ലപ്പള്ളിക്ക് വന്ന പണം മാത്രം നാട്ടില്‍ പാട്ടായി. പണി അറിയില്ലെന്ന ദുഷ്പേരുണ്ട്. അതുമാറ്റാന്‍ ഏറ്റവും നല്ലവഴി സുധാകരനെ കടത്തിവെട്ടുംവിധം സിപിഎമ്മിനെ തെറിവിളിക്കല്‍ തന്നെ. കോണ്‍ഗ്രസല്ലേ. പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പന്തളം സുധാകരന്റെ ഗതിയാകും. വാര്‍ത്ത പുഴുങ്ങിക്കൊടുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. കന്നിമാസത്തില്‍ തിമിര്‍ത്ത് മഴ പെയ്തു. വാര്‍ത്തകളുടെ പെയ്ത്തുമുണ്ടായി. എന്തുകിട്ടിയാലും വിഴുങ്ങാന്‍ യുവ തുര്‍ക്കികളുണ്ടാകുമ്പോള്‍ കച്ചവടം ലാഭകരം തന്നെ.

മനോരമ എഴുതിയത്, 'കണ്ണൂരില്‍ അക്രമം, ബോംബേറ്, വെടി' എന്നാണ്. വാര്‍ത്തയില്‍ ആകപ്പാടെ മുങ്ങിത്തപ്പിയാലും ആരാണ് അക്രമികളെന്ന് തിരിച്ചറിയാനാകില്ല. ആക്രമിച്ചത് ലീഗും കോണ്‍ഗ്രസും ബിജെപിയും. ബോംബെറിഞ്ഞത് ആര്‍എസ്എസ്. അത് മനോരമയ്ക്ക് പറയാനാകില്ലല്ലോ. അല്ലെങ്കിലും മനോരമ വായിക്കുന്ന ഭൂരിപക്ഷവും തലക്കെട്ടേ നോക്കാറുള്ളൂ. കണ്ണൂരെന്നും ബോംബേറെന്നും കാണുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതെന്ന് കരുതിക്കോളും. അത്രയെങ്കില്‍ അത്ര.

*
ബദല്‍ എന്നത് മഹത്തായ സങ്കല്‍പ്പമാണ്. എന്തിനും ബദല്‍ ആകാം. നല്ലതിനും ബദല്‍; ചീത്തയ്ക്കും ബദല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ചില മഹാന്മാര്‍ക്ക് തോന്നിയത് ബദലുക്ക് ബദല്‍ വേണമെന്നാണ്. ഇടതിനും വലതിനും ബദലാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നി. അവര്‍ ഒന്നിച്ചൊറ്റക്കെട്ടായി ഒരു പ്രസ്താവനയിറക്കി. കുറ്റം പറയരുത്, കൂട്ടത്തില്‍ തീരെ അപ്രശസ്തരായ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ ചില പേരുകളുമുണ്ട്. മറ്റുള്ളവരെല്ലാം അതിപ്രശസ്തര്‍; പ്രഗത്ഭര്‍; അപാര ബുദ്ധിജീവികള്‍; ജനനേതാക്കള്‍. ആ പേരുകള്‍ വായിക്കൂ: ബി ആര്‍ പി ഭാസ്കര്‍, ഡോ. എന്‍ എ കരീം, സി ആര്‍ നീലകണ്ഠന്‍, കാനായി കുഞ്ഞിരാമന്‍, സിവിക് ചന്ദ്രന്‍, ഇരുമ്പന്‍ ഇമ്മാനുവേല്‍, പ്രൊഫ. എബ്രഹാം ജോസഫ്, പൊക്കുടന്‍, കെ കെ കൊച്ച്, ളാഹ ഗോപാലന്‍, കോട്ടയം കുഞ്ഞച്ചന്‍, പ്രൊഫ. കെ എം ബഹാവുദീന്‍, നത്ത് നാരായണന്‍, പി എ പൌരന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ഒ അബ്ദുറഹ്മാന്‍, വിളയോടി വേണുഗോപാല്‍, എം എ റഹ്മാന്‍, ലീലാകുമാരിയമ്മ, പാലാരിവട്ടം ശശി, അഡ്വ. ആര്‍ കെ ആശ, കാരി സതീശന്‍, ജോയ് കൈതാരത്ത്, അഡ്വ. ജയകുമാര്‍, ഡോ. സി എം ജോയ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മെമ്പര്‍ രമണന്‍, ഡോ. എം ബി മനോജ്, പി ഐ നൌഷാദ്, പി ബാബുരാജ്, സലീന പ്രക്കാനം, കെ കെ ബാബുരാജ്, എസ് സുശീലന്‍, ടി എസ് പണിക്കര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഇന്ത്യന്നൂര്‍ ഗോപി മാസ്റ്റര്‍, അനില്‍ കാതിക്കുടം, സി എസ് ജോര്‍ജ് മാസ്റ്റര്‍, കോത്താഴം കോദണ്ഡന്‍, എന്‍ യു ജോണ്‍, മുതലാംതോട് മണി, പി എ നാസിമുദീന്‍, വി സി സുനില്‍, ഇ എ ജോസഫ്, പി ഡി ജോസ്, അഡ്വ. മാത്യു തോമസ്, വി എസ് രാധാകൃഷ്ണന്‍, ആര്‍ പ്രകാശ്, രേഖാരാജ്, പി സി ഭാസ്കരന്‍, വയലാര്‍ ഗോപകുമാര്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, സുന്ദര്‍രാജന്‍, ശിവരാജന്‍ കോട്ടൂര്‍, കെ സി ശ്രീകുമാര്‍.

ഈ മഹാസാംസ്കാരിക നായകര്‍ ഉയര്‍ത്തുന്ന ജനപക്ഷ ബദലിനാകണം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ടാകുക.

