Sunday, June 30, 2013

ചേറില്‍ വിരിഞ്ഞ പൊന്‍താമര

ഉലകം ചുറ്റും വാലിബന്‍ എന്ന് പറയാനാകില്ല. അവാര്‍ഡുംകൊണ്ട് വന്നപ്പോള്‍ തിരുവനന്തപുരം നഗരമാണ് ചുറ്റിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത കുറെ ഇടവഴിയും ഊടുവഴിയും അവാര്‍ഡ് ഭാരവുംപേറി ചുറ്റിയ ഉമ്മന്‍ചാണ്ടി ഉമ്മന്‍താണ്ടിയായി. ഭരണത്തിലെ ഒന്നാമന് നേരെചൊവ്വേ റോഡിലൂടെ സഞ്ചരിക്കാനാകുന്നില്ല. എവിടെച്ചെന്നാലും കരിങ്കൊടി. ജോപ്പന് ജയിലില്‍ ശ്വാസം മുട്ടുമ്പോള്‍ മൂപ്പന് ഒന്നാംനമ്പര്‍ കാറില്‍പോലും ശ്വാസംകിട്ടുന്നില്ല. സ്വയംകൃതാനര്‍ഥം എന്ന് പഴമക്കാര്‍ വിളിക്കുന്നത് ഇതിനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ല. ഓഫീസില്‍ എല്ലാവര്‍ക്കും തട്ടിപ്പിലാണ് ബിരുദം. ചെന്നിത്തല പറയുന്നത്, ഇനി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പാര്‍ടി കൊടുക്കും എന്നാണ്. മുരളീധരന്റെ സാക്ഷ്യം ജോപ്പനെക്കാള്‍ വലിയ സ്രാവുകള്‍ വേറെയുണ്ടെന്ന്. ജോപ്പനും സമ്മതിക്കുന്നു: പങ്കുപറ്റിയ ഉന്നതര്‍ വേറെയുണ്ട്. മോന്തായം വളഞ്ഞതിന്റെ ലക്ഷണമാണ്. ഉമ്മന്‍ചാണ്ടി ചേറില്‍ വിരിഞ്ഞ പൊന്‍താമര അഥവാ നല്ലവരില്‍ നല്ലവനും ചുറ്റുമുള്ളതാകെ കൊള്ളരുതാത്തവരും തന്നെ.

ഭരണത്തില്‍ സരിതോര്‍ജോല്‍പ്പാദനമല്ലാതെ വിശേഷിച്ചൊന്നും നടന്നിട്ടില്ല. രണ്ടുകൊല്ലം കഴിഞ്ഞു. ജോപ്പനും ജിക്കുവുമെല്ലാം കൊട്ടാരം പണിത് അതിവേഗവികസനത്തില്‍ മാതൃകയായി. മേത്തറുടെ ബിസിനസ് കടല്‍കടന്ന് ബഹുദൂരം വികസിച്ചു. പൊതുജനങ്ങള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ധര്‍മക്കഞ്ഞി വിളമ്പി. എന്നിട്ടും "ഒരു ലുക്ക്" ഇല്ലെന്ന തോന്നലിലാണ്, ഐക്യരാഷ്ട്രസഭയെ ശരണം പ്രാപിച്ചത്. ഏഷ്യാ പസഫിക്ക്, ബാന്‍ കി മൂണ്‍, യുഎന്‍ അവാര്‍ഡ്, പൊതുജനസേവനം എന്നൊക്കെ കേട്ടാല്‍ കേരളീയന്‍ കോരിത്തരിക്കും. മുക്കിലും മൂലയിലും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് വച്ചു- ഇതാ കേരളത്തിന്റെ അഭിമാനം എന്ന്. ആ അഭിമാനം മന്ദംമന്ദം സ്വീകരണങ്ങളേറ്റുവാങ്ങി വരുമ്പോഴാണ് നാട്ടുകാര്‍ നിരന്നുനിന്ന് കൂവുകയും കരിങ്കൊടി വീശുകയും ചെയ്യുന്നത്.

പണ്ട് കരുണാകരനെ വേട്ടയാടിപ്പിടിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചുകിട്ടുമെന്ന് കരുതിയതല്ല. എക്കാലത്തും ഇങ്ങനെ പത്രക്കാരെ സുഖിപ്പിച്ചും നാട്ടുകാരെ പറ്റിച്ചും കഴിയാമെന്ന് വച്ചതാണ്. ഭീഷണിയാകുമെന്ന് തോന്നിയ ചെന്നിത്തലയെ അധികാരക്കൊതിയനും കഴിവുകെട്ടവനുമാക്കി മൂലയ്ക്കിരുത്തി. പ്രതിപക്ഷം സമരംചെയ്താല്‍ അടിച്ചൊതുക്കും, സരിതയെ കാട്ടി ഭീഷണി മുഴക്കിയാല്‍ തെറ്റയിലിനെ വച്ച് തിരിച്ചടിക്കും, വഴിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ മനോരമയെടുത്ത് നാണം മറയ്ക്കും- ഇതായിരുന്നു ധൈര്യം. ഒടുക്കം മനോരമയുടെ ചികിത്സയൊന്നും പോരാതെവന്നിരിക്കുന്നു. ഇന്ന് പൊലീസ് പത്തുപേരെ തല്ലിയാല്‍ നാളെ നൂറുപേരെ തല്ലേണ്ടുന്ന സ്ഥിതി. തെറ്റയില്‍ വിഷയം തെറ്റിപ്പോയി. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും മന്ത്രിമാരായി വിലസുന്ന നാട്ടില്‍, തെറ്റയിലിനെ തെറിപ്പിക്കാന്‍ നോക്കിയാല്‍ ആരത് ഗൗനിക്കും?

എല്ലാറ്റില്‍നിന്നുമൊരാശ്വാസമായി യുഎന്‍ അവാര്‍ഡിനെയാണ് കണ്ടത്. അത് തനിത്തട്ടിപ്പാണെന്ന് ഇനിയാരും തെളിയിക്കേണ്ടതില്ല. ചെന്നിത്തല പഴയ മട്ടിലല്ല. കഴിവുകെട്ടവന്‍ എന്ന് എന്‍എസ്എസ് വിളിച്ചപ്പോള്‍, അവര്‍ക്കങ്ങനെ വിളിക്കാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞ വിധേയനല്ല ഇന്ന് താനെന്ന് ചെന്നിത്തലയ്ക്കുതന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു. മുരളീധരന്‍ രംഗത്തുവന്നതോടെ സംഗതികള്‍ ഉഷാറായി. ചെന്നിത്തലയ്ക്ക് പുതിയ ഊര്‍ജം കിട്ടി.

ചെന്നിത്തല പറഞ്ഞതാണെങ്കിലും ഒരര്‍ഥത്തില്‍ ലീഗ് ജീവിക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇടതുപക്ഷത്ത് പോകാന്‍ പറ്റില്ല. സ്വന്തമായി നിന്നാല്‍ മലപ്പുറം ജില്ലയിലും മലബാറിന്റെ ചില ഭാഗങ്ങളിലും കഷ്ടിച്ച് പിടിച്ചുനില്‍ക്കാം. കേരളം അതിനു പുറത്തുമുണ്ട്. ഒരു മുന്നണിയെയും ചാരിയില്ലെങ്കില്‍ നിയമസഭയില്‍ സാന്നിധ്യം രണ്ടക്കം തൊടില്ല. ആ പാര്‍ടി ഇന്ന് നാടുഭരിക്കുന്നത് ആരെക്കൂട്ടുപിടിച്ചും ഭരണംകിട്ടണം എന്ന കോണ്‍ഗ്രസിന്റെ ആര്‍ത്തിമൂലമാണ്. പണ്ട് സി കെ ജി മുന്നില്‍കണ്ട അപകടം സംഭവിച്ചിരിക്കുന്നു. ലീഗ് കോണ്‍ഗ്രസിന്റെ മുതുകില്‍ കയറിയിരിക്കുന്നു. ലീഗ് കണ്ണുരുട്ടിയാല്‍ ഭരണം വെള്ളത്തിലാകുമെന്നറിയാവുന്ന ഉമ്മന്‍ചാണ്ടി കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുവീഴുന്നു. ഇപ്പോള്‍ ലോക്സഭയില്‍ രണ്ടുസീറ്റുള്ള ലീഗിന് ഇനി മൂന്നുവേണമെന്നാണാവശ്യം. ഉമ്മന്‍ചാണ്ടി അതും കൊടുക്കും; ചെന്നിത്തല അടിയൊപ്പിടും. ഇല്ലെങ്കില്‍ അലുമിനിയം പട്ടേല്‍ ഇടുവിക്കും. വേണ്ടിവന്നാല്‍ പിണക്കംതീര്‍ക്കാന്‍ ആറാംമന്ത്രിയെക്കൂടി കൊടുക്കും.

