Sunday, September 23, 2012

പണം കായ്ക്കുന്ന മരം

പണമെന്നുള്ളത് കൈയില്‍ വരുമ്പോള്‍ ഗുണമെന്നുള്ളത് ദൂരത്താകുമെന്നാണ്. "പണം കണ്ടാലേ പണംവരൂ; പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേല്‍ കൊള്ളൂ". "പണംപാഷാണം, ഗുണംനിര്‍വാണം", "പണംപെരുത്താല്‍ ഭയംപെരുക്കും" എന്നിങ്ങനെ ചൊല്ലുകളുണ്ട്. പണമാണ് സകലതും. പൊന്നും പണവും കായ്ക്കുന്ന മരങ്ങളുടെ ചരിത്രം ചരിത്രാതീതകാലം മുതല്‍ വാമൊഴിയായി പ്രചാരത്തിലുണ്ട്. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുചാഞ്ഞാല്‍ മുറിച്ചുമാറ്റണം എന്നും പണ്ടുകാലത്ത് നിയമമുണ്ട്. പണംകായ്ക്കുന്ന കാട്ടിനകത്തുനില്‍ക്കുമ്പോള്‍ മരം കാണാത്തതാണു പ്രശ്നം.

മന്‍മോഹന്‍ജി ഓക്സ്ഫോഡില്‍ പഠിക്കാന്‍ പോയകാലത്തെ കോണ്‍ഗ്രസ് നല്ല കര്‍ഷകപ്പാര്‍ടിയായിരുന്നു. ജയ് ജവാന്‍ എന്നു പറഞ്ഞയുടനെ ജയ് കിസാന്‍ എന്നു മുരളും. അന്നാണ് പണത്തിന്റെ വിത്തുകള്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച് നട്ടുനോക്കിയത്. ആദ്യം വളര്‍ന്നത് ജീപ്പ് മരമാണ്. ആ വിത്ത് നട്ടുനച്ച് വളര്‍ത്തി എണ്‍പതുലക്ഷം രൂപയുടെ വിളവെടുത്തയാളെ ആദരിച്ച് മന്ത്രിയാക്കി കോണ്‍ഗ്രസ് കര്‍ഷകസ്നേഹം പ്രഖ്യാപിച്ചു. 57ല്‍ കൃഷ്ണമാചാരിയുടെ ധനമന്ത്രിസ്ഥാനം തെറിപ്പിച്ചെങ്കിലും മുന്ധ്ര എന്നയിനം മരം കോണ്‍ഗ്രസിനെ കുംഭകോണപ്പാര്‍ടി ആക്കി വളര്‍ത്തി. നാടന്‍ വിത്തിനങ്ങളെക്കാള്‍ സങ്കരയിനത്തിനാണ് പ്രത്യുല്‍പ്പാദനശേഷി എന്ന് നെഹ്റു മനസസ്സിലാക്കിയിരുന്നുവെങ്കിലും കൊച്ചുമകനാണ് പ്രാവര്‍ത്തികമാക്കിയത്. സ്വീഡന്‍ ജനുസ്സായ ബൊഫോഴ്സ് എന്ന ചെടി കപ്പലില്‍ കൊണ്ടുവന്ന് താമരക്കുളത്തില്‍ നട്ട രാജീവനയനന്‍ 40 കോടി രൂപയുടെ വിളവെടുപ്പാണ് നടത്തിയത്. കുളത്തില്‍നിന്ന് അത്ഭുതകരമായി വളര്‍ന്നു പന്തലിച്ച ബൊഫോഴ്സ് മരം 89 ല്‍ ചാഞ്ഞ് കോണ്‍ഗ്രസിന്റെ മോന്തായത്തില്‍ വീണു. വന്മരം വീണപ്പോള്‍ ഭരണം പോയി. ഇപ്പോഴും ആ മരത്തിന്റെ വേരുകള്‍ നശിക്കാതെ അടിത്തറയ്ക്കുള്ളിലുണ്ട്.

ആയിടയ്ക്ക് കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയത് സുഖ്റാം എന്ന കര്‍ഷകസുഹൃത്തിനാണ്. സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയ വിത്തിനങ്ങളിലൊന്ന് നട്ട് ആ ചങ്ങാതി വലിയൊരു ഫലവൃക്ഷം തന്നെ വളര്‍ത്തി. ഗിന്നസ് റെക്കോഡിനു പറ്റിയ വളര്‍ച്ച; നിറയെ പൂവും കായും. അതില്‍നിന്ന് പറിച്ചെടുത്ത് നോട്ടായും പൊന്നായും കിടക്കയിലും കക്കൂസിലും നിറച്ചിട്ടും സുഖ്റാമിന് സുഖംതോന്നിയില്ല. ഏതാനും വെട്ടിനിരത്തല്‍ വീരന്മാരുടെ ആക്രമണത്തില്‍ മരം നിലംപൊത്തുകയും കര്‍ഷകശ്രീ സന്താപവിവശനായി തിഹാര്‍ ജയിലില്‍ ശിഷ്ടകാലം കിടന്നുറങ്ങിയതും അനന്തരം.

സാധാരണ വളക്കൂറുള്ള മണ്ണിലാണ് ചെടി നടുന്നത്. കടപ്പുറത്തു നട്ടാലും അത്ഭുതസിദ്ധി കാണിക്കുന്ന പ്രത്യേകയിനം മരം ഇടക്കാലത്ത് കണ്ടെത്തി. ആ അപൂര്‍വ കണ്ടുപിടിത്തം യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കായാണ് മന്‍മോഹന്‍ജിയുടെ പാര്‍ടി സമര്‍പ്പിച്ചത്. മുംബൈ നഗരപ്രാന്തത്തില്‍, അറബിക്കടലിനെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നട്ട ആദര്‍ശമരം മുപ്പത്തിയൊന്നുനിലവരെ ഉയര്‍ന്നുവളര്‍ന്നു. ആ മരത്തില്‍ ആയിരത്തിന്റെ ഗാന്ധിത്തലയുള്ള ആയിരക്കണക്കിന് കെട്ടുകള്‍ കായ്ച്ചു.

