Sunday, November 30, 2008

ഓ മുംബൈ....

ശരീരത്തില്‍ വിഷബാധയേറ്റാല്‍ അത് കണ്ടെത്തുന്നതിന് പണ്ടുപണ്ടേ കൃത്യമായ മാര്‍ഗങ്ങളുണ്ടായിരുന്നു. വിഷഹാരിലേഹ്യം എന്നൊന്നുണ്ട്. പാമ്പുകടിയേറ്റയാള്‍ 'വിഷപ്പെട്ടു വരുന്നേരമിതു(ലേഹ്യം) വെറ്റില തന്നില്‍ പണത്തൂക്കം കൊടുക്കണം' എന്നാണ് വിധി. അത് 'കച്ചങ്ങിരിക്കിലോ വിഷം സ്വല്‍പമതാണെന്നു ധരിച്ചീടുക ബുദ്ധിമാന്‍, അതിന്‍ സ്വാദെരിവാണെങ്കില്‍ മൂര്‍ഖനാണ് കടിച്ചത്, രസം അമ്ളമതാണെങ്കില്‍ ഘോണസന്‍(മണ്ടെലി) താന്‍ കടിച്ചത്......'എന്നാണ്. ഇത് പാമ്പുകടിച്ചാലത്തെ കാര്യമാണ്. ലേഹ്യം കഴിച്ച് കയ്പോ മധുരമോ പുളിയോ എന്നുനോക്കി തിട്ടപ്പെടുത്താവുന്നതല്ല ഒരു ഭീകര ആകമണത്തിന്റെ ഉള്ളുകള്ളികള്‍. എന്നാല്‍, പാമ്പുകടിയായാലും ഭീകര ആക്രമണമായാലും ചില ലേഹ്യങ്ങളുംകൊണ്ട് സ്ഥിരം ചാടിയിറങ്ങുന്ന ചിലരുണ്ട്. മുംബൈയില്‍ പതിനെട്ടിനും ഇരുപത്തിയെട്ടിനുമിടെ പ്രായമുള്ള കുറെ ഭീകരന്മാര്‍ പാഞ്ഞുകയറി കൂട്ടക്കൊല നടത്തിയപ്പോള്‍ പലരും അത്തരം വിഷഹാരി ലേഹ്യത്തിന്റെ പ്രയോഗമാണ് നടത്തിയത്.

മുംബൈ ഭീകര ആക്രമണത്തോടുള്ള വിവിധ കേന്ദ്രങ്ങളുടെ പ്രതികരണം കൂട്ടി വായിക്കുമ്പോള്‍, കൊല്ലപ്പെട്ടവരോടുള്ള മമതയേക്കാള്‍; ഭീകരരോടുള്ള വെറുപ്പിനേക്കാള്‍; പൊരുതി മുന്നേറിയ പട്ടാളക്കാരോടുള്ള ഐക്യത്തേക്കാള്‍ മറ്റു ചിലതാണ് തെളിഞ്ഞത്.

അടുത്ത പ്രധാനമന്ത്രിയുടെ കുപ്പായം കാലേക്കൂട്ടി തയ്പ്പിച്ചുവച്ചയാളാണ് എല്‍ കെ അദ്വാനി. അദ്ദേഹം പ്രതിപക്ഷ നേതാവുകൂടിയായതുകൊണ്ട് മുംബൈ സന്ദര്‍ശിക്കുന്നതും അഭിപ്രായം പറയുന്നതും സാധൂകരണമുള്ളതുതന്നെ. എന്നാല്‍, നരേന്ദ്രമോഡി എന്ന ഗുജറാത്ത് മുഖ്യമന്ത്രി മുംബൈയില്‍ ചെന്ന് കാണിച്ച പ്രകടനമോ? പൊന്നുരുക്കുന്നിടത്ത് പൂച്ച ചെന്നപോലെയാണ് മോഡി മുംബൈയിലെത്തിയത്. ചെന്നയുടനെ, പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം: "ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാ''ണെന്ന്. അതോടെ പുള്ളിക്കാരന്റെ ദഹനപ്രക്രിയ പൂര്‍ത്തിയായി.

ഗുജറാത്തില്‍ കോഴിയെ കൊല്ലുമ്പോലെ ആളെക്കൊന്ന് കൈയറപ്പുതീര്‍ത്ത നേതാവാണല്ലോ. എവിടെയും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോകാനേ പറ്റൂ. താജ് ഹോട്ടല്‍ തകര്‍ക്കാന്‍ നോക്കുന്ന ഭീകരരെ നേരിടുന്നതിനൊപ്പം മോഡി എന്ന ഭാരവും ചുമക്കേണ്ടിവന്നു പട്ടാളവും പൊലീസും. പിറ്റേന്ന് ഹേമന്ദ് കര്‍ക്കറെയുടെ വീട്ടില്‍ ചെന്ന് മോഡിസാര്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് ഒരു കോടി രൂപ തരാമെന്ന്. മലേഗാവില്‍ ബോംബുവച്ച സ്വാമിനിയെ പിടിച്ചത് കര്‍ക്കറെയും കൂട്ടരുമാണ്. അന്ന് മോഡി കലിതുള്ളിയത്, കര്‍ക്കറെ ഹിന്ദുത്വ വിരുദ്ധനാണ് എന്നത്രേ. അതേ കര്‍ക്കറെ ഒറ്റ രാത്രികൊണ്ട് മോഡിസാറിന്റെ പ്രിയപ്പെട്ടവനായി. തരാതരംപോലെ കുപ്പായം മാറ്റാന്‍ ശിവരാജ് പാട്ടീലാണോ ഈ മോഡിസാര്‍ എന്ന് ചിന്തിച്ചുപോയിക്കാണണം മുംബൈക്കാര്‍. അദ്വാനിയേക്കാള്‍ വലിയ പ്രധാനമന്ത്രിക്കുപ്പായമാണ് മോഡി തയ്പ്പിച്ചതെന്ന് അവരുണ്ടോ അറിയുന്നു!

പക്ഷേ, കര്‍ക്കറെയുടെ ഭാര്യക്ക് കാര്യം പിടികിട്ടി. ഇമ്മാതിരി ചപ്പടാച്ചി ഇങ്ങോട്ടുവേണ്ട എന്ന ആശയം മാന്യമായ വാക്കുകളില്‍ അവര്‍ പറഞ്ഞു. പാവപ്പെട്ട ആയിരങ്ങളുടെ ചോരയില്‍ മുക്കിയ കൈകൊണ്ടാണ് മോഡി ഒരുകോടി രൂപ വച്ചു നീട്ടുന്നതെന്ന് അവര്‍ക്ക് നന്നായറിയാം. ആ പണം തനിക്കും മക്കള്‍ക്കും വേണ്ട എന്ന നിഷേധത്തിന് മോഡിയുടെ മുഖത്ത് ആഞ്ഞുപ്രഹരിക്കുന്നതിനേക്കാള്‍ ശക്തിയുണ്ടായിരുന്നു.

ഭീകര ആക്രമണം, എകെ 47, പാകിസ്ഥാന്‍ എന്നെല്ലാമുള്ള വാക്കുകള്‍ കാണുന്നിടത്ത് ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടപോലെയാണ് സംഘപരിവാര്‍ ചാടി വീഴാറുള്ളത്. മലേഗാവില്‍ ബോംബുപൊട്ടിച്ചത് കാവിയിട്ട സുന്ദരിയാണെന്ന് കര്‍ക്കറെ കണ്ടെത്തിയതോടെ അതിനൊരു ശമനം വന്നതായിരുന്നു. ഇപ്പോള്‍ മുംബൈയുടെ പേരില്‍ വീണ്ടും വോട്ടുപെട്ടി തുറന്നുവയ്ക്കാനുള്ള ശ്രമത്തെയാണ് കവിതാ കര്‍ക്കറെ ഒന്നു പ്രഹരിച്ചത്. കൈയില്‍ കരുതിയ വിഷഹാരിലേഹ്യവുമായി മോഡിസാര്‍ മിനിറ്റുവച്ച് വണ്ടിവിട്ടു എന്നാണ് കേള്‍വി.

