Sunday, March 27, 2011

കരയുന്ന റിബല്‍

ആനകൊടുത്താലും ആശകൊടുക്കരുതെന്നാണ്. ആനയില്ലെങ്കില്‍ വേണ്ട തോട്ടിയെങ്കിലും തായോ എന്നു വിലപിക്കുന്ന ആള്‍ക്ക് നെന്മാറ കൊടുത്താലോ? നെന്മാറയില്‍ എം വി രാഘവന്‍ നിലംതൊടാന്‍ പോകുന്നില്ല. ചിറ്റൂരുകാരന്‍ കൃഷ്ണന്‍കുട്ടി ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേണ്ടെന്നു ശഠിച്ചത് അവിടെ ജയിക്കാന്‍ വിദൂരമായ സാധ്യത കാണാഞ്ഞിട്ടാണ്. അങ്ങനെയൊരു സീറ്റില്‍ സടകൊഴിഞ്ഞ് ശയ്യാവലംബിയായ സിംഹത്തെ കൊണ്ടുപോയി മാന്യമായി തോല്‍പ്പിക്കാന്‍ പോലും ആകില്ലെന്ന് സി പി ജോണിന് അറിയാം. രാഘവന്റെ തോല്‍വിയാണ് ജോണിന്റെ വിജയമെന്നു കരുതുന്നതിനേക്കാള്‍ വലിയ ശരികള്‍ വേറെയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ശത്രു മുനീറാണ്. മുനീറിന്റെ ബന്ധു എം വി നികേഷ്കുമാര്‍ ആയിരുന്നു. ആ ബന്ധു എം വി രാഘവന്റെ സന്താനമാണ്. മുനീറും നികേഷും ചേര്‍ന്നാണ് റജീനാ സ്വയംവരം തുള്ളല്‍ ആടിത്തിമിര്‍ത്തത്. അങ്ങനെയുള്ള ഒരു ബന്ധുവിന്റെ കാലും കൈയും വരിഞ്ഞുകെട്ടി പുലിക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കാന്‍ പുപ്പുലിക്ക് ആശവരുന്നത് ഒരു കുറ്റമാണോ? നികേഷിനെ തൊടാന്‍ കിട്ടാതെ വരുമ്പോള്‍ ബ്രഹ്മാവിനെത്തന്നെ സംഹരിച്ചുകളയാമെന്നു കരുതുന്നത് കാവ്യനീതിമാത്രം. എം വി രാഘവന് സീറ്റ് കൊടുക്കരുതെന്നും അഥവാ കൊടുക്കേണ്ടിവന്നാല്‍ അതു ജയിക്കുന്ന സീറ്റാകരുതെന്നും കുഞ്ഞാലിക്കുട്ടി ശഠിച്ചതിലും ആ ശാഠ്യം ജയിച്ചതിലും അത്ഭുതമൊട്ടുമില്ലെന്ന് സാരം. മകനെ കിട്ടിയില്ലെങ്കില്‍ അച്ഛനെ പിടിക്കണം. കൂട്ടിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയുമുണ്ട്. നെന്മാറയില്‍ വിരിയട്ടെ ഇനി വസന്തത്തിന്റെ ഇടിമുഴക്കം. കുന്ദംകുളത്ത് നടക്കട്ടെ ഗുരുനിന്ദയുടെയും നൈരാശ്യത്തിന്റെയും നെന്‍മാറ-വല്ലങ്ങി വേല.

ആനപ്പന്തലിലേക്ക് കൊണ്ടുവരുന്ന ആനയുടെ പ്രായം നോക്കരുത്. എം വി രാഘവന്‍ താരംതന്നെയാണ്. യുഡിഎഫില്‍ മത്സരം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലാണെന്ന് രാപ്പനി കിടന്നറിഞ്ഞുതന്നെ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റുസ്ഥാനം ഇട്ടെറിഞ്ഞ് ഹരിപ്പാട്ടേക്ക് വണ്ടികയറണമെങ്കില്‍ ചെന്നിത്തലയ്ക്ക് കുഞ്ഞുമോഹങ്ങളൊന്നുമാകില്ലെന്ന് വാര്‍ധക്യത്തിന്റെ അസ്ക്യതയിലും രാഘവന് മരത്തില്‍ കാണാം. ആരു നേതാവാകണം എന്നതാണ് യഥാര്‍ഥ മത്സരം. ഇക്കുറി ജയിച്ച് ഭരണത്തിലേറിക്കളയാമെന്ന അതിമോഹമൊന്നും തല്‍ക്കാലം ഇല്ല. എങ്ങനെയെങ്കിലും ജയിച്ച് പ്രതിപക്ഷനേതാവാകുക എന്നതാണ് മിനിമം പരിപാടി. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായാല്‍ ചെന്നിത്തലയുടെ നറുക്ക് എന്നെങ്കിലും വീഴുമെന്ന് ഒരു ജോത്സ്യനും പ്രവചിക്കാനാകുന്നില്ല. എങ്കില്‍ പിന്നെ ഇപ്പോഴേ ഉമ്മന്‍ചാണ്ടിയെ വെട്ടി ദൂരെക്കളയാമെന്നു ചിന്തിക്കുന്നതില്‍ അപമര്യാദയുടെ പ്രശ്നമില്ല. അല്ലെങ്കിലും ലീഗും മാണികേരളയും ചേര്‍ന്നാല്‍ പാലായിലോ പാണക്കാട്ടോ കേരളത്തിന്റെ തലസ്ഥാനം മാറ്റേണ്ടിവരുമെന്നാണ് പരദൂഷണക്കാര്‍ പറഞ്ഞുനടക്കുന്നത്. അതിനൊപ്പം ഒരു പുതുപ്പള്ളി തലസ്ഥാനംകൂടി വേണമോ എന്നാണ് ചെന്നിത്തലയുടെ ചോദ്യം. എല്ലാംകൊണ്ടും താന്‍ തന്നെ യോഗ്യനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്.

*
തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചെന്നിത്തല വിതുമ്പുന്നതു കണ്ട് ഏതു ശിലാഹൃദയവും അലിഞ്ഞുപോയിട്ടുണ്ടാകും. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിക്കു വേണ്ടി ഒരു എതിര്‍പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്‍എയുടെ ത്യാഗവും ഓര്‍ത്തുള്ള വിങ്ങിക്കരച്ചില്‍ കൂട്ടനിലവിളിയായി മാറുന്നതും അതു ഹരിപ്പാട് മണ്ഡലത്തിലെ സമ്പൂര്‍ണ ജലസേചനത്തിനുള്ള ഉറവിടമായി പരിണമിക്കുന്നതും കണ്ട് അന്തിച്ചുനില്‍ക്കാത്തവര്‍ക്ക് കൊടുക്കണം ക്ഷമയുടെ നൊബേല്‍.

ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നാണ്. 1982ല്‍ കെഎസ്യു പ്രസിഡന്റായിരിക്കെ കന്നിയങ്കം ജയിച്ചതും '87ല്‍ വീണ്ടും ജയിച്ച് മന്ത്രിയായതും ഓര്‍ത്തു. അതിനൊക്കെ കാരണക്കാരനായ കരുണാകരനെ മാത്രം ഓര്‍ത്തില്ല. സൈക്കിള്‍ ചവിട്ടി ട്യൂട്ടോറിയലില്‍ പോയി ഹിന്ദി പഠിപ്പിച്ച കാര്യം തീരെ ഓര്‍ത്തില്ല. ഹിന്ദി വാധ്യാരില്‍നിന്ന് കോടീശ്വരനിലേക്കുള്ള ദൂരം ഉമ്മന്‍ചാണ്ടിയും രാഹുല്‍ജിയും തമ്മിലുള്ള വിടവിനേക്കാള്‍ ഒട്ടും കൂടുതലല്ല. ആ ദൂരം താണ്ടുന്നതിനിടയില്‍ ഹരിപ്പാടിനെ മറന്നിട്ടില്ല; മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ ഹരിപ്പാട്ടെത്തിയാണ് അതു മാറ്റുന്നത്. അങ്ങനെ ഒരാശുപത്രി അവിടെയുള്ള കാര്യം അറിയാന്‍ വൈകിപ്പോയതുകൊണ്ടാകണം ഹരിപ്പാട്ടെ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം കരഞ്ഞത്.