ചത്ത കുതിര എന്നേ പണ്ട് നെഹ്റു പറഞ്ഞുള്ളൂ. പുതുമുറ ലീഗ് ഭ്രാന്തന്‍ കുതിരയാണ്. വേണ്ടിവന്നാല്‍ നരേന്ദ്രമോഡിയെ പാണക്കാട്ട് ക്ഷണിച്ചുവരുത്തി ആദരിക്കും. റോഡ് പണി ഇടവിടാതെ നടക്കണം, സര്‍ക്കാര്‍ വക ഭൂമിയെല്ലാം പതിച്ചെടുക്കണം എന്നൊക്കെയുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേ ലീഗിനുള്ളൂ. വല്ലപ്പോഴും എട്ടാം ക്ലാസുകാരനെ വൈസ് ചാന്‍സലറാക്കണമെന്നും അറബി വാധ്യാരെ സര്‍വകലാശാലാ രജിസ്ട്രാറാക്കണമെന്നും തോന്നും. പതിനാറുവയസ്സില്‍ കല്യാണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. അതിനപ്പുറമുള്ള കാര്യങ്ങള്‍ എസ്ഡിപിഐക്കാരാണ് ചെയ്യുന്നത്. ലീഗ് ഹൗസിലേക്ക് ഒരുവിധപ്പെട്ടവരൊന്നും കടന്നുചെല്ലില്ല. പുറത്ത് യൂത്ത് ലീഗിന്റെ കാവലാണ്. വി എസ് അച്യുതാനന്ദനെ മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വിടില്ലെന്നാണ് കാവല്‍ യൂത്ത് പ്രഖ്യാപിച്ചുകളഞ്ഞത്. ഇപ്പോള്‍ ചെന്നിത്തലയ്ക്കെതിരെ മുരളുന്നുമില്ല; കുരയ്ക്കുന്നുമില്ല. മുരളീധരന്‍ പറഞ്ഞതാണ് ശരി. വേറെ എങ്ങോട്ട് പോകാനാണ്? ആത്മാഭിമാനം മലപ്പുറത്തൊന്നും കിട്ടാനില്ലാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ലീഗിന് കൊള്ളാം.

*

ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ശാലുമേനോനാണ് താരം. സര്‍വപ്രതാപിയായ ടെന്നി ജോപ്പനുപോലും അകത്തുകിടക്കേണ്ടിവരുമ്പോള്‍ ശാലുവിനെ തൊടാന്‍ ഒരു കൊലകൊമ്പനും ധൈര്യമില്ല. ചീഫ് വിപ്പിന്റെ വാക്കുകള്‍ക്ക് പണ്ടുകാലത്തൊക്കെ വിലയുണ്ടായിരുന്നു. എന്തുപറഞ്ഞാലും ഉമ്മന്‍ചാണ്ടി അനുസരിക്കുമായിരുന്നു. ശാലുമേനോന്റെ കാര്യം വന്നപ്പോള്‍ പി സി ജോര്‍ജ് പുറത്ത്. സ്ത്രീ ശാക്തീകരണം യുഡിഎഫിന്റെ മുഖ്യ അജന്‍ഡയാണെന്ന പ്രഖ്യാപനം വെറുതെയല്ല. ശാലുവിനെയും സരിതയെയും പോലെ ശക്തിയുള്ള സ്ത്രീകളെ സൃഷ്ടിക്കുന്നത് നിസ്സാരകാര്യവുമല്ല. സരിത തമിഴ്നാട്ടിലെ തലൈവി ശൈലിയില്‍ പട്ടുസാരിയില്‍ ചുറ്റിയാണ് പൊലീസ് പരിചാരകരോടൊപ്പം നടപ്പും കിടപ്പും. ദിവസവും ഓരോ സാരി. മേക്കപ്പ് സാമഗ്രികളും ഇഷ്ടഭോജ്യങ്ങളും ജനമൈത്രി പൊലീസ് യഥാസമയം എത്തിക്കുന്നു.

ശാലുവിന്റെ എല്ലാ ചിത്രങ്ങളും പൊലീസ് കൊണ്ടുപോയി. ഗൃഹപ്രവേശത്തിന് തിരുവഞ്ചൂരിനൊപ്പം പാല്‍പ്പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ചിത്രം ഒരു ഡിവൈഎസ്പി കൊണ്ടുപോയി ചുട്ടുകളയുകയായിരുന്നത്രെ. ശാലുവിന്റെ ശാലീനത തുളുമ്പുന്ന പലതും ഇന്റര്‍നെറ്റിലുണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല. ഒരര്‍ഥത്തില്‍ കലാകാരിയോട് കൊടുംക്രൂരതയാണ് പൊലീസ് ചെയ്യുന്നത്. അവരുടെ അഭിനയമികവ് വ്യക്തമാക്കുന്ന ഹ്രസ്വചിത്രങ്ങള്‍പോലും പിന്‍വലിച്ചുകളഞ്ഞു.

ഇന്നലെവരെ പൊലീസിനെയും മന്ത്രിമാരെയും ഉള്ളംകൈയിലിട്ട് കളിച്ച ജോപ്പന് പത്തനംതിട്ട ജയിലില്‍ ശ്വാസംമുട്ടുന്നത് സരിതയുടെ സുഖവാസമോ ശാലുമേനോന്റെ മൂന്നരക്കോടിയുടെ വീട്ടിലെ സുഖനിദ്രയോ ഓര്‍ത്തിട്ടല്ല. തനിക്കില്ലാത്ത എന്ത് സ്വാധീനമാണ് സരിതയ്ക്കും ശാലുവിനുമുള്ളത് എന്ന് ചിന്തിച്ചിട്ടുമല്ല. രാമനെ ഓര്‍ത്ത് തപിക്കുന്ന ഹനുമാന്റെ ഹൃദയമാണത്. തന്റെ "സ്വാമി"യുടെ നെഞ്ചിടിപ്പ് കൂടുന്നോ കുറയുന്നോ എന്നുള്ള ആധിയാണ് കാരാഗൃഹത്തില്‍ ജോപ്പന്‍ എന്ന വിശ്വസ്തവിധേയന് ശ്വാസതടസ്സം സൃഷ്ടിക്കുന്നത്. ഒരവസരം കിട്ടിയിരുന്നെങ്കില്‍, തിരുവഞ്ചൂരും കെ സി ജോസഫും കുഞ്ഞൂഞ്ഞിനെയും കൊണ്ട് പത്തനംതിട്ട ജയിലിലെത്തിയേനെ. ജോപ്പനാണല്ലോ രാപ്പനി കൃത്യമായി അറിയുക.

*

തിരുവഞ്ചൂരിന്റെ പൊലീസില്‍ മണത്തുപിടിക്കാന്‍ നല്ല പരിശീലനം കിട്ടിയ ഇനങ്ങള്‍ ഒട്ടേറെയുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസില്‍, കുഞ്ഞനന്തന്‍ പോയ വഴിയിലെ ആലയില്‍ കെട്ടിയ പശുപോലും പ്രതിയെ ഒളിപ്പിച്ച കേസില്‍ പ്രതിയാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഫേസ് ബുക്കില്‍ എഴുതിയാല്‍ സസ്പെന്‍ഷന്‍. തെറ്റയിലിന് ജാമ്യമില്ലാത്ത വകുപ്പ്. ശാലുമേനോന്‍ ആരെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചില്ല എന്നാണ് മണത്ത് തീരുമാനിച്ചത്. ചെയ്തതൊന്നും കുറ്റകൃത്യമല്ല എന്ന്. ജോപ്പനുപുറമെ ജിക്കുവും സലിം രാജും പിടിയിലായാലും ശാലുവിന് ഊനമുണ്ടാകില്ല. ആ സ്വാധീനത്തിന്റെ ശക്തി തിരുവഞ്ചൂരിനേ അറിയൂ.

Sunday, June 23, 2013

ആ പേരുമാത്രം പറയരുത്

ഉപമുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചര്‍ച്ച ഉപജാപക മുഖ്യമന്ത്രിയിലാണ് ചെന്നിടിച്ചത്. ഇടിയുടെ ശക്തി അപാരംതന്നെ. രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവാണ്. ഇങ്ങനെയൊരു വിരൂപാവസ്ഥയില്‍ രക്ഷപ്പെട്ടതുകൊണ്ടും വലിയ പ്രയോജനമില്ല. നാലുപേരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത പരുവമായി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള വിവാദം എന്ന് എല്ലാവരും പറയുന്നത് ഒന്നൊന്നര മാന്യതയുള്ളതുകൊണ്ടാണ്. പ്രതിഷ്ഠതന്നെയാണ് കേന്ദ്രസ്ഥാനത്ത്. ജോപ്പന്‍, ജിക്കു, സലിം, പയ്യന്‍-ഇങ്ങനെയെല്ലാം പല പേരുകളുണ്ടാവാം. കാലഭൈരവന്‍ രാവിലെ എണീറ്റപ്പോഴുണ്ടായ തോന്നലിലല്ല ദക്ഷനെ കൊല്ലാന്‍ പോകുന്നത്. പരമശിവന്‍ കല്‍പ്പിച്ച് അയക്കുന്നതാണ്. ഭൂതഗണങ്ങള്‍ തന്‍കാര്യം നോക്കികളായാല്‍ പരമേശ്വരന്റെ ഗതി അധോഗതിയാകും. നവ ലിബറല്‍ കാലമായതുകൊണ്ട് ഭൂതഗണങ്ങള്‍ക്ക് യജമാന സേവയ്ക്കൊപ്പം അല്‍പ്പം തന്‍കാര്യവും ആകാം എന്നുണ്ട്. അതുകൊണ്ടാണ് യജമാനനുവേണ്ടി നാലു വിളി തികയുമ്പോള്‍ ജോപ്പന്‍ സ്വന്തമായി സരിതയെ ഒരുവട്ടമെങ്കിലും വിളിച്ചത്.