*

ഭക്ഷണം, വസ്ത്രം, കിടപ്പാടം എന്നിവയാണ് മനുഷ്യന്റെ ഏറ്റവും നിര്‍ബന്ധമുള്ള ആവശ്യങ്ങള്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ശിവരാജ് പാട്ടീല്‍ അനുഭവിച്ച വലിയൊരു പ്രശ്നം വസ്ത്രത്തിന്റേതാണ്. ദിവസം മിനിമം ഒരു ഡസന്‍ കുപ്പായം വേണം. എത്രയെത്ര യോഗങ്ങളിലായിരുന്നു പങ്കെടുക്കേണ്ടത്. ഓരോ യോഗത്തിനും ഓരോ കുപ്പായമില്ലെങ്കില്‍ മന്ത്രിയാണെന്നു പറയാന്‍തന്നെ കഴിയുമോ. മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നു എന്നുകേട്ടപ്പോള്‍ ഉടന്‍ പ്രതികരിക്കാന്‍ തോന്നിയതാണ്. അപ്പോഴാണോര്‍ത്തത്, ഒരുമണിക്കൂര്‍ മുമ്പ് ഇട്ട കുപ്പായം മാറ്റിയില്ലല്ലോ എന്ന്. വീട്ടിലെത്തി അലമാര തുറന്ന് അലക്കിത്തേച്ച ഒരുസെറ്റ് കുര്‍ത്തയും പൈജാമയും അതിനൊത്ത പാദുകവും എടുത്തണിയാന്‍ ചില്ലറ നേരം മതിയോ. അതുകൊണ്ടുമാത്രം പ്രതികരണം അല്‍പ്പം വൈകിപ്പോയി. എങ്കിലും പ്രതികരിച്ചില്ലേ. അടുത്ത ഫ്ളൈറ്റിന് മുംബൈക്കു പറന്നില്ലേ. എന്നിട്ടും സോണിയ മാഡം പറയുന്നത് പാട്ടീലിന് കഴിവില്ല എന്നാണ്. ഇതേ മാഡമാണ് മുമ്പ് പാട്ടീല്‍ പറ്റുന്നയാളെന്നു പറഞ്ഞ് രാഷ്ട്രപതിയുടെ കുപ്പായമിടീക്കാന്‍ നോക്കിയത്. അന്ന് ഇടതുപക്ഷക്കാരാണ് പറഞ്ഞത്, വേണ്ട, ഈ പാട്ടീലിന് ചില സായ്പന്മാരെക്കാണുമ്പോള്‍ കവാത്തുമറക്കുന്ന അസുഖമുണ്ട് എന്ന്.

പണ്ട് താടിയും തലേക്കെട്ടുമുള്ള ഒരാള്‍ രാഷ്ട്രപതിയുടെ കസേരയിലിരുന്ന് പറഞ്ഞത്, വലിയ മാഡം തൂക്കാന്‍ പറഞ്ഞാല്‍ താന്‍ ചൂലുമെടുത്തിറങ്ങും എന്നാണ്. അന്ന് ഇറ്റലിയിലെ പ്രണയകാലമാകയാല്‍ സോണിയാജി അക്കഥ അറിഞ്ഞിട്ടുണ്ടാകില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ പാട്ടീലിനെത്തന്നെ മുഗള്‍ ഗാര്‍ഡന്‍ പരിചരിക്കാന്‍ പറഞ്ഞയക്കുമായിരുന്നു. എങ്കില്‍ നാട് രക്ഷപ്പെട്ടു പോയേനേ. ഇനിയിപ്പോള്‍ പശുവും ചത്ത് മോരിലെ പുളിയും പോയശേഷം എന്തോന്നു രാജി!

*

പുരകത്തുമ്പോള്‍ വാഴവെട്ടുന്നത് ഒരു പ്രായോഗിക പദ്ധതിയായി പരിണമിക്കുന്ന സന്ദര്‍ഭങ്ങള്‍ അത്യപൂര്‍വമാണ്. നമ്മുടെ ചില ചാനലുകള്‍ അത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു.

മുംബൈയില്‍ തീവ്രവാദി ആക്രമണത്തെ പ്രതിരോധിച്ച് വീരമരണം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരച്ചടങ്ങിലേക്ക് കേരളസര്‍ക്കാരിന്റെ സ്വന്തക്കാരുണ്ടായിട്ടില്ല എന്നതായിരുന്നു രണ്ട് ചാനലുകളുടെ പ്രധാന വാര്‍ത്തകളിലൊന്ന്. വാര്‍ത്തമാത്രമല്ല, ചര്‍ച്ചയും ചര്‍വിതചര്‍വണ പരിപാടിയുമുണ്ടായി. ബംഗളൂരുവില്‍ ജനസഹസ്രങ്ങള്‍ക്കിടയിലൂടെ ഉണ്ണികൃഷ്ണന്റെ മൃതദേഹം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലിരുന്ന് ചര്‍ച്ചയ്ക്കുവച്ച വിഷയം അവിടെ കേരള സര്‍ക്കാരിന്റെ പ്രതിനിധികളെത്താത്തത് എന്തുകൊണ്ട് എന്നതായിരുന്നു. കമാന്‍ഡോ ഓപ്പറേഷന് നേതൃത്വംനല്‍കി ജീവത്യാഗംചെയ്ത സന്ദീപ് ഉണ്ണികൃഷ്ണനോട് കേരളം നന്ദികേട് കാണിച്ചെന്ന് കമന്റ്. മനോരമ ചാനല്‍ ഒരു മുഴം കടത്തിയെറിഞ്ഞു. തങ്ങളുടെ വാര്‍ത്ത കണ്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാളെ ബംഗളൂരുവില്‍ പോകാന്‍ തീരുമാനിച്ചെന്ന് പുതിയ വാര്‍ത്തകൊടുത്തു. ന്യൂസ് ഇംപാക്ട്! കേന്ദ്ര മന്ത്രിമാരൊന്നും അവിടെയുണ്ടായിരുന്നില്ലെന്ന കാര്യം മനോരമയും ഏഷ്യാനെറ്റും മിണ്ടിയതേയില്ല. പുരവെട്ടുമ്പോള്‍ വാഴവെട്ടി കുലയുംകൊണ്ടോടുന്ന പരിപാടിക്ക് ഇതില്‍പ്പരം എന്ത് ഉദാഹരണം വേണം?

മേജര്‍ സന്ദീപിനെ ആദരിക്കാന്‍ ഇമ്മാതിരി ചാനലുകളുടെ ഒത്താശവേണം കേരള സര്‍ക്കാരിന് എന്ന് ധരിച്ചുപോയിട്ടുണ്ടോ ആവോ. ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങിന് ഡല്‍ഹിയിലിരിക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മിനിറ്റുവച്ച് എത്താന്‍ കഴിയില്ലെന്ന കാര്യം ചാനലുകള്‍ക്ക് അറിയാത്തതല്ല. അനുശോചനം കൈമാറുന്നതില്‍ വന്ന നേരിയ കാലതാമസംപോലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കാനുള്ള ഒരുത്സാഹം-അത്രമാത്രം. മുംബൈ ആക്രമണത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ഇരിക്കട്ടെ ഇവിടെയെങ്കിലും ഒരു താങ്ങ് എന്ന് കരുതിയതാണ്. ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മുറയ്ക്ക് ഇന്ധനം കൊടുക്കണമല്ലോ.

മുംബൈയിലെ ഭീകരര്‍ മലയാളത്തില്‍ സംസാരിക്കുന്നതുകേട്ടു എന്ന വാര്‍ത്തയുടെ ഉപജ്ഞാതാക്കളും ഏഷ്യാനെറ്റും മനോരമയും തന്നെ. ആരും കാണാത്തതു കാണുന്നതും കേള്‍ക്കാത്തത് കേള്‍ക്കുന്നതുമാണല്ലോ മാധ്യമനൈപുണ്യം. ഈ വാര്‍ത്ത അന്വേഷണ സംഘങ്ങള്‍ കാണാത്തത് കഷ്ടമായി. മലയാളം പറയുന്നത് കേട്ട ലേഖകന്മാര്‍ക്ക് മുംബൈ ജയിലിലെ ഗോതമ്പുണ്ടയുടെ സ്വാദും റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവിടത്തെ രാജ് താക്കറെ, അമ്മാവന്‍ താക്കറെ തുടങ്ങിയവര്‍ക്ക് മലയാളം അറിയാമായിരുന്നുവെങ്കില്‍ ഈ വാര്‍ത്തകളുടെ ചെലവില്‍ മുംബൈ മലയാളികള്‍ക്ക് പാരിതോഷികവും കിട്ടുമായിരുന്നു.

*

കുടില്‍മുതല്‍ കൊട്ടാരം വരെ എന്നു പറയാറുണ്ട്. അതുപോലെയാണ് മുംബൈ ആക്രമണം ഭീകരര്‍ ആസൂത്രണംചെയ്തത്. പാവപ്പെട്ട കൂലിപ്പണിക്കാര്‍ തിക്കിത്തിരക്കി വണ്ടികയറുന്ന വിടി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ശതകോടീശ്വരന്മാരുടെ താമസ സ്ഥലമായ താജ്-ഒബ്റോയ് ഹോട്ടലുകള്‍ വരെ. താജ് ഹോട്ടല്‍ അപ്പാടെ തകര്‍ക്കുകയായിരുന്നത്രേ ഭീകരപദ്ധതി. ലോകോത്തര സൌകര്യങ്ങളുള്ള താജിലും ഒബ്റോയ് ട്രൈഡന്റിലും സാധാരണക്കാര്‍ക്കൊന്നും എത്താനാകില്ല. മാസം എഴുപതിനായിരം രൂപ വരുമാനമുള്ള ളാഹ ഗോപാലനുപോലും അവിടെ താമസിക്കാന്‍ കഴിയില്ല. കോര്‍പറേറ്റ് ചെയര്‍മാന്മാര്‍, രാഷ്ട്രത്തലവന്മാര്‍, വന്‍കിട വ്യവസായികള്‍, രത്ന വ്യാപാരികള്‍ തുടങ്ങിവരാണ് അവിടത്തെ സന്ദര്‍ശകരും താമസക്കാരും. ദിവസം കാല്‍ലക്ഷം മുതല്‍ രണ്ടുലക്ഷംവരെ വാടകയും അതിനുമേല്‍ നികുതിയും ഈടാക്കുന്ന മുറികളും സ്യൂട്ടുകളുമാണവിടെ. ഭക്ഷണം കഴിച്ചാല്‍ ആളൊന്നിന് ഒരുനേരം മിനിമം മൂവായിരം രൂപവരും. പാകിസ്ഥാനിലെ ഇസ്ളാമബാദിലുള്ള മാരിയറ്റ് ഹോട്ടലും അങ്ങനെതന്നെയായിരുന്നു. ഇത്തരം ഹോട്ടലുകള്‍ വളഞ്ഞാല്‍ നല്ല കനപ്പടിയുള്ള ബന്ദികളെ കിട്ടുമെന്നും അവരെവച്ച് പലതും വിലപേശി സാധിക്കാമെന്നുമാകണം ഭീകരര്‍ കരുതിയത്. ആരും കരുതുക, വലിയ വലിയ ഹോട്ടലിലാകുമ്പോള്‍ ഒന്നിനും ഒരു പ്രശ്നവും വരില്ല എന്നാണ്. ഇവിടെ വലിയ ഹോട്ടലുകളാണ് വലിയ പ്രശ്നം.