ഇന്റര്‍ നെറ്റില്‍ കയറി നാല് ഡയലോഗ് കാച്ചിയാലും പത്രത്തില്‍ വാര്‍ത്തയെഴുതിയാലും സാംസ്കാരിക നായകനാകാം. പിന്നില്‍ ജമാ അത്തെ ഇസ്ളാമിയായാലും താലിബാനായാലും ഒപ്പിടാന്‍ ചില സാംസ്കാരിക നായകരെ കിട്ടും. അവര്‍ക്ക് എല്ലാം അറിയണമെന്നില്ലല്ലോ. അങ്ങനെ ഒന്നോരണ്ടോ പേര് ആദ്യം എഴുതിയാല്‍ പിന്നീട് ഒപ്പിടുന്ന ഏത് ഭാസ്കരനും സുകുമാരനാകാം. ഏതു സുകുമാരനും താന്‍ സച്ചിദാനന്ദനൊപ്പമാണെന്ന് തോന്നുകയുമാകാം. സമത്വമാണല്ലോ മഹത്തായ ബദല്‍ സങ്കല്‍പ്പം.

*
ആരെപ്പോലെ ആകാതിരിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് നെറ്റില്‍ കണ്ട മറുപടി ബീയാര്‍പിയെപ്പോലെ എന്നാണ്. അതൊരു മഹാനും വന്ദ്യ വയുവുമല്ലേ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ബീയാര്‍പിയുമായി നടന്ന സംഭാഷണം തെളിവായി വന്നു. വിഷയം ജനകീയാസൂത്രണമാണ്. ബീയാര്‍പിയും നീലാണ്ടനും പറയുന്നു, വികേന്ദ്രീകരിക്കപ്പെട്ടത് അഴിമതിയാണെന്ന്. അത് സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട് പോലും. :

ബീയാര്‍പി: ഒരു പഠന റിപ്പോര്‍ട്ടുണ്ട്.

ചോ: അതിന്റെ ലിങ്ക് തരാമോ?

ഉ: ഒന്നല്ല പല റിപ്പോര്‍ട്ടുകളുണ്ട്. ഞാന്‍ പലതും ഉദ്ധരിച്ചിരുന്നു. നെറ്റില്‍ കിട്ടുമോ എന്നറിയില്ല.

ചോ: താങ്കള്‍ ആ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ?

ഉ: "ഈ ഇന്റര്‍വ്യൂ എന്തിനാണ്? എനിക്ക് എന്തറിയാമെന്ന് അറിയാനോ എന്ത് അറിയില്ലെന്ന് അറിയാനോ?'' "പറയൂ, നിങ്ങള്‍ക്ക് എന്തറിയാം''.

ഇതല്ലേ മാതൃക. റിട്ടയറായാലും അണയാത്ത അഗ്നി!

നെറ്റില്‍ കണ്ടത്:

പയ്യന്നൂരില്‍ വോട്ടിങ് യന്ത്രം തകര്‍ത്ത "ഏതോ ഒരാള്‍ക്കും'' മാട്ടൂലില്‍ ബൂത്ത് പിടിച്ച "ഒരു സംഘം ആളുകള്‍ക്കും''ഇരിക്കൂറില്‍ ബൂത്തുപിടിച്ച "ഒരു സംഘം ആളുകള്‍ക്കും'' പട്ടുവത്ത് ബൂത്ത് പിടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വല്ലാതെ സ്നേഹിക്കുകയുംചെയ്ത "മറ്റൊരു സംഘം ആളുകള്‍ക്കും'' തില്ലങ്കേരിയില്‍ എന്തൊക്കെയോ ചെയ്ത "വേറൊരു സംഘം ആള്‍ക്കാര്‍ക്കും'' മാതൃഭൂമിയുടെയും വീരന്റെയും അഭിവാദനങ്ങള്‍!

Sunday, October 17, 2010

എണ്ണേണ്ട തലകള്‍

തലയെണ്ണല്‍ എല്ലായിടത്തും പ്രശ്നമാണ്. കര്‍ണാടകത്തില്‍ എങ്ങനെ എണ്ണിയിട്ടും ഒരുവഴിക്ക് എത്താഞ്ഞപ്പോള്‍ പതിനാറു തല എണ്ണി വെട്ടിമാറ്റിയാണ് യെദ്യൂരപ്പ തടിയൂരിയത്. സ്കൂളില്‍ വിദ്യാഭ്യാസവകുപ്പ് തലയെണ്ണിയാല്‍ ശരിയാകില്ലെന്നാണ് ഇപ്പോള്‍ കോടതി പറയുന്നത്. നന്നായി എണ്ണാനറിയാവുന്നവര്‍ പൊലീസുകാരാണ്. മഴക്കാലത്ത് ഇനി പൊലീസിന്റെ ഡ്യൂട്ടി സ്കൂളുകളില്‍ എത്ര കുട്ടികള്‍ വന്നു; എത്രയാള്‍ ഒറിജിനല്‍, ഡ്യൂപ്ളിക്കേറ്റുണ്ടോ എന്നെല്ലാം പരിശോധിക്കലാണ്. ആ സമയത്ത് കള്ളനെപ്പിടിക്കല്‍, റോന്തുചുറ്റല്‍, ലോക്കപ്പ് മര്‍ദനം തുടങ്ങിയ പണി എഇഒ മാരെയും ഡിഇഒ മാരെയും ഏല്‍പ്പിക്കാവുന്നതാണ്. അവര്‍ക്കും വേണമല്ലോ എന്തെങ്കിലും പണി.

വന്നുവന്ന് ഭക്ഷണക്രമംവരെ നിശ്ചയിക്കുന്ന ജോലിവരെ ജുഡീഷ്യറിക്കായി. എക്സിക്യൂട്ടീവ്, ലജിസ്ളേച്ചര്‍ എന്നെല്ലാം അറിയപ്പെടുന്ന കടകള്‍ അടച്ചുപൂട്ടുന്നതാണിനി നല്ലത്.

