Sunday, December 23, 2012

മന്‍മോഹന്റെ അന്തക കലണ്ടര്‍

മായന്‍ കലണ്ടര്‍പ്രകാരം ലോകം അവസാനിച്ചില്ല. മായാവതിയുടെ കലണ്ടര്‍ ഉള്ളതുകൊണ്ട് യുപിഎ ഭരണവും അവസാനിച്ചില്ല. മായന്‍മാര്‍ പഴയ കൂട്ടരാണ്. സെപ്യിനുകാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തുംമുമ്പ് സ്വന്തമായ കലയും ശാസ്ത്രവും എഴുത്തും സാഹിത്യവുമെല്ലാമുണ്ടായിരുന്നവര്‍. അവരുണ്ടാക്കിയ കുറെ കലണ്ടറുകളിലൊന്നില്‍, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുശേഷം ദിവസമില്ല. ആ കലണ്ടറാണ് കഴിഞ്ഞ കുറെ ദിവസമായി ലോകത്താകെ ബ്ലാക്ക്മാന്‍ വേഷം കെട്ടിയാടിയത്. കറുത്ത കോട്ടിട്ട ബ്ലാക്ക്മാനായി ഒരു വലിയ ഗ്രഹം വന്നിടിച്ച് ഭൂമി തവിടുപൊടിയായിപ്പോകുമെന്നായിരുന്നു പ്രവചനം. ഇങ്ങനെ കുറെ വെള്ളിയാഴ്ച ഇതിനുമുമ്പും വന്നതാണ്. തുടര്‍ന്ന് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു, ശനിയാഴ്ചകളും വന്നു. ലോകാവസാനം പ്രവചിച്ച് നടക്കാതെ വരുമ്പോള്‍ "പ്രവാചകന്മാര്‍" മുങ്ങുന്നതാണ് പതിവ്. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുന്നതും ഗര്‍വിഷ്ഠന്‍ വിനീതനാക്കപ്പെടുന്നതുമായ ലോകാവസാനത്തെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. കാഹളത്തില്‍ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാല്‍ ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും ആകാശം പിളരുകയും ചെയ്യുമെന്ന് ഖുര്‍ ആനില്‍ കാണുന്നു. കലിയുടെ വരവോടെയാണ് ഹിന്ദു പുരാണങ്ങളിലെ ലോകാവസാനം. ഇസ്രയേലിന്റെ ശത്രുക്കള്‍ നിഗ്രഹിക്കപ്പെടുന്ന മുഹൂര്‍ത്തമാണ് ജൂതന്‍മാരുടെ ലോകാവസാനം. ഇങ്ങനെ, പലരും പലതായി കാത്തിരിക്കുന്ന മുഹൂര്‍ത്തത്തെ മായന്‍മാരുടെ ചെലവില്‍പെടുത്തി കച്ചവടംചെയ്ത വീരന്‍മാരെ പൂവിട്ടുപൂജിക്കുകതന്നെ വേണം.

എന്തായാലും പ്രതീക്ഷകളാകെ നശിച്ചുകഴിഞ്ഞു. ഇനിയൊരു ലോകാവസാനമുണ്ടാകുന്നുവെങ്കില്‍ അത് മൊത്തത്തിലുള്ള നാശം ആകാന്‍ ഇടയില്ല. വീകേന്ദ്രീകൃതമാണ് ഇനിയുള്ള പരിപാടിയെന്നു സാരം. ഇന്ത്യാ മഹാരാജ്യത്തെ അവസാനിപ്പിക്കാനുള്ള മന്‍മോഹന്‍ കലണ്ടര്‍ തയ്യാറായിട്ടുണ്ട്. കലിയായും പ്രളയമായും അഗ്നിവാതമായും സര്‍വനാശത്തിന്റെ ഭൂതഗണങ്ങള്‍ എന്ന് വരുമെന്നേ നോക്കേണ്ടതുള്ളൂ. ഒരുകണക്കിന് ഇനി ഒന്നും അവസാനിക്കാനില്ല എന്നും പറയാം. രാജ്യം പണയത്തിലാണ്്. ഡല്‍ഹിയില്‍ ബസ്യാത്രയില്‍ സാധാരണ ആണും പെണ്ണും ഒരു സീറ്റിലാണിരിക്കുക. ഇവിടത്തെപ്പോലെ തൊട്ടുനോട്ടവും തോണ്ടിക്കളിയുമൊന്നും അവിടെയില്ല. ഏതു പാതിരാവിലും ഏതുവേഷമണിഞ്ഞും സ്ത്രീകള്‍ പുറത്തിറങ്ങും. അങ്ങനെയുള്ള നാട്ടിലാണ് ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിക്കളഞ്ഞത്. ഇനി എങ്ങനെ സ്ത്രീകള്‍ ദില്ലി തെരുവിലൂടെ നടക്കും? ബസില്‍ കയറും? ഉത്തരം പറയേണ്ട മന്‍മോഹന്‍ജി മിണ്ടുന്നില്ല. കേന്ദ്രം നേരിട്ടു ഭരിക്കുന്ന ഡല്‍ഹിയില്‍പ്പോലും ഇതാണ് സ്ഥിതിയെങ്കില്‍ തിരുവഞ്ചൂരിന്റെ കേരളക്കാര്യം ചിന്തിച്ചിട്ടു കാര്യമില്ല.

