Sunday, December 21, 2008

ബാധകളുടെ കാലം

കൂട്ടത്തില്‍കൂടി ചാമുണ്ഡി കെട്ടുന്നതിലും ഭേദം ഒറ്റയ്ക്ക് ഗുളികന്‍ കെട്ടുന്നതുതന്നെ എന്ന് അബ്ദുറഹിമാന്‍ ആന്തുലെയ്ക്ക് പറഞ്ഞുകൊടുത്തതാരാണെന്ന് നിശ്ചയമില്ല. ഒരുപാട് ചാമുണ്ഡിക്കോലത്തില്‍ ഒന്നാകുന്നതിലും ഭേദം ഗുളികന്റെ വേഷംതന്നെയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒത്തനേരം നോക്കി ആന്തുലെ ആഞ്ഞടിച്ചത്.

താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താളം വരില്ല; സ്വരവും താളവും വരുമ്പോള്‍ അവസരം വരില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്. മുംബൈയില്‍ ഭീകരര്‍ കയറി നിരങ്ങുകയും പത്തിരുനൂറ് മനുഷ്യജീവനുകള്‍ പുകഞ്ഞുപോവുകയും ചെയ്തപ്പോള്‍ സ്തംഭിച്ചു നിന്നുപോയ പാര്‍ടിയാണത്. ഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം തന്നെ ബാധിക്കുന്നതോ താന്‍ ശ്രദ്ധിക്കേണ്ടതോ ആയ കാര്യമല്ലെന്ന് രാഹുല്‍ഗാന്ധിക്ക് തോന്നിയില്ലെങ്കില്‍, ആ യുവരാജന്റെ വിശ്വസ്ത കിങ്കരന്മാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് തോന്നാനേ പാടില്ലല്ലോ. ചീഞ്ഞ കഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം മതിയെന്നാണ് പ്രമാണം. പാടുന്ന രാഹുലിന് മോങ്ങുന്ന അനുയായികള്‍ മതിയാകും.

മുംബൈ ഭീകരാക്രമണം കൈകാര്യംചെയ്തതില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടുവെന്നത് മൂന്നരത്തരം. മന്‍മോഹന്‍സിങ്ങിന്റെ മുഖത്ത് ഒരു വികാരവും ആരും കണ്ടില്ല. രാജ്യത്തെ രക്ഷിക്കാന്‍ കുപ്പായമിട്ട ചേര്‍ത്തലക്കാരനൊരാള്‍ ഇങ്ങ് കേരളത്തിലെ കോണ്‍ഗ്രസ് കളിയും കഴിഞ്ഞ് സാവധാനത്തില്‍ ലോക്കല്‍ വണ്ടികയറിയാണ് 'പൈശാചികവും നീചവും നിന്ദ്യവുമായ' സംഗതി കൈകാര്യംചെയ്യാന്‍ മുംബൈയിലേക്കു പോയത്. ചെന്നിട്ടു വലിയ കാര്യമൊന്നുമുണ്ടായില്ല. ആന്റണിയുടെ പട്ടാളത്തെ വെട്ടിച്ച് കടലിലൂടെ കരയിലെത്തിയ ഭീകരന്മാര്‍ വന്നകാര്യം പൂര്‍ത്തിയാക്കി സമാധിയടഞ്ഞിരുന്നു. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും പുറമെ കുപ്പായമാറ്റം, ചെരിപ്പുമാറ്റം എന്നീ കലാപരിപാടികള്‍കൂടി കോണ്‍ഗ്രസിന്റെ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രിയാകട്ടെ വിവരമറിഞ്ഞയുടന്‍ കുതിച്ചെത്തിയെങ്കിലും ആരും ഗൌനിച്ചില്ല. 'ധ്വരയുടെ വരവെത്ര കേമമാക്കി പരമതിലെത്ര പണം തൃണീകരിച്ചു' എന്നതുമാത്രം ഫലം. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖിന് സ്വന്തം കസേരതന്നെ നടയ്ക്കിരുത്തേണ്ടിവന്നു.

അങ്ങനെ കോണ്‍ഗ്രസിന്റെ സ്വതവേ പിത്തംപിടിച്ച മുഖം കരുവാളിച്ചു നില്‍ക്കുമ്പോഴാണ് ആന്തുലെക്ക് ഗുളികന്‍ കെട്ടാന്‍ തോന്നിയത്. ഗുളികന്‍ കോലം കടുപ്പത്തിലൊരു താങ്ങുതാങ്ങി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപായപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന സംശയമുന്നയിച്ച അദ്ദേഹം, താജ്- ഒബ്റോയ് ഹോട്ടലുകളിലേക്ക് പോകുന്നതിനു പകരം കാമ ആശുപത്രിയിലേക്ക് കര്‍ക്കറെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പോയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവരെ അവിടേക്ക് ആരാണ് അയച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. പറയുന്നയാള്‍ നിസ്സാരക്കാരനല്ല, കേന്ദ്ര ന്യൂനപക്ഷകാര്യ ക്യാബിനറ്റ് മന്ത്രിയാണ്. പ്രശ്നം ഗുരുതരം. തുടക്കത്തിലേ പലര്‍ക്കും സംശയമുണ്ടായിരുന്നു-കാര്‍ക്കറെ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. തനിക്കു താന്‍പോന്ന ഉശിരനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും ഭീകരന്റെ മുന്നില്‍ചെന്ന് നെഞ്ചുകാട്ടി നിന്നുകൊടുക്കുമോ? പിടിയിലായ ഭീകരന്‍ അജ്മല്‍ പറഞ്ഞ കാര്യങ്ങളല്ലാതെ കര്‍ക്കറെ വധത്തെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. മലേഗാവിലെ സുന്ദരിസ്വാമിയെ പിടികൂടിയ ആളാണ്. ആര്‍എസ്എസിന്റെ ബോംബു നിര്‍വീര്യമാക്കിയ ഓഫീസറാണ്. കര്‍ക്കറെയെ കിട്ടിയാല്‍ കൊന്നുതള്ളാന്‍ കാവിഭീകരതയ്ക്കും തലേക്കെട്ടു ഭീകരതയ്ക്കുമെല്ലാം പൂതി കാണും. അല്ലെങ്കിലും ഭീകരതയ്ക്കെന്തു മതം. അതുകൊണ്ടാണ് ആന്തുലെ തന്റെ സംശയം പരസ്യമായങ്ങ് പറഞ്ഞത്.

