Monday, March 26, 2012

പിറവത്തിന്റെ ഘോഷം

കേരളരാഷ്ട്രീയത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് വലിയ ചലനമൊന്നുമുണ്ടാക്കിയില്ല- ഒരു അരമന്ത്രിയെക്കൂടി സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍. ജയിച്ചാല്‍ അപ്പോള്‍ മന്ത്രിയാകുമെന്നു പറഞ്ഞ അനൂപ് ജേക്കബ് എപ്പോള്‍ മന്ത്രിയാകുമെന്ന് ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. ആയാലും മുഴുമന്ത്രിയാകില്ല- ആര്‍ക്കും ചേതമില്ലാത്ത ഒരുണ്ണാക്കന്‍ വകുപ്പുകൊടുത്ത് അപ്രന്റീസായി നിയമിക്കുകയേ ഉള്ളൂ എന്നാണ് ഒടുവിലത്തെ വാര്‍ത്ത. ലീഗിന്റെ അഞ്ചാം മന്ത്രിപ്പിറവി മാനത്ത് നക്ഷത്രമായി തെളിയുമ്പോഴാണത്രേ പിറവത്തെ അരമന്ത്രിയുടെ തിരുപ്പിറവി സംഭവിക്കുക.

പിറവം കഴിഞ്ഞപ്പോള്‍ എന്തോ മഹാസംഭവം കഴിഞ്ഞെന്ന് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ പി സി ജോര്‍ജും പറയുന്നുണ്ട്. ഡ്രൈവര്‍ എന്ന് ഇംഗ്ലീഷില്‍ വിളിച്ചതാണ്- സംസ്കൃതീകരിക്കുമ്പോള്‍ പണിപ്പേര് സാരഥി എന്നാണ്. യുഡിഎഫിനെയും മന്ത്രിസഭയെയും ഉമ്മന്‍ചാണ്ടിയെയും സ്വന്തം തേരില്‍കയറ്റി നയിക്കുന്ന തേരാളിയാണ് ഇന്ന് പി സി ജോര്‍ജ്. നെയ്യാറ്റിന്‍കരയില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നും എത്ര ഭൂരിപക്ഷം കിട്ടണമെന്നും ലീഗിന് എത്ര മന്ത്രിവേണമെന്നും ഡിഎച്ച്ആര്‍എം എന്തുചെയ്യണമെന്നും ജോര്‍ജ് തീരുമാനിക്കും. ചെന്നിത്തല, കെ എം മാണി, പി ജെ ജോസഫ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകള്‍ നാട്ടില്‍ കേള്‍ക്കാനേയില്ല. മാണിസാറിനുശേഷം ജോര്‍ജ് സാര്‍ എന്നാണ് പുതിയ മുദ്രാവാക്യം. ശേഷമല്ല, പകരം എന്നത്രേ ജോര്‍ജിന്റെ തിയറി. ആളെക്കൊല്ലുന്ന കൂട്ടര്‍ക്ക് ജോര്‍ജ് പരസ്യമായി സംരക്ഷണം വാഗ്ദാനം ചെയ്യുമ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അറസ്റ്റുചെയ്ത ക്രിമിനലിനെ രക്ഷിക്കുമെന്ന് സര്‍ക്കാരിനുവേണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചീപ്പ്മിനിസ്റ്ററും കെപിസിസിചീപ്പും യുഡിഎഫാകെയും മഹത്വപ്പെടുന്നു.
പിറവത്ത് നടന്നത് ഭയങ്കരസംഭവം തന്നെ. ആരാണ് ജയിപ്പിച്ചതെന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടതുണ്ട്. പന്തീരായിരം കടന്ന ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കിട്ടിയ എ ഗ്രേഡെന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. താനാണ് ഭൂരിപക്ഷക്കുഞ്ഞിന്റെ ശരിയായ പിതാവെന്ന് സംബന്ധക്കാരനായ വെള്ളാപ്പള്ളി. അതല്ല തന്റെ സംബന്ധകാലത്താണ് ജന്മകാരിണിയായ സുകുമാരകല അരങ്ങേറിയതെന്ന് ചങ്ങനാശേരിയിലെ ഇളമുറത്തമ്പ്രാന്‍. പി സി ജോര്‍ജിന് സംശയമേയില്ല- നോക്കൂ എന്റെ മൂക്കും കണ്ണുമല്ലേ കാണുന്നത്; അതിന് മാണിയുമായി വല്ല സാമ്യവുമുണ്ടോ എന്നാണ് ചോദ്യം. ചെന്നിത്തലയ്ക്ക് തല്‍ക്കാലം വലിയ റോളൊന്നുമില്ല. തിണ്ണയിലാണ് ഊണും കിടപ്പും എന്നതുകൊണ്ട് പിതൃദോഷം ചുമക്കാന്‍ പ്രയാസം. എല്ലാം ചേര്‍ത്തുവച്ചാല്‍ പിറവത്തെ പിറവി പിതൃസമ്പന്നമാണെന്നതില്‍ തര്‍ക്കമില്ല.

എഴുപത്തിയേഴിലാണ് പിറവമെന്ന മണ്ഡലം ജനിച്ചത്. അന്നുമുതലിന്നുവരെ രണ്ടുവട്ടമേ അവിടെ ചുവന്ന കൊടിപിടിച്ച് വിജയാഹ്ലാദപ്രകടനം നടന്നിട്ടുള്ളൂ. ആദ്യത്തെ തവണ കോണ്‍ഗ്രസ് റിബല്‍ വോട്ട് വാരിയപ്പോള്‍ ബെന്നിബഹനാന്‍ തോറ്റു- ഗോപി കോട്ട മുറിച്ചു. രണ്ടാം തവണ ഉമ്മന്‍ചാണ്ടി പാലം വലിച്ചപ്പോള്‍ ജയിച്ചത് ജേക്കബ് തന്നെ- കൂടെയുള്ള അക്ഷരങ്ങള്‍ മാറി. ടി എമ്മിനു പകരം എം ജെ. നിയമസഭയില്‍ തന്നെ നോക്കി, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ അഴിമതിക്കാരനാണെന്നു പറഞ്ഞ ടി എം ജേക്കബ്ബിനെ നിയമസഭയില്‍ കയറ്റേണ്ടെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എ ഗ്രൂപ്പ് നടപ്പാക്കി. അടുത്തതവണ ടി എം ജേക്കബ് അവശന്‍. തോല്‍പ്പിച്ചാല്‍ ഒരു പാര്‍ടിയുടെ ശല്യം തീരുമെന്ന് എ ഗ്രൂപ്പുകാര്‍ ഉറപ്പിച്ചു- പക്ഷേ, കഷ്ടിച്ച് രക്ഷപ്പെട്ടുപോയി. ആ പിറവത്താണ് മറ്റൊരു മത്സരം നടന്നത്. ജയിച്ചാല്‍ മന്ത്രി, ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കുപ്പായം കീറിപ്പോകാതിരിക്കാന്‍ ഒരേയൊരു വോട്ട്, സഹതാപം, കാളികൂളി സേവ, മാടനും മറുതയും ഇടത്തും വലത്തും, പത്തൊമ്പതു മന്ത്രിമാരുടെ ഡപ്പാംകൂത്ത്, മൗനി ബാബ മന്ത്രിയുടെ തകിലുകൊട്ട്- ആനന്ദലബ്ധിക്കിനിയെന്തുവേണം. പിറവത്ത് ജയിക്കാനായി ജനിച്ചവന്‍തന്നെ ജയിച്ചു എന്നേയുള്ളൂ. ഡിഎന്‍എ ടെസ്റ്റില്‍ ഒരു പേരും തെളിയില്ല.

ഇത്രയൊക്കെയായിട്ടും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞില്ല എന്നത് മാമച്ചായന്റെ പത്രം കാണുന്നില്ല. 4000 വോട്ടിലേറെ എല്‍ഡിഎഫിന് കൂടിയതും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍പ്പെടുമോ ആവോ. പിറവത്തെ പന്തീരായിരത്തിന് പഴയ 157ന്റെ പോലും വിലയില്ലെന്നര്‍ഥം.

