Sunday, January 31, 2010

വൈരനിര്യാതന ബുദ്ധി

മുരളിയെ പുറത്തുനിര്‍ത്താന്‍ ഒരു ന്യായവും ഉണ്ണിത്താനെ അകത്തുകടത്താന്‍ മറ്റൊരു ന്യായവും. എം എം ഹസ്സനെ തൊടാതിരിക്കാന്‍ മറ്റൊരു ന്യായം. കോണ്‍ഗ്രസില്‍ പലര്‍ക്കും പല ന്യായമാണ്. കെപിസിസി എക്സിക്യൂട്ടീവ് ചേര്‍ന്നത് മുരളിയെ ഒതുക്കാന്‍ മാത്രമല്ല, കരുണാകരനെ അപമാനിക്കാനുമാണ്. ഭീഷ്മാചാര്യരെന്നു വിളിച്ചുനടന്നവര്‍, അദ്ദേഹത്തെ താങ്ങിയെണീപ്പിക്കുകയും ബഹുമാനം നടിക്കുകയും ചെയ്തുകൊണ്ടുതന്നെ ജീവിതത്തിന്റെ സായാഹ്നത്തില്‍ അപമാനിച്ചിറക്കിവിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് എന്ന വസ്തുവിനെ പിടിച്ചുനിര്‍ത്തിയ മനുഷ്യന് സ്വന്തം പാര്‍ടിയില്‍നിന്ന് താങ്ങാനാവാത്ത അപമാനം. നാടുമുഴുക്കെ കോണ്‍ഗ്രസുകാരുടെ അടിതട അരങ്ങേറുമ്പോള്‍ കെപിസിസി എക്സിക്യൂട്ടീവില്‍മാത്രം നാടകം നടക്കാതിരിക്കുന്നത് ശരിയല്ലല്ലോ.

എം എം ഹസ്സനെക്കുറിച്ച് കേട്ടതും ധരിച്ചതുമെല്ലാം തെറ്റ്. കഴിഞ്ഞ ദിവസം ഹസ്സന്‍ ഒന്നു 'തുറന്നു' പറഞ്ഞപ്പോള്‍ അഴിഞ്ഞുവീണ മുഖംമൂടികളെത്ര. കോണ്‍ഗ്രസ് വക്താവും നിരാശാചിത്തനുമായ സുമുഖസുശബ്ദതാരം പൊട്ടിച്ചത് ഇമ്മിണി വല്യ വെടിയാണ്.. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ നാണക്കേട് മായ്ക്കാന്‍ ആന്റണി രാജികൊടുത്ത് ഡല്‍ഹിക്കുകയറി എന്നായിരുന്നുവല്ലോ നാട്ടുകാര്‍ കരുതിയത്. സംഗതി അതല്ല എന്ന് ഹസ്സന്‍ പറയുന്നു. ആന്റണിയെ ഓടിക്കാന്‍ ഗൂഢാലോചന നടന്നുവത്രെ. പുറത്തല്ല; കോണ്‍ഗ്രസിനകത്ത്. ആന്റണിയുടെ മന്ത്രിസഭയില്‍ ഇടം കിട്ടാത്തവരും ഭാവി അധികാരമോഹങ്ങളുള്ളവരും പങ്കാളികളായി. ഗത്യന്തരമില്ലാതെ ആന്റണി ഒഴിഞ്ഞു. പകരം കയറിയവര്‍ ആരൊക്കെ, മന്ത്രിസ്ഥാനം ഒപ്പിച്ചവരാര്, നേതൃത്വത്തിലേക്ക് കയറിയവരാര്-ഈ മുഖങ്ങള്‍ കൃത്യമായി പരിശോധിച്ചാല്‍ ഗൂഢാലോചനക്കേസ് തെളിയും. അധികാരത്തിനുവേണ്ടി സ്വന്തം നേതാവിനെ ഒറ്റുകൊടുത്ത യൂദാസുമാര്‍ ഇന്ന് മുരളീധരന്റെ നെഞ്ചത്തു കയറിയിരിക്കുന്നു. ഹസ്സന് വലിയ വിഷമമൊന്നും വേണ്ടതില്ല. ഇതൊക്കെ സാധാരണ സംഭവിക്കുന്നതാണ്. വെള്ളംകോരാനും വിറകുവെട്ടാനും പത്രക്കാരെ വിളിച്ച് പയ്യാരം പറയാനുമാണ് ഹസ്സന്റെ യോഗം. അതിനിടയ്ക്ക് കിട്ടിയ മന്ത്രിപ്പണിയും എംഎല്‍എപ്പണിയും സൌകര്യാനുസൃതമുള്ള സൌജന്യമായി കണ്ടാല്‍മതി.

ഒരുകാലത്ത് നാട്ടിലെ യുവമന്ത്രിയും സാംസ്കാരിക കോമളനുമായിരുന്ന പന്തളം സുധാകരന്‍ ഇന്ന് എവിടെ എന്ന് ഹസ്സന്‍ അന്വേഷിച്ചിട്ടുണ്ടോ? അങ്ങനെ എത്രയാളുകള്‍ വഴിനടന്നുപോയി. അക്കൂട്ടത്തില്‍ ഹസ്സന് ഒരു ലോട്ടറിയടിച്ചതുകൊണ്ട് ഇപ്പോഴും ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടാന്‍ പറ്റുന്നു. വല്ലതുമൊക്കെ വിളിച്ചുപറഞ്ഞ് ഭാവിതാരങ്ങളുടെ അപ്രീതി സമ്പാദിച്ച് ഇനിയുള്ള കാലം കറുപ്പിക്കേണ്ടതുണ്ടോ? സ്വന്തം പാര്‍ടിയുടെ ആപത്കാല നേതാവായ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിടാന്‍ ചാരനാക്കിയതില്‍ ഹസ്സനും പങ്കില്ലേ? ഉമ്മന്‍ ചാണ്ടി ചെയ്യാത്ത എന്താണ് മുരളി ചെയ്തിട്ടുള്ളത്? കോണ്‍ഗ്രസ് വിട്ട് മറുപാളയത്തില്‍പോയി മാര്‍ക്സിസ്റ് പാര്‍ടിയോടൊപ്പം അന്തിയുറങ്ങിയ ആളല്ലേ ഉമ്മന്‍ചാണ്ടി? സ്വന്തം പാര്‍ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കി എതിരാളികള്‍ക്ക് പാര്‍ടിയെ ഒറ്റുകൊടുത്ത ചരിത്രമല്ലേ ചെന്നിത്തലയ്ക്ക്?

അത്തരം ആഗ്രഹങ്ങളൊക്കെ മുരളിക്കും ഉണ്ടായിരുന്നുവെങ്കിലും സാഹചര്യം ഒത്തുവന്നില്ല. അദ്ദേഹം ഒരു സുന്ദരനായിപ്പോയി-അതൊരു കുറ്റമാണോ? ബ്യൂട്ടി പാര്‍ലറിലെ പറ്റുവരവുകൊണ്ടും മുരളിയെ കീഴ്പ്പെടുത്താനാവുന്നില്ലെങ്കില്‍ ഉള്ള സൌന്ദര്യം മതി എന്നങ്ങ് വയ്ക്കണം. അല്ലാതെ മുരളിയുമായുള്ള സൌന്ദര്യ മത്സരമാണോ കേരളത്തിലെ കോണ്‍ഗ്രസിന്റെ രോമാഞ്ചതാരമായ ചെന്നിത്തലാജിക്ക്? മുരളീധരന്‍ ചങ്കൂറ്റത്തോടെ നാലു വര്‍ത്തമാനം പറയുന്നവനായിപ്പോയി. അത് എങ്ങനെ ഉമ്മന്‍ചാണ്ടിക്ക് സഹിക്കാത്ത കാര്യമാകും? മുരളി വന്നാല്‍ എന്താണാവോ കുഴപ്പം എന്ന് ചോദിക്കുന്നതിനേക്കാള്‍, ആര്‍ക്കാണ് പ്രശ്നം എന്ന ചോദ്യമാകും ഉചിതം. ഏതുകുറ്റവും നടന്നാല്‍, കുറ്റവാളിയെ കണ്ടെത്താന്‍ പൊലീസ് ആദ്യം നോക്കുന്നത്, അതുകൊണ്ട് ആര്‍ക്ക് പ്രയോജനം എന്നാണ്. ഇവിടെ മുരളി വരാതിരുന്നാല്‍ ഒന്നാം പ്രയോജനം ചെന്നിത്തലയ്ക്ക്. ഉമ്മന്‍ചാണ്ടിയില്‍നിന്ന് നിയമസഭാകക്ഷി നേതൃത്വം തട്ടിയെടുക്കാനുള്ള വഴിയില്‍ ഒരു തടയണ നിര്‍മിക്കുന്നത് നന്നല്ലല്ലോ. രണ്ടാം പ്രയോജനം ഉമ്മന്‍ചാണ്ടിക്കുതന്നെ. ചെന്നിത്തലയുടെ ഭീഷണി അതിജീവിക്കുകയും മുരളിയെ ചെറുത്തുനില്‍ക്കുകയുമെന്നാല്‍ എളുപ്പപ്പണിയല്ല. മൂന്നാം പ്രയോജനം അച്ഛന്റെ മോള്‍ക്കാണ്. മോന്‍ വേണോ മോള്‍ വേണോ എന്ന ചോദ്യം ഇപ്പോഴേ ഉണ്ടാകൂ. പോകെപ്പോകെ കൂടാരത്തില്‍ കയറുകമാത്രമല്ല, കയറ്റിയവരെ പുറത്തേക്ക് തള്ളുകകൂടിച്ചെയ്യുന്ന ഒട്ടകമെന്നത്രെ നേരാങ്ങളെയെക്കുറിച്ച് ഉണ്ണിയാര്‍ച്ചയുടെ ചൊല്ല്.

