Tuesday, March 30, 2010

മാലിന്യക്കുത്തക

കുത്തകകളെക്കുറിച്ച് സാധാരണ പറയാറുള്ളത് ചുവന്ന കൊടിയും പിടിച്ച് നടക്കുന്നവരാണ്. കുത്തക വിരുദ്ധ സമരം, കുത്തക മുതലാളിമാരുടെ തന്ത്രം, മാധ്യമക്കുത്തകകള്‍ എന്നെല്ലാം. കോൺഗ്രസിന്റെ അധികാരക്കുത്തക 1977ല്‍ തകര്‍ന്നു എന്ന് അവര്‍ എല്ലായ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. എന്തുപറഞ്ഞാലും എവിടെ പ്രസംഗിച്ചാലും 'കുത്തക' വര്‍ണന.

മാര്‍ക്സിസ്റുകാര്‍ കുത്തക എന്നുപറയുന്നത് എന്തിനെയാണ്? സാധാരണനിലയില്‍ മുതലാളിക്ക് വ്യക്തിപരമായി ഉല്‍പ്പന്നത്തിന്റെ അളവോ വിലയോ നിശ്ചയിക്കാനാവില്ല. കമ്പോളത്തിലെ മത്സരമാണ് അത് തീരുമാനിക്കുന്നത്. തമ്മില്‍ മത്സരിക്കുന്ന കുറെ മുതലാളിമാര്‍ക്ക് പകരം ഒന്നോ രണ്ടോ ഭീമന്‍ മുതലാളിമാര്‍ ഉണ്ടായാലോ? അവര്‍ക്ക് കമ്പോളമത്സരം ഒഴിവാക്കാനും സ്വന്തമായി ഉല്‍പ്പാദനത്തെയും വിലയെയും നിശ്ചയിക്കാനും കഴിയും. അതുവഴി വളരെ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ കഴിയും. അങ്ങനെയുള്ള ഭീമനാണ് കുത്തകമുതലാളി.

ഇത് കമ്യൂണിസ്റുകാരുടെ ശാസ്ത്രം. കുത്തകയെക്കുറിച്ചുള്ള യൂ കോ സി അഥവാ യൂത്ത് കോഗ്രസ് സിദ്ധാന്തം വേറെയാണ്. ഏതെങ്കിലും സീറ്റ് വല്ലപ്പോഴും കിട്ടുന്ന സാദാമുതലാളിമാരല്ല കോഗ്രസിലെ കുത്തക നേതാക്കന്മാര്‍. ഒരു സീറ്റില്‍ ആജീവനാന്തം മത്സരിച്ച് ജയിക്കുന്നവന്‍ കുത്തകക്കാരന്‍. അയാള്‍ക്ക് ആര് മന്ത്രിയാകണമെന്നും ഏതു വകുപ്പ് കിട്ടണമെന്നും സ്വയം തീരുമാനിക്കാം.

ആരൊക്കെയാണ് കേരളത്തില്‍ അങ്ങനെയുള്ള കുത്തകകള്‍? ആദ്യത്തെ പേര് പു കു കു തന്നെ- പുതുപ്പള്ളിയിലെ കുഞ്ഞുകുഞ്ഞ്. നിലമ്പൂരിലെ ആര്യാടന്‍, അടൂരിലെ തിരുവഞ്ചൂര്‍, ഇരിക്കൂറിലെ കെ സി ജോസഫ്....അങ്ങനെ അത് നീണ്ടുപോകും.
പുതുപ്പള്ളിക്കുത്തക അടുത്ത കൊല്ലവും ഉണ്ടാകാന്‍ പാടില്ല എന്നത് ആരുടെ ആവശ്യമാണ് എന്നു നോക്കാം. ഗ്രഹനില പ്രകാരം ഗണിച്ചെടുക്കാവുന്ന പേര് ഒരു ഹിന്ദി വാധ്യാരുടേതാണ്. മാവേലിക്കര എന്ന കുത്തക മണ്ഡലത്തിന്റെ അധിപനായിരുന്നുവെങ്കിലും ഇടക്കാലത്ത് ആധിപത്യം നഷ്ടപ്പെട്ടുപോയതാണ്. താല്‍കാലികമായി ഇരിപ്പിടവും പത്രസമ്മേളനം നടത്താന്‍ അവസരമുണ്ടെങ്കിലും ഒരു കുത്തകക്കസേര കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇനിവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കുത്തക തകര്‍ന്നാലേ മാവേലിക്കരക്കുത്തകയ്ക്ക് വാതില്‍ തുറക്കപ്പെടൂ. മറ്റെല്ലാ തടസ്സങ്ങളും ദുര്‍മന്ത്രവാദത്തിന്റെ സഹായത്തോടെ മാറ്റിയിട്ടുണ്ട്. വന്നുകയറാനിരുന്ന മറുതയെയും യക്ഷിയെയുമെല്ലാം ഇരുമ്പാണിയടിച്ച് തളച്ചിട്ടുമുണ്ട്.

ഇനിയുള്ളത് ഒരേയൊരു ലക്ഷ്യം; ഒരേയൊരു മന്ത്രം. അത് നേര്‍ക്കുനേര്‍ പറയാന്‍ പറ്റില്ലല്ലോ. കുത്തും കൊളുത്തുമാണ് കോൺഗ്രസിന്റെ അംഗീകൃത വെട്ടിപ്പിടിത്തരീതി. സ്വന്തം തലതൊട്ടപ്പനെ ആപദ്കാലത്ത് വെട്ടിവീഴ്ത്താന്‍ കൈയറപ്പുതോന്നാത്തവര്‍ക്ക് പുതുപ്പള്ളിയൊന്നും ഒരു പ്രശ്നമല്ല. ഒന്നുകില്‍ തിരുത്തിക്കും അല്ലെങ്കില്‍ തിരിഞ്ഞുകടിക്കും. അതും സാധിച്ചില്ലെങ്കില്‍ വാടകയ്ക്ക് ആളെവിട്ട് തല്ലുകൊടുക്കും. അങ്ങനെയൊരു പരിപാടിക്ക് മികച്ച ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരാളെ ഇരുത്തിയിട്ടുണ്ട്-പഴയ ഗൺമാന്റെ മകന്‍ എന്നെല്ലാം ആക്ഷേപം വിന്നുവെങ്കിലും വിശ്വസ്തനാണ്. ഹിസ് മാസ്റ്റേഴ്സ് വോയ്സ്.

