Sunday, January 27, 2013

പത്മ അവാര്‍ഡിന്റെ വിശ്വരൂപം

കേരളത്തിന്റെ ശുപാര്‍ശയില്ലാതെതന്നെ ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന ബഹുമതി പ്രഖ്യാപിക്കാനുള്ള വിവേകം ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് ഇല്ലാതെപോയി. പത്മശ്രീയുടെയും പത്മഭൂഷന്റെയും പത്മവിഭൂഷന്റെയും മേലെയാണ് ഭാരതരത്നം. ഇന്ത്യയുടെ ഏറ്റവും വലിയ ആ സിവിലിയന്‍ ബഹുമതിക്ക് ജീവിച്ചിരിപ്പുള്ളതില്‍ അര്‍ഹന്‍ ഉമന്‍ചാണ്ടിതന്നെ. എത്ര മനോഹരമായാണ് ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിഎയും സാംസ്കാരിക മന്ത്രിയുമായ കെ സി ജോസഫും ചേര്‍ന്ന് കൈകാര്യംചെയ്തത് എന്നുനോക്കുക. പാവപ്പെട്ട ബി ആര്‍ പി ഭാസ്കര്‍ രാവും പകലും കഷ്ടപ്പെട്ടതിന് ഫലം ലഭിച്ചില്ല എന്ന ഒറ്റക്കുറവേ ഉണ്ടായിട്ടുള്ളൂ. സി ആര്‍ നീലകണ്ഠന്‍, ഹരിഹരവര്‍മ, ആട്ആന്റണി, ബണ്ടിചോര്‍ എന്നീ പേരുകള്‍ ശുപാര്‍ശപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് പൊറുക്കാവുന്ന വീഴ്ചമാത്രം. അടുത്ത വര്‍ഷവും പട്ടിക അയക്കാമല്ലോ. മാനസമൈനയെ വിളിച്ച് കടാപ്പുറത്ത് പാടി നടക്കുകയും കോണ്‍ഗ്രസിനോട് എക്കാലത്തും അടുത്തു നില്‍ക്കുകയും ചെയ്ത നടന്‍ മധുവിന് പത്മഭൂഷണ്‍ ചോദിച്ച് വലിയൊരു പത്മശ്രീ വാങ്ങിക്കൊടുത്തതിലും വലിയ ഒരു പുണ്യപ്രവൃത്തി വേറെയേതുണ്ട്. രാഹുല്‍ഗാന്ധി ഏക വൈസ് പ്രസിഡന്റായതുകൊണ്ടാണ് മഹാനാകുന്നതെങ്കില്‍, ഇക്കൊല്ലത്തെ ഏക പത്മശ്രീക്കാരന്‍ ഭാരതരത്നത്തെക്കാള്‍ മുമ്പന്‍തന്നെ. അല്ലെങ്കിലും ആര്‍ക്കുവേണം രത്നവും ഭൂഷണും വിഭൂഷണവുമൊക്കെ.

ലിസ്റ്റൊക്കെ അയച്ചിട്ടുണ്ട്. അത് എങ്ങനെ ഉണ്ടാക്കി എന്ന് ചോദിക്കരുത്. പത്മ അവാര്‍ഡിന്റെ ലേലംവിളി അതിരുവിട്ടപ്പോള്‍, ഒരു സമിതി ഉണ്ടാക്കി ആളെ കണ്ടെത്തണം എന്ന് മേലാവില്‍നിന്ന് കുറിമാനം വന്നതാണ്. ഇവിടെ കമ്മിറ്റിയും മന്ത്രിസഭയും പൊലീസുമെല്ലാം ഉമ്മന്‍ചാണ്ടിതന്നെ. അതിനുമേല്‍ എന്തിന് പ്രത്യേകമൊരു കമ്മിറ്റി എന്ന് കെ സി ജോസഫ് ചിന്തിച്ചു. അങ്ങനെ ലേലത്തില്‍ മുന്നില്‍വന്നവരെ ഉള്‍പ്പെടുത്തിയും കണ്ണുതട്ടാതിരിക്കാന്‍ ഏതാനും അര്‍ഹരെ പെടുത്തിയും ലിസ്റ്റ് തട്ടിക്കൂട്ടി. പറഞ്ഞ സമയത്ത് അയച്ചില്ല എന്നേയുള്ളൂ. വൈകി എത്തിയ തട്ടിക്കൂട്ട് ലിസ്റ്റ് അപ്പാടെ രാഷ്ട്രപതി മടക്കി അയച്ച് പുതിയ ചരിത്രം കൂടി എഴുതിച്ചേര്‍ത്തു. ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ മാനസമൈനയ്ക്ക് മധുരം നുള്ളിക്കൊടുക്കാന്‍ ഒരു പത്മശ്രീ മാത്രം.

എല്ലാവരോടും പറഞ്ഞത് നാല്‍പ്പത്തിരണ്ടംഗ ലിസ്റ്റ് എന്നാണ്. ശരിക്കും അയച്ചത് പതിനഞ്ചു പേരുകള്‍ മാത്രവും. ആരാണ് ഈ പതിനഞ്ചിനെ തെരഞ്ഞെടുത്തത് എന്ന് കെ സി ജോസഫിനോട് ചോദിച്ചാല്‍ പുതുപ്പള്ളിയിലേക്കൊന്ന് കണ്ണെറിയും. പ്രശ്നം ഗുരുതരമാകാന്‍ പോകുന്നതേയുള്ളൂ. പത്തുകോടി വരെയാണ് പത്മ ഒന്നിന് നടപ്പു നിരക്ക്. വാങ്ങിയവരാര്, കൊടുത്തവരാര് എന്ന് താമസിയാതെ തെളിയും. പലിശ സഹിതം മടക്കിക്കൊടുത്തില്ലെങ്കില്‍ പല കഴുത്തിലും പിടിവീഴും. അതല്ലെങ്കില്‍ വല്ല പുതിയ സംസ്ഥാന പുരസ്കാരവും ഏര്‍പ്പെടുത്തുകയോ മീനച്ചിലാറും ഭാരതപ്പുഴയും പതിച്ചുകൊടുക്കുകയോ ചെയ്യണം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന കിട്ടാനുള്ള വകുപ്പുതന്നെ. അടുത്തവട്ടം പ്രണബ് മുഖര്‍ജി മടക്കി അയയ്ക്കാത്ത ലിസ്റ്റുണ്ടാക്കി അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഒന്നാമതായി കൊടുത്താല്‍ കെ വി തോമസ് പാരവച്ചില്ലെങ്കില്‍ എല്ലാം മംഗളകരമായേക്കും. എന്തായാലും ഇക്കാര്യത്തില്‍ എ കെ ആന്റണിക്ക് ഒരു താല്‍പ്പര്യവുമില്ല. കേരളം ഇപ്പോള്‍ പുതുപ്പള്ളി തറവാട്ടു വകയാണ്. കാര്യസ്ഥരായ തിരുവഞ്ചൂര്‍, കെ സി ജോസഫ് സംഘം വിചാരിച്ചാല്‍ ഒരു പത്മശ്രീയൊക്കെ തരപ്പെടുത്തി കൊടുക്കാനും ആവും.