തിരുവഞ്ചൂര്‍ അടിച്ചു പഠിക്കുന്നത് ലോക്കപ്പിനകത്താണെങ്കില്‍ ഡല്‍ഹിയിലെ പൊലീസിന്റെ പഠനവും പരീക്ഷണവും സമരക്കാരുടെ മുതുകത്താണ്. മരംകോച്ചുന്ന തണുപ്പത്ത് അതിനേക്കാള്‍ തണുത്ത വെള്ളംചീറ്റിയും ലാത്തി പ്രയോഗിച്ചും സമരക്കാരെ തല്ലിയോടിച്ചാണ് മുല്ലപ്പള്ളിയുടെ സ്വന്തംപൊലീസ് അരിശംതീര്‍ക്കുന്നത്. സകലരോഗ സംഹാരിയായ രാഹുല്‍ജിയെ നാട്ടിലൊന്നും കാണാനില്ല. ഈ പ്രശ്നത്തില്‍ ഇടപെട്ടുപോയാല്‍ നാട്ടിലെ സ്ത്രീലമ്പടന്മാരുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭീതിയുണ്ടാകും. അത്തരമൊരവസ്ഥമൂലം എഐസിസിയില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അതും പ്രശ്നമാണ്. ഹൈക്കമാന്റിന്റെ കരുത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ആ പെണ്‍കുട്ടിയെ കാണാനുള്ള ധൈര്യമില്ലപോലും. ആ നിലയ്ക്ക് രാഹുലില്‍ നിന്നും അത്തരം ധൈര്യം പ്രതീക്ഷിക്കേണ്ടതില്ല. പൊതുതെരഞ്ഞെടുപ്പ് വരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പച്ചതൊട്ടില്ല. ഹിമാചലിലെ നേട്ടം ഒരു നേട്ടവുമല്ല. ഇതേ മട്ടിലാണ് പോക്കെങ്കില്‍ കോണ്‍ഗ്രസിന്റെ ലോകാവസാനം ഒരുകൊല്ലംകൊണ്ട് സംഭവിക്കും. ലോക്സഭയില്‍ ജയിക്കാന്‍ സിബിഐയെക്കൊണ്ട് കണ്ണുരുട്ടിക്കാം, ചാക്കുകച്ചവടം നടത്താം. അത്രമാത്രം എളുപ്പത്തിലുള്ള യാത്രയ്ക്ക് പൊതുതെരഞ്ഞെടുപ്പില്‍ വഴിയില്ല.

മായാജാലവും മായാവതിയും മുലായത്തിന്റെ മുരളിച്ചയുമെന്നും ഫലംചെയ്യുമെന്നു തോന്നുന്നില്ല. അണ്ണ ഹസാരെ ഒന്ന് തൊട്ടുനോക്കിയപ്പോള്‍ അഴിമതി വിരുദ്ധവികാരം മലവെള്ളംപോലെ വന്നതാണ്. ആരുതൊട്ടാലും പൊട്ടുന്ന രോഷമാണ് നാട്ടുകാരുടെ മനസ്സിലെന്ന് അന്ന് തെളിഞ്ഞു. ഇന്നിതാ, ആരും തൊടാതെ തന്നെ ഇന്ത്യാ ഗേറ്റിനുചുറ്റുമാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്. തല്ലിയാലും വെടിവച്ചാലും പിരിഞ്ഞുപോകുന്നില്ല എന്നുറപ്പിച്ച് ആര്‍ത്തലയ്ക്കുന്ന യുവസാഗരം അടക്കിപ്പിടിച്ച ജനരോഷത്തിന്റെ മറ്റൊരു കുലംകുത്തിയൊഴുക്കാണ്. അത് ഏതുവഴിക്ക് പോകും, ആരെയെല്ലാം കടലിലെത്തിക്കുമെന്നൊന്നും പറയാനാവില്ല. അന്ന് ഹസാരെയും കെജ്രിവാളും കരുതിയത് തങ്ങളുടെ പ്രതാപംകൊണ്ടാണ് ജനം വരുന്നത് എന്നത്രെ. ഇന്ന് ഹസാരെയുമില്ല, ടീം അണ്ണയുമില്ല. ജനം വരുന്നത് ആരെയും കണ്ടിട്ടല്ല എന്നും ചുറ്റും നടക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ടാണെന്നും മനസിലാക്കാത്തവര്‍ക്ക് ഹസാരെയുടെ ഗതിവരും. തെരഞ്ഞെടുപ്പു വരുമ്പോള്‍ എല്ലാം ചേര്‍ത്ത് ജനങ്ങളങ്ങ് പ്രതികരിച്ചാല്‍ മന്‍മോഹന്‍ കലണ്ടറില്‍ യുപിഎ സര്‍ക്കാരിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെതന്നെ ലോകാവസാനം സംഭവിക്കും. മോഡിയുടെ താടികൊണ്ടൊന്നും പകരം വയ്ക്കാനാവുന്ന സ്ഥിതിയാവില്ല അത്. പിടിച്ചുകൊണ്ടുപോയി ആളെക്കൊന്ന് സ്വന്തം മോടി കൂട്ടുന്ന മോഡിത്വവും കട്ടുമുടിച്ച് കൊഴുക്കുന്ന യുപിഎയുടെ ആര്‍ത്തിയും ജനങ്ങള്‍ക്ക് ഒന്നുപോലെത്തന്നെ. രക്ഷപ്പെടാന്‍ വഴിയേതെന്ന് അപ്പോള്‍ അവര്‍ തിരക്കും; മൂന്നാമത്തെ വഴി കണ്ടെത്തുകയുംചെയ്യും. എന്നാലും സോണിയ മാഡത്തിന് ജോലി കുറയില്ല. സ്വന്തം നാട്ടില്‍നിന്ന് വിരുന്നുവരുന്നവരെ സല്‍ക്കരിക്കാനും പ്രത്യേക വിമാനത്തില്‍ തിരിച്ചയക്കാനും ഇവിടെ അവര്‍തന്നെ വേണമല്ലോ.