മൂന്നുകൊല്ലംകൊണ്ട് തൊള്ളായിരം കോടി ഉണ്ടാക്കിയപ്പോള്‍ നീര റാഡിയയുടെ ഫോണ്‍ ചേര്‍ത്തണമെന്നാണ് കേന്ദ്രത്തിലെ പൊലീസിന് തോന്നിയത്. ഇവിടെ സരിതയുടെ ഫോണ്‍ മുക്കണമെന്നാണ് തിരുവഞ്ചൂരിന് തോന്നുന്നത്. സരിതയുടെ ആറു മൊബൈല്‍ഫോണില്‍ ഒരെണ്ണമേ പുറത്തുവന്നിട്ടുള്ളൂ. അതുതന്നെ ഇത്രയും മുഴുത്തതാണെങ്കില്‍, അന്വേഷിക്കാതെ വിട്ട നമ്പരുകളുടെ രഹസ്യം പുറത്തുവന്നാലത്തെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.

സരിത എന്തെല്ലാം തട്ടിപ്പു നടത്തി എന്നതിലല്ല തിരുവഞ്ചൂരിന്റെ കണ്ണ്. ഫോണ്‍വിവരം എങ്ങനെ കൈരളി ചാനലിന് കിട്ടി എന്നാണ് കൂലങ്കഷമായ അന്വേഷണം. പൊലീസില്‍ മനുഷ്യനുമുണ്ട്; പൊലീസ് നായയുമുണ്ട്. മൃഗങ്ങളാകുമ്പോള്‍ യജമാന സ്നേഹം അല്‍പ്പം കൂടും. സ്നേഹമുള്ള ഏതാനും പൊലീസ് നായ്ക്കള്‍ക്കാണത്രെ ,"ഫോണ്‍ ചോര്‍ച്ചയുടെ" അന്വേഷണച്ചുമതല. നന്നായി മണംപിടിച്ച് അവ കണ്ണൂരിലാണ് വട്ടം കറങ്ങുന്നത്. പാവപ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് വട്ടമിട്ടിരിക്കുന്നത്. അവര്‍ക്കുചുറ്റും മുക്രയിടുകയും കുരയ്ക്കുകയും കടിക്കാനോങ്ങുകയും ചെയ്യുകയാണ് അന്വേഷി ശ്വാനപ്പട.

നിഷ്പക്ഷ ഭരണമാണ്. പൊലീസ് ഒരു പക്ഷത്തേക്കും നോക്കില്ല. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അടുക്കളക്കാരനായ സലിം രാജ് എന്ന പൊലീസ് ഗുണ്ടയുടെ റിയല്‍എസ്റ്റേറ്റിന് പൊലീസ് കാവലുണ്ട്. ഒരു പൊലീസുകാരന്റെ ഫേസ് ബുക്കിലേക്ക് ആരോ സരിതാ ചരിതം ഷെയര്‍ചെയ്ത കുറ്റത്തിന് പാവത്തിന്റെ തൊപ്പി പോയി. സലിം രാജ് അല്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ്. മറ്റുള്ളവരുടെ മാന്യതയാണ് കുറ്റവാളികളുടെ ബലം. ഉമ്മന്‍ചാണ്ടിയുടെ അപരാധത്തിന് അരികിലെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ പുതുപ്പള്ളിയില്‍ എന്നേ ഒരു വിശ്രമജീവിതാശ്രമം ഉയര്‍ന്നേനെ. കാര്യശേഷിയില്ലാത്തവര്‍ കാറിത്തീരുമ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ നിഷ്കാസനപ്പട്ടികയില്‍ ചെന്നിത്തലയുടെ അടുത്ത തലമുറവരെ സ്ഥാനം പിടിക്കും.

സരിതയുടെയും ശാലുമേനോന്റെയുമൊക്കെ വീട്ടില്‍ ഇടയ്ക്കിടെ പൊലീസ് കയറി റെയ്ഡ് നടത്തുന്നത് തട്ടിപ്പ് പിടികൂടാന്‍തന്നെ. ഓരോ റെയ്ഡിലും കിട്ടുന്നത് വിലപ്പെട്ട തെളിവുകള്‍. മന്ത്രിയുടെ കോമഡി വീഡിയോ. മുഖ്യന്റെ കത്ത്. മീശയുള്ളതും ഇല്ലാത്തതുമായ പൊലീസേമാന്മാര്‍ അഭിനയിച്ച ഹ്രസ്വചിത്രങ്ങള്‍. സൗരോര്‍ജം ജ്വലിച്ചുയരുന്നതിന്റെയും പാനലുകള്‍ ചൂടേറ്റ് വിയര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍-ഇങ്ങനെ പലതും റെയ്ഡിലൂടെ പിടിച്ചെടുത്തുകഴിഞ്ഞു. ഇത്രയും മെച്ചപ്പെട്ട പൊലീസ് വേറെവിടെയുണ്ട്? സരിതയ്ക്ക് കോടതിയില്‍ പോകുമ്പോള്‍ മാറിമാറിയിടാന്‍ രണ്ടുഡസന്‍ സാരിയേ എത്തിച്ചുള്ളൂ എന്നതാണ്് ഒരു പാകപ്പിഴ. നൈറ്റ് ഡ്രസിന്റെയും പെര്‍ഫ്യൂമിന്റെയുമൊക്കെ എണ്ണം കൂട്ടി കസ്റ്റഡിവാസം കഷ്ടരഹിതമാക്കാനുള്ള സ്ത്രീപക്ഷ ചിന്താഗതി പൊലീസിനുണ്ടാകണം.

വാത്സ്യല്യവാരിധികളാകണം പൊലീസ്് എന്ന് തിരുവഞ്ചൂര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. അത് ശിരസ്സാവഹിച്ച ഒരു ഏമാന് സരിതയോട് ഒടുക്കത്തെ വാത്സല്യം. അത് തരളിതമായ നേരത്ത്, വത്സലയ്ക്ക് വേണ്ടത് ഏമാന്റെ കോമളവദനത്തില്‍ മാറിമറിയുന്ന നവരസങ്ങളുടെ തത്സമയ ചിത്രീകരണം. തകര്‍ത്തഭിനയിച്ച ആ വീഡിയോ ആദ്യം അപ്രത്യക്ഷമായ തെളിവുകളില്‍പെടുന്നു. ലാപ്ടോപ്, ക്യാമറ, ഫയലുകള്‍ എന്നിങ്ങനെ അത്തരം അനേക രംഗങ്ങള്‍ ഇന്ന് പൊലീസ് കസ്റ്റഡിയിലുണ്ട്. ആരും ആര്‍ക്കെതിരെയും ഉപയോഗിക്കില്ല. ഉപയോഗിച്ചാല്‍ ചാണ്ടിക്കെതിരെ തിരിയുന്ന തൊമ്മനും അകത്താകും. പൊലീസിന് തെളിവിനെ പേടി, മന്ത്രിക്ക് സരിതയെ പേടി, സരിതയ്ക്ക് ബിജുവിനെ പേടി, എല്ലാവര്‍ക്കും ശാലുവിനെ പേടി.

നാടാകെ നടന്നും പറന്നും തട്ടിപ്പുകാട്ടിയ പെമ്പ്രന്നോത്തിയുടെ കേസന്വേഷണം കണ്ടാല്‍ വല്ല നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുപോലെ തോന്നും. പാതിരാത്രിയിലും പുലര്‍ച്ചെയും ഫോണ്‍വിളിച്ച് സൊള്ളിയതിന്റെ സുഖത്തില്‍ സര്‍ക്കാരിന്റെ മുതല്‍ കാണിക്കവച്ച ഒന്നാംതരം മോഷ്ടാക്കളെ ചോദ്യംചെയ്യുന്നത് സംസ്ഥാനത്തിന്റെ പൊലീസ് തലവന്റെ പദവിയിലുള്ളയാളാണ്. ചോദ്യം ചെയ്യലിനായി ജിക്കുമോന്‍ ഇരുന്നു പ്രവേശിച്ചു; സലിം രാജ് ചിരിച്ച് മണ്ണുകപ്പിയെന്ന് മാധ്യമ വിവരണം.