അപ്പോഴേക്കും കലികയറിയത് ആര്‍ക്കെല്ലാമെന്ന് പറഞ്ഞുതീര്‍ക്കാന്‍ പ്രയാസം. കോണ്‍ഗ്രസിന്റെ സദ്യവട്ടം ദിനംപ്രതി പത്രക്കാരെ വിളിച്ചറിയിക്കുന്ന അഭിഷേക് സിങ്വി പറഞ്ഞു, ആന്തുലെയുടെ അഭിപ്രായം കോണ്‍ഗ്രസിന്റേതല്ലെന്ന്. ആര്‍എസ്എസിന് കലിയാണു വന്നത്. അവര്‍ പ്രചരിപ്പിച്ചു ആന്തുലെ ഒന്നാംനമ്പര്‍ ഐഎസ്ഐ ചാരനാണെന്ന്. അങ്ങനെയെങ്കില്‍ 'ഇന്നാ പിടിച്ചോ രാജി' എന്നായി ആന്തുലെ. കെണിഞ്ഞത് കോണ്‍ഗ്രസാണ്. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും, പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന മട്ട്. രാജി സ്വീകരിച്ചാല്‍ മുസ്ലീം വോട്ടുബാങ്കിന് വിള്ളല്‍ വീഴും, സ്വീകരിച്ചില്ലെങ്കില്‍ ഹിന്ദു വോട്ട് ചോരും എന്നാണ് സോണിയ മാഡം ഭയന്നത്. ഇതാണ് കോണ്‍ഗ്രസ്. എങ്ങോട്ടും ചായും-വോട്ടുകിട്ടിയാല്‍ മതി. കൂട്ടിക്കിഴിച്ച് ഏതാണ് ലാഭമെന്ന് കമ്പ്യൂട്ടര്‍ പറഞ്ഞാല്‍ ഒരുപക്ഷേ പ്രശ്നത്തില്‍ ഉടനൊരു തീരുമാനമുണ്ടായേക്കും. ആന്തുലെ ആണ്‍കുട്ടിതന്നെ. കച്ചികെട്ടാന്‍ കച്ചിനാരുതന്നെ വേണം എന്നു പറഞ്ഞപോലെ കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ ആന്തുലെതന്നെ വേണം. അദ്ദേഹത്തിനാണെങ്കില്‍ മാഡത്തിനെപ്പോലും പേടിയില്ല; പടച്ചോനെയല്ലാതെ. ഇനി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറയട്ടെ-തങ്ങള്‍ ആന്തുലെയോടൊപ്പമോ അല്ലയോ എന്ന്.

***

ബാധ പലവിധത്തിലാണ്. അത് ശരീരത്തില്‍ കയറുന്നത് ഭുജിക്കാനാവാം; രമിക്കാനാവാം; ഹിംസിക്കാനാവാം. ഭോക്തുകാമന്‍ കയറിയാല്‍ ബലികര്‍മങ്ങള്‍കൊണ്ടൊഴിയുമെന്നാണ് മന്ത്രവാദികള്‍ പറയുന്നത്. രമിക്കാന്‍ കയറുന്ന രന്തുകാമനെയും മന്ത്ര-തന്ത്രങ്ങള്‍കൊണ്ട് ഒഴിവാക്കാമത്രേ. പക്ഷേ, ഹിംസാകാമനെ അങ്ങനെ പറ്റില്ല-കയറിയ ശരീരത്തെയുംകൊണ്ടേ പോകൂ.

അത്തരമൊരു ബാധ നമ്മുടെ ചില മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ടോ എന്ന് മുംബൈ ഭീകരാക്രമണത്തിനുശേഷമുള്ള അവയുടെ പെരുമാറ്റം കാണുമ്പോള്‍ ന്യായമായും സംശയിക്കണം. മുംബൈയില്‍ ഭീകരന്മാര്‍ താണ്ഡവവാടി തീരുംമുമ്പ് ചാനല്‍വീരന്മാര്‍ പറഞ്ഞുതുടങ്ങിയത് 'മതിയേ മതി; ഇനി യുദ്ധം തുടങ്ങാം' എന്നാണ്. രാഷ്ട്രീയക്കാര്‍ വേണ്ട; മുംബൈയിലെ സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പേണ്ട; സുരക്ഷാ പാളിച്ച പരിശോധിക്കേണ്ട- യുദ്ധം തുടങ്ങിയാല്‍ മാത്രംമതി. കമാന്‍ഡോകള്‍ ഭീകരന്മാരെ ജീവന്‍ പണയംവച്ച് നേരിടുമ്പോള്‍ ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും ക്യാമറകള്‍ക്കുമുന്നില്‍ തത്സമയ വിവരണം നടത്തിയവര്‍ അടുത്തപടി അരാഷ്ട്രീയത്തിന്റെയും യുദ്ധത്തിന്റെയും മുദ്രാവാക്യവുമായാണ് രംഗത്തിറങ്ങിയത്. അജന്‍ഡ നിശ്ചയിക്കാന്‍ മാധ്യമക്കുട്ടപ്പന്മാര്‍ ഒറ്റയ്ക്കും കൂട്ടായും കളിക്കളത്തിലിറങ്ങുന്നത് കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഇതില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല. രാജ്യത്തിന്റെതന്നെ അജന്‍ഡ നിശ്ചയിക്കുന്നതിലേക്ക് നമ്മുടെ മാധ്യമഭീകരര്‍ വളര്‍ന്നത് അഭിമാനകരംതന്നെ.

തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടക്കുന്നിടത്ത് ടിവി ക്യാമറക്കാരെ അടുപ്പിക്കാറില്ല. ഇവിടെ അറുപത് മണിക്കൂര്‍ ആഘോഷിച്ചത് വെടി-മറുവെടി, അടി-തിരിച്ചടി എന്ന മട്ടിലാണ്. കടലും കപ്പലും താജ്‌ഹോട്ടലുമടക്കം കമനീയ ദൃശ്യങ്ങളുള്ള സ്ഥലത്തേ അവര്‍ പോയുള്ളു. സി.എസ്.ടി സ്റ്റേഷനില്‍ കുറെ പാവങ്ങള്‍ മരിച്ചുവീണിരുന്നു. ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. ഹേമന്ത്കര്‍ക്കറെ എങ്ങനെ മരിച്ചുവെന്ന് അന്വേഷിച്ചില്ല. അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചോ എന്ന് തിരക്കിയില്ല. അതൊക്കെ ആര് നോക്കുന്നു. നമുക്ക് യുദ്ധരംഗങ്ങളല്ലേ തത്സമയം കാണിക്കേണ്ടത്. എക്സ്ക്ലൂസീവുകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയംതന്നെയായിരുന്നു കുറെ ദിവസം. ഓരോ രംഗം കഴിയുമ്പോഴും തീണ്ടാരിത്തുണിയുടെയും അലക്കു സോപ്പിന്റെയും പരസ്യം കാണിക്കുന്നതുകൊണ്ട് മുഴുനീള സ്പോണ്‍സേര്‍ഡ് പരിപാടിപോലെ ലാഭവും കിട്ടിക്കാണും. യുദ്ധം തുടങ്ങിയാലത്തെ കഥ പറയാനുണ്ടോ. നമുക്ക് വാര്‍ത്ത മാത്രം മതിയെന്നേ. ആരു മരിച്ചാലെന്ത്, കൊന്നാലെന്ത്. നാടു തകര്‍ന്നാലെന്ത്, ഉയര്‍ന്നാലെന്ത്. യുദ്ധം, എംബെഡഡ് ജേര്‍ണലിസം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു. ഇതിനെയാണ് യുദ്ധബാധ എന്നു പറയുന്നത്. ഒഴിപ്പിക്കാന്‍ പ്രയാസമാണെങ്കിലും 'ഊഞ്ചബലി' എന്നൊരു പ്രയോഗമുണ്ട്. കുളത്തിന്റെയോ പുഴയുടെയോ വക്കില്‍ കാഞ്ഞിരത്തൂ നാട്ടി നരന്തവള്ളികൊണ്ട് ഊഞ്ഞാല്‍ കെട്ടണം. പിണിയാളായ മാധ്യമത്തെ കണ്ണുകെട്ടി ഊഞ്ഞാലില്‍ കര്‍മത്തിനിരുത്തണം. കര്‍മം പുരോഗമിക്കെ, പെട്ടെന്ന് വള്ളി അറുത്ത് പിണിയാള്‍ വെള്ളത്തില്‍വീഴണം. ആ ഞെട്ടലില്‍ ബാധ ഒഴിയുമെന്നാണ് മാന്ത്രികവിധി. അത്തരമൊരു ഞെട്ടിക്കല്‍ ചികിത്സ അടിയന്തരമായി ആവശ്യമാണ്. അല്ലെങ്കില്‍ ജനങ്ങള്‍ നിരന്നുനിന്ന് അങ്ങോട്ടു പറയണം-'മതിയേ മതി'.

***

1872ല്‍ ജര്‍മന്‍ഭാഷയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതിനുശേഷം അതേ പ്രാധാന്യമുള്ള മറ്റൊരു സംഭവമുണ്ടാകുന്നത് ഇപ്പോഴാണ്-2008 ഡിസംബറില്‍ ഷൊര്‍ണൂരില്‍. കമ്യൂണിസ്റ്റ് പാര്‍ടിയെ കത്തിച്ചാമ്പലാക്കാനുള്ള മാനിഫെസ്റ്റോയാണ് അവിടെ ഒരു പഴയ മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എഴുതി പൂര്‍ത്തിയാക്കിയതെന്ന് അച്ചായന്റെ പത്രവും സായിപ്പിന്റെ ചാനലുമെല്ലാം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഒരു റിവേഴ്സ് മാനിഫെസ്റ്റോ. കേരളീയരെ പിടികൂടിയ കമ്യൂണിസ്റ്റ് ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാന്‍ പോപ്പും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഉമ്മന്‍സ് കക്ഷിയും എം വി രാഘവന്റെ ചാരന്മാരും ചേര്‍ന്ന് പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കയാണ്. ഇതാ കേരളത്തില്‍ കമ്മുക്കള്‍ തകര്‍ന്നുകഴിഞ്ഞു എന്നാണ് അഭിനവ മാനിഫെസ്റ്റോക്കാരനും അയാള്‍ക്ക് കഞ്ഞിവയ്ക്കാന്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ വണ്ടികയറിയിറങ്ങിയവരും പറയുന്നത്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയപോലെ എട്ടു സീറ്റുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ വരാന്‍ പോകുന്നുണ്ടത്രേ. 'ഗീതം വാദ്യം തഥാ നൃത്തം ത്രയം സംഗീതമുച്യതേ' എന്നാണ്. ഗീതവും വാദ്യവുമെല്ലാം ഒത്തുവരുന്നുണ്ട്. ഇനി കൂട്ടത്തോടെയുള്ള സംഗീതം കേള്‍ക്കാം. ലോക്‍സഭാ തെരഞ്ഞെടുപ്പ് വരികയല്ലേ. പാടിപ്പാടി നടക്കട്ടെ. പഴയ പാട്ടുകാര്‍ അവശരായി ബര്‍ണശേരിയിലും മറ്റും അലഞ്ഞുനടക്കുന്നുണ്ട്. അവരുടെ വഴിയേ പോകൂ......ആയിരമായിരം ആശംസകള്‍.

Sunday, December 14, 2008

അയ്യേ....യെസ്

"നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല; നിങ്ങളെലികളോ മാനുഷരോ'' എന്ന് കവി ചോദിച്ചത് കാര്യമായി. സത്യത്തില്‍ ഒന്നും മനസ്സിലാകുന്നില്ല. സരസനും കാര്യപ്രാപ്തനും സാമൂഹ്യസേവകനും സത്യസന്ധനും കര്‍മോന്മുഖനും എല്ലാം തികഞ്ഞവനുമായ ഒരാളെ കുരിശിലേറ്റിയതെന്തിന്? ആളുകളുടെ കഴിവ് അളക്കുന്ന യന്ത്രം ഇപ്പോള്‍ സൂക്ഷിക്കുന്നത് ചില മാധ്യമങ്ങളുടെ ഓഫീസിലാണ്. ആള്‍ നേരിട്ടു ചെല്ലണമെന്നില്ല.

