Sunday, May 13, 2012

കെട്ടിയിട്ടുതല്ലുന്ന ക്വട്ടേഷന്‍

കെട്ടിയിട്ടുതല്ലുന്നത് സുഖമുള്ള ഏര്‍പ്പാടാണ്- തല്ലു കൊടുക്കുന്നവര്‍ക്ക്. ഒന്നും ഭയപ്പെടാനില്ല. തിരിച്ചടിയുണ്ടാകില്ല. അഥവാ കെട്ടുപൊട്ടിച്ച് ഒന്ന് കൈയോങ്ങിയാല്‍ അതാ അക്രമകാരി എന്ന് വിളിച്ച് കല്ലെറിയാം. ഈ സുഖം വാരിവാരിത്തിന്നുകയാണ് നമ്മുടെ ചില സുഹൃത്തുക്കള്‍. ക്വട്ടേഷന്‍ എന്നത് മലയാളീകരിക്കപ്പെട്ട പ്രയോഗമാണ്. ഒറ്റത്തവണ ക്വട്ടേഷന്‍ എടുക്കുന്നവരുമുണ്ട്; ആജീവനാന്ത ക്വട്ടേഷന്‍ ലേലത്തിന് പിടിക്കുന്നവരുമുണ്ട്. രണ്ടാമത്തെക്കൂട്ടര്‍ക്ക് മാസപ്പടിയാണ്. വടിവാള്‍, കത്തി, കഠാര, നാടന്‍ബോംബ്, സൈക്കിള്‍ചെയിന്‍, തിരണ്ടിവാല്‍ തുടങ്ങിയവയ്ക്കുപുറമെ പുതുപുത്തന്‍ മാരകായുധങ്ങളും അവര്‍ പ്രയോഗിക്കുന്നു. മൈക്ക് ബോംബ്, സമദൂര മിസൈല്‍, പ്രസ്താവനക്കത്തി, പ്രതികരണച്ചുറ്റിക, ചര്‍ച്ചക്കുന്തം, തത്സമയക്കുറുവടി തുടങ്ങിയവയാണ് ആധുനീകരിക്കപ്പെട്ട ആയുധവ്യൂഹം.

മാസപ്പടി ക്വട്ടേഷന്‍കാര്‍ക്ക് വ്യത്യസ്ത ശൈലിയാണ്. വെട്ടും കുത്തും കണ്ടാല്‍ ആരാണ് ചെയ്തതെന്ന് കൃത്യമായി മനസ്സിലാകും. നല്ല നിലാവുള്ളപ്പൊഴേ പുറത്തിറങ്ങാറുള്ളൂ. അങ്ങനെയാകുമ്പോള്‍ വെളുക്കുന്നതുവരെ കാര്യം സാധിക്കാം. ഇരയെ നിശ്ചയിച്ചുകഴിഞ്ഞാല്‍ വളഞ്ഞിട്ടുപിടിക്കും. ഒന്നോ രണ്ടോ ദിവസംകൊണ്ട് കൃത്യം പൂര്‍ത്തിയായില്ലെങ്കിലും വിരോധമില്ല. നിലാവുള്ള അടുത്ത രാവുവരുംവരെ ക്ഷമയോടെ കാത്തിരിക്കും. ഈ സംഘത്തിലെ ചില പേരുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ലുക്കൗട്ട് നോട്ടീസൊന്നും പുറപ്പെടുവിക്കാത്തതുകൊണ്ട് സംഘാംഗങ്ങള്‍ എല്ലാ രാത്രിയും പുറത്തിറങ്ങാറുണ്ടെന്ന് കേള്‍ക്കുന്നു. സംഘത്തിന് ഒറ്റ നേതാവിലും ഒറ്റ ആയുധത്തിലും ഒറ്റ ശൈലിയിലും വിശ്വാസമില്ല. അപ്പോള്‍ കാണുന്നവനെ നേതാവേ എന്ന് വിളിക്കും. അങ്ങനെ നേതാവാകാന്‍ ഭാഗ്യം സിദ്ധിച്ച മൂന്നുപേര്‍ അഖില ലോക ക്വട്ടേഷന്‍ സംസ്കാരത്തിന്റെ തിടമ്പേറ്റുകാരായി വാഴ്ത്തപ്പെട്ടിരിക്കുന്നു.