*

ഭക്തകുചേല സിനിമകണ്ട് ഏതെങ്കിലും നിരീശ്വരവാദി സിനിമാ കൊട്ടകയിലേക്ക് ജാഥ നടത്തിയതായി ചരിത്രത്തിലെവിടെയും കാണുന്നില്ല. പള്ളിവികാരി കൊലപാതകവും കൊള്ളരുതായ്മയും നടത്തുന്ന ചിത്രം കണ്ട് ഇടവകക്കാര്‍ കൊടിയുംപിടിച്ച് സമരംനയിച്ച കഥയും കേട്ടിട്ടില്ല. ഒരുജാതി, ഒരു മതം, ഒരുദൈവം മനുഷ്യനെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെതിരെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആളാണ് ഞങ്ങള്‍ എന്ന അവകാശവാദവുമായി പ്രകടനം നടന്നിട്ടുണ്ടോ? മുംബൈയില്‍ കൂട്ടക്കൊല നടത്തി പിടിയിലായ അജ്മല്‍ കസബ് ശിക്ഷിക്കപ്പെട്ടത് മുസല്‍മാനായതുകൊണ്ടല്ല; കൊലയാളിയായതുകൊണ്ടാണ്. കസബിനെ തൂക്കിക്കൊന്നതിന്റെ പേരില്‍ ആരെങ്കിലും മതവും പറഞ്ഞു വന്നാല്‍ എന്താകും സ്ഥിതി എന്നാലോചിക്കാന്‍തന്നെ വയ്യ. കല കലയുടെ വഴിക്ക് നടക്കും; മതം മതത്തിന്റെയും; രാഷ്ട്രീയം അതിന്റെയും. ഇതിനെല്ലാമിടയില്‍ച്ചെന്ന് കോലിട്ടിളക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നല്ല തണ്ടും തടിയുമുള്ള, പോത്തിന്റെ ഉശിരും കുറുക്കന്റെ ഒച്ചയുമുള്ള കുറെയെണ്ണം കേരളത്തിലെ സിനിമാ തിയറ്ററുകള്‍ക്കുമുന്നില്‍ മുരളുന്നതും അമറുന്നതും കാണുമ്പോള്‍ ശരിക്കും സഹതാപമാണു വരുന്നത്. വിശ്വരൂപമാണുപോലും പ്രശ്നം.

ഇവരുടെ വിശ്വരൂപം ഇങ്ങനെയാണോ എന്ന് സംശയം വരാം. ഇതിനേക്കാള്‍ അബദ്ധമാണ് ഇതിപ്പോള്‍ സിനിമയോട്. ഇതിന് മുമ്പ് പട്ടികളോടായിരുന്നു. പഞ്ചായത്തുകളില്‍ പട്ടിപിടിത്തക്കാരെ കിട്ടാനില്ലാത്തതുകൊണ്ടാകണം തെരുവിലെ പട്ടിയുടെ കഴുത്ത് കണ്ടിക്കാന്‍ കുറെയെണ്ണം ഇറങ്ങി. കൈവെട്ട്, കാല്‍വെട്ട്, പട്ടിവധം തുടങ്ങിയ കലാപരിപാടികളില്‍ മിടുക്കന്‍മാരായവര്‍ ഇപ്പോള്‍ കമല്‍ഹാസനെ പിടിക്കാനാണിറങ്ങിയിരിക്കുന്നത്. "വിശ്വരൂപം" സിനിമ കണ്ടപ്പോള്‍ അത് ഭീകരതയ്ക്കെതിരായ ഒന്ന് എന്നേ തോന്നിയുള്ളൂ. അങ്ങനെയാണ് കമല്‍ പറയുന്നതും. ഭീകരതയ്ക്കെതിരായ സിനിമയ്ക്കെതിരെ സമരം നയിക്കുന്നവര്‍ ഭീകരതയുടെ ആളാകും എന്നതില്‍ തര്‍ക്കമില്ല. പ്രസംഗിച്ച എം എം മണിയെ ജയിലിടച്ച തിരുവഞ്ചൂരിന്റെ പൊലീസിന് കേസുകളുടെ ചാകരയാണ് വന്നിരിക്കുന്നത്.

വിശ്വരൂപം തീവ്രാദത്തിന്റെ വിശ്വരൂപമാണ്. ഇസ്ലാം മതത്തെയോ പ്രവാചകനെയോ മത വിശ്വാസങ്ങളെയോ വിമര്‍ശിക്കുന്നുമില്ല; തെറ്റായി ചിത്രീകരിക്കുന്നുമില്ല. മതമാണ് പ്രശ്നമെങ്കില്‍, ഇസ്ലാം വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതാണ് പ്രശ്നമെങ്കില്‍ പ്രകടനം നടത്തേണ്ടത് സിനിമാ തിയറ്ററിലേക്കല്ല; ബംഗ്ലൂരുവിലേക്കാണ്. അബ്ദുല്‍ നാസര്‍ മഅ്ദനി എന്നൊരാള്‍ അവിടെ ദുരിതം തിന്ന് ജീവിക്കുന്നുണ്ട്. ഒരു കാലേയുള്ളൂ; ഒന്നര മനുഷ്യന്റെ രോഗങ്ങളുമുണ്ട്. ഉസ്താദ്വേട്ട നടത്തിയത് കര്‍ണാടക പൊലീസാണെങ്കിലും അതിന് പശ്ചാത്തലമൊരുക്കിയത് വിശ്വരൂപ സമരക്കാരുടെ കൂട്ടാളികളാണ്. യുഡിഎഫും ചങ്ങാതിപ്പത്രങ്ങളും മഅ്ദനിമാത്രമല്ല, ഭാര്യയും കുടുംബമാകെയും തീവ്രവാദികളാണെന്നുവരെ പറഞ്ഞുകളഞ്ഞു.