ഒരു സര്‍ക്കാരിന്റെ വില അതില്‍ ഇരിക്കുന്നവര്‍ക്കേ അറിയൂ. ഒരു എംഎല്‍എയെ വാങ്ങാന്‍ എത്ര മുടക്കണമെന്ന് മുടക്കിയവര്‍ക്കേ അറിയൂ. പിറവത്തിന് അതിലുമെല്ലാം വിലയുണ്ടായിരുന്നതുകൊണ്ട് പേശാതെ മുടക്കി. അക്കണക്കിന് വലിയ വിലയുള്ള വിജയമാണ്. വിജയവും പേറി നടക്കുന്ന ഘോഷയാത്ര കണ്ടാല്‍ അറിയാം യുഡിഎഫിന്റെ കരുത്ത്. ലീഗിന് അഞ്ചിന്റെ അസുഖമാണ്. നേതാക്കളെ അണികള്‍ ഓടിച്ചിട്ട് തല്ലുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് പച്ചച്ചെമ്പടയുടെ സെക്യൂരിറ്റി. കുട്ടികളുടെ പ്രശ്നമെന്നാണ് അഹമ്മദ് സാഹിബ് പറയുന്നത്- കുഞ്ഞാലി"ക്കുട്ടി"യുടെയും ഇബ്രാഹിം"കുട്ടി"യുടെയും പ്രശ്നമുണ്ടെന്നത് നേരുതന്നെ. അലി ലീഗിലും അത്തറുകച്ചവടം തുടങ്ങി. മഞ്ഞളാംകുഴിയില്‍ വീണ നേതാക്കള്‍ തവളയെപ്പിടിക്കാനെന്നപോലെ ചാക്കും ടോര്‍ച്ചുമായി അഞ്ചാംമന്ത്രിക്കസേര പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു.

പാര്‍ടിയോ മന്ത്രിയോ വലുത് എന്നുചോദിച്ചാല്‍ പത്തനാപുരത്തുകാര്‍ കുഴങ്ങും. അച്ഛനോ മോനോ വലുത് എന്നു ചോദിക്കാം. കോഴിയോ മുട്ടയോ ആദ്യം എന്നും ചോദിക്കാം. അതിനൊക്ക ഉത്തരം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ആദ്യത്തെ ചോദ്യത്തിന് ഏതുത്തരം പറഞ്ഞാലും നിങ്ങള്‍ക്കായി ഒരു പാര കാത്തിരിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയും കൊട്ടാരക്കരയില്‍ പിള്ളാ ബാനര്‍ജിയും. നാവെടുത്താല്‍ നല്ലതുമാത്രം പറയുന്ന പിതാവിനും പുത്രനും യുഡിഎഫില്‍ രാഷ്ട്രീയഭാവി തെളിഞ്ഞുകാണുന്നുണ്ട്. വളര്‍ച്ചയ്ക്കായി ഒരു പിളര്‍പ്പുകൂടിയാകാം- "പ" ഗ്രൂപ്പും "കൊ" ഗ്രൂപ്പും. പത്തനാപുരത്തിന്റെയും കൊട്ടാരക്കരയുടെയും ചുരുക്കപ്പേരാണ് അതെന്ന് സൗകര്യത്തിനു പറഞ്ഞാലും കുഴപ്പമില്ല.

കെ ബാബു എന്നാല്‍ കള്ള് ബാബു ആണെന്ന് പിറവത്ത് ചെന്നപ്പോഴാണ് ശതമന്യുവിന് മനസ്സിലായത്. കള്ളുകൊടുത്താല്‍ വോട്ട് കിട്ടുമോ എന്നതാണ് പുതിയ ദാര്‍ശനികപ്രശ്നം. കള്ളിന്റെ കാര്യം പറഞ്ഞത് മഹാപരാധമെന്ന ആധുനിക സിദ്ധാന്തവും പ്രസിദ്ധീകൃതമായിട്ടുണ്ട്. ബാബുവിന്റെ കള്ളുകുടിച്ചാല്‍ മയങ്ങിക്കിടക്കുകയേ ഉള്ളൂവത്രേ. വോട്ട് ചെയ്യണമെങ്കില്‍ അതിന് വേറെ കുടിക്കണം. കള്ളും പണവും അധികാരവും ഒന്നുമില്ലാതെ വെള്ളക്കുപ്പായവും വെണ്‍മനസ്സുമായി വെടിപ്പോടെ പോയിട്ടാണ് പിറവത്ത് ഉമ്മന്‍ചാണ്ടി വിജയവും കൊണ്ടുവന്നതെന്ന് അപ്പുക്കുട്ടന്‍, പിയേഴ്സണ്‍, ജയശങ്കര്‍ തുടങ്ങിയ കാലാവസ്ഥാ നിരീഷകരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ ഇത്തവണ മഴ നേരത്തെ വരും.

*
പാര്‍ടി പത്രം എന്നാല്‍ ഒറ്റപ്പത്രമേയുള്ളോ? ഐഎന്‍എസ് എന്ന മുന്തിയ സംഘടനമുതല്‍ ഉമ്മന്‍ചാണ്ടിവരെ അങ്ങനെയാണ് പറയുന്നത്. വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊന്നും പാര്‍ടി പത്രവുമല്ല; പത്രവുമല്ല. ദേശാഭിമാനി മാത്രമാണ് പാര്‍ടി പത്രമെന്നും പാര്‍ടി പത്രം മാത്രം മതിയോ നാട്ടില്‍ എന്നും ഒരു ബഗ്ഗ ചോദിക്കുന്നു. പത്രം ഏജന്റുമാര്‍ സമരത്തിലാണ്. കമീഷന്‍ കൂട്ടിക്കിട്ടാനാണ് സമരം. അവര്‍ ആദ്യം പറഞ്ഞത്, ഞങ്ങള്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ടി പത്രങ്ങളെ ഒഴിവാക്കുന്നു എന്നാണ്. അതോടെ നമ്മുടെ അണ്ണന്മാര്‍ തുടങ്ങിയ പ്രചാരണം സമരം രാഷ്ട്രീയപ്രേരിതം; മാര്‍ക്സിസ്റ്റുകാര്‍ സ്വന്തം പത്രം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നു എന്നത്രേ. എളുപ്പം ചെലവാകുന്ന ഏര്‍പ്പാടാണത്. ഏതെങ്കിലും ബഗ്ഗയെക്കൊണ്ട് പറയിച്ചാല്‍ ചെലവുകൂടും. സംസ്ഥാനത്ത് ചിലേടത്ത് സമരമില്ല. അവിടെ എല്ലാ പത്രവും പോകുന്നു. ചിലേടത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളുടെ വിതരണം നടക്കുന്നില്ല. ചില സ്ഥലത്ത് ദേശാഭിമാനി അന്നന്ന് പാര്‍ടി പ്രവര്‍ത്തകര്‍ വരിക്കാര്‍ക്ക് എത്തിക്കുന്നു.

മനോരമ അച്ചടിച്ചിറക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി പാണന്‍പാടാന്‍ മാത്രമല്ല; അതിന്റെ മുതലാളിക്ക് ലാഭം കിട്ടാന്‍കൂടിയാണ്. ദേശാഭിമാനി ഇറക്കുന്നത്, അതു നടത്തുന്ന പാര്‍ടിയുടെ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ്. ലാഭം നേടാനുള്ള കച്ചവടമായിട്ടല്ല. പാര്‍ടികാര്യങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ നടത്തും. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം പാര്‍ടിക്കെതിരെ തിരിഞ്ഞിട്ടെന്തു കാര്യം. മനോരമയ്ക്ക് വേണമെങ്കില്‍ കാശുവാങ്ങാതെ പത്രം വിതരണം ചെയ്യാം- അത്രയ്ക്കുണ്ട് പരസ്യവരുമാനം. മാതൃഭൂമിയും മോശമല്ല. ചെറുകിട പത്രങ്ങളുടെ സ്ഥിതി കഷ്ടമാണ്. സമരം തീര്‍ക്കാന്‍ നോക്കാതെ പൂരപ്പാട്ടും കൊണ്ടിറങ്ങിയാല്‍ പത്രം ആടുതിന്നും.

