Monday, November 25, 2013

ഉത്തേജകമരുന്നിന്റെ മൊത്തവ്യാപാരം

മൊയ്ലി ഉത്തേജകമരുന്നിന്റെ വീരപ്പനുമാണ്. വീണുകിടക്കുന്നവന് കുതിച്ചുപായാന്‍ കരുത്തുനല്‍കുന്ന ഉത്തേജകവിദ്യകള്‍ പാരമ്പര്യമായിത്തന്നെ കിട്ടിയിട്ടുണ്ട്. ഇന്നയാള്‍ക്കേ കൊടുക്കൂ എന്നില്ല. എവിടെ പുഷ്ടിശോഷണമുണ്ടോ, ശേഷിക്കുറവുണ്ടോ, തളര്‍ച്ചയുണ്ടോ അവിടെ മൊയ്ലി എത്തുമെന്നതാണ് പഴയരീതി. പുതിയരീതിയും അതുതന്നെ. ആരും തോല്‍ക്കുന്നിടത്ത് മൊയ്ലി വരും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കിതച്ചുനില്‍ക്കുന്ന കേരള ടീമിനെ ഉത്തേജിപ്പിക്കാന്‍ ആദ്യമയച്ചത് മുകുള്‍ വാസ്നിക്കിനെയാണ്. വാസ്നിക്കിന്റെ കൈയിലുള്ള ഗുളികയും മരുന്നുമൊന്നും ഫലം ചെയ്തില്ല. എന്നുമാത്രമല്ല, ചില കളിക്കാര്‍ മാത്രം അത് വേണ്ടതിലധികം കഴിക്കുന്നതായി പരാതി വരികയും ചെയ്തു. മുകുള്‍ ഇനിയും പഠിക്കാനുണ്ട്. പഠിപ്പിക്കാന്‍ മൊയ്ലിയോളം പോന്ന നേതാവ് വേറെയില്ല. രണ്ടുപേരും ഒന്നിച്ചുവന്ന് മരുന്നുകുത്തിവച്ച് തിരിച്ചുപോകുമ്പോള്‍ വിധിച്ചത്, ഇതുവരെ നന്നായി ഓടിയ കളിക്കാരാണ്, ഇപ്പോഴും ഓടുന്നുണ്ട്, ഇനി കുതിച്ചോളും എന്നത്രെ. ഓടിയതും ഓടുന്നതും കേരളത്തിലായതുകൊണ്ട് നാട്ടുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല.

ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊന്ന് അജമാംസഭോജനം നടത്തുകയും ചെയ്യുന്ന അഹിംസാ പാര്‍ടിക്കാര്‍ക്ക് ചേര്‍ന്ന ഭിഷഗ്വരദ്വയമാണ് മൊയ്ലി-മുകുള്‍ ടീമെന്ന് ബോധ്യപ്പെടാത്തവര്‍ക്കായി സമര്‍പ്പിക്കേണ്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നന്നായി ഓടുന്നുണ്ടെന്ന കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഉത്തേജകമരുന്നിന്റെ ആവശ്യമുണ്ടോ എന്ന സംശയം വേറെയുണ്ട്. ഭരണത്തില്‍ പിന്നോക്കമാണെന്നേയുള്ളൂ. മറ്റെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. ഏതു മാന്യനെയും അല്‍പ്പനേരത്തേക്കോ പ്രത്യേക സന്ദര്‍ഭത്തിലോ കളങ്കിതനാക്കാന്‍ ഒരു ഊമക്കത്തു മതി. അതല്ലെങ്കില്‍ നാലുപേര്‍ കുശുകുശുത്താലും മതി. അത്തരം ആനുകൂല്യം വാരിക്കോരി നല്‍കിയാലും ഉമ്മന്‍ചാണ്ടി രക്ഷപ്പെടുന്ന മട്ടില്ല. സരിതയുമായുള്ള അടുപ്പവും ബിജുവുമായി നടത്തിയ സ്വകാര്യചര്‍ച്ചയും ശ്രീധരന്‍ നായര്‍ക്കു കൊടുത്ത ഉറപ്പും ഉമ്മന്‍ചാണ്ടി ചെല്ലുന്നിടത്തെല്ലാം സരിതയുണ്ടെന്ന മൊഴികളും ജോപ്പന്റെ കാരാഗൃഹവാസവും ജിക്കുവിന്റെ അജ്ഞാതവാസവും തോമസ് കുരുവിളയുടെ തിരോധാനവുമെല്ലാം ആറ്റിക്കുറുക്കി നോക്കുമ്പോള്‍ അന്വേഷണം നടക്കാതിരിക്കുന്നതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് ഉത്തമം. ഹേമചന്ദ്രനെ പേടിപ്പിച്ച് നിലയ്ക്കുനിര്‍ത്താം. പൊലീസിനെ തളച്ചിടാം. എന്നാല്‍, നീതിബോധം തൊട്ടുതീണ്ടിയ ആര് കേസെടുത്താലും ആദ്യം പ്രതിയാകുന്നത് ഉമ്മന്‍ചാണ്ടി തന്നെ. ഈ ഉമ്മന്‍ചാണ്ടി അല്‍പ്പകാലത്തേക്ക് വല്ല രാജ്ഭവനിലും പോയിരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡിന് തോന്നിത്തുടങ്ങിയതായി ശ്രുതിയുണ്ട്. തലമുതിര്‍ന്ന പല നേതാക്കളെയും ഇരുത്താന്‍ പറ്റുന്ന ഇടമാണ് രാജ്ഭവനെന്ന് പണ്ടുതൊട്ടേ കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനത്ത് പരിഗണിക്കപ്പെട്ടിരുന്ന നാരായണ്‍ദത്ത് തിവാരിയെപ്പോലും രാജ്ഭവനില്‍ ഇരുത്തിയാണ് ആദരിച്ചത്.

