Sunday, April 22, 2012

തങ്ങളുപ്പാപ്പയുടെ ഏലസ്സ്

ആര്യാടനും മുരളീധരനും പയറ്റുപഠിച്ചവരാണ്. ഒരിക്കലും വറ്റാത്ത പുഴയ്ക്ക് അക്കരെനിന്നാണ് കുര കേള്‍ക്കുന്നതെന്ന് മുരളീധരന് അറിയാം. കുരയ്ക്കുകയേയുള്ളൂ, കടിക്കുകയില്ലെന്ന് ആര്യാടനും അറിയാം. അത്രയൊക്കെ മനസ്സിലാക്കാന്‍ വെറ്ററിനറി ബിരുദമൊന്നും വേണ്ടതില്ല. സംഗതി സിംപിളാണ്. ഭരണമില്ലെങ്കില്‍ ലീഗില്ല; കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ലീഗിന് ഭരണവുമില്ല. മുട്ടുവരെയോ ചട്ടിയിലേക്കോ ചാടുന്നത് എന്നേ ലീഗിനോട് ചോദിക്കാവൂ. അഗ്നി മിസൈലിന്റെ ദൂരപരിധിയൊന്നും ആ ചാട്ടത്തിനില്ല. സാദാ വാണം എത്രദൂരം പോകുമെന്ന് എല്ലാവര്‍ക്കും അറിയാം. പുഷ്പുള്‍ സര്‍വീസുപോലെയാണ്. വലിച്ചാലും ഉന്തിയാലും മലപ്പുറത്തുനിന്ന് മലപ്പുറം വരെ. അതിനിടയ്ക്ക് ചൂളംവിളിക്കും, ഓടിക്കിതയ്ക്കും, വിസിലടിക്കും, ബ്രേക്കുചവിട്ടും. ആദ്യം കാണുമ്പോള്‍ ആരും പേടിച്ചുപോകും. ആര്യാടന്‍ ഇന്നും ഇന്നലെയും കാണുന്നതല്ല. മുരളിയാണെങ്കില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ പഠനം പൂര്‍ത്തിയാക്കി വിശ്രമിക്കുന്ന ആളുമാണ്. ആ നിലയ്ക്ക് അവര്‍ പറയുന്നത് തള്ളിക്കളയേണ്ടതില്ല. ഇപ്പോഴുള്ളത് വെറും ശബ്ദാഭ്യാസമോ ആഭാസമോ മാത്രം. തിരിച്ചങ്ങോട്ടൊന്ന് കണ്ണുരുട്ടിയാല്‍ കുര മോങ്ങലാകും. വാല്‍ ആടിക്കുഴയും. പവനായി ശവമാകും.

മാലിന്യമാണ് കേരളത്തിന്റെ മുഖ്യപ്രശ്നം. തിരുവനന്തപുരത്ത് ഐക്യം പ്രസംഗിച്ച് കോഴിക്കോട്ടെത്തി മാലിന്യമെറിയുന്നു എന്നാണ് ലീഗിനെക്കുറിച്ച് മുരളീധരന്റെ പരാതി. മാലിന്യം ഇപ്പോള്‍ മൊത്തമായി പോകുന്നത് മഞ്ഞളാംകുഴിയിലേക്കാണ്. വിസ്തൃതമായ ഒരു കുഴി അങ്ങനെയുള്ളപ്പോള്‍ വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്‍പറമ്പ്, പെട്ടിപ്പാലം തുടങ്ങിയ അഖിലലോക പ്രശ്നങ്ങള്‍ക്ക് പരിഹാരവും ഉറപ്പാകുന്നുണ്ട്. മാലിന്യത്തിന്റെ ദുര്‍ഗന്ധം മുമ്പും രൂക്ഷമായിരുന്നു. അത് സഹിക്കവയ്യാതായപ്പോഴാണ് മന്ത്രിസഭയില്‍ അഞ്ചാം കുഴിവെട്ടി അതിന് മഞ്ഞളാംകുഴി എന്നു പേരിട്ടത്. ആ കുഴിയില്‍ ഏതു മാലിന്യവും പോകും. തിരിച്ചിങ്ങോട്ട് സംസ്കരിച്ച പെടയ്ക്കുന്ന നോട്ടോ അത്തറോ കിട്ടിയെന്നും വരും.

ലീഗുകാര്‍ പൊതുവെ ഭാവനാശാലികളാണ്. നേതാക്കളെ മൃഗങ്ങളായി കാണുന്ന ഭാവന അല്‍പ്പം കൂടും. പീഡനക്കേസില്‍പ്പെട്ട നേതാവിനെ പുലി എന്നല്ല, പുപ്പുലി എന്നുതന്നെ അവര്‍ വിളിച്ചു. നന്നായി ഇഷ്ടപ്പെടുന്നവരെ അവര്‍ പന്നി, പട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. പട്ടിയുടെ ഉടലും ഇഷ്ടക്കാരന്റെ തലയും ചേര്‍ത്തുവച്ച് ലീഗുകാരന്‍ ചിത്രം വരച്ചിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, സ്നേഹം പെരുത്തു എന്ന്. അങ്ങനെ സ്നേഹം നിറഞ്ഞുകവിഞ്ഞ് ഒഴുകിയപ്പോഴാണ്, ആര്യാടന്‍ സ്നേഹിതനെ കുരയ്ക്കുന്ന പട്ടിയാക്കിയത്. കുറ്റം പറയരുത്. നന്നായി വരച്ചിട്ടുണ്ട്. മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിംലീഗിന് പുല്ലാണ് എന്നത്രേ അടിക്കുറിപ്പ്. ആര്യാടന്റെ നാവിന്റെ ചൊറിച്ചില്‍ ഉരച്ചുതീര്‍ക്കേണ്ടത് ലീഗിന്റെ നെഞ്ചത്തല്ലെന്ന പ്രഖ്യാപനവുമുണ്ട്. സീതീഹാജിക്കഥകളില്‍ പോലും കാണില്ല ഇത്ര പുഷ്കലമായ ഭാവന. യഥാതഥമായ ചിത്രീകരണ വിഭാഗത്തില്‍പ്പെടുത്തി അവാര്‍ഡ് കൊടുക്കേണ്ട സ്നേഹപ്രകടനമാണ് ഇതെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായിട്ടുണ്ട്.