Sunday, March 18, 2012

അടി തടുക്കാം; ഒടി തടുത്തുകൂടാ

നല്ലമരത്തില്‍ നഞ്ചുകായ്ക്കില്ല; നഞ്ചുമരത്തില്‍ നല്ലതുകായ്ക്കില്ല- എന്നു പറഞ്ഞപോലെയാണ് ലീഗിന്റെ സ്ഥിതി. ലീഗില്‍നിന്ന് നഞ്ചുപോലെ പരിശുദ്ധമായ നിരുപദ്രവ പദാര്‍ഥമല്ലാതെ ഒന്നും പ്രതീക്ഷിക്കാനില്ല. നിയമസഭയിലേക്കുള്ള കോണിയില്‍ എണ്ണംകൊണ്ടും വണ്ണംകൊണ്ടും കൂടുതല്‍ ആളുകള്‍ കയറിയതോടെ ലീഗിനെ പിടിച്ചാല്‍ കിട്ടാത്ത പരുവത്തിലായി. ഇന്നലെവരെ നാട്ടുകാരുടെ തലയിലാണ് കയറിയത്. ഇന്ന് സ്വന്തം നേതാക്കളുടെ മുതുകത്ത് ചെണ്ടകൊട്ടിപ്പഠിക്കുകയാണ് അണികള്‍ . ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് പ്രത്യേകിച്ച് പരിപാടിയോ നയമോ മുദ്രാവാക്യമോ ഒന്നുമില്ല. വോട്ടുബാങ്ക്, ഭരണം, അഴിമതി, അതിനൊപ്പം ചില്ലറ കലാപരിപാടികള്‍ എന്നിങ്ങനെയുള്ള അജന്‍ഡകളാണ് നേതൃത്വത്തിനെങ്കില്‍ അടിയും തടയും വെട്ടുംകുത്തും പൂരപ്പാട്ടുമാണ് അണികളുടെ കര്‍മപദ്ധതി. പൂവായാല്‍ മണംവേണം പുമാനായാല്‍ ഗുണംവേണം പൂമാനിനിമാര്‍കളായാലടക്കംവേണം എന്നാണ് പഴയ ചൊല്ല്. ലീഗായാല്‍ അത്തറിന്റെ മണവും കുഞ്ഞീക്കയുടെ ഗുണവും അഹമ്മദ് സാഹിബിന്റെ അടക്കവും വേണം. ഇത് മൂന്നും തികഞ്ഞ ലീഗ് പ്രവര്‍ത്തകരാണ് കാസര്‍കോട്ട് ഇ ടി മുഹമ്മദ് ബഷീറിനെയും കെ പി എ മജീദിനെയും സല്‍ക്കരിച്ചത്. അസൂയാലുക്കള്‍ പറയുമ്പോലെ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ക്ക് തല്ല് കൊണ്ടിട്ടില്ല. തലോടലേയുണ്ടായിട്ടുള്ളൂ. അല്ലെങ്കിലും ഞങ്ങടെ കുട്ടികള്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്നതാണ് ചിരപുരാതന മുദ്രാവാക്യം.
ലീഗ് ഒരു പ്രത്യേക ജന്മമാണ്. ഓതിയ കിത്താബിലേ ഓതൂ. പ്രവൃത്തിയില്‍ വര്‍ഗീയത അശേഷമില്ല. ളോഹയിട്ട അച്ഛന്റെ കൈയില്‍നിന്നായാലും ലക്ഷണമൊത്ത സംഘിയില്‍നിന്നായാലും പണം എണ്ണിക്കണക്കാക്കിയേ വാങ്ങൂ. പൂച്ച പെറ്റക്കുഞ്ഞിനെ തിന്നുന്നതുപോലെയല്ല ലീഗിന്റെ ഭഷണം. മുസ്ലിം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്ലാത്ത എന്തിനെയും വേവിക്കാതെ കഴിക്കും. അഖിലേന്ത്യാ ലീഗിനെ ആദ്യം ഭക്ഷിച്ചു- എല്ലും പല്ലും മുടിയും വേസ്റ്റാക്കാതെ കബറടക്കി മീസാന്‍ കല്ലുനാട്ടി. ഐഎന്‍എല്ലിനെ എല്ലടക്കം വിഴുങ്ങാനാണ് ശ്രമിച്ചതെങ്കിലും അപ്പാടെ ദഹിച്ചില്ല. ലീഗൊഴിഞ്ഞുണ്ടോ പാര്‍ടിയീ മലബാര്‍ മഹാരാജ്യത്തിങ്കല്‍ എന്ന ചോദ്യവുമായി സകല മുസ്ലിം സംഘടനകളെയും തേടിച്ചെന്നു. പഞ്ചാരവര്‍ത്തമാനം പറഞ്ഞും കൊഞ്ചിച്ചും വെല്ലുവിളിച്ചും വഴക്കടിച്ചും ഓരോന്നിനെയും ഒതുക്കി ചിറകിനടിയിലാക്കി. അവശേഷിക്കുന്നവയെ ശത്രുവായി മുദ്രകുത്തി. ആ ശത്രുക്കളുടെ പിന്നാലെയും കണ്ണും കൈയും കാണിച്ച് പിന്നീട് നടന്നു. അടുത്ത കാലത്തുണ്ടായ ഒരു തമാശ, ജമാ അത്തെ ഇസ്ലാമിയുടെ തിണ്ണ നിരങ്ങാന്‍ ലീഗ് സുല്‍ത്താന്മാര്‍ ചെന്നതാണ്. സംഗതി പുറത്തറിഞ്ഞപ്പോള്‍ ഇളിഭ്യച്ചിരി പുറത്തുവന്നു. വരിയുടക്കലാണ് പ്രധാന പണി. മുസ്ലിം ലീഗല്ലാതെ ഇസ്ലാമിന്റെ പേരില്‍ എന്തുവന്നാലും വരിയുടച്ചുകളയും. ലീഗിന്റെ കൂടാരത്തിലെത്തിയവര്‍ പിന്നെ നട്ടെല്ലുനിവര്‍ത്തി പുറത്തുകടക്കാറില്ല. സംഘടനകളെ ഞെക്കിക്കൊല്ലുന്നവര്‍ക്ക് സ്വന്തം നേതാക്കളെ അരച്ചുതേച്ചുകളയാനും മടിയില്ല.

ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത്വാല എന്നിങ്ങനെയുള്ള പേരൊന്നും പുതിയ ലീഗിന്റെ കിത്താബിലില്ല. സേട്ടും ബനാത്ത്വാലയും ഒരുകാലത്ത് സിംഹത്തെപ്പോലെ ഗര്‍ജിച്ചു. അന്ന് പൂച്ചയെപ്പോലെ പുറകില്‍ നിന്നവര്‍ പിന്നെപ്പിന്നെ മൈക്കുവച്ച് ഗര്‍ജിക്കാന്‍ തുടങ്ങി. മഞ്ചേരിയിലും പൊന്നാനിയിലും കസേരകൊടുക്കാതെ പഴയ സിംഹങ്ങളെ ഓടിച്ചുവിട്ടു. സടകൊഴിഞ്ഞ് പട്ടിണികിടന്ന് കണ്ണീരൊഴുക്കി മറഞ്ഞുപോയ ആ നേതാക്കളെക്കുറിച്ച് ചരിത്രപുസ്തകവുമില്ല; പാഠപുസ്തകവുമില്ല- അഥവാ ആരെങ്കിലും എഴുതിയാല്‍ ലീഗിന്റെ ചുണക്കുട്ടന്മാര്‍ വാരിയിട്ട് കത്തിച്ചുകളയും.

നല്ല ബിരിയാണി തിന്ന് മയക്കം പിടിക്കുമ്പോള്‍ ഒരു സുലൈമാനി (കട്ടന്‍ചായ) വേണമെന്ന് തോന്നും. നാരങ്ങാ പിഴിഞ്ഞ സുലൈമാനിയായാല്‍ പിന്നെ വായില്‍ അതിന്റെ രുചിയായിരിക്കും. അതുപോലെയാണ് എല്ലാം തികഞ്ഞപ്പോള്‍ എന്‍ഡിഎഫിന്റെ സേവ വേണമെന്ന് ലീഗിന് തോന്നിയത്. ഇപ്പോള്‍ ആകെമൊത്തം തീവ്രവാദത്തിന്റെ മണവും രുചിയുമാണ്.

