Monday, February 17, 2014

ന്യൂജനറേഷന്‍ നേര്‍ച്ചകള്‍

താമരപ്പൂവും ഗാന്ധിത്തൊപ്പിയും ഇത്ര വിപുലമായ ഉപയോഗമുള്ള വസ്തുക്കളാണെന്ന് കരുതിയതല്ല. ഓരോന്നിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നാണ് വയ്പ്. ഇരിക്കേണ്ടിടത്ത് ഇരിക്കണം. താമരപ്പൂവ് മേഘ്നാ പട്ടേല്‍ എന്ന സുന്ദരിയുടെ അടിവസ്ത്രസ്ഥാനം അലങ്കരിക്കേണ്ട ദിവ്യവസ്തുവാണ്. തനിഷാ സിങ് എന്ന മറ്റൊരു സുന്ദരി ഗാന്ധിത്തൊപ്പിയെയും രാഹുല്‍ "ഗാന്ധിജി"യെയും നാണംമറയ്ക്കുന്ന വസ്തുവാക്കി ഉയര്‍ത്തി. തുണിയുരിഞ്ഞ പ്രചാരണത്തിന്റെ കാലമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് മുണ്ഡനം, ശയനപ്രദക്ഷിണം, തുലാഭാരം, മെഴുകുതിരികത്തിക്കല്‍ തുടങ്ങിയ നേര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായിക്കാണാന്‍ കൊതിപൂണ്ട് രണ്ടാംനിര നടി മേഘ്നാ പട്ടേല്‍ പുതിയതരം നേര്‍ച്ചയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ പഠിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പിറന്ന പടിയില്‍ താമരമെത്തയില്‍ കിടന്നും മോഡിച്ചിത്രംകൊണ്ട് ജട്ടിയും മുലക്കച്ചയുമുണ്ടാക്കിയണിഞ്ഞും ചിത്രമെടുത്ത് ലോകത്തെ കാണിച്ച ആ നേര്‍ച്ചപ്പരിപാടി നയനാനന്ദകരം എന്ന് ആദ്യം മനസിലാക്കിയത് കോണ്‍ഗ്രസുകാരാണ്. നടികള്‍ക്ക് ക്ഷാമമുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ്. മേഘ്നാ പട്ടേലിന്റെ നാലുചിത്രം പുറത്തുവന്നപ്പോള്‍ തനിഷാ സിങ് എന്ന മോഡലിന്റെ പന്ത്രണ്ടു തുണിയില്ലാപ്പടങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിജിയുടെ കുറ്റിത്താടിവദനം അച്ചടിച്ച പോസ്റ്ററില്‍ മുഖംചേര്‍ത്തുവച്ച്, "എന്റെ പ്രണയം....... എന്റെ ക്യൂട്ടിപീ" എന്ന് മൊഴിയുന്ന തനിഷതന്നെ നഗ്നതാരം. ആദര്‍ശധീരന്‍ വി എം സുധീരന്‍ പിടിക്കുന്ന അതേ പതാക തനിഷയ്ക്ക് അടിവസ്ത്രമായി.

പണ്ട് ഗാന്ധിജി ഈ കൊടിയുംകൊണ്ടാണ് ഉപ്പുകുറുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് ഇങ്ങടുത്തു. പ്രചാരണത്തിന്റെ വഴി ഇതാണെങ്കില്‍ ഇക്കുറി ചില അന്തിപ്പത്രങ്ങളെയും കൊച്ചുപുസ്തകങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. വംശനാശ ഭീഷണി അങ്ങനെയെങ്കിലും അതിജീവിക്കട്ടെ. ഒരു ദുര്‍ബുദ്ധി തോന്നി ഗാന്ധിജിയെങ്ങാനും ഇറങ്ങിവന്ന് "രാഹുല്‍ഗാന്ധിജി"യുടെ പോസ്റ്റര്‍ കാണാതിരുന്നാല്‍ മതി. എന്തായാലും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ താമരപ്പൂവും രാഹുലിന്റെ ചിത്രവും ഗാന്ധിത്തൊപ്പിയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം.

*
പാഷാണക്കുപ്പിക്കു പുറത്ത് പായസം എന്ന് എഴുതിവയ്ക്കാം. കോണ്‍ഗ്രസിന്റെ നെറ്റിയില്‍ ഗ്രൂപ്പില്ലാത്ത പാര്‍ടി എന്ന ബോര്‍ഡും വയ്ക്കാം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് മനോഹരമായ സങ്കല്‍പ്പമാണ്. സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശശി തരൂരും ആര്യാടനും സുധാകരനും ഉണ്ണിത്താനുമൊക്കെ ഏകോദര സോദരരായി ആദര്‍ശ നക്ഷത്രങ്ങളായി വാഴുന്നകാലം. കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ- അത് നിലമ്പൂര്‍ ഗ്രൂപ്പാണ് എന്നും പറയാം. ഗ്രൂപ്പില്ലെന്ന് സോണിയാജി പ്രസംഗിച്ച വേദിയില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖവും ഭാവവും കണ്ടവര്‍ക്കെല്ലാം ബോധ്യമായി- പുള്ളി പരിപൂര്‍ണ സംതൃപ്തനാണ്.