നമ്മുടെ വിഖ്യാത മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത കവറിലാക്കി ഓഫീസില്‍ കിട്ടും. അല്ലാത്തവര്‍ വാര്‍ത്ത തേടിപ്പിടിക്കാന്‍ പുറത്തിറങ്ങും. കെ കെ ഷാഹിന എന്ന ഒരു മാധ്യമ പ്രവര്‍ത്തക വിഖ്യാതയല്ലാത്തുകൊണ്ട്, മഅ്ദനിയുടെ കേസിനെക്കുറിച്ചറിയാന്‍ പുറത്തേക്കിറങ്ങി. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ മഅ്ദനി തടിയന്റവിട നസീറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബംഗളൂര്‍ സ്ഫോടനം ആസൂത്രണം ചെയ്തുവെന്നും കര്‍ണാടക പൊലീസ് കുറ്റപത്രത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതിന്റെയെല്ലാം സാക്ഷികളെ ഷാഹിന ചെന്ന് കണ്ടു. ചിലര്‍ മൊഴി കൊടുത്തിട്ടില്ല. ചിലര്‍ക്ക് ഒന്നും അറിയില്ല. മറ്റു ചിലര്‍ എന്തോ പറഞ്ഞു; മറ്റെന്തോ രേഖപ്പെടുത്തി. ആകെ മൊത്തം ദല്ലാള്‍ നന്ദകുമാറിനെപ്പോലെ ദുരൂഹം; ക്രൈം നന്ദകുമാറിനെപ്പോലെ ജുഗുപ്സാവഹം. മഅ്ദനിയെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതുമാത്രമാണ് തെളിവുള്ള ഏക കുറ്റകൃത്യം.

കുടകിലെ തണുപ്പില്‍ കയറിച്ചെന്ന് കര്‍ണാടക പൊലീസിന്റെ തട്ടിപ്പുകള്‍ പൊളിച്ചടുക്കിയപ്പോള്‍, ഷാഹിനയ്ക്കും കിട്ടി ഭീകരപ്പട്ടം. ഇപ്പോള്‍ രാജ്യേദ്രോഹക്കേസിലെ പ്രതി. മഅ്ദനി അഞ്ചുനേരവും നിസ്കരിക്കുന്ന, ദൈവത്തിനുമാത്രമായി സര്‍വം സമര്‍പ്പിച്ച ഇസ്ലാമാണ്. ആ മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നു എന്നാണ് ഷാഹിന കണ്ടെത്തിയത്. അതിനാണ് അവരെ രാജ്യദ്രോഹിപ്പട്ടം നല്‍കി "ആദരിച്ച"ത്. മനുഷ്യവകാശ ലംഘനത്തിന്റെയും ഭരണകൂട ഭീകരതയുടെയും വര്‍ഗീയതയുടെയും ഈ വിശ്വരൂപം നമ്മുടെ പട്ടിവെട്ടുകാര്‍ക്ക് വിഷയമല്ല. നിഷ്പക്ഷത, നിര്‍ഭയത്വം, വാസ്തവം എന്നൊക്കെ തിരിച്ചും മറിച്ചും പറഞ്ഞ് ചവച്ചു നടക്കുന്ന മാധ്യമങ്ങള്‍ക്ക് ഷാഹിനയ്ക്കുവേണ്ടി ഒഴുക്കാന്‍ ഒരിറ്റു കണ്ണീരില്ല. അവസരം കിട്ടിയാല്‍, ഷാഹിനയെ പിടിച്ച് കര്‍ണാടക പൊലീസില്‍ ഏല്‍പ്പിക്കാനുള്ള മാനസികാവസ്ഥയിലാണവര്‍. പത്രക്കാര്‍ ഇത്ര വലിയ കള്ളന്‍മാരോ എന്ന് ആ "വിശ്വരൂപം" കണ്ട് ഷാഹിന തന്നെ ചോദിക്കുന്നു.

മഅ്ദനിക്കും ഷാഹിനയ്ക്കും വേണ്ടി ഉയരാത്ത മോങ്ങല്‍ വിശ്വരൂപത്തിനെതിരെ ഉയര്‍ത്തുന്നവരെ സൂക്ഷിക്കണം. അവര്‍ക്ക് ഇസ്ലാമും സത്യവിശ്വാസവും സാക്ഷ്യവചനങ്ങളുമൊന്നുമല്ല- മറ്റുചിലതാണ് പ്രധാനം. അതുകൊണ്ടുതന്നെ നിര്‍ദോഷമായ, മതവിരുദ്ധമല്ലാത്ത കലാസൃഷ്ടിയുടെ പേരില്‍ അവര്‍ കുഴപ്പമുണ്ടാക്കുന്നു. തെരുവിലെ പട്ടികളെ വെട്ടിക്കൊല്ലുന്നു. എല്ലാം കഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തണലില്‍ ഒളിക്കുകയും ചെയ്യുന്നു.

*

ഷാഹിനയ്ക്കെതിരെ കള്ളക്കേസെടുത്താലും മഅ്ദനിയെ പീഡിപ്പിച്ചാലും വിശ്വരൂപത്തിനെതിരെ അക്രമസമരം നടന്നാലും പ്രതിഷേധമുയര്‍ത്താന്‍ ഒരു കൂട്ടര്‍മാത്രം. എന്നാലും മാര്‍ക്സിസ്റ്റുകാരെക്കുറിച്ച് ഏതെങ്കിലും തല്ലിപ്പൊളി ദല്ലാള്‍മാര്‍ പറയുന്നതാണ് അന്നത്തെ പ്രധാന വാര്‍ത്ത!.

Sunday, January 20, 2013

വീഴാന്‍ പോകുന്ന വന്‍മരം

വംശവൃക്ഷത്തിലെ അവസാന കണ്ണി അഭിഷിക്തനായി. ഇനിയാര് എന്ന ചോദ്യത്തിന് തല്‍ക്കാലം ഉത്തരം വന്നിരിക്കുന്നു. രാഹുല്‍ "നമ്മെ നയിക്കും" എന്ന് ആന്റണിക്ക് പറയാം. യോഗ്യത എന്തെന്ന് ചോദിക്കരുത്. നെഹ്റുവിന് യോഗ്യതയുണ്ടായിരുന്നു. മകള്‍ ഇന്ദിരയ്ക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടിയത് പലവക വൈശിഷ്ട്യങ്ങളാണ്. അത് രണ്ടായി പകുത്തുപോയപ്പോള്‍ ഒരുഭാഗം ഇളയ മകനു കിട്ടി. അമ്മ ഭരണത്തില്‍; മകന്‍ സിംഹാസനത്തില്‍. തുര്‍ക്മാന്‍ഗേറ്റും വന്ധ്യംകരണവും അഞ്ചിന പരിപാടിയുമായി അടിയന്തരാവസ്ഥയുടെ പുത്രന്‍ വിലസി. കോണ്‍ഗ്രസിന് കൊടുത്ത സമ്മാനം എഴുപത്തേഴിലെ മുട്ടന്‍ തോല്‍വി.