ആദ്യം സാമ്പ്രദായിക കൃഷിരീതിയായിരുന്നു. 91നുശേഷമാണ് മാറ്റംവന്നത്. പലഭാഷാപണ്ഡിതനായ റാവുജിയും ലോകബാങ്ക് പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ജിയും കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സംയുക്തമായി നേതൃത്വം നല്‍കി. ആധുനിക കൃഷിരീതികള്‍ ആഗോളവല്‍ക്കരണ ശൈലിയില്‍ പരീക്ഷിച്ചു. ഐഎംഎഫ് വിത്ത്, അമേരിക്കന്‍ വളം, കോണ്‍ഗ്രസിന്റെ ജലസേചനം. പെട്രോള്‍ വിലപോലെയാണ് മരങ്ങള്‍ കുതിച്ചുവളര്‍ന്നത്. പലയിനങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം. അതിനുശേഷം ഇന്നുവരെയുള്ള കണക്കെടുക്കുമ്പോള്‍ ഏതാണ്ട് നൂറുലക്ഷം കോടി രൂപയുടെ വിളവെടുപ്പെങ്കിലും ഉണ്ടായി എന്നു കണക്കാക്കണം.

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

ഇത്രയും പണം മരങ്ങളില്‍ കായ്ച്ചിട്ടും മന്‍മോഹന്‍ജി മരമേ കാണുന്നില്ല; നാട്ടിലെ മുന്തിയ ഇനം മരങ്ങളില്‍നിന്ന് പറിച്ചെടുത്ത് ചാക്കിലാക്കി വിദേശത്തുകൊണ്ടുപോയതിന്റെ കണക്ക് ഓര്‍ക്കുന്നുമില്ല. അസൂയാലുക്കള്‍ അതിനെ കള്ളപ്പണമെന്ന് വിളിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും ഗാന്ധിജിയുടെ ഒറിജിനല്‍ തലതന്നെയാണ്. സ്വിസ്ബാങ്കില്‍ ഇന്ത്യയിലെ വിളവെടുപ്പുകാര്‍ കൊണ്ടുപോയി സുരക്ഷിതമാക്കിവച്ച പണം രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 13 ഇരട്ടി വരും. എന്നിട്ടും ചില വിഡ്ഢികള്‍ പറയുന്നത്, ഇന്ത്യ ദരിദ്രരാജ്യം എന്നാണ്. നാട്ടില്‍ വിളവെടുത്ത് പ്രത്യേക വിമാനത്തില്‍കയറ്റി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോകുന്ന മഹാന്മാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ലെന്നതാണ് മഹാകഷ്ടം. നികുതി അടയ്ക്കാതെയും കണക്കില്‍പ്പെടുത്താതെയും 26,60,876 കോടിരൂപ വിദേശത്തെ ബാങ്കുകളില്‍ കൊണ്ടുപോയി കൂട്ടിവച്ച് ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കിയവര്‍ക്ക് പത്മവിഭൂഷണെങ്കിലും കൊടുക്കേണ്ടതാണ് മര്യാദ. അതുചെയ്യിക്കാതെ ത്യാഗീവര്യന്മാരെ ആക്ഷേപിക്കുന്നവര്‍ മാര്‍ക്സിസ്റ്റക്രമികള്‍തന്നെ. അക്രമത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ തല ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

അമ്പതുകോടി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ഒരു മരത്തിന്റെയും തണലില്ല എന്ന് ചിലര്‍ കള്ളംപറയുന്നുണ്ട്. അമ്പതുകോടിയില്‍ കുറെപ്പേര്‍ കല്‍ക്കരിഖനിയിലും തോട്ടങ്ങളിലും സുഖജീവിതം നയിക്കുന്നുണ്ട്. 22 രൂപ 40 പൈസ ഒരു ദിവസം കിട്ടിയാല്‍ അവര്‍ സമ്പന്നരാണ്. അത്തരക്കാര്‍ക്ക് കൂടുതല്‍ പണം ആവശ്യമില്ല. അങ്ങനെ അധികംവരുന്ന പണം സ്വരൂപിച്ച് സ്വിസ് ബാങ്കില്‍ സൂക്ഷിക്കുന്നതല്ലേ യഥാര്‍ഥ രാജ്യസ്നേഹം? കോട്ടയത്തെ റബര്‍ കുടുംബത്തിലെ ഒരു കൃഷിക്കാരന്‍ ജര്‍മനിയിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ തിളങ്ങുന്നത് അത്തരം ത്യാഗസുരഭിലമായ കൃഷിരീതിയുടെ വിജയമാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം- ഏറ്റവും പുതിയ അത്യുല്‍പ്പാദന വിത്തുകള്‍ ഇവയാണ്. വെറുതെ നട്ടാല്‍മതി. വെള്ളവും വേണ്ട വളവും വേണ്ട. തനിയെ വളര്‍ന്നു കായ്ച്ചുകൊള്ളും.