ഉമ്മന്‍ചാണ്ടിയാണെങ്കില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. 40 കൊല്ലമായി ഒന്നു ശരിക്ക് ഉറങ്ങിയിട്ടുപോലുമില്ല. എല്ലാസമയത്തും ജനങ്ങള്‍ക്കിടയിലാണ്. സെക്രട്ടറിയറ്റില്‍ വലിയ ഓഫീസും സൗകര്യങ്ങളുമുണ്ടായിട്ടും എളിമകൊണ്ട് മുഖ്യമന്ത്രിയാണെന്നുള്ള ചിന്തപോലുമില്ല. വില്ലേജ് ഓഫീസറുടെ തലത്തിലേക്ക് താണുവന്ന് ജനസേവനം നടത്തുകയാണ്. ഒരു വിശ്രമത്തിനുള്ള കാലമായി. രാജ്ഭവനിലാകുമ്പോള്‍ ആയുര്‍വേദചികിത്സയും സമീകൃതാഹാരവും ഉല്ലാസഭരിതമായ വിശ്രമവേളയും അല്ലലില്ലാതെ അനുഭവിക്കാം. ഉമ്മന്‍ചാണ്ടിയോട് സ്നേഹമുള്ള ആരും അതിനാഗ്രഹിക്കും. കെ വി തോമസിന് തിരുത മീനിനേക്കാള്‍ പ്രിയങ്കരമാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് ഇനി വിശ്രമിക്കട്ടെ എന്ന സന്ദേശം ഡല്‍ഹിക്കു കുതിച്ചത് കുമ്പളങ്ങിയില്‍ നിന്നാണെന്നു കേള്‍ക്കുന്നു. പുതിയ പ്രതിച്ഛായ വരണമെങ്കില്‍ ഭരണത്തലപ്പത്തില്‍ മാറ്റംവേണം. ആന്റണിക്ക് തിരിച്ചുവന്ന് നാണംകെടാന്‍ താല്‍പ്പര്യമില്ല. വയലാര്‍ രവിയെ നാട്ടുകാര്‍ക്ക് വേണ്ട. ചെന്നിത്തല വന്നാല്‍ സകലതും തകരും. യോഗ്യന്‍ താനല്ലാതെ വേറാരുണ്ടെന്ന ചോദ്യമാണ് കുമ്പളങ്ങിയുടെ കായലോളങ്ങളും കടല്‍ത്തിരയും പടിഞ്ഞാറന്‍ കാറ്റും ചോദിക്കുന്നത്. സംഗതി ശരിയാണ്- പഴയ ഫ്രഞ്ചുകേസും അല്‍പ്പസ്വല്‍പ്പം മീന്‍വിഷയവുമേ അക്കൗണ്ടിലുള്ളൂ. കുമ്പളങ്ങിക്കാരാണെങ്കില്‍ കണ്ടതെല്ലാം വിളിച്ചുപറഞ്ഞ് ശീലമില്ലാത്തവരാണ്. അനഭിമതരുടെ കൂട്ടത്തില്‍ വ്യത്യസ്തനാകാന്‍ ആറ്റുകൊഞ്ചുകൊണ്ടുള്ള പ്രയോഗത്തിലാണ് ആശ്രയം. അതു നടന്നുകിട്ടിയാല്‍ പുതിയ പ്രതിച്ഛായയുടെ തൊപ്പി തോമസ് മാഷിന്റെ തലയില്‍ വന്നുചേരും. ഗണേശ്കുമാറിനെ മന്ത്രിയാക്കിയാലും ബിജു രാധാകൃഷ്ണന് നിരുപാധിക വിടുതല്‍കൊടുത്താലും ജോപ്പനെ തിരിച്ചുകൊണ്ടുവന്ന് കെപിസിസി പ്രസിഡന്റാക്കിയാലും പിന്നെ ഒരു കുഴപ്പവുമില്ല. ആറന്മുളയില്‍ വിമാനമിറങ്ങാം; പശ്ചിമഘട്ടം ഇടിച്ചുനിരപ്പാക്കി റബര്‍ നടാം. താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസുകാരന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ തയ്യാറെന്ന് മാഷ് പറയുമ്പോള്‍; ഉമ്മന്‍ചാണ്ടി ഭരണം നല്ലതെന്ന് മൊയ്ലി പറയുമ്പോള്‍ സൂക്ഷിക്കണം. മുകുള്‍ വാസ്നിക്കിനെ കൊണ്ട് ഒരു പ്രയോജനവുമില്ലേ എന്ന് ചെന്നിത്തലയെങ്കിലും ചിന്തിക്കണം.

*

കനകംമൂലം കാമിനിമൂലം കലഹം പലവിധമാണ്. സരിതയും കവിതയും ശാലുവും നാടുവാഴുന്ന കാലത്ത് അതു സംഭവിച്ചില്ലെങ്കിലേ ആശ്ചര്യത്തിന് വകയുള്ളൂ. അക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമൊന്നും ഒട്ടും വൈക്ലബ്യം വേണ്ടതില്ല എന്നൊരു അപൂര്‍വസന്ദേശം ഗുജറാത്തില്‍നിന്ന് വന്നിട്ടുണ്ട്. വലിയ വലിയ നേതാക്കളാകുമ്പോള്‍ ഒരു കരിക്ക് കുടിക്കുന്നതോ സ്വകാര്യം പറയുന്നതോ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതോ ഒരു കുറ്റമല്ല. ആര്‍എസ്എസുകാരന് വിവാഹംവേണ്ട എന്നേ തീരുമാനമുള്ളൂ. സ്ത്രീകളെ കാണാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല. മോഡി വിവാഹം കഴിച്ചോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. ദുഷ്യന്തന്‍ ശകുന്തളയെ താലികെട്ടിയിട്ടല്ല കുഞ്ഞുജനിച്ചത്. വെറുമൊരു മുദ്രമോതിരത്തിന്റെ കാര്യമേയുള്ളൂ. ആരും കാണാതിരിക്കുക, കണ്ടാല്‍ കണ്ടയാള്‍ മിണ്ടാതിരിക്കുക- മോഡി മോടിയില്‍ ഭരണം നടത്തും. ഇപ്പോള്‍ വന്ന പ്രശ്നം ഉരുക്കുമനുഷ്യന്റെ ഉരുക്കുപ്രതിമ സ്ഥാപിച്ചാല്‍ തീരാവുന്നതേയുള്ളൂ.

കാര്യങ്ങള്‍ പഴയതുപോലെയല്ല- എല്ലാത്തിനും എളുപ്പവഴികളുണ്ട്. എം ഐ ഷാനവാസ് ബിഷപ്പിനെയും കൂട്ടി ഡല്‍ഹിയില്‍ ചെന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആവിയാകും. പി ടി തോമസിനു പകരം ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചാല്‍ ഇടുക്കി മലനിരകളില്‍ കനകംവിളയും. ആറന്മുള വിമാനത്താവളത്തിനെതിരെ പറയുന്ന സുധീരനെയും മുരളിയെയും പത്തനംതിട്ടയുടെ അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കെജിഎസ് ഗ്രൂപ്പിന്റെ പെട്ടികള്‍ തുറക്കപ്പെടും. സരിതയുടെ വക്കീലിനെ വിലയ്ക്കെടുത്താല്‍ പെന്‍ഡ്രൈവും വീഡിയോ ദൃശ്യങ്ങളും വായുവില്‍ ലയിക്കും. ഇതെല്ലാം കഴിഞ്ഞാലും ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പറയുന്നവര്‍ ക്രൂരതയാണ് ചെയ്യുന്നത്. കപടലോകത്തില്‍ ആ കാപട്യം സകലരും കണ്ടുപോയത് ഒരു പരാജയമാണോ? പാതകമാണോ? ആത്മാര്‍ഥമായി കാപട്യം കാണിക്കാനുള്ള ഒരു ഹൃദയമുണ്ടായിപ്പോയതോ കുറ്റം?

Monday, November 18, 2013

ഹരിത-സരിത രാഷ്ട്രീയം

വെന്തോ എന്നറിയാന്‍ കലത്തിലെ മുഴുവന്‍ ചോറും പരിശോധിക്കേണ്ട. തിരുവഞ്ചൂരിന്റെ വേവില്ലായ്മ അറിയാന്‍ ആകെമൊത്തം പൊലീസുകാരെ ഞെക്കിനോക്കേണ്ടതുമില്ല- ഒന്നോ രണ്ടോ സംഭവങ്ങള്‍ നോക്കിയാല്‍മതി. മര്‍ക്കടസ്യ സുരാപാനം, മാര്‍ഗേ വൃശ്ചിക ദംശനം എന്നുപറയും. വികൃതിയായ കുരങ്ങന്‍ കള്ളുകുടിച്ച് ലക്കുകെട്ടുനില്‍ക്കുമ്പോള്‍ തേള്‍ കുത്തിയാലത്തെ അവസ്ഥ. കള്ളനെ പിടിത്തവും അടിതടയും മീശപിരിക്കലുമായിരുന്നു പണ്ടത്തെ പൊലീസിന്റെ പണി. ന്യൂജനറേഷന്‍ പൊലീസിന് പുതിയ പല പണികളും ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. അതിലൊന്ന് വലിയ റിസ്കുള്ളതാണ്. ആ പണിക്ക് എന്ത് പേര് ചൊല്ലി വിളിക്കും എന്ന് തിട്ടമില്ല. സരിതാ നായര്‍ എന്ന നവോത്ഥാനനായികയ്ക്ക് പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുക, അവര്‍ എത്തുന്നിടത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തുക, പറയാനുള്ള വാചകങ്ങള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിങ്ങനെപോകുന്നു ജോലിയുടെ സ്വഭാവം.

