Sunday, March 16, 2014

മുക്കിയാലും മുങ്ങാത്ത വാര്‍ത്ത

ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന്‍ ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.

"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.

ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്‍ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.

പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്‍കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന്‍ കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള്‍ ചര്‍ച്ചചെയ്യുമെന്ന് സാരം.

ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.

ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.

തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.

വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.

കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന്‍ ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.

ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം.       

*
അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.

അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.

Sunday, March 9, 2014

മാന്യതയുടെ വഴികള്‍

സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ സുപ്രിം കമാന്‍ഡന്‍റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.

രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്‍റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്‍റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്‍" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.

സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന്‍ കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്‍- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്‍പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.

കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്‍റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.

*

  യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്‍റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്‍റ പേരും മകനുമുള്ള ആര്‍ എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്‍മാരാകും.

കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്‍ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്‍റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്‍റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്‍റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.

*

ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന്‍ തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.

മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്‍റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:

 ""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""

വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്‍റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.

*

കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.

Monday, February 17, 2014

ന്യൂജനറേഷന്‍ നേര്‍ച്ചകള്‍

താമരപ്പൂവും ഗാന്ധിത്തൊപ്പിയും ഇത്ര വിപുലമായ ഉപയോഗമുള്ള വസ്തുക്കളാണെന്ന് കരുതിയതല്ല. ഓരോന്നിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നാണ് വയ്പ്. ഇരിക്കേണ്ടിടത്ത് ഇരിക്കണം. താമരപ്പൂവ് മേഘ്നാ പട്ടേല്‍ എന്ന സുന്ദരിയുടെ അടിവസ്ത്രസ്ഥാനം അലങ്കരിക്കേണ്ട ദിവ്യവസ്തുവാണ്. തനിഷാ സിങ് എന്ന മറ്റൊരു സുന്ദരി ഗാന്ധിത്തൊപ്പിയെയും രാഹുല്‍ "ഗാന്ധിജി"യെയും നാണംമറയ്ക്കുന്ന വസ്തുവാക്കി ഉയര്‍ത്തി. തുണിയുരിഞ്ഞ പ്രചാരണത്തിന്റെ കാലമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് മുണ്ഡനം, ശയനപ്രദക്ഷിണം, തുലാഭാരം, മെഴുകുതിരികത്തിക്കല്‍ തുടങ്ങിയ നേര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായിക്കാണാന്‍ കൊതിപൂണ്ട് രണ്ടാംനിര നടി മേഘ്നാ പട്ടേല്‍ പുതിയതരം നേര്‍ച്ചയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ പഠിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പിറന്ന പടിയില്‍ താമരമെത്തയില്‍ കിടന്നും മോഡിച്ചിത്രംകൊണ്ട് ജട്ടിയും മുലക്കച്ചയുമുണ്ടാക്കിയണിഞ്ഞും ചിത്രമെടുത്ത് ലോകത്തെ കാണിച്ച ആ നേര്‍ച്ചപ്പരിപാടി നയനാനന്ദകരം എന്ന് ആദ്യം മനസിലാക്കിയത് കോണ്‍ഗ്രസുകാരാണ്. നടികള്‍ക്ക് ക്ഷാമമുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ്. മേഘ്നാ പട്ടേലിന്റെ നാലുചിത്രം പുറത്തുവന്നപ്പോള്‍ തനിഷാ സിങ് എന്ന മോഡലിന്റെ പന്ത്രണ്ടു തുണിയില്ലാപ്പടങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിജിയുടെ കുറ്റിത്താടിവദനം അച്ചടിച്ച പോസ്റ്ററില്‍ മുഖംചേര്‍ത്തുവച്ച്, "എന്റെ പ്രണയം....... എന്റെ ക്യൂട്ടിപീ" എന്ന് മൊഴിയുന്ന തനിഷതന്നെ നഗ്നതാരം. ആദര്‍ശധീരന്‍ വി എം സുധീരന്‍ പിടിക്കുന്ന അതേ പതാക തനിഷയ്ക്ക് അടിവസ്ത്രമായി.