"റാത്തല്‍ നൂറെല്ലുംതോലും കുടലും തലച്ചോറും
ചേര്‍ത്തേതാണ്ടിരുപത്തിയാറിഞ്ച് വില്‍ക്കാന്‍ തയ്യാര്‍
എഴുതാന്‍ വായിക്കാനറിയാം സംസാരിപ്പാന്‍.....
വില്‍ക്കാന്‍ തയ്യാറൊരു ദേഹവുമതിനുള്ളില്‍
മുക്കാലും ശ്വാസംമുട്ടിച്ചത്തൊരാത്മാവും....''

എന്നമട്ടില്‍ വിവരങ്ങള്‍ ഇ-മെയില്‍ ചെയ്താല്‍ മതി. അവര്‍ തിരിച്ച് കുറിപ്പടി കൊടുത്തയക്കും. ഇത്ര റാത്തല്‍ തൂക്കമുള്ളയാള്‍ക്ക് ഇത്ര വീപ്പ ആത്മാര്‍ഥതയും ഇത്ര കിലോ സത്യസന്ധതയുമുണ്ട്-ആള്‍ പരമയോഗ്യന്‍; സസ്പെന്‍ഡ് ചെയ്യാന്‍ പാടില്ലാത്തവന്‍ എന്ന്. ഒരാളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ദൌര്‍ബല്യങ്ങള്‍മാത്രം അളക്കുന്നത് ശരിയല്ല. ജീവിതത്തില്‍ ഓരോരുത്തരും എന്തെല്ലാം ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് അയാള്‍ ഒരാജീവനാന്ത ദുഷ്ടനാണെന്നു പറയരുത്.

"എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം''

എന്നാണ് കവിവചനം. അങ്ങനെ ചില മാത്രകളില്‍ ചെയ്യുന്ന സദ്കര്‍മങ്ങള്‍ ഒരു മനുഷ്യനെ ദൈവതുല്യനാക്കുമെന്നാണ്. അങ്ങനെയുള്ള ദൈവങ്ങള്‍ക്ക് പിന്നെ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. സ്വന്തം പരിധിയിലല്ലാത്ത കാര്യങ്ങളില്‍ ഇടപെടാം; അഭിമുഖങ്ങള്‍ കൊടുക്കാം; ഇരിക്കുന്ന കൊമ്പ് മുറിക്കാം; ആരെയും പറഞ്ഞ് നാറ്റിക്കാം. എല്ലാം കഴിഞ്ഞ് "മലയോടു കല്ലെറിയുന്ന ഈ പഞ്ചപാവത്തിനെ മല പേടിക്കുന്നതെന്തിനെ''ന്ന് പരിഹാസച്ചോദ്യവുമുതിര്‍ക്കാം.

മലയ്ക്ക് കല്ലിനെ തിരിച്ചെറിയാന്‍ തടസ്സങ്ങളുള്ളതുകൊണ്ട് ക്രമസമാധാനം തകരില്ല. .

*****

ഇനി ചില പഴയ കാര്യങ്ങള്‍ ഓര്‍ക്കാം. കമന്റുകളില്ല. നാട്ടിലെ മഹാമാന്യപത്രങ്ങള്‍ എഴുതിയ ചില വാര്‍ത്തകളുടെ ഭാഗങ്ങളിതാ. ആദ്യം കേരള കൌമുദിയാകട്ടെ. 1982 മെയ് 30ന് ആ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

പി.എസ്.സി മെമ്പര്‍ ആയാല്‍ ഇങ്ങനെ വേണം

"തിരു: മെയ് 29, ഉയര്‍ന്ന ശമ്പളമുള്ള നാല് ഗസറ്റഡ് പോസ്റ്റുകളിലേക്ക് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ തെരഞ്ഞെടുപ്പുകളില്‍ ഒരു പി.എസ്.സി മെമ്പറുടെ മക്കളും മറ്റു കുടുംബാംഗങ്ങളുംതന്നെ ഒന്നാംറാങ്ക് കരസ്ഥമാക്കി. ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പറുടെ തന്നെ മക്കളുടെയും ഉറ്റവരായ മറ്റുചിലരുടെയും അതുല്യമായ പ്രതിഭ തെളിയിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന റിക്രൂട്ട് മെന്റുകള്‍ക്ക് സാധ്യമായത്, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ സുദീര്‍ഘ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടായിരിക്കും. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് ഈ നാലുപോസ്റ്റുകളിലേക്കും പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത്. നാലു തസ്തികകളില്‍ മൂന്നെണ്ണത്തിലും പി.എസ്.സി പരസ്യംചെയ്തിരുന്നത് ഓരോ ഒഴിവുമാത്രമായിരുന്നു. ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന തസ്തികയിലേക്ക് ആയിരുന്നു ഒരു റിക്രൂട്ട്മെന്റ്. ........ ഏപ്രില്‍ 26-ാം തീയതി പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ അറുപത്തിയഞ്ചുപേര്‍ ഈ പോസ്റ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷകര്‍ ഇരുപതില്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്തുകൊണ്ടോ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിനെമാത്രമേ നേരിടേണ്ടിവന്നുള്ളൂ. പി.എസ്.സി മെമ്പറുടെ രണ്ടാമത്തെ മകന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയുംചെയ്തു. 800-1550 രൂപ സ്കെയിലുള്ള ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ മെമ്പറുടെ മറ്റൊരു മകന്‍ ഒന്നാം റാങ്ക് നേടി. എഴുത്തുപരീക്ഷ നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ 28 അപേക്ഷകരെ ഇന്റര്‍വ്യൂവിന് പി.എസ്.സി വിളിച്ചിരുന്നു. ഭാഗ്യം കടാക്ഷിച്ചത് മെമ്പറുടെ മകനെത്തന്നെ. ഇക്കഴിഞ്ഞ 14-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. മെമ്പറുടെ ജാമാതാവിനും പ്രതിഭ ഒട്ടും കുറവായിരുന്നില്ല. മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് അദ്ദേഹം ഒന്നാംറാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്...... വെറ്ററിനറി സയന്‍സില്‍ ഡിഗ്രിയാണ് ഈ പോസ്റ്റിനുള്ള പരീക്ഷായോഗ്യത. കഴിഞ്ഞ ചിലവര്‍ഷങ്ങളിലായി തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യുന്ന ചില വെറ്ററിനറി ഡോക്ടര്‍മാരും ഈ പോസ്റ്റിന് അപേക്ഷിച്ചിരുന്നു. ജാമാതാവുതന്നെ ഒന്നാംറാങ്കുനേടി ജനുവരി 13-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ......ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ടാംഗ്രേഡ്) എന്ന നാലാമത്തെ പോസ്റ്റിലേക്ക് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് മെമ്പറുടെ സഹോദരീപുത്രനാണ്. ഏപ്രില്‍ 23-ാം തീയതിയാണ് ഈ പോസ്റ്റിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.'' അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും, ചൊട്ടയിലെ ശീലം ചുടലവരെ എന്നീ രണ്ടു ചൊല്ലുകള്‍ ഇതോടൊപ്പം വായിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.