ലീഗിന്റെ ഇന്നത്തെ അസൂയാവഹമായ സ്ഥിതിയില്‍ ആര്യാടനും മുരളിക്കും ചില്ലറ അസൂയ ഉണ്ടാകാനുള്ള സാധ്യതയും ഉമ്മന്‍ചാണ്ടി കാണുന്നു. അതുകൊണ്ട് തല്‍ക്കാലം പുള്ളിയില്‍നിന്ന് കണ്ണുനീരുമില്ല; പ്രതിഷേധവുമില്ല. ലീഗിന്റെ ചന്തം കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. സുന്ദരന്മാരും സല്‍സ്വഭാവികളുമായ നേതാക്കള്‍ അങ്ങനെ നിരന്നുനില്‍പ്പാണ്. കാസര്‍കോട്ട് ഒരു നേതാവിനും ഏകപക്ഷീയമായി തല്ലുകിട്ടിയില്ല. കണ്ണൂരില്‍ തല്ലുമ്പോള്‍ തെറിവിളിയുണ്ടായില്ല. കോഴിക്കോട്ട് തെറിവിളിയും തല്ലും ഒന്നിച്ചല്ല നടന്നത്. ഒരുമ കൂടിയതുകൊണ്ട് മുനീറും കുഞ്ഞാപ്പയും ഉലക്കയ്ക്കു മുകളിലാണ് ഇപ്പോള്‍ കിടപ്പ്. ഇത്രയും കണ്ട് ആര്യാടന്റെ മനസ്സ് ഒന്ന് ഇളകിപ്പോയിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല.

ആര്യാടന്റെ പാര്‍ടി കൊടപ്പനയ്ക്കല്‍ നിന്നാണ് സ്ഥിരമായി റേഷന്‍ വാങ്ങുന്നത്. അതുകൊണ്ടാണ് അഹമ്മദ് സാഹിബിന് ഡല്‍ഹിക്കുള്ള ടിക്കറ്റുകൂലി ആര്യാടന്റെ ചെലവില്‍ നിന്നായത്. യുവ കളേബരനായ സാഹിബിന്റെ കേന്ദ്രമന്ത്രിസ്ഥാനം ബിരിയാണിപ്പുറത്തെ കോഴിമുട്ടപോലെ വെറുതെ വച്ചതാണ്. കേന്ദ്രത്തില്‍ ലീഗിന്റെ കോഴിമുട്ട ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ബിരിയാണി ചെലവാകും. ലീഗിന്റെ മുട്ടയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണബിരിയാണി ഭുജിക്കുന്നതെന്ന് കെ പി എ മജീദ് പറയുന്നുണ്ട്. അതിന്റെ അര്‍ഥം അഹമ്മദ് സാഹിബിനേ അറിയൂ.
അഞ്ചാമതൊരു കുഴി വന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് തങ്ങള്‍ പറയുന്നത്. ആ കുഴിയിലേക്ക് നോക്കുന്നതുതന്നെ പകര്‍ച്ചവ്യാധിയാണത്രേ. അത്തരം വ്യാധികളെ ചികിത്സിച്ച് മാറ്റാനുള്ള കരാറും തങ്ങള്‍ എടുത്തിട്ടുണ്ട്. ആര്യാടന്റെയും മുരളിയുടെയും രോഗം മാറ്റാന്‍ കൊടപ്പനയ്ക്കല്‍ ചരടു ജപിക്കലും മന്ത്രിച്ചൂതലും നടക്കാന്‍ പോകുന്നു. ചികിത്സ കൊടുക്കുമെന്ന് പറഞ്ഞതിന് നല്ല തല്ല് തങ്ങളുടെ കൈയിലുണ്ടെന്നാണ് അര്‍ഥമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. നാട്ടിലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ കാശിക്ക് പോകുന്നതിനുമുമ്പ്, തങ്ങളുപ്പാപ്പ മന്ത്രിച്ചൂതിയ ഓരോ ഏലസ്സ് അരയില്‍ കെട്ടാവുന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് ലീഗിന്റെ ഏലസ്സ് കൊണ്ടാണെന്ന് മജീദ് പറയുന്നു. വേണ്ടിവന്നാല്‍ ആ ഏലസ്സ് ഊരിയെടുത്ത് സര്‍ക്കാരിനെ തള്ളിയിടുമെന്നും. രണ്ടുവോട്ടില്‍ തൂങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീഴ്ത്താന്‍ ആരും തള്ളേണ്ടതില്ല; ഒന്ന് ഊതിയാല്‍ മതി. അങ്ങനെ ഊതാന്‍ തങ്ങളുപ്പാപ്പയുടെ മന്ത്രവും തന്ത്രവും വേണ്ട. മാണി ഒന്ന് തറപ്പിച്ചുനോക്കിയാലും ജോസഫ് മുഖം കറുപ്പിച്ചാലും വി ഡി സതീശന്‍ ഒളിവില്‍ പോയാലും സര്‍ക്കാരിന്റെ ആയുസ്സ് അവിടെ ഒതുങ്ങും.