എച്ച്എംവിയുടെ ബഹളമാണ് കേള്‍ക്കുന്നത്. മകന്റെ യൌവനം കടംവാങ്ങിയ പുരാണത്തിലെ യയാതിയെപ്പോലെ ആര്‍ത്തിയും ദുരയും മൂത്ത് പൊതുരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ ഒരുകൂട്ടം കോൺഗ്രസുകാരില്‍നിന്നു(അവരാണ് കുത്തകകള്‍) നാടിനെ മോചിപ്പിക്കേണ്ട ചരിത്രപരമായ കടമ യുവാക്കള്‍ ഏറ്റെടുക്കണമെന്നാണ് യൂത്തുകോൺഗ്രസ് ആശ്യപ്പെടുന്നത്. യുവാവായിരിക്കെ കോൺഗ്രസിന്റെ സംഘടനാതലത്തിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും എത്തിപ്പെട്ടവര്‍ അനങ്ങാപ്രതിഷ്ഠകളായി(അത് എന്നെ ഉദ്ദേശിച്ചാണ്; എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് നാല്‍പ്പതുപേരെങ്കിലും പറയുന്നുണ്ട്) തുടരുന്നത് അംഗീകരിക്കില്ല. ദശാബ്ദങ്ങള്‍ എംഎല്‍എയും എംപിയും പലവട്ടം മന്ത്രിമാരുമായിരുന്നവര്‍ ഇനിയും തൃപ്തരല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ് നടന്നത്. സംഘടനയിലും പാര്‍ലമെന്ററി പദവികളിലും വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുവരാന്‍ അവസരം നല്‍കാതെ കുത്തകയാക്കി വച്ചിരിക്കുന്ന പ്രവണതയ്ക്കെതിരെ അന്തിമപോരാട്ടത്തിനു സമയമായി-കല്ലേപ്പിളര്‍ക്കുന്ന യൂത്ത് പ്രതിജ്ഞ.

അമ്മേ ഞങ്ങള്‍ പോകുന്നു വന്നില്ലെങ്കില്‍ കരയരുത് എന്ന് തുടര്‍വിലാപം. പിന്നെയുമുണ്ട് യൂത്തിന്റെ ഉശിരന്‍ ആവേശങ്ങള്‍. മൂന്നിലേറെ തവണ തുടര്‍ച്ചയായി മത്സരിച്ചവരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണം(ഉമ്മന്‍ചാണ്ടിയുടെ ഭാവി പോയി). പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ തുടരുന്നവര്‍ സംഘടനാ സ്ഥാനങ്ങളില്‍നിന്ന് മാറണം(ചെന്നിത്തലയ്ക്ക് സീറ്റ് ഉറപ്പ്). യുവാക്കളെ പരിഗണിച്ചില്ലെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോൺഗ്രസുകാര്‍ മത്സരിക്കും(വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടി). കോൺഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ സമുദായനേതാക്കളുടെ വീട്ടുപടിക്കല്‍ പോകുന്ന പ്രവണത ആശാസ്യമല്ല(മുരളി വന്നാലും വിടില്ല). സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സമുദായനേതാക്കളെ കൂട്ടുപിടിക്കുന്നവരെ പടിക്കുപുറത്തു നിര്‍ത്തണം(പ്രതി ശശി തരൂര്‍ ആവില്ല). തീര്‍ന്നില്ല. സിപിഐ എമ്മില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമാകരുത് കോൺഗ്രസ്(അബ്ദുള്ളക്കുട്ടി മാലിന്യം, മനോജ് മാലിന്യം-ശിവരാമന് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല). നേതാക്കളെ സ്വാധീനിച്ച് കോൺഗ്രസില്‍ സ്ഥാനമാനങ്ങള്‍ നേടുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നു(അതിനിനി ലീഡര്‍ക്ക് അതിനെല്ലാമുള്ള കെല്‍പ്പുണ്ടോ?).

യൂത്തുകോൺഗ്രസാണെന്നുവച്ച് തീരെ വിവരമില്ലാത്തതല്ല പ്രമേയം. അതില്‍ പറയുന്നു: "യുഡിഎഫിലെ ഏകാംഗ ഈര്‍ക്കില്‍ കക്ഷികള്‍ നിലമറന്ന് പെരുമാറുന്നു. മന്ത്രിസ്ഥാനം തങ്ങളുടെ സാമ്രാജ്യങ്ങളാക്കി മാറ്റുന്ന ഇക്കൂട്ടരുടെ പ്രവണത അംഗീകരിക്കാനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസം, സഹകരണം അടക്കമുള്ള വകുപ്പുകള്‍ കോൺഗ്രസ് ഏറ്റെടുക്കണം. മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.''

ഇത്രയാക്കെ ലോക വീക്ഷണവും പക്വതയും രാഷ്ട്രീയ ബോധവുമുള്ളവര്‍ക്കു കൊടുക്കണം അടുത്ത തവണ പരമാവധി സീറ്റുകള്‍. രമേശ് ചെന്നിത്തല നയിക്കുകയും ഉമ്മന്‍ചാണ്ടി നയിക്കപ്പെടുകയും എം ലിജു കാര്യക്കാരനാവുകയും ചെയ്യുന്ന ശോഭനവും സമ്പദ്സമൃദ്ധവുമായ ഒരു നല്ല നാളേയ്ക്കായി അന്തിമ സമരത്തിനൊരുങ്ങുന്ന യൂത്ത്മുത്തുകള്‍ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍. കാലുമാറി, കൂറുമാറി, അക്കരെ പച്ചകണ്ട് പാഞ്ഞുചെല്ലുകയും രാജഭക്തിയില്‍ രാജാവിനേക്കാള്‍ മുമ്പനായി അവതരിക്കുകയും ചെയ്യുന്ന സകലമാന മാലിന്യങ്ങള്‍ക്കും ലാല്‍സലാം.