അടുത്ത വാര്‍ത്ത മലയാള മനോരമയുടേതാണ്. 1998 ജൂലൈ 21. അതിങ്ങനെ:

ഡിപിഇപി തിരിമറി അന്വേഷിക്കും; ഡയറക്ടറെ ചുമതലയില്‍നിന്നു നീക്കി

"തിരുവനന്തപുരം: ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഫണ്ട് ബാങ്കില്‍നിക്ഷേപിച്ചു നടത്തിയ തിരിമറിയെക്കുറിച്ച് ധനവകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിംഗിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡയറക്ടര്‍ സുരേഷ്‌കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജയകുമാറിന് നല്‍കും. ഡിപിഇപിയുടെ രണ്ടുകോടിരൂപ ചട്ടം ലംഘിച്ച് സ്ഥിരം നിക്ഷേപമാക്കി 13 ലക്ഷംരൂപയുടെ തിരിമറി നടത്തിയതായി സിബിഐ കണ്ടെത്തിയെന്ന മനോരമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇനി മാതൃഭൂമിയാകട്ടെ. 2001 ജൂലൈ 17ന്റെ രണ്ടു വാര്‍ത്ത.

1.നിയമം എന്റെ കൂടെ- സംഗീത ലക്ഷ്മണ

കൊച്ചി: 'നിയമവും നീതിയും എന്റെ കൂടെയാണ്. നിയമത്തിന്റെ സഹായത്തോടെ എന്റെ കുട്ടികളെ തിരിച്ചുകിട്ടുന്നത് കാത്തിരിക്കുകയാണ് ഞാന്‍...' എറണാകുളത്തെ വസതിയിലിരുന്ന് അഡ്വ. സംഗീത ലക്ഷ്മണ പറഞ്ഞു. ജുഡീഷ്യറിക്കുംമേലെയാണ് താന്‍ എന്ന ധിക്കാരമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ കാട്ടുന്നതെന്നും അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന സംഗീത ആരോപിക്കുന്നു. 'കൈരളി ടിവിയില്‍ എന്നെക്കുറിച്ച് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചതെല്ലാം കളവാണ്. പതിനാലു ദിവസംകൊണ്ട് സുരേഷ്‌കുമാര്‍ എന്റെ മക്കളെ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണ്...'' സംഗീത പറഞ്ഞു.

2. സുരേഷിനെയും കുട്ടികളെയും കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഒളിവില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറിനെയും മക്കളെയും കണ്ടെത്താന്‍ കേരളത്തില്‍നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച കഴിഞ്ഞില്ല. കുട്ടികളെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. മക്കളെ തിങ്കളാഴ്ചതന്നെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസത്തെ മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത:

സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്യാന്‍ ഉത്തരവ്

കൊച്ചി: കോടതി ഉത്തരവ് ധിക്കരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ സുരേഷ്‌കുമാര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണ്. അദ്ദേഹത്തിനുവേണ്ടി കേരള പൊലീസ് അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. ജൂലൈ 20-ാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളായ അനന്തുവിന്റെയും അഭിമന്യുവിന്റെയും സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കാനാണ് അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

വാര്‍ത്തകള്‍ ഇനിയുമുണ്ട്. അച്ചടിക്കാന്‍ സ്ഥലം പോര.

**
ഈയിടെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് ചീഫ് ഗാര്‍ഡ് പി വി രാജു തന്റെ എസ്‌പിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗംകൂടി വായിക്കാം:

".......പ്രശാന്തന്‍, സജുകുമാര്‍ എന്നിവര്‍ ഒരു കാറില്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തുകയും അവിടെയുണ്ടായിരുന്ന പട്രോളിങ്ങ് ബോട്ടില്‍ ആരെയോ കാത്തിരിക്കുകയുംചെയ്തു. ഏകദേശം പതിനൊന്നുമണിയോടെ ശ്രീ സുരേഷ് കുമാര്‍ ഐഎഎസ് മധ്യവയസ്കയായ ഒരു സ്ത്രീയോടൊപ്പം മറ്റൊരു കാറില്‍ എത്തി. നേരത്തെ തയ്യാറാക്കിവെച്ച നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവുമായി അവര്‍ കടലിലേക്കു യാത്ര പോയി....ഒരുമണിയോടെ ആ സ്‌ത്രീക്ക് കടല്‍ച്ചൊരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉല്ലാസയാത്ര മതിയാക്കി ബോട്ട് തിരിച്ചെത്തി....''

ശക്തികുളങ്ങരയില്‍നിന്ന് പന്ത്രണ്ട് മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ശ്രീകൃഷ്ണ എന്ന ബോട്ട് കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലിന് നിയോഗിക്കപ്പെട്ട സമയത്താണ് മറൈന്‍ എന്‍ഫോഴ്സിന്റെ ബോട്ട് സ്‌ത്രീസമേത ഉല്ലാസ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും രാജു റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ഗുരുതരമാണ്. രണ്ട് കോൺസ്റ്റബിള്‍മാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണം എവിടംവരെ ആയി എന്നറിയില്ല. ഇതിലും ശതമന്യുവിന് കമന്റുകളില്ല. ഇദ്ദേഹം വളരെ നല്ല ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് രണ്ട് വിജിലന്‍സ് കേസുണ്ടായിരുന്നുവെന്നും അത് അക്കാലത്തുതന്നെ തീര്‍പ്പായി എന്നുമാണ് അദ്ദേഹംതന്നെ പറയുന്നത്. ഉമ്മന്‍ചാണ്ടിക്കുപോലും തൊടാന്‍ ധൈര്യം വന്നിട്ടില്ല. പിന്നല്ലേ ഇപ്പോള്‍!