കോഴിക്കോട് ജയിലില്‍ പി മോഹനന്‍ എന്നൊരു വന്‍ പുള്ളി കിടക്കുന്നുണ്ട്. പ്രതി മാത്രമല്ല- മാര്‍ക്സിസ്റ്റ് ഭീകരനുമാണ്. പുള്ളിയുടെ ഭാര്യ നിയമസഭയുടെ ഓടിളക്കി അകത്തുകടന്നതുകൊണ്ട് എംഎല്‍എ എന്ന് അറിയപ്പെടുന്നു- എന്നാലും മാര്‍ക്സിസ്റ്റാണ്. ജയില്‍പുള്ളിക്ക് സാധാരണനിലയില്‍ വയറുവേദന വരാന്‍ പാടില്ലാത്തതാണ്. മോഹനന് നിയമംലംഘിച്ച് അസുഖം വന്നു. ചികിത്സ കൊടുക്കാതെ എന്തെങ്കിലും സംഭവിച്ചുപോയാല്‍ ആര്‍എംപി സംസ്ഥാന കണ്‍വന്‍ഷന്‍ ഒരുകാലത്തും നടക്കില്ല. ഓര്‍ക്കാട്ടേരിയിലെ തവളക്കുഞ്ഞുങ്ങള്‍ കഴിയുന്ന കിണര്‍ വറ്റിപ്പോകും. അതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ചികിത്സ നടക്കട്ടെ എന്നുവച്ചു. അവിടെ ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് ഒരിക്കലും വരാന്‍ പാടില്ലാത്ത വിശപ്പുവരുന്നു. വിശപ്പടക്കാന്‍ ഓലമേഞ്ഞ തട്ടുകടയൊന്നും കാണാഞ്ഞതുകൊണ്ട് ആശുപത്രിക്കു മുന്നിലെ കോണ്‍ക്രീറ്റുചെയ്ത ചായക്കടയുടെ സുഖലോലുപതയിലേക്ക് കയറ്റേണ്ടിവരുന്നു. പരിപ്പുവടയില്ലാത്തുകൊണ്ട് പുട്ടും കടലയും എന്ന ബൂര്‍ഷ്വാ ഭക്ഷണം. അപ്പോഴേക്ക് അതാവരുന്നു എംഎല്‍എയായ ഭാര്യ. ജയില്‍പുള്ളിയും എംഎല്‍എയും "ഹോട്ടലില്‍ കണ്ടുമുട്ടി" എന്നതിനേക്കാള്‍ മഹാപാപം ഏതു പാതാളത്തില്‍ കാണാനാകും? ആ കൊടുംപാപത്തിന് അമ്പത്തൊന്ന് വെട്ടിനേക്കാള്‍ വലിയ വെട്ടുകിളി വാര്‍ത്തയും വാര്‍ത്തയ്ക്കുമേല്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷനും. മോഹനന്‍ ചായകുടിച്ചാല്‍ പൊലീസുകാരന്‍ വീട്ടിലിരിക്കും. അതാണ് പൊലീസ്. അതാകണം പൊലീസ് മന്ത്രി.

മോഹനന്‍ സ്വന്തം ഭാര്യയെ കാണാന്‍ അനുവാദമുള്ള പുള്ളിയേ അല്ല. അതുപോലെയാണോ സരിത നായര്‍? ആ മഹതിക്ക് പൊലീസ് സ്റ്റേഷനില്‍ ഫാഷന്‍പരേഡ് നടത്താനും ഗസ്റ്റ് ഹൗസില്‍ അന്തിയുറങ്ങാനും അവകാശമുണ്ട്. ഏതുനേരത്തും പത്രസമ്മേളനം വിളിക്കാം. ബിജു രാധാകൃഷ്ണന്റെ കൈയില്‍ ഡയറിയും കാസറ്റും പെന്‍ഡ്രൈവും സിനിമയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. രണ്ടുമൂന്നുപേരുകളേ പുറത്തുവിട്ടിട്ടുള്ളൂ. വരാനുള്ളത് വമ്പന്‍ സ്രാവുകളാണത്രേ. ഇനി സരിതയില്‍നിന്ന് പേരൊന്നുംവരില്ല എന്നുറപ്പാക്കുന്നത് ചെലവുള്ള കാര്യംതന്നെ. കേസുകള്‍ ഒന്നൊന്നായി തീരുന്നുണ്ട്. അതിന് പണം പെട്ടിയില്‍ എത്തുന്നു. വാങ്ങാനുള്ളവര്‍ വീതിച്ചുവാങ്ങുന്നു. വരാനുള്ള പേരുകാരെല്ലാം മുതല്‍മുടക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്‍ പറയുന്നതിന് ഇനി വലിയ വിലയൊന്നും കിട്ടാന്‍പോകുന്നില്ല എന്നതാണ് ആശ്വാസം.

അതും ശരിയാണ്- ഒരു കൊലപ്പുള്ളിയെ ആരും വിശ്വസിക്കില്ല എന്ന് ആശ്വസിക്കാം. സിനിമയും ഡയറിയുമൊക്കെ പുറത്തുവന്നാലാണ് കുഴപ്പം. കൊലപ്പുള്ളിയായാലും തസ്കര വീരനായാലും പെന്‍ഡ്രൈവ് തുറന്നുകാട്ടിയാല്‍ അഭിനേതാക്കള്‍ പെട്ടതുതന്നെ. സരിതയ്ക്ക് മൈക്ക് പിടിച്ചുകൊടുത്ത പൊലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി ഇതിനകം കിട്ടിക്കാണണം. എല്ലാവര്‍ക്കും പാരിതോഷികം കൊടുക്കുമ്പോള്‍ എറണാകുളത്തെ രാജു മജിസ്ട്രേട്ടിനെ അവഗണിക്കരുത്. പലരും ആ പാവത്തിനെ കുറ്റം പറയുന്നുണ്ട്. സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒരുവേള അന്തംവിട്ടുപോയത് ഒരു കുഴപ്പമാണോ? ബഹുമാനപ്പെട്ട ഹൈക്കോടതി വിജിലന്‍സ് കരുണ കാണിക്കണം. ഏതു മനുഷ്യനും സംഭവിക്കാവുന്ന ദൗര്‍ബല്യമേ മജിസ്ട്രേട്ടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ. ഒരു മനുഷ്യന് താങ്ങാനാവുന്നതിനും ഇല്ലേ ഒരതിര്? അതിനേക്കാള്‍ വമ്പന്‍കാര്യങ്ങള്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു രാധാകൃഷ്ണന്‍ ആണയിടുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ട്; സാക്ഷിയുണ്ട്. മുല്ലപ്പെരിയാറിലെ നീരൊഴുക്കും പുതുപ്പള്ളിയുടെ ഭൂമിശാസ്ത്രവും ചര്‍ച്ചചെയ്യാന്‍ ബിജു ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ കയറി കതകടയ്ക്കേണ്ടതില്ല. സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ട് അരക്കുറ്റമാണ് ചെയ്തതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടേത് ഒന്നരക്കുറ്റമാണ്.