പണ്ട് ഗാന്ധിജി ഈ കൊടിയുംകൊണ്ടാണ് ഉപ്പുകുറുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് ഇങ്ങടുത്തു. പ്രചാരണത്തിന്റെ വഴി ഇതാണെങ്കില്‍ ഇക്കുറി ചില അന്തിപ്പത്രങ്ങളെയും കൊച്ചുപുസ്തകങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. വംശനാശ ഭീഷണി അങ്ങനെയെങ്കിലും അതിജീവിക്കട്ടെ. ഒരു ദുര്‍ബുദ്ധി തോന്നി ഗാന്ധിജിയെങ്ങാനും ഇറങ്ങിവന്ന് "രാഹുല്‍ഗാന്ധിജി"യുടെ പോസ്റ്റര്‍ കാണാതിരുന്നാല്‍ മതി. എന്തായാലും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ താമരപ്പൂവും രാഹുലിന്റെ ചിത്രവും ഗാന്ധിത്തൊപ്പിയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം.

*
പാഷാണക്കുപ്പിക്കു പുറത്ത് പായസം എന്ന് എഴുതിവയ്ക്കാം. കോണ്‍ഗ്രസിന്റെ നെറ്റിയില്‍ ഗ്രൂപ്പില്ലാത്ത പാര്‍ടി എന്ന ബോര്‍ഡും വയ്ക്കാം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് മനോഹരമായ സങ്കല്‍പ്പമാണ്. സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശശി തരൂരും ആര്യാടനും സുധാകരനും ഉണ്ണിത്താനുമൊക്കെ ഏകോദര സോദരരായി ആദര്‍ശ നക്ഷത്രങ്ങളായി വാഴുന്നകാലം. കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ- അത് നിലമ്പൂര്‍ ഗ്രൂപ്പാണ് എന്നും പറയാം. ഗ്രൂപ്പില്ലെന്ന് സോണിയാജി പ്രസംഗിച്ച വേദിയില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖവും ഭാവവും കണ്ടവര്‍ക്കെല്ലാം ബോധ്യമായി- പുള്ളി പരിപൂര്‍ണ സംതൃപ്തനാണ്.

സുധീരന്റെ ലാളിത്യംകൊണ്ട് നാട്ടിലൊരിടത്തും അഭിവാദ്യവുമില്ല; ഫ്ളക്സ് ബോര്‍ഡുമില്ല. സ്വന്തം നാടായ അന്തിക്കാട്ടോ തൃശൂരിലോ പ്രിയനേതാവിനെ അഭിവാദ്യംചെയ്ത് കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. വാര്‍ഡ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഹുല്‍- സോണിയ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം ഫ്ളക്സിലാക്കാന്‍ കരാര്‍കൊടുക്കുന്ന ഖദറുകാരുടെ നാട്ടില്‍, ""കണ്ടോ എന്റെ ലാളിത്യം"" എന്ന് ചോദിച്ച് സുധീരന് പിടിച്ചുനില്‍ക്കാം. അതും വാര്‍ത്തയാണ്. ഉമ്മന്‍ചാണ്ടി വന്നാലും വാര്‍ത്ത, വന്നില്ലെങ്കിലും വാര്‍ത്ത. പണ്ടുകാലത്ത്, പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നാണ് പഠിപ്പിച്ചത്. പുതിയ കാലത്ത് ആരുകടിച്ചാലും വാര്‍ത്തതന്നെ. സുധീരന്റെ ഫ്ളക്സ് വന്നാല്‍ ആദര്‍ശത്തിന്റെ ആഘോഷം, വന്നില്ലെങ്കില്‍ ലാളിത്യത്തിന്റെ ഉദാത്തമുഖം. ഹൈക്കമാന്‍ഡിന് കനിവുതോന്നി ടോം വടക്കനെയോ മറ്റോ പിസിസി പ്രസിഡന്റായി നൂലില്‍കെട്ടിയിറക്കിയിരുന്നുവെങ്കില്‍ നല്ല മലയാളം കേള്‍ക്കാനെങ്കിലും മലയാളിക്ക് ഭാഗ്യം സിദ്ധിച്ചേനേ.