*

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ തിരിച്ചുപോയത് സ്വന്തം നാട്ടിലോ വീട്ടിലോ എന്തെങ്കിലും അത്യാഹിതം നടന്നിട്ടല്ല. ക്രിസ്മസ് ആഘോഷിക്കണം; അത് ഇറ്റലിയില്‍തന്നെ ആയിരിക്കണം എന്ന് അവര്‍ ആശിച്ചുപോയി. ഇവിടെ പള്ളിയും പട്ടക്കാരും പുല്‍ക്കൂടും ക്രിസ്മസ്കേക്കും കരോളും സാന്റയുമൊന്നും ഇല്ലാഞ്ഞിട്ടല്ല. കര്‍ത്താവ് ഇറ്റലിയിലാണ് താമസം എന്ന് കരുതുന്നതുകൊണ്ടുമല്ല. അവര്‍ക്ക് പോകണമെന്ന് തോന്നി; അവര്‍ പോയി. ഉമ്മന്‍ചാണ്ടി പറഞ്ഞത്, അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത കേന്ദ്രത്തിനാണ് എന്നത്രെ. അതിനര്‍ഥം കൊണ്ടുപോയതും കേന്ദ്രം എന്നാണ്. കേന്ദ്രത്തിലെ ആരാണ് ഇതിനുപിന്നില്‍ എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവിടെ ഒരു വയലാര്‍ രവിയുണ്ട്. ഗള്‍ഫ് നാടുകളിലെ തടവറകളില്‍ നൂറുകണക്കിന് ഇന്ത്യാക്കാരാണ് വെളിച്ചംകാണാതെ കഴിയുന്നത്. ആ പാവങ്ങളെക്കുറിച്ച് വയലാര്‍ജി കേട്ടിട്ടുപോലുമില്ല. ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരെക്കുറിച്ച് മുമ്പ് കേന്ദ്രം എഴുതിച്ചോദിച്ചപ്പോള്‍, പറയാന്‍ മനസ്സില്ല എന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരം. നമ്മുടെ നാട്ടില്‍നിന്ന് ജീവിക്കാനായി മണലാരണ്യത്തില്‍ചെന്ന് അറിഞ്ഞോ അറിയാതെയോ കേസില്‍പ്പെട്ട് തടവറയിലാകുന്നവരെ തിരിഞ്ഞുനോക്കാന്‍ സര്‍ക്കാരുമില്ല, യുപിഎ നേതൃത്വവുമില്ല; പ്രവാസികാര്യ മന്ത്രിയുമില്ല. കൊലപാതകം പിടിക്കപ്പെട്ട് അറസ്റ്റിലായ ഇറ്റലിക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ ഇവിടെ ഇറ്റാലിയന്‍ മന്ത്രിയും അംബാസഡറും പാടുകിടക്കുന്നു; പ്രത്യേക വിമാനം വരുന്നു. അവര്‍ക്ക് ഇവിടെ രാജകീയ ജീവിതം; അവിടെ രാജകീയ സ്വീകരണം. പണ്ട് ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ വി പി സിങ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളൊക്കെ വയലാര്‍ രവി, കെ പി ഉണ്ണികൃഷ്ണനോട് ചോദിച്ചെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ഇറ്റലിക്കാരെ തൊട്ടിലിലിട്ടും പ്രവാസി ഇന്ത്യക്കാരനെ ചക്കിലിട്ടും ആട്ടുന്ന ഭരണത്തിനുതന്നെ അടുത്ത വട്ടം പ്രവാസി വോട്ട് ഒന്നാകെ കിട്ടുമെന്ന് വയലാര്‍ജിക്ക് ന്യായമായും പ്രതീക്ഷിക്കാം.

*

മായന്‍ കലണ്ടറും മന്‍മോഹന്‍ കലണ്ടറും പോലെ ഒരെണ്ണം തട്ടിക്കൂട്ടാന്‍ ഈ കൊച്ചു കേരളത്തില്‍ നടക്കുന്ന ശ്രമം ശ്രദ്ധിക്കാതിരുന്നുകൂടാ. നമ്മുടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കലാകാരന്‍. ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന രാശിചക്രത്തിലൂടെ സൂര്യചന്ദ്രന്‍മാരും പഞ്ചതാരഗ്രഹങ്ങളും രാഹുകേതുക്കളും ഗുളികനും ലഗ്നവും സഞ്ചരിക്കുന്നതിന്റെ പൊരുള്‍ തിരുവഞ്ചൂരിന് മനഃപാഠമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനിക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്നറിയാനുള്ള ഗ്രഹനില പുള്ളിയുടെ പുസ്തകത്തിലുണ്ട്. ഒരേയൊരു പ്രശ്നം തിരുവഞ്ചൂരിന് കേതുവിന്റെ അപഹാരമാണ് എന്നതുമാത്രം. തന്റെ കലണ്ടര്‍കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയെ അവസാനിപ്പിക്കാം എന്നാണ് പ്രവചിച്ചിട്ടുള്ളത്. സംഹാര കാഹളം മുഴക്കുക മാത്രമല്ല; സിപിഐ എമ്മിന്റെ വനിതാ എംഎല്‍യെപ്പോലും വാഗ്ദൂഷ്യംകൊണ്ട് അഭിഷേകംചെയ്യാനും ടിയാനെ നിര്‍ബന്ധിക്കുകയാണ് കേതു.

കേസുകളില്‍ കുരുക്കുന്ന വല പണിയുന്നതിലാണ് പുത്തന്‍ പരീക്ഷണം. വടകരക്കേസ് ഒരുവിധം ഒതുങ്ങി വരുമ്പോള്‍ ജയകൃഷ്ണന്‍ കേസ്. നേതാക്കളുടെ പേര് പറയിപ്പിച്ചേ കേതു അടങ്ങുകയുള്ളൂ. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് പാരമ്പര്യമായി പതിച്ചുകിട്ടിയ തറവാട്ടു സ്വത്താണെന്ന് തോന്നിക്കുന്ന വികൃതിയും കേതുവിന്റേതുതന്നെ. ചിലര്‍ക്ക് ചിലതുകിട്ടിയാല്‍ പാതിരാത്രിവരെയൊന്നും കാത്തുനില്‍ക്കാതെ തന്നെ കുടപിടിക്കും. യുഡിഎഫ് സര്‍ക്കാരിനെ കാലപുരിക്കയക്കാനുള്ള വിഷം തിരുവഞ്ചൂരിന്റെ കൈയില്‍തന്നെയുള്ളതുകൊണ്ട് പ്രതിപക്ഷത്തിന്റെ പണി എളുപ്പമാകും. ആ കലണ്ടര്‍ ആ മുന്നണിയെ അവസാനിപ്പിക്കുമെന്ന് സാരം.

Sunday, December 16, 2012

ഇതുപോലൊരു നാറിയ ഭരണം

ചീഞ്ഞളിയുമ്പോള്‍ വലിച്ച് കുഴിച്ചിടണം. അല്ലെങ്കില്‍, ശീതീകരിച്ച മോര്‍ച്ചറിയിലേക്ക് മാറ്റണം. രണ്ടിലൊന്ന് ചെയ്തില്ലെങ്കില്‍ കേരളീയന്റെ ഗതി അധോഗതി. അരിക്കു വില നാല്‍പ്പതും നാല്‍പ്പത്തഞ്ചുമായി. ഭരണമാകട്ടെ, നാറിപ്പുഴുത്ത അരിപോലെയും. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും എന്ന പ്രവചനം തെറ്റ്; ജന്മം അന്തികൃസ്തുവിന്റേതാണ്. അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ എന്ന മുദ്രാവാക്യം പണ്ട് കോണ്‍ഗ്രസുകാരും വിളിച്ചിട്ടുണ്ട്. അന്ന് റേഷനരി വാങ്ങി മൂക്കുമുട്ടെ തിന്നാമായിരുന്നു. റേഷന്‍കടവഴി കോറത്തുണിയെങ്കിലും കിട്ടിയിരുന്നു. അധ്വാനിച്ച് ജീവിക്കാമായിരുന്നു. ഇന്ന് എല്ലുമുറിയെ അധ്വാനിക്കാം; അന്തസ്സായി ജീവിക്കാനാവില്ല. 40 രൂപയുടെ അരിയും റെഡിമെയ്ഡ് കടയിലെ തുണിയും വാങ്ങിയാല്‍ ജീവിതം തുലഞ്ഞതുതന്നെ.

