Sunday, February 28, 2010

ഇതിനോ ആദാമേ

ഉപകാരം ചെയ്തവര്‍ക്കാണ് ചിലര്‍ ആദ്യം അടികൊടുക്കുക. കേരളത്തിലെ ജനങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് പ്രണബിന്റെ പെട്ടിയിലൂടെയും മമതയുടെ ചാക്കിലൂടെയും കിട്ടിയ പ്രഹരം കണ്ടപ്പോള്‍ ആ ചൊല്ലില്‍ ഒട്ടും പതിരില്ലെന്നാണ് തോന്നിയത്. വോട്ടുചെയ്ത് ജയിപ്പിച്ചവര്‍ക്ക് നല്‍കിയ അടി ഒട്ടും മോശമായില്ല. മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു. ഇന്ന് കോണ്‍ഗ്രസിനും കൂട്ടര്‍ക്കും പതിനാറ് എംപിമാരുണ്ട്, മൂത്തതും ഇളയതുമടക്കം ആറുകേന്ദ്ര മന്ത്രിമാരുണ്ട്. എന്നിട്ടെന്ത്. ബംഗാളില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന മമതാ ദീദിക്ക് മലപ്പുറത്തുനിന്നുപോയ അഹമ്മദ് സാഹിബാണ് സഹായി. മുമ്പ് വിദേശ സഹമന്ത്രിയായി രാവിലെ ലണ്ടനിലും വൈകിട്ട് സിംഗപ്പൂരിലും അന്തിമയക്കത്തിന് ബാങ്കോക്കിലും പിറ്റേന്ന് ദുബായിലും എന്ന നിലയില്‍ ഇന്റര്‍നാഷണല്‍ റോമിങ്ങായിരുന്നു അഹമ്മദ് സാഹിബ്. ഇത്തവണ ആരോ അറിഞ്ഞ് ഒപ്പിച്ച പണിയാണ് ദീദിയുടെ സഹമന്ത്രിപദം. ബജറ്റ് അവതരണത്തിന് ദീദി എത്തുമ്പോള്‍ ചുറ്റിപ്പറ്റിനിന്ന സാഹിബിനെ കണ്ട് 'ഹു ഇസ് ദാറ്റ് ഓള്‍ഡ് മാന്‍?'(ആ കോമളാംഗനായ ചെറുപ്പക്കാരന്‍ യേത്) എന്ന് ദീദി ചോദിച്ചത്രെ. ഇതാണ് ദീദിയുടെ സഹമന്ത്രി എന്ന് ബംഗാളി അനുചരര്‍ പറഞ്ഞപ്പോള്‍ 'എങ്കില്‍ അടുത്തുനിന്ന് ഒരു പടംപിടിച്ചശേഷം സ്ഥലം വിട്ടോളൂ' എന്നായി ദീദി. അങ്ങനെ ദീദിക്കൊപ്പംനിന്ന് എടുത്ത പടം മനോരമയില്‍ അച്ചടിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന് ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ കിട്ടിയ വലിയ നേട്ടം.

കുട്ടികളെ പറ്റിക്കുന്നതുപോലെയാണ് ദീദിയും സാഹിബും കേരളീയര്‍ക്ക് പുതിയ തീവണ്ടികള്‍ 'അനുവദിച്ചത്'. പഴയനാടന്‍ പാട്ടുപോലെ മൂന്നുകുളം തോണ്ടി, അതില്‍ രണ്ടുകുളം പൊട്ട, ഒന്നില്‍ വെള്ളവുമില്ല എന്ന ശേല്. എട്ട് വണ്ടി പ്രഖ്യാപിച്ചതില്‍ മൂന്നെണ്ണം നിലവില്‍ ഓടുന്നതാണ്. കഴിഞ്ഞ വര്‍ഷം എട്ട് വണ്ടി പ്രഖ്യാപിച്ചതില്‍ നാലെണ്ണം മുമ്പ് ലാലു പ്രഖ്യാപിച്ചതുതന്നെ ആയിരുന്നു. ഡല്‍ഹിക്കുള്ള തുരന്തോ വരുമെന്ന് കഴിഞ്ഞ കൊല്ലവും മമതാ ദീദി പറഞ്ഞു, ഇക്കൊല്ലവും ആവര്‍ത്തിച്ചു. തുരന്തോ പക്ഷേ ഇതുവരെ വന്നില്ല. കൃത്യമായി യാത്രക്കൂലി കൊടുക്കുന്നതില്‍ മലയാളികളാണ് മുന്നില്‍. അതുകൊണ്ട് മലയാളിക്ക് ദീര്‍ഘദൂര ട്രെയിനും റെയില്‍വേ സോണുമൊന്നും വേണ്ട-അഹമ്മദ് സാഹിബിന്റെ പ്രകടനംതന്നെ ധാരാളം.

മമത അവഗണിച്ചെങ്കിലെന്ത്, പ്രണബ്കുമാര്‍ മുഖര്‍ജി തരുമല്ലോ വാരിക്കോരി എന്നായിരുന്നു രണ്ടുദിവസത്തെ വാചകമടി. എവിടെ? കേരളമെന്നൊരു സംസ്ഥാനം രാജ്യത്തുണ്ട് എന്ന ഭാവംപോലും പ്രണബ് കാണിച്ചില്ല. എന്തിനാണ് ഇവിടെനിന്ന് കുറെ മന്ത്രിമാരും എംപിമാരും കോണ്‍ഗ്രസിന്റെ കൊടിയുംപിടിച്ച് ഡല്‍ഹിയിലേക്കും തിരിച്ചും പറക്കുന്നത് എന്ന് ചോദിച്ചുപോയാല്‍ കുറ്റംപറഞ്ഞിട്ടൊന്നും കാര്യമില്ല.

പടപേടിച്ച് പന്തളത്തുചെന്നപ്പോള്‍ അവിടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ ഗാനമേള എന്നുപറഞ്ഞപോലെയായി വിലക്കയറ്റത്തിന്റെ കാര്യം. ബജറ്റിങ്ങുവരട്ടെ, വിലക്കയറ്റത്തെ പിടിച്ചു ഞാന്‍ കെട്ടും എന്നാണ് പറഞ്ഞിരുന്നത്. ബജറ്റ് വന്നപ്പോള്‍ പെട്രോളിനും ഡീസലിനും വില കുത്തനെ മേലോട്ടുപൊങ്ങി. ഇനി നാട്ടിലുള്ള സകലതിനും വില കയറും. ഇപ്പോള്‍ത്തന്നെ രണ്ടറ്റവും മുട്ടിക്കാന്‍ പെടുന്ന പാട് മനോരമക്കാരനൊഴികെ നാട്ടിലുള്ളവര്‍ക്കാകെ അറിയാം. എരിതീയില്‍ എണ്ണവില ഒഴിച്ചു യുപിഎ സര്‍ക്കാര്‍. വില എന്തോ താനേ പൊങ്ങിപ്പോകുന്നതാണെന്ന മട്ടിലാണ് മനോരമ. പഠിച്ചതല്ലേ പാടൂ. മാതൃഭൂമിക്കാരന് അല്‍പ്പം കല്ലുകടിയും പൊള്ളലുമൊക്കെ ഉണ്ടായി. അടുത്തൊന്നും തെരഞ്ഞെടുപ്പ് ഇല്ല എന്നതാണത്രെ ഇത്രയും കടുപ്പിച്ച ബജറ്റിന് കാരണം. തെരഞ്ഞെടുപ്പടുക്കുമ്പോഴാണല്ലോ സോപ്പ് പതപ്പിക്കേണ്ടത്.