യുഡിഎഫുകാര്‍ ഘടകകക്ഷികളുടെ തലയാണ് എണ്ണിക്കൊണ്ടേയിരിക്കുന്നത്. എത്ര കക്ഷികളുണ്ട് ആ മുന്നണിയില്‍ എന്ന് രാവിലെ ചോദിച്ചാല്‍പോലും തങ്കച്ചന് പറയാന്‍ കഴിയില്ല. എഴുതിക്കൂട്ടേണ്ടിവരും. ജില്ലാടിസ്ഥാനത്തില്‍ തലയെണ്ണാന്‍ പ്രത്യേകം ഏര്‍പ്പാടും വേണം. ചില ജില്ലകളില്‍ കോണ്‍ഗ്രസിനുതന്നെ പല തലകള്‍. ചിലേടത്ത് ലീഗില്ല; മാണി കേരള ഉണ്ട്. മാണി ഇല്ലാതെ കുഞ്ഞാലിക്കുട്ടിയുള്ളിടങ്ങള്‍ വേറെ. ഗൌരിയമ്മ അകത്തോ പുറത്തോ എന്ന് അവര്‍ക്കുമറിയില്ല, ദൈവത്തിനുമറിയില്ല. ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടിക്ക് സീറ്റുകൊടുക്കുമെന്ന കണ്ടീഷന്‍ അച്യുതന്‍ തെറ്റിച്ചു. വീരന്‍ വിതുമ്പുന്നു. വീരന്റെ പാര്‍ടി വരമ്പത്താണ്. ഐഎന്‍എല്‍ അമ്മാത്തുനിന്ന് പുറപ്പെട്ടതാണ്. ഇല്ലത്തിന്റെ അടുത്തെങ്ങും ഇതുവരെ എത്തിയിട്ടില്ല. ഇടതില്‍നിന്ന് പുറപ്പെട്ടുപോയ ജോസഫിന്റെ പാട്ടുപോലുമില്ല കോണ്‍ഗ്രസിനുവേണ്ടി. എസ്ഡിപിഐയുമായി സംബന്ധം ലീഗിനുമുണ്ട്; കോണ്‍ഗ്രസിനുമുണ്ട്. അത് ബിജെപിയുടെ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ കൊള്ളുമോ. ചുരുക്കത്തില്‍ പൊലീസല്ല; സാക്ഷാല്‍ സിബിഐ തന്നെ വന്ന് എണ്ണിനോക്കിയാലും യുഡിഎഫില്‍ എത്രയുണ്ട് ഘടകങ്ങള്‍ എന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല.

തലയെണ്ണിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ ഇടതുമഹാ വിമതന്മാരുടെ കഥ കഷ്ടമാണ്. നാലാളില്‍ ഒരുവനായി അലി മങ്കടയില്‍നിന്ന് പാണക്കാട്ടേക്കുള്ള ബസില്‍ കയറിയിട്ടുണ്ട്. ആ അലിക്കുവേണ്ടി സുപ്രസിദ്ധ തീവ്ര ഇടതന്‍കാഥികന്‍ കച്ചേരി നടത്തുന്നു. മൃദംഗം വായിക്കുന്നത് വീരേന്ദ്രശാസ്ത്രികളാണ്. ഒഞ്ചിയത്തും ഷൊര്‍ണൂരിലും തളിക്കുളത്തുമൊക്കെ വായിച്ച് ക്ഷീണിച്ചവരുടെ തലകള്‍ വിരല്‍കൊണ്ട് തൊട്ട് എണ്ണിക്കണക്കാക്കാം. അവരേതായാലും എത്തേണ്ടിടത്തുതന്നെ എത്തിയിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് രക്ഷിച്ചുകൊള്ളും.

അലിക്ക് മന്ത്രിപ്പണി കിട്ടാത്തതുകൊണ്ടാണത്രെ വലതുപക്ഷത്ത് ഇടതുകരിമ്പൂച്ചയെ തപ്പാന്‍ പോയത്. ചുവപ്പന്മാരുടെ ആട്ടും തുപ്പും മതിയായപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും തല്ലും വാങ്ങാന്‍ ഒരു തീര്‍ഥയാത്ര. താന്‍ കച്ചവടക്കാരനാണെന്ന് ഇപ്പോഴെങ്കിലും അലി പറഞ്ഞുവല്ലോ. കച്ചവടമാണ് രാഷ്ട്രീയം എന്നു കരുതുമ്പോള്‍ ഇതിനപ്പുറവും സംഭവിക്കും. കച്ചവടക്കാര്‍ക്ക് പറ്റുന്ന പണിതന്നെ ഇപ്പോഴത്തേത്. ഒരുമാതിരി മലയാള മനോരമ പോലെ. സര്‍വതന്ത്ര സ്വതന്ത്രന്‍ എന്ന ലേബല്‍ മനോഹരം. മരപ്പാമ്പിന്റെ തലയില്‍ രാജവെമ്പാല എന്നും എഴുതിവയ്ക്കാം. ഞാന്‍ ഒരു സംഭവമാണ്; ഞാന്‍ മാത്രമാണ് സംഭവം എന്ന് കരുതുന്ന എല്ലാ അതിബുദ്ധിമാന്മാര്‍ക്കും അലിയുടെ ഗതിവരും. അത്തരക്കാരുടെ തല എണ്ണിയാല്‍ മാത്രം പോരാ, വെയിലും മഴയും കൊള്ളാതെ കാത്തുസൂക്ഷിക്കുകയുംവേണം.

*
പുതിയ മുദ്രാവാക്യങ്ങള്‍ക്കുവേണ്ടി യുഡിഎഫ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു മുദ്രാവാക്യവുമില്ലാതെ ഈ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞുകിട്ടി. ഇനി അവസാന നിമിഷം സംഭവിക്കാനുള്ള അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം. അങ്ങനെ ചില പണികള്‍ എല്ലാകാലത്തുമുള്ളതാണ്. വാര്‍ത്ത ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. ഒരു കടലാസും കൊണ്ട് ചെന്നാല്‍ 'പരാമര്‍ശങ്ങള്‍' നടത്തിക്കൊടുക്കുന്ന മഹദ്‌വ്യക്തിത്വങ്ങള്‍ നാട്ടിലുണ്ടല്ലോ. പൊലീസ് മോശം, ഇവിടെ ഭരണമുണ്ടോ, ഇത് നാടോ കാടോ, എന്തതിശയം; എന്തക്രമം എന്നെല്ലാം ചോദിച്ചാല്‍ വാര്‍ത്തയാകും. ചെന്നിത്തലയുടെ വയറും നിറയും. വിധിക്കുവേണ്ടിയല്ലാതെ പരാമര്‍ശത്തിനുവേണ്ടിയും കേസ് കൊടുക്കാം. പരാമര്‍ശം വന്നാല്‍ വന്നതുതന്നെ. പിന്നെ മുകളില്‍ചെന്ന് നീക്കിക്കിട്ടിയതുകൊണ്ടൊന്നും വലിയ കാര്യമില്ല. രാഷ്ട്രീയപ്രചാരണത്തിന് പ്രസംഗം, പാട്ട്, പത്രസമ്മേളനം തുടങ്ങിയ സാമ്പ്രദായിക പരിപാടികള്‍ക്കൊപ്പം 'പരാമര്‍ശം' എന്ന സവിശേഷ ഇനം കൂടി ഉപയോഗിക്കാവുന്നതാണ്. പണംകൊടുത്ത് വാര്‍ത്തയെഴുതിക്കാം. ചാനല്‍ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യിക്കാം. 'പരാമര്‍ശം' കൊണ്ട് അത്ഭുതം സംഭവിക്കുമെങ്കില്‍ ആ അവസരം ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റ്? പരാമര്‍ശം ചിലപ്പോള്‍ പരാമറിന്റെ ഗുണംചെയ്യും-എതിരാളിക്ക്.

