Sunday, March 30, 2014

നല്‍കുകില്‍ നേടീടാം

കരുണാകരനെ ക്ലിഫ് ഹൗസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ നേരെ ഡല്‍ഹിയില്‍ചെന്ന് ഇരിക്കാന്‍ ഒരു കസേരയുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്ക് അതില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനേ ഐ ഗ്രൂപ്പുകാര്‍ക്ക് വകയുള്ളൂ. കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്നപോലെയായി. എല്ലായിടത്തുനിന്നും തട്ടുകിട്ടുന്നു. എല്ലാ പണിയും പാളുന്നു. സരിതാനന്തര സോളാര്‍കാലം ഉമ്മന്‍ചാണ്ടിയുടെ മുഖപ്രസാദത്തിന് ലോഡ്ഷെഡിങ് കാലവുമാണ്. പ്രതിപക്ഷം പറയുന്നതല്ലേ എന്ന് ചോദിച്ച് അവഗണിക്കാനുള്ള വകുപ്പൊന്നുമില്ല. പറഞ്ഞത് കോടതിയാണ്. കോടതി കണ്ണുമിഴിച്ചൊന്ന് നോക്കിയപ്പോഴാണ്, കരുണാകരനെ കുരങ്ങെന്നുപോലും വിളിച്ചതും തള്ളിപ്പുറത്താക്കിയതും.

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം എന്നു മാത്രമല്ല ഉള്ളൂരിലെ മഹാകവി പാടിയത്. "നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ" എന്നുകൂടിയാണ്. അവനവന്‍ കുഴിക്കുന്ന കുഴി അവനവനുതന്നെ കുഴിയാകുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നേപി നിനച്ചതല്ല. മുരളീധരന് കരുത്തില്ലാത്ത കാലമാണ്; പത്മജയ്ക്ക് മിണ്ടാട്ടം മുട്ടിയ നേരമാണ്; പീതാംബരക്കുറുപ്പിന് തട്ടുകേടാണ്- തല്‍ക്കാലം ആ വഴിക്ക് കുന്തവും കുത്തും വരില്ല എന്നാശ്വസിക്കാം. പക്ഷേ, നാട്ടുകാര്‍ക്ക് അങ്ങനെ ക്ഷമയില്ലാത്തതാണ് പ്രശ്നം. രാജി വോട്ടെടുപ്പിന് മുമ്പുമാകാം; പിമ്പുമാകാം. അള്ളിപ്പിടിച്ചിരിക്കാനുള്ളതുതന്നെയാണ് അധികാരം എന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് രാജിക്കത്തുംകൊണ്ട് പോകാന്‍ ഇത്തിരി സമയമെടുക്കും. അതാണ് പ്രതിപക്ഷത്തിനും നല്ലത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വെറുതെ കാണുന്നതുപോലും എല്‍ഡിഎഫ് പ്രചാരണമാണ്. ഒന്നും പറയേണ്ടതില്ല- വെറുതെ ആ മുഖം പോസ്റ്ററിലാക്കി നാടുനീളെ ഒട്ടിച്ചാല്‍ മതി. ജനങ്ങള്‍ സോളാര്‍, സരിത, സലിംരാജ്, ജോപ്പന്‍, കോടതി, ഭൂമാഫിയ എന്നൊക്കെ വായിച്ചുകൊള്ളും. ഇരുപത് പൊന്നിന്‍കുടങ്ങളും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ഒരു ചാനല്‍ സര്‍വേ നടത്തി വെറും പൊന്നിന്‍കുടങ്ങളല്ല, തനിത്തങ്കക്കുടങ്ങളാണെന്ന് അതിസാഹസികമായി പ്രഖ്യാപിക്കുന്നതും കേട്ടു.