മുരളിയോടുള്ള വൈരനിര്യാതനം സ്വന്തം സ്ഥാനം സംരക്ഷിക്കാനുള്ള പലരുടെയും കൊതി സമാഹരിക്കുമ്പോഴാണ് പൂര്‍ണതയിലെത്തുന്നത്. കോണ്‍ഗ്രസല്ലേ. ഇന്നുഞാന്‍; നാളെ നീ എന്ന പ്രമാണം അക്ഷരംപ്രതി നടപ്പാക്കപ്പെടുന്ന പാര്‍ടിയാണ്. തല്‍ക്കാലം പന്ത് ഹൈകമാന്‍ഡിലാണെന്നാണ് ലീഡര്‍ പറയുന്നത്. ചെന്നിത്തലയും അത് ശരിവയ്ക്കുന്നു. അവിടെ ആന്റണിയാണ് താരം. ഹൈകമാന്‍ഡില്‍നിന്ന് ഉത്തരവുവന്നാല്‍ ഐസായിപ്പോകുന്നതേയുള്ളൂ എല്ലാം. രായ്ക്കുരാമാനം സിദ്ധിക്കിനെ എടുത്ത് പുറത്തിട്ട് സ്വന്തക്കാരനെ യൂത്തിലെ മൂത്തതാക്കാന്‍ ചെന്നിത്തലയ്ക്കു കഴിഞ്ഞുവെങ്കില്‍ ചെന്നിത്തലയെത്തന്നെ വെട്ടി മുരളിയെ ഇരുത്താനും അതല്ലെങ്കില്‍ മുട്ടുശാന്തിക്ക് തെന്നലയെ വരുത്താനും ആന്റണിക്കും കഴിയും. പ്രവചനങ്ങളരുത്. എല്ലാം കാത്തിരുന്നുതന്നെ കാണാം.

*
ഹസ്സന്‍ ഇത് എന്തു ഭാവിച്ചിട്ടാണെന്ന് തിട്ടമില്ല. അച്ഛന്‍ പത്തായത്തിലില്ല എന്നാണ് പറഞ്ഞത്. അതായത്, ആന്റണിയെ മാറ്റാന്‍ നടത്തിയ നീക്കത്തില്‍ പകരം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കില്ലെന്ന്. അപ്പോള്‍ പരോക്ഷമായാണ് ഉമ്മന്‍ചാണ്ടി കളിച്ചതെന്ന്. കരുണാകരനെ മാറ്റാന്‍ ഹൈകമാന്‍ഡ് എടുത്ത തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്ന ചിരിക്കു വകയുള്ള പുളുവുമുണ്ട് കൂട്ടത്തില്‍. തലയുംകുത്തിനിന്ന് പാര പണിത് കരുണാകരനെ ഇറക്കിവിട്ടവരുടെ മുന്നിരയില്‍ ഹസ്സനെയും കണ്ടതാണ്. കരുണാകരനെ മാറ്റുന്നതിനോട് താനടക്കമുള്ളവര്‍ അന്ന് യോജിച്ചെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ ആ നടപടി ശരിയായില്ലെന്ന് തോന്നുന്നുണ്ട് പോലും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെന്നല ബാലകൃഷ്ണപിള്ളയെ ആഘോഷപൂര്‍വമോ ഉപചാരപൂര്‍വമോ ആയല്ല ഇറക്കിവിട്ടതെന്ന് ഹസ്സന് പരാതി. കരുണാകരനെ ആഘോഷപൂര്‍വമായാണല്ലോ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയായിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പരം സംസാരിച്ചായിരിക്കുമല്ലോ എന്ന ഹസ്സന്റെ പറച്ചിലാണ് ഏറ്റവും മനോഹരം. ഇനിയെങ്കിലും മുറിവേല്‍പ്പിക്കാതെ ഹസ്സന്‍സാഹിബിനെ ഗൌനിക്കണം. അല്ലെങ്കില്‍ ആന്റണിയുടെ സ്വൈരം കെടും.

*
മൂന്നാറിനെയും പൂച്ചകളെയുംകുറിച്ച് വാതോരാതെ പറഞ്ഞുനടന്നവര്‍ക്ക് വല്ല അസ്ക്യതയും ബാധിച്ചോ? കൈയേറ്റവും കുടിയേറ്റവും തമ്മില്‍ ചില വ്യത്യാസങ്ങളൊക്കെയുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചറിവു വന്നത് നന്നായി. മൂന്നാറിലെ വല്യ കൈയേറ്റക്കാരന്‍ ടാറ്റയാണെന്നും മൂന്നാര്‍ പട്ടണം ടാറ്റയില്‍നിന്ന് പിടിച്ചെടുക്കണമെന്നും സിപിഐ എമ്മും എല്‍ഡിഎഫും പറഞ്ഞപ്പോള്‍ ആരും കേട്ടില്ല. വര്‍ഷങ്ങളായി മൂന്നാറില്‍ ജീവിക്കുന്ന പാവങ്ങളെ കുടിയിറക്കിവിട്ടുള്ള കളി വേണ്ടതില്ലെന്നും വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെയാകട്ടെ യുദ്ധമെന്നും പറഞ്ഞപ്പോള്‍, അത് പാര്‍ടി ആപ്പീസ് സംരക്ഷിക്കാനുള്ള തന്ത്രമെന്നായി. നിയമവാഴച നിലനില്‍ക്കുന്ന നാട്ടില്‍, ഭൂമി കൈയേറ്റം കണ്ടെത്തിയാല്‍ അത് തടയാനും ഒഴിപ്പിക്കാനുമൊക്കെ നിയമപരമായ വഴികളുണ്ട്. അതല്ലാതെ, യുദ്ധംചെയ്ത് മോചിപ്പിക്കേണ്ടവിധം ശത്രുരാജ്യം പിടിച്ചടക്കിയ ഭൂമിയൊന്നും ഇന്നാട്ടിലില്ല. അത് കെ എം മാണിക്ക് മനസിലായി; പി സി ജോര്‍ജിന് മനസിലായിട്ടില്ല. പാര്‍ടി ചെറുതായതുകൊണ്ട് നേതാവിനെ തിരുത്തുന്ന ഉപനേതാവുണ്ടായാല്‍ മാണികേരളയ്ക്ക് തല്‍ക്കാലം പ്രശ്നമില്ല. അല്ലെങ്കിലും ശല്യക്കാരെ സ്വന്തക്കാരാക്കുന്നത് ഒരു മികച്ച അടവല്യോ.