എണ്‍പതില്‍ തിരിച്ച് ഭരണത്തിലെത്തിയപ്പോള്‍ ഇന്ദിര വീണ്ടും പ്രധാനമന്ത്രിയും മകന്‍ യഥാര്‍ഥ ഭരണാധികാരിയും. ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയാത്ത അക്കാലത്ത് ഒരുനാള്‍ സഞ്ജയ് മരണത്തിലേക്ക് വിമാനം പറത്തി. നാലുകൊല്ലം കഴിയും മുമ്പ് ഇന്ദിരയുടെ ജീവനും നഷ്ടമായപ്പോഴാണ് രാഷ്ട്രീയമെന്തെന്ന് അറിയാത്ത രാജീവ് വിമാനത്തില്‍ നിന്നിറങ്ങിയത്. നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് കയറിയത്. വിമാനം പറത്തലും നിശാ ക്ലബ്ബിലെ നൃത്തവും പോലെയല്ല ഭരണമെന്ന് മനസ്സിലാക്കുമ്പോഴേക്ക് ബൊഫോഴ്സ് കേസില്‍ പെട്ടു. ഒടുവില്‍ ഭരണം പോയി പ്രതിപക്ഷത്തായി. ആ ഇടയ്ക്കാണ്, ലങ്കന്‍ പുലികള്‍ രാജീവിന്റെ ജീവനെടുത്തത്. ആചാരപ്രകാരം അടുത്ത അവകാശിയായി രാഹുല്‍ അന്നേ വരേണ്ടതായിരുന്നു. രാജകുമാരന് പ്രായപൂര്‍ത്തിയും പക്വതയും വന്നെത്താതിരുന്നതിനാല്‍, പകരക്കാരിയായി രാജ്ഞി ഭരണഭാരമേറ്റു. ഇപ്പോഴിതാ, കിരീടധാരണമുഹൂര്‍ത്തം ചിന്തന്‍ ശിബിരമായി വന്നെത്തിയിരിക്കുന്നു.

ഒരുകൊല്ലമേയുള്ളൂ തെരഞ്ഞെടുപ്പിന്. മാജിക്കൊന്നും ഏശുന്ന നിലയിലല്ല. യുപിയില്‍ പാടുകിടന്നിട്ടും പഞ്ചാബിലും ജാര്‍ഖണ്ഡിലും തലകുത്തി നിന്നിട്ടും രാഹുലിനെ ജനം തിരിഞ്ഞുനോക്കിയില്ല. കോണ്‍ഗ്രസിനെ ആരെതിര്‍ക്കുന്നുവോ അവര്‍ക്കാണ് എന്നതാണ് പുതിയ രീതി. അഴിമതി കണ്ട് പൊറുതിമുട്ടിയവര്‍ അണ്ണ ഹസാരെ വിളിച്ചാലും ബാബാരാംദേവ് കണ്ണുകാട്ടിയാലും കൂടെ പോകുന്ന പരുവത്തിലാണ്. മന്‍മോഹന്‍ വലുതായി മിണ്ടാത്തതുകൊണ്ട് പ്രത്യേക കുഴപ്പത്തിലൊന്നും ചെന്നുചാടിയിട്ടില്ല. ഇതിപ്പോള്‍ വാ തുറന്നാല്‍ വിഡ്ഢിത്തം പ്രവഹിക്കും. ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുമ്പോള്‍ യോഗ്യനായ ഒരാള്‍ തലപ്പത്തില്ലാത്തതിന്റെ കുറവുണ്ടായിരുന്നു. അത് മാറിക്കിട്ടി. പണ്ട് കരുണാകരന്റെ പ്രതാപകാലത്ത് മുരളിയെ "ഏക വൈസ് പ്രസിഡന്റ്" ആക്കിയതാണ്. അതുപോലെ ഒരു "ഏക വൈസ് പ്രസിഡന്റാ"ണ് വന്നിരിക്കുന്നത്.

പരമ്പരയായി അധികാരം കിട്ടുമ്പോള്‍ പ്രത്യേകിച്ച് വിവരമൊന്നും വേണമെന്നില്ല. എല്ലാം ഇവന്റ് മാനേജ്മെന്റുകാര്‍ നടത്തിക്കൊള്ളും. നമ്മുടെ അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നതുപോലെ ഈസിയായ കാര്യമാണത്. ചുറ്റുമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പുവയ്ക്കണം, ചെവി കടിക്കനുസരിച്ച് തലയാട്ടണം. കോഴിക്കോട്ടെ പൊറോട്ടക്കാരനൊക്കെ ഇനി താരമാകാന്‍ പോകുകയാണ്. നേരെയങ്ങ് ചെന്നാല്‍ മതി. സമ്മാനമായി പണ്ടവും പണവും നിറച്ച കിഴികിട്ടും. 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി 72-ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും രാജ്യസേവനം തുടരുന്ന എ കെ ആന്റണി ഇനി അരയില്‍ തോര്‍ത്തുചുറ്റി കുമ്പിട്ടുനില്‍ക്കും പുതിയ രാജാവിനു മുന്നില്‍. ഇതാണ് കോണ്‍ഗ്രസിന്റെയൊരു യോഗം. ദീപസ്തംഭത്തെ വാഴ്ത്തിപ്പാടുക, കിട്ടുന്നത് വാങ്ങി മടിയില്‍തിരുകുക- അതാണ് കര്‍മം. ആ കര്‍മം സുസംഘടിതമായി നടത്തുന്നതിലാണ് യഥാര്‍ഥ ഗാന്ധിസം കുടികൊള്ളുന്നത്. ഗാന്ധിസം പുരോഗമിച്ച് രാഹുല്‍ ഗാന്ധിസംവരെ എത്തിയിട്ടുണ്ട്. രാജാവ് വിഭാര്യനായ സ്ഥിതിക്ക് ഇനിയിപ്പോള്‍ റോബര്‍ട്ട് വധേരയുടെ കുഞ്ഞുങ്ങള്‍ക്കാകും ഭാവിഗാന്ധിസത്തിന്റെ അനന്തരാവകാശം. എന്തുപറഞ്ഞാലും കോണ്‍ഗ്രസ് പടര്‍ന്നുപന്തലിച്ച ഒരു വലിയ മരം തന്നെയാണ്. റാഞ്ചിപ്പറക്കുന്ന പരുന്തുമുതല്‍ പകല്‍ കാഴ്ചയില്ലാത്ത വാവലിനുവരെ ചേക്കേറാം. ഇത്രയേറെ ചേക്കേറികളുണ്ടായാല്‍ മരം കടപുഴകി വീഴില്ലേ എന്ന ചോദ്യം ഈയിടെ ഒരു ചര്‍ച്ചയില്‍ കേട്ടു. കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോള്‍ നടന്ന ചര്‍ച്ചയാണ്. സാധാരണഗതിയില്‍ ഒരു പാര്‍ടിയെ നയിക്കുന്നവര്‍ ഇത്ര എന്ന് തീരുമാനിച്ചാണ് ആളെ തെരഞ്ഞെടുക്കുക. കോണ്‍ഗ്രസിന് പരിപാടിയുമില്ല, ലക്ഷ്യവുമില്ല, ഭാരവാഹിത്വത്തിനോ കൈയും കണക്കുമില്ല. പലതും പേമെന്റ് സീറ്റാണ്. അതല്ലെങ്കില്‍, ജാതിതിരിച്ചും കുലംതിരിച്ചും ഗ്രൂപ്പുതിരിച്ചും വീതംവയ്പ്.

