Sunday, July 22, 2012

കാകദന്ത ഗവേഷണം

കാക്കയുടെ വായില്‍ പല്ലുതപ്പുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നന്മ കണ്ടെത്താനുള്ള ശ്രമം. ഇല്ലാത്ത വസ്തുവോ അസംഭവ്യമായ കാര്യമോ അന്വേഷിച്ചവരൊന്നും വിജയം കണ്ടിട്ടില്ല. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കേണ്ട സമയവും സമാഗതമായി. ഉമ്മന്‍ചാണ്ടി പഴയ കെഎസ്യു പയ്യനല്ല; എ ഗ്രൂപ്പ് നേതാവല്ല; കരുണാകരനെ പാരവയ്ക്കുന്ന ശകുനിവേഷക്കാരനുമല്ല- രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണ്. ആന്റണിയെ വിമാനം കയറ്റി കസേരപിടിച്ച സൃഗാല തന്ത്രജ്ഞനാണ്. എല്ലാമായിട്ടും കാര്യമൊന്നുമില്ല എന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയാണോ എന്ന് എല്ലാ ദിവസവും എണീറ്റ് നുള്ളിനോക്കിയാലേ ബോധ്യംവരുന്നുള്ളൂ. പൊലീസും സല്യൂട്ടും കൊടിവച്ച കാറുമൊക്കെയുണ്ടെങ്കിലും ഒരുറപ്പില്ലായ്മ. താന്‍തന്നെയാണോ മുഖ്യമന്ത്രി എന്ന് കണ്ണാടിയില്‍ നോക്കി രാവിലെയും വൈകിട്ടും ചോദിക്കും- ഇടയ്ക്ക് ഞാനാണ് മുഖ്യമന്ത്രി എന്നു പറയുകയും ചെയ്യും.

ഓരോസ്ഥാനത്തിന്റെയും മഹത്വം അതില്‍ ആരാണ് ഇരിക്കുന്നത് എന്നുനോക്കിയാണ്. കേരളത്തിലെ ഒരു ചീഫ് വിപ്പ് സ്ഥാനം പട്ടി നക്കിയ കലംപോലെയായത് എല്ലാവരും കാണുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന് ഭരത് അവാര്‍ഡ് കിട്ടിയാല്‍ തിലകന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? പണ്ഡിറ്റിനുശേഷം ജഗതി ശ്രീകുമാറിന് അതേ അവാര്‍ഡ് കിട്ടിയാലത്തെ അവസ്ഥ എന്താകും? അടുത്തവട്ടം ആര്‍ക്കും വേണ്ടാത്ത ഒന്നാകും ചീഫ് വിപ്പ് പദവി എന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിനും അതേ അവസ്ഥ വരുമോ എന്നതാണ് പ്രശ്നം. ഉമ്മന്‍ചാണ്ടിയുടെ പോക്കുകണ്ടാല്‍ മറിച്ച് വിശ്വസിക്കാന്‍ തരമില്ല. ചീഫ് വിപ്പാണോ ചീഫ് മിനിസ്റ്ററാണോ വലുതെന്ന് തൂക്കിനോക്കി തിട്ടപ്പെടുത്തണം.

കുട്ടനും മുട്ടനും തമ്മിലടിക്കുന്നത് കണ്ട് രസിച്ച ചെന്നായയുടെ പരിപാടിയാണ് ഉമ്മന്‍ചാണ്ടി കാണിച്ചതെന്ന് പിള്ളയ്ക്ക് തോന്നുന്നുണ്ട്. കാക്കയ്ക്കുമാത്രമല്ല, പിള്ളയ്ക്കും തന്‍പിള്ള പൊന്‍പിള്ളതന്നെയാണ്. ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്ന് മുദ്രാവാക്യം വിളിച്ചയാളാണ് ഇന്ന് ആഭ്യന്തരമന്ത്രി. അതുപോലെ, ഞങ്ങടെ മന്ത്രിയും ചീഫ്വിപ്പും തമ്മില്‍തല്ലിയാല്‍ മറ്റാര്‍ക്കും ചേതമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ സിദ്ധാന്തം. തമ്മില്‍തല്ലിക്കുന്നത് രസമുള്ള പരിപാടിതന്നെ. വാടാ പോടാ വിളിമാത്രമല്ല, ഒരാഴ്ചയ്ക്കകം നിന്നെ ഞാന്‍ ഇരുത്തിത്തരാമെടാ എന്ന വെല്ലുവിളിയാണ് ചീഫ് വിപ്പില്‍നിന്ന് മുഴങ്ങിയത്. അല്‍പ്പം മാനാഭിമാനമുള്ളവരാണെങ്കില്‍, അതുകേട്ട് നേരെ കാടുകയറും. രണ്ടുകൂട്ടരും ഒരാഴ്ചയ്ക്കകം പരസ്പരം ഇരുത്താന്‍ ശ്രമിച്ചാല്‍, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് പോരാതെ വരും. ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരനുഭവം വന്നിട്ടുണ്ടാകില്ല.

മുന്നില്‍ നിന്ന് മന്ത്രിയും വിപ്പും സ്റ്റണ്ട് നടത്തുമ്പോള്‍ മിണ്ടാതിരിക്കുന്നയാള്‍തന്നെ സംസ്ഥാനത്തിന്റെ ഭരണം നയിക്കാന്‍ യോഗ്യന്‍. കുറ്റം നോക്കിപ്പറവാന്‍ കുറ്റികണക്കെ നില്‍ക്കുന്ന സുധീരന്മാര്‍ക്കും അതാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍വഗുണമൂര്‍ത്തിയായാല്‍ സുധീരന്‍ കാശിക്കുപോകേണ്ടിവരും. പല്ലിനിടയില്‍ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നതാണ് ആദര്‍ശധീരത. കോണ്‍ഗ്രസ് നല്ലത്, ഭരണം നല്ലത് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞിട്ട് കാര്യമില്ല. ഭരണത്തില്‍ അഴിമതി, സര്‍വത്ര കുഴപ്പം എന്നുതന്നെ പറയണം. ഘടകകക്ഷികള്‍ക്കിട്ട് കുത്തിക്കൊണ്ടേയിരിക്കണം. രാഷ്ട്രീയം എന്നാല്‍ വയറ്റിപ്പിഴപ്പുമാത്രമല്ല, വാര്‍ത്തയില്‍ കയറല്‍കൂടിയാണ്. വാര്‍ത്താതാരമാകാന്‍ ഉടുതുണി ഉരിയുന്നവരുടെ കാലമാണ്. പറയുന്നത് അഴിമതിവിരോധവും ആദര്‍ശവുമായാല്‍ ഒരുമാതിരിപ്പെട്ടവരൊന്നും എതിര്‍ക്കാന്‍ നില്‍ക്കില്ല. "ഊണില്‍ക്കാണുവതില്ല തെല്ലു രുചി മേ; പൊയ്പോയുറക്കം, പ്രിയേ! ക്ഷീണിച്ചു ശരീരമിങ്ങനുദിനം; വര്‍ധിപ്പൂ വൈക്ലബ്യവും; കാണിക്കും കുറയുന്നതില്ല ഹൃദയേ കാഠിന്യമെന്നാകില്‍, നിന്‍ കോണിക്കല്‍ ശവമൊന്നു കാണുമൊരുനാള്‍; ഞാന്‍ തന്നെയാമാശ്ശവം" എന്നാണ് ഭര്‍തൃസ്ഥാനാര്‍ഥിയായ വെണ്‍മണിപ്രസ്ഥാനക്കാരന്‍ അയച്ച വിവാഹാഭ്യര്‍ഥനയിലുള്ളതെന്ന് സഞ്ജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരഭ്യര്‍ഥന ഹൈക്കമാന്‍ഡിലേക്കയച്ച് കാത്തിരിക്കുന്നത് ആദര്‍ശാത്മകമായ (സു)ധീരത്വംതന്നെ.