കണ്ണൂരില്‍ ലീഗ് കുട്ടികള്‍ ആക്രമിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നേതാക്കളെയാണ്. കാസര്‍കോട്ട് മാര്‍ക്സിസ്റ്റുകാരെ തരത്തിന് കിട്ടാത്തതുകൊണ്ട് സ്വന്തം നേതാക്കളെത്തന്നെ പിടിച്ചു. ഇ ടി ബഷീര്‍ ഇടി കിട്ടിയ ബഷീറായി. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (കെ പി എ) മജീദിന് അതുകണ്ട് ചിരിക്കാന്‍ കഴിഞ്ഞില്ല-ചിരി വരുംമുമ്പ് മുഖമടച്ച് സ്നേഹതാഡനം കിട്ടി. കാസര്‍കോട്ട് അങ്കം നടക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ നോക്കിയിരിക്കാന്‍ പാടില്ല. അവിടെ പി കെ കെ ബാവയുടെ വീട്ടിലേക്കാണ് അണികള്‍ ആമോദത്തോടെ വാടാപോടാ പാടി മാര്‍ച്ചുചെയ്തത്. ആവേശം മൂത്താല്‍ പച്ചക്കൊടി വിമാനത്താവളത്തില്‍ മാത്രമല്ല, സ്വന്തം നേതാവിന്റെ നെഞ്ചത്തും കുത്തും.

സ്വാധീനമില്ലാത്തിടത്തെല്ലാം ലീഗ് നല്ല പാര്‍ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്ത്. ആര്‍ക്കും ഒരു ശല്യവുമില്ല. അംഗത്വം പത്തില്‍ കൂടിയ ഇടത്തുമാത്രമേ പ്രശ്നമുള്ളൂ. മലപ്പുറംമുതല്‍ മലപ്പുറംവരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്ത് ലീഗുതന്നെ രാജാവ്. കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോട്, വയനാട് തുടങ്ങിയ കരഭൂമികളില്‍ നാഷണല്‍ ഹൈവേയ്ക്കിരുവശവും അവിടവിടെ ചില ലീഗ് ബാധിത പ്രദേശങ്ങളുണ്ട്. വാഹനം കത്തിക്കല്‍ , വീടിനു തീയിടല്‍ , പോസ്റ്റര്‍ പറിക്കല്‍ , കൊടിമരം തകര്‍ക്കല്‍ , ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണയിലും കാത്തിരുന്ന് പെണ്‍കിടാങ്ങളെ കണ്ണെറിയല്‍ , തിരിച്ച് കടക്കണ്ണുകൊണ്ടെങ്കിലും ഒരേറ് കിട്ടിയില്ലെങ്കില്‍ സദാചാരപ്പൊലീസ് കളിക്കല്‍ തുടങ്ങിയ ചെറുകിടചില്ലറ പരിപാടികളാണ് അണികളുടെ മുഖ്യഉപജീവന മാര്‍ഗം. ഇതൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊല്ലത്തിലൊരിക്കല്‍ മാവേലി വരുന്നതു പോലെ കുഞ്ഞീക്ക വരും. അന്ന് ഉത്സവമാണ്. കല്ലേറ്, പൊലീസിനെ ഇടിക്കല്‍ , തെറിവിളി, റോഡ് തടയല്‍ തുടങ്ങിയ പരിപാടികള്‍ പച്ചക്കലാകാരന്മാര്‍ അവതരിപ്പിക്കും. പരിപാടി വിജയിപ്പിച്ച് കുഞ്ഞീക്ക പോയാല്‍ കുറെനാള്‍ ഇളക്കം തുടരും.

പുതിയ കാലത്ത് ലീഗിന് പ്രത്യേക കുപ്പായമില്ല. തടിയന്റവിട നസീറും ലീഗുകാരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. തീവ്രവാദവും ലീഗ്വാദവും വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. മലബാറില്‍നിന്ന് കൈപ്പത്തി ചിഹ്നക്കാരന്‍ കെട്ടിവച്ച കാശുംകൊണ്ട് രക്ഷപ്പെടണമെങ്കില്‍ "പച്ചച്ചെങ്കൊടി"യുടെ സഹായംതന്നെ വേണം. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ശല്യമില്ല. ലീഗുകാര്‍ക്ക് തലതകര്‍ക്കല്‍ , വെട്ടി വീഴ്ത്തല്‍ , തല്ലി കാലും കൈയും ആട്ടിക്കളയല്‍ തുടങ്ങിയ കൈത്തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ നിയമപരമായ അധികാരമുണ്ട്. തിരിച്ച് മാര്‍ക്സിസ്റ്റുകാര്‍ മിണ്ടാന്‍ പാടില്ല. അടികൊണ്ടാല്‍ ആശുപത്രിയില്‍ പോയി കിടക്കുക, ആവതാകുമ്പോള്‍ വീട്ടില്‍ പോയി കഞ്ഞിയും ചുട്ടപപ്പടവും കഴിക്കുക. തിരിച്ചു തല്ലിപ്പോയാല്‍ , ഒറ്റയടിക്ക് "പാര്‍ടി കോടതി" എന്ന അത്യപൂര്‍വ ജീവിയെ കണ്ടെത്തി പിടിച്ചുകെട്ടി റോഡിലൂടെ നടത്തിച്ചുകളയും.

ലീഗിനെ താങ്ങാന്‍ സര്‍വഥാ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണ്. ചാക്കുകണക്കിന് വാര്‍ത്തകള്‍ മുഖ്യന്റെ ഓഫീസില്‍നിന്ന് ലീഗ് സമാധാന നായകര്‍ക്കായി പ്രവഹിക്കും. അളിയന്‍ റൗഫ്, ഐസ്ക്രീം, കോടതിക്ക് കോഴ, അഴിമതി തുടങ്ങിയ അശ്ശീല പദങ്ങളൊന്നുമില്ലാത്ത ആ വാര്‍ത്ത തൊട്ടുകൂട്ടാന്‍ ചമ്മന്തിപോലുമില്ലാതെ ഭക്ഷിക്കാന്‍ നമ്മുടെ മാമ പത്രങ്ങള്‍ (മാതൃഭൂമി, മനോരമ) തയ്യാറാണ്. സെല്‍ഭരണമെന്നപോലെ പാര്‍ടിക്കോടതി എന്ന പുതിയ പാഷാണം. പാര്‍ടിക്ക് അങ്ങനെയൊരു കോടതിയുണ്ടെങ്കില്‍ അതില്‍ ഇത്തരം മാമാമാര്‍ക്ക് കിട്ടുന്ന ശിക്ഷ എന്തായിരിക്കും എന്ന് ഭാവനയില്‍ കാണുന്നത് ഒരു ഓര്‍ഡിനന്‍സിലൂടെ നിരോധിക്കാന്‍ സമക്ഷത്തിങ്കല്‍ ദയയുണ്ടായേക്കും.

അടി തടുക്കാം; ഒടി തടുത്തുകൂടാ, അടിയോളം ഒക്കുമോ അണ്ണന്‍തമ്പി, അടിച്ചതിനുമേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും തുടങ്ങിയ കുറെ അടിച്ചൊല്ലുകള്‍ "പഴഞ്ചൊല്‍മാല"യില്‍ കാണുന്നുണ്ട്. ഒരു അടിക്കോടതിയും തുടങ്ങണം.

Sunday, March 11, 2012

പാഴ്വോട്ടെന്തിന് നീട്ടുവതിനിയും...

