Monday, February 27, 2012

മാതൃഭൂമിയുടെ കൂട്ടിലെ സ്വാതന്ത്ര്യപ്പക്ഷി

ഒരവാര്‍ഡുകൂടി ആ പക്ഷിയുടെ പൊന്‍തൂവലില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. സ്വദേശാഭിമാനി പൊറുക്കുമെന്ന് കരുതാം. എന്നാലും വീരഭൂമിയിലെ സ്വദേശാഭിമാനികള്‍ക്ക് പൊറുക്കാനാകില്ല. അവര്‍ രോഷത്തോടെ ചോദിക്കുകയാണ്: "വെറുക്കപ്പെടേണ്ടതെന്നു പറഞ്ഞ് ഇവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട "കുത്തകപത്രം ടൈംസ് ഓഫ് ഇന്ത്യ"ക്ക് ഇക്കാലംകൊണ്ട് എന്തുമാറ്റമാണ് ഉണ്ടായത്? 23 വര്‍ഷംകൊണ്ട് ടൈംസ് കുത്തകയല്ലാതായി മാറിയോ? അതോ, വലതുപക്ഷത്തേക്കുമാറിയ വീരേന്ദ്രകുമാറിന്റെ കുത്തകകളെ സംബന്ധിച്ച കാഴ്ചപ്പാട് ഒരു തോട്ടംമുതലാളിയുടേതുമാത്രമായോ?" ചോദ്യം നേരിട്ടായതുകൊണ്ട് ഉത്തരം വീരേന്ദ്രകുമാര്‍ തന്നെ പറയുന്നു. അതിങ്ങനെ:

"വ്യവസ്ഥിതിയുടെ അധര്‍മങ്ങളെ എതിര്‍ക്കാന്‍ ലോകം മുഴുവനുമുള്ള പത്രപ്രവര്‍ത്തകര്‍ രക്തസാക്ഷിത്വം വരിക്കുന്ന കാലഘട്ടമാണിത്." (മാതൃഭൂമി, ഫെബ്രു. 26, 2012)

അര്‍ഥം മാതൃഭൂമിക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അധര്‍മമുണ്ടെങ്കില്‍ എതിര്‍ത്ത് രക്തസാക്ഷിയായിക്കൊള്ളുക, അല്ലെങ്കില്‍ മിണ്ടാതെ പണിയെടുത്തുകൊള്ളുക എന്ന്. വീരഭൂമി ധീരരക്തസാക്ഷികളുടെ ഇരിപ്പിടം കൂടിയാകാന്‍ പോകുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തന്റെ ജീവിതത്തിലെ നൂറ്റിയൊന്നാമത്തെ അവാര്‍ഡായ സ്വദേശാഭിമാനി പുരസ്കാരം എ കെ ആന്റണിയില്‍നിന്നേറ്റുവാങ്ങി വീരനായകന്‍ ഒന്നുകൂടി പറഞ്ഞു- ജനങ്ങളാണ് യഥാര്‍ഥ വിധികര്‍ത്താക്കള്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന "മാതൃഭൂമി"യില്‍ തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സ്വദേശാഭിമാനി പുരസ്കാരം സഹായകമാകും എന്ന്. അതായത് ജീവനക്കാര്‍ ഊര്‍ജസ്വലരായാല്‍ ഒരിഞ്ച് വിടില്ല എന്ന്.

വീരന്‍ വികാരാധീനനാകുന്നതില്‍ കുറ്റപ്പെടുത്താനാകില്ല. മാതൃഭൂമിക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു കത്ത് ശതമന്യുവിന് വീണുകിട്ടി. അതിലെ ആദ്യഭാഗമാണ് നടേ പറഞ്ഞത്. ആ കത്തില്‍ പിന്നെയും കുറെ ചോദ്യങ്ങളുണ്ട്. "23 വര്‍ഷംകൊണ്ട് "ടൈംസ് ഓഫ് ഇന്ത്യ"ക്ക് ശത്രുപദവിയില്‍നിന്ന് മിത്രപദവിയിലെത്താന്‍ തക്കതായ എന്തുമാറ്റമാണുണ്ടായത്? 1989ല്‍ മാര്‍വാഡി കുത്തക കമ്പനി കേരളത്തിന്റെ ദേശീയപത്രമായ "മാതൃഭൂമി"യെ കൈയടക്കാന്‍ വരുന്നതിനെതിരെ സകല സാംസ്കാരികനായകന്മാരും രംഗത്തുവന്നു. ജനകീയ പ്രതിരോധത്തിന്റെ ബലത്തില്‍ മാര്‍വാഡി പത്രമുടമ ഓഹരിമോഹമുപേക്ഷിച്ച് രക്ഷപ്പെട്ടു." പഴയ കഥ പുതിയ കത്തില്‍ വിശദമായി പ്രത്യക്ഷപ്പെടുന്നു.

"89 ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടന്ന ഒരു കവിതാക്യാമ്പ് ഉദ്ഘാടനം ചെയ്ത അന്നത്തെ മാതൃഭൂമി പത്രാധിപര്‍ വി കെ മാധവന്‍കുട്ടിയാണ് തന്റെ പത്രം നേരിടുന്ന ഭീഷണി കേരളത്തെ അറിയിച്ചത്. മാതൃഭൂമി ഒരു വ്യക്തിയുടേതല്ല; ഒരു പ്രസ്ഥാനമാണ്. ഇതിനെ വടക്കന്‍ കുത്തക മാര്‍വാഡികള്‍ പിടിച്ചടക്കാനും അതുവഴി പത്രസ്വാതന്ത്ര്യം അപകടപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്- മാധവന്‍കുട്ടി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ ജെയിന്‍ കുടുംബമാണ് ഈ പറഞ്ഞ വടക്കന്‍ കുത്തക മാര്‍വാഡികള്‍ . അന്ന് എംഎല്‍എയായിരുന്ന മാതൃഭൂമി എം ഡി വീരേന്ദ്രകുമാര്‍ പറഞ്ഞു- "സഹകരണമൊന്നുമല്ല, മറിച്ച് സംഹാരമാണ് ലക്ഷ്യം. രണ്ടോ മൂന്നോ കോടി രൂപ മുടക്കി ഏതാണ്ട് നാല്‍പ്പതുകോടി രൂപയുടെ ആസ്തിയുള്ള മാതൃഭൂമി കൈപ്പിടിയിലൊതുക്കാനാണ് ബെന്നറ്റ് കോള്‍മാന്‍ കുത്തക കമ്പനിയുടെ നീക്കം". അന്ന് "കലാകൗമുദി"ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ഷോഭവും പരിഹാസവും കലര്‍ത്തിയ സ്വരത്തില്‍ വീരേന്ദ്രകുമാര്‍ ചോദിച്ചു: മാതൃഭൂമി അച്ചടിക്കേണ്ട പ്രസില്‍ ടൈംസ് ഓഫ് ഇന്ത്യ അച്ചടിച്ചാല്‍ പിന്നെ മാതൃഭൂമി എവിടെനിന്ന് അച്ചടിക്കും? മാതൃഭൂമിയുടെ പ്രസ് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ അടിക്കാനുള്ള നിര്‍ദേശം പിടിഐ മീറ്റിങ്ങില്‍ കൃഷ്ണമൂര്‍ത്തി (ടൈംസിന്റെ അന്നത്തെ മേധാവി) എന്നോട് മുമ്പ് ചോദിച്ചിരുന്നു. ഞങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രീതിയില്‍ മുംബൈയില്‍ അച്ചടിച്ചുകൂടേ എന്ന് ഞാനും ചോദിച്ചു". എല്ലാം പഴയ കഥ. കത്ത് തുടരുന്നു:

"ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മാതൃഭൂമി പറയുന്നു- കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് "ടൈംസ് ഓഫ് ഇന്ത്യ" പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍ അതിന് ആതിഥ്യംവഹിക്കുന്നത് "മാതൃഭൂമി"യാണ്. "ടൈംസ് ഓഫ് ഇന്ത്യ"യുടെ അച്ചടിയും വിതരണവും മാതൃഭൂമി പൂര്‍ണമായി നിര്‍വഹിക്കുന്നതിലൂടെ യഥാര്‍ഥ സൗഹൃദത്തിന്റെ അപൂര്‍വമായ അധ്യായത്തിനാണ് തുടക്കമിടുന്നത്." വീരേന്ദ്രകുമാറിന്റെ മാതൃഭൂമി ബന്ധവും കത്തില്‍ വിശദീകരിക്കുന്നു."മാതൃഭൂമി ഒരു ട്രസ്റ്റായിരുന്നകാലത്ത് കടം കയറിയപ്പോള്‍ വീരേന്ദ്രകുടുംബത്തില്‍നിന്ന് രണ്ടായിരം രൂപ കടം വാങ്ങി. തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഷെയര്‍ നല്‍കിയത്. അതോടെ ദേശീയപ്രസ്ഥാനത്തിനും നേരിനും വേണ്ടി നിലകൊണ്ട മാതൃഭൂമിക്ക് കച്ചവടസ്ഥാപനമാകേണ്ടിവന്നു. പക്ഷേ വീരേന്ദ്രകുമാര്‍ പലപ്പോഴും ആദര്‍ശം കാണിച്ചിരുന്നു. ചുരുങ്ങിയത് പുറത്തേയ്ക്കെങ്കിലും. ഇപ്പോള്‍ അതും ഉപേക്ഷിച്ചിരിക്കുന്നു. നാണക്കേട് സഹിക്കാന്‍ കഴിയാഞ്ഞ് പലരും മാതൃഭൂമി വാങ്ങലും വായനയും നിര്‍ത്തി".