പുറം പേജില്‍ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ഗംഭീര കഥകളും ഇടുക്കിയിലെ അകം പേജില്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ കുടിയിറക്കുകയാണെന്ന വിലാപവുമായാണ് ഏതാനും പത്രങ്ങള്‍ കുറെ ദിവസമായി പുറത്തിറങ്ങിയത്. അവര്‍ ഒരു വിശാല രണ്ടാം മൂന്നാര്‍ ദൌത്യത്തെയും പല്ലും നഖവും നീണ്ടുവരുന്ന ജെസിബികളെയും സ്വപ്നം കണ്ടു. ഇപ്പോള്‍ സംഘഗാനം ടാറ്റയ്ക്കുവേണ്ടിയാണ്. വയനാട്ടില്‍ സ്വന്തം മുതലാളിമാര്‍ കൈയേറിയ ഭൂമിക്ക് കാവല്‍നില്‍ക്കുന്ന പത്രം മൂന്നാറിലെത്തി കൈയേറ്റവിരുദ്ധ സമരത്തിനിറങ്ങിയതില്‍ പ്രശ്നമില്ല. ഉത്തരേന്ത്യയില്‍ മരണവീടുകളില്‍ കൂലിക്ക് കരയാന്‍ പോകുന്നവരുണ്ട്. അതുപോലെ നാടുചുറ്റി തെറിവിളിക്കുന്ന (കൂലി നെല്ലായോ പണമായോ അല്ലാതെ അവാര്‍ഡായി കിട്ടിയാല്‍ മതിയാകും) ഒരു ഭൂമികൈയേറ്റക്കാരന്റെയും കവലച്ചട്ടമ്പിത്തരം കൈമുതലാക്കിയ അവസരവാദികളായ യുഡിഎഫ് പുത്തന്‍കൂറ്റുകാരുടെയും വാദിച്ചുവാദിച്ച് തോല്‍ക്കാന്‍ ജനിച്ച ചില വക്കീലന്മാരുടെയും ഇടയില്‍ 'നരനായിങ്ങനെ ജനിച്ചു' ജീവിക്കേണ്ടിവന്നതില്‍ നമുക്ക് ഏതെങ്കിലുമൊരു കോടതി മുമ്പാകെ സങ്കടം പറയാം. അനുകൂല വിധി കിട്ടാന്‍ സാധ്യത ഇല്ലാതില്ല.

Sunday, January 24, 2010

സ്ത്രീയും പുരുഷനും

പിടിക്കപ്പെട്ടത് കുറിയും ഖദറുമിട്ട ഉണ്ണിത്താനായതുകൊണ്ട് നമുക്ക് സ്ത്രീപുരുഷ ബന്ധത്തിന്റെ ഉദാത്ത തലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം. സക്കറിയയെ ചോദ്യംചെയ്തത് എസ്എഫ്ഐക്കാരായതുകൊണ്ട് നമുക്ക് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സാംസ്കാരിക ഫാസിസത്തെക്കുറിച്ച് രോഷം കൊള്ളാം. കൂറുമാറിയത് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ നിന്നാകയാല്‍ നമ്മുടെ ആശങ്ക മനോജ് കുരിശിങ്കലിന്റെ മതവിശ്വാസത്തെ മാര്‍ക്സിസ്റ്റുകാര്‍ ഹനിക്കുന്നതിനെക്കുറിച്ചാകട്ടെ. എസ്എഫ്ഐയുടെ വനിതാ നേതാവിനെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മാതൃഭൂമി പത്രം മഹത്തരവും അത്തരം നെറികേടുകളെ ചോദ്യംചെയ്ത് 'എടോ ഗോപാലകൃഷ്ണാ' എന്ന് പ്രസംഗമധ്യേ പരാമര്‍ശിച്ച സിപിഐ എം നേതാവ് ധൃഷ്ടനുമാകുന്ന തലതിരിഞ്ഞ ബോധം നമുക്കുചുറ്റും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ കുട്ടീനെ ചക്കിലും ഇട്ടുതന്നെ ആട്ടണം. ജവാഹര്‍ലാല്‍ നെഹ്റുവിനെ ലേഡി മൌണ്ട് ബാറ്റനോടു കൂട്ടിക്കെട്ടാം. കൊളംബിയക്കാരിക്ക് രാഹുലിന്റെ കൂടെ അര്‍ധനഗ്നയായി നാടുചുറ്റാം-ഉണ്ണിത്താനെന്തേ സേവാദള്‍ വിപുലപ്പെടുത്താന്‍ രാത്രി സഞ്ചാരമായിക്കൂടെന്ന് കോണ്‍ഗ്രസിനകത്ത് ചോദ്യമുയരുന്നതില്‍ തെറ്റില്ല. അത്തരം സഞ്ചാരമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഉണ്ണിത്താന്റെ മഹത്കൃത്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും വായിട്ടടിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യം തന്നെ. അങ്ങനെ പറയുന്നത് സഹിയാതെ 'അതുനിന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍മതി' എന്ന് പ്രതിവചിക്കുന്നതിലുമില്ലേ ഉദാത്തമായ ആവിഷ്കാര സ്വാതന്ത്ര്യം?

സക്കറിയ പറഞ്ഞതെന്തെന്ന് ആദ്യമാരും മനസ്സിലാക്കിയിരുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളെ അധിക്ഷേപിക്കുന്നതായിരുന്നു പയ്യന്നൂര്‍ പ്രസംഗമെന്ന് അപ്പുക്കുട്ടന്‍ മാഷടക്കമുള്ള സാക്ഷികള്‍ പറഞ്ഞപ്പോള്‍, അതു കള്ളവും സക്കറിയ കള്ളം പറയാത്തവനുമായി. "സക്കറിയ കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ല'' എന്നാണ് ശുദ്ധമനസ്കരില്‍ ചിലര്‍ പറഞ്ഞത്. പയ്യന്നൂര്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞത് ആരെന്നു വ്യക്തമായി. അതില്‍പ്പിന്നെ സക്കറിയക്കുവേണ്ടിയുള്ള ന്യായീകരണവാദക്കരെയൊന്നും വലുതായി കണ്ടിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം എന്നാല്‍, എന്തോ സുഖമുള്ള ഒന്നാണെന്നത്രേ സക്കറിയ മനസ്സിലാക്കിയിട്ടുള്ളത്. പയ്യന്നൂരുകാരുടെ ക്ഷമ അപാരം തന്നെ. ഇത്ര കടുപ്പത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യവും അവര്‍ സഹിച്ചുവല്ലോ.

എല്ലാം കഴിഞ്ഞ്, ബോംബെ ഹോട്ടലിലെ ഒരുമണിക്കൂര്‍ ഡിസ്കഷനുശേഷം സക്കറിയയും മൂന്നു കൂട്ടുകാരും ഇറങ്ങിവരുമ്പോഴാണല്ലോ 'സംഭവം' ഉണ്ടാകുന്നത്. ആ സമയത്ത് സക്കറിയ വല്ലാതെ ക്ഷുഭിതനായിരുന്നെന്നും കാറിലേക്ക് സുഹൃത്തുക്കള്‍ തള്ളിക്കയറ്റുകയായിരുന്നെന്നും പറയുന്നു. സക്കറിയ പൊലീസില്‍ പരാതിപ്പെട്ടിട്ടുമില്ല. എന്തോ ഒരു മറച്ചുവയ്ക്കല്‍ അവിടെയുണ്ട്. അത് സി വി ബാലകൃഷ്ണനെങ്കിലും പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തുമായിരിക്കും.

സെബാസ്റ്റ്യന്‍ പോള്‍ കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

"അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കത്തരവും ചേര്‍ന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്. വാക്കേറ്റം കൈയേറ്റമായോ എന്ന് പൊലീസ് അന്വേഷിക്കട്ടെ. കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയ്യാറില്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമോ എന്ന ഭയത്താല്‍ അദ്ദേഹം അതിനു തയ്യാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുള്ള അവിശ്വാസമാണ് സക്കറിയ എന്ന സാംസ്കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ് സാംസ്കാരിക ഫാസിസത്തിന്റെ തുടക്കം.''

പാര്‍ടിക്കെതിരെ പരസ്യമായി, പലരെയും വേദനിപ്പിച്ച തലത്തിലോളം അഭിപ്രായം പ്രകടിപ്പിച്ച ആളാണ് സെബാസ്റ്റ്യന്‍ പോള്‍. അദ്ദേഹം പറയുന്നത്,

"എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ ഒരു ദുരനുഭവവും എനിക്കുണ്ടായില്ല. ടെലിഫോണില്‍പ്പോലും അസുഖകരമായത് കേള്‍ക്കേണ്ടിവന്നില്ല'' എന്നാണ്.

