Sunday, December 18, 2011

ഒരു സിബിഐ അമളിക്കുറിപ്പ്

ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന സ്ഥലമാണ് മലബാര്‍ എന്ന് 1879ല്‍ വാല്‍ഹസ് സായ്പ് എഴുതിയിട്ടുണ്ട്. ലോഗന്‍ സായ്പാകട്ടെ, നല്ലവരായ ആറും ദുര്‍മൂര്‍ത്തികളായ ആറും മന്ത്രവാദികളെക്കുറിച്ച് പറഞ്ഞു. പട്ടികടിച്ചാലും പാമ്പുകടിച്ചാലും ഭ്രാന്ത്പിടിച്ചാലും മന്ത്രവാദികളെയാണ് അന്നത്തെ കേരളീയര്‍ ആശ്രയിച്ചിരുന്നതത്രെ. വശീകരണത്തിനും കല്യാണം മുടക്കാനും ശത്രുക്കളെ അടിപ്പെടുത്താനും പരിശീലനം സിദ്ധിച്ച ഒടിയന്മാരും മന്ത്രവാദികളും ഉണ്ടായിരുന്നു. അത്തരം മന്ത്രവാദികളുടെ പുതുതലമുറയ്ക്ക് ഇന്ന് ശത്രുസംഹാരയന്ത്രവും ധനാകര്‍ഷണ കുബേരയന്ത്രവും നാഗമാണിക്യവും വില്‍ക്കുന്ന സെയില്‍സ് റപ്രസന്റേറ്റീവിന്റെ പണിയാണ്. ഒടിയന്മാരുടെ കുഞ്ഞുമക്കള്‍ അതേ വിദ്യ പ്രയോഗിച്ച് കുലമഹിമ കാത്തുസൂക്ഷിക്കുന്നു. ഒടിവിദ്യ ലളിതമാണ്. ഈര്‍ക്കിലിയെടുത്ത് ഒരാളുടെനേരെ കാണിച്ച് മന്ത്രം ജപിച്ച് ഒടിച്ചാല്‍ ഇര ഒടിഞ്ഞ് നിലത്തുവീണ്ണുമരിക്കും എന്നാണ് അന്നത്തെ വിശ്വാസം. ഒടിയന്മാര്‍ കാളയുടെയും കുതിരയുടെയും പട്ടിയുടെയും രൂപം ധരിച്ച് രാത്രികാലങ്ങളില്‍ വഴിയില്‍ നില്‍ക്കും. വിരോധികള്‍ ആ വഴി വന്നാല്‍ പേടിപ്പിക്കും; ഉപദ്രവിക്കും. ആ പരിപാടിയെ മാട്ടുക എന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇന്ന് ഒടിക്കലില്ല; മാട്ടല്‍ മാത്രമേ ഉള്ളൂ. ഒടിയന്മാര്‍ സ്വന്തം ദ്വൈവാരിക തുടങ്ങിയും പത്രസമ്മേളനം നടത്തിയും കോടതികളില്‍ മുന്തിയ വക്കീലിനെ വച്ചും കേസിന്‍മേല്‍ കേസുകൊടുത്തും ഇമെയില്‍ അയച്ചും എസ്എംഎസ് കേസുണ്ടാക്കിയുമാണ് എതിരാളികളെ 'മാട്ടു'ന്നത്.
ഒടിയന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന നാടാണിത്. ഒടിവിദ്യയെ പ്രോത്സാഹിപ്പിക്കാന്‍ ഈരാറ്റുപേട്ടയിലെ അഖിലലോക നേതാവ് ലക്ഷങ്ങള്‍ കൊടുത്തു. സ്വന്തം നേട്ടത്തിനും പാളയത്തില്‍ പടയുണ്ടാക്കാനും എതിരാളിയെ നാറ്റിച്ച് നാനാവിധമാക്കാനും ഒടിവിദ്യ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നു. കാണാന്‍ കൊള്ളാവുന്ന പരിപാടിയായതുകൊണ്ട് ഒടിയന്‍ ആരെ മാട്ടിയാലും അത് വാര്‍ത്തയാണ്-ഒടിയനെ ആരെങ്കിലും തല്ലിയോടിച്ചാല്‍ അത് വാര്‍ത്തയേ അല്ല. നമ്മുടെ സിബിഐക്കാര്‍ ഡമ്മി താഴേക്കെറിഞ്ഞും വേഷംമാറിനടന്നുമൊക്കെ കുറ്റം കണ്ടുപിടിക്കുന്നതായാണ് അറിവ്. അവര്‍ ഒടിയന്മാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നതായി മനസ്സിലായത് ഈയിടെയാണ്. നാട്ടിലെ കൊലക്കൊമ്പന്‍ സിന്‍ഡിക്കറ്റ് പത്രത്തമ്പുരാക്കന്മാര്‍ പോലും വാര്‍ത്തയുടെ ഉറവിടമാകുന്ന വിശുദ്ധപശു കരയുന്നത് വള്ളിപുള്ളി വിടാതെ പകര്‍ത്തുന്നവരാണ്. ഒടിവിദ്യയുടെ സമീപകാല പ്രയോഗചരിത്രം പത്രത്താളുകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമായത് അങ്ങനെയാണ്. അതുകണ്ട് അസൂയപൂണ്ടാകണം സിബിഐയും അതേ പാതയില്‍ പിച്ചവച്ചത്.

ഏതെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നോ ആത്മഹത്യചെയ്തു എന്നോ കേട്ടാല്‍ ഉടനെ വിവാദത്തിന്റെ കുന്തവും കൊണ്ട് ഒടിയസേവാസംഘം പാഞ്ഞെത്തും. കഥയില്‍ എവിടെയെങ്കിലും ഒരു വിഐപി ബന്ധം ചാര്‍ത്തും. സൂചനയിലൂടെയും ആംഗ്യത്തിലൂടെയും മാന്യന്മാരെ കഥയിലേക്ക് കൊണ്ടുവരും. അപവാദം ആദ്യം പറയും, പിന്നെ എഴുതും, അതും കഴിഞ്ഞ് കോടതിയിലെത്തിക്കും. ഒരു കോടതി തള്ളിയാല്‍ മറ്റൊരു തരത്തില്‍ വേറൊരു കോടതിയില്‍. അന്വേഷണം സിബിഐക്ക് കിട്ടിയാല്‍ തെളിവെന്ന മട്ടില്‍ കടലാസുംകൊണ്ട് സിബിഐ ആപ്പീസിലേക്ക്. പുറത്തുവന്ന് ഞാന്‍ ഇത്ര തെളിവുകൊടുത്തു, ഇന്നയിന്ന സാക്ഷികളെ കൊണ്ടുവന്നു എന്ന് വീമ്പടിക്കും. ഈ നിലയില്‍ വികസിച്ചതാണ് കിളിരൂര്‍, കവിയൂര്‍ കേസുകള്‍. നാട്ടുകാര്‍ ആകാംക്ഷാപൂര്‍വം നോക്കിയിരുന്ന രണ്ട് വിവാദകേസുകളും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് വച്ചു. പക്ഷേ, ഇന്നലെവരെ കൊണ്ടാടിയ മാധ്യമത്തമ്പുരാക്കന്മാര്‍ ആ റിപ്പോര്‍ട്ടുകള്‍ കണ്ണുതുറന്ന് കണ്ടതേയില്ല.

സിബിഐക്ക് യഥാര്‍ഥത്തില്‍ പറ്റിയ അമളി ഒടിയന്മാരെ വിശ്വസിച്ചുപോയതാണ്. ഇപ്പോള്‍ അവര്‍ പറയുന്നു, കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് വിഖ്യാത മാധ്യമപ്രവര്‍ത്തകനും അഴിമതിവിരുദ്ധപോരാളിയും സാംസ്കാരികനായകനുമായ ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്. അമ്പമ്പോ. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്ന് അത്ഭുതപ്പെടാം. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും അയാള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവുതന്നെയാകാമെന്നും സിബിഐ പറയുന്നു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പറയുന്നു. കിളിരൂര്‍ കേസില്‍ രാജു പുഴങ്കര എന്ന അഴിമതിവിരുദ്ധ പോരാട്ടനായകനാണ് നന്ദകുമാറിന്റെ പണി എടുത്തത്. അയാള്‍ തട്ടിപ്പുകേസില്‍ ജയിലിലാണ്. കള്ളത്തെളിവുണ്ടാക്കിയ ക്രിമിനല്‍ പണിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തവും സിബിഐക്കുണ്ടല്ലോ. അക്കാര്യമെന്തേ മിണ്ടാത്തത്?

ഇത് ഇന്ന് തുടങ്ങിയ പരിപാടി അല്ല. തിരുവനന്തപുരത്തെ ഒരു കരാറുകാരന്‍ പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മാണവും നടത്തുന്നതായി ക്രൈംവാരികയില്‍ വാര്‍ത്ത കൊടുത്തതിനെതിരെയുള്ള കേസില്‍ രക്ഷപ്പെടാന്‍ മറ്റൊരു 'ക്രൈം' അച്ചടിച്ച് വ്യാജ രേഖയുണ്ടാക്കി ഹാജരാക്കിയപ്പോള്‍ കോടതി ഈ നന്ദകുമാരനെ ശിക്ഷിച്ചു. മറ്റൊരു കോടതി കുടിലബുദ്ധിയെന്ന് വിളിച്ചു. കോഴിക്കോട്ടെ ഒരു ആശുപത്രിയുടമ നല്‍കിയ കേസില്‍ ശിക്ഷ കിട്ടി. കുമാരന്‍ ആയിടയ്ക്ക് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്, ക്രൈമില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയാണ് താന്‍ എന്നാണ്. ഇതൊന്നും സിബിഐ അന്ന് കണ്ടില്ല. പുള്ളി പറഞ്ഞത് വിശ്വസിച്ച് പലതും ചെയ്തുവച്ചു. പൂര്‍വകാല പ്രാബല്യത്തോടെ ഒന്നു പരിശോധിച്ചാല്‍ ഈ കുമാരന്‍ തെളിച്ച വഴിയേ പോയതില്‍ എത്രയെത്ര അമളികള്‍ പറ്റിയിട്ടുണ്ട് എന്ന് തെളിയും. ആ നിലയ്ക്ക് അമളികളുടെ ഒരു തുടര്‍ക്കഥ പ്രസിദ്ധീകരിക്കുകയുമാകാം.

സംഗതി ക്വട്ടേഷന്‍ പണിയാണ്. കാശു വാങ്ങി തലയോ കൈയോ കാലോ വെട്ടുന്നതുപോലെ പണത്തിനുവേണ്ടി മാന്യന്മാരെ അപമാനിക്കും; കേസുകൊടുക്കും; എഴുതിനാറ്റിക്കും. കോടതികളെയും അന്വേഷണ ഏജന്‍സികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ഈ പരിപാടിക്ക് കവിയൂര്‍ കേസില്‍ മാത്രമല്ല തിരിച്ചടികിട്ടുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ലാവലിന്‍ കേസ് അന്വേഷിച്ചിരുന്ന അശോക്കുമാര്‍ എന്ന ഉദ്യോഗസ്ഥനെ മറ്റേതോ കേസ് ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുമാരന്‍ കോടതിയിലെത്തി. ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി പറഞ്ഞ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ".... മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് ടി പി നന്ദകുമാറിന്റെ പെറ്റീഷന്‍ തളളിക്കളഞ്ഞ് നീതി നടപ്പാക്കണം'' എന്നാണ്. പിറ്റേന്നിറങ്ങിയ മാതൃഭൂമി 'പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു - സിബിഐ' എന്നാണ് വാര്‍ത്ത കൊടുത്തത്. മനോരമ കുറേക്കൂടി മനോധര്‍മം പുലര്‍ത്തി. 'ലാവലിന്‍ തുടരന്വേഷണം - പിണറായിയുടെ ഹര്‍ജി തടസ്സമല്ലെന്ന് സിബിഐ' എന്നായിരുന്നു അവരുടെ തലവാചകം. നന്ദകുമാറിന്റെ ഹര്‍ജി തളളണമെന്ന് സിബിഐ എന്നു തലക്കെട്ടെഴുതിയാല്‍ നന്ദകുമാറിന്റെ പിന്നില്‍ കളിക്കുന്നവരുടെ മറ്റേലക്ഷ്യം നടക്കുകയില്ലല്ലോ. കവിയൂര്‍ കേസിലും അത് സംഭവിച്ചു. തള്ളിയത് നന്ദകുമാറിന്റെ ഹര്‍ജിയാണ്. ആ പേരുമാത്രം മനോരമയിലുമില്ല; മാതൃഭൂമിയിലുമില്ല. നന്ദകുമാറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?

സിപിഐ എം സമ്മേളനം വരുമ്പോള്‍ നന്ദകുമാര്‍ ഒടിവിദ്യ കനപ്പിക്കും. പിണറായി വിജയന്റെ 'പണമിടപാടുകളെ'ക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതുസംബന്ധിച്ച് 2010 ഏപ്രില്‍ 17ന് സിബിഐ സത്യവാങ്മൂലം കോടതിയില്‍ നല്‍കി. പിണറായിക്കെതിരെ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏതെങ്കിലും പ്രസക്തമായ സൂചനകൊണ്ടുപോലും ന്യായീകരിക്കപ്പെടുന്നതല്ല എന്നാണ് അതില്‍ പറയുന്നത്.

ലാവലിന്‍ കേസിന്റെ സ്വയം പ്രഖ്യാപിത പിതാവാണ് ഈ നന്ദകുമാര്‍. അന്വേഷണസംഘത്തിനു മുമ്പാകെ ആ 'പിതാവ്' 2008 ഡിസംബര്‍ അഞ്ചിന് മൊഴി നല്‍കി. അവിടെ മൈതാനപ്രസംഗം ആവര്‍ത്തിച്ചു. സിബിഐ രേഖപ്പെടുത്തിയത്, പ്രത്യേകമായി ചോദിച്ചപ്പോള്‍ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള ഒരു കാര്യവും തന്റെ പക്കല്‍ ഇല്ല എന്ന് നന്ദകുമാര്‍ പറഞ്ഞു എന്നാണ്. ഒരു തെളിവും തന്റെ പക്കലില്ല എന്ന് ആരോപണകര്‍ത്താവുതന്നെ തുറന്നുപറയുന്നു. എന്നിട്ടും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പല ഹര്‍ജികളുമായി കോടതിയിലെത്തുന്നു. ഒരിക്കല്‍പ്പോലും തെളിവുകള്‍ ഹാജരാക്കാതെ, ഒരു ഹര്‍ജി തളളുമ്പോള്‍ മറ്റൊരു ഹര്‍ജിയുമായി രംഗപ്രവേശം ചെയ്യുന്നു. അയാളുടെ ഹര്‍ജികള്‍ വാര്‍ത്തയാകുന്നു. ഹര്‍ജി തള്ളണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യംപോലും വളച്ചൊടിച്ച് ഹര്‍ജിക്കാരന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്നു.

പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയെന്നും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് 2008ല്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയുടെ ഗതിയും ഇതുതന്നെ. ടെക്നിക്കാലിയ എന്ന കമ്പനി പിണറായി വിജയന്റെ ബിനാമി സ്ഥാപനമാണ്, പിണറായി കൊട്ടാരം പോലൊരു വീടു നിര്‍മിച്ചു, സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു സ്ഥാപനം പിണറായി നടത്തുന്നു എന്നൊക്കെയായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങള്‍. അതാണ് മാതൃഭൂമിയും മനോരമയും അഴിമതിവിരുദ്ധ പോരാട്ട നായകരും പാടിയത്. എവിടെ തെളിവ്? അവര്‍ക്ക് ഉത്തരമില്ല. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ 2008 ജനുവരി ഒന്നിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍നായര്‍ കേന്ദ്ര ആദായനികുതി വകുപ്പിനുവേണ്ടി സത്യവാങ്മൂലം നല്‍കി; ഹര്‍ജി കോടതി തളളി. എന്നിട്ടും ഒടിയന്മാര്‍ പാടിനടക്കുന്നു.
സിബിഐക്ക് സംഗതി മനസ്സിലായി. ഇന്നലെവരെ ഇത്തരം ഒടിയന്മാരെയാണല്ലോ കൂടെക്കൊണ്ടുനടന്നത് എന്നൊരു വീണ്ടുവിചാരംകൂടി വന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇതില്‍ നന്ദകുമാറിനെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം. സാധാരണനിലയില്‍ നാട്ടുമ്പുറത്ത് ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ട. തൊട്ടാല്‍ കൈ നാറുമെന്നതുകൊണ്ട് ആരും അത്തരം സാഹസത്തിന് മുതിരുന്നില്ല എന്നത് ആശ്വാസകരം തന്നെ. പക്ഷേ നമ്മുടെ മാധ്യമങ്ങളുടെ സ്ഥിതി അതാണോ? ഈ നാറ്റക്കെട്ട് കൊണ്ടുനടന്ന് കുങ്കുമക്കെട്ടാണെന്ന് പറയാന്‍ നാണമാകുന്നില്ലേ ഇവര്‍ക്ക്? സിബിഐക്ക് പറ്റിയത് അമളിയാണെന്നെങ്കിലും ആശ്വസിക്കാം. ഇങ്ങനെ കള്ളക്കഥകളുണ്ടാക്കി ആളെപ്പറ്റിക്കുന്ന പലരെയും അവര്‍ മുമ്പും കണ്ടുകാണുമല്ലോ.

*

ചിലര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കള്ളം പറയുന്നു; കള്ളക്കേസുണ്ടാക്കുന്നു. മറ്റു ചിലര്‍ സ്വന്തം സമ്മേളനം വാര്‍ത്തയാക്കാന്‍ മറ്റേപ്പാര്‍ടിയെ തെറിവിളിക്കുന്നു. എനിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറ്റേയാള്‍ കുടുതല്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നത് രസമുള്ള വിമര്‍ശനംതന്നെ. അവിടെയും രക്ഷ മാധ്യമങ്ങള്‍ തന്നെ. കേരളം ഇന്നും ഏറ്റവുമധികം ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന നാടാണെന്ന് എഴുതിത്തെളിയിക്കാന്‍ ഒരു സായ്പും ഇല്ലാതെപോയല്ലോ.

Sunday, December 11, 2011

ഗണേശോത്സവം

"വന്നുവന്ന് ഇപ്പോള്‍ സോഫ്റ്റ്വെയര്‍വരെ ഇറക്കുമതിചെയ്യുകയാണ്. എന്തൊരു തോന്ന്യാസമാണിത്? വിഐപി, അയിഷ തുടങ്ങിയ നമ്മുടെ നാട്ടിലെ കമ്പനികള്‍ പൂട്ടിപ്പോകില്ലേ? വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ?"

സത്യമായും ഒരു വലിയ ബുദ്ധിജീവി പ്രസംഗിച്ച വാക്കുകളാണിത്. ആ മഹാനുഭാവന് കിട്ടിയത് ഭാരത് സൂര്യ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര എന്നോ മറ്റോ പേരുള്ള അവാര്‍ഡാണ്. കേരളത്തിന്റെ പരിസ്ഥിതിയെ സ്നേഹിച്ചതിനും ഇറക്കുമതികൊണ്ടുള്ള പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് ക്രിയാത്മകമായി പ്രതികരിച്ചതിനുമുള്ള പുരസ്കാരം. ഇത്രയേ ഉള്ളൂ കാര്യം. പ്രതികരിക്കുക; അവാര്‍ഡ് വാങ്ങുക, പത്രത്തില്‍ ചിത്രം അച്ചടിപ്പിക്കുക. സോഫ്റ്റ്വെയര്‍ ഇറക്കുമതി എന്നാല്‍ അടിവസ്ത്രത്തിന്റെ കച്ചവടമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ആരും വരില്ല. പത്രത്തില്‍ അച്ചടിച്ചത് അച്ചടിച്ചു; ടിവിയില്‍ പറഞ്ഞത് പറഞ്ഞു-അത്രതന്നെ.

ഇപ്പോള്‍ സംഗതി മാറി. പുതിയൊരുതരം പരിപാടി നാട്ടുകാര്‍ തുടങ്ങിയിരിക്കുന്നു. മണ്ടത്തരം ആരു പറഞ്ഞാലും അത് പിടിച്ചെടുത്ത് ചിത്രമോ ചലിക്കുന്ന ചിത്രമോ ആക്കി സോഷ്യല്‍ മീഡിയ എന്നൊരു സാധനത്തിലേക്ക് കയറ്റിക്കളയും. എന്താണ് സോഷ്യല്‍ മീഡിയ എന്നും അത് സോഫ്റ്റ്വെയറിനെപ്പോലെ ഇലാസ്റ്റിക്കുള്ളതാണോ എന്നും ചോദ്യം വന്നേക്കും. നമ്മുടെ പത്രങ്ങളെപ്പോലെയൊന്നുമല്ല സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ . പത്രത്തില്‍ ഒരു വാര്‍ത്തയോ ലേഖനമോ കവിതയോ അഭിപ്രായമോ അച്ചടിക്കണമെങ്കില്‍ പത്രാധിപര്‍ കനിയണം. പ്രസിദ്ധീകരണയോഗ്യമായാല്‍ മാത്രംപോരാ, പത്രത്തില്‍ സ്ഥലവും തരപ്പെടണം. അഞ്ഞൂറു വാര്‍ത്ത കിട്ടിയാല്‍ നൂറെണ്ണമേ വെളിച്ചം കാണൂ. സോഷ്യല്‍ മീഡിയക്ക് ആ പ്രശ്നമൊന്നുമില്ല. നിങ്ങള്‍ക്ക് എന്താണോ പറയാനുള്ളത്, അത് നേരെയങ്ങ് പറയാം. ക്യാമറയ്ക്കുമുന്നില്‍നിന്ന് പാട്ടുപാടി അത് മഹത്തരമെന്ന് സ്വയം തോന്നിയാല്‍ നെറ്റ്വര്‍ക്കിലേക്ക് കയറ്റി വിടാം. ചുമ്മാ "സില്‍സിലാാാ; സില്‍സിലാാാാ" എന്ന് പാടിയാല്‍ മതി. അതല്ലെങ്കില്‍ "അംഗന വാടിയിലെ ടീച്ചറേ" എന്നോ "രാത്രി ശുഭരാത്രി ഇനിയെന്നും ശിവരാത്രി" എന്നോ പാടാം. അര്‍ഥമൊന്നും വേണമെന്നില്ല. വേണമെങ്കില്‍ നാട്ടുകാര്‍ അത് തേടിപ്പിടിച്ച് ആസ്വദിച്ചുകൊള്ളും.