ആറേഴുമാസംകൊണ്ട് വരാനിരിക്കുന്ന കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാര്യം പ്രണബ് മുഖര്‍ജിയും മന്‍മോഹന്‍ജിയും അറിഞ്ഞിട്ടേ ഉണ്ടാകില്ല. അത് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ഹിന്ദി പരിജ്ഞാനം ചെന്നിത്തലയ്ക്ക് ഇല്ലാതെപോയോ എന്തോ. മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ധനമന്ത്രിയെങ്കിലും ആയാല്‍ മതി എന്നുകരുതി ചെന്നിത്തല ഇക്കണോമിക്സ് ട്യൂഷനു പോകുന്നുണ്ടെന്നും കേള്‍ക്കുന്നു. തങ്കച്ചനെ നാഗാലന്‍ഡിലോ അരുണാചലിലോ ഉള്ള രാജ്ഭവനിലേക്കയച്ച്, മുരളിയെ കയറ്റി നിര്‍ദോഷ കണ്‍വീനര്‍ പദത്തിലിരുത്താമെന്നും പാച്ചുവും കോവാലനും ബാക്കിയുള്ളത് പങ്കിട്ടെടുക്കാമെന്നും മറ്റുമുള്ള ആലോചനകള്‍ക്കിടയില്‍ ബജറ്റിനെക്കുറിച്ചും കേരളത്തിന്റെ വിഹിതത്തെക്കുറിച്ചുമൊന്നും ഓര്‍മിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നേരമില്ല.

*
ഞാന്‍ ഒരു വികാരജീവിയാണ് എന്ന കെ പി ഉമ്മറിന്റെ ഡയലോഗ് എളുപ്പം മറക്കാനാകുന്നതല്ല. അങ്ങനെ വികാരം കൊണ്ട് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ചിലര്‍ പ്രതികരിച്ചിരുന്നു. ഞാന്‍ കെ സുധാകരന് വോട്ട് ചെയ്യുമെന്ന് ഒരു ആഗോള കമ്യൂണിസ്റ്റ് പ്രഖ്യാപിച്ചു. ഇടതുപക്ഷത്തെ പാഠംപഠിപ്പിക്കാന്‍ കുറെ സൈദ്ധാന്തികര്‍ ഇറങ്ങി. ഫലം വന്നപ്പോള്‍ കുരുട്ടുവിദ്യക്കാര്‍ ആഹ്ളാദിച്ചു. ഇടതുപക്ഷത്തിന് തിരിച്ചടികിട്ടിയതില്‍ ആഹ്ളാദാരവമുയര്‍ന്നു. അവസാനം എന്തായി? പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് നോക്കിയാല്‍ കഥയുടെ പുരോഗതി ബോധ്യപ്പെടും. 'ഇതിനോ ആദാമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി' എന്ന് സകലമാന വികാരജീവികള്‍ക്കും ചോദിക്കാം. ഇടതുപക്ഷത്തെ തകര്‍ത്താല്‍ വരുന്നത് ഭൂകമ്പമോ സുനാമിയോ എന്നേ തെരഞ്ഞെടുക്കാനുള്ളൂ.

*
മുസ്ളിംസമുദായത്തെ ആക്രമിച്ചുനശിപ്പിക്കാനുള്ള വിശാലപദ്ധതിയുടെ കൂട്ടിക്കൊടുപ്പുകാരായി മുസ്ളിംലീഗ് മാറി എന്ന് ശതമന്യു പറഞ്ഞാല്‍ ഒരുപക്ഷേ കുഞ്ഞാലിക്കുട്ടി സാഹിബ് കോപിക്കും. ആക്രിക്കച്ചവടക്കാരെപ്പോലെ പഴയ സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് വിളിച്ചുനടക്കുന്നതിനിടെ ഏതാനും പഴഞ്ചരക്കുകളെ സിപിഐ എമ്മില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷകാലത്ത് പ്രത്യേകിച്ചും. അതുകൊണ്ട് ലീഗിനെക്കുറിച്ച് നല്ലതുപറയാനുള്ള സ്വാതന്ത്ര്യം ജമാഅത്തെ ഇസ്ളാമിക്ക് കൊടുക്കാം.

1. തങ്ങളൊഴികെ ഇതര മുസ്ളിംസംഘടനകളെ തീവ്രവാദ നിഴലില്‍ നിര്‍ത്തി മാധ്യമങ്ങളില്‍ കിട്ടുന്ന ലാളനയാണ് മഹാകാര്യമെന്ന ധാരണയിലാണ് ലീഗ്.

2.ബാല്‍താക്കറേയുടെ മുന്നില്‍ ഷാരൂഖ്ഖാന്‍ കാട്ടിയ ധൈര്യത്തിന്റെ നൂറിലൊരംശംപോലും കാണിക്കാനാകാതെ മുസ്ളിംവിരുദ്ധ മാധ്യമപ്രചാരണങ്ങള്‍ക്കൊത്ത് തുള്ളി ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വം വഷളത്തം വിളിച്ചറിയിക്കയാണ്

3. മുസ്ളിംങ്ങളെ കോര്‍ണര്‍ ചെയ്ത് ആസൂത്രിതമായി മുന്നേറുന്ന പദ്ധതി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷി ലീഗില്‍നിന്ന് പ്രതീക്ഷിക്കുന്നത് ലോകത്തെ ഏറ്റവുംവലിയ വിഡ്ഢിത്തമാണ്.

4. ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീര്‍ മാധ്യമങ്ങളുടെ മുസ്ളിംവിരുദ്ധ ക്യാമ്പയിന് പാകമായ ചോക്ളേറ്റ്കുട്ടപ്പനാണ്.

5. മുസ്ളിം യൂത്ത് ലീഗ് സംഘടിപ്പിച്ച ദേശീയസമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ മുസ്ളിംയുവതയുടെ സമരവീര്യം മുഴുവന്‍ ഷണ്ഡീകരിച്ച് അതിനെ എങ്ങനെ 'ഐസ്ക്രീംപാര്‍ലറാക്കി'മാറ്റാം എന്നതാണ്.

"തങ്ങള്‍ തീവ്രവാദസംഘടനയല്ലെന്ന് ദിനേന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ഗതികേടിലേക്ക് മുസ്ളിംസംഘടനകള്‍ എത്തിക്കഴിഞ്ഞു. ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ച് സ്വഭാവശുദ്ധിവരുത്തി , തങ്ങള്‍ പാവം പരിശുദ്ധരാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗെന്ന കേരളത്തിലെ മുസ്ളിംലീഗ് സംഘടനയാണ്. തങ്ങള്‍ തീവ്രവാദികളല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി നാടുചുറ്റുക മാത്രമല്ല, തങ്ങളല്ലാത്ത, തങ്ങളോടൊപ്പം നില്‍ക്കാത്ത സകല മുസ്ളിംസംഘടനകളും തീവ്രവാദികളാണ് എന്നാണ് അവരിപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഗള്‍ഫ് മണലാരണ്യത്തില്‍ ചോരനീരാക്കി പണിയെടുത്ത് കുടംബം പോറ്റുന്നവരില്‍നിന്ന് പിരിവെടുത്ത് തുടങ്ങിയ ചാനലിന്റെ അമരക്കാരനാണ് ലീഗ്ക്യാമ്പയിനിലെ പോസ്റ്റര്‍ബോയി. വരികളിലും വരികള്‍ക്കിടയിലും മുസ്ളിംവിരുദ്ധപൈപ്പ്ബോംബുകള്‍ പൊട്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇഷ്ടതാരം. ചാനല്‍ പേരിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് പാവങ്ങളായ ഷെയര്‍ഹോള്‍ഡര്‍മാരും വല്ല സംഘടനയും രംഗത്തുവന്നാല്‍ അവര്‍ തീവ്രവാദികളാണ്, അവരുടെ തീവ്രവാദം തുറന്നുകാട്ടിയതിന്റെ പേരില്‍ ക്രൂശിക്കുകയാണ് എന്നുകരഞ്ഞ് മുഖ്യധാരയുടെ സഹതാപംനേടാം എന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. തീവ്രവാദപേര് പറഞ്ഞ് സമുദായത്തെ ഒറ്റുകൊടുത്താലും വേണ്ടില്ല ചാനല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുക എന്നതാണ് അവരുടെ അജന്‍ഡ''

ജമാഅത്തെ ഇസ്ളാമി മുഖപത്രം പറയുന്നു.