ശാരദ, ഷീല തുടങ്ങിയ പഴയകാല നടികള്‍ കോണ്‍ഗ്രസുകാരികളുമാണ്. ഷീല കോണ്‍ഗ്രസ് കൊടിയെടുത്ത് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ദാഹിച്ച് മോഹിച്ച് കഴിയുന്നു. പ്രതിഭ തെളിയിച്ച മലയാള നടികള്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് സിനിമ കണ്ടാല്‍ മനസിലാകും-കൊള്ളാവുന്നതോ അല്ലാത്തതോ എന്ന്. അവര്‍ക്കൊന്നുമില്ലാത്ത എന്താണ് ശാലുമേനോനില്‍ കൊടിക്കുന്നില്‍ സുരേഷ് കണ്ടതെന്നറിയില്ല. അംബികാ സോണി ഒരു പെണ്‍പേര് വേണമെന്ന് പറഞ്ഞു-അപ്പോള്‍തന്നെ സെന്‍സര്‍ ബോഡിലേക്ക് ഞാന്‍ ശാലുവിെന്‍റ പേര് കൊടുത്തു എന്നാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. ഇന്ത്യന്‍ സിനിമ പരിശോധിച്ച് അഡല്‍റ്റ്സ് ഒണ്‍ലിയാണോ അല്ലാത്തതാണോ എന്ന് തീരുമാനിക്കാന്‍ കഴയുന്ന മഹാപ്രതിഭയെയാണ് കൊടിക്കുന്നില്‍ ശാലുമേനോനില്‍ ദര്‍ശിച്ചത്. ഒരുപക്ഷേ, ശാലു അഭിനയിച്ച് യുട്യൂബില്‍ പ്രചരിക്കുന്ന ഏതെങ്കിലും ചിത്രം കണ്ടപ്പോള്‍ തോന്നിയതാകാം. കേന്ദ്രമന്ത്രിക്ക് സീരിയല്‍ കാണാനും തിയറ്ററില്‍ പോയിരിക്കാനും സമയം കിട്ടാനിടയില്ലല്ലോ.

ശാലുവിന്റെ കഴിവ് കണ്ടെത്തിയ മറ്റൊരാള്‍ സാക്ഷാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെയാണ്. എംസി റോഡിലൂടെ കോട്ടയത്തേക്ക് പോകുമ്പോള്‍ ഒരുദിവസം വെറുതെ അദ്ദേഹം ശാലുമേനോന്റെ വീട്ടില്‍ കയറി. അന്ന് അവിടെ ഗൃഹപ്രവേശമായിരുന്നു. ചെന്നയുടനെ കൈപിടിച്ച് അകത്തുകയറ്റാന്‍ ഒരാള്‍ വന്നു. സ്നേഹനിര്‍ഭരമായ സ്വീകരണം. സെന്‍സര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആദരിച്ച കലാകാരിയോടും കൂടെയുള്ളവരോടും കുശലം പറഞ്ഞ്, അവരുടെ ആതിഥ്യം നന്ദിപൂര്‍വം സ്വീകരിച്ച് മടങ്ങി. അന്ന് ചിലരൊക്കെ ചില ചിത്രങ്ങളും വീഡിയോയും എടുത്തിരുന്നു. സരിതോര്‍ജത്തിന്റെ അനിയന്ത്രിത പ്രവാഹത്തിനിടെ ആ ചിത്രങ്ങള്‍ തേടി ചിലര്‍ എത്തും എന്ന് മനസിലാക്കിയാണ്, പൊലീസിലെ കഴിവുള്ള ചിലരെ വിട്ട് ചിത്രവും വീഡിയോയും എടുത്തു മാറ്റിച്ചത്. അതൊരു കുറ്റമാണോ? പണ്ട്, ദല്ലാള്‍ നന്ദകുമാറിന്റെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് തിരുവഞ്ചൂരിന് ദല്ലാളുമായെന്ത് ബന്ധം എന്നു ചോദിച്ചത് മറന്നിട്ടില്ല. അതുപോലെ, ശാലു മേനോനും തിരുവഞ്ചൂരും തമ്മിലെന്ത് എന്ന ചോദ്യം വന്നാല്‍ സംഗതി കുഴയും. അതിനുള്ള തെളിവുകള്‍ സ്വന്തം കൈയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പൊലീസ് മന്ത്രി?

ശാലു എന്ന കലാകാരി, പഠിക്കുന്നകാലത്ത് മിടുമിടുക്കിയായിരുന്ന സരിത നായര്‍, കലാസ്നേഹികളായ ജിക്കുജോപ്പന്‍മാര്‍-ഇവരെയെല്ലാം വേട്ടയാടുന്നത് കഷ്ടംതന്നെ. സരിതയുടെ ഊര്‍ജ സംരക്ഷണത്തോടുള്ള ആത്മാര്‍ഥത കണ്ട് കേന്ദ്രമന്ത്രി വേണുഗോപാലിന്റെ മനസ്സില്‍ തീയോ തീപ്പൊരിയോ ഉണ്ടായി എന്ന് മറ്റൊരു കഥയുമുണ്ട്. ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് പറഞ്ഞതുപോലെയാണ്. ഒരു സരിതക്കഥ പറഞ്ഞുവേണം വേണുഗോപാലിനെ മലയാളി മനസിലാക്കാന്‍ എന്ന്. ആ മഹാനുഭാവനായ രാഷ്ട്രീയ നേതാവിനെ കടന്നപ്പള്ളി മുതല്‍ ദുബായ് വഴി അങ്ങ് ഡല്‍ഹിവരെയുള്ള ജനസാമാന്യം ഇത്രമാത്രം നിസ്സാരനായി കാണാന്‍ പാടില്ലതന്നെ. സരിത എന്ന ചാരസുന്ദരി കയറിച്ചെന്ന് വേണുഗോപാലിന്റെ ഊര്‍ജ രഹസ്യം ചോര്‍ത്തിയെടുത്തു എന്നൊന്നും പറയാന്‍ പാടില്ല. ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും തുറക്കാം; തുരക്കുകയുമാവാം.

സരിതയോടൊപ്പം വിവിധ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതിലും കുറ്റം പറയാന്‍ കഴിയില്ല. ഊര്‍ജസംരക്ഷണത്തിനും വികസനക്കുതിപ്പിനും ഉതകുന്ന സ്ഥാപനങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകതന്നെ വേണം. സരിതയെ കൊണ്ടുനടക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് പ്രത്യേക ഡ്യൂട്ടി കൊടുക്കണം. ഇരുപത്തിനാലുമണിക്കൂര്‍ കോള്‍സെന്ററില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഇരുത്തി സരിതകേരളത്തിെന്‍റ ഭാവി സുരഭിലമാക്കണം. ഈ ശുഷ്കാന്തി അതിവേഗ വികസനത്തിന്റെ ഭാഗമായി അഭിനന്ദിക്കപ്പെടണം.

ഉമ്മന്‍ചാണ്ടിക്ക് "എ"ഗൂപ്പ് നേതാവ് എന്നാണ് വിശേഷണം. എ യുടെ പൂര്‍ണരൂപം ഏത് എന്നതിലാണിപ്പോള്‍ സംശയം. അതേതായാലും ആന്റണിയല്ല. ആന്റണിയെ രാജിവയ്പിച്ച് കേന്ദ്രമന്ത്രിയാക്കിയതില്‍പിന്നെ, എ ഗ്രൂപ്പില്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന "ഉ" ഗ്രൂപ്പേയുള്ളൂ. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള സിനിമകളുടെ പോസ്റ്ററിലാണ് ഇപ്പോള്‍ എ കാണുന്നത്. അതുകൊണ്ടുതന്നെയാകാം, ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ "എ" എന്നുമാത്രം ഉപയോഗിക്കുന്നത്. അവിടെയാണ് ഔചിത്യം. ഭരണസിരാകേന്ദ്രത്തിന് പുതിയ മുഖം നല്‍കാനും സരിത പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഖജുരാഹോയിലോ മറ്റോ പോയി തൂണുകള്‍ക്ക് ശില്‍പ്പചാരുത ആവാഹിക്കാന്‍ ഫിറോസിനെ വിടാനിരുന്നതാണ്. വികസന വിരോധികള്‍ എല്ലാം തകര്‍ത്തു. ഇനിയിപ്പോള്‍ സരിതചാരുതയോ ശാലുചാരുതയോ മതി എന്നുവയ്ക്കാം. എന്തായാലും ശാലുവിന്റെ പേരുമാത്രം ഇനിയാരും പറയരുത്. അത് കൊടിക്കുന്നില്‍ പറഞ്ഞുപോയി. ഇനി പറയുന്നവന്‍ ക്രൈംകുമാര്‍ തൊട്ടാലത്തെ ഗതിയിലാവും-നാറി നാനാവിധമാക്കുമെന്ന്.

*
പ്രതിപക്ഷത്തിനെതിരായി വിവാദങ്ങള്‍ തേടിപ്പിടിക്കാന്‍ പയ്യന്‍സ് പുറപ്പെട്ടിട്ടുണ്ട്. എല്ലാം ഭംഗിയായി കലാശിച്ചാല്‍, മൂന്നാറിലെ റിസോര്‍ട്ടിലാണ് ജോപ്പന്റെ പാര്‍ടി. പൊലീസ് ശേഖരത്തിലുള്ള ചില സരിതോര്‍ജ വീഡിയോകളുടെ സൗജന്യ പ്രദര്‍ശനവുമുണ്ടാകും. പൊലീസ് യൂണിഫോമില്‍ തിരുമ്മുചികിത്സ പ്രാക്ടീസ് ചെയ്യുന്ന കൊമ്പന്മാരുടെ കുമ്മിയടി ഉല്ലാസം പകരും. പയ്യന്‍സിന് അത്രയും മതി-അടുത്ത അറ്റാക്കിന് ഊര്‍ജം തരാവും.