ലോക്സഭയിലേക്ക് ഇനി മത്സരത്തിനില്ല എന്നു പറഞ്ഞുപോയി. രാജ്യസഭാ സീറ്റ് കാക്ക കൊത്തിപ്പോയി. നിയമസഭയിലേക്ക് നോട്ടമയക്കണമെങ്കില്‍ ഇനിയും വേണം നാലുകൊല്ലം. ആകെ ഒരു പ്രതീക്ഷയുള്ളത് ഹരിപ്പാടുകാരന്റെ കസേരയിലാണ്. ഒരാള്‍ക്ക് ഒരു സ്ഥാനം എന്നെല്ലാം പറയാമെന്നേയുള്ളൂ. ചെന്നിത്തലയ്ക്ക് നിയമസഭയില്‍ ഇരിക്കുകയുംവേണം, ഇന്ദിരാഭവന്‍ ഭരിക്കുകയും വേണം. ആ കട്ടിലുകണ്ടാണ് സുധീരന്റെ പനി. പനിച്ചു പനിച്ച് തീരെ ശോഷിച്ചുപോയി. പ്രസ്താവനാ അക്കാദമിയോ മറ്റോ ഉണ്ടാക്കി കേന്ദ്രത്തിലെ രണ്ടാമന്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. അതല്ലെങ്കില്‍, അഖിലേന്ത്യാ തൊഴുത്തില്‍ക്കുത്ത് ബോര്‍ഡ് രൂപീകരിച്ചാലും മതി. അതിലേക്ക് റിക്രൂട്ട്മെന്റ് എളുപ്പമാകും. അച്ഛനും മകനുമുള്ള പാര്‍ടിയില്‍നിന്ന് രണ്ടുപേരെയും ആ ബോര്‍ഡിന്റെ ഡയറക്ടര്‍മാരാക്കാമെന്ന സൗകര്യവുമുണ്ട്.

*
കുഞ്ഞാലി വധക്കേസില്‍ പ്രതിയായ ആര്യാടന്‍ മുഹമ്മദ് പണ്ട് എണ്‍പതില്‍ ആന്റണിയോടൊപ്പം ഇടതുപക്ഷത്ത് വന്നു. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി. മുന്നണിസംവിധാനത്തില്‍ അങ്ങനെ പലതും പേറേണ്ടിവരും. ഇഷ്ടമില്ലെങ്കിലും ചില വേണ്ടാതീനങ്ങളെ ചുമക്കുകയും സഹിക്കുകയും വേണ്ടിവരും.

അന്ന് നിലമ്പൂരില്‍ മത്സരിച്ച ആര്യാടനെതിരെ ഇടതുപക്ഷത്തുനിന്നുതന്നെ കടുത്തരോഷം വന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തലകുമ്പിട്ട് ആര്യാടനിരുന്നപ്പോള്‍, നേതൃത്വം പറഞ്ഞത്, ഇത് മുന്നണിയുടെ സ്ഥാനാര്‍ഥിയാണ്, മുന്നണി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വോട്ടുചെയ്ത് വിജയിപ്പിക്കണം എന്നാണ്. ആര്യാടന്‍ ജയിക്കുകയും മന്ത്രിയാവുകയും ഏറെ താമസമില്ലാതെ സഹജസ്വഭാവം കാണിച്ച് പഴയ മാളത്തില്‍ തിരിച്ചുകയറുകയും ചെയ്തു.

കോണ്‍ഗ്രസില്‍ അത്രയേ ഉള്ളൂ കാര്യം. സ്ഥാനം നേടാന്‍ സ്വയം കുറ്റിച്ചൂലാകാനും മടിയുണ്ടാകില്ല. അല്ലെങ്കിലും മുന്നണിയുടെ സൗകര്യം നിസ്സാരമൊന്നുമല്ല. ജയിക്കുംവരെ മതി വിധേയത്വവും കൂറും. ജയിച്ചാല്‍പ്പിന്നെ ഞാന്‍ വലിയ സംഭവംതന്നെ എന്നു പറഞ്ഞ് നടക്കാം. ഈരാറ്റുപേട്ടമുതല്‍ ഈരാറ്റുപേട്ടവരെ അനുയായി വൃന്ദമുള്ള പി സി ജോര്‍ജ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയാകുന്നതിന്റെ രസതന്ത്രം അതാണ്. യുഡിഎഫില്‍ ഒരു എംഎല്‍എയ്ക്ക് ഒന്നൊന്നര എംഎല്‍എയുടെ വിലയാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ തമ്മിലടിച്ചാലും മുടിയില്‍ പിടിച്ച് വലിച്ചാലും മുണ്ട് വലിച്ചുപറിച്ചാലും കുഴപ്പമില്ല. നടപടിയൊന്നും വരില്ല.

*
ആന്റണി രണ്ടാമനായതില്‍ പവാറിന് തര്‍ക്കമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വാര്‍ത്ത. അപ്പോള്‍ ആരാണ് ഒന്നാമന്‍? അത് മന്‍മോഹന്‍സിങ്ങാണെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം ഒന്നാമത്തേതാണോ എന്ന ദാര്‍ശനിക ചര്‍ച്ച ആരും ഉയര്‍ത്തിയതായും കണ്ടില്ല.

പണ്ട് രാഷ്ട്രപതിഭവനിലിരുന്ന് സെയില്‍സിങ് പറഞ്ഞത് ഒരു കുറ്റിച്ചൂലിന്റെ കാര്യമാണ്. ഇന്ദിരാഗാന്ധി കുറ്റിച്ചൂലെടുത്ത് തൂത്തുവാരാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന്. പാരമ്പര്യം വിട്ടുകളിക്കുന്ന പാര്‍ടിയല്ല കോണ്‍ഗ്രസ്. അതുകൊണ്ട് കുറ്റിച്ചൂലെടുപ്പുകാരെ നമ്പരിട്ട് തിരിക്കാമെന്നല്ലാതെ ഒന്നിലും രണ്ടിലും വലിയ കാര്യമൊന്നുമില്ല. വലിയതോതില്‍ കാര്യവിവരമുള്ള ശരത് പവാറിന് ഇന്നുവരെ ഇതൊന്നും മനസ്സിലായിട്ടില്ലേ എന്നാണ് ശതമന്യുവിന്റെ സംശയം.

*
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ച് നടന്ന പൊലീസുകാര്‍ക്ക് കാക്കയുടെ വായില്‍ പല്ല് തിരഞ്ഞ അനുഭവമായി. ചെക്യാട്ടെ കല്യാണവീട്, നാദാപുരം കത്തി, വടകരയിലെ അരിമുറുക്ക്, കോഴിക്കോട്ടെ ഹല്‍വ- എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍. മെനഞ്ഞ കഥകള്‍മാത്രം ബാക്കിയായി.

ചന്ദ്രശേഖരന്‍വധം യുഡിഎഫിന് വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ് മുല്ലപ്പള്ളിയുടെ പരിഭവം. അതിന്റെ അര്‍ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. യുഡിഎഫിന് ഉപയോഗിക്കാന്‍വേണ്ടിയുള്ളതായിരുന്നുവോ ആ വധം എന്ന് തെളിച്ചുപറയേണ്ടത് മുല്ലപ്പള്ളിതന്നെയാണ്. എങ്ങനെയാണ് ഉദ്ദിഷ്ട ഉപയോഗമെന്നും ആരാണ് അതിന്റെ തിരക്കഥാരചനയെന്നും അറിയാന്‍ കൊതിയാകുന്നു. നേരിട്ടുപറയാന്‍ വയ്യെങ്കില്‍ തൊട്ടുകാണിച്ചാലും മതി. അല്ലെങ്കില്‍ ക്വട്ടേഷന്‍ സുധാകരന് കൊടുക്കണം.

Sunday, July 15, 2012

അണ്ണാക്കില്‍ കുടുങ്ങിയ എല്ല്

വടകരയിലെ പൊലീസ് ക്യാമ്പില്‍ മീശയുള്ളതും ഇല്ലാത്തതുമായ ഏമാന്മാര്‍ അവലിടിക്കുമ്പോലെ ഇടിച്ചുണ്ടാക്കുന്നതെന്തോ അതാണ് വാര്‍ത്ത. അത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുഴച്ചുരുട്ടി വായനക്കാരന്റെ വായില്‍ തിരുകിക്കൊടുക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമസ്വാതന്ത്ര്യം എന്നത് ചക്കയാണോ മാങ്ങയാണോ എന്നെല്ലാം ഗവേഷണം നടത്തി ചിലര്‍ നടപ്പുണ്ട്. അവര്‍ക്കൊന്നും തിരയെണ്ണുന്നതിന്റെ സുഖം മനസ്സിലായിട്ടുണ്ടാകില്ല.  മുത്തൂറ്റ് പോള്‍ വധക്കേസില്‍ പൊലീസ് പോകുന്ന വഴിയില്‍ കുറുകെ ചാടലായിരുന്നു മാധ്യമസ്വാതന്ത്യ്രം. പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ് തുടങ്ങിയ മഹാരഥന്മാരുടെ ചരിത്രവും വര്‍ത്തമാനവും പറിച്ചെടുത്ത് ഉപ്പും മുളകും ചേര്‍ത്തു ചുട്ട് വായനക്കാര്‍ക്ക് കട്ടന്‍കാപ്പിയോടൊപ്പം കൊടുക്കുന്നതായിരുന്നു അന്തകാലത്തെ മാധ്യമമഹത്വം. ചന്ദ്രശേഖരന്‍ വധക്കേസ് വന്നപ്പോള്‍ രീതിയില്‍ ചെറിയ മാറ്റം വരുത്തിയെന്നേയുള്ളൂ. അന്നത്തെ പൊലീസ് കള്ളപ്പോലീസെങ്കില്‍ ഇന്നത് അരുമയാന പൊലീസായി. അന്ന് തൊട്ടത് കുറ്റമെങ്കില്‍ ഇന്ന് തൊഴിച്ചാലും പ്രണയം.