*

മനോരമ എഴുതി: പിണറായിയുടെ ആഡംബര വസതി കേസ് - എട്ടാം പ്രതി അറസ്റില്‍ എന്ന്. പിറ്റേന്ന് മാതൃഭൂമി എഴുതി-പിണറായിയുടെ ബംഗ്ളാവ്: പ്രതിക്ക് ജാമ്യം എന്ന്. എങ്ങനെയുണ്ട് ? പിണറായിക്ക് ആഡംബര വസതിയുമില്ല; ബംഗ്ളാവുമില്ല. ഉണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചു. അതിനെ ഉറപ്പിക്കാന്‍ കൂറ്റന്‍ കൊട്ടാരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കയറ്റിവിട്ട് ഇതാ പിണറായിയുടെ കൊട്ടാരം എന്ന് പറഞ്ഞുപരത്തി. കേസുവന്നു; വ്യാജ പരിപാടി തെളിഞ്ഞു. ഇപ്പോള്‍ പ്രതികള്‍ പിടിയിലായിക്കൊണ്ടിരിക്കുന്നു. അപ്പോഴും മനോരമയും മാതൃഭൂമിയും തങ്ങളാലാവും വിധം കുത്തിനോക്കുകയാണ്. പിണറായിയുടെ ബംഗ്ളാവെന്നും ആഡംബര വസതിയെന്നും തലക്കെട്ടില്‍ വന്നാല്‍ ഉള്ളടക്കത്തിന്റെ കണ്ണാടിയാണ് തലക്കെട്ടെന്ന് ധരിക്കുന്ന ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അത്രയും നല്ലത്. വന്നുവന്ന് പത്രപ്രവര്‍ത്തനത്തിന് താഴാന്‍ കുഴിയില്ലാതെയായി.

ഇംഗ്ളീഷ് ദേശാഭിമാനിയാണ് ദ് ഹിന്ദു പത്രമെന്ന് പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. ദ് ഹിന്ദുവിനെതിരെ നടക്കുന്ന ആക്രമണത്തിനും ഒരു ചെറു സിന്‍ഡിക്കറ്റിന്റെ സ്വഭാവമുണ്ട്. ആ പത്രത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ കൂട്ടക്കുഴപ്പം എന്ന് ആദ്യം തമിഴ്‌നാട്ടില്‍ നിന്ന് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. വാര്‍ത്ത വസ്തുതാവിരുദ്ധം; അപകീര്‍ത്തിക്ക് കേസുകൊടുക്കുമെന്ന് ദ് ഹിന്ദു പത്രാധിപര്‍ എന്‍ റാം പത്രക്കുറിപ്പിറക്കി. ആ വാര്‍ത്ത പിറ്റേന്ന് മറ്റു പത്രങ്ങളില്‍ വായിക്കാനായ മലയാളികള്‍ക്ക്, കോട്ടയത്തിന്റെ സുപ്രഭാതത്തില്‍ കാണാനായത് ഇന്ത്യന്‍ എക്സ്പ്രസ് അച്ചടിച്ച അപകീര്‍ത്തിവാര്‍ത്തയുടെ തനിത്തര്‍ജമയാണ്. ഹിന്ദുവില്‍ കുഴപ്പമുണ്ടെന്ന് മനോരമ! എനിക്ക് രണ്ടുകാലില്‍ മന്തുണ്ടെങ്കിലെന്താ-ഒരുകാല്‍ നീരുകെട്ടിയവനെ ഞാന്‍ മന്തനെന്നുതന്നെ വിളിക്കും!

Sunday, March 14, 2010

വക്രദൃഷ്ടി

പത്രസമ്മേളനം ലൈവായി ചാനലില്‍ വരണമെങ്കില്‍ വിവാദമല്ലാതെ മറ്റുവഴിയില്ല. ആചാരവെടിയോടെ ശവമടക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് മരണത്തിലെങ്കിലും ലൈവ് പ്രതീക്ഷിക്കാം-

ഇത് എഴുതിയത് ശതമന്യു അല്ല. പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്കാരത്തിന്റെ കൈകാര്യകര്‍ത്താക്കളിലൊരാള്‍.

ഇനി മറ്റൊരു ആത്മഗതം വായിക്കാം:

എന്താണ് മനുഷ്യജന്മത്തിന്റെ പ്രധാന ഉദ്ദേശ്യം? വേദാന്തത്തില്‍ പലതും പറയും. മഹാത്മാ ഗാന്ധിയും പലതും പറഞ്ഞിട്ടുണ്ട്. ഇക്കാലത്തെ ഏറ്റവും വലിയ കാരുണ്യപരമായ പ്രവൃത്തി ഭൂമി കയ്യേറ്റമാണ്. സര്‍ക്കാര്‍ഭൂമിയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കുകയാണ് പണം ഉണ്ടാക്കാനുള്ള മറ്റൊരു വഴി. നാലോ അഞ്ചോ കൊടിയും അതുകെട്ടാന്‍ കമ്പും കൈവശമുള്ള ആര്‍ക്കും ഇത് സാധിക്കാം. ലജ്ജ എന്ന വികാരം തീരെ ഇല്ലെങ്കില്‍ അന്നുതന്നെ പിരിവ് ആരംഭിക്കാം. ദൈവം സഹായിച്ച് കെ മുരളീധരന്‍ അല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു മുന്നണിയില്‍ ചാരി നില്‍ക്കാം. തിണ്ണയിലായാലും മതി. ഒരു പായയും തലയണയുംകൂടി ആയാല്‍ ജോറായി. ഇറക്കിവിടുമ്പോള്‍ അടുത്ത മുന്നണിയില്‍ ചേരാം. ഇനിയിപ്പോള്‍ ഇറക്കിവിടണമെന്നുതന്നെയില്ല. മൂത്ത നേതാവ് തന്റെ മുഖത്തുനോക്കി കോക്രി കാണിച്ചു എന്ന് പറഞ്ഞാലും മതി. ഉടനെ പിടിച്ച് എംഎല്‍എ ആക്കിക്കളയും. പണമുണ്ടാക്കാന്‍ ഇതൊക്കെ ചില്ലറ അധ്വാനമുള്ള പണിയാണ്. ഭൂമി കയ്യേറാന്‍ വേലി കെട്ടണം. പാര്‍ട്ടിയുണ്ടാക്കിയാല്‍ പിരിക്കാനിറങ്ങണം. ഇങ്ങനെയുള്ള അധ്വാനം ശീലമില്ലാത്തവര്‍ക്ക് ബ്ളേഡ് കമ്പനിയാണ് പറ്റിയ മാര്‍ഗം. ഒന്നോ രണ്ടോ ചാക്കിലാക്കി ഉള്ള പണം ബ്ളേഡില്‍ കൊണ്ടിട്ടാല്‍ മതി. ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുകിട്ടും. ഇല്ലെങ്കില്‍ "വഞ്ചിച്ചേ'' എന്നു പറഞ്ഞ് പത്രസമ്മേളനം നടത്താം. ചാനലുകാരും പത്രലേഖകരും പെരുകിവരുന്ന കാലമായതുകൊണ്ട് ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊടുക്കും.