മാതൃഭൂമിയുടെ കൂട്ടിലെ സ്വാതന്ത്ര്യപ്പക്ഷിയുടെ രോദനമായാണ് ഈ കത്ത് മാധ്യമപ്രവര്‍ത്തകരുടെ മേശപ്പുറങ്ങളിലെത്തുന്നത്. ആ പക്ഷി അങ്ങനെ കരയട്ടെ എന്നാണ് വീരേന്ദ്രപ്പറവ കളകളാരവം മുഴക്കുന്നത്. മാതൃഭൂമിയുടെ കൊമ്പിലും ഒന്നരക്കോടിയുടെ കാറിലുമായി മാറിമാറിയിരുന്ന് ആ പറവ ഭക്ഷിച്ചുകൊണ്ടേയിരിക്കുന്നു. കൂട് വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ സദ്പ്രവൃത്തിക്കുള്ള പുരസ്കാരം വഴിയേ വരുമായിരിക്കും. ഏതായാലും വീരഭൂമിയില്‍ ഈ വിചിത്രപ്പറവയെ തൊട്ടവരെ തൊടാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല എന്നാണ് പുതിയ വാര്‍ത്ത. അങ്ങനെ വിപ്രതിപത്തികാട്ടുന്നവരുടെ നിര്‍ദിഷ്ടരക്തസാക്ഷിത്വത്തെക്കുറിച്ചാണ് അവാര്‍ഡ് ജേതാവ് തുറന്നുപറഞ്ഞത്. അവര്‍ക്കായി ലഡാക്കിലും ദ്രാസിലും ചമ്പാരനിലും ഖമ്മത്തുമെല്ലാം ഉടനെ ബ്യൂറോ തുറക്കുന്നുണ്ട്. കൂടുതല്‍ മിടുക്കരെ സൊമാലിയന്‍ ബ്യൂറോയിലേക്കും വിടും.

*
അമേരിക്ക എന്നുകേള്‍ക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ഞെട്ടണം എന്നാണ് പ്രമാണം. അതുകൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് അമേരിക്കന്‍ സഹായം പറ്റുന്നു എന്ന വാര്‍ത്ത സ്ഫോടനമുണ്ടാക്കും എന്ന് കരുതുന്നതിലും തെറ്റില്ല. അങ്ങനെയാണ് "കേരളത്തിലെ എം പി സഖാവിന് ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം" എന്ന വാര്‍ത്ത ജനിച്ചത്. ആദ്യം ഒരിംഗ്ലീഷ് പത്രത്തില്‍ . അടുത്തപടി ചാനലില്‍ . മൂന്നാംഭാഗം പത്രങ്ങളിലും. മേമ്പൊടിയായി തമാശയെഴുത്ത്; കാര്‍ട്ടൂണ്‍ വരപ്പ്. വീരഭൂമിയുടെ ഒന്നാംപുറ കാകദൃഷ്ടി അടിക്കുറിപ്പ് ഇങ്ങനെ: "എന്‍ തുട്ട് സാമ്രാജ്യത്വവിരുദ്ധം". അതായത്, പി രാജീവ് അമേരിക്കയുടെ പണം വാങ്ങുന്നു; സാമ്രാജ്യവിരുദ്ധ സമീപനം മറക്കുന്നു എന്ന് മലയാളം. കാക്കക്കണ്ണിലൂടെ പണംകാണുമ്പോള്‍ റബര്‍ മനസ്സ് കൂടുതല്‍ ഭാവനാസമ്പന്നമാകണം. ആ വിമതഭാവന ഇങ്ങനെ:

"ഇനിയിപ്പോള്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം സ്വീകരിച്ചുപോയെന്നു കരുതി ആരുടെയും നെഞ്ചിലെ വിപ്ലവാഗ്നി കെട്ടുപോകുന്ന പ്രശ്നമില്ല. സത്യത്തില്‍ ശത്രുവിനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവന്റെ സഹായം ആവോളം സ്വീകരിക്കുന്നതാണ്. സഹായിച്ച് സഹായിച്ച്, ശത്രു കുത്തുപാളയെടുത്താല്‍ പിന്നെ ശത്രുസംഹാരം തുലോം എളുപ്പമാകും. അതിനുവേണ്ടിയാണ് രാജീവ്സഖാവ് അടക്കമുള്ളവര്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് പണംകിട്ടുന്ന എന്‍ജിഒയുടെ സഹായം സ്വീകരിക്കുന്നതെന്നു ധരിച്ചാല്‍ പിന്നെ പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പ്രശ്നം ഉദിക്കുന്നില്ല."

എല്ലാം ശരിയായി. പണം വാങ്ങുന്നു എന്നതില്‍ തര്‍ക്കമേയില്ല. അച്ചായന്റെ ചാനല്‍ ഒരുദിവസംമുഴുവന്‍ ഇട്ടലക്കിയ വാര്‍ത്ത പിറ്റേന്ന് പത്രം എടുത്തില്ല. വായിട്ടലച്ച അപ്പുക്കുട്ടാദികളെ പിന്നീട് കണ്ടില്ല. പക്ഷേ വിമതഭാവന ചിറകുവിരിച്ചു. എന്താണ് സംഭവിച്ചതെന്ന് രാജീവിനോടെന്നല്ല, ഏതെങ്കിലുമൊരു മുന്‍ എംപിയോടെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ വാര്‍ത്ത കൊടുക്കാനാകില്ലായിരുന്നു. അങ്ങനെവന്നാല്‍ കാര്‍ട്ടൂണുണ്ടാകില്ല; തത്സമയ ചര്‍ച്ചയുണ്ടാകില്ല; വിമതന്റെ തമാശയുമുണ്ടാകില്ല. ആദ്യം പൊട്ടവാര്‍ത്ത; പിന്നാലെ പലവക വിളമ്പ്. നടപ്പുരീതിതന്നെ തുടര്‍ന്നു.

സത്യത്തില്‍ സംഭവിച്ചതോ?

ഡല്‍ഹിയില്‍ എംപിമാരുടെയും മുന്‍ എംപിമാരുടെയും ഒരു ക്ലബ്ബുണ്ട്-കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്. അതിന്റെ നേതൃത്വത്തില്‍ എംപിമാര്‍ക്ക് ഒരു സഹായിയെ കൊടുക്കും. ആ സഹായി എംപിമാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ചുനല്‍കും; അവര്‍ അത് പ്രയോജനപ്പെടുത്തും. എംപിമാരും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബും തമ്മിലുള്ളതാണ് ഇടപാട്. പദ്ധതിയില്‍ പിആര്‍എസ് എന്ന സ്ഥാപനം സഹകരിക്കുന്നു. അവരാണ് കേരള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈദരാബാദില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഇങ്ങനെ സഹായിക്കുന്നതിന് വിദേശബന്ധമില്ല; ചരടുമില്ല. ഒരു നയാപൈസ എംപിമാര്‍ക്ക് കിട്ടുന്നില്ല. എല്ലാം പരസ്യമാണ്. സഹായിയെ കിട്ടിയതില്‍ ജോസ് കെ മാണിയുണ്ട്, ഡി രാജയുണ്ട്, കിട്ടാനുള്ളവരില്‍ പി സി ചാക്കോ ഉണ്ട്. രാജീവിനോട് ചോദിച്ചാല്‍ ഇതെല്ലാം പറയുമായിരുന്നു; വാര്‍ത്ത പൊളിയുമായിരുന്നു. വിവാദം കലത്തിലാക്കി അടുപ്പത്തുവച്ചവര്‍ക്ക് അങ്ങനെ സത്യം വേണ്ടല്ലോ. ഇതിനെ നോക്കി പറയാം-"എന്‍ തൂട്ട് പത്രപ്രവര്‍ത്തനം"