എല്ലാവര്‍ക്കും വലിയ വലിയ ആവശ്യങ്ങളാണ്. എല്ലാം എല്ലാവര്‍ക്കും വിതരണം ചെയ്താല്‍ പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക് കാഷായമിട്ട് കാശിക്ക് പോകുകയല്ലാതെ മാര്‍ഗമില്ല. അങ്ങനെ കാശിക്ക് പോകാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസുകാരും നാട്ടിലുണ്ടെന്നാണ് ആര്യാടനും മുരളീധരനും നെഞ്ചുവീര്‍പ്പിക്കുന്നത്. ചെന്നിത്തലയ്ക്ക് തല്‍ക്കാലം അതിനുള്ള ത്രാണിയില്ല. ഒന്ന് അനങ്ങിയാല്‍ മുഖം വിയര്‍ക്കും; മേക്കപ്പ് മായും. സുധീരനാണെങ്കില്‍ പ്രതികരണ ശേഷി ഉപ്പിലിട്ടുവച്ചിരിക്കയാണ്. ഭരണി തുറന്നാല്‍ കേടുവരും. ജഗതി ആശുപത്രിയിലായതുകൊണ്ട് കെ പി എ മജീദ് തമാശയ്ക്ക് പഠിക്കുകയാണ്. അവഹേളനം സഹിച്ച് മുന്നണിയില്‍ നില്‍ക്കില്ലെന്നാണ് ഒടുവിലത്തെ തമാശ. പിന്നെ എവിടെപ്പോകാനാണ്? ഇടതുപക്ഷത്ത് അടുപ്പിക്കില്ല. കാര്യാലയത്തില്‍ പോകാന്‍ വിഷമമുണ്ടായിട്ടല്ല, തല്‍ക്കാലം അത് പരസ്യമായി നടപ്പില്ല.

ആര്യാടനും മുരളിയും നല്‍കുന്ന തല്ലിന്റെ വേദന അധികാരമെന്ന ഒറ്റമൂലികൊണ്ട് മാറ്റാമെന്നു കരുതുന്ന അഞ്ചല്ല ആറുപേര്‍ ലീഗിലുണ്ട്. അഞ്ചുപേര്‍ ഉമ്മന്‍ചാണ്ടിയുടെ ചെല്ലമെടുക്കുന്നു; ഒരാള്‍ മന്‍മോഹന്‍സിങ്ങിന്റെ കൂടാരത്തിലും. ആ ആറുപേര്‍ക്കുവേണ്ടി ലീഗിന്റെ അണികള്‍ കുരയ്ക്കുകയും കടിക്കുമെന്നു തോന്നിക്കുകയും ചെയ്യുന്നു. അവനവനുവേണ്ടിയല്ലാതെ അവര്‍ അശ്ലീലം പറയുന്നു. ആര്യാടനെ പട്ടിയോടുപമിച്ചാല്‍ കോണ്‍ഗ്രസുകാരുടെ തല്ല് കിട്ടില്ലെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. മുരളിയുടെ തല ഇനി ഏതു മൃഗത്തിന്റെ ഉടലിലാണാവോ കാണാന്‍ പോകുന്നത്?

*
ഇസ്രയേലും പലസ്തീനും തമ്മില്‍ കരാറുണ്ടാക്കുന്നതുപോലെയാണ് പിള്ളയും മകനും തമ്മിലുള്ള ഏര്‍പ്പാട്. ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. അത് മടുക്കുമ്പോള്‍ ഇടയ്ക്ക് ഒരു കരാറുണ്ടാക്കും. കരാര്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടനെ ഒരാള്‍ വെടിയുതിര്‍ക്കും. മറ്റേയാള്‍ പീരങ്കി പൊട്ടിക്കും. ഒന്നുകില്‍ അച്ഛന്‍ താഴണം; അല്ലെങ്കില്‍ മകന്‍ താണുവരണം. അച്ഛനോ മൂത്തത് മകനോ മൂത്തത് എന്നാണ് തര്‍ക്കം. സുകുമാരന്‍നായര്‍ക്ക് സഹികെട്ടു എന്നാണ് കേള്‍വി. മാധ്യസ്ഥം വഹിക്കുന്ന പ്രശ്നത്തിനും വേണമല്ലോ ഒരന്തസ്സ്.

യയാതിയുടെയും മറ്റും കഥകള്‍ കേള്‍ക്കാന്‍ കൊള്ളാം. ഇടയ്ക്കിടെ ഗ്രീന്‍ചാനലില്‍ ദുബായില്‍ പോകാനും നിര്‍മാതാക്കളെ ദൂതന്മാരാക്കാനും മന്ത്രിസ്ഥാനം തന്നെ വേണം. അത് അച്ഛന് മനസ്സിലാകാത്തതാണ് യഥാര്‍ഥപ്രശ്നം. പിതൃപുത്ര ബന്ധത്തിന്റെ വിശാലാര്‍ഥം പഠിക്കണമെങ്കില്‍ താമരശേരി ചുരം കയറിയാല്‍ മതി.

*
എന്‍റിക്ക ലെക്സിയില്‍ കയറിവന്നത് രാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന്റെ ആളുകളാണെന്ന് മത്സ്യത്തൊഴിലാളികള്‍ മനസ്സിലാക്കാതെ പോയി. ഇറ്റലിയുടെ കൊടികെട്ടി വരുന്ന കപ്പല്‍ ഇറ്റലിതന്നെയാണ്. അതില്‍ നടക്കുന്നതൊന്നും ഇന്ത്യയിലെ പാവപ്പെട്ട പൊലീസുകാര്‍ക്ക് ചോദ്യംചെയ്യാനാവില്ല. അഥവാ ചോദ്യം ചെയ്തുപോയാല്‍ സിബിഐ വരും; കേസെടുക്കും; ജയിലിലടയ്ക്കും. ഇറ്റാലിയന്‍ കപ്പല്‍ സ്വന്തം ഹൈക്കമാന്‍ഡാണെന്നു മറന്ന് വാചകമടിച്ചാല്‍ പല വഴിക്ക് തല്ലുവരുമെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കേണ്ടിയിരുന്നു. മരിച്ചത് ഇന്ത്യക്കാരാണെന്നോര്‍ക്കണം എന്നല്ല സുപ്രീംകോടതി പറയേണ്ടിയിരുന്നത്. കൊന്നത് ഇറ്റലിക്കാരാണെന്നോര്‍ക്കണം എന്നായിരുന്നു. അങ്ങനെ ഓര്‍ത്തിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് തെറ്റുപറ്റില്ലായിരുന്നു.