കാര്‍ഷികരംഗത്തെ പുത്തന്‍ രീതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് മരത്തില്‍ സബ്സിഡി കായ്ക്കണം, അതുമുഴുവന്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് എറിഞ്ഞുകൊടുക്കണം എന്നൊക്കെ ചിലര്‍ പുലമ്പുന്നത്. അതിനെയാണ് മന്‍മോഹന്‍ജി കണക്കിന് കളിയാക്കിയത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡിലിടുമ്പോള്‍ "മന്‍മോഹന്‍ മോഡിലാണ്" എന്ന് പറഞ്ഞാല്‍ മതി എന്ന് അമേരിക്കന്‍ സായ്പ് കളിയാക്കിയില്ലേ. ആ മോഡ് ഒരു മൂഡ് വന്നാല്‍ ലൗഡ് സ്പീക്കറാകും എന്ന് സിങ്ജി തെളിയിച്ചു. ഇന്ത്യക്കാര്‍ അഭിമാനിക്കുകയാണ് വേണ്ടത്. നന്നായി പുത്തന്‍നോട്ട് കായ്ക്കുന്ന മരമൊക്കെയുണ്ട്. അത് മതിലിനകത്തേയുള്ളൂ. അയ്യായിരം കോടിയുടെ നികുതിയിളവായും കല്‍ക്കരിപ്പാടമായും കൃഷ്ണ- ഗോദാവരി തടമായുമൊക്കെ അര്‍ഹതപ്പെട്ടവര്‍ക്കേ അതിലെ പഴങ്ങള്‍ നല്‍കുള്ളൂ. അല്ലാതെ ബിപിഎല്‍ സമ്പന്നന്മാര്‍ക്കും എപിഎല്‍ എമ്പോക്കികള്‍ക്കും ധൂര്‍ത്തടിക്കാനുള്ള പണം കായ്ക്കുന്ന മരമൊന്നും നാട്ടിലില്ല എന്നാണ് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിജി പറഞ്ഞത്. അതാണ് ശരി.

*
ഹസ്സനെ കുറ്റം പറയരുത്. അദ്ദേഹം ഒന്നും ഒളിച്ചുവച്ചിട്ടില്ല. എന്താണ് തൊഴില്‍ എന്ന ചോദ്യത്തിന് സത്യസന്ധമായി ബിസിനസ് എന്നുത്തരം നല്‍കി. രാഷ്ട്രീയം കച്ചവടമാണ് എന്ന് തുറന്നുപറഞ്ഞ ഒരാളെ, ഏതാനും സ്ത്രീകളുടെ പേരില്‍ കുറച്ചു കോടികള്‍ കൈകാര്യംചെയ്ത കുറ്റത്തിന് ദ്രോഹിക്കുന്നതിനെ മഹാദ്രോഹമെന്നേ പറയേണ്ടൂ. വെറുതെ ഇങ്ങനെ ദ്രോഹിച്ചാല്‍, മമത ബാനര്‍ജി പറഞ്ഞതുപോലെ, കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹസ്സന്‍ ചീറ്റുകയെങ്കിലുംചെയ്യും, തീര്‍ച്ച.