ഇപ്പോള്‍ സക്കറിയയെ ഏറ്റെടുത്തിരിക്കുന്നത് കോഗ്രസ് ചാനലും മുനീര്‍ വിഷനുമെല്ലാമാണ്. കോണ്‍ഗ്രസ് ചാനലുകാരന്‍, സിപിഐ എമ്മിനകത്ത് വിപ്ളവകരമായ ചിന്ത നഷ്ടപ്പെടുകയാണെന്ന് ആശങ്കപ്പെടുന്നിന് മേലൊപ്പുചാര്‍ത്തിക്കൊടുക്കാനും വേണം ഒരു സക്കറിയ!

*
സിപിഐ എമ്മിന്റെ അസഹിഷ്ണുത, സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപ്ളവം-ഇവയാണല്ലോ പുതിയ ചര്‍ച്ചാവിഷയം. തല്ലിത്തീര്‍ക്കലാണ് പരിപാടിയെങ്കില്‍ സിപിഎമ്മിനെയും നേതാക്കളെയും നാടുനീളെ തെറിവിളിച്ചും അപവാദം പറഞ്ഞും കള്ളക്കേസുണ്ടാക്കിയും സ്വച്ഛമായി നടക്കുന്നില്ലേ മഹാന്മാര്‍. വല്ലപ്പോഴുെമങ്കിലും പാര്‍ടിക്കനുകൂലമായും സംസാരിക്കാറുള്ള സക്കറിയയെ കൈകാര്യം ചെയ്യുന്നതിനു പകരം അത്തരക്കാരുടെ ശരീരത്തില്‍വേണ്ടേ അസഹിഷ്ണുവായ സിപിഐ എമ്മുകാരന്റെ കൈ വീഴാന്‍? കുഞ്ഞാലിക്കുട്ടിയെ കുടുക്കി രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പെണ്ണുകേസ് ഉപയോഗിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഉണ്ണിത്താന്‍ പിടിക്കപ്പെട്ടപ്പോള്‍ സ്ത്രീപുരുഷ സ്വാതന്ത്ര്യത്തിന്റെ മഹത്തായ അര്‍ഥതലങ്ങള്‍ക്കുനേരെ സിപിഐ എം കൈയേറ്റം നടത്തുന്നുവെന്ന്. എന്തേ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടാണോ ഉണ്ണിത്താന്‍ സേവാദളിനെയുംകൊണ്ട് മഞ്ചേരിയില്‍ പോയത്? പിടിക്കപ്പെട്ടത് ഉണ്ണിത്താനാണെന്നു മനസ്സിലാക്കിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ പിന്‍വാങ്ങിയതുപോലെ അവിടെയുണ്ടായിരുന്ന മറ്റു നാട്ടുകാരും പിന്മാറണമായിരുന്നുവോ?

സിപിഐ എമ്മിന്റെ ജനാധിപത്യബോധവും മര്യാദയും വെറുതെ ചോദ്യംചെയ്യുന്നത് ശരിയാണോ എന്ന് യുഡിഎഫ് നേതൃത്വത്തിലെ ചിലരെങ്കിലും ചിന്തിക്കണം. സമുന്നത യുഡിഎഫ് നേതാവിന്റെ വീട്ടിലെ മഞ്ഞക്കഥയുംകൊണ്ട് ഉറ്റ ബന്ധുക്കള്‍ പലവട്ടം കയറിയിറങ്ങിയിട്ടും അത്തരം കഥ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഞങ്ങളില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് തിരിച്ചുവിട്ടിട്ടില്ലേ? പാലക്കാട്ടെ തീവണ്ടിക്കേസ് പ്രചരിപ്പിച്ച് നേട്ടംകൊയ്യാന്‍ സിപിഐ എം നിന്നിട്ടില്ലല്ലോ. അതൊക്കെ തുറന്നുപറഞ്ഞുള്ള സംവാദത്തിന് യുഡിഎഫ് തയ്യാറാകുമോ? ഉണ്ണിത്താന്‍ പ്രളയകാലത്ത് വിളിച്ചുപറഞ്ഞ കാര്യത്തിലെങ്കിലും തുറന്നൊരു ചര്‍ച്ചയ്ക്ക് നില്‍ക്കാമോ?

സ്ത്രീകളോടും സ്ത്രീപുരുഷ ബന്ധത്തോടും പ്രണയത്തോടുമെല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള സമീപനം ഏതായാലും ഉണ്ണിത്താനും സക്കറിയയും പ്രക്ഷേപണം ചെയ്യുന്നതല്ല. സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള സമൂഹങ്ങള്‍ക്ക് സ്ത്രീകളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമാണ്. മാര്‍ക്സിസ്റ്റുകാര്‍ ഭൌതിക പരിതഃസ്ഥിതികളില്‍ മാറ്റംവരുത്താന്‍ സമരം ചെയ്യുന്നവരാണ്. സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് അംഗീകരിക്കുന്ന; സ്ത്രീ വിമോചനത്തിനു തടസ്സമായി വര്‍ത്തിക്കുന്ന ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെയാണ് മാര്‍ക്സിസ്റ്റുകാരന്റെ വികാരം.

"പണമോ സാമൂഹ്യമായ അധികാരശക്തിയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് സ്ത്രീകളുടെ അധീശത്വം വിലയ്ക്കു വാങ്ങാന്‍ തങ്ങളുടെ ജീവിതത്തിലൊരിക്കലും സൌകര്യം കിട്ടിയിട്ടില്ലാത്ത പുരുഷന്മാരുടെ തലമുറ; യഥാര്‍ഥ പ്രണയം നിമിത്തമല്ലാതെ മറ്റേതെങ്കിലും പരിഗണനകള്‍ വച്ച് പുരുഷനു കീഴടങ്ങാനോ സാമ്പത്തിക വൈഷമ്യങ്ങളെ ഭയന്ന് സ്വന്തം പ്രേമഭാജനത്തെ കൈയൊഴിയാനോ ഒരിക്കലും നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളുടെ തലമുറ''

ഇതു രണ്ടും ഉണ്ടായാലേ ഉല്‍ക്കൃഷ്ടമായ സ്ത്രീപുരുഷ ബന്ധത്തിനും അതിന്റെ സ്വാതന്ത്ര്യത്തിനും പൂര്‍ണതയുള്ളൂ.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുകാട്ടിയും സ്ത്രീകളെ പാട്ടിലാക്കി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി സുഖിക്കുന്ന ഏര്‍പ്പാടിനു മറ്റൊരു ന്യായീകരണവും ചേരില്ല. വ്യഭിചാരത്തിനും കാമഭ്രാന്തിനും അവിഹിതവേഴ്ചയ്ക്കും എന്ത് തത്വാധിഷ്ഠിത പരിവേഷം? ഉണ്ണിത്താന്‍ ചെയ്തത് എന്തെന്ന് നാട്ടുകാര്‍ക്കു മുഴുവനും അറിയാം. അതിനെ ന്യായീകരിക്കാനും മഹത്വപ്പെടുത്താനും 'കരി ഇതുപോര'.

*
പോള്‍ വധക്കേസ് സിബിഐക്കു വിട്ട് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ ചില നിര്‍ഭയ നിരന്തരക്കാര്‍ക്ക് ഇളക്കം. ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്ന്. മഠത്തില്‍ രഘുവിന്റെ ദുഫായിലെ ഹോട്ടലില്‍ മറ്റേ രണ്ടു പുള്ളികളെ ഒളിപ്പിച്ചിട്ടുണ്ടെന്നും നിര്‍ഭയം പറഞ്ഞത് അവര്‍ തന്നെയാണ്. അതും ശരിയായോ ആവോ. ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ളവന്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യാവകാശം, മാധ്യമ ധര്‍മം, മണ്ണാങ്കട്ട. സിബിഐക്ക് ഇങ്ങനെ പല കേസും മുമ്പ് വിട്ടിട്ടുണ്ട്. ഒടുവില്‍, സംസ്ഥാന പൊലീസ് പറഞ്ഞതാണ് ശരി എന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍പോളിനെ വരുത്താം. കോടതി പറഞ്ഞതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ ചില പൊരുത്തക്കേടുകളൊക്കെ കാണുന്നുണ്ട്. വെറുതെ ഒരു നിര്‍ഭയ അന്വേഷണം ആ വഴിക്കും നടത്തണം. സംശയമുണ്ടെങ്കില്‍ ബി ആര്‍ പി ഭാസ്കറിനോടും ചോദിക്കാം. എന്നിട്ട് എഴുതണം, പോള്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനകമായിരുന്നോ പത്രസമ്മേളനം? പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമായിരുന്നില്ലേ ഐജി പത്രക്കാരെ കണ്ടത്? അറസ്റ്റിലായ പ്രതികളുടെ മൊഴി എങ്ങനെ അതീന്ദ്രിയ ജ്ഞാനമാകും?