വിനാശകാലത്ത് ബുദ്ധി തലകീഴായി നില്‍ക്കും. പിറവത്ത് നിലംതൊടില്ലെന്ന് നന്നായി മനസ്സിലാക്കിയ ആള്‍ ഉമ്മന്‍ചാണ്ടിയാണ്. പിറവം പിന്നിട്ടാല്‍ പിന്നെന്ത് എന്ന് ആശങ്കിക്കുന്നതും ടിയാന്‍തന്നെ. നല്ല ചിരി, തലയാട്ടിയാട്ടി സംസാരം, സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ നടപ്പ്, സദാ അധ്വാനിയെന്ന ഭാവം- ഇത്രയുമുണ്ടെങ്കില്‍ നാട്ടില്‍ നേതാവാകാം. ആസ്ഥാനത്ത് പാട്ടുകാരെ വെക്കണം; പുറമ്പാട്ടുകാര്‍ക്ക് കൂലി കൊടുക്കണം. പബ്ളിസിറ്റിക്കും കുഞ്ഞൂഞ്ഞ് കഥകള്‍ ചുമടേറ്റാനും ചാക്കോ സഞ്ചിയോ കൂടെയുണ്ടെങ്കില്‍ ബീഫ് ബിരിയാണി കഴിച്ച സുഖം കിട്ടും. ഇന്നത്തെ കാലത്ത് കോണ്‍ഗ്രസില്‍ നേതാവാകാന്‍ എല്ലാ ദിവസവും മുടി കറുപ്പിക്കേണ്ടതില്ല. ബ്യൂട്ടി പാര്‍ലറില്‍നിന്നെഴുതിക്കിട്ടിയ ടാല്‍ക്കം പൌഡര്‍ അഞ്ചുനേരം സേവിക്കേണ്ടതുമില്ല. ഇതെല്ലാം സ്വയം മനസ്സിലാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയും; ചെന്നിത്തല മനസ്സിലാക്കുമ്പോഴേക്ക് വണ്ടി അമ്മാത്തെത്തുകയും ചെയ്യും.
പൌഡറിടാനും മുടി കറുപ്പിക്കാനും കര്‍ട്ടന്‍ വലിക്കാനുമുള്ള യോഗവും യോഗ്യതയുമേ ചെന്നിത്തലയ്ക്കുള്ളൂ. തല്‍ക്കാലം വേറെ പണിയൊന്നുമില്ല. ആശ്രിത നിയമനത്തിന് അര്‍ഹത കുഞ്ഞൂഞ്ഞ് സംഘത്തിനേ ഉള്ളൂ. ചെന്നിത്തലയുടെ ആശ്രിതര്‍ തേരാപാരാ നടക്കും. തനിക്കുശേഷം പ്രളയമെന്ന് ചിന്തിക്കാത്ത നേതാവാണ് നാരായണപ്പണിക്കരെന്ന് കെ ബി ഗണേശ്കുമാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. നല്ല വിലയിരുത്തല്‍തന്നെ. അപ്പോള്‍ പ്രളയം വരണമെന്ന് ചിന്തിക്കുന്ന നേതാവാര്? പേരുപറയാന്‍ പറ്റില്ലെങ്കില്‍ തൊട്ടുകാണിച്ചാലും മതി. ഏതായാലും ചെന്നിത്തലയുടെ കാലമാകുമ്പോഴേക്ക് പ്രളയജലത്തില്‍ മോന്തായംവരെ മുങ്ങുന്ന മട്ടാണ്. ഇപ്പോള്‍ പേരിന് പ്രസിഡന്റുസ്ഥാനമെങ്കിലുമുണ്ട്. ഇതേവഴിക്ക് പോയാല്‍ അതിന്റെ ആയുസ്സ് അധികമില്ല. പുതുപ്പള്ളിവഴി ഓടുന്ന ബസിലാണ് ഇപ്പോള്‍ സ്ഥാനവും മാനവും സഞ്ചരിക്കുന്നത്. ആ ബസിന് ചെന്നിത്തലയിലേക്ക് പെര്‍മിറ്റില്ല.

പിറവത്ത് ഏതാണ് ശരിദൂരമെന്ന് ശരിക്കും സംശയിക്കേണ്ടത് ചെന്നിത്തലയും ഗണേശുമാണ്. ചെന്നിത്തല ഇനിയും കുറെ ദൂരം താണ്ടണം. പണ്ടാണെങ്കില്‍ ക്ഷീണിക്കുമ്പോള്‍ കൈത്താങ്ങിന് ആളുണ്ടായിരുന്നു. ഹിന്ദിയേ അറിയൂ- ഇറ്റാലിയന്‍ വശമില്ല. ഉമ്മന്‍ചാണ്ടി തലയാട്ടിയാല്‍ മാഡം നീണാള്‍വാഴട്ടെ എന്നാണര്‍ഥമെന്ന് വ്യാഖ്യാനിക്കാന്‍ ഡല്‍ഹിയില്‍ ആളുണ്ട്. ശുപാര്‍ശയും പിന്തുണയും എംബസി വഴിയാണ് പുള്ളിക്കാരന് കിട്ടുന്നത്. ഒരു രക്ഷകനില്ലാത്തതിന്റെ സങ്കടം രക്ഷകന്‍ നഷ്ടപ്പെട്ടാലേ അറിയൂ.

രക്ഷകന്റെ പടം പച്ചകുത്തിവെക്കല്‍, പരമാവധി കണ്‍വെട്ടത്തുനില്‍ക്കല്‍, അകലെ നിഴല്‍ കാണുമ്പോള്‍ വെളുക്കെ ചിരിക്കല്‍, കുനിഞ്ഞു കുമ്പിട്ടുകാട്ടല്‍ തുടങ്ങിയ സദ്സ്വഭാവങ്ങള്‍ പഠിച്ചതിന്റെ ഗുണം പണ്ട് ആവോളം കിട്ടിയതാണ്. അക്കാലമെല്ലാം പോയി. ഇപ്പോള്‍ സര്‍വരക്ഷകരും പുതുപ്പള്ളിയില്‍നിന്നാണ് നേര്‍ച്ച കൈക്കൊള്ളുന്നത്. തെന്നലയെപ്പോലെ തെന്നിത്തെന്നി നടക്കുന്ന പ്രസിഡന്റായി ചരിത്രത്തില്‍ വാഴ്ത്തപ്പെടുമെന്ന് ആശ്വസിക്കാം. ഇതിനേക്കാള്‍ വലിയ പ്രസിഡന്റായിരുന്ന മുരളിയുടെ അവസ്ഥ കാണുമ്പോള്‍ താന്‍ എത്രയോ ഭേദമെന്നും ചിന്തിക്കാം. അതിനപ്പുറമുള്ള സ്വപ്നങ്ങളൊന്നും വേണ്ടെന്ന് മുഖത്തുനോക്കി പറയാന്‍ ആളില്ലാത്തതാണ് ഇന്ന് ചെന്നിത്തലയുടെ പ്രശ്നം. അതാണ് കോണ്‍ഗ്രസിന്റെ ദുഃഖവും.

ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന് കഴിവില്ലാഞ്ഞിട്ടല്ല പുത്രയാദവന്‍ വാഴിക്കപ്പെടുന്നത്. അവിടെ അച്ഛന്‍ മകന്റെ കഴിവ് അറിഞ്ഞ് കൈപിടിച്ച് നടത്തിക്കുന്നു. ഇവിടെയും അങ്ങനെയാകാം. മക്കളെ പോറ്റുന്ന പിതാക്കള്‍ കണ്ടുപഠിക്കേണ്ടത് മാണിയെയാണ്. പഠിക്കാതിരിക്കേണ്ടത് പിള്ളയെയും. യുപിയില്‍ അച്ഛനാകട്ടെ മുഖ്യമന്ത്രി എന്ന് ആദ്യം പറഞ്ഞത് മകന്‍ അഖിലേഷാണ്്. 'വേണ്ട മോനേ നീ തന്നെയിരിക്കൂ' എന്ന് അച്ഛന്‍ തീര്‍പ്പുകല്‍പ്പിച്ചു. ഇവിടെ മകന്‍ ഇരിക്കുന്നിടത്ത് എന്തു സംഭവിക്കും എന്നറിഞ്ഞതുകൊണ്ടും തന്റെ പഴയകാലം ഓര്‍മയുള്ളതുകൊണ്ടുമാകാം എപ്പോള്‍ ഇറങ്ങുമെന്ന് കാത്തിരിക്കുകയാണ് പ്രിയപിതാവ്. മകന്‍ മുജ്ജന്മത്തിലല്ല ഇജ്ജന്മത്തില്‍തന്നെ മുന്തിയ ശത്രു. അച്ഛനും മോനും പോലും കള്ളനും പൊലീസും കളിക്കുന്ന നാട്ടില്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് വാത്സല്യം വാരിക്കോരി കിട്ടുമെന്ന് ചെന്നിത്തല പ്രതീക്ഷിക്കാമോ? വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി ശിഷ്ടകാലം വെജിറ്റേറിയന്‍ ഭക്ഷിച്ച് തെന്നലയെപ്പോലെ ജീവിക്കാം. അതല്ലെങ്കില്‍ മുന്‍ഗാമിയെപ്പോലെ വീരചരമംപൂകി പിറ്റേന്ന് സൂര്യനുദിക്കുംമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് പാഴ്ജന്മമാകാം. പാഴ്വസ്തുക്കളാണ് ഇന്ന് സമൂഹം നേരിടുന്ന മുഖ്യ പ്രശ്നം. സംസ്കരണം നടക്കുന്നില്ല.