കേരളത്തില്‍ സുധീരനും കേന്ദ്രത്തില്‍ തനിഷാ സിങ്ങുമാണത്രെ ഇത്തവണത്തെ പ്രചാരണതാരങ്ങള്‍. അത് മനസിലാകാത്തത് ഉമ്മന്‍ചാണ്ടിക്കു മാത്രമാണ്. ചില്ലറ പരിഭവക്കളികൊണ്ടാന്നും യുവരാജാവിന്റെ മനസ്സുമാറില്ല. ഒന്നുകില്‍ ഹിന്ദി അറിയണം- അല്ലെങ്കില്‍ ആദര്‍ശത്തിന്റെ അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒന്നും പറ്റിയില്ലെങ്കില്‍ തനിഷാ സിങ് മാതൃകയില്‍ ചില പോസ്റ്ററെങ്കിലുമിറക്കണം. ഇവിടെ അതാണ് എളുപ്പ വഴി. പാമൊലിനില്‍ ചവിട്ടി വഴുതാതെ, സോളാറില്‍ കരിയാതെ, സരിതയില്‍ വീഴാതെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദമാണ്. ഒരു സുപ്രഭാതത്തില്‍ ചാനല്‍വാര്‍ത്ത കണ്ട് രാജിക്കത്തുമായി രാജ്ഭവനിലേക്ക് ചെല്ലേണ്ട ദുര്‍വിധി തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ട്. ഔദ്യോഗിക കൃത്യാന്തര ബാഹുല്യമെന്നൊന്നും അന്ന് പറഞ്ഞാല്‍ ഏശില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് ഭദ്രമായി സൂക്ഷിക്കുന്നതാകും നല്ലത്- പെന്‍ഡ്രൈവ്, സിഡി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ മാരകായുധങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

*
മാങ്ങ, നെല്ലിക്ക തുടങ്ങിയ പുളിയന്‍ വസ്തുക്കളെപ്പോലെ ഉപ്പിലിട്ടു വയ്ക്കാവുന്നതാണ് ആദര്‍ശം എന്ന കണ്ടുപിടിത്തത്തിന് വല്ല പേറ്റന്റും കൊടുക്കുന്നുണ്ടെങ്കില്‍ സുധീരനുതന്നെ കൊടുക്കണം. ആദര്‍ശം ഉപ്പുഭരണിയില്‍ സ്വസ്ഥമായി കിടന്നുകൊള്ളും. പുറത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കാവല്‍ നില്‍ക്കും. ഉപ്പിലിട്ട ആദര്‍ശത്തോടൊപ്പം ഐസ്ക്രീമായാലും കരിമണലായാലും ആറന്മുളയായാലും ദഹിക്കും. ചില പൊലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകാസ്ഥാനം നല്‍കും. അതുപോലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിനെ "മാതൃകാ ഓഫീസ്" ആക്കി ഉയര്‍ത്താനെങ്കിലും സുധീരന്‍ തയ്യാറാകേണ്ടതുണ്ട്. അവിടത്തെ ഫയല്‍ പരിശോധനാ രീതിക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും വാങ്ങണം.

സോണിയ ഉദ്ഘാടനംചെയ്ത ഔദ്യോഗിക പരിപാടിയാണ് "നിര്‍ഭയ" പദ്ധതി. രമേശ് ചെന്നിത്തലയുടെ കടിഞ്ഞൂല്‍ സന്തതി. കൊച്ചിയില്‍ മാഡം സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ നിലമ്പൂര്‍ കാടിനടുത്ത് ആര്യാടന്റെ ഗണ്‍മാനും പൊലീസുകാരും ഗുണ്ടകളും സ്ത്രീകളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആദര്‍ശം ഉപ്പുഭരണിയിലായതുകൊണ്ട് നിര്‍ഭയം ആരെയും തല്ലാം, കൊല്ലാം. മനോരമ ഒരു നിലമ്പൂര്‍ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്, ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല, മുറിവ് ചൂലിന്റെ പിടികൊണ്ട് കുത്തിയതുമൂലമെന്ന് പൊലീസ്"" എന്നാണ്. ചൂലിന്റെ പിടികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചാല്‍ പീഡനം ആകില്ല എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കുത്തിയാലാണ് പീഡനക്കണക്കില്‍ പെടുക എന്നും മനോരമക്കാരന്‍ വിശദീകരിക്കണമായിരുന്നു; പീഡനം എന്തെന്നും.