Sunday, February 19, 2012

കരണത്തടിയുടെ രാഷ്ട്രീയം

പിറവമെന്നത് കേവലമൊരു സ്ഥലനാമമല്ല. അതൊരു രാഷ്ട്രീയ സമസ്യയാകുന്നു. പിറവത്ത് എന്താണ് പിറക്കുക? മാര്‍ച്ച് പതിനേഴിനാണോ പതിനെട്ടിനാണോ ആ പിറവിയുണ്ടാകുക? ജനനസംഭവം നടന്നാല്‍ ആരു കരയും; ആര് ഉടന്തടിച്ചു വീണ് കാലഗതി പൂകുമെന്നതെല്ലാം ഇനിയും ചിന്തിക്കേണ്ട വിഷയങ്ങളാണ്. പണ്ട് തന്തക്കാലുമായി ഒരു പിറവിയുണ്ടാകുമെന്ന് പ്രവചനമുണ്ടായതും കുഞ്ഞിന്റെ കരച്ചിലും ആനക്കാരന്റെ അന്ത്യശ്വാസവും ഒന്നിച്ചുണ്ടായതും ഒരു കഥ. കൊള്ളുന്നത് കൊക്കിനോ ചക്കിനോ എന്ന് തിട്ടപ്പെടുത്താവുന്നതല്ല. പിറവത്തെ ഫലം യുഡിഎഫിന്റെ കൊക്കിനുതന്നെ കൊള്ളിക്കുമോ എന്നാണ് ചിന്തിക്കാനുള്ളത്. പിള്ളയ്ക്കു കൊടുക്കുമ്പോള്‍ പിള്ളയുടെ പിള്ളയ്ക്ക് കിട്ടുന്ന കാലമാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ കരണത്തടി കിട്ടുന്നത് സുഖമുള്ള കാര്യമല്ല. അന്താരാഷ്ട്ര സിനിമാ ഉത്സവത്തില്‍ നെറികേടുകളുടെ തിടമ്പേറ്റി ഉറഞ്ഞാടിയപ്പോള്‍ തിരുവനന്തപുരത്തുകാര്‍ ഗണേശന്‍ മന്ത്രിയെ നോക്കി പറഞ്ഞത്, "കൊള്ളാം- പാരമ്പര്യമുള്ളവന്‍" എന്നത്രേ. അപ്പനു പിറന്നാല്‍ അപ്പടിയിരിക്കണമെന്ന ചൊല്ല് ഗണേശന്റെ കാര്യത്തില്‍ അച്ചട്ടാണെന്ന്, വി എസിനെതിരെ വൃത്തികെട്ട ഭാഷ ഉപയോഗിച്ചപ്പോള്‍ കേരളവും ഒന്നടങ്കം മനസ്സിലാക്കി. സുന്ദരമായ നാവു ചുഴറ്റി സൗരഭമുള്ള വാചകമിടുക്കു കൊണ്ട് ചാനല്‍ ദൃശ്യങ്ങളിലും പത്രത്തലക്കെട്ടുകളിലും ഗണേശമന്ത്രി നിത്യസാന്നിധ്യമായപ്പോള്‍ ജനം സംശയലേശമെന്യേ പറഞ്ഞു- അപ്പനു പിറന്നാല്‍ ഇപ്പടിതാന്‍ ഇരിക്കണം.

ഈ പൊന്നുമോനോട് പക്ഷേ, അപ്പന്റെ ചെയ്തി കടുത്തുപോയി. സ്വന്തം മകനെ തന്തയില്ലാത്തവന്‍ എന്നാണ് പാര്‍ടി യോഗത്തില്‍ പരമകാരുണികനായ പിതാവ് വിശേഷിപ്പിച്ചത്. ഇതാണ് സത്യത്തില്‍ വൈരുധ്യാധിഷ്ഠിത ഭൗതികവാദം. മാണിസാര്‍ അധ്വാന വര്‍ഗസിദ്ധാതം രചിച്ചതുപോലെ ഉഗ്രന്‍ മറ്റൊന്ന്. ഗണേശന്‍ പിള്ളയുടെ സ്വന്തം പിള്ള തന്നെയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നുമില്ല. പക്ഷേ, പിള്ള തീര്‍ത്തു പറയുന്നത് കാര്യങ്ങള്‍ അങ്ങനയല്ല എന്ന്! ഈ ആശയക്കുഴപ്പത്തിനു മുന്നില്‍ സാക്ഷാല്‍ കുഞ്ചന്‍നമ്പ്യാര്‍ക്കുപോലും ഉപമയും ഉല്‍പ്രേക്ഷയും വറ്റിപ്പോകും.

വ്യക്തികേന്ദ്രിതമായ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാര്‍ടിയുടെയും അലമ്പു മുഴുവന്‍ ഈ അപ്പന്‍ - മകന്‍ പോരില്‍ കാണാം. കേരളാ കോണ്‍ഗ്രസുകള്‍ സ്ഥാപിച്ചതുതന്നെ മക്കള്‍ക്കുവേണ്ടിയാണെന്നാണ് പരിശുദ്ധ പാലാ ബാവാ കരിങ്ങോലക്കോസ് മാണിക്കോസ് പിതാവിന്റെ തിയറി. മാണിയുടെ കേരളാ കോണ്‍ഗ്രസ് മാണിയുടെ മകനാണ്. ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബിന്റെ മകന് എഴുതിക്കൊടുത്തു കഴിഞ്ഞു. ഇവര്‍ രണ്ടുപേര്‍ക്കും ഇതുവരെ മന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ല. പിള്ളയുടെ പിള്ള രണ്ടുവട്ടം മന്ത്രിയായി. ആദ്യത്തെ തവണ പരിശുദ്ധ പിതാവുതന്നെ മകന്റെ മന്ത്രിക്കാലനായി ഉളിയെറിഞ്ഞു. രണ്ടാംതവണ കുറേക്കൂടി കടുത്ത പ്രയോഗത്തിനാണ് നീക്കം. മന്ത്രിക്കുപ്പായം അഴിച്ചുവയ്പിക്കാന്‍ മാത്രമല്ല, വലിയൊരു വീതുളി എറിയാനുള്ള പഴുതുംകൂടി നോക്കി മകന്റെ പുരയ്ക്കു ചുറ്റും മണ്ടിനടക്കുകയാണ് കേരളത്തിന്റെ സ്വന്തം മാടമ്പി. മറ്റ് കേരള കോണ്‍ഗ്രസില്‍ മക്കത്തായമാണ് നിലനില്‍ക്കുന്നതെങ്കില്‍ പിള്ള കോണ്‍ഗ്രസില്‍ മരുമക്കത്തായമത്രേ. മകനെ ആട്ടിപ്പുറത്താക്കി, മരുമകനെ പാര്‍ടി ജനറല്‍ സെക്രട്ടറി പദമേല്‍പ്പിച്ചിരിക്കുകയാണ് പിള്ളേച്ചന്‍ . വില്‍പ്പത്രത്തില്‍ പാര്‍ടിയും ശരണ്യ ബസുകളും പാര്‍ടിയുടെ ഗുണ്ടകളും മരുമകന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്.

സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റിന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ച്, നീ സ്വാമിനാഥനല്ലെങ്കില്‍ തിരിച്ചടിക്കെടായെന്ന് എന്‍ എന്‍ പിള്ള ആക്രോശിക്കുന്ന രംഗമുണ്ട്. അപ്പനെ തിരിച്ചുതല്ലാനാകാത്തതുകൊണ്ട് ഭീമന്‍ രഘുവിന്റെ കരണക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുത്തിട്ടാണ് വിളിച്ചോണ്ടു പോടാ എന്ന് ഇന്നസെന്റ് പറയുന്നത്. അതുപോലൊരു രംഗം ആര്‍ ബി പിള്ളയും മകന്‍ കെ ബി ജി പിള്ളയും തമ്മിലും അരങ്ങേറി. മൊത്തം പ്രതീകാത്മകമാണ്. സീന്‍ ഒന്നില്‍ തന്തപ്പിള്ള മുണ്ടും മടക്കിക്കുത്തി മകന്റെ ആപ്പീസിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ചെന്നു കയറിയപാടെ, മകന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് കാച്ചുന്നു. മകന്റെ കാറിനിട്ട് ആഞ്ഞുതൊഴിക്കുന്നു. തിരിഞ്ഞുനടക്കുന്നു. അച്ചടിക്ക് വഴങ്ങുന്ന ഡയലോഗ് അല്ലാത്തതിനാല്‍ വായനക്കാര്‍ക്ക് മനോധര്‍മം പോലെ പൂരിപ്പിക്കാം. മകന്റെ പ്രതികരണവും പ്രതീകാത്മകമായിരുന്നു. അച്ഛന്റെ ബസുകള്‍ അഞ്ചെണ്ണം എറിഞ്ഞുതകര്‍ത്തു. തിരിച്ചൊന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളവര്‍ക്കുമേല്‍ അരിശം തീര്‍ക്കുന്നതില്‍ അച്ഛനും മകനും ഒറ്റക്കെട്ട്.