ഇനി കപ്പലില്‍ തൊടുമ്പോള്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെപ്പോലെ കുഴഞ്ഞുവീഴാനും നാടകം കളിക്കാനും പ്രാവീണ്യമുള്ള പൊലീസുകാരെ നിയോഗിക്കാന്‍ ശ്രദ്ധിക്കണം. മിനിമം സെല്‍വരാജിന്റെ അഭിനയസിദ്ധിയെങ്കിലും വേണം.

Monday, April 16, 2012

കരുണാകരന്റെ മഹത്വം

"മുടിനാരേഴായ് കീറീട്ട്, നേരിയപാലംകെട്ടീട്ട്, അതിലെ നടക്കണമെന്നല്ലേ, പറയുന്നത്- മരിച്ചുചെന്നിട്ട്" എന്ന നാടകഗാനം കെ ടി മുഹമ്മദിന്റേതാണ്. മരിച്ചുചെന്നാല്‍ പലപല പരീക്ഷണങ്ങളും നേരിടണമെന്നാണ് മതവിശ്വാസികള്‍ കരുതുന്നത്. എല്ലാ പരീക്ഷയും കഴിഞ്ഞാല്‍ അവിടെയും വിശ്രമജീവിതമുണ്ടാകണമല്ലോ. അങ്ങനെ വിശ്രമിക്കുമ്പോള്‍ പഴയ നേതാക്കള്‍ക്ക് വെറുതെ കേരളത്തിലേക്ക് നോക്കാന്‍ തോന്നിയാലോ? ആശ്വാസത്തോടെയും തെല്ല് അഹംഭാവത്തോടെയും കേരളത്തെ കണ്ട് കണ്ണിറുക്കിച്ചിരിക്കുന്ന ഒരാള്‍ കൂട്ടത്തിലുണ്ടാകുമെന്ന് തീര്‍ച്ച. "ഹമ്പട ഞാനേ" എന്ന് ലീഡറെക്കൊണ്ട് ആയിരംവട്ടം പറയിച്ചിട്ടുണ്ടാകും ഉമ്മന്‍ചാണ്ടി. കരുണാകരന്‍ നുണ പറഞ്ഞിട്ടുണ്ട്; കണ്ണിറുക്കിയിട്ടുണ്ട്; നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഈ മൂന്നിനത്തിലെയും റെക്കോഡ് തകര്‍ത്ത് പുതിയ മേഖലകളിലേക്കാണ് കടന്നത്. "കരുണാകരന്‍ എത്രവലിയ മഹാന്‍" എന്ന് കണ്ടുനില്‍ക്കുന്നവരെക്കൊണ്ട് പറയിച്ചതിന് ഉമ്മന്‍ചാണ്ടിയോട് മുരളീധരന്‍ നന്ദി പറയണം. വലുപ്പംകൊണ്ട് വമ്പനെങ്കിലും കര്‍മംകൊണ്ട് വളരെച്ചെറുതാണ് യുഡിഎഫിന്റെ ഭരണം. അതുകൊണ്ട് കുഞ്ഞുഭരണമെന്ന് പറയാം. മൂന്നു കുഞ്ഞുങ്ങളാണ് നിയന്ത്രിക്കുന്നത് എന്നതുകൊണ്ടും ആ പേരാകാം. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും നയിക്കുന്നു എന്നതാണ് കുഞ്ഞുഭരണത്തിന്റെ പ്രധാന സവിശേഷതയെന്ന് കൂടെക്കിടന്ന് രാപ്പനിയറിഞ്ഞവര്‍തന്നെ പറയുന്നു.
സര്‍വത്ര കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്. മലപ്പുറത്തുനിന്ന് ഒരു കുഞ്ഞശരീരി കേട്ടു: ""2004ഉം 2006ഉം ആരും മറക്കേണ്ട. അതുമറന്നുകൊണ്ടുള്ള കളി തീക്കളിയായിരിക്കും. കുറേദിവസമായി തെറികേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് അതേ അറിയൂ. ചിലര്‍ക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു....."" നല്ല ഏറനാടന്‍ മലയാളം. ആരാണ്‍ടാ എന്നുചോദിച്ചാല്‍ ആര്യാടന്‍ എന്നുത്തരംകിട്ടും. എന്താണ് 2004ലും ആറിലും സംഭവിച്ചത്? 2004ല്‍ ലീഗ് മലപ്പുറത്ത് ഒലിച്ചുപോയി. മഞ്ചേരിയില്‍ മജീദിനെ തള്ളിത്താഴത്തിട്ട് ഹംസാക്കാ പാര്‍ലമെന്റിലേക്ക് പോയി. 2006ല്‍ കുഞ്ഞാക്കയെ കുറ്റിപ്പുറം പറ്റിച്ചു. ലീഗ് എടുക്കാനും വയ്ക്കാനുമില്ലാത്ത പരുവത്തിലായി. അക്കഥയൊന്നും ഓര്‍മയില്ലേ എന്നാണ് ആര്യാടന്‍ ചോദിച്ചത്.

തന്തയ്ക്കു വിളി എന്നു പറയുമ്പോള്‍ എല്ലാവരും നെറ്റിചുളിക്കും. അതിനുമുണ്ട് ആര്യാടന്റെ ഉപായം. ""ഇവരല്ല, മരിച്ചുപോയ ഇവരുടെ പൂര്‍വികര്‍ ശ്രമിച്ചാലും കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാകില്ല"" എന്നു പറയണം. അതാണ് ശാസ്ത്രീയമായ പ്രയോഗം. ആരാണ് പൂര്‍വികര്‍? പാണക്കാട്ടെ അന്തരിച്ച ശിഹാബ് തങ്ങള്‍. പിന്നെ സി എച്ച് മുഹമ്മദ് കോയ. പൂര്‍വികര്‍ എന്നുപറയുന്നതും ഉപ്പാപ്പ എന്ന് പറയുന്നതും രണ്ടാണെന്ന് പറഞ്ഞുഫലിപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ ലീഗിലെ കുഞ്ഞുങ്ങള്‍ ചോദിക്കും: തന്തയ്ക്കുവിളി കേട്ടിട്ടും മിണ്ടാത്തതെന്താണ് കുഞ്ഞാക്കാ എന്ന്.