*
മാര്‍ട്ടിനെപ്പിടിക്കാന്‍ ഭൂട്ടാനില്‍ പോയവരൊക്കെ മടങ്ങിവന്നു. സതീശനെ കാണാനില്ല. ഉമ്മന്‍ചാണ്ടിക്ക് പറച്ചിലേയുള്ളൂ. അരുത്തില്ല. മാര്‍ട്ടിന്‍ വകയില്‍ ഉമ്മന്‍ചാണ്ടിയുടെയും നേതാവാണ്. കേസ് സംസ്ഥാന ഗവര്‍മെന്റ് തോറ്റു എന്ന് പറയാം. ആരാണ് തോല്‍പ്പിച്ചത് എന്ന് സതീശന്‍ വിശദീകരിക്കേണ്ടിവരും. കേന്ദ്രം ഒരു നിയമമുണ്ടാക്കുന്നു. അത് എന്തുകൊണ്ട് കേരളം ലംഘിക്കുന്നില്ല എന്നാണ് സതീശന് അറിയേണ്ടത്. സംശയങ്ങള്‍ ഇപ്പോള്‍ കോടതി തന്നെ തീര്‍ത്തു. കോടതിക്കും അങ്ങനെയേ വിധിക്കാനാകൂ. മാര്‍ട്ടിനുവേണ്ടിയാണ് നിയമവും നീതിയും. അതിന് കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല-നിയമം ഉണ്ടാക്കിയ സതീശന്റെ മേലാളന്മാരെ പറയണം. ചിദംബരത്തെയും സിങ്വിയെയും തൊട്ട് കാട്ടണം. ചൈനയില്‍ പൊലീസുകാരെ കൊന്ന് കെട്ടിത്തൂക്കിയ വീരനുവരെ നോബല്‍ സമ്മാനം കിട്ടി. നുണ പറയുന്ന കാര്യത്തില്‍ നമ്മുടെ സതീശനെ ഒന്ന് പരിഗണിക്കേണ്ടതല്ലേ?

എന്തായാലും ലോട്ടറി വിവാദംകൊണ്ട് പ്രയോജനമുണ്ടാക്കിയ ഏക വ്യക്തി സതീശനാണ്. രമേശ് ചെന്നിത്തലയുടെ മുകളിലാണത്രെ ഇപ്പോള്‍ റേറ്റിങ്ങ്. പണ്ടൊക്കെ നാക്കെടുത്താല്‍ നുണ പറയുന്നയാള്‍ എന്ന വിശേഷണം മറ്റുചിലര്‍ക്കായിരുന്നു. അന്ന് സതീശന് അതിന്റെ പക്വത വന്നിട്ടുണ്ടായിരുന്നില്ല. ലോട്ടറിയെക്കുറിച്ച് പുസ്തകമെഴുതിയ തോമസ് ഐസക്, സതീശന്റെ നുണകളെക്കുറിച്ച് ഒരു ലേഖനമെങ്കിലും എഴുതാത്തത് കഷ്ടമായിപ്പോയി. തന്റെ ടിവി പ്രകടനങ്ങളും പത്രസമ്മേളനങ്ങളും ശേഖരിച്ച് വയ്ക്കാന്‍ സതീശന്‍ പ്രത്യേകം ആളെ നിര്‍ത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പലതും ഉറപ്പിക്കാന്‍ അതുതന്നെ ആയുധമാണത്രെ. ഡല്‍ഹിയില്‍ സിങ്വി പാരവയ്ക്കുമോ എന്നേ നോക്കേണ്ടതുളളൂ. ചെന്നിത്തല കരുതിയിരിക്കട്ടെ.

Sunday, October 10, 2010

ഒരു നിശബ്ദ ഘോഷയാത്ര

വോട്ടെടുപ്പ് അടുക്കുന്തോറും മാങ്ങയുടെ പുളിപ്പ് അറിയാന്‍ പറ്റും. അമിതമായ ആത്മവിശ്വാസം കുഴിയില്‍ ചാടിക്കും. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറുമെന്ന് ഒരു കഥ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണിച്ച ഇടതന്‍മാര്‍ക്ക് ഇനി എണീക്കാനാവില്ലെന്ന് മറ്റൊരു പ്രതീക്ഷ. വീരനും ഔസേപ്പും കുലംകുത്തിക്കുട്ടന്‍മാരും കടന്നുവന്നതിന്റെ സഹിക്കാനാവാത്ത സുഖം. മാധ്യമ മച്ചമ്പിമാരുടെ മണിമണിപോലത്തെ സഹായം എല്ലാറ്റിനും മേലെ. ഒരു കൈ രാമജന്‍മഭൂമിപ്പാര്‍ടിക്കെങ്കില്‍ മറ്റേക്കൈ കൈവെട്ടുകമ്പനിക്ക്. ആടിനെയും പൈക്കളെയും ആട്ടിത്തെളിച്ച് വലതുവശത്തെ കൂടാരത്തിലേക്ക് കയറ്റാമെന്ന് ഇടയന്‍മാരുടെ കൂട്ടപ്പാട്ട്. ആനന്ദലബ്ധിക്ക് ഇനി വേറൊന്നും വേണ്ട.