ചോക്ലേറ്റ് കുട്ടന്മാരും ഐസ്ക്രീം ലോലന്മാരും അരങ്ങുതകര്‍ക്കുമ്പോള്‍ അവരെ അനുകൂലിക്കാത്തവരെല്ലാം തീവ്രവാദികള്‍ തന്നെ. തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്ന എന്‍ഡിഎഫ് ഇപ്പോള്‍ ചോക്ലേറ്റ് തിന്ന് പരിശീലിക്കുകയാണല്ലോ.

Sunday, February 21, 2010

ആചാരവെടി

വെടി സംബന്ധമായ ചര്‍ച്ചകള്‍ ഏതുമുഹൂര്‍ത്തത്തിലാണ് തുടങ്ങിയതെന്നറിയില്ല. കോടതി ചോദിക്കുന്നത് ക്ഷേത്രങ്ങളിലെ വെടി വഴിപാട് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരെ എന്നാണ്. നാട്ടില്‍ 'നിലയും വിലയും' ഉള്ള ഒരാള്‍ പറയുന്നു: ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുമരിച്ചാല്‍ തനിക്ക് ഒരു ആചാരവെടി പോലും കിട്ടില്ല എന്ന്. അതു കിട്ടണമെങ്കില്‍ ഭരണത്തില്‍ യുഡിഎഫ് വരണം പോലും. നാറ്റോ സേനയുടെ വെടിവയ്പില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു, പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, കശ്മീരില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടി, മതിലുചാടിയ കടുവകള്‍ക്ക് മയക്കുവെടി-ഇങ്ങനെ പോകുന്നു ഈയാഴ്ചത്തെ വെടിവാര്‍ത്തകള്‍.

അതൊക്കെ പതിവ്. ആയതിനാല്‍ നമുക്ക് ആചാര വെടിവീരനിലേക്ക് വരാം.

മരണത്തെക്കുറിച്ചുമാത്രമല്ല, മരണാനന്തരം ആചാരവെടി വേണമെന്നും ചിന്തിക്കുന്നത് അപൂര്‍വമാണ്. ആചാരവെടി വേണമെന്ന അന്ത്യാഭിലാഷം ലോകചരിത്രത്തില്‍ ആദ്യമായാണ് രേഖപ്പെടുത്തുന്നത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സഫലീകരിച്ചവര്‍ അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വലിയ സോഷ്യലിസ്റ്റാണെന്ന് കേട്ടിരുന്നു. സോഷ്യലിസം ഇതുവരെ വന്നിട്ടില്ല. അടുത്തൊന്നും എത്തിയിട്ടുമില്ല. പിന്നെയുള്ളത് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, പി സി ജോര്‍ജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരുമായി സമത്വം സ്ഥാപിക്കലാണ്. അങ്ങനെയുള്ള സോഷ്യലിസം ഏതാണ്ട് ഇപ്പോള്‍ നടക്കുന്നുണ്ട്. സന്താനത്തെ ഒരു കരയ്ക്കെത്തിച്ചു. എംഎല്‍എയായി, എംപിയായി, മന്ത്രിയായി. യഥാര്‍ഥ പത്രത്തിന്റെ ശക്തി രാഷ്ട്രീയ എതിരാളികളെ അഭംഗുരം അറിയിച്ചുകൊണ്ടിരിക്കുന്നു. (വയ)നാട്ടിലെ ഭൂമിയില്‍ വലിയ പങ്ക് സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും. സകലകലാവല്ലഭന്‍. സാഹിത്യത്തിന് സാഹിത്യം. ആക്ടിവിസത്തിന് അത്. രാഷ്ട്രീയം സ്വല്‍പം ജാസ്തി. എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നോ എത്ര അവാര്‍ഡുകിട്ടിയെന്നോ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഭൂമിക്കും അവാര്‍ഡിനും അടിരേഖ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. അങ്ങനെയൊരാള്‍ക്ക് സോഷ്യലിസത്തെ ഉപേക്ഷിച്ച നിലയ്ക്ക് സ്വയം ആചാരവെടിവീരനാകാന്‍ തീരുമാനിക്കാവുന്നതേയുള്ളൂ.

എംപി ആയാല്‍ ആചാരവെടി കിട്ടുമെന്നുള്ളതുകൊണ്ടാണ് കോഴിക്കോട് സീറ്റിനു നോക്കിയത്. കശ്മലന്മാര്‍ സീറ്റുതന്നില്ല. അതുകൊണ്ട് ആഗ്രഹം ഉപേക്ഷിക്കാന്‍ പറ്റുമോ? ആചാരപരമായ വെടി റെക്കോഡുചെയ്ത് കേട്ടിട്ട് കാര്യമില്ലല്ലോ. അങ്ങനെ കോടതിക്ക് പറയാം. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. ഒന്നരക്കൊല്ലം കഴിഞ്ഞാല്‍ യുഡിഎഫ് വരുമെന്നും അപ്പോള്‍ ആചാരവെടി കിട്ടുമെന്നുമാണല്ലോ മോഹം. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലോ? കാത്തിരിക്കാം പിന്നെയും ഒരഞ്ചുകൊല്ലം. എന്നിട്ടും നടന്നില്ലെങ്കില്‍ മറ്റൊരഞ്ചുകൊല്ലം കൂടി. ആയുസ്സ് നീണ്ടുനീണ്ടുപോകട്ടെ. മോഹം മണ്ടിമണ്ടിക്കരേറട്ടെ. ഇടത്താണെന്നു പറഞ്ഞാല്‍ അത്യാവശ്യം അംഗീകാരമൊക്കെ കിട്ടിയിരുന്നു. പക്ഷേ, അവിടെ നമ്മുടെ കാര്യം നടക്കണ്ടേ. യഥാര്‍ഥ പത്രത്തിന്റെ സംസ്കാരംകൊണ്ട് എല്ലാ കാര്യങ്ങളും നിറവേറണമെന്നില്ലല്ലോ. കണക്കിന് പീതാംബരക്കുറുപ്പിനേക്കാള്‍ താഴെയായ തന്നെ കാണുമ്പോള്‍ കുന്നത്ത് ഇളംകൊന്ന പൂത്തപോലെയുണ്ടെന്നും മഴക്കാറില്‍ ചന്ദ്രനുദിച്ചപോലത്തെ മുഖമാണെന്നുമൊക്ക പറയാന്‍ പത്രവും ആചാരവെടിക്കാരും വേണം. പത്രത്തിന്റെ സ്വാധീനവലയത്തില്‍ പേരച്ചടിച്ചുകാണുന്ന് ആചാരവെടിയായി കാണുന്നവര്‍ ഉള്ളപ്പോള്‍ ധൈഷണിക പ്രപഞ്ചത്തിന്റെ ഉത്തുംഗത്തില്‍ ആചാരവെടിമോഹം നിഷിദ്ധമല്ലതന്നെ.

വലത്തോട്ടു നോക്കിയാല്‍ ആചാരപരമായ കാര്യങ്ങള്‍ തന്നെയാണ് കാണുന്നത്. ഒരാള്‍ അവിഹിതത്തിന് പിടിക്കപ്പെടുന്നു. മറ്റൊരാളെ അന്വേഷണത്തിനു നിയോഗിക്കുന്നു. അയാള്‍ അന്വേഷണ ഘട്ടത്തില്‍ കയറിപ്പിടിത്തത്തില്‍ പ്രായോഗിക പരീക്ഷണം നടത്തുന്നു. വിവരം പുറത്തുവരുമെന്നായപ്പോള്‍ പരാതി മുക്കാന്‍ നെട്ടോട്ടമോടുന്നു. പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു. അതാണ് കോഗ്രസ്. ആ കോണ്‍ഗ്രസിന്റെ മുറ്റത്ത് കാത്തുകെട്ടിക്കിടക്കുന്നയാള്‍ വീരനായാലും ഭീരുവായാലും ആഗ്രഹങ്ങള്‍ ഒരേ തരത്തിലാകും. വെറുതെ പരിഹസിക്കരുത്.