*
എല്ലാം പെട്ടെന്നാണ് സംഭവിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടുകെട്ടുകള്‍ പൊക്കിയെടുത്ത് മറിച്ചിടാന്‍ ജെസിബിയും ക്രെയിനും ടിപ്പര്‍ലോറിയുമെല്ലാമായി ഒരാള്‍ ചെന്നു. ക്ളീന്‍ ഷേവ് ചെയ്ത് പാല്‍പ്പുഞ്ചിരി തൂകുന്ന വദനവുമായി വെയിലുകൊള്ളാന്‍പോയ ആള്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പഞ്ചറായ ടയറിന്റെ രൂപത്തിലാണ്. താടി നീട്ടി, പാറിപ്പറക്കുന്ന ജൂബായിട്ട്, 'സുമംഗലീ നിയോര്‍മിക്കുമോ...' പാടി മൈക്കിനുമുന്നില്‍ വന്ന രാജകുമാരനെ കാണേണ്ടതുതന്നെയായിരുന്നു. പാവത്തിനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ പെങ്ങളും പരിവാരവും നന്നേ പാടുപെടേണ്ടിവന്നു.

ആ ദുരന്തപര്യവസായിയായ നാടകം ഉമ്മന്‍ചാണ്ടി വിചാരിച്ചാല്‍ സുഖത്തില്‍ അവസാനിപ്പിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ സഹചാരിയും ഉപദേശകനും ഉപകരണവും എന്നുവേണ്ട, എല്ലാമെല്ലാമാണ് പി സി ജോര്‍ജ്. നെയ്യാറ്റിന്‍കരയിലുണ്ട്; തൈക്കാട് ഗസ്റ്ഹൌസിലുണ്ട്; പിറവത്തുണ്ട്- നിയമസഭയിലും ചാനലുകളിലും നിറഞ്ഞുനില്‍പ്പുണ്ട്. പത്തുചാക്ക് അണ്‍ലോഡ് ചെയ്യണോ, ആളെ ചാക്കില്‍ കയറ്റണോ, ബ്ളാക്ക്മെയില്‍ ചെയ്ത് പീഡിപ്പിക്കണോ- എല്ലാറ്റിനും ജോര്‍ജ് തയ്യാര്‍. ആ ജോര്‍ജിനെ ഉത്തര്‍പ്രദേശിലേക്ക് വിട്ടാല്‍ മതിയായിരുന്നു. ചുരുങ്ങിയപക്ഷം അഖിലേഷ് യാദവിനെ ഒരു എസ്എംഎസ് കേസിലെങ്കിലും കുടുക്കി യുവരാജാവിനെ രക്ഷിക്കാന്‍ ജോര്‍ജ് ശ്രമിച്ചേനെ.

ഇനി പോകാനൊന്നും ബാക്കിയില്ല. ഗോവയില്‍ വോട്ടുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് ചെന്നത്. അതിന്റെ ഫലം കണ്ടു. ബിസ്കറ്റ് കഷണംപോലത്തെ ആ സംസ്ഥാനത്തിന്റെ ഭരണവും ബിജെപിക്ക് കൊടുത്തു. ചെന്നിത്തല പണ്ട് പ്രതാപകാലത്ത് വിശ്രമിച്ച ഗോവന്‍ തീരത്ത് ഇനി ചെല്ലണമെങ്കില്‍ ബിജെപിക്കാരുടെ കനിവുവേണം. വോട്ട് വലിയ കാര്യമാണ്. അത് പാഴായിപ്പോകാന്‍ ആരും കൊതിക്കില്ല. പിറവത്ത് യുഡിഎഫ് ജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ അഹന്തയും അഴിമതിയുടെ കടുപ്പവും കൂടും. യുഡിഎഫ് തോറ്റാലോ- ജനങ്ങളെ പേടിയുണ്ടാകും. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരുപറഞ്ഞ് കുറെ വോട്ട് കെട്ടി സ്വന്തം പോക്കറ്റിലിട്ട് വിലപേശി പണംപറ്റുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍. ജയിക്കാന്‍ അവര്‍ മതി; വോട്ടര്‍മാര്‍ രണ്ടാമതെന്നാണ് യുഡിഎഫിന്റെ നടപ്പുപ്രമാണം. കുറച്ചുകാലമായി മൊത്തക്കച്ചവടമേ നടക്കുന്നുള്ളൂ. അതില്‍ നഷ്ടമുണ്ടാകുമ്പോള്‍ പി സി ജോര്‍ജിനെപ്പോലുള്ള ദല്ലാളന്മാര്‍ രംഗത്തുവരും. കട്ടപ്പുറത്തായതിനെയും കണ്ടംചെയ്തതിനെയും തേടിപ്പിടിച്ച് കച്ചവടം നടത്തും. അങ്ങനെ കിട്ടിയതാണ് നെയ്യാറ്റിന്‍കരയിലെ സെല്‍വരാജിനെ.

ജനം വേണ്ട; ആധിപത്യം മതി. അതായത്, വോട്ടര്‍മാരെ നേരിട്ടുകാണേണ്ടതില്ല- ഏജന്റുമാരെ കണ്ട് പണംമുടക്കിയാല്‍ മതി എന്നര്‍ഥം. പണത്തിനാണെങ്കില്‍ പഞ്ഞവുമില്ല. ഐക്യ പണാധിപത്യമുന്നണിയുടെ ജനസേവനം ഇങ്ങനെയൊക്കെയാണ് പുരോഗമിക്കുന്നത്. പെട്രോള്‍വില പിന്നെയും കൂട്ടിയാലും പാചകവാതകം കിട്ടാക്കനിയായാലും വളത്തിന്റെ സബ്സിഡി പോയാലും വൈദ്യുതി ബില്ലു കണ്ട് ജനത്തിന് ഷോക്കടിച്ചാലും ഉമ്മന്‍ചാണ്ടിക്ക് കുലുക്കമില്ലാത്തത് ഇതുകൊണ്ടാണ്. അത്തരം അലോസരങ്ങളെയെല്ലാം ഏജന്റുമാര്‍ ശരിദൂരംകൊണ്ട് മറികടന്നോളും.

*
ഏജന്റുമാര്‍ വലിച്ചാലും നീങ്ങാത്ത പൊല്ലാപ്പ് പുതുതായി വന്നു എന്നു കേള്‍ക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കൊടുത്ത സത്യവാങ്മൂലം അസത്യവാങ്മൂലമായിരുന്നുവത്രേ. സത്യവാങ്മൂലംമൂലം മുഖ്യമന്ത്രിപ്പണി പോയ നേതാവിനെ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നുണ്ടാകില്ല- അച്ഛന്റെ മകന് ഓര്‍ക്കാതിരിക്കാനാകില്ലല്ലോ. ഇപ്പോള്‍ പിറവത്ത് ജയിച്ചാലും വാഴുമോ എന്നാണ് സംശയം. വാഴാത്ത സ്ഥാനാര്‍ഥിക്ക് കൊടുക്കുന്ന വോട്ട് പാഴായ വോട്ടാകില്ലേ? അപ്പോള്‍പ്പിന്നെ ശരിയായ സ്ഥാനാര്‍ഥിയിലേക്കുള്ള ശരിദൂരം ഏജന്റുമാരുടെ സഹായമില്ലാതെ വോട്ടര്‍മാര്‍ കണ്ടെത്തിക്കൊള്ളുമെന്നാണ് കരുതേണ്ടത്.

തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം പോകില്ല. ഷിബു ബേബിജോണ്‍ പക്ഷേ വീട്ടില്‍ പോയിരിക്കേണ്ടിവരും. പകരം പി സി ജോര്‍ജിനെ മന്ത്രിയാക്കാം. അഞ്ചാംമന്ത്രിയായ ചങ്ങായി സുജായിയായി ഇനിയും നടക്കട്ടെ.