ലീഗുകാര്‍ പൊതുവെ സമാധാനപ്രിയരാണ്. കല്ല്, വടി, തെറി, പൈപ്പ്ബോംബ്, നാദാപുരം വാള്‍, മലപ്പുറത്തെ എട്ടാം നമ്പര്‍ കത്തി എന്നിങ്ങനെയുള്ള ചില്ലറ ആയുധങ്ങളേ പ്രയോഗിക്കാറുള്ളൂ. അതുതന്നെ എല്ലായിടത്തുമില്ല. ലീഗ് മാത്രം ഉള്ള ചില സ്ഥലങ്ങളുണ്ട്. അവിടത്തെ കുട്ടിലീഗുകാരും ആരെങ്കിലും കണ്ണുരുട്ടിയാല്‍ കത്തിയെടുക്കും. ആര്യാടനെക്കാണുമ്പോള്‍ മലപ്പുറം കത്തിയുമില്ല, ട്രാന്‍സിസ്റ്റര്‍ ബോംബുമില്ല. നേരിയ ഒരു മോങ്ങല്‍പോലുമില്ലാതെ സാഷ്ടാംഗം വീഴുകയാണ്.

*

ഉമ്മന്‍ചാണ്ടി കരുണാകരനേക്കാള്‍ കേമനായതുകൊണ്ട് യുഡിഎഫിന്റെ ഇന്നത്തെ സ്ഥിതിയും മെച്ചമാണ്. തൊണ്ണൂറ്റഞ്ചില്‍ മുന്നൂറു രൂപയായിരുന്നു ഒരുഗ്രാം തങ്കത്തിനെങ്കില്‍ ഇപ്പോള്‍ മൂവായിരം രൂപയാണ്. അതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ വിലയും കയറിയത്. പണ്ട് യുഡിഎഫില്‍നിന്ന് ചില്ലറ നാറ്റമേ പുറത്തുവന്നിരുന്നുള്ളൂ. ഇപ്പോള്‍ അതിന്റെ അളവ് പത്തോ നൂറോ മടങ്ങ് കൂടിയിട്ടുണ്ട്. ഈജിയന്‍ രാജാവിന്റെ മൂവായിരം കാളകളെ കെട്ടിയ തൊഴുത്ത് മുപ്പതുകൊല്ലത്തിലൊരിക്കല്‍പ്പോലും വൃത്തിയാക്കിയിരുന്നില്ല. ചാണകവും മൂത്രവും അടിഞ്ഞഴുകി സമൃദ്ധമായ ആ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലിസ് ഉണ്ടായിരുന്നു. ആല്‍ഫിയസ്, പീനിയസ് നദികളെ കനാല്‍വെട്ടി തൊഴുത്തിലേക്കൊഴുക്കിയ ഹെര്‍ക്കുലിസ് കേരളത്തില്‍ വന്നുവെന്നുകരുതുക- എന്നാലും വൃത്തിയാകുന്നതല്ല യുഡിഎഫ് തൊഴുത്തിലെ വൃത്തികേട്. അവിടത്തെ കാളകള്‍ അന്തരീക്ഷത്തില്‍ വൃത്തികേട് സൃഷ്ടിക്കുകയും സ്വയം വൃത്തികേടാവുകയുമാണ്. മഹാവ്യാധിയുടെ വൈറസുകളാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കഴുകാനും ഒഴുക്കാനും സുനാമിതന്നെ വേണ്ടിവരും.

*
ആദര്‍ശജീവികളുടെ വില കുത്തനെ കയറുകയാണ്. ചാക്കുകണക്കിന് ആദര്‍ശം മാര്‍ക്കറ്റില്‍ വന്നടിഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നാല്‍ ആദര്‍ശാത്മജന്റെ ഇംഗിതം എന്നാണര്‍ഥം. ആദര്‍ശവും ആദര്‍ശ് ഫ്ളാറ്റും തമ്മിലെ പാലം ആന്റണിയാണ്. ആ ആന്റണിയാണ് മുസ്ലിം ലീഗിന് അഞ്ചാംമന്ത്രിയെ തരപ്പെടുത്തി കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ ബാക്കിയുള്ള ആത്മാഭിമാനത്തില്‍ മുള്ളുകുത്തിക്കയറ്റിയത്. നാലുമന്ത്രിയേ ഉള്ളൂ എന്ന് ശഠിച്ചാല്‍ ലീഗ് എവിടെയും പോകില്ല. ബാബറി മസ്ജിദ് തകര്‍ത്ത്, രാജ്യത്താകെ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ നരസിംഹറാവുവിന്റെ മടിയില്‍ കയറിയിരുന്ന് അധികാരം നുണഞ്ഞവരാണ് ലീഗുകാര്‍. സേട്ടുവിനെപ്പോലും അതിനുവേണ്ടി തള്ളിപ്പറഞ്ഞ് പുറന്തള്ളിയതാണ്. മൂന്ന് മന്ത്രി സ്ഥാനമേ തരൂ എന്ന് കോണ്‍ഗ്രസ് പറഞ്ഞാലും "മോരില്ലെങ്കില്‍ ഊണ് ആവാം" എന്നേ ലീഗ് പറയൂ. ആ ലീഗ് ഒന്ന് ഒച്ചവച്ചപ്പോള്‍ എന്തിന് ഉമ്മന്‍ചാണ്ടി വഴങ്ങി എന്ന് ആദര്‍ശത്തിന്റെ റീട്ടെയില്‍ഷോപ്പ് നടത്തുന്ന സുധീര്‍ജിയെങ്കിലും ഉടനെ വെളിപ്പെടുത്തും.