റേഷന്‍കട പൂട്ടി കച്ചവടക്കാര്‍ നാടുവിടുന്നു. പകരം നാടായ നാട്ടിലാകെ അരിക്കട തുടങ്ങുമെന്നാണ് ഭക്ഷ്യമന്ത്രി പ്രസ്താവിച്ചത്. അന്വേഷിച്ചു ചെല്ലുമ്പോള്‍ മന്ത്രിയുടെ നാടായ പിറവത്തുപോലും തുറന്നിട്ടില്ല അരിക്കട. പകരം വീട്ടിലും ഓഫീസിലും കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്നത് "ഗാന്ധിത്തല"യാണ്; "ഒപ്പിന് കുപ്പി" സമ്പ്രദായം. കൗണ്ടറിന്റെ കാര്യംപറഞ്ഞ നേതാവ് പാര്‍ടിക്കു പുറത്തായെങ്കിലും കച്ചവടം ലാഭകരമായിത്തന്നെ നടക്കുന്നു. അതിന്റെ രക്ഷാകര്‍തൃത്വം മുഖ്യമന്ത്രിക്കായതുകൊണ്ട് അല്ലലുമലട്ടുമില്ല; നികുതിയും കൊടുക്കേണ്ട.

എന്തൊക്കെ പറഞ്ഞാലും ടി എം ജേക്കബ്ബിന് മൂടിക്കുടിക്കാനറിയാമായിരുന്നു. മകന് വലിച്ചു കുടിക്കാനേ അറിയൂ. അച്ഛന് ഒരു പാര്‍ടിയെ തീറ്റിപ്പോറ്റണമായിരുന്നു. മകന്റെ കാലം വന്നപ്പോള്‍ ആ പണി ജോണി നെല്ലൂര്‍ ഏറ്റെടുത്തു. പിതൃസ്വത്തായി കിട്ടിയ മന്ത്രിസ്ഥാനം വെറുതെ ഇരുന്നുകൊടുക്കാനുള്ളതാണ്. കൗണ്ടര്‍വഴി വരവ് നിര്‍ബാധം തുടരും. വല്ലപ്പോഴും നിയമസഭയില്‍ മുഖം കാണിക്കണം. നല്ല പാര്‍ലമെന്റേറിയന്‍ എന്ന പേരു കേള്‍പ്പിച്ച പിതാവിന്റെ പുത്രന് സഭയില്‍ എന്ത് നടക്കുന്നു എന്നതില്‍ തിട്ടമില്ല. താനവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ച കേള്‍ക്കാന്‍പോലും സമയമില്ല; മറുപടി പറയേണ്ടനേരവും ഹാജരില്ല. മകനേ കടന്നുവരൂ എന്ന് മുന്നുവട്ടം വിളിക്കാനും മുഖം രക്ഷിക്കാനും മാണിസാര്‍ തന്നെ വേണ്ടിവന്നു. മകന്‍ മന്ത്രിക്ക് സഭയിലെ ബില്ലിനേക്കാള്‍ മുഖ്യം കൗണ്ടറിലെ കച്ചവടംതന്നെ.

"എന്നുമെന്റെയീ ചിറകിന്റെ കീഴില്‍" നില്‍ക്കേണ്ടതല്ല "നിന്റെ ജീവിതം നിന്‍കാര്യംമാത്രം" എന്നു പറയാനുള്ള ഊക്ക് ഉമ്മന്‍ചാണ്ടിക്ക് ഇല്ലാതെ പോയി. അനൂപ് ജേക്കബ്ബിന്റെ തണലില്‍ ഉമ്മന്‍ചാണ്ടിയാണോ, അതോ തിരിച്ചോ എന്ന സന്ദേഹം മാനംമുട്ടി നില്‍പ്പുണ്ട്. അനൂപ് പിണങ്ങിയാല്‍ ഭരണത്തിന്റെ മൂക്ക് തെറിക്കും. ഗണേശന്‍ പിണങ്ങിയാലുമതേ. മുഖ്യമന്ത്രിക്ക് പേടിമൂലം ഉറങ്ങാന്‍ പറ്റുന്നില്ല. എപ്പോഴാണ് ആര്‍ക്കാണ് വേണ്ടാത്തത് തോന്നുക എന്നതിന് നിശ്ചയമേയില്ല. ഭരണംപോയാല്‍ തിരുവഞ്ചൂരിന്റെ ഗതിയെന്താകും എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല. പാവം സുധാകരന്‍ ഏതൊക്കെ കേസില്‍ ഏതെല്ലാം ജയിലില്‍ ഭജനയിരിക്കേണ്ടിവരും. വിജിലന്‍സിനും പൊലീസിനും പുതുപ്പള്ളി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സമയം കാണുമോ? കൊന്നാല്‍ പാപം തിന്നാല്‍ തീരുമെങ്കില്‍ എത്രയെത്ര മാലിന്യം തിന്നുതീര്‍ക്കേണ്ടിവരും.

ഉറക്കം കിട്ടാത്തത് ഒരു രോഗമല്ല- മഹത്വമാണെന്ന് "മ" മാധ്യമങ്ങള്‍ പറയും. ഉറങ്ങാത്ത മുഖ്യമന്ത്രി, വിശ്രമമില്ലാത്ത ഭരണാധികാരി, ഏതുനേരത്തും ആര്‍ക്കും ദര്‍ശനം എന്നെല്ലാം എഴുതിപ്പിടിപ്പിക്കുന്നവരുണ്ടോ അറിയുന്നു അങ്ങാടിവാണിഭം. പാവത്തിന് ഉറക്കംവരാത്തത് പാലംവലിക്കുന്നവരെ പേടിച്ചാണ് എന്നു തുറന്നുപറഞ്ഞുപോയാലോ, അത് മനോവീര്യം തകര്‍ക്കലാകും. അതുകൊണ്ട് മൗനമാണ് ഭൂഷണം.