Sunday, March 4, 2012

ഓപ്പറേഷന്‍ പിറവം

പിറവത്തെ പിറവിയും ഉമ്മന്‍ചാണ്ടിയുടെ കസേരയും തമ്മില്‍ തല്‍ക്കാലത്തേക്ക് ബന്ധമൊന്നുമില്ല. പിറവത്ത് അനൂപ് ജേക്കബ് തോറ്റാല്‍ ഭരണപക്ഷത്ത് ഒരാള്‍ കുറയുമെന്നല്ലാതെ ഭരണമാറ്റമുണ്ടാകുന്നതെങ്ങനെയെന്ന് ജി സുകുമാരന്‍നായര്‍ പറയേണ്ടതായിരുന്നു. തെരഞ്ഞെടുപ്പില്‍ പറയുന്നതിനും പറയിക്കുന്നതിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പിറവത്ത് ഇപ്പോഴത്തെ ഭരണം തുടരാനുള്ള അവസരമൊരുക്കണമെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്. ഭരണപക്ഷം പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ അസ്ഥിരപ്പെടുമെന്നും ഇടക്കാല തെരഞ്ഞെടുപ്പുവരുമെന്നും അങ്ങനെ വന്നാല്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഖജനാവ് ശുഷ്കമാവുമെന്നും അതുകൊണ്ട് വെയ് രാജാ വെയ് ഉമ്മന്‍ചാണ്ടിയുടെ കളത്തില്‍ എന്നുമാണ് ജി. സു. നായരുടെ പ്രഖ്യാപനം. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശനും തഥൈവ പറയുന്നു. പിന്നോക്ക ക്ഷേമത്തിന് യുഡിഎഫ് സഹായിച്ചു; അതിന്റെ സ്നേഹം വോട്ടായി ലഭിക്കുമെന്നാണ് ആ നേതാവിന്റെ പ്രവചനം. എന്നാല്‍ , ആര്‍ക്ക് വോട്ടുചെയ്യണമെന്ന് താന്‍ പറയില്ല എന്നും. ശരിദൂരം പലദൂരമാണ്. എത്ര ദൂരം പോയാലും എത്തുന്ന ഉമ്മറം ഒന്നുതന്നെ.

ഉമ്മന്‍ചാണ്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് പാടിനടക്കുന്നവര്‍ നിയമസഭയിലെ കണക്കും പാടണം. അവിടെ ഭരണപക്ഷത്തിന് എഴുപത്തൊന്നും പിന്നെ ഒരു നോമിനേറ്റഡ് അംഗവും. പ്രതിപക്ഷത്തിന് അറുപത്തെട്ട്. ഒന്നുകൂടിയാല്‍ അറുപത്തൊന്‍പതാകും. അപ്പോഴും ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കുതന്നെ. പിന്നെങ്ങനെ അസ്ഥിരതയും തെരഞ്ഞെടുപ്പും വരും? ഭൂരിപക്ഷം എങ്ങനെയായാലും നഷ്ടപ്പെടില്ല എന്നിരിക്കെ ഉമ്മന്‍ചാണ്ടി തുടരാന്‍ ഒരുവോട്ട് എന്നു പറയുന്നതിന്റെ പൊരുളെന്ത്? എല്ലാറ്റിലുമുപരി, കാലുമാറ്റത്തിലൂടെ ഭരണം പിടിക്കില്ല എന്ന് എല്‍ഡിഎഫ് ഉറപ്പിച്ചുപറഞ്ഞിട്ടുമുണ്ട്. ആ വഴിക്കും ഭീഷണിയില്ല. അല്ലെങ്കിലും ഭരണമെന്ന മധുചഷകം വലിച്ചെറിഞ്ഞ് പോകാന്‍ ചങ്കൂറ്റമുള്ള ആരുണ്ട് യുഡിഎഫിന്റെ കൂടാരത്തില്‍ ?

അനൂപ് ജേക്കബ്ബിനെ മന്ത്രിയാക്കുമെന്ന് ആര്യാടന്‍ ഇപ്പോള്‍ പറയുന്നു. ടി എം ജേക്കബ് മരിച്ചപ്പോള്‍തന്നെ അനൂപിനെ മന്ത്രിയാക്കാമായിരുന്നു. എന്തുകൊണ്ട് ആക്കിയില്ല? ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന് വീമ്പുപറയുന്നതിനേക്കാള്‍ നല്ലത് മന്ത്രിയാക്കിയശേഷം ജയിപ്പിക്കുന്നതല്ലേ? എ കെ ആന്റണി നിമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായിട്ടുണ്ട്. പിന്നീട് മത്സരിച്ച് ജയിച്ചു. മുരളീധരന്‍ മന്ത്രിയായി ചെന്ന് വടക്കാഞ്ചേരിയില്‍ മത്സരിച്ച് തോറ്റു. മുരളിപ്പേടി ഇപ്പോഴും യുഡിഎഫിനുണ്ട്. അതില്ലെങ്കില്‍ അനൂപ് ഇന്ന് മന്ത്രിയായേനെ. പിറവത്ത് ഏതു കുഞ്ഞ് പിറക്കുമെന്ന് യുഡിഎഫിന് തെല്ലും ഉറപ്പില്ല. അതുകൊണ്ടാണ് ആര്യാടന് പിന്‍ബുദ്ധി തോന്നിയത്.

എന്‍എസ്എസിന്റെ ശരിദൂരവും വെള്ളാപ്പള്ളിയുടെ ഇടദൂരവുമൊന്നുമല്ല യഥാര്‍ഥ പ്രശ്നം. അത് മറ്റുചിലതാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ് ജി. സു. നായരോട് പുലിവരുന്നേ എന്ന് വിളിച്ചു കൂവാന്‍ പറഞ്ഞത്. അപകടം മണത്ത് പുലിവിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നെങ്കില്‍ ഒന്നിക്കട്ടെ എന്നാണ് അതിന്റെ പ്രമാണശാസ്ത്രം.

*
കപ്പല്‍ , തോക്ക്, ഇറ്റലി എന്നിങ്ങനെയുള്ള വാക്കുകളാണ് പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇറ്റലിയിലെ മന്ത്രി നാട്ടില്‍ ചുറ്റിയടിക്കുന്നു; ഇവിടത്തെ മന്ത്രിമാര്‍ അകമ്പടി സേവിക്കുന്നു. കേരള ഭരണത്തിന്റെ ഹൈക്കമാന്‍ഡ് അങ്ങ് ഇറ്റലിയിലായിരിക്കുന്നു. മെയ്ഡ് ഇന്‍ ഇറ്റലി എന്ന് രേഖപ്പെടുത്തിയ എന്ത് കണ്ടാലും ഖദറിട്ടവര്‍ ഞെട്ടിത്തരിക്കണം എന്നാണ് പാര്‍ടി ഭരണഘടനയുടെ അനുശാസനം. പുറങ്കടലില്‍ നങ്കൂരമിട്ട ഇറ്റലിക്കാരന്റെ കപ്പലിനെ നോക്കി വന്ദനശ്ലോകം ചൊല്ലിയാണ് പിറവത്തേക്ക് ഉമ്മന്‍ചാണ്ടി നിത്യവും ചെല്ലുന്നത്. കപ്പലില്‍നിന്ന് പിടിച്ചെടുത്ത തോക്കിന് സര്‍ക്കാര്‍ ബഹുമതികളോടെ സ്വീകരണവും യാത്രയയപ്പും നല്‍കണമെന്നാണുത്തരവ്. തോക്കിന് പൂമാലയും തോക്കിന്റെ ഉടമകള്‍ക്ക് ഗസ്റ്റ്ഹൗസില്‍ തിരുത പൊള്ളിച്ചതും. ഇറ്റാലിയന്‍ വംശജര്‍ക്ക് തിരുതയോട് പ്രണയമാണ്. അതുകൊണ്ട് ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിവയ്പിനോടനുബന്ധിച്ച നടപടിക്ക് "ഓപ്പറേഷന്‍ തിരുത" എന്നത്രെ പേര്. അടുത്തുതന്നെ കേന്ദ്രത്തില്‍ തിരുതവകുപ്പും രൂപീകരിക്കാന്‍ പോകുന്നു.