*

മുംബൈ കത്തിയപ്പോള്‍ മലേഗാവ് അണഞ്ഞു എന്നുകരുതി ചിലരെല്ലാം ആശ്വസിക്കുന്നുണ്ട്. ഇവിടെ അഭയ കേസിന്റെ വാര്‍ത്തകള്‍ മങ്ങിയതിലും ചിലര്‍ക്ക് ആശ്വാസമുണ്ടാകാം. നിയമങ്ങളേക്കാള്‍ കൂടുതലായി അഭിപ്രായങ്ങളാണല്ലോ ലോകത്തെ നയിക്കുന്നത്. അതുകൊണ്ട് കോടതിയുടെ അടുത്ത അഭിപ്രായ പ്രകടനത്തിനായി കാതോര്‍ക്കാം.

മയില്‍പ്പീലി, കോഴിത്തൂവല്‍, ഇന്തുപ്പ്, എള്ളിന്‍പൊറ്റ ഇവ കനലിലിട്ട് പുകച്ച് കടികൊണ്ട ഭാഗത്ത് പുക കൊള്ളിച്ചാല്‍ കടിച്ചത് വിഷപ്പാമ്പോ വിഷമില്ലാത്തതോ എന്ന് മനസ്സിലാക്കാമെന്നാണ് ശാസ്ത്രം. അഭയ കേസില്‍ സിബിഐയെ വിശ്വാസമില്ലെങ്കില്‍ കോട്ടയം രൂപതയ്ക്ക് അത്തരമൊരു പരീക്ഷണം നടത്താവുന്നതാണ്. വെറുതെ പ്രസ്താവനകളും ഇടയലേഖനവുമിറക്കി ആളുകളെ മിനക്കെടുത്തുന്നത് ദയവായി പുനഃപരിശോധിക്കണം. കേസ് വിചാരണയും കോടതിനടപടികളുമായി ഇനിയും കുറെ കാലമെടുക്കുമെന്നേ. അപ്പോഴും വേണ്ടേ മരുന്നിന് ചില പ്രസ്താവനയും ലേഖനവും. സംഭവാമി യുഗേ യുഗേ എന്നാണല്ലോ.

Monday, November 24, 2008

ലയന രാഷ്‌ട്രീയ ശുശ്രൂഷ

ബോംബുവച്ച് ആളെക്കൊല്ലുന്ന പ്രജ്ഞ സിങ്ങിനെ രക്ഷിക്കാന്‍ ലാല്‍കൃഷ്‌ണ അദ്വാന്‍ജിക്ക് രംഗത്തുവരാമെങ്കില്‍ നമ്മുടെ കോട്ടയം രൂപത ഇടയലേഖനമിറക്കിയതില്‍ തെറ്റില്ല. പാപംചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുപറയാനുള്ള സാഹചര്യമൊന്നും നാട്ടില്‍ നിലനില്‍ക്കുന്നില്ല. അത് പണ്ട് കര്‍ത്താവിനുപറ്റിയ അമളിയാകാനേ തരമുള്ളൂ. പാപംചെയ്യാത്തവരെ മാത്രം കര്‍മംചെയ്യാന്‍ വിട്ടാല്‍ നമ്മുടെ എം വി രാഘവനും കെ സുധാകരനുമെല്ലാം എങ്ങോട്ടുപോകും? കല്ല് കൈയിലുള്ള ആര്‍ക്കും എറിയാം. മാങ്ങയുള്ള മരത്തിലേ എറിയാവൂ.



പ്രജ്ഞ സിങ് താക്കൂര്‍ എന്നാല്‍ ആരാണെന്നു മനസ്സിലാക്കാത്തവരേ അദ്വാന്‍ജിയെ കല്ലെറിയാന്‍ പുറപ്പെടൂ. സ്വാമി വിവേകാനന്ദന്റെ വേഷവും ടോട്ടല്‍ ശബരീനാഥിന്റെ യുവത്വവും രമേശ് ചെന്നിത്തലയുടെ സാഹസികതയും ഒത്തുചേര്‍ന്ന തേജോമയമായ സന്യാസിനീരൂപത്തെ ആദ്യമാദ്യം പലരും പ്രഗ്യയെന്നാണ് വിളിച്ചിരുന്നത്. പിന്നെപ്പിന്നെയാണ് അത് പ്രജ്ഞയാണെന്നും ആ വദനാംബുജത്തില്‍ തിളങ്ങിനില്‍പ്പത് ഹിന്ദുത്വത്തിന്റെ പ്രജ്ഞയാണെന്നും ബോധ്യപ്പെട്ടത്. അങ്ങനെയുള്ള പ്രജ്ഞയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിടുക, ചോദ്യംചെയ്യുക, ഉത്തരം പറഞ്ഞില്ലെങ്കില്‍ പേടിപ്പിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഭാരതാംബയുടെ നെഞ്ചില്‍കുത്തുന്നതിന് തുല്യംതന്നെ.

ബോംബ് എന്നാല്‍ തലേക്കെട്ടും വട്ടത്താടിയും മുഖത്ത് വസൂരിക്കലയുമുള്ള 'മേത്തന്‍' കൊണ്ടുനടക്കുന്ന സാധനമാണ്. മലപ്പുറം കത്തി, പച്ച ബെല്‍റ്റ്, കള്ളിമുണ്ട് തുടങ്ങിയ മാരകായുധങ്ങള്‍ സ്ഥിരമായി കൈകാര്യംചെയ്യുന്നവനാകുന്ന ഭീകരന്‍. പട്ടാളക്കാരില്‍നിന്ന് അടിച്ചുമാറ്റിയ ആര്‍ഡിഎക്‍സ്, ഇറ്റാലിയന്‍ നിര്‍മിത തോക്ക് തുടങ്ങിയ പൂജാദ്രവ്യങ്ങളുമായി ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ച, സ്വന്തം പിതാവിന്റെപോലും പൂജനീയവിഗ്രഹമായി മാറിയ പ്രജ്ഞ ഉത്തമഭാരതപുത്രിയാകുന്നു. ആ മഹതിക്കുനേരെ നീചമായി കണ്ണുരുട്ടുകയും കോക്രികാട്ടുകയും ചെകിട്ടത്തടിക്കുകയുംചെയ്‌ത പൊലീസുകാര്‍ തുലഞ്ഞുപോകട്ടെ. സ്വയം തുലഞ്ഞില്ലെങ്കില്‍ അദ്വാന്‍ജി തുലച്ചുകളയും. അദ്ദേഹം യുദ്ധമുഖത്താണ്. മണല്‍ചാക്കുകൊണ്ട് ബങ്കര്‍തീര്‍ത്ത് പ്രജ്ഞ സിങ്ങിനൊപ്പം ത്രിശൂലം, ഗ്രനേഡ്, ചെറുവാഞ്ചേരി മെയ്‌ഡ് നാടന്‍ബോംബ് തുടങ്ങിയ ദിവ്യായുധങ്ങളുമായി അദ്വാന്‍ജി നയിക്കുന്ന രാമ-രാവണ യുദ്ധമാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

****

കോട്ടയം രൂപത ഒട്ടും മടിച്ചുനില്‍ക്കേണ്ടതില്ല. കോട്ടൂര്‍, പുതൃക്ക എന്നിത്യാദി മഹാന്മാര്‍ക്കുവേണ്ടി ഇടയലേഖനങ്ങള്‍ ഇറങ്ങുന്നതിലും ഒരു തെറ്റുമില്ല. പാവപ്പെട്ട രണ്ടു പിതാക്കന്മാര്‍ എന്തുപാതകമാണ് ചെയ്‌തതെന്ന് രൂപതയ്‌ക്ക് ഇതുവരെ മനസ്സിലാകാഞ്ഞിട്ടല്ലേ. പതിനാറുകൊല്ലം മുമ്പ് നടന്നതെന്നുപറഞ്ഞ് സിബിഐക്കാര്‍ കൊണ്ടുവരുന്ന കഥ അപ്പാടെ വിഴുങ്ങാന്‍ രൂപതയെ കിട്ടില്ല. ഇത് ഒരൊന്നൊന്നര രൂപതയാണ്. പ്രജ്ഞ സിങ്ങിനെ പൊലീസ് തല്ലിയപ്പോള്‍ അദ്വാന്‍ജി കോപിച്ചില്ലേ. അതുപോലെ ഇതാ ഇടയലേഖനത്തിലുടെ ഒരു കുഞ്ഞുകോപം വരുന്നൂ. മലയാളികളേ, താങ്ങാമെങ്കില്‍ താങ്ങിക്കോളൂ.