പ്രസിഡന്റ് വിതുമ്പിയപ്പോള്‍ വേദിയിലുണ്ടായവര്‍ കണ്ട് സഹിക്കാതെ കരയണം. ബാബുപ്രസാദ് എംഎല്‍എയുടെ കരച്ചില്‍ സീറ്റ് അടിച്ചുമാറ്റിയിട്ടും കരയുന്ന നേതാവിനെ കണ്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടുതന്നെ. സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ കരഞ്ഞതോ? അതിന്റെ കാരണം അന്വേഷിച്ചുള്ള പോക്കിലാണ് ശതമന്യു തൃശൂരിലെ ഒരു ജോത്സ്യനെ കണ്ടുമുട്ടിയത്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗമില്ലെന്നാണ് ആ ജ്യോതിഷിയുടെ പ്രവചനം. ജാതകവശാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗമില്ല; പരിഹാരക്രിയ വേണം. ജ്യോതിഷി നിര്‍ദേശിച്ച പരിഹാരമാര്‍ഗത്തിലൊന്ന് കണ്ണുനീര്‍തര്‍പ്പണമാണ്. നൂറുസ്ത്രീകള്‍ കരഞ്ഞുകണ്ണീരു നിലത്തുവീണാല്‍ ഉമ്മന്‍ചാണ്ടിയുടെ ചീട്ട് കീറാനാകുമത്രേ. എങ്കില്‍ പ്രതിപക്ഷനേതാവാകാനെങ്കിലും കഴിഞ്ഞേക്കുമെന്നും അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഒരുകൈ നോക്കാമെന്നുമാണ് മനഃകണക്ക്. പാമൊലിന്‍ കേസ് വീണ്ടും പൊക്കിവിട്ടതും രാഹുല്‍ജിയെ ഹിന്ദിപറഞ്ഞു വശീകരിച്ചതും പോരാഞ്ഞ് ഇനിയും വേണം ആഭിചാര ക്രിയകളെന്ന്.

സംഖ്യാഫലപ്രകാരം 2011 ഭരണാധികാരികള്‍ക്ക് നല്ല വര്‍ഷമല്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് അഭിമാനക്ഷതം, ആരോപണം, വിമര്‍ശം എന്നിവയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. 2011ല്‍ അധികാരമേല്‍ക്കുന്നവര്‍ പൊതുവേ കേസുകളില്‍ അകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ജ്യോത്സ്യന്മാരുടെ ഈ പ്രവചനങ്ങള്‍ വച്ച് തല്‍ക്കാലത്തേക്ക് എല്‍ഡിഎഫ് തന്നെ വന്നോട്ടെ എന്നാണ് ചെന്നിത്തലയുടെ ഇംഗിതം. ഇതൊക്കെക്കൊണ്ടാണ് എം വി രാഘവന്‍ പറഞ്ഞുപോയത്-കോണ്‍ഗ്രസില്‍ ചെന്നിത്തലയും ചാണ്ടിയും തമ്മിലാണ് മത്സരമെന്ന്. ആരാണ് യഥാര്‍ഥ വിമതനെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതില്ല-ഹരിപ്പാട്ടേക്ക് കൈ ചൂണ്ടിയാല്‍ മതി.

*
കുറ്റംപറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍ പറഞ്ഞത് ശരിയാണ്. മാര്‍ക്സിസ്റ് പാര്‍ടിയെ കുറ്റംപറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷ ഏകോപനസമിതിക്ക് നല്ല പ്രചാരണം കിട്ടി. അതുകണ്ട് ഷൊര്‍ണൂരിലെ ഏകോപനക്കാരന്‍ പ്രകോപനക്കാരനായി. താന്‍ മത്സരിച്ചു ജയിച്ച് നിയമസഭയില്‍ എത്തുമെന്നാണ് വീമ്പടിച്ചത്. എവിടെ വോട്ട് എന്ന ചോദ്യത്തിന് 'അത് കോണ്‍ഗ്രസ് തന്നുകൊള്ളും' എന്നായി. അങ്ങനെ 'യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുക' എന്ന ചുമരെഴുത്ത് നടത്തിയപാടെ, അപകടം മണത്തറിഞ്ഞ് ഏകോപനസമിതിക്കാര്‍ പ്രകോപിതരായി. മുരളി അവിടെ നിന്നു പുറത്ത്. കക്ഷത്തിലുള്ളതു പറന്നുപോയി; പറക്കുന്നതിനെ കിട്ടിയതുമില്ല. യഥാര്‍ഥ വിപ്ളവനായകന്‍ പെരുവഴിയില്‍.

മുരളിയുടെ നോവൊന്നും നോവല്ല. 'പരിഗണന' കൊതിച്ച് വലത്തോട്ടു തിരിഞ്ഞവര്‍ക്കൊക്കെ നൊന്തിട്ടുണ്ട്. ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറും പി ജെ ജോസഫും യുഡിഎഫിലെ പരിഗണന ആഘോഷിച്ചു കൊണ്ടിരിക്കയാണ്. വീരനു മിണ്ടാട്ടം മുട്ടിപ്പോയി. ആകെ കൂടെയുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയും പാട്ടിനുപോകുന്ന മട്ടാണ്. ജോസഫ് തൊടുപുഴയില്‍ ഒന്നു പാടാനുള്ള അനുമതിയെങ്കിലും തരണമെന്ന അപേക്ഷയാണ് പിടി തോമസ് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

എന്താണ് യുഡിഎഫ് ഘടകകക്ഷികളുടെ ചുമതല? വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക-അത്രതന്നെ. എം വി രാഘവനും ഗൌരിയമ്മയും ഇത്തവണ നിയമസഭ കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇരുവരും വഴിമാറിക്കൊടുക്കേണ്ടിവന്നു.

ചേര്‍ത്തലയിലും നെന്മാറയിലും രണ്ട് ഗജപോക്കിരികള്‍ കാലും കൈയും ഇട്ട് നിലവിളിക്കുന്നത് കണ്ടുകൊണ്ടാണ് 'പരിഗണന' ചാക്കിലാക്കി വാങ്ങാന്‍ സിന്ധുജോയി പുതുപ്പള്ളിയില്‍ പോയത്. റോസക്കുട്ടി, ജമീല ഇബ്രാഹിം, ലാലി വിന്‍സന്റ്, അല്‍ഫോന്‍സ ജോണ്‍, സിമി റോസ്ബെല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിങ്ങനെ വേണ്ടുവോളം പരിഗണന കിട്ടിയവര്‍ കോണ്‍ഗ്രസിന്റെ മുറ്റത്തും വളപ്പിലുമൊക്കെയായി നില്‍പ്പുണ്ട്. ശോഭന ജോര്‍ജ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ചെങ്ങന്നൂരില്‍ കൊടിപിടിക്കുകയാണ്. അവര്‍ക്കെല്ലാം കിട്ടിയതിനേക്കാള്‍ മുന്തിയതുതന്നെയാകട്ടെ 'മൂന്നാമത്തെ മകള്‍ക്ക്' ഉമ്മന്‍ചാണ്ടിപ്പിതാവില്‍നിന്നു കിട്ടുന്നത് എന്നാശംസിക്കാം.

Sunday, March 20, 2011

വഞ്ചനയുടെ കറുത്ത അടയാളങ്ങള്‍

'ഉപ്പുചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാന്‍ മോഹം' എന്നത്രെ എം വി രാഘവനെ നോക്കി പി പി തങ്കച്ചന്‍ പാടിയത്. രാഘവനും ഗൌരിയമ്മയും വീരേന്ദ്രകുമാരനും ഇരിക്കുന്ന ഇരിപ്പുകണ്ടാല്‍ ശത്രുക്കള്‍ക്കുപോലും സഹിക്കാനാകില്ല. തിന വിതച്ചാല്‍ തിന കൊയ്യാം, വിന വിതച്ചാല്‍ വിന കൊയ്യാം എന്നാണ്. ഇവിടെ വിന വിതച്ച് വിനപോലും കൊയ്യാനാകാതെ കൂനിക്കൂടി ചുക്കിച്ചുളിഞ്ഞിരിപ്പാണ്. ഇടതുപക്ഷ മുന്നണിയില്‍ വല്യേട്ടന്‍ കളി എന്നെങ്കിലും പറയാമായിരുന്നു. ഇതിപ്പോള്‍ വല്യമ്മാവന്‍ കളി എന്നുപോലും പറയാനാകുന്നില്ല. ഞങ്ങള്‍ തരും വേണമെങ്കില്‍ എടുത്തോളൂ എന്നല്ല കോണ്‍ഗ്രസ് വല്യമ്മാവന്‍ പറയുന്നത്. ഏതൊക്കെ തരുമെന്ന് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ പ്രഖ്യാപിക്കും-അപ്പോള്‍ വേണമെങ്കില്‍ എടുക്കാം; വേണ്ടെങ്കില്‍ ഇട്ടിട്ട് പോകാം എന്നാണ്.

