Sunday, June 27, 2010

പാതാളവല്‍ക്കരണം

'സമസ്തരും സമ്മതിയാതെ കണ്ടിസ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലും' എന്ന് ഏഴുത്തച്ഛനെ കുറിച്ച് പറയാം. ശതമന്യുവിന് അത്തരമൊരു നിര്‍ബന്ധമൊന്നുമില്ല. "ഋതുവായ പെണ്ണിനുമിരപ്പനും ദാഹകന്നും പതിതന്നുമഗ്നിയത്നം ചെയ്ത ഭൂസുരനു''മെല്ലാം വേണ്ടിയാണ് ഇവിടെ ഉള്ളതുപറയുന്നത്. ആര്‍ക്കും വായിക്കാം; വിമര്‍ശിക്കാം. എല്ലാവര്‍ക്കും വേണ്ട പറച്ചിലാകുമ്പാള്‍ കണ്ണിണകൊണ്ട് കടുകുവറുക്കുന്ന പെണ്ണിന്‍ കഥപോലെ ലളിതയും തരളവുമാകണമെന്നില്ല. യുവറോണര്‍ പൊറുക്കണം.

ആന്‍ഡേഴ്സണ്‍ എന്നൊരു പുള്ളിക്കാരനെ കാണാതായിട്ട് വര്‍ഷം ഇരുപത്തഞ്ചു കഴിഞ്ഞു. ഇരുപത്തയ്യായിരം ബ്ളഡി ഇന്ത്യന്‍സിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഭാരതത്തിന്റെ ജനസംഖ്യാപെരുപ്പം നിയന്ത്രിച്ച മഹാനെ ഭോപാലില്‍നിന്ന് ചുമന്ന് ആകാശത്തെത്തിച്ച് ഇന്ദ്രപ്രസ്ഥം വഴി കൊണ്ടുപോയത് ബൊഫോഴ്സ് താമരയും അര്‍ജുനനും മറ്റും ചേര്‍ന്നാണെന്ന് അന്നും ഇന്നും നാട്ടുകാര്‍ക്കറിയാം. ആന്‍ഡേഴ്സണ്‍ പോയതുപോയി. മന്‍മോഹന്‍ ഒബാമയെക്കണ്ടാല്‍ ആന്‍ഡേഴ്സണെ മറക്കുമെന്നാണ് പുതിയ കേള്‍വി. ബാക്കി കുറെയെണ്ണം നാട്ടിലുണ്ട്. പണ്ട് ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ആഫ്രിക്കന്‍ ഗോത്ര വര്‍ഗക്കാര്‍ ജര്‍മന്‍കാരുടെ ജഡം കണ്ട് ആര്‍ത്തുവിളിച്ചത്രെ. അവര്‍ക്ക് കൊന്നാല്‍ പാപം തിന്നാല്‍ തീരും. ബ്രിട്ടീഷ് കമാന്‍ഡര്‍ക്ക് അറപ്പും വെറുപ്പും തോന്നി. ഗോത്രവര്‍ഗക്കാരുടെ പ്രതികരണം "ഞങ്ങള്‍ കൊല്ലുന്നത് തിന്നാനാണ്; നിങ്ങളോ'' എന്ന മറുചോദ്യമായിരുന്നു.

ഭോപാലില്‍ ഇരുപത്തയ്യായിരത്തെ കൊന്നതിന് ഇരുപത്തയ്യായിരം രൂഭാ പിഴയാണ് യുവറോണര്‍ കനിഞ്ഞു നല്‍കിയ വരദാനം. ഭോപാലിലെ ഹിസ് ഹൈനസുമാര്‍ മരിച്ചവരെയും കണ്ടില്ല; കൊന്നവരെയും കണ്ടില്ല. കൊന്നവനെ തണ്ടേറ്റി കടലുകടത്തിയവരെ തീരെ കണ്ടില്ല.

കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില്‍ സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്‍വേസ്റേഷന്‍ മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.

ആളുകള്‍ പൊതുസ്ഥലത്ത് കൂടിനില്‍ക്കുന്നത് നിരോധിച്ചാല്‍ അത് നിരോധനാജ്ഞയാണ്. രാഷ്ട്രീയ പാര്‍ടികളുടെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നിരോധിച്ചാല്‍ അത് ഭരണഘടനയുടെ ലംഘനമാണ്. ഇതില്‍ ഏതാണ് നീതിപീഠം ചെയ്തത് എന്നു പറയാനുള്ള നിയമ പരിജ്ഞാനമൊന്നും ശതമന്യുവിനില്ല. കോസ്റിറ്റ്യുവന്റ് അസംബ്ളി, അംബേദ്കര്‍, പാര്‍ലമെന്റ് എന്നിങ്ങനെയുള്ള വല്യ വല്യ വാക്കുകളെല്ലാം വെറുതെ. നാം എന്തുചെയ്യണം; ചെയ്യാതിരിക്കണം; എങ്ങനെ ചിരിക്കണം; എന്തു ഭക്ഷിക്കണം എന്നെല്ലാം വിശദമായി പ്രതിപാദിക്കുന്ന വിധന്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. പ്രമേഹരോഗത്തിനുള്ള ഭക്ഷണക്രമവും ഒരു വിധിയായി പുറത്തുവന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിയുന്ന ന്യായാസനങ്ങള്‍ക്ക് അതിനും കഴിയും.