ജയലളിതയും പ്രകാശ് കാരാട്ടും എ ബി ബര്‍ദനും വേദിയില്‍ നില്‍ക്കുന്ന പഴയൊരു ചിത്രമെടുത്ത്, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് ചെന്നൈയില്‍ നടന്ന മനുഷ്യമതിലിന്റെ ഉദ്ഘാടനം എന്ന അടിക്കുറിപ്പോടെ ഒരു വിരുതന്‍ "ഫേസ്ബുക്കി"ല്‍ ഇട്ടു. സംഗതി ശുദ്ധ തട്ടിപ്പാണെന്നും ഈ ചിത്രത്തിന് മുല്ലപ്പെരിയാറുമായി ഒരു ബന്ധവുമില്ലെന്നും ഉടനെ വന്നു മറുപടി. മനോരമയോ മാതൃഭൂമിയോ ഒരു പച്ചക്കള്ളം എഴുതിയാല്‍ ഇങ്ങനെ പൊളിക്കാനാവില്ല. സോഷ്യല്‍ മീഡിയ ആകുമ്പോള്‍ കള്ളം പിടിക്കാനും നേരു കണ്ടെത്താനും ആയിരം കണ്ണുകളുണ്ടാകും. കുന്ദംകുളത്തെ ഗള്‍ഫുകാരന്റെ കൊട്ടാരത്തിന്റെ ചിത്രമെടുത്ത് ഇതാ പിണറായി വിജയന്റെ വീട് എന്ന് ചിലര്‍ പ്രചരിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തട്ടിപ്പ് പുറത്തുവന്നു. തട്ടിപ്പുകാര്‍ കേസില്‍ കുടുങ്ങുകയുംചെയ്തു.

പണ്ടൊക്കെ ചായക്കടയിലും ആലിന്‍ചുവട്ടിലും രാഷ്ട്രീയ ചര്‍ച്ച നടന്നിരുന്നു. ഇന്ന് അതില്ല. പകരം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ ബസ്സിലും പ്ലസ്സിലുമൊക്കെ ചര്‍ച്ച നടക്കുന്നു. ഏതുവിഷയത്തിലും ചര്‍ച്ച നടക്കും; വാദപ്രതിവാദങ്ങള്‍ നടക്കും. ഇന്ത്യയിലാണ് പെട്രോളിന് കുറഞ്ഞ വില എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ , അതല്ല, ബംഗ്ലാദേശിലും പാകിസ്ഥാനിലും അതിലും കുറവാണെന്ന് അവിടെ നിന്നുതന്നെ തെളിവുതരാന്‍ ആളുകള്‍ തയ്യാര്‍ . വാചകമടിയല്ല, വസ്തുതയും തെളിവും നിരത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അഴിമതിക്കഥകളും ഭരണതലത്തിലെ കന്നംതിരിവുകളും അങ്ങനെതന്നെ പുറത്തുവരും. സോണിയയും രാഹുലും കപില്‍ സിബലുമൊക്കെ കഥാപാത്രങ്ങളാകും. കനിമൊഴിയോട് കനിവില്ലാത്തവര്‍ ചിദംബരത്തെ രക്ഷിക്കുന്നതെന്തിനെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരും. ചുരുക്കത്തില്‍ മടിയില്‍ കനമുള്ളവര്‍ സോഷ്യല്‍ മീഡിയയെ പേടിക്കണം. ചിലചില കുഴപ്പങ്ങളുമുണ്ട്. കുട്ടികളെ വഴിതെറ്റിക്കല്‍ , അവിഹിതബന്ധം വളര്‍ത്തല്‍ , കുടുംബത്തില്‍ സംശയം ജനിപ്പിക്കല്‍ -ഇങ്ങനെ പലതും. അമേരിക്കയില്‍ ഭൂരിപക്ഷം വിവാഹ മോചനങ്ങള്‍ക്കും കാരണം ഫേസ്ബുക്കാണുപോലും.

മുല്ലപ്പെരിയാര്‍വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം നടക്കുന്നു. അണ്ണ ഹസാരെ തനി ഗാന്ധിയനെന്നും അതല്ല, അടി ഒന്നേ കിട്ടിയുള്ളോ എന്ന് ചോദിച്ച മുട്ടാളനെന്നുംചര്‍ച്ച കൊണ്ടുപിടിച്ചു നടക്കുന്നു. അറബ് നാട്ടില്‍ മുല്ലപ്പൂ വിരിയിച്ചത് സോഷ്യല്‍ മീഡിയകൂടി ചേര്‍ന്നാണ്. അമേരിക്കയുടെ ആസ്ഥാനത്തു കയറി ചെങ്കൊടി നാട്ടിയ സമരത്തിന്റെ കഥകള്‍ നാടെങ്ങും എത്തിച്ചത് നമ്മുടെ മനോരമയല്ല-സോഷ്യല്‍ മീഡിയയാണ്. നാടു വിട്ടവനെയും കണ്ടുമറന്നവനെയും തിരിച്ചുകൊണ്ടുവരാന്‍ ചാനലില്‍ അഭ്യാസം നടത്തേണ്ടതില്ല-ഫേസ്ബുക്കില്‍ ഒന്നു മനസ്സിരുത്തി തിരഞ്ഞാല്‍ മതി. വിദ്യാര്‍ഥികാല സ്മരണകള്‍ അയവിറക്കാനും നഷ്ടപ്രണയത്തിന്റെ ഓര്‍മമധുരം നുണയാനും ഫേസ്ബുക്കുണ്ട്; ഓര്‍ക്കുട്ടുണ്ട്; അങ്ങനെ പലതുമുണ്ട്. പൊറോട്ട ഏറ്റവും മോശം ആഹാരമാണെന്ന് ചിലര്‍ പറയുമ്പോള്‍ അത്രയ്ക്കൊന്നും മോശമല്ല എന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ വരുന്നു.

സോഷ്യല്‍ മീഡിയ എന്ന ഈ പരിപാടി അപ്പാടെ നിയന്ത്രിച്ചുകളയും എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരമാത്രം എന്നാണ് കോണ്‍ഗ്രസ്, പത്രങ്ങളെക്കൊണ്ട് പറയിച്ചത്. ഇപ്പോള്‍ സോണിയ മാഡത്തെ വിമര്‍ശിച്ചാല്‍ സോഷ്യല്‍ മീഡിയയുടെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കില്ല എന്ന്. വേണ്ടാതീനംചെയ്താല്‍ കേസെടുക്കാനും ശിക്ഷിക്കാനും നിയമമുണ്ട്. അത് വല്ലാതെ കടുത്തതാണ് എന്നാക്ഷേപവുമുണ്ട്. അതും പോരാ മൂക്ക് ചെത്തിയേ മതിയാവൂ എന്നാണ് കപില്‍ സിബലിന്റെ ശാഠ്യം. സോഫ്റ്റ്വെയറും അണ്ടര്‍വെയറും തമ്മില്‍ എന്തുബന്ധം എന്ന് പഠിക്കാത്തവരില്‍ കേന്ദ്രസര്‍ക്കാരും ഉണ്ടെന്ന് തോന്നുന്നു.

*

തലസ്ഥാനത്തെ സിനിമാകൊട്ടകകളില്‍ ഗണപതിഹോമം നടത്താത്തതുകൊണ്ടാകണം, ഗണേശന്റെ പരാക്രമങ്ങള്‍ അടങ്ങുന്നില്ല. ഗണേശന്‍ വിഘ്നേശ്വരനാണ്. വേണ്ടപോലെ ചെന്ന് കണ്ട് വണങ്ങിയാല്‍ സകലമാന വിഘ്നങ്ങളും അകറ്റും; പ്രസാദം വാരിക്കോരി നല്‍കും. അതല്ലെങ്കില്‍ പെട്ടെന്ന് കോപിച്ചുകളയും. കോപം വന്നാല്‍ നാവ് തുമ്പിക്കൈപോലെ നീണ്ട് വരികയും അത് അശ്ലീലഭാഷയില്‍ ചുഴറ്റുകയുംചെയ്യും. സ്വഭാവം ആദിമധ്യാന്തം ഇങ്ങനെയായതുകൊണ്ട് ചുറ്റുമുള്ളവര്‍ അറിഞ്ഞ് പെരുമാറുകയേ തരമുള്ളൂ.

ആദിയിലെ ഗണേശനെ പാര്‍വതി കളിമണ്ണുകൊണ്ടാണുണ്ടാക്കിയതത്രെ. കാലാന്തരത്തില്‍ പുറത്ത് കളിമണ്ണൊന്നും കാണാനില്ല. അഭിനവ ഗണേശന് നാലു കൈയില്ല; ആനത്തലയില്ല. എലിക്ക് പകരം വാഹനങ്ങള്‍ സ്റ്റേറ്റ് ബോര്‍ഡ് വച്ച് അഞ്ചെണ്ണമുണ്ട്. എലിക്കാണെങ്കില്‍ വല്ല കപ്പയോ പഴമോ കൊടുത്താല്‍ മതി. സ്റ്റേറ്റ്കാറുകള്‍ക്ക് പെട്രോളും ഡീസലുമാണ് ഡയറ്റ്. എല്ലാംകൊണ്ടും ഗണേശരൂപം കാലത്തിനൊത്ത് മാറിയിരിക്കയാല്‍ , ഗണപതിഹോമവും പരിഷ്കരിച്ച് നടത്തേണ്ടതുതന്നെ. അത് അന്വേഷിച്ചുപിടിച്ച് വേണ്ടപോലെ നടത്തുന്നവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍കണക്കെ ഭരണം കൈയാളുന്നുണ്ട്. സിനിമാക്കാരുടെ ഉത്സവം തുടങ്ങിയപ്പോഴാണ് കുട്ടിപ്പിള്ളമാരുടെ കൂട്ട അരങ്ങേറ്റം ഉണ്ടായത്. കുറെ താടിക്കാരും സഞ്ചിക്കാരുമൊക്കെയായിരുന്നു സിനിമാക്കളിയുടെ ഉത്സവ നടത്തിപ്പുകാര്‍ . അവര്‍ക്ക് താടി വളര്‍ത്താന്‍ മാത്രമല്ല, ചലച്ചിത്രോത്സവം നടത്താനും അറിയാമെന്ന് അഞ്ചുകൊല്ലം തെളിയിച്ചു. നല്ല സിനിമ വന്നു, കാണാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ വന്നു, നടത്തിപ്പിന് അന്തസ്സുവന്നു. ശബരിമലയ്ക്ക് പോകുമ്പോലെ വ്രതമെടുത്ത് സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. വിഘ്നേശ്വരനാമധാരിയായ മന്ത്രി കര്‍മംകൊണ്ട് സിനിമാക്കാരനായതുകൊണ്ടും മന്ത്രിക്കു ചുറ്റുമുള്ള എട്ടരക്കൂട്ടത്തിന്റെ ഉപജീവനംതന്നെ സിനിമാക്കളിയായതുകൊണ്ടും ചൊവ്വേ നേരെ സംഗതി നടക്കുമെന്ന് അവര്‍ അബദ്ധത്തില്‍ കരുതിപ്പോവുകയുംചെയ്തു.

ഉത്സവപ്പറമ്പിലേക്ക് കയറുമ്പോള്‍ത്തന്നെ വിഘ്നമാണ്-വിഘ്നേശ്വര മന്ത്രിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിന്റെ രൂപത്തില്‍ . ആ ഫ്ളക്സ് ബോര്‍ഡിനുമുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത് "പാരകയറ്റാനറിയാമല്ലോ, പാസ് കൊടുക്കാന്‍ അറിയേണ്ടേ" എന്ന മുദ്രാവാക്യമാണ്. പണമടച്ച് രജിസ്റ്റര്‍ചെയ്ത് വന്നവര്‍ക്ക് പാസില്ല; പാസ് കിട്ടിയവര്‍ക്ക് അത് തൂക്കിയിടാന്‍ ചരടില്ല; ചരടുകിട്ടിയവര്‍ക്ക് പുസ്തകമില്ല; പുസ്തകം കിട്ടിയവര്‍ അതുനോക്കി സിനിമയ്ക്ക് പോയാല്‍ രക്ഷയുമില്ല. കൊറിയന്‍ സിനിമ കാണാന്‍ ചെന്നാല്‍ "ഭാര്‍ഗവീനിലയം" കണ്ട് തൃപ്തിപ്പെടേണ്ടിവരും. കുഴപ്പമില്ലാത്തത് ഒറ്റക്കാര്യത്തിനുമാത്രമാണ്-മന്ത്രിയുടെ എട്ടരക്കൂട്ടം എന്നും അണിഞ്ഞൊരുങ്ങി എത്തുന്നുണ്ട്. കാര്യങ്ങളാകെ നിയന്ത്രിക്കുന്നുമുണ്ട്. വന്നുവന്ന്, ഏതു സിനിമ കാണിക്കണമെന്ന് തെരഞ്ഞെടുക്കുന്നതുവരെ മന്ത്രിയാണ്. കാണാന്‍ മെച്ചപ്പെട്ട "ആദിമധ്യാന്ത"ത്തിന് വിലക്ക് വീണത് തിരുവുള്ളക്കേടുകൊണ്ടുതന്നെ. അടുത്ത വര്‍ഷംമുതല്‍ സിനിമാ പ്രിന്റുംകൊണ്ട് മന്ത്രിമന്ദിരത്തിലേക്ക് പോയാല്‍ മതിയാകും. അവിടെ ഹോമം നടത്തി ഭഗവാനെ പ്രസാദിപ്പിച്ചാല്‍ "കൃഷ്ണനും രാധയും" നേരെ ലോകസിനിമാ വിഭാഗത്തിലേക്ക് വച്ചുപിടിക്കും. ആക്ഷനും കട്ടും പറഞ്ഞ് ഇന്നലെവരെ പേടിപ്പിച്ചവര്‍ മുന്നില്‍വന്ന് ഓച്ഛാനിച്ച് നില്‍ക്കുമ്പോള്‍ നടികര്‍ തിലകം വിഘ്നേശ്വരന് ഒരു സുഖം. അതുകൊണ്ട് അര്‍ധരാത്രിയും തമ്പാനൂരില്‍ മഴ പെയ്യുന്നു എന്ന് തോന്നും. അപ്പോള്‍പ്പിന്നെ കുട പിടിക്കാതെ തരമില്ലല്ലോ.

Sunday, December 4, 2011

ഉറക്കം വരാത്ത മന്ത്രി

മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വരുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണം. എങ്ങനെ ഉറക്കം വരും എന്ന് സ്വന്തം നേതാവായ മാണിയോടെങ്കിലും ചോദിക്കണം. അതല്ലാതെ, പത്രസമ്മേളനം വിളിച്ച്, കണ്ണുരുട്ടിക്കാട്ടി, എനിക്ക് ഉറക്കം വരുന്നില്ലേയെന്ന് വിലപിക്കുന്നതും എത്തുന്നിടത്തെല്ലാം സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും പ്രഖ്യാപനങ്ങള്‍ തിരിച്ചുവിഴുങ്ങുന്നതും മന്ത്രിപ്പണിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നം പി ജെ ജോസഫിനും മാണിസാറിനും ഒരു നാടകവും നടത്താതെ പരിഹരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തില്‍ചെന്ന് മന്‍മോഹന്‍ സിങ്ങിന്റെയോ അലുമിനിയം പട്ടേലിന്റെയോ മുന്നില്‍ ഒന്നു നിവര്‍ന്നുനിന്നാല്‍ മതി. വെള്ളം തമിഴ്നാട്ടിലേക്കൊഴുകിയാല്‍ അത് ജനങ്ങളുടെ ജീവിതമാണ്. അതിന് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിലനിന്നേ തീരൂ. ഇന്നത്തെ അണക്കെട്ട് അഥവാ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്കുതന്നെയാണ് ഒഴുകുക. ആ ഒഴുക്ക് മരണത്തിന്റേതാണ്. തമിഴന് ജീവിതവും മലനാട്ടുകാരന് ജീവനും വേണം. അത് എക്കാലത്തേക്കുമുള്ള ഉറപ്പായിത്തന്നെ വേണം.

രണ്ട് സംസ്ഥാനങ്ങളെയും വിളിച്ച് കാര്യംപറഞ്ഞ് പ്രശ്നം തീര്‍ക്കാനുള്ള ചുമതല കേന്ദ്രത്തിന്റേതാണ്. കോടതിയിലും പുറത്തുമൊക്കെ പരന്നുകിടക്കുകയാണ് പ്രശ്നം. കേന്ദ്രം വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ. അതുകൊണ്ട് സോണിയ മാഡം കനിയണം; മന്‍മോഹന്‍ജി മിണ്ടണം. മിണ്ടിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം ആദ്യം ഒലിച്ചുപോകും-ഇത്രയും പറഞ്ഞാല്‍ മതി. ദക്ഷിണേന്ത്യയില്‍ വിത്തിനുവച്ചപോലെ ഉള്ള സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിസ്ഥാനവും സംരക്ഷിച്ചുകിട്ടാന്‍ സോണിയ മാഡം താനേ ഇളകിക്കൊള്ളും. മുല്ലപ്പെരിയാര്‍ അണക്കെട്ടാണോ മന്ത്രിസ്ഥാനമാണോ വലുത് എന്നാണ് ജോസഫും മാണിസാറും ആദ്യം പറയേണ്ടത്. ഇടുക്കിയിലെയും കോട്ടയത്തെയും എറണാകുളത്തെയും ആലപ്പുഴയിലെയും കുറെയേറെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ഞങ്ങള്‍ ഇതാ ത്യാഗത്തിന്റെ അവതാരപുരുഷന്മാരായി മാറാന്‍ പോകുന്നു; കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ അധികാരവും കാറും കൊട്ടാരവും ഉപേക്ഷിച്ച് ഗൗതമബുദ്ധനെപ്പോലെ ഇറങ്ങി ചപ്പാത്തില്‍ സമരംചെയ്യാന്‍ തയ്യാര്‍ എന്നാണ് ഔസേപ്പും മാണിസാറും പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു മിനിമം ഗമ ഉണ്ടാകുമായിരുന്നു. ഇതിപ്പോള്‍ മന്ത്രിതന്നെയാണ് ഭീതി പരത്തുന്നതിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ സമരംചെയ്ത എംപിമാരെവരെ പേടിപ്പിച്ചുകളഞ്ഞു-ഡാം പൊട്ടിയാല്‍ നിങ്ങളുടെ വീടിന്റെ അടുത്തും വെള്ളം എത്തുമെന്ന് സംസ്ഥാന മന്ത്രി വക പ്രവചനം. പ്രവചനങ്ങള്‍ക്ക് മാത്രമാണ് പഞ്ഞമില്ലാത്തത്. ചീഫ് വിപ്പ് ഭൂകമ്പം വരുമെന്ന് പ്രവചിച്ച് ഈരാറ്റുപേട്ടയിലെ സ്കൂള്‍കുട്ടികളെ മരച്ചുവട്ടിലിരുത്തിയശേഷം തിരുവനന്തപുരത്തേക്ക് മുങ്ങി. ജോസഫും മാണിയും പ്രവചിച്ച് കളിക്കുന്നു. മാണിയുടെ വകുപ്പില്‍ നിയമവുമുണ്ട്. ആ വകുപ്പിന്റെ പ്രതിനിധിയായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ചെന്ന് പറഞ്ഞത്, "ഒന്നും പേടിക്കേണ്ടെന്നേ; വെള്ളം കയറുന്നതും സുരക്ഷയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നേ" എന്നാണ്. അതും ഒരു പ്രവചനം. അത് സര്‍ക്കാരിന്റെ നിലപാടല്ലെങ്കില്‍ അങ്ങനെ പറഞ്ഞ എജിയെ ആ നിമിഷം പുറത്താക്കുമായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പ്രിയങ്കരനും മനോരമയുടെ വിശ്വസ്ത വക്കീലുമായ ദണ്ഡപാണി ഏതായാലും അങ്ങനെ ചുമ്മാ പോകുന്ന പ്രകൃതക്കാരനല്ല. ഇനി പേരിനുവേണ്ടി ദണ്ഡപാണിയെ ദണ്ഡിച്ചാലും തിരുവഞ്ചൂരിനെ എങ്ങനെ ഊരിയെടുക്കാന്‍ പറ്റും. ദണ്ഡപാണിയെക്കൊണ്ട് പറയിച്ചത് തിരുവഞ്ചൂരാണല്ലോ. അണക്കെട്ട് തകരുന്നതോ വെള്ളം കുത്തിയൊഴുകി ജനപഥങ്ങള്‍ നശിക്കുന്നതോ അല്ല ഔസേപ്പച്ചായന്റെയും മാണിസാറിന്റെയും പ്രശ്നം. കോട്ടയം മുതല്‍ ഇടുക്കിവരെ പരന്നുകിടക്കുന്ന പാര്‍ടിയാണ്. മുല്ലപ്പെരിയാറെങ്കില്‍ മുല്ലപ്പെരിയാര്‍ . അതു പറഞ്ഞ് നാലു വോട്ട് കൂടുതല്‍ കിട്ടുമോ എന്നതാണ് പുതിയ നോട്ടം. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാല്‍ അണക്കെട്ടില്‍ പാലുംതേനും ചേര്‍ന്ന മിശ്രിതംനിറയും എന്നാണ് വാഗ്ദാനിച്ചിരുന്നത്. ഇപ്പോള്‍ ഭരണം അങ്ങനെയാണ്. എന്നിട്ടെന്തേ "ഇടപെട്ടള"യാത്തത്? തമിഴ്നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നില്ല എന്നതാണ് പ്രശ്നമെങ്കില്‍ അതിനുവേണ്ടത് കേന്ദ്രം ചെയ്യണ്ടേ? കോടതിയെ ബോധ്യപ്പെടുത്തേണ്ടേ? അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന് മന്ത്രിതന്നെ പ്രവചനം നടത്തി സമരം നയിക്കുകയാണോ അതോ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കുകയാണോ വേണ്ടത്?