ഹൈക്കോടതിവിധി വന്നപ്പോള്‍ ചാനലുകളിലെല്ലാം ഓടിനടന്ന് പ്രതിരോധിക്കാന്‍ ഒരാളാണുണ്ടായത്- സലിംരാജ്. താന്‍ വെറുമൊരു കോണ്‍സ്റ്റബിള്‍; നിരപരാധിയെന്നായിരുന്നു വിലാപം. കോണ്‍സ്റ്റബിളിന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഒരു ഡിവൈഎസ്പിയോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി എന്നത് വേറെ കാര്യം. സലിംരാജ് പറയുന്നതാണ് കാര്യമെങ്കില്‍ സംഗതി പിന്നെയും കുഴപ്പമാണ്. ആ പാവം നിരപരാധിയെ എന്തിന് സസ്പെന്‍ഡ് ചെയ്തു; ആറുമാസമായി പുറത്തുനിര്‍ത്തുന്നു; കേസുകളില്‍പെടുത്തി തേജോവധം ചെയ്യുന്നു എന്നതിനൊക്കെ ഉമ്മന്‍ചാണ്ടി വിശദീകരണം കൊടുക്കേണ്ടിവരും.

കോടതിയുടെ പ്രതികൂലപരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. പാമൊലിന്‍ കേസില്‍ അലറിയാര്‍ത്ത് ജഡ്ജിയെ എടുത്ത് കനലാട്ടത്തിനിറങ്ങാന്‍ ഈരാറ്റുപേട്ടയില്‍നിന്ന് വെളിച്ചപ്പാട് വന്നിരുന്നു. ആ കോമരം കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനുശേഷം വിശ്രമത്തിലാണ്. തിരുവഞ്ചൂര്‍ ചീറ്റിപ്പോയ ആര്‍എംപിക്ക് ചികിത്സ കൊടുക്കുന്നതിന്റെ തിരക്കിലും. പകരക്കാരനായി കെ സി ജോസഫിനെയാണ് ഉമ്മന്‍ചാണ്ടി ഇറക്കിയത്. "വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെ"ന്ന് &ശഴൃമ്ല;ജോസഫ് പറഞ്ഞപ്പോള്‍, മാന്യതയുടെ നിറകുടം തുളുമ്പുന്നതുകണ്ട് ആശ്ചര്യപ്പെട്ടുപോയി. അടുത്ത നിമിഷം പക്ഷേ, രംഗം മാറി. ""വിശദപരിശോധനയൊന്നും നടത്താതെ തീര്‍പ്പാക്കാമായിരുന്ന കേസ് നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാന്‍ പാകത്തില്‍ പരാമര്‍ശം നടത്താന്‍ കോടതി മുതിര്‍ന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെ""ന്ന് മന്ത്രിവചനം.

"ഉദ്ദേശ്യശുദ്ധിയുള്ള" തീരുമാനം എപ്പോള്‍, എങ്ങനെവേണം എന്ന് തീര്‍പ്പാക്കാനുള്ള അവസരം കിട്ടിയില്ല എന്നാണര്‍ഥം. ഇനി അങ്ങനെ ഒന്ന് വോട്ടെടുപ്പിനുമുന്‍പ് കിട്ടുമെന്നുണ്ടെങ്കില്‍ ഹൈക്കോടതി തങ്കക്കോടതിയാകും. കെ സി ജോസഫും ടി സിദ്ധിക്കും പറയുന്നതുപോലെ ചെന്നിത്തലയ്ക്ക് പറ്റില്ല. അതുകൊണ്ട് വിധിക്ക് സ്വാഗതം. പക്ഷേ, സുധീരന്‍ അധീരനാകുന്ന പ്രശ്നമില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് എടുക്കാനുള്ളതല്ല എങ്കിലും അഭിപ്രായം വെട്ടിത്തുറന്ന് പറയും. ""കടകംപള്ളി, കളമശേരി ഭൂമിയിടപാടു കേസുകള്‍ സിബിഐക്കുവിട്ട ഹൈക്കോടതിവിധിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങളിലും പാര്‍ടിക്ക് ഒന്നും ചെയ്യാനില്ല""- കെപിസിസി അധ്യക്ഷന്റെ പദവിക്കു ചേര്‍ന്ന ധീരമായ പ്രതികരണം. ആദര്‍ശവും ആര്‍ജവവും ആത്മാഭിമാനവും ആവശ്യത്തിലധികമുള്ളതുകൊണ്ട് ഇതില്‍കൂടുതല്‍ വയ്യ. ആ പണി ഭംഗിയായി നിര്‍വഹിച്ച സ്ഥിതിക്ക് വീട്ടില്‍പോയി വിശ്രമിക്കാവുന്നതാണ്.
                  