*
ചെങ്ങറയിലെ കൈയേറ്റം മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള കൊതിയുടെ മഹത്തായ ത്യാഗപര്‍വമായി വിശേഷിപ്പിച്ചവര്‍ക്ക് വയനാട്ടിലെ ആദിവാസികളെ പരമപുച്ഛമാകുന്നത് പ്രാദേശിക വികാരമോ വ്യത്യാസമോ കൊണ്ടാണെന്ന് കരുതാനാകില്ല. ചെങ്ങറയിലും വയനാട്ടിലും വേണം ആദിവാസികള്‍ക്ക് കിടക്കാനും കൃഷിയിറക്കാനും ഭൂമി. എല്ലാ കുഞ്ഞുങ്ങളും തൊട്ടിലില്‍തന്നെ കിടക്കട്ടെ. വയനാട്ടിലെ ആദിവാസിക്കുഞ്ഞുങ്ങളെ ചക്കിലിട്ടാട്ടാന്‍ നോക്കരുത്.

അച്ഛന്‍ ഭൂമി വെട്ടിപ്പിടിച്ച് മക്കള്‍ക്കുകൊടുത്താല്‍ മക്കള്‍ അത് പിതൃസ്വത്തായി കാണണം എന്നാണ് പുതിയ നിയമം. മോഷണമുതല്‍ തലമുറ കൈമാറിയാല്‍ കുടുംബസ്വത്താക്കാനുള്ള നിയമ നിര്‍മാണം സ്ത്രീ സംവരണബില്ലിനു മുമ്പേ പാസാക്കേണ്ടതാണ്. ഭൂമി വലിയതോതില്‍ കൈവശമുള്ളവനും വെട്ടിപ്പിടിച്ചവനും ഭൂസ്വാമിയാണ്. ഭൂസ്വാമിമാരില്‍ ആസാമിമാരുണ്ട്. തണ്ടപ്പേരല്ല സമാനതയുള്ള മറ്റു പലപേരും അവര്‍ തിരുത്തും; ഭൂമി പൊയ്പ്പോകാതിരിക്കാന്‍. തട്ടിപ്പുഭൂമിയെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കാനൊരുമ്പെട്ടാല്‍ അത് രാഷ്ട്രീയപ്രേരിതമായ; പ്രതികാരവാഞ്ഛയോടെയുള്ള; നീചമായ; നികൃഷ്ടമായ നടപടിയാകും.

സിബിഐയുടെ അന്വേഷണത്തെ സ്വാഗതംചെയ്യുമത്രെ. അതാകുമ്പോള്‍ സൌകര്യമുണ്ടല്ലോ. കറുത്തതിനെ വെളുപ്പിക്കാം; വെളുത്തതിനെ കറുപ്പിക്കാം. കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍തന്നെ അന്വേഷിക്കട്ടെ വയനാട്ടിലെ ഭൂമികൈയേറ്റം. ആറുമാസത്തിനകം ക്ളീന്‍ ചിറ്റ് കിട്ടും. സജ്ജന്‍ കുമാര്‍ എന്നൊരു കുമാരനെ ഡല്‍ഹിയില്‍ രക്ഷിച്ചപോലെ ഇവിടത്തെ കുമാരന്മാരെ രക്ഷിക്കാനും വേണം സിബിഐ. ഇനി അഥവാ സംഗതി കോടതിയിലെത്തിയാലോ? അവിടെയും രക്ഷയ്ക്ക് പാഞ്ഞെത്താന്‍ മറ്റൊരു കുമാരനുണ്ടല്ലോ. ഒരു ജഡ്ജി തെറിവിളിച്ച് ഇറക്കിവിട്ടതും മറ്റൊരു ജഡ്ജി ഇനി എന്റെ മുന്നില്‍ കണ്ടുപോകരുതെന്നുപറഞ്ഞ് അകറ്റിനിര്‍ത്തിയതുമായ ബ്രോക്കര്‍കുമാരന്‍ വിമാനസഞ്ചാരം നടത്തിയും അടഞ്ഞ വാതിലുകള്‍ മുട്ടിത്തുറപ്പിച്ചും രക്ഷപ്പെടുത്തിക്കോളും ആസാമി കുമാരനെ. കുമാരസംഭവമാണ് നടക്കുന്നത്; സര്‍വകുമാരന്മാരുടെയും നല്ല കാലം!