"കാലമതിന്റെ കനത്ത കരംകൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടേപതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-
പാദപപ്പൂക്കളാം താരകള്‍ കൂടിയും''

എന്നാണ്. കാലത്തിന്റെ കരത്തേക്കാള്‍ കനത്ത ഈ കരംകൊണ്ട് കുലുക്കിയാല്‍ നക്ഷത്രങ്ങള്‍ മാത്രമല്ല സൂര്യചന്ദ്രാദി ഗ്രഹങ്ങള്‍വരെ കുതറിയിങ്ങ് വീണാലോ? അതുകൊണ്ട് ആ മഹാത്മാവിനെ തൊടരുത്; നോക്കരുത്; വിമര്‍ശിക്കരുത്; സസ്‌പെന്‍ഡ് ചെയ്യരുത്. കിളിരൂര്‍ കേസിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും അദ്ദേഹം മൊഴിഞ്ഞ വാക്കുകള്‍ അവിശ്വസിക്കാന്‍ ചരിത്രപരമായ കാരണങ്ങളില്ലല്ലോ! ലവന്‍ പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിങ്കം!

*****

വാല്‍ക്കഷണം:

മാണിസാര്‍ കോര്‍ട്ടിലിറങ്ങിയാല്‍ പലതും സംഭവിക്കും. നടുത്തളത്തിലുള്ള കളി പുറത്തളത്തിലേക്ക് മാറ്റേണ്ടിവരും. കോട്ടയത്തെ മുത്തശ്ശിക്കിപ്പോഴും പഥ്യം പാലായില്‍നിന്നുള്ള അവലോസുണ്ടയും പോത്ത് വറുത്തതുംതന്നെ.

Sunday, December 7, 2008

പൊന്നുരുക്കുന്ന പൂച്ച

ഭൂമിയും വായുവും ജലവും കാലവും അന്തരീക്ഷവും ദുഷിച്ചാലുള്ള ലക്ഷണങ്ങള്‍ അഷ്‌ടാംഗസംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള രോഗമത്രേ മാണിസാറിനെ പിടികൂടിയത്. യുഡിഎഫിന്റെ അന്തരീക്ഷത്തില്‍ ദുഷിക്കാത്തതായി ഒന്നും ബാക്കിയില്ല. ശാസ്‌ത്രീയമായ ലയനപ്രക്രിയകൊണ്ടും തിരുമ്മല്‍കൊണ്ടും പി സി ജോര്‍ജിന്റെ നെല്ലിക്കാ ചികിത്സകൊണ്ടുമൊന്നും രോഗാവസ്ഥയ്‌ക്ക് ശമനമുണ്ടാകുന്നില്ല.

ജീവിതത്തില്‍ അവശേഷിക്കുന്ന പ്രധാന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാത്തതുകൊണ്ടാണ് മാണിസാര്‍ സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നെഞ്ചത്ത് കൈവയ്‌ക്കുന്നത്. രണ്ടേരണ്ട് ആഗ്രഹങ്ങളേ അവശേഷിക്കുന്നുള്ളൂ. മൂന്നെണ്ണമുണ്ടായിരുന്നു. പി സി ജോര്‍ജ് ഒരു രാത്രി വെളുക്കുംമുമ്പ് മുപ്പതുവട്ടം 'സാറേ സാറേ സാമ്പാറേ' എന്നുവിളിച്ചതോടെ ആദ്യത്തേത് പൂര്‍ത്തിയായി. ഇനി 'കെ എമ്മേ' എന്നുള്ള വിളി 'സി എമ്മേ' എന്നാക്കി മാറ്റുന്ന സുന്ദരസുരഭില നാള്‍ വരണം. അതിനുമുമ്പ് വെറുതെ നടക്കുന്ന പയ്യനെ ഡല്‍ഹിയിലേക്ക് വിമാനം കയറ്റിവിടണം.

പയ്യന്റെ കാര്യത്തില്‍ ചില വേലകളൊക്കെ ഒപ്പിച്ചുവച്ചിട്ടുണ്ട്. 'സി എമ്മി'ന്റെ കാര്യമാണ് പ്രശ്‌നം. ആ കസേരയില്‍ കയറിപ്പറ്റണമെങ്കില്‍ ആദ്യത്തെ കടമ്പ തെരഞ്ഞെടുപ്പുതന്നെയാണ്. അത് വരണമെങ്കില്‍ ഇനിയും വേണം രണ്ടുരണ്ടരക്കൊല്ലം. അഥവാ പുഴ വറ്റി പട്ടി ഇക്കരേക്ക് വന്നാലോ? അതാ നില്‍ക്കുന്നു ഉമ്മന്‍ചാണ്ടി! കുഞ്ഞൂഞ്ഞിനുമുമ്പില്‍ കുഞ്ഞുമാണിക്കെന്തുവില. നേരിട്ട് ഏറ്റുമുട്ടാന്‍ ആവതില്ല. എന്നാല്‍, ആവട്ടെ മുഖ്യമന്ത്രിയുടെ ചെലവില്‍ ഒരു കുത്ത് എന്നാണ് കുഞ്ഞു മാണിസാറിന്റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയത്.

നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നു എന്നത് നേര്. പക്ഷേ, അവിടെ ആരും കേട്ടില്ല, മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ അസഭ്യം പറയുന്നത്. കുഞ്ഞുമാണിയുടെ ചെവി പൂച്ചയുടെ ചെവിയാണോ എന്നറിയില്ല. അദ്ദേഹം കേട്ടുവത്രേ, ഉമ്മന്‍ചാണ്ടിയെ വി എസ് അസഭ്യം ദ്യോതിപ്പിച്ച് വിളിക്കുന്നത്! പറയാന്‍ കൊള്ളാത്ത വാക്കാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അരികില്‍തന്നെ നിന്ന് അത് മാണിസാര്‍ വിസ്‌തരിച്ച് വിളിച്ചുപറഞ്ഞു. കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു. ഇങ്ങനെയൊരു കള്ളം; ആഭാസവാക്ക് ഇത്ര പരസ്യമായി ഒരു മുതിര്‍ന്ന നേതാവ് പറയുകയോ? അന്തംവിട്ട് നിന്നവര്‍ക്കിടയില്‍ മാണിസാര്‍മാത്രം പൂപ്പുഞ്ചിരി പൊഴിച്ചു. നേരിട്ട് വിളിക്കാനോങ്ങിയത് മറ്റൊരു തരത്തില്‍ ഒപ്പിച്ചതിന്റെ ആശ്വാസത്തോടെ.