അനൂപ് ജേക്കബ് "മികച്ച" മന്ത്രിയാവാന്‍ യോഗ്യന്‍ തന്നെ. പ്രധാനമത്സരം തിരുവഞ്ചൂരുമായിട്ടാകയാല്‍ ഒരു ഫോട്ടോഫിനിഷിന്റെ സ്വഭാവം വരും. ചെരുപ്പ് വച്ച് ഭരിക്കാന്‍ ഭരതന് പണ്ട് പ്രയാസമുണ്ടായിട്ടില്ല. തിരുവഞ്ചൂരും കെ സി ജോസഫും ഉമ്മന്‍ചാണ്ടിയുടെ പഴയ ചെരുപ്പടിച്ചുമാറ്റി മന്ത്രിക്കസേരയില്‍ അതിനെ പ്രതിഷ്ഠിച്ചാണ് ഭരണം നടത്തുന്നത്. അതുകൊണ്ട് അവരുടെ വകുപ്പുകളെ കുറ്റം പറയരുത്. ചെരുപ്പിനെ തെറിവിളിച്ചാല്‍ മതി. പൊലീസിനെ തല്ലുന്നതിനുപകരം ചെരുപ്പിനെ തല്ലണമെന്നര്‍ഥം.

എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ ലീഗിന്റെ വകുപ്പുകളിലേ ഉള്ളൂ. അവിടെ കൊയ്ത്തിനു പറ്റിയ പാടമുണ്ട്. ഇരുപ്പൂ കൃഷിയാണവിടെ. അന്തകവിത്താണ് ഉപയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലാകട്ടെ, അതിവേഗം വിള ലഭിക്കുന്ന സങ്കരയിനം വിത്തും അതിനു തക്ക വളവും. വിളഞ്ഞാല്‍ പാതിപ്പാതി എന്നാണ് സൂത്രവാക്യം. പഞ്ചായത്ത് വകുപ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ മാലിന്യനിര്‍മാര്‍ജനം എന്ന അഞ്ചാംവകുപ്പ് സപ്ലൈചെയ്യുന്ന ഊദും ഊദിന്റെ അത്തറും മതിയാകും.

സദ്ഭരണം കണ്ടുകണ്ടങ്ങിരിക്കുമ്പോള്‍ എന്തുവേണമെന്നറിയാതെ നെഞ്ചില്‍ കൈവയ്ക്കുന്നത് ഒരേ ഒരാള്‍മാത്രം. പാലായുടെ സ്വന്തം മാണിക്യം. ഭരിക്കാനും ഭരിപ്പിക്കാനുമൊക്കെ നന്നായറിയാം. ഈരാറ്റുപേട്ടയിലെ ചട്ടമ്പിയൊഴികെ ആര്‍ക്കു മുന്നിലും ഇന്നോളം മുട്ടുമടക്കിയിട്ടില്ല. ചെയ്തത് ഒരേ ഒരു കുറ്റംമാത്രം. തന്റെ ത്യാഗത്തിന്റെ വില പുത്രന് ലഭിക്കണമെന്നാശിച്ചുപോയി. അത് നടന്നില്ലെന്നതോ പോകട്ടെ, പിള്ളയുടെ മുടിയനായ പുത്രന് ലഭിക്കുന്ന പരിഗണനപോലുമില്ലാതെ സര്‍വവേദനയും അടക്കിപ്പിടിച്ച് ഒതുങ്ങിക്കൂടാനാണ് യോഗം. മകന് മന്ത്രിപദവുമില്ല, പിതാവിന്റെ മുഖ്യമന്ത്രിമോഹം പൂവണിഞ്ഞതുമില്ല. പച്ചക്കോട്ടിട്ടവര്‍ നാടു ഭരിക്കുമ്പോള്‍, ഒറ്റയാന്മാര്‍ അരങ്ങുനിറഞ്ഞാടുമ്പോള്‍ പാലായുടെ പ്രിയപുത്രന് അവഗണനയുടെ കഞ്ഞിയും ചമ്മന്തിയുംകൊണ്ട് അധമജീവിതം. ഇതാണ് വിധിയുടെ വിളയാട്ടം. വേണ്ട നേരത്ത് വേണ്ടത് തോന്നാതിരുന്നാല്‍ വേണ്ടാതീനം തലയില്‍കയറുമെന്നാണ് പ്രമാണം.

*

ലോക്കപ്പില്‍ കയറിയാല്‍ ഏമാന്മാരുടെ മട്ടുമാറും. പുറത്ത് ചിരിക്കും കളിക്കും; അകത്തെത്തിയാല്‍ കുമ്പിനിട്ട് ഇടിക്കും. അന്നന്ന് ഭരിക്കുന്നവരെ മാമാ, ചേട്ടാ, സാറെ എന്നൊക്കെ പുന്നാരിച്ചു വിളിക്കും. ഭരണം മാറിയാല്‍ വിളി അല്‍പ്പംകൂടി സ്നേഹത്തോടെ "......മോനേ" എന്നാകും. കോണ്‍ഗ്രസുകാര്‍ ഇത്തരം അവസരങ്ങളെ അതിജീവിക്കുന്നത് തൊലിക്കട്ടികൊണ്ടാണ്. ലീഗിന് പണത്തിന്റെ പവറുണ്ട്. സംഘപരിവാരമാകട്ടെ മീശപിരിച്ചും മസിലു പെരുപ്പിച്ചും കാര്യം സാധിക്കും. മാര്‍ക്സിസ്റ്റുകാര്‍ അതില്‍ പൊതുവെ പുറകിലാണ്. ഭരണത്തില്‍നിന്ന് ഇറങ്ങുന്നതിന്റെ പിറ്റേദിവസംമുതല്‍ പൊലീസ് മാര്‍ക്സിസ്റ്റുകാരുടെ മറുപക്ഷത്താകും. പിന്നെ ലാത്തി, തോക്ക്, ജലപീരങ്കി, കണ്ണീര്‍വാതകം തുടങ്ങിയ വാദ്യോപകരങ്ങളുടെ മേളമാകും. നായനാരെ നോക്കി ആരാണെന്ന് ചോദിച്ചതും ശിവദാസ മേനോന്റെ തല തല്ലിപ്പൊളിച്ചതും എസ്എഫ്ഐക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതും ഇങ്ങനെ നിറംമാറിയ ഏമാന്മാരാണ്. ആയകാലത്ത് മാര്‍ക്സിസ്റ്റുകാരുടെ ശരീരത്തില്‍ തായമ്പക പരിശീലിച്ച പുലിക്കോടന്മാര്‍ക്കൊന്നും അവശകാലത്ത് അടികൊണ്ടിട്ടില്ല എന്നത് ചരിത്രസത്യം.