ഒറ്റ വായനയില്‍ ഇതെല്ലാം ശതമന്യുവിന്റെ വീരവിരോധമായേ തോന്നൂ. സത്യമായും അല്ല. മാതൃഭൂമി എന്ന സ്പെഷ്യല്‍ സംസ്കാരം പ്രചരിപ്പിക്കുന്ന പത്രത്തില്‍ അച്ചടിച്ചു വന്നതാണ്. ആ പത്രത്തിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍, പേരു പറയില്ല; തൊട്ടുകാട്ടാം എന്ന ശേലില്‍ ഇങ്ങനെ വീരസ്തുതി എഴുതി വിടുമായിരുന്നുവോ? ആരാണ് ഭൂമി കൈയേറിയത്? ആരാണ് ആചാരവെടിയോടെ ശവമടക്ക് മോഹിച്ചത്? ആരാണ് ഒറ്റയ്ക്കൊരു പാര്‍ടിയുണ്ടാക്കിയത്? ഏതു മഹാനാണ് മുന്നണിവിട്ട് മുന്നണിയിലേക്ക് കൂടുമാറിയത്? തിണ്ണയില്‍ കിടക്കുന്നത്?

ഒന്നും ഉത്തരമില്ലാച്ചോദ്യങ്ങളല്ല.ഉത്തരമെല്ലാം വീരഭൂമിയിലെ വീരകേസരികള്‍ പറയട്ടെ. യഥാര്‍ഥ പത്രത്തിന്റെ ശക്തി അങ്ങനെ നാട്ടുകാര്‍ അറിയട്ടെ. ഈ പത്രങ്ങളും പത്രപ്രവര്‍ത്തകരും നിര്‍ഭയം, നിരന്തരം സത്യം പറയുന്നില്ല എന്ന വിമര്‍ശം ശതമന്യു അങ്ങ് പിന്‍വലിക്കുന്നു. സത്യമേവ ജയതേ.

ഇതുപോലെ സത്യം കൈകാര്യം ചെയ്യുന്ന നര്‍മഭൂമിക്കാരും ദേവേന്ദ്രന്മാരും ഹരിശ്ചന്ദ്രന്മാരുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്തിന് വെറുതെ കഷ്ടപ്പെടണം? അല്ലെങ്കിലും കഷ്ടപ്പാടിന്റെ ക്വട്ടേഷന്‍ എടുക്കാന്‍ എത്ര വീരശിങ്കങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ട്. പണ്ട് ഏതോ മാപ്പിള പറഞ്ഞപോലെ വിഷംകുടിച്ച് മരിക്കാനുള്ള കാലമായെന്നു തോന്നുന്നു.

*
ഒരു നന്ദിഗ്രാമിന്റെ ചൂരടിക്കുന്നുണ്ട്. ദേശീയപാത എന്നാല്‍ എന്താണെന്ന് കേരളീയര്‍ക്ക് നന്നായറിയാം. ഏറ്റവും ഇടുങ്ങിയതും തിരക്കുള്ളതും റെയില്‍വേ ഗേറ്റുകളാല്‍ സമൃദ്ധമായതും ട്രാഫിക്ക് കുരുക്കുകളുടെ സന്തത സഹചാരിയുമായ എന്തോ അതാണ് കേരളീയന്റെ പ്രിയപ്പെട്ട ദേശീയപാത. 'പുഷ്പക വിമാനം' എന്ന സിനിമയില്‍ കമല്‍ഹാസന് തിയറ്ററിന്റെ ബഹളം കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയില്ല. അവിചാരിതമായി മണിമന്ദിരത്തില്‍ എത്തിപ്പെട്ടപ്പോള്‍ ഉറക്കം കിട്ടാന്‍ തിയറ്ററിലെ തമിഴ് പടത്തിന്റെ ബഹളം ടേപ്പുചെയ്ത് കൊണ്ടുവന്ന് കേള്‍ക്കേണ്ടിവന്നു. അതുപോലെ, ഇടുങ്ങിയ ദേശീയപാതയില്ലാതെ കേരളീയര്‍ക്ക് ജീവിക്കാനാവില്ല എന്നതാണ് പുതിയ സിദ്ധാന്തം.