എം വി രാഘവന്‍ സിപിഐ എമ്മിലുണ്ടായിരുന്നപ്പോള്‍ പുലിക്കുട്ടിയായിരുന്നു. യുഡിഎഫില്‍ പുലിക്കുട്ടി വേറെയാണ്. എം വി ആറിനെ എങ്ങനെയെങ്കിലും മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക; മന്ത്രിയാക്കാതിരിക്കുക എന്നതത്രെ ചെന്നിത്തലയുടെ അടവുനയം. പൂലിക്കുട്ടി പൂച്ചക്കുട്ടിയായി അഴീക്കോട് തന്നില്ലെങ്കില്‍ നാഗര്‍കോവിലിലെങ്കിലും ഒരു സീറ്റ് തരൂ എന്ന് ചിനുങ്ങിക്കരയുന്നു. കേരംതിങ്ങും കേരളനാട് ഭരിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന കെ ആര്‍ ഗൌരിക്കുഞ്ഞമ്മയെ സ്വന്തം സീറ്റ് ചോദിക്കാനുള്ള ത്രാണിപോലും ചോര്‍ത്തിയെടുത്ത് ചേര്‍ത്തലയില്‍ ചേര്‍ത്തുകെട്ടി ചെന്നിത്തല. കൃഷ്ണന്‍കുട്ടിയുടെ കഷ്ടപ്പാടു കണ്ടിട്ടും വീരന്റെ വീര്യം ഒട്ടും കൂടുന്നില്ല. പതിനഞ്ചു സീറ്റ് പന്ത്രണ്ടിലേക്ക് താഴ്ന്ന് പിന്നെയും എട്ടുംപൊട്ടും തിരിയാത്ത അവസ്ഥയിലെത്തി. കൂനിനുമേല്‍ തേങ്ങാവീണു. കരയാനും ചിരിക്കാനുമാകുന്നില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറക്കപ്പെടും എന്നായിരുന്നു മാണിസാറിന്റെ വിശ്വാസം. ചോദിച്ചു; കിട്ടിയില്ല. അന്വേഷിച്ചു-എങ്ങും കണ്ടെത്തിയില്ല. മുട്ടിയിട്ടാണെങ്കില്‍ തുറക്കുന്നുമില്ല. എവിടെയൊക്കെ കുഴപ്പമുണ്ടെന്നുപോലും മാണിസാറിന് നിശ്ചയമില്ല. എല്ലാം കൈക്കലാക്കിയ ചെന്നിത്തലയുടെ ചിരി ഇടിമുഴക്കംപോലെ മനസ്സില്‍ മുഴങ്ങുന്നു. കെപിസിസി ആസ്ഥാനത്തുചെന്ന് കൈരണ്ടും കൂപ്പി യാചിക്കേണ്ടിവന്നു ഇത്രയെങ്കിലും തരപ്പെടാന്‍. മലപ്പുറത്തെപ്പോലെ ഇവിടെ ഐസ്ക്രീമിന്റെ മധുരമില്ല; റൌഫിന്റെ ഗാനമേളയില്ല-ആകെ ഉള്ളത് വിമാനക്കഥയും കന്നുകാലി വളര്‍ത്തലിന്റെ സൂക്കേടും മാത്രം. എന്നിട്ടും ചോറ് പടിക്കു പുറത്താണെന്ന്.

രാഹുല്‍ ഗാന്ധിയുടെ ലിസ്റില്‍നിന്ന് ചെന്നിത്തല വെട്ടിക്കളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവനന്തപുരത്ത് പൊട്ടിക്കരഞ്ഞു. ചെന്നിത്തലയുടെ പെട്ടിയെടുപ്പുകാര്‍ക്ക് മാത്രമാണ് സീറ്റെന്ന്. ഉമ്മന്‍ചാണ്ടിയുടെ പ്രിയശിഷ്യന്‍ സിദ്ദിഖിനും അതേ അഭിപ്രായം. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ്. ലീഗിലാണെങ്കില്‍ ഇന്നലെവരെ കുഞ്ഞാലിക്കുട്ടി കണികണ്ടിട്ടില്ലാത്ത കലാപം. എന്നാലും മനോരമ പറയുന്നു: യുഡിഎഫില്‍ എല്ലാം ഭദ്രമാണെന്ന്. ഭദ്രമായിത്തന്നെ ജനങ്ങള്‍ വോട്ടുംചെയ്യട്ടെ.

*
വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സിപിഐ എം പ്രഖ്യാപിച്ചതോടെ, പ്രകടനങ്ങള്‍ മാത്രമല്ല, ചാനലുകളില്‍ കയറി ചര്‍ച്ച നയിച്ച ചില വിദ്വാന്‍മാരുടെ നാക്കിന്റെ ഇളക്കവും നിലച്ചുപോയി. 'വീരാ ധീരാ വീയെസ്സേ ഇറങ്ങിവരൂ ഞങ്ങടെ കൂടെ' എന്നായിരുന്നു ഇടതുപക്ഷ ഏകോപന സമിതിക്കാരുടെ കോറസ്. വി എസ് പട്ടികയിലില്ലെന്ന് ഏതോ ചാനല്‍ വാര്‍ത്ത വന്നയുടനെ കൈയില്‍കിട്ടിയ കുപ്പായത്തില്‍ വലിഞ്ഞുകയറി ചാനല്‍ സ്റുഡിയോയിലേക്ക് ഓടിയവരാണ്. അപ്പുക്കുട്ടന്‍, എന്‍ എം പിയേഴ്സണ്‍, ആസാദ്, എം ആര്‍ മുരളി, സി ആര്‍ നീലകണ്ഠന്‍, കെ സി ഉമേഷ് ബാബു-ഇങ്ങനെ പോകുന്നു പോക്കണംകോട്ടുകാരുടെ ലിസ്റ്. വി എസ് എന്തിന് ഇനി സിപിഎമ്മില്‍ നില്‍ക്കണം; വരൂ, പോരാട്ടം തുടരൂ, ശരിയായ പാതയില്‍ അണിനിരക്കൂ, ജീര്‍ണിച്ച പാര്‍ടിയെ തട്ടിക്കളയൂ എന്നൊക്കെ കേട്ടു നിലവിളികള്‍. രണ്ടുദിവസം വാര്‍ത്താ ചാനല്‍ തുറന്നാല്‍ ഇടതുപക്ഷ ഏകോപന സമിതിക്കാരുടെ വെപ്രാളപ്രകടനമായിരുന്നു. ഗ്രഹണിപിടിപെട്ട കുട്ടിക്ക് ചക്കപ്പായസം കിട്ടിയതുപോലെ അവര്‍ അതങ്ങ് ആഘോഷിച്ചു. എന്തിനായിരുന്നു ആഘോഷം എന്ന് പക്ഷേ ആര്‍ക്കും അറിയില്ല.

സിപിഐ എം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെങ്ങനെയെന്ന് പിണറായി വിജയന്‍ വിശദമായി പറഞ്ഞിട്ടുണ്ട്. മണ്ഡലം കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോവരെ ഉള്‍ക്കൊള്ളുന്ന നടപടിക്രമമാണത്. അന്തിമ ലിസ്റ് മാര്‍ച്ച് പതിനെട്ടിന് പ്രഖ്യാപിക്കുമെന്നും നേരത്തെ പറഞ്ഞതാണ്. പതിനെട്ടിന് രാവിലെ സെക്രട്ടറിയറ്റ് യോഗം തുടങ്ങി; പന്ത്രണ്ടരയായപ്പാള്‍ അവസാനിച്ചു; എണ്‍പത്തിനാല് സിപിഐ എം സ്ഥാനാര്‍ഥികളെയും ആറ് പാര്‍ടി സ്വതന്ത്രരെയും പ്രഖ്യാപിച്ചു. അതില്‍ വിഎസിന്റെ പേരുണ്ട്. രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് പിന്നീട് തീരുമാനിക്കാനായി മാറ്റിയത്. രണ്ടുദിവസം നാടിളക്കി നടത്തിയ പ്രതിഷേധാഘോഷം എന്തിനെന്ന് ഇനി ചാനലുകാര്‍ പറയട്ടെ. ഏതായാലും സിപിഐ എം പറഞ്ഞിട്ടല്ല വിവാദം ഉണ്ടായത്.