മാര്‍ക്സിസ്റ്റുകാരുടെ മാന്യത സൗകര്യമായെടുത്ത സുകുമാരന്മാരുടെ വിളയാട്ടമാണ് കുറേനാളായി കേരളത്തിലെ വാര്‍ത്ത. ചുവപ്പുകണ്ടാല്‍ വിറളിപിടിക്കുന്ന കാളയെപ്പോലെ, തല്ലിയാലും തല പൊളിച്ചാലും വെടിവച്ചു കൊന്നാലും സ്വന്തം തടി കേടാവില്ല എന്ന ഉറപ്പിലാണ് ഈ നെഗളിപ്പ്. അതിനിട്ടാണ് കഴിഞ്ഞദിവസം കണ്ണൂരിലെ കോടതി ഒന്നു കുത്തിയത്. പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട യുവാവിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കയറ്റി രസിച്ച ഏമാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഇതൊരു സൂചനമാത്രം. മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം വക്കീലന്മാര്‍ വേണ്ടതിലേറെയുള്ളതുകൊണ്ട് എല്ലാ സുകുമാരന്മാര്‍ക്കും ഇനി കഷ്ടകാലം പ്രതീക്ഷിക്കാം. കൈത്തരിപ്പ് തീര്‍ക്കാന്‍ ഇനി വല്ല മുരിക്കിനെയോ മതിലിനെയോ ആശ്രയിക്കേണ്ടിവരും.

Sunday, December 9, 2012

ഇതും ഒരു ന്യൂസ്മേക്കര്‍

വാര്‍ത്ത സൃഷ്ടിക്കല്‍ മാധ്യമങ്ങളുടെ കുത്തകയാണ് എന്ന് ആരും കരുതരുത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ അറുപത്തിരണ്ടു കൊല്ലം മുമ്പ് ഒരു ക്രിസ്മസ് പിറ്റേന്ന് ഉദിച്ചുയര്‍ന്ന നക്ഷത്രം എങ്ങനെയാണ് ഇന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് നോക്കുക. കോണ്‍ഗ്രസില്‍ പക്ഷം പറയാത്ത പട്ടര്‍ക്കു പട്ടിണിയാണ്. എവിടെയെങ്കിലും ചാരിയാലേ നില്‍പ്പുറയ്ക്കൂ. തിരുവഞ്ചൂര്‍ പൂര്‍വാശ്രമത്തില്‍ ചേര്‍ത്തലയിലെ പുണ്യവാള വിഗ്രഹത്തിലാണ് ചാരിനിന്നത്. കോട്ടയത്തുനിന്ന് എംസി റോഡുവഴി അടൂരിലിറങ്ങി എംഎല്‍എയായി. നിയമസഭാ മന്ദിരത്തിലെത്തിയപ്പോള്‍ കാര്‍ത്തികേയന്റെ താടി കണ്ട് അസൂയ പെരുത്തു. അളന്നാലും തുക്കിയാലും താടിക്കുതന്നെ ബലം. സ്വപ്നം കാണാനുള്ള അവസരംപോലും പോകുമെന്നായപ്പോള്‍ ആദ്യവെടി കാര്‍ത്തികേയന്റെ താടിക്കുനേരെ ഉതിര്‍ത്തു. അങ്ങനെയാണ് ലാവ്ലിന്‍ കേസിന്റെ ഉദയം.താനോ കാര്‍ത്തികേയനോ മുമ്പന്‍ എന്ന സമുദായ സന്തുലനചോദ്യം വന്നപ്പോള്‍ താടിക്കാരന്‍ മന്ത്രിയായി. ഓങ്ങി അടിച്ചാല്‍പോലും ഏങ്ങിക്കരയാന്‍ ശക്തിയില്ലാതെ ഇരുന്നുപോയ തിരുവഞ്ചൂര്‍, ലാവ്ലിന്‍ എന്ന കുന്തംകൊണ്ടാണ് കാര്‍ത്തികേയനെ അന്ന് കുത്തിയത്. അതേ കുന്തം പിന്നെ ചില ഉപജാപകുമാരന്മാര്‍ ഏറ്റെടുത്തപ്പോഴാണ് പുതിയ സാധ്യതകള്‍ തെളിഞ്ഞത്; ലാവ്ലിന്‍ പനപോലെ വളര്‍ന്നത്. കാണെക്കാണെ ആ കത്തിയുടെ വാ പോയി. ഇന്ന് ലാവ്ലിന്‍ കത്തികൊണ്ട് എവിടെയും വെട്ടാമെന്നായി- ആര്‍ക്കും മുറിയില്ല.

ആദര്‍ശത്തെ വിമാനത്തില്‍കയറ്റി ഡല്‍ഹിക്കുവിട്ടപ്പോള്‍ കാര്‍ത്തികേയന്റെ മന്ത്രിപ്പണി പോയി- പകരക്കാരനായി തിരുവഞ്ചൂരിനു നറുക്കു വീണു. ഓര്‍ക്കാപ്പുറത്തു കിട്ടിയ ലോട്ടറിയായി മന്ത്രിപദവി. ഉമ്മന്‍ചാണ്ടിക്ക് കാവലിരിക്കുക; ഉപജാപത്തിന് ചൂട്ടുപിടിക്കുക എന്നതുമാത്രമായി പണി. ശീതം നീങ്ങിയവനു വാതംകൊണ്ട് ഭയമില്ല എന്നാണ്. മന്ത്രിസ്ഥാനം ഏതുവിധേന ഉപയോഗിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ആരും പഠിപ്പിക്കേണ്ടതില്ല. ഭരിച്ചുഭരിച്ച് അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ കോണ്‍ഗ്രസിന്റെ വിലാസംതന്നെ നഷ്ടപ്പെടുത്തി. പിന്നെ അഞ്ചുകൊല്ലം പ്രതിപക്ഷത്ത്.