Sunday, September 16, 2012

ഫോക്സ്‌വാഗണ്‍ ട്രാജഡി

എഴുതുമ്പോള്‍ വോക്സ് എന്നാണെങ്കിലും വായിക്കുമ്പോള്‍ ഫോക്സ് ആണ്. വെറുതെ കേട്ടാല്‍ കുറുക്കനാണെന്ന് തോന്നും. ഒന്നാംതരം ജര്‍മന്‍ ഇനമാണ്. കൃത്യമായി പറഞ്ഞാല്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ സന്തതി. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിക്കാര്‍ക്ക് വിലകുറഞ്ഞ കാര്‍ ലഭ്യമാക്കാന്‍ തുടങ്ങിയ കമ്പനി പിന്നെപ്പിന്നെ വളര്‍ന്ന് ലോകത്താകെ വ്യാപിച്ചു. അതിനെ ഇങ്ങ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തോന്നിയത് നല്ലതുതന്നെ. രണ്ടായിരം കോടിയുടെ ഫാക്ടറി, അതിന് ചുറ്റും ടൗണ്‍ഷിപ്പ്, ഇറങ്ങിവരുന്ന കൂറ്റന്‍ കാറുകള്‍- ഹൊ! എന്തൊക്കെയാണ് കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൊണ്ടുവരാന്‍ ഒരുങ്ങിയത്. മൂന്നു കുഞ്ഞുങ്ങളുടെ ഭരണം കൊച്ചുകേരളത്തെ കുഞ്ഞുകേരളമാക്കി ഉയര്‍ത്തി എന്നാണ് ഏതോ പണ്ഡിതന്‍ പറഞ്ഞുകളഞ്ഞത്. അതില്‍ ഒരു കുഞ്ഞിന്- കുഞ്ഞുമാണിക്ക് ഈ രക്തത്തില്‍ പങ്കില്ല. പങ്കുവയ്പില്‍ ആ കുഞ്ഞിനെ അടുപ്പിച്ചില്ല. അതിന്റെ കുഴപ്പം വരാനിരിക്കുന്നതേയുള്ളൂ.
വാഗണ്‍ ട്രാജഡി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഫോക്സ് വാഗണ്‍ ട്രാജഡിയാണ്. വരാമെന്നു പറഞ്ഞിട്ടും വരാതിരിക്കുന്ന ഫോക്സ് വാഗണ്‍. 2000 കോടി രൂപയുടെ എന്‍ജിന്‍ അസംബ്ലിയൂണിറ്റ് വരുമെന്ന് മനോരമ പെരുമ്പറകൊട്ടിയാണ് നാട്ടുകാരെ അറിയിച്ചത്. കോട്ടയത്തെ പത്രക്കുട്ടിച്ചായന് ജര്‍മന്‍ഭാഷ വശമില്ല. പക്ഷെ, ജര്‍മന്‍ കമ്പനിക്കാര്‍ക്ക് റബര്‍മലയാളം നന്നായി അറിയാം. അച്ചായന്റെ വാര്‍ത്ത കണ്ട് ഞെട്ടിയ കമ്പനിക്കാര്‍ അടച്ച കണ്ണ് തുറക്കുംമുമ്പേ ചോദിച്ചത് ഏത് കേരളം, എന്ത് എമര്‍ജിങ് എന്നാണ്. കൊച്ചിയില്‍ കോട്ടിട്ടവരും അല്ലാത്തവരുമായ കുറെ പൂച്ചകളെ ഇരുത്തി ഭൂമിക്കച്ചവടം നടത്തുന്ന കാര്യം അവര്‍ അറിഞ്ഞിട്ടേയില്ലപോലും. കല്യാണം നിശ്ചയിച്ചത് വരന്‍ അറിഞ്ഞിട്ടില്ല എന്ന്.
രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നുണ പറയുന്ന ശീലം തീരെയില്ല. നിയമസഭയിലും പത്രസമ്മേളനത്തിലും പ്രസംഗവേദിയിലും മാത്രമേ ആ നാവില്‍ നുണ കളിയാടാറുള്ളൂ. പത്രസമ്മേളനത്തില്‍ നുണ പറയുമെങ്കിലും അതുകഴിഞ്ഞയുടനെ ചോദ്യകര്‍ത്താവിനെ സ്വകാര്യം വിളിച്ച് സത്യംപറയും. അങ്ങനെ യുധിഷ്ഠിരന്‍പോലും ചെയ്തിട്ടുണ്ട്. അതൊരു കുറ്റമല്ല. ജ്യോതിശാസ്ത്രപ്രകാരം ശനിയുടെ അപഹാരം ചെന്നിത്തലയുടെ രൂപത്തില്‍ ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടാണ്, ഒരു ദുര്‍ബലനിമിഷത്തില്‍ രണ്ടായിരം കോടി രൂപ ജര്‍മനിക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞുപോയത്. അല്ലെങ്കിലും മഹാപാതകമൊന്നും ചെയ്തിട്ടില്ല. കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ വന്നതാണ്. കേരളത്തിലെങ്ങാനും അല്‍പ്പം ഭൂമികിട്ടുമോ എന്ന് അവര്‍ ചോദിച്ചതുമാണ്. എന്തിനാണ് ഭൂമി എന്ന് തിരിച്ചു ചോദിച്ചു. കുറെ യൂറോ കൈയിലുണ്ട്, ഒരു ഫാക്ടറി വച്ച് രസിക്കാനാണെന്ന് മറുമൊഴി. കൊച്ചിവഴി പോകുന്ന രണ്ടു കോട്ടുകാര്‍ കയറിവന്ന് ഇവിടെ ഭൂമി ഉണ്ടോ എന്ന് ചോദിച്ചതുതന്നെ വലിയ കാര്യമല്ലേ. അവര്‍ വെറും രണ്ടായിരം കോടിയുടെ പദ്ധതികൊണ്ടുവന്നു എന്ന് പ്രഖ്യാപിച്ചതില്‍ എന്താണ് തെറ്റ്? പണ്ട് ജിമ്മിന്റെ കാലത്ത് തിരുവനന്തപുരംമുതല്‍ കൊച്ചിവരെ നീളുന്ന സൂപ്പര്‍ തുറമുഖം വരുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ പുളുവടിയെന്ന് പരിഹസിച്ചിട്ടില്ലേ ഈ പ്രതിപക്ഷം. ആ പദ്ധതി ഇന്നും അങ്ങനെ ഒരു സുന്ദര സുരഭില സ്വപ്നമായി നില്‍ക്കുന്നില്ലേ.

ചുറ്റിലും അസൂയക്കാരാണ്. എമര്‍ജിങ് കേരള ശരിക്കും ഒരു അടിച്ചുമാറ്റല്‍ പ്രസ്ഥാനമെന്ന് പറയുന്നുണ്ട്. ചിറകടിച്ച് പറക്കുന്ന പക്ഷിയെയുംകൊണ്ടാണ് ഉമ്മന്‍ചാണ്ടി സംഗമത്തിന് വന്നത്. ആ പക്ഷിയുടെ ചിത്രംതന്നെ അടിച്ചുമാറ്റിയതാണത്രെ. വെറുമൊരു ചിത്രം അങ്ങനെ അടിച്ചുമാറ്റുന്നതില്‍ എന്താണ് തെറ്റ്? ജിനാ റോസ് മൈക്കിള്‍ എന്ന ചിത്രകാരി വരച്ചതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എത്രവേണമെന്ന് ചോദിച്ചു; ആവശ്യപ്പെട്ടത് കൊടുത്തു. അവര്‍ വരച്ചത് പച്ചപ്പക്ഷിയെയായിരുന്നു. എല്ലാം പച്ചയില്‍ മുക്കുന്നു എന്നാണല്ലോ പരാതി. പച്ചപ്പക്ഷിയെ നീലയാക്കിയതിലെ മഹത്വം എന്തേ ആരും കാണുന്നില്ല? എന്നിട്ടും കൗശലക്കാരനാണെന്ന് വിളിക്കുന്നത് കഷ്ടംതന്നെ. ലീഗിന് കീഴടങ്ങുന്നുവെന്ന് പരാതി പറയുന്നവര്‍തന്നെ, തങ്ങള്‍ ഹരിതരാഷ്ട്രീയക്കാരാണെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഹരിതരാഷ്ട്രീയമാണ് ലീഗിന്റെ പച്ചക്കൊടിയില്‍ എന്ന് മനസിലാകാത്ത മണ്ടന്മാര്‍. അവരാണിപ്പോള്‍ എമര്‍ജിങ് കേരളയില്‍ പിടിച്ച് അതിനെ ഫോക്സ് വാഗണ്‍ ട്രാജഡിയാക്കുന്നത്. കൗശലം അതിരുവിടുമ്പോള്‍ കൗശലക്കാരനെ കുറുക്കനെന്ന് വിളിക്കും. ഫോക്സ് മുഖ്യമന്ത്രി എന്ന വിളി പ്രചാരത്തിലില്ല. അഥവാ ആരെങ്കിലും അത് വിളിച്ചാല്‍ കുറുക്കന്മാര്‍ സംഘടിച്ച് സെക്രട്ടറിയറ്റ് നടയില്‍ ഓരിയിടും.