പ്രശ്നം അതീവ ഗുരുതരമാണ്. അണക്കെട്ട് പൊട്ടില്ല എന്നൊന്നും ആര്‍ക്കും ഉറപ്പിക്കാനാകില്ല. പൊട്ടിയാല്‍ എന്ത് സംഭവിക്കും; ഇടുക്കി താങ്ങുമോ; എങ്ങോട്ടൊക്കെ ഒഴുകും; എന്തെല്ലാം നശിക്കും എന്നൊന്നും ഇതുവരെ ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്നതെല്ലാം കൊട്ടക്കണക്കാണ്. ചിലര്‍ അന്‍പതടിയെന്ന്. മറ്റുചിലര്‍ അന്‍പതുമീറ്ററെന്ന്. ആര്‍ക്കും എന്തും പറയാം-എല്ലാം കേട്ടും വായിച്ചും തീതിന്നു ജീവിക്കാന്‍ കുറെ ജനങ്ങളുണ്ടല്ലോ. ജനങ്ങളെ ഭീതിയില്‍നിന്ന് രക്ഷിക്കാന്‍ നടപടിയാണ് വേണ്ടത്. അതിന് മാത്രം ജോസഫ് മന്ത്രിക്ക് സമയമില്ല. പകരം പാട്ടുപാടി വിമാനം കയറി ചുറ്റിയടിക്കുന്നു. ഇങ്ങനെയൊരു മന്ത്രിയും മലയോരപ്പാര്‍ടിയുമുള്ളതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും തല്‍ക്കാലം രക്ഷയാണ്. ചവിട്ടുനാടകം അവര്‍തന്നെ നടത്തിക്കൊളളുമല്ലോ. മലയോര കോണ്‍ഗ്രസിന് മലയ്ക്കുതാഴോട്ട് നോക്കേണ്ടതില്ല. വെള്ളമാണെങ്കില്‍ മലയ്ക്ക് മുകളിലോട്ട് കയറുകയുമില്ല. എസ്എംഎസ് വിവാദനായകനായി ശുദ്ധശൂന്യതയിലായിപ്പോയ ജോസഫിന് പറന്നുയരാന്‍ മുല്ലപ്പെരിയാര്‍ ഒരു നിമിത്തമായി. മലയോരത്ത് കോണ്‍ഗ്രസിനെ പേടിപ്പിച്ചുനിര്‍ത്താന്‍ മാണിസാറിന് ഒരു വടിയും കിട്ടി. അതല്ലെങ്കില്‍ എന്തുകൊണ്ട് സ്വതഃസിദ്ധമായ സമ്മര്‍ദതന്ത്രം മാണിസാര്‍ പുറത്തെടുക്കുന്നില്ല? ഉമ്മന്‍ചാണ്ടീ മുട്ടാളാ, ഇനിയും പ്രശ്നം തീര്‍ത്തില്ലെങ്കില്‍ , മന്ത്രിപ്പണിയത് മതിയാക്കൂ-എന്ന് മുദ്രാവാക്യം വിളിക്കാന്‍ മാണിസാറിന്റെ കണ്ഠം കൊതിക്കുന്നില്ലേ? ഒറ്റ സീറ്റിന്റെ ബലത്തില്‍ തൂങ്ങുന്ന മുഖ്യമന്ത്രിസ്ഥാനം കാക്കകൊത്തിപ്പോകാതെ കാത്തുസൂക്ഷിക്കാന്‍ ആ നിമിഷം പറക്കില്ലേ ഉമ്മന്‍ചാണ്ടി വീണ്ടും ഡല്‍ഹിക്ക്-കിടക്കില്ലേ മാഡത്തിന്റെ മുറ്റത്ത് നിരാഹാരം?

പിള്ളാരുടെ പില്‍ക്കാലജീവിതത്തിന് നാലു ചക്രമുണ്ടാക്കണമെന്ന് കരുതുന്ന മാധ്യമ മുതലാളിമാര്‍ മുല്ലപ്പെരിയാറിന്റെ സെന്റിമെന്റ്സ് വില്‍ക്കാന്‍ നല്ലപോലെ നോക്കും-ഉദ്വേഗജനകമായ വിവരണങ്ങള്‍ പത്രത്തിന്റെ മാര്‍ക്കറ്റ് കൂട്ടും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഉദ്വേഗം വാരിക്കൂട്ടി രാഷ്ട്രീയനേട്ടമാക്കാന്‍ മാണിയും ജോസഫും നോക്കുന്നതിലും പുതുമയില്ല. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ചിലരുടെ ജീവിതംതന്നെ ഇത്തരം സെന്‍റിമെന്റ്സിന്റെ മൊത്തക്കച്ചവടമാണ്.

കഴിഞ്ഞ ദിവസം വീക്ഷണം പത്രത്തില്‍ (നവംബര്‍ 27) വന്ന പ്രധാന തലക്കെട്ട് "പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ ചണ്ടി" എന്നാണ്. അക്ഷരത്തെറ്റുകള്‍ പത്രങ്ങളുടെ കൂടപ്പിറപ്പാണ്. അബദ്ധത്തില്‍ തെറ്റു സംഭവിക്കാം. അറിവില്ലായ്മകൊണ്ടും വരാം. വീക്ഷണം പത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരിലെ ദീര്‍ഘം കളഞ്ഞത് ഇതില്‍ ഏതിനത്തില്‍പെടുത്തണമെന്ന് മനസ്സിലാകുന്നില്ല. ചണ്ടിയെ ചാണ്ടിയാക്കാന്‍ ഒരു ദീര്‍ഘം മതി. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുടിചൂടിയ നേതാവിനെ "ചണ്ടി" എന്ന് ഒന്നാംപേജില്‍ ഏറ്റവും വലിയ അക്ഷരംകൊണ്ട് വിളിക്കാന്‍ കോണ്‍ഗ്രസ് മുഖപത്രത്തിനും അനായാസം കഴിഞ്ഞിരിക്കുന്നു. ബെന്നി ബഹനാന്റെ രോഷമാണോ ഹസ്സന്റെ മനോഗതമാണോ വീക്ഷണം പത്രാധിപസമിതിയുടെ പ്രതിഷേധമാണോ സംഭവത്തിനുപിന്നില്‍ എന്നന്വേഷിക്കാന്‍ ചുരുങ്ങിയത് ഒരു തെന്നലക്കമ്മിറ്റിയെ എങ്കിലും നിയോഗിക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളി സഹിക്കാതെ വീക്ഷണത്തിലെ ഒരു പത്രാധിപരാണ് സംഗതി ഒപ്പിച്ചതെന്ന് വിവരമുണ്ട്. ആ പത്രാധിപര്‍ കാണിച്ച ശേഷിയെങ്കിലും പി ജെ ജോസഫിനും കെ എം മാണിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. കുഞ്ഞുണ്ണി മാഷ് പാടിയത് ഓര്‍മവരുന്നു. "കക്കുന്നവന്‍ വലുതായാല്‍ കാക്കുന്നവനാകും; കാക്കുന്നവന്‍ ചെറുതായാല്‍ കക്കുന്നവനാകും" എന്ന്. ദീര്‍ഘമാണ് പ്രശ്നം. എന്നാലും ചാണ്ടി ചെറുതായാല്‍ ചണ്ടി ആകുമെന്ന് വീക്ഷണംതന്നെ പറഞ്ഞുകളഞ്ഞല്ലോ.

*

പത്രക്കാര്‍ക്ക് മുല്ലപ്പെരിയാറിന്റെ തകര്‍ച്ച പ്രവചിക്കാനേ അറിയൂ. സ്വന്തം വീട്ടില്‍ നാളെ എങ്ങനെ കഞ്ഞിവയ്ക്കുമെന്ന് ചിന്തിക്കാന്‍ ഭൂരിപക്ഷത്തിനും സമയമില്ല. ചിന്തിച്ചാലൊട്ട് പ്രയോജനവുമില്ല. പന്ത്രണ്ടുകൊല്ലമായി ശമ്പളം പരിഷ്കരിച്ചിട്ട്. അവസാനത്തെ പരിഷ്കരണം വരുമ്പോള്‍ പത്തുരൂപയ്ക്ക് മലക്കറി വാങ്ങിയാല്‍ കുടുംബത്തിന് മൂന്നുദിവസം കറിവയ്ക്കാമായിരുന്നു. ഇന്ന് നൂറു രൂപയ്ക്ക് വാങ്ങിയാല്‍ കഷ്ടി രണ്ടുദിവസത്തേക്കാണ്. രണ്ടുരൂപയ്ക്ക് കിട്ടിയ ചായക്ക് ഇന്ന് മിനിമം ആറുരൂപ. അരിക്കും മുളകിനും ഉപ്പിനും പാലിനും മരുന്നിനുമെല്ലാം വില പലമടങ്ങായി. പത്രക്കാരന്റെ വില ഒരു പണത്തൂക്കംപോലും വര്‍ധിച്ചിട്ടില്ല. പണ്ട് കോളേജധ്യാപകനേക്കാള്‍ ശമ്പളം പത്രക്കാരനുണ്ടായിരുന്നു. ഇന്ന് നാല് പത്രക്കാര്‍ ചേര്‍ന്നാലും ഒരു കോളേജ് വാധ്യാരാകില്ല.

എല്ലാം അറിയുന്ന പത്രക്കാരുടെ കാര്യം പത്രമുതലാളിമാര്‍ക്ക് മാത്രം അറിയില്ല. ആറ്റുനോറ്റ് വന്ന വേജ്ബോര്‍ഡ് ശുപാര്‍ശ മുക്കിമൂളി ക്യാബിനറ്റ് പാസാക്കി; സര്‍ക്കാരിന്റെ ഉത്തരവും വന്നു. എന്നിട്ടും മുതലാളി സംഘടന മിണ്ടുന്നില്ല. പത്രക്കുഞ്ഞുങ്ങള്‍ കരഞ്ഞാലും പാലുകൊടുക്കരുതെന്നാണ് ഒരു മുഖ്യമുതലാളി പത്രമാപ്പീസുകള്‍ കയറിയിറങ്ങി പറയുന്നതത്രെ. മക്കളെ ചേര്‍ത്ത് പാര്‍ടി നിലനിര്‍ത്തുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്-അതാണ് മക്കള്‍ പാര്‍ടികള്‍ . അതുപോലെ പത്രക്കാരുടെ കുലം നിലനിര്‍ത്താമെന്നൊന്നും ആരും കരുതേണ്ടതില്ല- മിനിമം കൂലിയെങ്കിലും കിട്ടാന്‍ മക്കള്‍ക്കും ആഗ്രഹം കാണുമല്ലോ.

Sunday, November 27, 2011

അണക്കെട്ടോ അധികാരമോ

എവിടെച്ചെന്നാലും കോണി കയറണമെന്ന് ലീഗിന് ഒരേ വാശിയാണ്. കോണിക്ക് പകരം തോണിയില്‍ കയറിയ ഇ ടി മുഹമ്മദ് ബഷീര്‍ തോണിമുങ്ങി കോണി കയറിയ ചരിത്രം പത്താം ക്ലാസിലെ പുതിയ പുസ്തകത്തിലുണ്ട്. നാട്ടില്‍ പണിയില്ലാതെ നടക്കുന്നവരും കച്ചവടം പൊളിഞ്ഞ് വീട്ടിലിരിക്കുന്നവരുമായ ലീഗുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് കോണി വച്ചുകൊടുക്കുകയാണ്. കോഴിക്കച്ചവടക്കാരനെ ഉന്നത വിദ്യാഭ്യാസ സമിതിയിലെടുക്കും. കരിക്കുലം കമ്മിറ്റിയിലേക്കുള്ള കോണി കയറണമെങ്കില്‍ കോഴിക്കോടന്‍ ബിരിയാണിയുടെ പാകം അറിഞ്ഞാല്‍മതി. ഇങ്ങനെയൊക്കെയാണ് ലീഗ്.

ഖായിദേ മില്ലത്ത് സാഹിബ് പണ്ട് മഞ്ചേരി കാണാതെ ലോക്സഭയിലെത്തിയ നേതാവാണ്- ലീഗിന്റെ സ്ഥാപക പ്രസിഡന്റ്. ആ മില്ലത്തിന്റെ ചെറുമകനാണ് പുതിയ കാലത്ത് ഇതെന്തു ലീഗ് എന്ന് ചോദിക്കുന്നത്. ദാവൂദ് മിയാന്‍ഖാന്‍ എന്ന ആ പുള്ളിക്കാരന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയിന്‍മേലാണ് ലീഗിന്റെ പുന്നാരക്കോണിക്ക് ഇളക്കംതട്ടുന്നത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നൊരു പാര്‍ടി നിലവിലില്ല. അങ്ങനെയൊരു പേരേയുള്ളൂ. അതും ഒരു കോണിയാണ്. ഇ അഹമ്മദ് സാഹിബിന് പാര്‍ലമെന്റിലേക്ക് കയറാനുള്ള കോണി. കയറിയ കോണിയിലൂടെ തിരിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുപെട്ടത്. കേന്ദ്രത്തില്‍ ഒരു പാര്‍ടി; കേരളത്തില്‍ ഇമ്മിണി വലിയ മറ്റൊരു പാര്‍ടി, കേന്ദ്രനേതാവിന്റെ തലയ്ക്കുമേല്‍ സംസ്ഥാന പ്രസിഡന്റ്, അതുക്കുംമേലെ കുഞ്ഞാലി സാഹിബ് എന്നെല്ലാമുള്ള ഭരണഘടന ഇനി നടപ്പില്ലത്രെ. ലയിച്ചാല്‍ കോണി എന്ന ചിഹ്നം പോകും; ലയിച്ചില്ലെങ്കില്‍ അഹമ്മദ് സാഹിബിന്റെ സ്ഥാനം പോകും. ഇതിനെയാണ് രണ്ടുംകെട്ട അവസ്ഥ എന്നു പറയുന്നത്. കുതിര ചത്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് കുറഞ്ഞപക്ഷം അഹമ്മദ് സാഹിബിന്റെയെങ്കിലും ആവശ്യമാണ്.

സത്യത്തില്‍ ലീഗ് കേരളത്തില്‍ ഒതുങ്ങേണ്ട ഒരു പാര്‍ടിയല്ല. ജനനം 1906ല്‍ ബംഗ്ലാദേശിലാണ്. ഇന്‍റര്‍നാഷനല്‍ ചരിത്രം. അത് പിന്നെ വളര്‍ന്നുവളര്‍ന്ന് മലപ്പുറത്താകെ പടര്‍ന്നു. അവിഭക്തഭാരതത്തിലെ മുസ്ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുക എന്നെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പ് പറഞ്ഞു. പിന്നെപ്പിന്നെ ആ മുദ്രാവാക്യം സാര്‍ഥകമാക്കാന്‍ മുസ്ലിം ജനതയെ കൂട്ടിയിണക്കി വോട്ട് സമാഹരിച്ച് അധികാരം നേടുക; അതുകൊണ്ട് പ്രമാണിമാരെ ബിരിയാണിയൂട്ടുക എന്നായി. ഇപ്പോഴത്തെ പണി മറ്റുപലതുമാണ്. ഐസ്ക്രീം കഴിക്കണം; കോടതികയറണം; മുറുക്കാന്‍ കടക്കാരനെ വൈസ്ചാന്‍സലറാക്കണം; ജഡ്ജിക്ക് പെട്ടി കൊടുക്കണം; വിദ്യാഭ്യാസവകുപ്പില്‍ പച്ചച്ചെങ്കൊടി നാട്ടണം; കാസര്‍കോട്ട് പോയി പ്രസംഗിച്ച് വെടിവയ്പിക്കണം; നാദാപുരത്ത് ബോംബുണ്ടാക്കണം-അങ്ങനെ എന്തെല്ലാം പണി. ഇതെല്ലാം സഹിച്ച് എല്ലാ കാലവും ലീഗില്‍ നിന്ന ത്യാഗധനന്‍മാര്‍ കുറച്ചേയുള്ളൂ. ഖായിദേ മില്ലത്ത് സാഹിബ് അങ്ങനെ നിന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരമകന്‍ കേസുകൊടുക്കാന്‍ പോകുന്നു.

സുലൈമാന്‍ സേട്ട് ഒരുകാലത്ത് ലീഗിന്റെ പുലിയായിരുന്നു. പുതിയ പുപ്പുലി വന്നപ്പോള്‍ ആ പുലി പുറത്തായി. ശിങ്കമായിരുന്ന ബനാത്ത് വാലയെ അവസാനകാലത്ത് ആരാരും കാണാതായി. പണ്ട് വിവരമുള്ളവര്‍ ലീഗ് പിരിച്ചുവിടണമെന്ന് പറഞ്ഞതാണ്. മൗലാനാ ആസാദ്, സഹീദ് ഹുസൈന്‍ , എ കെ ഹാഫിസ്ക, എല്‍ എം അന്‍വര്‍ , എസ് എ എം മജീദ്, പി കെ മൊയ്തീന്‍കുട്ടി സാഹിബ്, എ കെ കാദര്‍കുട്ടി സാഹിബ്, അഡ്വ. സി വി ഹൈദ്രോസ്, കെ കെ അബു, പി പി ഹസന്‍കോയ, എസ് എ ജിഫ്രി, ഹസ്രത്ത് മോഹാനി, സത്താര്‍സേട്ട്-ഇങ്ങനെ പലരും പാതിവഴിക്ക് ലീഗിനെ വിട്ട് മറ്റു പാര്‍ടികളിലേക്കോ സ്വതന്ത്രനിലപാടിലേക്കോ പോയി. കാലാന്തരത്തില്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ വന്നു.

ഡല്‍ഹിയിലെ ലയനക്കമ്മിറ്റിയില്‍ പച്ചക്കൊടിക്കുപിന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും അടുത്തടുത്താണിരുന്നത്. അതാണ് ഇപ്പോഴത്തെ ഐക്യം. എന്‍ഡിഎഫാണോ ലീഗാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാകാത്ത അണികളും ലക്ഷണയുക്തരായ നേതാക്കളും. പിടിച്ചുകയറാന്‍ ഒരു കോണിയെങ്കിലുമില്ലെങ്കില്‍ സംഗതി വിഷമത്തിലാകും. എംഎല്‍എമാരുടെ എണ്ണം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി നിര്‍ത്താനൊക്കെ പറ്റുന്നുണ്ട്. അത് എത്ര കാലം എന്നതാണ് ഇനിയത്തെ ചോദ്യം. പിറവത്ത് വരള്‍ച്ചയുണ്ടായാലും പുഴ വറ്റും. പൂഞ്ഞാറില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എപ്പോഴും ഭരണം പോയേക്കും. കോണിയും കൂടി നഷ്ടപ്പെട്ടാല്‍ ലീഗിന്റെ ഗതി അധോഗതി തന്നെ. താഴോട്ടിറങ്ങാനും വേണമല്ലോ ഒരു കോണി.

*
അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന് ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഇവിടെ തകര്‍ത്താടിയ മലയാള സിനിമകള്‍ പലതും ഹോളിവുഡില്‍നിന്ന് അപ്പാടെ കോപ്പിയടിച്ചതാണ് എന്ന് "കട്ട്-കോപ്പി" ഗവേഷകര്‍ പറയുന്നു. അക്കണക്കിന് നമ്മുടെ പല വമ്പന്‍ സിനിമാക്കാരേക്കാളും മുമ്പന്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. അയാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് തെറിവിളിയെങ്കിലും വാരിക്കൂട്ടുന്നുണ്ടല്ലോ.

രാഷ്ട്രീയത്തിലുമുണ്ട് സന്തോഷ് പണ്ഡിറ്റുമാര്‍ . ഒരാള്‍ കഴിഞ്ഞ ദിവസം താനിപ്പോള്‍ ഉറങ്ങാറേയില്ലെന്ന് ദിഗന്തം നടുക്കുമാറ് പറയുന്നത് കേട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങനെ ഒരുപകാരവും ചെയ്തു. ഒന്നും മിണ്ടാതെ മൂളിപ്പാട്ടുപാടി നടന്ന മന്ത്രിയുടെ ഉറക്കം നഷ്ടപ്പെടുത്തി; ടിയാനെ വാര്‍ത്താ പുരുഷനാക്കി. ഉറക്കം വരാത്തതിന് വേറെ വല്ല കാരണവും കാണും-അത് പി സി ജോര്‍ജ് പറയട്ടെ.

എന്തായാലും അങ്കമാലിയിലെ പ്രധാനമന്ത്രിയെന്നപോലെ പൂഞ്ഞാറിന് ഒരു നാടുവാഴിയുണ്ട്. അവിടെ എംഎല്‍എ എന്നും വിളിക്കും. ആ പ്രദേശത്ത് പ്രത്യേക നിയമമാണ്. വൈദ്യുതി പോയാല്‍ നാടുവാഴി നേരെ കറണ്ടാപ്പീസില്‍ കയറിച്ചെന്ന് മലയാളത്തിലെ ചില അപൂര്‍വ പ്രയോഗങ്ങള്‍കൊണ്ട് ശിക്ഷ നടപ്പാക്കും. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വാഴുന്നോര്‍ കല്‍പ്പിച്ചത്, നാളെ രാവിലെ ഭൂമി കുലുങ്ങും; അതുകൊണ്ട് സ്കൂള്‍ പൂട്ടിക്കോളൂ എന്നാണ്. രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് ഈരാറ്റുപേട്ട മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്ന് ബേപ്പൂരുകാരന്‍ പുളിശേരി ശിവനുണ്ണി എന്ന പണ്ഡിതന്‍ പ്രവചിച്ചു. കേട്ടപാടെ നാടുവാഴി വിപ്പിറക്കി. ഉച്ചവരെ സ്കൂളുകള്‍ക്ക് അവധി; ഉച്ചയ്ക്കുശേഷം ഭൂമി കുലുങ്ങിയില്ലെങ്കില്‍ ക്ലാസ് മരച്ചുവട്ടില്‍ . നാടുവാഴിയുടെ കല്‍പ്പന അതേപടി വിദ്യാഭ്യാസ വകുപ്പ് അനുസരിച്ചു. അല്ലെങ്കില്‍ കേള്‍ക്കാനുള്ള സാഹിത്യത്തെ പടച്ചോനായാലും പേടിക്കുമല്ലോ. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ ഭരണവും പൂഞ്ഞാര്‍ വാഴുന്നോര്‍ ഏറ്റെടുത്തു. നാളെ എംഎല്‍എ കല്‍പ്പിക്കും-ഈരാറ്റുപേട്ടയില്‍ ഇനിമുതല്‍ കാക്ക പറക്കരുത് എന്ന്. അത് നടപ്പാക്കാന്‍ പണിയില്ലാതെ നടക്കുന്ന കുറെ കോണ്‍ഗ്രസുകാരെ വിട്ടുകൊടുക്കാന്‍ ചെന്നിത്തല ദയ കാണിക്കണം.