മകന്റെ ലോറിക്ക് ചെകുത്താന്‍ എന്നു പേരെഴുതുന്ന "സ്ഫടിക"ത്തിലെ ചാക്കോ മാഷിനെയും അപ്പന്റെ കുപ്പായത്തിന്റെ കൈവെട്ടി പകരം വീട്ടുന്ന ആടുതോമയെയും ഓര്‍ക്കാം. സിനിമാനടനല്ലേ മന്ത്രി. ആക്ഷനിലും റിയാക്ഷനിലും സിനിമാ സ്റ്റൈല്‍ മസ്റ്റ്. അഴിമതിക്കേസില്‍ അകത്തുകിടന്ന പിതാവിനെ വഴിവിട്ട മാര്‍ഗത്തില്‍ പുറത്തിറക്കാന്‍ ഈ മകന്‍പെട്ട പാട് നാട്ടുകാര്‍ മറന്നിട്ടില്ല. ഈ പിതാവിനു വേണ്ടിയാണ് വൃത്തികെട്ട ഭാഷയില്‍ എതിരാളികളെ ആക്ഷേപിച്ചത്; വേണ്ടാതീനം പുലമ്പിയത്; കാമാസക്തി പ്രയോഗം തൊടുത്തത്. അതിനൊക്കെയുള്ള കൂലി സ്വന്തം പിതാശ്രീയില്‍ നിന്നുതന്നെ മകന്‍ വാങ്ങുന്നു. നന്ദിയില്ലാത്ത അച്ഛന്‍ എന്ന മകന്റെ ശാപവുമായാണ് കൊട്ടാരക്കര കൊമ്പന്റെ ശിഷ്ടജീവിതം.

*
പിള്ളയും പുള്ളിയുടെ പിള്ളയും കരണത്തടി വ്യവസായം കൊണ്ട് സുരഭില ജീവിതം നയിക്കട്ടെ. യുഡിഎഫില്‍ വലിയ പണിയൊന്നുമില്ല. ആകെയുള്ളത് കമ്യൂണിസ്റ്റുകാരെ നേര്‍ക്കുനേര്‍ തെറിവിളിക്കാനുള്ള അവകാശപത്രത്തിന്റെ അവകാശത്തര്‍ക്കമാണ്. തെറിവിളി മുറയ്ക്ക് നടക്കുന്നുണ്ട്. അതിനപ്പുറം മൊത്തക്കച്ചവടമാണ്. ഓരോ വീട്ടിലും നടന്നുകയറി വോട്ടുചോദിക്കേണ്ട കാര്യമൊന്നുമില്ല. വോട്ടുകള്‍ മൊത്തമായി വിലയ്ക്കു വാങ്ങിയാല്‍ മതി. അതിനായി ചില കടകള്‍ തുറന്നുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ കഷ്ടപ്പെട്ട് കത്തും അഭ്യര്‍ഥനയുംകൊണ്ട് വീടുകയറിയാലേ വോട്ടുകിട്ടൂ. കോണ്‍ഗ്രസായാല്‍ മൊത്തവ്യാപാരികളെ കണ്ട് കച്ചവടം ഉറപ്പിച്ചാല്‍ മതി. പിറവത്ത് അങ്ങനെയുള്ള ചില കച്ചവടങ്ങള്‍ മുല്ലപ്പെരിയാറിലൂടെ ഒഴുകിവരുമെന്ന് ഉമ്മന്‍ചാണ്ടിക്കു കരുതാം. അതാണ് അധുനാധുന രാഷ്ട്രീയപ്രവര്‍ത്തനം.

*
ഒ അബ്ദുറഹ്മാന്‍ എന്ന മാധ്യമം പത്രാധിപര്‍ പച്ചക്കുതിരപ്പുറത്തേറി പറയുന്നത് നോക്കൂ:

"ഇപ്പോഴുള്ള മാതൃഭൂമിയുടെ നിലപാടുകള്‍ പലപ്പോഴും സംശയമാണ്. അതായത്, അതിന്റെ മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ കൂടെ നിന്നപ്പോള്‍ മാതൃഭൂമി പത്രത്തിന് ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം യുഡിഎഫിലേക്ക് പോയപ്പോള്‍ മാതൃഭൂമി പത്രത്തിന്റെ "സ്വഭാവം" യുഡിഎഫിന് അനുകൂലമായി. പല വാര്‍ത്തകളിലും അതു കാണാന്‍ കഴിയും. പിന്നെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ പത്രങ്ങളെ വിശകലനം ചെയ്യുന്നത് അത് ഏതു സമുദായത്തെ, ഏതു ജാതിയെ, ഏതു മതത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന പോയിന്റില്‍ നിന്നുകൊണ്ടായിരിക്കും. അങ്ങനെ പറയുമ്പോള്‍ സവര്‍ണ ഹിന്ദുക്കളുടെ പത്രമാണ് മാതൃഭൂമി. ക്രിസ്ത്യാനികളുടെ പത്രമാണ് "മനോരമ". ഈഴവരുടെ പത്രമാണ് "കേരളകൗമുദി". ഒരു മുസ്ലിം പത്രം എന്ന നിലയിലാണ് "മാധ്യമം" വിലയിരുത്തപ്പെടാറ്."

ഇതിലും വലുത് മറ്റെന്തുവേണം? ഈ സാധനങ്ങളാണല്ലോ പടച്ചോനെ നിഷ്പക്ഷ മഹാപക്ഷമെന്ന ലേബലൊട്ടിച്ച് മലയാളികള്‍ വെറുംവയറ്റില്‍ സേവിക്കുന്നത്.

ഒ അബ്ദുറഹ്മാന്‍ നിര്‍ത്തിക്കളയുന്നില്ല. "എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളിലും വലിയ മൂല്യശോഷണങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഒരുസോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രതിഫലനം മാതൃഭൂമി പത്രത്തിനുണ്ടാകണമെന്ന് എം പി വീരേന്ദ്രകുമാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും സംശയാസ്പദമാണ്."

ഇതാണ് ശരിയായ കഥ. വീരന് സോഷ്യലിസം വേണ്ടാതായതുപോലെ മാതൃഭൂമിക്ക് സത്യസന്ധതയും വേണ്ട.

*
വാല്‍ക്കഷണം:

ആശുപത്രികളിലെ അത്യാഹിത വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസി, വെന്റിലേറ്റര്‍ എന്നീ തീവ്രപരിചരണ വിഭാഗങ്ങളുടെ സേവനം മുടക്കി സമരം നടത്തിയാല്‍ അതിനു ജീവന്റെ വില നല്‍കേണ്ടിവരും. അത്യാഹിത യൂണിറ്റുകളുടെ പ്രവര്‍ത്തനം മുടക്കിയുള്ള സമരങ്ങളെ ഐഎംഎ അനുകൂലിക്കുന്നില്ല. ജനാധിപത്യരീതിയില്‍ ഒട്ടേറെ സമരമാര്‍ഗങ്ങളുണ്ട്. വ്യവസ്ഥാപിത മാര്‍ഗങ്ങളായ നിവേദനങ്ങള്‍ , ജാഥകള്‍ , ധര്‍ണകള്‍ , ചര്‍ച്ചകള്‍ എന്നിവയാണു പ്രാരംഭമുറകള്‍ . ഇവ വിജയിക്കാതെ വന്നാല്‍ മാത്രമേ പണിമുടക്കാവൂ- ഡോ. ജെ രാജഗോപാലന്‍നായര്‍ , പ്രസിഡന്റ്, ഐഎംഎ.

ഇത് നേഴ്സുമാര്‍ക്ക് മാത്രം ബാധകം. ഡോക്ടര്‍മാര്‍ക്ക് അടുപ്പിലും ആകാം. അതാണ് മെഡിക്കല്‍ എത്തിക്സ്.