ഈ വരുന്നത് പഞ്ചായത്ത് ഭരണം. ഇനി വരാനിരിക്കുന്നത് സംസ്ഥാന ഭരണം. മഅ്ദനി, ലാവ്ലിന്‍ എന്നെല്ലാം പറഞ്ഞു ബഹളംവച്ചും നുണക്കഥകളിറക്കിയും ലോക്സഭയിലേക്ക് പത്തുപതിനാറുപേരെ പറഞ്ഞുവിട്ടിട്ടുണ്ട്. അതിനി തുടര്‍ന്നും നടക്കുമെന്ന് കരുതിപ്പോയതില്‍ കുറ്റം പറയാന്‍ പറ്റില്ല. അത്തിയില്‍ പഴുത്ത കായുണ്ടാകുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണുവരുന്നത് ചരിത്രാതീത കാലം മുതലുള്ള നാട്ടുനടപ്പാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ക്കാപ്പുറത്ത് ജയിച്ചപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പാകുന്ന അത്തിമരത്തിലേക്ക് കണ്ണുനട്ട് കാത്തിരുന്നതാണ് ചെന്നിത്തല-ഉമ്മന്‍ കോണ്‍ഗ്രസ്. കാര്യങ്ങള്‍ പിന്നെ പന്തിയില്‍ നിന്നില്ല. ചെറുപ്പക്കാരുടെ കൂട്ടം ക്യാമ്പസുകളിലാണല്ലോ. കേരളത്തിലെ നാനാ കോളേജുകളിലും തെരഞ്ഞെടുപ്പു നടന്നു. ഒരു സര്‍വകലാശാലയിലും കെ.എസ്.യുവിനെ കാണാനില്ല. നീലപ്പറവകളുടെ ജന്‍മനാട് ആലപ്പുഴയാണ്. അവിടെയുമില്ല, തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലുമില്ല ഒരു കോളേജ് യൂണിയനില്‍പോലും കെ.എസ്.യുവിന്റെ നീലക്കൊടി.

സുനാമി വരുന്നത് കാലേക്കൂട്ടി കണ്ടുപിടിക്കുന്ന ചില ജീവികളുണ്ട്. അതുപോലെ, ഭരണമാറ്റം നേരത്തെ മണത്തറിയുന്നത് പൊലീസ് സേനയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരുന്നത്, അവരോടായിരിക്കും നാലാംകൊല്ലത്തെ പൊലീസ് സംഘടനയുടെ കൂറ്. ഇവിടെ, നിലവിലുള്ള നേതൃത്വംതന്നെ ഇക്കുറി അസോസിയേഷനില്‍ വിജയം തൂത്തുവാരി. കോണ്‍ഗ്രസ് അനുകൂലികള്‍ തോറ്റ് വീട്ടിലിരിക്കുന്നു. ഇതൊക്കെ ചില ലക്ഷണങ്ങളാണ്.

അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറും എന്നൊരു ധാരണ ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. അഞ്ചുകൊല്ലം ഇടതന്‍മാര്‍ കഷ്ടപ്പെട്ട് ഭരിച്ച് നാട് നന്നാക്കിക്കൊള്ളും. അതുകഴിഞ്ഞ് തങ്ങള്‍ വരും; ഭരിക്കും; വിഴുങ്ങും. ഇതിങ്ങനെ തുടര്‍ന്നുപോയാല്‍ ഇടതുഭരണവും വലതുകൊള്ളയും മാറിമാറി വന്നുകൊള്ളും. അഞ്ചുകൊല്ലത്തെ കൊള്ളമുതല്‍ പത്തുകൊല്ലത്തെ സുഖജീവിതത്തിനുള്ള ഇന്ധനമാണല്ലോ. ഇത്തവണ

ഈ ഗണിതത്തിന് അല്‍പ്പസ്വല്‍പ്പം മാറ്റമുള്ളതായാണ് തോന്നുന്നത്. നാലുകൊല്ലം തികച്ച സര്‍ക്കാരിനെക്കുറിച്ച് പറയത്തക്ക ആക്ഷേപമൊന്നും കേള്‍ക്കാനില്ല. സര്‍ക്കാര്‍ചെയ്ത നല്ല നല്ല കാര്യങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കുന്നുമുണ്ട്. വലതുമുന്നണി കലഹമുന്നണിയാണ്. ഇടതുവശത്ത് പാര്‍ടികള്‍ കുറവ്; പിണക്കവും കുറവ്. ആനപ്പുറത്തുകയറി മുന്നണിപ്രവേശം നടത്തിയ വീരനും സ്വന്തം കുതിരയെ ആരാനുകൊടുത്ത് മാണിയെന്ന ട്രോജന്‍ കുതിരയില്‍ കയറി മുന്നണിപ്രവേശംചെയ്ത ഔസേപ്പും ഗതിപിടിച്ചിട്ടില്ല. ഗൌരിയമ്മയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കളി തീരെ പിടിക്കുന്നില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. നാട്ടിലൂടെ നടക്കുമ്പോള്‍ വലതന്‍മാരുടെ താവളത്തിലെ ഒച്ചപ്പാടേ കേള്‍ക്കുന്നുള്ളൂ.

*
മുരളിയെ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പേടിയാണ്. അതുകൊണ്ട് പാര്‍ടിയില്‍ വേണ്ട. എന്നാല്‍, കോഴിക്കോട്ടുകാര്‍ക്ക് മുരളിയുടെ സഹായം കൂടിയേതീരു. അവര്‍ തലയില്‍ മുണ്ടിട്ട് മുരളീധരന്റെ വീട്ടിലേക്ക് കയറിച്ചെന്നാണ് കൊടുക്കല്‍ വാങ്ങല്‍ തീര്‍പ്പാക്കിയത്. മുരളിക്കൂട്ടത്തിന് സീറ്റ് നല്‍കിയതില്‍ കെറുവിച്ച് കോണ്‍ഗ്രസുകാര്‍ റിബലുകളായി. വീരന്റെ പാര്‍ടി ഉള്ളിടത്ത് ഒറ്റയ്ക്കാണ്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുമുന്നണിക്ക് ജയമാണ്. 28 സീറ്റില്‍ എതിരില്ലാത്ത ജയം. സ്വയം പിന്‍മാറിയ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോക്ക് വിവാദത്തില്‍ നായകനാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. സ്ഥാനാര്‍ഥിതന്നെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞു-താന്‍ കോണ്‍ഗ്രസല്ല; ആരും ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന്.