തിരുവഞ്ചൂര്‍ പറഞ്ഞത്, നായര്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിക്ക് തന്നെ ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടെന്നാണ്. ശിക്ഷിക്കുന്നതും ശാസിക്കുന്നതും ജാതി-മതനേതാക്കളാണ്. എല്ലാ കണക്കും കൂട്ടിയപ്പോള്‍ നാല് വൈസ്പ്രസിഡന്റ്, 21 ജനറല്‍ സെക്രട്ടറി, 42 സെക്രട്ടറി, പിന്നെ പ്രസിഡന്റും ട്രഷററും. എല്ലാം ചേര്‍ത്ത് ഭാരവാഹികള്‍ 69. ഈ 69നു പുറമെ ജില്ലാ പ്രസിഡന്റുമാരുടെ നിരകൂടി വന്നപ്പോള്‍ മൊത്തം ഫ്ളക്സ് കുമാരന്മാരുടെ എണ്ണം 83. ഒറ്റയടിക്ക് സെക്രട്ടറിയറ്റിനു മുന്നില്‍ വന്ന ഫ്ളക്സ് ബോര്‍ഡുകളും അത്രതന്നെ. ഒരു പ്രധാന ഭാരവാഹി കെപിസിസി ഓഫീസിലെത്തി അനുഗ്രഹം തേടിയപ്പോള്‍ ചെന്നിത്തല കരുതിയത് തമിഴ്നാട്ടില്‍ നിന്നുവന്ന "തോഴര്‍കള്‍" എന്നത്രേ. എഴുന്നേറ്റ് വണക്കം പറഞ്ഞപ്പോഴാണ്, ഞാന്‍ ജനറല്‍ സെക്രട്ടറിയല്യോ എന്ന ചോദ്യം ഉയര്‍ന്നത്. എല്ലാ ഭാരവാഹികള്‍ക്കും ഫോട്ടോ വച്ച ഐഡന്റിറ്റി കാര്‍ഡ് നല്‍കാനാണ് ഒടുവിലത്തെ തീരുമാനം. വലിയ അക്ഷരത്തില്‍ പേരുണ്ടാകും. പരസ്പരം പരിചയപ്പെടാന്‍ കോവളത്ത് ത്രിദിന "ശിബിര്‍" നടത്താനും ആലോചിക്കുന്നു. ഭാരവാഹികള്‍ക്ക് നിശ്ചയിക്കുന്ന ചുമതലകളുടെ പേര്, "കണിച്ചുകുളങ്ങര", "പെരുന്", "ചങ്ങനാശേരി" ഇത്യാദിയാണ്. അവനവനാത്മസുഖത്തിനായുള്ളത് ആചരിച്ചുകൊള്ളണം എന്നതാണ് ഭരണഘടനാതത്ത്വം. എല്ലാം കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കില്‍ ഇന്ദിരാ ഭവനില്‍ എത്തിച്ചാല്‍മതി. അങ്ങോട്ടുകയറുമ്പോള്‍ മുരളീധരന്റെ കണ്ണില്‍പെടാതെ നോക്കണമെന്നു മാത്രം. വന്നുവന്ന് എല്ലാവര്‍ക്കും പേടിയുള്ളതായി മുരളിയേ ഉള്ളൂ. അവിടെ നല്ലകാലത്തും ആപത്തുകാലത്തും വിപരീതബുദ്ധിയായതുകൊണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിഴച്ചുപോകുന്നു; തിരുവഞ്ചൂര്‍ മുറിമൂക്കുകൊണ്ട് രാജ്യഭാരം പേറുന്നു. എങ്ങനെനോക്കിയാലും മരം പടുമരമായി. താങ്ങാനാകാത്ത ഭാരം ചില്ലകളിലുണ്ട്. പോരെങ്കില്‍ പുരയ്ക്ക് ചാഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. എന്ന് കടപുഴകി വീഴുമെന്ന് തിട്ടമില്ല. സ്വയം വീണില്ലെങ്കില്‍ മുറിച്ചുമാറ്റാന്‍ എപ്പോള്‍ ജനം വളയുമെന്നും കണക്കാക്കാനാകില്ല.

*

പത്രത്തോടൊപ്പം ഇപ്പോള്‍ വില്‍ക്കുന്നത് നല്ല തങ്കപ്പെട്ട സംസ്കാരമാണ്. ചെയ്ത പണിക്ക് ന്യായമായ കൂലി ചോദിച്ചവനെ അച്ചന്‍കോവിലിലേക്കും മാങ്കുളത്തേക്കും സ്ഥലംമാറ്റും. വേജ് ബോര്‍ഡ് തരുമോ സാറേ എന്ന് ചോദിച്ചാല്‍ മൂന്ന് ലൈബ്രേറിയന്മാര്‍ ഒരേസമയം ഡല്‍ഹിയില്‍ തണുപ്പടിക്കേണ്ടി വരും. ബംഗ്ളൂരു, കൊല്‍ക്കത്ത- ഈയിടെ കശ്മിരീലെ ദ്രാല്‍ താഴ്വരയില്‍ ബ്യൂറോ തുടങ്ങാനാണ് ആലോചന വന്നത്. യൂണിയന്‍കാരന് പറ്റുന്ന സ്ഥലം അതാണത്രേ.

സ്വന്തം പത്രത്തില്‍ എന്തുമെഴുതാം. ഏതു നേതാവിന്റെയും പാര്‍ടിയുടെയും പരിപ്പെടുക്കാം. പക്ഷേ, പത്രത്തെക്കുറിച്ച് ആരും ഒന്നും മിണ്ടരുതെന്നതാണ് ശരിക്കും പ്രചരിപ്പിക്കേണ്ട സംസ്കാരം. ഏതോ ഒരാള്‍ എന്തോ എഴുതിയപ്പോള്‍, ഉടന്‍ കോഴിക്കോട്ടുവന്ന് എംഡിയെ മുഖം കാണിക്കണമെന്നാണ് ടെലിഫോണ്‍ വഴി ഉത്തരവുപോയതത്രേ. രാജവാഴ്ചയേക്കാള്‍ കടുത്ത മാടമ്പിവാഴ്ചയുടെ കാലമാണ്. പിറന്നപടി 1923ല്‍ തന്നെയാണ് നില്‍പ്പ്. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകണം ഏതു കൊലകൊമ്പനും. അല്ലെങ്കില്‍ കേസ് കൊടുത്ത് നാറ്റിക്കളയുമെന്നാണ് തീരുമാനം. നാറ്റിക്കുന്ന കാര്യത്തില്‍ ഗവേഷണം പലവഴിക്ക് നടത്തിയിട്ടുണ്ട്- ആ ഒറ്റക്കാര്യത്തിനാണ് ഇനി അവാര്‍ഡ് ലഭിക്കേണ്ടത്. നിയമം കൊണ്ടാണ് കളി എന്നതിനാല്‍ ഒരുവിധപ്പെട്ടവരെല്ലാം പേടിക്കണം. കേസുകൊടുത്ത് നാറ്റിക്കുമെന്നതിന് വാര്‍ത്ത കൊടുത്ത് നാറ്റിക്കുമെന്നതിനേക്കാള്‍ കടുപ്പമുണ്ട്. സാദാ നിയമം പോരാതെ വന്നപ്പോള്‍ ഇപ്പോള്‍ സൈബര്‍ നിയമമാണ് ആയുധം. വല്ലഭനും വീരനും പുല്ലും ആയുധമാണ്.