അന്ന് കൂട്ടുകാരായി പലരും വന്നു. ആ കൂട്ടുകെട്ട് തുടര്‍ന്നതിന്റെ കഥ "പാഠം" മാസിക നടത്തിയ എസ് സുധീഷ് പിന്നീട് വിവരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇവിടത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വളരെ കൃത്യമായി പറയുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളില്‍ ഒരാളാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് നേരിട്ട് ചോദിച്ചാല്‍ പറയും. എനിക്കത് കൃത്യമായി പറയാന്‍ കഴിയും. ഐസക്കിന്റെ പ്രശ്നത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഞാനും തമ്മില്‍ ചില ഏര്‍പ്പാടുകള്‍ നടന്നിട്ടുണ്ട്. അതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉന്നമെന്തായിരുന്നു എന്നൊന്നും വളരെ പേഴ്സണല്‍ ആയിപ്പോകും എന്നതിനാല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.""

ഒരാള്‍ പരസ്യമായി മൈക്കുകെട്ടി പറയുന്നു- ആഭ്യന്തരമന്ത്രി വലിയ ക്രിമിനലാണെന്ന്. തങ്ങള്‍ ചില ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്ന്. മറുപടി ഇന്നുവരെ തിരുവഞ്ചൂര്‍ പറഞ്ഞിട്ടില്ല. ഇതാണ് സ്വഭാവമെന്നര്‍ഥം. ആ മഹിമയാണ്, ആദര്‍ശത്തെ അടിച്ചുപുറത്താക്കിയ ഉമ്മന്‍ചാണ്ടിസംഘത്തിലെ രണ്ടാമനാകാന്‍ യോഗ്യതയായത്. കൂട്ടത്തില്‍ ഒരു ജാതിവാലും. പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ത്ത് ഒരു എംഎല്‍എ സഭയില്‍ സംസാരിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു. അങ്ങനെ ജാതി പറയാമോ? പ്രവര്‍ത്തിക്കാനല്ലേ പാടുള്ളൂ. മുരളിയും ചെന്നിത്തലയും കാര്‍ത്തികേയനും ആര്യാടനുമുള്ള കോണ്‍ഗ്രസില്‍ സിംഹാസനത്തിന് തൊട്ടരികില്‍ ഇരിക്കാനുള്ള ഹനുമാന്‍വേഷം കോട്ടയക്കാരന് അങ്ങനെ പതിച്ചുകിട്ടി. ആഭ്യന്തരം ഓര്‍ക്കാപ്പുറത്താണ് കൈയിലെത്തിയത്. അത് അര്‍ധരാത്രിയില്‍ നിവര്‍ത്തിപ്പിടിക്കുന്ന കുടയുടെ പരുവത്തിലാക്കാന്‍ അതിവേഗം സാധിച്ചു. സുധാകരന്റെ അടുത്തേക്കുമാത്രമേ ചെല്ലാന്‍ പറ്റാതുള്ളൂ. അണലിയാണോ വെള്ളിക്കെട്ടനാണോ മൂത്തത് എന്ന പ്രശ്നം അവിടെ വരും. ഒന്ന് കടിച്ചു പറിക്കും; മറ്റേത് മൃദുവായി കടിക്കും. വിഷത്തിന്റെ അളവിലും കടിയുടെ കടുപ്പത്തിലുമേ വ്യത്യാസമുള്ളൂ.

കണ്ണൂരിലെ പി ജയരാജന്‍ ഒരു ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നതിന് കേസ്, അറസ്റ്റ്, ജയില്‍. സുധാകരന്‍ കൊന്നുവെന്നും കൊല്ലിച്ചുവെന്നും അനുയായി വിളിച്ചുപറഞ്ഞപ്പോള്‍ കേസുമില്ല, മിണ്ടാട്ടവുമില്ല. നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കള്‍ പുനരന്വേഷണത്തിന് പരാതി കൊടുത്തപ്പോള്‍ അനക്കമില്ല. ഇടുക്കിയിലെ മണിയാശാന്‍ പ്രസംഗിച്ച കുറ്റത്തിന് ജാമ്യം കിട്ടാത്ത വകുപ്പും ജയിലും. മലപ്പുറത്തെ ബഷീര്‍ ശരിയാക്കിക്കളയുമെന്ന് പ്രസംഗിച്ച് ഇരട്ടക്കൊല നടത്തിയതിന് കേസില്ല എന്നുമാത്രമല്ല- താമസിയാതെ ആഭ്യന്തരവകുപ്പിന്റെ പൊന്നാടയും കിട്ടിയേക്കും. എന്തായാലും, സുധീഷ് പറഞ്ഞ "എര്‍പ്പാട്" മുറയ്ക്ക് നടക്കുന്നുണ്ട്. ഇനി ആര്‍എംപിക്കായി ആഭ്യന്തരവകുപ്പിന്റെ വടകര ശാഖ തുടങ്ങാനും ഇടയുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെതന്നെയാണ്. പറയുന്നത് കേട്ടാല്‍ ആത്മാര്‍ഥത നൂറു ഡിഗ്രിയില്‍ തിളയ്ക്കുന്നതായി തോന്നും. ഇല്ലാത്തതിനെ ഉണ്ടാക്കിക്കാട്ടാനുള്ള വിരുത് കരമൊഴിവായി പണ്ടുപണ്ടേ കിട്ടിയിട്ടുണ്ട്. കൂട്ടുകെട്ടാണെങ്കില്‍ മഹാമാന്യന്മാരുമായി മാത്രമാണ്. ചങ്ങാതികളില്‍ മുഖ്യനായ ഒന്നരമാന്യന്‍ ദല്ലാള്‍ നന്ദകുമാറാണ്. ന്യായാധിപന്മാരുടെ വീട്ടിലും ഓഫീസിലും ജീവിതത്തിലും നുഴഞ്ഞുകയറി കച്ചവടം നടത്തുന്ന റിലയന്‍സ് ദല്ലാള്‍. ആ പുള്ളിക്കാരനുവേണ്ടി ആഭ്യന്തര മന്ത്രിയുടെ മനസ്സ് സദാ തുടിക്കും. വാളകത്തെ പാരക്കേസ് തള്ളിക്കൊടുത്തപോലെ ദല്ലാളിന്റെ കേസ് സിബിഐക്ക് എറിഞ്ഞുകൊടുക്കില്ല. ഫയല്‍ പൂഴ്ത്തിയാലും നാണംകെട്ടാലും പൊന്നുദല്ലാളിനെ പൊന്നുപോലെ നോക്കും. രാഷ്ട്രീയം നേരെ വാ നേരെ പോ കളിയല്ല എന്നാണ് കെഎസ്യുക്കാലം മുതലുള്ള പാഠം. അത് ഒരു ഒളിച്ചുകളിയാണ്. ശത്രുപക്ഷത്തും സ്വന്തക്കാരുണ്ടാകണം. അങ്ങനെ ഒരാളെ ഉണ്ടാക്കി വേണ്ടുവോളം പറ്റിയിരുന്ന കാലം ഇപ്പോള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടാനേ പറ്റൂ. അന്നത്തെ സ്വന്തക്കാരന്‍ ഇന്ന് പാട്ടുപാടിയും കച്ചേരി നടത്തിയും പി സി ജോര്‍ജിനെക്കൊണ്ട് പാടിച്ചും തിരക്കിലാണ്. അതുകൊണ്ടാണ് സ്വന്തമായി ന്യൂസ് മേക്കറാകേണ്ടിവരുന്നത്. സിന്‍ഡിക്കറ്റിനെ മെരുക്കിനിര്‍ത്തുന്നതും വലിയ പാടുള്ള പണിതന്നെയാണ്.