*
മാനായും മാരീചനായും മാധ്യമമായും വരുന്ന ഒന്നേയുള്ളൂ-യഥാര്‍ഥ ഇടതുപക്ഷം. അതിന്റെ കച്ചവടം ജമാ അത്തെ ഇസ്ളാമിക്കാണ്. കടയുടെ ക്യാഷ് കൌണ്ടറിനുമുകളില്‍ ചില്ലിട്ടു തൂക്കിയ ചിത്രം മൌലാനാ മൌദൂദിയുടേതാണ്. കടയുടെ സ്ഥാപകന്‍-മഹാന്‍. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പല രൂപങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മാധ്യമം പത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞുള്ള ചരക്കിനാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. പരിസ്ഥിതി ലേഹ്യം, ഭൂസമരരസായനം, അധിനിവേശ വിരുദ്ധഗുഡം, സാമ്രാജ്യ വിരോധക്കഷായം, കിനാലൂര്‍ തൈലം, അതിരപ്പിള്ളി നല്ലെണ്ണ തുടങ്ങിയവ ഇങ്ങനെ വിറ്റുപോരുന്നു. ഏതു ലേഹ്യം കഴിച്ചാലും കഷായം കുടിച്ചാലും കുഴമ്പുതേച്ചാലും ഊര്‍ജ്വസ്വലതയും ഉത്തേജനവും ഉറപ്പ്. അടുത്ത നാള്‍മുതല്‍ വിപ്ളവം ശരീരത്തിലും മനസ്സിലും തുടിക്കും. മൂന്നാം നാള്‍ കൊടി പിടിക്കും. നാലം നാള്‍ ഉറഞ്ഞു തുള്ളും-മതം ഒന്നുമതി, രാജ്യം ഒന്നുമതി, ദൈവം ഒന്നുമതി എന്ന് മതിയാവോളം അലറും. ശ്രീനാരായണന്‍ പറഞ്ഞത്, ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നാണല്ലോ. മൌദൂദിപ്പറച്ചിലിന് ചെറിയ മാറ്റമേ ഉള്ളു. അതുകൊണ്ട് വായിക്കുക; പ്രചരിപ്പിക്കുക-വിപ്ളവകാരികളുടെ സ്വന്തം മാധ്യമം. ഇനി വിപ്ളവം ജമാ അത്തെ ഇസ്ളാമിയിലൂടെ വരും. നാമതിന് സാഗതമോതിയാല്‍ മാത്രംമതി. ഓരോ സ്വാഗത വചനത്തിനും പെട്രോ ഡോളറില്‍ പ്രതിഫലം കിട്ടും. പണി തുച്ഛം; ഗുണം മെച്ചം.

*
മലമ്പുഴയിലെ യക്ഷിയെക്കണ്ടപോലെ ഒരു കവിത വായിച്ചപ്പോഴും ശതമന്യുവിന് സന്തോഷം. കവിത ഇങ്ങനെ: ആഗോളമൊരണുവില്‍ 'ഈഗോ' ഗോളമൊരു പിടിയില്‍ ഇഗോ വറ്റിയ അണുനാളം നാനാ നാനാ ടെക്നോ ഗോളം ഒരടിക്കൊരുഗോളം രണ്ടടിക്കിരുഗോളം മൂന്നടിക്കു പാതാളം ആഗോള വല്‍ക്കരണം പാതാളവല്‍ക്കരണം. ശില്‍പ്പി കവിയാകുമ്പോള്‍ കവിത ശില്‍പ്പമാകും. കാനായി, ബലേ ഭേഷ്.

Monday, June 21, 2010

വിശ്വാസത്തിന്റെ പ്രശ്നം

വിശ്വാസം-അതാണ് എല്ലാം. രമേശ് ചെന്നിത്തലപോലും വിശ്വാസത്തിന്റെ ആളായിരിക്കുന്നു. പത്രങ്ങളില്‍ വരുന്നതെല്ലാം ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കരുതെന്നാണ് ഒടുവില്‍ അദ്ദേഹം പറയുന്നത്. കെപിസിസി പ്രസിഡന്റില്‍ വിശ്വാസമില്ലെന്ന് കെ കരുണാകരന്‍ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നുമുണ്ട് മഹദ്‌വചനം.

ആപത്തുകാലത്ത് തനിയേ വരുന്ന ഒന്നാണ് ഈ വിശ്വാസം. മാധ്യമങ്ങളില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ വരുമ്പോള്‍ മതിമറന്നാഹ്ളാദിക്കുക മാത്രമല്ല, വിശ്വസനീയമായി കഥകള്‍ രചിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് വിശ്വാസിച്ചുമിരുന്നു ഇന്നലെവരെ ചെന്നിത്തല. ഇപ്പോള്‍ ഇടതുപക്ഷത്തുനിന്ന് വിവാദവാര്‍ത്തകളൊന്നും കിട്ടുന്നില്ല. പഞ്ഞമാസമാണ്. വിശപ്പടക്കാതെ പറ്റില്ലല്ലോ. മാധ്യമക്കണ്ണുകള്‍ മനസ്സില്ലാ മനസ്സോടെ കോണ്‍ഗ്രസിലേക്കും തിരിഞ്ഞു. കരുണാകരന്റെ കത്ത്; ഉമ്മന്‍ചാണ്ടിയുടെ കുത്ത്; പി സി ചാക്കോയുടെ കത്തി; ആന്റണിയുടെ ആപ്പ്-ചെന്നിത്തലയുടെ കാര്യം പരുങ്ങലിലാവുകയാണെന്ന് പത്രദ്വാരങ്ങളിലൂടെ ജനങ്ങള്‍ കണ്ടുതുടങ്ങി.