*

അമേരിക്കന്‍ ആണവകരാര്‍ വന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ എതിര്‍ത്തു. എതിര്‍ക്കുന്നവര്‍ക്ക് വട്ടാണ് എന്ന് അച്ചായന്റെ ഗായക സംഘം പാടി. പതിനായിരം മെഗാവാട്ടിന്റെ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാന്‍ മന്‍മോഹന്‍ജി കരാര്‍ ഒപ്പിട്ടപ്പോള്‍ ആണവ വൈദ്യുതി ഇന്ത്യാ മഹാരാജ്യത്തെ വെളിച്ചത്തില്‍ കുളിപ്പിക്കുമെന്ന മധുരിതഗാനം അലയടിച്ചു. പാട്ടിന്റെ താളത്തില്‍ നൃത്തം മുറുകി. അമേരിക്കന്‍ റിയാക്ടര്‍കൊണ്ട് അപകടമുണ്ടായാല്‍ അതിന് അമേരിക്കക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നുകൂടി കല്‍പ്പിച്ചു, അതോടെ യുപിഎസര്‍ക്കാര്‍. ആണവ കരാറും റിയാക്ടറും വന്നില്ലെങ്കില്‍ ഇന്ത്യ ഇരുട്ടിലാകുമെന്ന് മനോരമ വിലപിച്ചു. കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ "തകരച്ചെണ്ടക്കോല"മാക്കി. ഇന്നിതാ മനോരമ കുടുംബസമേതം കൂടംകുളത്ത് കടല്‍സത്യഗ്രഹത്തിന് പോകുന്നുപോലും. ഉദയകുമാര്‍ മഹാനായ സമരനേതാവുപോലും.

കൂടംകുളത്തെ പരിപാടി 1989ല്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയതാണ്. പണം ഏറെ ചെലവിട്ടു, പണിയേറെ നടന്നു. ഇപ്പോഴാണ് ബോധോദയം വരുന്നത്. ഇക്കാര്യത്തില്‍മാത്രം മന്‍മോഹന്‍സിങ് പറഞ്ഞിട്ടും മനോരമയ്ക്ക് വിശ്വാസംവരുന്നില്ല. പതിനയ്യായിരം കോടി രൂപ ചെലവാക്കി പണി പൂര്‍ത്തിയാക്കുംവരെ ഇല്ലാത്ത വികാരം പതിനൊന്നാം മണിക്കൂറില്‍ പറന്നുയരുന്നു. ജനങ്ങള്‍ ആകെ ഭയത്തിലാണ്. ജപ്പാനില്‍ സുനാമി അടിച്ചുകയറിയപ്പോള്‍ ആണവ നിലയങ്ങള്‍ തകര്‍ന്നത് കണ്ട് പേടിച്ചവര്‍ക്ക് സ്വന്തം നാട്ടില്‍ അങ്ങനെയൊന്ന് വരാതിരിക്കാനാണ് നിര്‍ബന്ധമുണ്ടാവുക. സമരം ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ഭീതി മാറ്റണം. സുരക്ഷ ഉറപ്പാക്കണം. അത് ബോധ്യപ്പെടുത്തുകയും വേണം. അതിന് പകരം സമരം അടിച്ചമര്‍ത്താനൊരുങ്ങി ഒരു ഭാഗം. കത്തുന്ന തീയില്‍ എണ്ണയൊഴിക്കാന്‍ മറുഭാഗം. മനോരമ രണ്ടാമത്തെ ഭാഗത്താണ്. അമേരിക്കന്‍ ആണവകരാറിന് സിന്ദാബാദ് വിളിച്ചവര്‍ക്ക് കൂടംകുളത്ത് സമരവീര്യം തിളച്ചുമറിയുന്നുപോലും. അമേരിക്കയില്‍നിന്ന് വരുന്ന പണം എവിടേക്കാണ് പോകുന്നതെന്ന് പരതിപ്പിടിക്കേണ്ട നേരമായി. അമേരിക്ക, സിഐഎ, ഐഎസ്ഐ, മൊസാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനോരമയ്ക്ക് എന്തു വികാരമാണുണ്ടാവുക എന്നും പരിശോധിക്കണം.

*
നെല്ലെന്തിന്, മലയാളി ഗോതമ്പുണ്ട വിഴുങ്ങിയാല്‍പോരേ എന്ന് ആസൂത്രണകമീഷന്റെ സര്‍ദാര്‍ജി ചോദിക്കാഞ്ഞത് ഭാഗ്യം. ഇപ്പോള്‍ ജയിലുകളില്‍ ഗോതമ്പുണ്ടയില്ല. ചപ്പാത്തിയാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് വരും, ജയിലുകളില്‍ ചപ്പാത്തിയാകും- കേരളം ഭക്ഷ്യസമൃദ്ധിയില്‍ പുളകിതമാകും. ആയതിനാല്‍ കുട്ടനാടും പാലക്കാടും വില്‍പ്പനയ്ക്ക് വയ്ക്കാം എന്നാണ് ആധുനിക സാമ്പത്തിക സിദ്ധാന്തം.