പൊലീസിനുവേണ്ടി തുടിക്കുകയാണ് മാധ്യമ മാനസങ്ങള്‍. തലസ്ഥാന നഗരത്തില്‍ ആ തുടിപ്പ് ഹൌസിങ് ബോര്‍ഡിനുവേണ്ടിയാണത്രേ. 54 മാധ്യമസിംഹങ്ങള്‍ അനന്തപുരിയുടെ ഹൃദയഭാഗത്ത് ഹൌസിങ് ബോര്‍ഡ് വക ഫ്ളാറ്റുവാങ്ങി. കൊടുത്തത് നിസ്സാര അഡ്വാന്‍സ്. ചിലര്‍ നേരെ കയറി താമസം തുടങ്ങി. മറ്റു ചിലര്‍ വാടകയ്ക്ക് കൊടുത്തു. വലിയ പത്രത്തിന് കൂടുതല്‍ വേണമെന്നുള്ളതുകൊണ്ട് അച്ചായന്റെ ആള്‍ക്കാരാണ് ഇടപാടുകാരില്‍ മുമ്പര്‍. 11 പേര്‍ മനോരമക്കാര്‍. അതില്‍ പത്താളും ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നു. ആ കിട്ടുന്ന വാടകയുടെ പകുതി അടച്ചാല്‍ മതി, ഹൌസിങ് ബോര്‍ഡിന്റെ കടം തീരും. വെറുതെ ഒരു ഫ്ളാറ്റ്, അതിന്റെ വാടക സ്വന്തം വരുമാനം എന്നതാണ് അത്യന്താധുനിക മാധ്യമസ്വാതന്ത്യ്രം. കേരള സംസ്ഥാന ഹൌസിങ് ബോര്‍ഡ് ആരുടെ പൈതൃക സ്വത്താണെന്ന അന്വേഷണത്തിനും വേണം ഒരു പ്രത്യേക സംഘം.

ഹൌസിങ് ബോര്‍ഡിനെ പറ്റിച്ച് വീടും പണവും ഉണ്ടാക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം അച്ചടിച്ചുവച്ച പേരുകളില്‍ പല പുപ്പുലികളെയുമാണ് കാണുന്നത്. ആകെമൊത്തം തട്ടിപ്പുതുക 20 കോടി വരുമത്രേ. അതൊക്കെ പണ്ടത്തെ കണക്കാണ്, ഇന്നത്തെ വില 50 കോടി കവിയുമെന്നാണ് അസൂയാലുക്കളുടെ പക്ഷം. അത് ഒട്ടാകെ എഴുതിത്തള്ളണമെന്നത്രേ പുതിയ മാധ്യമ സമ്മര്‍ദം. വേണ്ടതാണ്. ഇങ്ങനെയൊക്കെ അധ്വാനിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊരു പ്രതിഫലം നല്‍കേണ്ടതുതന്നെയാണ്. അക്കാര്യത്തിലെങ്കിലും യുഡിഎഫില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം. എല്ലാവരെയും വലിയ വലിയ സ്ഥാനത്ത് ഇരുത്താനോ പറ്റില്ല- ഒരു വീടെങ്കിലും വെറുതെ കൊടുത്താല്‍ അത്രയും ആശ്വാസമാകും.

പൊലീസുകാരനില്‍ നിന്ന് വാര്‍ത്ത എനിക്ക് ചോര്‍ത്താം, ഞാന്‍ ചോര്‍ത്തിയത് നീ മിണ്ടാന്‍ പാടില്ലെന്ന സിദ്ധാന്തം ജനിപ്പിച്ചവര്‍ക്ക് ഫ്ളാറ്റ് മാത്രമല്ല മാധ്യമസൈദ്ധാന്തികപ്പട്ടവും പട്ടും വളയും കൊടുക്കണം. വിളിച്ച നമ്പരുകള്‍ കണ്ടെത്തിയാല്‍ അത് അപരാധച്ചോര്‍ത്തല്‍. ആ നമ്പരുകള്‍ പരസ്പരം അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചാല്‍ മാധ്യമമഹത്വം. അങ്ങനെയങ്ങനെ ന്യായങ്ങള്‍ വിരചിച്ച് ദേശാഭിമാനിയെ കഴുവിലേറ്റാനാണ് അതിവേഗം ബഹുദൂരസഞ്ചാരം. ദേശാഭിമാനിക്കാര്‍ പേടിച്ച് വിറച്ചുപോയി എന്ന വാര്‍ത്ത ഉടനെ വായിക്കാം. അതെഴുതുന്ന ലേഖകന് മൂന്നു മുറി ഫ്ളാറ്റ് തന്നെ സമ്മാനം.

*
പട്ടികള്‍ എല്ല് വായില്‍ സൂക്ഷിക്കാറില്ല. ചവച്ചരച്ച് തിന്നാന്‍ നോക്കും. അത് കഴിയാഞ്ഞാല്‍ തുപ്പിക്കളയും. ചില പട്ടികള്‍ക്ക് അപ്പാടെ വിഴുങ്ങാനാണ് താല്‍പ്പര്യം. അങ്ങനെ ചെയ്താല്‍ അണ്ണാക്കില്‍ കുരുങ്ങും. പിന്നെ മോങ്ങിക്കരയുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ചില കരച്ചിലുകളാണ് കേരളത്തില്‍ തലങ്ങും വിലങ്ങും മുഴങ്ങുന്നത്. പട്ടികള്‍ ആത്മകഥ എഴുതുന്ന പതിവ് കേട്ടിട്ടില്ല. സമീപനാളില്‍ അതിന് സാക്ഷിയാകാനും ശതമന്യുവിന് ഭാഗ്യം ലഭിച്ചു. 'ഞാന്‍ വായില്‍ എല്ലുസൂക്ഷിക്കുന്നില്ല' എന്നും 'വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാവില്ല' എന്നുമുള്ള എഴുത്തുകള്‍ സാഹിത്യമാണോ മാധ്യമപ്രവര്‍ത്തനമാണോ എന്ന് തിരിച്ചറിയാനാകുന്നില്ല എന്ന പ്രശ്നമേയുള്ളൂ. ഒ

രാളെ 'പട്ടീ' എന്ന് വിളിക്കുന്നത് ആക്ഷേപമായിട്ടാണ് പുണ്യപുരാണകാലം മുതല്‍ കണക്കാക്കുന്നത്. അതിനൊരു പൊളിച്ചെഴുത്ത് വേണ്ടതുതന്നെ. പട്ടി എത്ര അന്തസ്സുള്ള മൃഗമാണ്. യജമാനനെ കാണുമ്പോള്‍ വാലാട്ടും. ബോംബും തോക്കും മണത്തുപിടിക്കും. കള്ളന്‍ വന്നാല്‍ കുരയ്ക്കും. കുരച്ചുകൊണ്ടേയിരിക്കുന്ന പട്ടി കടിക്കില്ലെന്നൊരു കുഴപ്പമുണ്ട്. അത് ഒഴിവാക്കിയാല്‍ പട്ടി എന്തുകൊണ്ടും മാന്യനും സത്യസന്ധനും സേവനസന്നദ്ധനും ബുദ്ധിമാനുമായ ജന്തുവാണ്. അതുകൊണ്ട്, അപരനെ പട്ടിയോടുപമിച്ച് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായി, 'ഞാന്‍ ഒരു പട്ടിയാണ്' എന്ന് ലേഖനം എഴുതാനും അത് വലിയൊരു പത്രത്തില്‍ തന്നെ അച്ചടിക്കാനുമുള്ള ആര്‍ജവത്തിന് സലാം പറയണം. 'ഞാന്‍ ആര്‍എംപിക്കാരനല്ല' എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടിയാകുമ്പോള്‍ എത്ര ഉദാത്തവും ധീരവുമായ ഒരു സാഹിത്യസൃഷ്ടിയാണ് കണ്‍മുന്നില്‍ വന്ന് കുരയ്ക്കുന്നതെന്ന് മലയാളിക്ക് മനസ്സിലായില്ലെങ്കില്‍ പിന്നെ രക്ഷയില്ല. ആസ്വാദനത്തിനും വേണം മിനിമം ക്വാളിഫിക്കേഷന്‍.