*
മനോരമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ തമാശയാണ്. കഴിഞ്ഞ ദിവസം അവര്‍ എഴുതി: ""മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് ആയി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ പെന്‍ഷന് അര്‍ഹരാകും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിചിത്രമായ ഒരു നടപടിയുണ്ടായി. അന്ന് 27 പേരെ സ്റ്റാഫില്‍ നിയമിക്കാമായിരുന്നു. രണ്ടുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞപ്പോള്‍ 27 പേരെയും മാറ്റി പുതിയ 27 പേരെ എടുത്തു. ഫലമോ, ഒരു മന്ത്രിയുടെ സ്റ്റാഫിലെ 54 പേര്‍ പെന്‍ഷന് അര്‍ഹരായി!""

വായിച്ചാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നു തോന്നും. അങ്ങനെയൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫില്‍ പകുതിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാകണമെന്ന് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായാലും ഇല്ലെങ്കിലും പെന്‍ഷന്‍ കിട്ടും. അതും മനോരമയ്ക്കറിയില്ല. വിവരാവകാശ നിയമമൊക്കെയുള്ള നാട്ടില്‍, ഇത്തരം നുണപ്രഭാഷണം നടത്തിയാല്‍ ജീവിച്ചുപോകാമെന്ന് കരുതുന്നവരെ ശമ്പളംകൊടുത്ത് പോറ്റുന്ന കണ്ടത്തില്‍ കുടുംബത്തിന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വല്ല പുരസ്കാരവും ഒപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.

*
കെ കെ രമ യാത്രയ്ക്കിറങ്ങുകയാണത്രെ. നല്ല കാര്യമാണ്. "ഓര്‍ക്കാട്ടേരി പൊട്ടക്കിണര്‍ വിപ്ലവ പാര്‍ടി" എന്ന് ശത്രുക്കള്‍ വിളിക്കുന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കപ്പെടും. ഇത്രയും വലിയ പ്രസ്ഥാനം കൂടെയുണ്ടായിട്ടും, യുഡിഎഫിന്റെ ആട്ടുംതുപ്പും സഹിച്ച് ഒരു സീറ്റിനുവേണ്ടി ഇരന്നുനടക്കുന്ന വീരേന്ദ്രകുമാറിന്റെ കാര്യമാണ് സങ്കടകരം. ഇടതില്‍ സീറ്റുകിട്ടാഞ്ഞപ്പോള്‍ വലതായി. അവിടെയും കിട്ടുന്നില്ലെങ്കില്‍ "യഥാര്‍ഥ" ഇടതിനെ നയിക്കാനുള്ള സുവര്‍ണാവസരം ഉപയോഗിക്കേണ്ടതല്ലേ? അങ്ങനെ സോഷ്യലിസ്റ്റ്- ഒറിജിനല്‍ ഐക്യമുന്നണി രൂപപ്പെടുത്തിയാല്‍ എല്ലാ മാഫിയകള്‍ക്കുമെതിരായ പോരാട്ടം നയിക്കാമല്ലോ. ക്ഷീണം തോന്നുമ്പോള്‍ കൃഷ്ണഗിരിയിലെ തോട്ടത്തില്‍ കയറിയാല്‍ വിശ്രമിക്കാന്‍ തണലും കിട്ടും.

Sunday, February 2, 2014

അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ചത്

പരസ്യംകൊണ്ടുള്ള കളിയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവാണ് മുന്നിലെന്നു തോന്നും. വന്നുവന്ന് ബിജെപിക്കാരും വയ്ക്കുന്നത് രാഹുലിന്റെ ചിത്രമാണത്രെ. ആ ചിത്രം പരമാവധി പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കാകും "ദൈവസഹായം" എന്നാണ് പ്രവചനം. യുവകോമളന്റെ ചില ലീലകള്‍ കണ്ടാല്‍ അതില്‍ ശരിയുണ്ടെന്നുതോന്നും. ഒരു തമാശ വെബ്സൈറ്റില്‍ യുവനേതാവിന് സംഭാവനചെയ്യാനുള്ള ഇടമുണ്ട്. കോണ്‍ഗ്രസല്ലേ, വല്ലതും കൊടുത്തേക്കാം എന്നു കരുതുന്നവര്‍ക്ക് തെറ്റി. അവിടെ "ക്ലിക്ക്" ചെയ്താല്‍, യുവരാജാവിന്റെ സന്ദേശം തെളിയും- എനിക്ക് എന്റെ അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ച പണമുണ്ട്, നിങ്ങളുടെ ഔദാര്യം വേണ്ട എന്ന്.