Monday, September 3, 2012

വെട്ടുകിളി- വെട്ടുസാഹിത്യശല്യം

വെട്ടുകിളിയില്‍ കിളിയില്ല-വെട്ടേ ഉള്ളൂ. പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളിയെന്ന് വിളിക്കുന്നത്. അനുകൂല പരിസ്ഥിതിയില്‍ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ആക്രമണസ്വഭാവത്തോടെ ഒരുമിച്ച് വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നുതീര്‍ക്കും. പുതിയ കാലത്ത് അതിനെയും ഹരിതരാഷ്ട്രീയമെന്ന് വിളിക്കും. നാടാകെ ലീഗിന്റെ ഹരിത രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഏതാനും എംഎല്‍എമാര്‍ ബദല്‍ പച്ചക്കുപ്പായം ഇടുന്നതുപോലെയല്ല ഇത്. വെട്ടുകിളിക്ക് വലുപ്പം കുറയുമെങ്കിലും ഉശിര് കൂടുതലാണ്. 15 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ആക്രമണകാരികളായ ചിലയിനം വെട്ടുകിളികള്‍, ഭൂപ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശങ്ങളുണ്ടാക്കിയശേഷം അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്‍കാലുകള്‍ വലുതായതിനാല്‍ ചാടി രക്ഷപ്പെടാനും കാലുമാറാനും ഇവയ്ക്ക് എളുപ്പമാണ്. കൂട്ടംകൂടി ജീവിക്കുമ്പോള്‍ ശരീരഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ മാറ്റംവരുത്താന്‍ ഇവയ്ക്ക് കഴിവുമുണ്ട്. അതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരുകൂട്ടമായി മാറും. ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അനുകൂലമായ ഊഷ്മാവ്, ഈര്‍പ്പം, ചാനല്‍ അവസരം, ലേഖനത്തെ കുളിപ്പിച്ചുകിടത്താനുള്ള കടലാസ് എന്നിവയും ലഭ്യമാകുമ്പോള്‍ വംശവര്‍ധന അതിവേഗത്തിലാകുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നുനശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ പലേടത്തും വെട്ടുകിളി ശല്യം രൂക്ഷമാണെന്ന് വാര്‍ത്തയുണ്ട്.

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.

"നീയെരിച്ചതില്‍ പിന്നെയല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം"എന്ന തരത്തിലുള്ള ആത്മവിചാരണയൊന്നും ആധുനികോത്തര വെട്ടുകിളികളില്‍ നിന്നുണ്ടാകില്ല. അവയ്ക്ക് പുരോഗമനവാദിയുടെയും സഹൃദയന്റെയും മാന്യന്റെയും വര്‍ണക്കുപ്പായങ്ങളുണ്ട്. മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും മനോരമയുടെയും ഇന്ത്യാ ടുഡെയുടെയും പഞ്ഞിമെത്തകളുണ്ട്. ആദര്‍ശവാനെന്ന നാട്യംകൊണ്ടു മറയ്ക്കുന്ന അസാന്മാര്‍ഗിയുടെ സ്വത്വമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനുള്ള പാഷാണവാക്കുകള്‍ ചിറകിനടിയില്‍ വേണ്ടതിലേറെയുണ്ട്. ഇത്തരം വെട്ടുകിളികളെ മുട്ടി വഴിനടക്കാനാകുന്നില്ലെന്നതാണ് മാവേലി വരുന്നതിനുമുമ്പും പിമ്പുമുള്ള കേരളത്തിന്റെ വിശേഷം. മാവേലിയോടൊപ്പം മലയാളത്തെ പുഷ്ടിപ്പെടുത്താനിറങ്ങിയ ഇന്ത്യാ ടുഡെയുടെ വിശേഷാല്‍ലക്കം കണ്ടപ്പോഴാണ്, വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശതമന്യുവിന് ബോധ്യമായത്.
കുരുടന്മാര്‍ ആനയെ കാണാന്‍ പോയ കഥയും പാട്ടുമെല്ലാം പഴകിപ്പോയി. ഇപ്പോള്‍ കുരുടന്മാരുടെ സിദ്ധാന്തങ്ങള്‍ക്ക് വലിയ വിലയാണ്. സാഹിത്യം ഡാന്യൂബിനെ സാക്ഷിയാക്കിയും എഴുതിക്കാം; പൂജ്യങ്ങള്‍ കൂടുതലുള്ള ചെക്കുകൊടുത്തും എഴുതിക്കാം. ചെക്ക് വേണമെങ്കില്‍ "വെട്ടുവഴി" എന്ന കവിത വായിക്കുകയോ "വെട്ട്, വെട്ട്" എന്ന് 51 വട്ടം ഉരുവിടുകയോ വേണം. വെട്ടുസാഹിത്യത്തിന്റെ കാലമാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കഴുത്തില്‍ തന്നെ വെട്ടണം. വെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരന്‍ എഴുതിയ കവിതയെ വെട്ടിയാലും മതി. അങ്ങനെ വെട്ടിയ ഒരു ഗോയങ്കെ നായര്‍ ജന്മസാഫല്യം നേടി വാനപ്രസ്ഥത്തിലേക്ക് കടന്നത് ഇയ്യിടെയാണ്. സ്വന്തമായി എഴുത്തുവരാത്തവര്‍ക്കുള്ളതാണ് അന്തിച്ചര്‍ച്ച. അവിടെപ്പോയാല്‍ വാമൊഴി വഴക്കത്തില്‍ പരിപൂര്‍ണതയിലെത്താം. ഒടുവിലൊടുവില്‍ പട്ടി, പേപ്പട്ടി തുടങ്ങിയ പദങ്ങള്‍ മാത്രം പുറത്തേക്കുവരികയും പുറത്തിറങ്ങിയാല്‍ ശരീരം കേടാകുമെന്ന് പേടിച്ച് മാളത്തിലൊളിക്കുകയും ചെയ്ത അപൂര്‍വസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബി ആര്‍ പി ഭാസ്കര്‍, കെ എം ഷാജഹാന്‍ തുടങ്ങിയവരാണ് കമ്യൂണിസത്തിന്റെ ഭാവിപ്രവചിക്കുന്ന വെട്ടുജ്യോത്സ്യന്മാരായി ഇന്ത്യാ ടുഡെയില്‍ രംഗപ്രവേശം ചെയ്തത്. ഈ മഹാജ്യോത്സ്യന്മാര്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ എം മുകുന്ദന്‍, എം പി പരമേശ്വരന്‍ എന്നിങ്ങനെയുള്ള ചില പേരുകളും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിഷയാവതാരകന്‍ എം ജി രാധാകൃഷ്ണനാണ്. ശുദ്ധസംഗീതമാണ് മുഖ്യപ്രബന്ധം. ഇടതുപക്ഷത്തിന്റെ പ്രസക്തിയും "ഒരേ ചക്കില്‍ കെട്ടിയ" ചര്‍ച്ചയുടെ അപ്രസക്തിയും വിലയിരുത്തിക്കൊണ്ട്, "സ്വന്തം ആദിമ വിശുദ്ധിയില്‍ കളങ്കവും ഉണ്ട്" എന്ന് സമ്മതിച്ചാല്‍ മാര്‍ക്സിസ്റ്റ്കാരുടെ പ്രശ്നംതീരും എന്നത്രേ പ്രബന്ധാവതാരകന്റെ കണ്ടെത്തല്‍. വെട്ടുകിളികളില്‍നിന്ന് വേറിട്ട വഴിയിലായിപ്പോയി രാധാകൃഷ്ണന്‍- മാതൃഭൂമിയില്‍ ഇനി പേര് അച്ചടിച്ചുവരില്ലെന്നുറപ്പ്. എം മുകുന്ദന്‍ "സിപിഎം ഇല്ലാതെയാകുന്ന ഒരു കേരളം വിഭാവന ചെയ്യുന്നതുപോലും" പേടിക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും പോലുള്ള വിനാശകരമായ ഇരുണ്ട ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിട്ടത് സിപിഎം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷത്തെയാണ് ആഗ്രഹിക്കുന്നതെന്ന് മയ്യഴിക്കാരനെ കൊണ്ട് പറയിപ്പിച്ചതിലൂടെ വാരിക ഉദ്ദിഷ്ടകാര്യം സാധിച്ചു. എം പി പരമേശ്വരനാകട്ടെ സ്വന്തം വാദങ്ങളിലെ വൈരുധ്യത്തള്ളിച്ച കൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെ മറന്നുപോയി. സോഷ്യലിസത്തിലേക്ക് പുതിയ പാലം പണിയാനുള്ള ശ്രമത്തിലാണദ്ദേഹം-പുതിയതൊന്നും പറയാനില്ല താനും. മുകുന്ദന്റെയും രാധാകൃഷ്ണന്റെയും പരമേശ്വരന്റെയും മറവിലാണ് വെറിപൂണ്ട വെട്ടുകിളികളുടെ ഇടിച്ചുകയറ്റം.