വയനാട്ടില്‍ മാണിക്കും വീരനും കിട്ടിയത് സീറ്റല്ല-അവഗണനയാണ്. വീരന്റെ പാര്‍ടിക്കുപോലും അവിടെ റിബല്‍. പാലക്കാട്ട് അച്യുതന്റെ കള്ളാണ് പ്രശ്നം. എ പറയുന്നു അത് വിഷക്കള്ളെന്ന്. അച്യുതന്‍ പറയുന്നു-എങ്കില്‍ നിങ്ങള്‍ക്ക് സീറ്റില്ലെന്ന്. മലപ്പുറത്തെ നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫിലെ കോണ്‍ഗ്രസും ലീഗുമൊഴികെയുള്ളവരുടെ പിന്തുണ എല്‍ഡിഎഫിനാണ്. കോണ്‍ഗ്രസും ലീഗും വലിയേട്ടന്‍മാരായല്ല-വല്യ കാരണവന്‍മാരായാണ് അവിടെ മുറുക്കിത്തുപ്പുന്നത്. ആലപ്പുഴ ഇന്ന് വിമതപ്പുഴയാണ്. ഗൌരിയമ്മയുടെയും ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെയും വാര്‍ഡുകളിലടക്കം യുഡിഎഫിന് വിമതശല്യം. ഇടുക്കിയിലേക്ക് കയറിയാല്‍ ഒരു പാട്ടുകേള്‍ക്കാം. "പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്....'' തലചായ്ക്കാന്‍ മണ്ണിലിടമില്ലാതെ വിനീതഗായകന്‍ പാടിപ്പാടി നടക്കുകയാണ്. പിടിച്ചതും പറക്കുന്നതും നഷ്ടപ്പെട്ട മോഹഭംഗക്കാരന്റെ പാട്ട്. കൈവെട്ടുകാരുമായാണ് കോണ്‍ഗ്രസിന് സൌഹൃദം. മാണിയും ഔസേപ്പും ലീഗും വേണ്ട; കൈവെട്ടുന്ന കത്തിമതി കോണ്‍ഗ്രസിന്. മാണിക്ക് ലയന സമ്മാനം കോണ്‍ഗ്രസുമായി നേരിട്ടുള്ള യുദ്ധത്തിലെ പങ്കാളിത്തമാണ്.

റബറും റിബലുമാണ് കോട്ടയത്തെ യുഡിഎഫിന്റെ ഇരട്ട സന്താനങ്ങള്‍. കോട്ടയം നഗരസഭയില്‍ 52 വാര്‍ഡില്‍ 30 എണ്ണത്തിലും യുഡിഎഫിന് റിബല്‍. കെപിസിസി മെമ്പര്‍മാരും ഡിസിസി ഭാരവാഹികളും അസംതൃപ്തരുടെ കൂട്ടത്തില്‍. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം പൂത്തുകായ്ച്ചു നില്‍ക്കുന്നത് വരവൂര്‍ പഞ്ചായത്തിലാണ്. ഇരുവര്‍ക്കും പൊതുസ്ഥാനാര്‍ഥികള്‍; ചിഹ്നം 'മാങ്ങ'. നല്ല പുളിയുള്ള മാങ്ങ തന്നെ. വല്ലച്ചിറയില്‍ ആകെ 14 വാര്‍ഡ്. കോണ്‍ഗ്രസ് 9, ബിജെപി 5 എന്ന നിലയില്‍ വിഭജനം. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടില്‍ അഞ്ച് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം തനിച്ച്. പിറവത്ത് ഒറ്റയ്ക്കു നില്‍ക്കാന്‍ ധൈര്യം ജേക്കബ് ഗ്രൂപ്പിനാണ്.

അനന്തന്റെ നാട്ടില്‍ ദൈവംപോലും കിടക്കുകയാണ്-കോണ്‍ഗ്രസുകാര്‍ കാലുവാരുമോ എന്ന് പേടിച്ച്. തരൂരും തരൂരിയുമുള്ളതുകൊണ്ട് പ്രചാരണത്തിന് കൊഴുപ്പു കുറവില്ല. ആകെമൊത്തം അളന്നുനോക്കുമ്പോള്‍ യുഡിഎഫിന്റേത് ഒരുഘോഷയാത്ര തന്നെ. ഒച്ചയും അനക്കവുമില്ലാത്ത, ഒരു മഞ്ചലും വഹിച്ചുള്ള ഘോഷയാത്ര.

*
രാഹുല്‍ജി വന്നിരുന്നുവെങ്കില്‍ ഫിഷ്‌മോളി കഴിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് കലക്കിമറിച്ചേനെ എന്നാണ് ഗെയിംസിന്റെ കുശിനിച്ചുമതലയുള്ള ജിജി തോംസണ്‍ പറയുന്നത്. ഭക്ഷണത്തെക്കുറിച്ച് ഇതുവരെ ആരും പരാതി പറയാത്തതുകൊണ്ട് താനും കേമന്‍ തന്നെ. വന്നവര്‍ക്കും തിന്നവര്‍ക്കും വലിയ മതിപ്പാണത്രെ. എല്ലാ പ്രശ്നങ്ങള്‍ക്കും ഇരുപത്തിനാലുമണിക്കൂര്‍കൊണ്ടാണ് പരിഹാരമുണ്ടായത്. രാഹുല്‍ ഗാന്ധിയാണ് എല്ലാം ചെയ്തിരുന്നതെങ്കില്‍ ഇത്ര സമയം വേണ്ടിവരില്ല-ഉദ്യോഗസ്ഥന്‍ പറയുന്നു.