Sunday, February 12, 2012

ഇവന്റ് മാനേജ്മെന്റ്

മാന്യത എന്നത് ഇലയില്‍പൊതിഞ്ഞ് ചേര്‍ത്തലച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച ജൈവ ഉല്‍പ്പന്നമാകുന്നു. രാത്രി കിടക്കുമ്പോഴും വെളുപ്പിന് കോഴി കൂവുന്നതിന് മുമ്പും ഓരോ കഴഞ്ച് മാന്യത പച്ചവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ പഴയ സുറുമക്കഥപോലെ ഫലംകിട്ടും. പല്ലുപോയ കിഴവി കണ്ണില്‍ തെല്ലുസുറുമയെഴുതിയപ്പോള്‍ മധുരയൗവനം നേടി മാരനെ വീണ്ടും തേടിയതുപോലെ. വന്നുവന്ന് മാന്യതയുടെ അളവ് അല്‍പ്പം കൂടിയിരിക്കുന്നു. അല്‍പ്പം, അല്‍പ്പന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ശ്രദ്ധിച്ചേ ഉപയോഗിക്കാവൂ. എ കെ ജി എന്ന കേരളത്തിന്റെ മഹാനായ നേതാവിനെ മുന്‍കാലപ്രാബല്യത്തോടെ അവഹേളിക്കുകയും പാവപ്പെട്ടവന് കിടപ്പാടം നേടിക്കൊടുത്ത മിച്ചഭൂമിസമരത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത് അല്‍പ്പത്തമല്ല, അനല്‍പ്പത്തമാണ്.
സോവിയറ്റ് യൂണിയനില്‍ കോളറയായും വസൂരിയായും ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും വന്നപ്പോള്‍ ചേര്‍ത്തലയില്‍ ആഘോഷം നടന്നു. അന്ന് കേട്ട പ്രസംഗത്തില്‍ "ഗോര്‍ബച്ചേവേ, തളരേണ്ട, പതറേണ്ട, ഞങ്ങളുണ്ട് കൂടെ" എന്ന മാന്യമായ പ്രഖ്യാപനവും ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ എന്ന മഹാസ്തംഭത്തെ തകര്‍ക്കുന്ന ഉടന്‍കൊല്ലിപ്പരിപാടിക്ക് ഹല്ലേലുയ്യ പാടാന്‍ കുറച്ചൊന്നും മാന്യത പോരാ. പര്യായം നോക്കുമ്പോള്‍ മാന്യതയെ ഡാങ്കേയിസം, കോണ്‍ഗ്രസ് പ്രണയം എന്നെല്ലാം വിളിക്കാം എന്നത്രെ ദിവാകരപണ്ഡിതരുടെ ഭാഷാജ്ഞാനം. ഇനി എവിടെ കണ്ടാലും ആദരവോടെ മാന്യശ്രീപാദ് അമൃത് ഡാങ്കേ ദിവാകര്‍ജി എന്ന് ആര്‍ക്കും വിളിക്കാം. ആ വിളിയില്‍ ഒട്ടുമുണ്ടാകില്ല അഹന്തയും ധിക്കാരവും. അല്ലെങ്കിലും ആ രണ്ട് വാക്കുകളും ദിവാകര്‍ജിക്ക് ചതുര്‍ഥിയാണ്. മാന്യമായ ചിരി, മാന്യമായ വാക്ക്, മാന്യത തുള്ളിത്തുളുമ്പുന്ന പെരുമാറ്റം എന്നിവ സമംചേര്‍ത്ത് ആറ്റിക്കുറുക്കിയെടുത്താല്‍ കിട്ടുന്ന മരുന്നിന് ദിവാകരാദി കഷായം എന്ന് പേരിടാം.

ശത്രുക്കളായാലും വീട്ടില്‍വരുന്നവരെ അപമാനിക്കരുത് എന്നത് മാന്യതയുടെ പരിധിയില്‍പെടാത്ത പൊട്ടപ്രമാണമാകുന്നു. ശത്രു വീട്ടില്‍വന്നാലും ആശുപത്രിയില്‍ വന്നാലും ആട്ടിയിറക്കാം; അവഹേളിക്കാം. എ കെ ആന്റണി തൊണ്ണൂറ്റിയാറില്‍ നിയമസഭയിലേക്കാണ് മത്സരിച്ചത്. എതിരാളി ആന്റണിയേക്കാള്‍ മാന്യന്‍ . ആ ഒന്നര മാന്യന് ഒരപകടം പറ്റി ആശുപത്രിയിലായി. ആന്റണി സന്ദര്‍ശനത്തിന് ചെന്നു. വളരെ മാന്യമായി സ്വീകരിച്ചു-നാടകം വേണ്ട, എനിക്ക് കാണാന്‍ താല്‍പ്പര്യമില്ല എന്ന മഹദ്വചനത്തോടെ ഇറക്കിവിടുകയുംചെയ്തു. ഞാന്‍ വലിയവനാണ് എന്ന് കാണിക്കാന്‍ ചിലര്‍ മസില്‍ പെരുപ്പിക്കും. മറ്റുചിലര്‍ വലിയ വര്‍ത്തമാനം പറയും. എനിക്കും ആപ്പീസര്‍ക്കും കൂടി പന്തീരായിരം ശമ്പളമുണ്ടെന്ന് ലാസ്റ്റ്ഗ്രേഡുകാരന്‍ പറഞ്ഞാല്‍ നാം അതിലെ സമത്വമാണ് കാണേണ്ടത്. അല്ലാതെ, രണ്ടായിരം വാങ്ങുന്നയാളെ തരംതാഴ്ത്താന്‍ ഒരുമ്പെടരുത്. സമത്വസുന്ദരലോകമാണ് സ്വപ്നത്തില്‍ വിരിയുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. ആ ലോകത്ത് ആനയെയും ആടിനെയും ഒരേതൊഴുത്തിലാണ് കെട്ടുക. അവിടെ ആട്ടിന്‍കുട്ടി ആനക്കൊമ്പനെ അളിയാ എന്ന് വിളിക്കും. കഷണ്ടിയും കുശുമ്പുമൊന്നുമില്ലാത്തതാണ് ആ ലോകം. ഇവ്വക തത്ത്വങ്ങള്‍ മനസ്സിലാക്കാത്തവരാണ് എന്തുപറഞ്ഞാലും വിവാദം സൃഷ്ടിക്കുന്നത്.

എങ്ങനെയാണ് ഒരുകക്ഷിയുടെ വലുപ്പം അളക്കുക എന്നുപോലും സിന്‍ഡിക്കറ്റുകാര്‍ക്ക് നിശ്ചയമില്ല. എണ്‍പത്തഞ്ച് അംഗ സംസ്ഥാന കമ്മിറ്റിയുള്ള കക്ഷി എണ്‍പത്തൊന്‍പതംഗങ്ങളുള്ള കക്ഷിയെ കുഞ്ഞനിയാ എന്നല്ല, വലിയേട്ടാ എന്നാണ് വിളിക്കേണ്ടത്. അല്‍പ്പം വളര്‍ച്ച കുറഞ്ഞാലും വിളര്‍ച്ചയുണ്ടെങ്കിലും ഏട്ടന്‍ ഏട്ടന്‍തന്നെയാണ്. ഇടതുപക്ഷ ഐക്യം എന്ന കടമ അനിയന്‍ നിര്‍വഹിച്ചുകൊള്ളണം. വോട്ടുപിടിത്തവും ജയിപ്പിക്കലും കഷ്ടപ്പാടുമെല്ലാം അനിയന്റെ ഡിപ്പാര്‍ട്ടുമെന്റാണ്. ജയിച്ചാല്‍ ഏട്ടന്‍ വന്ന് വേണമെങ്കില്‍ കസേരയിലിരിക്കും. ഭരണത്തിന്റെ ഭാരം ചുമക്കുക എന്ന ത്യാഗം ആ കസേരയില്‍ നിര്‍വഹിക്കപ്പെടും. അഥവാ തോറ്റാല്‍ അനിയന്‍ തോല്‍പ്പിച്ചു എന്ന് പ്രഖ്യാപിക്കും.