പവാറിന്റെ കരണത്തടിച്ചവന് മാത്രമാണ് ഭ്രാന്ത് എന്ന് ഇപ്പോഴും കരുതുന്നവരെ സമ്മതിക്കണം. സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കുന്നവരെ ചാട്ടവാറിനടിക്കണം. അവരൊന്നും ഈരാറ്റുപേട്ടയുടെ വ്യത്യസ്തനായ പുത്രനെ കാണുന്നില്ലല്ലോ. പൂഞ്ഞാറിന്റെ അതിര്‍ത്തികടന്നും ഭരണമുണ്ട്. പരവന്‍ സമുദായത്തെ പട്ടിക വിഭാഗത്തില്‍നിന്ന് പുറത്താക്കണമെന്നാണ് കല്ലേപ്പിളര്‍ക്കുന്ന ഒരാജ്ഞ. ഇത്തരം സംശയങ്ങള്‍ പുതിയതൊന്നുമല്ല. ഒ ലൂക്കോസിന്റെ മൂക്കും കെ എം മാണിയുടെ കണ്ണുമുള്ള കുട്ടി എങ്ങനെ എന്റേതാകും എന്ന് പണ്ട് നിയമസഭയില്‍ ചോദിച്ച പാരമ്പര്യമുണ്ട്. ഓരോരുത്തരും അര്‍ഹിക്കുന്നത് ലഭിക്കും എന്ന് ഏതോ ദൈവവചനമുണ്ട്. ഉമ്മന്‍ചാണ്ടി അര്‍ഹിക്കുന്നത് തന്നെയാണ് ലഭിക്കുന്നത്. പക്ഷേ, പൂഞ്ഞാറുകാര്‍ ഇത്രയും വലിയ ഒന്നിനെ അര്‍ഹിക്കുന്നുണ്ടോ?

*
മുല്ലപ്പെരിയാര്‍ നിറഞ്ഞുകവിയുമ്പോള്‍ കേന്ദ്ര മന്ത്രിമാരുടെ മൗനജാഥയാണ്. ഭൂമി ഇടയ്ക്കിടെ കുലുങ്ങുന്നു. ഏതുനിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെ ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ജനജീവിതം സ്തംഭിക്കുന്നു. സമചിത്തതയോടെ ചടുലമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തില്‍ പോയി പാടുകിടന്നിട്ടും ആശ്വാസം പകരുന്ന മറുപടിയില്ല. ഇതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി പത്രസമ്മേളനം വിളിച്ച് ജനങ്ങളെ പേടിപ്പിക്കുന്നു. എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ ഭരണവും അവര്‍ക്കുതന്നെ. ജനങ്ങളെ പേടിപ്പിച്ച് കൊല്ലാതെ; അപകട ഭീഷണി ഒഴിവാക്കുന്ന അടിയന്തര നടപടി എടുക്കാന്‍ എന്തേ കേന്ദ്രത്തിന് മടി?

മലയോരപ്പാര്‍ടി ചില മുതലെടുപ്പ് കളികള്‍ക്കൊക്കെ ഇറങ്ങിയിട്ടുണ്ട്. പത്രസമ്മേളനം വിളിച്ച് വായിട്ടലയ്ക്കുന്ന മാണിക്കും ഔസേപ്പിനും പാട്ട് ഡല്‍ഹിയില്‍ചെന്ന് പാടാന്‍ എന്താണിത്ര മടി? ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തരുതോ? ഉമ്മന്‍ചാണ്ടിയും പരിവാരങ്ങളും ഡല്‍ഹിക്കു പായുന്നതും ആരുടെ കാലില്‍വീണും കാര്യം സാധിക്കുന്നതും അപ്പോള്‍ കാണാമല്ലോ. അണക്കെട്ടോ അധികാരമോ എന്ന ചോദ്യം മാണിയും ഔസേപ്പും ആദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ. എന്നിട്ടാവാം മലയോരപ്പാര്‍ടിയുടെ ഡിഎംകെക്കളി.

Sunday, November 20, 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്ക്ളാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍, ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍, ഒരു മുണ്ടുരിയല്‍, ആരോരും അറിയാതെ, ഗുലുമാല്‍, തടിയൂരല്‍, രക്ഷപ്പെട്ടു, പിന്‍വാതില്‍, ഓടുന്ന മുഖ്യന്‍-ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍, നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ.
യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്-സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൌകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും. യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക്- ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും.

ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൌഖ്യപ്പെടുത്തുകയും കടലിനുനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം.

ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്-നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ട-സമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ. ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല.

ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും.

സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍-ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൌരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്.

കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍.

*

നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണം-പിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം.

ഖദറിട്ടു നടക്കണമെന്നേയുള്ളൂ-ദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല. തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല.

ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമ-രാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.

Monday, November 14, 2011

കനകസിംഹാസനങ്ങള്‍

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത്- വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്. ശുംഭന്‍ എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ "ഞാനല്ല നീയാണ് പൊട്ടന്‍" എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ. ജയരാജന്‍ നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ. ജയിലില്‍ പോയി ജയരാജന്‍ കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല. ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, "ധീരാ വീരാ ജയരാജാ" എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ? ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന്‍ ഹീറോ തന്നെ. പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു.

പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു- ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. "എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല" എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി. ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്. ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന്‍ പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന്‍ കയറി. എല്ലാം ഒരു പിള്ള കളിതന്നെ.

*

കോടതിക്കെതിരെ മിണ്ടിയാല്‍ ഗുരുതരാവസ്ഥ വരുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്്. ആ ഗുരുതരാവസ്ഥ ആദ്യം വരുത്തിയത് നമ്മുടെ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണ്. അതിനുംമുമ്പ് കണ്ണൂരെ സുധാകരന്‍ . അന്നത്തെ അവസ്ഥയ്ക്കൊന്നും ഒരു പ്രശ്നവും ഉമ്മന്‍ചാണ്ടിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരാന്‍ ജനങ്ങള്‍ കൂടിച്ചേരുന്നത് ഗുലുമാലാണത്രെ. രക്ഷപ്പെടാന്‍ പണപ്പെട്ടിയുമായി ജഡ്ജിമാരുടെ തിണ്ണ നിരങ്ങിയ കേസില്‍പ്പെട്ടവര്‍ക്ക് മന്ത്രിയാകാം. ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് വിളിച്ച മഹാനുഭവന് സ്റ്റേറ്റ് കാറില്‍ കൊടിവച്ച് പറക്കാം. ജഡ്ജിമാരുടെ അടുക്കള നിരങ്ങി കാര്യം സാധിക്കുന്നവന്റെ അക്കൗണ്ടുകളില്‍ കോടികള്‍ വന്ന് കുമിഞ്ഞുകൂടാം. അതിലൊന്നുമില്ലാത്ത ഗൗരവം മുദ്രാവാക്യവും പ്രസംഗവുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയേണ്ടതല്ലേ? കോടതിക്കെതിരാണ് മാര്‍ക്സിസ്റ്റുകാരെന്നും തങ്ങള്‍ കോടതിയുടെ സംരക്ഷകരാണെന്നും വരുത്തുന്നത് നല്ലതുതന്നെ. ഒരുപാട് കേസുകള്‍ കോടതിയിലുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിക്ക് മാര്‍ക്സിസ്റ്റ് വിരോധം തോന്നിയാല്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും രക്ഷപ്പെടും. കുളം കുഴിക്കുമ്പോള്‍ കുറ്റി പൊരിക്കുന്നത് വലിയൊരു കാര്യംതന്നെയാണ്.

എന്തുചെയ്യാം ഉമ്മന്‍ചാണ്ടിയുടെ ഉദീരണത്തിന് പ്രതികരണമൊന്നും വന്നുകാണുന്നില്ല. താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നാണ്. താടിയും മീശയും വളര്‍ത്തി രൗദ്രഭാവത്തില്‍ വേണം ഇത്തരം വലിയ അഭിപ്രായങ്ങള്‍ പറയാനെന്നര്‍ഥം. അതല്ലെങ്കില്‍ പി സി ജോര്‍ജിന്റെ നിലവാരത്തിലെങ്കിലും എത്തണം. പുറംനോക്കി മൂല്യം നിശ്ചയിക്കുന്ന കപടലോകമാണിതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാത്തതുകൊണ്ടാണ്. പഴയ കീറന്‍ കുപ്പായവും ചപ്രത്തലമുടിയും തന്നെ കേമം. നടക്കുമ്പോള്‍ ചെരുപ്പിന്റെ വാറു പൊട്ടണം. കുറെനേരം ചെരുപ്പില്ലാതെ നടക്കണം. അതുകഴിഞ്ഞാല്‍ അനുയായി സ്ലിപ്പര്‍ കൊണ്ടുവന്ന് കാലില്‍ അണിയിക്കണം. ഇടയ്ക്കൊന്നും കുനിയരുത്; താഴോട്ട് നോക്കരുത്. കാട്ടാന വരുമ്പോള്‍ , വന്ന് കൃഷി തകര്‍ത്തപ്പോള്‍ , പിന്നെ കുളത്തിലിറങ്ങിയപ്പോള്‍ എന്ന മട്ടില്‍ ചെരുപ്പ് പൊട്ടിയപ്പോള്‍ , കളഞ്ഞപ്പോള്‍ , പുതിയത് വന്നപ്പോള്‍ എന്നിങ്ങനെ ചിത്രങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നാല്‍ ആദര്‍ശവും ലാളിത്യവും പക്വതയും സമാസമംചേര്‍ത്ത് കുറുക്കി വറ്റിച്ചതിന്റെ ഫലം കിട്ടും. അതൊക്കെ മറന്ന് കുഞ്ഞാലിക്കുട്ടിയുടെയും പി സി ജോര്‍ജിന്റെയും സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ കുഴപ്പം. ആദര്‍ശവും പോയി, വിവരവും പോയി. വെറും തടവിനുപകരം കഠിനതടവാണ് ഇപ്പോള്‍ വിധിച്ചുകൊണ്ടേയിരിക്കുന്നത്.

*

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥവുമുണ്ടെന്ന് കോടതിയില്‍ സാക്ഷിമൊഴി വന്നതിനെയാണ് മാതൃഭൂമി പരിഹസിക്കുന്നത്. അതെന്തായാലും നല്ലതുതന്നെ. ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു. ഇന്ദ്രന് അത് ഓര്‍മയില്ല. ജയരാജനെ നോക്കി കുരയ്ക്കുകയാണ്. പട്ടികള്‍ കുരയ്ക്കട്ടെ ജയരാജന് യാത്രതുടരാം എന്നേ പറയാനാവൂ. (ഇതെന്തോ ഫ്രഞ്ചിലെയോ മറ്റോ ശൈലിയാണ്. പട്ടിയെന്നു വിളിച്ചെന്നും മറ്റും പറഞ്ഞ് ആരും ലഹളയ്ക്ക് വരേണ്ട).

*

വാല്‍ഭാഗം:

നിര്‍മാതാക്കളും സമരത്തിലായതോടെ മലയാള സിനിമയ്ക്ക് സമ്പൂര്‍ണ അവധിക്കാലമായി. സിനിമാമന്ത്രിക്ക് പണി വേറെയുണ്ട്. പോയവാരത്തില്‍ രക്ഷപ്പെട്ട സിനിമാക്കാരന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. സിനിമ ഹിറ്റ്; പണംവരവ് മലവെള്ളംപോലെ. കോഴി കറുത്തതായാലും മുട്ടയുടെ നിറം വെള്ളതന്നെ. സിനിമയില്‍ സകലതും പയറ്റിയ പണ്ഡിറ്റിനെ ചുരുങ്ങിയത് സിനിമാമന്ത്രിയെങ്കിലും ആക്കണം. പിറവത്ത് മത്സരിപ്പിച്ചാല്‍ വളരെ നന്ന്.

Sunday, November 6, 2011

കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം

സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന്‍ പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും. സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു'' എന്ന്.

അമേരിക്കന്‍ സായ്പന്‍മാര്‍ക്ക് അഹന്ത മാത്രമല്ല, വിവരവും ഉണ്ട്. സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല. അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു. കൃത്യം 20 വര്‍ഷം മുമ്പ്, 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ് പാര്‍ടിയെ നിരോധിച്ചത്. അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു. ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ടിയാണ്. അമേരിക്ക മാത്രമല്ല, റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റുകാരെ ഭയപ്പെടുന്നു.

വാള്‍സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീകോരിയിട്ടു. കമ്യൂണിസ്റ് പാര്‍ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്കോയില്‍ തടഞ്ഞു. പത്രം പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനെയും പിടികൂടിയിരിക്കുന്നു.

റഷ്യയിലെ വലിയ റിപ്പബ്ളിക്കായ ബഷ്കൊര്‍തോസ്ഥാന്‍ തലസ്ഥാനത്ത് നവംബര്‍ നാലിന് വോള്‍ഗാ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു. ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ് പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെടുത്തു. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 'റേഡിയോ ഫ്രീ യൂറോപ്പ്' പറയുന്നു: "ഈ റിപ്പബ്ളിക്കിലും അടുത്തുള്ള താര്‍താര്‍സ്ഥാന്‍ റിപ്പബ്ളിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്. നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നു; കമ്യൂണിസ്റ് നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു. ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം.'' സോവിയറ്റ് യൂണിയനില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് 'റേഡിയോ ഫ്രീ യൂറോപ്പ്'. അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്.

റഷ്യയില്‍ ഗവണ്‍മെന്റ് നടത്തുന്ന മൂന്ന് ടിവി ചാനലുകളുണ്ട്-ചാനല്‍ വണ്‍, എന്‍ടിവി, റോസ്സിയ. മൂന്നിലും പുടിന്‍-മെദ്വദേവ് സ്തുതികള്‍ മാത്രം. തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിന് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍നിന്ന് എന്തിന് മറച്ചുവയ്ക്കണം എന്നാണ് ചോദ്യം. റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല.

എല്ലാ വിപ്ളവങ്ങളുടെയും അമ്മയാണ് ഒക്ടോബര്‍ വിപ്ളവം. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു. റഷ്യയെ മാത്രമല്ല, ലോകത്തെയാകെ അത് മാറ്റിമറിച്ചു. റഷ്യയുടെ സമ്പദ്വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്രസാങ്കേതിക വിദ്യയും വളര്‍ന്നു. സോവിയറ്റ്യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ചു. സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു. എല്ലാ വര്‍ഷവും മിച്ച ബജറ്റ്. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല. വിദ്യാഭ്യാസവും ചികിത്സയും സൌജന്യം. സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ്യൂണിയനെ ഭയപ്പെട്ടു-സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു.

ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു. നാസി ജര്‍മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്വത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു. ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി. കോളനികളില്‍നിന്ന് ബ്രിട്ടന്‍ ഒഴിഞ്ഞുപോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെ വിമോചനപോരാട്ടങ്ങളുടെ തീവ്രതയ്ക്കും സോവിയറ്റ്യൂണിയന്‍ കാരണമായി. ചൈനയില്‍ വിപ്ളവത്തിന്റെ കൊടിപാറി. ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിന് കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി പ്രഖ്യാപിച്ചു. ലാവോസിലും കമ്പൂച്ചിയയിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്കരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ. കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ് ഐക്യത്തിന്റെയും ക്യൂബന്‍ വിപ്ളവജ്വാലയുടെയും കരുത്ത് സോവിയറ്റ്യൂണിയനില്‍നിന്ന് സംക്രമിച്ചു.

തൊണ്ണൂറ്റി നാലുവര്‍ഷം മുമ്പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നുപോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു. വെനസ്വേല, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍, പാരഗ്വായ്, ബൊളീവിയ, നിക്കരാഗ്വേ- ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്‍മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു. അവസാനവാക്ക് എന്നു കരുതിയ മുതലാളിത്തവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്. തൊണ്ണൂറ്റി നാലുകൊല്ലം മുമ്പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റേതല്ല-നേടാനുള്ള പുതിയ ലോകത്തിന്റേതുതന്നെയാണ്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം വളച്ച് പുച്ഛിച്ചുചിരിക്കേണ്ടതില്ല എന്നര്‍ഥം. താമസിയാതെ നമ്മുടെ മനോരമയ്ക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടിവരും.

*
ചില പുതുപ്പണക്കാര്‍ കൂറ്റന്‍ ബംഗ്ളാവ് പണിത് മോടിയാക്കിയശേഷം വരാന്തയില്‍ കീറച്ചാക്ക് തൂക്കിയിടും-കണ്ണുതട്ടാതിരിക്കാന്‍. അതുപോലെയാണ് ഒക്ടോബര്‍ വിപ്ളവത്തെക്കുറിച്ച് പറഞ്ഞശേഷം ഗണേശ്കുമാറിനെയും പി സി ജോര്‍ജിനെയും പരാമര്‍ശിക്കുന്നത്. നാറാത്തു ഭ്രാന്തന്‍ (നാറാണത്തു ഭ്രാന്തന്റെ കുടുംബത്തില്‍ പെടില്ല) കോടതിയില്‍ പോയ ഒരു കഥ കേട്ടു. നാട്ടിലെ ഏറ്റവും വലിയ മനോരോഗി താനാണ് എന്ന് സ്ഥാപിക്കലാണ് പുള്ളിയുടെ ആവശ്യം. അതിന് തെളിവായി എഴുതിയതും പറഞ്ഞതും പറഞ്ഞെഴുതിച്ചതുമായ ഒട്ടേറെ രേഖകള്‍ സമര്‍പ്പിച്ചു. ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് തുടങ്ങിയ അഖിലലോക നിയമപടുക്കള്‍ക്ക് വക്കാലത്തും നല്‍കി. അടച്ചിട്ട മുറിയില്‍ വാദങ്ങളെല്ലാം നിരത്തിയശേഷം കോടതിയുടെ തീര്‍പ്പ് വന്നപ്പോള്‍ നാറാത്ത് ഭ്രാന്തന്‍ ഞെട്ടി. ക്ഷോഭത്തോടെ പുറത്തുവന്ന് ചോദിച്ചു: "ആരാണീ പി സി ജോര്‍ജ്?''
ആ ചോദ്യത്തിനുശേഷമാണ് ചീമുട്ടയേറുണ്ടായതെന്നും കേള്‍ക്കുന്നു. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത് കിട്ടും. ജോര്‍ജിന് അര്‍ഹിക്കുന്നതിനേക്കാള്‍ മുന്തിയതാണ് കിട്ടിയത് എന്നതുകൊണ്ട് കേസിന് വകുപ്പുണ്ട്. പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഒരു സമാധാനമുണ്ട്- കാക്ക ഏതു സോപ്പുതേച്ച് കുളിച്ചാലും കറുത്തുതന്നെയിരിക്കും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് ഇടിച്ചു കയറുന്ന ജനങ്ങള്‍ക്ക് ജോര്‍ജിന്റെ കൂടിയാട്ടവും കണ്ട് സഹിക്കാവുന്നതേയുള്ളൂ. കീഴൂട്ടെ കൊച്ചുപിള്ളയുടെ കാര്യം അങ്ങനെയല്ല. സിനിമയിലും സഹിക്കണം; ടിവിയിലും സഹിക്കണം; കാട്ടിലും സഹിക്കണം; നാട്ടിലും സഹിക്കണം. കൊയിലാണ്ടിയില്‍ പണ്ട് പെണ്ണുങ്ങളുടെ പിന്നാലെ പോയി തല്ലുവാങ്ങുമ്പോള്‍ അച്ഛന്‍ നേതാവും മകന്‍ നടനുമായിരുന്നു. ഇന്ന് അച്ഛന്‍ നടനും മകന്‍ മന്ത്രിയുമാണ്. ഇഷ്ടകാര്യങ്ങള്‍ക്ക് പിന്നാലെ പായാന്‍ ഒരു വണ്ടിമാത്രം പോരാ. എവിടെയൊക്കെ അറ്റന്‍ഡ് ചെയ്യണം? അതുകൊണ്ട് കിടക്കട്ടെ സ്റ്റേറ്റ് കാറുകള്‍ അഞ്ചെണ്ണം എന്നാണ് തീരുമാനിച്ചത്.