പുറത്തുവിടേണ്ട മറ്റൊരു രഹസ്യം ആഭ്യന്തരമന്ത്രിശരീരത്തിലേക്കുള്ള തിരുവഞ്ചൂരിന്റെ മിന്നല്‍പ്രവേശമാണ്. കൈയിലിരുന്ന വകുപ്പ് വേറെയാള്‍ക്ക് കൊടുത്ത കുഞ്ഞൂഞ്ഞിനെ മഹത്വപ്പെടുത്തിക്കണ്ടു. അച്ഛന്‍ മകന് വകുപ്പുകൊടുത്താല്‍ അതിനെപ്പോലും ത്യാഗമെന്ന് പറയാം. പിള്ളയോ പുത്രനോ ആദ്യം പിറന്നതെന്ന ഗഹനമായ ചര്‍ച്ച യുഡിഎഫില്‍ നടക്കുകയാണ്. പിള്ളയെപ്പേലെയല്ല ഉമ്മന്‍ചാണ്ടി. വീട്ടില്‍ സ്വര്‍ണം കൂടുതലുണ്ടായാല്‍ അത് ബാങ്ക് ലോക്കറില്‍ വയ്ക്കും. അതുപോലെ ഒരു ലോക്കറിലാണ് ആഭ്യന്തരവകുപ്പ് കൊണ്ടുവച്ചത്. ആരും തൊടില്ല. ഗണേശ് കുമാറിനെപ്പോലെ തര്‍ക്കവും കൊണ്ടുവരില്ല. അല്ലെങ്കിലും കെ സി ജോസഫ്, തിരുവഞ്ചൂര്‍ തുടങ്ങിയ ഉദാരമതികളായ മന്ത്രിമാരുടെ ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. എല്ലാം "ഓസി" തീരുമാനിക്കും. വൈകിട്ട് എത്ര കാപ്പി ഓര്‍ഡര്‍ചെയ്യണമെന്നുവരെ കെ സി ജോസഫ് മുഖ്യമന്ത്രിയോടാണ് ചോദിക്കുന്നത്. അഥവാ മുഖ്യമന്ത്രിയെ കിട്ടിയില്ലെങ്കില്‍ അവിടത്തെ കുശിനിക്കാരനായാലും മതി.

എല്ലാം കണ്ടുംകേട്ടും ഒരു മുന്‍ നിയുക്ത മുഖ്യമന്ത്രി ഇരിക്കുന്നുണ്ട്. വെണ്ണയും നെയ്യും കൊടുത്ത് വളര്‍ത്തിയ ആശയാണ് ഒറ്റയടിക്കുള്ള വകുപ്പുമാറ്റത്തിലൂടെ ഉമ്മന്‍ചാണ്ടി തട്ടിത്തെറിപ്പിച്ചു കളഞ്ഞത്. സമുദായ സന്തുലനം പറഞ്ഞ് ക്ലിഫ് ഹൗസിലേക്കുള്ള വഴി തുറക്കാനിരുന്നതാണ്. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ ഉപമുഖ്യമന്ത്രിയായാലും മതി. ആഭ്യന്തരത്തിന്റെ കഴുത്തില്‍ തിരുവഞ്ചൂര്‍ താലിയിട്ടപ്പോള്‍ തോഴിയും പോയി എന്ന അവസ്ഥ. മറ്റൊരു തെന്നലയായി വിശ്രമജീവിതത്തിലേക്ക് പോകുംമുമ്പ് ചെന്നിത്തലയിലെ മാവ് പൂക്കുമോ എന്തോ? ആദര്‍ശത്തിന്റെ മൊത്തക്കച്ചവടം പൂട്ടിച്ച് ഡല്‍ഹിയിലേക്ക് അയപ്പിച്ച കുഞ്ഞൂഞ്ഞിന് ചെന്നിത്തലയൊന്നും ഒരിരയല്ല.

*

ഉരുക്കിന് വില കൂടിയതുകൊണ്ട് തല്‍ക്കാലം പടുമരംകൊണ്ടെങ്കിലും ഒരു നട്ടെല്ല് കിട്ടുമോ എന്നന്വേഷിച്ച് തലസ്ഥാന നഗരിയില്‍ ചില ഖദറുകാര്‍ ഇറങ്ങിയിട്ടുണ്ടത്രെ. ഉണ്ടായിരുന്ന പൊട്ടിയ നട്ടെല്ല് ലീഗിന് പണയംവച്ചുപോയതുകൊണ്ട് നിവര്‍ത്തി നിര്‍ത്താന്‍ ഒരു വടിക്കഷണമെങ്കിലും വേണം. ലീഗും പി സി ജോര്‍ജും എന്‍എസ്എസും എസ്എന്‍ഡിപിയും രാജ്മോഹന്‍ ഉണ്ണിത്താന്‍പോലും കയറി മേയുകയാണ്. ഇനി പി സി ജോര്‍ജിനെ പ്രസിഡന്റാക്കൂ; കെപിസിസിയെ രക്ഷിക്കൂ എന്ന് ആരെങ്കിലും പറഞ്ഞുകൂടായ്കയില്ല. അതോടെ ശരിയായ ചിത്രം തെളിയും.