ന്യായമായ ശമ്പളം വേണമെന്നുള്ളവര്‍ക്കേ സ്ഥലംമാറ്റമുള്ളൂ. കിമ്പളം കിട്ടുന്ന ആസ്ഥാന ഗായകര്‍ക്ക് തിരുവനന്തപുരത്തിരുന്ന് കൊല്‍ക്കത്തയിലെ കാര്യങ്ങള്‍ ദൃക്സാക്ഷി വിവരണം നടത്താം. ഇനിയിപ്പോള്‍, നാടാകെ ആട്ടുകല്ലുമുക്കുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കമാണ്. അതിന്റെ തത്സമയ സംപ്രേഷണം ഉടന്‍ കാണാന്‍ മലയാളിക്ക് ഭാഗ്യമുണ്ടാകും. വേജ് ബോര്‍ഡ് ആനുകൂല്യം ചോദിച്ചതിന് സ്ഥലംമാറ്റപ്പെട്ട മാധ്യമസിംഹങ്ങളുടെ സ്മരണയ്ക്കായി അച്ചന്‍കോവിലിലും മാങ്കുളത്തും ബെല്ലാരിയിലും രാമക്കല്‍മേട്ടിലും തുടര്‍ന്നുള്ള കാലങ്ങളില്‍ ആട്ടുകല്ലിന്റെ പ്രതിമകള്‍ സ്ഥാപിക്കാവുന്നതാണ്.

വാലറ്റം അഥവാ കുമാരസംഭവം: 

ക്രൈം നന്ദകുമാര്‍ എന്ന പത്രാധിപര്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്: ക്രൈം ഗ്രൂപ്പില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ന്യൂസ് റിപ്പോര്‍ട്ടര്‍ ഈവനിങ് പത്രത്തിന്റെ ഒന്നാം വാര്‍ഷികം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ചീഫ് വിപ്പ് പി സിജോര്‍ജ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി......എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

സുപ്രസിദ്ധ ക്രിമിനല്‍ ലോയര്‍ അന്തരിച്ച കെ കുഞ്ഞിരാമമേനോന്റെ സ്മരണാര്‍ഥം മനോലോകം ഗ്രൂപ്പ് പബ്ലിഷിങ് കമ്പനി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച നിയമകാര്യ ലേഖനത്തിനുള്ള 2009-ലെ അവാര്‍ഡ് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എം പി വീരേന്ദ്രകുമാറിനും 2010-ലെ അവാര്‍ഡ് അഡ്വ. കെ രാംകുമാറിനും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. മാതൃഭൂമി പത്രത്തില്‍ കുപ്പിവെള്ള കച്ചവടത്തിന്റെ കള്ളക്കളികളെക്കുറിച്ചും കുടിവെള്ള ചൂഷണത്തെക്കുറിച്ചും എം പി വീരേന്ദ്രകുമാര്‍ എഴുതിയ കുപ്പിവെള്ള കച്ചവടവും ചില വസ്തുതകളും എന്ന നിയമകാര്യലേഖന പരമ്പരക്കാണ് 2009-ലെ അവാര്‍ഡ് ലഭിച്ചത്. (അര്‍ഹതയുണ്ടായിട്ടും ഇതില്‍ പേരുവരാതിരുന്നവരെയും അവാര്‍ഡ് കിട്ടാത്തവരെയും ഓര്‍ത്ത് ശതമന്യു ഒരല്‍പ്പം കണ്ണീരൊഴുക്കട്ടെ)

Sunday, January 6, 2013

വെട്ടുവഴിയുടെ നാട്ടുനടപ്പ്

ഓര്‍ക്കാപ്പുറത്ത് ഒളിവാളും കാണാപ്പുറത്ത് കാര്‍ക്കോടകനും എന്ന് പറയാറുണ്ട്. അപകടം എപ്പോഴും വരാം എന്ന് വ്യംഗ്യം. ഇപ്പോള്‍ ആപത്ത് വരുന്നത് ഡല്‍ഹിയില്‍നിന്നാണ്. ഇടയ്ക്കിടയ്ക്ക് വിമാനം കയറിയിങ്ങ് പോരും. പൊക്രാനില്‍ പൊട്ടിക്കാന്‍ കഴിയാത്തത് പൊട്ടിക്കുന്നത് ഈ കേരളത്തിലാണ്. പറയുന്നതൊക്കെ കാര്യംതന്നെ. എല്ലാ കാര്യങ്ങളും അങ്ങനെ തുറന്നു പറയാനുള്ളതാണോ എന്നതാണ് പ്രശ്നം. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന് പറയാം. വീണ്ടും ഭ്രാന്താലയമാകുന്നുവെന്ന് ആന്റണി പറയാന്‍ പാടില്ല. ഉമ്മന്‍ചാണ്ടി ഉപജാപകമുഖ്യനെന്നും ആഭ്യന്തരംകൊടുത്തത് അലവലാതിക്കെന്നും എം എം മണിക്ക് പറയാം. അങ്ങനെയുള്ള പച്ചപ്പരമാര്‍ഥങ്ങള്‍ രമേശ് ചെന്നിത്തലയോ ആര്യാടനോ മിണ്ടാന്‍ പാടില്ല. ഇങ്ങനെയുള്ള ചില "നാട്ടുനടപ്പുകള്‍" പലരും പാലിക്കാത്തതാണ് ഈ കലികാലത്തിലെ പ്രധാന കുഴപ്പം. ഉദാഹരണത്തിന്, ചെന്നിത്തല പ്രധാനമന്ത്രിയാകാന്‍വരെ യോഗ്യനാണ്- ഹിന്ദിയും അറിയാം. തലശേരിയിലെ അഡ്വ. ആസിഫലിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനുള്ള യോഗ്യതയുണ്ട് എന്ന് പറയുന്നതുപോലെയാണത്. ആട്ടുന്നവരെ ആരും നെയ്യാന്‍ വിടാറില്ല.