*
തെങ്ങിനുള്ള തളപ്പ് കവുങ്ങിനു ചേരില്ല. മഅ്ദനി വേറെ; സമദാനി വേറെ. മഅ്ദനി ഏതുകഷ്ടകാലത്താണാവോ ഇടതുപക്ഷത്തെ പിന്തുണച്ചു പോയത്. തലയിലെ തൊപ്പിയും താടിയും പ്രഭാഷണ ചാതുര്യവുമാണ് തീവ്രവാദത്തിന്റെ ഡിഗ്രി എന്നാണല്ലോ അമേരിക്കന്‍ സായ്പിന്റെ തീട്ടൂരം. അക്കാര്യങ്ങളില്‍ മഅ്ദനിയും സമദാനിയും തമ്മില്‍ ചെറിയ വ്യത്യാസമേ ഉള്ളൂ. പക്ഷേ, മഅ്ദനി നിരന്തരം വാര്‍ത്തയില്‍. സമദാനിയെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ലീഗ് നേതാവും മുന്‍ രാജ്യസഭ അംഗവുമായതുകൊണ്ട് സമദാനിയുടെ സിമി ബന്ധവും ചില സ്വകാര്യ സംഘടനകളുടെ നേതൃസ്ഥാനവും പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തീരെ താല്‍പ്പര്യമില്ല പോലും. പണ്ട് സിമി എന്ന വിദ്യാര്‍ഥി സംഘടനയില്‍ കെ ടി ജലീല്‍ എംഎല്‍എ അംഗമായിരുന്നു. അക്കാലം കഴിഞ്ഞ് ലീഗിലെത്തി. അവിടത്തെ കൊള്ളരുതായ്മ കണ്ട് സഹിക്കാതെ കുട്ടിയെ കുറ്റിപ്പുറത്തിരുത്തി ജലീല്‍ കുറ്റിപ്പുറം പിടിച്ചു. ആ ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്യുമെന്ന് ആര്‍എസ്എസിന്റെ പത്രം കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതി. ആ വാര്‍ത്ത ലീഗുകാര്‍ കോപ്പിയെടുത്ത് നാട്ടിലാകെ പ്രചരിപ്പിക്കുകയുംചെയ്തു. ജലീല്‍ സിമിയുടെ സാദാമെമ്പറായിരുന്നു. അങ്ങനെ ആയിരക്കണക്കിനാളുകള്‍ നാട്ടിലുണ്ട്. എന്നിട്ടും ആര്‍എസ്എസ് പത്രത്തിന് വ്യാജവാര്‍ത്ത ചമയ്ക്കാന്‍ തോന്നുന്നു; ലീഗുകാര്‍ അത് പ്രചരിപ്പിക്കുന്നു.

അപ്പോള്‍ സമദാനിയുടെ കാര്യമോ?

നിരോധിത സിമിയുടെ വല്യ പുള്ളിയായിരുന്നു സമദാനി. സിമി സമം സമദാനി എന്ന് ഏതന്വേഷണത്തിലും ആദ്യം തെളിയും. കോഴിക്കോട് ഫാറൂഖ് കോളേജ് യൂണിയന്‍ ചെയര്‍മാനായി 1980ല്‍ ജയിച്ചത് സിമിയുടെ കൊടിയും പിടിച്ചാണ്. അന്ന് തോറ്റത് എംഎസ്എഫ് സംസ്ഥാന നേതാവായിരുന്ന ടി എ ഖാലിദ്. സിമിയുടെ അഖിലേന്ത്യാ സമിതിയിലും സംസ്ഥാനത്തെ സൂപ്പര്‍ കമ്മിറ്റി ഷൂറയിലും അംഗമായിരുന്ന പുള്ളി ആരെന്നുചോദിച്ചാലും കിട്ടുന്ന ഉത്തരം സമദാനി എന്നുതന്നെ. ചോദ്യം ചെയ്യാന്‍ ഇത്രയൊക്കെ മതി എന്ന് ആര്‍എസ്എസ് പത്രത്തിന് തോന്നുന്നുണ്ടോ? കോഴിക്കോട് ബൈപാസിനരികെ സമദാനിക്ക് ആരംഭിച്ച ഒരു സ്വകാര്യ ഫൌണ്ടേഷനുണ്ട്. അവിടെ റോഡും മറ്റു പലതും വന്നത് എംപി ഫണ്ട് വഴി. എംഇഎം എന്ന സംഘടന വേറെയുണ്ട്. തീവ്രവാദ കേസില്‍ നേരത്തെ അറസ്റ്റിലായ ഇല്യാസ്, യൂസഫ് എന്നിവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ കോട്ടയ്ക്കല്‍ സര്‍ഹിന്ദ് നഗറില്‍ നടന്ന ഷാഹീന്‍ കോഴ്സിനെക്കുറിച്ച് പറയുന്നുണ്ട്. അവിടത്തെ വല്യ മാഷായിരുന്നു സമദാനി. കശ്മീരില്‍ പോയി പട്ടാളത്തിനോട് മുട്ടി മരിച്ചുവീണ റഹിം സമദാനിയുടെ ഷാഹീന്‍ ക്ളാസിലെ ഉത്തമ ശിഷ്യന്‍. കാശ്മീരില്‍ വെടിപൊട്ടിയപ്പോള്‍ നാട്ടിലെ ക്ളാസ് നിന്നു.

ഇതെല്ലാം അന്വേഷിക്കാനോ അന്വേഷിക്കാതിരിക്കാനോ ഡല്‍ഹിയിലെ ഏമാന്മാര്‍ കേസ് വാരിപ്പിടിച്ചത്? കേട്ടവരാരും മിണ്ടണ്ട. വെറുതെ മഅ്ദനി എന്നു പറഞ്ഞ് നടന്നാല്‍ മതി. സമദാനി രക്ഷപ്പെട്ടു പൊയ്ക്കോട്ടെന്നേ. ഒന്നുമില്ലെങ്കിലും യുഡിഎഫ് അല്ലേ.