മൂപ്പ് കൂടുതലുള്ളതുകൊണ്ട് ജനപിന്തുണയ്ക്ക് ഒട്ടും കുറവില്ല. പരമ്പരപരമ്പരയായുള്ള വളര്‍ച്ചയാണ്. യുവജനനേതാവിന്റെ പിതാവ് പാര്‍ടിയെ നയിക്കും. മാതാവ് മഹിളാമുന്നണിയെ, അനിയന്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തെ, അമ്മാവന്‍ തൊഴിലാളി സംഘടനയെ നയിക്കും. അളിയന് പത്രത്തിന്റെയും അമ്മായിഅപ്പന് കര്‍ഷകസംഘത്തിന്റെയും ചുമതല കൊടുക്കും. കുടുംബയോഗം ഒരുദിവസം ഉന്നതതല കമ്മിറ്റിയും മറ്റൊരു ദിവസം സമ്മേളനവുമാകും. ഏതെങ്കിലും സംഘടനയ്ക്ക് നേതാവില്ലെന്നുവന്നാല്‍ റോഡില്‍ചെന്ന് നില്‍ക്കും. അടുത്ത വീട്ടില്‍നിന്ന് പുറന്തള്ളുന്ന വെയിസ്റ്റിനെ നേതാവിന്റെ കുപ്പായമിടീക്കും. മാലിന്യപ്രശ്നം രൂക്ഷമായ കാലത്ത് ഇങ്ങനെ കിട്ടുന്നതിന്റെ അളവ് തുലോം കൂടുതലാണ്. സമരംചെയ്യാന്‍ ആളെക്കിട്ടാതെവന്നാല്‍ പത്രക്കാരെ വിളിച്ചുവരുത്തി മതിലുചാടിക്കടന്നും വലിയവായില്‍ കരഞ്ഞും നാലുപേരുടെ തീവ്രസമരം നടത്തി കരുത്ത് തെളിയിക്കും. നഞ്ചെന്തിന് നാനാഴി എന്നാണ്. ആളെക്കൂട്ടാന്‍ കഴിയുന്ന പാര്‍ടി, സെക്രട്ടറിയേറ്റ് വളയും. മാന്യതയുള്ള പാര്‍ടിക്കാര്‍ സെക്രട്ടറിയറ്റില്‍ കയറി സര്‍ക്കാര്‍ സെക്രട്ടറിയുടെ ചേംബര്‍ വളയും. രണ്ടും വളയല്‍തന്നെ.

*
ഇത്രയൊക്കെ ലോകകാര്യങ്ങള്‍ പറഞ്ഞിട്ടും യഥാര്‍ഥ സംഗതിയിലേക്ക് വന്നിട്ടില്ല. ഇവന്റ് മാനേജ്മെന്റാണ് വിഷയം. സ്വന്തമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പണംകൊടുത്ത് ചെയ്യിക്കുന്നതാണ് ഇവന്റ് മാനേജ്മെന്റ്. ജനസ്വാധീനമില്ലാത്ത, പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞ പാര്‍ടികള്‍ക്ക് സമ്മേളനം നടത്താനും പ്രകടനം നടത്താനുംവരെ ഇവന്റ് മാനേജ്മെന്റുകാരെ ആശ്രയിക്കേണ്ടിവരും. കേരളത്തില്‍ തൃശൂരും കൊല്ലത്തും മാത്രം കുറച്ച് പ്രവര്‍ത്തകരുള്ള ദുര്‍ബലമായ പാര്‍ടിയായതുകൊണ്ട് സിപിഐ എമ്മിന് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം നടത്തണമെങ്കില്‍ അങ്ങനെയുള്ളവരെ ആശ്രയിച്ചേ മതിയാകൂ. സിപിഐ എന്ന പാര്‍ടിക്ക് കൊടികുത്താനും ബോര്‍ഡുവയ്ക്കാനും പന്തലിടാനും തോരണവും കമാനവും ഉണ്ടാക്കാനും പ്രകടനം നടത്താനും ലക്ഷംലക്ഷം അണികളുള്ളതുകൊണ്ട് അങ്ങനെയൊരു പ്രശ്നമേ ഇല്ല.

തിരുവനന്തപുരത്ത് എല്ലാം ഇവന്റ് മാനേജമെന്റുകാരാണ് നടത്തിയതെന്ന് ചന്ദ്രപ്പന്‍ സഖാവിന് പിന്നാലെ ബിനോയ് വിശ്വം എന്ന അഖിലലോക നേതാവും പറഞ്ഞിരിക്കുന്നു. ഒരേസമയം പത്രാധിപരും പാര്‍ടി നേതാവും നല്ല തങ്കപ്പെട്ട പണക്കാരില്‍നിന്ന് മാത്രം ജനയുഗത്തിന് ഫണ്ട് പിരിച്ച യുവകോമളനും പോഴത്തം എന്തെന്നറിയാത്ത ഭരണനിപുണനുമായ ബിനോയ് വിശ്വത്തിന്റെ കഴിവിനെ ഇകഴ്ത്തിക്കണ്ടവര്‍ ലജ്ജിക്കട്ടെ. തിരുവനന്തപുരത്ത് കാല്‍ലക്ഷം റെഡ് വളന്റിയര്‍മാര്‍ വന്നതും രണ്ടുലക്ഷം ബഹുജനങ്ങള്‍ റാലി നടത്തിയതും നഗരം ചുവന്നതും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മിടുക്കുകൊണ്ടാണെന്ന കണ്ടെത്തലിന് ആ മഹാനായ നേതാവിനെ കുറ്റപ്പെടുത്താന്‍ പാടില്ല.

തിയറിയാണ് യഥാര്‍ഥരാഷ്ട്രീയം. നാദാപുരത്ത് ബിനോയ് വിശ്വം ജയിച്ചത് സിപിഐയുടെ വോട്ടുകൊണ്ട് മാത്രമായിരുന്നു എന്നതാണ് ശരിയായ തിയറി. ചരിത്രപരമായ ഇവന്റ്് മാനേജ്മെന്റ് കേരളത്തില്‍ സംഭവിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് യഥാര്‍ഥ ജനശക്തിയുടെ രാഷ്ട്രീയക്കാര്‍ ഭരണത്തിലും സിപിഐ എമ്മുകാര്‍ ജയിലിലുമായിരുന്നു. രാജനെ ഉരുട്ടിക്കൊന്ന പൊലീസ് മന്ത്രിയെ നയിച്ച മുഖ്യമന്ത്രി മുമ്പരില്‍ മുമ്പന്‍ . അടിയന്തരാവസ്ഥയുടെ മധുരമനോജ്ഞ കഥകള്‍ വലതുവശത്തെ അറകളില്‍ ചിതലരിക്കാതെ കിടക്കുന്നുണ്ടാകും. ഭട്ടിന്‍ഡയില്‍ ചെന്ന് തെറ്റുതിരുത്തിയതിനെപ്പോലും അംഗീകരിക്കാതെ ഡാങ്കേജി നമ്മുടെ ജി എന്ന് മുദ്രാവാക്യം മുഴക്കിയവര്‍ക്കുള്ളതാണ് പുതിയകാലത്തെ സംശുദ്ധരാഷ്ട്രീയത്തിന്റെ സര്‍ട്ടിഫിക്കറ്റ്.

*
സിപിഐ സമ്മേളനത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. അവര്‍ സമ്മേളനം നടത്തി ശക്തിതെളിയിച്ച് പോയാല്‍ ആര്‍ക്ക് എന്ത് ചേതം. പറഞ്ഞത് ചേര്‍ത്തല ഡാങ്കേയാണ്. അനന്തപുരി ചുവന്നു, സിപിഐ എം സമ്മേളനത്തിന് വന്‍ ഒരുക്കം എന്നെല്ലാം വാര്‍ത്ത വരുന്നതുകണ്ടപ്പോള്‍ തോന്നിയ അസ്ക്യത മാതൃഭൂമി പത്രത്തിന്റെ ലേഖകനെ വിളിച്ചുവരുത്തി വിളമ്പിക്കൊടുത്തു. മറ്റേച്ചെകിടും കാണിച്ചുകൊടുക്കുന്ന ഗാന്ധിജി സിപിഐ എമ്മിന്റെ നേതാവല്ലാത്തതുകൊണ്ട് മറുപടി ഉരുളയ്ക്കുപ്പേരിയായി വന്നു. അതാണ് പ്രശ്നം.

ഇടതുപക്ഷ ഐക്യം എന്തായാലും വേണം. പി ടി തോമസ് സ്വപ്നംകാണുന്നത് വലതുപക്ഷ ഐക്യമത്രെ. ബിനോയ് വിശ്വത്തിന്റെ കിനാവ് എന്താണാവോ. കെഎസ്യുവിന്റെ പിന്തുണയോടെ ബിനോയ് കോളജ് യൂണിയന്‍ ചെയര്‍മാനും ചന്ദ്രപ്പന്‍ കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി പാര്‍ലമെന്റംഗവുമായപ്പോള്‍ സിപിഐ എം നേതാക്കള്‍ കോണ്‍ഗ്രസുകാരന്റെയും പൊലീസിന്റെയും തല്ലുകൊള്ളുകയായിരുന്നു. ഒറ്റുകൊടുത്ത് തല്ലിച്ചവരെ ഒന്നിച്ചുകൂട്ടിയത് ഇടതുപക്ഷ ഐക്യത്തിന്റെ മഹത്വം. എന്നിട്ട് ഇപ്പോള്‍ എ കെ ജിയെവരെ ഭര്‍ത്സിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതുതന്നെ, മുന്നണിമര്യാദയും മാന്യതയും.