വയനാട്ടിലും ഈരാറ്റുപേട്ടയിലും എന്തിന് അങ്ങ് പുതുപ്പള്ളിയില്‍ പോലും പേരുകേട്ട പുമാന്മാര്‍. ഇവരിലൊരാളാണ് കഴിഞ്ഞദിവസം അച്ചായന്റെ മഴവില്‍ ചാനലില്‍ തലവഴി തുണിയിട്ട് കയറിയിരുന്ന് അഭിനയിച്ചത്. സകലകലാ വല്ലഭന്മാരായ ക്വട്ടേഷന്‍സംഘം സ്വന്തം ശക്തിയില്‍ സംശയം തോന്നുമ്പോള്‍ പുറത്തുനിന്ന് ആളെ ഇറക്കാറുണ്ട്. കഴിഞ്ഞദിവസം അങ്ങനെ കൊണ്ടുവന്നത് ബംഗാളിലെ വനിതാ കുഞ്ഞനന്തന്‍നായരെയാണ്. ആള്‍ കുഴപ്പക്കാരിയൊന്നുമല്ല. നന്നായി എഴുതും. അറിവിന്റെ വലിയ പീഠത്തിലൊക്കെ ഇരുത്തിയിട്ടുണ്ട്. ഒരു പ്രശ്നമേയുള്ളൂ. ആരു വിളിച്ചാലും വരും. വിളിച്ചവര്‍ക്ക് ആവശ്യമുള്ളതു പറയും. ബംഗാളില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കലായിരുന്നു ഒരുകൊല്ലം മുമ്പത്തെ മഹത്തായ ലക്ഷ്യം. മമതാ ദീതിക്ക് ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുപ്പാന്‍ പ്രായവും രോഗവും മറന്ന് മാര്‍ക്സിസ്റ്റുകാരെ നടന്ന് തെറിവിളിച്ചു. കസേരയിലെത്തിയപ്പോള്‍ ദീതിയുടെ തനിനിറം പുറത്തുവന്നു. അതോടെ, "മമതേ മരമേ ഫാസിസ്റ്റേ" എന്നായി കവിതാലാപം.
കോഴിക്കോട്ട് വന്നുപറഞ്ഞത്, ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും മാര്‍ക്സിസ്റ്റുകാരെ കെട്ടുകെട്ടിക്കണമെന്നാണ്. ആന്തമാനിലും രാജസ്ഥാന്‍ മരുഭൂമിയിലുമൊക്കെ സ്ഥലം ഒഴിവുണ്ടോ എന്ന് അന്വേഷിക്കണം. മാര്‍ക്സിസ്റ്റുകാരെ ശരിപ്പെടുത്താനാണ് വണ്ടിക്കൂലി മുടക്കി കൊണ്ടുവന്നത്. ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റുകാരുടെ തലയിലിട്ട് ശോകാഭിനയം നടത്താനായിരുന്നു തിരക്കഥയെങ്കിലും ഉപചാരച്ചടങ്ങുകള്‍ മുടങ്ങിയില്ല. അജിതേച്ചി (അജിതയാണ് സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും കാവല്‍ മാലാഖ. വയനാട്ടിലെ കാട്ടിലായിരുന്നു അതിന്റെ ഉപരിപഠനം. വെട്ട്, കൊല, കത്തി, ബോംബ് തുടങ്ങിയ പദങ്ങള്‍ മാലാഖയുടെ ജീവിതത്തില്‍ കേട്ടിട്ടേയില്ല) ചക്കരയുമ്മ കൊടുത്തു. അതുകണ്ട് വീരോചിതം പൊട്ടിച്ചിരി മുഴങ്ങി. കാടിതുകണ്ടായോകാന്താ എന്ന ചോദ്യമില്ലാതെ തന്നെ ഫെമിനിസത്തിന്റെ ചിരി ആഘോഷപൂര്‍വം മുല്ലപ്പൂമൊട്ടുകളായി അടര്‍ന്നുവീണു. മൂന്നാമത്തെ ചിരിയന് ലുക്കില്ല എന്നേയുള്ളൂ- ആള്‍ മന്ത്രിയാണ്. നാട്ടിലാകെ പിതാവിന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി പഞ്ചായത്തുകളെ കൊണ്ട് പണം കൊടുപ്പിക്കുക, ഫാസിസ്റ്റുവിരുദ്ധം മൂക്കുമുട്ടെ ഭക്ഷിച്ച് ആര്‍എസ്എസുകാരന്റെ തിണ്ണയില്‍ കിടന്നുറങ്ങുക, സായ്പിനെ വിളിച്ചിരുത്തി സ്വന്തം സാഹിബിന്റെ ദൂഷ്യം പറയുക, കല- സാഹിത്യം എന്നിങ്ങനെയുള്ള അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുക തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളാണ് വകുപ്പുവിഭജനത്തില്‍ കിട്ടിയത്. ഒന്നിനൊന്ന് ചേരുന്ന കൂട്ടായ്മയാണ്. സാറാ-മുനീര്‍-വീരസംഗമം. ഒന്നിച്ചുകൂടിയത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ രോഷം പങ്കിടാനാണെങ്കിലം നടന്നത് മുത്തമിടലും കെട്ടിപ്പിടിത്തവും പൊട്ടിച്ചിരിയും. എല്ലാം ഒരു കച്ചവടം തന്നെ.