വി എസിനെ സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താഞ്ഞാല്‍ മുന്നണി തോറ്റുപോകുമെന്നും ഇനി ഭരണം കിട്ടില്ല എന്നുമാണ് മേല്‍പ്പറഞ്ഞ ഇടതുപക്ഷ ഏകോപന പണ്ഡിതന്‍മാര്‍ ചാനലില്‍ കരഞ്ഞത്. മാധ്യമങ്ങളും അതേറ്റുപാടി. പട്ടികയില്‍ ഇപ്പോള്‍ വി എസിന്റെ പേരുണ്ട്. അങ്ങനെ വരുമ്പോള്‍ മാധ്യമങ്ങള്‍ ഇനി എല്‍ഡിഎഫ് ജയിക്കും എന്നാണല്ലോ എഴുതേണ്ടത്. നീലകണ്ഠാദി പണ്ഡിതമ്മന്യര്‍ വി എസ് നയിക്കുന്ന മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണല്ലോ വേണ്ടത്. അവര്‍ പക്ഷേ ചര്‍ച്ചയും മടക്കിക്കെട്ടി ഉച്ചയ്ക്കുശേഷം സ്ഥലം വിടുകയായിരുന്നു. പലരെയും പിന്നെ കണ്ടതേയില്ല. സിപിഐ എം വിട്ട് തങ്ങളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാന്‍ വി എസിനെ ക്ഷണിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒരു ക്ഷണിതാവ് തിരിച്ച് ഷൊര്‍ണൂരില്‍പോയി യുഡിഎഫ് സ്ഥാനാര്‍ഥിയാവുകയാണ്-ഇടതുപക്ഷ ഏകോപന സമിതിയുടെ മാര്‍പാപ്പ എം ആര്‍ മുരളി. കോണ്‍ഗ്രസിന്റെ ചെലവില്‍ ഇപ്പോള്‍ മുനിസിപ്പാലിറ്റി ഭരിക്കുന്നു. ഇനി അവര്‍ പറഞ്ഞപോലെ സ്ഥാനാര്‍ഥിയാകണം. അല്ലെങ്കില്‍ മുനിസിപ്പല്‍ ഭരണവും പോകും. അഴിമതിക്കെതിരായ പോരാട്ടത്തിലാണത്രെ. പിള്ളയും കുഞ്ഞാലിക്കുട്ടിയും സ്പെക്ട്രവും ആദര്‍ശ് ഫ്ളാറ്റുമുള്ള യുഡിഎഫില്‍ അഴിമതി വിരുദ്ധ പോരാട്ടം തഴച്ചു വളരാനുള്ള വളമുണ്ട്.

വലതുപക്ഷത്തേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജന്‍സിക്ക് ഇടതുപക്ഷ ഏകോപന സമിതി എന്നാണത്രെ പേര്. വി എസ് നടത്തുന്ന പോരാട്ടം കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയാണ്. അതിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന ഏകോപന സമിതിയുടെ പോരാട്ടം കോണ്‍ഗ്രസിന്റെ എളിയിലിരുന്നാണ്. എത്രവലിയ കൊമ്പനായാലും അതെല്ലാം അങ്ങനെതന്നെ. എം വി രാഘവനും ഗൌരിയമ്മയും പോയപ്പോള്‍ വീമ്പുകള്‍ പലതും പറഞ്ഞു-ഇപ്പോള്‍ 'അമ്മാ...വല്ലതും തരണേ.....'എന്ന് യാചിച്ച് കെ പിസിസി ആസ്ഥാനത്തിന്റെ ഗേറ്റിനുവെളിയില്‍ നില്‍ക്കുന്നു ഇന്നലെയുടെ വീര ശിങ്കങ്ങള്‍. അക്കണക്കിന് മുരളി സ്വതന്ത്രനാകുന്നതില്‍ തെറ്റില്ല. മുരളിക്ക് പ്രചാരണം നടത്താന്‍ തളിക്കുളത്തുനിന്നും ഒഞ്ചിയത്തുനിന്നും യഥാര്‍ഥ വിപ്ളവകാരികള്‍ വരിവരിയായി പോകുന്നതുകൂടി കണ്ടിട്ടുവേണം ശതമന്യുവിന് കണ്ണടയ്ക്കാന്‍ എന്നു പറയുന്നില്ല-കാരണം പെട്ടെന്നുള്ള മരണം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ.

*
'ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകം കണ്ടപ്പോള്‍ കൊതിയോടെ ഒന്ന് വാങ്ങി വായിച്ചുനോക്കി. കണ്ടത് കറുത്ത അടയാളങ്ങള്‍ മാത്രമാണ്-അതും കൊടിയ വഞ്ചനയുടെ. നിങ്ങള്‍ ഒരാളെ ശമ്പളം കൊടുത്ത് ജോലിക്ക് വയ്ക്കുന്നു എന്നിരിക്കട്ടെ. അയാള്‍ നിങ്ങളോടൊപ്പം നടക്കുന്നു; അവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. അതിനിടയ്ക്ക് നിങ്ങള്‍ ഒരു കുടുംബാംഗത്തിന് രഹസ്യമായി കൊടുക്കേണ്ട ഒരു കത്തെഴുതി ആ വേലക്കാരനെ ഏല്‍പ്പിക്കുന്നു. അയാള്‍ അത് ഭദ്രമായി പോസ്റ് ചെയ്തിട്ടുണ്ടാകും എന്നാണ് നിങ്ങള്‍ ധരിക്കുക. എന്നാല്‍, അയാള്‍ ആ കത്ത് രഹസ്യമായി പൊട്ടിച്ച് ഫോട്ടോസ്റാറ്റെടുത്ത് സൂക്ഷിച്ചാലോ? കുറെക്കാലം കഴിഞ്ഞ് ആ ഫോട്ടോസ്റാറ്റ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച് നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാലോ? വി എസ് പാര്‍ടി പിബിക്ക് എഴുതിയത് എന്ന് ഷാജഹാന്‍ അവകാശപ്പെടുന്ന കത്ത് പുസ്തകത്തിലാക്കുന്നതിനെ ഉറപ്പായും വിളിക്കാം-വഞ്ചകനായ വേലക്കാരന്റെ നെറികേട് എന്ന്.

കെ എം ഷാജഹാന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ പഴയ സഹായി ഇത്തരം 'വെളിപ്പെടുത്ത'ലുകളുടെ പുസ്തകവുമായി വരുമ്പോള്‍ അഞ്ചുകൊല്ലം മുമ്പ് സിപിഐ എം പറഞ്ഞത് ശരിയാവുകയാണ്-പാര്‍ടിരഹസ്യങ്ങളും പാര്‍ടിയെക്കുറിച്ചുള്ള വേണ്ടാതീനങ്ങളും പത്രമോഫീസുകളിലേക്ക് ചുമന്നുകൊണ്ടുപോയി കൊടുത്തത് അയാളായിരുന്നു എന്ന്. വി എസ് എന്ന ജനനായകനെ സൃഷ്ടിച്ചത് താനാണെന്നുവരെ പറയാന്‍ മടിക്കുന്നില്ല ഈ അഭിനവ ഷാജഹാന്‍-തന്റെ പ്രായത്തേക്കാള്‍ ഏറെ മുന്നിലാണ് വി എസിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം എന്നുപോലും മറന്ന്. സഹികെട്ട് വി എസിനുതന്നെ പറയേണ്ടിവന്നു-അയാള്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന്.

വെട്ടുകിളിശല്യം രൂക്ഷമാണ്. വിളഞ്ഞ പാടത്ത് കൂട്ടത്തോടെ പറന്നുവരാന്‍ തയ്യാറെടുക്കുന്ന അത്തരം വെട്ടുകിളികളുടെ ആട്ടവും പാട്ടും ഏതാണ്ട് കഴിഞ്ഞു. തനിക്കുള്ള ബലം മുമ്പേ നിനയ്ക്കേണം മനക്കാമ്പില്‍, തനിക്കൊത്ത ജനത്തോടേ പിണക്കത്തിനടുക്കാവൂ എന്നാണ്. ശതമന്യു അതുകൊണ്ട് വലതുപക്ഷ റിക്രൂട്ടിങ് സമിതിയോട് മാത്രം പിണക്കത്തിനുമില്ല; തര്‍ക്കത്തിനുമില്ല.

*
യുഡിഎഫിന് പറ്റിയ അമളിയാണ് യഥാര്‍ഥ അമളി. ആദ്യം വിഎസിനെ പ്രകീര്‍ത്തിച്ച് പാര്‍ടിയെ അടിച്ചു. വി എസ് തന്നെ വീണ്ടും വരുമെന്ന് കണ്ടപ്പോള്‍ ആക്രമണം വി എസിനെതിരെയായി. വി എസ് സ്ഥാനാര്‍ഥിയാകില്ലെന്ന് ആരോ പറഞ്ഞുകേട്ടപ്പോള്‍ വി എസില്ലെങ്കില്‍ ഇടതുമുന്നണിയുടെ കാര്യം പോക്കാണെന്നായി. വി എസ് തന്നെ സ്ഥാനാര്‍ഥിയെന്ന് വന്നപ്പോള്‍ ഇനി എന്ത് പറയും? എല്‍ഡിഎഫ് ജയിക്കുമെന്നും ഭരിക്കുമെന്നും പറയേണ്ടതല്ലേ?

Sunday, March 13, 2011

കട്ടിലുകണ്ട് പനിക്കുന്നവര്‍

കട്ടിലുകണ്ട് പനിക്കുന്നോരെ പട്ടിണിയിട്ടു കിടത്തീടേണം എന്നാണ്. ഘടകകക്ഷികളെ അങ്ങനെ പട്ടിണിക്കിട്ട് കട്ടിലില്‍ കിടത്താന്‍മാത്രമേ കോണ്‍ഗ്രസില്‍ ഐക്യമുള്ളൂ. ഒന്നൊന്നായി കിടന്നു തുടങ്ങിയവരുടെ പട്ടിക നോക്കൂ....