വെറുതെ ഒന്ന് ആലോചിച്ചു നോക്കുക. കോടതിയെ വിമര്‍ശിക്കേണ്ട-പിശകു ചൂണ്ടിക്കാട്ടാമല്ലോ.

*
വാല്‍ക്കഷ്ണം:

അവിഹിതക്കാരനായ ഭര്‍ത്താവിന്റെ കാലുതല്ലിയൊടിക്കാന്‍ ഭാര്യ ക്വട്ടേഷന്‍ കൊടുത്തെന്ന്. മഞ്ചേരിയിലും സംഭവിച്ചത് അങ്ങനെ വല്ലതുമാണോ?

Sunday, January 10, 2010

ശീലാവതിയുടെ ചുമട്

പതിവ്രതാ ശിരോമണിയായ പുരാണനായികയാണ് ശീലാവതി. അവര്‍ക്ക് കിട്ടിയ ഭര്‍ത്താവ് പക്ഷേ ഒരു മഞ്ചേരി മോഡല്‍. പേര് ഉഗ്രശ്രവസ്സ്. കാഞ്ഞ പുള്ളിയാണ്. ഇടയ്ക്കിടയ്ക്ക് ബംഗളൂരുവില്‍ പോകും. അങ്ങനെ ഒരു യാത്രയില്‍ കുഷ്ഠരോഗം പിടിപെട്ടു. ശീലാവതി നാടാകെ ബ്രാഹ്മണ വീടുകളില്‍ അലഞ്ഞ് ഭിക്ഷ വാങ്ങി ഭര്‍ത്താവിനെ പോറ്റി; പരിചരിച്ചു. രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഭര്‍ത്താവിനെ ചുമലിലേറ്റി ഭിക്ഷാടനം തുടങ്ങി. ഒരുദിവസം കൂറ്റനൊരു മാളികയ്ക്കു മുന്നിലെത്തിയപ്പോള്‍ ശീലാവതി ഭിക്ഷാടനം മതിയാക്കി ഭര്‍ത്താവിനെയും ചുമന്ന് തിരിച്ചു നടന്നു. വീടണഞ്ഞപ്പോള്‍ ഉഗ്രശ്രവസ്സ്, എന്തിന് പാതിവഴിയില്‍ തിരികെ വന്നു എന്നാരാഞ്ഞു. ആ മാളിക ഒരു വ്യഭിചാര സേവാഗൃഹമാണെന്നും അവിടെനിന്നുള്ള ജലം ചവിട്ടി അശുദ്ധമാകാതിരിക്കാനാണ് തിരിച്ചു നടന്നതെന്നും പതിവ്രതാ രത്നം പ്രതിവചിച്ചു. അതോടെ ഉഗ്രശ്രവസ്സിന് ഒരു സേവാദള്‍ മോഹം. തനിക്കും അങ്ങോട്ടുപോകണമെന്നായി. പാവം ശീലാവതി. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണല്ലോ. കുഷ്ഠംകൊണ്ട് വികലാംഗനായ ഭര്‍ത്താവിനെയും ചുമന്ന് അവര്‍ വേശ്യാഗൃഹത്തിലേക്ക് നടന്നു. കഥ പിന്നെയും തുടരുന്നു. പണ്ട് എം വി രാഘവന്‍ നിയമസഭയില്‍ വി ജെ തങ്കപ്പനെ അധിക്ഷേപിച്ചപ്പോള്‍ ഇങ്ങനെയൊരു കഥ പിണറായി വിജയന്‍ വിവരിക്കുന്നത് ശതമന്യു കേട്ടിട്ടുണ്ട്. ഇവിടെ കഥ വേറെ; കാലം വേറെ.

ശീലാവതിയുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനാവാത്ത ഒരു കേസിലാണ് ഇപ്പോള്‍ ആ കഥ ഓര്‍മവന്നത്.

ചെറിയ രാഷ്ട്രീയ പാര്‍ടികളുടെയും പ്രാദേശികകക്ഷികളുടെയും ഉദയം പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണസംവിധാനത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞുകേട്ടു. അത്തരം പാര്‍ടികള്‍ മൊത്തത്തില്‍ സങ്കുചിത താല്‍പ്പര്യങ്ങളാണത്രെ ഉയര്‍ത്തിപ്പിടിക്കുന്നത്. കു. കുട്ടിയുടെ കോണിയും കു. മാണിയുടെ രണ്ടിലയും തൊട്ടുനോക്കാന്‍ കൊള്ളാവുന്നതല്ലെന്ന്. അതായത്, ലീഗിനെയും സിഎംപിയെയും മാണി കേരളയെയും ജെഎസ്എസിനെയുമെല്ലാം ചെന്നിത്തലയുടെ കോണ്‍ഗ്രസ് സഹിക്കുന്നത് ഗത്യന്തരമില്ലാതെയാണെന്ന്. ലീഗില്ലെങ്കില്‍ വടക്കന്‍ കേരളത്തില്‍ എത്ര സീറ്റ് കോണ്‍ഗ്രസിന് കിട്ടും? മാണി കേരളയും പരിവാരവുമില്ലെങ്കില്‍ മധ്യകേരളം വട്ടപ്പൂജ്യമാകും. തെക്കാണെങ്കില്‍ സകലഗുലാബി ജാതി-മത സഖ്യത്തിന്റെ പല്ലക്കിലാണ് ഖദറിട്ടവരുടെ യാത്ര. ആ കോണ്‍ഗ്രസാണ് പറയുന്നത്, ലീഗും മാണിയുമടക്കമുള്ള ചെറുകക്ഷികള്‍ രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന്. ചെന്നിത്തലയോ ചാണ്ടിയോ ഇതുപറഞ്ഞിരുന്നുവെങ്കില്‍ സഹിക്കാം.

പണ്ട് ഇതുപോലൊരു പ്രധാനമന്ത്രി പറഞ്ഞത് ലീഗ് ചത്ത കുതിരയെന്നാണ്. ആ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍തന്നെയാണ് ഇപ്പോഴും ഹൈകമാന്‍ഡ്. അതിന്റെ ലോ കമാന്‍ഡാണ് മന്‍മോഹന്‍ജി. അദ്ദേഹമാണ് പുതിയ വാചകരാജാ. കോണ്‍ഗ്രസാകുന്ന ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി ഭിക്ഷതെണ്ടലും അധികാരഗൃഹത്തിലേക്ക് കൊണ്ടുപോകലും പരിചരിക്കലുമാണ് ശീലാവതിമാരുടെ (പുരാണ നായിക പൊറുക്കട്ടെ) പണി. മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ടും മറ്റാരും കൂട്ടിന് വിളിക്കാത്തതുകൊണ്ടും അതേ മാര്‍ഗമുള്ളൂ.

പുതിയ കാലത്ത് ലീഗിനും മാണി കേരളയ്ക്കും എം വി രാഘവനുമൊക്കെ ഒരാശ്വാസമുണ്ട്. ഏതു വിഴുപ്പും നാറ്റവും ചുമക്കാമെന്ന് പ്രഖ്യാപിച്ച് ഒരു മഗ്സാസെ സോഷ്യലിസ്റ്റ് എത്തിയിട്ടുണ്ടല്ലോ. ക്യൂവില്‍ നില്‍ക്കുന്ന ജേക്കബിനും താമരാക്ഷനുമൊന്നും ചുമടെടുക്കേണ്ടിവരില്ല-കൂടെ നടന്നാല്‍ മതി. ആത്മാഭിമാനം എന്നത് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. അങ്ങനെ കിട്ടുമെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മാണിസാറുമൊക്കെ അരക്കിലോയെങ്കിലും വാങ്ങിക്കഴിക്കുമായിരുന്നു; ഈ നാണക്കേട് സഹിച്ച് ഇനി കോണ്‍ഗ്രസിനെ ചുമക്കാനില്ല എന്ന് പറയുമായിരുന്നു.