കോട്ടൂരച്ചനും പൂതൃക്കയച്ചനും നീതി ന്യായവിലയ്‌ക്ക് കിട്ടണം. അഭയക്ക് ഇനിയെന്തിനാണ് നീതി? പ്രീഡിഗ്രി പരീക്ഷയ്‌ക്ക് ഉറക്കമിളച്ച് പഠിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ ആ കൊച്ചിന്? ഇനി അഥവാ പഠിച്ചാല്‍തന്നെ രാത്രി തണുത്ത വെള്ളത്തില്‍ മുഖം കഴുകണമെന്നു തോന്നാമോ? കര്‍ത്താവിന്റെ മണവാട്ടിക്ക് മുഖം കഴുകാന്‍ എന്തിനാണ് തണുത്ത വെള്ളം? യഥാര്‍ഥത്തില്‍ മതില്‍ചാടിക്കടന്ന അച്ചന്മാരെയും വാതില്‍ തുറന്നുകൊടുത്ത സെഫിക്കൊച്ചമ്മയെയുമല്ല കേസില്‍ പ്രതിയാക്കേണ്ടിയിരുന്നത്. അവരുടെ മുന്നില്‍ അനാവശ്യമായി ചെന്നുപെട്ട അഭയയെത്തന്നെയാണ്. സെഫിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അമ്മമാര്‍ വന്നിട്ടുണ്ട്. അഭയക്കുവേണ്ടി അവരെന്തിന് പ്രാര്‍ഥിക്കണം? അച്ചന്മാര്‍ നിരപരാധികളെന്ന് രൂപതയ്‌ക്കുറപ്പാണ്. എങ്കില്‍ അപരാധികളാരെന്നു ചോദിക്കേണ്ട. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന ഉത്തരം പ്രതീക്ഷിച്ചാണെങ്കില്‍ വേണ്ടേവേണ്ട. ഞങ്ങളുടെ നിയമം ഞങ്ങള്‍ തീരുമാനിക്കും. കോട്ടയം രൂപത സാദാ രൂപതയല്ലാത്തതുകൊണ്ട് അധികം ചോദ്യങ്ങള്‍ വേണ്ട കേട്ടോ.

ഇന്നലെവരെ മാന്യന്മാരായി ബഹുമാനത്തോടെ നടന്ന സിബിഐ കൊച്ചന്മാര്‍ ഇന്ന് കേറി നിരങ്ങുന്നത് സഹിക്കാനാകുന്നതെങ്ങനെ? മാണിസാറും മനോരമയും എന്തെടുക്കുകയാണ്? മാണിസാറിന് നരസിംഹറാവുവിലുള്ള സ്വാധീനം കഞ്ഞൂഞ്ഞിന് സോണിയ മാഡത്തില്‍ ഇല്ലാതെപോയോ? അല്ലെങ്കിലും സിബിഐ അവസാനവാക്കൊന്നുമല്ലല്ലോ. ഞങ്ങള്‍ കോടതിയില്‍ നോക്കിക്കൊള്ളും. എന്നാലും അഭയയെ കൊന്നതാണെന്നു സമ്മതിക്കില്ല. ബാക്കികാര്യം മാണിസാര്‍ ഏറ്റിട്ടുണ്ട്. മാണിസാറിന്റെ മകന്റെ കാര്യം വരുമ്പോള്‍ അത് ഞങ്ങളും നോക്കും. ഇവിടെയാണ് സമ്പൂര്‍ണ ജനാധിപത്യ മതേതര രാഷ്‌ട്രീയം പൂവണിയുക. ഞങ്ങള്‍ക്കവരും അവര്‍ക്കു ഞങ്ങളും. മധുരമനോജ്ഞമായ പരസ്പരസഹായ സഹകരണ രാഷ്‌ട്രീയ ദൈവശുശ്രൂഷ. അതിനിടയില്‍ അഭയ എന്നെല്ലാമുള്ള വേണ്ടാത്ത പേരൊന്നും ആരും ഉച്ചരിക്കരുതേ.

*****

കേരളം മാതൃകയാണ് എന്ന് വേണ്ടിടത്തും അല്ലാത്തിടത്തും മാര്‍ക്‍സിസ്‌റ്റുകാര്‍ പറഞ്ഞുനടക്കുന്നുണ്ട്. ഒന്നും യുഡിഎഫിന് അവര്‍ വിട്ടുകൊടുക്കത്തില്ല. കുറഞ്ഞ പക്ഷം 'അധ്വാനവര്‍ഗ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവായ മാണിസാറിനെയെങ്കിലും മാതൃകാപുരുഷനായംഗീകരിക്കാന്‍ മാര്‍ക്‍സിസ്‌റ്റുകാര്‍ തയ്യാറല്ല. അതുകൊണ്ട്, ദേശീയോദ്ഗ്രഥനം എന്ന സംഗതിയില്‍ ഒരു ദേശീയ മാതൃക സൃഷ്‌ടിച്ച് മാതൃകാപദവിയിലെത്തിയേ തീരൂ എന്ന് വാശികാണിക്കുകയാണ് മാണിസാറിന്റെ അടുത്ത ലക്ഷ്യം.
ആറാംക്ലാസിലെ പ്രബന്ധരചനയ്‌ക്കുള്ള വിഷയം മാത്രമായിരുന്നു ഇന്നലെവരെ ദേശീയോദ്ഗ്രഥനം. ഇന്ന് കഥ മാറി. നാട്ടിലെ ഗജപോക്കിരികളും സുന്ദരകളേബരന്മാരുമായ ഏകാംഗപാര്‍ടികളെ ഒറ്റക്കൊടിക്കീഴില്‍ കൊണ്ടുവന്ന് ഇമ്മിണിവല്യ ഐക്യപ്പാര്‍ടിയുണ്ടാക്കുന്നതാകുന്നു മാണിസാറിന്റെ പുതിയ ദേശീയോദ്ഗ്രഥന സിദ്ധാന്തം. ഇന്നയാളേ വരാന്‍ പാടുള്ളൂ എന്നില്ല. ഈരാറ്റുപേട്ടയിലെ വ്യത്യസ്തന്മാരും പിറവംമുതല്‍ പിറവംവരെ വേരുള്ള ഉപദേശിമാരും ആനപ്പുറത്തുനിന്നിറങ്ങാത്തവരുമെല്ലാം വരും. പാവങ്ങള്‍ക്ക് ഒരാലയമെന്ന് കേട്ടിട്ടില്ലേ. രാഷ്‌ട്രീയത്തിലെ അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍- ഇമ്മാതിരി ചരക്കുകള്‍ക്കെല്ലാം അത്താണിയായി മാതൃകാ ഐക്യപ്പാര്‍ടി. വളരുന്തോറും പിളരുകയില്ലിനിയീപാര്‍ടി.

റബറിന്റെ വില കുറഞ്ഞപ്പോള്‍ മുട്ടുശാന്തിക്ക് ആ സിദ്ധാന്തത്തിന്റെ പേറ്റന്റ് മാണിസാറങ്ങ് വിറ്റു. തല്‍ക്കാലം ഒറ്റപ്പാര്‍ടിയാകും; ലയനം പിന്നീട് എന്നാണ് തീരുമാനം. ലയിക്കാത്ത ഒറ്റപ്പാര്‍ടി. ലയിച്ചാലല്ലേ ആര് സെക്രട്ടറി, ആര് ട്രഷറര്‍ എന്നെല്ലാം നിശ്ചയിക്കേണ്ടൂ. അത്രടംവരെ എത്തിയാല്‍ പിളര്‍പ്പിന്റെ സൂക്കേടു വരാന്‍ സാധ്യതയുള്ളതുകൊണ്ട് തല്‍ക്കാലം ഒന്നിച്ചുനിന്ന് മാതൃകയാകാം; ഇരുന്നുള്ള ലയനം പിന്നീടുമതി.

വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പോരാട്ടം ഐക്യത്തിലൂടെ. ബാബുദിവാകരന്‍ ചെന്ന് ഐക്യപ്പെട്ടത് മുലായംജിയുമായാണ്. ദേശീയോദ്ഗ്രഥനത്തിന് മറ്റൊരുദാഹരണം. ഹിന്ദിക്ക് ട്യൂഷന്‍ വച്ചിട്ടുണ്ട്. എം വി രാഘവന് ഉദ്ഗ്രഥിക്കാന്‍ കിട്ടിയത് സെയ്‌ഫുദ്ദീന്‍ ചൌധരിയെയാണ്. നീലന്‍ മായാവതിക്കൊപ്പം പോയി. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ നാളെ എങ്ങനെ കാണുമെന്ന് സ്വപ്‌നം കാണാന്‍ പോലുമാകുന്നില്ല. മുരളി ഉണ്ടാക്കിയ പ്രദേശിപാര്‍ടിയുടെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതേയുള്ളൂ. പാവം ഇപ്പോള്‍ ഒരു ദേശീയപാര്‍ടിയിലാണ്. പന്തിയില്‍ ഇരുന്ന് കാലുകഴച്ചെങ്കിലും ഊണിതുവരെ വിളമ്പിയില്ല. എല്ലാറ്റിലും ദേശീയോദ്ഗ്രഥനം മുറയ്‌ക്ക് നടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ കേരള ലീഗിന് ഇ അഹമ്മദ് സാഹിബിന്റെ ഇന്ത്യന്‍ യൂണിയന്‍ ലീഗുമായി ഉദ്ഗ്രഥിക്കാന്‍ ഇത് നല്ല അവസരമാണ്. അതും ആകട്ടെ ഒരു ദേശീയമാതൃക!

*****

കഴിഞ്ഞദിവസം കണ്ട ചില വിചിത്ര വാര്‍ത്തകള്‍:
1. സര്‍ക്കാര്‍ ഇതുവരെ ഇറക്കാത്ത ഭൂമിവില ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് മനോരമ.
2. എസ്എഫ്ഐക്ക് സമാന്തരസംഘടന രൂപീകരിക്കുന്നെന്ന് മനോരമ.
3. ഫ്ളാറ്റ് ബുക്ക്ചെയ്‌താല്‍ കാര്‍ സൌജന്യമെന്ന് പരസ്യം.

Monday, November 17, 2008

ഇരുമ്പുലക്ക വിഴുങ്ങിയ പാര്‍ടി

"ജഗജീവന്‍ പോയ് ജീവന്‍ പോയ്,
നന്ദിനി പോയി നാണം പോയ്,
ബഹുഗുണ പോയി ഗുണവും പോയ്,
ഇന്ദിരയാകെ നാറിപ്പോയ് ''
എന്നാണ് അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് കോണ്‍ഗ്രസിനെക്കുറിച്ച് പ്രതിപക്ഷം വിളിച്ച മുദ്രാവാക്യം. ബാബു ജഗജീവന്‍ റാമും ഹേമാവതി നന്ദന്‍ ബഹുഗുണയും നന്ദിനി സത്‌പതിയുമൊക്കെ ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസിനെ വിട്ട് പുറത്തുപോയപ്പോഴാണ് അങ്ങനെയൊരു മുദ്രാവാക്യമുണ്ടായത്. ഗുണവും മണവും നനവും ജീവനുമെല്ലാം നഷ്ടപ്പെട്ട കോണ്‍ഗ്രസ് രാജ്യഭരണത്തിന് പുറത്തായി. അടിയന്തരാവസ്ഥയെ മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിനെത്തന്നെ ജനങ്ങള്‍ വലിച്ചുകൊണ്ടുപോയി അറബിക്കടലിലിട്ടു. ഇന്നിപ്പോള്‍ മരുമകളുടെ കോണ്‍ഗ്രസിന് അന്നത്തെ അത്രവലിയ റേറ്റിങ്ങൊന്നുമില്ല. കിണറ്റിലെ തവളയുടെ പരുവമാണ്. അത് കുളിച്ചുകിടക്കുന്നോ കുടിച്ചുകിടക്കുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയില്ല. സോണിയഗാന്ധി, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, ടോം വടക്കന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മഹാത്മാക്കള്‍ നയിക്കുന്ന പാര്‍ടി കുളിച്ചാലെന്ത്; കുടിച്ചാലെന്ത്.

ഇരുമ്പുലക്ക വിഴുങ്ങിയാല്‍ ദഹനത്തിന് ചുക്കുവെള്ളം കുടിച്ചാല്‍ മതി എന്നാണ് കോണ്‍ഗ്രസ് തറവാട്ടില്‍ കാലാകാലമായുള്ള നടപ്പ്. പാര്‍ടിക്കകത്തെ പണത്തിന്റെ കളി ഇന്നും ഇന്നലെയുമുള്ളതല്ല. അതേക്കുറിച്ച് പാര്‍ടിക്കകത്തു പറയാമെന്നുവച്ചാല്‍ അതിനു പറ്റുന്ന മീറ്റിങ്ങുകളൊന്നും പടച്ചവന്‍ സഹായിച്ച് നടക്കാറില്ല. പരസ്യമായി പറയാമെന്നുവെച്ചാലോ? അങ്ങനെ വിളിച്ചുപറഞ്ഞ നേതാക്കളെ ഉടന്‍ പുറത്താക്കിയാല്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ പര്യവസാനമാകും! രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന മെഗാസ്റ്റാറാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ 'പേയ്‌മെന്റ് സീറ്റ് ' ഉണ്ടെന്ന് ആദ്യം പറഞ്ഞത്. ആ പറഞ്ഞ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും ഉടുമുണ്ടുപോയി. വായ്‌പ വാങ്ങിയ മുണ്ടുമുടുത്ത് അവര്‍ വീണ്ടും മാതൃപേടകത്തിലേക്ക് കയറാന്‍ നോക്കിയെങ്കിലും തിണ്ണയില്‍തന്നെയാണ് ഇപ്പോഴും കിടപ്പ്.

എംപിയാക്കാനും എംഎല്‍എയാക്കാനും മാത്രം പോര പേയ്‌മെന്റ് എന്നു കണ്ടെത്തിയത് യൂത്തുകോണ്‍ഗ്രസാണ്. യൂത്തുകോണ്‍ഗ്രസിന്റെ ബ്ലോക്ക്, ജില്ലാ പ്രസിഡന്റുമാരെന്നുവച്ചാല്‍ കലക്‍ടറുദ്യോഗം പോലത്തെ പദവിയാണ്. ഒരു പ്രൈവറ്റ് സ്‌കൂളില്‍ പ്യൂണിനെ ചേര്‍ക്കാന്‍ വാങ്ങുന്നുണ്ട് ഇപ്പോള്‍ ആറും ഏഴും ലക്ഷം. ഐഎഎസ് പദവിയും ജിഐഎസ് മുദ്രയുമുള്ള ജില്ലാ യൂത്ത് അധ്യക്ഷനാകാന്‍ പത്തുലക്ഷം മുടക്കിയാല്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ പണംവാങ്ങി നിയമനം നടത്തുന്നതുകണ്ട് യൂത്തിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി ജലീല്‍ മുഹമ്മദിന് കണ്ണുകടിച്ചു. ജലീല്‍ നാറാണത്തു ഭ്രാന്തനായി. സിദ്ദിഖ് പണം വാങ്ങി; സിദ്ദിഖിന് സിമി ബന്ധമുണ്ട് എന്നെല്ലാം വിളിച്ചുപറഞ്ഞു. അതുവരെ ഉരുട്ടിക്കയറ്റിയ കല്ല് ജലീല്‍തന്നെ തള്ളി താഴത്തേക്കുമിട്ടു. ജലീല്‍ പുറത്തും സിദ്ദിഖ് പൂര്‍വാധികം ശക്തിയായി അകത്തും.

മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്ള ബഡാ ഇനങ്ങളൊന്നും ഈ കൊച്ചുകേരളത്തിലെ സിദ്ദിഖ് ചരിതം മണിപ്രവാളം വായിച്ചിട്ടുണ്ടാകില്ല. പണ്ട് ഈ രണ്ടു ദേഹങ്ങള്‍ക്കും കേരളത്തോട് ഇമ്മിണി വല്യ പ്രണയമായിരുന്നു. മുരളി കുഞ്ഞായിരുന്ന കാലത്ത് പാലുകുടിക്കാഞ്ഞാല്‍ അമ്മ കല്യാണിക്കുട്ടിയമ്മ 'മക്വാനയെ വിളിക്കും' എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. അന്ന് എന്തിനും ഏതിനും മക്വാനയാണ് വന്നത്. ഗുജറാത്തില്‍നിന്ന് വിമാനംകയറി തിരുവനന്തപുരത്തിറങ്ങുന്ന മക്വാനാജിക്ക് 'കീജെ' വിളിക്കാന്‍ പത്തും പന്ത്രണ്ടും കാറില്‍ ആളുചെന്നിരുന്നു. മാര്‍ഗരറ്റ് ആല്‍വയാണെങ്കില്‍ അടുത്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ 'കുടുംബ ഡോക്‍ടറാ'ണ്. ലീഡര്‍ക്കു വയറ്റുനോവുവന്നാലും ഉമ്മന്‍ചാണ്ടി തുമ്മിയാലും ചെന്നിത്തലയ്‌ക്ക് മനംപിരട്ടലുണ്ടായാലും പെട്ടിയും കുഴലുമായി ആല്‍വ മാഡം പാഞ്ഞെത്തുമായിരുന്നു. ഇടയ്‌ക്ക് മാഡം പറഞ്ഞത് ലീഡറെ 'പുത്രാവേശം' ബാധിച്ചു എന്നാണ്. ഇപ്പോള്‍ മാഡത്തെയാണ് പുത്രാവേശം ബാധിച്ചിരിക്കുന്നത്.