ഒരര്‍ഥത്തില്‍ അത് സത്യമാണ്. പണംകായ്ക്കുന്ന മരമുണ്ട് ആ തറവാട്ടില്‍. ആന്റണി ആദര്‍ശധീരനൊക്കെയാണെങ്കിലും ഉറക്കത്തിന്റെ സമയത്ത് ആദര്‍ശത്തിന്റെ അസുഖമില്ല. അഴിമതി പൂത്തുലയുന്നത് പ്രതിരോധവകുപ്പിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്റെ കത്തില്‍ കാണുന്നത്, സോണിയ ഗാന്ധിയെയും അടുത്ത സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.

ഇറ്റലിയിലാണ് കേസ്. സോണിയ അല്ലെങ്കില്‍ സമീപിക്കേണ്ടവരുടെ പേരുകള്‍ മന്‍മോഹന്‍സിങ്, അലുമിനിയം പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവയാണ്. പാവം ആന്റണി സദാ ഉറക്കമായതുകൊണ്ടാകാം അക്കൂട്ടത്തിലില്ല. പീരങ്കിയായലും ടാങ്കായാലും വെടിക്കോപ്പായാലും വിമാനമായാലും കച്ചവടം മാഡം വഴിയാണ് എന്ന് മാഡത്തിന്റെ ജന്മനാട്ടുകാര്‍തന്നെ പറയുന്നു. ആ പണം കുന്നുകൂട്ടി വച്ചിരിക്കുമ്പോള്‍ തൃപ്പുത്രന് സംഭാവനയുംവേണ്ട; ബുദ്ധിയുംവേണ്ട.

പരസ്യംകൊണ്ടാണ് കളി. ഒരുഭാഗത്ത് നരച്ചതാടി; മറുവശത്ത് കുറ്റിത്താടി. താടിയുടെ മോഡിപ്പരസ്യം കോപ്പിയടിച്ചു എന്ന പരാതിയും വന്നു. ഞാന്‍ അല്ല നമ്മള്‍ എന്നു പറയുന്നതാണ് പരസ്യം. മൂന്നുകൊല്ലം മുമ്പ് മോഡി പറഞ്ഞതാണത്രെ അത്. ഇന്ന് രാഹുല്‍ ഗാന്ധി അതുതന്നെ പറയുന്നു എന്നതാണ് പ്രശ്നം. തര്‍ക്കംതീര്‍ക്കാന്‍ രണ്ടുപേരും ഒരുമിച്ചുനിന്ന് "ഞാന്‍ അല്ല, ഞങ്ങള്‍"എന്നു പറയാവുന്നതേയുള്ളൂ. അഞ്ഞൂറും നാനൂറും കോടിയുടെ പരസ്യങ്ങള്‍കൊണ്ട് വോട്ടുവാങ്ങാമെന്ന് കരുതുന്നവര്‍ക്ക് അതൊക്കെ ആകാം. പണം ഹെലികോപ്റ്റര്‍ വഴിയും ശവപ്പെട്ടി വഴിയുമൊക്കെ വരും.

*

ആം ആദ്മിക്കാര്‍ ആളെക്കൂട്ടുന്നത് സോഷ്യല്‍ മീഡിയ വഴിയാണത്രെ. ഓര്‍ക്കാട്ടേരി ഉടന്‍വിപ്ലവക്കാര്‍ക്ക് അതിന് മീഡിയ അപ്പാടെയുണ്ട്. അവരുടെ ഒരു ഗംഭീര നാടകത്തിന് തലസ്ഥാന നഗരിയില്‍ തിരശ്ശീല ഉയരുകയാണ്. നിരാഹാരമെന്നാണ് നാടകത്തിന്റെ പേര്. ഒരു ഗമയ്ക്ക് "മരണംവരെ" എന്നും പറയാം. ഇത് നാടകം അല്ല, ജീവിതമാണ് എന്നൊക്കെ സംവിധായകര്‍ പറയുന്നുണ്ട്- പക്ഷേ, അത് വിശ്വസിക്കാന്‍ വടകരയിലെ പൊട്ടക്കിണറ്റില്‍നിന്നുതന്നെ ആളെ കൊണ്ടുവരണം.