മാണിസാര്‍ അധ്വാനവര്‍ഗ സിദ്ധാന്തം രചിച്ചപോലെ ദേശീയപാതാ സിദ്ധാന്തം ഷൊര്‍ണൂര്‍ സ്കൂളിന്റെ സംഭാവനയാണ്. ഫ്രാങ്ക്ഫര്‍ട് സ്കൂള്‍ എന്നെല്ലാം കേട്ടിട്ടില്ലേ. അതുപോലെ. സൈദ്ധാന്തികന്മാരില്‍ മുമ്പന്തിയിലെ താരങ്ങള്‍ ചില്ലറക്കാരല്ല. ഷൊര്‍ണൂരെ വിപ്ളവധരന്‍ മുതല്‍, പുഴ വറ്റി അക്കരെനിന്ന് പട്ടി ഓടിവന്ന് കടിക്കുന്ന നിമിഷവും കാത്തിരിക്കുന്ന സുധീരന്‍വരെ എക്സ്പ്രസ് ഹൈവേ വേണ്ടെന്ന് പറഞ്ഞു. എല്ലാവര്‍ക്കും സമ്മതം. പിന്നെ റോഡ് വീതികൂട്ടാനുള്ള പല ശ്രമങ്ങളും നടന്നു. അത് ഒന്ന് കരയ്ക്കടുക്കുമ്പോഴാണ് പുതിയ സമരം വരുന്നത്. സുധീരന്‍ മുതല്‍ നീലാണ്ടന്‍വരെ സകല സൈദ്ധാന്തികരും അണിനിരന്ന സമരം. റോട് വികസിപ്പിച്ചാല്‍ നഷ്ടം വരുന്നവരുടെ കൂട്ടായ്മ. കേരളത്തിലെ നന്ദിഗ്രാമായി അത് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നുണ്ട്. വികസനം എവിടെ നടക്കുന്നു എന്ന് തേടിപ്പിടിച്ച് സമരം സംഘടിപ്പിക്കലാണല്ലോ പുതിയ ജനാധിപത്യ മുന്നേറ്റം.

ഒരു സിനിമയില്‍, ഇങ്ങനെ മദ്യവിരുദ്ധ സമരം സംഘടിപ്പിച്ചാല്‍ എന്തുകിട്ടും എന്ന് ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട്. വൈകിട്ട് ഒന്ന് മിനുങ്ങാനുള്ള വക തടയും എന്നാണുത്തരം. ഇവിടെ സമരം നടത്തിയാല്‍ മറ്റുചിലതെല്ലാമാണ് കിട്ടുക. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സൂക്ഷിക്കണം. തൃശൂര്‍ ആലപ്പുഴ വഴി ഒരു ജനകീയ ബസ് വരുന്നുണ്ട്. മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്ന് കേട്ടിട്ടില്ലേ. സുധീരം, വീരോചിതം എന്നെല്ലാം പറഞ്ഞ് മാര്‍ക്കറ്റുണ്ടാക്കുന്നതിലും കലമുടയ്ക്കുന്നതിലും വിഷമമില്ല. നീലാണ്ടനും മറ്റും കൂടെയുണ്ടാകുമ്പോള്‍ സംഗതിക്ക് ഒരു തിയററ്റിക്കല്‍ ടച്ച് വരും. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ശക്തി ഷൊര്‍ണൂരില്‍നിന്നും തളിക്കുളത്തുനിന്നുമൊക്കെ കൂട്ടിച്ചേര്‍ത്താല്‍ ഒരു ചെറിയ സര്‍ക്കസിനുള്ള വകയുണ്ട്.

ദേശീയപാതയിലൂടെ കേരളത്തിലേക്ക് നന്ദിഗ്രാം എത്തുന്നതിനായി ഇനി നമുക്ക് കാത്തിരിക്കാം. ഒരു വികസനവും വേണ്ട, റോഡൊന്നും വീതി കൂട്ടേണ്ട; തമിഴ്നാട്ടില്‍നിന്ന് കാളവണ്ടി കൊണ്ടുവരാം എന്ന് ആരെങ്കിലും തീരുമാനിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ പുകിലുണ്ടാക്കാമായിരുന്നു-കാളകളെ കൊണ്ടുവരുന്നതില്‍ വന്‍ അഴിമതി എന്നുപറഞ്ഞ് സെക്രട്ടറിയറ്റ് മാര്‍ച്ചും വഴിതടയലും കല്ലേറും നടത്താമല്ലോ. അങ്ങനെ ചെയ്താല്‍ അത് വിപ്ളവ പ്രവര്‍ത്തനം, വിലക്കയറ്റത്തിനെതിരെ മാനം മര്യാദയ്ക്ക് ഉപരോധം സംഘടിപ്പിച്ചാല്‍ അത് ജനദ്രോഹ സമരം.

ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വിപണിയില്‍ ചെലവു കൂടിയിട്ടുണ്ട്. സ്മാര്‍ട്സിറ്റി കുഴപ്പമെന്നും നന്നെന്നും പിന്നെയും കുഴപ്പമെന്നും വേണമെന്നും വേണ്ടെന്നും വേണ്ടണമെന്നും പറഞ്ഞാലേ കുറഞ്ഞത് നീലാണ്ടന്റെ നിലവാരത്തിലെത്തൂ. അതാണല്ലോ സൈദ്ധാന്തികമായ ഔന്നത്യം. കരഞ്ഞുകൊണ്ടേയിരിക്കുന്നവര്‍, പറഞ്ഞു നിര്‍ത്താത്തവര്‍, ഉറഞ്ഞുതുള്ളുന്നവര്‍, ചാനല്‍ ചര്‍ച്ചയില്‍ കോതപ്പാട്ടു പാടുന്നവര്‍-ഇത്തരക്കാരുടേതാണ് ലോകം; അവരുടേതാണ് വിപ്ളവം. ആ വിപ്ളവം നീണാള്‍ വാഴട്ടെ.

*
തോമസ് ഐസക്കിന്റെ ബജറ്റിനെക്കുറിച്ച് ചിലചില പുതു ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ശതമന്യുവിനും വന്നു ഒന്നോ രണ്ടോ ഔണ്‍സ് ആനന്ദാശ്രു. ഐസക് ചെയ്തതെല്ലാം നല്ല നല്ല കാര്യങ്ങളെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഒരു റിട്ടയേഡ് പത്രപ്രവര്‍ത്തകനാണ്-കെ എം റോയ്. തോമസ് ഐസക് വിദ്യാര്‍ഥിനേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘടനയായ എസ്എഫ്ഐ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടെന്നാണ് ബഹുമാന്യ റിട്ട. പത്ര പ്രവര്‍ത്തകന്റെ സങ്കടം. നല്ലതുതന്നെ. കംപ്യൂട്ടര്‍, ട്രാക്ടര്‍, കല്ലുവെട്ടുയന്ത്രം എന്നെല്ലാം പറഞ്ഞ് കമ്യൂണിസ്റ്റുകാരെ കുത്തുന്നതില്‍ അനല്‍പ്പമായ സുഖമുണ്ട്. പെട്ടെന്നൊരുനാള്‍ തൊഴിലാളികളെയും ജീവനക്കാരെയും മൂലയ്ക്കിരുത്തി അവരുടെ ജോലി കംപ്യൂട്ടറിനെ ഏല്‍പ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ പാര്‍ടി നോക്കിനില്‍ക്കണമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിതിന്ന് ജീവിക്കാനും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രങ്ങളും പാടം വാഴാനും പാര്‍ടി പരവതാനി വിരിക്കണമായിരുന്നു.