പ്രതികരണം സ്വയം വരേണ്ടതല്ല; ഞെക്കിപ്പുറത്തുകൊണ്ടുവരേണ്ടതാണ് എന്നത്രേ ആധുനിക യഥാര്‍ഥ ഇടതുപക്ഷസിദ്ധാന്തം. ഞെക്കിയിട്ടും വന്നില്ലെങ്കില്‍ കുത്തിമലര്‍ത്തുമെന്നത് വിശാല ഇടതുപക്ഷത്തിന്റെ തിയറിയാണ് എന്നത് സാംസ്കാരികനായകന്മാര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്നം. വീരന്‍ പറയുന്നു: ""കൊലപാതകത്തോട് പ്രതികരിക്കാത്ത ജ്ഞാനപീഠജേതാക്കള്‍ വെറും പീഠമേ നേടിയിട്ടുള്ളൂ. അതില്‍ ജ്ഞാനമില്ല""എന്ന്. കേരളത്തിലെ ജ്ഞാനപീഠജേതാക്കള്‍ക്ക് പത്രമുടമ വക പീഡനം. അഴീക്കോട്മാഷിനെ മഞ്ഞക്കഥകളെഴുതി നാറ്റിച്ച അതേ ഭീഷണി. വീരന്‍ ഇരിക്കുന്ന പരമപീഠം ജ്ഞാനത്തിന്റേതാണ്, അവാര്‍ഡുകളുടെ അപൂര്‍വശേഖരത്തിനു മുകളില്‍ കെട്ടിപ്പൊക്കിയതാണ്. ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ച് ഏതെങ്കിലും രാമന്റെ ദുഃഖത്തിന് ഒരു ജ്ഞാനപീഠവും തരപ്പെടുത്തിക്കൊടുക്കാവുന്നതേയുള്ളൂ. നാട്ടിലെ പ്രസിദ്ധീകരണമാഗ്രഹിക്കുന്ന സാംസ്കാരിക ജീവികള്‍ ഇതൊരറിയിപ്പായി കണ്ട്, വീരോചിതം വീരന്റെ വാക്കുകള്‍ക്ക് അടിയൊപ്പിട്ടുകൊടുക്കാവുന്നതാണ്. അതല്ലെങ്കില്‍ കവിതയും കഥയും ലേഖനവും പ്രതികരണവും അച്ചടിച്ചുകാണുമെന്ന് കരുതേണ്ടതില്ല.

*
ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടത്:

""വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.
ഇതുവരെ സംസാരിച്ച മൂന്നുപേരും വികാരവിജ്രംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.

എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല- പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.""

എം ജി രാധാകൃഷ്ണന്‍ എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് ഇങ്ങനെ പിന്മാറിയത്.

നാട്ടില്‍ എവിടെ സദ്യയുണ്ടെങ്കിലും തലേന്നുചെന്ന് തമ്പടിക്കുന്ന ചിലരുണ്ട്. കാളപെറ്റാലും കാക്ക പറക്കുമ്പോള്‍ മലര്‍ന്നുപോയാലും പ്രത്യയശാസ്ത്രക്കുന്തവും കൊണ്ട് ചാനലാപ്പീസുകളിലേക്ക് പാഞ്ഞുകയറുന്ന അത്തരക്കാരുടെ ഉത്സവമാണ് ചന്ദ്രശേഖരന്‍വധത്തോടെ അരങ്ങേറിയത്. കുളിച്ച് പൗഡറിട്ട് നിരന്നിരുന്ന് വിധിപ്രഖ്യാപനം നടത്തുകയാണ്. അവര്‍ക്ക് തെളിവുവേണ്ട, സാക്ഷിവേണ്ട, യുക്തിവേണ്ട, ന്യായം വേണ്ട- മാര്‍ക്സിസ്റ്റ് പാര്‍ടിയെ നാലുതെറി വിളിച്ചാല്‍ മതി. ഇത് കണ്ടുകണ്ട് ജനങ്ങള്‍ മടുത്തുപോകും എന്നൊരു ചിന്തയെങ്കിലും വേണ്ടേ?

രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.