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമുള്ള സ്ഥലത്ത്, ഉപമുഖ്യമന്ത്രിയായി ചെന്നിത്തലയെ വയ്ക്കണമെന്ന് സുകുമാരന്‍നായര്‍ പറഞ്ഞതില്‍ തെറ്റുകാണാനില്ല. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കടിഞ്ഞാണ്‍ കൈയിലുള്ളവനാണ് കുതിരയെ നയിക്കുക. ബ്ലൂടൂത്തിന്റെയും വൈഫൈയുടെയുമെല്ലാം കാലമായതുകൊണ്ട് പെരുന്നയില്‍നിന്നും കണിച്ചുകുളങ്ങരനിന്നും ഒരേ സമയം കടിഞ്ഞാണ്‍ പിടിക്കാം. വണ്ടി തെക്കോട്ടുപോയാലും വടക്കോട്ടുപോയാലും പ്രത്യേക പ്രശ്നമൊന്നും വരാനില്ല. കിട്ടേണ്ടത് കൃത്യസമയത്ത് കിട്ടിക്കൊള്ളും. അതെല്ലാം കണ്ട് ആന്റണിയും ആര്യാടനും അധികപ്രസംഗം നടത്തുന്നതാണ് കഷ്ടം. യുഡിഎഫ് സര്‍ക്കാരിന്റെ കാര്യത്തില്‍ ആന്റണി എന്തിനാണിടപെടുന്നത്? ആര്യാടന്‍ എന്തിനാണ് ചെന്നിത്തലയ്ക്കുവേണ്ടി വാദിക്കുന്നത്? ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചാല്‍ അതിലെ ഡയറക്ടര്‍മാര്‍ക്കാണ് പരമാധികാരം എന്ന് അറിഞ്ഞുകൂടേ? ദയവായി ഇനി ആന്റണി ഇടയ്ക്കിടെ കേരളത്തിലേക്ക് വരരുത്. വന്നാല്‍, ഈശ്വര വിലാസം റോഡിലിരുന്ന് "അഞ്ജനമെന്നതെനിക്കറിയാം" എന്ന ശ്ളോകം നൂറ്റൊന്നാവര്‍ത്തി ഉരുവിട്ട് വെറുതെയിരുന്നാല്‍ മതി. പാവപ്പെട്ട "ഉ-കു" ഭരണം നീണാള്‍ വാണുകൊള്ളട്ടെ. ആര്യാടനെയും ഒന്നുപദേശിച്ചാല്‍ നല്ലത്. ഒളിവാളുകൊണ്ടും കാര്‍ക്കോടക ദംശനത്തിലും ഒടുങ്ങുന്നതല്ല ഉമ്മന്‍ചാണ്ടിയുടെ പെട്ടകം എന്ന് എല്ലാവരും ഓര്‍ക്കണം.

സുകുമാരന്‍നായരെ വല്ലാതെ എതിര്‍ക്കുന്നത് ശരിയല്ല. ഇന്നലെവരെ തെളിയാത്ത കേസാണ് അദ്ദേഹം ഒറ്റയടിക്ക് തെളിയിച്ചത്. കൊല്ലപ്പെട്ടവനാര് എന്ന് കണ്ടെത്താതെ കൊലയാളികളെ കണ്ടെത്തുന്ന കേരള പൊലീസിന്റെ രീതിയല്ല നായര്‍ജിക്ക്. ""രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന എ കെ ആന്റണിയുടെ നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് അട്ടിമറിച്ചു"" എന്ന് അദ്ദേഹം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. ചെന്നിത്തലയാണ് നല്ലത് എന്ന് ആന്റണിക്കും നായര്‍ജിക്കും തോന്നിയപ്പോള്‍, ഏത് അലവലാതിയായാലും വേണ്ടില്ല, ചെന്നിത്തലയെ അടുപ്പിക്കില്ല എന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. നിരന്തരം വെട്ടിലാകുന്നവര്‍ സഞ്ചരിക്കുന്ന പാതയെ വെട്ടുവഴിയെന്ന് വിളിക്കാമെങ്കില്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ യഥാര്‍ഥ വെട്ടുവഴിയിലാണ്. ഒരു കവിതാ സമാഹാരം ഉടനെ പ്രതീക്ഷിക്കാം.

*

ഇന്നലെവരെ പലരും മൊഴിഞ്ഞത് ഭരണം ലീഗിന്റെ കൈയിലാണ് എന്നത്രെ. അപ്പറഞ്ഞതെല്ലാം വിഴുങ്ങാന്‍ കാലമായി. ലീഗിന്റെ ഓരോ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ഒരു വിലയിട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും കെ എം ഷാജിക്കും ഒരേ വിലയാണ്-പത്തുലക്ഷം രൂപ. ഏതു വളര്‍ത്തുമൃഗവും യജമാന് വിധേയപ്പെടും. കോണ്‍ഗ്രസിന്റെ പണവും വാങ്ങി ബിരിയാണിയടിച്ച് കോണ്‍ഗ്രസിന് പാരവയ്ക്കാന്‍ പോയാല്‍ കോണ്‍ഗ്രസുകാരുടെ കൈയില്‍നിന്ന് തല്ലുവാങ്ങേണ്ടിവരുമെന്നര്‍ഥം. സത്യം പുറത്തുവന്ന സ്ഥിതിക്ക്, ഇനിയുള്ള നാളുകളില്‍ കെപിസിസി ആസ്ഥാനത്തുനിന്നുള്ള കല്‍പ്പനകള്‍ക്കായി കുഞ്ഞാലിക്കുട്ടി കാതോര്‍ത്തിരിക്കട്ടെ. സമുദായ സേവനം, സദ്ഭരണം, മണ്ണാങ്കട്ട തുടങ്ങിയ പദപ്രയോഗങ്ങള്‍ അവസാനിപ്പിച്ച് പാടിപ്പുകഴ്ത്തട്ടെ ജന്‍പഥ് പത്തിന്റെ വീരഗാഥകള്‍.

*

വ്യവഹാര ദല്ലാളിനെതിരെ ചീഫ്വിപ്പ് പ്രസംഗിക്കുന്നതുകേട്ട് കോരിത്തരിച്ചവരില്‍ ശതമന്യുവുമുണ്ട്. ഇപ്പോള്‍, ചീഫ് വിപ്പിന്റെ പത്രകാര്യക്കാരന്‍ രാജിവച്ച് എഴുതിയ കത്തുവായിച്ച് പിന്നെയും കോരിത്തരിച്ചു. ആ കത്ത് ഇങ്ങനെ: ""അങ്ങയുടെ ഓഫീസും ഔദ്യോഗിക വസതിയും അങ്ങ് നഖശിഖാന്തം എതിര്‍ത്തിരുന്ന അധികാരദല്ലാള്‍മാരുടെ പിടിയിലമര്‍ന്നത് അങ്ങ് മനസ്സറിവുണ്ടോ എന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും സിപിഎം പുറത്താക്കിയ വിവാദ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജുഡീഷ്യല്‍ ദല്ലാള്‍മാരും വിവാദസ്വാമിമാരും അസമയത്തും സന്ദര്‍ശനത്തിന് എത്തുന്നത് ഞാന്‍ ഞെട്ടലോടെ വീക്ഷിച്ചിട്ടുണ്ട്"" അതായത്, ചീഫ്വിപ്പ് സദാ കര്‍മനിരതനായിരുന്നുവെന്ന്. ഏതുസമയത്തും ഏതു ദല്ലാളിനും കയറിച്ചെല്ലാന്‍ ആ വാതിലുകള്‍ തുറന്നിട്ടിരുന്നുവെന്ന്. കോള്‍മയിര്‍ കൊള്ളാതെങ്ങനെ? അസമയത്തും വാതിലിന് സാക്ഷയിടാതെ ഇടപാടുകാരെ കാത്തിരിക്കുന്ന മഹാമനസ്കത ചീഫ്വിപ്പിനുതന്നെ സ്വന്തമായുണ്ട് എന്നു വരുമ്പോള്‍ യുഡിഎഫിന്റെ സ്ഥിതി "ജനാധിപത്യപരം"തന്നെ. അനൂപ് ജേക്കബ്ബിന് കൗണ്ടറുകള്‍ അടച്ചുപൂട്ടി ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