ബിജു സ്വകാര്യം പറഞ്ഞത് ആരെയെല്ലാം കുറിച്ചാണ്, എന്തൊക്കെയാണ് എന്നുകേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടിയിട്ടില്ലെങ്കില്‍ സരിതയെ ഒന്നുകൂടി ചോദ്യംചെയ്യണം. എല്ലാം മറച്ചുവച്ചതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണം എന്ന് ശതമന്യു പറയില്ല. ആത്മകഥ ആരും നിര്‍ബന്ധിച്ച് എഴുതിക്കേണ്ടതല്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പല്ലക്ക് ചുമക്കുന്ന പൊലീസുകാരുടെ കാര്യം മഹാകഷ്ടമാണ്. ഹേമചന്ദ്രന്‍ മൂലയ്ക്കായി. ആജ്ഞ അനുസരിക്കാതിരുന്നാല്‍ പണികിട്ടും; അനുസരിച്ചാല്‍ പതിരാകും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുന്നതുകൊണ്ട് ഹേമചന്ദ്രന്‍ ഇന്നലെവരെ മാന്യനായിരുന്നു. ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും ചാരുകയും താങ്ങുകയും ചെയ്യുമ്പോള്‍ വരുന്ന മണം വേറെയാണല്ലോ. ഒരു ഓഫീസറെ സരിതയുടെ കൂട്ടുകാരായ മന്ത്രിമാരോടുപമിച്ചാണ് ബിജു രാധാകൃഷ്ണന്‍ വിരോധം തീര്‍ത്തത്. "തന്നെ കാണുമ്പോള്‍ കേന്ദ്രമന്ത്രിയെപ്പോലെ ഊര്‍ജസ്വലനായി തോന്നുന്നു" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ട കലികാലം. അങ്ങനെ നാണംകെട്ട് തലകുനിക്കുന്ന പൊലീസുകാര്‍ "സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ടാണോ ബിജുവിന്റെ മൊഴി മുക്കിയ ഉമ്മന്‍ചാണ്ടിയാണോ കേമന്‍" എന്ന ചോദ്യത്തിനെങ്കിലും ഉത്തരംനല്‍കി പാപനാശം വരുത്തട്ടെ. സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ പേരിനൊപ്പം തന്റെ പേരുവന്നതിന് മാനനഷ്ടക്കേസുകൊടുക്കുന്ന പൊലീസുകാരെ സൃഷ്ടിച്ചും ഉയരട്ടെ പുത്തന്‍ സരിതകേരളമാതൃക.

*

വീടുവയ്ക്കാന്‍ ആഗ്രഹിച്ചാല്‍ മാഫിയയായി മാറുന്ന കാലമാണ്. നാലുസെന്റ് ഭൂമി ബ്രോക്കര്‍മുഖേന വാങ്ങിയാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ. ഭവനവായ്പ പുത്തന്‍തലമുറ ബാങ്കില്‍നിന്നായാല്‍ കോര്‍പറേറ്റ് ദല്ലാള്‍. കരിങ്കല്ലും ചെങ്കല്ലും രൊക്കം പണംകൊടുത്ത് വാങ്ങിയാലും ക്വാറിമാഫിയയുടെ സ്വന്തക്കാരന്‍. കടല്‍മണ്ണ് ശുദ്ധീകരിച്ച് ചാക്കിലാക്കി വില്‍ക്കുന്നവന് കൊള്ളവില കൊടുത്താലും മണല്‍മാഫിയക്ക് ചൂട്ടുപിടിക്കുന്നവനായി. വായ്പവാങ്ങിയ പണംതീര്‍ന്ന് ഗത്യന്തരമില്ലാതെ ബ്ലേഡുതന്നെ ശരണമെന്നായാല്‍ ബ്ലേഡ് മാഫിയാ ബന്ധവുംവന്നു. ഒടുവില്‍ വീടിന് മാഫിയാഭവനമെന്ന് പേരിടാം. യഥാര്‍ഥ ബ്ലേഡ്മാഫിയക്കാരന്‍ മാധ്യമങ്ങള്‍ വിലയ്ക്കെടുത്ത് അഴിമതിവിരുദ്ധ പോരാട്ടം നടത്തും. മണല്‍മാഫിയക്കാരന്‍ ഖദറിട്ട് പൊലീസിനെ പേടിപ്പിക്കും. ക്വാറിമാഫിയ മലയും മരവും മറിച്ചിടുന്നതിനൊപ്പം സ്വാശ്രയപ്പള്ളിക്കൂടം നടത്തി പത്മശ്രീ വാങ്ങും. മദ്യമാഫിയ സിനിമ പിടിച്ച് മഹാന്മാരാകും. കോര്‍പറേറ്റ് ദല്ലാള്‍മാര്‍ വികസന നായകവേഷത്തില്‍ സ്വീകരണങ്ങളേറ്റുവാങ്ങും. കഷ്ടപ്പെട്ട് കടംവാങ്ങി വീടുപണിത സാധാരണക്കാരനും മക്കളെ പഠിപ്പിക്കാന്‍ പലിശയ്ക്ക് പണംവാങ്ങുന്നവനും അവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങുന്ന പ്രസ്ഥാനവും "മാഫിയ" എന്നുതന്നെ വിളിക്കപ്പെടണം. എങ്കില്‍മാത്രമേ സംശുദ്ധ ഹരിത-സരിത രാഷ്ട്രീയം വളര്‍ന്ന് പന്തലിക്കൂ.

മാഫിയകള്‍ക്കുവേണ്ടിയാണ് ഹര്‍ത്താല്‍ എന്നുപറയുന്നത് ആ കണക്കിന് ശരിതന്നെ. കസ്തൂരിരംഗന്‍ വന്നാലും മാധവ് ഗാഡ്ഗില്‍ വന്നാലും ഇക്കൂട്ടര്‍ മാര്‍ക്സിസ്റ്റുകാരെ മാഫിയ എന്നുതന്നെ വിളിക്കും. സര്‍ക്കാരോഫീസ് കത്തിച്ച് ചന്ദനക്കേസിന്റെ ഫയല്‍ നശിപ്പിച്ച ലീഗ് എംഎല്‍എ യഥാര്‍ഥ സമരനായകനായി മാറുന്ന കാഴ്ചയും ഹരിതകേരളസമരംതന്നെ. താമരശേരിയില്‍ ടിപ്പറില്‍വന്ന് അക്രമം നടത്തിയതിന്റെ കണക്ക് ഇടതുപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടിയവരെ സോണിയാമാതാവ് രക്ഷിക്കുമെന്നും കരുതാം. യുഡിഎഫിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒന്നും കിട്ടുന്നില്ല എന്നൊരു പരാതിയുണ്ട്. അതു തീര്‍ക്കാന്‍ മനോരമതന്നെ രംഗത്തിറങ്ങണം. ചീരക്കറി കൂട്ടിയാല്‍ പരിസ്ഥിതി തകരുമെന്ന് വിലപിച്ച് ത്യാഗമനസ്സ് തെളിയിച്ച ഹരിത എംഎല്‍എമാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കാണാം ഇനിയത്തെ പൂരം.

Monday, November 11, 2013

സൂര്യനസ്തമിക്കാത്ത ഭരണം

ഹായ്യാന്‍ കൊടുങ്കാറ്റുപോലെയാണ് ലാവ്ലിന്‍ കേസില്‍ കോടതിവിധി വന്നത്. സര്‍വത്ര നാശനഷ്ടം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍, ക്രൈം ബ്യൂറോ ഓഫ് സ്കാന്‍ഡല്‍ ബില്‍ഡിങ്, ഹെഡ് ഓഫ് വരദാചാരി തുടങ്ങിയവയും ഉള്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കവും മൂളലും ഇപ്പോഴും കേള്‍ക്കാനുണ്ട്. പത്തുപതിനഞ്ചു കൊല്ലം പാലും തേനുമൂട്ടി വളര്‍ത്തിയ ലാവ്ലിന്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കഴിയാത്തചിലര്‍, നാശനഷ്ടങ്ങള്‍ക്കിടയില്‍ വീണുരുളുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും കോടതിയില്ലേ എന്നൊരു വിലാപം വേറിട്ടുകേള്‍ക്കുന്നുണ്ട്. റിവിഷന്‍ ഹര്‍ജി, പൊതുതാല്‍പ്പര്യഹര്‍ജി തുടങ്ങിയ ബസുകളില്‍ കയറിപ്പറ്റാന്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൊടുങ്കാറ്റിന്റെ വരവില്‍ രോഷാകുലരായ ചിലര്‍ ശാസ്ത്രീയമായ പ്രതികരണരീതികളിലേക്കാണ് കടന്നത്. അത്തരം ഒരു ചര്‍ച്ച ശതമന്യു കേള്‍ക്കേണ്ടിവന്നു.