*

കെട്ടിയിട്ട് തല്ലിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ തളര്‍ന്ന് തകര്‍ന്നുപോകുമെന്ന സ്വപ്നം അവസാനിക്കാതെ തുടരുകയാണ്. ഇതിനിടെ, ബമ്പര്‍ സമ്മാനം നല്‍കാവുന്ന ഒരു പ്രവചനം കേട്ടു. ചെന്നിത്തലാജിയുടേതാണ്. കോണ്‍ഗ്രസില്‍ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് പ്രവചനം നടത്തലാണ് ഇപ്പോള്‍ പ്രധാന ജോലി. സിപിഐ എം പിളര്‍പ്പിലേക്ക് എന്നാണ് ഒടുവിലത്തെ പ്രവാചകഘോഷം. സെല്‍വരാജിന്റെ വിജയം കൊതിക്കുമ്പോള്‍ അത്തരം ആഗ്രഹമാകാം. കോണ്‍ഗ്രസിന്റെ കൊടിയും കെട്ടി നടത്തിക്കാന്‍ പറ്റിയ സ്വഭാവഗുണങ്ങള്‍ സെല്‍വരാജിന് ഉള്ളതുകൊണ്ട് സിപിഐ എമ്മിനെ പിളര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയും ആകാം.

ചൈനാ ചാരന്മാരെന്നും രാജ്യദ്രോഹികളെന്നും കാലഹരണപ്പെട്ടവരെന്നും അക്രമികളെന്നും സ്ത്രീകളെ പൊതുസ്വത്താക്കുന്നവരെന്നുമൊക്കെ പറഞ്ഞ് ഇതുപോലെ സ്വപ്നങ്ങള്‍ പലരും കണ്ടിട്ടുണ്ട്. വിഷം കുടിക്കാന്‍ ഒരുങ്ങിയവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍കാരെ വാടകയ്ക്കെടുത്ത് തലയില്‍ തുണികെട്ടി ചാനലാപ്പീസിലേക്ക് വിളിച്ചുകയറ്റുകയാണ്.

ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാതെ ആര്യാടനെപ്പോലുള്ളവരാണ് ചെന്നിത്തലയെ വഷളാക്കുന്നത്. ആര്യാടനും അറിയാത്ത കാര്യങ്ങള്‍ രഹസ്യരേഖകളുടെ പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഒരു മഹാപണ്ഡിതന്‍ വേറെയുണ്ട്- ബ.കു.നാ. ഇപ്പോള്‍ ടെലിഫോണ്‍ വഴിയും കണ്‍സല്‍ട്ടേഷനുണ്ട്. കുളത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹം വരുമ്പോള്‍ ഒരു കോള്‍ ചെയ്താല്‍ മതി. ഉപദേശം തന്നുതന്ന് സുഖിപ്പിച്ചുകളയും.

1 comment:

ശതമന്യു said...

കെട്ടിയിട്ടുതല്ലുന്നത് സുഖമുള്ള ഏര്‍പ്പാടാണ്- തല്ലു കൊടുക്കുന്നവര്‍ക്ക്. ഒന്നും ഭയപ്പെടാനില്ല. തിരിച്ചടിയുണ്ടാകില്ല. അഥവാ കെട്ടുപൊട്ടിച്ച് ഒന്ന് കൈയോങ്ങിയാല്‍ അതാ അക്രമകാരി എന്ന് വിളിച്ച് കല്ലെറിയാം. ഈ സുഖം വാരിവാരിത്തിന്നുകയാണ് നമ്മുടെ ചില സുഹൃത്തുക്കള്‍. ക്വട്ടേഷന്‍ എന്നത് മലയാളീകരിക്കപ്പെട്ട പ്രയോഗമാണ്. ഒറ്റത്തവണ ക്വട്ടേഷന്‍ എടുക്കുന്നവരുമുണ്ട്; ആജീവനാന്ത ക്വട്ടേഷന്‍ ലേലത്തിന് പിടിക്കുന്നവരുമുണ്ട്. രണ്ടാമത്തെക്കൂട്ടര്‍ക്ക് മാസപ്പടിയാണ്. വടിവാള്‍, കത്തി, കഠാര, നാടന്‍ബോംബ്, സൈക്കിള്‍ചെയിന്‍, തിരണ്ടിവാല്‍ തുടങ്ങിയവയ്ക്കുപുറമെ പുതുപുത്തന്‍ മാരകായുധങ്ങളും അവര്‍ പ്രയോഗിക്കുന്നു. മൈക്ക് ബോംബ്, സമദൂര മിസൈല്‍, പ്രസ്താവനക്കത്തി, പ്രതികരണച്ചുറ്റിക, ചര്‍ച്ചക്കുന്തം, തത്സമയക്കുറുവടി തുടങ്ങിയവയാണ് ആധുനീകരിക്കപ്പെട്ട ആയുധവ്യൂഹം.