*
സ്വത്വരാഷ്ട്രീയം അഥവാ ഐഡന്റിറ്റി പൊളിറ്റിക്സ് എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞുകേട്ടപ്പോള്‍തന്നെ ചിലര്‍ക്ക് ഇളക്കം. അത് സിപിഐ എമ്മിലെ ചിലരെ ലക്ഷ്യം വച്ചാണെന്നാണ് ഒരു കണ്ടെത്തല്‍. രാഷ്ട്രീയ ഗവേഷകര്‍ക്ക് ഇപ്പോള്‍ മാതൃഭൂമിയാണ് ചെലവിനു കൊടുക്കുന്നത്. എന്താണ് സ്വത്വ രാഷ്ട്രീയം എന്ന് അറിയണമെന്നില്ല-എന്തരോ ഒന്ന്. അത് മാര്‍ക്സിസ്റ്റുകാരെ കുഴക്കിക്കളയും എന്നാണ് ഗവേഷണ ഫലം. എന്റെ കാര്യം ഞാന്‍ നോക്കണം, അതില്‍ മറ്റുള്ളവര്‍ക്ക് കാര്യമില്ല എന്നാണ് സ്വത്വരാഷ്ട്രീയക്കാരുടെ അടിസ്ഥാന വിചാരം. അവര്‍ പറയുന്നത്, പ്രത്യേക അടിച്ചമര്‍ത്തലിനെക്കുറിച്ച് മനസിലാക്കാനും അറിഞ്ഞ് പ്രതികരിക്കാനും ആ”സ്വത്വത്തില്‍പ്പെട്ടവര്‍ക്കേ കഴിയൂ എന്നാണ്. അതുകൊണ്ട് അവരുടെ പോരാട്ടം അവര്‍ നടത്തും; മറ്റുള്ളവര്‍ കണ്ടു നില്‍ക്കും. അതായത്, വയനാട്ടിലെ ആദിവാസിക്ക് ഭൂമിയില്ലെങ്കില്‍ ആദിവാസികള്‍തന്നെ സമരം ചെയ്തുകൊള്ളണം. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ അവര്‍ കയറിയാല്‍ വീരന്റെ ശിങ്കിടികള്‍ക്ക് വേണമെങ്കില്‍ അടിച്ചോടിക്കാം-സ്വത്വ രാഷ്ട്രീയമാകുമ്പോള്‍ മറ്റാരും ഇടപെടേണ്ടതില്ലല്ലോ. തീയന് തിയ്യന്റെ പ്രശ്നം, നായര്‍ക്ക് നായരുടേത്, മുഹമ്മദീയര്‍ക്ക് അവരുടേത്-എല്ലാ മനുഷ്യര്‍ക്കും പൊതുവായ പ്രശ്നങ്ങള്‍ ഉണ്ടാകില്ല അവിടെ. എല്ലാ വിധത്തിലുംപെട്ട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊതുപോരാട്ടം വേണ്ടെന്ന്. ഇത് ചെന്നിത്തലയുടെ ബൂര്‍ഷ്വാരാഷ്ട്രീയത്തിന് ആളെ കൂട്ടിക്കൊടുക്കുന്ന ഏര്‍പ്പാടാണ്. സ്വത്വരാഷ്ട്രീയം ആടിത്തിമിര്‍ത്തിടത്തൊക്കെ ജനങ്ങളെ പരസ്പരം മത്സരിപ്പിച്ചിട്ടുണ്ട്; ഏറ്റുമുട്ടിച്ചിട്ടുണ്ട്. പരസ്പരം കണ്ടുകൂടാത്ത ജനവിഭാഗങ്ങളെ സൃഷ്ടിക്കുന്ന പരിപാടിയെ സിപിഐ എമ്മുകാര്‍ എതിര്‍ക്കുന്നു. ആ എതിര്‍പ്പും പാര്‍ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് മാതൃഭൂമി കരയുന്നു.

Sunday, February 14, 2010

വല്ലവരുടെയും വക

ആദിവാസി സംരക്ഷകര്‍ എന്തുപറയുന്നു എന്നറിയാന്‍ കൊതിയാകുന്നുണ്ട്. പാവപ്പെട്ട ആദിവാസികള്‍ പത്തുസെന്റ് ഭൂമിപോലുമില്ലാതെ വിഷമിക്കുമ്പോള്‍ ചില പ്രമാണിമാര്‍ ഭൂമി വെട്ടിപ്പിടിച്ച് സുഖിച്ചുവാഴുന്ന കഥ ഹൈക്കോടതിക്ക് മനസ്സിലായി. ഭൂമി വെട്ടിപ്പിടിത്തം എന്ന സംസ്കാരമാണ് ഒരു പത്രത്തോടൊപ്പം മലയാളിയുടെ മനസ്സിലേക്ക് കടന്നുകയറുന്നത്. പേപ്പട്ടിയെ തല്ലിക്കൊല്ലുമ്പോഴും മദമിളകിയ ഒറ്റയാനെ മയക്കുവെടിവയ്ക്കുമ്പോഴുമേ ചിലര്‍ക്ക് ജന്തുസ്നേഹം ഇളകിവരൂ. മരമേ കരളേ എന്നു പാടാനേ അറിയൂ. മനുഷ്യന്റെ വേദന കണ്ടാല്‍ കണ്ണിനുപിടിക്കില്ല. വേദനിപ്പിക്കുന്നത് പത്രമുതലാളിയാകുമ്പോള്‍ പ്രതികരിക്കുന്ന യന്ത്രം തകരാറിലാകും. പ്രസ്താവനയുടെ വിത്ത് മുളയ്ക്കില്ല. കഥയും കവിതയും പൊട്ടിവിടരില്ല.

വയനാട്ടിലെ ആദിവാസിഭൂമി വെട്ടിപ്പിടിച്ച നേതാവിനെതിരെ വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആര്‍ക്കും പ്രതികരണവുമില്ല; കണ്ട ഭാവവുമില്ല. നാട്ടിലെ പെരുങ്കള്ളന്റെ വീടിന് ഹരിശ്ചന്ദ്രഭവന്‍ എന്നുപേരിട്ട കഥകേട്ടിട്ടുണ്ട്. അങ്ങനെ വേണമെങ്കില്‍ സത്യമേവ ജയതേ എന്ന് കായംകുളം കൊച്ചുണ്ണി മാനേജിങ് ഡയറക്ടറായ പത്രത്തിന്റെ തലേക്കെട്ടിലും എഴുതിവയ്ക്കാം. ആരും ചോദിക്കില്ല. ആര്‍ക്കെങ്കിലും ചോദ്യം വന്നുമുട്ടിയാല്‍ പത്രത്തിന്റെ പരിചവച്ച് തടുത്തുകൊള്ളും.

എല്ലാവര്‍ക്കുമുണ്ടല്ലോ ചിലചില ദൌര്‍ബല്യങ്ങള്‍.

കഷ്ടപ്പെട്ട് ഒരു കവിതയോ കഥയോ പ്രസ്താവനയോ എഴുതിയാല്‍ അച്ചടിക്കാന്‍ ഒരു കടലാസുവേണ്ടേ. ആ കടലാസിന്റെ മാനേജിങ് ഡയറക്ടര്‍ക്കെതിരെ മിണ്ടിയാല്‍പ്പിന്നെ നൊന്തുപെറ്റ സൃഷ്ടി എവിടെ കൊണ്ടുപോയി കളയും? അതുകൊണ്ട് പ്രതികരണമില്ലായ്മയെ പഴിക്കേണ്ടതില്ല. വയനാട്ടില്‍ ആദിവാസിയുടേത് കൈയേറ്റമെന്നുതന്നെ പറയണം. ചെങ്ങറയിലേത് ഇതേ നിരീക്ഷകര്‍ക്ക് ഭൂരഹിതന്റെ ജീവന്‍മരണ പോരാട്ടമായിരുന്നു. ചെങ്ങറയുടെ വീരഗാഥകള്‍ വെബ്ബിലും ബ്ളോഗിലും കടലാസിലും കഞ്ചാവുപുകയിലുമെല്ലാംപാറിപ്പറന്നു കളിച്ചിരുന്നു. സംഗതി വയനാട്ടിലെത്തിയപ്പോള്‍ സമരം കൈയേറ്റമായി; ആദിവാസി അക്രമിയായി. ഇതിനെയാണ് സത്യത്തില്‍ വൈരുധ്യാധിഷ്ഠിതം എന്ന് പറയുന്നത്. സൌകര്യാധിഷ്ഠിതം എന്നും പറയാം.

വയനാട്ടില്‍ ആദിവാസികള്‍ക്കു കിട്ടേണ്ട ഭൂമിയില്‍ ഗത്യന്തരമില്ലാതെയാണ് അവര്‍ കയറി കുടിലുകെട്ടിയത്. അങ്ങനെ കുടിലുകെട്ടിയപ്പോഴാണ്, കൊടിയുടെ ചുവപ്പുകണ്ടപ്പോഴാണ് ചിലര്‍ക്ക് ഇളക്കംതട്ടിയത്. ആദിവാസികളെ ഇറക്കി ഭൂമിക്കുമുന്നില്‍ വച്ച ബോര്‍ഡ് 'ഇത് പണ്ടാരം വഹ' എന്നാണ്. അതിനോടാണ് ഇപ്പോള്‍ മഹദ്മനസ്സുകളുടെ രോഷം.