*
പിന്‍കുറിപ്പ്:

ചന്ദ്രപ്പളുങ്ക് മണിമാല എന്ന പാട്ട് വയലാര്‍ എഴുതിയതാണ്. ചിത്തിരത്തോണി തുഴഞ്ഞുവരുന്നൊരു ചിത്രപ്പണിക്കാരനെ ഉമ്മന്‍ചാണ്ടിയും പി ടി തോമസും സ്വപ്നംകാണുന്നുണ്ട്. ഇതിലും വലുതൊക്കെ എത്രയോ നടന്നിരിക്കുന്നു. "വെക്കെട വലതാ ചെങ്കൊടി താഴെ" എന്ന് പണ്ട് മുദ്രാവാക്യം ഉയര്‍ന്നിട്ടുണ്ട്. പകരമായി ചൈനാചാരന്മാരാക്കി മാര്‍ക്സിസ്റ്റുകാരെ ജയിലിലടപ്പിച്ചിട്ടുണ്ട്. ഈ ഒരു ഇവന്റ് മാനേജ്മെന്റ് കൊണ്ട് ചില്ലറ തീപ്പൊരികളുണ്ടാകുമെന്നല്ലാതെ അതിന്റെ ചൂടുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അടുപ്പിലെ പരിപ്പ് വേവൂല്ല.

Monday, February 6, 2012

പുതിയ മുഖങ്ങള്‍

ഉപ്പോളം വരുമോ ഉപ്പിലിട്ടതെന്ന ചോദ്യം ന്യായം. പള്ളിയോളം വരുമോ പള്ളിപ്പത്രം എന്നുമാത്രം ചോദിക്കരുത്. പള്ളി കാണാത്തത് പള്ളിപ്പത്രം കാണും. പള്ളി പറയാത്തത് പള്ളിപ്പത്രം പറയും. പുതിയ മുഖങ്ങളുടെ കാലമാണിത്. ഇറ്റലിയില്‍നിന്നോ മറ്റോ ഒരു കുടുംബത്തെ കൊണ്ടുവന്ന് കുടിയിരുത്തി തൊഴിലെടുപ്പിച്ചാണ് ആസ്ഥാന പള്ളിപ്പത്രം പുതിയ മുഖംമൂടി പണിതത്. അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കുര്‍ബാന ഞായറാഴ്ചയുടെ സുപ്രഭാതത്തില്‍. നെറ്റിയില്‍ ഒട്ടിച്ചത് അവസാനത്തെ അത്താഴത്തിന്റെ ചിത്രം. ഡാവിഞ്ചി വരച്ച തിരുവത്താഴമല്ല- ഇന്റര്‍നെറ്റില്‍ ആരോ പ്രചരിപ്പിച്ച ഒരു രാഷ്ട്രീയ പാരഡി. ബറാക് ഒബാമയും സോണിയഗാന്ധിയും രാഹുലും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം മേശയ്ക്കരികിലിരുന്ന് സുഖഭോജനം നടത്തുന്ന ഗ്രൂപ്പ് ഫോട്ടോ. ഇത് മുതലാളിത്തത്തിന്റെ അവസാന അത്താഴമെന്ന് അടിക്കുറിപ്പ്. 'പാര്‍ടി പോസ്ററില്‍ ക്രിസ്തുവിനെ ഒബാമയാക്കി' എന്ന വാര്‍ത്തയ്ക്കൊപ്പമാണ് പള്ളിപ്പത്രം ഈ പാരഡിച്ചിത്രമടങ്ങിയ ബോര്‍ഡ് അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്താണ് ബോര്‍ഡ് വന്നതെന്ന് പത്രം മാലോകരെ അറിയിച്ചു. വായിച്ചവര്‍ കൌതുകത്തോടെ അങ്ങോട്ടുചെന്നു. അവിടെ അങ്ങനെയൊരു ബോര്‍ഡില്ല. കുറെ ദിവസംമുമ്പ് ഒരു ബോര്‍ഡ് വച്ചിരുന്നു; അപ്പോള്‍ത്തന്നെ എടുത്തുമാറ്റുകയും ചെയ്തു എന്ന് നാട്ടുകാരുടെ സാക്ഷ്യം. ആകെ കണ്ടവര്‍ പത്തോ നൂറോ.

പള്ളിപ്പത്രത്തിന് യേശുവിനോട് അദമ്യമായ സ്നേഹം ഉണ്ടാകണമല്ലോ. അതുകൊണ്ട് നൂറുപേര്‍ കണ്ട ബോര്‍ഡ് ലക്ഷങ്ങളെ കാണിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു. അങ്ങനെ പത്രം ചെല്ലുന്നിടത്തെല്ലാം യേശു അപമാനിക്കപ്പെട്ടു. തൃക്കണ്ണാപുരത്ത് ഒരു ബോര്‍ഡ് വച്ചാല്‍ മാറുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് എന്ന് ധരിച്ചുവശായ ചിലരും കോണ്‍ഗ്രസ് രക്തം സിരകളിലോടുന്ന മറ്റുചിലരും ചാടി റോഡിലിറങ്ങി. പള്ളിപ്പത്രംവക വിപ്ളവം അങ്ങനെ ആരംഭിച്ചു. പക്ഷേ ചീറ്റിപ്പോയി. ആദ്യം യേശുവിനെ അപമാനിച്ചത് ഈ പത്രംതന്നെയെന്നും ഇപ്പോള്‍ അപമാനിക്കല്‍ ആവര്‍ത്തിച്ചതിന്റെ കൂലിയും ഇവര്‍ക്കുതന്നെയെന്നും വെളിപ്പെട്ടപ്പോള്‍ വലിച്ചുപൊട്ടിച്ച റബര്‍ബാന്‍ഡുപോലെ ചുരുണ്ടുപോയി പുതിയ മുഖമുള്ള നമ്മുടെ ജേര്‍ണല്‍ ഓഫ് ചര്‍ച്ച്.

കുരിശിലേറ്റപ്പെട്ട ക്രിസ്തുവിനൊപ്പം വി പി സിങ്ങിനെ ക്രിസ്തുവാക്കി പണ്ട് ഒരു ദുഃഖവെള്ളിയാഴ്ച നാളില്‍ തിരുച്ചിത്രം വക്രീകരിച്ച പാരമ്പര്യമോര്‍ത്തുകൊണ്ടാകാം പുതിയ മുഖത്തിന്റെ തിരുപ്പിറവിക്ക് ഞായറാഴ്ചതന്നെ തെരഞ്ഞെടുത്തത്. അന്നാകുമ്പോള്‍ പള്ളിയില്‍ ആളുകള്‍ വരും; പുതിയമുഖം കാണും. കണ്ടാല്‍ വികാരം കത്തിജ്വലിക്കും. വിമോചന സമരകാലത്തെന്നപോലെ കുഞ്ഞുങ്ങളും കൂടുംകുടുക്കയും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കും. അതോടെ മാര്‍ക്സിസ്റുകാര്‍ ഇരുന്നുപോകും- കോട്ടയത്തെ മലര്‍പ്പൊടിക്കാരന്‍ ഇത്രയും സ്വപ്നമൊക്കെ ന്യായമായും കണ്ടിരുന്നു.

ക്രിസ്തു വിമോചകനാണെന്ന് പിണറായി പറഞ്ഞപ്പോള്‍, പിണറായി പറഞ്ഞത് തെറ്റ് എന്നാണ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്. അപ്പോള്‍ ഏതാണ് ശരി? യേശു വിമോചകനല്ല എന്നതോ? ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാര്‍ത്ഥനയ്ക്കുശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തില്‍നിന്നു മടങ്ങുന്ന പരീശനെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്. രമേശില്‍നിന്ന് പരീശനിലേക്കുള്ള ദൂരം എത്രയാണാവോ. ദൈവനിന്ദ കാട്ടി എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഒരു കവലയില്‍ ഏതാനും നിമിഷം ആരെങ്കിലും ഒരു ബോര്‍ഡുവച്ചാല്‍ നിന്ദിക്കപ്പെടുന്ന മഹത്വമേ യേശുക്രിസ്തുവിനുള്ളൂ എന്ന് ധരിക്കുന്നതിനേക്കാള്‍ വലിയ യേശുനിന്ദ വേറെ ഏതുണ്ട്? യേശുവിനെ ഒബാമയാക്കി ബോര്‍ഡുവന്നത് കൊടുംപാതകം; കര്‍ത്താവിനെ വി പി സിങ്ങാക്കി നാടായ നാട്ടിലെല്ലാം കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച പള്ളിപ്പത്രത്തിന്റെ പണി ഏത് ഗണത്തില്‍ വരും?