Sunday, June 16, 2013

"ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ"

ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം വാങ്ങിയ മുഖ്യമന്ത്രിയാണ്. ""കഷ്ടിച്ച് നാലുമണിക്കൂര്‍ ഉറക്കം. രാവിലെ ആറ് ആറരയോടെ ഉണരും. ചെറിയൊരു പ്രാര്‍ഥനയുണ്ട്. അതുകഴിഞ്ഞ് പത്രങ്ങളിലൂടെ കണ്ണോടിക്കും. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ തറയിലിരുന്നാണ് പത്രവായന. ചുറ്റും കടലാസുകൂമ്പാരം കാണും. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന രണ്ട് ഫോണും. ഫോണ്‍കോളുകളെല്ലാം നേരിട്ടെടുക്കും."" എഴുപതാംവയസ്സിലേക്ക് കടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞുകുഞ്ഞു കഥകള്‍ വിശ്വസ്ത അനുയായി പി ടി ചാക്കോ ഇങ്ങനെ എഴുതിയിട്ടുണ്ട്. എഴുതിയതാകെ പുസ്തകമായും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നാട്ടില്‍ രണ്ടുനേരം ലോഡ്ഷെഡിങ്ങുള്ളപ്പോഴും ഉമ്മന്‍ചാണ്ടിക്ക് ഊര്‍ജത്തിന് കുറവില്ല. സൗരോര്‍ജമാണോ സരിതോര്‍ജമാണോ ഈ കര്‍മകുശലതയ്ക്ക് കാരണമെന്ന് അടുത്ത പത്രക്കുറിപ്പിലെങ്കിലും രമേശ് ചെന്നിത്തല വ്യക്തമാക്കേണ്ടതുണ്ട്. ഒരു മുഖ്യമന്ത്രിക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകേസ് ഇന്നുവരെ കേരളം കേട്ടിട്ടില്ല. വെറുതെയല്ല ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുക്കാത്തത്. ഊര്‍ജസംരക്ഷണം തിരുവഞ്ചൂരിന്റെ പണിയാണ്. പൊലീസുകാരാണ് ഇപ്പോള്‍ സരിതാ എസ് നായരുടെ അംഗരക്ഷകര്‍.

ചെന്നിത്തലയുടെയും സുകുമാരന്‍നായരുടെയും ഫോണ്‍ ചോര്‍ത്തുന്ന പൊലീസുകാരന് സരിതാ എസ് നായരുടെ നായരെ കണ്ടാല്‍ മുട്ടുവിറയ്ക്കും. ഒരുമണിക്കൂര്‍ നേരമാണ് ആ നായര്‍ നിര്‍ഭയ നിഷ്പക്ഷ മാധ്യമത്തില്‍ ഫോണിലൂടെ ചാനലിലേക്ക് പ്രവേശിച്ചത്. എവിടെനിന്ന് ഏതു നമ്പരിലേക്ക് വിളിച്ചു എന്ന് ഏത് പൊലീസുകാരനും മനസ്സിലാക്കാനുള്ള സംവിധാനമെല്ലാം തിരുവഞ്ചൂരിന്റെ കൈയിലുണ്ട്. തട്ടിപ്പുകാരന്‍ നിര്‍ഭയം നിരന്തരം ചാനലിനോട് സംസാരിക്കുമ്പോള്‍ത്തന്നെ ചെന്നുപിടിക്കാമായിരുന്നു. അതല്ലെങ്കില്‍ കുറ്റവാളി എവിടെയുണ്ടെന്ന് രാജ്യസ്നേഹപരമായ ഒരു ചോദ്യം ചാനലുകാരോട് ചോദിച്ച്, നിയമവാഴ്ചയെ സ്നേഹിക്കുന്ന അവരില്‍നിന്ന് മറുപടി വാങ്ങാമായിരുന്നു.

സരിതയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ന്നത് പൊലീസില്‍നിന്ന് എന്നും അതേക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കും എന്നുമാണ് മാതൃഭൂമിയുടെ ആവേശവാര്‍ത്ത. വിവരം ചോര്‍ന്നതാണ് കുറ്റം- പാതിരാവിലും പുലര്‍ച്ചെയും ഉമ്മന്‍ചാണ്ടിയുടെ ചുറ്റുവട്ടത്തുനിന്ന് വിളി പോയതല്ല. ചെന്നിത്തലയ്ക്ക് ആശ്വാസത്തിന് വകയുണ്ട്. ഐ ഗ്രൂപ്പില്‍നിന്ന് ഒരു സുബ്രഹ്മണ്യന്റെ പേരേ പാപിപ്പട്ടികയില്‍ വന്നിട്ടുള്ളൂ. സരിതാ എസ് നായരെ രക്ഷിച്ചില്ലെങ്കില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ വനവാസത്തിന് പോകേണ്ടിവരും. വീട്ടിലും പറ്റില്ല; നാട്ടിലും പറ്റില്ല എന്ന സ്ഥിതിയുണ്ടാകും. ഇത്രയും വലിയ തട്ടിപ്പു നടത്തുന്ന സരിതയ്ക്ക് കൂട്ടാളികളെ കുടുക്കാനുള്ള വിദ്യയും വശമുണ്ട്. വിളിച്ചവരുടെയും കണ്ടവരുടെയും എല്ലാ തെളിവും നല്ല സൂര്യതാപത്തോടെതന്നെ സൂക്ഷിച്ചിട്ടുണ്ടത്രേ. തള്ളിപ്പറയുന്നവര്‍ കുടുങ്ങും.

സരിതയുടെ ഓഫീസിലും മുറിയിലുമെല്ലാം ഒളിക്യാമറയുണ്ടെന്നാണ് പറയുന്നത്. ചിത്രസഹിതമാണത്രേ തെളിവ്്. അത് കിട്ടിയാല്‍ അതുപോലെ പുറത്തുപറയുന്ന പൊലീസാണ് തിരുവഞ്ചൂരിന്റേത്. അതുകൊണ്ട് ക്യാമറയൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പുകാരിക്ക് പൊലീസ് കസ്റ്റഡിയില്‍ സുഖവാസമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുഹൃത്തിനെ ദ്രോഹിക്കാന്‍ പാടില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കണം; ജീരകവെള്ളം ചൂടാറാതെ വേണം. ഊണുകഴിഞ്ഞാല്‍ ഐസ്ക്രീമുമാകാം. സരിത എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ കുടുങ്ങുന്നത് ചില്ലറക്കാരൊന്നുമല്ല. മലയാളമനോരമക്കാരന്‍ സ്വന്തം ലേഖകന്മാരെ വിളിച്ച് ആജ്ഞാപിച്ചത്, സരിതയെയും സിപിഐ എമ്മിലെ ആരെയെങ്കിലും ബന്ധപ്പെടുത്തി വാര്‍ത്ത തന്നിരിക്കണം എന്നാണ്. ബന്ധമോ തെളിവോ വേണമെന്നില്ല, വാര്‍ത്ത മതി. പണ്ടൊരിക്കല്‍, എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കാണാന്‍ സരിത സ്വപ്നം കണ്ടിരുന്നു എന്ന വാര്‍ത്ത കൊടുത്താണ് ഒരു ലേഖകന്‍ ആജ്ഞാനുവര്‍ത്തിയായത്്.

പൊലീസിന് കിട്ടിയ ഒളിക്യാമറ കത്തിച്ചുകളഞ്ഞാല്‍ അത്രയും നല്ലത്. ഒരു കൂട്ടദുരന്തം ഒഴിവാക്കാന്‍ തിരുവഞ്ചൂരിന് ബാധ്യതയുണ്ട്. ആ ക്യാമറ ഐ ഗ്രൂപ്പുകാരുടെ കൈയില്‍ കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് മറിയം റഷീദയെയും നമ്പി നാരായണനെയും വച്ച് കളിച്ചതിന്റെ ദുരന്തം അനുഭവിച്ചവരും അവരുടെ മക്കളുമെല്ലാം ജീവനോടെയുണ്ടെന്ന് തിരുവഞ്ചൂരിനെങ്കിലും ഓര്‍മയുണ്ടാകണം. ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇന്നലെ ചെന്നിത്തലയെ അധികാരത്തിന് ആര്‍ത്തിമൂത്ത നേതാവെന്ന് വരുത്തിത്തീര്‍ത്ത് തെരുവിലിട്ട് തട്ടിയ ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തിന് ദൈവമാണ് മറുപടി കൊടുത്തതുപോലും. കഷ്ടപ്പെട്ട് വാര്‍ത്ത കണ്ടെത്തി ഉമ്മന്‍ചാണ്ടിയുടെ ഉള്ളുകള്ളി പുറത്തുകൊണ്ടുവന്ന കൈരളി- പീപ്പിള്‍ ചാനലിനും പി വി കുട്ടന്‍ എന്ന ലേഖകനും ക്രെഡിറ്റില്ല; എല്ലാം ദൈവത്തിന് സമര്‍പ്പിതം. അങ്ങനെയെങ്കില്‍ അങ്ങനെ. ഉമ്മന്‍ചാണ്ടി വിശുദ്ധനാണെന്ന് ഇനി മലയാളമനോരമപോലും പറയില്ലല്ലോ എന്ന് സമാധാനിക്കാം.