പത്തനാപുരത്തെ ബിവറേജസ് ഷാപ്പില്‍ ക്യൂനില്‍ക്കാന്‍ പോകാന്‍ ഒരു വണ്ടി, അടുത്ത സിനിമയ്ക്ക് നായികയെത്തേടി പ്രൊഡ്യൂസര്‍മാര്‍ക്ക് പോകാന്‍ ഒരു വണ്ടി, കിംസ് ആശുപത്രിയില്‍ കഞ്ഞിയും പയറും കൊണ്ടുപോകാന്‍ വേറൊരു വണ്ടി, മലക്കറിയും മീനും വാങ്ങാന്‍ ഇനിയൊരു വണ്ടി- ഇത്തരം സുപ്രധാന ആവശ്യങ്ങള്‍ക്ക് സ്റ്റേറ്റ് ബോര്‍ഡും ചുവന്ന വിളക്കും പിടിപ്പിച്ച വണ്ടിയില്ലെങ്കില്‍ പിന്നെന്തിന് മന്ത്രിസ്ഥാനം? എല്ലാം ഉമ്മന്‍ചാണ്ടി സഹിച്ചുകൊള്ളും. വേണമെങ്കില്‍ മൂന്നോ നാലോ വണ്ടി വേറെയും തരപ്പെടുത്തും. ജേക്കബ് അന്തരിച്ചതോടെ ഒരു സീറ്റിലാണ് ഭരണത്തൂക്കം. ജോര്‍ജിന്റെ കസേരയ്ക്ക് ഇളക്കം കലശലാണ്. ആ നിലയ്ക്ക് ഗണേശ് സെക്രട്ടറിയറ്റ് വളപ്പില്‍ ഐറ്റം ഡാന്‍സ് കളിച്ചാലും ഉല്‍കൃഷ്ട നൃത്തമാകും.

Sunday, October 30, 2011

സംസ്കാര സമ്പന്നഭരണം

അമേരിക്കയില്‍ ബന്ദും ഹര്‍ത്താലും നടക്കുന്ന കാലമാണ്. എന്തും സംഭവിക്കാം. കടുവയെ കിടുവ വിഴുങ്ങുന്നതും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ കേരള സംസ്ഥാന മുസ്ലിംലീഗ് വിഴുങ്ങുന്നതും പോലുള്ള മഹാത്ഭുതങ്ങള്‍ കാണാം. അക്കണക്കിന് ഉമ്മന്‍ചാണ്ടിയെ വാളകത്തെ സാറിനെയെന്നപോലെ ജോര്‍ജും ഗണേശനും കൈകാര്യം ചെയ്തു കിടത്തിയതിലും അതിശയത്തിന് അവകാശമില്ല.
ഉമ്മന്‍ചാണ്ടി പലരെയും കിടത്തിയതാണ്. മുടി ചീകിയതുകൊണ്ടോ കീറലില്ലാത്ത ഷര്‍ട്ട് ധരിച്ചതുകൊണ്ടോ സ്വഭാവത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. മനോരമയുടെ ബലവും തിരുവഞ്ചൂരിന്റെ തുണയും ഉള്ളതുകൊണ്ട് എവിടെ പാര കുത്തിക്കയറ്റിയാലും സംഗതിക്ക് ഒരു കുറവും വരില്ല. ടൈറ്റാനിയത്തില്‍ 20 കോടി, കൊച്ചി മെട്രോ റെയില്‍ കണക്കില്‍ സ്വന്തക്കാരന്റെ ബാങ്കില്‍ നിക്ഷേപം, പാമോയിലില്‍ കുളി, സൈന്‍ബോര്‍ഡുവക ജേക്കബ്ബിനെ സാക്ഷിയാക്കി 12 കോടി-ഉമ്മന്‍ചാണ്ടിയുടെ അഴിമതിയോ പാമ്പന്‍പാലമോ വലുതെന്നു ചോദിക്കാം. എന്നിട്ടും വെളുവെളെ ചിരിച്ച്, എനിക്ക് വേറെ പണിയുണ്ടെന്നു പറയുന്ന ഉമ്മന്‍ചാണ്ടിയെ ആന്റണിക്ക് തുല്യനായി ആരാധിക്കുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടു പോലും. ഗണേശന്‍ പറഞ്ഞത്, ഉമ്മന്‍ചാണ്ടി സാറിന് വിഷമമുണ്ടാകാതിരിക്കാന്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ്. പി സി ജോര്‍ജും ജോറായി രക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയെത്തന്നെ. കുഞ്ഞാലിക്കുട്ടി, ജോര്‍ജ്, ഗണേശന്‍ തുടങ്ങിയ സദ്സ്വഭാവികളായ മന്ത്രിമാരെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന നേതാവിനെ വേറെ എവിടെനിന്നും കൊണ്ടുവരാനാകില്ല. കാഴ്ചയില്‍ ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാണ്. അതല്ലെങ്കില്‍ ജോര്‍ജിനെപ്പോലെ ഒരു അംഗരക്ഷകന് 29 സ്റ്റാഫിനെയും സ്റ്റേറ്റ് കാറും കൊടുത്ത് തുടലഴിച്ചു വിടുമോ? ഒരര്‍ഥത്തില്‍ നോക്കിയാല്‍ , വാളകത്തെ അധ്യാപകനേക്കാളും മോശമായ അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. എവിടെയൊക്കെയാണ് കമ്പിപ്പാര കുത്തിക്കയറ്റിയതെന്നു തിട്ടപ്പെടുത്താന്‍ നിലവിലുള്ള മെഡിക്കല്‍ ടീമൊന്നും പോര. ഭരണത്തിന്റെ ആവേശരസായനം ദിവസം നാലുനേരം സേവിക്കുന്നതുകൊണ്ട് അസ്ക്യത പുറത്തുകാണുന്നില്ല എന്നേയുള്ളൂ.

ഈ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി വളരെ മോശമായി ബാധിക്കുന്ന കുറെ പരാതി കുറച്ചുകാലം മുമ്പ് പത്രക്കാര്‍ക്കും ഇടതുപക്ഷ നേതാക്കള്‍ക്കും ലഭിച്ചിരുന്നു. വ്യാജരേഖാ നിര്‍മിതിയടക്കം ഉണ്ട് അതില്‍ . അതു പുറത്തുവിട്ട് ഉമ്മന്‍ചാണ്ടിയെ നാണംകെടുത്താന്‍ ആരും തുനിഞ്ഞില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്താന്‍ വന്നവരെ ഓടിച്ചുവിടുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഇടതുപക്ഷ നേതാക്കളാകട്ടെ, കൈയില്‍ കിട്ടിയ കത്ത് ഭദ്രമായി കവറിലിട്ട് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചു. ഒരാളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ എടുത്തലക്കി രാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്നു വ്യക്തമാക്കിക്കൊണ്ട്. അത്തരം രാഷ്ട്രീയമാന്യതയുടെ ഗുണഫലം ആവോളം അനുഭവിക്കുന്ന ഉമ്മന്‍ചാണ്ടി പക്ഷേ, ഇന്ന് അധികാരത്തിന്റെ അര്‍ധബോധാവസ്ഥയില്‍ പ്രതിപക്ഷത്തിനുനേരെ കളിക്കാന്‍ ഉപയോഗിക്കുന്നത് വ്യക്തിപരമായ അധിക്ഷേപത്തിന്റെയും അപകീര്‍ത്തിപ്പെടുത്തലിന്റെയും ആയുധങ്ങളുമായാണ്. ഗണേശന്റെയും ജോര്‍ജിന്റെയും നേതാവുതന്നെ ഉമ്മന്‍ചാണ്ടി-നെറികേടിന്റെ കാര്യത്തില്‍. നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന് ആദ്യം അലറിയത് തിരുവഞ്ചൂരും കെ സി ജോസഫുമാണ്. ടി വി രാജേഷിനെയും ജയിംസ് മാത്യുവിനെയും അപകീര്‍ത്തിപ്പെടുത്തല്‍ കൃത്യമായ അജന്‍ഡ തന്നെയായിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയല്ല; മാപ്പുമന്ത്രിയാണ്. മന്ത്രിസഭയിലുള്ളവര്‍ വേണ്ടാതീനം കാട്ടും; മുഖ്യമന്ത്രി മാപ്പുപറയും. പക്ഷേ, സഭയിലെ രജനി സംഭവത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കിയത്, സഭയില്‍ വനിത ആക്രമിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ്. സഭയിലെ ദൃശ്യങ്ങളിലും അത്തരമൊരാക്രമണം ആരും കണ്ടിട്ടില്ല. എന്നിട്ടും ജയിംസും രാജേഷും ക്രൂശിക്കപ്പെട്ടു. എന്തേ ഉമ്മന്‍ചാണ്ടി മിണ്ടാത്തത്? ഉമ്മന്‍ചാണ്ടിക്കുവേണ്ടി വീല്‍ചെയറില്‍ കയറേണ്ടിവന്ന ആ പൊലീസുകാരിയുടെ സ്ഥിതിയാണ് കഷ്ടം. പി സി ജോര്‍ജ് പറയുന്നു:

"14-ാം തീയതി ഇവരുടെ എംഎല്‍എമാരെല്ലാം കൂടി വെല്ലിനകത്തോട്ടു ചാടിയിറങ്ങി. ആ വെല്ലിലോട്ടു ചാടിയിറങ്ങിയപ്പോ പാവപ്പെട്ട... ഇവന്മാരുടെ...ആവേശം മുഴുവന്‍ തീര്‍ത്തത് പാവപ്പെട്ട ഒരു വനിതാ പൊലീസുകാരിയുടെ നെഞ്ചത്തായിപ്പോയി.. അതാ പ്രശ്നം... ഇതു നാണക്കേടായതു കൊണ്ട് പുറത്തുപറയേണ്ടെന്നു വിചാരിച്ച് ഞങ്ങളൊക്കെ ഇങ്ങനെ ഇരിക്കുകയായിരുന്നു... ഇതു പുറത്തു പറയേണ്ട... കാരണം... ഞാനല്ലേ കണ്ടോണ്ടു നില്‍ക്കുന്നത്... എംഎല്‍എമാരു മുഴുവന്‍ കണ്ടു... ഞാനാണ് ആ പെണ്‍കുട്ടിയെ... പാവത്തിനെ അവിടെ... വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആ മാര്‍ഷലിന്റെ മുറിയില്‍ കൊണ്ടുപോയതും... വനിതാഡോക്ടറെ വിളിച്ചു... ആ പ്രദേശത്ത് ആണുങ്ങള്‍ക്കു പരിശോധിക്കാന്‍ പറ്റുമോ... അതുകൊണ്ട് വനിതാ ഡോക്ടറെ വിളിച്ചുവരുത്തിക്കൊടുത്തത് ഞാനാണ്. എന്നിട്ട് അവന്മാരു പറയുന്നത് തൊട്ടില്ലെന്നാ... തൊടാതെങ്ങനെയാ അതൊന്നിനും കൊള്ളാതായിപ്പോയി...?"

ആരെങ്കിലും നേരിട്ട് ആക്രമിച്ചാല്‍ ഉണ്ടാകില്ല ഇത്രയും അപമാനം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തഭൃത്യന് ഏതു സ്ത്രീയെയും ഇങ്ങനെ അപമാനിക്കാം. കോണ്‍ഗ്രസുകാരിയായിപ്പോയതിന് കിട്ടിയ ശിക്ഷ! ജോര്‍ജിനേക്കാള്‍ മാന്യതയുള്ളവരും യുഡിഎഫില്‍ ഉണ്ട്. മുമ്പന്‍ പി സി വിഷ്ണുനാഥ്. യുവ കോമളന്റെ വാക്കുകള്‍ :

".....അതിലൊരു പെണ്‍കുട്ടിയെ പോയി തളളി താഴെയിടുകയായിരുന്നു.. (ഇരുകൈകളും ഒന്നിച്ചൊരു ആംഗ്യം)... ആ പെണ്‍കുട്ടിയെ അപമാനിച്ചെന്നു പറഞ്ഞത്, പുരുഷനെതിരായാണ് തള്ളിയത് എങ്കില്‍ അത് ആക്രമണവും അതേസംഭവം തന്നെ ഒരു വനിതയ്ക്കു നേരെ ആകുമ്പോള്‍ അത് അപമാനവുമാണ്... എന്ത്... അപമാനമല്ലേ... ഒരു പുരുഷന്റെ കൈകൊണ്ട് ഒരു സ്ത്രീയെ തള്ളിയിടുമ്പോള്‍ അത് അപമാനമാണ്... (പിന്നെയും കൈ ആംഗ്യം)."

കുഞ്ഞാലിക്കുട്ടിയും മോശമാക്കിയില്ല. അവസാനവാക്കു പറയാനുള്ള മുതിര്‍ന്ന അംഗം അദ്ദേഹമാണല്ലോ. സ്പീക്കര്‍ പക്ഷേ പറഞ്ഞത് വേറെയാണ്:

"...എന്നാല്‍ ഇത് അംഗങ്ങളുടെ ഭഭാഗത്തു നിന്നുളള മനഃപൂര്‍വമായ നടപടിയായി ചെയര്‍ കരുതുന്നില്ല. അവര്‍ ആ ഒരുദ്ദേശ്യത്തോടു കൂടിയാണ് അങ്ങോട്ടു പോയതെന്നും ചെയര്‍ കരുതുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ മുന്നോട്ടുപോയതിനിടയില്‍ വന്ന ആ കൂട്ടമായിട്ടുള്ള സംഭവത്തില്‍ ഉണ്ടായതായിരിക്കും."

സ്പീക്കര്‍ പറഞ്ഞത് തെറ്റെന്നാണ് ഒടുവില്‍ ജോര്‍ജിന്റെ പ്രഖ്യാപനം. വനിതയെയും സ്പീക്കറെയും അപമാനിക്കുന്നവര്‍ ഭരണത്തില്‍ സസുഖം വാഴുന്നു. ഉമ്മന്‍ചാണ്ടി അവരെ നയിക്കുന്നു.

*

നായയെപ്പോലെ വാലാട്ടി നില്‍ക്കുന്നവരെയാണ് സിപിഎമ്മിന് വേണ്ടതെന്ന് ഒരു കുമാരന്‍ കണ്ടെത്തിയിരിക്കുന്നു. യുഡിഎഫില്‍ എത്തിയപ്പോഴാണത്രേ മനുഷ്യനാണെന്നു തോന്നിയത്. ജീവിതത്തിന്റെ സിംഹഭാഗവും നായയെപ്പോലെ കഴിയേണ്ടിവന്നത് സഹതാപാര്‍ഹം തന്നെ. എല്‍ഡിഎഫിലായിരുന്നപ്പോള്‍ പാലും ബിസ്കറ്റുമൊക്കെ കിട്ടിയിരുന്നു. ഇപ്പോള്‍ ഉച്ചിഷ്ടമാണ് ഭക്ഷണം. എല്ലിന്‍ കഷ്ണം എറിഞ്ഞുകൊടുക്കും-വേണമെങ്കില്‍ തിന്നാം; തിണ്ണയില്‍ കിടന്നുറങ്ങാം. നായയും മനുഷ്യനും തമ്മില്‍ ; വളര്‍ത്തുപട്ടിയും തെരുവു പട്ടിയും തമ്മില്‍ -വൈരുധ്യമുഖരിതമാണ് ലോകം.

പ്രശ്നവശാല്‍ കുമാരന്മാര്‍ക്ക് ഇത് കഷ്ടകാലമാണ്. മറ്റൊരു കുമാരന്‍ പിടിക്കപ്പെടുന്ന ലക്ഷണമാണ്. പണി ജുഡീഷ്യറിയെ കുപ്പിയിലിറക്കലാണ് പോലും. ബ്രേക്ക്ഫാസ്റ്റ് ഡല്‍ഹിയില്‍ , ലഞ്ച് മുംബൈയില്‍ , ഡിന്നര്‍ കൊച്ചിയില്‍ , ഉറക്കം ദുബായില്‍ എന്നതാണത്രേ ടിയാന്റെ ഷെഡ്യൂള്‍ . ദല്ലാള്‍ കുമാരനെപ്പറ്റി അന്വേഷണം വന്നപ്പോഴെല്ലാം അട്ടിമറിക്കപ്പെട്ടെന്നാണ് യുഡിഎഫ് പറഞ്ഞുവന്നത്. ഇപ്പോള്‍ ആരാണ് അട്ടിമറിക്കാരനെന്ന് തെളിഞ്ഞിരിക്കുന്നു-മറ്റാരുമല്ല, ഉമ്മന്‍ചാണ്ടിയുടെ ഫസ്റ്റ് ലെഫ്റ്റനന്റ് സാക്ഷാല്‍ തിരുവഞ്ചൂര്‍ . തിരുവഞ്ചൂരും ദല്ലാളും മധുവിധു ആഘോഷിക്കുന്നതിന്റെ പടമാണ് പുറത്തുവന്നത്. വിജിലന്‍സ് മന്ത്രിയും പ്രതിയും മച്ചമ്പിമാരായാല്‍ പാവം പൊലീസുകാര്‍ എന്തുചെയ്യും? ദല്ലാള്‍ കുമാരന്റെ അകമ്പടിക്കാരായി വരുന്നത് കേന്ദ്ര മന്ത്രിമാമാരാണത്രേ. റിലയന്‍സിന്റെ ഈ ഏജന്റാണ് കോണ്‍ഗ്രസിന്റെ പലപല കേസിലും കണ്‍സല്‍ട്ടന്റ് എന്നും ശ്രുതി. കേസ് തീര്‍പ്പാക്കണോ; ശിക്ഷിപ്പിക്കണോ; വെറുതെ വിടണോ എല്ലാത്തിനും കുമാരന്‍ തയ്യാര്‍ . വരവ് കോടികളാണ്.

കോണ്‍ഗ്രസിനെ ദല്ലാളുമാര്‍ നിയന്ത്രിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നന്മ പ്രതീക്ഷിക്കുന്നവര്‍ക്ക് നമോവാകമോതാം. ഉമ്മന്‍ചാണ്ടിയും ഒരു വലിയ ദല്ലാളാണല്ലോ.

*
എ കെ ബാലനെക്കൊണ്ട് പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നാണ് പി സി ജോര്‍ജ് പറയാതെ പറഞ്ഞത്. ജാതിപറഞ്ഞ് ആക്ഷേപിക്കുക മാത്രമല്ല; ഗണേശ്കുമാറിനെ മിസ്റ്റര്‍ എന്നു വിളിക്കാന്‍ പോലും പാടില്ലെന്ന് ജോര്‍ജിന്റെ കല്‍പ്പന. പൊലീസിനും വേണ്ട; കോടതിക്കും വേണ്ട; പ്രതികരണവിദ്വാന്മാര്‍ മൗനത്തിലാണ്. ശിവദാസമേനോനെതിരെയും എം വി ജയരാജനെതിരെയും കേസെടുക്കാന്‍ മണിക്കൂറുകള്‍ മതിയായിരുന്നു. ജോര്‍ജ് മൈക്ക്വച്ച് പുലയാട്ട് പറയുന്നു; സ്ത്രീകളെയും മാന്യന്മാരെയും അവഹേളിക്കുന്നു; ജാതിപ്പേര് വിളിക്കുന്നു. ചെന്നിത്തലപോലും പ്രതികരിച്ചു. പക്ഷേ, നമ്മുടെ ഉടന്‍ നീതിക്കാരും പ്രതികരണ വിദ്വാന്മാരും മിണ്ടുന്നില്ല. ടി എന്‍ പ്രതാപന്‍ മിണ്ടിക്കേട്ടു. ജോര്‍ജ് നെഞ്ചിനെക്കുറിച്ചാണ് ഉപന്യസിച്ചതെങ്കില്‍ കൊടിക്കുന്നില്‍ താല്‍പ്പര്യപ്പെട്ടത് പിന്‍ഭാഗത്തെക്കുറിച്ച് പറയാനാണ്. കോണ്‍ഗ്രസിന്റെ സാംസ്കാരിക ഔന്നത്യവും മോശമല്ല. ഗണേശ് കുമാറാണെങ്കില്‍ സിനിമാ നിര്‍മാതാക്കളെയാണത്രേ ഇപ്പോള്‍ ജോര്‍ജിന്റെ പണി ഏല്‍പ്പിക്കുന്നത്. കാര്യസ്ഥന്മാര്‍ ചലച്ചിത്രനടികളെ പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും വിലക്കിക്കളയാനും രംഗത്തിറങ്ങുന്നു. പണ്ട് കൊയിലാണ്ടിയില്‍ കിട്ടിയ തല്ല് മന്ത്രി മറന്നേ പോയി. ഇത്തരം പരിപാടികള്‍ക്ക് കാവല്‍നില്‍ക്കാനും ഒരു ഉമ്മന്‍ചാണ്ടി. കഷ്ടം. സംസ്കാരസമ്പന്ന ഭരണം. പാരകളുടെ ശയ്യയില്‍ കിടന്നാലും ഭരണം മതി.

Sunday, October 23, 2011

അച്ചായന്റെ ആചാരവെടി

ഭരണത്തില്‍ ഏതച്ചായന്‍ വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോട്ടയത്തെ മാമച്ചായനാണ്. നായനാര്‍ ഭരിക്കുമ്പോള്‍ പരസ്യവോട്ടുചെയ്തു എന്ന് വിവാദമുണ്ടാക്കണം. വി എസ് വന്നാല്‍ വെട്ടിനിരത്തല്‍ വീരനെന്നു വിളിക്കണം. കരുണാകരനെ ചാരനാക്കണം. ആന്റണിയാണെങ്കില്‍ പുണ്യവാളനാക്കണം. പുണ്യവാളന്റെ പുണ്യം കൂടിപ്പോയെന്നു വന്നാല്‍ വലിച്ചു താഴെയിട്ട് കുഞ്ഞൂഞ്ഞിനെ പിടിച്ചുകയറ്റണം. ചെന്നിത്തലയുടെ തലയ്ക്കിട്ട് കിഴുക്കണം. ഇതിനൊക്കെ എന്തു പ്രതിഫലം എന്ന ചോദ്യം അസ്ഥാനത്താണ്. മാമ്മന്‍ മാപ്പിളയായി തുടങ്ങിവച്ച കച്ചവടമാണ്. വിഷംകുടിക്കുമെന്നൊക്കെ ഒരാവേശത്തിന് പറഞ്ഞിരുന്നു. വിഷം കുടിപ്പിക്കലാണ് യഥാര്‍ഥ ജോലി. കൂലി വരമ്പത്തുതന്നെ കിട്ടും. നികുതിയിളവായും പത്മഭൂഷണായും തപാല്‍ സ്റ്റാമ്പായും. പ്രതിപക്ഷത്തെ ഒതുക്കുന്നതുമാത്രമല്ല, ഭരണപക്ഷത്തെ ചുമക്കുന്നതുകൂടി പുതിയ കാലത്ത് മാമച്ചായന്റെ ജോലിയാണ്. രണ്ടും ഒന്നിനൊന്ന് കഷ്ടം.