കര്‍ണാടകത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം വാങ്ങി സീറ്റ് വിറ്റുവെന്നാണ് മാഡം പറഞ്ഞുകളഞ്ഞത്. ആല്‍വയുടെ മകന് സീറ്റുകിട്ടാത്തതിന്റെ കെറുവാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞുനോക്കിയെങ്കിലും സംഗതി ഏറ്റില്ല. പുറത്താക്കുംമുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിസ്ഥാനം മാഡം രാജിവച്ചു. ഒരു കാട്ടിലെന്തിന് രണ്ടുമാഡം എന്ന് സോണിയ കരുതിയിരിക്കും. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയില്‍നിന്നും ആല്‍വ മാഡത്തിനെ ഒഴിവാക്കി. അപ്പോഴതാ വരുന്നു, യോഗേന്ദ്ര മക്വാനയും ആര്‍ എല്‍ ജാലപ്പയും. അവരും പറയുന്നു കോണ്‍ഗ്രസിന്റെ പരിപാടി പാര്‍ടിക്കുള്ളില്‍ സീറ്റുവില്‍പ്പനയാണെന്ന്. ആന്ധ്രപ്രദേശില്‍ പണം വാങ്ങി സീറ്റ് വിറ്റെന്ന് ആരോപിച്ച് മുമ്പ് കോണ്‍ഗ്രസ് വിട്ട പി ശിവശങ്കര്‍ ചോദിക്കുകയാണ് "ഞാന്‍ അന്നു പറഞ്ഞത് ശരിയായില്ലേ'' എന്ന്.

സ്വന്തം പാര്‍ടിക്കാരോട് സീറ്റിന് വിലപേശി പണം വാങ്ങുന്ന പാര്‍ടിയില്‍ ചെന്നിത്തലയും കെ സുധാകരനുമെല്ലാം ചില്ലറ കാശിന്റെ കളികളിക്കുന്നത് വല്യ പാതകമാണോ? കര്‍ണാടകത്തിലും മഹാരാഷ്‌ട്രയിലുമെല്ലാം സീറ്റു വിറ്റു കാശുമാറുന്ന പരിപാടി കേരളത്തില്‍ അച്ചടക്കം ലംഘിക്കാതെ നടപ്പാക്കാന്‍ ചെന്നിത്തലയ്‌ക്ക് വയലാര്‍രവി ഒരു ക്ലാസ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിട്ടാവുന്ന ആളുകളെയെല്ലാം വാരിവലിച്ച് കൂടാരത്തില്‍ കയറ്റുകയാണ് കോണ്‍ഗ്രസിന്റെ പതിവ്. ഇക്കുറി പോക്ക് പുറത്തേക്കാണ്. 'ആല്‍വ പോയി മധുരം പോയി, മക്വാന പോയി മണവും പോയി' എന്ന മുദ്രാവാക്യം കേള്‍ക്കാനുള്ള സമയമായോ എന്തോ.

*****

ഇ എം എസ് പറഞ്ഞിട്ടുണ്ട്: "കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തക്കവണ്ണം എന്തൊന്നാണ് പാര്‍ടിക്കുള്ളത് ? പാര്‍ടിയുടെ ഏതെങ്കിലുമൊരു തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്‌ടമാണുള്ളത്? യാതൊന്നുമില്ല. നേരെമറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്‌തകങ്ങളുമെഴുതാന്‍ ആയിരക്കണക്കില്‍ ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലിലേക്കും ഒരുപക്ഷേ അവസാനം തൂക്കുമരത്തിലേക്കും അയക്കാന്‍ പറ്റുന്ന പാര്‍ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ് ? ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹംപോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്‌ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ഥമാണ് കമ്യൂണിസ്‌റ്റുകാരന് വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ 'ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ' അടിസ്ഥാനം''.

കമ്യൂണിസ്റ്റുകാരെ അളന്നുതൂക്കി ഇന്നയാള്‍ ഇത്രകിലോ, മറ്റേയാള്‍ ഇത്രകിലോ എന്നുപറയാന്‍ കഴിയാത്തത് ഈ സ്വഭാവമുള്ളതുകൊണ്ടാണ്. അതു മനസ്സിലാക്കാതെ ചില മുന്‍ജസ്റ്റിസുമാര്‍ പിണറായി വിജയനെ 'മാഫിയ' എന്നു വിളിക്കും; ചില സാഹിത്യകാരന്മാര്‍ വി എസ് അച്യുതാനന്ദനെ 'കാലഹരണപ്പെട്ട പുണ്യവാള'നാക്കും. മാധ്യമങ്ങള്‍ അതൊരു മഹാകാര്യമായി കൊണ്ടാടുകയുംചെയ്യും. ഇതൊന്നും കമ്യൂണിസ്റ്റുകാരെ കാര്യമായി ബാധിക്കുന്ന പ്രശന്ങ്ങളല്ല.
എ കെ ജിയെയും ഇ എം എസിനെയും എന്തെല്ലാം വിളിച്ചിരുന്നു ഇവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസപുരുഷനായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ 'വെറുമൊരു രാഷ്‌ട്രീയ ദല്ലാളെ'ന്നു പറയാന്‍ മടികാണിച്ചിട്ടില്ല ചില മാധ്യമങ്ങള്‍. ഇ എം എസ് മരിക്കുന്നതുവരെ 'ശല്യക്കാര'നായിരുന്നു; മരണാനന്തരം 'യുഗപ്രഭാവന്‍'.

ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരല്ല കമ്യൂണിസ്‌റ്റുകാര്‍. ആക്ഷേപങ്ങളെ സാധാരണ മട്ടില്‍ അവഗണിച്ചുതള്ളും. ഗത്യന്തരമില്ലെങ്കില്‍ മറുപടി പറയും. അപകീര്‍ത്തികരമെങ്കില്‍ നിയമത്തിന്റെ വഴിതേടും. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ വച്ചുപൊറുപ്പിക്കരുതെന്ന് കമ്യൂണിസ്‌റ്റുകാരോട് ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്കും ചാനല്‍ചര്‍ച്ചാപണ്ഡിതര്‍ക്കും ഇതൊക്കെ ദഹിക്കാന്‍ ചുക്കുവെള്ളം മതിയാകില്ല. എം മുകുന്ദന്‍ പുകഴ്ത്തിയതുകൊണ്ട് പിണറായി വലുതാകില്ലെന്നും ഇകഴ്ത്തിയതുകൊണ്ട് വി എസ് ചെറുതാകില്ലെന്നും കമ്യൂണിസ്‌റ്റുകാര്‍ക്കറിയാം; ഈ നാട്ടിലെ സാധാരണക്കാര്‍ക്കും. ആവശ്യത്തിനുവേണ്ട വലുപ്പമുള്ളതുകൊണ്ടാണല്ലോ ഇരുവരും പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പര്‍മാരായതും ചുമതലകള്‍ വഹിക്കുന്നതും.

കമ്യൂണിസ്‌റ്റായി നില്‍ക്കാന്‍ കൊടുക്കേണ്ടിവരുന്ന വില അറിഞ്ഞുതന്നെയാണ് വി എസും പിണറായിയുമടക്കമുള്ള നേതാക്കള്‍ പാര്‍ടിയിലെത്തിയതും തുടരുന്നതും. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ തൊഴിലും ഈ നാടിന്റെ ഭക്ഷ്യസമ്പത്തും സംരക്ഷിക്കാനുള്ള സമരം നയിച്ചതുകൊണ്ടായിരുന്നുവല്ലോ വി എസിനെ 'വെട്ടിനിരത്തല്‍ വീര'നാക്കിയത്. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഉരുക്കുപോലെ ഉറച്ച നേതൃശേഷിയുമായി മുന്നോട്ടുനയിക്കുന്നതുകൊണ്ടാണല്ലോ പിണറായി വിജയനെ നാലുചുറ്റും നിരന്നുനിന്ന് ആക്രമിക്കുന്നത്. മുകുന്ദനെപ്പോലൊരാള്‍ അസ്ഥാനത്തും അനവസരത്തിലും നടത്തിയ ഒരു താരതമ്യം കമ്യൂണിസ്‌റ്റുകരെ വല്ലാതെ ഉലച്ചുകളയുമെന്നു കരുതിയവര്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും സ്വസ്‌തിയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കാം. ചാനല്‍ചര്‍ച്ചക്കുട്ടന്മാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ കിട്ടിയതില്‍ ആനന്ദിക്കുകയുമാകാം. എന്നാലും, മുകുന്ദനെക്കൊണ്ട് മറ്റാരോ പറയിച്ചതാണെന്നു വച്ചുകാച്ചിയ 'അധിനിവേശ ബുദ്ധി'യെ ശതമന്യു നമിക്കുന്നു.

Sunday, November 9, 2008

ഞങ്ങളുടെ നാട്ടിലിപ്പോള്‍...

'നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ' എന്ന് താളാത്മകമായി ആവര്‍ത്തിച്ച് ചോദിക്കുകയും വ്യത്യസ്‌തമായ ഉത്തരങ്ങള്‍ പറഞ്ഞ് അഭിനയിക്കുകയും ചെയ്യുന്ന ഒരു നാടന്‍പാട്ടുണ്ട്. വിത്തുവിതയ്‌ക്കല്‍, വളമിടീല്‍, വെള്ളമൊഴിക്കല്‍, കളപറിക്കല്‍, കൊയ്ത്ത്, കറ്റകെട്ടല്‍, ചുമടെടുക്കല്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളുമായി പുരോഗമിക്കുന്ന മനോഹരമായ ഗാനം.