വല്ലവന്റെയും വകയുള്ളത് സ്വന്തമാക്കിയ ശീലമേ ഇതുവരെ ഉള്ളൂ. സ്വന്തമെന്നു നിനച്ചത് സര്‍ക്കാര്‍ വകയാണെന്ന് ചിന്തിക്കുന്നതുതന്നെ സങ്കടകരം. അച്ഛന്‍ കൈയേറിയത് നിയമപരമായി എനിക്കുകിട്ടി; ഞാനത് മോനുകൊടുത്തു എന്നായിരുന്നു ഇന്നലെവരെ പറഞ്ഞത്. കളവുമുതല്‍ പരമ്പരാഗത സ്വത്താക്കാമെന്ന് പുതിയ സിദ്ധാന്തം. അച്ഛന്‍ കൈയേറുമ്പോള്‍ മോന്‍ കുഞ്ഞായിരുന്നു. അതുകൊണ്ട് മോന് കുറ്റമില്ല. ആ കുഞ്ഞിന്റെ മോന് കൈയേറ്റവസ്തു ചെന്നെത്തിയാല്‍ തീരെ കുറ്റമില്ല. സ്വന്തമായി ഒന്നും വേണമെന്നില്ല. അഥവാ സ്വന്തമായുള്ളത് നാലുപേര്‍ കേള്‍ക്കെ പറയാനാകുന്നതാകണമെന്ന നിര്‍ബന്ധവുമില്ല. നാണംകെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേട് ആ പണം തീര്‍ത്തുകൊള്ളും എന്നാണ് പഴയ ചൊല്ല്. ഇവിടെ ഏതു നാണക്കേടുതീര്‍ക്കാനും പത്രം മതി.

സ്വന്തമെന്ന പദത്തിന് എന്താണര്‍ഥം?

ഭൂസ്വത്ത് സര്‍ക്കാരില്‍നിന്ന് വെട്ടിപ്പിടിച്ചത്. പത്രമേധാവിത്വം മോശപ്പെട്ട വഴികളിലൂടെ സ്വന്തമാക്കിയ ഓഹരികളുടെ ബലത്തില്‍. കിട്ടിയ അവാര്‍ഡുകളുടെ പട്ടിക കണ്ടാല്‍ ആരും ധരിച്ചുപോകും. ഇതാ വരുന്നു സകലകലാ വല്ലഭനെന്ന്. വല്ലവന്റെയും മുതലും എഴുത്തും സ്വന്തമാക്കുന്നയാള്‍ വല്ലഭന്‍. ആ വല്ലഭനെ പേടിച്ച് ആര്‍ക്കെങ്കിലും വഴി നടക്കാന്‍ കഴിയുമോ? സര്‍ക്കാര്‍ വക ഭൂമിക്കുമുന്നില്‍ വല്ലവനും എഴുതിയ പുസ്തകവും വല്ലവനും അര്‍ഹതപ്പെട്ട പുരസ്കാരവും നിരത്തിവച്ച് ഇനിയുള്ള കാലം വല്ലഭന്മാര്‍ വാഴട്ടെ. ബീയാര്‍പി, സാറ ജോസഫ്, നീലാണ്ടന്‍ തുടങ്ങിയ മഹാപ്രതിഭകളുടെ പ്രതികരണം വരണമെങ്കില്‍ എന്താണ് ഇനി ഉണ്ടാകേണ്ടതെന്ന് ചിന്തിക്കുകയാണ് ശതമന്യു. അവര്‍ക്ക് പത്രങ്ങളൊന്നും കിട്ടുന്നുണ്ടാകുന്നില്ല എന്ന് സമാധാനിക്കാം.

*
ഡെപ്യൂട്ടി മേയര്‍ അരസെന്റ് സ്ഥലം കൈയേറിയെന്ന് മുക്കാല്‍സെന്റ് വാര്‍ത്തകൊടുക്കാന്‍ വീരഭൂമിക്കേ കഴിയൂ. സ്വന്തം മുതലാളി ഏക്കറുകണക്കിന് കൈയേറിയ വാര്‍ത്ത മുക്കാന്‍ അരസെന്റ് മതിയാകുമോ? സ്മാര്‍ട്സിറ്റിക്കാര്യത്തില്‍ പറയുന്നതല്ല സൈബര്‍സിറ്റിക്കാര്യത്തില്‍ കേള്‍ക്കുന്നത്. വയനാട്ടിലേതല്ല മൂന്നാറിലെ പ്രതികരണം. എല്ലാം മായ. കണ്ടത് മിണ്ടരുത്, കാണാത്തത് വിളിച്ചുപറയണം എന്നാണ് പുതിയ മാധ്യമധര്‍മം. കാണാത്തത് കണ്ടപ്പോള്‍ ചിലര്‍ അന്തംവിടുന്നതും ഈ വാരത്തില്‍ ശതമന്യു കണ്ടു. പിണറായിയുടെ വലിയ വീടായിരുന്നല്ലോ രണ്ടുമാസം മുമ്പത്തെ കഥാവിഷയം. മണിമാളികയെന്ന് നിനച്ച് ആ വീടുകാണാനെത്തി ഒട്ടേറെപ്പേര്‍ നിരാശരായാണ് മടങ്ങിയത്. കല്യാണംകൂടാന്‍ എത്തിയ ഒരു വലിയ യുഡിഎഫ് നേതാവിനോട് ചിലര്‍ ചോദിക്കുന്നതുകേട്ടു:

"ഈ വീടിന് റിമോട്ട് കണ്‍ട്രോളുള്ള ഗേറ്റും വലിയ വലിയ സൌകര്യങ്ങളുമുണ്ടെന്നാണല്ലോ താങ്കളുടെ സഹനേതാവ് പറഞ്ഞുനടക്കുന്നത്. അങ്ങനെ വല്ലതും താങ്കള്‍ കാണുന്നുണ്ടോ?''

വലതുനെഞ്ചില്‍ കൈവച്ച് കുലുങ്ങിച്ചിരിച്ചുകൊണ്ട് നേതാവ് മൊഴിഞ്ഞത്, "അതിയാന് വട്ടാണ്'' എന്നത്രെ.

കൊട്ടാരസദൃശമായ വീടുകാണാന്‍ നോക്കിയ മറ്റൊരാള്‍ ചുറ്റും നിരീക്ഷിച്ച് അനല്‍പ്പമായ നൈരാശ്യത്തോടെ ചോദിച്ചു: എവിടെ ഹെലിപ്പാഡ്? അത് ചുരുട്ടിക്കൂട്ടി വച്ചിട്ടുണ്ട് എന്നായിരുന്നു ലഭിച്ച മറുപടി. അങ്ങനെയുള്ളവരെ വെറുതെ വിട്ടേക്കുക. അവര്‍ക്ക് സാധാരണ വീട് കൊട്ടാരമായി തോന്നും. വയനാട് വീരഭൂമിയായിത്തോന്നും. കഥകളുണ്ടാക്കുന്നതിന് നികുതി നല്‍കേണ്ടതില്ല. അടുത്ത ബജറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കയാണ് തോമസ് ഐസക് എന്നാണറിഞ്ഞത്. വരുമാനം വര്‍ധിപ്പിക്കാന്‍ മികച്ച വഴി കെട്ടുകഥകള്‍ക്ക് നികുതിചുമത്തലാണ്. ഒന്ന് രണ്ട് പത്രങ്ങളും ചാനലുകളും തന്നെ സര്‍ക്കാരിന്റെ വരുമാനം ഇരട്ടിയാക്കിക്കൊള്ളും.

Sunday, February 7, 2010

വയനാട്ടിലെ മൂന്നാര്‍

മൂന്നാറും വയനാടും തമ്മിലെന്ത്? രണ്ടിടത്തും പച്ചവിരിപ്പിട്ട മലനിരകളുണ്ട്; തണുപ്പുണ്ട്; ടൂറിസ്റുകളെത്തുന്നുണ്ട്. മൂന്നാറിലുമുണ്ട് തേയില; വയനാട്ടിലുമുണ്ട് തേയില. മൂന്നാറിലുമുണ്ട് കൈയേറ്റം; വയനാട്ടിലുമുണ്ട് കൈയേറ്റം.

മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് പ്രമുഖ രാഷ്ട്രീയനേതാവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ചെയര്‍മാനും സാഹിത്യ വിമര്‍ശകനും ഗ്രന്ഥകാരനും നിരവധി അവാര്‍ഡുകള്‍ക്കും തോട്ടങ്ങള്‍ക്കും ഉടമയും സര്‍വോപരി സഹൃദയനുമായ എം പി വീരേന്ദ്രകുമാര്‍ എക്സ് എംപി പറഞ്ഞത് ഇങ്ങനെ: "കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. ആരാണ് കൈയേറ്റക്കാരെന്ന്ì തീരുമാനിക്കേണ്ടത് മാര്‍ക്സിസ്റ് പാര്‍ടിയുടെ കീഴ്ഘടകങ്ങളല്ല..... മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മൂന്നാര്‍ മാത്രമല്ല, മുത്തൂറ്റ് വധക്കേസിലുള്‍പ്പെടെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല''(മാതൃഭൂമി, 2010ജനുവരി 30) ഇനി വയനാട്ടിലെ ഭൂപ്രശ്നം സംബന്ധിച്ച മാതൃഭൂമിയുടെ ഒന്നാംപേജ് വാര്‍ത്ത നോക്കാം: "കൃഷ്ണഗിരി (വയനാട്): എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കൈവശത്തിലുള്ള ഭൂമി സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുêസംഘമാളുകള്‍ കൈയേറി. പോലീസുകാരും റവന്യൂ} ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ എകെഎസ് പ്രവര്‍ത്തകരെന്നുìപറയുന്നവര്‍ ഭൂമിയിലെ മരങ്ങളും കാപ്പിച്ചെടികളും വെട്ടി കുടില്‍ കെട്ടുകയുംചെയ്തു. വൈകുന്നേരത്തോടെ രണ്ടു ചെറിയ കുടിലുകളാണ് ഇവര്‍ ഉയര്‍ത്തിയത്.....''

മൂന്നാറിലാകുമ്പോള്‍ കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. വയനാട്ടിലെത്തുമ്പോള്‍ ശ്രേയാംസ് കുമാറിന്റേത് 'കൈവശ ഭൂമി'. അതില്‍ ആദിവാസികള്‍ അവകാശം സ്ഥാപിക്കുന്നത്, എകെഎസ് എന്നു 'പറയുന്നവരുടെ' കൈയേറ്റം. ശ്രേയാംസ് കുമാറിന്റെ 'കൈവശമുള്ള ഭൂമി' എന്നേ മാതൃഭൂമി പറയുന്നുള്ളൂ. പതിനാറേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ അതിന്റെ യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ കുടില്‍ കെട്ടിയതിനെതിരെ മൂന്നു പേജിലായി പതിനഞ്ചു വാര്‍ത്തയാണ് ഒറ്റ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല, ഗൂഢാലോചനയുടെ ഭാഗമെന്ന് ശ്രേയാംസ് കുമാര്‍, പകപോക്കലെന്ന് തങ്കച്ചന്‍, വാശി തീര്‍ക്കലെന്ന് സുധീരന്‍, രാഷ്ട്രീയ തേജോവധശ്രമമെന്ന് കൃഷ്ണന്‍കുട്ടി, മൂന്നാറില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് കെ എം മാണി, സിപിഎമ്മിന്റെ നിരാശമൂലമെന്ന് വര്‍ഗീസ് ജോര്‍ജ്, ഫാസിസ്റ് നടപടിയെന്ന് ശ്രീധരന്‍പിള്ള. (കയ്യേറ്റമെന്നു കേട്ടാല്‍ ഉറഞ്ഞുതുള്ളുന്ന ചില വ്യത്യസ്ത ജീവികളുടെ ഒച്ച മാത്രം കേട്ടില്ല. മാണി ഇരിക്കുമ്പോള്‍ വാലാടേണ്ടതില്ല എന്ന പ്രമാണം ഓര്‍ത്തിട്ടാകണം). ഒരുകാര്യത്തില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ശ്രേയാംസ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എന്ന് ആരും പറഞ്ഞിട്ടില്ല. ശ്രേയാംസ് തന്നെ പറയുന്നു 'പതിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയ' ഭൂമി മാത്രമാണതെന്ന്.

മൂന്നാറിലും റിസോര്‍ട്ടുടമകളും കൈയേറ്റക്കാരും 'കൈവശം' വയ്ക്കുന്ന ഭൂമിതന്നെയാണുള്ളത്. അവര്‍ പറയുന്ന ന്യായംതന്നെ ഇപ്പോള്‍ ശ്രേയാംസിന്റെ ഭൂമിക്കുവേണ്ടി വി എം സുധീരനും പറയുന്നു. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമങ്ങള്‍ അപ്രസക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മൊഴിഞ്ഞ് അടുത്ത ശ്വാസത്തില്‍തന്നെ, 'എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍.എയുടെ ഭൂമിയിലെ കൈയേറ്റം സിപിഎമ്മിന്റെ രാഷ്ട്രീയവാശി തീര്‍ക്കലായേ കാണാന്‍ കഴിയൂ' എന്നും സുധീരന്‍ പറയുകയാണ്.

വയനാട്ടിലെ അച്ഛനും മകനും കൈയേറിയ ഭൂമിയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ ആദ്യം പറഞ്ഞത്. രാഷ്ട്രീയ സ്വാധീനവും പത്രത്തിന്റെ മറയുമുപയോഗിച്ച് വയനാട്ടില്‍ ഭൂമി വെട്ടിപ്പിടിച്ചവര്‍, അക്കാര്യം സൌകര്യപൂര്‍വം മറച്ചുവയ്ക്കുകയും പാവപ്പെട്ട കുടിയേറ്റക്കാരെ ഉള്‍പ്പെടെ കിടപ്പാടങ്ങളില്‍നിന്ന് ഇറക്കിവിടാന്‍ ഘോരഘോരം ഒച്ചവച്ച് ഇറങ്ങിത്തിരിക്കുകയുംചെയ്തു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തടവും പിഴയും കേരള ഭൂസംരക്ഷണ ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂന്നു മുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. അച്ഛന്‍ വെട്ടിപ്പിടിച്ച ഭൂമി മകന് കെട്ടിപ്പിടിക്കാം എന്ന ന്യായമാണ് ഇന്നലെവരെ പറഞ്ഞിരുന്നത്. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍പ്പെട്ട 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ശ്രേയാംസ്കുമാറിന് എന്തെങ്കിലും അവകാശമുണ്ടെന്ന് ഇന്നുവരെ ഒരു കോടതിയും പറഞ്ഞിട്ടില്ല. ഭക്ഷണം പ്രധാന പ്രശ്നമാണ്. കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനത്തിന് തന്റെ മുത്തച്ഛന് സര്‍ക്കാര്‍ കൊടുത്തതാണ് ഭൂമി എന്നാണ് 'പ്രതി' ന്യായം പറയുന്നത്. എത്രയും പെട്ടെന്ന് ആദിവാസികള്‍ക്ക് പതിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ട ഭൂമിയാണിത്. ആ ഭൂമിയില്‍ ആദിവാസികളെ കയറ്റില്ലെന്നായിരുന്നു വാശി. അതിന് ഉദ്യോഗസ്ഥതലത്തിലെ ദുഃസ്വാധീനം നന്നായി ഉപയോഗിച്ചു. ഇപ്പോള്‍ യഥാര്‍ഥ അവകാശികള്‍ ഭൂമിയില്‍ കയറി കുടിലുകെട്ടി.