മലയാള മഹാരമയുടെ മാനസപുത്രന്റെ കഷ്ടിമുഷ്ടി സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ കോട്ടയത്ത് എലിപ്പനി വന്നതുപോലെയാണ്. അസ്വസ്ഥത പടര്‍ന്നുകയറും. ആരോരുമില്ല സഹായിക്കാന്‍ . ആകെ ഒരു പി സി ജോര്‍ജിന്റെ ശുശ്രൂഷയില്‍ ഉമ്മന്‍ചാണ്ടി എങ്ങനെ മുന്നോട്ടുപോകും? ഉപജാപത്തിനൊക്കെ കൂടുന്നുണ്ടെങ്കിലും കെ സി ജോസഫും തിരുവഞ്ചൂരും അത്രയ്ക്കങ്ങ് പോരാ. സത്യം പറഞ്ഞാലും കളവാണെന്നേ തോന്നൂ. ആര്യാടന് മിണ്ടാവ്രതമാണ്. ചെന്നിത്തല പറയുന്നത് നല്ലതിനോ ചീത്തയ്ക്കോ എന്ന് തിരിച്ചറിയാനാകുന്നുമില്ല. പണ്ടൊക്കെ എല്ലാ പണിയും മനോരമ ചെയ്തതാണ്. അന്ന് നശിച്ച ചാനലുകള്‍ ഉണ്ടായിരുന്നില്ല. മനോരമയും മാതൃഭൂമിയും പറഞ്ഞാല്‍ അതായിരുന്നു പരമമായ സത്യം. സ്വന്തമായി ചാനല്‍ തുടങ്ങിയെങ്കിലും വേണ്ട രീതിയില്‍ പൊങ്ങിയിട്ടില്ല. വലിയ പ്രതിസന്ധിതന്നെയാണ്. വിഷംകുടി അപ്പൂപ്പനടക്കമുള്ള പൂര്‍വികര്‍ സഹിക്കില്ല. ജന്മോദ്ദേശ്യം നടക്കുന്നില്ലെങ്കില്‍ പിന്നെ ഈ ജീവിതമെന്തിന് തന്നു എന്ന അസ്തിത്വ പ്രതിസന്ധി. ഇത്തരം ഘട്ടങ്ങളില്‍ പണ്ടുചെയ്ത കുറെ കാര്യങ്ങളുണ്ട്. ചക്ക് മുന്നില്‍കാണുമ്പോള്‍ കൊക്ക് എന്നു പറയണം. പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും എന്നാണ്. അളമുട്ടുമ്പോള്‍ മനോരമ ആരെയും കടിക്കും. അങ്ങനെ ഗതികിട്ടാവേളയിലെ ചില തീറ്റയും കടിയുമാണ് കുറെ ദിവസമായി നടക്കുന്നത്.

ആദ്യരംഗം നിയമസഭയിലാണ്. ഒക്ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത വന്നു. "അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞുകൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കുമാറിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്" (ഏതുദൃശ്യം; എവിടത്തെ ദൃശ്യം; ആര് കാണിച്ചു; ആര് കണ്ടു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കോട്ടയത്ത് വന്നാല്‍ സ്വകാര്യമായി നല്‍കപ്പെടും). അതേ വാര്‍ത്തയില്‍ "കോടിയേരി ബാലകൃഷ്ണനോട് ജെയിംസ് മാത്യു|എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേക്ക് ഇടിച്ചുകയറാന്‍ തിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് രജനിക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണ് തളളിയതെന്ന് വ്യക്തമായില്ലെന്നാണ് വിവരം." മനോരമയുടെ നിയമസഭാ റിപ്പോര്‍ട്ടര്‍ പി സി ജോര്‍ജാണോ അതോ ഉമ്മന്‍ചാണ്ടിതന്നെയോ എന്ന് തോന്നിപ്പോകും. ഇനി സ്ട്രിങ്ങറായി സ്പീക്കറെ നിയമിച്ചോ? "സഭയില്‍ നടന്നത് നാടിന് അപമാനം-മുഖ്യമന്ത്രി" എന്ന തലക്കെട്ടിനു താഴെ കുഞ്ഞാലിക്കുട്ടിയുടെ സാക്ഷ്യവും മലയാള മഹാരമയില്‍തന്നെ. അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞുകൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടുകണ്ടുവെന്ന് "സ്ത്രീപീഡന"ത്തില്‍ മനംനൊന്ത കുഞ്ഞാലിക്കുട്ടി പറയുന്നു. തൊപ്പി താഴെ വീണു, കരഞ്ഞു എന്ന് പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു. അതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അതില്‍ പക്ഷേ, കരച്ചിലുമില്ല; തല്ലിയെന്നുമില്ല.

ഒക്ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ പത്രലേഖകരെ കാണിച്ചതും പുറത്തുവിട്ടതും 17നാണ്. പിന്നെങ്ങനെ അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞുകൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്ന് ഒക്ടോബര്‍ 15ന്റെ മനോരമ റിപ്പോര്‍ട്ടില്‍ വന്നു? മറുപടി മനോരമ പറയില്ല. പക്ഷേ, സ്പീക്കര്‍ പറയണം. നിയമസഭയിലെ വീഡിയോദൃശ്യങ്ങള്‍ അപ്പാടെ കോട്ടയത്തേക്ക് കൊണ്ടുപോകുന്നിടത്തുവരെ വളര്‍ന്നോ മനോരമയുടെ സ്വാധീനം? എന്തായാലും ദൃശ്യങ്ങള്‍ ഔദ്യോഗികമായി സ്പീക്കര്‍ പുറത്തുവിട്ടതോടെ തൊപ്പിക്കഥ പൊളിഞ്ഞു. ആംഗ്യം കാട്ടി പി സി ജോര്‍ജും വിഷ്ണുനാഥും പടച്ചോനെ ആണയിട്ട് കുഞ്ഞാലിക്കുട്ടിയും എഴുന്നള്ളിച്ച തല്ലുകഥയും തള്ളുകഥയും ദൃശ്യങ്ങളില്‍ കാണാനേയില്ല.

മനോരമ എഴുതുന്നു: "വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍ , രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനുമുന്നില്‍നിന്ന് കയറുന്ന ഇവര്‍ പിന്നീട് പുറകിലേക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരുസെക്കന്‍ഡ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെയിലാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്." എവിടെ തല്ല്? എവിടെ തള്ള്? തൊപ്പി എങ്ങോട്ടുപോയി? ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ് എന്നീ കൊലകൊമ്പന്മാരും അവരുടെ ഭീഷണിക്കുവഴങ്ങി വനിതാ പൊലീസുകാരിയും പറഞ്ഞ കഥകള്‍ക്ക് എന്തു സംഭവിച്ചു? ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും തെറിവിളിച്ച് ചാനലുകള്‍ കയറിയിറങ്ങിയ എംഎല്‍എ മാന്യന്മാര്‍ എങ്ങോട്ടുപോയി? എം വി ജയരാജന്‍ ഇവരെയൊന്നും വേണ്ടതുപോലെ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. കൈത്തോക്കുചൂണ്ടി കാവടിയാട്ടം നടത്തിയ കോഴിക്കോട്ടെ ഭ്രാന്തന്‍ പിള്ളയ്ക്കാണോ അതോ ഈ നുണയന്മാര്‍ക്കാണോ ആദ്യം പെടകിട്ടേണ്ടത്?

എന്നിട്ടും മനോരമയുടെ ഒരു നായര്‍ എഴുതിയത്, "പിഴച്ചതില്‍ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം" എന്നാണ്. എന്താണാവോ പിഴവ്? ചെയ്യാത്ത കുറ്റത്തിന് ഖേദം പറയാത്തതോ? പറയാത്ത ഖേദം പറഞ്ഞു എന്ന് സമ്മതിക്കാത്തതോ? മഹിളാ കോണ്‍ഗ്രസിന്റെ പിആര്‍ഒപ്പണി എടുക്കുന്ന സ്പീക്കര്‍ പറഞ്ഞതിനെല്ലാം അടിയൊപ്പ് ചാര്‍ത്താത്തതോ? ഇതാണ് മനോരമയുടെ കൂറ്. പാമൊലിന്‍ കേസില്‍പെട്ടത് ഉമ്മന്‍ചാണ്ടിയുടെ മുഖകാന്തി വര്‍ധിപ്പിച്ചെന്നും ഐസ്ക്രീം കേസിലൂടെ കുഞ്ഞാലിക്കുട്ടി ഗ്ലാമര്‍ താരമായെന്നും എഴുതും. സ്ത്രീകളെ ആക്രമിച്ചു എന്ന പച്ചക്കള്ളം ഓര്‍ക്കാപ്പുറത്ത് തലയില്‍ വന്നു വീണപ്പോള്‍ ഒന്ന് പൊട്ടിപ്പോയ കുറ്റത്തിന് ടി വി രാജേഷിനെ നാണംകെടുത്താനുള്ള വിരുതും അച്ചായന്‍ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. ഇത്തരം അഭ്യാസംകൊണ്ടൊന്നും സംഗതി പന്തിയാകുന്നില്ല എന്ന് അനുഭവംകൊണ്ട് അച്ചായനറിയാം. അങ്ങനെയാണ്, കുഞ്ഞാലിക്കുട്ടിയുടെ പരിപാടി എടുത്തത്. തനിക്കെതിരെ വലിയ കേസുകള്‍ വരുമ്പോള്‍ കുഞ്ഞാലിക്കുട്ടി സ്വീകരണം സംഘടിപ്പിക്കും. ഏതെങ്കിലും മൈതാനത്തെ പച്ചച്ചെങ്കടലാക്കിക്കൊണ്ട് ലീഗിന്റെ കുട്ടികള്‍ പാഞ്ഞുവന്നുകൊള്ളും. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം കഴിഞ്ഞാല്‍ അവിടെ അടി തുടങ്ങുകയായി. പലപ്പോഴും വെടിയും പൊട്ടും. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമെല്ലാം അതാണ് നടന്നത്.

മനോരമയുടേതും സമാനമായ അടവാണ്. യുഡിഎഫ് കുഴപ്പത്തിലാകുമ്പോള്‍ സിപിഐ എമ്മിലെ വിഭാഗീയതയെക്കുറിച്ച് പ്രബന്ധം രചിക്കും. പാര്‍ടി സമ്മേളനം നടക്കുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും ഇല്ല. നേതാക്കളെ തമ്മില്‍തമ്മിലും പാര്‍ടിയും നേതാക്കളും തമ്മിലും ഭിന്നിപ്പിക്കാനോ ഭിന്നിപ്പുണ്ടെന്ന് വരുത്താനോ വാര്‍ത്തകള്‍ ഏതുമില്ല. എന്നിട്ടും ഇരുട്ടില്‍ കണ്ടന്‍പൂച്ചയെ തപ്പുകയാണ്. വെറുതെ എന്തിന് പിള്ളയെയും ഉമ്മന്‍ചാണ്ടിയെയും ന്യായീകരിച്ച് സമയം കളയണം; പാര്‍ടി സമ്മേളനം വരികയല്ലേ; അതില്‍ കയറിപ്പിടിച്ചാല്‍ പണി കുറയും; ഗുണം കൂടും- ഇതാണ് മനോരമയുടെ പരമ്പരാഗതസിദ്ധാന്തം.

അങ്ങനെയാണ്, പാര്‍ടി സമ്മേളനങ്ങള്‍ക്ക് നല്ല നമസ്കാരം പറഞ്ഞ് ഇടത്തുവീശി; വലത്തുവീശി തുടങ്ങിയത്. നിയമസഭയില്‍ കെ പി മോഹനന്‍ കാലെടുത്തുവച്ചതുപോലെയാണ് തുടക്കം. പരമ്പരയുടെ കാല് ഡസ്കിലേക്ക് പൊങ്ങിയപ്പോള്‍ അനാവൃതമായത് മനോരമയുടെ നഗ്നതയാണ്. കമ്യൂണിസ്റ്റ് വിരോധത്തിന്റെ ഈ നഗ്നത കൊണ്ടാണ് എന്നും കോണ്‍ഗ്രസിനെ രക്ഷിച്ചിട്ടുള്ളത്. അതിനായി പണ്ട് ചുമ്മാതെങ്കിലും ചുമ്മാതല്ലെന്ന് തോന്നിച്ച് എഴുതുന്ന ചിലരൊക്കെയുണ്ടായിരുന്നു. അല്‍പ്പസ്വല്‍പ്പം ഗുണവും മണവുമുള്ള അവര്‍ക്കുപകരം ഇന്നുള്ളത് കുറെ പൈതങ്ങള്‍ മാത്രം. അങ്ങനെ പൈതല്‍പരമ്പര ആരംഭിച്ചു. എഴുതിയിട്ടും എഴുതിയിട്ടും മുന്നോട്ടുപോകുന്നില്ല. പുതിയത് ഒന്നുമില്ല. പണ്ട് പറഞ്ഞതും പടയില്‍ തോറ്റതും പാട്ടുപാടിയതും പയ്യാരം കളിച്ചതും എഴുതി മുടിക്കുകയാണ് പൈതല്‍പട. ആരും ഗൗനിച്ചിട്ടില്ല. ഗൗനിക്കാനുള്ള കോപ്പൊന്നും വന്നതുമില്ല.

എന്തായാലും സമ്മേളനമല്ലേ-ആചാരവെടി നിര്‍ബന്ധമാണ്. സിപിഐ എമ്മിന്റെ സമ്മേളനം നടക്കുമ്പോള്‍ ഒരു പരമ്പരയെങ്കിലും എഴുതിയില്ലെങ്കില്‍ മാമ്മന്‍ മാപ്പിളയുടെയും മാത്തുക്കുട്ടിച്ചായന്റെയും ആത്മാക്കളോട് എന്ത് സമാധാനം പറയും. കര്‍മം ചെയ്യുക നമ്മുടെ ധര്‍മം; കര്‍മഫലം തരും യഥാര്‍ഥ പടച്ചോന്‍ .

Monday, October 17, 2011

യുഡിഎഫിന്റെ അമരക്കാരന്‍

വന്നുവന്ന് സ്ത്രീകളെ ആയുധമാക്കിയാണ് കളി. പി ജെ ജോസഫിനെതിരെ എസ്എംഎസ് കേസുണ്ടാക്കിയവര്‍ യുഡിഎഫിന്റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നു. യുഡിഎഫിന്റെ വക്താവ് പിസി ജോര്‍ജാണ്. ആ മുന്നണിയുടെ ഗുണനിലവാരത്തിന് മറ്റൊരു വ്യാഖ്യാനം വേണ്ട. പി സി ജോര്‍ജ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നു; സഭയില്‍ വനിതയ്ക്കുനേരെ കൈയേറ്റമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി ധാര്‍മികരോഷം കൊള്ളുന്നു; മന്ത്രി കെ സി ജോസഫ് പ്രകടനം നയിക്കുന്നു; രമേശ് ചെന്നിത്തലയുടെ നിര്‍ദേശം നടപ്പാക്കാന്‍ സ്പീക്കര്‍ അരങ്ങൊരുക്കുന്നു- സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്; അതുമൂലം സഭയുടെ അന്തസ്സിന് കോട്ടംതട്ടി എന്ന് സ്പീക്കര്‍ ജി കാര്‍ത്തിയേന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല.

ഉമ്മന്‍ചാണ്ടി നല്ല പ്രകടനക്കാരനാണ്. പി സി ജോര്‍ജും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം രണ്ടുപേര്‍ക്കും ക്യാബിനറ്റ് റാങ്കുണ്ട് എന്നതുമാത്രമല്ല. കള്ളംപറയുന്നവരെ നാട്ടില്‍ വിളിക്കുന്ന പേര് അദ്ദേഹത്തിന് സര്‍വഥാ യോജിക്കും എന്നാണ്, സഭയ്ക്കകത്തു മെനഞ്ഞ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ രണ്ട് എംഎല്‍എമാര്‍ ആക്രമിച്ചെന്ന കഥയില്‍ തെളിഞ്ഞത്. എവിടെ അതിന്റെ ദൃശ്യം എന്ന ചോദ്യത്തിന് മറുപടിയില്ല. പുറത്തുവിട്ടതിലൊന്നും അങ്ങനെയൊരു രംഗം കാണുന്നുമില്ല. എല്ലാറ്റിനും സാക്ഷി പി സി ജോര്‍ജാണ്. സ്പീക്കറെ 'എടാ' എന്നുവിളിച്ചു; 'താന്‍ എവിടത്തെ സ്പീക്കറാടാ' എന്നാക്രോശിച്ചു എന്നൊക്കെ പി സി ജോര്‍ജ് സാക്ഷിമൊഴി നല്‍കി. വനിതയെ'ആക്രമിച്ച'തിന് തെളിവില്ലാഞ്ഞപ്പോള്‍ പുതിയ കഥ.
പി സി ജോര്‍ജ് യുഡിഎഫിനുവേണ്ടി ആധികാരികമായി പറയുന്നു-എല്ലാം എല്ലാവരും കാണട്ടെ എന്ന്. ഇതേ മനുഷ്യന്‍ സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് അവിടത്തെ ജീവനക്കാരെ വിളിച്ച തെറി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. തുടലഴിച്ച വളര്‍ത്തുമൃഗം ആരെയൊക്കെ കടിക്കുമെന്നും ആര്‍ക്കുനേരെയൊക്കെ കുരയ്ക്കുമെന്നും സാക്ഷാല്‍ കെ രാജേശ്വരിയ്ക്കുപോലും പ്രവചിക്കാനാവില്ല. ക്യാബിനറ്റ് റാങ്കുളളതാണ് ഇനമെങ്കില്‍ സംശയിക്കേണ്ട കാര്യമില്ല. വയറുനിറച്ച് പൊറോട്ടയും ബീഫും വാങ്ങിക്കൊടുക്കുന്ന യജമാനന്റെ ശത്രുക്കളുടെ പട്ടിക നോക്കിയാല്‍ കടി കിട്ടുന്നവരെ പ്രവചിക്കാം. സ്വയം ശത്രുക്കളെ നിശ്ചയിച്ച് തെരഞ്ഞുപിടിച്ച് കടിക്കാനുളള വിശേഷബുദ്ധിയും അതിനുണ്ടാകും. കടികൊണ്ടവര്‍ ഒരുപാടുണ്ട്. പി ജെ ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമൊക്കെ ബോധ്യപ്പെട്ട സനാതനസത്യമാണത്. കെ എം മാണി സൂക്ഷിച്ചേ കൈകാര്യംചെയ്യാറുള്ളൂ.

പണ്ടുകാലത്ത്, ഏതാണ്ട് 1986ല്‍ ഈ ശൌര്യമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ടി വി രാജേഷിനെ പരിഹസിച്ചല്ലോ. പച്ചക്കള്ളം മുഖ്യമന്ത്രിതന്നെ പറയുമ്പോള്‍ ആരായാലും ചിലപ്പോള്‍ ഒരു നിമിഷത്തേക്ക് പതറിപ്പോകും. ജോര്‍ജിന്റെ കഥ അതല്ല. അന്ന് അഴിമതിക്ക് കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ഈ വീരശൂര ജോര്‍ജ് നിയമസഭയില്‍നിന്ന് പൊട്ടിക്കരഞ്ഞ ചരിത്രം പുതിയ തലമുറയ്ക്കറിയില്ല. 'കേരള കോണ്‍ഗ്രസിലെ പി സി ജോര്‍ജ് ഇന്നലെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണത്തിന് മറുപടി പറഞ്ഞപ്പോള്‍ കരഞ്ഞുപോയി' എന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാല്‍ മലയാള മനോരമയാണ്. നമ്പാടന്‍ ആരോപിച്ചു, ജോര്‍ജ് കരഞ്ഞു എന്ന വാര്‍ത്തയുടെ തുടക്കവാചകമായിരുന്നു ഇത്. വാര്‍ത്ത വന്നത് 1986 ജൂലൈ ഒമ്പതിന്.
പുറമ്പോക്കുസ്ഥലം കൈയേറി വീടുവയ്ക്കുക, പുറമ്പോക്കില്‍ നിന്ന പ്ളാവ് മോഷ്ടിച്ചുവില്‍ക്കുക തുടങ്ങിയ കലാപരിപാടികള്‍ പൊതുജനസമക്ഷം കാഴ്ചവച്ച മിടുമിടുക്കന്റെ പേര് പ്ളാന്തോട്ടത്തില്‍ മത്തായി ചാക്കോ. ചാക്കോയുടെ വീരകൃത്യങ്ങള്‍ ശംഖുമുദ്രയുള്ള കടലാസില്‍ രേഖപ്പെടുത്തിയത് സ്ഥലം തഹസില്‍ദാര്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടിലെ ആവശ്യങ്ങളാണ് അന്ന് ലോനപ്പന്‍ നമ്പാടന്‍ സഭയിലുദ്ധരിച്ചത്. മനോരമ അത് അക്കമിട്ടുനിരത്തി. അവയിങ്ങനെയായിരുന്നു.

1. ജോര്‍ജിന്റെ പിതാവിന്റെപേരില്‍ മോഷണക്കുറ്റത്തിന് കേസെടുക്കണം.

2. അനധികൃതമായി കൈയേറിയ സ്ഥലത്തു നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റണം.

3. മോഷ്ടിച്ച തടിയുടെ വില ജോര്‍ജിന്റെ പിതാവില്‍നിന്ന് ഈടാക്കണം.

4. കൈയേറ്റത്തിനും കളവിനും കൂട്ടുനിന്ന ഈരാറ്റുപേട്ട ബി ആന്‍ഡ് ആര്‍ അസിസ്റന്റ് എന്‍ജിനിയര്‍ ഇ കെ ഹസ്സന്‍ കുട്ടിയുടെ പേരില്‍ ശിക്ഷണനടപടികളെടുക്കണം.