എന്താണ് കോണ്‍ഗ്രസ് എന്ന് വാര്‍ത്തയുടെ മൊത്തക്കച്ചവടക്കാരൊന്നും വിളിച്ചുപറഞ്ഞില്ല. ഖാദിയുടുപ്പും ചോക്ക്ലേറ്റ് ചിരിയും തക്കാളിക്കവിളും കണ്ടാല്‍ അത് കോണ്‍ഗ്രസാണെന്ന് ധരിക്കുന്ന സ്ഥിതിയായി. അഴിമതി കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്നും അഴിമതിയുണ്ടെങ്കിലെന്താ കോണ്‍ഗ്രസല്ലേ എന്നുമുള്ള ബോധം നട്ടുനനച്ച് വളര്‍ത്തി. ബ്ളോക്ക് പ്രസിഡന്റിന്റെ നിലവാരംപോലും പുലര്‍ത്താത്തവര്‍ നേതൃത്വത്തിലെത്തിയപ്പോള്‍ വാഴ്ത്തിപ്പാടാന്‍ മാധ്യമക്കുഞ്ഞുങ്ങള്‍മുതല്‍ കാരണവന്മാര്‍വരെ അണിനിരന്നു. അരമനയിലും പ്രമാണിവീടുകളിലും കയറിയിറങ്ങിയും നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങള്‍ വിളിച്ചുപറഞ്ഞും വിലപേശി വോട്ടുവാങ്ങിയും തെരഞ്ഞെടുപ്പ് ജയിക്കാമെന്നായി. ജനാധിപത്യം കാശിക്കുപോകുമ്പോള്‍ മാധ്യമങ്ങള്‍ അര്‍മാദിച്ചു; വലതുപക്ഷം ആഹ്ളാദിച്ചു. ഇടതുഭാഗത്തേക്ക് ഒളിഞ്ഞുനോക്കിയും നോക്കാതെയും വാര്‍ത്തകള്‍ രചിച്ചു. അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ജീവിക്കുന്ന ചോക്ക്ലേറ്റ് കുമാരന്മാര്‍ ജനനേതാക്കളും ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവച്ച ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കാരുമായി ചിത്രീകരിക്കപ്പെടുന്ന അത്ഭുതവിദ്യയാണ് അരങ്ങേറിയത്. അതിന്റെ ഗുണമാണ് ചെന്നിത്തലയടക്കമുള്ളവര്‍ വാരിവലിച്ച് തിന്നത്. ഇപ്പോള്‍ വിശ്വാസത്തിന് ദഹനക്കേടുണ്ടാകുന്നുപോലും.

ഇരുപത്തയ്യായിരം പേരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദികള്‍ക്ക് ഇരുപത്തയ്യായിരം രൂപ പിഴശിക്ഷ വാങ്ങിക്കൊടുത്തവരാണ് കോണ്‍ഗ്രസുകാര്‍. മാത്രമോ. മുഖ്യ കുറ്റവാളിയെ സര്‍ക്കാര്‍ വക വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിച്ച് അമേരിക്കയ്ക്ക് കയറ്റി വിടുകയുംചെയ്തു. അതുചെയ്തത് അര്‍ജുന്‍ സിങ്ങോ രാജീവ് ഗാന്ധിയോ രണ്ടുപേരും ചേര്‍ന്നോ എന്ന തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്. ആ കോണ്‍ഗ്രസിന്റെ കേരളത്തിലെ കൈകാര്യകര്‍ത്താക്കളായ ചെന്നിത്തല മുതല്‍ ഉണ്ണിത്താന്‍ വരെയുള്ളവര്‍ മഹാന്മാരാകുന്നതില്‍ തെറ്റുമില്ല; കുറ്റവുമില്ല. അവരുടെ വികസനത്തിന് പ്രത്യേക റോഡുവെട്ടേണ്ടതുമില്ല.

സംഘടനാ തെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെന്തു ചേതം? രാഹുല്‍ജി നാല്‍പ്പതുകിലോയുടെ കേക്കുമാത്രമേ കണ്ടിട്ടുള്ളൂ. അതിന്റെ ഇരട്ടിയിലേറെ തൂക്കമുള്ള കേക്കിന്റെ ആളാണ് ലീഡര്‍. ആ ലീഡറെ വെട്ടിനിരത്തി കൃഷിചെയ്യാനാണ് ചെന്നിത്തല നോക്കുന്നത്. സമവായമാണത്രെ കോണ്‍ഗ്രസിന്റെ രക്ഷകന്‍. ചാണ്ടിക്കും തൊമ്മനും പപ്പാതി വീതിച്ചാല്‍ സമവായമായി. മറ്റുള്ളവര്‍ വേലിക്കു പുറത്തുനില്‍ക്കും. ലീഡറെ അങ്ങനെ ഒരരുക്കാക്കി.

രണ്ടാമത്തെ ഭീഷണി ആദര്‍ശനാണ്. വിമാനവും പീരങ്കിയുംകൊണ്ടു കളിക്കുന്ന ആദര്‍ശധീരന് ഇനിയെന്ത് കേരളം എന്ന് നിരുപിച്ചിരുന്നു. പക്ഷേ, മീന്‍ നീന്തല്‍ മറക്കുമോ? ഗ്രൂപ്പുകളി ആന്റണി വിട്ടുകളയുമോ? ഇറക്കിയിരിക്കുന്നു പരിവാരങ്ങളെ-മുല്ലപ്പള്ളി, മല്ലപ്പള്ളി, കുമ്പളങ്ങി വഴി അനുചരന്‍മാരെ വിട്ടിട്ടുണ്ട്. ചെന്നിത്തലയെയും പിടിക്കും ഉമ്മന്‍ചാണ്ടിയെയും പിടിക്കും.