റിട്ടയര്‍മെന്റ് കാലമാകാറായെന്ന് തോന്നുന്നു. സുരേഷ് കല്‍മാഡിയെക്കുറിച്ച് മിണ്ടരുത്; ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്താം; മന്‍മോഹനെ പുകഴ്ത്താം. അവസാനം രാഹുല്‍ജിയുടെ കാല്‍ക്കല്‍ വീഴുകയുമാവാം. രാജ്യം മുഴുവന്‍ ലാവണങ്ങള്‍ നിരന്നു കിടക്കുകയല്ലേ. ഫിഷ് മോളി ചൂടാറാപ്പാത്രത്തില്‍ കാണിക്കവച്ചാല്‍ കിട്ടുന്ന പദവി ഏതാണാവോ. പാമോയിലില്‍ത്തന്നെ പാചകം വേണം. വെളിച്ചെണ്ണയെങ്ങാന്‍ രാഹുല്‍ജിയുടെ കൊളസ്ട്രോള്‍ കൂട്ടിയാലോ.

*
ഉടനെ വരാനിടയുള്ള പരസ്യം:

മകനേ സതീശാ തിരിച്ചുവരൂ. ഇനി മാര്‍ട്ടിനങ്കിള്‍ കണ്ണുരുട്ടില്ല. സിങ്വി മാമന്‍ ചോക്കലേറ്റ് തരും.

Sunday, October 3, 2010

ലോട്ടറി കോണ്‍ഗ്രസ്

കോടതിയില്‍ സിങ്വിയും ചാനലില്‍ വി ഡി സതീശനും അഭിഷേകം നടത്തിയതോടെ ലോട്ടറിക്കേസ് പൂത്തുലഞ്ഞു. നേപ്പാളില്‍നിന്ന് വേലിചാടിവന്ന മണികുമാര്‍ സുബ്ബയും വീരശൂര വക്താവ് അഭിഷേക് സിങ്വിയും ഗാന്ധികോണ്‍ഗ്രസിന്റെ പുതുപുത്തന്‍ മുഖം തന്നെ. സിങ്വിയെ കട്ടന്‍ചായ കുടിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് കൈപിടിച്ച് വിമാനത്തില്‍കയറ്റി കൊണ്ടുവന്നത് ലോട്ടറിവിരുദ്ധന്‍ ചെന്നിത്തലയും തൊടുപുഴയിലെ ഔസേപ്പച്ചായന്റെ സ്വന്തം പി ടി തോമസുമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കിങ്കരന്‍മാര്‍. ദേശാഭിമാനി ലോട്ടറിപ്പരസ്യക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ കുതിരകയറി നടന്നവര്‍ മാര്‍ട്ടിന്റെ വിശ്വസ്ത വിനീത ഭൃത്യന്മാരാണെന്നു വന്നപ്പോള്‍, തലേന്നുവരെ സംവാദം തിന്നും കുടിച്ചും ചാനലില്‍ ജീവിച്ച കുറെയെണ്ണത്തിന്റെ മിണ്ടാട്ടം മുട്ടി. സംവാദ സ്പെഷ്യലിസ്റ്റുകളും ലോട്ടറി വിരുദ്ധ പടനായകരും തലയില്‍ മുണ്ടിട്ട് ഇരുട്ടില്‍ കയറി.

സിങ്വിയെ കൂട്ടിക്കൊണ്ടുവന്നതും കോട്ടിടീച്ചതും കോടതിയില്‍ കയറ്റിയതും ചെന്നിത്തല. ഗോസായി രണ്ടു ദിവസം കേസ് വാദിച്ച് അനുകൂല വിധിയും വാങ്ങി വിമാനം കയറുമ്പോള്‍ പറഞ്ഞു, ഞാന്‍ ഇതാ പിന്മാറുകയാണെന്ന്. വികാരജീവിയായ വക്കീല്‍ 'പൊതുവികാരം' മാനിച്ച് വക്കാലത്തൊഴിഞ്ഞപ്പോള്‍ വി ഡി സതീശന്‍ വൈകാരികമായി ചാനലില്‍ തലകുനിച്ചു. യൂത്തിന്റെ കരിങ്കൊടിക്കും മൂത്തതിന്റെ ഭീഷണിക്കും നാട്ടില്‍ പുല്ലുവിലയാണ്. ഖദറിട്ടവരേക്കാള്‍ കോട്ടിട്ടവരാണ് കോണ്‍ഗ്രസിന്റെ സമ്പത്ത്. കോട്ടിട്ട മാര്‍ട്ടിനും സുബ്ബയും പറഞ്ഞാല്‍ വി ഡി സതീശനും പായും കോടതിയിലേക്ക്. വക്താവുസ്ഥാനത്തുനിന്ന് മാറ്റണം, നടപടിയെടുക്കണം, മൊട്ടയടിക്കണം എന്നെല്ലാം വെറുതെ പറയാം. മാഡത്തിന് മലയാളം അറിയില്ലല്ലോ. വക്കാലത്തൊഴിഞ്ഞത് ഹൈക്കമാന്‍ഡ് കണ്ണുരുട്ടിയിട്ടാണെന്ന് ചെന്നിത്തലയും പറഞ്ഞുറപ്പിച്ച കാശ് എണ്ണിവാങ്ങിയശേഷമെന്ന് സിങ്വിയും ആണയിടുന്നുണ്ട്. രണ്ടായാലും മാര്‍ട്ടിന്‍ ഹാപ്പി. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ എടുത്തിട്ടലക്കാമെന്നു കരുതി ചൂടാക്കിവച്ച ലോട്ടറിപ്പടക്കം നനഞ്ഞേപോയി. ആദര്‍ശശാലികള്‍ ഇപ്പോള്‍ കോടാലി ചിഹ്നത്തിലാണല്ലോ മത്സരിക്കുന്നത്. ചിദംബരം മാര്‍ട്ടിന്റെ ആഭ്യന്തരമന്ത്രിയുമാണ്.

കാത്തുസൂക്ഷിച്ച ലോട്ടറി മാമ്പഴം സിങ്വി കൊത്തിപ്പോയതിന്റെ സങ്കടം മനോരമയ്ക്കുമുണ്ട്; ഉമ്മന്‍ചാണ്ടിക്കുമുണ്ട്. സിങ്വിക്ക് പരുന്തിനേക്കാള്‍ മേലെ പണമാണെന്നത്രെ മനോരമയുടെ കണ്ടെത്തല്‍. കോട്ടയത്തൊക്കെ ഇപ്പോള്‍ പണത്തിന് റബറിന്റെ വിലപോലുമില്ല. ന്യായം പലവിധമുണ്ട്. തോമസ് ഐസക് ഗൂഢാലോചന നടത്തിയാണ് സിങ്വിയെ ഹാജരാക്കിയതെന്ന ന്യായം പറയാന്‍ ചെന്നിത്തലയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ചെന്നിത്തല മനസ്സില്‍ കാണുന്നതിനു മുന്നേ ഈ അത്ഭുതാശയം സഖ്യകക്ഷി നേതാവിന്റെ ദേശീയ പത്രത്തിന്റെ അഭൌമലേഖകന്റെ തൂലികയിലാണ് ജനിച്ചത്.