സുധീരന്റെ ലാളിത്യംകൊണ്ട് നാട്ടിലൊരിടത്തും അഭിവാദ്യവുമില്ല; ഫ്ളക്സ് ബോര്‍ഡുമില്ല. സ്വന്തം നാടായ അന്തിക്കാട്ടോ തൃശൂരിലോ പ്രിയനേതാവിനെ അഭിവാദ്യംചെയ്ത് കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. വാര്‍ഡ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഹുല്‍- സോണിയ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം ഫ്ളക്സിലാക്കാന്‍ കരാര്‍കൊടുക്കുന്ന ഖദറുകാരുടെ നാട്ടില്‍, ""കണ്ടോ എന്റെ ലാളിത്യം"" എന്ന് ചോദിച്ച് സുധീരന് പിടിച്ചുനില്‍ക്കാം. അതും വാര്‍ത്തയാണ്. ഉമ്മന്‍ചാണ്ടി വന്നാലും വാര്‍ത്ത, വന്നില്ലെങ്കിലും വാര്‍ത്ത. പണ്ടുകാലത്ത്, പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നാണ് പഠിപ്പിച്ചത്. പുതിയ കാലത്ത് ആരുകടിച്ചാലും വാര്‍ത്തതന്നെ. സുധീരന്റെ ഫ്ളക്സ് വന്നാല്‍ ആദര്‍ശത്തിന്റെ ആഘോഷം, വന്നില്ലെങ്കില്‍ ലാളിത്യത്തിന്റെ ഉദാത്തമുഖം. ഹൈക്കമാന്‍ഡിന് കനിവുതോന്നി ടോം വടക്കനെയോ മറ്റോ പിസിസി പ്രസിഡന്റായി നൂലില്‍കെട്ടിയിറക്കിയിരുന്നുവെങ്കില്‍ നല്ല മലയാളം കേള്‍ക്കാനെങ്കിലും മലയാളിക്ക് ഭാഗ്യം സിദ്ധിച്ചേനേ.

കേരളത്തില്‍ സുധീരനും കേന്ദ്രത്തില്‍ തനിഷാ സിങ്ങുമാണത്രെ ഇത്തവണത്തെ പ്രചാരണതാരങ്ങള്‍. അത് മനസിലാകാത്തത് ഉമ്മന്‍ചാണ്ടിക്കു മാത്രമാണ്. ചില്ലറ പരിഭവക്കളികൊണ്ടാന്നും യുവരാജാവിന്റെ മനസ്സുമാറില്ല. ഒന്നുകില്‍ ഹിന്ദി അറിയണം- അല്ലെങ്കില്‍ ആദര്‍ശത്തിന്റെ അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒന്നും പറ്റിയില്ലെങ്കില്‍ തനിഷാ സിങ് മാതൃകയില്‍ ചില പോസ്റ്ററെങ്കിലുമിറക്കണം. ഇവിടെ അതാണ് എളുപ്പ വഴി. പാമൊലിനില്‍ ചവിട്ടി വഴുതാതെ, സോളാറില്‍ കരിയാതെ, സരിതയില്‍ വീഴാതെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദമാണ്. ഒരു സുപ്രഭാതത്തില്‍ ചാനല്‍വാര്‍ത്ത കണ്ട് രാജിക്കത്തുമായി രാജ്ഭവനിലേക്ക് ചെല്ലേണ്ട ദുര്‍വിധി തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ട്. ഔദ്യോഗിക കൃത്യാന്തര ബാഹുല്യമെന്നൊന്നും അന്ന് പറഞ്ഞാല്‍ ഏശില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് ഭദ്രമായി സൂക്ഷിക്കുന്നതാകും നല്ലത്- പെന്‍ഡ്രൈവ്, സിഡി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ മാരകായുധങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

*
മാങ്ങ, നെല്ലിക്ക തുടങ്ങിയ പുളിയന്‍ വസ്തുക്കളെപ്പോലെ ഉപ്പിലിട്ടു വയ്ക്കാവുന്നതാണ് ആദര്‍ശം എന്ന കണ്ടുപിടിത്തത്തിന് വല്ല പേറ്റന്റും കൊടുക്കുന്നുണ്ടെങ്കില്‍ സുധീരനുതന്നെ കൊടുക്കണം. ആദര്‍ശം ഉപ്പുഭരണിയില്‍ സ്വസ്ഥമായി കിടന്നുകൊള്ളും. പുറത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കാവല്‍ നില്‍ക്കും. ഉപ്പിലിട്ട ആദര്‍ശത്തോടൊപ്പം ഐസ്ക്രീമായാലും കരിമണലായാലും ആറന്മുളയായാലും ദഹിക്കും. ചില പൊലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകാസ്ഥാനം നല്‍കും. അതുപോലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിനെ "മാതൃകാ ഓഫീസ്" ആക്കി ഉയര്‍ത്താനെങ്കിലും സുധീരന്‍ തയ്യാറാകേണ്ടതുണ്ട്. അവിടത്തെ ഫയല്‍ പരിശോധനാ രീതിക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും വാങ്ങണം.