പണ്ട് ഹിന്ദി പഠിക്കാന്‍ ട്യൂഷന്‍ ക്ളാസില്‍ വരുന്ന കുട്ടികള്‍ കൃത്യസമയത്ത് വരാത്തതിന്റെ ആധിയായിരുന്നു. പിന്നെപ്പിന്നെ ലീഡറുടെ അടുക്കളപ്പുറത്ത് നാലുനേരം കൃത്യമായി ഭക്ഷണം കിട്ടണേ എന്ന പ്രാര്‍ഥന. ആ പ്രാര്‍ഥനയ്ക്കൊടുവില്‍ തക്കാളിക്കവിളിണയില്‍ മന്ത്രി എന്ന പദവികൊണ്ട് തലോടി പുണ്യപുരുഷന്‍. അതുംകഴിഞ്ഞ് അറബിക്കടലിലേക്ക് വെള്ളമെത്ര ഒഴുകിയെത്തി. ഒരു മഴക്കാലത്ത് ലീഡറെ ഡീലറെന്ന് വിളിച്ചു. തിരുത്തിക്കുമെന്ന് പ്രഖ്യാപിച്ചു. അന്നുവരെ നീയോ ഞാനോ മോന്‍ എന്നുപറഞ്ഞു മത്സരിച്ചവര്‍ വേര്‍പിരിഞ്ഞു. നനഞ്ഞിടത്തുതന്നെ കുഴിച്ചു. കറങ്ങിത്തിരിഞ്ഞ് സ്വപ്നപദവിയിലെത്തി. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനം. മോശമല്ല. എത്തുന്നിടത്ത് പത്രസമ്മേളനം. എല്ലാ ജില്ലയിലെയും പ്രാദേശിക ലേഖകന്മാരുടെവരെ നമ്പരെഴുതിയ പുസ്തകം കൈയിലുണ്ട്. എല്ലാം ശുഭകരം. ആന്റണിയും വേണ്ട; ലീഡറും വേണ്ട; ഉമ്മന്‍ചാണ്ടി തീരെ വേണ്ട- ഞാന്‍തന്നെ കോണ്‍ഗ്രസ് എന്നായി.

ഇപ്പോഴിതാ എല്ലാറ്റിനും വിശ്വാസത്തകര്‍ച്ച വന്നിരിക്കുന്നു. നാനാഭാഗത്തുനിന്നും കൂരമ്പുകള്‍ വരുന്നു. ചെന്നിത്തലയ്ക്കു പന്ത്രണ്ടുപേരുടെ പിന്തുണപോലുമില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞത് കടുകട്ടിയായി. ലീഡറിതാ പഴയ സ്നേഹമെല്ലാം വെടിഞ്ഞ് കത്തുമായിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ സര്‍വഥാ യോഗ്യനായ, സൌന്ദര്യവും കഴിവും ഒത്തിണങ്ങിയ, ഏതു ടാലന്റ് ടെസ്റ്റിലും വിജയം ഉറപ്പുള്ള തന്നെ പുറത്താക്കാന്‍ നോക്കുകയോ? വിശ്വസിക്കാനാവുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ എന്തോ ഒരു 'സ്വത്തു'രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെ കുത്തുരാഷ്ട്രീയമാണ്. കുത്ത് കിട്ടുമ്പോള്‍ എല്ലാ വിശ്വാസവും തകരുകയാണ്. ജോസഫും മാണിയും അബ്ദുള്ളക്കുട്ടിയും സലാമും കുഞ്ഞാലിക്കുട്ടിയും ജേക്കബ്ബും പിള്ളയുമെല്ലാമുള്ള അനന്ത വിശാല മുന്നണിയുമായി മുഖ്യമന്ത്രിപദത്തിലേക്കൊന്ന് പൊരുതിനോക്കാമെന്ന സ്വപ്നവും അസ്തമിക്കുകയാണ്. ആശിച്ചതു കിട്ടാതാകുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് വേദന. ആ ദൈന്യംകണ്ടെങ്കിലും മാധ്യമങ്ങള്‍ അല്‍പ്പം വിശ്വാസം കടംകൊടുക്കണം. അല്ലെങ്കില്‍ നശിച്ചുപോകുമെന്നേ. പത്രങ്ങളും ടിവിയുമില്ലെങ്കില്‍ പിന്നെന്ത് ചെന്നിത്തല.

*
അമ്മേ ഞങ്ങള്‍ പോകുന്നു; വന്നില്ലെങ്കില്‍ കരയരുതേ എന്നാണ് പണ്ട് അമ്പത്തെട്ടില്‍ വിളിച്ച മുദ്രാവാക്യം. വിളിച്ചത് സ്കൂളില്‍നിന്നും കോളേജില്‍നിന്നും ഇറക്കിക്കൊണ്ടുവന്ന കിടാങ്ങള്‍. വന്നില്ലെങ്കില്‍ കരയരുതേ എന്നു പറഞ്ഞിട്ടുപോകുന്ന സമരം മരിച്ചാലും വിടില്ല എന്ന സമരമാണ്. ആത്മാഹുതി സമരം. ആട്ടിന്‍പറ്റങ്ങളെപ്പോലെ കുട്ടികളെ തെരുവിലേക്ക് ആട്ടിക്കൊണ്ടുവന്ന് ആത്മാഹുതി ഭീഷണി മുഴക്കിച്ചവരില്‍ ഖദറുകാരും നീളന്‍ കുപ്പായക്കാരുമെല്ലാമുണ്ടായിരുന്നു. ജനാധിപത്യത്തെ കൊല്ലാനുള്ള സമരമായിരുന്നു അത്.