*
പാലക്കാട്ട് ഒരു പൊന്നിന്‍കുടം വെയിലുകൊള്ളുന്നതുകണ്ട് സഹിക്കാനാകുന്നില്ല. കൊല്ലത്ത്, നല്ല വിലയുള്ള പുത്തന്‍ കുടമാണ്. പ്രിയപ്പെട്ട സഖാക്കളെ, ആഗോളവല്‍ക്കരണത്തിനും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ വിധിയെഴുതുക; സോളാര്‍തട്ടിപ്പുകാരെ പരാജയപ്പെടുത്തുക- എന്നൊക്കെ ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ടെന്നേയുള്ളൂ. കാസര്‍കോട് മുതല്‍ പാറശാലവരെ കണ്ണോടിച്ചാല്‍ മണ്ടരിബാധിച്ച തെങ്ങുപോലെയാണ് യുഡിഎഫിന്റെ അവസ്ഥ എന്ന് വിരോധികള്‍ പറയും. അതല്ല ശരി എന്ന് തെളിയിക്കാന്‍ യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ ചെന്ന് കണക്കെടുത്ത് ഒരു ചാനല്‍ മഹാസര്‍വേ നടത്തി. പൊന്നിന്‍കുടങ്ങള്‍ കൂട്ടത്തോടെ ജയിച്ചുകയറുമെന്ന് വിധിയും എഴുതി. തിരക്കിട്ട് കണക്കു തയ്യാറാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം 101 ശതമാനമായതേയുള്ളൂ.

കോടതി മുഖ്യമന്ത്രിക്കിട്ട് പൂശിയ സലിംരാജ് വാര്‍ത്ത ലീഡ് ആയി കൊടുക്കാത്ത ഏകപത്രത്തിന്റെ മുതലാളി ഒരു പൊന്നിന്‍കുടമായതുകൊണ്ട് അതിനെ പെയ്ഡ് പരിപാടി എന്ന് വിളിക്കാനാകില്ല. അല്ലെങ്കിലും ആശയങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല മത്സരമെന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാകാത്തത് മനോരമയ്ക്കുമാത്രമാണ്. മത്സരം പെയ്ഡ് ന്യൂസും ഇടതുപക്ഷവും തമ്മിലാണ് എന്നും പറയാം.

Sunday, March 23, 2014

കോണ്‍ഗ്രസിന് ഒത്ത വക്താവ്

നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടിയെ മാര്‍ക്സിസ്റ്റുകാരന്‍ തല്ലിക്കൊന്നാല്‍ നിഷ്ഠുരവും പൈശാചികവുമായ ജന്തുഹത്യയാണ്. പട്ടിയെ കൊല്ലുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ മഹത്തായ മാനവസേവ; പുണ്യപ്രവൃത്തി. കേരളത്തിലെ മാധ്യമപെരുമാറ്റച്ചട്ടത്തില്‍പെട്ട ഒന്നാം "കല്‍പ്പ"യാണിത്. ഇതുള്ളതുകൊണ്ടാണ് യുഡിഎഫിനെ കാക്കകൊത്തി പറക്കാത്തത്്. ഇതുള്ളതുകൊണ്ടുമാത്രമാണ് സുധീരന്‍ ഉടുത്ത ആദര്‍ശത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാത്തത്. മനോഹരമായി എഴുതുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധവാര്‍ത്തകളുടെ മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞ് കോടിമതയിലെ ചതുപ്പില്‍ പുതഞ്ഞത് ഈ "പെരുമാറ്റച്ചട്ടം" ജനങ്ങള്‍ക്ക് നന്നെ ബോധിച്ചതുകൊണ്ടാണ് എന്നത് മറ്റൊരു വശം.