യുഡിഎഫ് ഭരണം മാതൃകാ ഭരണമാണെന്ന് ഇയ്യിടെ മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. ആ മാതൃകാ ഭരണത്തില്‍ ജോര്‍ജാണ് മാതൃകാപുരുഷന്‍. ജോര്‍ജിന്റെ സാഹിത്യം യുഡിഎഫിന്റെ ഔദ്യോഗിക സാഹിത്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍തക്ക നിലവാരമുള്ളതാണ്. കാറും ബംഗ്ളാവുമേയുള്ളൂ അധികാരമില്ല എന്നാണ് ചീഫ്വിപ്പ് പദവിയെ കുറിച്ച് ഗണേശ്കുമാറിന്റെ അഭിപ്രായം. അത് മുഖ്യമന്ത്രിയുടെ വിചാരമല്ല. ജോര്‍ജിനെപ്പോലൊരു മനുഷ്യനില്ല എങ്കില്‍ യുഡിഎഫിന്റെ ഗതി ഉപ്പുവച്ച കലംപോലെയാകും. നാടകത്തില്‍ സൂത്രധാരനും സര്‍ക്കസില്‍ കോമാളിയും മഹാഭാരതത്തില്‍ നാരദനും എന്നെല്ലാം പറയുമ്പോള്‍ ആരും നിസ്സാരമായി കാണരുത്. ചില കാര്യങ്ങള്‍ക്ക് അത്തരക്കാര്‍ തന്നെ വേണം. ശകുനിയില്ലാത എന്ത് ഭാരതയുദ്ധം? റസ്പുട്ടിനില്ലാതെ എന്ത് റഷ്യന്‍ചരിത്രം?

ഷേക്സ്പിയറുടെ നാടകത്തില്‍ ജൂലിയസ് സീസറിന്റെ അവസാനമായി കുത്തുന്നത് ബ്രൂട്ടസാണ്. ആ ബ്രൂട്ടസിനേക്കാള്‍ നീചനും അപകടകാരിയുമായ ഗൂഢാലോചകന്‍ അയാളുടെ മച്ചമ്പിയായ കാഷ്യസാണ്. സീസറിനെ മരണശേഷം മാര്‍ക്ക് ആന്റണി ഭരണാധികാരിയായപ്പോള്‍ ആ മാര്‍ക്ക് ആന്റണിയെയും കൊല്ലാനായിരുന്നു കാഷ്യസിന്റെ പദ്ധതി. അതില്‍നിന്ന് പിന്തിരിപ്പിച്ചത് ബ്രൂട്ടസാണ്. കാഷ്യസിന്റെ മുഖമുള്ള ഒരാളെ കുറേക്കാലമായി ഈരാറ്റുപേട്ട മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഏതാനും ചാനലുകളില്‍ അയാളുടെ രൂപം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നും ചില നരവംശശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. അത്തരമൊരു രൂപമാണ്, ഗണേശിന്റെ രഹസ്യങ്ങള്‍ വിളിച്ചുപറയുമെന്ന് കഴിഞ്ഞദിവസം വിളിച്ചുപറഞ്ഞത്.

'കൊണ്ടുനടന്നതും നീയേ ചാപ്പാ' എന്ന് പറയാറുണ്ട്. റീമേക്കിങ്ങുകളുടെ ഇക്കാലത്ത് ആ കഥയും മറ്റൊരു രൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നുണ്ട്. അടിമുടി വിഷം കയറാത്ത ഒരു ചാനലാണ് പി സി ജോര്‍ജ് എന്ന മാന്യമഹാ നേതാവിനെ ഏറെക്കാലം പൊക്കി നടന്നത്.  ആ ചാനലിന് ജോര്‍ജിന്റെ സമ്മാനമായി കിട്ടിയത് പൈതൃകത്തെ കുറിച്ചുള്ള ഗവേഷണഫലമാണ്. പണ്ട് വാര്‍ത്തകളുടെ പിതൃശൂന്യതയെ കുറിച്ച് എസ്എഫ്ഐ നേതാവ് പറഞ്ഞപ്പോള്‍ വാളും ബോംബും എടുത്ത ക്വട്ടേഷന്‍ സംഘമാണ് പിന്നാലെ പോയത്. നശിപ്പിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ പി സി ജോര്‍ജ് നേര്‍ക്കുനേര്‍ തന്തയ്ക്കുവിളിക്കുമ്പോള്‍ അത് തങ്കപ്പെട്ട തന്തയ്ക്കുവിളി. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറിച്ചെന്ന് വിളിച്ച ചില വിളികള്‍ ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്നുണ്ട്. അച്ചടിക്കാന്‍ കൊള്ളില്ല. കാഷ്യസായാലും പി സി ജോര്‍ജായാലും ചെയ്യുന്നത് ഒരേ കാര്യം തന്നെ.

*
സി ആര്‍ നീലകണ്ഠന് പരിസ്ഥിതി രത്ന അവാര്‍ഡ്. സമ്മാനിക്കുന്നത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പി സി ജോര്‍ജിന് സദ്ഭാവന അവാര്‍ഡ് ആട് ആന്റണി സമ്മാനിക്കുന്ന ദിവസവും വിദൂരമല്ല. എല്ല് അണ്ണാക്കില്‍ കുരുങ്ങിയ പട്ടികള്‍ക്കായി പ്രത്യേക മോങ്ങല്‍ മത്സരം അടുത്ത ലോക മാധ്യമദിനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കേട്ടു.

Sunday, July 8, 2012

ആടിനറിയുമോ അങ്ങാടിവാണിഭം

കുറ്റം പറഞ്ഞു ചിരിക്കുന്നവരോട് ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാവപ്പെട്ട ലീഗിനെ കുറ്റം പറയുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നതില്‍ അമ്പരക്കേണ്ടതില്ല. ഒരു ദുര്‍ബലനിമിഷം മനുഷ്യന്റെയെന്നല്ല, ഒരു പാര്‍ടിയുടെ തന്നെ വിധി നിര്‍ണയിക്കുന്നതെങ്ങനെ എന്ന് തെളിയിച്ചത് മുനീര്‍ സാഹിബാണ്. നല്ല തങ്കപ്പെട്ട മനുഷ്യന്‍. സുന്ദര കളേബരന്‍. ആകെയുള്ള ദോഷം പഞ്ചാരയുടെ അസുഖം മാത്രം. ജന്മനാ ഡോക്ടറായതുകൊണ്ട് അതിന്റെ ചികിത്സ മുറയ്ക്ക് നടക്കുന്നുണ്ട്. പനിയും ജലദോഷവും എന്നപോലെ ഇടയ്ക്ക് സാഹിത്യ- ഫാസിസ്റ്റ് വിരോധ അസുഖം വരാറുണ്ട്. രണ്ടുമൂന്നുദിവസം പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ അതങ്ങ് മാറും. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല- വാരിപ്പിടിച്ചിട്ടേയുള്ളൂ. അതിലും കര്‍ക്കശക്കാരനാണ്. ശതമാനക്കണക്കില്‍ വിട്ടുവീഴ്ചയില്ല. കുറഞ്ഞുപോകാന്‍ പാടില്ല- എത്രകൂടിയാലും വിരോധമില്ല. ചാനലിന്റെ പെട്ടിയില്‍ വീണിരിക്കണമെന്നാണ് നിബന്ധന. വിജിലന്‍സ് കേസുകള്‍ പുല്ലാണ്. അല്ലെങ്കിലും നാലു പത്രക്കാരെ ചേട്ടാന്നും അനിയാന്നും വിളിച്ചുചിരിച്ചാല്‍ തീരാത്ത കേസ് ഏതുണ്ട്?

എനിക്കില്ലേലെന്താ, എനിക്കില്ലേലെന്താ എന്റെ വാപ്പച്ചി നേതാവല്ലേ എന്ന പാട്ട് കോഴിക്കോട്ടാണ് കോയാ ജനിച്ചത് എന്ന ദൈവകണത്തിന്റെ പരമരഹസ്യം കണ്ടുപിടിച്ചിട്ടുണ്ട്. പൈതൃകമാണ് സ്വത്ത്. ഏതോ അലിയാര്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അധ്യാപികമാരോട് പച്ച ബ്ലൗസിടാന്‍ പറഞ്ഞതിന്റെ കുറ്റം റബ്ബിന്റെ അടിമയായ അബ്ദുവിന്റെ തലയിലാണ് വീണത്. അവിടെ പൈതൃകം ദോഷമായി മാറുന്നു. അബ്ദുറബ്ബ് തൊട്ടതെല്ലാം കുറ്റമാണ്. കക്കാനും നിക്കാനും പഠിച്ചവരെ നാം യുഡിഎഫിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ എന്ന് വിളിക്കുന്നു.