ചീഫ് വിപ്പിന്റെ പ്രസ് സെക്രട്ടറിസ്ഥാനം വലിച്ചെറിഞ്ഞ് രാജു ആനിക്കാട് എന്ന മാധ്യമ പ്രവര്‍ത്തകന്‍ തുടരുന്നു. അഥവാ, കൂടെക്കിടന്നവന്‍ രാപ്പനിയെക്കുറിച്ച് വിശദമായി ഉപന്യസിക്കുന്നു.""സ്വന്തം താല്‍പര്യസംരക്ഷണത്തിനായി മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അങ്ങേക്കുളള വൈഭവം എനിക്ക് നേരിട്ടറിയാവുന്നതാണ്. അങ്ങയുടെ ഉദ്ദേശശുദ്ധിയില്‍ വിശ്വസിച്ച് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകനായിരിക്കെ സ്വന്തം പാര്‍ട്ടി നേതാക്കളായ കെ എം മാണി, പി ജെ ജോസഫ്, ജോസ് കെ മാണി തുടങ്ങിയവര്‍ക്കെതിരെ ഞാന്‍ വാര്‍ത്ത ചെയ്തു. കോട്ടയത്തെ നിരവധി മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് ഇങ്ങനെ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യിച്ചതു ഞാന്‍ ഓര്‍ക്കുന്നു."" സംഗതി കൈവിട്ടുപോവുകയാണ്. സ്വന്തം പാര്‍ടിനേതാക്കള്‍ക്കെതിരെ തെറ്റായ വാര്‍ത്ത എഴുതിക്കുന്ന നേതാവ്. അത്തരം വ്യാജ വാര്‍ത്തകള്‍ "പ്ലാന്റ്"ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍. ചീഫ് വിപ്പിന്റെ ""പേഴ്സണല്‍ സ്റ്റാഫിലേക്ക് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് മോഹം ഉദിച്ചതോടെയാണ് "" താന്‍ പുറത്തായതെന്നും രാജിക്കത്തില്‍ വിശദീകരിക്കുന്നുണ്ട്. വ്യാമോഹ വിജ്രംഭിതരായ ആ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ, ""രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന പാദസേവ കണ്ട് നാണംകെട്ട പലരും പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തെതന്നെ ഇക്കാര്യം വിളിച്ചറിയിച്ചു"" എന്നുകൂടി അറിയുമ്പോള്‍, ഹാ മാധ്യമപ്രവര്‍ത്തക പുഷ്പങ്ങളേ അധിക തുംഗപദത്തിലെത്ര ഗംഭീരമായി നിങ്ങള്‍ ശോഭിക്കുന്നു എന്നുതന്നെ പറയണം.

""പത്രപ്രവര്‍ത്തകയൂണിയനെക്കൊണ്ട് നീ എന്നെ പേടിപ്പിക്കും അല്ലേ, എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ആരാണ് ജോലിചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് ഞാനാണ്. തന്തയ്ക്കുപിറക്കായ്കയാണ് നീ കാണിച്ചത്. നീ ഉടന്‍ രാജിവെക്കണം, യൂണിയന്‍ എന്നെ പഠിപ്പിക്കാന്‍ വരേണ്ട."" എന്ന ചീഫ് വിപ്പിന്റെ വാക്കുകളില്‍ നിറഞ്ഞുതുളുമ്പുന്ന വിനയവും സംസ്കാരവും സമഭാവനയും മാധ്യമ പ്രവര്‍ത്തകരോടുള്ള ബഹുമാനവും കാണാതെ പോകുന്നതും കഷ്ടമാണ്. ""ആനിക്കാട്ടെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ പിറന്ന, മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്ക് എഴുതാന്‍ കഴിയാത്ത, കേള്‍ക്കാന്‍ ആരും അറയ്ക്കുന്ന വാക്കുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു പിന്നെ."" നിയമസഭയിലെ വനിതാ വാച്ച് ആന്റ് വാര്‍ഡിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചപ്പോഴും മുന്‍മന്ത്രി എ കെ ബാലനെയും ടി എന്‍ പ്രതാപന്‍ എംഎല്‍എയെയും ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിലും ഉള്‍പ്പെടെ പ്രതിസന്ധിയിലായ എല്ലാ അവസരങ്ങളിലും പ്രതിരോധം തീര്‍ത്ത പ്രസ് സെക്രട്ടറിയാണ് താനെന്ന് രാജു ആനിക്കാട് ചീഫ് വിപ്പിനെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രസ് സെക്രട്ടറിമാരുടെ ജോലിഭാരം അപാരംതന്നെ.

ചീഫ് വിപ്പിന്റെ കഥ അവിടെ നില്‍ക്കട്ടെ. നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പണിയുടെ സ്വഭാവം എന്തൊക്കെ എന്ന് ആനിക്കാടിന്റെ കത്തില്‍ വിവരിക്കുന്നുണ്ട്. ഒരു നേതാവിനുവേണ്ടി മറ്റു നേതാക്കള്‍ക്കെതിരെ വാര്‍ത്ത ചമയ്ക്കല്‍, "പ്ലാന്റുചെയ്യല്‍", സ്ഥാനമോഹത്താല്‍ അന്ധരായി പാദസേവ, വിഴുപ്പുചുമക്കല്‍... ഇങ്ങനെ. എന്തുകൊണ്ടും പി സി ജോര്‍ജാണ് മഹാന്‍. അദ്ദേഹം വാതുറന്നാല്‍ പുറത്തുചാടുന്ന മുത്തും പവിഴവും കൈത്താലത്തിലാക്കി ജനങ്ങള്‍ക്കു വിളമ്പാന്‍ എത്ര മാധ്യമ പ്രവര്‍ത്തകരാണ് കണ്ണുചിമ്മാതെ കാത്തിരിക്കുന്നത്. ഈ സുന്ദരസുരഭിലമായ അവസ്ഥയെക്കുറിച്ച് യൂണിയന്റെ വിലയിരുത്തല്‍ വൈകാതെ പ്രതീക്ഷിക്കാം.