ചര്‍ച്ചാംകവിയുടെ വാക്കുകളിലേക്ക്: ""കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എവിടെയാണെന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രപ്രശ്നം. ആഗോളീകരണത്തിന്റെ ദശാസന്ധികളില്‍വച്ച് നാം ഇന്ന് കേള്‍ക്കുന്ന വര്‍ത്തമാനം പത്ത് മലയാളികള്‍ ഫോബ്സ് മാസികയുടെ കോടീശ്വരപ്പട്ടികയില്‍ ഉണ്ടെന്നതാണ്. ശ്രദ്ധ ചെലുത്തുന്നതിനാവശ്യം വേണ്ടതായ മാനസികാധമര്‍ണത ഉള്ളവര്‍ക്ക് (സോറി..ഇല്ലാത്തവര്‍ക്ക്) മനസ്സിലാക്കാം, ഇതിന്റെ രാഷ്ട്രീയമാനങ്ങളുടെ നീതിസാരം. അവരാണിന്ന് ഈ രാഷ്ട്രീയഭൂമികയുടെ ഭാവിഗമനത്തിന്റെ പശ്ചാത്തലപഥങ്ങള്‍ നിര്‍ണയിക്കുന്നത്. അവരാണ് വികസനത്തിന്റെ ചലനചിത്രം വരയ്ക്കുന്നത്."" പറയുന്നത് ഒരു മഹാകവിയായതുകൊണ്ട് കേട്ടവര്‍ക്കും കേള്‍ക്കേണ്ടവര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാകായ്മയില്‍നിന്ന് വന്ന അവതാരകന്റെ ചോദ്യം ഇങ്ങനെ:

""ഓക്കെ മിസ്റ്റര്‍ ഉമേഷ്ബാബു...പിണറായി വിജയന്‍ പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വരുന്നത് ഇത്തരം ശക്തികള്‍ക്ക് ഗുണകരമാകുമോ ദോഷകരമാകുമോ?"" കവിബാബു ചോദ്യം കേട്ടുമില്ല...ഉത്തരം പറഞ്ഞുമില്ല. ഇതാണ് ലാവ്ലിന്‍ വിധിക്കുശേഷമുള്ള പ്രത്യയശാസ്ത്ര പ്രശ്നം.

ഊമക്കത്തുകാരും തപാല്‍ ജേര്‍ണലിസ്റ്റുകളും അഴിമതിവിരുദ്ധ പോരാട്ട ദല്ലാള്‍മാരും കാശിക്കുപോയിരിക്കയാണ്. ഒന്നുരണ്ടു ചാനല്‍ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആരെയും കാണാനില്ല. പാപപരിഹാരാര്‍ഥമുള്ള തീര്‍ഥയാത്രയോ ശത്രുനിഗ്രഹ ദൗത്യമോ എന്നറിയില്ല. ന്യൂജനറേഷന്‍ കാലത്ത് എതിരാളിയെ തകര്‍ക്കല്‍ രണ്ടുതരത്തിലാകാം. ശത്രുവിനെ നശിപ്പിക്കാന്‍ ഈശ്വരന് കൈക്കൂലി കൊടുക്കുന്നത് ഒരു രീതി. സാക്ഷാല്‍ ദൈവംതമ്പുരാനായാലും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാമെന്ന വിശ്വാസവും ഉമേഷ് ബാബുവിന്റെ കവിതപോലെ ഒരു വിശുദ്ധ വിപ്ലവപ്രവര്‍ത്തനം തന്നെ. ഉള്ളിലെ ശത്രുവിനെ ഇല്ലായ്മചെയ്യാന്‍ ഭഗവാനില്‍ അഭയംതേടലാണ് മറ്റൊരു രീതി. നാക്ക് അടക്കിവയ്ക്കണം എന്ന് സാരം. ശത്രുശേഷവും അഗ്നിശേഷവും ഋണശേഷവും രോഗശേഷവും തുല്യം എന്നാണ്. ശത്രു, തീ, കടം, രോഗം എന്നിവയില്ലെങ്കില്‍ ജീവിതം സുഖകരമെന്നര്‍ഥം. ശത്രു താന്‍തന്നെയും തീ കരളിലും കടം നാട്ടിലാകെയും രോഗം മനസ്സിനുമാകുമ്പോള്‍ കളിമാറും. കൈക്കൂലിയില്‍ വീഴുന്ന ഭഗവാന്‍ കൂടുതല്‍ പണംകണ്ട് വേറെ വഴിപാടുകാര്‍ക്കൊപ്പം പോയാല്‍ പണിപാളുകയും ചെയ്യും. എന്തായാലും സരസ്വതി വിളയാടിയ ഈ നാവുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകാന്‍ ഏതു പൂജയ്ക്കും ശതമന്യുഒരുക്കമാണ്.

ഈ വിപ്ലവ ജിഹ്വകളില്‍നിന്ന് ബഹിര്‍ഗമിച്ച യഥാര്‍ഥ ഇടതുപക്ഷ വചനാമൃതമാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഇതുവരെ "മോശ"മാക്കിയത്. വിശന്നിരിക്കുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുക. എല്ലാവരും പുകഴ്ത്തുന്ന കാലത്ത് ഒരു അനുകൂലവിധി വന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. ഉമേഷ്ബാബു, അപ്പുക്കുട്ടന്‍, നീലകണ്ഠന്‍, ജയശങ്കരാദി വിപ്ലവകാരികളും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയും അറിഞ്ഞു പെരുമാറിയതുകൊണ്ടാണ് പിണറായി വിജയന് "നല്ല" പേരുകിട്ടിയത്. ആ പേരാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ മാറിക്കിട്ടിയത്. അതിനുള്ള കടപ്പാട് വെറുതെ ഒരു നല്ല നമസ്കാരം പറഞ്ഞാല്‍ തീരില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയില്‍ സഹതപിക്കുന്നവനും കൈത്താങ്ങാകുന്നവനുമാണ് മനുഷ്യസ്നേഹി. പേരുകേട്ട മനുഷ്യസ്നേഹിയായി മാറി ബി ആര്‍ പി ഭാസ്കറിനോട് മത്സരിക്കാന്‍ കൊതിയുള്ളതുകൊണ്ട്, സഹതാപത്തിന്റെ ഒരു കണ്ടെയ്നര്‍തന്നെ നഷ്ടസ്വപ്നക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

*

പണ്ട് സായ്പ് വരുന്നത് കുരുമുളക് കൊണ്ടുപോകാനായിരുന്നു. ചാള്‍സ് രാജകുമാരനും പ്രാണപ്രേയസിയും കൊച്ചിയിലിറങ്ങിയത്, പണ്ടത്തെ കുരുമുളകിന്റെ നാട് കാണാനാണ്. നല്ല എരിവുള്ള കാഴ്ചകള്‍ തന്നെയാണ് എങ്ങും. ജൂതത്തെരുവില്‍ റോഡ് പണി ഇന്നലെ രാത്രി തീര്‍ന്നതേയുള്ളൂ. കറുത്തപൊന്ന് കണ്ടില്ലെങ്കിലും കറുത്ത ടാറില്‍ കാല്‍മുക്കി സന്തോഷിക്കാം. ആലുവ കൊട്ടാരത്തിലെത്തിയാല്‍ പുഴയും മണല്‍തിട്ടയും കാണാം. സരിത, ശാലുമാരുടെ ആയിരം പാദസരക്കിലുക്കം കേട്ട് കര്‍ണങ്ങളെ ആനന്ദിപ്പിക്കാം. എന്നിട്ടും ആലുവാപ്പുഴ പിന്നെയും ഒഴുകുന്നതിന്റെ രഹസ്യം പുതുപ്പള്ളിരാഗത്തില്‍ ആലപിക്കുന്നത് കേള്‍ക്കുകയുമാകാം. കളരിപ്പയറ്റാണ് അന്നത്തെയും ഇന്നത്തെയും കേരളത്തിന്റെ ആയോധനകല. കൈതൊഴുത് മാറിനിന്ന് പിടിച്ച് പതുക്കെ താണമര്‍ന്ന് അമര്‍ച്ചയില്‍ ഇടതുവച്ച്, വലതുകൊണ്ടു ചവുട്ടി, വലത്തളം വാങ്ങി, ഇടത്തോടുകൂടി വാങ്ങി അമര്‍ന്ന് ഈരാറ്റുപേട്ടച്ചേകവന്‍ നില്‍ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരഞ്ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയും കഴിഞ്ഞ് പൂഴിക്കടകനടിയും തച്ചോളി ഓതിരംവെട്ടും പഠിച്ച ജോര്‍ജ്, "എവിടെ ജോസഫ്"് എന്നലറി നില്‍ക്കുന്നതുകണ്ടാല്‍ ഏതുരാജകുമാരനും ഒന്ന് അമ്പരക്കും.