എല്ലായിടത്തും ദുര്‍ബലനിമിഷമാണ് വില്ലന്‍. സ്വന്തമായുള്ള മൊഴിയും സ്വന്തം കുട്ടിയുമായി വന്ന പെണ്‍കുട്ടിയെ സ്വന്തം ചാനലില്‍ സ്വീകരിച്ചിരുത്തി സ്വന്തം നേതാവിനെതിരെ സാക്ഷിപറയിക്കാന്‍ തോന്നിയതും ഒരു ദുര്‍ബലനിമിഷത്തിലാണ്. അന്ന് പൊട്ടിയത് ലഡുവല്ല; അസ്സല്‍ പൈപ്പ് ബോംബാണ്. "പാലും ജലവും കലര്‍ത്തി വച്ചീടിനാല്‍ പാലേ കുടിപ്പൂ അരയന്നജാതികള്‍; ദുഷ്ടെന്നിയേ മറ്റതൊന്നും ഗ്രഹിക്കില്ല പൊട്ടക്കുളത്തില്‍ കളിച്ചീടുമട്ടകള്‍" എന്നാണ് പ്രമാണം. ഇര ചാനല്‍ വിളക്കിന്റെ പ്രഭയില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ പാലും ജലവും സമൃദ്ധമായൊഴുകി. അത്തരമൊരു വെളിപ്പെടുത്തല്‍ അതിനു മുമ്പുണ്ടായിട്ടില്ല. ഇരയുടെ മൊഴിയാണ് മൊഴി. അതില്‍ കേസില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഞെക്കിപ്പഴുപ്പിച്ചെടുത്ത് കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ കരയുന്നത്.

ഉമ്മന്‍ചാണ്ടിക്ക് കുടവയറും ചെവിയിലും പുറത്തും രോമവും കൊമ്പന്‍മീശയും വെടിക്കലയും വേണ്ടപോലെ ഇല്ല എന്നേയുള്ളൂ. അസ്സല്‍ പട്ടേലരുടെ ഭാവമുണ്ട്. തൊമ്മിമാരാണെങ്കില്‍ ഞാന്‍മുന്നേ ഞാന്‍മുന്നേ എന്ന മട്ടിലാണ്. തൊമ്മിത്തമാണ് ഇസങ്ങളില്‍ മുഖ്യം. അതില്ലാത്തവര്‍ മുരളിയെപ്പോലെ മാനസ മൈനേ പാടി കടപ്പുറത്ത് അലഞ്ഞുനടക്കും. വല്യതൊമ്മി വല്യമന്ത്രിയാകും. അതിലും വലിയ തൊമ്മിക്ക് എഡിജിപി പട്ടവും കാണുന്നിടത്തൊക്കെ കൈയിടാനുള്ള അധികാരവും കിട്ടും.

അങ്ങനെയൊരു ഐപിഎസ് തൊമ്മിത്തമാണ് മണ്‍സൂണിനുപകരം വടകരയില്‍ തിമിര്‍ത്തുപെയ്യുന്നത്. മേല്‍മുണ്ട് അരയില്‍ ചുറ്റി എസ് കത്തിപോലെ വളഞ്ഞുനില്‍ക്കാന്‍ പറ്റാത്ത പൊലീസിനെ വിമാനം കയറ്റി അമേരിക്കാവിലേക്ക് വിടും. കുനിയാന്‍ പറഞ്ഞാല്‍ കുമ്പിട്ടുവീഴുന്ന കോമാളിവേഷത്തിന് സര്‍വാധികാരം കൊടുക്കും. സാക്ഷി പറയാന്‍ കോടതിയില്‍ ചെല്ലുന്നവന്‍ പിന്നെ ജീവനോടെ തിരിച്ചുവരില്ലെന്ന് പ്രസംഗിച്ച എംഎല്‍എ ചിരിച്ചുകളിച്ച്, പൊലീസുകാരനെ മച്ചമ്പീ എന്ന് വിളിക്കും. അതില്‍ കേസുമില്ല; പുക്കാറുമില്ല. കണ്ണൂരിലെ കൊലപാതകത്തിന്റെ മൊത്തക്കച്ചവടം സുധാകരനാണെന്ന് വെളിപ്പെടുത്തിയ പ്രശാന്തനെ ശാന്തമായി വിരട്ടിനിര്‍ത്താനും തൊമ്മിപ്പൊലീസ് വേണം. അടുക്കളപ്പണിയും കുശുകുശുപ്പും കഴിഞ്ഞ് തുണിയലക്കാനും മുറ്റമടിക്കാനും ഇപ്പോള്‍ ഐഎഎസ് വേണമെന്നായിരിക്കുന്നു. രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ ഇനി എന്തെല്ലാം വരുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ വെളിപ്പെടുത്തേണ്ടിവരും.

സകലകലാവല്ലഭന്‍ വടകരക്കേസ് അന്വേഷിച്ചന്വേഷിച്ച് കേസുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ദിനംപ്രതി നറുക്കെടുപ്പാണത്രേ. ഓരോ ദിവസവും ആലോചിച്ച് ഒരു നറുക്കെടുക്കും. ഇന്ന് ഒരു ലോക്കല്‍ കമ്മിറ്റി അംഗം. നാളെ ഏരിയ കമ്മിറ്റി അംഗത്തിന് നറുക്കുവീഴാന്‍ സാധ്യത. എല്ലാ ദിവസവും വാര്‍ത്ത വേണം. അങ്ങനെ രണ്ടുമാസം തികച്ചു. എത്ര ദിവസം കഴിയുന്നുവോ അതിനേക്കാള്‍ കൂടുതല്‍ പ്രതികളുടെ എണ്ണം വേണമെന്ന് നിര്‍ബന്ധമാണ്. 70 എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചതെന്ന് തൊമ്മിപ്പൊലീസിന്റെ വെബ്സൈറ്റില്‍ കാണുന്നു. ആ നിലയ്ക്ക് 69-ാം ദിവസം അന്വേഷണം അവസാനിക്കുമെന്ന് കരുതാം. മുല്ലപ്പള്ളിയും ആര്‍എംപിയും കനിഞ്ഞാല്‍ അത് സാധിക്കും. ഇനിയുള്ള നാളുകളില്‍ കാള്‍ മാര്‍ക്സിനെയും ഏംഗല്‍സിനെയും പ്രതിയാക്കണമെന്ന് രമയ്ക്ക് തോന്നിയാല്‍ പട്ടികയില്‍ 72 പേര്‍ വരും. കേസ് തെളിയുകയൊന്നും വേണ്ട. തല്‍ക്കാലം സിപിഐ എമ്മിനെ കുത്തിയാല്‍ മതി. കുഞ്ഞനന്തന്‍ പോയ വഴിയിലെ തെങ്ങിനെയും മാവിനെയും പശുവിനെയും ആടിനെയുമെല്ലാം പ്രതിയാക്കിക്കഴിഞ്ഞു. എവിടെനിന്നോ കുറെ വാളും കത്തിയും എടുത്ത് കൊലയ്ക്ക് ഉപയോഗിച്ച ആയുധമെന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. രക്ത സാമ്പിള്‍ കൈയിലുള്ളപ്പോള്‍ ഏതായുധത്തെയും വസ്ത്രത്തെയും എസ് കത്തിയാക്കാം. വിചാരണയില്‍ കേസ് പൊളിഞ്ഞാലും വേണ്ടില്ല, കൊല നടന്ന സ്ഥലത്തേക്ക് ചന്ദ്രശേഖരനെ എത്തിച്ച ഫോണ്‍കോള്‍ ആരുടേതെന്ന് തെളിഞ്ഞില്ലെങ്കിലും പ്രശ്നമില്ല- മാര്‍ക്സിസ്റ്റുകാരെ കൂട്ടില്‍ കയറ്റിയാല്‍ മതി.