തോമസ് ഐസക് ചില്ലറക്കാരനല്ല എന്നുറപ്പായി. കോണ്‍ഗ്രസ് വക്താവിനെ വിളിച്ച് കോടതിയില്‍കൊണ്ടുവരാന്‍ കഴിവുള്ള മിടുമിടുക്കന്‍തന്നെ. യുഡിഎഫ് ഭരിക്കുമ്പോള്‍ ഉണ്ടാക്കിയ ലോട്ടറി നിയമത്തിനെതിരെ ചിദംബരത്തെ കോടതിയില്‍ കൊണ്ടുവന്നതും ആഭ്യന്തരമന്ത്രിയായ ചിദംബരത്തെക്കൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയെ മഹത്വവല്‍ക്കരിപ്പിച്ചതുമൊക്കെ തോമസ് ഐസക്കിന്റെ കളിതന്നെ. എന്നാല്‍ പിന്നെ നേരറിയാന്‍ ഒരു സിബിഐ അന്വേഷണം വേണം എന്ന് ചിദംബരത്തോട് പറയാന്‍ പാടില്ലേ ചെന്നിത്തലയ്ക്ക്? കൈരളി ടിവിയെ തകര്‍ക്കാന്‍ അംബികാ സോണിയെ കാണാന്‍ പോയവര്‍ക്ക്, ചിദംബരത്തെ പോയിക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയാത്തതും ഐസക്കിന്റെ കളിയുടെ കള്ളിയില്‍ പെടുത്തിക്കളയാം. വാദിച്ച് വഴിയാധാരമായ സതീശന്‍ വക്കീലും കൂട്ടരും തോമസ് ഐസക്കിന്റെ കുടുംബത്തെപ്പറ്റിയും വി എസിന്റെ തെരഞ്ഞെടുപ്പ് കേസ് വാദിച്ചതും സിങ്വിതന്നെയെന്നും പറയുന്നു; കരയുന്നു. നാളെ സിങ്വി സിപിഎം ചാരനായ കോണ്‍ഗ്രസുകാരനാണെന്നും പറയും. കാത്തിരുന്ന് കാണാം.

*
നെത്തോലിയും മീന്‍തന്നെ; തിമിംഗലവും മീന്‍തന്നെ. കോണ്‍ഗ്രസ് വക്താക്കളാണ് മനു അഭിഷേക് സിങ്വി എന്ന കൊലകൊമ്പന്‍ വക്കീലും ഹസ്സന്‍ എന്ന കേസില്ലാവക്കീലും. രാഷ്ടീയത്തിലായതിനാല്‍ ഹസ്സന്‍ കോടതിയില്‍ പോയിട്ടില്ല. എല്‍എല്‍ബി ബിരുദം ഒരു ആര്‍ഭാടമല്ലേ. നിയമവശങ്ങളില്‍ കാര്യമായ അവഗാഹമില്ലെങ്കിലും അതിന്റെ അഹങ്കാരമില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ പട്ടിണി കിടക്കാന്‍ ഉള്‍വിളി ഉണ്ടാവുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഹസ്സന്‍ജി ഹര്‍ത്താലിനെതിരെ ഒരുദിവസം പട്ടിണി കിടന്നു. പക്ഷേ, തുടര്‍ന്ന് ഹസ്സന്റെ പാര്‍ടിക്കാര്‍ സ്പോസര്‍ ചെയ്തത് 86 ഹര്‍ത്താല്‍. ഇനി 14 എണ്ണം കൂടി നടത്തി സെഞ്ച്വറി അടിക്കണം.

ലോട്ടറിയെന്നും കള്ളെന്നും ഹസ്സന്‍ വക്കീല്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഉടന്‍ തീരുമാനിച്ചു പട്ടിണി കിടക്കാന്‍. കെ മുരളീധരന്‍ വെറുതെ പട്ടിണികിടക്കുന്നു; ഹസ്സന്‍ വെറുംവെറുതെ ഭക്ഷണം ഉപേക്ഷിക്കുന്നു. ആരും ഗൌനിക്കുന്നില്ലെന്നു തോന്നുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ എന്തെല്ലാമുണ്ട് മാര്‍ഗങ്ങള്‍. ഹസ്സന് പണ്ടേ അതറിയാം. ഒരു ദിവസം മദ്യവിരുദ്ധ സമരം നയിച്ചാല്‍ എന്തുകിട്ടും എന്ന ചോദ്യത്തിന്, വൈകുന്നേരം മിനുങ്ങാനുള്ള വകകിട്ടും എന്നു മറുപടിപറയുന്ന ഒരുചലച്ചിത്ര രംഗമുണ്ട്. ഒരു നിരാഹാരം കിടന്നാല്‍ പത്രത്തില്‍ ചിത്രം അച്ചടിച്ചുവരും.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉത്രാടം തിരുനാളിന്റെ കൊച്ചുചിത്രത്തിനുമുന്നില്‍ ഹസ്സന്‍ വക്കീലിന്റെ വലിയ ചിത്രംവച്ചുള്ള പോസ്റ്റര്‍ തിര്വോന്തപുരത്ത് സുലഭമാണിന്ന്. സിങ്വിയും അച്യുതനും (ലോട്ടറിയും കള്ളും) ഒന്ന് അറിഞ്ഞാടിയപ്പോള്‍ ഹസ്സന്റെ പട്ടിണിസമരം പൊളിഞ്ഞു. ഇതും പോരാഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ ഒരു കടന്ന കൈ ചെയ്തു. കഴുതയെയുംകൊണ്ട് പ്രതീകാത്മക ഉപവാസം നടത്തി. എന്തെല്ലാം കാണണം ഈ പാവം മലയാളികള്‍.