Sunday, April 1, 2012

സുന്ദരമായ ആത്മഹത്യ

രണ്ട് ആത്മഹത്യകളുടെ കഥയാണ് നാട്ടില്‍ അലയടിക്കുന്നത്. പ്രണയനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോയവന്റെ കഥ കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. തൂങ്ങിച്ചാകാന്‍ വിട്ടില്ല- പകരം നല്ല പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്ന് കുഴിച്ചിട്ടു. ആത്മഹത്യാശ്രമം ക്രിമിനല്‍ കുറ്റമാകയാലും ചാകാന്‍ പോകുന്നവനെ കൊന്നാല്‍ പാപമില്ലാത്തതിനാലും കുഞ്ഞുണ്ണിമാഷ് പാര്‍ടി കോടതിയുണ്ടാക്കിയെന്ന് വാര്‍ത്ത വന്നില്ല; കേസും വന്നില്ല.
യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞയാള്‍ നേരെ യുഡിഎഫിന്റെ ആപ്പീസില്‍ ചെന്ന് ഉത്തരത്തില്‍ കയറുകെട്ടി തൂങ്ങിയതിന്റെ തത്സമയസംപ്രേഷണമായിരുന്നു കഴിഞ്ഞാഴ്ചത്തെ വാര്‍ത്ത. അസാധാരണമായ മറ്റൊരാത്മഹത്യക്കും കേരളം സാക്ഷിയായി. കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ആത്മാഭിമാനമാണ് തൂങ്ങിച്ചത്തത്. ആത്മഹത്യാക്കുറിപ്പില്‍ ഒരേയൊരു പേരേ കാണുന്നുള്ളൂ- ഒരു പുതുപ്പള്ളിക്കാരന്റേത്. കുറിപ്പ് ഇങ്ങനെയാണെന്ന് കേള്‍ക്കുന്നു: ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഗാന്ധിജിയുടെയും നെഹ്റുജിയുടെയും ലാളനയേറ്റ് വളര്‍ന്ന എനിക്ക് ഈയൊരു ദുര്‍ഗതി വന്നല്ലോ. തുടര്‍ച്ചയായ മാനഭംഗം ആരെയും ഈ കടുംകൈക്ക് പ്രേരിപ്പിക്കും. മലപ്പുറം കത്തികൊണ്ടും കോട്ടയം വാളുകൊണ്ടും മാറിമാറി പീഡിപ്പിച്ചു. ഒടുവില്‍ അവരുടെ വാല്യക്കാരും വന്നു. വയനാട്ടുവീരനും കൊട്ടാരക്കര കുലവനും വന്നു. ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ പീഡനത്തിനുപോലും വഴങ്ങേണ്ടിവന്നാല്‍ പിന്നെന്ത് ജീവിതം. ഇനി വയ്യാ. തുണ്ടുകയറില്‍ ജീവിതം ഒടുക്കുന്നു. ഈ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല. പുതുപ്പള്ളിയില്‍നിന്ന് എന്റെ ജീവിതത്തിലേക്ക് കയറിവന്ന ആ പൊടിമീശക്കാരന്‍. അയാള്‍മാത്രമാണ് എന്നെ നശിപ്പിച്ചത്- എന്ന് സ്വന്തം കോണ്‍ഗ്രസിന്റെ ആത്മാഭിമാനം.

ഈ കുറിപ്പ് പൊലീസ് മുക്കിയെന്നും പകരം ഒരു എസ് കത്തി സംഭവസ്ഥലത്തെത്തിച്ചുവെന്നും ശ്രുതിയുണ്ട്. എന്തായാലും ആത്മാഭിമാനത്തെ പിന്നീട് പുറത്താരും കണ്ടിട്ടില്ല. പുറത്തുപറയാനാകാത്ത രോഗത്തിന് രഹസ്യചികിത്സയിലാണെന്ന് പറഞ്ഞുപരത്തുന്നവരുമുണ്ട്. സാഹചര്യത്തെളിവുവച്ച് ആത്മഹത്യ നടന്നിരിക്കാനാണ് സാധ്യത. ഇനി അഥവാ വിജയകരമായി ആത്മഹത്യ സംഭവിച്ചില്ലെങ്കില്‍ പത്തലൊടിച്ചെടുത്ത് തല്ലിക്കൊല്ലാന്‍ ഗാന്ധിമാര്‍ഗത്തിലുള്ള ആരെങ്കിലും വരും.

ഇപ്പോള്‍ കോണ്‍ഗ്രസ് എന്നു പറയുന്നതുതന്നെ മാനക്കേടാണ്. പി സി ജോര്‍ജ് നയിക്കുന്ന പാര്‍ടിക്ക് അല്ലെങ്കിലും എന്ത് മാനം; എന്ത് നാണം. ദല്ലാള്‍ നന്ദകുമാര്‍, മഞ്ഞ നന്ദകുമാര്‍, താജ്മഹലിന്റെ മേസ്തിരി തുടങ്ങിയവരെക്കൂടി വര്‍ക്കിങ് കമ്മിറ്റിയിലെടുത്താല്‍ സംഗതി ഇനിയും ജോറാകും. ക്ലീന്‍ ആന്റണി ക്ലീന്‍ ബൗള്‍ഡാകുന്ന കാലമാണ്. പറഞ്ഞുവന്നാല്‍ ചെന്നിത്തലതന്നെ ഇമേജുള്ള നേതാവ്. ബ്ലോക്ക് പ്രസിഡന്റിന്റെ കപ്പാസിറ്റിയേ ഉള്ളൂ എന്നത് ഒരു കുറവല്ല. സംസ്ഥാനം നയിക്കാന്‍ ഇറ്റലിയില്‍നിന്ന് കപ്പലില്‍ ആളെ ഇറക്കേണ്ടിവരും.

*
എങ്കെടാ ഉങ്ക മന്ത്രി എന്ന് എഴുതിക്കണ്ടാല്‍ പാവം മാക് അലി കരയും. ഒരുകാലത്ത് സിനിമ പിടിച്ചുനടന്നപ്പോള്‍ കുറെയാളെ വെറുപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ തമിഴില്‍ പോയി പണി പറ്റിച്ചു- പെരിന്തല്‍മണ്ണയില്‍ പോസ്റ്റര്‍ വന്നു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്താന്‍മാത്രമല്ല, പോസ്റ്റര്‍ കീറിക്കളയാനും ചെലവാണിപ്പോള്‍. ഒരുനാള്‍ മന്ത്രിയായിരുന്ന വീരന്റെ റെക്കോഡ് തകര്‍ക്കാന്‍ ഒരുനാളും കസേരയിലിരിക്കാത്ത അഞ്ചാംമന്ത്രി. എങ്കെടാ ഉങ്ക മന്ത്രി എന്ന് അലീക്കാന്റെ ആളുകള്‍ ഇനി പാണക്കാട്ട് ചെന്ന് ചോദിക്കുമോ എന്നാണ് സംശയം.