ചത്ത കുതിരയ്ക്കും റബര്‍പാലിനുമെന്ത് ആത്മാവ്; അഭിമാനം. ഒരുകഴഞ്ച് അധികാരം നുണയാന്‍ കോണ്‍ഗ്രസിനെയല്ല ഏതുവിഴുപ്പിനെയും കുഷ്ഠത്തെയും തലയില്‍വച്ച് കാവടിയാടുന്നവരെക്കുറിച്ച് പറഞ്ഞിട്ടെന്ത്.

*
ആന്ധ്രയില്‍ വൈ എസ് രാജശേഖരറെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ 450 പേര്‍ ഹൃദയംപൊട്ടി മരിച്ചുവെന്നാണ് മാധ്യമങ്ങളും കോണ്‍ഗ്രസും പ്രചരിപ്പിച്ചത്. മാധ്യമങ്ങളിലെ നാടകീയ അവതരണത്തിലും വികാരോദ്ദീപനത്തിലും വശായി ചിലദുര്‍ബലരൊക്കെ അങ്ങനെ മരിച്ചുവെന്നത് നേര്. എന്നാല്‍, തൊണ്ണൂറുശതമാനവും വാര്‍ധക്യസംബന്ധമായ അസുഖവും ഇതര രോഗ ബാധയുംമൂലം മരിച്ചവര്‍. അവരുടെ വീടുകളില്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞുചെന്ന്, മരണം 'ഹൃദയംപൊട്ടിയതാ'ക്കി പണം കൊടുത്തു വശപ്പെടുത്തുകയായിരുന്നു. ഇതാണ് ആന്ധ്രാ സ്റ്റൈല്‍. പണംവാങ്ങി വാര്‍ത്തയെഴുതുന്ന പരിപാടി കണ്ടുപിടിച്ചതുതന്നെ ആന്ധ്രയിലെ ചില പത്രങ്ങളാണത്രെ. ചാനലുകളും മോശമല്ല.

ചിദംബരം തുറന്നുവിട്ട തെലങ്കാന ഭൂതം നാട്ടിലാകെ കുഴപ്പമുണ്ടാക്കുമ്പോള്‍ അതാ രണ്ട് ചാനലുകളില്‍ വരുന്നു ഒരു നെടുങ്കന്‍ വാര്‍ത്ത- രാജശേഖര റെഡ്ഡിയുടെ അപകടമരണത്തിനു പിന്നില്‍ അംബാനിമാരാണെന്ന്. കേട്ടയുടനെ കുട്ടിഖദറുകാര്‍ വടിയും കമ്പിപ്പാരയും പന്തവും കൊണ്ടിറങ്ങി. റിലയന്‍സിനെതിരെ കൂട്ട ആക്രമണം; കൊള്ള; ബന്ദ്. നാടാകെ കുഴപ്പം. എവിടെനിന്നാണ് വാര്‍ത്ത വന്നത്? ഒരു റഷ്യന്‍ വെബ്സൈറ്റില്‍നിന്നെന്ന് വിശദീകരണം. സൈറ്റില്‍ അങ്ങനെയൊന്ന് കാണിച്ചുതരാമോ-സോറി. ഇപ്പോള്‍ കാണുന്നില്ല.

ആര്, എവിടെ, എന്ത്, എപ്പോള്‍ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. എന്തും വാര്‍ത്തയാക്കും. അതിന്റെ പേരില്‍ കലാപമുണ്ടായാലെന്ത്; നാട് കത്തിയാലെന്ത്-ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരല്ലേ. എന്നാല്‍, രണ്ടു മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് അക്രമമാണ്. അനീതിയുമാണ്. വ്യാജ വാര്‍ത്ത സംപ്രേഷണംചെയ്താലും അച്ചടിച്ചുവിറ്റാലും അറസ്റ്റും കേസുമൊക്കെയുണ്ടാകുമെങ്കില്‍ കേരളത്തില്‍ ഈ മഹാകാര്യത്തിനുമാത്രം പ്രത്യേക ജയിലും കോടതിയും വേണ്ടിവരില്ലേ? വാറന്റില്ലാതെയാണ് പത്രാധിപന്മാരെ പിടിച്ചത്. അതിനെതിരെയാണ് സമരം. പത്രാധിപന്മാര്‍ക്ക് നുണപറയാം; അതു വിശ്വസിച്ച് നാട്ടിലാരെങ്കിലും കലാപമുണ്ടാക്കിയാല്‍ പത്രാധിപന്മാരെ ശിക്ഷിക്കാമോ? ഉണ്ണിത്താനെ ന്യായീകരിച്ചും കമ്യൂണിസ്റ്റുകാരെ അവഹേളിച്ചും സക്കറിയ മൈക്കിനുമുന്നില്‍ പ്രസംഗിച്ചാല്‍ മൈക്കില്ലാതെ അത് ചോദ്യം ചെയ്യാമോ? രണ്ടും കുഴപ്പമാണ്.

*
സക്കറിയയെ പയ്യന്നൂരില്‍ ആരെങ്കിലും തല്ലിയതായോ ശാരീരികമായി ഉപദ്രവിച്ചതായോ സക്കറിയപോലും പറഞ്ഞിട്ടില്ല. വാക്കേറ്റവും കൈയേറ്റ ശ്രമവും-അത്രയേ ഉണ്ടായിട്ടുള്ളൂ എന്നാണ് സക്കറിയയുടെ ഭാഷ്യം. പണ്ട് ഒരു പ്രമുഖനോട് "എന്നെ അവന്‍ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞു'' എന്ന് പരാതിപ്പെട്ട കഥയുണ്ട്. കേട്ടയാള്‍ക്ക് ആ വാക്കിന്റെ അര്‍ഥമറിയില്ല. അതെന്തോ വളരെ മോശമായ കാര്യമാണ് എന്നു ധരിച്ച് "എന്നാലും താന്‍ അവനെ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞില്ലേ, തന്നെ വെറുതെ വിടാന്‍ പാടില്ല'' എന്നാണ് പ്രമുഖന്‍ പ്രതിവചിച്ചത്. പരുക്കന്‍ പെരുമാറ്റമോ കൈകൊണ്ടുള്ള തള്ളലോ 'മാന്‍ഹാന്‍ഡില്‍' ആണെന്ന് സക്കറിയക്ക് അറിയാതിരിക്കില്ല.

പയ്യന്നൂരില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിയണമെന്നാണ് ശതമന്യുവിന്റെ പക്ഷം.

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അല്‍പ്പം കൂടുതലുമുണ്ട്. അദ്ദേഹം സാംസ്കാരിക നായകനാണല്ലോ. അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനും സേവാദള്‍ താരം ജയലക്ഷ്മിയെ പുകഴ്ത്താനും സക്കറിയ തുനിഞ്ഞാല്‍ ഡിവൈഎഫ്ഐക്കാര്‍ക്കെന്ത്? എന്നാല്‍, അതിന്റെ പേരില്‍ പയ്യന്നൂരിലെ ഉല്‍കൃഷ്ടമായ ഗാന്ധിമൈതാനിയില്‍ കയറിനിന്ന് കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് പ്രസംഗിച്ചാല്‍ അത് ചോദിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം കേട്ടുനിന്നവര്‍ക്കുമുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണക്കാര്‍ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സക്കറിയ പറഞ്ഞത്. ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നത്രെ സാംസ്കാരിക നായകന്റെ ജഡ്ജ്മെന്റ്. ആദ്യകാലകമ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പറഞ്ഞുവയ്ക്കാനും സംസ്കാരസമ്പന്നന്‍ മടിച്ചുനിന്നില്ല. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ കൈയടിച്ചില്ല-എന്തേ ഇങ്ങനെ പറയാന്‍ എന്ന് എഴുത്തുകാരനോട് ചോദിച്ചു. എഴുത്തുകാരന്‍ ചൊടിച്ചു. ഉച്ചത്തില്‍ വര്‍ത്തമാനമായി. അത്രയേ ഉണ്ടായിട്ടുള്ളൂ.