അന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്തവര്‍ക്ക് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍തന്നെ കലിവരും. വിദ്യാര്‍ഥിക്കും വേണ്ട; അധ്യാപകനും വേണ്ട രാഷ്ട്രീയം. ഞങ്ങള്‍ ഒരു കൈയില്‍ ദൈവത്തെയും മറുകൈയില്‍ അധികാരത്തെയും പിടിക്കും. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ജനാധിപത്യവും രാഷ്ട്രീയവും വേണ്ട; അരാഷ്ട്രീയവും മതരാഷ്ട്രീയവും മതി എന്നാണ് പുതിയ തിട്ടൂരം. അരാഷ്ട്രീയമെന്നാല്‍ കഞ്ചാവടി, സ്മോളടി, കമന്റടി തുടങ്ങിയ ചെറുകിട അടികളാണ്. അടി മൂത്താല്‍ റാഗിങ്ങ്, കൂട്ടത്തല്ല്, ലൈംഗിക പീഡനം ഇത്യാദി അവസ്ഥയിലുമെത്തും. മത രാഷ്ട്രീയമെന്നാല്‍ എന്റെ മതത്തെ വളര്‍ത്താനുള്ള കളി. അതിന്റെ പരിധി ഏതറ്റംവരെയും പോകും. തലയില്‍ കെട്ടുമായി അമേരിക്കയില്‍ പോയി പ്രസംഗിച്ച പഴയ സന്യാസി ഇക്കാലത്തെക്കുറിച്ചാകണം അഡ്വാന്‍സായി പറഞ്ഞത്-വട്ടന്‍മാരുടെ നാടെന്ന്. കഷ്ടം തന്നെ.

Sunday, June 6, 2010

പതിമൂക്കന്മാരുടെ അടവുനയം

അമ്മയെ തല്ലുകയും അതിന് ന്യായം പറയുകയും ചെയ്യാമെന്നത് ഒരടവുനയമാണ്. വോട്ടു വിറ്റതിനും വില്‍ക്കാന്‍ പോകുന്നതിനും ന്യായം കണ്ടെത്തലും അടവുനയംതന്നെ. ശത്രുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍തന്നെ വോട്ട് വില്‍ക്കണമെന്നില്ല. ജയിക്കുന്നത് ശത്രുവായാലും മിത്രമായാലും വേണ്ടില്ല-കിട്ടുന്നത് പണമായാലും നെല്ലായാലും വേണ്ടില്ല-കച്ചവടം നടന്നാല്‍മതി.

കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു. രണ്ടിടത്തും സംയുക്ത സ്ഥാനാര്‍ഥികള്‍. മറ്റിടത്തെല്ലാം ബിജെപി വോട്ട് ലീഗിനും കോണ്‍ഗ്രസിനും. കാര്‍മികത്വം വഹിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് മൌദൂദി സംഘത്തിന്റെ ആലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനെ കെട്ടാന്‍ രഹസ്യചര്‍ച്ചയ്ക്കുപോയ അതേ കുഞ്ഞാലിക്കുട്ടി അന്ന് ചര്‍ച്ചിച്ചത് പി പി മുകന്ദനുമായി. മഞ്ചേശ്വരത്തുചെന്ന് മാരാര്‍ജിയെ ജയിപ്പിക്കാന്‍ പണവുംകൊണ്ടുപോയ മുകുന്ദന്‍ കോട്ടയ്ക്കല്‍വരെയേ എത്തിയുള്ളൂ. അവിടെ മുകുന്ദനും കുട്ടിയും കൂടിക്കണ്ടു. മുസ്ളിങ്ങളെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ കരാറെടുത്ത ആര്‍എസ്എസുമായി ലീഗുനേതാവിന്റെ അടവുനയം. പണമെത്ര മറിഞ്ഞെന്ന് മാരാര്‍ജിയും 'ധര്‍മം ശരണം ഗച്ഛാമി' എഴുതിയ രാമന്‍പിള്ളജിയും പറഞ്ഞിട്ടില്ല. എന്തായാലും വോട്ടും മറിഞ്ഞു; പണവും മറിഞ്ഞു.

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോഴിക്കോട്ട് ആര്‍എസ്എസുകാരനെ കെട്ടിപ്പിടിച്ച് മുത്തംകൊടുക്കാന്‍ ലീഗിന് മടിയില്ല. ആര്‍എസ്എസ് ബൈഠക് നടത്തിയാണ് അന്ന് ലീഗിനു വോട്ടുവിറ്റതെന്ന് രാമന്‍പിള്ള പറഞ്ഞതിന് മുകുന്ദന്റെ മറുപടി ഇനിയും വന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ പുകക്കുഴലില്ലാത്ത വ്യവസായം മതി. മുകുന്ദന്‍ ഷെഡ്ഡില്‍കയറിയാലും വോട്ടുകച്ചവടം വേണ്ടെന്നുവയ്ക്കാന്‍ ബിജെപിക്കു കഴിയുമോ? ഡല്‍ഹിയില്‍ നെഹ്റുയുവകേന്ദ്ര കളിച്ച് നാട്ടിലെത്തിയ മുരളീധരനും പോകണമല്ലോ മുകുന്ദേട്ടന്റെ വഴിയേ. അടവുനയത്തിന്റെ ഭാഗമായി വോട്ടുമറിക്കുന്നതില്‍ തെറ്റില്ലെന്നാണ് ടിയാന്റെ പുതിയ പ്രമാണം.