കാമില വന്നവഴി തിരിച്ചുപേകാതിരുന്നാല്‍മതി. ചാള്‍സ് രാജകുമാരനില്‍ ഈ സന്ദര്‍ശനം ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരങ്ങളുണര്‍ത്തും. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഓര്‍മ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ നോക്കാം. രാവുംപകലും തിരിച്ചറിയാത്തവനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഏതു കേരളീയനും അഭിമാനത്തോടെ പറയും. ശ്വേതാമേനോന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറഞ്ഞ സമയം പുലര്‍ച്ചെ രണ്ടുമണിയായിരുന്നു എന്ന് കോട്ടയത്തെ റബര്‍ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. എല്ലാംപറഞ്ഞു എന്ന് ശ്വേത. പരാതി പറഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശ്വേത എന്താവും പറഞ്ഞത്? പുലരുവാനേഴര രാവുള്ളപ്പോള്‍ കാത്തുകെട്ടി നിന്ന് മുഖംകാണിച്ചത്, "പുതുപ്പള്ളിയില്‍ തണുപ്പുണ്ടോ, ഇക്കൊല്ലം കൃഷി എങ്ങനെ" എന്നു കുശലം ചോദിക്കാനായിരുന്നെന്ന് ശ്വേത സമ്മതിച്ചാല്‍ കേസില്ല. പണ്ട് യാമിനി എന്ന ഡോക്ടറും ഇങ്ങനെ ചില കുശലങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പറഞ്ഞിരുന്നു. അന്ന് ഗണേശനായിരുന്നു പീതാംബരന്‍. സ്പര്‍ശനംകൊണ്ടോ ദര്‍ശനംകൊണ്ടോ തെറ്റുസംഭവിച്ചാല്‍ പൊറുക്കുന്നവരും പൊറുപ്പിക്കുന്നവരുമാണ് മഹാന്മാര്‍ എന്ന് കാമിലയെ ബോധ്യപ്പെടുത്താന്‍ ചാള്‍സിന് അപൂര്‍വ സൗഭാഗ്യം. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം.

*

കോട്ടയം ഗസറ്റ് കഴിഞ്ഞദിവസം കൊണ്ടുവന്ന വാര്‍ത്ത മാര്‍ക്സിസ്റ്റുകാര്‍ കുരിശിന്റെ വഴിയില്‍ പള്ളിപണിയാന്‍ പോകുന്നുവെന്നാണ്. എന്താണതിനുപിന്നില്‍ എന്ന് ശങ്കിച്ച ശതമന്യുവിന് ഹൈറേഞ്ചില്‍നിന്ന് ഉത്തരം വന്നിരിക്കുന്നു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണമെന്നാണ് ഇടുക്കിരൂപത പറയുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഹൈറേഞ്ചില്‍ ചൂടുപിടിച്ചിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ സ്നേഹിക്കുന്നവരെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നും അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ചിറങ്ങി കര്‍ഷകസമരത്തില്‍ പങ്കുചേരണമെന്നാണ് രൂപത ആഹ്വാനംചെയ്യുന്നത്. കര്‍ഷകര്‍ വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംഘടിതമായി നേരിടണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കുകയും പട്ടയം സമയപരിധിക്കുള്ളില്‍ കൊടുത്തുതുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപാര്‍ടികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ബിഷപ് തുറന്നുപറയുന്നു. അതാണ് റബര്‍ ഗസറ്റിന്റെ യഥാര്‍ഥ വിഷയം. ഈയൊരു കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും ക്രൈസ്തവസഭയും ഒന്നിച്ചുപോകുമോ എന്ന പേടി. കണ്ണൂരില്‍ സെമിനാര്‍ നടത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താല്‍ കുരിശിന്റെ വഴിയും മാര്‍ക്സിന്റെ വഴിയും ഒന്നായിപ്പോകുമോ എന്ന ആശങ്ക. വല്ല പള്ളിക്കാര്യമോ കുരിശിന്റെ കാര്യമോ പറഞ്ഞ് വഴക്കടിപ്പിച്ചാല്‍ രക്ഷപ്പെടാമല്ലോ എന്ന മോഹം. ശത്രുദോഷം തീര്‍ക്കാനുള്ള വഴിപാട് ഇങ്ങനെയും ആകാം.

*

ക്ലിഫ് ഹൗസ് ഉപരോധം മനുഷാവകാശലംഘനമാകുമെന്ന ഒരു സിദ്ധാന്തം വന്നിട്ടുണ്ട്. മനുഷ്യാവകാശത്തില്‍ കമ്പംകയറി ഉപരോധത്തെയും പഴിക്കാം; തെറ്റില്ല. ഒരു വെള്ളക്കടലാസില്‍ രാജി എന്നെഴുതി ക്ലിഫ് ഹൗസില്‍നിന്ന് തൊട്ടപ്പുറത്തെ രാജ്ഭവനിലേക്ക് ഒരു തപാല്‍ ചെന്നാല്‍ എല്ലാ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുമെങ്കിലോ? ആ വഴിക്കും വേഗപ്പൂട്ടില്ലാതെ സഞ്ചരിക്കട്ടെ മനുഷ്യാവകാശചിന്ത. ഒരു കല്ലിന്റെ പിന്നില്‍ ആയിരം കൈയുണ്ടെന്ന കണ്ടുപിടിത്തവുമായി കണ്ണൂരില്‍ രാവുംപകലും വീടുകയറുന്ന പൊലീസുകാര്‍ക്കും പൊലീസിനോട് പോയിപ്പണിനോക്കാന്‍ പറയുന്ന നാട്ടുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന ചിന്ത വല്ലപ്പോഴുമൊന്നുണര്‍ന്നാല്‍ അത്രയും നല്ലത്.

Sunday, November 3, 2013

കൊല്ലത്തെ ജന"സമ്പര്‍ക്കം"