കാലം മാറിയതൊന്നും റോയിക്കു പിടിയില്ല. തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാന്‍ കര്‍ക്കശ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് റോയിക്കു തോന്നുമ്പോള്‍ തൊഴിലാളികള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലല്ലോ. കംപ്യൂട്ടറിനും യന്ത്രവല്‍ക്കരണത്തിനുമെതിരായിരുന്നില്ല; തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുന്നത് ചെറുക്കാനായിരുന്നു സമരം എന്ന് റോയിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് എന്തു പ്രതിവിധി? പഴയ കാലമല്ലേ കുഞ്ഞേ കാലം എന്ന് പറയാന്‍ റിട്ടയറായാല്‍ മതി.

*
ഒളിഞ്ഞുനോട്ടം അസഹ്യമാകുന്നുണ്ട്. പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മൊബൈല്‍ ക്യാമറകള്‍ നിങ്ങളുടെ ശത്രുവാണ്. സ്നേഹത്തിന്റെ പാരമ്യത്തില്‍ ക്യാമറയ്ക്കുമുന്നില്‍ അഭിനയിച്ചാല്‍ അതുപിന്നെ നാടാകെ എസ്എംഎസ് ആകാനിടയുണ്ട്. കളി കാര്യമാക്കുന്ന വിരുതന്മാരെ സൂക്ഷിക്കുക.

Sunday, March 7, 2010

നോക്കുകൂലി

പണിയെടുക്കാതെ പണം പറ്റുന്നതിനെയാണ് നോക്കുകൂലി എന്നു പറയുന്നത്. പണി ആരോ എടുത്തോട്ടെ പണം ഇങ്ങ് പോരട്ടെ എന്നാണ് നോക്കുകൂലി ശാസ്ത്രം. ഒരുകാലത്ത് കേരളത്തില്‍ വ്യവസായം വരാത്തതിന് പഴികേട്ടത് തൊഴിലാളികളാണ്. ട്രേഡ് യൂണിയനും പണിമുടക്കുമായിരുന്നു പ്രതിക്കൂട്ടില്‍ നിന്നത്. കൊമ്പന്‍ മീശയും വട്ടക്കെട്ടും ട്രൌസര്‍ പാതി വെളിയില്‍കാണുംവിധം മടക്കിക്കുത്തിയ മുണ്ടുമായി നില്‍ക്കുന്ന തൊഴിലാളിയെ വരച്ചും വര്‍ണിച്ചും ഇതാ വികസനവിരുദ്ധര്‍ എന്ന് പറഞ്ഞുപതിപ്പിച്ചു. ഇന്നിപ്പോള്‍ തൊഴിലാളികളാണ് വികസനം മുടക്കികള്‍ എന്നു പറയുന്നവനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലും. മെച്ചപ്പെട്ട വേതനം, അവകാശങ്ങള്‍ എന്നിവയ്ക്കൊപ്പം വ്യവസായത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും പൊരുതുന്നവരാണ് തൊഴിലാളികള്‍. നോക്കുകൂലിക്കെതിരെ ശക്തമായ പ്രതികരണം വരുന്നതും തൊഴിലാളി സംഘടനകളില്‍നിന്നുതന്നെ.

അപ്പോള്‍പിന്നെ ആരാണ് നോക്കുകൂലിക്കാര്‍?

നാട്ടില്‍ ഒരു വലിയ വ്യവസായമായി, കൂറെയേറെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പാകത്തില്‍ വന്ന ഒന്നാണ് സൈബര്‍സിറ്റി പദ്ധതി. എച്ച്എംടിയുടെ കൈവശമുള്ള ഭൂമി തുറന്ന ടെന്‍ഡര്‍ വിളിച്ച് ഏക്കറിന് 1.3 ലക്ഷത്തിന് ബ്ളൂസ്റ്റാര്‍ റിയല്‍ടേഴ്സ് എന്ന കമ്പനിക്ക് വ്യവസായം തുടങ്ങാന്‍ കൊടുത്തു. വന്നല്ലോ വിവാദം. വ്യവസായ മന്ത്രി എളമരം കരിം കുഴപ്പം കാണിച്ചു എന്നുവരെ പറഞ്ഞുവച്ചു. വന്ന കമ്പനിയെ തട്ടിപ്പുകാരാക്കി. ഒരാളെയും ഒഴിപ്പിക്കാതെ, പരിസ്ഥിതിയെ നോവിക്കാതെ സംസ്ഥാനത്ത് വരാനിരുന്ന വലിയൊരു തൊഴില്‍ദായക സംരംഭത്തെ ചവിട്ടി പുറത്താക്കാന്‍ മുന്നില്‍നിന്നത് ആരൊക്കെയാണെന്ന് വെറുതെ ഒന്ന് ഓര്‍ത്തുനോക്കാം. സംശയമില്ല, ഒന്നാമന്‍ വീരഭൂമി തന്നെ. രണ്ടാം സ്ഥാനം ചെല്ലുക കോട്ടയത്തെ കണ്ടത്തില്‍ തറവാട്ടിലേക്കാണ്. മര്‍ഡോക്ക് എന്ന പാവം മാധ്യമ മുതലാളിക്ക് സ്പെഷ്യല്‍ ജൂറി പ്രൈസ് കൊടുക്കാം-സമഗ്ര സംഭാവനയ്ക്ക്. പ്രശ്നം നോക്കുകൂലിയുടേതാണ്. തരവും തഞ്ചവും നോക്കി മാധ്യമസിംഹങ്ങള്‍ക്കും ചാനല്‍തമ്പുരാക്കന്മാര്‍ക്കും കൃത്യമായി നോക്കുകൂലി കൊടുത്തിരുന്നുവെങ്കില്‍ ബ്ളൂസ്റ്റാര്‍ വന്നേനെ; കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സ്വന്തം ചിത്രം പതിച്ച മാലയുംതൂക്കി എച്ച്എംടി ഭൂമിയിലൂടെ കറങ്ങി നടന്നേനെ. നോക്കുകൂലിയാണ് യഥാര്‍ഥ പ്രശ്നം. ഏതെങ്കിലും പുതിയ പദ്ധതി വരണോ, നിലവിലുള്ളത് നന്നാക്കണോ-കൊടുക്കണം നിശ്ചിത നോക്കുകൂലി. വരവു വന്നില്ലെങ്കില്‍ നാറ്റിച്ചുകളയും. അതാണ് മാധ്യമ ശക്തി.