ഈ സംഗതി നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് പ്ളാന്തോട്ടത്തില്‍ മത്തായി ചാക്കോയുടെ മകന്‍ പി സി ജോര്‍ജ് വലിയവായില്‍ നിലവിളിച്ചത്. അന്ന് ചാനലുകളും തത്സമയസംപ്രേഷണവുമില്ല. അപ്പന്റെ മോഷണക്കുറ്റം സഭയില്‍ ഉന്നയിക്കുമ്പോള്‍ പൊട്ടിക്കരയുന്ന മകന്റെ ചിത്രമെടുക്കാന്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുവാദവുമില്ല. അതുകൊണ്ട്, ടി സംഭവത്തിന് വിഷ്വല്‍ റെക്കോര്‍ഡുകള്‍ നഹി. പക്ഷേ, എല്ലാം നികത്താന്‍ മനോരമയുടെ ഒന്നാംപേജ് ധാരാളം.

പൊട്ടിക്കരയുക മാത്രമല്ല, ഈരാറ്റുപേട്ടയുടെ സ്വന്തം വീരപുത്രന്‍ ചെയ്തത്. സഭയുടെ മുന്നില്‍ വിചിത്രമായ ഒരാവശ്യവും ആ ദേഹം അവതരിപ്പിച്ചു. നിലവിളിയ്ക്കിടയില്‍ തെറിച്ചുവീണ വാക്കുകള്‍ പെറുക്കിക്കൂട്ടിയപ്പോള്‍ ആ ആവശ്യം ഇങ്ങനെയായിരുന്നു, "ആരോപണങ്ങള്‍ സ്പീക്കര്‍ അന്വേഷിക്കണം.''

ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് തുടങ്ങിയ ഉടന്‍കൊല്ലി ‘ഭരണഘടനാവിദഗ്ധരുടെ സേവനം അന്നും ജോര്‍ജിനു കിട്ടിയിരുന്നിരിക്കണം. എംഎല്‍എയുടെ പിതാവ് മോഷ്ടിച്ചാല്‍ അന്വേഷണം നടത്തേണ്ടത് പൊലീസും തഹസില്‍ദാരുമൊന്നുമല്ല, സ്പീക്കറാണ് എന്ന് വാദിക്കാന്‍ മേപ്പടി ‘ഭരണഘടനാവിദഗ്ധര്‍ക്കു മാത്രമേ കഴിയൂ. പ്ളാന്തോട്ടത്തില്‍ - പ്ളാവ് - ചാക്കോ - ചക്ക എന്ന ലൈനിലൊരു നിയമവ്യാഖ്യാനം. നില്‍ക്കുന്നത് പുറമ്പോക്കിലോ വീട്ടുവളപ്പിലോ ആകട്ടെ, സംഗതി പ്ളാവാണോ, അതു പ്ളാന്തോട്ടത്തില്‍ ചാക്കോയ്ക്ക് അവകാശപ്പെട്ടതാണ്, ലോകത്ത് ഏത് സര്‍വേ നമ്പറില്‍ പ്ളാവുനിന്നാലും പ്ളാന്തോട്ടത്തില്‍ കുടുംബക്കാര്‍ക്കു വെട്ടാം, വില്‍ക്കാം എന്നൊക്കെയുളള കാളീശ്വരം രാജ് വക നിയമവ്യാഖ്യാനം ലേഖനരൂപത്തില്‍ മാതൃഭൂമി എഡിറ്റ് പേജില്‍ വന്നുകാണാനും വഴിയുണ്ട്.

പ്ളാവു വെട്ടുക മാത്രമല്ല, മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ സര്‍വേ- 25ല്‍പ്പെട്ട ഈരാറ്റുപേട്ട - ചേന്നാട് പിഡബ്ള്യുഡി റോഡു പുറമ്പോക്ക് 24 സെന്റ് സ്ഥലം ജോര്‍ജ് കൈയേറി വീടുവച്ചെന്നും ബന്ധപ്പെട്ട അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ പലപല കഥകളുണ്ട്. പിള്ളയുടെ ബലാത്സംഗകഥ പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ അത്തരം കഥകളുടെ ഒരു ഒഴുക്കായിരുന്നു. ജോര്‍ജും പിള്ളയും തമ്മില്‍ പക്ഷേ താരതമ്യമില്ല. പിള്ള എത്രയോ മാന്യന്‍.

*
പ്രവേശനപരീക്ഷയില്‍ കിലോമീറ്ററുകള്‍ പിന്നിലായ കഷ്ടിമാര്‍ക്കുകാരന് എങ്ങനെ സര്‍ക്കാര്‍ കോളേജില്‍ നേരിട്ട് അഞ്ചാം സെമസ്ററില്‍ പ്രവേശനം ലഭിക്കും? ഉത്തരം ലളിതമാണ്. ആദ്യം ഏതെങ്കിലും സ്വാശ്രയ കോളേജില്‍ ചേരുക. പിന്നെ എസ്എഫ്ഐക്കാര്‍ റാഗിങ് നടത്തി എന്നൊരുരു കഥയുണ്ടാക്കുക. അതിലും പിന്നെ മനോരയുടെ സണ്‍ഡേ സപ്ളിമെന്റില്‍ മുഴുനീള അഭിമുഖം സംഘടിപ്പിക്കുക (ഗുണ്ടാ നേതാവ് ആയ സജിയും ഇതുപോലെ ഒരെണ്ണം തരപ്പെടുത്തിയിരുന്നു). ഇത്രയുമായാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസും കെഎസ്യുവും ഏറ്റെടുത്തുകൊള്ളും. മൂന്നും നാലും സെമസ്ററുകള്‍ പഠിച്ചില്ലെങ്കിലും കുകുഴപ്പമില്ല നേരിട്ട് അഞ്ചില്‍ അതും ഏറ്റവും മികച്ച സര്‍ക്കാര്‍കോളേജില്‍ മുഖ്യമന്ത്രിയുടെഉത്തരവാദിത്തത്തില്‍ പ്രവേശനം കിട്ടും. അതിനെതിരെ പ്രതികരിച്ചാല്‍ എല്ലാവരുംകൂടി അത് എസ്എഫ്ഐ ആക്രമണമായി ചിത്രീകരിക്കുകയും ചെയ്യും.

മനോരമയില്‍ വന്ന കഥ എന്തുകൊണ്ടോ മറ്റ് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. നിര്‍മല്‍ മാധവ് പറയുന്നതിനപ്പുറം ഒന്നും ആരും പറയുന്നില്ല. സ്വന്തമായി അഭിപ്രായമില്ല; അന്വേഷണം തീരെയില്ല. നിര്‍മലിന്റെ സഹപാഠികളുടെയോ അധ്യാപകരുടെയോ അഭിമുഖമില്ല, വെളിപ്പെടുത്തലുകളില്ല. പക്ഷേ നിര്‍മല്‍ മാധവ് 'എസ്എഫ്ഐ ആക്രമണത്തിന്റെ ഇര'യുമാണ്. സംഭവങ്ങള്‍ നടന്നത് ഇടത് സര്‍ക്കാര്‍‘ഭരിക്കുമ്പോഴാണ്. പൂച്ചമുള്ളിയാല്‍ വിവാദമുണ്ടാക്കുന്ന ആ കാലത്ത് എസ്എഫ്ഐയെയും സര്‍ക്കാരിനെയും അടിക്കാന്‍ കിട്ടിയ ഈ പെരുത്ത വടി എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നതും ആശ്ചര്യം തന്നെ.

വാല്‍ക്കഷ്ണം:

നിയമസഭയില്‍ ഒരു മുണ്ടുപൊക്കല്‍ കഥ പ്രചരിക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമോ ആവോ. സുധാകരന്റെ ഗണ്‍മോന്‍ യാത്രക്കാരനെ തല്ലിക്കൊന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ക്വട്ടേഷന്‍ ചെയ്യാന്‍ എത്ര ഗണ്‍മക്കള്‍.

Sunday, October 9, 2011

പടയാളിയുടെ പരാക്രമം

പ്രഹ്ലാദന്‍ ഗോപാലനും പടയാളി രാമകൃഷ്ണനും സഹോദരങ്ങളാണ്. രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ടിയില്‍ ചരിത്രം വിരചിച്ച വീരശൂര പരാക്രമികള്‍ . ചേട്ടന്‍ ഗോപാലന്‍ , അനിയന്‍ രാമകൃഷ്ണന്‍ . ആദര്‍ശമാണ് രണ്ടുപേരുടെയും രോഗം. അത് മൂത്താല്‍പിന്നെ പിടിച്ചാല്‍ കിട്ടില്ല. പണ്ട് അറുപത്തിനാലില്‍ പി ടി ചാക്കോ പീച്ചിയില്‍ കാറപകടത്തില്‍പെട്ടു. കൂടെ ഒരു&ലരശൃര;യുവതി ഉണ്ടായിരുന്നു. പ്രശ്നമായി. മന്നം- ചാക്കോ-ശങ്കര്‍ ത്രയത്തില്‍ ഒരാളാണ് പി ടി ചാക്കോ. വിമോചനസമര വീരനായകന്‍ . കോണ്‍ഗ്രസിന്റെ കരുത്തന്‍ ആഭ്യന്തരമന്ത്രി. അന്ന് പ്രതിപക്ഷം ചാക്കോയുടെ രാജിക്കായി സഭയിലും പുറത്തും പ്രക്ഷോഭം നടത്തി. പ്രഹ്ലാദന്‍ ഗോപാലന്‍ മാടായിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. ആദര്‍ശം തലയിണയാക്കി കിടന്നുറങ്ങവെ, സാക്ഷാല്‍ ഗാന്ധിജി ഗോപാലന്റെ സ്വപ്നത്തില്‍ തെളിഞ്ഞു. അരേ പ്രഹ്ലാദ് ജീ, സദാചാരം കാത്തു സൂക്ഷിക്കാന്‍ പോരാടൂ എന്ന് അരുളിച്ചെയ്തു. പിറ്റേന്ന് രാവിലെ ഗോപാലന്‍ നിയമസഭയ്ക്കു മുന്നില്‍ ഹരേരാമ വിളിച്ച് കുത്തിയിരിപ്പ് തുടങ്ങി. സദാചാരം സംരക്ഷിക്കണം; ചാക്കോ പുറത്തുപോകണം എന്നായിരുന്നു മുദ്രാവാക്യം. കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ ഓടിയെത്തി നാരങ്ങാനീര് നല്‍കിയാണ് ഒരുവിധം പ്രഹ്ലാദ്ജിയെ പിന്തിരിപ്പിച്ചത്.

പി ടി ചാക്കോ രാജിവച്ച് വക്കീല്‍കോട്ടിട്ട് കോടതിയില്‍ പോയി. കോണ്‍ഗ്രസ് ചരിത്രത്തിലെ മഹത്തായ ഗാന്ധിയന്‍ പോരാട്ടമായി പ്രഹ്ലാദന്റെ സത്യഗ്രഹം തങ്കലിപികളില്‍ രേഖപ്പെടുത്തി. അതിനുശേഷം കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയെ സ്വപ്നംകാണുന്നത് ഇപ്പോള്‍ പി രാമകൃഷ്ണനിലൂടെയാണ്. പ്രഹ്ലാദനെപ്പോലെയല്ല പടയാളി. താന്‍ പ്രസിഡന്റായ ഡിസിസി ആപ്പീസില്‍ പൂട്ടിയിടപ്പെടുക, മുറ്റത്ത് വളഞ്ഞുവയ്ക്കപ്പെടുക, ഗേറ്റിനകത്തേക്ക് കടക്കാന്‍ ധൈര്യമില്ലാതിരിക്കുക, മോഹിച്ച സീറ്റ് വരത്തന്‍മാര്‍ കൊണ്ടുപോകുമ്പോള്‍ നെടുവീര്‍പ്പിടുക, ഡിസിസി ഓഫീസില്‍ അന്തേവാസികളായെത്തുന്ന ക്വട്ടേഷനണ്ണന്‍മാര്‍ക്ക് ചായ വരുത്തിക്കൊടുക്കുക തുടങ്ങിയ ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കെപിസിസി പതിനഞ്ചു ദിവസം അനുവദിച്ചിട്ടും കാത്തുനില്‍ക്കാതെ മണിക്കൂറുകള്‍കൊണ്ട് രാജിവെച്ച ധീരനാണ്. ആദര്‍ശരാജി അയച്ചുകൊടുത്തപ്പോള്‍ അയ്യോ അനിയാ പോകല്ലേ എന്ന് പറയാന്‍ ഒരു സുധീരന്‍പോലും വന്നില്ല. അല്ലെങ്കിലും പാച്ചുവും കോവാലനും നേരില്‍വന്ന് കണ്ടു നമസ്കരിച്ചതോടെ സുധീരന്റെ അസുഖം മാറിയ മട്ടാണ്. കട്ടിക്കണ്ണടയും നീലവും കഞ്ഞിയും മുക്കി ഇസ്തിരിവച്ച മുണ്ടും വേണം. മൂന്നുനേരം ചുട്ട പപ്പടവുംകൂട്ടി കഞ്ഞി കഴിക്കണം. മാര്‍ക്സിസ്റ്റുകാരെ കണ്ടാല്‍ തലവെട്ടിച്ചു നടക്കണം. കുളികഴിഞ്ഞയുടനെ ആദര്‍ശാദിചൂര്‍ണം മൂര്‍ധാവില്‍ തിരുമ്മണം. ഇത്രയൊക്കെയായാല്‍ കോണ്‍ഗ്രസാകാം എന്നാണ് പടയാളി ഉറപ്പിച്ചിരുന്നത്.

പാവങ്ങള്‍ക്ക് പടച്ചവന്‍ തുണയുണ്ടാകുമെന്നാണ്. പടയാളിക്ക് ആന്റണിയാണ് തുണയായത്. സുധാകരന്റെ പ്രതാപം കത്തിനിന്ന കണ്ണൂരില്‍ ആ തുണയില്‍ അങ്ങനെ ഡിസിസി പ്രസിഡന്റുസ്ഥാനം കിട്ടി. സ്ഥാനമേയുള്ളൂ-ഭരണമെല്ലാം സുധാകരേട്ടന്റെ കൈയിലാണ്. പുള്ളി ചെന്നൈവാസം കഴിഞ്ഞ് കണ്ണൂരിലെത്തുമ്പോള്‍ കണക്കുപുസ്തകവുമായി ചെല്ലണം. ഡിസിസി ഓഫീസിലെ കറന്റുബില്ല്, വെള്ളക്കരം, ചായക്കടയിലെ പറ്റുവരവ് തുടങ്ങിയ വലിയ കണക്കുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ മതി. ബാക്കിയൊക്കെ സുധാകരന്‍ നോക്കിക്കൊള്ളും. അങ്ങനെ തട്ടാതെ മുട്ടാതെ പോയതാണ്. എവിടെയും വന്നുകയറുമല്ലോ ചില വേണ്ടാതീനങ്ങള്‍ . കണ്ണൂരില്‍ അത് അബ്ദുള്ളക്കുട്ടിയുടെ രൂപത്തിലാണെത്തിയത്. പുത്തനച്ചി പുരപ്പുറം തൂക്കാന്‍ തുടങ്ങി. പിന്നെ സ്ഥാനാര്‍ഥിയായി; എംഎല്‍എയായി. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കുട്ടി കൊണ്ടുപോയി. പടയാളിക്ക് കണ്ണൂര്‍ സീറ്റുമില്ല; പാര്‍ടിയില്‍ അധികാരവുമില്ല. എതിര്‍ക്കാന്‍ ധൈര്യം തീരെയില്ല. എതിര്‍ത്തുനോക്കിയ പുഷ്പരാജന്‍ കാലുതകര്‍ന്നു കിടപ്പാണ്. അങ്ങനെയൊരു ദശാസന്ധിയിലാണ് ഒന്നു പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചത്. ഒരാവേശത്തിന് കുറെ അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു. സുധാകരന്റെ ജീവചരിത്രം അങ്ങനെ കോണ്‍ഗ്രസുകാരനിലൂടെയും പുറത്തുവന്നു. കൂത്തുപറമ്പ് വെടിവയ്പ്, എ കെ ജി ആശുപത്രി പിടിച്ചെടുക്കല്‍ , പലരെയും കൊല്ലിക്കാന്‍ ആളെവിട്ടത്, രക്തസാക്ഷികളെ സൃഷ്ടിച്ചത്, രക്തസാക്ഷി ഫണ്ട് മുക്കിയത്-അങ്ങനെയങ്ങനെ. ഒന്നിനും ആരും മറുപടി പറഞ്ഞിട്ടില്ല. പകരം പടയാളിക്ക് പരമാവധി ദണ്ഡന കിട്ടും എന്നുറപ്പായി. സുധാകരനെതിരെ പറഞ്ഞ് കണ്ണൂരില്‍ തുടരുകയോ? അസംഭവ്യം. ചെന്നിത്തലയും പേടിക്കും ഉമ്മന്‍ചാണ്ടിയും പേടിക്കും. സുധാകരന്‍ എന്ന കരകാണാക്കടലിനെ നേരിടാന്‍ കരകുളത്തിനും കഴിയില്ല പടയാളിക്കും കഴിയില്ല.

പണ്ട് പ്രഹ്ലാദന്‍ സത്യഗ്രഹം കിടന്നപ്പോള്‍ മാന്യമായി പ്രതികരിക്കാന്‍ പി ടി ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു-ആ മാന്യത ഇന്നത്തെക്കാലം പ്രതീക്ഷിക്കാമോ? സി കെ ഗോവിന്ദന്‍നായര്‍ നാരങ്ങാനീരാണ് പ്രഹ്ലാദന് കൊടുത്തതെങ്കില്‍ ചെന്നിത്തല വിശദീകരണ നോട്ടീസാണ് പടയാളിക്ക് സമ്മാനിച്ചത്. സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ -കമലം ജനതകളിലും ഊരുചുറ്റിവന്ന സുധാകരനും മാര്‍ക്സിസ്റ്റുപാര്‍ടിയില്‍ വിപ്ലവം പോരാഞ്ഞപ്പോള്‍ ചാടിയെത്തിയ അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസിനെ നയിക്കും. പടയാളിക്ക് ഇനി വെറുതെ ഗാന്ധിജിയെ സ്വപ്നംകണ്ടുകിടക്കാം. രണ്ടുമൂന്നു ദിവസത്തേക്ക് വല്ലതും വിളിച്ചുപറയാന്‍ അവസരമുണ്ട്. ചാനലുകള്‍ ഗൗനിക്കും. അതുകഴിഞ്ഞാല്‍ സ്വസ്ഥമാകാം. അതിനും സുധാകരേട്ടന്‍ കനിയണം. പുഷ്പരാജിനെ സ്നേഹിച്ചപോലെ സ്നേഹം വാരിച്ചൊരിയാനെങ്ങാനും സുധാകരേട്ടന് തോന്നിയാല്‍ ശിഷ്ടകാലത്ത് ജനറല്‍ ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ കടല്‍ക്കാറ്റുകൊണ്ട് കിടക്കുകയുമാകാം.

കോണ്‍ഗ്രസില്‍ സുധീരനെപ്പോലെ നില്‍ക്കണം എന്നുപോലും ഇതുവരെ പടയാളി പഠിക്കാത്തതിന്റെ കുഴപ്പമാണ്. ആത്മാര്‍ഥതയും രോഷവുമൊക്കെ ആകാം. അത് മൈക്ക് കൈയില്‍ കിട്ടുമ്പോള്‍ മതി. പരിസ്ഥിതി, കിടപ്പാടം, കാറ്റാടി, മലിനീകരണം, അഴിമതി, കൊക്കകോള, കാട്, കുരങ്ങന്‍ , പുഴ തുടങ്ങിയ കടുപ്പമുള്ള പദങ്ങളാണ് എപ്പോഴും ഉപയോഗിക്കേണ്ടത്. സീറ്റ് കിട്ടില്ല എന്ന് ഉറപ്പായാല്‍ , ഞാന്‍ ഇനി മത്സരിക്കില്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. തിരിച്ചു കടിക്കുന്ന ഒന്നിനെയും തൊടാന്‍ പാടില്ല. കോടാലി എന്ന വാക്ക് ഉച്ചരിക്കരുത്. ഇത്തരം പ്രാഥമിക പാഠങ്ങള്‍ അറിയാതെ നിന്നതിന്റെ കുഴപ്പമാണ് പടയാളിക്ക്. ഇനിയും അവസരമുണ്ട്. സുധാകരേട്ടന്‍ ആശ്രിതവത്സലനാണ്. കനിഞ്ഞുകിട്ടിയാല്‍ പുറംപണിയെടുത്തെങ്കിലും കഴിഞ്ഞുകൂടാം. നൂറുദീന്‍ സാഹിബിനെപ്പോലെയുള്ള വല്യപുള്ളികള്‍ പുറംപണിയെടുക്കുന്നു- പിന്നല്ലേ ഒരു പടയാളി. ഇന്നത്തെ ഗാന്ധിജി രാഹുല്‍ ഗാന്ധിജിയാണെന്ന് മനസിലാക്കാത്ത എല്ലാ പടയാളികള്‍ക്കും ഗുണപാഠമാണിത്.