സരിത ഇന്ന് സാധാരണ വനിതയല്ല-കോണ്‍ഗ്രസിന്റെ പ്രചാരണനായികയാണ്. അബ്ദുള്ളക്കുട്ടിയെ തകര്‍ക്കാനും തിരിച്ചെടുക്കാനും സരിത. വേണുഗോപാലിനുവേണ്ടി കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ സരിത. ഗണേശിനെ മന്ത്രിയാക്കാന്‍ സരിത. സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സരിത. വിഎസിനെതിരെ രാഷ്ട്രീയം പറയാനും എല്‍ഡിഎഫ് സഹായംതേടി തന്നെ വന്നു കണ്ടു എന്ന് "വെളിപ്പെടുത്താനും" സരിത. റോസക്കുട്ടി ടീച്ചര്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ് തുടങ്ങിയ പവന്‍ മാര്‍ക്ക് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വയ്പ്. എന്നിട്ടെന്ത്, പാര്‍ടിയെ രക്ഷിക്കാനുള്ള ഘട്ടം വന്നപ്പോള്‍ സരിത തന്നെ വേണ്ടിവന്നു.

"സമചിത്തതയുടെ, സമഭാവനയുടെ സിന്ദൂരച്ഛവി സുരഭിലമാക്കിയ സുധീരമനസ്സിന് സ്വാഗതമോതി"യതുകൊണ്ടൊന്നും ഫലമില്ല. കോണ്‍ഗ്രസിന് ഒത്തവക്താവ് തന്നെ വേണം. അങ്ങനെയൊരു മുത്തിനെ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിന് താങ്ങാനാകാത്തതാണ് താന്‍ താങ്ങിയതെന്നുപറഞ്ഞ് ഐ ഗ്രൂപ്പിനെ വരച്ച വരയില്‍നിര്‍ത്താന്‍ കഴിവുള്ള മറ്റേതു നേതാവുണ്ട് കോണ്‍ഗ്രസില്‍? നേതൃത്വത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗഹൃദബന്ധമുള്ള മറ്റാരുണ്ട്? തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സകലകേസും തീര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. അതിനുകഴിഞ്ഞില്ലെങ്കിലും ബെന്നി ബഹനാന്റെ ദൗത്യം പരാജയമെന്ന് പറയാനാകില്ല. കേസുകള്‍ ഒതുങ്ങി കടഭാരം തീര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായി ഒരു അമൂല്യവനിതയെ കോണ്‍ഗ്രസ് വക്താവായി കിട്ടിയല്ലോ.

*
അശ്ലീലക്കുട്ടിയുടെ നാറ്റംകൊണ്ട് കണ്ണൂരിലൂടെ നടക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ആ നാറുന്ന വാക്കുകള്‍ വാരിപ്പിടിച്ച് വാര്‍ത്തയാക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗംതന്നെ. പുള്ളി മസ്കത്തില്‍ പോയതിനും സരിതയെ സ്നേഹിച്ചതിനും കുറ്റം മാര്‍ക്സിസ്റ്റുകാര്‍ക്കാണുപോലും. സ്റ്റാര്‍ കാംപെയിനര്‍ ആയി നിയമിക്കപ്പെട്ടതോടെ, സരിത പലരെക്കുറിച്ചും വിശേഷിപ്പിക്കുന്നത്, "എന്റെ നല്ല സുഹൃത്താണ്" എന്നത്രെ. ആ സൗഹൃദത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്ന്് ബിജു രാധാകൃഷ്ണന്‍ പറയുന്നു. കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. എന്തായാലും സരിതയോട് ഈ സൗഹൃദത്തിന്റെ കാര്യമൊന്നും ചോദിച്ച് മനസ്സിലാക്കാന്‍ ഹേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നതാണ് ആശ്വാസം. തിരുവഞ്ചൂരിന് അതിന്റെ നോക്കുകൂലിയെങ്കിലും ഉമ്മന്‍ചാണ്ടി കൊടുക്കണം-സരിതയെ വിട്ട് "തിരുവഞ്ചൂര്‍ സാര്‍ എന്റെ നല്ല സുഹൃത്താണ്" എന്നൊന്നും പറയിപ്പിക്കരുത്.