കുഞ്ഞാലിക്കുട്ടി കാത്തിരിക്കുന്നു-ചര്‍ച്ച ഇപ്പോഴേ തുടങ്ങിയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പേ കച്ചവടം ഉറപ്പിക്കാം. യുഡിഎഫ് എന്നത് ഐക്യ ജനാധിപത്യമുന്നണിയോ ഐക്യ വര്‍ഗീയ മുന്നണിയോ? പട്ടക്കാര്‍ ഒപ്പിച്ച ഐക്യം മാണിയുടെ മീശയും ജോസഫിന്റെ ശാരീരവുമായി ഒരുഭാഗത്ത്. ജമാ അത്തെ ഇസ്ളാമിയുമായി സംബന്ധവും ഐഎന്‍എല്ലുമായി താല്‍ക്കാലിക ഇടപാടും എന്‍ഡിഎഫുമായി സ്ഥിരം ഇടപാടും ഉറപ്പിച്ച കുഞ്ഞാലിക്കുട്ടിയുടെ ലീഗ് വേറൊരു വശത്ത്. മുനീര്‍ തിന്നുകയും ചെയ്യും തീറ്റിക്കുകയും ചെയ്യും-രണ്ടിനും ആദര്‍ശത്തിന്റെ കളര്‍ഷര്‍ട്ടിടീച്ചാല്‍ മതി. കിനാലൂരില്‍ വിസര്‍ജ്യം തെറിപ്പിച്ച് സമരം നടത്തിയ മഹാവീരന്മാര്‍ മറ്റൊരുവശത്തുണ്ട്. എല്ലാറ്റിനും പുറമെ വോട്ട് മറിക്കുന്ന അടവുനയവുമായി ബിജെപിയുടെ ഒരുകൈ സഹായം. അതിനെയും തുണയ്ക്കാന്‍ ഇടതുതീവ്രതയുടെ ഊശാന്‍താടികള്‍. എല്ലാ ചേരുവയും ചേര്‍ന്നുകഴിഞ്ഞു. ഇനി വെടിപൊട്ടിയാല്‍മതി. ഓട്ടം തുടങ്ങാം. ചേരേണ്ടത് ചേരേണ്ടിടത്തുതന്നെ ചേരുന്നുണ്ട്.

*
ബംഗാളിലെ മമതയ്ക്ക് നാലുസീറ്റുകിട്ടുമ്പോള്‍ കോട്ടയത്തെ റബര്‍മരത്തില്‍ പാലുല്‍പ്പാദനം കൂടുന്നുണ്ട്. പുളിയാര്‍മലയിലെ കാപ്പി പൂക്കുന്നുമുണ്ട്. ശ്രീശ്രീ രവിശങ്കറിനെ കൊല്ലാന്‍ വെടിവെച്ചു എന്ന വാര്‍ത്ത ഇപ്പോള്‍ പട്ടിയെ വെടിവച്ചു എന്നായി മാറിയിരിക്കുന്നു. ബംഗാളില്‍ ഇടതിനെ അടിമുടി തീര്‍ത്തുകളഞ്ഞു എന്ന വാദവും അതുപോലെ പൊളിഞ്ഞുവോ എന്ന് നോക്കണം.

മമത കാറ്റായടിക്കാനും മഴയായി പെയ്യാനും തുടങ്ങിയിട്ട് കാലംകുറെ ആയി. ബംഗാള്‍ ഇതാ അട്ടിമറിക്കപ്പെട്ടു എന്ന പ്രവചനവും കുറെക്കാലമായി കേള്‍ക്കുന്നുണ്ട്. ഇന്നിതാ പതിനേഴു ശതമാനം വോട്ടര്‍മാര്‍ വിധിയെഴുതിയ നഗരസഭാ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് അല്‍പ്പം നേട്ടമുണ്ടായിരിക്കുന്നു. അതിനര്‍ഥം ഇടതിന്റെ തകര്‍ച്ചയാണെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയും ആശ്വസിക്കാം. ഇടതിനെ തകര്‍ത്ത് മമതയെ വാഴിച്ചാല്‍ അവരുടെ വിരശല്യം തീരുമല്ലോ. നക്സലുകള്‍ തീവണ്ടി മറിച്ചപ്പോള്‍പോലും കുളംകലക്കാന്‍ നോക്കിയ മമതയെ ആരാധിക്കട്ടെ മഹാന്മാര്‍.

*
ദീപിക എന്ന പത്രത്തെക്കുറിച്ച് വലതുപക്ഷത്തുള്ളവര്‍ക്ക് സംശയത്തിനു വകയുണ്ടാകില്ല. കറതീര്‍ന്ന ഇടതുപക്ഷ വിരോധ പത്രം. ആ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത നോക്കുക. കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിക്കപ്പെടുന്നവര്‍ വീടുനിര്‍മ്മാണം തുടങ്ങി എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ :

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്തുസെന്റ് ഭൂമിയില്‍ വീടുനിര്‍മ്മിക്കാനുള്ള തിരക്കിലാണ്. വീടുനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഏതാനുംപേര്‍ ആരംഭിച്ചുകഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മ്മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്. കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിന്റെ സമീപത്തുതന്നെ പത്തുസെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ലഭൂമി കിട്ടിയത് ആശ്വാസമായിട്ടുണ്ട്. കല്ലേലിക്കര, കുമ്മാനം, ആനക്കുഴി, കാരപേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്ക് ഭൂമി നല്‍കിയത്. പുതിയ വീടിന് വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.“

ദേശാഭിമാനിയില്‍ വന്നതാണെങ്കില്‍ സര്‍ക്കാര്‍ വിലാസം വാര്‍ത്ത എന്ന് അവഗണിച്ച് തള്ളാന്‍ എളുപ്പമായേനെ. ഇത് സാക്ഷാല്‍ ദീപികയാണ്.