സി എച്ച് അശോകന് ജാമ്യം കൊടുത്തപ്പോള്‍ കോടതിക്ക് ജാഗ്രത വേണമെന്നാണ് ആര്‍എംപി പറഞ്ഞുകളഞ്ഞത്. പി മോഹനനെ പിഴിഞ്ഞിട്ടും ഞെക്കിയിട്ടും ഒന്നും കിട്ടിയില്ലത്രേ. ഇനിയും ഞെക്കണം പോലും. എന്നിട്ടുവേണം കഥ പൂര്‍ത്തിയാക്കാന്‍. ഉന്നതബന്ധം തെളിയിക്കണം പോലും. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരെയും നേതാക്കളെയും ഭ്രാന്തമായ പകയോടെ പൊലീസ് വേഷക്കാര്‍ കൊത്തിവലിക്കുകയാണ്. കേസ് എവിടെ എത്തിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. അവിടെ എത്തിക്കുന്നതിന് എന്തും ചെയ്യുമെന്ന് തെളിയിക്കുന്നു. വടകരയിലെ ഉടന്‍ വിപ്ലവപ്പാര്‍ടിയുടെ നേതാവിനെ ഇന്റലിജന്‍സ് എഡിജിപിയാക്കി അന്വേഷണച്ചുമതല കൊടുത്താല്‍പോലും ഇത്ര വലിയ നെറികേട് നാടിനു കാണേണ്ടിവരില്ല.

ബോധമാണ് പ്രശ്നം. കാക്കിയിടുന്നവന്റെ ശമ്പളം ഖദറിടുന്നവന്റെ തറവാട്ടില്‍ നിന്നാണെന്ന് ബോധിച്ചുപോയാല്‍ പിന്നെ രക്ഷയില്ല. ആര്‍എംപിക്കാരനും മുല്ലപ്പള്ളിയും പറയും- തിരുവഞ്ചൂര്‍ അനുസരിക്കും, കാക്കിയിട്ട സേവകര്‍ ആ ആജ്ഞ ശിരസാവഹിക്കും. വന്നുവന്ന്, സുധാകരനെ വെള്ളപൂശല്‍ മാത്രമല്ല, പുള്ളിക്കാരന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ ചവിട്ടിപ്പൊട്ടിച്ച് നശിപ്പിക്കല്‍ കൂടി കണ്ണൂരിലെ പൊലീസിന്റെ പണിയായിരിക്കുന്നു എന്നാണ് കേള്‍വി. അവിടെ പൊലീസ് മേധാവിക്ക് സുധാകരന്റെ കോല്‍ക്കാരന്റെ പണിയാണ്. സുധാകര സില്‍ബന്ധിയായ കെഎസ്യുക്കാരന്‍ വഴിനടക്കുമ്പോള്‍ ഒരു ബോര്‍ഡ് കാണുന്നു- ഒരു കൈയില്‍ വാളും മറുകൈയിലും അരയിലും തോക്കുമായി മുണ്ട് മടക്കിക്കുത്തിനില്‍ക്കുന്ന സ്വന്തം നേതാവ് ഫ്ളക്സ് ബോര്‍ഡില്‍! തനിസ്വരൂപത്തിന്റെ ചിത്രത്തിന്, ഈ കാട്ടാളനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന അടിക്കുറിപ്പ്. കുട്ടിനേതാവ് നേരെ കാക്കിച്ചട്ടമ്പിമാരെ വിളിക്കുന്നു. കേട്ടപാതി ജീപ്പും തോക്കുമായി കാക്കിപ്പട ബോര്‍ഡ് വേട്ടയ്ക്കിറങ്ങുന്നു. ഒരു ബോര്‍ഡ് ചവിട്ടിപ്പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കൂടി. കാക്കിക്കുള്ളില്‍ പൊലീസാണോ അതോ മറ്റുവല്ലതുമാണോ എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ ആളുണ്ടായപ്പോള്‍ കൊണ്ടുവന്ന ശൗര്യം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ട് ഏമാന്മാര്‍ വലിഞ്ഞു.

ഇനിയിപ്പോള്‍, കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്ന് അയലവാങ്ങാനുള്ള ചുമതലയും ജില്ലാ പൊലീസ് മേധാവിയെ ഏല്‍പ്പിക്കാന്‍ സുധാകരനേതാവ് ആലോചിക്കുന്നു എന്നാണ് വാര്‍ത്ത. കേരള പൊലീസിന്റെ സ്ഥിതി അസൂയാവഹം തന്നെ. ആട് ആന്റണിയെ വടകരക്കേസിന്റെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ആടാണ് താരമെന്ന് പത്തുദിവസം ചാനല്‍ചര്‍ച്ച നടത്തിയാല്‍ മതിയല്ലോ. ആടിനറിയുമോ അങ്ങാടിവാണിഭം?

Tuesday, July 3, 2012

നടാല്‍ ഗാന്ധിയെ വാഴ്ത്തിപ്പാടാം



ഗാന്ധിജി എടുത്തുനടന്ന അതേകൊടിയാണ് സുധാകര ഗാന്ധിയും ഏന്തുന്നത്. കൊടി കെട്ടിയ വടി പക്ഷേ, ഇരുമ്പാണ്. രഘുപതി രാഘവ രാജാറാം പാടിക്കൊണ്ടുതന്നെ മുമ്പില്‍ പെടുന്നവനെ കുത്തിയും കൊല്ലും തല്ലിയും കൊല്ലും. കൂലിക്ക് ആളെവെച്ച് ചുട്ടുതള്ളുകയും ചെയ്യും. സുധാകര ഗാന്ധിക്ക് പ്രത്യേക നിയമമാണ്. കള്ളിയങ്കാട്ട് നീലിയെപ്പോലെ അങ്ങനെ നില്‍ക്കും. അവളെപ്പേടിച്ചാരും ആ വഴി നടക്കാന്‍ പാടില്ല. അഥവാ നടന്നാല്‍ മരണവാറന്റില്‍ ഒപ്പിട്ടുകളയും. കാടാറുമാസം നാടാറുമാസമാണ്. ആറുമാസം നാട്ടില്‍ കാണും. പിന്നെ കായസഞ്ചിയുമെടുത്ത് ഒറ്റപ്പോക്കാണ്, ചെന്നൈയിലേക്ക്. 
 
ചോറ്റാനിക്കരയില്‍ ഭജനമിരിക്കാന്‍ പോകുന്നു; പളനിവേല്‍ മുരുകനെ കുമ്പിടാന്‍ പോകുന്നു എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അതിനിടെ, ഒരു എമ്പോക്കി വിളിച്ചുപറഞ്ഞു, സുധാകരന്റെ പോക്ക് നല്ല പോക്കല്ല, ചെന്നൈയില്‍ ഒരു "കൊച്ചുവീട്" ഏര്‍പ്പാടാക്കിയതിന്റെ ഒരുപ്പോക്കാണ് എന്ന്. പറഞ്ഞവന്റെ കാലുകളില്‍ എല്ലിന്റെ എണ്ണം കൂടി. പണ്ട് ഡിസിസി അംഗമൊക്കെയായിരുന്നു. ഇപ്പോള്‍ കിടക്കയില്‍ ഗാന്ധിസൂക്തം ഉരുവിട്ട് ശിഷ്ടജീവിതം. കോണ്‍ഗ്രസിന്റെ കൊടി പിടിക്കാന്‍ വളരെ വൈകിയാണ് തോന്നിയത്്. ഗോപാലന്‍ ജനതയുടെ താക്കോലുംകൊണ്ടാണ് കുറെക്കാലം നടന്നത്. സംഘടനാ കോണ്‍ഗ്രസ് എന്ന പേരില്‍ മാനംമര്യാദയ്ക്ക് ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മക്കോണ്‍ഗ്രസിന്റെ വേഷംകെട്ടാനുറച്ചു. വലതുകാല്‍വച്ച് കയറിയപാടെ ഉശിര് തെളിയിച്ചു.
 
 ആശാന്റെ നെഞ്ചത്തുതന്നെ ആദ്യത്തെ ചവിട്ട്. അതുവരെ കണ്ണൂരിലെ മുടിചൂടാമന്നനായിരുന്ന എന്‍ രാമകൃഷ്ണന്‍ മൂലയ്ക്കായി. വയലാര്‍ജിയുടെ ശക്തിയും പാമ്പന്‍ പാലംപോലെ ബലമുള്ള ഉളുപ്പില്ലായ്മയും പത്രങ്ങളിലെ കുറെ കുട്ടികളുടെ സേവനവും ചേര്‍ന്നാല്‍ സുധാകരനായി. ഫണ്ട് മുക്കാം, എന്തും വിളിച്ചുപറയാം, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് സാക്ഷിയായി എന്ന് വെളിപ്പെടുത്താം, ആരെയും കൊല്ലിക്കാം, തല്ലിക്കാം- കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരെ തകര്‍ത്തുതരിപ്പണമാക്കാന്‍ പിറവികൊണ്ട അവതാരപുരുഷന് അടുപ്പിലും ആവാം എന്നായി.  
 