ആദ്യം കുഞ്ഞാലിക്കുട്ടി ലീഗ്. മലപ്പുറത്ത് വര്‍ധിച്ച നാല് സീറ്റ് അപ്പാടെയും പിന്നെ കുറെയും വേണമെന്നു പറഞ്ഞ് ജപ്പാനിലെ സുനാമിപോലെ വന്ന ലീഗാണ്. ഐസ്ക്രീംകൊണ്ട് കെട്ടിയ ചിറയില്‍ മുട്ടി പാതിവഴിക്ക് സുനാമിത്തിര പണിമുടക്കി. കട്ടിലും വേണ്ട; കിടക്കയും വേണ്ട ഒരു പഴമ്പായ കിട്ടിയാലും കിടക്കാമെന്നായി ലീഗ്. പിന്നെ വന്നത് ലീഗിനേക്കാള്‍ ശൌര്യമുള്ള രാഘവനാണ്. വടക്കന്‍ മുറകള്‍ നന്നായറിയുന്ന രാഘവനോട് പത്രക്കാര്‍ ചോദിച്ചു- എത്ര സീറ്റാണാവശ്യം? ഇരുപത്തിനാലെന്ന് മറുപടി. ഹെന്റമ്മോ എന്ന് വിളിച്ചുപോയി കേട്ടവര്‍. ആരോ തിരുത്തി- അഞ്ചല്ലേ എന്ന്. അഞ്ചെങ്കില്‍ അഞ്ച് എന്ന് മറുപടി. രാഘവന് പക്ഷേ മത്സരിക്കണം. 'ഹന്ത പഴകിയ ശീലംപോലൊരു ബന്ധനമുണ്ടോ ലോകത്തില്‍.' രാഘവന് അഴീക്കോടാണ് വേണ്ടത്. അവിടെത്തന്നെ പക്ഷേ, ലീഗിനും മത്സരിക്കണം. കിട്ടിയതുംകൊണ്ട് അടങ്ങിയൊതുങ്ങി എവിടെയെങ്കിലും കഴിഞ്ഞോളൂ എന്ന് കോണ്‍ഗ്രസ്. സിഎംപി എന്ന വിശാലാക്ഷികക്ഷിക്ക് ഇനി കിട്ടിയതുകൊണ്ട് ഓണവും വിഷുവും കൊണ്ടാടാം. നമ്മുടെ സി പി ജോണിന്റെ കാര്യം പിന്നെയും 'വാതാപി ഗണപതിം...'

ഗൌരിയമ്മ ഇണങ്ങിയും പിണങ്ങിയും ചൊടിച്ചും ഇറങ്ങിപ്പോയും അഞ്ച് സീറ്റിന് പിടിച്ചു. നാലേനാലു തരാം; വേണമെങ്കില്‍ പിടിച്ചുകൊള്‍ക; അല്ലെങ്കില്‍ പോയ്ക്കൊള്‍ക എന്ന് കോണ്‍ഗ്രസ്. എങ്കില്‍പ്പിന്നെ മോരില്ലെങ്കില്‍ ഊണാകാമെന്ന് ഗൌരിയമ്മ. അവര്‍ നിന്നില്ലെങ്കില്‍ കൂടെയുള്ളവരെയുംകൊണ്ട് കോണ്‍ഗ്രസങ്ങ് പോകും.

അടുത്ത ഊഴം സാക്ഷാല്‍ വീരന്റേതാണ്. ഒരു വാര്‍ത്ത കണ്ടത്, 'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി തുടരുന്നു' എന്നാണ്. അതേ അവസ്ഥ ഒരാഴ്ച പിന്നിട്ടു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഇല്ല. കോഴിക്കോട് ലോക്സഭാ സീറ്റ് കിട്ടാതെ പിണങ്ങി ഇടതുമുന്നണിയെ തെറിവിളിച്ച്, സ്നേഹസമ്പന്നരുടെ കൂടെ പോയതാണ്. സ്വന്തമായി ഒരു സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു- പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി. അതിനും ഇപ്പോള്‍ ഉറപ്പുപോരാ. കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നത്രേ. ചിറ്റൂരിലെ കൃ.കുട്ടിക്ക് സീറ്റേയില്ല. അച്യുതനുണ്ടോ വീരനെ കണ്ട് ആറ്റില്‍ ചാടുന്നു? കൃഷ്ണന്‍കുട്ടിക്ക് സീറ്റില്ലെങ്കിലെന്ത്- കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വയറുനിറയുമല്ലോ. ഫലത്തില്‍ ഉറപ്പുള്ള സീറ്റേ ഇല്ലെന്നായി. എല്‍ഡിഎഫില്‍ എട്ട് സീറ്റും വീരന്റെ ഭാഷയില്‍ ആട്ടും തുപ്പും ഉണ്ടായിരുന്നു. ഇവിടെയിപ്പോള്‍ ആട്ടും തുപ്പുമേ ഉള്ളൂ. എന്തായാലും സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും സംഘടനാചാതുരിയുമുള്ള ജനനേതാവായ മകന് സീറ്റ് തരപ്പെട്ടതുതന്നെ മഹാകാര്യം. ബാക്കി കാര്യം രാമചന്ദ്രന്‍മാസ്റര്‍ നോക്കിക്കൊള്ളും. വയനാട്ടില്‍നിന്ന് ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുചെല്ലാന്‍ സാരി വാങ്ങിയ റോസക്കുട്ടി ടീച്ചറുടെ കൈയ്മെയ് മറന്നുള്ള സഹായം ഉറപ്പ്.

ഇനിയുള്ളത് കുഞ്ഞുമാണിയുടെ പാര്‍ടിയാണ്. ഇരുപത്തിരണ്ടില്‍ തുടങ്ങിയ ലേലസംഖ്യ അവസാനം മിനിമം ലവലിലെത്തി നില്‍ക്കുന്നു. മാണി സാറിനെ അത്രയ്ക്കങ്ങ് വിശ്വാസം പോരാ. എന്നാലും 'പോണാല്‍ പോകട്ടും' എന്നുമില്ല. ലീഗില്ലെങ്കില്‍ മലബാറിലും മാണിയില്ലെങ്കില്‍ തിരുവിതാംകൂറിലും കോണ്‍ഗ്രസ് സംപൂജ്യമാകുമെന്നാണ് വയ്പെങ്കിലും കുഞ്ഞുമാണി കുഞ്ഞാലിക്കുട്ടിയോളം അഹങ്കരിക്കേണ്ടെന്നാണ് ചെന്നിത്തലയുടെ പക്ഷം.

*
ആന്റണി സ്റെതസ്കോപ്പും മരുന്നുപെട്ടിയും കൊണ്ടുവന്ന് കണ്‍സല്‍ട്ടേഷന്‍ തുടങ്ങിയപ്പോള്‍ ജനറലാശുപത്രിയിലെ ഒപിയിലെത്തിയതിനേക്കാള്‍ തിരക്ക്. എല്ലാ രോഗവും ആന്റണി മാറ്റുമെന്നാണ്. ഉമ്മന്‍ചാണ്ടിക്ക് വിഷാദരോഗത്തിനാണ് ചികിത്സ. മുസ്തഫ കോടതിയില്‍ കൊണ്ടുപോയി പാമോലിനൊഴിച്ചപ്പോള്‍മുതല്‍ തുടങ്ങിയതാണ്. മുസ്തഫയുടെ ചക്രം തിരിക്കുന്നത് ചെന്നിത്തലയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ വെപ്രാളമാണ്. വികാരത്തിന് അടിമപ്പെടുന്നവന്‍ തലകുത്തി നില്‍ക്കുന്നവനെപ്പോലെയാണ്- എല്ലാം തലതിരിഞ്ഞേ കാണൂ എന്ന് പണ്ട് പ്ളേറ്റോ കണ്ടെത്തിയിട്ടുണ്ട്. സ്ഥാനം തെറിക്കുമോ എന്ന ഭയം ഉമ്മന്‍ചാണ്ടിയെ ആ കോലത്തിലാക്കിയിരിക്കുന്നു.

രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആന്റണിയുടെ കണ്‍സല്‍ട്ടേഷന്‍ മതിയാകുമോ എന്ന് സന്ദേഹിക്കണം. വയലാര്‍ രവിക്ക് മകള്‍സ്ഥാനാര്‍ഥി രോഗം, ചെന്നിത്തലയ്ക്ക് അധികാരാര്‍ത്തി രോഗം, ഗണേശ്കുമാറിന് പെങ്ങളെപ്പേടി, രാഘവന് വാര്‍ധക്യകാലേ വിപരീതബുദ്ധി, കുഞ്ഞാലിക്കുട്ടിക്ക് മുനീറോഫോബിയ, ജോസഫിന് തൊടുപുഴസന്നി, ഗൌരിയമ്മയ്ക്ക് അഞ്ചാംസീറ്റുപനി, സുധീരന് കെപിസിസി അധ്യക്ഷക്കട്ടില് കാണുമ്പോഴത്തെ പനി, വീരന് മറവിരോഗം. എല്ലാറ്റിനും ചേര്‍ത്ത് ഒറ്റമൂലി മതിയോ അതോ കിടത്തിച്ചികിത്സ വേണോ എന്ന് ആന്റണിയും പ്രണബ്കുമാര്‍ മുഖര്‍ജിയും ചേര്‍ന്ന് തീരുമാനിക്കുമത്രേ. ഇങ്ങനെ ചില കണ്‍സല്‍ട്ടന്റുമാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കേരളം എന്നേ കടലില്‍ താണുപോയേനെ.

*
സോഷ്യലിസം മറന്നു, വയനാടന്‍ കാറ്റിനെ മറന്നു, ആട്ടുകല്ലു മറന്നു, ആചാരങ്ങള്‍ മറന്നു- പണ്ടു നടന്നതും പടയില്‍ തോറ്റതും പാടേ മറന്നു. മണമിയലുന്ന മരപ്പൂങ്കാവില്‍ മണലില്‍ നടന്ന് മദിച്ചതും മരങ്ങളുടെ തണലിലിരുന്നു രമിച്ചതും മരംവെട്ടി വിറ്റതും മറന്നു. ഐസ്ക്രീമിന്റെ രുചി മറന്നു. കിളിനാദങ്ങള്‍ മറന്നു. എന്തിനേറെ, സ്വന്തം പത്രത്തിലെ പംക്തികാരന്‍ മാനേജിങ് ഡയരക്ടറെ യുഡിഎഫിന്റെ തിണ്ണനിരങ്ങിയെന്ന് വിളിച്ചത് മറന്നു. ഇപ്പോള്‍ ഒരുമുഖംമാത്രം കണ്ണില്‍- ഒരു സ്വരംമാത്രം കാതില്‍. അത് മറ്റാരുടേതുമല്ല. സ്വന്തം മുഖംതന്നെ. അതാണ് മറവിരോഗത്തിന്റെ ഒരു പ്രധാന പ്രത്യേകത.

*
മാധ്യമങ്ങളില്‍ ചിലതിന് സംശയം പിണറായി മത്സരിക്കുമോ ഇല്ലയോ എന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒരു പതിറ്റാണ്ടുകാലം തലകുത്തിനിന്ന് പണിപ്പെട്ടതാണ്. തെരഞ്ഞെടുപ്പുകാലത്ത് ആരു മുന്നില്‍പ്പെട്ടാലും ഉപചാരംപോലെ ആ ചോദ്യം ഉന്നയിച്ചുകളയും. ഡല്‍ഹിയില്‍ ചെന്ന് സീതാറാം യെച്ചൂരിയോട് ചോദിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാകാതെ ആ ചോദ്യത്തിനെന്ത് പ്രസക്തി എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ, വന്ന വാര്‍ത്ത മറ്റൊന്ന്. മന്ത്രി സി ദിവാകരനെ വിളിച്ചുകൂട്ടിക്കൊണ്ടുപോയി പൂന്തോട്ടത്തിലിരുത്തി ചോദിച്ചു- പിണറായി വിജയന്‍ മത്സരിച്ചാല്‍ ലാവ്ലിന്‍ കേസ് വിഷയമാകില്ലേ എന്ന്. അതിന് സിപിഐ എം മറുപടി പറഞ്ഞുകൊള്ളും എന്നാണുത്തരമുണ്ടായത്. അതുപക്ഷേ, മനോരമയ്ക്ക് മറ്റൊരുതരത്തില്‍ വാര്‍ത്തയായി.

വന്നുവന്ന്, ഇതിപ്പോള്‍ നല്ല പരിപാടിയാണ്. നിശ്ചയദാര്‍ഢ്യത്തോടെയും ഭാവനാപൂര്‍ണമായും നാടിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളെ ചുണ്ണാമ്പുതൊട്ട് വയ്ക്കുക. ഏതെങ്കിലും ഒരു കേസില്‍പ്പെടുത്തുക. പിന്നെ ആ കേസിന്റെ പേരുപറഞ്ഞ് അവരെ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് പറയുക. അഥവാ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, കേസ് വീണ്ടും വിവാദമാക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇത്രനാളായിട്ടും ഇത്തിരിപോലും ചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ എന്നാണ് പറയേണ്ടത്.

ആശാന്‍ പാടിയതാണ് ശതമന്യുവിന് ഓര്‍മ വരുന്നത്. പൂമ്പാറ്റകള്‍ക്കൊപ്പം പറക്കാന്‍ കൊതിച്ച മകനോട് അമ്മ പറയുന്നത്, 'ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ മാഴ്കെല്ലെയെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂനീയി,പ്പിച്ചകമുണ്ടോ നടപ്പൂ?' എന്നാണ്. സിപിഐ എമ്മിലെ സ്ഥാനാര്‍ഥിനിര്‍ണയംപോലും പുറത്തുനിന്ന് നടത്തിക്കളയാമെന്ന് കരുതുന്നത് ആകാത്ത കാര്യങ്ങള്‍ എണ്ണുന്നതിന് സമമല്ലേ?

എന്തായാലും പാര്‍ടിയില്‍നിന്നുള്ള വാര്‍ത്തകള്‍ ചോര്‍ന്നുകിട്ടാത്തതിലും കിട്ടിയത് പലതും സത്യമാകാത്തതിലും വൈക്ളബ്യം പലമുഖത്തും തെളിഞ്ഞുകാണുന്നുണ്ട്. ആദ്യം ജില്ലാതലത്തില്‍ ലിസ്റ് തയ്യാറാക്കല്‍, പിന്നെ അത് സംസ്ഥാന കമ്മിറ്റിയില്‍, അതുകഴിഞ്ഞ് മണ്ഡലം കമ്മിറ്റിയില്‍വച്ച് അംഗീകാരം തേടല്‍, അതും കഴിഞ്ഞ് ക്രോഡീകരിച്ച് ഉയര്‍ന്ന കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമമായി പ്രഖ്യാപിക്കല്‍- ഇങ്ങനെ ചില രീതികളൊക്കെയുണ്ട് കമ്യൂണിസ്റ് പാര്‍ടിയുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍. സമയമാകുമ്പോള്‍ ലിസ്റ് വരും; സ്ഥാനാര്‍ഥികള്‍ വോട്ട് തേടുകയും ചെയ്യും. അതിനുമുമ്പെന്തിനിത്ര വെപ്രാളം? നമുക്ക് ഇനിയും ഇഷ്ടംപോലെ സമയമുണ്ടല്ലോ.

Sunday, March 6, 2011

ആര്‍ക്ക് സീറ്റ് കൊടുക്കണം?

ഒരു നാടന്‍ പാട്ടുണ്ട്. മുണ്ടകന്‍ കണ്ടാലറിയില്ല, പുഞ്ചയ്ക്ക് തേവാനറിയില്ല, കണ്ടംകുത്താനറിയില്ല, വരമ്പ് മാടാനറിയില്ല, കുറുന്തോട്ടിത്തല കണ്ടാലുമറിയില്ല, കഞ്ഞിക്കൂര്‍ക്ക മണത്താലുമറിയില്ല, നാട്ടുമരുന്നിന്റെ പേരുമറിയില്ല-പിന്നെന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്ന്. പിള്ളാരെ വേണ്ട സമയത്ത് വേണ്ടപോലെ പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണത്. പക്ഷേ, വേണ്ട രീതിയില്‍ പഠിപ്പിച്ച ചില പിതാക്കളുമുണ്ട്-പതിനാലുകാരനായ മകന്റെ കൈപിടിച്ച് പണ്ടൊരച്ഛന്‍ ദേശീയ നേതാവിന്റെ അടുത്തെത്തി.

നേതാവ് ചോദിച്ചു: 'വാട്ട് യു വാണ്ട്?'
അവന്‍ പറഞ്ഞു: "എനിക്ക് മെമ്പര്‍ഷിപ്പ് വേണം''.
നേതാവിന്റെ പ്രതികരണം: 'യു ആര്‍ ടൂ സ്മോള്‍ ടു ബി എ മെമ്പര്‍'. (നിനക്കതിനുള്ള മുഴുപ്പായിട്ടില്ലെടാ ചെക്കാ എന്ന്)
അപ്പോള്‍ അച്ഛന്‍ ഇടപെട്ടു: "ബട്ട് ഹി വില്‍ ഗ്രോ''. (പൊന്നുമോന്‍ ഉടനെ വളരുമെന്ന്. പിന്നീടത് 'ഗ്രോ മോര്‍' ആയി)

അതാണ് യഥാര്‍ഥ അച്ഛന്‍.