ആപത്തുകാലത്ത് എന്തും സംഭവിക്കും എന്നാണ്. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ വരും. രക്ഷകര്‍ പാമ്പായി മാറും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് ഏഷ്യാനെറ്റ് ഇറങ്ങിയത്. മുഖ്യപ്രതിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവായി അത് മാറി. ഡല്‍ഹിയിലെ ജോപ്പനായ കുരുവിള ശ്രമിച്ചത് ഒരുവട്ടമേ ഉമ്മന്‍ചാണ്ടി സരിതയെ കണ്ടിട്ടുള്ളൂ എന്ന് സ്ഥാപിക്കാനാണ്. വിജ്ഞാന്‍ഭവനിലെ അതീവസുരക്ഷാ മേഖലയില്‍പ്പോലും സരിതയെ മുഖ്യമന്ത്രി കണ്ടു എന്ന പുലിവാല്‍ വെളിപ്പെടുത്തലായി അത് മാറി. പി സി ജോര്‍ജാണെങ്കില്‍, ഗണേശ്കുമാറിനെ വലിച്ചുകൊണ്ടുവന്ന് അരക്കൈ നോക്കി. ഒരര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് മുറുക്കിയത് ജോര്‍ജാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ജോപ്പന്റെ വിളി നടന്നതെന്നതിന് ജോര്‍ജിന്റെ മൊഴി ധാരാളമായി.

എങ്ങനെയാണ് ഈ തട്ടിപ്പുകാരൊക്കെ പി സി ജോര്‍ജിന്റെ സമക്ഷത്തിലെത്തുന്നത്? ഭൂമികൈയേറ്റക്കേസും വ്യഭിചാരക്കേസും അവിഹിതക്കേസും സോളാര്‍ തട്ടിപ്പുകേസുമൊക്കെ കൈകാര്യംചെയ്യുന്ന ഏജന്‍സി ഇപ്പോള്‍ ജോര്‍ജാണ്. ഗണേശിന്റെ അവിഹിതക്കേസില്‍ ജോര്‍ജ് ഒരു ഭാഗത്തുണ്ട്. സരിതയുടെ നായരെ ചാടിക്കുന്നതും പറയിക്കുന്നതും ജോര്‍ജാണത്രേ. സരിതയുടെ വിളിയില്‍ ചിലത് ജോര്‍ജിനും പോയിട്ടുണ്ട്. അത് പുറത്തുവരുന്നതിനുമുമ്പ്, ആ കുറ്റവും ഗണേശിന്റെ തലയില്‍ വച്ചുകൊടുത്തു.

ആപത്താകുന്ന രക്ഷകരില്‍ മനോരമയുടെ പേരുമുണ്ട്. ""മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്തുണ്ടെങ്കില്‍ മൊബൈല്‍ഫോണില്‍ കിട്ടണമെങ്കില്‍ പേഴ്സനല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ടെന്നി ജോപ്പന്റെയോ സ്റ്റാഫിലില്ലാത്ത തോമസ് കുരുവിളയെയോ വിളിക്കണം. സ്വന്തമായി ഒരു&ലരശൃര;മൊബൈല്‍ഫോണില്ലാതെ പോയതിന്റെ പൊല്ലാപ്പ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നന്നായി അനുഭവിക്കുന്നുണ്ട്. തട്ടിപ്പുകാരി സരിത എസ് നായര്‍ ഇക്കണ്ട ഫോണിലൊക്കെ വിളിച്ചതും അതില്‍നിന്നും തിരികെ വിളി പോയതും ജോപ്പന്റെയും സലിംരാജിന്റെയും കസേരകൂടിയാണ് കൊണ്ടുപോയത്. ഏത് സമയവും പുറത്തേക്ക് തെറിക്കാന്‍ തയ്യാറായി മറ്റു ചിലരും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ ഈ നമ്പറുകളാണ് ആശ്രയിക്കുന്നത്""എന്നാണ് മനോരമ ഒന്നാംപേജ് വാര്‍ത്ത. അതായത്, തട്ടിപ്പുകാരി സരിത വിളിച്ചതും ഉമ്മന്‍ചാണ്ടിയെത്തന്നെയാണെന്ന്. മുഖ്യമന്ത്രി ആരൊടൊപ്പമാണോ അവരിലേക്കാണ് സരിതയുടെ ഫോണ്‍വിളി എത്തിയതെന്ന്. ബാലജനസഖ്യംമുതല്‍ പരിലാളിക്കുന്ന; കണ്ടത്തില്‍ മാമ്മന്‍മാപ്പിളയ്ക്കുശേഷം ആരാധിക്കാനും സ്നേഹിക്കാനുമായി കണ്ടെത്തിയ ഉമ്മന്‍മാപ്പിളയ്ക്ക് ഏനക്കേടുവരുമ്പോള്‍ പരിഭ്രമം കാണും. അപ്പോള്‍ ചെയ്യുന്ന പണി വിപരീതഫലവും ചെയ്യും. സരിതോര്‍ജത്തിന്റെ കുത്തൊഴുക്കില്‍ ഇനി എന്തെല്ലാം സംഭവിക്കും; ആരുടെയെല്ലാം തലതെറിക്കും എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ചീട്ട് ജനങ്ങള്‍ കീറിക്കഴിഞ്ഞു. പുതുപ്പള്ളിയിലെ ഞായറാഴ്ച ദര്‍ബാര്‍പോലും മുടങ്ങുന്ന സ്ഥിതിയാണ്. മനോരമക്കാരന്‍ ഇതുവരെ "ശരീര ഭാഷയുടെ" തോത് അളക്കാത്തതു ഭാഗ്യം. നാട്ടുകാര്‍ അതും നന്നായി അളക്കുന്നുണ്ട്.

*

മഹര്‍ഷിമാര്‍ കുറെയുണ്ട്. ആ വേഷക്കാരുമുണ്ട്. താടിവച്ചവരെ മഹര്‍ഷിയെപ്പോലെ എന്നു വിശേഷിപ്പിക്കും- മഹര്‍ഷിക്ക് തുല്യന്‍ എന്നു പറയില്ല. നമ്മുടെ വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ കേരളത്തില്‍ ഒരു ഋഷിതുല്യനെ കണ്ടെത്തിയിരിക്കുന്നു. ആ ഋഷിതുല്യന്‍ തലസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നടത്തിയത് കാവ്യസദ്യയാണെന്നും വിധിയെഴുതിയിരിക്കുന്നു. സ്ത്രീകളുടെ മര്യാദകെട്ട വസ്ത്രധാരണമാണ് പീഡനങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും പെണ്‍കുട്ടികള്‍ ജീന്‍സ് ഇടാന്‍ പാടില്ലെന്നും ആണുങ്ങളെപ്പോലെ ഓടിച്ചാടി നടന്നാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നും പുരുഷന് 10 മിനിറ്റുകൊണ്ട് ഗര്‍ഭമുണ്ടാക്കാന്‍ കഴിയും; സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ 10 മാസം വേണമെന്നുമുള്ള സൂക്തങ്ങളാണ് കാവ്യസദ്യയില്‍ ഋഷിതുല്യന്‍ പാടിയത്. അതുകേട്ട് സഹികെട്ട് കൂവിപ്പോയ പെണ്‍കുട്ടിയെ "വകതിരിവില്ലാത്ത അപക്വമതി" എന്നും ബഹുമാനിച്ചു അബ്ദുറബ്ബിന്റെ വകുപ്പ്. നാളെ പി സി ജോര്‍ജിനെ ഋഷിതുല്യനെന്നും ഗണേശ്കുമാറിനെ ശ്രീരാമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെ പരിശുദ്ധാത്മാവെന്നും വിളിപ്പിക്കാന്‍ ഇങ്ങനെ ഏതെങ്കിലും അന്വേഷണം നടത്തിയാല്‍ മതിയാകും. ഋഷിതുല്യന്‍ "പോസിറ്റീവ് എനര്‍ജി" പ്രസരിപ്പിച്ച് സര്‍ക്കാരിന്റെ ടിഎയും ഡിഎയും വാങ്ങി കാവ്യസദ്യ തുടരട്ടെ. അതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാവ്യസദ്യാ സര്‍വകലാശാലയുണ്ടാക്കി ഏതെങ്കിലും എട്ടാംക്ലാസുകാരനെ നമുക്ക് വൈസ്ചാന്‍സലറാക്കാം.