  സുധാകരന്റെ കൊലവിളി ഗാന്ധിയന്‍ അഹിംസാവാദം; സുധാകര ക്വട്ടേഷന്‍ ആത്മരക്ഷയുടെ അനിവാര്യത; സുധാകരന്റെ ക്രിമിനലിസം മാര്‍ക്സിസ്റ്റക്രമത്തിനെതിരായ പ്രതിരോധം- കൈമണിക്കാരും ഉച്ചിഷ്ട ഭോജികളും അപദാനങ്ങള്‍ വാഴ്ത്തി. നാല്‍പ്പാടി വാസുവിനെ റോഡരികില്‍ കൊന്ന് തള്ളിയപ്പോഴും കണ്ണൂരിനെ ബോംബുപൊട്ടിച്ച് വിറപ്പിച്ചപ്പോഴും ഡിസിസി ഓഫീസില്‍ ബോംബുപ്രദര്‍ശനം നടന്നപ്പോഴും ഒരുത്തന്റെയും അണ്ണാക്കില്‍നിന്ന് കമാ എന്ന ശബ്ദം പുറത്തുവന്നില്ല. ബോലോ നടാല്‍ ഗാന്ധീ കീ ജയ് എന്ന വിളികേള്‍ക്കുമ്പോള്‍ ആര്‍ത്തലച്ച് "അങ്ങനെ തന്നെ മൊതലാളീ" എന്നുദ്ഘോഷിക്കാന്‍ കൊടികെട്ടിയ മാധ്യമങ്ങള്‍ നിരന്നുനിന്നു. 
 
 ആര്‍എസ്എസ് തള്ളിക്കളഞ്ഞ ഗുണ്ടകളെ വാടകകൊടുത്ത് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മഹാനാണ് നടാല്‍ ഗാന്ധി. എന്തിനും പോന്ന രണ്ടെണ്ണത്തിനെയാണ് തെരഞ്ഞുപിടിച്ച് ഡല്‍ഹിക്കയച്ചത്. ഇ പി ജയരാജനെ കൊല്ലുന്നതിന് കൂലി നിശ്ചയിച്ച് പറഞ്ഞയച്ചത് നടാല്‍ ഗാന്ധിയാണെന്ന് അക്കാലത്ത് ഗാന്ധിഭക്തി മൂത്ത് പിന്നാലെപോയ ഒരാള്‍തന്നെയാണ് ഇന്ന് വിളിച്ചുപറയുന്നത്. അയാളുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരിക്കുന്നുപോലും പൊലീസ്. ഇടുക്കിയില്‍ ഒരു പൊതുയോഗ പ്രസംഗം ആഘോഷമാക്കി കേസുകൊണ്ട് ചക്കപ്പായസം വെച്ച് കഴിക്കുന്നവര്‍ക്ക് കണ്ണൂരില്‍ കേസുമില്ല; വക്കാണവുമില്ല. അന്വേഷണം എന്ന് തിരുവഞ്ചൂര്‍ പറയുമ്പോള്‍ അത് ഒരു തട്ടിപ്പുതരികിടപ്പരിപാടിയാണെന്ന് മനസ്സിലാക്കിക്കൊള്ളണം.
 
 മലയാള മനോരമ എന്നൊരു സാധനം കൈയിലുണ്ടെങ്കില്‍ ഏത് ആട് ആന്റണിക്കും മഹാത്മാഗാന്ധിയാകാം. പിന്നല്ലേ മാതൃഭൂമിയുടെ കൂടി പിന്തുണയുള്ള സുധാകരന്‍. അത്യാവശ്യം മാനം മര്യാദയ്ക്ക് വാര്‍ത്തയെഴുതിയിരുന്ന ഒരിംഗ്ലീഷ് പത്രമുണ്ട്- അതിനും ഇപ്പോള്‍ പ്രേതബാധയാണ്. പ്രേതം കേരള എഡിറ്ററുടെ രൂപത്തിലും കണ്ണൂര്‍ റിപ്പോര്‍ട്ടറുടെ രൂപത്തിലും ആവേശിക്കാം എന്നാണ് മാധ്യമശാസ്ത്രം. മനോരമയെ ബാധിച്ച പ്രേതത്തെക്കുറിച്ച്, ഒരു സുഹൃത്ത് എഴുതിയ ചില കാര്യങ്ങള്‍ പകര്‍ത്തുക എന്ന സാഹസം ശതമന്യൂ കാണിക്കട്ടെ. എഴുതിയത് കണ്ണൂരിലെ ഭീകര പാര്‍ടിഗ്രാമങ്ങളുടെ പട്ടികയില്‍ മനോരമ ഉള്‍പ്പെടുത്തിയ പെരളശേരി എന്ന ഗ്രാമത്തില്‍ പത്തിരുപത്തഞ്ച് കൊല്ലമായി ജീവിക്കുന്ന ഒരാളാണ്. 
 
പാര്‍ടിഗ്രാമങ്ങളെക്കുറിച്ച് മനോരമയില്‍ ലേഖനമെഴുതിയ ജോജി സൈമണ്‍ വിമാനത്തില്‍പ്പോലും കണ്ണൂരിന് മുകളില്‍ക്കൂടി പോയിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്ന ആമുഖത്തോടെയാണ് ഇന്റര്‍നെറ്റില്‍ സാജന്‍ ചിങ്ങക്കൊടിയില്‍ എന്ന സുഹൃത്ത് എഴുതുന്നത്. 
 