ആ അച്ഛന്റെ മോന്‍ വളര്‍ന്ന് ഇപ്പോള്‍ വീരവീരേന്ദ്രനായിരിക്കുന്നു. പക്ഷേ ഒരു കുഴപ്പം. ഇയ്യിടെയായി എവിടെയും കാണാനില്ല. ഒന്നും മിണ്ടുന്നില്ല; മിണ്ടിയാല്‍ ആരും ഗൌനിക്കുന്നില്ല. ഒന്നാംദിവസം അതിഥി, രണ്ടാം ദിവസം ഭാരം, മൂന്നാം ദിവസം കീടം-ഇതാണ് കോണ്‍ഗ്രസിന്റെ മുന്നണിയിലെത്തിയപ്പോള്‍ അവസ്ഥ. 12 സീറ്റ് വേണമെന്നാണ് ആവശ്യം. രണ്ടോ മൂന്നോ കിട്ടിയാലായി. എന്തായാലും സ്വന്തം മകനെയും കൂട്ടി ഉമ്മന്‍ചാണ്ടിയുടെ സവിധത്തില്‍ ചെന്ന്, 'ബട്ട് ഹി വില്‍ ഗ്രോ മോര്‍' എന്നാണ് പറയുന്നത്. പാരമ്പര്യത്തിന്റെയൊരു ഗുണം!

ഒരതിഥിക്ക് മറ്റൊരതിഥിയെ ഇഷ്ടമാകില്ല; ആതിഥേയന് അവര്‍ രണ്ടുപേരെയും ഇഷ്ടമാകില്ല. കോണ്‍ഗ്രസിന് വീരനെയും ഇഷ്ടമല്ല; ജോസഫിനെയും ഇഷ്ടമല്ല. രണ്ടു കൂട്ടരും എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ജയിച്ച സീറ്റുകളുടെ എണ്ണം പോലും ഇക്കുറി സീറ്റായി കിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കിലും എവിടെന്നെടുത്തിട്ട് കൊടുക്കാനാണ്? കോണ്‍ഗ്രസില്‍ തന്നെ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും സീറ്റുകള്‍കൂടി കൊണ്ടുവരേണ്ടിവരും. ഉണ്ണിത്താന്‍ മുതല്‍ കല്ലറ സരസമ്മ വരെയാണ് നിര. ഇന്ദിര ഗാന്ധി കഴിഞ്ഞാല്‍ 'അമ്മാ' എന്ന വിളി കൂടുതല്‍ കേട്ടതാണ് സരസമ്മയുടെ സാരസ്യം. സ്വന്തം നേതാക്കളുടെ വീരചരമം കെ.എസ്.യു പരസ്യമായി സ്വപ്നം കാണുന്നു. സംസ്കൃതത്തിലാണെന്നു മാത്രം-വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കള്‍ക്ക് സീറ്റു നല്‍കൂ എന്ന സമീപനം മാറ്റണമെന്ന്.

കണ്ടതൊന്നുമല്ല പൂരം. കളങ്കിതര്‍ക്ക് സീറ്റു വേണോ വേണ്ടയോ എന്നതാണ് പുതിയ തര്‍ക്കം. കോടാലി ശ്രീധരന്റെ കയ്യില്‍നിന്നു വാങ്ങി പുട്ടടിച്ചവരും കണിച്ചുകുളങ്ങരയിലെ ഹിമാലയന്‍ പണം അടിച്ചുമാറ്റിയവരും നിഷ്കളങ്കിതരായി പറയുന്നു: പാമൊലിന്‍ കളങ്കിതനെ മാറ്റിനിര്‍ത്തണമെന്ന്. യുഡിഎഫ് ഇക്കുറി നിര്‍ത്താന്‍ പോകുന്ന നിഷ്കളങ്കരുടെ പട്ടിക ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ബ്രാക്കറ്റില്‍ കളങ്കമില്ലായ്മയുടെ സൂചന. അതിങ്ങനെ:

1. കുഞ്ഞാലിക്കുട്ടി (ഐസ്ക്രീം, റജീന, ജഡ്ജിമാര്‍ക്ക് സഹായം)
2. എം കെ മുനീര്‍ (റോഡില്‍നിന്നു വാരിയെടുക്കല്‍, വണ്ടിച്ചെക്ക് )
3. ഉമ്മന്‍ചാണ്ടി (പാമൊലിന്‍, സൈന്‍ബോഡ്, സുനാമി ഫണ്ട്)
4. കെ എം മാണി (പാലാഴി മഥനം)
5. പി സി ജോര്‍ജ് (പരസഹായം, അപവാദപ്രചാരണം, വിജിലന്‍സ് കേസ്)
6. ടി എച്ച് മുസ്തഫ (പാമൊലിന്‍)
7. അടൂര്‍ പ്രകാശ് (റേഷന്‍ ഡിപ്പോ കച്ചവടം).
8. ടി എം ജേക്കബ് (കുരിയാര്‍ കുറ്റി-കാരപ്പാറ)
9. എം എം ഹസ്സന്‍ (മാപ്പ്-മാര്‍ക്ക്ലിസ്റ്)
10. രാജ്മോഹന്‍ ഉണ്ണിത്താന്‍ (മഞ്ചേരി-സേവാദള്‍-സഹകരണം)
11. നാലകത്ത് സൂപ്പി (സ്കൂളുകള്‍, ബിഷപ്, പണം)
12.മായിന്‍ ഹാജി (മാറാട് കലാപക്കേസ്)...

ഇങ്ങനെ എത്ര എഴുതും. കുട്ടപ്പന്‍, ഇബ്രാഹിം കുഞ്ഞ്, വിമാനം ജോസഫ്, ശോഭന ജോര്‍ജ്, പുളിയാര്‍മല ഭൂനായകന്‍ ശ്രേയാംസ് കുമാര്‍, രാമചന്ദ്രന്‍ മാസ്റര്‍, ചിറ്റൂര്‍ അച്യുതന്‍, വക്കം പുരുഷോത്തമന്‍, മോഡിഭക്തശിരോമണി അബ്ദുള്ളക്കുട്ടി എന്നിങ്ങനെ പറഞ്ഞാല്‍ തീരുമോ നിഷ്കളങ്ക പ്രതിഭകളുടെ പേരുവിവരം. ഇവര്‍ക്കൊക്കെ സീറ്റു കൊടുത്തിട്ടുപോരേ കെ.എസ്.യുവിന്റെയും യൂത്തിന്റെയും ഇളക്കം?

*
യുവരാജാവ് കേസില്‍പ്പെട്ടതോടെ കുട്ടിഖദറുകാരുടെ ശൌര്യം അല്‍പ്പം അടങ്ങിയിട്ടുണ്ടെന്നാണ് കേള്‍വി. കോണ്‍ഗ്രസ് നേതാവിന്റെ മകളെത്തന്നെ യുവരാജന്‍ കയറിപ്പിടിച്ചെന്നും സംഗതി പുലിവാലായപ്പോള്‍ കൊണ്ടുപോയി ഒളിപ്പിച്ചെന്നും ഇപ്പോഴും അത് തുടരുന്നുവെന്നുമാണ് പറയുന്നത്. വെറുതെ പറയുന്നതല്ല-ഹൈക്കോടതിയിലെ കേസാണ്. ഇടയ്ക്കിടെ കേരളത്തില്‍ വരുന്നതും പെറോട്ട തിന്നുന്നതുമൊക്കെ ഇതുമായി ബന്ധപ്പെട്ടാണോ എന്ന് ശതമന്യുവിനു സംശയമുണ്ട്. ഉണ്ണിത്താന്‍ മഞ്ചേരിക്ക് പോയപോലെയാണ്, ആരെയുമറിയിക്കാതെ യുവരാജന്‍ കോഴിക്കോട്ടു വരുന്നത്. പണ്ടൊരിക്കല്‍ പരസ്യമായി കോവളത്ത് കൊളംബിയക്കാരി വെറോണിക്കയോടൊപ്പം വന്ന് ഉല്ലസിച്ചത് പോട്ടേന്നു വയ്ക്കാം. ഇതെന്തിനാണാവോ കേരളത്തിലേക്ക് ഇടയ്ക്കിടെ രഹസ്യസന്ദര്‍ശനം. ആ പെങ്കൊച്ചിനെ കോഴിക്കോട്ടെ വല്ല റിസോര്‍ട്ടിലോ വയനാട്ടിലോ പാര്‍പ്പിച്ചിട്ടുണ്ടാ? അതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇനി ഏതെങ്കിലും മജിസ്ട്രേട്ട് കോടതിയില്‍ ശതമന്യു തന്നെ ഹര്‍ജി നല്‍കേണ്ടിവരുമോ? ജീവിച്ചിരിക്കുമ്പോള്‍ കോടതികളെ ഭയപ്പെടുക; മരിക്കുമ്പോള്‍ നരകത്തെയും എന്ന ഒരു ചൈനീസ് ചൊല്ല് കേട്ടിട്ടുണ്ട്. യുവരാജാവും പേടിക്കട്ടെ കോടതിയെ.