*

ഒരിക്കല്‍ വിശുദ്ധ ജോണ്‍ വിയാനിയുടെ അടുക്കല്‍ ഒരു&ലരശൃര;മനുഷ്യന്‍ വന്നു പറഞ്ഞു. ""പാപത്തിന്റെ ഭാരത്തെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും അങ്ങ് പ്രസംഗിക്കുന്നത് കേട്ടു. ഇത്രയുംകാലം പാപംചെയ്തിട്ടും എനിക്ക് ഒരു&ലരശൃര;ഭാരവും തോന്നിയിട്ടില്ലല്ലോ."" ജോണ്‍ വിയാനി പറഞ്ഞു, ""പാപത്തിന് തീര്‍ച്ചയായും ഭാരമുണ്ട്. മൃതശരീരത്തിനുമുകളില്‍ എത്ര ടണ്‍ ഭാരം വച്ചാലും അത് അയാള്‍ക്ക് അനുഭവപ്പെടുമോ? ജീവിക്കുന്നവര്‍ക്കാണ് ഭാരം അനുഭവപ്പെടുക. ആത്മാവില്‍ പ്രസാദവരം നല്‍കുന്ന ജീവന്‍ കുടികൊള്ളുമ്പോള്‍ മാത്രമേ ചെയ്യുന്ന പാപങ്ങള്‍ നമ്മെ ഭാരപ്പെടുത്തൂ."" (വേദപുസ്തകത്തില്‍ വായിച്ചതാണ്. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിക്ക് പാപഭാരം തോന്നേണ്ടതില്ല; അതുകൊണ്ട് രാജിയും വേണ്ടതില്ല എന്ന് മനോരമയ്ക്ക് എഴുതാം)

Monday, June 10, 2013

വാര്‍ധക്യകാലേ വിമതബുദ്ധി

കോഴിയമ്മയുടെ കഥപോലെയാണ്. കാവിയുടുത്ത രണ്ടുപേര്‍മാത്രം പാര്‍ലമെന്റില്‍ അലഞ്ഞുതിരിഞ്ഞ കാലമുണ്ടായിരുന്നു. അദ്വാന്‍ജിയും വാജ്പേയിജിയും. ആകാരത്തിന്റെയും ആര്‍എസ്എസിന്റെയും ബലത്തില്‍ വാജ്പേയിജി പിന്നെ പ്രധാനമന്ത്രിയായി. വെള്ളം കോരിയും വിറകുവെട്ടിയും രഥം പായിച്ചും കല്ലുകൂട്ടിയും കര്‍സേവ നടത്തിച്ചും അധികാരപീഠത്തിലേക്ക് വഴിവെട്ടിയ അദ്വാന്‍ജി സ്ഥിരം രണ്ടാമനായി. ചെറിയൊരുദാഹരണമെടുത്താല്‍ നമ്മുടെ ചെന്നിത്തലയെപ്പോലെ. എട്ടുകൊല്ലമായി കെപിസിസി എന്ന ഭാരവുംപേറി തെക്കുവടക്ക് നടക്കുന്നു. കേരളയാത്ര പലവട്ടം നടത്തുന്നു. ചാത്തന്‍സേവമുതല്‍ കൂടോത്രംവരെയുള്ള പലപണിയും പയറ്റുന്നു. എന്നിട്ടും രണ്ടാമനാകാന്‍പോലുമില്ല യോഗം. ആ കണക്കില്‍ അദ്വാന്‍ജി ഭാഗ്യവാന്‍.

വാജ്പേയിയുടെ ഒഴിവിലെങ്കിലും ഒന്നാമനാകാമെന്നു കരുതിയപ്പോള്‍ അക്കുറി അത്തിക്കാ പഴുത്തില്ല. പ്രതിപക്ഷത്തിരുന്ന് മടുത്തു. കോണ്‍ഗ്രസിന്റെ ശക്തിക്ഷയം കാണുമ്പോള്‍ ഒരുവട്ടംകൂടി ആ കിണര്‍വെള്ളം കോരിക്കുടിക്കാന്‍ മോഹമുണ്ടാകുന്നതില്‍ തെറ്റില്ല. അങ്ങനെ മോഹിക്കുന്നതിനുപോലും വിലക്ക് വീണിരിക്കുന്നു. നാഗ്പുരിലെ കാക്കിനിക്കറുകാര്‍ക്ക് ഒരാളോട് എക്കാലത്തും മമതയൊന്നുമില്ല. പുകഞ്ഞകൊള്ളിയെ അപ്പോള്‍ വലിച്ച് പുറത്തിടും. ആയകാലത്ത് സേവനം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കൂലിയും കിട്ടിയിട്ടുണ്ടെന്നാണ് നിലപാട്. കയ്യൂക്കുള്ളവന്‍ കാര്യം കാണും. കയ്യൂക്കും മെയ്യൂക്കും ഗുജറാത്തിലാണ്. ഗാന്ധിനഗറില്‍നിന്ന് നാഗ്പൂരിലേക്ക് പവര്‍ ഹൈവേ വന്നിട്ടുണ്ട്. അദ്വാനിക്ക് താജ്മഹലിന്റെ കല്‍പ്പണിക്കാരുടെ ഗതിയാണ്. കഷ്ടപ്പെടാം; വിയര്‍പ്പൊഴുക്കാം- ഉടമസ്ഥതയും പകിട്ടും ഷാജഹാന് കിട്ടും. അല്ലെങ്കിലും യജമാനന്മാര്‍ക്കുവേണ്ടി ചോരയും നീരുമൊഴുക്കുന്നവരുടെയെല്ലാം ഗതി ഇതാണ്. അവസാനം ആരും തിരിഞ്ഞുനോക്കാനുണ്ടാകില്ല. യജമാനന്‍ അങ്ങോട്ട് നോക്കുകയേ ഇല്ല. ആര്‍എസ്എസ് ഇനി "ഏത് അദ്വാനി" എന്ന് ചോദിക്കുന്നതും കേള്‍ക്കാം.

പഴയ പുലികളും സിംഹങ്ങളുമെല്ലാം മടയിലാണ്. എല്ലാവര്‍ക്കും മോഡിയെയാണ് പേടി. കഥകളിയില്‍ വെളുത്ത താടിയുള്ളത് ഹനുമാനാണ്. മോഡിയുടെ സ്വഭാവക്കാര്‍ക്ക് ചുവന്ന താടിയാകും. ഇവിടെ നിറത്തില്‍ വ്യത്യാസമുണ്ടെന്നുമാത്രം. മോഡിയുടെ ചുവന്ന താടിയെ സകലര്‍ക്കും പേടിയാണ്. പഴയ പടക്കുതിര ഉമാഭാരതിയും യശ്വന്ത് സിന്‍ഹയും ജസ്വന്ത്സിങ്ങും രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയുമൊന്നും പുറത്തേക്ക് വരുന്നില്ല. എന്തിന്, രാഹുല്‍മാജിക്കിന്റെ ബദല്‍മാജിക്കുകാരനായ വരുണ്‍ ഗാന്ധിക്കുപോലും ഗോവയിലെ കടല്‍ക്കാറ്റ് അലര്‍ജിയാണത്രേ. ഗോവയില്‍ മോഡിയെ അരിയിട്ടുവാഴിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് അദ്വാനിസംഘം ഡല്‍ഹിയിലിരുന്ന് വിലപിക്കുന്നത്. സ്വസ്ഥമായി ഇരുന്നു കരയാനും വിടാതെ, കുറെ ശൂലക്കാരെ പ്രകടനത്തിനായി അദ്വാന്‍ജിയുടെ വീടിനുമുന്നിലേക്ക് പറഞ്ഞുവിടുകകൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് തീര്‍പ്പായിക്കിട്ടി.

ഇപ്പോള്‍ അദ്വാന്‍ജിയാണ് വിമതന്‍. മോഡി ഔദ്യോഗികന്‍. നാല് വ്യാജ ഏറ്റുമുട്ടല്‍, അഞ്ചാറിടത്ത് കലാപം, ആയിരം മുസ്ലിങ്ങളെ കൊന്നുതള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍കൂടി നടത്തിയാല്‍ നാഗ്പുരിലെ ആസ്ഥാനവുംകൂടി ആര്‍എസ്എസ് മോഡിക്ക് പോക്കുവരവ് നടത്തിക്കൊടുക്കും. നാളെ മോഡിയേക്കാള്‍ ചുവന്ന താടിയുമായി പ്രമോദ് മുത്തലിക്കാണ് വരുന്നതെങ്കില്‍ മോടി അങ്ങോട്ടുപോകും.

എണ്‍പത്തഞ്ച് വയസ്സായിട്ടും അടങ്ങിയൊതുങ്ങി വിശ്രമജീവിതം നയിക്കാത്തതെന്ത് എന്നാണ് അദ്വാന്‍ജിയോടുള്ള ആര്‍എസ്എസിന്റെ ചോദ്യം. അധികാരവും പ്രായവും തമ്മിലുള്ള ഇക്വേഷന്‍ ആര്‍എസ്എസിന് വലിയ വശമില്ല. ശാന്തമായും സമാധാനമായും മുന്നോട്ടുപോയ നാട്ടില്‍ കലാപത്തിന്റെ വിത്തെറിഞ്ഞ് വളവും വെള്ളവും കൊടുത്ത് വളര്‍ത്തി ഫലപ്രാപ്തിയായ അധികാരം പിടിക്കുമ്പോള്‍ അദ്വാന്‍ജി ഓര്‍ത്തുകാണില്ല- ഒടുക്കം ഇവ്വിധമാകുമെന്ന്. രഥയാത്ര നടത്തിയതും വാക്കുകളില്‍ വര്‍ഗീയതയുടെ വിഷംപുരട്ടിയതും ബാബരി പള്ളി പൊളിച്ചതുമെല്ലാം എന്തിനായിരുന്നുവെന്ന് ഇനി സ്വസ്ഥമായി ആലോചിക്കട്ടെ. മോഡിയുടെ കുട്ടികള്‍ വീട്ടിലേക്ക് കയറിവരാതെ നോക്കിയാല്‍ അത്രയും നല്ലത്. ഏറ്റുമുട്ടലും അപകടമരണവുമൊന്നും ആര്‍എസ്എസിന് പുതുമയല്ല. അത് അദ്വാന്‍ജിക്ക് നന്നായറിയാമെന്നതുകൊണ്ട്, മുതിര്‍ന്ന നേതാവായി പെന്‍ഷന്‍പറ്റി വിശ്രമജീവിതം നയിക്കാം. അതല്ലെങ്കില്‍ വിമതനായി കാലംകഴിക്കാം. രണ്ടായാലും മുന്നോട്ടുള്ള ഗതി അധോഗതിതന്നെ.