*
തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. മുപ്പത്തഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന ബജറ്റ്. അവശവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ മൂന്നൂറു രൂപയാക്കി ഉയര്‍ത്തിയ ബജറ്റ്. നാലുപേരുള്ള കുടുംബത്തിന് ഒരുമാസം പരമാവധി വേണ്ടത് മുപ്പതുകിലോ അരി. അതു വാങ്ങാന്‍ വരുന്ന ചെലവ് അറുപതുരൂപ. ബാക്കി 240 രൂപ മറ്റുകാര്യങ്ങള്‍ക്ക്. കേരളത്തില്‍ പട്ടിണി എന്ന ഒന്ന് ഇനി ഉണ്ടാവില്ലെന്ന് ബജറ്റ് ഉറപ്പിക്കുന്നു. നമ്മുടെ നോക്കുകൂലി മാധ്യമങ്ങള്‍ എന്താണെഴുതിയത്? മാതൃഭൂമി പറഞ്ഞു: ഈ ബജറ്റ് കൈയടിക്കായി. മാത്തുക്കൂട്ടിച്ചായന്റെ പത്രം എഴുതി: അരിയിട്ടു വീഴ്ത്തല്‍. ദീപികയുടെ കണ്ണില്‍ തോമസ് ഐസക്കിന്റേത് പ്രഖ്യാപന മാമാങ്കമാണ്.

ചരിത്രം മൂന്നരക്കൊല്ലം മുമ്പ് തുടങ്ങിയതല്ല. അതിനുമുമ്പും കേരളമുണ്ടായിരുന്നു. അന്ന് നാം സ്ഥിരം കേട്ട രണ്ടു പ്രയോഗങ്ങളാണ് ട്രഷറി പൂട്ടലും ഓവര്‍ ഡ്രാഫ്റ്റും. തോമസ് ഐസക്കിന്റെ കാലത്ത് ആ രണ്ടു പ്രയോഗവും കേള്‍ക്കാനില്ല. കേന്ദ്രം തരുന്നതും നികുതികിട്ടുന്നതും വാങ്ങിവച്ച് ദൈനംദിന ഭരണം നടത്താനാണ് തീരുമാനമെങ്കില്‍ ഐസക് ശങ്കരണനാരായണനെപ്പോലെ സംപൂജ്യനായ ധനമന്ത്രി ആയേനെ. ബജറ്റ് എങ്ങനെയുള്ളതാകും എന്ന ആകാംക്ഷ പൊതുജനങ്ങളേക്കാള്‍ കൂടുതല്‍ മാധ്യമക്കാര്‍ക്കായിരുന്നു. അത് അങ്ങനെതന്നെ വേണമല്ലോ. പ്രതിബദ്ധത സഹിക്കാനാകാതെ എരിപൊരികൊള്ളുകയാണ് മാധ്യമങ്ങള്‍. ആ വെപ്രാളം മുഴുവന്‍ ബജറ്റ് അവതരണഘട്ടത്തില്‍ കാണാനായി. ബജറ്റ് വന്നുകൊണ്ടിരിക്കുമ്പോഴും വന്ന് നിമിഷങ്ങള്‍ക്കകവും വേണം ചര്‍ച്ചയും വ്യാഖ്യാനവും വിമര്‍ശവും താറടിയും.

മാന്ദ്യകാലത്ത് കേന്ദ്രമവതരിപ്പിച്ച ബജറ്റ് പോലെ ഒന്നാണ് ഐസക്കിന്റേതെങ്കില്‍ 'യഥാര്‍ഥ ഇടതുകിങ്കരന്മാരെ' അണിനിരത്തണം ചര്‍ച്ചയ്ക്ക്. ബാക്കി അവര്‍ നോക്കും. ഇടക്കിടെ ചില മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കണം. പരസപരബന്ധമില്ലാതെ സ്വിച്ചിട്ടപോലെ 'അധിനിവേശം', 'പ്രത്യയശാസ്ത്ര വ്യതിയാനം', 'മൂല്യച്യുതി', 'സമ്പന്നവര്‍ഗപ്രണയം' തുടങ്ങിയ രാഗങ്ങള്‍ അവര്‍ ആലപിച്ചുകൊള്ളും.

ക്ഷേമ ബജറ്റെങ്ങാനും ഐസക് അവതരിപ്പിച്ചാലോ? വക്രീകരണം അത്ര എളുപ്പമാകില്ല. ദൌര്‍ഭാഗ്യവശാല്‍ അതാണ് സംഭവിച്ചത്. മുപ്പത്തഞ്ചു ലക്ഷം കുടുബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി, അങ്ങനെ അരികിട്ടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അവശന്മാര്‍ക്ക് മുന്നൂറുരൂപ പെന്‍ഷന്‍, പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍-മൊത്തം ക്ഷേമം.

അപ്പോഴാണ് യഥാര്‍ഥ പ്രതിസന്ധി വന്നത്. എന്തു ചെയ്യും?