*
യുഡിഎഫിന് അബദ്ധം പറ്റി എന്നു പ്രത്യേകം പറയേണ്ടതില്ല. പറ്റി എന്നു പറഞ്ഞാല്‍ മതി. അബദ്ധമേ പറ്റാറുള്ളൂ. അതിനേക്കാള്‍ വലിയ അബദ്ധം നമ്മുടെ മാധ്യമങ്ങള്‍ക്കും പറ്റി. വി എസിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് എസ് സുധീഷ്, അപ്പുക്കുട്ടാദികളുടെ കൈവെള്ളയില്‍ വച്ചുകൊടുക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണ് അവര്‍. വെറുതേ സ്വപ്നം കാണുന്ന മലര്‍പ്പൊടിക്കാരന് ഇതിനേക്കാള്‍ ബുദ്ധിയുണ്ടാകും. ഇന്ത്യയിലെ കമ്യൂണിസ്റ് പാര്‍ടിയുടെ തലമുതിര്‍ന്ന നേതാവിനെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും പാര്‍ടിക്കെതിരാക്കി മാറ്റാമെന്നും അതിന്റെ ബലത്തില്‍ പാര്‍ടിയെ ക്ഷീണിപ്പിച്ചു ഭരണം പിടിച്ചുകളയാമെന്നും ഇന്നുവരെ ഒരു മലര്‍പ്പൊടിക്കാരനും ചിന്തിച്ചിട്ടുണ്ടാകില്ല-യുഡിഎഫ് അല്ലാതെ. വി എസ് നല്ലത്; പാര്‍ടി മോശമെന്ന് നിരന്തരം പറഞ്ഞു. അങ്ങനെ പറഞ്ഞുറപ്പിച്ചാല്‍ രണ്ടും രണ്ടു വഴിക്കാകുമെന്നും നടുവില്‍ നിന്ന് കാര്യം നേടാമെന്നും കരുതിയവര്‍ അതിന്റെ ആവേശത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചാടിയത്. വെള്ളം കണ്ട പോത്തിനെപ്പോലെ രണ്ടും കല്‍പ്പിച്ചുള്ള ചാട്ടം. ജയിക്കും ഭരിക്കും മുടിക്കും കലക്കും എന്ന് മുദ്രാവാക്യം. പാര്‍ടിയില്‍ ഗ്രൂപ്പില്ലെന്നും വി എസും പാര്‍ടിയും രണ്ടല്ലെന്നും മനസ്സിലാക്കാന്‍ യുഡിഎഫിന് ഏറെക്കാലം വേണ്ടിവന്നു.

അങ്ങനെ തോന്നിയവാറെ, യോഗം ചേര്‍ന്ന് വി എസിനെതിരെ ആരോപണങ്ങളുന്നയിക്കാന്‍ തീരുമാനമെടുത്തു. എം എം ഹസ്സന്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ളവര്‍ നിരന്നുനിന്ന് ആരോപണം ചീറ്റി. മനോരമയ്ക്ക് ഇരിക്കപ്പൊറുതിയില്ല. ടാറ്റായ്ക്കുണ്ടായിരുന്നത് എന്തിന് റിലയന്‍സിന് കൊടുത്തെന്നുവരെ ചോദ്യം. എല്ലാം എന്റെ പാര്‍ടി തീരുമാനിക്കുമെന്നു വി എസ് പറയുന്നത് സഹിക്കാനാകുന്നില്ല അവര്‍ക്ക്. വി എസിനെതിരെ ആഞ്ഞടിച്ചാല്‍, പാര്‍ടിയില്‍നിന്ന് പലരും സഹായവുമായി കടന്നുചെല്ലുമെന്നും അങ്ങനെ രംഗം കൊഴുപ്പിക്കാമെന്നും ചിന്തിച്ചുപോയി പാവങ്ങള്‍. അവരുണ്ടോ അറിയുന്നു ഇത് അമ്മാതിരി പാര്‍ടിയല്ലെന്ന്. കോണ്‍ഗ്രസാകുമ്പോള്‍ കരുണാകരനെ ചാരനാക്കും; ആന്റണിയെ കൊള്ളരുതാത്തവനാക്കും. എല്ലാം കസേരയ്ക്കുവേണ്ടിയുള്ള കളി.

ഇത് കളി വേറെയാണ്.

പാര്‍ടി നേതാവിനെതിരെ ശത്രുപക്ഷത്തുനിന്നു വരുന്ന ഏതാക്രമണത്തെയും നെഞ്ചുവിരിച്ചു നേരിടുന്നവരാണ്, എതിരാളിക്ക് ആയുധം കൊടുക്കുന്നവരല്ല കമ്യൂണിസ്റുകാര്‍ എന്ന തിരിച്ചറിവാണ് യുഡിഎഫിന്റെയും മാതൃഭൂമി, മനോരമാദികളുടെയും ഇന്നത്തെ പ്രധാന പ്രശ്നം. "എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹന്‍ ഹന്ത ചമച്ചതില്ല'' എന്ന തത്ത്വം കമ്യൂണിസ്റുകാര്‍ക്കും ബാധകംതന്നെ. അഭിപ്രായഭിന്നതകളും എതിര്‍പ്പുകളുമൊക്കെ എവിടെയുമുണ്ടാകും. കമ്യൂണിസ്റ് പാര്‍ടി അത് പരിശോധിക്കുകയും കണ്ടെത്തുകയും തിരുത്തുകയും ചെയ്യും. സിപിഐ എമ്മിന്റെ ഓടിളക്കി ഒളിഞ്ഞുനോക്കി മനോരമയുടെ വായില്‍ വെള്ളമൂറിയാല്‍ ആ വെള്ളം പാഴ്വെള്ളമാകുമെന്നര്‍ഥം. ആരു മത്സരിക്കും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കുന്നത് ഏതെങ്കിലും ഹൈക്കമാന്‍ഡിന്റെ മൂഡനുസരിച്ചോ ഹൈക്കിടാങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചോ അല്ല. ഏതെങ്കിലും കോണ്‍ഗ്രസുകാരനും കൂലിപ്പടയാളിയായ മാധ്യമക്കാരനും ആരോപണം വിസര്‍ജിച്ചാല്‍ കമ്യൂണിസ്റ് നേതാക്കളുടെ ചങ്കു തകര്‍ന്നുപോകുമെങ്കില്‍ ഇന്നാട്ടില്‍ പിന്നെ കമ്യൂണിസ്റുകാരുണ്ടാകുമോ? തെരഞ്ഞെടുപ്പിന്റെ തലേന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വി എസ് അഴിമതിക്കാരനെന്നു വിളിച്ചുകൂവിയാല്‍ കൂവുന്നവന്റെ തൊണ്ട പൊട്ടും. മലയ്ക്ക് കല്ലെറിയുക എന്ന ചൊല്ലേ കേട്ടിട്ടുള്ളൂ. അത് ഇപ്പോള്‍ കാണുന്നു. കീഴില്‍ചെയ്ത ശുഭാശുഭ കര്‍മം മേലില്‍ സുഖദുഃഖത്തിനു കാരണം എന്നാണ് എഴുത്തച്ഛന്റെ മതം. അങ്ങനെയൊരപഹാരം യുഡിഎഫിനുണ്ടോ എന്ന് ഏതെങ്കിലുമൊരു ജോത്സ്യനെ വരുത്തി പരിശോധിക്കട്ടെ.

*
യുഡിഎഫ് ജയിച്ചാല്‍ തലസ്ഥാനം മലപ്പുറത്തേക്ക് മാറ്റണമെന്ന് കുഞ്ഞാലിക്കുട്ടിക്കും വേണ്ട പാലായില്‍ മതിയെന്ന് മാണിസാറിനും കലശലായ ആഗ്രഹമുണ്ടത്രേ. അവിടെയിരുന്ന് ഭരിക്കുന്നതാണത്രേ അതിന്റെയൊരു സുഖം. ജനങ്ങള്‍ ഈ രണ്ടു മഹാനേതാക്കളുടെയും ആഗ്രഹം സാധിച്ചുകൊടുക്കുമോ. അതോ ഇരുവരും ഇഷ്ടമുള്ളിടത്ത് വിശ്രമിക്കട്ടെ എന്ന് തീരുമാനിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഊഹാപോഹങ്ങള്‍ക്ക് നീണ്ട ഒരുമാസം-വിഷു മുതല്‍ മെയ് 13 വരെ തെരഞ്ഞെടുപ്പു കമീഷന്‍ അനുവദിച്ചിട്ടുണ്ട്.