മൂന്നാറില്‍ ടാറ്റയെങ്കില്‍ വയനാട്ടില്‍ അച്ഛനും മകനും. ടാറ്റ പാട്ടഭൂമിയില്‍ കളിക്കുന്നു; പിതൃപുത്രന്മാര്‍ വെട്ടിപ്പിടിച്ച ഭൂമിയില്‍ കളിക്കുന്നു. കോടതിയുത്തരവുണ്ടെങ്കില്‍ വിട്ടുകൊടുക്കാം എന്നുപറഞ്ഞ് തടിതപ്പുന്നതിനുപകരം അന്തസ്സായി, ആദിവാസികളുടെ ഭൂമി എനിക്കുവേണ്ട എന്നു പറഞ്ഞുകൂടേ? എന്തായാലും ഒരു ജനപ്രതിനിധിയല്ലേ? ജനപ്രതിനിധിക്ക് അന്തസ്സ് പാടില്ലെന്നുണ്ടോ? അതല്ല, ഈ സ്വഭാവവും ഭൂമിപോലെതന്നെ പാരമ്പര്യമായി കിട്ടിയതോ?

എന്തായാലും കൃഷ്ണഗിരിയിലെ പ്രശ്നം വേഗം തീരണം എന്നാണ് ശതമന്യുവിന്റെ ആഗ്രഹം. അതു കഴിഞ്ഞിട്ടുവേണം നമുക്ക് പുറക്കാടിയിലേക്കു പോകാന്‍. പിന്നെ കലക്ടറേറ്റിലേക്ക്. കട്ടുകട്ടങ്ങിരിക്കും ജനങ്ങളെ രണ്ടുനാലുദിനംകൊണ്ട് തണ്ടിലേറ്റി നടക്കുന്നവരുടെ കൂട്ടത്തില്‍ വി എം സുധീരന്റെ മുഖം കണ്ടതുമാത്രമാണ് നാടകത്തിലെ തമാശ. എല്ലാ കോട്ടുകളും ഒരു കാണാച്ചരടുകൊണ്ട് ബന്ധിച്ചിരിക്കുന്നു. കോടാലി ശ്രീധരനും വീരകോടാലിക്കൈയും വി എം സുധീരനുമെല്ലാം ആ ചരടിന്റെ ഭാഗങ്ങള്‍. അതിന്റെ ഏതോ അറ്റത്ത് ടാറ്റയുമുണ്ട്.

*
സ്വാതന്ത്ര്യം ദുബായിലെ ഡാന്‍സ് ബാറിലാണോ ചെന്നൈയിലെ ചിന്നവീട്ടിലാണോ ഡല്‍ഹിയിലെ സെന്റ് സ്റീഫന്‍സ് ആശുപത്രിയിലാണോ അതോ ഒറ്റപ്പാലത്തെ സഹകരണ ബാങ്കിന്റെ ക്യാഷ് കൌണ്ടറിലാണോ എന്നൊന്നും നിശ്ചയിക്കാന്‍ പറ്റില്ല. തൂണിലും തുരുമ്പിലും അതുണ്ട്. വകഭേദങ്ങള്‍ പലതാണ്. ഉണ്ണിത്താനു വേണ്ട സ്വാതന്ത്ര്യം മഞ്ചേരിയില്‍ നിര്‍ഭയം നിരങ്കുശം പരനാരീസമേതം പോകാനുള്ളതാണ്. സക്കറിയക്കുവേണ്ടത് എവിടെയും മൈക്കുകെട്ടി കമ്യൂണിസ്റുകാരെ കൂവിവിളിക്കാനുള്ളത്. അബ്ദുള്ളക്കുട്ടിക്ക് സുധാകരേട്ടനൊപ്പം ഉല്ലസിക്കാനുള്ളത്. കെ എസ് മനോജിന് ഇനിയും മത്സരിക്കാനുള്ളത്. ശിവരാമന് ചെന്നിത്തലാജിക്കൊപ്പം ഡല്‍ഹിയിലും തിരുവനന്തപുരത്തും കറങ്ങിയടിക്കാനുള്ളത്. ഇത്തരം സ്വാതന്ത്ര്യം കിട്ടുന്നിടത്തേക്ക് അവര്‍ പോകും. അതിലെന്തിത്ര വാര്‍ത്ത?

സഹകരണ ബാങ്കിലെ കാഷ്യര്‍ഭാര്യയുടെ പണത്തട്ടിപ്പു പിടിച്ച് അവരെ പകല്‍വാച്ചറാക്കിയിരുന്നില്ലെങ്കില്‍ ശിവരാമന് കമ്യൂണിസം മടുക്കില്ലായിരുന്നുവെന്നാണ് ഒറ്റപ്പാലത്തുകാര്‍ പറയുന്നത്.

തവളപിടിത്തത്തിനെന്നപോലെ ചാക്കും ടോര്‍ച്ചുമായി ചെന്നിത്തലയ്ക്ക് യാത്ര തുടരാം. ഇനിയും ഇത്തരം വല്ലതിനെയും സംഘടിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷ നല്ലതാണ്്. അബ്ദുള്ളക്കുട്ടി തുടങ്ങിവച്ച ഒഴുക്ക് എന്നാണ് ഒരു ചാനല്‍ചര്‍ച്ചകന്‍ പറഞ്ഞുകേട്ടത്. ഇതാണ് ഒഴുക്കെങ്കില്‍ ഉദ്ഘാടകന് മാര്‍ക്സിസ്റ് പാര്‍ടി നന്ദി പറയണം. ഇത്തരക്കാര്‍ പുറത്തുപോയാലാണ് പാര്‍ടിയുടെ യശസ്സുയരുക. എംപിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ടി വേണ്ട എന്നു കരുതുന്നവര്‍ക്ക് 'അഴകുള്ളവനെക്കാണുമ്പോള്‍' പലതും വിളിക്കാന്‍ തോന്നുന്നവര്‍ എന്നൊരു വിശേഷണവുമുണ്ട്. ചില ജീവികള്‍ക്ക് മറ്റുള്ളവര്‍ മോശമായി കരുതുന്ന വസ്തുക്കളാകും ഭക്ഷണം. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെടുന്നവരും സ്വാര്‍ഥമോഹികളായി പാര്‍ടിയില്‍നിന്ന് അകലുന്നവരും കോണ്‍ഗ്രസിന്റെ ഇഷ്ടക്കാരാകുന്നതില്‍ അത്ഭുതമില്ല എന്നര്‍ഥം. സിപിഐ എമ്മിന് തുരുമ്പു ചിതറിപ്പോകുന്ന ആശ്വാസം ലഭിക്കും. കോണ്‍ഗ്രസിലെ വിറകുവെട്ടികളും വെള്ളംകോരികളും ചുമലേറ്റി നടക്കട്ടെ പുതിയ അവതാരങ്ങളെ.

*
രണ്ടു വാല്‍കഷ്ണങ്ങള്‍:

1.കെ എസ് മനോജ് സിപിഐ എമ്മിനെതിരെ കേസുകൊടുക്കുന്നുവെന്ന്. വാദിക്കാന്‍ മഠത്തിലെയും കാളീശ്വരത്തെയും മൂന്നാര്‍ റിസോര്‍ട്ടിലെയും രാജരാമശിവന്മാര്‍ അണിനിരക്കട്ടെ. കോടതിയില്‍ തോറ്റാലും നമുക്ക് ചാനലില്‍ ജയിക്കാം.

2. രാഹുല്‍ കൊച്ചിയില്‍ വന്നപ്പോള്‍ ചാനലുകള്‍ ഞെട്ടിയെന്ന്. ഞെട്ടിക്കാനുള്ള പെട്ടികളും വിമാനമാര്‍ഗം ടാറ്റാ സഫാരി കാറിനൊപ്പം കൊച്ചിയില്‍ ഇറക്കിയിട്ടുണ്ടാകണം. കാലേക്കൂട്ടി പറഞ്ഞുറപ്പിച്ച് ഇനിയും ഇത്തരം 'മിന്നല്‍' സന്ദര്‍ശനങ്ങള്‍ നടക്കട്ടെ. ഞെട്ടാനും ഞെട്ടിക്കാനുമുള്ളവര്‍ക്ക് ഒരാഴ്ച മുമ്പ് വിവരംകൊടുത്താല്‍മതി.