ലീഗായതുകൊണ്ട് വാക്കിന് വിലയും വേണ്ട; അഭിമാനത്തിന്റെ പ്രശ്നവുമില്ല. ആത്മീയാചാര്യനും സാമുദായികനേതാവും അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റുമായ ജനാബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിന് വലിയ വിലയാണ്. പഴയ ചാക്കിനേക്കാള്‍ വിലയുണ്ട്. വില ഏറിയാലും കുറഞ്ഞാലും തല്‍ക്കാലം ആര്‍ക്കും ചേതമില്ല. വാക്കല്ലേ, അതല്ലേ മാറ്റാന്‍ കഴിയൂ.

അഭിമാനത്തിന്റെ കാര്യം പറയുമ്പോഴാണ് നെയ്യാറ്റിന്‍കരയിലെ ആത്മഹത്യാശ്രമത്തെ ഓര്‍ക്കേണ്ടത്. വെള്ള കീറുന്നതിനുമുമ്പ് തലയില്‍ മുണ്ടിട്ട് ക്ലിഫ്ഹൗസില്‍ ചെന്ന് ചാക്കുംചുമന്ന് തിരിച്ചുവന്ന മഹാന്‍ എന്തിനാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന് പെട്ടെന്ന് പറയാന്‍ പറ്റില്ല. യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ആത്മഹത്യ നല്ലതെന്നാണ് പറഞ്ഞത്. ആത്മഹത്യയേക്കാള്‍ മോശമായ കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നര്‍ഥം. കണ്ണടച്ചുതന്നെ പാല്‍ കുടിക്കണം. എല്ലാം എല്ലാവരും അറിഞ്ഞു. ഇനിയിപ്പോള്‍ അമാന്തിച്ചുനിന്നാല്‍ കൈവിട്ടുപോകും. അണികള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അണികള്‍ വലിയ സംഭവമാണ്. കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ ഷൊര്‍ണൂര്‍ മുരളിയും തലസ്ഥാനത്തെ ദുശ്ശീലനും പിന്നെ ഭാര്യയും പിഎയും ഡ്രൈവറും പിന്നെ ഞാനും. അണികള്‍ നാനാഴി വേണ്ട. അണികളുടെ നിര്‍ബന്ധംകൊണ്ടും ആത്മഹത്യ ആവാം.

*
പാണക്കാട് തങ്ങള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ ഉമ്മറത്തിരുന്നാണ് രാഷ്ട്രീയനിലപാടുകള്‍ അറിയിക്കുക. ഏറിയാല്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് വരെ പോകും. പറഞ്ഞാല്‍ പറഞ്ഞതാണ്. നിര്‍ബന്ധിച്ചാലേ പുറത്തേക്കിറങ്ങൂ. അഞ്ചാം മന്ത്രിസ്ഥാനത്തിന് അനന്തപുരിയിലേക്ക് പോയത് അങ്ങനെയൊരു നിര്‍ബന്ധംകൊണ്ടാണ്. അവിടെച്ചെന്നപ്പോള്‍ കാണേണ്ടയാള്‍മാത്രം വന്നില്ല. തമ്പാനൂരില്‍നിന്ന് നേരെ പുതുപ്പള്ളിക്ക് കയറി. കോട്ടയത്ത് ആളെ കണ്ടുകിട്ടി. തങ്ങള്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞതും ആര്‍ക്കും മനസ്സിലായില്ല. എല്ലാം ഒരു ബബ്ബബ്ബ സ്റ്റൈല്‍. അഞ്ചാംമന്ത്രി ഉണ്ടെന്നും ഇല്ലെന്നും ഉണ്ടില്ലെന്നും വ്യാഖ്യാനിക്കാം.

ലീഗിന് പവറൊക്കെയുണ്ട്. അത് കുഞ്ഞീക്കായുടെ കുപ്പായക്കീശയിലാണെന്നുമാത്രം. പുള്ളി വിചാരിച്ചാല്‍ എന്തും നടക്കും. കോണ്‍ഗ്രസിനെയും ഭരണത്തെയും ആ പവറുകൊണ്ട് നയിക്കുന്നുണ്ടെങ്കിലും അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞീക്കായ്ക്ക് വലിയ താല്‍പ്പര്യമില്ല. പാണക്കാട് തങ്ങളുടെ വാക്കിന്റെ വില എത്രയുണ്ടെന്ന് നാലാള്‍ അറിഞ്ഞാലേ കുഞ്ഞീക്കയുടെ വില പെട്രോളിന്റെ വിലപോലെ കുതിച്ചുകയറൂ.

പിറവത്ത് അനൂപ് ജയിച്ചാലെങ്കിലും കൊടിവച്ച കാറില്‍ കയറാമെന്നു നിനച്ച മഞ്ഞളാംകുഴി വലിയ കുഴിയിലാണ്. ഇനിയിപ്പോള്‍ ആടിന്റെ മുന്നില്‍ പ്ലാവിലയെന്നപോലെ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്കാരനും വച്ചുനീട്ടണം പ്ലാവില. എങ്കെടാ ഉങ്ക മന്ത്രി എന്ന ചോദ്യം പെരിന്തല്‍മണ്ണയില്‍നിന്ന് പിറവവും കടന്ന് പോവുകയാണ്. സെല്‍വരാജിന് സങ്കടം വരേണ്ടതില്ല. സിപിഐ എം വിട്ട് സ്ഥാനമോഹങ്ങളുമായി കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഡോ. കെ എസ് മനോജ് വിദേശത്തേക്ക് പോവുകയാണ്. സിന്ധുജോയിയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. സെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ ശരിയാക്കിയാലും വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ ഉറച്ച പദവി യുഡിഎഫിലുണ്ട്. കാത്തിരുന്നാല്‍ വല്ല ചാക്കുവികസന കോര്‍പറേഷന്റെയോ കുതിരപ്പട്ടാള ബോര്‍ഡിന്റെയോ ചെയര്‍മാനാകാം.