*
വിവരാവകാശനിയമം രാഷ്ട്രീയപാര്‍ടികള്‍ക്കും ബാധകമാണെന്ന് കമീഷന്‍ വിധിച്ചു- അതിനെതിരെ പ്രതികരണം വന്നപ്പോള്‍ ചില മാധ്യമകേസരിമാര്‍ക്ക് ഇളക്കം. എന്തിന് ഒളിച്ചുവയ്ക്കണമെന്നാണ് ഒരു ചോദ്യം. സര്‍ക്കാര്‍സഹായം പറ്റുന്നതല്ലേ, അകത്തുള്ളതെല്ലാം പുറത്തുപറയൂ എന്നാണ് അടുത്ത ഉപദേശം. സര്‍ക്കാര്‍സഹായം പറ്റുന്നവരെല്ലാം രഹസ്യം പുറത്തുവിടണമെന്നാണ് തത്വമെങ്കില്‍ നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഗതി എന്താകുമോ എന്തോ. മുട്ടുമ്പോള്‍ ടണ്‍കണക്കിന് പരസ്യം. സബ്സിഡി. എല്ലാ പന്തിയിലും മുന്നിരയില്‍ ഇരിപ്പിടം- സര്‍ക്കാരില്‍നിന്ന് മാധ്യമങ്ങള്‍ പറ്റാത്ത ആനുകൂല്യങ്ങള്‍ എന്തുണ്ട് എന്നേ ചോദിക്കാനുള്ളൂ. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ വീടെടുക്കാന്‍ സബ്സിഡി അമ്പതിനായിരം. ഫ്ളാറ്റ് തരപ്പെടുത്തിയാല്‍ വിലപോലും അടക്കില്ല. ഒച്ചപ്പാടുണ്ടായാല്‍, ഒത്തുതീര്‍പ്പായി തട്ടിപ്പുകാശ് കൊടുത്ത് ഫ്ളാറ്റ് സ്വന്തമാക്കും. തീവണ്ടിയില്‍ കൂലി പകുതിമതി. കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര. പ്രസ്ക്ലബുകള്‍ക്ക് ഓരോ ബജറ്റിലും ലക്ഷങ്ങള്‍. ഇടയ്ക്കിടെ വിനോദയാത്രകള്‍. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയം പകുതി സര്‍ക്കാര്‍വക- ഇത്രയും ആനുകൂല്യങ്ങള്‍ പറ്റുന്ന മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമങ്ങളുടെയും ഏത് ഇടപാടാണ് ഇനി രഹസ്യമാക്കി വയ്ക്കാന്‍ കഴിയുക? വീരേന്ദ്രകുമാറും മാമ്മന്‍ മാത്യൂവും ഒ അബ്ദുറഹിമാനുമൊക്കെ എഡിറ്റോറിയല്‍ യോഗത്തില്‍ സിപിഐ എമ്മിനെ നിലംപരിശാക്കണമെന്ന് പ്രസംഗിക്കുന്ന കാര്യം നാളെമുതല്‍ പത്തു രൂപായ്ക്ക് ആര്‍ക്കും കിട്ടുന്ന പരസ്യമാകില്ലേ? എത്ര കോപ്പി തൂക്കിവിറ്റു; എത്രയെണ്ണം ആടുതിന്നു എന്ന് വിവരാവകാശം വഴി നാട്ടുകാരെ അറിയിക്കേണ്ടിവരില്ലേ?

ഇതേന്യായംവച്ചാണെങ്കില്‍ നാളെ ഇന്ത്യന്‍ സൈന്യത്തിന് എത്ര തോക്കുണ്ട്; പീരങ്കിയില്‍ എത്ര ഉണ്ടയുണ്ട് എന്ന് പാകിസ്ഥാന്‍കാരന്‍ വന്ന് പത്തു രൂപാ അടച്ച് ചോദിച്ചാല്‍ കൊടുക്കേണ്ടിവരില്ലേ? സൈന്യത്തിന് ചെലവിന് കൊടുക്കുന്നതും സര്‍ക്കാരാണല്ലോ. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എന്തൊക്കെ അടവുപയറ്റുമെന്ന് ബിജെപിക്കാരന് അറിയാന്‍ പത്തു രൂപാ മതി എന്നുവന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ജഗപൊകതന്നെ. എ ഗ്രൂപ്പ് എങ്ങനെ ചെന്നിത്തലയെ വെട്ടുമെന്ന് തീരുമാനിക്കുന്ന യോഗത്തിന്റെ മിനുട്സ് അതേപടി കെ സുധാകരന് കിട്ടുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍കൂടി പറ്റുന്നില്ല.

*
വര്‍ഗീയത ഒരു മനോരോഗമാണെന്ന് പറയുന്നത് കേട്ടു. മനോരോഗങ്ങള്‍ മറ്റു പലതുമുണ്ട്. ഒരു ചാനല്‍ "മലയാളിഹൗസ്" എന്നപേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായം അത്തരത്തിലൊന്നാണ്. ഇങ്ങനെയാണ് ശരാശരി മലയാളി ജീവിക്കുന്നതെങ്കില്‍ മാന്യന്മാര്‍ തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ താമസമാക്കുന്നതാകും ഉചിതം. മലയാളിഹൗസില്‍ ആടിയും പാടിയും ചാഞ്ഞും ചരിഞ്ഞും തിമിര്‍ക്കുന്നവരില്‍ മലയാളികള്‍ക്ക് പരിചിതമായ പല മുഖങ്ങളുമുണ്ട്. അതിലൊരാള്‍ സിന്ധു ജോയിയാണ്. എസ്എഫ്ഐയില്‍നിന്ന് കരണംമറിഞ്ഞ് കോണ്‍ഗ്രസിലെത്തുകയും പള്ളിപ്പാട്ടുപാടി ജനമനസ്സുകള്‍ കീഴടക്കുകയും ഖദറിന്റെ പരിലാളനയില്‍ ഒന്നുമല്ലാതാവുകയും ചെയ്തപ്പോള്‍ ചെന്നുപെട്ടത് മലയാളിഹൗസില്‍. ശബരിമല തന്ത്രികുടുംബത്തിന്റെ യുവപ്രതിനിധിയും കൂട്ടിനുണ്ട്. അവരിരുവരും പങ്കെടുക്കുന്ന പരിപാടിയിലെ മൂല്യശോഷണവും കുഴപ്പവും എസ്എഫ്ഐയുടെയും ശബരിമലയുടെയും തലയില്‍വച്ച് സിപിഐ എമ്മിനെതിരെ ഒരു പത്രം കഴിഞ്ഞ ദിവസം വാളോങ്ങിക്കണ്ടു. മലയാളിഹൗസിലെ കാണാന്‍ പറ്റാത്ത കാഴ്ചകള്‍ക്ക് ഉത്തരവാദിത്തം സിപിഐ എമ്മിനാണുപോലും. സിന്ധു ജോയി പണ്ട് എസ്എഫ്ഐക്കാരിയായിരുന്നില്ലേ- അതുകൊണ്ട് കിടക്കട്ടെ സിപിഐ എമ്മിന് ഉത്തരവാദിത്തം എന്ന്. ഈ മാനസികാവസ്ഥയെ മനോരോഗമെന്ന് വിളിക്കാമോ എന്ന് ഉറപ്പില്ല. അങ്ങനെ വിളിച്ചാല്‍, ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തില്‍ മുഖപ്രസംഗമെഴുതുന്നവരെ മനോരോഗികളെന്ന് വിശേഷിപ്പിക്കേണ്ടിവരും. അത് മോശമല്ലേ. സിമിയുമായുള്ള ബന്ധം ഇരുപത് കൊല്ലംമുമ്പ് ഉപേക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ മഹാന്മാരാണെന്ന ജമാഅത്തെ ഇസ്ലാമിക്കാരന്റെ വാദം കൈയടിച്ച് അംഗീകരിക്കാം. സിന്ധു ജോയി എസ്എഫ്ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമിക്കാരന് പ്രഖ്യാപിക്കുകയും ചെയ്യാം. മാധ്യമത്തെ തൊട്ടുകളിക്കാന്‍ ആരുണ്ടിവിടെ?

*
മാളത്തിലുള്ളത് ആകെ പുറത്തുവരുമ്പോള്‍ കേരളത്തിന്റെ ഗോപുമോന്‍ ഒരു പച്ചപ്പാവംതന്നെ. അമ്പലം വിഴുങ്ങികളുടെ കൂട്ടത്തിലെ ഒരു പൂട്ടുപൊളിപ്പന്‍മാത്രം. ചെന്നിത്തലയെ വെടക്കാക്കി തിരുവഞ്ചൂര്‍ രക്ഷപ്പെട്ടതുപോലെ ഒരു രക്ഷപ്പെടലിന് വകുപ്പുണ്ട്.