ഈ കൃഷിപ്പാട്ട് പത്രപ്രവര്‍ത്തനഗാനമായി എങ്ങനെ മാറ്റാമെന്ന് 'മലയാള മനോരമ' തെളിയിച്ചിരിക്കുന്നു. നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ എന്ന ആദ്യചോദ്യത്തിന് "ഞങ്ങളുടെ നാട്ടിലിപ്പോള്‍ ഒളിഞ്ഞുനോട്ടമാണെടോ'' എന്ന് അച്ചായന്റെ ഉത്തരം. പൊലീസ് സ്‌റ്റേഷനില്‍ ഒളിഞ്ഞുനോക്കുന്ന ഭാഗം അവതരിപ്പിച്ച് അച്ചായന്‍ പാടുന്നു: "എങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ പിന്നിങ്ങനെ ...'' ഒളിഞ്ഞുനോട്ടത്തിനുശേഷം നുണയെഴുത്ത്, ഞാണിന്മേല്‍ കളി, ന്യായീകരണാഭ്യാസം, കാര്‍ട്ടൂണ്‍ വരപ്പ്, പ്രതികരണമെടുപ്പ്, മുഖപ്രസംഗമെഴുത്ത് തുടങ്ങിയ ഉത്തരങ്ങളുമായാണ് പത്രപവര്‍ത്തന ഗാനത്തിന്റെ പുരോഗതി.

ഗ്രഹണസമയമടുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് പലപല മാറ്റവും വരാറുണ്ടെന്ന് പഴമക്കാര്‍ പറയും. മനോരമയ്‌ക്ക് അങ്ങനെ മാറ്റംവരുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. സമാധാനകാലത്ത് അത്യാവശ്യം നയചാതുരിയോടെ എല്ലാവരുംഒരുപോലെ എന്നുവരെ പറയും. തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ കോലം മാറും. കുറച്ചുദിവസങ്ങളിലായി ഇറങ്ങുന്ന മനോരമയില്‍ സിപിഐ എമ്മിനെതിരെ എല്ലാ പേജിലും വാര്‍ത്തയാണ്. സിപിഎമ്മുകാരന്റെ വീട്ടുകിണറ്റില്‍ വീണ് പൂച്ച ചത്താല്‍ അതും വാര്‍ത്ത- ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ പൂച്ചയ്ക്ക് ക്രൂരമരണമെന്ന് ! രണ്ട് വീട്ടുകാര്‍ തമ്മിലുള്ള വഴിത്തര്‍ക്കംപോലും 'മാര്‍ക്‍സിസ്‌റ്റ് കാട്ടാളത്തത്തിന്റെ' പടംചേര്‍ത്ത വാര്‍ത്തയാണിന്ന് മനോരമയ്‌ക്ക്. ഒരുദിവസം വാര്‍ത്ത, പിറ്റേന്ന് കാര്‍ട്ടൂണ്‍, അതിന്റെ പിറ്റേന്ന് ഫീച്ചര്‍.

കോട്ടയത്ത് പാര്‍ടി ഓഫീസില്‍ പൊലീസുകാര്‍ യോഗം ചേരുന്നു എന്നാണ് ഒടുവില്‍ പൊട്ടിച്ച ഗുണ്ടുകളിലൊന്ന്. അകത്ത് യോഗം ചേരുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ പടമെടുക്കാന്‍ പാര്‍ടി ഓഫീസിനു പുറത്ത് മനോരമക്കാരന്‍ ക്യാമറയുമായി കാത്തുനിന്നുവത്രേ. (ഒളിഞ്ഞുനോട്ടത്തിന്റെ സൂക്കേടുള്ളവരെന്നോ പോക്കറ്റടിക്കാരെന്നോ കരുതി ആരും തല്ലുകൊടുക്കാഞ്ഞത് ആശ്വാസം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം നടത്തിയകാര്യം പുറത്തറിഞ്ഞത് കാരണം ഇനി യോഗം പൊലീസ് സ്‌റ്റേഷനുകളില്‍ നടത്തുമെന്നായി പിറ്റേന്നത്തെ വാര്‍ത്ത. ലോക്‍സഭാ തെരഞ്ഞെടുപ്പുവിജയത്തിന് പൊലീസിനെ ഉപയോഗിക്കാനാണത്രേ ഇത്. കോണ്‍ഗ്രസുകാരായ പൊലീസുകാരെ അവധിയെടുപ്പിച്ച് മാര്‍ക്‍സിസ്‌റ്റ് ഭീകരന്മാരായ പൊലീസുകാര്‍ സ്‌റ്റേഷനില്‍ യോഗം ചേര്‍ന്ന് മാര്‍ക്ക്‍സിസ്‌റ്റ് പാര്‍ടിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ തീരുമാനിക്കുക! ഹൊ...........! ചിന്തിക്കാന്‍കൂടി ആകാത്ത അപരാധം. എന്തായാലും രണ്ടുമൂന്നു ദിവസമേ അച്ചായന് പൊലീസിന്റെ യോഗം ആഘോഷിക്കാന്‍ കഴിഞ്ഞുള്ളൂ. പൊടിക്കുന്നത് വേണ്ടേ നടാന്‍. കമ്യൂണിസ്‌റ്റുകാര്‍ സ്‌ത്രീകളെ പൊതുസ്വത്താക്കുമെന്ന് പറഞ്ഞുനടന്നവര്‍ക്ക് അച്ചായന്‍ ഇപ്പോഴും ശമ്പളം കൊടുക്കുന്നുണ്ടോ എന്തോ.

*****

അമേരിക്കയില്‍ ഒബാമ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ച പുതുപുത്തന്‍ പരിപാടികള്‍ കണ്ടില്ലേ. പണം പിരിക്കാന്‍ ഇന്റര്‍നെറ്റ്; വോട്ട് ചോദിക്കാന്‍ എസ്എംഎസ്; പ്രസംഗം കണ്‍മുന്നിലെത്തിക്കാന്‍ യുട്യൂബ്. പത്തും പതിനഞ്ചും ഡോളറായി ഇന്റര്‍നെറ്റിലൂടെ ഫണ്ട് പ്രവഹിച്ചു- ഇവിടെ നമ്മുടെ അച്ചായന്‍ ബക്കറ്റ് പിരിവ് എന്നാക്ഷേപിക്കുന്ന അതേ പരിപാടി തന്നെ! വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒബാമ നേരിട്ട് സ്വന്തം വെബ്‌സൈറ്റിലെത്തും. ഇ-മെയിലായി വരുന്ന സംശയങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ മറുപടി. അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും സ്വന്തം കംപ്യൂട്ടറിലൂടെ ഒബാമയുമായി സംവദിച്ചു. പണ്ട് വിയത്‌നാമില്‍ ബോംബ് വര്‍ഷിച്ച പൈലറ്റെന്ന തഴമ്പും ജോര്‍ജ് ബുഷ് എന്ന ഭാണ്ഡവും തലയിലേറ്റി മക്കെയിന്‍ നിന്നു കിതച്ചു.

ഇമ്മാതിരി പരിപാടികളൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരാളെ തല്ലണമെങ്കില്‍, ഇന്നയാള്‍ ഇന്ന നിറത്തിലുള്ള കുപ്പായമിട്ട് ബസിന്റെ ഇന്ന സീറ്റില്‍ ഇരിക്കുന്നു എന്നെല്ലാം ലാന്‍ഡ് ഫോണില്‍ വിളിച്ചുപറഞ്ഞ് ഉറപ്പിക്കണമായിരുന്നു. അയാള്‍ വഴിയില്‍ ഇറങ്ങിയാല്‍ പിന്നെ ബസിലുള്ള അതേകുപ്പായക്കാരന് കിട്ടും തല്ല് ! ഇപ്പോള്‍ അതെങ്ങാനും വേണോ? മൊബൈല്‍ഫോണിലൂടെ തല്‍‌സമയനിര്‍ദേശം കൊടുക്കാം; തല്ലുപൂര്‍ത്തിയാക്കി അതിവേഗം വണ്ടിയില്‍ കയറി രക്ഷപ്പെടാം; അഥവാ ആരെങ്കിലും തടയാന്‍ വന്നാല്‍ പെണ്ണുപിടിയനെയാണ് തല്ലുന്നതെന്നു പറയാം- അങ്ങനെ എന്തെല്ലാം സൌകര്യങ്ങള്‍. ഇത് ആധുനിക കാലമാണച്ചായാ. ഹെഡ് കോണ്‍സ്‌റ്റബിള്‍ കുട്ടന്‍പിള്ള നാളെ ഇന്നതുചെയ്യണമെന്ന് മാര്‍ക്‍സിസ്‌റ്റ് പാര്‍ടിക്ക് നിര്‍ദേശിക്കണമെങ്കില്‍ ഒരു എസ്എംഎസ് വിട്ടാല്‍ പോരായോ? നാടോടുമ്പോള്‍ അച്ചായനും നടുവേ വെച്ചുപിടിക്കൂ. നട്ടാല്‍ കുരുക്കാത്ത പൊലീസ് സ്‌റ്റേഷന്‍ യോഗം വിട്ട് വല്ല ഹൊറര്‍ സാധനത്തിലോട്ടും കടക്കെന്നേയ്. നാട്ടില്‍ ആര്‍ക്കെങ്കിലും തല്ലുകിട്ടിയിട്ടുണ്ടോ ഇനി കിട്ടാനുണ്ടോ എന്ന് നല്ലൊരന്വേഷണമങ്ങു നടത്ത്. കിട്ടിയവരെക്കൊണ്ട് ചൂടോടെ ലേഖനമെഴുതിക്ക് !