സോണിയ ഉദ്ഘാടനംചെയ്ത ഔദ്യോഗിക പരിപാടിയാണ് "നിര്‍ഭയ" പദ്ധതി. രമേശ് ചെന്നിത്തലയുടെ കടിഞ്ഞൂല്‍ സന്തതി. കൊച്ചിയില്‍ മാഡം സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ നിലമ്പൂര്‍ കാടിനടുത്ത് ആര്യാടന്റെ ഗണ്‍മാനും പൊലീസുകാരും ഗുണ്ടകളും സ്ത്രീകളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആദര്‍ശം ഉപ്പുഭരണിയിലായതുകൊണ്ട് നിര്‍ഭയം ആരെയും തല്ലാം, കൊല്ലാം. മനോരമ ഒരു നിലമ്പൂര്‍ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്, ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല, മുറിവ് ചൂലിന്റെ പിടികൊണ്ട് കുത്തിയതുമൂലമെന്ന് പൊലീസ്"" എന്നാണ്. ചൂലിന്റെ പിടികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചാല്‍ പീഡനം ആകില്ല എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കുത്തിയാലാണ് പീഡനക്കണക്കില്‍ പെടുക എന്നും മനോരമക്കാരന്‍ വിശദീകരിക്കണമായിരുന്നു; പീഡനം എന്തെന്നും.

*
മനോരമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ തമാശയാണ്. കഴിഞ്ഞ ദിവസം അവര്‍ എഴുതി: ""മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് ആയി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ പെന്‍ഷന് അര്‍ഹരാകും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിചിത്രമായ ഒരു നടപടിയുണ്ടായി. അന്ന് 27 പേരെ സ്റ്റാഫില്‍ നിയമിക്കാമായിരുന്നു. രണ്ടുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞപ്പോള്‍ 27 പേരെയും മാറ്റി പുതിയ 27 പേരെ എടുത്തു. ഫലമോ, ഒരു മന്ത്രിയുടെ സ്റ്റാഫിലെ 54 പേര്‍ പെന്‍ഷന് അര്‍ഹരായി!""

വായിച്ചാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നു തോന്നും. അങ്ങനെയൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫില്‍ പകുതിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാകണമെന്ന് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായാലും ഇല്ലെങ്കിലും പെന്‍ഷന്‍ കിട്ടും. അതും മനോരമയ്ക്കറിയില്ല. വിവരാവകാശ നിയമമൊക്കെയുള്ള നാട്ടില്‍, ഇത്തരം നുണപ്രഭാഷണം നടത്തിയാല്‍ ജീവിച്ചുപോകാമെന്ന് കരുതുന്നവരെ ശമ്പളംകൊടുത്ത് പോറ്റുന്ന കണ്ടത്തില്‍ കുടുംബത്തിന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വല്ല പുരസ്കാരവും ഒപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.

*
കെ കെ രമ യാത്രയ്ക്കിറങ്ങുകയാണത്രെ. നല്ല കാര്യമാണ്. "ഓര്‍ക്കാട്ടേരി പൊട്ടക്കിണര്‍ വിപ്ലവ പാര്‍ടി" എന്ന് ശത്രുക്കള്‍ വിളിക്കുന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കപ്പെടും. ഇത്രയും വലിയ പ്രസ്ഥാനം കൂടെയുണ്ടായിട്ടും, യുഡിഎഫിന്റെ ആട്ടുംതുപ്പും സഹിച്ച് ഒരു സീറ്റിനുവേണ്ടി ഇരന്നുനടക്കുന്ന വീരേന്ദ്രകുമാറിന്റെ കാര്യമാണ് സങ്കടകരം. ഇടതില്‍ സീറ്റുകിട്ടാഞ്ഞപ്പോള്‍ വലതായി. അവിടെയും കിട്ടുന്നില്ലെങ്കില്‍ "യഥാര്‍ഥ" ഇടതിനെ നയിക്കാനുള്ള സുവര്‍ണാവസരം ഉപയോഗിക്കേണ്ടതല്ലേ? അങ്ങനെ സോഷ്യലിസ്റ്റ്- ഒറിജിനല്‍ ഐക്യമുന്നണി രൂപപ്പെടുത്തിയാല്‍ എല്ലാ മാഫിയകള്‍ക്കുമെതിരായ പോരാട്ടം നയിക്കാമല്ലോ. ക്ഷീണം തോന്നുമ്പോള്‍ കൃഷ്ണഗിരിയിലെ തോട്ടത്തില്‍ കയറിയാല്‍ വിശ്രമിക്കാന്‍ തണലും കിട്ടും.

1 comment:

ajith said...

ന്യൂ ജനറേഷന്‍ പോസ്റ്റര്‍ യുദ്ധമാണ് ഇനി കാണാന്‍ പോകുന്നത്. എന്തൊക്കെ കാണേണ്ടിവരുമോ എന്തോ!!