വികസന പ്രവര്‍ത്തനത്തിന് ഭൂമി വേണ്ടിവരുമ്പോള്‍, ഇങ്ങനെ ജനങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പുനരധിവാസം നടക്കുന്നുണ്ട്. കിനാലൂരില്‍ വിസര്‍ജ്യ സമരത്തിനിറങ്ങിയവര്‍ ഈ വാര്‍ത്ത കണ്ടിട്ടുണ്ടാവില്ല. പുകക്കുഴലില്ലാത്ത വ്യവസായമേ ഇനി താന്‍ കൊണ്ടുവരൂ എന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിക്കും ദീപിക വായിച്ച് ഒന്നും മനസിലായിട്ടുണ്ടാകില്ല. കുഞ്ഞാലിക്കുട്ടി ഇതുവരെ പുകക്കുഴലുള്ള എത്ര വ്യവസായം കേരളത്തില്‍ കൊണ്ടുവന്നു എന്നറിയാനും ശതമന്യുവിന് കൊതിയാകുന്നുണ്ട്.

റോഡ് വീതികൂട്ടുന്നതിനെതിരെ സമരംനടത്തിയാല്‍ എളുപ്പത്തില്‍ കുറെയാളുകളെ കിട്ടും എന്ന് സോളിഡാരിറ്റിക്കും അറിയാം; ഇടതു തീവ്രന്മാര്‍ക്കും അറിയാം. പറയാന്‍ പരിസ്ഥിതി, കുടിയൊഴിപ്പിക്കല്‍, വികസനഭ്രാന്ത്, അധിനിവേശം, മൂലധനത്തിന്റെ വഴി എന്നിങ്ങനെ കുറെ വാക്കുകളും കിട്ടും. രാഷ്ട്രീയം പറഞ്ഞ് ആളെക്കൂട്ടാന്‍ കഴിയില്ലെങ്കില്‍ പാലേരിയില്‍ ചെന്ന് സഖാക്കളെ, സുഹൃത്തുക്കളെ എന്നുമാത്രം പറഞ്ഞാല്‍മതി. പരിസ്ഥിതി സംരക്ഷിക്കപ്പെടും. സ്മാര്‍ട്സിറ്റി നല്ലതും ചീത്തയും പിന്നെയും നല്ലതും വീണ്ടും ചീത്തയുമാക്കാനുള്ള സിദ്ധാന്തവിരേചനം നീലകണ്ഠനറിയാം. ചാണകം എന്ന വിസര്‍ജ്യവസ്തു ചൂലില്‍മുക്കി മനുഷ്യനുനേരെ പ്രയോഗിക്കുന്ന സമരത്തെ ഉല്‍കൃഷ്ടമെന്നു പറയാനും ഇവിടെ ആളുണ്ടായല്ലോ. എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത്? കിനാലൂരിനെ നന്ദിഗ്രാമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ സ്വത്വം ഒരു ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കേണ്ടതുണ്ട്. യഥാര്‍ഥ പിതൃത്വം പെട്രോ ഡോളറിനാണോ സാദാ ഡോളറിനാണോ എന്നെങ്കിലും അറിയണമല്ലോ.

*
കൊമ്പനാനയും പതിമൂക്കന്‍ നായയും എന്നൊരു റഷ്യന്‍ സാരോപദേശ കഥയുണ്ട്. ഈ കഥ ലെനിന്‍ പലവട്ടം ഉദ്ധരിച്ചതാണ്.

കൊമ്പനാന നിരത്തിലൂടെ ചന്തത്തില്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ ആദരവോടെ നോക്കിനിന്നു. എന്നാല്‍, ഒരു പതിമൂക്കന്‍ നായ താന്‍ 'ശക്തനാ'ണെന്ന് കാണിക്കാന്‍ കഠോരശബ്ദത്തില്‍ ആനയെ നോക്കി കുരച്ചു. ആന ഒരുകുലുക്കവുമില്ലാതെ നടത്തം തുടര്‍ന്നു. നായ കുരച്ചുതളര്‍ന്നു മൂക്കുകത്തി. ഈ കഥയ്ക്ക് അനുബന്ധമായി ലെനിന്‍ എഴുതി:

"ബൂര്‍ഷ്വാ സമുദായത്തിന്റെ വളര്‍ത്തുനായ്ക്കള്‍ പടുകൂറ്റന്‍ മരത്തടിയില്‍നിന്ന് വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ ചീളും കാണുമ്പോള്‍ ആര്‍ക്കുകയും കുരയ്ക്കുകയും ചെയ്യട്ടെ. തൊഴിലാളിവര്‍ഗമാകുന്ന ആനയെ കണ്ടു കുരയ്ക്കുവാനല്ലെങ്കില്‍ ഈ വളര്‍ത്തുനായ്ക്കളെക്കൊണ്ട് എന്താണ് കാര്യം. അവ കുരയ്ക്കട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോവുക.''