*****

ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്‌ണനും വ്യവസായമന്ത്രി എളമരം കരിമും വിദേശസന്ദര്‍ശനത്തിനുപോയത് സഹിക്കാത്തവരുടെ പട്ടിക യുവമോര്‍ച്ച സുരേന്ദ്രനില്‍ തുടങ്ങി ഊളമ്പാറയില്‍ അവസാനിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ ചില പേരുകളും ആ പട്ടികയില്‍ കാണുന്നുണ്ട്. ഒരാള്‍ ചോദിച്ചത്, അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ചയല്ലേ, അവിടെ പോയിട്ട് വല്ല കാര്യവുമുണ്ടോ എന്നാണ്. മറ്റൊരാള്‍ക്ക് കോടിയേരിയെ ഉടനെ തിരികെ വിളിക്കണം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തോന്നും നാട്ടിലേക്ക് വ്യവസായം കൊണ്ടുവരാനും ടൂറിസം വികസനത്തിനും മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് ആദ്യത്തെ സംഭവമാണെന്ന്.

മൂന്നുകൊല്ലം മുമ്പ് ഇവിടെ മറ്റൊരു സര്‍ക്കാരായിരുന്നു. ആന്റണിയില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയില്‍ അവസാനിച്ച യുഡിഎഫ് സര്‍ക്കാര്‍. അതില്‍ ആദ്യം ടൂറിസംമന്ത്രിയായ കെ വി തോമസ് നടത്തിയത് ഒമ്പത് വിദേശയാത്ര! പിന്നെ പകരക്കാരനായി വന്ന കെ സി വേണുഗോപാല്‍ നടത്തിയത് ആറ് വിദേശയാത്ര. രണ്ടുപേരും പതിനഞ്ചുതവണ ലോകം ചുറ്റിയിട്ട് കൊണ്ടുവന്ന ടൂറിസംവികസനം എത്ര ഗ്രാം വരുമെന്ന് തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ആദ്യത്തെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് ഏഴുതവണ പോയിട്ടുണ്ട് ഉലകം ചുറ്റും വാലിബനായി. അതില്‍ സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് സ്വന്തം ചെലവിലാണ് യാത്ര നടത്തിയതെന്ന് സമാധാനം. എന്നാല്‍, ആ യാത്രയുടെ ഉദ്ദേശ്യമോ തീയതിയോ സര്‍ക്കാര്‍രേഖകളില്‍ ലഭ്യമല്ല! കുഞ്ഞാലിക്കുട്ടിക്കുപകരം ഒരു കുഞ്ഞ് മന്ത്രിയായി. അഞ്ചുതവണ സിംഗപ്പൂരിലും മലേഷ്യയിലും ദുബായിലും അമേരിക്കയിലും ജര്‍മനിയിലുമെല്ലാം ചുറ്റിയടിച്ച് വ്യവസായം വികസിപ്പിച്ചു.

എം എം ഹസ്സന്‍ എന്തിന്റെ മന്ത്രിയായിരുന്നുവെന്ന് ഓര്‍മകിട്ടുന്നില്ല. അദ്ദേഹവും പോയി മൂന്നുവട്ടം. ആദ്യം അമേരിക്കയില്‍ പോയത് 'ആഗോള നിക്ഷേപകസമ്മേളനത്തോടനുബന്ധിച്ച് റോഡ് ഷോയും സെമിനാറും' സംഘടിപ്പിക്കാനാണത്രേ. അമേരിക്കയിലെ റോഡില്‍ എന്തുഷോയാണ് ഹസ്സന്‍ കാണിച്ചതെന്ന് രേഖ കാണുന്നില്ല. 'വിവിധ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി' ഹസ്സന്‍ അബുദാബി, ദുബായ്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. ഐപോഡ്, മിക്‍സി, മൊബൈല്‍ഫോണ്‍ തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളാണത്രേ പ്രധാനമായും ചര്‍ച്ചചെയ്ത് പരിഹരിച്ചത്.

കാടിന്റെ മന്ത്രിയായിരുന്ന സുധാകരന്‍ ആഫ്രിക്കയില്‍ കാടുകാണാന്‍ പോയി. അതുകഴിഞ്ഞ് യുഎഇയില്‍ ഒരുതവണ അടിപൊളി സഞ്ചാരം. ആവശ്യം സ്വകാര്യം. പണ്ട് ഇദ്ദേഹം ഇങ്ങനെ കൂടെക്കൂടെ ചെന്നൈയിലേക്കും പോകുമായിരുന്നു. ഉമ്മന്‍ചാണ്ടിയും മോശമാകരുതല്ലോ. പുള്ളിക്കാരന്‍ മൂന്നുവട്ടം പോയി വിദേശത്തേക്ക്. അവസാനം സ്വിറ്റ്സര്‍ലന്‍ഡില്‍ ചെന്ന് വീണ് കാലുപൊട്ടിയതുകൊണ്ട് അവിടത്തെ ആശുപത്രിയിലും കിടക്കാന്‍ പറ്റി. ഇങ്ങനെയുള്ള ആശാന്മാരാണ് ഇപ്പോള്‍ എളമരത്തിനും കോടിയേരിക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നത്. അവരിങ്ങ് വന്നോട്ടെ. അവര്‍ പോയതുകൊണ്ടുണ്ടാകുന്നതും കഴിഞ്ഞ ഗവമെന്റിലെ 28 മന്ത്രിമാര്‍ 66 തവണ വിദേശയാത്ര നടത്തിയതുകൊണ്ട് കിട്ടിയതുമായ കാര്യങ്ങള്‍ നമുക്കൊന്ന് അളന്നുതൂക്കിനോക്കാം. എന്നിട്ടാകാം വിചാരണ.

*****

ശിവസേനക്കാരെന്നാല്‍ വല്യ പുള്ളികളാണെന്നാണ് മുംബൈയിലെ വെപ്പ്. കാരണവരുടെ പല്ലും ശൌര്യവും പോയിട്ടുണ്ടെങ്കിലും അനന്തരവന്‍ നല്ല ഗമയിലാണ്. അടി, ഇടി, വെടി തുടങ്ങിയ കലകളിലെല്ലാം നിപുണന്‍. ഇങ്ങ് കേരളത്തിലേക്കും അതുമാതിരി വിഭവങ്ങള്‍ ആംബുലന്‍സിലാക്കി അയക്കാറുണ്ട് മുംബൈയിലെ പുലി. അങ്ങനെ കിട്ടിയവര്‍ക്ക് വിനായക ചതുര്‍ഥിക്കാലത്ത് ഗണേശഘോഷയാത്ര നടത്തുക, ആംബുലന്‍സിന്റെ ടയറിലെ കാറ്റ് ചെക്കുചെയ്യുക എന്നീ രണ്ടു പണികളേ ഉള്ളൂ. ബാക്കിയുള്ള സമയത്ത് തല്ലുണ്ടാക്കാം; സമൃദ്ധമായി കൊള്ളാം; വല്ലാതെ ബോറടിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്താം. അങ്ങനെ ഒരു ഹര്‍ത്താല്‍ നടത്തി ബസുപൊളിച്ച് ചില്ലറ പുലിജന്മങ്ങള്‍ അകത്തായി. കൂട്ടത്തിലൊരു പയ്യനാണ് 'ഒറ്റിക്കൊടുത്ത'തെന്ന് നേതാക്കള്‍ക്ക് സംശയം. പിറ്റേന്ന് അവന്റെ ജഡം മരത്തില്‍ തൂങ്ങി. 'പൊലീസ് പീഡനത്തില്‍ മനംനൊന്ത് മരണ'മെന്ന് കരച്ചില്‍. ഒരു പത്രത്തില്‍ എട്ടുകോളം വാര്‍ത്ത. പിറ്റേന്ന് പയ്യന്റെ അമ്മ പറഞ്ഞു, പൊലീസൊന്നുമല്ല പുലികള്‍തന്നെയാണ് മരണത്തിന് കാരണമെന്ന്. പൊലീസ് പീഡനകഥ വിളമ്പിയ പത്രങ്ങള്‍ തലകുത്തി നിന്നു. ഒരുദിവസം അല്‍പ്പം ജാള്യം കണ്ടു. പിന്നെ ജാള്യവുമില്ല, മിണ്ടാട്ടവുമില്ല. കൊന്നത് ശിവസേനക്കാരാണെങ്കില്‍ നമുക്കെന്തുകാര്യം എന്നമട്ട് !