നാട്ടില്‍ ഒരുപാട് ആഭ്യന്തര മന്ത്രിമാരുണ്ടായിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത സിദ്ധി നമ്മുടെ കഥാനായകന് വന്നതിന്റെ സാരം അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പവും തൊലിയുടെ കട്ടിക്കുറവും മനസ്സിലെ കുരുട്ടിന്റെ കരുത്തുമാണ് എന്ന് ഇതില്‍നിന്നെല്ലാം ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇനിയും ആ രഹസ്യം പിടികിട്ടാത്തവര്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എല്ലാം കണ്ടറിഞ്ഞ സുധീരന്‍ കേരളത്തില്‍ മാഫിയരാജ് ആണ് എന്നു പറഞ്ഞത് വെറുതെയല്ല. മാഫിയ എന്നാല്‍ തങ്കപ്പെട്ട മാഫിയയാണ്. ആലായാല്‍ തറവേണം, അടുത്തൊരമ്പലംവേണം എന്നതുപോലെ, ഉമ്മന്‍ചാണ്ടിയായാല്‍ ഉപജാപം വേണം, അടുത്ത് തിരുവഞ്ചൂര്‍ വേണം എന്നും പാടാവുന്നതാണ്. അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തതുകൊണ്ട് മനോരമയുടെ ന്യൂസ്മേക്കര്‍ കിരീടം ചൂടി തിരുവഞ്ചൂര്‍ നേരെ വടകരയ്ക്ക് വണ്ടികയറുന്നതും ആര്‍എംപിയുടെ ആസ്ഥാന നേതൃത്വവുമായി പൊലീസ് വകുപ്പിന്റെ നവീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതും കാണാനുള്ള ഭാഗ്യവും താമസിയാതെ മലയാളിക്കുണ്ടാകും.

*
സംഗതി ശരിയാണ്. ഇടിക്കുന്നെങ്കില്‍ ബെന്‍സോ ബിഎംഡബ്ല്യുവോ തന്നെ ഇടിക്കണം. സൈക്കിളിടിച്ചു മരിച്ചാല്‍ ഒട്ടും ഗമയില്ല. ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് വീരേന്ദ്രകുമാറിനോടെങ്കിലും വേണം. വല്ല ഇന്ദ്രനോടോ വേന്ദ്രനോടോ മുട്ടിയാല്‍ സൈക്കിളിടിച്ചതിന്റെ ജാള്യമേ ഉണ്ടാകൂ. അല്ലെങ്കിലും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി ബുദ്ധിയും ശക്തിയും പ്രതിവാര കോളവും കാണിക്കവയ്ക്കാന്‍ വിധിക്കപ്പെട്ട ഉദരംഭരികള്‍ക്ക് മറുപടികിട്ടാന്‍ ആഗ്രഹമില്ല- കര്‍മം ചെയ്യുകതന്നെ പുണ്യം. എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന പത്രത്തിലെ പ്രതിവാര പംക്തികാരന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും സമുന്നതരാഷ്ട്രീയ നേതാവുമായ വി എസ് അച്യുതാനന്ദനെക്കുറിച്ച് എന്തുപറയുന്നു എന്ന് നോക്കുക:

""പ്രതിപക്ഷ നേതാവിനെക്കൊണ്ട് ഏറ്റവും വലിയ ഉപദ്രവം ആര്‍ക്കാണ്?ഏത് സംസ്ഥാനത്തും അത് മുഖ്യമന്ത്രിക്കും മറ്റ് ഭരണക്കാര്‍ക്കുമാണ്. ഇവിടെയും. പക്ഷേ, ഇവിടെ അച്യുതാനന്ദനാണ് ഈ സര്‍ക്കാരിന്റെ രക്ഷകന്‍ എന്നത് സകലജനത്തിനും അറിയുന്ന രഹസ്യമാണ്. വേണമെങ്കില്‍ സെക്രട്ടറിയറ്റില്‍ വി.എസ്സിന്റെ ഒരു വലിയ ഫോട്ടോ വെച്ചിട്ട് "വി.എസ്. ഈ ഭരണത്തിന്റെ രക്ഷകന്‍" എന്നൊരു അടിക്കുറിപ്പ് കൊടുത്താലും മുഷിയില്ല.""

യുഡിഎഫ് ഇപ്പോള്‍ പുറംസഹായം കൊണ്ടാണ് നടന്നുപോകുന്നത് എന്ന് വീരേന്ദ്രകുമാര്‍ പറയുമോ? കോതയുടെ വായ്പാട്ടുപോലെ നിസ്സാരമല്ലിത്. വി എസിനെ ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍ തള്ളിക്കൊണ്ടുപോകാനുള്ള ധൈര്യം എങ്ങനെ ഈ വിശേഷാല്‍ "പ്രതി"ക്ക് കിട്ടി എന്നുമാത്രം ചോദിക്കരുത്. അത് ധൈര്യമല്ല- സേവന സന്നദ്ധതയുടെ മകുടോദാഹരണമാണ്. ഇത്തരം അമാല ജന്മങ്ങളുമായി ഏറ്റുമുട്ടുന്നത് അറബിക്കടലിലെ തിരയെണ്ണുന്നതിന് തുല്യം. യുഡിഎഫിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പോരാട്ടം നയിക്കുന്ന വി എസിനെക്കുറിച്ച് ഇങ്ങനെ പറയണമെങ്കില്‍ ഇന്ദ്രന് ആരെക്കുറിച്ചൊക്കെ എന്തൊക്കെ പറഞ്ഞൂകൂടാ....