മാര്‍ക്സിസത്തിന് ഭാവിയുണ്ട്, പക്ഷേ, ഏതുരീതിയില്‍ എന്നാണ് സി ആര്‍ നീലകണ്ഠന്റെ ചോദ്യം. കുറ്റം പറയരുതല്ലോ- ഇത്തവണ പഴിവാക്കുകള്‍ കുറവാണ്. കാലത്ത് സര്‍ക്കാരാപ്പീസില്‍ പോയി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി ഗിരിപ്രഭാഷണം നടത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാന്‍ പ്രബന്ധം രചിക്കുകയും ചാനല്‍ ചര്‍ച്ച നടത്തുകയും മാര്‍ക്സിസ്റ്റുകാരെ കുറിച്ച് യൂത്തുകോണ്‍ഗ്രസിന്റെയും ബാലഗോകുലത്തിന്റെയും വേദിയില്‍ ചെന്ന് പ്രഭാഷിക്കുകയും ചെയ്യുന്നതിലാണ് മാര്‍ക്സിസത്തിന്റെ ഭാവി. കെ എം മാണിയുടെ അധ്വാനവര്‍ഗസിദ്ധാന്തത്തിനു പകരം പുതിയ രാഷ്ട്രീയദര്‍ശനമാണ് നീലകണ്ഠന്‍ കൊണ്ടുവരുന്നത്. അതിന് നേരിട്ട് പടപൊരുതുന്നവര്‍ വേണമത്രേ- അത്തരക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന നീലാണ്ടനുപദേശിക്ക് സ്തോത്രം. നമുക്കിനി പോരാട്ടം ചാനല്‍ ചര്‍ച്ചയിലൂടെയും മൈക്കിന്‍ കുഴലിലൂടെയും മാതൃഭൂമി ലേഖനത്തിലൂടെയും തുടരാം.