പീതാംബരം മഞ്ഞപ്പട്ടാണ്. "പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു, സ്വര്‍ണ പീതാംബരം ഉലഞ്ഞു വീണു" എന്ന പാട്ടുകേട്ടവര്‍ക്ക് മന്മഥലീലാ വിനോദങ്ങളുമായാണ് പീതാംബരത്തെയും കുറുപ്പിനെയും ബന്ധിപ്പിക്കാന്‍ തോന്നുക. അത് കുറുപ്പിന്റെ കുറ്റമല്ല. പേരില്‍ മഞ്ഞയുള്ളതുകൊണ്ട് മനസ്സ് മഞ്ഞയായിക്കൊള്ളണമെന്നില്ല. പച്ചമലയാളത്തില്‍ "മഞ്ഞക്കുറുപ്പ്" എന്നല്ലേ വിളിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട്, പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കാം. പീതാംബരനോ നീലാംബരനോ മഞ്ഞക്കുറുപ്പാണോ നീലക്കുറുപ്പാണോ എന്നതല്ല പ്രശ്നം. പൊറുക്കണമെന്നാണ് കുറുപ്പ് കരയുന്നത്. കുറ്റംചെയ്യാത്തവന്‍ മാപ്പപേക്ഷിക്കേണ്ടതില്ല. എന്നിട്ടും കുറുപ്പിന് മാപ്പുകിട്ടിയാലേ സമാധാനമാകൂ എന്നുണ്ടെങ്കില്‍ ആ സന്മനസ്സിനെ പ്രണമിക്കണം. കുറ്റംചെയ്യാതെ തെറ്റുമാത്രം ചെയ്തിട്ടും കുറ്റക്കാരനെന്നു വിളിക്കുമ്പോള്‍ ഫോണില്‍ വിളിച്ചും വാര്‍ത്താസമ്മേളനം വിളിച്ചും മാപ്പുപറഞ്ഞാല്‍ മതി- പാപം തീര്‍ന്നുകൊള്ളും. മുരളീധരന്റെ ഭാഷയില്‍ ശ്വേതാമേനോന്‍ ഇരയല്ല. "പരാതി നല്‍കാന്‍ കഴിയാത്തവരെയോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരെയോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്" എന്നത്രെ കൊല്ലം പീഡനത്തിന്റെ ഗ്രൂപ്പ് സിദ്ധാന്തം. അതായത്, കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊന്നും ആ ഗണത്തില്‍ വരില്ല. അവര്‍ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ "ഇര"യെന്ന് വിളിക്കരുത്; കേസും അരുത്.


ആര്‍ക്കും അസുഖം വരാം. ചിലര്‍ക്ക് തലയ്ക്കാകും; ചിലര്‍ക്ക് ഞരമ്പിനാകും. രോഗം ഒരു കുറ്റമല്ല- സഹതാപാര്‍ദ്രമായി ചികിത്സ നല്‍കേണ്ട അവസ്ഥയാണ്. നാരായണ്‍ ദത്ത് തിവാരിയുടെ ഞരമ്പുകളെ ബാധിച്ച ഗുരുതരരോഗം എണ്‍പത്തേഴാമത്തെ വയസ്സിലാണ് കണ്ടുപിടിക്കപ്പെട്ടത്. രാജ്ഭവനിലെ ശീതീകരിച്ച കിടപ്പുമുറിയില്‍ രണ്ടു യുവതികള്‍ അദ്ദേഹത്തിന് സ്വകാര്യചികിത്സ നല്‍കുന്ന വിവരം പുറത്തുവന്നതോടെ, കോണ്‍ഗ്രസിന്റെ ആ പഴയ പടക്കുതിരയ്ക്ക് ശിഷ്ടകാലം വനവാസത്തിന് പോകേണ്ടിവന്നു. മുത്തച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിക്കുമോ എന്ന സംശയക്കാരോട് എന്‍ ഡി തിവാരിയുടെ പേര് മിണ്ടരുത്. "എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന സനാതന സത്യം അറിയാത്തവര്‍ക്ക് എന്തുംപറയാം. ഡല്‍ഹിക്കാരന്‍ സുശീല്‍ ശര്‍മയുടെ രോഗം സ്വന്തം കാമുകിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുടുന്നതിന്റെ മണം പിടിക്കലായിരുന്നു. അയാളെ തൂക്കണോ വേണ്ടയോ എന്ന് കോടതി മാറിയുംതിരിഞ്ഞും ആലോചിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് രോഗമുണ്ടെങ്കിലും നിയമത്തിന്റെ കണ്ണില്‍ അത് അപകടകാരിയല്ല. ഡോക്ടറുടെ ഇഷ്ടത്തോടെയാണെങ്കില്‍ "ചികിത്സ" ആകാം- കേസുണ്ടാകില്ല.

പേര് പീതാംബരനെങ്കില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണന്റെ മന്മഥലീലാവിനോദങ്ങളാകാം എന്ന് പുരാണത്തെ ഉദ്ധരിച്ച് കോടതിയില്‍ വാദിക്കാം. ശിഷ്ടകാലം ഭജനയും ഭക്തിയുമായി അടങ്ങിയൊതുങ്ങി ഗോതമ്പുണ്ട ഭക്ഷിച്ചോളാന്‍ കോടതിക്ക് പറയുകയും ചെയ്യാം. സ്ത്രീ എന്നാല്‍ തോണ്ടാനും പിച്ചാനും മാന്താനുമുള്ള മാംസക്കഷണമാണ് എന്ന് സിദ്ധാന്തിക്കുന്നതിനും തടസ്സമില്ല. രോഗികളോട് ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. പൊതുജനമധ്യത്തില്‍ നീചമായി അപമാനിക്കുക; പരാതി വന്നാല്‍ അതില്‍ ദുരുദ്ദേശ്യം ആരോപിച്ച് ഇരയെ വീണ്ടും അപമാനിക്കുക; അപമാനിക്കപ്പെട്ടവര്‍ ഇരയേ അല്ലെന്നുപറയുക; അനുനയിപ്പിക്കാന്‍ ദൂതന്മാരെ വിടുക; കേസ് എടുക്കാതെ അജ്ഞത നടിക്കുക; ജില്ലാ ഭരണാധികാരിയായ കലക്ടറെ പേടിപ്പിച്ച് പൊട്ടന്‍കളിപ്പിക്കുക- സരിതകേരളം അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകതന്നെയാണ്. ഖദറിട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഇതുപോലെ "ജനസമ്പര്‍ക്ക"ത്തിനിറങ്ങിയാല്‍ പൊലീസിന് വിശ്രമിക്കാം- ഉപരോധവും കരിങ്കൊടിയുമൊന്നുമുണ്ടാകില്ല.

*

സ്കോട്ലന്‍ഡ് യാഡ് മാതൃകയിലാണ് കേരളത്തിലെ പൊലീസ് എന്ന് പണ്ടൊക്കെ ചിലര്‍ വീരസ്യം പറഞ്ഞിരുന്നു. ഇന്നത് ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ ബാക്യാഡ് അഥവാ അടുക്കളപ്പുറ പൊലീസായി. സകലപണിയും ഇപ്പോള്‍ പിന്നാമ്പുറത്താണ്. തിരുവഞ്ചൂരിന് പൊലീസിനെ നയിക്കണമെങ്കിലും അടുക്കളപ്പുറത്തെ വാതിലിലൂടെ പോകണം. രാമ-രാവണ ബാലി-സുഗ്രീവ കീരി-പാമ്പ് ജോര്‍ജ്-ജോസഫ് കടിപിടി നടമാടുന്ന ആഘോഷമുന്നണിയെ മഞ്ചലേറ്റി നയിക്കാന്‍ കാക്കിയിട്ട അമാലവൃന്ദംതന്നെ വേണം. അമാലന്മാര്‍ക്ക് നല്ലവേഷം കാക്കിതന്നെ. ഇടയ്ക്ക് ചവിട്ടുകൊണ്ടാലും മണ്ണുപറ്റിയതായി തോന്നില്ല. പൊലീസിന് ആപാദചൂഡം മാറ്റം വന്നിട്ടുണ്ട്- എന്നുവച്ചാല്‍ തലസ്ഥാനം മുതല്‍ കാല്‍നഖമായ കാസര്‍കോടുവരെ പൊലീസ് മാറിയിരിക്കുന്നു. വടക്ക് കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പികയറ്റുന്ന പരീക്ഷണമാണ് പൊലീസിനെങ്കില്‍ തെക്ക് കഴക്കൂട്ടത്ത് വരിയുടയ്ക്കലും ആറ്റിങ്ങലില്‍ പച്ചമുളകുകൊണ്ടുള്ള വന്ധ്യതാചികിത്സയുമാണ് ഗവേഷണവിഷയം. സത്യസന്ധരും മിടുമിടുക്കരുമായ പൊലീസുകാര്‍ കമ്പിക്കഷണംകൊണ്ട് സുകുമാരകലകള്‍ അഭ്യസിക്കുകയാണ്.