*
വാളകത്തെ വാധ്യാരെ ആക്രമിച്ചത് വാധ്യാര്‍തന്നെ എന്നാണ് ഏറ്റവുമൊടുവില്‍ പൊലീസ് എത്തിയ നിഗമനമെന്നും ആത്മഹത്യാ ശ്രമത്തിന് കേസെടുത്തുവെന്നും വൈകാതെ വായിക്കാം. യഥാര്‍ഥ അക്രമിയെ പിടിക്കാന്‍ മനസ്സില്ല; വല്ല തീവ്രവാദിയെയും പിടിച്ച് പൂട്ടാമെന്നുവച്ചാല്‍ അതിന് മറ്റു ചില പ്രശ്നങ്ങളുണ്ട്. സ്ത്രീവിഷയമാക്കിയാല്‍ ഒരു സ്ത്രീയും വേണമല്ലോ. വാഹനാപകടമാക്കാമെന്നുവച്ചാല്‍ അതിനു തക്ക വാഹനം വേണമെന്നുമാത്രമല്ല-അത് അന്ന് ആ സമയത്ത് അതുവഴി പോവുകയും വേണം. എല്ലാം പൊല്ലാപ്പാണ്. എസ് കത്തിയാണെങ്കില്‍ വേഗം ഉണ്ടാക്കിക്കിട്ടും. കൊല്ലന്റെ ആലയില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയാല്‍മതി. അതുപോലെ എളുപ്പമുള്ള പണിയല്ല ഇത്. ഇപ്പോള്‍തന്നെ അപകടമാണെന്നു വരുത്താന്‍ എന്തൊക്കെ പാടുപെട്ടു. കഷ്ടപ്പെട്ട് ഒരു മെഡിക്കല്‍ ബോര്‍ഡിനെ ഉണ്ടാക്കി. തലേന്നുവരെ പറഞ്ഞതും നടന്നതുമെല്ലാം തിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് മതി. പാമൊലിന്‍ കേസിലും ഇതുപോലെ ഒരു ബോര്‍ഡ് ഉണ്ടാക്കിയാല്‍ മതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ച് ജീവിതത്തില്‍ ഇന്നേവരെ പാമൊലിന്‍ ഉപയോഗിച്ചിട്ടില്ലെന്നും മനസ്സുനിറയെ വെളിച്ചെണ്ണയാണെന്നും റിപ്പോര്‍ട്ട് കൊടുത്താല്‍ കേസില്‍നിന്ന് ചുമ്മാ ഊരിപ്പോകാമായിരുന്നു. മെഡിക്കല്‍ ബോര്‍ഡിന് ദൈവത്തിന്റെ പവറാണ്. അതിന്റെ റിപ്പോര്‍ട്ട് എന്തെന്നും വിദഗ്ധര്‍ ആരെന്നും ഇന്നുവരെ പുറത്തുകണ്ടിട്ടില്ല. എന്നിട്ടും, അങ്ങനെയൊരു ബോര്‍ഡുണ്ട്, അതിനൊരു റിപ്പോര്‍ട്ടുണ്ട്, അതില്‍ അപകട കഥയുണ്ട് എന്ന് മനോരമയും മാതൃഭൂമിയും അച്ചട്ടായി അച്ചടിക്കുന്നു. ഇന്നുവരെ എഴുതിയ കഥകള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം. ഏറ്റവുമൊടുവില്‍ അധ്യാപകന്‍ ഏതോ ഉയരമുള്ള സ്ഥലത്ത് വലിഞ്ഞു കയറുന്നതിനിടെ മുറിവുണ്ടായി എന്നാണ് കോട്ടയത്തെ ഡിറ്റക്ടീവുകളെ നിരത്തി മുത്തശ്ശി റിപ്പോര്‍ട്ടുചെയ്യുന്നത്. സ്വത്തുകേസ്, പെണ്ണുകേസ്, തീവ്രവാദിക്കേസ്- ഇതൊന്നും ആകാഞ്ഞപ്പോള്‍ അപകടംതന്നെ ഉത്തമം. പക്ഷേ, ഒന്നു പറയണം. കടയ്ക്കലിലും നിലമേലിലും അധ്യാപകന്റെ തലയിലിടാന്‍ പരസ്ത്രീബന്ധം അന്വേഷിച്ച് നടന്നതെന്തിനെന്ന്.

*
മനോരമ വാര്‍ത്ത:

വാളകം സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ സ്വകാര്യ ചാനല്‍ ലേഖകന്‍ അത് റിക്കോര്‍ഡു ചെയ്ത് പിള്ള ഫോണ്‍ ഉപയോഗിച്ചുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

ആ ലേഖകനെ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും തടവിലിടണം. മനോരമയുടെ ചീഫ് എഡിറ്റര്‍സ്ഥാനം പി സി ജോര്‍ജിന് മറ്റൊരു ഓഫീസ് ഓഫ് പ്രോഫിറ്റാകുമോ എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയട്ടെ.

Sunday, October 2, 2011

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്

ആനയും പിള്ളയും തമ്മില്‍ ആജന്മ ബന്ധമാണ്. ആനയെപ്പോലെ തലയെടുപ്പുണ്ട്. തറവാട്ടില്‍ തലയെടുപ്പുള്ള ആനയുണ്ടായിരുന്നു. ആനബസിന്റെ തലതൊട്ടപ്പനാണ് താനെന്ന തഴമ്പും. കൊട്ടാരക്കര മുതല്‍ പത്തനാപുരം വരെ നീണ്ടുകിടക്കുന്ന വലിയപാര്‍ടിയുടെയും വലതുമുന്നണിയുടെയും സ്ഥാപകാചാര്യപ്പട്ടവും കീഴൂട്ടെ കൊച്ചുപിള്ളയ്ക്ക് സ്വന്തം. പാരമ്പര്യം അല്‍പ്പം കനത്തുപോയതുകൊണ്ട് സായാഹ്നകാലത്ത് സാദാ സബ്ജയില്‍ വേണ്ട; 125 വര്‍ഷം പഴക്കമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കട്ടെ എന്നു തീരുമാനിച്ചത് ഡല്‍ഹിയിലെ വലിയ കോടതിയാണ്. ഒരുകൊല്ലം ഗോതമ്പുണ്ട കഴിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. ഒരു ദിവസംപോലും അത്തരമൊരു സംഭവമുണ്ടായില്ല. ഫിഷ് മോളിയും മട്ടന്‍ പപ്പാസും കഞ്ഞിയും പയറും ചമ്മന്തിയുമായി സമൃദ്ധസദ്യയുണ്ടാണ് ജയിലില്‍ കഴിഞ്ഞത്. ജയില്‍ എന്നുപറയാന്‍ പറ്റില്ല. കിടക്കയും തലയിണയും കോളാമ്പിയും ചാരുകസേരയും തണുപ്പിക്കുന്ന യന്ത്രവുമുള്ള ഉല്ലാസമുറി. അതിനകത്ത് പിള്ളതന്നെ രാജാവ്. വീട്ടില്‍ നിന്നുള്ള ഭക്ഷണം, തണുപ്പിലെ കിടപ്പ്. ഏതു കോടതി ഉത്തരവിട്ടാലും പിള്ളയ്ക്ക് പിള്ളതന്നെ സുപ്രീംകോടതി.
പൂജപ്പുരയില്‍ ആനയുടെ ചിന്നംവിളി കേള്‍ക്കാത്തതു മാത്രമാണ് ഒരേയൊരു കുറവുണ്ടായിരുന്നത്. അതു കേള്‍ക്കുന്ന സ്ഥലം ആനയറയാണ്. അവിടത്തെ ആശുപത്രിയില്‍ കിടന്നാല്‍ ചിന്നം വിളിക്കുകയും ആകാം. അങ്ങനെ ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര തടവുകാരനായി പിള്ള; ആനയറയിലെ ആശുപത്രിയില്‍ സസുഖം വാണു. പരോളും വേണ്ട; പരിഭവവും വേണ്ട. ആശുപത്രിയില്‍ കിടന്നും ഇരുന്നും നാടും കാടും ഭരിച്ചു. പാര്‍ടി ഓഫീസിലേക്കും സെക്രട്ടറിയറ്റിലേക്കും ഫോണ്‍ ചെയ്തു രസിച്ചു. സകലമാന ഗുണ്ടകളുമായും ഫോണില്‍ ശൃംഗരിച്ചു. അല്ലലും അലട്ടുമില്ലാതെ ജയില്‍പുള്ളിയാണെന്നു പോലും ഓര്‍ക്കാതെ.

അങ്ങനെ പോയവാറെ ഒരു രാത്രി പിള്ളയുടെ പള്ളിക്കൂടത്തിലെ സാറന്മാരിലൊരാള്‍ ചുമ്മാ വഴിയില്‍ കിടന്നു. പഴയ കാര്യസ്ഥന്റെ മകനാണ്. ഉമ്മന്‍ചാണ്ടിക്ക് തിരുവഞ്ചൂരെന്ന പോലെ, ചരണ്‍സിങ്ങിന് രാജ്നാരായണനെന്ന പോലെ, ജയലളിതയ്ക്ക് ശശികലയെന്ന പോലെ. വാധ്യാരും പിള്ളയും ഇരുമെയ്യും ഒരു കരളുമായിരുന്നു. പുള്ളിയുടെ പള്ളിക്കെട്ട് പിള്ളയാണ് നടത്തിയത്. അടുത്തകാലത്ത് ചെറിയ വിരോധം. വിരോധം വന്നാല്‍ പിള്ള ഒന്നു മീശ പിരിക്കുമെന്നത് എഴുതപ്പെട്ട ചരിത്രം. മീശ പിരിച്ചാല്‍ പിന്നെ വിരോധിയെ കൈയോ കാലോ പോയ നിലയിലാകും കാണുക. കൈയും കാലുമല്ല, ജീവന്‍ തന്നെ പോയവരുടെ കഥകള്‍ കൊട്ടാരക്കരയിലും വാളകത്തും പറന്നുനടപ്പുണ്ട്. കൊല്ലും കൊലയും ആനയും അമ്പാരിയുമുള്ള തറവാട്ടിലെ മാടമ്പിക്ക് കാലും കൈയും വെട്ടാനുള്ള ക്വട്ടേഷന്‍ വെറും പിള്ളക്കാര്യം. അതറിയാവുന്ന കൊട്ടാരക്കരക്കാര്‍ പൊതുവേ ശരീരത്തിലെ മിക്ക അവയവവും ഇന്‍ഷുര്‍ ചെയ്യാറുണ്ട്. അങ്ങനെ പതിവായി ഇന്‍ഷുര്‍ ചെയ്യപ്പെടാറുള്ള ഭാഗത്തിലൊന്നും അധ്യാപകന് പരിക്കു കണ്ടില്ല. പകരം ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരാത്ത ചില അവയവങ്ങളാണ് തകര്‍ത്തുകളഞ്ഞത്. താലിബാന്‍കാര്‍ ശത്രുക്കളെ കൊണ്ടുപോയി ഇതേപോലെ ചെയ്യുന്നത് വാര്‍ത്തയില്‍ കാണാറുണ്ട്. ഇവിടെ സംഗതി അതിനേക്കാള്‍ ഭീകരമാണ്. കീചകനാണ് ആക്രമിക്കപ്പെട്ടത്. തല്‍ക്കാലം ഭീമനെതിരെ മാത്രമേ കേസുള്ളൂ. സാഹചര്യത്തെളിവുകള്‍ ഭീമന്റെ ഫോണ്‍ കോളുകള്‍ , ശത്രുത, പാരമ്പര്യം തുടങ്ങിയവയില്‍ ചുറ്റിപ്പറ്റിനില്‍ക്കുന്നു.

മോഷണ രീതി കണ്ടാല്‍ പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാനാകുമത്രേ. ചില ക്വട്ടേഷന്‍കാര്‍ തൊട്ട ഇരയെ കണ്ടാല്‍ മതി- ആരാണ് ചെയ്തതെന്ന് മനസ്സിലാകും. പിള്ളയുമായി ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള മുത്തശ്ശിക്കഥകള്‍ കേട്ടു വളര്‍ന്നവര്‍ക്ക് ഒട്ടും സംശയം തോന്നിയില്ല. ചെയ്തത് ഭീമന്‍ തന്നെ. മുറിവും ക്ഷതവും നോക്കി ഒന്നുറപ്പിക്കാം-കാലേക്കൂട്ടി ഉറപ്പിച്ചുചെയ്ത പണിയാണെന്ന്. കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ല; കൊല്ലാക്കൊലയാണ്. കൊല്ലണമെങ്കില്‍ ഒറ്റവെട്ടിന് അതു സാധിക്കാം. ഈ പണി അല്‍പ്പം അധ്വാനമുള്ളതാണ്. പിള്ളയ്ക്കെതിരെ കേസ് കൊടുത്തു; കീഴൂട്ട് തറവാടു വകയുള്ള പള്ളിക്കൂടത്തിനെതിരെ വിജിലന്‍സിന് പരാതി കൊടുത്തു; മാനേജ്മെന്റിനെതിരെ മൊഴി നല്‍കി-എന്നിങ്ങനെയുള്ള കൊടുംപാതകങ്ങള്‍ ചെയ്ത ആളെ ഉമ്മ വയ്ക്കണോ എന്ന് പിള്ളയ്ക്ക് ചോദിക്കാം. അധ്യാപകന്റെ അവയവങ്ങള്‍ അടിച്ചുടച്ച് മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയ സമയത്ത് പിള്ളയ്ക്ക് ആശുപത്രിയില്‍ തിരക്കോടു തിരക്കായിരുന്നു. ആ രാത്രിമാത്രം വിളിച്ചത് 40 ഫോണ്‍ കോള്‍ . അത് മൊബൈലില്‍ നിന്ന്. അല്ലാതെ ആശുപത്രിയിലെ ലാന്‍ഡ് ലൈനുണ്ട്; കൂടെക്കിടക്കുന്നവരുടെ മൊബൈലുമുണ്ട്. പാതിരാവു കഴിഞ്ഞും വിളിതന്നെ വിളി.

പിള്ളയ്ക്ക് പിള്ളയുടെ നിയമമാണ്. ഈരാറ്റുപേട്ടയുടെ പ്രധാനമന്ത്രിയാണ് താനെന്ന് പി സി ജോര്‍ജ് പറയാറുണ്ട്. പിള്ളയും അതേപോലെ തന്നെ. അവരുടെ ചങ്ങാത്തം ആ തലത്തിലാണ്. അതുകൊണ്ടാണ് പിള്ള ജോര്‍ജിനെ വിളിച്ചത്. ജോര്‍ജ് പറയുന്നത് പിള്ളയുടെ ബന്ധു മനോജാണ് വിളിച്ചതെന്ന്. ഈരാറ്റുപേട്ടയിലെ ബസ് പെര്‍മിറ്റ് പ്രശ്നം പറയാനാണത്രേ വിളിച്ചത്. ആ പെര്‍മിറ്റിന്റെ പേരില്‍ ഒരു പാവത്തിന്റെ കൈ തല്ലിത്തകര്‍ത്തത് മനോജാണെന്നത് വേറെ കഥ. ആ ക്വട്ടേഷന്‍ പി സി ജോര്‍ജിനായിരുന്നോ എന്ന് ഇനി മറ്റൊരന്വേഷണം നടത്തണം. ആകെമൊത്തം നോക്കിയാല്‍ പിള്ളയുടെ കാലമാണ്. പിള്ളയുടെ പിള്ളയ്ക്കാണെങ്കില്‍ കാടു ഭരിക്കാന്‍ സമയം കിട്ടുന്നില്ല. സിനിമാക്കാര്‍ക്ക് കുറെ സംഘടനയൊക്കെയുണ്ട്. ആരെയും അവര്‍ ഉപരോധിച്ചു കളയും. പിള്ളയുടെ പിള്ളയായ മന്ത്രി ഇത്തരമൊരു ക്വട്ടേഷന്‍ കേസില്‍ പെട്ടപ്പോള്‍ ഒരു സംഘടനയ്ക്കും മിണ്ടാട്ടമില്ല. തറവാടിത്തം മാത്രം പോര അല്‍പ്പം ബുദ്ധിയും വേണമെന്നതാണ് പിള്ളക്കഥയുടെ ഗുണപാഠം.

അധ്യാപകനെ ചതച്ച കേസില്‍ പിള്ളയുടെ പേര് മിണ്ടിപ്പോകരുതെന്നാണ് പൊലീസിനു കിട്ടിയ കല്‍പ്പന. അതുകൊണ്ട് ഈ അധ്യാപകന്റെ പരിക്ക് യഥാര്‍ഥത്തില്‍ ഉള്ളതാണോ അതോ ജന്മനാ സംഭവിച്ചതോ എന്നാണത്രേ ഇപ്പോള്‍ അന്വേഷിക്കുന്നത്. ശരീരവും മനസ്സും തകര്‍ന്ന് അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന ആളുടെ മൊഴിയില്‍ വൈരുധ്യമുണ്ടന്നത്രേ പൊലീസ് ചൂടോടെ വിസര്‍ജിക്കുന്ന ഫ്ളാഷ് ന്യൂസ്. അക്കഥ മകന്‍മന്ത്രി തുടക്കംമുതല്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊടുംതീവ്രവാദികളുടെ പണിയാണ് നടത്തിയത്. അങ്ങനെ ആരുടെയെങ്കിലും തലയിലിട്ടാല്‍ പിള്ളയ്ക്ക് ഊരിപ്പോകാം.

പൊലീസ് പറയുന്നതാണ് ഇപ്പോള്‍ പല പല ചാനല്‍ -പത്രത്തമ്പുരാക്കന്മാര്‍ക്കും പഥ്യം. മുത്തൂറ്റ് കുടുംബത്തിലെ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ കൊല്ലന്റെ ആലയില്‍ ചെന്ന് എസ് കത്തി വാരിപ്പിടിച്ച ചുണക്കുട്ടന്മാര്‍ക്ക് ഇപ്പോള്‍ ചുണയുമില്ല ഉശിരുമില്ല. പൊലീസ് പറയും, ഞങ്ങള്‍ ചവയ്ക്കുമെന്നാണ് അവരുടെ മുദ്രാവാക്യം. പിള്ള ജയിലില്‍ പോയപ്പോള്‍ മുഖപ്രസംഗം എഴുതാത്തവര്‍ക്ക് ഇന്ന് കൈതരിച്ചിട്ടു വയ്യ. മുത്തൂറ്റ് കേസില്‍ എസ് കത്തിയുടെ വഴിയില്‍ തന്നെ സിബിഐയും എത്തിയപ്പോള്‍ അവരുടെ മിണ്ടാട്ടം മുട്ടി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും പിള്ളയുടെയും പൊലീസാണ് യഥാര്‍ഥ പൊലീസ് എന്നാണ് കഥനം. അതിലപ്പുറം വാര്‍ത്തയും വേണ്ട; അന്വേഷണവും വേണ്ട. തടവുപുള്ളി നിയമം ലംഘിച്ച് ഫോണ്‍ വിളിച്ചതിനെക്കുറിച്ച് നിഷ്പക്ഷ പുണ്യാളന്മാര്‍ക്ക് അഭിപ്രായമേ ഇല്ല. പിള്ളയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിയമവിരുദ്ധ പ്രവൃത്തിയാണത്രേ അവരുടെ പുതിയ ചിന്താവിഷയം. അല്ലാതെ പിള്ളയെ തിരിച്ച് ജയിലിലേക്ക് വിടണമെന്ന അഭിപ്രായം അവര്‍ക്ക് ഇല്ലേയില്ല.

ശിക്ഷിക്കപ്പെട്ടിട്ടും നിയമസഭയിലേക്കു മത്സരിക്കാന്‍ പിള്ള ഒരുങ്ങിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ശിക്ഷ ഇളവുചെയ്യണമെന്നായി. അതുകഴിഞ്ഞ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ആശുപത്രിയില്‍ അയക്കണമെന്ന്. അതു സംഭവിച്ചു. ഇപ്പോഴിതാ അടിപിടി, ഫോണ്‍വിളി, ക്വട്ടേഷന്‍ പണി. പി സി ജോര്‍ജിനെയും പിള്ളയെയും താങ്ങാനാണ് ഉമ്മന്‍ചാണ്ടിയുടെ യോഗം. ഒരു എംഎല്‍എ പണിമുടക്കിയാല്‍ തെറിച്ചുപോകുന്ന മുഖ്യമന്ത്രിസ്ഥാനത്തിന് അത്രയേ ഉള്ളൂ വില. കസേര വേണമെങ്കില്‍ വെള്ളം കോരണം; വിറകുവെട്ടണം; കാലു തിരുമ്മണം. രണ്ടു കാലിലും മന്തുള്ളവര്‍ ഒറ്റക്കാല്‍ മന്തന്മാരെ കണ്ടാല്‍ പരിഹസിക്കാന്‍ പാടില്ലെന്ന പ്രകൃതിനിയമം ഉമ്മന്‍ചാണ്ടിക്കും ബാധകമാണല്ലോ. കൂനും കൂനിന്മേല്‍ കുരുവുമുള്ള ഡല്‍ഹിക്കാരുടെ ഉപദ്രവവും തല്‍ക്കാലം ഉണ്ടാകില്ല. അതുകൊണ്ട് ഇതു പിള്ളയുടെ കാലംതന്നെ.

*
കോണ്‍ഗ്രസില്‍ വീതംവയ്പ് വീണ്ടും തുടങ്ങി. മിസ്ത്രി വന്നു. എങ്ങനെ പങ്കിട്ടാലും ഒരുഭാഗത്ത് കൂടുതലും മറുഭാഗത്ത് കുറവുമാകും. ഒറ്റപ്പദവി മതിയെന്നു പറഞ്ഞാല്‍ ചെന്നിത്തല വീണ്ടും മൂലയ്ക്കാകും. പദവിയില്ലാത്ത സുധീരന്‍ ഒരേയൊരു പദവിക്കുവേണ്ടി കെഞ്ചിക്കേണു നടക്കുന്നു. കണ്ണൂരില്‍ സുധാകരന്‍ വേണോ രാമകൃഷ്ണന്‍ വേണോ എന്നും മിസ്ത്രി തീരുമാനിക്കണം. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, സുധീരന്‍ എല്ലാവരുടെയും നോമിനികള്‍ പട്ടികയില്‍ നിരന്നുകിടക്കുന്നു. അതിനേക്കാള്‍ വരും ചെന്നിത്തലയുടെ സ്വന്തക്കാരുടെ ലിസ്റ്റ്. ഏതു ലിസ്റ്റു വന്നാലും അവസാനവാക്ക് ആന്റണി പറയും. മുല്ലപ്പള്ളിക്കു മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ മന്ത്രിമാരായ തിരുവഞ്ചൂരിനും ശിവകുമാറിനുമെല്ലാം ഇരട്ടപ്പദവിയുണ്ട്. അവര്‍ പാര്‍ടി വേണോ നിയമസഭ വേണോ എന്നും തീരുമാനിക്കേണ്ടിവരും.

പിള്ള പ്രശ്നത്തിനുശേഷം മറ്റൊരു വന്‍പ്രശ്നം വരാന്‍ പോകുന്നു. ആരുടെയൊക്കെ മുണ്ട് പോകുമോ എന്തോ.