പി സി സിറിയക് മുതല്‍ പി സി ജോര്‍ജ് വരെ രംഗത്തെത്തി. 'ഗിമ്മിക്ക്', 'സ്വപ്നം', 'വാചകമടി' ഇങ്ങനെ ആര്‍ക്കും എവിടെയും പറയാവുന്ന കുറെ വാക്കുകളേ വിദഗ്ധ നാവുകളില്‍നിന്നുതിര്‍ന്നുള്ളൂ. ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍; ജനങ്ങളുടെ ജീവിതഭാരം കൂട്ടാതിരുന്നാല്‍ അത് ഇത്രയ്ക്ക് വലിയ അപരാധമാണെന്ന് ശതമന്യുവിന് അപ്പോഴാണ് മനസ്സിലായത്. ബജറ്റല്ലേ-പ്രതികരിക്കാതിരുന്നാല്‍ മാനക്കേടാകും. കോണ്‍ഗ്രസുകാര്‍ പതിവുപോലെ വായില്‍ തോന്നിയത് പാടി. സിദ്ധാന്തപടു മാണിസാര്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വേണ്ട. പലകുറി ബജറ്റവതരിപ്പിച്ച തഴമ്പ് തലോടി മാണി സാര്‍ ചാനലായ ചാനലുകളിലെല്ലാം കയറിയിറങ്ങി തോമസ് ഐസക്കിനെ പൊളിച്ചടുക്കി. ഒരു ചാനലില്‍ അദ്ദേഹം ചോദിച്ചു- കഴിഞ്ഞ വര്‍ഷം ചെലവാകാത്ത 10000 കോടി രൂപയുണ്ടെങ്കില്‍ പിന്നെ എങ്ങനെ 1.9 ശതമാനം കമ്മിയുണ്ടായി? മറ്റൊരു ചാനലില്‍ ചെന്ന് പ്രഖ്യാപിച്ചു: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുത്തുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പൂട്ടിപ്പോകും. ഇനിയൊരു ചാനലില്‍ ചെന്ന് നികുതി ഇതര വരുമാനമില്ലാത്തതിനാല്‍ ഒന്നും നടക്കില്ല എന്ന് പ്രാകി. മൂന്നും ഒരിടത്ത് പറയാത്തതിനാലും ഒരവതാരകനും മറിച്ച് ചോദിക്കാത്തതിനാലും മാണി സാര്‍ നീണാള്‍ വാണു.

കൊന്തയ്ക്കും ജപമാലയ്ക്കും വിഭൂതിക്കും നികുതി കുറച്ചതിലായി ചില മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ. എന്തുകൊണ്ടാണ് വില കുറച്ചത് എന്ന് ഐസക് വിശദീകരിച്ചത് തന്ത്രപൂര്‍വം തമസ്കരിച്ചു. അത് വിശ്വാസികളെ സ്വാധീനിച്ച് വോട്ടുതട്ടാനാണെന്ന് മനോരമയുടെ വിശ്വാസം! അപ്പോള്‍ മദ്യത്തിന്റെ നികുതി കൂട്ടിയതോ? കുടിയന്മാരെ വെറുപ്പിച്ച് അവരുടെ വോട്ട് നഷ്ടപ്പെടുത്താനോ? (ഇതൊന്നും ബാധകമല്ലാത്ത ഒരേയൊരാള്‍ ഈശ്വരവിലാസം റോഡിലെ എം എം ഹസ്സനാണ്. കണക്കുമറിയില്ല, ബജറ്റുമറിയില്ല-ഉണ്ണിത്താന്‍ സ്റ്റൈല്‍ വാചകമടിമാത്രം ഭക്ഷണം.)

ഊര്‍ജ സംരക്ഷണത്തിന് കിട്ടുന്ന കേന്ദ്രവിഹിതം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ പണമാണെന്നും അത് വാങ്ങിയാല്‍ ഓഹരി വില്‍പ്പനയെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും ഒരു മാധ്യമ പ്രവര്‍ത്തക ചര്‍ച്ചയില്‍ രോഷം കൊള്ളുന്നതുകണ്ടു. ആ പണം വാങ്ങാതിരുന്നാല്‍ പൊതുമേഖലാ ഓഹരി വില്‍പ്പന കേന്ദ്രം നിര്‍ത്തുമോ ആവോ? പണം വാങ്ങിയില്ലെങ്കില്‍ കേന്ദ്രസഹായം പാഴാക്കി എന്ന് ഭാവിയിലേക്ക് ഒരു സ്കൂപ്പ് കിട്ടിയേക്കും. വന്നുവന്ന് മാധ്യമ പ്രവര്‍ത്തകര്‍ മികച്ച ഫ്യൂച്ചറിസ്റ്റുകളായി. ഒരു വെടിക്ക് എത്ര പക്ഷികള്‍.

രണ്ടു വാല്‍ക്കഷണങ്ങള്‍:

1. കേന്ദ്രം തരുന്ന പണം കേരളം ഉപയോഗിച്ച് മിടുക്കുകാട്ടുന്നുവെന്ന് മാതൃഭൂമിക്ക് ആക്ഷേപം. കേന്ദ്രം അധ്വാനിച്ച് പണമുണ്ടാക്കി സ്വന്തം മക്കളെ പോറ്റുന്നതിനുപകരം സംസ്ഥാനങ്ങളാകുന്ന ആരാന്റെ കുട്ടികള്‍ക്ക് ചെലവിനുകൊടുക്കുന്നത് കഷ്ടം തന്നെ. വയനാട്ടിലെ തോട്ടംപോലെ അച്ഛനപ്പൂപ്പന്മാരുടെ കാലത്ത് വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ പണമാണല്ലോ കേന്ദ്രത്തിന്റെ കൈയിലുള്ളത്. അതങ്ങനെ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ പാടുണ്ടോ!

2. പലരും ഇനിയും വരുമെന്ന് കുഞ്ഞാലിക്കുട്ടി. ആക്രിക്കച്ചവടം മൊത്തമായി തുടങ്ങുന്നത് നല്ലതുതന്നെ. പി സി ജോര്‍ജിനെയും വീരന്‍കുട്ടിയെയും അബ്ദുള്ളക്കുട്ടിയെയുംപോലെ ഇനി ആരെങ്കിലുമുണ്ടെങ്കില്‍ തൂക്കി വാങ്ങാവുന്നതേയുള്ളൂ. കൂലിയോ നോക്കുകൂലിയോ ആരും ചോദിക്കുമെന്ന പേടി വേണ്ട. തുരുമ്പുവില; ഇരുമ്പ് ലാഭം.