കോണ്‍ഗ്രസിന് പിടിപ്പത് പണിയുണ്ട്. എന്‍ ഡി തിവാരിയെയും ഗജരാജ ശര്‍മയെയുമൊക്കെ മേച്ചുനടക്കുന്നത് ചെറിയ കാര്യമല്ല. ശശി തരൂരിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ കയറിപ്പിടിച്ച യൂത്തുമുതല്‍ മൂത്തുപഴുത്ത തിവാരിവരെയുള്ള പാര്‍ടിയിലേക്ക് കടന്നുചെല്ലാന്‍ നല്ല നെഞ്ചുറപ്പുവേണം. വള്ളംകളിപ്പരിപാടിയില്‍ കുറുപ്പിന്റെ കലാപരിപാടിയോട് ശ്വേതാ മേനോന്‍ പ്രതികരിച്ചപ്പോള്‍ അവരെ കോണ്‍ഗ്രസ് ആട്ടക്കാരിയെന്നാക്ഷേപിച്ചു. ശ്വേതയുടെ പണ്ടത്തെ സിനിമാച്ചിത്രങ്ങള്‍വരെ കൊണ്ടുവന്ന്, അവരെ ഒന്നു പിടിച്ചുപോയാലെന്താ എന്ന് ചോദിച്ച കോണ്‍ഗ്രസാണ്. ഗജരാജ ശര്‍മയെ രക്ഷിക്കാന്‍ ഇപ്പോള്‍ നഗ്മയെ അങ്ങനെ കൈകാര്യം ചെയ്തുകൂടാ-അവര്‍ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അല്ലായിരുന്നെങ്കില്‍, നാടാകെ നഗ്മയുടെ നൃത്തം നടന്നേനെ.

സുധീരന്റെ ആദര്‍ശ"മുണ്ട്" ബെല്‍റ്റിട്ട് ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഒറ്റക്കാര്യം നോക്കുക- "പി ടി തോമസിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിയത് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് മാറണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണെ"ന്ന് സുധീരന്‍. ഇടുക്കിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും ആ സത്യം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തേണ്ടിവരുമെന്നും തിരിച്ചടിച്ച് പി ടി തോമസ്. പറയുന്ന ആള്‍ സുധീരനായതുകൊണ്ട് അത് വിശുദ്ധകള്ളമായി മാധ്യമങ്ങള്‍ മഹത്വപ്പെടുത്തി. ഒടുവില്‍ സുധീരന്‍തന്നെ പറയുന്നു: പി ടി തോമസിനെ മാറ്റിയത് യുവസ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്താനാണെന്നും അത് രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നെന്നും. അവസരവാദിയെന്നും കാപട്യക്കാരനെന്നും നുണപറയുന്നവനെന്നും വിളിക്കരുത്. അദ്ദേഹം ആദര്‍ശത്തിന്റെ മുണ്ടാണുടുത്തിരിക്കുന്നത്.

സരിതയുടെ പാര്‍ടിയില്‍ സകലതും തമാശയാണ്. ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നെന്ന് ജനം കരുതുമെന്നാണ് പി സി ചാക്കോ പ്രവചിക്കുന്നത്. കൂറ്റന്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെ വിജയിപ്പിക്കൂ എന്ന് ചാലക്കുടിക്കാരോട് അഭ്യര്‍ഥിക്കുന്ന ബുദ്ധിമാനെ എതിരാളിയായി കിട്ടിയ ഇന്നസെന്റിന്റെ ഭാഗ്യമാണ് ഭാഗ്യം. ഇനി ചാലക്കുടിക്കാര്‍ നോക്കിക്കൊള്ളും. ചാക്കോ, തിരുവഞ്ചൂര്‍, സുധാകരന്‍ തുടങ്ങിയ ഇനങ്ങള്‍ ചുറ്റുവട്ടത്തുതന്നെ ഉണ്ടാകുന്നത് കോണ്‍ഗ്രസിന് നല്ലതാണ്.