അതിനെ വെറുതെ താലിബാനിസമെന്നൊന്നും പറഞ്ഞ് പയ്യന്നൂരിനെ അഫ്ഗാനിസ്ഥനാക്കിക്കളയല്ലേ കൂട്ടരേ.

ഉണ്ണിത്താനെയും സേവാദളത്തെയും പിടിച്ചത് ഡിവൈഎഫ്ഐക്കാരല്ല, ലീഗും കോണ്‍ഗ്രസും എല്ലാമടങ്ങുന്ന മഞ്ചേരിക്കാരാണെന്നെങ്കിലും സക്കറിയക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രശ്നമേ ഉണ്ടാകില്ലായിരുന്നു.

Sunday, January 3, 2010

തല പോനാല്‍ പോകട്ടും

ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍, പൊട്ടിക്കരഞ്ഞാല്‍ സ്വൈരംകൊല്ലി, പടവെട്ടിയാല്‍ ധൃഷ്ടന്‍-ഇങ്ങനെയൊക്കെയാണ് മുരളിയെ ചെന്നിത്തല- ചാണ്ടിപക്ഷം കൈകാര്യംചെയ്യുന്നത്. കുനിഞ്ഞു കാലുപിടിച്ചാല്‍ കുടഞ്ഞുചവിട്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ തെറ്റെല്ലാം ഏറ്റുപറഞ്ഞ്, വിനീത വിധേയനായി വാതില്‍ക്കല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. ആന്റണിയും വയലാര്‍ജിയും കെ വി തോമസും പ്രസാദിച്ചിട്ടും ചെന്നിത്തലയ്ക്ക് സമയമായില്ലാ പോലും; ചാണ്ടിക്ക് മനംമാറ്റമുണ്ടായില്ലാ പോലും. കുനിഞ്ഞുനില്‍ക്കുന്ന മുരളിയെ കുടഞ്ഞുകുടഞ്ഞുചവിട്ടുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരവസരം തരണേ എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ മുറ്റത്തുനിന്ന് നിലവിളിക്കുന്ന ഒരാളെ ഇവ്വണ്ണം കൈകാര്യം ചെയ്യാന്‍ എന്താണ് പ്രകോപനം? ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയതാണ് കാരണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അതുപറയാന്‍ എന്തധികാരം?

ഇങ്ങനെ ചില പിടിവാശികളാണ് കേരള രാഷ്ട്രീയത്തിന്റെ പുതിയ ട്രെന്‍ഡ്.

സ്വന്തം കാര്യം സാധിക്കാന്‍ ചിലര്‍ ചില സിദ്ധാന്തങ്ങളുണ്ടാക്കുന്നു. നാട്ടുകാര്‍ക്കൊക്കെ കാര്യം അറിയാമെങ്കിലും സിദ്ധാന്തരാമന്മാരായി നടക്കുകയും ആത്മകഥയെഴുതുകയും ചെയ്യുന്നവര്‍ക്ക് നല്ല മാര്‍ക്കറ്റാണ്. കണ്ടില്ലേ-2010 പിറക്കുമ്പോഴുള്ള ടിവി താരം ഉണ്ണിത്താനാണ്. 'വിടില്ല ഞാന്‍' എന്ന് പ്രഖ്യാപിക്കുന്ന ഉണ്ണിത്താനുപിന്നാലെയാണ് മാധ്യമപ്രതിഭകള്‍. സദാചാരത്തെക്കുറിച്ചാണ് ഉണ്ണിത്താന്റെ നടന്നുപ്രസംഗമത്രയും. നാട്ടില്‍ മാന്യമായി ജീവിക്കുന്നവരെ അവഹേളിക്കുന്ന വാക്കുകള്‍ ചാനലുകളുടെ ഓടപൊട്ടി കുതിച്ചൊഴുകുന്നു. ഉണ്ണിത്താന്‍ ആത്മകഥയെഴുതുകയും അത് വാരാന്തപ്പതിപ്പുകളിലൂടെ മലയാളത്തിന്റെ സുപ്രഭാതമായി മാറുകയുംചെയ്യുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കാം.

സിദ്ധാന്തപടുവായി സ്വയംമാറിയ പഴയൊരു ഒറ്റയാനും എഴുതിയിട്ടുണ്ട് ആത്മകഥ. ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങളും സ്വകാര്യതകളും ഭര്‍ത്താവ് ആത്മകഥയില്‍ കഥിച്ചാല്‍ ഭാര്യക്ക് നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ? പത്രസമ്മേളനം നടത്തി നിഷേധിക്കാന്‍ പറ്റുമോ? ഭാര്യയെ അധിക്ഷേപിക്കാന്‍ ഒരു സൌകര്യമായി വേണമെങ്കില്‍ ഭര്‍ത്താവിന് ആത്മകഥയെയും ഉപയോഗിക്കാം. ശുദ്ധ വെജിറ്റേറിയനായ തന്നെ പീഡിപ്പിച്ചവളാണ് കൊഞ്ചുതീനിയായ ഭാര്യ എന്ന് അച്ചിക്ക് കൊഞ്ചുപക്ഷം, നായര്‍ക്ക് ഇഞ്ചിപക്ഷം എന്ന ശീര്‍ഷകത്തില്‍ എഴുതി സമര്‍ഥിച്ചാല്‍ പുതിയ മാര്‍ക്കറ്റ് ഇക്കോണമിയുടെ സുഖം നുകരാം. കൂടുതല്‍ പ്രചാരം വേണമെങ്കില്‍ കിടപ്പറ രഹസ്യങ്ങള്‍ ചോര്‍ത്തി സിന്‍ഡിക്കറ്റുവഴി വിതരണം നടത്തിക്കാം.

സിപിഎമ്മില്‍നിന്ന് ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസിന്റെ അടുക്കളയിലെത്തിയ കണ്ണൂരിലെ കുട്ടിക്ക് കുട്ടിയായിരിക്കുമ്പോള്‍തന്നെ ആത്മകഥ എഴുതണമെന്നാണ് തോന്നിയത്. അക്കണക്കിന് എം വി രാഘവന് വളരെ വൈകിയേ ആത്മകഥ എഴുതിക്കാന്‍ തോന്നിയുള്ളൂ എന്നത് നല്ലകാര്യം. ചീഞ്ഞമീനിന് പുഴുത്ത പുളി എന്നതുപോലെ മനോരമയ്ക്ക് രാഘവന്റെ ആത്മകഥ. നാടാകെ നടന്നു പാടിയ തെറിപ്പാട്ട് പുസ്തക രൂപത്തിലാകുമ്പോള്‍ തല്‍പ്പരഹൃദയങ്ങള്‍ക്കും സൌകര്യമുണ്ട്.

ഇനി വരട്ടെ നാരായദത്ത് തിവാരി, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി സി ജോര്‍ജ്, വീരേന്ദ്രകുമാര്‍ തുടങ്ങിയവരുടെ ആത്മകഥകള്‍. അതല്ലെങ്കില്‍ മുഴുനീള അഭിമുഖങ്ങള്‍-നടന്നും ഇരുന്നും കിടന്നും ചരിഞ്ഞുമുള്ളവ. ഇ എം എസിനെയും സിപിഐ എമ്മിനെയും തെറിവിളിക്കുമ്പോള്‍ എക്കാലവും മാര്‍ക്കറ്റുണ്ട്.

മാങ്ങയുള്ള മാവില്‍തന്നെ എറിഞ്ഞു പഠിക്കട്ടെ.