മഹാന്മാര്‍ ഇങ്ങനെ പലപ്പോഴും ചെയ്‌തിട്ടുണ്ട്. പണ്ട് ധര്‍മപുത്രര്‍ അശ്വത്ഥാമാവ് മരിച്ചുപോയെന്ന പച്ചക്കള്ളം പറഞ്ഞിട്ടുണ്ട്. ശ്രീകൃഷ്‌ണന്‍ അതിന് അരുനിന്നിട്ടുണ്ട്. നേരിട്ട് പറയാതെ, വ്യംഗ്യംകൊണ്ട് കാര്യം സാധിക്കുന്നതില്‍ കുഞ്ചന്‍നമ്പ്യാരും ബഹുമിടുക്കനായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പണ്ടാല അരി നിഷേധിച്ചപ്പോള്‍,

'രണ്ടേകാലെന്നുകല്‍പ്പിച്ചു
രണ്ടേകാലെന്നിതയ്യനും
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടീലിന്നിത്രനേരവും' എന്നാണ് നമ്പ്യാര്‍ പാടിയത്.

കുഞ്ഞുമാണി നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെങ്കിലും,

‘ഗുരുവരകരുണ ലേശമുണ്ടെന്നുവന്നാല്‍
ഒരുവനുമൊരുകാര്യം സാധ്യമല്ലാതെയുണ്ടോ’ എന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ടാകണം.

പഠിച്ച സ്കൂള്‍ അതാണല്ലോ. അതുകൊണ്ട്, അടുത്ത കുത്തിനായി കുഞ്ഞൂഞ്ഞിന് കരുതലോടെയിരിക്കാം.

*******

പൂച്ചയെക്കുറിച്ച് ഒരുപന്യാസം രചിക്കാന്‍ നിയോഗിക്കപ്പെട്ടു എന്നു കരുതുക. ഇങ്ങനെ എഴുതാമെന്ന് തോന്നുന്നു: പൂച്ചയുടെ ശാസ്‌ത്രീയ നാമം ഫെലിസ് കാതുസ് എന്നാണ്. എലിയെ പിടിക്കാന്‍ പണ്ട് മനുഷ്യര്‍ പൂച്ചയെ വളര്‍ത്തിയിരുന്നുവെങ്കില്‍, എലിപ്പാഷാണവും എലിക്കെണിയും വ്യാപകമായി വന്നതുകൊണ്ട് ഇപ്പോള്‍ പ്രധാനമായും ഓമനിക്കാനാണ് പൂച്ചവളര്‍ത്തല്‍. മനുഷ്യനുമായി 9500-ഓളം വര്‍ഷത്തെ ബന്ധമുണ്ട് ഇവയ്‌ക്ക്. പട്ടികളെപ്പോലെ പൂച്ചകളും ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക. കൃത്യമായ ചുവടുവയ്‌പുകളോടുകൂടിയുള്ള ആ നടത്തത്തിന്റെ സവിശേഷത ടിവി ചാനലുകളില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാം.
പിന്‍കാലുകള്‍ മുന്‍കാല്‍ വച്ചയിടത്തുതന്നെയാണ് വയ്‌ക്കുക. പൂച്ചയ്‌ക്കും നഖങ്ങള്‍ കാലിന്റെ അകത്തേക്കും പുറത്തേക്കും ആവശ്യാനുസരണം നീക്കാന്‍ കഴിയും. വിശ്രമിക്കുന്ന അവസ്ഥയില്‍ നഖങ്ങള്‍ അകത്തേക്ക് വലിഞ്ഞിരിക്കും. അപ്പോള്‍ എത്രതന്നെ വീര്യം അകത്തുണ്ടെങ്കിലും പുറത്ത് ഒന്നുമറിയില്ല. പൊതുവെ കടലിനെ പേടിയാണെങ്കിലും മീനിനോടുള്ള ആര്‍ത്തിമൂലം കടലിലേക്ക് പോകുന്ന ബോട്ടുകളില്‍ പൂച്ച ഇണകളോടൊപ്പം ചാടിക്കയറാറുണ്ട്.

ഇര തേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരംകയറുമ്പോഴും മിനുസപ്രതലത്തില്‍ നടക്കുമ്പോഴും നഖങ്ങള്‍ പുറത്തേക്ക് നീട്ടും. ഇക്കാരണത്താല്‍ പരവതാനിയിലും മറ്റും നടക്കുമ്പോള്‍ വളഞ്ഞ് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന നഖങ്ങള്‍ നൂലിലോ മറ്റോ കുടുങ്ങി അപകടവും സംഭവിക്കാറുണ്ട്. അപകടമൊഴിവാക്കാന്‍ ഓവര്‍കോട്ട്, റെയിന്‍ ഷൂ തുടങ്ങിയവ പൂച്ചകള്‍ക്കുമാത്രമായി വിപണിയിലിറങ്ങിയിട്ടുണ്ട്. കാലിന്റെ മുകളിലും താഴെയുമായി പതിയെ അമര്‍ത്തുകയോ പ്രകോപനപരമായ ശബ്‌ദമുണ്ടാക്കുകയോ ചെയ്‌താല്‍ നമുക്ക് അവയുടെ നഖങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.

മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്‌ദങ്ങള്‍ പൂച്ചയ്‌ക്ക് കേള്‍ക്കാം. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകള്‍ അനുസരിക്കുന്ന രീതിയില്‍ പരിശീലിപ്പിക്കാം. മാംസാഹാരപ്രിയരായ പൂച്ചയ്‌ക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് കുറവാണ്. മധുരം തിരിച്ചറിയാനും ഇവയ്‌ക്ക് കഴിവില്ല. ആയതുകൊണ്ടുതന്നെ പച്ചക്കറി തീറ്റിച്ചോ പാല്‍മിഠായി നല്‍കിയോ വശപ്പെടുത്താനാകില്ല. നല്ല കരിമീന്‍, കടല്‍മീന്‍, താറാവ്, കപ്പ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളും അവ എരിവോടെ കിട്ടുന്ന ഇടങ്ങളും കടക്കണ്ണേറുകളുമാണ് പൂച്ചയെ നേര്‍വഴിക്ക് നടത്താനുള്ള ഉപാധിയെന്ന് ഇയ്യിടെ ഏതോ ഒരിംഗ്ളീഷ് ചാനലില്‍ പറയുന്നത് കേട്ടിരുന്നു. ഈ പൂച്ചയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പൂച്ചയും തമ്മില്‍ എന്തൊക്കെ താരതമ്യങ്ങളുണ്ടെന്ന് പെട്ടെന്ന് പറയാനാകില്ല. എന്തായാലും നമ്മുടെ പൂച്ചയുടെ കാല്‍ എവിടെയൊക്കെയോ കുരുങ്ങിയിരിക്കുന്നു. രക്ഷപ്പെടാനുള്ള വെപ്രാളം കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിക്കുന്നതാണ് ചാനലുകളില്‍ കാണുന്നത്. അതെന്തോ ആകട്ടെ. പൂച്ചയല്ലേ. നാലുകാലിലേ വീഴൂ എന്ന് സമാധാനിക്കാം.

******

പൂച്ചയ്‌ക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം എന്നു പണ്ട് കാരണവന്മാര്‍ ചോദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെ കാക്കത്തൊള്ളായിരത്തിലൊരുവന്‍ ചാനലായ ചാനലിലെല്ലാം കയറി സിപിഐ എമ്മിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ ആപ്പീസിനെക്കുറിച്ചും വിടുവായത്തം വിളമ്പുന്നത് കേട്ടപ്പോള്‍ ശതമന്യു അന്തിച്ച് നിന്നുപോയി. സര്‍ക്കാര്‍ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ പത്രക്കാരെ വിളിച്ച് സര്‍ക്കാര്‍ കാര്യം പറയണമെങ്കില്‍ മേലാവില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. സര്‍ക്കാരുദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടവും ഇന്ത്യന്‍ ഭരണഘടനയുടെ 310, 311 വകുപ്പുകളുമെല്ലാം അതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇവിടെ അനുവാദവും വേണ്ട, മാങ്ങാത്തൊലിയും വേണ്ട, എനിക്ക് തോന്നുന്നത് ഞാന്‍ പറയും; എവിടെയും പറയും എന്നാണത്രേ മേപ്പടി വിദ്വാന്റെ പ്രമാണം.

സിപിഐ എം എന്ന ഭരണകക്ഷിയുടെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ വന്നു എന്ന് ആരോപിക്കപ്പെടുന്ന ചര്‍ച്ചയ്‌ക്ക് മറുപടിയെന്ന നിലയിലാണ് തലയില്‍ മൂന്നക്ഷരം പേറുന്ന കക്ഷിയുടെ മാധ്യമാധിനിവേശം! പാര്‍ടി കമ്മിറ്റിയില്‍ വന്ന ചര്‍ച്ചകള്‍ എന്നപേരില്‍ ഏതൊക്കെയോ പത്രങ്ങള്‍ എഴുതിയതിന് മറുപടിയാണുപോല്‍! കമ്മിറ്റിയില്‍ പലതും പറയും. കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ഏത് നേതാവിനുമെതിരെ ഉചിതമായ ഘടകത്തില്‍ വിമര്‍ശമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പുറത്തറിയിക്കേണ്ട വല്ലതുമുണ്ടെങ്കില്‍ പാര്‍ടിതന്നെ പറഞ്ഞുകൊള്ളും.മുഖ്യമന്ത്രിയുടെ ആപ്പീസിനകത്ത് താനിരിക്കുമ്പോള്‍ നടന്നതെന്നനിലയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കമ്മിറ്റിയില്‍ പറഞ്ഞതായി പത്രങ്ങളില്‍ വന്നതിന് മറുപടിയെന്ന നിലയിലും ഉദ്യോഗസ്ഥപ്പൂച്ച വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് അതുമായി ബന്ധമില്ല.

ഈ പൂച്ചയ്‌ക്ക് ഇവിടെ ഒരു കാര്യവുമില്ല. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ സ്വന്തം ഘടകത്തില്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്തവന്നയുടനെ ചാടിക്കയറി നിഷേധം നടത്താനും വേണ്ടാതീനങ്ങളെഴുന്നള്ളിക്കാനും ഒരുദ്യോഗസ്ഥന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ ഭരണഘടനാ ബാഹ്യമായ എന്തൊക്കെയോ തന്നില്‍ ഉണ്ടെന്ന മിഥ്യാധാരണയാകാം അയാളെ നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് താനാണ് സഹായം നല്‍കുന്നതെന്നു പ്രഖ്യാപിക്കാന്‍ ഇയാള്‍ക്കാരാണാവോ അനുവാദം കൊടുത്തത് ? മറ്റൊരു ഐഎഎസുകാരനുമില്ലാത്ത കൊമ്പ് ഈ ദേഹത്ത് എങ്ങനെയാണ് പൊട്ടിമുളച്ചത്? കേരളത്തിലെ ജനങ്ങളോടും അവര്‍ ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമുന്നത നേതാക്കളോടും വെല്ലുവിളി മുഴക്കുന്ന ഈ മഹാന്‍ മനുഷ്യനോ അതോ ദിവ്യാവതാരമോ? വെറുതെയല്ല, മലയാളികള്‍ മലയോളം ക്ഷമയുള്ളവരുമാണെന്ന് പറയുന്നത്. ഇതിനെയെല്ലാം കുറിച്ച് പറഞ്ഞാല്‍പ്പോലും നാറും.

'അന്തികാലത്തുവന്നിട്ടന്തിനേരം വരുമ്പോള്‍
അന്തികേ നടുമുറ്റത്തു കുന്തവുമായി നില്‍ക്കും' എന്ന് ഗുളികന്‍തോറ്റത്തില്‍ പറയുന്നതാരെയോ, അതുതാനല്ലയോ ഇത് എന്നാണ് ശതമന്യുവിന്റെ ശങ്ക.