തിരുവഞ്ചൂരില്‍ 1948ന്റെ ക്രിസ്മസ് പിറ്റേന്ന് ഒരു തിരുപ്പിറവിയുണ്ടായില്ലെങ്കില്‍ കേരളം പാഴ്മരുഭൂമിയായും കേരള പൊലീസ് പാഴ്വസ്തുവായും മാറിയേനെ. കൃത്യാന്തരബാഹുല്യം എന്നാലെന്തെന്നറിയാന്‍ സാദാ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍മതി. അകമ്പടി, അടി, ഇടി എന്നതാണ് പൊലീസിന്റെ കര്‍മസൂക്തം. സരിതയ്ക്കും ജോപ്പനും കവിതയ്ക്കും കഥയ്ക്കും കഥയില്ലാത്ത മുഖ്യനും അകമ്പടി പോകുന്ന സമയം കഴിഞ്ഞാല്‍ പച്ചവെള്ളംകുടിക്കാന്‍ പോലും പൊലീസുകാരന് സമയംകിട്ടുന്നില്ല. അതിനിടയില്‍ വൃഷണം തകര്‍ക്കല്‍, കമ്പി കയറ്റല്‍, സൊസൈറ്റി തെരഞ്ഞെടുപ്പ്് അട്ടിമറി, സരിതയ്ക്ക് വെള്ളംചൂടാക്കല്‍- ചില്ലിചിക്കന്‍ പാഴ്സല്‍ വാങ്ങല്‍, കിടക്കവിരിക്കല്‍, മൊബൈല്‍ ഫോണ്‍ ചുണ്ടില്‍വച്ചുകൊടുക്കല്‍ തുടങ്ങിയ ഭാരിച്ച പണികള്‍ പൂര്‍ത്തിയാക്കണം.

ജോപ്പനും ജിക്കുവും ഭരിച്ച കാലംപോലല്ല. അന്ന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും മൊബൈലില്‍ പടംപിടിച്ച് സരിതയ്ക്ക് കൊടുത്ത് സായുജ്യമടഞ്ഞും വിശ്രമവേളകളെ വിനോദപ്രദമാക്കാമായിരുന്നു. ഇന്നിപ്പോള്‍ ചുറ്റും കുഴപ്പമാണ്. ഐജി ചോര്‍ത്തും; എഡിജിപി തിരിച്ചു ചോര്‍ത്തും. രാധ നൃത്തമാടും കൃഷ്ണന്‍ പുല്ലാങ്കുഴലൂതും. ഒരാളെ ഒരിക്കല്‍ ചോദ്യംചെയ്താല്‍ മതിയാവില്ല. അഞ്ചുവട്ടം ചോദ്യമെറിഞ്ഞ്, അഞ്ചുതരം മറുപടി എഴുതിക്കൊടുത്ത് പുതുപ്പള്ളിയില്‍നിന്ന് അച്ചാരം വാങ്ങണം. ഉമ്മന്‍ചാണ്ടിക്ക് ഏറുകിട്ടുമ്പോള്‍ ചെന്നിത്തലയുടെ ഏറുകൊള്ളണം. ആര്‍ടി ഓഫീസില്‍ ഒളിഞ്ഞിരുന്ന് എറിഞ്ഞ കല്ലെന്ന് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കണം; ഒരു കല്ലിന്റെ പേരില്‍ ആയിരം പേര്‍ക്കെതിരെ കേസെടുക്കണം. റേഷന്‍കടയും സ്കൂളും പൂട്ടിച്ച് നടത്തിപ്പുകാരെ പിടിച്ചുകൊണ്ടുപോകണം. "കല്ലിനുമുണ്ടൊരു കഥപറയാന്‍" എന്നതാണ് കണ്ണൂരിലെ പൊലീസ് അവതരിപ്പിക്കുന്ന പുതിയ നാടകം. മുഖ്യന്റെ കാറില്‍ വീണത് സാധാരണ കല്ലല്ല; പറപറക്കും കല്ലാണ്. പറന്നുവന്ന് ചില്ലുടച്ച് നെഞ്ചില്‍തട്ടി ചായംപൂശി സിദ്ദിഖിന്റെ കൈയില്‍ മുത്തി അമര്‍ന്ന് വലത്തോട്ടുമാറി മറുചില്ലുടച്ച് ചിതറിത്തെറിപ്പിച്ച് താഴെപ്പോയ മാന്ത്രികക്കല്ല്. അത്തരമൊരമൂല്യ ശില ഒരാള്‍ക്ക് എറിയാന്‍ കഴിയില്ല- കുറഞ്ഞത് ആയിരംപേരെങ്കിലും വേണമെന്നത് അലംഘനീയയുക്തിതന്നെ. കല്ലും കല്ലുകൊണ്ട മുഖ്യന്റെ കല്ലുപോലത്തെ നെഞ്ചും പ്രധാനകഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന നാടകം, മുടങ്ങിപ്പോയ സമ്പര്‍ക്കപരിപാടിക്ക് ബദലായി നാടാകെ അവതരിപ്പിക്കാവുന്നതാണ്. പൊലീസിനായാലും ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല. കേസ് ഉണ്ടാക്കുന്നതുപോലെയല്ല ഇല്ലാതാക്കല്‍. അതിന് അല്‍പ്പം ബുദ്ധിവേണം. ഹേമചന്ദ്രന് അതുണ്ട് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ്, തെളിവുകള്‍ ആവിയാക്കുന്ന ജോലി അവിടെ ഏല്‍പ്പിച്ചത്.

താന്‍ കൊടുത്ത മൊഴി കോടതിയില്‍ കണ്ടപ്പോള്‍ സരിതപോലും ഞെട്ടിപ്പോയി എന്നാണ് വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടെ പേര് വരുന്നിടത്തെല്ലാം ജോപ്പന്‍ എന്ന് എഴുതിച്ചേര്‍ത്തുവത്രെ. പാവം ജോപ്പന്‍- ദുര്‍ബല നിമിഷങ്ങളെ പഴിച്ച് അജ്ഞാതവാസത്തിലാണ്. കുരുവിളയെ കണ്ടവരില്ല. ജിക്കുമോന്‍ വനവാസത്തിലാണ്. ശാലുമേനോന്‍ പുതിയ സീരിയലില്‍ പറ്റിയ വേഷംതന്നെ കെട്ടുന്നു- പൊലീസിന്റെ. സലിംരാജിനെ വിളിച്ചുവരുത്തി കുശലംപറഞ്ഞ് ചായകൊടുത്ത് വിടുന്നതാണ് പൊലീസ് അനുഷ്ഠിക്കുന്ന പുതിയ മഹാത്യാഗം. എല്ലാ ത്യാഗവും സഹനവും ഒന്നാംക്ലാസോടെ പാസായിട്ടും കണ്ണൂരിലെ രാഹുല്‍നായരെയും സുകുമാരനെയും വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. കല്ലെറിഞ്ഞതും അവരല്ല; കാറില്‍ ഗണ്‍മാന് പകരമിരുന്നതും അവരല്ല. കമ്പികയറ്റിയതിനും സ്വയം നാണംകെട്ട് ജയരാജനെ അറസ്റ്റ് ചെയ്തതിനും കൂലി കൊടുത്തില്ലെങ്കില്‍ പോകട്ടെ, നന്ദികേട് കാട്ടാതിരിക്കുകയെങ്കിലും വേണം. കണ്ണൂരിലെ സുരക്ഷാപാളിച്ച കുറെ സാദാ പൊലീസുകാരുടെ കന്നന്തിരിവാണെന്ന് റിപ്പോര്‍ട്ടെഴുതി കൂട്ടത്തോടെ സ്ഥലംമാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ ആവാം. സുകുമാര രാഹുലാദികള്‍ കര്‍മകാണ്ഡം തുടരട്ടെ. ബാക്യാഡ് പൊലീസിന്റെ അഭിമാന ഭാജനങ്ങളാണല്ലോ അവര്‍.

*

എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.