*
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ദര്‍ബാറില്‍ നടന്ന സംഗീതക്കച്ചേരിയുടെ ഒരു കഥയുണ്ട്. പാട്ടുകേട്ട് സകലരും താളം പിടിക്കുന്നു; തുടയ്ക്ക് തട്ടുന്നു; ബലേ ഭേഷ് പറയുന്നു. രാജാവിനെ സുഖിപ്പിക്കാനുള്ള മത്സരം. കണ്ടുംകേട്ടും സഹികെട്ട് ഇനി അനാവശ്യമായി മിണ്ടുകയോ ഗോഷ്ടികാട്ടുകയോ ചെയ്താല്‍ തലയെടുത്തുകളയുമെന്ന് രാജാവ് ഉഗ്രശാസന പുറപ്പെടുവിച്ചു. സദസ്സ് നിശബ്ദം. പാട്ട് തുടര്‍ന്നു. ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ യഥാര്‍ഥ രസികനായ സദസ്യന് അടങ്ങിയിരിക്കാനായില്ല. 'തല പോനാല്‍ പോകട്ടും' എന്നാത്മഗതംചെയ്ത് അയാള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. 'ബലേ ഭേഷ്' എന്ന് ഉച്ചത്തില്‍ പറഞ്ഞു. മറ്റെല്ലാവരും തട്ടിപ്പുകാരാണെന്നും സംഗീതരസികന്‍ ഇതാ മുന്നിലെന്നും തിരിച്ചറിഞ്ഞ രാജാവ് പട്ടും വളയും കൊടുത്ത് അയാളെ ആദരിച്ചെന്നാണ് കഥ.

ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നുതള്ളിയവരും ഗുജറാത്തില്‍ കെട്ടിടങ്ങള്‍ അപ്പാടെ കത്തിച്ച് പച്ചമനുഷ്യരെ ചുട്ടുതള്ളിയവരും തക്കലയില്‍ ബസും മനുഷ്യരും ഒന്നിച്ച് കത്തുമ്പോള്‍ ആര്‍ത്തുവിളിച്ചവരും ചീമേനിയില്‍ പാര്‍ടി ഓഫീസിന് തീയിട്ട് കൂട്ടക്കൊലനടത്തിയവരുമൊക്കെ, ഇന്നാട്ടില്‍ ആകെ കത്തിയത് തമിഴ്നാട്ടിന്റെ ഒരു ആളൊഴിഞ്ഞ ബസാണ് എന്നു വിലപിച്ചുനടക്കുന്നതുകാണുമ്പോള്‍ എഴുന്നേറ്റുനിന്ന് അപ്രിയസത്യം പറയാന്‍ ആരെങ്കിലുമൊക്കെ വേണമെന്ന് ശതമന്യുവിനും തോന്നുന്നു. തീവ്രവാദം എന്ന വലിയ വാക്ക് ആരെയും തകര്‍ത്തുകളയാനുള്ള ആയുധമായി മാറുന്നത് നല്ലതല്ല.

സഖറിയ അടുക്കും സൌന്ദര്യവുമുള്ള കഥയെഴുതാന്‍ മാത്രമല്ല, വല്ലപ്പോഴും 'ബലേ ഭേഷ്'പറയാനും തയ്യാറാകുന്നുണ്ട്. അതിനും ഒരു ബലേ ഭേഷ്.

*
ചില കേസുകളില്‍ ജാമ്യം കിട്ടുന്നതോ വിജിലന്‍സ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നതോ ഒന്നും വാര്‍ത്തയാകില്ല എങ്കിലും സിപിഐ എമ്മുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അന്തിച്ചര്‍ച്ച മാത്രമല്ല ഉടനടിചര്‍ച്ച തന്നെ തുടങ്ങും. ഇത് ഒരിക്കല്‍ക്കൂടി സംഭവിച്ചത് പിണറായി വിജയന്‍ കോടതിയില്‍ ജാമ്യം എടുത്ത ദിവസമാണ്. ചാനല്‍ മുതലാളിയോടുള്ള വിധേയത്വം എങ്ങനെ പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി ഇന്ത്യാവിഷന്‍ അടക്കമുള്ളവരുടെ ചര്‍ച്ചകളുടെ സ്വഭാവം. ആവേശം മൂത്ത ഇന്ത്യാവിഷനിലെ ഭഗത് എന്ന വാര്‍ത്തവായനക്കാരന്‍ 'സിഎജി റിപ്പോര്‍ട്ട് പ്രകാരമാണല്ലോ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് പുറത്തുവന്നത്'എന്ന് ആവര്‍ത്തിച്ചുകൊണ്ട്, "വടക്കേ ഇന്ത്യന്‍ നേതാക്കന്മാര്‍ക്കെതിരെ വന്ന പല സിഎജി റിപ്പോര്‍ട്ടുകളും ഉപയോഗിച്ച് സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാപ്പ് പറയുമോ'' എന്നുവരെ ചോദിച്ചുകേട്ടു. സ്വന്തം മുതലാളിയായ മുനീറിനെതിരെ 500 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് ഉണ്ട് എന്നത് ഭഗത്തിനും അറിയാം! മുനീറിനെതിരായ സിഎജി റിപ്പോര്‍ട്ടും വിജിലന്‍സ് കറ്റപത്രവും മുക്കിയ ഇന്ത്യാവിഷന്‍ സിപിഎം മാപ്പുപറഞ്ഞുകാണാന്‍ കൊതിക്കുന്നത് ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ അസ്ക്യത കൊണ്ടാകാം. അതുകൊണ്ടുതന്നെയാണല്ലോ പിബി യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കളുടെ ശരീരഭാഷ നിര്‍ണയിക്കുന്നവര്‍ രാത്രിയില്‍ പൊലീസ് ജീപ്പില്‍ തലയില്‍ കൈവച്ച് മുഖം മറച്ചിരുന്ന രാജ്മോഹന്റെ ശരീരഭാഷ നിര്‍ണയിക്കാത്തത്.

എല്ലാം പറയണമല്ലോ. മര്‍ഡോക്ക് ചാനലില്‍നിന്ന് മനോരമയില്‍ എത്തിയ വേണു ചില ചോദ്യങ്ങളെങ്കിലും വി ഡി സതീശനോട് ചോദിച്ചു.

വേണു: അനുബന്ധ കരാര്‍മാത്രം ഒപ്പിട്ട പിണറായിമാത്രം പ്രതിയാകുന്നതിനു പിന്നില്‍ രാഷ്ട്രീയമില്ലേ?

സതീശന്‍‍: അനുബന്ധകരാര്‍ എന്നത് തോമസ് ഐസക് മാത്രം പറഞ്ഞുനടക്കുന്ന കള്ളമാണ്.

വേണു: അങ്ങനെ എങ്കില് കുറ്റ്യാടി പദ്ധതിയില്‍ സി വി പത്മരാജന്‍ ഒപ്പിട്ട കസള്‍ട്ടസി കരാര്‍ അനുബന്ധ കരാറുകള്‍ വഴി കാര്‍ത്തികേയന്‍ ഒപ്പിട്ടതോ?

സതീശന്‍: അല്ല വേണു, എന്താ ഇവിടെ പ്രശ്നം കുറ്റ്യാടി പദ്ധതി പ്രകാരം കിട്ടുമെന്ന് പറഞ്ഞ ഗ്രാന്റ് മുഴുവന്‍ കിട്ടിയില്ലേ. പിഎസ്പി വഴി കിട്ടുമെന്ന് പറഞ്ഞ 86 കോടിയോളം രൂപ കിട്ടിയില്ല. അതല്ലേ കേസ്

വേണു : കുറ്റ്യാടി പദ്ധതിക്ക് ചിലവാക്കിയ 201 കോടിയോളം പാഴായി എന്ന് സിഎജി പറഞ്ഞതോ?

സതീശന്‍: അത് വൈദ്യുതി ബോര്‍ഡ് കൃത്യമായ കണക്ക് കൊടുക്കാത്തതിനാലാണ്.

ഇതാണ് സാമ്പിള്‍.

ലാവ്ലിന്‍ കേസ് വീണ്ടും വാര്‍ത്തയാകുന്നതില്‍ ചില ഗുണങ്ങളുണ്ടെന്നാണ് ശതമന്യുവിന്റെ പക്ഷം. ഇന്നലെവരെ പലരും ഒതുക്കിവച്ച പലതും പുറത്തുവരുന്നുണ്ട്. ആന്റണിയെ സാക്ഷിയാക്കാതിരിക്കാന്‍ സിബിഐ നിരത്തിയ ന്യായം ആന്റണിക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നല്ല-അങ്ങനെ ആവശ്യപ്പെടാന്‍ പിണറായിക്ക് അധികാരമില്ലെന്നാണ്.

പുറത്തുവരട്ടെ വരട്ടെ അങ്ങനെ പല പൂച്ചകളും.