പ്രസക്ത ഭാഗങ്ങള്‍: ""പാര്‍ടിഗ്രാമങ്ങളിലെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമ എന്ന വലതുപക്ഷപത്രത്തിന്റെ സകല കമ്യൂണിസ്റ്റുകണ്ണൂര്‍ വിരുദ്ധതയും അതിന്റെ അങ്ങേയറ്റം പ്രകടമാക്കുന്ന ഒന്ന്. കണ്ണൂരിലെ സിപിഎമ്മിന്റെ സംഘടനാശക്തിയെയും ജനപിന്തുണയെയും വെറും അന്ധവിശ്വാസം എന്ന് വരുത്തി തീര്‍ക്കാന്‍ കാലാകാലങ്ങളായി മനോരമ നടത്തി വരുന്ന വിഫലശ്രമങ്ങളില്‍ ഏറ്റവും പുതിയത്. കണ്ണൂരിലെ സഹകരണ സ്ഥാപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മനോരമ പറഞ്ഞുവരുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്. സിപിഎം കണ്ണൂരില്‍ ആളെക്കൂട്ടുന്നത് ബാങ്ക് ലോണ്‍ കൊടുത്തിട്ടാണ്. ആര്‍ക്കെങ്കിലും ലോണ്‍ വേണോ ലോണ്‍ വേണോ എന്ന് ചോദിച്ചിട്ട് കുറേ സിപിഎമ്മുകാര്‍ രാവിലെ ഒരു കൊട്ടയുമെടുത്തു റോഡിലിറങ്ങി വിളിച്ചുകൂവും. ലോണ്‍ എടുക്കുന്നവനെ പിടിച്ചു പാര്‍ടീ ചേര്‍ക്കും. പാര്‍ടി വിട്ടാല്‍ പിറ്റേന്ന് ലോണ്‍ തിരിച്ചു ചോദിച്ചു കളയും എന്നൊക്കെ പറയുന്ന ലേഖകന്, സഹകരണ ബാങ്കുകള്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്ന കാര്യം അറിയില്ല എന്ന് തോന്നുന്നു. ലോണ്‍ തിരിച്ചടക്കാത്തതിന് സിപിഎമ്മുകാരുടെ ബാങ്ക് നോട്ടീസയച്ചതിനെ വലിയ പാതകമായി മനോരമ കാണുന്നു. തവണ മുടങ്ങിപ്പോയാല്‍ മുത്തൂറ്റീന്നും മണപ്പുറത്തീന്നും പിറ്റേന്ന് രാവിലെ ലഡുവും ജിലേബിയുമായി വീട്ടില്‍ ആളുവരുമോ മനോരമേ. മനോരമ ഉത്കണ്ഠപ്പെടുന്നതിലും ശക്തമാണ് കണ്ണൂരിലെ സഹകരണമേഖല. അവയുടെ ഉപഭോക്താവാന്‍ പാര്‍ടിക്കാര്‍ക്ക് മാത്രമേ കഴിയൂ എന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതൊക്കെ ഒരു ശരാശരി മനുഷ്യന്റെ സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തലാണ്. ഏതു കൊടികുത്തിയ സിപിഎം വിരുദ്ധനും എല്ലാ സൗകര്യങ്ങളോടും കൂടിയ നിരവധി ആശുപത്രികളുണ്ടായിട്ടും ജലദോഷത്തിനു മുതല്‍ ഓപ്പറേഷന് വരെ ഓടിക്കേറുന്നതു സിപിഎമ്മുകാര്‍ കെട്ടിപൊക്കിയ തലശേരിയിലെ സഹകരണത്തിലേക്കും കണ്ണൂരിലെ എ കെ ജിയിലെക്കുമാണ്. കണ്ണൂര്‍ ജനതയുടെ ദൈനംദിന ജീവിതത്തില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ സഹകരണസ്ഥാപനങ്ങള്‍ കടന്നുവരാത്ത ദിവസങ്ങളുണ്ടാവില്ല. എല്ലാ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളുണ്ടായിട്ടും സഹകരണ മേഖലയെ ഇന്നും ജീവനോടെ നിലനിര്‍ത്തുന്നത് അവയുടെ ചരിത്രത്തില്‍ ഒരിക്കലും ഒരു ഉപഭോക്താവും അണുവിടപോലും വഞ്ചിക്കപ്പെട്ടിട്ടില്ല എന്ന, കണ്ണൂരിലെ തലമൂത്ത കൊണ്‍ഗ്രസുകാരുപോലും സമ്മതിക്കുന്ന വസ്തുതയാണ്. നിക്ഷേപിക്കുന്ന പണം ആവശ്യം വരുന്ന സമയത്ത് ഒരു നയാപ്പൈസ കുറയാതെ കിട്ടണമെങ്കില്‍ കൊണ്‍ഗ്രസുകാര്‍ക്ക് പോലും ആശ്രയം ഇ എം എസിന്റെം എ കെ ജീടെം പേരിലുള്ള ഏതെങ്കിലുമൊരു ചുവന്ന കെട്ടിടം തന്നെയാണ്...പാര്‍ടി സ്ഥാപനങ്ങള്‍ എക്കാലവും തെരഞ്ഞെടുത്ത ഭരണസമിതികളുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ പാര്‍ടി ഓഫീസുകളും വായനശാലകളും മണ്ഡലം പ്രസിഡന്റിന്റെ കെട്ടിയോളുടെയും കുട്ടിയോളുടെയും പേരിലാണ്. ...കൂലിപ്പണിക്കാരും ചെത്ത് തൊഴിലാളികളും പാര്‍ടിക്കാരായിപ്പോയതും മനോരമക്ക് സഹിക്കുന്നില്ല. പാട്ടും പാടി ചെത്തുന്നതിനിടയില്‍ തെങ്ങേന്നു വീണു നട്ടെല്ലൊടിഞ്ഞ് കിടപ്പിലായാല്‍ ആര്‍ക്കും വേണ്ടാത്ത തന്നെ ചികിത്സിക്കാനും ആജീവനാന്തം പേറാനും പാര്‍ടിക്കാര് മാത്രമേ കാണൂ എന്ന് അവനു പൂര്‍ണ ബോധ്യമുണ്ട്. മനോരമ പരാമര്‍ശിക്കുന്ന പാര്‍ടിക്കാരുടെ കറിപ്പൊടികളും വെളിച്ചെണ്ണയും പലഹാരങ്ങളും സോപ്പും ചീപ്പും കണ്ണാടിയുമെല്ലാം കണ്ണൂരിലെ പ്രാദേശിക വിപണികളില്‍ മറ്റു ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഇടയിലും പിടിച്ചു നില്‍ക്കുന്നത് മായം ചേര്‍ക്കില്ല, കൊടുക്കുന്ന പണത്തിനു കൂടുതല്‍ മൂല്യം തുടങ്ങിയ ഉപഭോക്താവിന്റെ അടിസ്ഥാന അവകാശങ്ങള്‍ കാലാകാലങ്ങളായി അവ നിറവേറ്റുന്നതിന്റെ ബലത്തിലാണ്. മില്‍മയെക്കാള്‍ ഗുണനിലവാരമുള്ള പാല്‍ കുറഞ്ഞ വിലയ്ക്ക് കണ്ണൂരുകാര് കുടിക്കുന്നത് അത് പാര്‍ടിക്കാരുടെ സ്ഥാപനം മുഖേന ആയതുകൊണ്ട് മാത്രം മനോരമയെ വല്ലാതെ അലോസരപ്പെടുത്തുന്നു. മനോരമ വിട്ടുപോയ ഒരു പ്രധാന കാര്യമുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. കെട്ടിയോളുടെ സിസേറിയന്റെ നേരത്ത് ചോര തികയാതെ വരുമ്പോള്‍ ഏതു പാതിരാത്രിയിലും ഏതു കൊമ്പത്തെ കമ്യൂണിസ്റ്റു വിരോധിയും ഫോണെടുത്തു കുത്തിവിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. പിറ്റേന്നത്തെ പണിയും കളഞ്ഞ് നാലും അഞ്ചും കുപ്പി ചോരയും കൊടുത്ത്, ഒരു ദിവസത്തെ കൂലി കളഞ്ഞതിന് പ്രതിഫലമായി കിട്ടിയ, മുന്തിരി ജ്യൂസോ ഫ്രൂട്ടിയോ കുടിച്ചു പോകാന്‍ അവനു പാര്‍ടിക്കാര്‍ വേണം.കിഡ്നി പോയാലും, കാന്‍സര്‍ വന്നാലും നാടുനീളെ നടന്നു മഴയും വെയിലും കൊണ്ട് ഫണ്ട് പിരിച്ച് അഞ്ചു പൈസ കുറയാതെ കൃത്യമായ കണക്കും കൊണ്ട് വീട്ടിലെത്തിക്കുവാന്‍ അവനു പാര്‍ടിക്കാര്‍ വേണം. വേറെ വല്ലോരും പിരിച്ചാല്‍ പാതിയെ വീട്ടിലെത്തൂ എന്ന് സിപിഎമ്മുകാരെക്കാള്‍ നന്നായി കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കറിയാം. സര്‍ക്കാരു പ്രഖ്യാപിക്കുന്ന വിഹിതങ്ങള്‍ കൈയിലെത്താതെ വരുമ്പോള്‍ റേഷന്‍കടയ്ക്കും മാവേലി സ്റ്റോറിനും മുന്നിലിരുന്നു മുദ്രാവാക്യം വിളിക്കാന്‍ പാര്‍ടിക്കാര് വേണം.എങ്കിലേ അവര്‍ തൊണ്ടകീറി വിളിച്ചതിന്റെ ഫലമായി വല്ലതും തടഞ്ഞാല്‍ കന്നാസും തുണിസഞ്ചീം നിറയെ അവനു വാങ്ങാന്‍ പറ്റൂ. അന്തിയാവുമ്പോ കേറിക്കെടക്കാന്‍ ഇടമില്ലാത്തോന്റെ പ്രതീക്ഷയ്ക്ക് ഇന്നും പേര് ഇ എം എസ് ഭവനപദ്ധതി എന്ന് മാത്രമാണ്. പഞ്ചായത്ത് കിണറ് വൃത്തിയാക്കാനും റോഡു വെട്ടാനും വഴിവെട്ടാനും ജനകീയ ബസ്സ് വാങ്ങാനും അയല്‍ക്കാരനുമായുള്ള അതിര്‍ത്തിതര്‍ക്കം ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കാനും പാര്‍ടിക്കാരുവേണം. ഒടുവിലൊരുനാള്‍ നീണ്ടുനിവര്‍ന്നു കെടക്കാന്‍ പാര്‍ടിക്കാരുടെ വിയര്‍പ്പു വീണ പൊതുശ്മശാനം വേണം. പാര്‍ടിക്കാര് നിശ്ചയിക്കുന്നത് പോലെയാണ് കണ്ണൂരിലെ കല്യാണങ്ങള്‍ നടക്കുന്നത് എന്ന ശുദ്ധ അസംബന്ധം വായനക്കാരിലേക്ക് മനോരമ കുത്തിവെക്കാന്‍ ശ്രമിക്കുന്നുണ്ട്. കാലിച്ചന്തകളിലെ ലേലംവിളികളെ നാണിപ്പിക്കുന്ന സ്ത്രീധനപ്പേക്കൂത്തുകളൊന്നും കണ്ണൂരിലില്ല."" 
 
ഇത് പൂര്‍ണമല്ല. കുറെ ഭാഗങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട്. സുധാകരനെ ഗാന്ധിയാക്കുന്ന മനോരമ ചെയ്യുന്നതെന്ത് എന്ന് കണ്ണൂരിലെ സാധാരണക്കാര്‍ മനസ്സിലാക്കുന്നുണ്ട് എന്ന് മാത്രം അവര്‍ അറിയട്ടെ.