മാര്‍ക്സിസ്റുകാര്‍ യേശുവിന്റെ പോസ്റര്‍ വച്ചു എന്ന വാര്‍ത്ത വായിച്ച് തലസ്ഥാനത്തെ ഒരു വികാരി പ്രദര്‍ശനം കാണാന്‍ പോയി. കണ്ട് തൃപ്തിപ്പെട്ട് പിറ്റേന്ന് പള്ളിയില്‍ കുര്‍ബാന സമയത്ത് ചോദിച്ചു; മാര്‍ക്സിസ്റുകാര്‍ യേശുവിനെ ആദരിക്കുന്നതില്‍ ഇവര്‍ക്കെന്താണിത്ര വിഷമം എന്ന്. സംഗതി അതാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് തിരിച്ചറിവുണ്ട്; പള്ളിക്കും ഉണ്ട്. അതുകൊണ്ട് വന്ദ്യവയോധിക പുരോഹിതര്‍ പള്ളിപ്പത്രത്തിന് കൂട്ടുപാടിയില്ല. എന്നിട്ടും പക്ഷേ പുതിയ മുഖവുമായി പത്രം നടനം തുടരുകയാണ്. അതല്ലാതെ നിവൃത്തിയില്ല. പുതുപ്പള്ളിക്കാരന്‍ കുഴപ്പത്തിലാണ്.

*
കണ്ണൂരിലെ വീരനായകന്‍ കോണ്‍ഗ്രസില്‍ ഗുണ്ടാപ്പിരിവിനിറങ്ങിയതും പോസ്റര്‍വിപ്ളവത്തിന് നേതൃത്വം നല്‍കിയതും പൊലീസില്‍നിന്ന് പടയാളികളെ വാടകയ്ക്കെടുത്തതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നവചൈതന്യം നല്‍കുന്ന കാലമാണ്. പൊലീസിനെ ആഭ്യന്തരമന്ത്രി ഭരിക്കണോ ഗുണ്ടാനേതാവ് ഭരിക്കണോ എന്ന പ്രത്യയശാസ്ത്ര പ്രമേയമാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്. മാര്‍ക്സിസ്റുകാര്‍ വെറും സമ്മേളനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മേളനം നടത്തും. ജോസഫ് വടക്കോട്ടും ജോര്‍ജ് തെക്കോട്ടും നടക്കുന്നു. കുഞ്ഞാലിക്കുട്ടി പടിഞ്ഞാട്ടാണ് നടപ്പെങ്കില്‍ ബഷീര്‍ കിഴക്കുനോക്കുന്നു. പിറവത്തെ ഫലം വന്നാല്‍ ഭരണം വീഴുമെന്ന് ചില കണിയാന്മാര്‍ പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ഒരുകൈ സഹായിക്കണമെന്ന് പള്ളിപ്പത്രത്തിന്റെ റബര്‍ മാനേജ്മെന്റിന് തോന്നുന്നതില്‍ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

*
പുതിയ മുഖങ്ങളുടെ കഥ തീരുന്നില്ല. സ്വന്തം പാര്‍ടിയെ നന്നാക്കുക, അതില്‍ ആളെച്ചേര്‍ക്കുക തുടങ്ങിയ പരമ്പരാഗതരീതികള്‍ വിട്ട് അന്യപാര്‍ടികളുടെ നല്ലനടപ്പിന് ഇവന്റ് മാനേജ്മെന്റ് ക്വട്ടേഷന്‍’നല്‍കുന്ന പുതിയ രീതിയും മുഖവും കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഉദയംചെയ്തു. ഒരു നേതാവിന് ഒരു സുപ്രഭാതത്തില്‍ സംശയം- താന്‍ ഇടതാണോ വലതാണോ എന്ന്. എണീറ്റയുടനെ പത്രലേഖകനെ വിളിച്ച് ചിന്താമുകുളങ്ങളും സന്ദേഹകാവ്യവും പങ്കുവച്ചു. ഒന്നിച്ചു നില്‍ക്കുന്ന പാര്‍ടി മഹാമോശം- അവരുടെ സമ്മേളനത്തില്‍ ജനങ്ങള്‍ കൂടുന്നു. അവരുടെ വാര്‍ത്തകള്‍ പത്രങ്ങള്‍ ആഘോഷിച്ച് കൊടുക്കുന്നു. അവര്‍ പ്രദര്‍ശനം മാത്രമല്ല അതിനൊപ്പം ഭക്ഷ്യമേളയും നടത്തുന്നു. അവിടെ കരിമീനുണ്ട്. നമ്മുടെ പാര്‍ടിക്കാര്‍ക്ക് കരിമീന്‍ കഴിച്ചാല്‍ വയറിളകും. കുടുംബശ്രീക്കാരുടെ ചായ പറ്റുകയേ ഇല്ല. ഇതാണോ കമ്യൂണിസം? ഇതാണോ ആദര്‍ശം? അതുകൊണ്ട് ഞാനും എന്റെ പാര്‍ടിയും സിന്ദാബാദ്. മറ്റേപ്പാര്‍ടി തുലയട്ടെ എന്ന്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആട്ടെ, പോട്ടെ എന്ന് എല്ലാവരും കരുതി. അവഗണനയും നല്ല മരുന്നാണല്ലോ. ഇവിടെ അവഗണന വളമായി. അല്‍പ്പസ്വല്‍പ്പം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആരായാലും കൊതിച്ചുപോകും. നേരെ ചൊവ്വെ എന്തെങ്കിലും പറഞ്ഞാല്‍ ചാനലുകാര്‍ തിരിഞ്ഞുനോക്കില്ല. അച്ഛന്‍ മോനെ തല്ലിയാല്‍ വാര്‍ത്തയില്ല. മോന്‍ അച്ഛനെ തല്ലണം. അതും ചെകിട്ടത്തുതന്നെ തല്ലണം. അപ്പോള്‍ വലിയ വാര്‍ത്തയാകും. തുണിയുടുത്തുനടന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഉടുതുണി ഉരിഞ്ഞ് നിരത്തിലിറങ്ങിയാല്‍ അക്കൊല്ലത്തെ വാര്‍ത്താപുരുഷനാകും. അങ്ങനെയൊക്കെ നിനച്ച് ഇറങ്ങിത്തിരിച്ചതാണ്. സ്വന്തം വീട്ടിലെ അടുപ്പില്‍ തീയുണ്ടോ അരി വേവുന്നുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല. ഭോജ്യങ്ങള്‍ അടുത്ത വീട്ടില്‍നിന്ന് സമയാസമയം എത്തിക്കൊള്ളും. ഇരുന്ന് ഭുജിക്കുന്ന കഷ്ടപ്പാടേ സഹിക്കേണ്ടതുള്ളൂ. പിന്നെ കമ്മിറ്റികളില്‍ ഇരിക്കണം. പണ്ട് കോവിലകത്തേക്ക് മോരുകൊണ്ടുപോയ കഥയുണ്ട്. ഒരു കുടം മോരുമതിയല്ലോ. അത് വീട്ടില്‍ കറവയുള്ളവര്‍ കൊണ്ടുവരും. അതില്‍ വെള്ളമൊഴിച്ചാലും നമുക്ക് കുഴപ്പമൊന്നുമില്ല.

വയറുനിറഞ്ഞാല്‍ എന്തെങ്കിലും ഒരു വിനോദം വേണമല്ലോ. അന്നം തരുന്നവനെ നോക്കി നാലു തെറിവിളിക്കുന്നതിനെയും ചില പുതിയ നിഘണ്ടുക്കളില്‍ ആദര്‍ശാത്മക രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് വിളിക്കും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ഒരു കലയാണ്. ആ കല അന്യംനിന്നുപോകാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരശ്രദ്ധ കാണിക്കേണ്ടതുണ്ട്. കലാകാരന്മാരുടെ വംശം കുറ്റിയറ്റുപോകാതിരിക്കാന്‍ അവശകലാകാര പെന്‍ഷന്‍ എങ്കിലും അനുവദിക്കണം.