"ബദല്‍ വേദിയുടെ സാധ്യതകള്‍" ആരാഞ്ഞ് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതന്‍ കെ എം ഷാജഹാനാണ് രംഗത്തുവരുന്നത്. ബദല്‍ പ്രവര്‍ത്തനം എന്നാല്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കല്‍, ഉപജാപം നടത്തല്‍, പി സി ജോര്‍ജിന് ചായ വാങ്ങിക്കൊടുക്കല്‍, കൊച്ചുങ്ങള്‍ കരയുമ്പോള്‍ പാട്ടുപാടിക്കൊടുക്കല്‍ തുടങ്ങിയവയാണ്. ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ ഗ്രാംഷിയോടുപമിക്കണം. വി എസ് നേതാവായതും ജീവിച്ചതും തന്റെ ചെലവിലാണെന്ന് പറഞ്ഞുനടക്കണം. ഇത്തരം സിദ്ധാന്തങ്ങളിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടാക്കേണ്ടത്. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം- സുശീലനും പിന്നെ ഷാജഹാനും. പൂത്തുകാച്ചുവരുന്ന ബദലാണ് നാളെ കേരളത്തിന്റെ കണി. മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഒതുക്കുക എന്ന മിനിമം പരിപാടി മതി- പി സി ജോര്‍ജിനെ മുതിര്‍ന്നനേതാവായി അവരോധിച്ചാല്‍ ബദല്‍ മാര്‍ക്സിസത്തിന് ചൂടും ചൂരും കിട്ടും. മാധ്യമ സിന്‍ഡിക്കറ്റ് അനാഥമാകാതെ സൂക്ഷിക്കാനുള്ള പരിപാടി എന്താണെന്ന് "ഇടതുസഹയാത്രിക"ന്റെ സിദ്ധാന്തത്തില്‍ കാണുന്നില്ല.

കാള്‍മാര്‍ക്സിനേക്കാള്‍ മൂത്ത മാര്‍ക്സിസ്റ്റായ ബി ആര്‍ പി ഭാസ്കറാണ് കമ്യൂണിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ സര്‍വഥാ യോഗ്യന്‍. മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനും എന്നാണ് ബി ആര്‍ പിയുടെ വിശേഷണം. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. കേരളം ഒരുനൂറ്റാണ്ടു മുമ്പ് (തനിയേ) പുറന്തള്ളിയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് പണ്ഡിതന്റെ ആഹ്വാനം. ഫ്യൂഡല്‍-മാടമ്പി വാഴ്ചയ്ക്കെതിരെ പോരടിച്ചതും ചോരചിന്തിയതുമൊക്കെ ബി ആര്‍ പിയെ പോലുള്ള സാമൂഹ്യനിരീക്ഷകരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുപങ്കുമില്ല. ചരിത്രരചനയിലെ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബി ആര്‍ പി ഒരു "വെട്ടുനായകന്‍" തന്നെ. മാര്‍ക്സിസ്റ്റ് പടു എന്‍ എം പിയേഴ്സന്റെ മനസ്സില്‍ ഉഷ്ണജലത്തിന്റെ ഊഷരകാലമാണ്. നല്ല മഴയത്തും ചൂടുതന്നെ. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും മാര്‍ക്സിസവുമായി ആത്മബന്ധമില്ലെന്നു തുടങ്ങി, ഇന്ന് പാര്‍ടിക്ക് അത്തറിന്റെ രൂക്ഷഗന്ധമാണെന്നുവരെ കണ്ടെത്തുകയാണ് ഉഷ്ണജീവി. തലയില്‍ ബ്രില്‍ക്രീം പുരട്ടിയാല്‍ മാര്‍ക്സിസ്റ്റാകില്ല-പകരം ചാനലില്‍ വാക്വിപ്ലവം നടത്തണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. മാനവികതയും നിരന്തരവിപ്ലവവും ശാസ്ത്രീയ സംവാദവും മൊത്തക്കച്ചവടം നടത്തുന്നത് പിയേഴ്സന്റെ കടയിലായതിനാല്‍ ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല.

ഇന്ത്യാ ടുഡെ കമ്യൂണിസത്തിന്റെയും സിപിഐ എമ്മിന്റെയും ഭാവി തീരുമാനിച്ചുകഴിഞ്ഞു. ഉഗ്രമൂര്‍ത്തികളുടെ മാര്‍ക്സിസ്റ്റ് സംവാദത്തില്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ആസാദ്, എം ആര്‍ മുരളി, തളിക്കുളം സന്തോഷ്, ഏറാമല വേണു, ബ കു ന തുടങ്ങിയവരെ ഉള്‍പ്പെടുത്താഞ്ഞതു മാത്രമാണ് കഷ്ടം.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കിടയിലും പാര്‍ടികള്‍ക്കകത്തും എന്നും ഏകാഭിപ്രായമുണ്ടാകണമെന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്നായറിയാം. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഏകീകരിക്കുന്ന പരമപ്രധാനമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുന്നത് വര്‍ഗപരമായ ഐക്യദാര്‍ഢ്യംകൊണ്ടാണ്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ശാപവാക്കുകള്‍ ചൊരിയുകയും പാഷാണം തിരുകുകയും ചെയ്യുന്നതാണ് കമ്യൂണിസത്തിന്റെ ഭാവിയെന്നു കരുതി വാരികത്താളിലും ചാനല്‍ ചര്‍ച്ചയിലും ഉപജീവനം കഴിക്കുന്ന മഹാന്മാരുടെ സംവാദം വെട്ടുകിളികളുടെ ഐക്യപ്പെടലാകുമ്പോള്‍, കല്‍ക്കരിപ്പാടത്തിലൂടെയും എമേര്‍ജിങ് കേരളയിലൂടെയും കോടികള്‍ ചോരും. ആ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുള്ള ക്വട്ടേഷനും സംവാദാത്മാക്കളുടെ മാര്‍ക്സിസ്റ്റ് പക്ഷപാതമായി അടുത്തലക്കത്തില്‍ പുതിയ ചര്‍ച്ച നടക്കും. ഇവര്‍ തന്നെ യഥാര്‍ഥ ഇടതുപക്ഷവെട്ടുകിളികള്‍.