സിബിഐ വരണമെന്നാണ് ആവശ്യം. അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ്. അതിനായി രമ തീവണ്ടി കയറി അനുയായികളെയുംകൂട്ടി തിരുവനന്തപുരത്തുചെന്ന് ഭക്ഷണം കഴിക്കാതെ കിടന്ന്, കുറെ മാധ്യമക്കാരെ കഷ്ടപ്പെടുത്തി, കുറെ വെട്ടുവഴിക്കാരെ എഴുന്നള്ളിച്ച് ബിഗ് ബജറ്റ് പടം പിടിക്കേണ്ടതില്ല. ഒരു ഫോണ്‍കോള്‍ മതി. ആ നിമിഷം കാര്യം നടക്കും. ആര്‍എംപി സഹോദരങ്ങള്‍ പാവപ്പെട്ട രമയെ നിരാഹാരത്തിന് വിട്ടു പൊറോട്ടയും ബീഫും അടിച്ച് വിപ്ലവം പ്രസംഗിക്കുന്നത് കഷ്ടംതന്നെ. ബുധനാഴ്ചവരെ നീട്ടിക്കൊണ്ടുപോകാതെ ഒറ്റമൂലി ചികിത്സകനായ സുധീരനെങ്കിലും ദയവുണ്ടാകണം. എന്തായാലും നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഓരോ സമയത്ത് ഓരോ പണി കിട്ടുന്നത് ആശ്വാസകരംതന്നെ.

 *

കേരള രക്ഷാമാര്‍ച്ച് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നുമുണ്ട്. ഇത്തവണയും ലാവ്ലിന്‍ വിഭവം ഭുജിക്കാന്‍ മാതൃഭൂമിക്ക് കൊതി തോന്നുന്നതില്‍ തെറ്റില്ല. വടകരയിലെ നിയുക്ത നിരാശാ സ്ഥാനാര്‍ഥി സുധീരം നയിക്കുന്ന പത്രത്തില്‍, "ലാവലിന്‍ കേസ് സിബിഐ റിവിഷന്‍ ഹരജി നല്‍കി" എന്ന വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു:

1. ലാവലിന്‍ കരാര്‍ മൂലം കേരളത്തിന് 374.50 കോടി നഷ്ടപ്പെട്ടു എന്ന സി.എ.ജി. റിപ്പോര്‍ട്ടിന് യാതൊരു പരിഗണനയും തിരുവനന്തപുരം കോടതി നല്‍കിയില്ല എന്ന് സി.ബി.ഐ. പറഞ്ഞു.

2. കരാറിലെ മുഖ്യ ഗൂഢാലോചന പിണറായി വിജയന്റേതായിരുന്നു. അതിനെ എതിര്‍ത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശ്ശബ്ദരാക്കിയിരുന്നു. ഇതൊക്കെ കണ്ടെത്താന്‍ കീഴ്ക്കോടതി രേഖകള്‍ പരിശോധിക്കേണ്ടതായിരുന്നു.

പുതുക്കിപ്പണിയലിന് ചെലവാക്കിയ 374.50 കോടി രൂപയ്ക്കു ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല എന്നാണു സിഎജി റിപ്പോര്‍ട്ടില്‍.. ആ കണ്ടെത്തലും ശരിയല്ലെന്നും നഷ്ടമോ അപാകമോ ഉണ്ടായില്ല എന്നും തെളിയിക്കുന്ന കണക്കുകളും രേഖയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ (മുന്‍ യുഡിഎഫ് മന്ത്രിസഭ) കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.