*
ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗം ഇപ്പോള്‍ കേള്‍ക്കാനില്ല. ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാത്ത, ജനങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത, ലോകബാങ്കുദ്യോഗസ്ഥനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയുമാക്കിയവരാണ്. തലപ്പാവുകെട്ടിയ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പിടിച്ച് സ്ഥിരതാമസക്കാരനാക്കി, "പ്രധാന്‍മന്ത്രിജീ" എന്നുവിളിക്കുന്നത് സുധീരനാണ്. ആ നാവുകൊണ്ടുതന്നെ സുധീരന്‍ ഭക്ഷണവും കഴിക്കുന്നു; പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" എന്നു വിളിക്കുന്നു. അതുകേട്ട് കൈയടിക്കാന്‍ പ്രേമചന്ദ്രനുള്ളതുകൊണ്ട് പ്രശംസാഗാനാലാപം ആവശ്യമില്ല. പ്രേമചന്ദ്രന് കോണ്‍ഗ്രസിലേക്കുള്ള പെര്‍മനന്റ് വിസയാണ് കിട്ടിയത്. കൊല്ലം കിട്ടിയാല്‍ ഇല്ലം വേണ്ടെന്ന് ചിന്തിച്ച് കുപ്പായം തയ്പ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇനി മാനത്തുനോക്കാം. ബോറടിക്കുമ്പോള്‍ നക്ഷത്രവുമെണ്ണാം. അസീസിന് രണ്ടാം ഗഡുവായ മന്ത്രിസ്ഥാനവും കൊടുത്താല്‍ ചിത്രം പൂര്‍ത്തിയാകും.

*
ആര്‍എംപിയുടെ കാറ്റുപോയതിന്റെ സങ്കടം "പൊതു സമൂഹ"ത്തിന്റെ" വക്താക്കളായ ചര്‍ച്ചാംദേഹികളുടെ മുഖത്താകെയുണ്ട്. വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്. പൊതുസമൂഹം എന്ന പ്രൈവറ്റ് പ്രോപ്പര്‍ട്ടി നിറച്ച ചാക്കുമായി ഇവര്‍ ഇനി എങ്ങനെ കരപിടിക്കും എന്നതാണ് ശതമന്യുവിന്റെയും വേവലാതി. ഏതുവിധേനയും പൊട്ടക്കുളത്തിലെത്തിപ്പെട്ടാല്‍ കരഞ്ഞ് തീര്‍ക്കാന്‍ സൗകര്യമാണ്. ലൗകികചിന്തകള്‍ വെടിഞ്ഞ് സംന്യാസം സ്വീകരിച്ചാലും രക്ഷപ്പെടാം. പാവം "പൊതുസമൂഹം". എല്ലാ ദിവസവും രാത്രി ഒന്നുരണ്ടു മണിക്കൂര്‍ ചര്‍ച്ച കേട്ടില്ലെങ്കില്‍ കഷ്ടമാകും.

Sunday, March 16, 2014

മുക്കിയാലും മുങ്ങാത്ത വാര്‍ത്ത

ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന്‍ ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.

"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.

ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്‍ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.

പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്‍കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന്‍ കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള്‍ ചര്‍ച്ചചെയ്യുമെന്ന് സാരം.

ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.

ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.

തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.

വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.

കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന്‍ ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.

ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം.       

*
അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.

അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.

Sunday, March 9, 2014

മാന്യതയുടെ വഴികള്‍

സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ സുപ്രിം കമാന്‍ഡന്‍റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.

രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്‍റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്‍റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്‍" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.

സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന്‍ കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്‍- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്‍പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.

കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്‍റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.

*

  യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്‍റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്‍റ പേരും മകനുമുള്ള ആര്‍ എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്‍മാരാകും.

കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്‍ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്‍റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്‍റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്‍റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.

*

ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന്‍ തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.

മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്‍റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:

 ""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""

വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്‍റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.

*

കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.