പാവപ്പെട്ട മീന്‍പിടിത്തക്കാരെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നതില്‍ എന്ത് ജാതി; എന്ത് മതം-പൈശാചികത്വമല്ലാതെ. കൊന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടണം എന്നാണ് സര്‍ക്കാരുകള്‍ സാധാരണ കരുതുക. ഇവിടെ അങ്ങനെയൊരു ചിന്തയൊന്നുമില്ല. പ്രതികള്‍ക്ക് തടവറയല്ല-എയര്‍കണ്ടീഷന്‍ഡ് സുഖവാസമാണ്. അന്യരാജ്യത്തെ ഒരു മന്ത്രി വന്ന് ഇവിടെ പ്രതികള്‍ക്കുവേണ്ടി ചുറ്റിത്തിരിയുന്നു. പൊലീസ് എഴുതിയ എഫ്ഐആര്‍ വായിച്ചാല്‍ ഏതു പൊലീസുകാരനും ചിരിച്ചുപോകുമത്രെ. എല്ലാം ഇറ്റലിക്കുവേണ്ടി. ഇറ്റലിയിലെ മന്ത്രിക്ക് ഇവിടത്തെ കോണ്‍ഗ്രസ്, "മ്മടെ സോണിയേന്റെ" പാര്‍ടിയാണ്.

ഇതിനൊക്കെ താളംപിടിക്കാനും വേണം ഒരുയോഗം. ഭാഗ്യവശാല്‍ "മ്മടെ" ജി. സു. നായര്‍ക്ക് കിട്ടിയത് അത്തരമൊരു യോഗമാണ്. കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഈയിനം രോഗത്തിനെ "രാജയോഗം" എന്നും വിളിക്കും.

*
പിന്നോട്ടുമാത്രം നോക്കുന്ന വീരേന്ദ്രകുമാര്‍ പുരോഗമന (പ്രോഗ്രസീവ്) ജനത എന്നപേരില്‍ പാര്‍ടിയുണ്ടാക്കിയതില്‍ ആരും കുറ്റംപറയില്ല. അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു. എന്നാല്‍ , വാടകയ്ക്ക് ആളെ എടുത്ത് ഒരു പാര്‍ടി ഉണ്ടാക്കിയ സംഭവം ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. ആദ്യം കുറെ ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് ഒരു പാര്‍ടിയുണ്ടാക്കിച്ചു. അതിന്റെ സ്ഥാപക നേതാക്കളെ നോക്കുക: കേളപ്പന്‍ , കുമാരന്‍ , ഗോപാലന്‍ , നാരായണന്‍ , നാണു, ബാലന്‍ , രാഘവന്‍ , നാരായണി, ലീല, ചാത്തു, ശാരദ, കുഞ്ഞിരാമന്‍ , മോനിഷ, സുധ, ജാനു......എല്ലാവരും വിശുദ്ധ സോഷ്യലിസ്റ്റുകള്‍ .

രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ എന്നിങ്ങനെയുള്ള പേരുകളോട് ചേര്‍ത്തുവയ്ക്കേണ്ട ഈ സ്ഥാപകര്‍ പാര്‍ടിയുണ്ടാക്കി വീരേന്ദ്ര കുമാറിനെ ക്ഷണിച്ചു. സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, പ്രോഗ്രസീവ് എന്നൊക്കെ ആര്‍ക്കും ഉപയോഗിക്കാവുന്ന പേരുകളാണ്. ബ്രാക്കറ്റുകള്‍ മാറിമാറിയിട്ടാല്‍ പുതിയ പാര്‍ടിയുണ്ടാകും. രജിസ്ട്രേഷന്‍ , പേരുമാറ്റല്‍ , ലയനം എന്നിങ്ങനെയുള്ള കലാപരിപാടികള്‍ അടിക്കടി നടത്താവുന്നതേയുള്ളൂ. കൈയില്‍ പണമുണ്ടെങ്കില്‍ പാര്‍ടിയുണ്ടാക്കാന്‍ ആളെക്കിട്ടും; ചാത്തു, കോവാലന്‍ , ലീല-തുടങ്ങിയ പേരുകള്‍ നാട്ടില്‍ ആവശ്യത്തിലേറെയുണ്ട്. ലയനസമ്മേളനത്തിന്റെ സചിത്ര വാര്‍ത്ത കൊടുക്കാന്‍ വീരഭൂമിയുണ്ട്.

വീരന്‍ ഏതുപാര്‍ടിയിലാണെന്ന് അദ്ദേഹത്തിനുതന്നെ തിട്ടമുണ്ടോ എന്നാണ് നോക്കാനുള്ളത്. ഇതുവരെ കിട്ടിയതും ഇനി കിട്ടാനിരിക്കുന്നതുമായ അവാര്‍ഡുകള്‍ എണ്ണിയെണ്ണിപ്പറയുന്നതിന് വിഷമമില്ല. സ്വന്തം പാര്‍ടിയുടെ പേര് എന്ത് എന്ന് ഓര്‍ത്തുവയ്ക്കുന്നത് പ്രയാസംതന്നെ. എന്തായാലും യുഡിഎഫിനകത്തുണ്ട് എന്നത് ആശ്വാസം. പിന്നെ, പി ജെ ജോസഫ് അനുഭവിക്കുന്നതുപോലത്തെ പീഡനം അനുഭവിക്കേണ്ടതുമില്ല. പാരവയ്ക്കാന്‍ പാവം കെ പി മോഹനന് ശേഷി പോരാ. അതുകൊണ്ട് നേതൃശക്തി ഉലയാതെ നില്‍ക്കും.

കേരള കോണ്‍ഗ്രസില്‍ മാണിസാര്‍ പി ജെ ജോസഫിനെ പൂട്ടിയിട്ടിരിക്കയാണത്രെ. മുല്ലപ്പെരിയാര്‍ എന്ന് മിണ്ടരുത്; നദീ സംയോജനത്തെപ്പറ്റി ചിന്തിച്ചുപോകരുത് എന്നാണ് കല്‍പ്പന. ജോസഫ് ഇപ്പോള്‍ പുഷ്പകൃഷിയെക്കുറിച്ച് മാത്രമേ സ്വപ്നംകാണാറുള്ളൂ. നദികളിലേക്ക് നോക്കുകപോലുമില്ല. തൊടുപുഴ മണ്ഡലത്തിന്റെ പേര് വല്ല തൊടുമല എന്നോമറ്റോ ആക്കിയാല്‍ അത്രയും നന്ന്.

അച്ചന്‍കോവിലും പമ്പയും തമിഴ്നാട്ടിലെ നദിയുമായി സംയോജിപ്പിച്ച് വെള്ളം കൊണ്ടുപോകുന്നതിനെക്കുറിച്ച് ജോസഫ് എന്തേ മിണ്ടാത്തത് എന്ന് ആരും ചോദിക്കരുത്. നിഷ്കളങ്കത വല്ലാതെ വര്‍ധിച്ച കാലമാണിത്. സത്യസന്ധമായി ഉത്തരം പറഞ്ഞുപോയാല്‍ , പിറവത്തെ വോട്ട് പുഴയിലേക്കൊഴുകും. അതോടെ ജോസഫ് തൊടുമല കയറേണ്ടിയുംവരും. നദീ സംയോജനം എന്നുമാത്രം ആരും പറയല്ലേ, പ്ലീസ്.

*
ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ പരസ്യം കണ്ടത് ഇങ്ങനെ: "നിങ്ങളുടെ ഗേള്‍ഫ്രണ്ടുമായി കുടുതല്‍ നേരം സംസാരിക്കൂ; അവളുടെ കൂട്ടുകാരികളുമായി ചങ്ങാത്തം കൂടൂ." എന്തിനാണ് ഗേള്‍ഫ്രണ്ടിന്റെ കൂട്ടുകാരികളുമായി ചങ്ങാത്തം കൂടുന്നത് എന്നു പറയുന്നില്ല എന്നേയുള്ളൂ. നാളെ ഇതേ കമ്പനി, "നിങ്ങള്‍ക്ക് സുന്ദരികളെയോ സുന്ദരന്മാരെയോ കൂട്ടിനു വേണമോ" എന്ന പരസ്യവും നല്‍കാം. നമ്മുടെ നാട്ടിലെ പ്രതികരണാത്മാക്കളായ സാംസ്കാരിക സംന്യാസികള്‍ കാശിയാത്രയിലാണ്.