പിണറായി നിശബ്ദരാക്കി എന്ന് സിബിഐ ഇപ്പോഴും പറയുന്നത് വരദാചാരിയുടെ തല കഥ ചൂണ്ടിക്കാട്ടിയാണ്. അതിനര്‍ഥം സിബിഐക്ക് ഇപ്പോഴും കാര്യങ്ങള്‍ ഒന്നും മനസിലായില്ലെന്നോ അതോ ഇത്തരം തെളിവുകള്‍ വച്ച് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മടിയില്ല എന്നോ? നമ്മുടെ ചില യഥാര്‍ഥ ഇടതുപക്ഷ മഹാബുദ്ധിജീവികള്‍ക്ക് ഒരേ വിഡ്ഢിത്തംതന്നെ എന്നും എല്ലാനേരവും പറയുന്നതിലാണ് താല്‍പ്പര്യം. കേള്‍ക്കുന്നവര്‍ക്ക് മടുത്തോ, ചെടിച്ചോ എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അതുപോലെയാണ് മാധ്യമ മഹാസഖ്യത്തിന്റെയും മാനസികാവസ്ഥ. ചവച്ചതുതന്നെ ചവച്ചുകൊണ്ടിരിക്കലാണ് അവരുടെ ഹോബി. ക്രൈം നന്ദകുമാറിന് ഒരേ കള്ളം പലകോടതിയില്‍ പലവട്ടം പറയാമെങ്കില്‍ ക്രൈം വീരേന്ദ്രകുമാറിന് ആയിരംവട്ടം അതാകാം.

എന്തൊക്കെയായാലും കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന മട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസിന്റെ വേഷം ഉപേക്ഷിച്ച് വര്‍ഗീയതയോട് സലാംപറഞ്ഞ് രണ്ടായിരം പേരാണ് ചുവന്ന കൊടിയെടുത്തത്. മലപ്പുറത്ത് ലീഗിന്റെ കോട്ടയില്‍ ജയിച്ചുകയറിയത് മൂന്ന് അരിവാള്‍ ചുറ്റിക നക്ഷത്രക്കാര്‍. ഷൊര്‍ണൂരെ എം ആര്‍ മുരളി സിപിഐ എമ്മിനൊപ്പം തിരിച്ചെത്തി. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കേരള രക്ഷാമാര്‍ച്ചിന് ആശംസ നേരുന്നു. ഇടത്തോട്ടാണ് ഒഴുക്ക്. ലാവ്ലിന്‍ കെട്ടിപ്പിടിച്ചും വെട്ടുവഴിയില്‍ നടന്നും സോളാര്‍- സരിതാ സേവ നടത്തിയും നാളുനീക്കുന്നവര്‍ ഇത് കാണുന്നുണ്ടോ എന്തോ.

 *

ഇന്നത്തെ ചോദ്യം: ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ പണി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിട്ടു പോരെ, പ്രിയപ്പെട്ട മാധ്യമ സഹജീവീ, സിപിഐ എമ്മിനെ നന്നാക്കുന്ന ഭാരിച്ച ജോലി?

Sunday, January 19, 2014

തരിശിലെ "നായ്ക്കുരണ കൃഷി"

ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്‍മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള്‍ അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.

നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന്‍ എന്ന് സാരം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്‍ത്തികേയന്‍ കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.

*

കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.

ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.

ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.

"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.

വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?

രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.

*

നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.

സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന്‍ തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.

സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.

Monday, January 13, 2014

പണ്ടോറയുടെ മലയാളപ്പെട്ടി

ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്‍ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന്‍ താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.

"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന്‍ "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.

പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.

 ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.

ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്‍ടിക്കാര്‍ വേറെ ചൂലെടുക്കേണ്ടിവരും.  എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള്‍ ജി, ഹം കേരള്‍ കാ കൊടുവാള്‍, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.

കേരളത്തില്‍ ആം ആദ്മി പാര്‍ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.

അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര്‍ പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.

ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന്‍ എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്‍, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന്‍ സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന്‍ തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.

Monday, January 6, 2014

രോഗശമനത്തിന് അത്യുത്തമം

ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.

എല്ലാവര്‍ക്കും നേട്ടമാണ്. കാര്‍ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.

വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്‍. ആ മോഹനന്‍ ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.

27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.

പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ.

*
സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്‍ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്‍കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.